നീതീകരണവും വിശുദ്ധീകരണവും തേജസ്കരണവും – WFTW 24 ജനുവരി 2021

സാക് പുന്നന്‍

ദൈവ വചനം മൂന്നു കാലങ്ങളിലുള്ള രക്ഷയെ കുറിച്ച് പറയുന്നു – ഭൂതകാലം (എഫെ.2:8), വർത്തമാന കാലം (ഫിലി.2:12), പിന്നെ ഭാവികാലം (റോമ.13:11)- മറ്റു വാക്കുകളിൽ പറഞ്ഞാൽ നീതീകരണത്തെ കുറിച്ചും വിശുദ്ധീകരണത്തെ കുറിച്ചും തേജസ്കരണത്തെ കുറിച്ചും .

1.നീതീകരണം:

രക്ഷയ്ക്ക് ഒരു അടിസ്ഥാനവും ഒരു ഉപരിഘടനയും (മേൽ കെട്ടിടവും) ഉണ്ട്. അടിസ്ഥാനമെന്നാൽ പാപക്ഷമയും നീതീകരണവുമാണ്. നീതീകരണം എന്നത് പാപ ക്ഷമയെക്കാൾ കൂടിയതാണ്. അതിൻ്റെ അർത്ഥം ദൈവത്തിൻ്റെ ദൃഷ്ടികളിൽ നാം നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നു എന്നാണ്, ക്രിസ്തുവിൻ്റെ മരണം, പുനരുത്ഥാനം, ആരോഹണം എന്നിവയുടെ അടിസ്ഥാനത്തിൽ. ഇത് നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല (എഫെ.2:8,9), കാരണം നമ്മുടെ നീതി പ്രവൃത്തികൾ പോലും ദൈവത്തിൻ്റെ കാഴ്ചയിൽ കറ പുരണ്ട തുണികൾ പോലെയാണ് (യെശ.64:6). നാം ക്രിസ്തുവിൻ്റെ നീതിയാൽ ധരിപ്പിക്കപ്പെട്ടിരിക്കുന്നു (ഗലാ.3:27). മാനസാന്തരവും വിശ്വാസവുമാണ് ക്ഷമിക്കപ്പെടുവാനും നീതീകരിക്കപ്പെടുവാനുമുള്ള വ്യവസ്ഥകൾ (അപ്പൊ.പ്ര.20:21). യഥാർത്ഥ അനുതാപം നമ്മിൽ യഥാസ്ഥാനപ്പെടലിൻ്റെ ഫലമുളവാക്കണം- തെറ്റായ രീതിയിൽ നമ്മുടെ കൈവശമുള്ള സാധനങ്ങളും (മറ്റുള്ളവരുടെ വക), അടയ്ക്കേണ്ട നികുതികളും മടക്കി കൊടുക്കുന്നതും, നാം തെറ്റു ചെയ്തിട്ടുള്ളവരോടു ക്ഷമ ചോദിക്കുന്നതും, നമ്മളാലാവോളം (ലൂക്കോ.19:8,9). ദൈവം നമ്മോടു ക്ഷമിക്കുമ്പോൾ, നാം അതേ രീതിയിൽ മറ്റുള്ളവരോട് ക്ഷമിക്കണമെന്ന് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതു ചെയ്യുന്നതിൽ നാം പരാജയപ്പെടുമ്പോൾ ദൈവം നമുക്കു തന്ന പാപക്ഷമ അവിടുന്ന് പിൻവലിക്കുന്നു (മത്താ.18:23-35). മാനസാന്തരത്തെയും വിശ്വാസത്തെയും തുടർന്ന് ജലത്തിലുള്ള മുഴുകൽ സ്നാനം ഉണ്ടാകണം, അതിലൂടെ നാം ദൈവത്തോടും മനുഷ്യരോടും പിശാചിനോടും നമ്മുടെ പഴയ മനുഷ്യൻ വാസ്തവമായി കുഴിച്ചിടപ്പെട്ടു എന്നു പരസ്യമായി സാക്ഷ്യപ്പെടുത്തുകയാണ് (റോമ.6:4,6). അതിനു ശേഷം നമുക്ക് പരിശുദ്ധാത്മ സ്നാനം പ്രാപിക്കാൻ കഴിയും, അതിനു ശേഷം നമ്മുടെ ജീവിതം കൊണ്ടും അധരംകൊണ്ടും ക്രിസ്തുവിനു വേണ്ടി സാക്ഷികളാകാനുള്ള ശക്തിയാൽ നാം അണിയിക്കപ്പെടുന്നു (അപ്പോ.പ്ര.1:8). ദൈവത്തിൻ്റെ എല്ലാ മക്കളാലും വിശ്വാസത്താൽ പ്രാപിക്കപ്പെടേണ്ട ഒരു വാഗ്ദത്തമാണ് പരിശുദ്ധാത്മ സ്നാനം (മത്താ.3:11, ലൂക്കോ.11:13). താൻ ഒരു ദൈവ പൈതലാണെന്നുള്ള പരിശുദ്ധാത്മാവിൻ്റെ സാക്ഷ്യം ഉണ്ടായിരിക്കുക എന്നതും (റോമ.8:16), താൻ പരിശുദ്ധാത്മാവിനെ വാസ്തവമായി പ്രാപിച്ചിട്ടുണ്ട് എന്ന് ഉറപ്പായി അറിയുന്നതും ഓരോ ശിഷ്യൻ്റെയും പ്രത്യേക അവകാശമാണ് (അപ്പൊ. 19:2).

2. വിശുദ്ധീകരണം

വിശുദ്ധീകരണം എന്നത് കെട്ടിടത്തിൻ്റെ ഉപരിഘടയാണ് (മുകളിലോട്ടുള്ള പണി). വിശുദ്ധീകരണം (“പാപത്തിൽ നിന്നും ലോകത്തിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്നത്” എന്ന് അർത്ഥമാക്കുന്നു). എന്നത് വീണ്ടും ജനനത്തോടു കൂടി ആരംഭിക്കുന്ന ഒരു പ്രക്രിയയാണ് (1കൊരി.1:2) തന്നെയുമല്ല നമ്മുടെ ഭൂമിയിലെ ജീവിതകാലത്തുടനീളം അതു തുടരേണ്ടതുമാണ് (1തെസ്സ.5:23,24). അവിടുത്തെ നിയമങ്ങൾ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എഴുതിക്കൊണ്ട് പരിശുദ്ധാത്മാവിലൂടെ ദൈവം ആരംഭിക്കുന്ന ഒരു പ്രവൃത്തിയാണിത്; എന്നാൽ നമ്മുടെ ഭാഗം നാം ചെയ്യണം, ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷയെ പ്രവർത്തിച്ചെടുക്കുന്ന കാര്യം (ഫിലി.2:12,13). പരിശുദ്ധാത്മാവ് നമുക്കു നൽകുന്ന ശക്തിയിലൂടെ ശരീരത്തിൻ്റെ (ജഡത്തിൻ്റെ) പ്രവൃത്തികളെ മരണത്തിനേൽപ്പിക്കേണ്ടതു നാം ആണ് (റോമ.8.13). നാമാണ് ജഡത്തിലെയും ആത്മാവിലെയും സകല കന്മഷങ്ങളും പോക്കി നമ്മെത്തന്നെ ശുദ്ധീകരിച്ച്, ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കേണ്ടത് (2കൊരി.7:11). എവിടെ ഒരു ശിഷ്യൻ ഈ പ്രവൃത്തിയിൽ പരിശുദ്ധാത്മാവുമായി സഹകരിക്കുന്നതിൽ ഉൽപതിഷ്ണുവും പൂർണ്ണഹൃദയത്തോടെയും ആണോ, അവിടെ അയാളുടെ ജീവിതത്തിൽ ഈ വിശുദ്ധീകരണത്തിൻ്റെ പ്രവൃത്തി വളരെ വേഗം പുരോഗമിക്കും. ആത്മാവിൻ്റെ നടത്തിപ്പിനോടുള്ള പ്രതികരണത്തിൽ അലസനായിരിക്കുന്ന ഒരുവൻ്റെ ജീവിതത്തിൽ ഈ പ്രവൃത്തി പ്രകടമാം വിധം സാവധാനത്തിലും സ്തംഭനാവസ്ഥയിലും ആയിരിക്കും. പ്രലോഭനത്തിൻ്റെ വേളകളിലാണ് ശുദ്ധീകരണത്തിനുള്ള ആഗ്രഹത്തിലെ പൂർണ്ണ മനസ്കത സത്യത്തിൽ പരിശോധിക്കപ്പെടുന്നത്. വിശുദ്ധീകരിക്കപ്പെടുക എന്നാൽ ന്യായപ്രമാണത്തിൻ്റെ നീതി നമ്മുടെ ഹൃദയങ്ങളുടെ ഉള്ളിൽ നിവർത്തിക്കപ്പെട്ടിരിക്കുന്നു എന്നാണ്- പഴയ ഉടമ്പടിയിലേതുപോലെ ബാഹ്യമായി മാത്രമല്ല (റോമ.8:4). ഇതാണ് മത്താ.5.17-48 വരെയുള്ള വാക്യങ്ങളിൽ യേശു ഊന്നൽ കൊടുത്തു പറഞ്ഞിരിക്കുന്നത്. ന്യായപ്രമാണം ആവശ്യപ്പെടുന്ന കാര്യങ്ങളെ ഇവിടെ യേശു ചുരുക്കി പറഞ്ഞിരിക്കുന്നത്, പൂർണ്ണ ഹൃദയത്തോടു കൂടെ ദൈവത്തെ സ്നേഹിക്കുക എന്നതും നമ്മെ പോലെ തന്നെ നമ്മുടെ അയൽക്കാരനെ സ്നേഹിക്കുന്നതും ആയാണ് (മത്താ.22:36-40). സ്നേഹത്തിൻ്റെ ഈ നിയമമാണ് ദൈവം ഇപ്പോൾ നമ്മുടെ ഹൃദയങ്ങളിൽ എഴുതാൻ ശ്രമിക്കുന്നത്, കാരണം അത് അവിടുത്തെ തന്നെ സ്വഭാവമാണ് (എബ്ര.8:10; 2പത്രൊ.1:4) . ഇതിൻ്റെ പുറമേയുള്ള വെളിപ്പെടുത്തൽ, ബോധപൂർവ്വമായ എല്ലാ പാപത്തിന്മേലും ജയമുള്ള ഒരു ജീവിതവും യേശുവിൻ്റെ എല്ലാ കല്പനകളോടുമുള്ള അനുസരണവും ആയിരിക്കും (യോഹ.14:15). ആദ്യം യേശു വച്ചിട്ടുള്ള ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ നിവർത്തിക്കാതെ (ലൂക്കോ.14:26-33) ഈ ജീവിതത്തിലേക്കു കടക്കുവാൻ നമുക്കു കഴിയുകയില്ല. ഇവയെല്ലാം അടിസ്ഥാനപരമായി, നമ്മുടെ ബന്ധുക്കൾ, നമ്മുടെ സ്വയജീവൻ മുതലായവയ്ക്കു മുകളിലായി കർത്താവിന് ഒന്നാം സ്ഥാനം നൽകുന്നതും, ഒരുവൻ്റെ എല്ലാ ഭൗതിക സമ്പത്ത്, സ്വത്ത് എന്നിവയിൽ നിന്നും വേർപെടുത്തപ്പെട്ടവരായിരിക്കുന്നതും ആണ്. ഇതാണ് നമുക്ക് ആദ്യമായി കടന്നു പോകേണ്ട ഇടുക്കുവാതിൽ. അതിനു ശേഷമാണ് വിശുദ്ധീകരണത്തിൻ്റെ ഇടുക്കുവാതിൽ വരുന്നത്. വിശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല (എബ്രാ. 12:.14).

3. തേജസ്കരണം

ഇവിടെ നമുക്ക് ഇപ്പോൾ നമ്മുടെ മനസാക്ഷിയിൽ പൂർണ്ണതയുള്ളവരായിരിക്കുവാൻ (എബ്രാ.7:19,9:9,14) സാധ്യതയുള്ളപ്പോൾ തന്നെ, യേശുവിൻ്റെ മടങ്ങി വരവിൽ യേശുവിൻ്റേതു പോലെ തേജസ്കരിക്കപ്പെട്ട ഒരു ശരീരം നമുക്കുണ്ടാകുന്നതുവരെ നമുക്ക് പാപരഹിത പൂർണ്ണത ഉള്ളവരായിരിക്കാൻ കഴിയുകയില്ല (1യോഹ.3:2). അപ്പോൾ മാത്രമെ നമുക്ക് അവിടുത്തെ പോലെ ആകാൻ കഴിയൂ. എന്നാൽ അവിടുന്നു നടന്നതു പോലെ നടക്കുന്ന കാര്യം ഇപ്പോൾ ആണെങ്കിൽ പോലും നാം അന്വേഷിക്കണം (1യോഹ.2:6). നമുക്കു മലിനപ്പെടാൻ സാധ്യതയുള്ള ശരീരം ഉള്ളിടത്തോളം, ബോധപൂർവ്വം അല്ലാത്ത പാപങ്ങൾ അതിൽ കാണും, നാം എത്ര അധികം വിശുദ്ധീകരിക്കപ്പെട്ടവരായാലും (1യോഹ.1:8). എന്നാൽ നമുക്ക് നമ്മുടെ മനസാക്ഷിയിൽ പൂർണ്ണതയുള്ളവരാകുവാനും (അപ്പൊ. പ്ര.24:16) ഇപ്പോൾ പോലും ബോധപൂർവ്വമായ പാപങ്ങളിൽ നിന്ന് സ്വതന്ത്രരാകാനും കഴിയും, നാം പൂർണ്ണ ഹൃദയത്തോടെ ആണെങ്കിൽ (1 കൊരി.4:4). അങ്ങനെ നാം ക്രിസ്തുവിൻ്റെ രണ്ടാം വരവിനും നമ്മുടെ തേജസ്കരണത്തിനു മായി കാത്തിരിക്കുന്നു- നമ്മുടെ രക്ഷയുടെ അവസാന ഭാഗം, നാം പാപരഹിത പൂർണ്ണതയുള്ളവരായി തീരുന്ന സമയം (റോമ.8:23 ; ഫിലി. 3:21).