സ്വർഗ്ഗത്തിന്റെ വേട്ടനായ്

scenic view of sky during sunset


ഫ്രാൻസിസ് തോംസൺ എന്ന പ്രശസ്തനായ ആംഗലേയ കവിയുടെ ലോകപ്രസിദ്ധമായ കവിതയാണ് Hound of Heaven. നാം ദൈവത്തെ വിട്ട് എവിടെ ഒളിച്ചാലും നമ്മെ വിടാതെ പിന്തുടരുകയും ഒടുവിൽ പിടികൂടുകയും ചെയ്യുന്ന ദൈവസ്നേഹത്തെ ഒരു വേട്ട നായ് ആയി സങ്കൽപ്പിച്ചുകൊണ്ടുള്ള അതിമനോഹരമായ കവിതയാണിത്.

തന്റെ അനുഭവത്തിൽ ചാലിച്ചാണ് അദ്ദേഹം ഇത് രചിച്ചത് എന്നു പറയാം. ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു ഫ്രാൻസിസ് തോംസണിന്റെ ജനനം. ഒരു വൈദികനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആഗ്രഹം. അതിനായി വേദശാസ്ത്രം പഠിക്കുവാൻ തുടങ്ങി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അതിൽ താത്പര്യം നഷ്ടപ്പെട്ടു. തുടർന്നു വൈദ്യശാസ്ത്രം പഠിക്കുവാൻ തുനിഞ്ഞു. അലസതയും, പഠനത്തോടുള്ള വിരസതയും കാരണം അതും ഉഴപ്പി. തുടർന്ന് ലഹരി മരുന്നുകളുടെ ഇരുണ്ട ലോകത്തേക്കുള്ള പ്രയാണം. ജീവിതം നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ലണ്ടൻ നഗരത്തിലെ തെരുവിൽ അലഞ്ഞ ആ ചെറുപ്പക്കാരൻ വിശപ്പടക്കാൻ, ഷൂ പോളീഷു ചെയ്യുക, കുതിരയെ സൂക്ഷിക്കുക തുടങ്ങിയ കൊച്ചു പണികൾ പോലും ചെയ്യാൻ തയ്യാറായി. ഇതിനിടെ അദ്ദേഹം എഴുതിയ ഒന്നു രണ്ടു കവിതകൾ ഒരു പത്രാധിപരുടെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം അവ പ്രസിദ്ധപ്പെടുത്തി. അദ്ദേഹം ഫ്രാൻസിസ് തോംസൺ എന്ന യുവകവിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ കവിയുടെ നില തീർത്തും പരിതാപകരമായിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ, എല്ലും തോലുമായ ശരീരം. ഈ അവസ്ഥയിൽ നിന്ന് അദ്ദേഹത്തെ അനുഗൃഹീതനായ, കവിയായി ഉയർത്തി എടുത്തത് ആ പത്രാധിപരും പത്നിയുമായിരുന്നു. അവരിലൂടെ, അതുവരെ തന്നെ പിന്തുടർന്ന ദൈവസ്നേഹത്തെക്കുറിച്ചു കേൾക്കാൻ ഇടയായ തോംസൺ ഒടുവിൽ ക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു. തുടർന്ന് അദ്ദേഹം ‘സ്വർഗ്ഗത്തിന്റെ വേട്ടനായ്’ എന്ന കവിത രചിച്ചു. അതിന്റെ ആശയം ഇങ്ങനെ: “രാവും പകലും ഞാൻ ദൈവത്തിൽ നിന്ന് ഓടി അകന്നു; പക്ഷേ ദൈവസ്നേഹം എന്നെ വിടാതെ പിന്തുടർന്നു ഒരു വേട്ടനായെപ്പോലെ. ഞാൻ പക്ഷേ കീഴടങ്ങാതെ ഓടിയൊളിച്ചു. എന്നാൽ ഞാൻ ചെന്നിടത്തെല്ലാം ആ വേട്ട നായ് എന്നെ പിന്തുടർന്നു. ഒടുവിലിതാ…”

ദൈവസ്നേഹത്തിനു കീഴടങ്ങാതെ നിത്യ ജീവിതത്തിന്റെ തിരക്കുകളിൽ ഒളിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു പക്ഷേ ഇതു വായിക്കുന്ന നിങ്ങൾ അത്തരം ഒരാളാകാം. എന്നാൽ ഈ വരികളിലൂടെ “സ്വർഗ്ഗത്തിന്റെ വേട്ടനായ് നിങ്ങളെ വീണ്ടും കണ്ടെത്തിയിരിക്കുന്നു….ഈ സ്നേഹത്തിനുമുമ്പിൽ നിങ്ങൾ ഇപ്പോൾ ഫ്രാൻസിസ് തോംസണെപ്പോലെ കീഴടങ്ങുമോ?”

‘ഇപ്പോഴാകുന്നു രക്ഷാദിവസം ഇപ്പോഴാകുന്നു സുപ്രസാദകാലം’