സാക് പുന്നന്‍
യാക്കോബിന് ദൈവവുമായി രണ്ടു കൂടിക്കാഴ്ചകൾ ഉണ്ടായി – ഒന്ന് ബേഥേലിൽ വച്ചും (ഉൽപ്പത്തി 28) മറ്റൊന്ന് പെനീയേലിൽ വച്ചും (ഉ.ൽപ്പത്തി 32 ).
ബേഥേൽ എന്നതിൻ്റെ അർത്ഥം “ദൈവത്തിൻ്റെ ആലയം” എന്നും (ഒരുവിധത്തിൽ പറഞ്ഞാൽ സഭ) പെനീയേൽ എന്നതിൻ്റെ അർത്ഥം “ദൈവത്തിൻ്റെ മുഖം ” എന്നും ആണ്. നാം എല്ലാവരും സഭയിൽ പ്രവേശിക്കുന്നതിനുമപ്പുറം ദൈവത്തിൻ്റെ മുഖം കാണുന്നതിനായി പോകേണ്ടതുണ്ട്. ബേഥേലിൽ വച്ച്, ” സൂര്യൻ അസ്തമിച്ചു ” എന്നു പറയുന്നു (ഉൽ.28:11 ) – അത് ഭൂമിശാസ്ത്രപരമായ ഒരു വസ്തുത മാത്രമാണ്, എന്നാൽ അത് , യാക്കോബിൻ്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിൻ്റെ ഒരു സൂചന കൂടിയായിരുന്നു, കാരണം അടുത്ത 20 വർഷങ്ങൾ അവന് കൂരിരുട്ടിൻ്റെ ഒരു കാലയളവായിരുന്നു. അതിനു ശേഷം പെനീയേലിൽ, ” സൂര്യൻ ഉദിച്ചു ” എന്നു പറഞ്ഞിരിക്കുന്നു ( ഉൽ. 32 :31) – വീണ്ടും ഭൂമിശാസ്ത്രപരമായ ഒരു വസ്തുത , എന്നാൽ ഒടുവിൽ യാക്കോബും ദൈവത്തിൻ്റെ വെളിച്ചത്തിലേക്കു വന്നു.
ബേഥേലിൽ വച്ച്, തല സ്വർഗ്ഗത്തോളം എത്തുന്നതും ഭൂമിയിൽ വച്ചിരിക്കുന്നതുമായ ഒരു കോവണിയുടെ സ്വപ്നം യാക്കോബ് കണ്ടു. യോഹന്നാൻ 1 :51 ൽ , ആ ഏണി തന്നെക്കുറിച്ചു തന്നെ പരാമർശിക്കുന്നതായി യേശു വ്യാഖ്യാനിച്ചു – ഭൂമിയിൽ നിന്നു സ്വർഗ്ഗത്തിലേക്കുള്ള വഴി. അതു കൊണ്ട് വാസ്തവത്തിൽ യാക്കോബ് കണ്ടത് , യേശു സ്വർഗ്ഗത്തിലേക്കുള്ള വഴി തുറക്കുന്നതിനെ കുറിച്ചുള്ള പ്രവചനപരമായ ഒരു ദർശനമായിരുന്നു. എന്നാൽ യാക്കോബ് അത്രമാത്രം ഭൗമിക മനസ്സുള്ളവനായിരുന്നതുകൊണ്ട് അവന് ഭൗമികമായ സുരക്ഷ, ശാരീരികാരോഗ്യം, സമ്പദ്സമൃദ്ധി തുടങ്ങിയവയെക്കുറിച്ചു മാത്രമേ ചിന്തിക്കുവാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ അവൻ ദൈവത്തോട് ഇപ്രകാരം പറഞ്ഞു , യഹോവേ, അവിടുന്ന് ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിക്കാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും എന്നെ എൻ്റെ അപ്പൻ്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ, ഞാൻ എൻ്റെ വരുമാനത്തിൻ്റെ 10% അവിടുത്തേക്കു തരും. യാക്കോബ് , തന്നെ കാത്തുസൂക്ഷിക്കേണ്ട ഒരു കാവൽക്കാരനെപ്പോലെയാണ് ദൈവത്തെ കരുതിയത്. അതുകൊണ്ട് ദൈവം അതു ചെയ്താൽ യാക്കോബ് ദൈവത്തിനുള്ള കൂലി അവിടുത്തേക്ക് കൊടുക്കും – അവൻ്റെ വരുമാനത്തിൻ്റെ 10% !!
ഇന്നും അനേകം വിശ്വാസികൾ ദൈവത്തോട് ഇടപെടുന്നത് കൃത്യമായി അങ്ങനെ തന്നെയാണ്. അവർ അവിടുത്തെ പക്കൽനിന്ന് ഭൗതിക സുഖങ്ങൾ മാത്രമാണ് ആഗ്രഹിക്കുന്നത്. കർത്താവ് ഈ കാര്യങ്ങൾ അവർക്കു നൽകുകയാണെങ്കിൽ, അവർ വിശ്വസ്തതയോടെ സഭായോഗങ്ങളിൽ പങ്കെടുക്കുകയും അവരുടെ പണത്തിൽ കുറച്ച് കർത്താവിൻ്റെ വേലയ്ക്കു കൊടുക്കുകയും ചെയ്യും. അത്തരം വിശ്വാസികൾ വാസ്തവത്തിൽ ദൈവത്തോടു കച്ചവടം നടത്തുകയാണ്, തങ്ങളുടെതന്നെ സുഖവും ലാഭവും അന്വേഷിച്ചു കൊണ്ട്, ലോകത്തിലെ ഏതൊരു വ്യാപാരിയെയും പോലെ .
യാക്കോബ് തൻ്റെ ജീവിതത്തിലെ 20 വർഷങ്ങൾ ഭൂമിയിലുള്ള കാര്യങ്ങൾ പിടിച്ചു പറിച്ചു കൊണ്ട് ചെലവഴിച്ചു. അവൻ ലാബാൻ്റെ കുടുംബത്തിൽ നിന്ന് ഒരു ഭാര്യയെ തട്ടിയെടുക്കാൻ ശ്രമിച്ചു അവനു രണ്ടുപേരെ ലഭിച്ചു ! അവനു രണ്ടുപേരെ ആവശ്യമില്ലായിരുന്നു , എങ്കിലും അവന് ഏതുവിധേനയോ രണ്ടുപേരെ കിട്ടി !! അവൻ ലാബാനെ കബളിപ്പിച്ച് അവൻ്റെ ആടുകളെ തട്ടിയെടുക്കുകയും അങ്ങനെ അവൻ വളരെ വലിയ ഒരു ധനികനായിത്തീരുകയും ചെയ്തു. അവൻ ലാബാൻ്റെ വീട്ടിലേക്കു പോയത് ഒരു ചില്ലി കാശു പോലും ഇല്ലാത്തവനായിട്ടായിരുന്നു , എന്നാൽ അവൻ അവിടെ വളരെ വലിയ ഒരു ധനികനായി തീർന്നു . അവൻ്റെ സമൃദ്ധിയെ ദൈവത്തിൻ്റെ അനുഗ്രഹമായി കണ്ടു എന്നതിന് ഒരു സംശയവുമില്ല – ഇന്ന് അനേകം വിശ്വാസികൾ ചെയ്യുന്നതുപോലെ !! എന്നാൽ “ദൈവത്തിൻ്റെ അനുഗ്രഹത്തിൻ്റെ ” യഥാർത്ഥ അടയാളം എന്താണ് ? അത് സമൃദ്ധിയാണോ? അല്ല, അത് ക്രിസ്തുവിനോട് അനുരൂപമായി രൂപാന്തരപ്പെടുന്നതാണ്. ഒരു നല്ല ജോലി , ഒരു നല്ല വീട് , മറ്റനേകം സൗകര്യങ്ങൾ തുടങ്ങിയവ നിങ്ങൾക്കുണ്ടായിട്ടും നിങ്ങളുടെ ജീവിതം ഇപ്പോഴും ദൈവത്തിനും മനുഷ്യർക്കും പ്രയോജനമില്ലാത്തതാണെങ്കിൽ അതുള്ളതിൻ്റെ പ്രയോജനം എന്താണ് ? എന്നാൽ യാക്കോബിനോട് ഇടപെടുന്നത് ദൈവം അവസാനിപ്പിച്ചിട്ടില്ല. അവിടുന്ന് രണ്ടാം പ്രാവശ്യം പെനീയേലിൽ വച്ച് അവനെ കണ്ടുമുട്ടി.
എൻ്റെ സഹോദരീസഹോദരന്മാരെ , നിങ്ങളിൽ അനേകർക്ക് ദൈവവുമായി രണ്ടാമതൊരു കൂടിക്കാഴ്ച കൂടി ആവശ്യമുണ്ടെന്നു നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു – നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും അടിത്തട്ടിൽ നിങ്ങൾ എത്തുമ്പോൾ, ഉണ്ടാകുന്ന ഒരു കൂടിക്കാഴ്ച – ദൈവം നിങ്ങളെ ന്യായം വിധിച്ച് നരകത്തിലേക്ക് അയക്കുന്നതിന് പകരം, നിങ്ങളെ അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുമ്പോൾ!
ഉൽപ്പത്തി 32 ൽ നാം വായിക്കുന്നത് ഏശാവ് തന്നെ കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ യാക്കോബ് ഭയപ്പെട്ടു എന്നാണ് (20 വർഷങ്ങൾക്കു മുമ്പ് ജന്മാവകാശം വഞ്ചിച്ചെടുത്തത് ഇവനിൽ നിന്നാണ് ). ഏശാവ് അവനെ കൊല്ലുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. നമ്മെ ഭയപ്പെടുത്തുന്ന ചില സാഹചര്യങ്ങൾ അഭിമുഖീകരിക്കുവാൻ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്നത് നമുക്ക് നല്ലതാണ്, കാരണം , മനുഷ്യൻ നമ്മോടു ചെയ്യുന്നതിനെക്കുറിച്ചു ഭയപ്പെടുമ്പോൾ , നാം ദൈവത്തോട് അടുത്തു ചെല്ലും. പെനീയേലിൽ യാക്കോബ് തനിയെ ആയിരുന്നു (ഉൽ 32: 24) നമ്മെ കണ്ടുമുട്ടുന്നതിന് മുമ്പ് ദൈവത്തിനു നമ്മെ തനിച്ചു കിട്ടേണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ ലോകത്തിലെ ജീവിതം ഇത്ര തിക്കുംതിരക്കുമുള്ളതായിരിക്കാൻ പിശാച് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത് (പ്രത്യേകിച്ച് പട്ടണങ്ങളിൽ ). അതു കൊണ്ട് അനേകം വിശ്വാസികൾക്കുപോലും ദൈവത്തോടു ചേർന്ന് തനിയെ ഇരിക്കുവാൻ ഒരു സമയമില്ലാത്ത വിധത്തിലാണ് കാര്യങ്ങൾ. മുൻഗണന കുറഞ്ഞ കാര്യങ്ങൾ ( ദൈവത്തെ പോലെ ) അവരുടെ സമയവിവരപട്ടികയിൽ നിന്ന് മുഴുവനായി തള്ളി പുറത്താക്കപ്പെടത്തക്കവിധം, അവരുടെ ജീവിതം അത്ര തിരക്കുള്ള തായിത്തീർന്നിരിക്കുന്നു! ഇന്നത്തെ ക്രിസ്തീയ ഗോളത്തിലെ ദുരന്തം ഇതാണ്.
ആ രാത്രിയിൽ ദൈവം അനേകം നീണ്ട മണിക്കൂറുകൾ യാക്കോബുമായി മല്ലു പിടിച്ചു, എന്നാൽ യാക്കോബ് വഴങ്ങിയില്ല. യാക്കോബിൻ്റെ ജീവിതത്തിൽ കഴിഞ്ഞ 20 വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കാര്യങ്ങളുടെ പ്രതീകമായിരുന്നു ആ മല്ലു പിടിത്തം. യാക്കോബ് മത്സരിയാണെന്നു ദൈവം കണ്ടപ്പോൾ , അവിടുന്ന് ഒടുവിൽ അവൻ്റെ ഇടുപ്പ് അതിൻ്റെ കുഴയിൽനിന്ന് തെറ്റിച്ച് ഉളുക്ക് ഉണ്ടാക്കി. യാക്കോബിന് അപ്പോൾ 40 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു. തന്നെയുമല്ല അവൻ ബലവാനായ ഒരു മനുഷ്യനും ആയിരുന്നു . അവൻ്റെ വല്യപ്പനായ (മുത്തച്ഛൻ ) അബ്രാഹാം 175 വയസ്സുവരെ ജീവിച്ചു. അതുകൊണ്ട് യാക്കോബ് അവൻ്റെ യൗവനത്തിൻ്റെ പ്രഥമഘട്ടത്തിൽ ആയിരുന്നു എന്നും ഇനിയും ജീവിതത്തിൻ്റെ 75% അവൻ്റെ മുൻപിൽ ഉണ്ട് എന്നും നമുക്ക് പറയാൻ കഴിയും. ഇത്രയും ചെറുപ്പത്തിൽ ഉളുക്കിയ ഒരു ഇടുപ്പ് എന്നത് അവൻ ആഗ്രഹിച്ചിരുന്ന ഏറ്റവും അവസാനത്തെ കാര്യമായിരുന്നിരിക്കണം – കാരണം അവൻ്റെ ഭാവിക്കുവേണ്ടി അവൻ ഉണ്ടാക്കിയിരുന്ന എല്ലാ പദ്ധതികളെയും അത് തകിടം മറിച്ചിട്ടുണ്ടാകും. ഇന്നത്തെ രീതിയിൽ അതു മനസ്സിലാക്കാൻ , ഇങ്ങനെ പറയാം, 20 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ തൻ്റെ തുട ഉളുക്കിയിട്ട്, അവൻ്റെ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ഒരു ഊന്നുവടി ഉപയോഗിച്ച് നടക്കുന്നതുപോലെ !! അത് തകർക്കുന്ന ഒരു അനുഭവം ആകാം. അവൻ്റെ ജീവിതത്തിൽ ശേഷിച്ച കാലം മുഴുവൻ യാക്കോബിന് ഒരിക്കലും ഒരു ഊന്നുവടി ഇല്ലാതെ നടക്കാൻ കഴിയുകയില്ല . ദൈവം പല മാർഗ്ഗങ്ങളിലൂടെ യാക്കോബിനെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നാൽ അവിടുന്ന് വിജയിച്ചില്ല ; അതുകൊണ്ടുതന്നെ ഒടുവിലായി അവിടുന്ന് അവന് സ്ഥായിയായ ഒരു ശാരീരിക വൈകല്യം നൽകി. ഒടുവിൽ അത് യാക്കോബിനെ തകർക്കുന്നതിൽ വിജയിച്ചു.
യാക്കോബിൻ്റെ ഇടുപ്പ് ഉളുക്കിയതിനുശേഷം, അവിടുന്ന് അവനോടു പറഞ്ഞു , “ശരി ഞാൻ എൻ്റെ ജോലി ചെയ്തിരിക്കുന്നു . ഇനി ഞാൻ പോകട്ടെ . നിനക്കൊരിക്കലും എന്നെ ആവശ്യമില്ലായിരുന്നു. നിനക്കു വേണ്ടിയിരുന്നത് സ്ത്രീകളും പണവും മാത്രമായിരുന്നു ” എന്നാൽ യാക്കോബ് ഇപ്പോൾ ദൈവത്തെ പോകാൻ അനുവദിച്ചില്ല. ഒടുവിൽ അവനിൽ മാറ്റം വന്നിരിക്കുന്നു – സ്ത്രീകളെയും വസ്തുക്കളെയും തട്ടിപ്പറിച്ച് തൻ്റെ ജീവിതം ചെലവഴിച്ചിട്ടുള്ള ഈ മനുഷ്യൻ ഇപ്പോൾ ദൈവത്തെ മുറുകെ പിടിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു, ” എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല”. തൻ്റെ ഇടുപ്പ് ഉളുക്കിയപ്പോൾ യാക്കോബിൻ്റെ ഹൃദയത്തിൽ എത്ര വലിയ ഒരു പ്രവൃത്തിയാണ് പൂർത്തീകരിക്കപ്പെട്ടത്, അവൻ ഇപ്പോൾ ദൈവത്തെ മാത്രം ആഗ്രഹിക്കത്തക്ക വിധത്തിൽ . ഒരു പഴമൊഴി പറയുന്നതുപോലെ , ” നിങ്ങൾക്കു ദൈവമല്ലാതെ മറ്റൊന്നും ശേഷിക്കാതെ വരുമ്പോൾ, ദൈവം വേണ്ടതിലും അധികമാണെന്നു നിങ്ങൾ കണ്ടെത്തും ” അതു സത്യമാണ് . ആ സ്ഥലത്തിനു യാക്കോബ് ” പെനീയേൽ ” എന്നു പേരിട്ടു എന്നാണ് ഇവിടെ പറയുന്നത് . കാരണം ഒടുവിൽ അവൻ ദൈവത്തിൻ്റെ മുഖം കണ്ടു. ബേഥേലിൽ വച്ച് , അവൻ ദൈവത്തിൻ്റെ ആലയത്താൽ പിടിക്കപ്പെട്ടു. നിങ്ങൾ അനേക വർഷങ്ങളായിട്ട് ദൈവത്തിൻ്റെ ആലയത്തിലായിരുന്നിരിക്കാം .എന്നാൽ അപ്പോഴും നിങ്ങൾ ദൈവത്തിൻ്റെ മുഖം കണ്ടിട്ടുണ്ടാകയില്ല. അപ്പോൾ നിങ്ങൾക്കു ദൈവവുമായി രണ്ടാമതൊരു കൂടിക്കാഴ്ച ആവശ്യമാണ് – അവിടുത്തെ മുഖം കാണുന്നിടത്ത്. യാക്കോബ് ആവേശത്തോടെ പറയുന്നു , “ഓ ദൈവമേ ഇപ്പോൾ ഞാൻ അവിടുത്തെ മുഖം കാണുന്നു അങ്ങനെ എൻ്റെ ജീവിതം സംരക്ഷിക്കപ്പെട്ടിരിക്കുന്നു”.