ജോജി ടി സാമുവേൽ
‘ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?'(റോമര്‍ 2:4).
പിഒസി ബൈബിളില്‍ ഈ വാക്യം ഇങ്ങനെയാണ് :’നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?’.
ഒരു പിതാവിനെയും മകനെയും സങ്കല്‍പിക്കുക. തന്റെ അനുമതിയില്ലാതെ സൈക്കിള്‍ എടുക്കരുതെന്നാണു പിതാവിന്റെ ‘കല്ലേപ്പിളര്‍ക്കുന്ന കല്പന’. പക്ഷേ മകന്‍ കുസൃതിക്കാരന്‍. പിതാവു പകല്‍ ഉറങ്ങുന്ന തക്കം നോക്കി അവന്‍ സൈക്കിള്‍ എടുത്തു ചവിട്ടാന്‍ തുടങ്ങി. എന്നാല്‍ വീടിനടുത്തുള്ള ഇറക്കം ഇറങ്ങിവരുമ്പോള്‍ ബാലന്‍സുപോയി അവനും സൈക്കിളും താഴെ വീണു. സൈക്കിളിനും കേടുപാടുകള്‍ സംഭവിച്ചു. കാല്‍മുട്ടിനു പരുക്കുപറ്റി മകനും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുമ്പോള്‍ ഒച്ചകേട്ടു പിതാവ് ഇറങ്ങിവരികയാണ്. അപ്പന്‍ രംഗം കണ്ടു. അനുസരണക്കേടുകാട്ടിയ തന്നെ പിതാവ് ഇപ്പോള്‍ വഴക്കുപറയുകയും ശിക്ഷിക്കുകയും ചെയ്യുമെന്നാണു മകന്‍ കരുതിയത്. എന്നാല്‍ മകന്റെ അവസ്ഥ കണ്ട് അലിവു തോന്നിയ പിതാവ് ഓടിവന്നു മകനെ വാരിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി മുറിവു ഡ്രസ് ചെയ്ത് സമീപത്തെ കടയില്‍നിന്നു മകന് ഇഷ്ടമുള്ള ഐസ്‌ക്രീമും വാങ്ങിക്കൊടുത്ത് അവനെ എടുത്തുകൊണ്ട് വീട്ടിലേക്കുവരുമ്പോള്‍ കണ്ണീരോടെ മകന്റെ കുറ്റസമ്മതം ഇങ്ങനെ: ‘അപ്പാ ക്ഷമിക്കണം. ഇനി ഞാന്‍ അനുസരണക്കേടു കാണിക്കുകയില്ല ‘.
നോക്കുക: ഇവിടെ മകനെ മാനസാന്തരത്തിലേക്കു നയിച്ചതെന്താണ്? ശാസനയോ ശിക്ഷയോ ആണോ? അല്ല മറിച്ച് അപ്പന്റെ കരുണയാണ്. ശാസനയും ശിക്ഷയും പലപ്പോഴും ഹൃദയ കാഠിന്യത്തിലേക്കു നയിക്കും. അതേസമയം അര്‍ഹതയില്ലാത്തിടത്തു നമ്മുടെ മേല്‍ ചൊരിയുന്ന കരുണയും സ്‌നേഹവും നമ്മുടെ ഹൃദയം അലിയിക്കും.
ദൈവത്തിനു നമ്മുടെ പ്രകൃതി അറിയാം. (സങ്കീ.103:14). അതുകൊണ്ടു പലപ്പോഴും അവിടുന്നു നമ്മോടു കരുണകാട്ടുന്നു. സ്വര്‍ഗീയ പിതാവിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെ ഓര്‍ക്കുക. മുടിയന്‍ പുത്രന് പിതാവിന്റെ കരുണയെക്കുറിച്ചുണ്ടായിരുന്ന ബോധ്യമാണ് അവനെ മാനസാന്തരത്തിനും മടങ്ങിവരവിനും പ്രേരിപ്പിച്ചത്. അവന്റെ വീട്ടിലേക്കുള്ള വരവിന്റെ സമയത്തും പിതാവ് കുറ്റപ്പെടുത്തുന്ന ഒരു വാക്കുപോലും പറയാതെ അവനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നത് ഓര്‍ക്കുക. തന്നെ ദ്രോഹിച്ച സഹോദരന്മാരോട് ജോസഫ് കാട്ടിയ കരുണയും മനസ്സലിവുമാണല്ലോ അവരേയും മാനസാന്തരത്തിലേക്കു നയിച്ചത്.(ഉല്‍പത്തി 45, 50:17-21).
ദൈവം നമ്മുടെ തെറ്റുകള്‍ക്കുനേരെ കണ്ണടയ്ക്കുന്നില്ല. അവന്‍ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യും. എന്നാല്‍ പലപ്പോഴും അവന്‍ നമ്മുടെ പാപങ്ങള്‍ക്കൊത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തവണ്ണം നമ്മോടുപകരം ചെയ്യുന്നതുമില്ല (സങ്കീ103:10). പകരം അവിടുന്നു നമ്മോടു ദയ കാട്ടുന്നു. ഉവ്വ്, നമ്മെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവകരുണയുടെ ലക്ഷ്യം. ഈ ദൈവികലക്ഷ്യം നാം മനസ്സിലാക്കുന്നുണ്ടോ? ഇതു മനസ്സിലായാല്‍ ദൈവം നമ്മോടുകാട്ടുന്ന കരുണയും നമുക്കു നല്‍കുന്ന അനുഗ്രഹങ്ങളും നമ്മെ നിഗളികളാക്കുകയില്ല. മറിച്ച് അവ നമ്മെ താഴ്മയിലേക്കും അനുതാപത്തിലേക്കും നയിക്കും, നയിക്കണം. സങ്കീര്‍ത്തനക്കാരനെപോലെ അവിടുന്നു നമുക്കു നല്‍കുന്ന ഓരോ അനുഗ്രഹത്തെക്കുറിച്ചും വര്‍ണിച്ചശേഷവും ‘അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് ഏറ്റുപറയാം. (136-ാം സങ്കീര്‍ത്തനം).
അതേ, എല്ലാം അവിടുത്തെ ദയമാത്രമാണ്. അവന്റെ ദയ എന്നേക്കുമുള്ളതെന്ന് യഹോവാ ഭക്തര്‍ പറയട്ടെ (സങ്കീര്‍ത്തനം 118:4). ‘ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു’. ആ ദയയെക്കുറിച്ചുള്ള ബോധ്യം നമ്മെ മാനസാന്തരത്തിലേക്കു നടത്തട്ടെ.