ഒരു പുതിയ -ഉടമ്പടിസഭ തിരിച്ചറിയുന്നതെങ്ങനെ – WFTW 18 മാർച്ച് 2018

സാക് പുന്നന്‍

ഈ നാളുകളില്‍ വിശ്വാസികള്‍ തങ്ങളുടെ സ്വന്തം സഭാവിഭാഗങ്ങളില്‍ മടുപ്പ് ഉണ്ടായിട്ട് ഒരു പുതിയ – ഉടമ്പടി സഭ അന്വേഷിക്കുന്നതിനുവേണ്ടി അവയെ വിട്ടുപോകുന്നു. ” പുതിയ – ഉടമ്പടി സഭകള്‍ “എന്നവകാശപ്പെടുന്ന അനേകം കൂട്ടങ്ങളും ഇവിടെയുണ്ട്.

എന്നാല്‍ ഒരു പുതിയ -ഉടമ്പടി സഭയെ നാം തിരിച്ചറിയുന്നതെങ്ങനെയാണ്? തീര്‍ച്ചയായും അതിന്‍റെ സഭായോഗങ്ങളുടെ രീതി കൊണ്ടല്ല ശക്തിയുളള ഒരു സഭയില്‍ നാം കാണുന്ന പലകാര്യങ്ങളും നമുക്ക് അനുകരിക്കുവാന്‍ കഴിയും എന്നാല്‍ അപ്പോഴും ശക്തിയുളള ഒരു സഭയായി തീരുവാന്‍ നമുക്കൊരിക്കലും കഴിയുകയില്ല.

മോശെ പണിത സമാഗമനകൂടാരത്തിന്‍റെ കൃത്യമായ രൂപത്തില്‍ ഒരു സമാഗമനകൂടാരം ഉണ്ടാക്കുവാന്‍ ഫെലിസ്ത്യര്‍ക്കു കഴിഞ്ഞു, കാരണം പുറപ്പാടു പുസ്തകത്തില്‍ അതിന്‍റെ വിവരണങ്ങളെല്ലാം വളരെ കൃത്യമായി നല്‍കിയിരിക്കുന്നു. എന്നാല്‍ ആ സമാഗമനകൂടാരത്തെ സംബന്ധിച്ച ഒരു കാര്യം, ആര്‍ക്കും അനുകരിക്കുവാന്‍ കഴിയുമായിരുന്നില്ല – അത് ആ സമാഗമന കൂടാരത്തില്‍ ആവസിച്ചിരിക്കുന്ന ദൈവതേജസ്സിന്‍റെ അഗ്നി ആയിരുന്നു. ദൈവത്തിന്‍റെ വാസസ്ഥലം മരുഭൂമിയില്‍ തിരിച്ചറിയപ്പെട്ട പ്രത്യേകമായ ഏക അടയാളവും അതുതന്നെ ആയിരുന്നു. അതിനെ കൂടാതെ സമാഗമനകൂടാരം ശൂന്യമായ വെറും ഒരു പുറംതോടുമാത്രമായിരുന്നു. ശലോമോന്‍റെ കാലത്ത് പിന്നീട് സമാഗമനകൂടാരത്തിന്‍റെ സ്ഥാനത്ത് ദൈവാലയം പണിയപ്പെട്ടപ്പോഴും ദൈവതേജസ് അതിനെ നിറച്ചു. എന്നാല്‍ പിന്നീട് യിസ്രായേല്‍ പിന്മാറ്റത്തിലായപ്പോള്‍, ആ തേജസ് സാവധാനത്തില്‍ പുറത്തേക്കുപോയി (യെഹസ്കേല്‍ 10:4,18,19. ആ ആലയം അപ്പോള്‍ ശൂന്യമായ ഒരു പുറംതോടായിമാറി. ഇന്ന് അനേകം സഭകളുടെ കാര്യവും അങ്ങനെ തന്നെയാണ്.

ഒരു പുതിയ-ഉടമ്പടിസഭയെ തിരിച്ചറിയുന്നതിനുളള ഒരടയാളം അതിന്‍റെ നടുവിലുളള ദൈവിക സാന്നിദ്ധ്യം ആണ്. ഒരു സഭായോഗത്തില്‍ പ്രവചനത്തിന്‍റെ ആത്മാവ് ശക്തിയോടെ സന്നിഹിതനായിരിക്കുമ്പോള്‍, ആ യോഗത്തിനുവരുന്നവര്‍ കവിണ്ണു വീണ് ” ദൈവം അവിടെയുണ്ടെന്ന് ഏറ്റുപറയും”(1 കൊരിന്ത്യര്‍ 4:24,25). എമ്മവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരോട് യേശു സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ കത്തിക്കൊണ്ടിരുന്നതു പോലെ, നമ്മുടെ സഭയില്‍ യേശു പ്രവചന ശക്തിയില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ ഹൃദയവും കത്തിക്കൊണ്ടിരിക്കും (ലൂക്കോ 24:32).

ദൈവം ഒരു ദഹിപ്പിക്കുന്ന അഗ്നിയാണ്. മോശെ യോട് അവിടുന്നു സംസാരിച്ച ആ മുള്‍ പടര്‍പ്പിലേക്ക് ദൈവം ഇറങ്ങിവരികയും ആ മുള്‍പ്പടര്‍പ്പ് കത്തുകയും ചെയ്തപ്പോള്‍ ഒരു കീടത്തിനും ആ മുള്‍പ്പടര്‍പ്പിലെ തീയില്‍ അതിജീവിക്കുവാന്‍ കഴിഞ്ഞില്ല അതു പോലെ തന്നെ ഇന്ന് ദൈവത്തിന്‍റെ എരിയുന്ന സാന്നിദ്ധ്യം കാണപ്പെടുന്ന ഒരിടത്തും, ഒരു പാപത്തിനും മറയ്ക്കപ്പെട്ടോ, തുറന്നു കാട്ടപ്പെടാതെയോ നിലനില്‍ക്കുവാന്‍ സാധ്യമല്ല. അങ്ങനെയുളള ഒരു സഭമാത്രമാണ് ഒരു പുതിയ -ഉടമ്പടി സഭ. യേശുവിന്‍റെ കണ്ണുകള്‍ അഗ്നിജ്വാലയ്ക്കൊത്തതാണ് ( വെളിപ്പാട് 1:14) കൂടാതെ അവിടുന്ന് നിരന്തരമായി അന്വേഷിച്ചു കൊണ്ടിരിക്കുകയും, അവിടുന്നു പണിയുന്ന സകല സഭകളിലുമുളള പാപത്തെയും, മാനുഷിക പാരമ്പര്യങ്ങളെയും, പരീശത്വത്തെയും തുറന്നുകാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ദൈവരാജ്യത്തിന്‍റെ പ്രധാന താക്കോല്‍ ആത്മാവിന്‍റെ ദാരിദ്ര്യമാണ് (മത്തായി 5:3).ഇതു കൂടാതെ നമുക്കൊരു പുതിയ- ഉടമ്പടി സഭ പണിയാന്‍ കഴിയുകയില്ല. ആത്മാവില്‍ ദരിദ്രരായിരിക്കുക എന്നാല്‍ നിരന്തരമായി ദൈവത്തിന്‍റെ മുമ്പാകെ നമ്മുടെ തന്നെ ആവശ്യത്തെക്കുറിച്ചുളള ഒരു ബോധത്തോടെ നുറുക്കപ്പെട്ട അവസ്ഥയില്‍ ആയിരിക്കുക എന്നതാണ്, കാരണം നമ്മുടെ പിതാവ് പൂര്‍ണ്ണതയുളളവനായിരിക്കുന്നതു പോലെ തന്നെ പൂര്‍ണ്ണതയുളളവരാകുവാനുളള ആഴമായ ഒരു വാഞ്ച നമുക്കുണ്ട്. “ഹൃദയം നുറുങ്ങിവയവര്‍ക്ക് യഹോവ സമീപസ്ഥന്‍ “.(സങ്കീ 34:18). അവിടുന്ന് അടുത്തായിരിക്കുമ്പോള്‍, അവിടുത്തെ സാന്നിധ്യം, നമ്മുടെ ഹൃദയങ്ങളിലേക്ക് സ്വര്‍ഗ്ഗത്തിന്‍റെ അഗ്നി കൊണ്ടുവരികയും നാം പോകുന്ന ഇടങ്ങളിലെല്ലാം നമ്മിലൂടെ അത് മറ്റുളളവരിലേയ്ക്ക് പകരപ്പെടുകയും ചെയ്യുന്നു.

അനന്യാസും സഫീറയും യെരുശലേമിലുളള ദൈവിക സാന്നിദ്ധ്യം ഒരു അഗ്നിപോലെ കത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ഒരു പുതിയ ഉടമ്പടിസഭയോടു ചേര്‍ന്നപ്പോള്‍ അവര്‍ വലിയഒരു തെറ്റുചെയ്തു ( അപ്പൊപ്ര:5). അവര്‍ കൊരിന്തി ലുളള സഭയില്‍ (പിന്നീടുളള വര്‍ഷങ്ങളില്‍ ആയി തീര്‍ന്നതുപോലെ) ആയിരുന്നെങ്കില്‍ അവര്‍ ദീര്‍ഘനാള്‍ ജീവിച്ചിരുന്നേനെ. ഒരു പക്ഷേ അനന്യാസ് അവിടെ ഒരു മൂപ്പന്‍ പോലും ആയി തീര്‍ന്നേനെ – കാരണം കൊരിന്തിയിലെ സഭ ജഡികമായതും ചത്തതുമായിരുന്നു. എന്നാല്‍ യെരുശലേമിലെ അഗ്നിയുളള പുതിയ – ഉടമ്പടി സഭയില്‍, ഈ ദമ്പതികള്‍ക്ക് അതിജീവിക്കുവാന്‍ കഴിഞ്ഞില്ല. ഏതു പുതിയ -ഉടമ്പടി സഭയിലും കാപട്യത്തോടെ ജീവിക്കുന്നവരെ ദൈവം തുറന്നുകാട്ടുകയും നീക്കം ചെയ്യുകയും ചെയ്യും.

ദൈവത്തെ അപമാനിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍, ഭവനത്തിലോ, ജോലി സ്ഥലത്തോ ഉണ്ടായിരിക്കുകയും, നാം യഥാര്‍ത്ഥത്തിലുളള ഒരു പുതിയ-ഉടമ്പടി സഭയില്‍ അംഗമായി തുടരുകയുമാണെങ്കില്‍ നാം വലിയ അപകടത്തിലാണ്. നിങ്ങളുടെ ജീവിതത്തിന്‍റെ അടിസ്ഥാനലക്ഷ്യം ദൈവത്തിന്‍റെ മഹത്വം അന്വേഷിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കുവേണ്ടിയോ നിങ്ങളുടെ കുടുംബത്തിനു വേണ്ടിയോ ആണെങ്കില്‍, ദൈവം ശക്തിയോടെ സന്നിഹിതനായിരിക്കുകയും, അവിടുത്തെ വചനം ശക്തിയോടെ പ്രഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു പുതിയ – ഉടമ്പടി സഭ വിട്ടുപോകുന്നതാണ് ഏറെ നല്ലത്. ഒരു നിര്‍ജ്ജീവ സഭയോടു ചേരുന്നതായിരിക്കും നിങ്ങള്‍ക്കു നല്ലത്. കുറഞ്ഞപക്ഷം അനന്യാസിനെയും സഫീറയെയും പോലെ ആകാതെ നിങ്ങള്‍ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുകയെങ്കിലും ചെയ്തേക്കാം.

തങ്ങളെ തന്നെ ” പുതിയ – ഉടമ്പടി സഭകള്‍” എന്നു വിളിക്കുന്ന അനേകം സഭകള്‍ ഇന്നുണ്ട്. എന്നാല്‍ അവയെല്ലാം ഡുഡു പക്ഷിയെപോലെ നിര്‍ജ്ജിവമാണ്. അതിന്‍റെ പേരിന്‍റെ അര്‍ത്ഥം തന്നെ ഒരുമില്ലാത്തത് എന്നാണ്. അവിടെ പരീശന്മാര്‍ക്കും കാപട്യകാര്‍ക്കും സുഖപ്രദമായി ജീവിക്കാന്‍ കഴിയുമോ അതോ അവര്‍ തുറന്നുകാട്ടപ്പെടുകയും ഇടര്‍ച്ചയുണ്ടായി അവിടം വിട്ട് പുറത്തുപോകുകയും ചെയ്യുമോ എന്നാണ് ഇവിടുത്തെ ചോദ്യം. ഒരു പുതിയ – ഉടമ്പടി സഭയില്‍ അനേകര്‍ വചന പ്രഘോഷണത്താല്‍ ഇടര്‍ച്ചയുണ്ടായി സഭവിട്ടുപോകുന്നു. യെരുശലേമിലെ സഭയെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ” അനേകര്‍ അവരുടെ കൂടെ ചേരുവാന്‍ ധൈര്യപ്പെട്ടില്ല” (അപ്പോപ്ര 5:13).

മൂപ്പന്മാര്‍ എന്ന നിലയില്‍, യേശുവിനുവേണ്ടി ശിഷ്യന്മാരെ ഉണ്ടാക്കുന്നതിനെക്കാള്‍ നമ്മുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതാണ്, നമ്മുടെ ആഗ്രഹമെങ്കില്‍, നാം നമ്മുടെ സഭയില്‍ പരീശന്മാരെയും കാപട്യക്കാരെയും വിളിച്ചുകൂട്ടും. നാം ഒരിക്കലും ഒരു പുതിയ ഉടമ്പടി സഭ പണിയുകയില്ല. ഒരു സഭയില്‍ യേശുവിന്‍റെ സാന്നിദ്ധ്യം ശക്തിയോടെ സന്നിഹിതമാണെങ്കില്‍, അതിലുളള ശിഷ്യന്മാര്‍ അവിടുത്തെ മഹത്വം ദര്‍ശിക്കുന്ന കാര്യത്താല്‍ പിടിക്കപ്പെട്ടിരിക്കും. നാം ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്‍റെ മഹത്വം വാസ്തവത്തില്‍ കണ്ടിട്ടുണ്ടോ എന്നതിന്‍റെ തെളിവ്, ഭൂമിയിലെ കാര്യങ്ങള്‍ (സുഖസൗകര്യങ്ങള്‍, ബഹുമതി, പണം മുതലായവപോലുളള കാര്യങ്ങള്‍) നമ്മുടെ കണ്ണുകളില്‍ മങ്ങിയതായി തീരുകയും ഒരിക്കല്‍ നമുക്കവയോടുണ്ടായിരുന്ന ആകര്‍ഷണം പിന്നീടൊരിക്കലും ഉണ്ടാകാതിരിക്കുകയും ചെയ്യും.

ഒരു പുതിയ-ഉടമ്പടി സഭയില്‍ ശക്തിയുളള വചന പ്രഘോഷണം മാത്രമല്ല ഉളളത് വചനത്തിന്‍റെ ജീവിക്കുന്ന ശക്തിയുളള മാതൃകകളും ഉണ്ടായിരിക്കും. ദൈവത്തിനു വേണ്ടി മറ്റുളളവരില്‍ ഒരു സുശക്തഫലം ഉളവാക്കുന്നത് പുതിയ ഉപദേശങ്ങളല്ല എന്നാല്‍, വിശുദ്ധ ജീവിതങ്ങളാണ്. പുതിയ ഉടമ്പടി വേലക്കാര്‍ മറ്റുളളവരോട് പ്രസംഗിക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ മറ്റുളളവരെ തങ്ങളുടെ മാതൃക പിന്‍തുടരുവാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.( 1 കൊരിന്ത്യര്‍ 11:1).

നമ്മുടെ മാതൃക യോഗ്യമല്ലാത്ത ഒന്നാകുമ്പോള്‍ നാം കരയണം. ആളുകളെ നമ്മുടെ വരണ്ട, അഭിഷേകം ഇല്ലാത്ത പ്രസംഗങ്ങള്‍ കൊണ്ട് മുഷിപ്പിക്കുമ്പോള്‍ നമ്മുടെ തലകള്‍ ലജജകൊണ്ട് കുനിയണം. നാം യേശുവിനെ പിന്‍ഗമിക്കുകയാണെങ്കില്‍ നാം തണുപ്പുളളവരോ പരീശത്വം ഉളളവരോ ആയി തീരുക എന്നത് അസാധ്യമാണ്. ജനങ്ങളെ പോറ്റുവാന്‍ കര്‍ത്താവില്‍ നിന്ന് ഒരു വചനമില്ലാതെ വെറുതെ പറയുവാന്‍ സ്വപ്നങ്ങളും ദര്‍ശനങ്ങളും മാത്രമെ ഉള്ളെങ്കില്‍ നാം യേശുവില്‍ നിന്നു വളരെ ദൂരെയാണ്. നാം തന്നെ കര്‍ത്താവിനുവേണ്ടി ആത്മാവിന്‍റെ അഗ്നിയിലാണെങ്കില്‍ നമുക്ക് ആളുകളെ മുഷിപ്പിക്കുവാന്‍ കഴിയുകയില്ല.

സകലത്തിലും അവിടുന്ന് മുമ്പനാകേണ്ടതിന് യേശു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടു (കൊലൊസ്യര്‍ 1:18). ഇത് തങ്ങളുടെ ജീവിതാഭഷിലാഷമായിട്ടുളള എല്ലാവരെയും ദൈവം പിന്‍താങ്ങുന്നു. ഇത് അര്‍ത്ഥമാക്കുന്നത്, നാം നമ്മുടെ സ്വന്തം പദ്ധതികളും അവകാശങ്ങളും എല്ലാം ഉപേക്ഷിച്ചിട്ട്, നാം എന്തുചെയ്യണമെന്നുപറയുവാന്‍ യേശുവിനെ അനുവദിക്കുക എന്നാണ്, നാം എങ്ങനെ നമ്മുടെ പണവും സമയവും ചെലവാക്കണം തുടങ്ങിയ കാര്യങ്ങള്‍. നിങ്ങളുടെ ജീവിതത്തിലെ ഏക അഭിലാഷം ഇതാണെങ്കില്‍, നിങ്ങളുടെ പ്രദേശത്ത് പുതിയ- ഉടമ്പടി സഭ പണിയുവാന്‍ ദൈവം നിങ്ങളെ ഉപയോഗിക്കും എന്നകാര്യം തീര്‍ച്ചയാണ്.

അവിടത്തെ നാമം എടുത്തുപറയുന്നു എന്ന കാരണത്താല്‍ മാത്രം യേശു തങ്ങളുടെ മധ്യേ ഉണ്ട് എന്ന് അനേകര്‍ അവകാശപ്പെടുന്നു (മത്തായി 18:20). എന്നാല്‍ അവര്‍ തങ്ങളെതന്നെ വഞ്ചിക്കുകയാണ്. അവിടുന്ന് യഥാര്‍ത്ഥത്തില്‍ അവരുടെ മധ്യേ സന്നിഹിതനാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അവരുടെ കൂടിവരവുകള്‍ ഇത്രമുഷിപ്പനാകുന്നത്? എന്തുകൊണ്ടാണ് ജീവിതങ്ങള്‍ രൂപാന്തരപ്പെടാത്തത്? യഥാര്‍ത്ഥത്തില്‍ ദൈവഭക്തനായ ഒരു വ്യക്തിയുടെ കൂടെ ചെലവഴിക്കപ്പെടുന്ന ഒരു ചെറിയസമയം പോലും, നമ്മുടെ ജീവിത ശൈലികളെ പോലും മാറ്റത്തക്കവിധം, ആഴത്തിലുളള ഒരു സ്വാധീനം നമ്മില്‍ ഉണ്ടാക്കും. അങ്ങനെയെങ്കില്‍ യേശുവിനോടു കൂടെതന്നെ ഒരു ചെറിയ സമയമെങ്കിലും ചെലവഴിച്ചാല്‍ എത്രയധികം സ്വാധീനം നമ്മുടെ ജീവിതങ്ങളുടെ മേല്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് സഭായോഗങ്ങളിലൂടെ നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുന്നില്ലെങ്കില്‍, നമ്മുടെ മീറ്റിംഗുകളില്‍ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ഇല്ല എന്നു നാം സമ്മതിക്കേണ്ടിവരും. അപ്പോള്‍ നാം ഒരു പുതിയ-ഉടമ്പടിസഭ അല്ല.

ഈ ഭൂമിയില്‍ നമുക്ക് ഒരിക്കലും പൂര്‍ണ്ണതയുളള ഒരു സഭ പണിയുവാന്‍ കഴിയുകയില്ല. യേശു പണിത ആദ്യസഭയില്‍ പോലും – അവിടുത്തെ 12 ശിഷ്യന്മാര്‍- ഒരു ഒറ്റുകൊടുപ്പുകാരന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെക്കാള്‍ മെച്ചമായത് ഒന്നും നമുക്ക് പ്രതീക്ഷിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ഇന്ന് യേശു അവിടുത്തെ സഭ പണിയുന്നിടത്ത് അതിന്‍റെ അന്തര്‍ഭാഗത്തിന്‍റെ കേന്ദ്രബിന്ദുവില്‍ അവിടുത്തെ മഹത്വം ദര്‍ശിച്ചവരും അതിനാല്‍ പിടിക്കപ്പെട്ടവരുമായ ആളുകള്‍ ഉണ്ടായിരിക്കും. പിശാചിന് കെടുത്തിക്കളയുവാന്‍ കഴിയാത്ത ഒരു അഗ്നിയാല്‍ അവരുടെ ഹൃദയം ജ്വലിക്കുന്നുണ്ടായിരിക്കും. കര്‍ത്താവ് അവരിലൂടെ ദൈവത്തിന്‍റെ മഹത്വത്തിനായി ഒരു പുതിയ ഉടമ്പടിസഭ പണിയും.