യേശു പറഞ്ഞു ” ലോകത്തിൽ നിങ്ങൾക്കും കഷ്ടം ഉണ്ട്” – WFTW 19 ഏപ്രിൽ 2020

സാക് പുന്നന്‍

യോഹന്നാൻ 16:33 ൽ യേശു പറഞ്ഞു “ലോകത്തിൽ നിങ്ങൾക്കും കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”. നാം കഷ്ടതയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല – ചെറിയ കഷ്ടത ആയാലും വലിയ കഷ്ടത ആയാലും. എന്നാൽ അവിടുന്നു പറഞ്ഞത് അവിടുന്ന് അതിനെ ജയിച്ചതുപോലെ നമുക്കും അതിനെ ജയിക്കാൻ കഴിയും എന്നാണ്. നമ്മെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ അധികം അവിടുന്ന് താല്പര്യപ്പെടുന്നത് നമ്മെ ജയാളികളാക്കുവാനാണ്, കാരണം അവിടുന്ന് നമ്മുടെ സുഖസൗകര്യങ്ങളെക്കാൾ താല്പര്യപ്പെടുന്നത് നമ്മുടെ സ്വാഭാവത്തിലാണ്. ചിലർ പഠിപ്പിക്കുന്നതുപോലെ , വിശ്വസ്തതയ്ക്കുള്ള പ്രതിഫലം മഹോപദ്രവത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതല്ല അതിനു വിരുദ്ധമായി, അവിടുന്നു പറഞ്ഞത് അവിടുത്തെ പിൻഗമിക്കുവാൻ വേണ്ടി സകലവും ഉപേക്ഷിച്ചവന് അവിടുത്തെ അനുഗമിക്കാത്തവരെക്കാൾ കൂടുതൽ ഉപദ്രവം ഉണ്ടാകുമെന്നാണ് (മർക്കോസ്:10:30). അവിടുന്ന് തന്റെ ശിഷ്യന്മാർക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിച്ചപ്പോൾ അവിടുന്ന് പറഞ്ഞത്, ” ഇവരെ ലോകത്തിൽ നിന്ന് എടുക്കണമെന്നല്ല, എന്നാൽ ദുഷ്ടനിൽ നിന്ന് ഇവരെ കാത്തുകൊള്ളണമേ” എന്നാണ്‌(യോഹ.17:15). തന്റെ ശിഷ്യന്മാർ വലിയ ഉപദ്രവം നേരിടും എന്നതുകൊണ്ടു മാത്രം അവരെ ആ സമയത്ത് ലോകത്തിൽ നിന്ന് ഉൽപ്രാപണം ചെയ്യിക്കുവാൻ അവിടുന്ന് ആഗ്രഹിച്ചില്ല.

മൂന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ ആംഫിതിയേറ്ററുകളിൽ സിംഹത്തിന്റെ മുന്നിലേക്ക് എറിയപ്പെട്ടപ്പോഴും റോമാ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ പന്തയത്തിൽ കത്തിയെരിഞ്ഞപ്പോഴും കർത്താവ് അവരെ അത്തരത്തിലുള്ള ഉപദ്രവങ്ങളിൽ നിന്ന് രക്ഷപെടുത്തിയില്ല . ദാനിയേലിന്റെ സമയത്തു സിംഹത്തിന്റെ വായടയ്ക്കുകയും തീച്ചൂളയുടെ ശക്തി എടുത്തു മാറ്റുകയും ചെയ്ത ദൈവം യേശുവിന്റെ ശിഷ്യന്മാർക്കു വേണ്ടി അതു ചെയ്തില്ല – കാരണം മരണത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താൻ പോകുന്ന പുതിയ ഉടമ്പടി ക്രിസ്ത്യാനികളാണവർ. അവരുടെ ഗുരുവും നാഥനുമായ യേശുവിനെ പോലെ അവരും 12 ലെഗ്യോൻ ദൂതന്മാർ വന്ന് അവരെ രക്ഷിക്കുവാൻ ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ചെയ്തില്ല. തന്റെ പുത്രന്റെ് കാന്ത സിംഹങ്ങളാൽ ഖണ്ഡം ഖണ്ഡമായി കടിച്ചു കീറപ്പെട്ടതും കത്തി ചാമ്പലായതും ദൈവം സ്വർഗ്ഗത്തിൽ നിന്ന് നോക്കിക്കണ്ടു, അവരുടെ സാക്ഷ്യങ്ങളാൽ അവിടുന്ന് മഹത്വപ്പെട്ടു – കാരണം അവർ ”കുഞ്ഞാട്‌ പോയ ഇടങ്ങളിലെല്ലാം അവർ അവിടുത്തെ അനുഗമിച്ചു”. ഏറ്റവും ക്രൂരമായ ശാരീരിക മരണം വരെ പോലും (വെളി.14:4). കർത്താവ് അവരോടു പറഞ്ഞ ഒരേ ഒരു വാക്ക് , ” മരണപര്യന്തം വിശ്വസ്തനായിരിക്ക എന്നാൽ ഞാൻ നിനക്ക് ജീവ കിരീടം തരും (വെളി.2:10). ഇന്നാണെങ്കിൽ പോലും, യേശുവിന്റെ ശിഷ്യന്മാർ അവിടുത്തെ നാമത്തിനു വേണ്ടി അനേക രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുമ്പോൾ, കർത്താവ് അവരെ ഭൂമിയിൽ നിന്ന് എടുത്തു മാറ്റുന്നില്ല. അതുപോലെ തന്നെ മഹോപദ്രവത്തിനു മുമ്പേ നമ്മെ ഉൽപ്രാപണം ചെയ്യിക്കുകയുമില്ല .അവിടുന്ന് അതിനേക്കാൾ വളരെ മെച്ചമായത് ചെയ്യും. മഹോപദ്രവത്തിന്റെ മധ്യത്തിൽ അവിടുന്ന് നമ്മെ ജയാളികളാക്കും.

നമ്മെ ഉപദ്രവങ്ങളിൽ നിന്ന് വിടുവിക്കുന്നതിനേക്കാൾ നമ്മെ ദോഷത്തിൽ നിന്ന് വിടുവിക്കുവാനാണ് അവിടുത്തേക്കു കൂടുതൽ താല്പര്യം. നാം പീഡനത്തിൽ കൂടി കടന്നു പോകുന്നതിന് അവിടുന്ന് അനുവദിക്കുന്നു., കാരണം ആത്മീയമായി ശക്തരാകുന്നതിനുള്ള ഏക മാർഗ്ഗം അതാണെന്ന് അവിടുത്തേക്കറിയാം. വർഷങ്ങൾ ആയി ഓരോ ഞായറാഴ്ചയും കർണ്ണാനന്ദകരമായ പ്രസംഗങ്ങൾ ചെയ്യുന്നവരാൽ താലോലിക്കപ്പെട്ട, സുഖ-സൗകര്യങ്ങളെ സ്നേഹിക്കുന്ന ക്രിസ്തീയ ഗോളത്തിന് ഇത്തരം ഒരു സന്ദേശം വാസ്തവമായി ഒരു വിചിത്ര ഉപദേശമായി തോന്നും. എന്നാൽ ആദിമ സഭയോട് അപ്പോസ്തലന്മാർ പ്രസംഗിച്ച സന്ദേശം ഇതായിരുന്നു. “(അപ്പോസ്തലനായ പൗലോസും ബർന്നബാസും), അവർ വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ച് ശിഷ്യന്മാരുടെ മനസ്സുറപ്പിച്ചു പോന്നു” (അപ്പൊ.പ്ര.14:22).

ഇന്ന് ഭവനങ്ങളിലും ജോലിസ്ഥലങ്ങളിലും നാം നേരിടുന്ന ചെറിയ ശോധനകൾ വരുന്ന നാളുകളിൽ നമുക്കുണ്ടാകാവുന്ന വലിയ കഷ്ടങ്ങൾക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ മാത്രമാണ്. അതുകൊണ്ടാണ് ഇന്ന് നാം വിശ്വസ്തരായിരിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത്. കാരണം ദൈവം അരുളിച്ചെയ്യുന്നു , ” കാലാളുകളോടു കൂടെ ഓടിയിട്ടു ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? (യിരെ.12:5).വെളി.1:9,10 ൽ യോഹന്നാൻ തന്നേത്തന്നെ പരാമർശിക്കുന്നത് ‘യേശുവിന്റെ കഷ്ടതയിലെ കൂട്ടാളി’ എന്നാണ്. യേശുവിന്റെ ഓരോ പൂർണ്ണ ഹൃദയ ശിഷ്യനും അവൻ ലോകത്തിൽ ആയിരിക്കുന്നിടത്തോളം യേശുവിന്റെ കഷ്ടങ്ങളിൽ പങ്കാളി ആകുവാൻ ഒരുങ്ങേണ്ടതാണ്. യോഹന്നാന് ഇത് വെളിപ്പെട്ടു കിട്ടിയത് അവൻ സുഖസൗകര്യങ്ങളിൽ ജീവിക്കുമ്പോഴല്ല. അദ്ദേഹം അത് പ്രാപിച്ചത്, ‘ദൈവ വചനത്തോടും യേശുവിന്റെ സാക്ഷ്യത്തോടും വിശ്വസ്തനായിരുന്നതുകൊണ്ടു പത്മൊസിൽ കഷ്ടത അനുഭവിക്കുമ്പോഴാണ്(വെളി.1:9). അന്ത്യ നാളുകളിൽ എതിർ ക്രിസ്തുവില്‌ നിന്ന് വിശുദ്ധന്മാർ അനുഭവിക്കുന്ന വലിയ ഉപദ്രവത്തെക്കുറിച്ച് എഴുതാൻ കഴിയേണ്ടതിന് അദ്ദേഹം തന്നെ ഉപദ്രവം അനുഭവിക്കേണ്ടിയിരുന്നു. ഉപദ്രവം നേരിടുന്ന മറ്റുള്ളവർക്ക് വേണ്ടി ഒരു ശുശ്രൂഷ നമുക്ക് തരുന്നതിന് മുമ്പ് ദൈവം ആദ്യം നമ്മെ ശോധനകളിലൂടെയും ഉപദ്രവങ്ങളിലൂടെയും കടത്തിക്കൊണ്ടുപോകുന്നു. പുതിയനിയമത്തിൽ ഉടനീളം ഊന്നൽ നൽകപ്പെട്ടിരിക്കുന്ന ഒരു സവിശേഷ ഗുണമാണ് സഹിഷ്ണുത. യേശു തന്നെ പറഞ്ഞു,” അവർ നിങ്ങളെ ഉപദ്രവത്തിനേൽപ്പിക്കും, എന്നാൽ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും (മത്താ.24 :13).