നിന്‍റെ എല്ലാവഴികളിലും അവിടുത്തെ നിനച്ചുകൊള്‍ക അവിടുന്നു നിന്‍റെ പാതകളെ നേരെയാക്കും (സദൃശവാക്യങ്ങള്‍ 3:6) – WFTW 18 ഫെബ്രുവരി 2018

സാക് പുന്നന്‍

നാം ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു മേഖലയില്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം അറിയാന്‍ ആകാംക്ഷയുളളവരായിരിക്കും. എന്നാല്‍ മറ്റുമേഖലയില്‍ അവിടുത്തെ വഴികാട്ടലിനുവേണ്ടി അത്ര ജാഗ്രതയുളളവരല്ല ഉദാഹരണത്തിന്, വിവാഹത്തിന്‍റെ കാര്യത്തില്‍ നാം ദൈവത്തിന്‍റെ ഹിതം ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവരായിരിക്കാം. എന്നാല്‍ ഒരു ജോലി അന്വേഷിക്കുമ്പോള്‍ നാം അങ്ങനെ ചെയ്യുകയില്ലായിരിക്കാം. അല്ലെങ്കില്‍ മറിച്ചും. അല്ലെങ്കില്‍ ഒരു പക്ഷേ നാം നമ്മുടെ ഒരു മാസത്തെ വാര്‍ഷികാവധി എങ്ങനെ എവിടെ ചെലവഴിക്കണമെന്ന കാര്യത്തില്‍ നാം ദൈവത്തിന്‍റെ നടത്തിപ്പ് അന്വേഷിക്കുന്നവരായിരിക്കാം, എന്നാല്‍ നമ്മുടെ പണം എങ്ങനെ ചെലവഴിക്കണമെന്നത് ഒരിക്കലും നാം ദൈവത്തോട് ചോദിക്കാറില്ലായിരിക്കാം.

ഇതിന്‍റെ കാരണം നമുക്കു സൗകര്യമുളളപ്പോള്‍മാത്രം ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ആവശ്യപ്പെടുവാനാണ് നമ്മുടെ പ്രവണത. നാം അറിയാതെ തന്നെ നമ്മുടെ ഹൃദയത്തില്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ പതിയിരിക്കുന്നുണ്ട്. നാം ചില കാര്യങ്ങളില്‍ ദൈവഹിതം അന്വേഷിക്കുന്നു കാരണം നമ്മുടെ അബദ്ധം മൂലം നമുക്ക് കഷ്ടവും നഷ്ടവും ഉണ്ടാകുവാന്‍ നാം ആഗ്രഹിക്കുന്നില്ല. ദൈവത്തെ പ്രസാദിപ്പിക്കണമെന്നതല്ല നമ്മുടെ ലക്ഷ്യം എന്നാല്‍ നാം സുഖസൗകര്യങ്ങളും അഭിവൃദ്ധിയും ഉളളവരായിരിക്കണം എന്നാണ്. അതുകൊണ്ട് നമുക്ക് ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രാപിക്കുവാന്‍ കഴിയുന്നില്ല. കാരണം എല്ലാ വഴികളിലും അവിടുത്തെ നിനക്കുന്നവര്‍ക്കും, തങ്ങളുടെ ജീവിതത്തിന്‍റെ ഓരോ മേഖലയിലും അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം സന്തോഷത്തോടെ കൈക്കൊളളുന്നവരെയും മാത്രം നയിക്കാം എന്നാണ് അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദൈവവചനത്തില്‍ ദൈവഹിതം നേരത്തെ തന്നെ നമുക്ക് വെളിപ്പെടുത്തപ്പെട്ടിട്ടുളള അനേകം മേഖലകളുണ്ട്. ഉദാഹരണത്തിന്, നാം വിശുദ്ധരും നന്ദിയുളളവരും ആയിരിക്കണമെന്ന് ദൈവംആഗ്രഹിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു.

നിങ്ങള്‍ വിശുദ്ധീകരിക്കപ്പെട്ടവരായിരിക്കണം എന്നതാണ് ദൈവത്തിന്‍റെ ഹിതം- നിര്‍മ്മലവും വിശുദ്ധവുമായ ജീവിതത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരായിരിക്കണം -എല്ലാറ്റിനും ദൈവത്തിനു നന്ദി പറയൂക- സാഹചര്യം എന്തു തന്നെ ആയാലും, നന്ദിയുളളവരായി സ്തോത്രം ചെയ്യുക, കാരണം ക്രിസ്തുയേശുവിലുളള നിങ്ങളെക്കുറിച്ച് ദൈവത്തിന്‍റെ ഹിതം ഇതാണ് ( 1 തെസ്സലോനിക്യര്‍ 4:3, 5:18)

അതുപോലെ, നാം നമ്മെപോലെ നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കണമെന്നാണ് ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നത് എന്ന് നമ്മോടു പറഞ്ഞിരിക്കുന്നു. (റോമര്‍ 13:9). നാം ദൈവത്തില്‍ നിന്ന് ക്ഷമയും രക്ഷയും പ്രാപിച്ചിട്ടുണ്ടെങ്കില്‍, നാം നമ്മുടെ അയല്‍ക്കാര്‍ക്കുവേണ്ടി അതുതന്നെ ആഗ്രഹിക്കണം. പുതിയ നിയമത്തില്‍ ദൈവഹിതം വ്യക്തമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. നാം അവിടുത്തെ സാക്ഷികള്‍ ആകണം ( അപ്പെ.പ്ര 1:8). നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കുക എന്നത് പ്രാഥമികമായി അവരുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചുളള ഭാരം ഉള്‍ക്കൊളളുന്നതാണ്. .എന്നാല്‍ അവരുടെ മറ്റാവശ്യങ്ങളെ ഒഴിവാക്കുന്നില്ല. ദൈവം ഇപ്രകാരം അരുളി ചെയ്തു ” വിശപ്പുളളവനു നിന്‍റെ അപ്പം നുറുക്കി കൊടുക്കണമെന്നും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടില്‍ ചേര്‍ത്തു കൊളളണമെന്നും ഞാന്‍ നിങ്ങളെക്കുറിച്ചാഗ്രഹിക്കുന്നു. നഗ്നനെകണ്ടാല്‍ അവനെ ഉടുപ്പിക്കുകയും നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവര്‍ക്കു നിന്നെ തന്നെ മറയ്ക്കാതിരിക്കുകയും ചെയ്യുക. നീ ഈ കാര്യങ്ങള്‍ ചെയ്താല്‍, ദൈവം തന്‍റെ മഹത്വമുളള പ്രകാശം നിന്‍റെ മേല്‍ ചൊരിയുംٹ— അപ്പോള്‍ നീ വിളിക്കും കര്‍ത്താവ് നിനക്കുത്തരം അരുളും. അതെ ഞാന്‍ വരുന്നു എന്ന് അവിടുന്ന് വേഗത്തില്‍ ഉത്തരം അരുളും നീ ചെയ്യേണ്ട കാര്യം ബലഹീനരെ ഞെരുക്കുന്നത് അവസാനിപ്പിക്കുകയും വ്യാജ ആരോപണങ്ങളും ദുര്‍വര്‍ത്തമാനം പരത്തുന്നതും നിര്‍ത്തുകയും ചെയ്യുക! വിശപ്പുളളവനു ഭക്ഷണം കൊടുക്കുക! കഷ്ടത്തില്‍ ഇരിക്കുന്നവനു സഹായം ചെയ്യുക! അപ്പോള്‍ നിന്‍റെ പ്രകാശം ഇരുളില്‍ ഉദിക്കും നിന്‍റെ അന്ധകാരം മദ്ധ്യാഹ്നം പോലെ പ്രകാശിക്കും. യഹോവ എല്ലായ്പോഴും നടത്തുകയും ചെയ്യും (യെശയ്യാവ് 58:7-11-റ്റി.എല്‍.ബി). നിസ്വാര്‍ത്ഥമായി മറ്റുളളവരുടെ ആവശ്യങ്ങളില്‍ തല്‍പ്പരരായിരിക്കുന്നവര്‍ക്ക് അവിടുത്തെ മനസ്സ് വെളിപ്പെടുത്തി കൊടുക്കുവാന്‍ ദൈവം പ്രസാദിക്കുന്നു.

ദൈവം നേരത്തെ തന്നെ തന്‍റെ ഹിതം വെളിപ്പെടുത്തിയിട്ടുളള ഈ മേഖലകളില്‍ അനുസരിക്കുവാന്‍ നാം പരായപ്പെടുന്നെങ്കില്‍, മറ്റു തലങ്ങളില്‍ ദൈവം നമ്മെ നയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കുവാന്‍ കഴിയുകയില്ല. നേരത്തെ ലഭിച്ച വെളിച്ചത്തെ അവഗണിക്കുന്ന ഒരുവന് ഒരിക്കലും കൂടുതല്‍ വെളിച്ചം ദൈവം അനുവദിക്കുകയില്ല എന്നത് ദൈവിക വഴികാട്ടലിന്‍റെ ഒരു പ്രമാണമാണ്. നാം ഒന്നാമത്തെ ചുവട് വെയ്ക്കുന്നതിനുമുമ്പ് ദൈവം നമുക്ക് രണ്ടാമത്തെ ചുവടുകാണിച്ചു തരികയില്ല. ” നീ ഓരോ ചുവടുവച്ച് മുന്നോട്ടു പോകുമ്പോള്‍ ഞാന്‍ നിനക്കുമുമ്പില്‍ വഴി തുറന്നുതരും” എന്നാണ് അവിടുത്തെ വാഗ്ദത്തം ( സദൃശവാക്യങ്ങള്‍ 4:12-പരാവര്‍ത്തനം). നമ്മുടെ ഓരോ ചുവടിലും അവിടുന്ന് താല്‍പര്യമുളളവനാണ്. ഒരു (നല്ല) മനുഷ്യന്‍റെ ചുവടുകള്‍ യഹോവയാല്‍ നിര്‍ദ്ദേശിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു, അവിടുത്തേക്ക് അവന്‍റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ അവന്‍റെ ഓരോ ചുവടുവയ്പിലും ദൈവം തന്നെ നിരതനാകുന്നു. (സങ്കീ 37:23).

അനുസരിക്കുന്നവര്‍ക്കായി ഇവിടെ ഇതാ മാര്‍ഗ്ഗനിര്‍ദ്ദേശം സംബന്ധിച്ച് മറ്റൊരു വാഗ്ദാനം.

ഞാന്‍ നിന്നെ ഉപദേശിച്ച് നിന്‍റെ ജീവിതത്തിനു വേണ്ടി ഏറ്റവും നല്ല വഴിയിലൂടെ നിന്നെ നടത്തും ( എന്ന് യഹോവ അരുളി ചെയ്യുന്നു); ഞാന്‍ നിന്നെ ഉപദേശിച്ച് നിന്‍റെ പുരോഗതി ഞാന്‍ ശ്രദ്ധിക്കും, (എന്നാല്‍) നീ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍ കഴുതയെയും പോലെ ആകരുത് ( സങ്കീര്‍ത്തനം 32:8,9 റ്റി.എല്‍.ബി) അക്ഷമനായി എപ്പോഴും മുന്നോട്ടു കുതിക്കുക എന്നത് കുതിരയുടെ ഒരു പ്രത്യേകതയാണ്. അതേ സമയം മത്സരം മൂലം പലപ്പോഴും മുന്നോട്ടു നീങ്ങുവാന്‍ കൂട്ടാക്കാതെ ഇരിക്കുന്നതാണ് കോവര്‍ കഴുതയുടെ പ്രത്യേകത. ഈ രണ്ടുമനോഭാവങ്ങളും നാം ഒഴിവാക്കേണ്ടതാണ്.

നാം അനുസരിക്കാതിരിക്കുമ്പോള്‍, ദൈവം നമ്മുടെ മനസ്സാക്ഷിയിലൂടെ സംസാരിക്കുന്നു. അതുകൊണ്ട് നാം എപ്പോഴും മനസ്സാക്ഷിയുടെ ശബ്ദം കേള്‍ക്കുവാന്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. യേശുപറഞ്ഞു, നിങ്ങളുടെ കണ്ണ് ശരീരത്തിന്‍റെ വിളക്കാകുന്നു, കണ്ണു ചൊവ്വുളളതും അതിന്‍റെ ധര്‍മ്മം നിറവേറ്റുന്നതുമായാല്‍ ശരീരം മുഴുവന്‍ പ്രകാശിതമായിരിക്കും (ലൂക്കോ 11.34). കണ്ണ് എന്നതു കൊണ്ട് യേശു എന്താണ് അര്‍ത്ഥമാക്കുന്നത്? മത്തായി 5:8 ല്‍ അവിടുന്ന് ആത്മീയകാഴ്ചയെ ഹൃദയത്തിന്‍റെ നിര്‍മ്മലതയോട് ബന്ധപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്, കണ്ണ് സൂചിപ്പിക്കുന്നത്, നിരന്തരമായി നാം അനുസരിക്കുമ്പോള്‍ നമ്മെ ഹൃദയത്തിന്‍റെ നിര്‍മ്മലതയിലേക്കു നയിക്കുന്ന മനസ്സാക്ഷിയെയാണ്.

മനസ്സാക്ഷി, അതില്‍ തന്നെ, ദൈവത്തിന്‍റെ ശബ്ദമല്ല, കാരണം അത് ഒരു മനുഷ്യന്‍റെ ജീവിതം അടിസഥാനപ്പെട്ടിരിക്കുന്ന പ്രമാണങ്ങളാല്‍ പഠിപ്പിക്കപ്പെടുകയും തീരുമാനിക്കപ്പെടുകയും ചെയ്തിട്ടുളളതാണ്. എന്നാല്‍ അത് വേദപുസ്തകത്തിന്‍റെ പഠിപ്പിക്കലുമായി ചേര്‍ന്ന് നിരന്തരം അനുസരിക്കുന്നെങ്കില്‍, അത് വര്‍ദ്ധമാനമായി ദൈവത്തിന്‍റെ നിലവാരത്തെ പ്രതിഫലിപ്പിക്കും. അപ്പോള്‍, ലൂക്കോസ് 11:34ല്‍ ഉളള വാഗ്ദത്തം,നാം നമ്മുടെ മനസ്സാക്ഷി വെടിപ്പുളളതായി സൂക്ഷിക്കുമെങ്കില്‍, ദൈവത്തിന്‍റെ വെളിച്ചം നമ്മുടെ ജീവിതത്തില്‍ കവിഞ്ഞൊഴുകും എന്നാണ് – അങ്ങനെ നാം അവിടുത്തെ ഹിതം അറിയും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ മനസ്സാക്ഷിയുടെ ശബ്ദംകേള്‍ക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, നാം ദൈവത്തിന്‍റെ നടത്തിപ്പ് അന്വേഷിക്കുമ്പോള്‍ അത്മാവിന്‍റെ ശബ്ദം കേള്‍ക്കുവാനും നാം പരാജയപ്പെടും. ദൈവം നമ്മോട് സംസാരിക്കുമ്പോഴെല്ലാം ഉടനടി നാം അനുസരിക്കുന്നതാണ്, ദൈവിക മാര്‍ഗ്ഗ നിര്‍ദ്ദേശം ലഭിക്കുന്നതിനുളള രഹസ്യങ്ങളില്‍ ഒന്ന്.

അടുത്തിടെ ജന്മനാ അന്ധനായ 15 വയസ്സു പ്രായമുളള ഒരാണ്‍കുട്ടി, ഒരു വിമാനം പറപ്പിച്ച് സുരക്ഷിതമായി താഴെ ഇറക്കിയ കാര്യം ഞാന്‍ വായിച്ചു. പ്രശംസാര്‍ഹമായ ഈ സാഹസകൃത്യം പൂര്‍ത്തീകരിക്കുവാന്‍ അവനു കഴിഞ്ഞത്, അവന്‍റെ പരിശീലകനായ പൈലറ്റില്‍ നിന്ന് അവനു നല്‍കപ്പെട്ട ഓരോ ആജ്ഞയും അപ്പപ്പോള്‍ തന്നെ അനുസരിച്ചതുകൊണ്ടാണ്. ജീവിതത്തിന്‍റെ വിവിധങ്ങളായ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, അന്ധനായ മനുഷ്യന്‍ തനിക്കറിവില്ലാത്തതും അദൃശ്യവുമായ റണ്‍വേയില്‍ വിമാനം താഴ്ത്തി ഇറക്കുവാന്‍ ശ്രമിക്കുന്നതു പോലെയാണ് നമുക്ക് തോന്നുന്നത്. എന്നാല്‍ ദൈവത്തെ അനുസരിക്കുന്ന ഒരു ശീലം നാം വളര്‍ത്തി എടുക്കുമെങ്കില്‍, നാം സുരക്ഷിതരായി താഴെ ഇറങ്ങും എന്നു നാം കണ്ടെത്തും.

What’s New?