താഴ്മയും കൃപയും – WFTW 11 സെപ്റ്റംബർ 2022

സാക് പുന്നന്‍

ദൈവത്തിൽ നിന്നു കൃപ ലഭിക്കാതെ പുതിയ നിയമ കല്പനകൾ അനുസരിക്കാൻ ആർക്കും കഴിയുകയില്ല. ന്യായപ്രമാണത്തിലുള്ള പത്തു കല്പനകളിലെ ആദ്യത്തെ ഒൻപതെണ്ണം കൃപ കൂടാതെ പലർക്കും പാലിക്കാൻ കഴിഞ്ഞേക്കും. എന്നാൽ “നിങ്ങളുടേതല്ലാത്ത യാതൊന്നിനെയും മോഹിക്കരുത്” എന്ന പത്താമത്തെ കല്പന- കൃപയില്ലാതെ ആർക്കും പാലിക്കാൻ കഴിയുകയില്ല. പുതിയ ഉടമ്പടി പ്രകാരമുള്ള ജീവിതത്തിലേക്ക് ഉയരാൻ (മത്തായി 5-7 വരെയുള്ള അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നതു പോലെ) കൃപയില്ലാതെ ആർക്കും കഴിയുകയില്ല. എന്നാൽ കർത്താവ് കൃപ നൽകുന്നത് താഴ്മയുള്ളവർക്കു മാത്രമാണ് (1 പത്രൊ. 5:5).

താഴ്മ എന്നത് വളരെ എളുപ്പത്തിൽ വ്യാജാനുകരണം ചെയ്യപ്പെടുന്ന സൽഗുണങ്ങളിൽ ഒന്നാണ്. യഥാർത്ഥ താഴ്മ എന്നത് മറ്റുള്ളവർ നമ്മിൽ കാണുന്ന ഒന്നല്ല. അത് ദൈവം നമ്മിൽ കാണുന്നതാണ്- അത് ആന്തരികമാണ്. യേശുവിൻ്റെ ജീവിതത്തിൽ അത് ദൃഷ്ടാന്തീകരിക്കപ്പെട്ടിരുന്നു. ഫിലി. 2:5 – 8 വരെയുള്ള വാക്യങ്ങൾ നമ്മോടു പറയുന്നത്, യേശു ദൈവമെന്ന നിലയിൽ തനിക്കുണ്ടായിരുന്ന പദവികളും അവകാശങ്ങളും ത്യജിച്ച് ഒരു ദാസനായി തീരുകയും മനുഷ്യരുടെ കൈയിൽ നിന്ന് ക്രൂശീകരണം പോലും സ്വീകരിക്കുവാൻ സമ്മതിക്കുകയും ചെയ്തു എന്നാണ്. താഴ്മയുടെ ആ പാതയിൽ അവിടുത്തെ പിൻതുടരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

3 പടികളിൽ യേശു തന്നെത്താൻ താഴ്ത്തി.

  1. അവിടുന്ന് ഒരു മനുഷ്യനായി തീർന്നു.
  2. അവിടുന്ന് ഒരു ദാസനായി തീർന്നു.
  3. ക്രൂശിൽ , ഒരു കുറ്റവാളിയെന്ന പോലെ കൈകാര്യം ചെയ്യപ്പെടുവാൻ അവിടുത്തേക്ക് മനസ്സായിരുന്നു.

അവിടെ ക്രിസ്തീയ ജീവിതത്തിൻ്റെ മൂന്നു രഹസ്യങ്ങൾ നാം കാണുന്നു : താഴ്മ, താഴ്മ, പിന്നെയും താഴ്മ.

യേശു 33 വർഷങ്ങൾ ഭൂമിയിൽ ജീവിച്ചതും വിനയത്തോടെ മറ്റുള്ളവരെ ശ്രുശൂഷിച്ചതും, സഹിഷ്ണുതയോടെ കഷ്ടത, പരിഹാസം, ഉപദ്രവം എന്നിവ സഹിച്ചതും ദൂതന്മാർ അത്ഭുതത്തോടെ നോക്കിയിട്ടുണ്ടാകും. അവർ വർഷങ്ങളായി സ്വർഗ്ഗത്തിൽ പതിവായി അവിടുത്തെ ആരാധിച്ചുകൊണ്ടിരുന്നവരായിരുന്നു. എന്നാൽ ഭൂമിയിൽ അവിടുത്തെ പെരുമാറ്റം കണ്ടപ്പോൾ, ദൈവത്തിൻ്റെ സ്വഭാവത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അവർ പഠിച്ചു- അവിടുത്തെ താഴ്മയും വിനയവും- യേശു സ്വർഗ്ഗത്തിലായിരുന്ന സമയത്തൊന്നും അവർ ഒരിക്കലും കണ്ടിട്ടില്ലാത്തത്. ഇപ്പോൾ ക്രിസ്തുവിൻ്റെ ഈ ആത്മാവിനെ സഭയിൽ നമ്മിലൂടെ സ്വർഗ്ഗത്തിലെ ദൂതന്മാരെ കാണിച്ചു കൊടുക്കുവാൻ ദൈവം ആഗ്രഹിക്കുന്നു (എഫെ. 3:10 ൽ പറയുന്നതു പോലെ). ഇപ്പോൾ നമ്മിലും നമ്മുടെ പെരുമാറ്റത്തിലും ദൂതന്മാർ എന്താണു കാണുന്നത്? നമ്മുടെ പെരുമാറ്റം ദൈവത്തിനു മഹത്വം കൊണ്ടുവരുന്നുണ്ടോ?

എല്ലാ സൽഗുണങ്ങളിലും വലിയത് താഴ്മയാണ് എന്നോർക്കുക. നാം ആയിരിക്കുന്നതും നമുക്കള്ളതുമെല്ലാം ദൈവത്തിൻ്റെ ദാനമാണെന്ന് താഴ്മ ഏറ്റുപറയുന്നു. താഴ്മ നമ്മെ, എല്ലാ മനുഷ്യരെയും വില മതിക്കുന്നവരും ബഹുമാനിക്കുന്നവരും ആക്കി തീർക്കുന്നു, പ്രത്യേകിച്ച് ബലഹീനർ, സംസ്കാരമില്ലാത്തവർ, മന്ദബുദ്ധികൾ, ദരിദ്രർ മുതലായവരെ. “താഴ്മയുടെ ആ മണ്ണിൽ മാത്രമെ ആത്മാവിൻ്റെ ഫലവും ക്രിസ്തുവിൻ്റെ സൽഗുണങ്ങളും നമ്മിൽ വളരുകയുള്ളു”. അതുകൊണ്ട് ഉന്നത ചിന്തകളുടെ അല്ലെങ്കിൽ മാനം അന്വേഷിക്കുന്നതിൻ്റെ അല്ലെങ്കിൽ ദൈവത്തിനു കൊടുക്കേണ്ട മഹത്വം എടുക്കുന്നതിൻ്റെ ഒന്നും വിഷം ഒരിക്കലും നിങ്ങളുടെ ഹൃദയത്തിൽ ഒരു സമയത്തും പ്രവേശിക്കാതിരിക്കേണ്ടതിന് നിങ്ങൾ നിങ്ങളെ തന്നെ നിരന്തരമായി വിധിച്ചുകൊണ്ട് ജീവിക്കണം. യേശുവിൻ്റെ താഴ്മയെ കൂടുതൽ ധ്യാനിക്കുക. അതാണ് നിങ്ങളോടുള്ള എൻ്റെ പ്രധാന പ്രബോധനം.

യേശു തൻ്റെ 70 ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു, “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നതിലത്രെ സന്തോഷിപ്പിൻ” (ലൂക്കോ.10:20). (1) നാം എന്തായിരിക്കുന്നു എന്നതിലോ (2) നാം എന്തു ചെയ്തിരിക്കുന്നു എന്നതിലോ (3) നമുക്കെന്തു ചെയ്യാൻ കഴിയും എന്നതിലോ അല്ല നാം സന്തോഷിക്കേണ്ടത്. എന്നാൽ (1) കർത്താവ് ആരാണെന്നതിലും (2)കർത്താവ് എന്തു ചെയ്തിരിക്കുന്നു എന്നതിലും (3) കർത്താവ് ഇനിയും എന്തു ചെയ്യും എന്നതിലുമാണ് നാം സന്തോഷിക്കേണ്ടത്. നമുക്കു ചെയ്യാൻ കഴിവുള്ള കാര്യങ്ങളിൽ നാം സന്തോഷിക്കുമ്പോൾ, നാം തന്നെ മഹത്വമെടുക്കുകയും മറ്റു വിശ്വാസികളെക്കാൾ നമ്മെ ഉയർന്നവരായി കാണുകയും ചെയ്യുന്നു. ഇതു പരീശത്വമാണ് അപ്പോൾ “നാം നമ്മുടെ കൈകളുടെ പ്രവൃത്തിയിൽ സന്തോഷിക്കുകയാണ്” (അപ്പൊ. പ്ര.7:41) – അത് ഭൂതങ്ങളെ പുറത്താക്കുന്നത്, രോഗികളെ സൗഖ്യമാക്കുന്നത്, വചനം പ്രസംഗിക്കുന്നത്, ഒരു ലേഖനം എഴുതുന്നത്, ആതിഥ്യമര്യാദയുള്ളവരായിരിക്കുന്നത്, ഒരു നല്ല ഭക്ഷണം പാചകം ചെയ്യുന്നത്, ഒരു കാർ നന്നായി ഓടിക്കുന്നത്, അല്ലെങ്കിൽ ഭൗതികമായ ഒരു ദൗത്യം ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നത് തുടങ്ങിയ ഏതു കാര്യവും ആകാം. നമുക്കു തന്നെ മഹത്വം എടുക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. എന്നാൽ അതെല്ലാം വിഗ്രഹാരാധനയാണ്‌. ദൈവം ചെയ്തിരിക്കുന്നതിൽ മാത്രം നാം സന്തോഷിക്കുമ്പോൾ, ഏതു വിധേനയും, അതു നമ്മെ താഴ്മയുള്ളവരായി സൂക്ഷിക്കുകയും, മറ്റുള്ള വിശ്വാസികളുമായി നാം തുല്യ നിലയിലായിരിക്കുകയും, അങ്ങനെ ക്രിസ്തുവിൻ്റെ ശരീരം പണിയപ്പെടാൻ ഇടയാകുകയും ചെയ്യുന്നു.