കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

creative shot of human ears on dark background

ജോൺ വെസ്ലിയുടെ വലിയൊരു യോഗം ആ സ്ഥലത്ത് നടക്കുകയാണ്. വെസ്ലിയെ കേൾക്കാൻ ധാരാളം പേർ തടിച്ചുകൂടിയിട്ടുണ്ട്. അതിമനോഹരമായ ഗാനങ്ങൾ ആണ് യോഗസ്ഥലത്ത് മുഴങ്ങുന്നത്.

സ്ഥലവാസിയായ ഒരു സത്രം ഉടമയ്ക്ക് സംഗീതം വലിയ ഇഷ്ടമാണ്. എന്നാൽ സുവിശേഷപ്രസംഗം ഒട്ടും ഇഷ്ടമല്ല. അതു കേൾക്കാൻ അയാൾക്ക് ഒരു താത്പര്യവുമില്ല. അയാൾ സംഗീതം കേൾക്കാൻ വേണ്ടിമാത്രം ആ യോഗത്തിനു വന്നു. പാട്ടുകൾ അയാൾ ആസ്വദിക്കും. എന്നാൽ വെസ്ലി പ്രസംഗിക്കുമ്പോൾ അയാൾ വിരലുകൾകൊണ്ട് സൂത്രത്തിൽ തന്റെ ചെവി അടച്ചുപിടിക്കും. ഈ മട്ടിലാണ് അയാൾ യോഗസ്ഥലത്ത് ഇരുന്നത്.

പാട്ടു കഴിഞ്ഞ് വെസ്ലി പ്രസംഗിക്കുവാൻ തുടങ്ങി. ഒരക്ഷരം കേൾക്കരുതെന്ന വാശിയോടെ അയാൾ ചെവി അടച്ചുപിടിച്ചു. പൊടുന്നനെ ഒരു ഈച്ച അയാളുടെ മൂക്കിന്റെ തുമ്പിൽ വന്നിരുന്നു. കണ്ണുരുട്ടിയിട്ടും തല ആട്ടിയിട്ടും ഒന്നും അതു പോകുന്നില്ല. അസ്വസ്ഥനായ അയാൾ ഒരു നിമിഷം കൈകൾ സ്വതന്ത്രമാക്കി ഈച്ചയെ ആട്ടിയോടിച്ചു. വീണ്ടും കൈകൾ കൊണ്ട് ചെവി അടച്ചുപിടിച്ച് സ്ഥലം വിട്ടു. പക്ഷേ ആ ഒരു നിമിഷം കൊണ്ട് അയാളുടെ കർണ്ണപുടത്തിൽ വെസ്ലിയുടെ ഒരു വാചകം വന്നു പതിച്ചിരുന്നു. അതി ഇതാണ് “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.

ആ വചനം അയാളുടെ ഹൃദയത്തിൽ ക്രിയ ചെയ്യാൻ തുടങ്ങി. തനിക്കു ചെവിയുണ്ടല്ലോ. ‘ചെവിയുള്ളവൻ കേൾക്കട്ടെ’ എന്ന ആ ആഹ്വാനം തന്നോടുള്ള സന്ദേശമായി അയാൾക്കുതോന്നി. അന്നുരാത്രി അയാൾക്ക് ഉറക്കം വന്നില്ല.

പിറ്റേന്നും അയാൾ യോഗസ്ഥലത്തെത്തി. പക്ഷേ ഇന്നയാൾ ചെവി അടച്ചുവച്ചില്ല. എല്ലാം ശ്രദ്ധയോടെ കേട്ടു. ഒടുവിൽ യേശുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച് അയാൾ കൃതാർത്ഥനായി.

“ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നുവെന്ന് സൂക്ഷിച്ചു കൊൾവിൻ” (ലൂക്കോസ് 8:18).

What’s New?