ക്രിസ്തുവിന്‍റെ ശരീരത്തിലുളള താഴ്മയും ഐക്യതയും – WFTW 20 മെയ് 2018

സാക് പുന്നന്‍

താഴ്മ: എഫെസ്യര്‍ 4:1-2 ല്‍ നാം ഇപ്രകാരം വായിക്കുന്നു, ” അതുകൊണ്ട് കര്‍ത്തൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂര്‍ണ്ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടും കൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും ചെയ് വിന്‍” ക്രിസ്തീയ ജീവിതത്തിന്‍റെ 3 രഹസ്യങ്ങള്‍ : താഴ്മ, താഴ്മ, പിന്നെയും താഴ്മ എന്നതാണെന്ന് ഞാന്‍ കൂടെ കൂടെ പറയാറുണ്ട്. അവിടെയാണ് എല്ലാ കാര്യങ്ങളുടെയും തുടക്കം. യേശു തന്നെത്താന്‍ താഴ്ത്തിയിട്ട് മത്തായി 11:29 ല്‍ ഇപ്രകാരം പറഞ്ഞു, ” ഞാന്‍ സൗമ്യതയും താഴ്മയും ഉളളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിന്‍” തന്നില്‍ നിന്നു പഠിക്കുവാന്‍ അവിടുന്ന് എന്നും നമ്മോടാവശ്യപ്പെട്ടിട്ടുളള രണ്ടു കാര്യങ്ങള്‍ താഴ്മയും സൗമ്യതയും മാത്രമാണ്. എന്തുകൊണ്ട്? കാരണം, ആദമിന്‍റെ മക്കള്‍ എന്ന നിലയില്‍ നാം എല്ലാവരും നിഗളികളും കാഠിന്യമുളളവരും ആണ്. സ്വര്‍ഗ്ഗീയമായ ഒരു ജീവന്‍ ഈ ഭൂമിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, അത് സുവിശേഷീകരണത്തിലൂടെയോ, പ്രസംഗത്തിലൂടെയോ, ബൈബിള്‍ പഠിപ്പിക്കുന്നതിലൂടെയോ, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയോ പ്രദര്‍ശിപ്പിക്കപ്പെടാന്‍ പോകുന്നില്ല. അതു പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഒന്നാമതായി താഴ്മയുടെയും സൗമ്യതയുടെയും മനോഭാവത്താലാണ്.

ദൈവം മോശെയ്ക്കു സമാഗമന കൂടാരത്തിന്‍റെ മാതൃക നല്‍കിയപ്പോള്‍, അവിടുന്ന് പെട്ടകത്തിന്‍റെ കാര്യം പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. ഏതെങ്കിലും ഒന്നിന്‍റെ നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍, കെട്ടിടത്തിന്‍റെ പുറമെയുളള അളവുകള്‍ കൊണ്ടാണ് മനുഷ്യന്‍ ആരംഭിക്കുന്നത്. എന്നാല്‍ ദൈവം തുടങ്ങിയത് ഏറ്റവും ഉളളിലുളള പരിശുദ്ധ സ്ഥലത്തില്‍നിന്നാണ്. മനുഷ്യന്‍ കപ്പിന്‍റെ പുറം വൃത്തിയാക്കുവാന്‍ നോക്കുന്നു, എന്നാല്‍ ദൈവം അന്വേഷിക്കുന്നത് ആദ്യം അതിന്‍റെ ഉള്‍ഭാഗം വൃത്തിയാക്കുവാനാണ്. അവിടുന്ന് അകത്തുനിന്നാരംഭിക്കുകയും അതിനുശേഷം പുറത്തേക്ക് നീങ്ങുകയും ചെയ്യുന്നു. നിങ്ങളുടെ ചിന്തകളും സമീപനങ്ങളും മാനുഷികമാണെങ്കില്‍, നിങ്ങള്‍ അധികം താത്പര്യപ്പെടുന്നത് മനുഷ്യര്‍ക്കു കാണാന്‍ കഴിയുന്ന ബാഹ്യഭാഗത്തെക്കുറിച്ചായിരിക്കും. നിങ്ങള്‍ കൂടുതല്‍ ദൈവികനാണെങ്കില്‍, ദൈവത്തിനു മാത്രം കാണാന്‍ കഴിയുന്ന ഉള്‍ഭാഗത്തെക്കുറിച്ചായിരിക്കും നിങ്ങള്‍ താത്പര്യപ്പെടുന്നത്. നിങ്ങളുടെ സഭയിലുളളവരുടെ എണ്ണത്തേക്കാള്‍ അവരുടെ ഗുണനിലവാരത്തെക്കുറിച്ചായിരിക്കും നിങ്ങള്‍ കരുതുന്നത്. വലിപ്പം ആളുകളില്‍ മതിപ്പുളവാക്കുന്നു. ദൈവം നോക്കുന്നത് ആളുകളുടെ ഗുണനിലവാരമാണ്.

ദൈവം നോക്കുന്നത്, താഴ്മയും, സൗമ്യതയും സഹിഷ്ണുതയുമാണ്. എഫെസ്യര്‍ 4:2 (എല്‍.ബി) പറയുന്നത്, “നിങ്ങളുടെ സ്നേഹം മൂലം ഓരോരുത്തന്‍ മറ്റുളളവരുടെ തെറ്റുകള്‍ക്ക് അനുവാദം നല്‍കുക” ഒരു സഭയിലും പൂര്‍ണ്ണതയുളളവരാരുമില്ല എല്ലാവര്‍ക്കും തെറ്റുപറ്റുന്നു. അതുകൊണ്ട് സഭയില്‍ നാം മറ്റുളള ഓരോരുത്തരുടെയും തെറ്റുകളെ വഹിക്കേണ്ടിവരുന്നു. നാം തമ്മില്‍ തമ്മില്‍ സ്നേഹിക്കുന്നതു കൊണ്ട് നാം ഓരോരുത്തരും മറ്റുളളവരുടെ തെറ്റുകള്‍ അനുവദിച്ചു കൊടുക്കേണ്ടിയിരിക്കുന്നു ” നീ ഒരു തെറ്റു ചെയ്താല്‍ ഞാന്‍ അതു മൂടിവെയ്ക്കും. നീ എന്തെങ്കിലും ചെയ്യാതെ വിട്ടുപോയാല്‍, ഞാന്‍ അതു ചെയ്യും” അങ്ങനെയാണ് കിസ്തുവിന്‍റെ ശരീരം പ്രവര്‍ത്തിക്കേണ്ടത്.

ഐക്യത: എഫെ 4:3ല്‍ നാം ഇപ്രകാരം വായിക്കുന്നു. ” ആത്മാവിന്‍റെ ഐക്യത സമാധാന ബന്ധത്തില്‍ കാപ്പാന്‍ ഉത്സാഹിക്കുവിന്‍ ” ഐക്യത എന്നത് പൗലൊസിന്‍റെ മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യവിഷയമാണ്. തന്‍റെ സഭയ്ക്കു വേണ്ടി കര്‍ത്താവിന്‍റെ ഭാരവും ഇതുതന്നെയാണ്. ഒരു മനുഷ്യശരീരം മരിക്കുമ്പോള്‍ അത് ജീര്‍ണ്ണിക്കുവാന്‍ തുടങ്ങുന്നു. നമ്മുടെ ശരീരം പൊടികൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്, ഈ ശരീരത്തില്‍ ജീവനുളളതുകൊണ്ട് ഈ പൊടിയുടെ കണങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് നിര്‍ത്തപ്പെടുന്നു. ജീവന്‍ പോകുന്ന ആ നിമിഷത്തില്‍ ശിഥിലീകരണം ആരംഭിക്കുകയും കുറച്ചു സമയം കഴിയുമ്പോള്‍ ആ ശരീരം മുഴുവന്‍ പൊടിയായി തീരുകയുംചെയ്യുന്നതായി നാം കാണുന്നു. വിശ്വാസികളുടെ ഒരു കൂട്ടായ്മയിലും ഇത് അങ്ങനെ തന്നെയാണ്. ഒരു സഭയിലുളള വിശ്വാസികള്‍ ഭിന്നിക്കുമ്പോള്‍, മരണം അതില്‍ കടന്നു കഴിഞ്ഞിരിക്കുന്നു എന്ന് നമുക്ക് തീര്‍ച്ചയാക്കാം. ഒരു ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഭിന്നിക്കുമ്പോള്‍, അവര്‍ തമ്മില്‍ ഒരിക്കലും വിവാഹമോചനം നേടിയിട്ടില്ലെങ്കില്‍ പോലും, മരണം പ്രവേശിച്ചുകഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയാം. ഒരു വിവാഹ ജീവിതത്തില്‍ അവരുടെ വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിനകം വിയോജിപ്പ് ആരംഭിക്കുവാന്‍ കഴിയും – അത് തെറ്റിദ്ധാരണകള്‍, സമ്മര്‍ദ്ദങ്ങള്‍, വഴക്കുകള്‍ മുതലായവയില്‍ തുടങ്ങുന്നു. അത് ഒരു സഭയിലും സംഭവിക്കാന്‍ കഴിയും. സാധാരണയായി ഒരു സഭ തുടങ്ങുന്നത്, കര്‍ത്താവിനുവേണ്ടി നിര്‍മ്മലമായ ഒരു വേല തുടങ്ങുവാനുളള ഒരു വലിയ എരിവോടെ ഏതാനും എരിവുളള സഹോദരന്മാര്‍ ഒരുമിച്ചു ചേര്‍ന്നു വരുമ്പോഴാണ്. വളരെ പെട്ടന്നു തന്നെ ഭിന്നത ഉണ്ടാക്കുകയും മരണം പ്രവേശിക്കുകയും ചെയ്യുന്നു. ആത്മാവിന്‍റെ ഐക്യത കാത്തുസൂക്ഷിക്കുവാന്‍ നാം നിരന്തരമായി ഒരു യുദ്ധം ചെയ്യേണ്ടതുണ്ട് – ഒരു വിവാഹ ജിവിതത്തിലുംഒരു സഭയിലും.

മനുഷ്യശരീരത്തെക്കുറിച്ചുളള അത്ഭുതകരമായ ഒരു കാര്യം, അതുണ്ടാക്കപ്പെട്ടിട്ടുളള പൊടിയുടെ ചെറിയ കണങ്ങള്‍, അവ എവിടെയാണ് തമ്മില്‍ യോജിപ്പിച്ചിരിക്കുന്നത് എന്ന് ഒരാള്‍ക്ക് കാണാന്‍ കഴിയാത്തവിധം അത്ര അടുപ്പിച്ചാണ് അവ തമ്മില്‍ ചേര്‍ത്തിരിക്കുന്നത്. ശരീരത്തിന് പരുക്ക് ഏല്‍ക്കുകയാണെങ്കില്‍, പെട്ടന്നു തന്നെ ത്വക്കിലെ ആ മുറിവ് കൂടുന്നതിനുവേണ്ടി അതിനുളളില്‍ ചില പ്രക്രിയകള്‍ തുടങ്ങുന്നു. ശരീരത്തിന് അതിന്‍റെ ഏതെങ്കിലും ഭാഗത്തുളള ത്വക്ക് വിടവുളളതായി അവശേഷിച്ച് അവിടം തുറന്നിരിക്കുന്നത് ഇഷ്ടമല്ല. അത് ഉടനെതന്നെ ത്വക്കിലെ വേര്‍പെട്ട ഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരു അസ്ഥി ഒടിയുമ്പോഴും അതിങ്ങനെ തന്നെയാണ്. അതിനെ ഒന്നിച്ചു ചേര്‍ക്കുവാന്‍ ആ ശരീരം ഉടനെതന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഒരു ഡോക്ടര്‍ക്ക് അസ്ഥിയുടെ ഒടിഞ്ഞുപോയ ഭാഗങ്ങള്‍ തമ്മില്‍ അടുത്തടുത്ത് വയ്ക്കുവാന്‍ മാത്രമേ കഴിയൂ. ആ രണ്ടുഭാഗങ്ങളെ തമ്മില്‍ ഒന്നിച്ചു ചേര്‍ക്കുന്നത് ശരീരം തന്നെയാണ്. മനുഷ്യശരീരം എപ്പോഴും ഐക്യതയ്ക്കായി പ്രവര്‍ത്തിക്കുന്നു. അങ്ങനെതന്നെയാണ് ക്രിസ്തുവിന്‍റെ ശരീരവും പ്രവര്‍ത്തിക്കേണ്ടത്. സഭ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ക്രിസ്തുവിന്‍റെ ശരീരത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്.

ദൈവം ഒരു കൂട്ടം വിശുദ്ധ വ്യക്തികളെ അല്ല പണിയുന്നത്. അവിടുന്ന് ഒരു ശരീരമാണ് പണിയുന്നത്. ഇതിനെക്കുറിച്ചാണ് എപ്പെ 4:1-3ല്‍ പൗലൊസ് പറയുന്നത്. ” ആത്മാവിന്‍റെ ഐക്യത സംരക്ഷിക്കുവിന്‍, കാരണം ശരീരം ഒന്നേയുളളൂ” എന്ന് അദ്ദേഹം നമ്മെ പ്രബോധിപ്പിക്കുന്നു. ഒരു പ്രാദേശിക സഭയില്‍ ഐക്യം ഉണ്ട് എന്ന് എപ്പോഴാണ് നമുക്ക് പറയാന്‍ കഴിയുന്നത്? ” സമാധാനബന്ധത്താല്‍ ” (എഫെ 4:3). ” ആത്മാവിന്‍റെ ചിന്ത സമാധാനം ആകുന്നു”( റോമര്‍ 8:6). ഒരു സഹോദരനെയോ സഹോദരിയെയോ കുറിച്ചു നിങ്ങള്‍ ചിന്തിക്കുമ്പോള്‍, അവനോട്/അവളോട് നിങ്ങള്‍ക്കുളള ചിന്ത സമാധാനവും സ്വസ്ഥതയുമാണെങ്കില്‍, അപ്പോള്‍ നിങ്ങളും ആ വ്യക്തിയും തമ്മില്‍ ഐക്യതയിലാണ് എന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ആ വ്യക്തിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍, നേരിയ അളവിലെങ്കിലും നിങ്ങള്‍ അസ്വസ്ഥമാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ ആ വ്യക്തിയുമായി ഏകീകരിക്കപ്പെട്ടിട്ടില്ല എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയാക്കാം. നിങ്ങള്‍ക്ക് വളരെ പ്രസരിപ്പുളള ഒരു “പ്രെയ്സ് ദ ലോര്‍ഡ്” പറഞ്ഞ് അയാളെ അഭിവാദനം ചെയ്യാന്‍കഴിഞ്ഞേക്കാം, എന്നാല്‍ അതു കാപട്യമാണ്. സമാധാനമാണ് അതിനുളള പരിശോധന അതുകൊണ്ട് ആത്മാവിന്‍റെ ഐക്യത സമാധാന ബന്ധത്തില്‍ കാക്കപ്പെടണം.

What’s New?