സാക് പുന്നൻ
“നീതിക്ക് വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, കാരണം അവർക്കു തൃപ്തി വരും” (മത്താ. 5:6). ലോകത്തിൽ, ആളുകൾ എല്ലാ തരത്തിലുമുള്ള പല കാര്യങ്ങൾക്കു വേണ്ടിയാണ് വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത്. ലോകത്തിലുള്ള ആളുകൾ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന കാര്യങ്ങളെ നിങ്ങൾ നോക്കിയാൽ, അവ സമ്പത്ത്, പണം, സുഖകരമായ ഒരു ജീവിതം, വീടുകൾ, ഭൂസ്വത്ത്, സമൂഹത്തിനുള്ള മുന്നേറ്റം, തങ്ങളുടെ ജോലിയിലുള്ള ഉന്നതസ്ഥാനം, തങ്ങളുടെ ബാഹ്യരൂപത്തെ സൗന്ദര്യവൽക്കരിക്കുക, കൂടാതെ അവർക്ക് ഈ ലോകത്തിലെ മാനം, സുഖം, ആനന്ദം എന്നിവ പോലെയുള്ള കാര്യങ്ങളാണ്. പല ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇത് സത്യമാണ്.
മിക്ക ക്രിസ്ത്യാനികളും, വീണ്ടും ജനിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്നവർ പോലും, ഈ കാര്യങ്ങളുടെ പിന്നാലെ പോകുന്നു. എന്നാൽ ദൈവഭക്തിയുള്ള ഒരു ജീവിതം ജീവിക്കുന്നതിനു വേണ്ടി വിശക്കുന്നതും ദാഹിക്കുന്നതും – പാപത്തെ ജയിക്കുന്നതിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത് – ഇത് വളരെ വിരളമായുള്ള ഒരു ഗുണവിശേഷമാണ്. ജീവങ്കലേക്കുള്ള ഈ വഴി കണ്ടെത്തുന്നവർ വളരെ ചുരുക്കമാണ് എന്നു യേശു പറഞ്ഞത് ഇതിനെക്കുറിച്ചാണെന്നു ഞാൻ വിശ്വസിക്കുന്നു. പൂർണ്ണമായ നീതിയുള്ളവരാകുന്നതിനെ കുറിച്ചുള്ള ഒരു സന്ദേശത്തിൽ താല്പര്യപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്ന് കണ്ടെത്തുമ്പോൾ ഞാൻ അതിശയിക്കാറില്ല. “അത് അസാധ്യമാണെന്ന്” ആളുകൾ തിരിഞ്ഞു പറയുമ്പോഴും ഞാൻ അതിശയിക്കാറില്ല. ഗിരിപ്രഭാഷണത്തിന് ആർക്കും ജീവിക്കാൻ കഴിയാത്ത അസാധ്യമായ നിലവാരമാണുള്ളതെന്ന് ആളുകൾ പറയുമ്പോൾ, അതുതന്നെയാണ് ലൗകികനായ ഒരു ക്രിസ്ത്യാനിയിൽ നിന്നോ അല്ലെങ്കിൽ ലൗകിക മനോഭാവങ്ങളുള്ള വീണ്ടും ജനിക്കപ്പെട്ടതെന്നു വിളിക്കപ്പെടുന്ന ക്രിസ്ത്യാനികളിൽ നിന്നോ ഞാൻ പ്രതീക്ഷിക്കുന്ന കൃത്യമായ ഉത്തരം. യേശു ഗിരിപ്രഭാഷണത്തിൽ പഠിപ്പിച്ചതെല്ലാം അവഗണിക്കുന്ന ഒരു വ്യക്തി യഥാർത്ഥത്തിൽ വീണ്ടും ജനിക്കപ്പെട്ടവനാണോ എന്നു ഞാൻ ചോദ്യം ചെയ്യും. അതുകൊണ്ടാണ് യേശു മത്താ. 28:20ൽ ഞാൻ നിങ്ങളോടു കൽപ്പിച്ചതെല്ലാം അവരെ പഠിപ്പിക്കുവിൻ എന്നു പറയുന്നതിനു മുമ്പ് “അവരെ ശിഷ്യരാക്കിക്കൊൾവിൻ” എന്നു പറഞ്ഞത്.
ക്രിസ്ത്യാനി എന്നു തന്നെത്തന്നെ വിളിക്കുകയും എന്നാൽ യേശു കൽപ്പിച്ചതെല്ലാം അറിയുന്നതിനും താല്പര്യമില്ലാതെ സ്വർഗ്ഗത്തിൽ പോകാൻ മാത്രം ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും, അതിൽനിന്നു വളരെ അകലെയാണ്. ഒരു വ്യക്തി യഥാർത്ഥമായി ഒരു ശിഷ്യനായി തീർന്നാൽ, യേശു കൽപ്പിച്ചിരിക്കുന്നത് അറിയാൻ അയാൾ താൽപര്യപ്പെടും. യേശുവിൻ്റെ ഒരു യഥാർത്ഥ ശിഷ്യൻ്റെ മനോഭാവം, “ഞാൻ ആത്മാവിൽ ദരിദ്രനായിരിക്കണമെന്ന് യേശു ആഗ്രഹിക്കുന്നെങ്കിൽ, അത് അർത്ഥമാക്കുന്നത് എന്താണെന്നറിഞ്ഞ് അത് അനുസരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ പാപത്തിനു വേണ്ടി ഞാൻ കരയണമെന്നോ, സൗമ്യതയുള്ളവനാകണമെന്നോ അവിടുന്നാഗ്രഹിക്കുന്നെങ്കിൽ, അതും എന്താണർത്ഥമാക്കുന്നതെന്ന് അറിയാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നെങ്കിൽ, നീതിക്കായി വിശക്കുവാനും ദാഹിക്കുവാനും ഞാനും ആഗ്രഹിക്കുന്നു.”
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക എന്നാൽ എന്താണർത്ഥമാക്കുന്നത്? ഉദാഹരണത്തിന്, “ഒരല്പം വെള്ളത്തിനു വേണ്ടി ഞാൻ ദാഹിക്കുന്നു” എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ആ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര രൂപ കൊടുക്കാൻ നിങ്ങൾ തയ്യാറാകും? ഒരു ഗ്ലാസ് വെള്ളത്തിന് 100,000 രൂപ വിലയാണെങ്കിൽ എന്തു ചെയ്യും? നിങ്ങൾ ഇപ്രകാരം പറയും, “വേണ്ട, ഒരു ഗ്ലാസ് വെള്ളത്തിന് 100,000 രൂപ കൊടുക്കാൻ തക്ക ദാഹം എനിക്കില്ല.” എന്നാൽ ഏഴു ദിവസമായി മരുഭൂമിയിൽ അലഞ്ഞുഴന്ന ഒരു വ്യക്തിയാണ് നിങ്ങൾ എന്ന് കരുതുക, തന്നെയുമല്ല നിങ്ങളുടെ ശരീരം മുഴുവൻ വരണ്ട് നിങ്ങളുടെ വായും വരണ്ട് ദാഹം കൊണ്ട് നിങ്ങൾ ഏതാണ്ട് മരിക്കാറായി എന്നും കരുതുക. അപ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് 100,000 രൂപ കൊടുക്കാൻ നിങ്ങൾ തയ്യാറാകും! അതാണ് ദാഹം. അതുപോലെ വിശപ്പുകൊണ്ട് നിങ്ങൾ മരിക്കാൻ പോകുകയാണെങ്കിൽ, ആഹാരത്തിനായി എന്തു വിലയും കൊടുക്കാൻ നിങ്ങൾ തയ്യാറാകും.
എന്തുവില കൊടുക്കേണ്ടി വന്നാലും നീതിമാനായിരിക്കേണ്ടതിനുള്ള അതികഠിനമായ വിശപ്പിനെയും ദാഹത്തെയും കുറിച്ചാണ് യേശു സംസാരിക്കുന്നത്, അത് എനിക്ക് സൗകര്യപ്രദമായിരിക്കുമ്പോഴോ അല്ലെങ്കിൽ അത് എൻ്റെ പദ്ധതികൾക്ക് ഇളക്കം ഉണ്ടാക്കാത്തപ്പോഴോ നീതിമാൻ ആയിരിക്കാനുള്ള വിശപ്പിനെയും ദാഹത്തെയും കുറിച്ചല്ല. സഭയിൽ ഇരിക്കുന്ന മിക്ക ആളുകളും ആഗ്രഹിക്കുന്നത്, വിശുദ്ധിയുടെ സന്ദേശങ്ങൾ കേൾക്കുന്നവർ പോലും അത് തങ്ങളുടെ പദ്ധതികൾക്ക് ഇളക്കമുണ്ടാക്കില്ലെങ്കിൽ, അല്ലെങ്കിൽ തങ്ങളുടെ ഭാവി അഭിലാഷങ്ങളെ നശിപ്പിക്കയില്ലെങ്കിൽ, അല്ലെങ്കിൽ തങ്ങൾ ആഗ്രഹിക്കുന്ന പെൺകുട്ടിയേയോ പയ്യനെയോ വിവാഹം കഴിക്കുന്നതിൽ നിന്നു തങ്ങളെ തടയുകയില്ലെങ്കിൽ വിശുദ്ധരായിരിക്കാനാണ്. അത്ര വലിയ വില കൊടുക്കേണ്ട ആവശ്യമില്ലാത്തിടത്തോളം നീതിമാന്മാരായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നിങ്ങൾ അവർക്ക് നീതി കൊടുക്കാമെന്നു പറയുമ്പോൾ, “അതിനുള്ള വില എന്താണ്?” എന്നാണവരുടെ ആദ്യത്തെ ചോദ്യമെങ്കിൽ, അവർ യഥാർത്ഥമായി വിശപ്പുള്ളവരല്ലെന്ന് അറിയുക. വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി വില അന്വേഷിക്കുകയില്ല. അയാൾ ഇങ്ങനെ പറയും, “ആ വെള്ളം എനിക്കു തരിക! ഞാൻ വില തരാം! എനിക്കുള്ളതെല്ലാം ഞാൻ നിനക്കു തരാം കാരണം ഞാൻ മരിക്കുകയാണ്!”
ദൈവത്തെ നമ്മുടെ മുഴുവൻ ഹൃദയവും കൊണ്ട് അന്വേഷിക്കുക എന്നതിൻ്റെ അർത്ഥം അതാണ്. മറ്റുള്ളവർ ദൈവത്തെ കണ്ടെത്തിയിരിക്കുന്നതു പോലെ പല ആളുകളും ദൈവത്തെ കണ്ടെത്താതിരിക്കുന്നതിന്റെയും അവർക്ക് തൃപ്തികരമായ ഒരു ക്രിസ്തീയ ജീവിതം ഇല്ലാതിരിക്കുന്നതിന്റെയും കാരണം (വീണ്ടും ജനിക്കപ്പെട്ട മിക്ക ക്രിസ്ത്യാനികളുടെയും അവസ്ഥ അതാണ്), അവർ തങ്ങളുടെ മുഴുവൻ ഹൃദയംകൊണ്ടും ദൈവത്തെ അന്വേഷിക്കാത്തതാണ്. പല രാജ്യങ്ങളിലേക്കു യാത്ര ചെയ്യുകയും, 52 വർഷങ്ങളായി ഒരു ക്രിസ്ത്യാനി ആയിരിക്കുകയും ചെയ്ത ഒരാൾ എന്ന നിലയിൽ, “ഞാൻ കർത്താവിനെ കൊണ്ട് യഥാർത്ഥമായി വളരെ തൃപ്തനാണ്, എൻ്റെ ക്രിസ്തീയ ജീവിതം കൊണ്ട് ഞാൻ തൃപ്തനാണ്, അവിടുന്ന് എനിക്കു നൽകിയിരിക്കുന്ന പുരോഗതിയിൽ ഞാൻ തൃപ്തനാണ്, അതു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന വിധത്തിനായി ഞാൻ നന്ദിയുള്ളവനാണ്. ഓരോ ദിവസവും എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ആവേശഭരിതനാണ്!” എന്ന് സത്യസന്ധമായി പറയുന്ന വളരെ കുറച്ചു ക്രിസ്ത്യാനികളെയാണ് എൻ്റെ ജീവിതത്തിൽ കണ്ടിരിക്കുന്നത്. വളരെ കുറച്ചു പേർക്കു മാത്രമേ സത്യസന്ധമായി അതു പറയുവാൻ കഴിയൂ. പലരും തങ്ങളുടെ ക്രിസ്തീയ ജീവിതം കൊണ്ട് മുഷിഞ്ഞിരിക്കുന്നതായാണ് ഞാൻ കണ്ടെത്തുന്നത്. ഒരുപക്ഷേ അവർ രക്ഷിക്കപ്പെട്ട നാളിൽ ആവേശഭരിതരായിരുന്നിരിക്കാം, എന്നാൽ ഇപ്പോൾ അവർ വളരെ മുഷിവുള്ളവരാണ്. അവർക്കു ബൈബിൾ വായിക്കാൻ സമയമില്ല, ആത്മീയ കാര്യങ്ങളിൽ അവർക്ക് ഒരു താല്പര്യവുമില്ല; സഭയിൽ പോകുക, സാക്ഷിയാകുക, ദരിദ്രരെ പരിപാലിക്കുക തുടങ്ങിയവ പോലെയുള്ള ചില പ്രവൃത്തികളിൽ അവർ ഏർപ്പെടുന്നുണ്ടാകാം, എന്നാൽ യേശുവിൻ്റെ കാലടികൾ പിന്തുടരുന്നതിനെ കുറിച്ച് അവർ ആവേശഭരിതരല്ല.
ഇതിൻ്റെ പിന്നിലുള്ള കാരണം മനസ്സിലാക്കേണ്ടതിന് മനുഷ്യനെയും ദൈവത്തെയും സംബന്ധിക്കുന്ന ഒരു പ്രമാണം നാം മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. യിരെമ്യാവ് 29:13ൽ യഹോവ യിസ്രായേൽ ജനത്തോട് ഇപ്രകാരം അരുളി ചെയ്യുന്നു, “നിങ്ങൾ എന്നെ അന്വേഷിക്കും, നിങ്ങൾ പൂർണ്ണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.” നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കാതെ പകുതി ഹൃദയത്തോടെയോ അല്ലെങ്കിൽ മുക്കാൽ ഭാഗം ഹൃദയത്തോടെയോ അവിടുത്തെ അന്വേഷിച്ചാൽ എന്താണ് സംഭവിക്കുന്നത്? തീർച്ചയായും, നിങ്ങൾക്ക് ഒരു മതമുണ്ടായിരിക്കും. നിങ്ങൾക്ക് ഒരു ക്രിസ്തീയത ഉണ്ടാകും എന്നാൽ അത് ആചാരങ്ങളും മറ്റു വിവിധ കാര്യങ്ങളുമുള്ള വെറുമൊരു മതമായിരിക്കും, എന്നാൽ നിങ്ങൾ കർത്താവിനെ അറിയുകയില്ല. യേശുവിനെ നിങ്ങളുടെ വ്യക്തിപരമായ ഒരു സ്നേഹിതൻ എന്ന നിലയിൽ നിങ്ങൾ അറിയുകയില്ല, അതുകൊണ്ട് ക്രിസ്തീയ ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്ക് നഷ്ടമാകും. നിങ്ങൾക്ക് ഒരു ക്രിസ്തീയ പേരുണ്ടാകാം കൂടാതെ ഒരു ക്രിസ്തീയ സഭയിലെ അംഗവുമായിരിക്കാം, എന്നാൽ കർത്താവിനെ വ്യക്തിപരമായി നിങ്ങൾ അറിയുന്നില്ലെങ്കിൽ, നിങ്ങൾ പ്രധാന കാര്യം നഷ്ടമാക്കിയിരിക്കുന്നു. അതിൻ്റെ കാരണം നിങ്ങൾ ദൈവത്തെ പൂർണ്ണഹൃദയത്തോടെയല്ല അന്വേഷിക്കുന്നത് എന്നതായിരിക്കാം. നിങ്ങളുടെ മുഴു ഹൃദയവും കൊണ്ട് നിങ്ങൾ അന്വേഷിക്കുന്ന ലോകത്തിലുള്ള ധാരാളം കാര്യങ്ങളുണ്ട്, എന്നാൽ കർത്താവിനെ അല്ല.