യേശു സാത്താനെ ക്രൂശില്‍ തോല്‍പ്പിച്ചു – WFTW 06 ഒക്ടോബർ 2019

സാക് പുന്നന്‍

ഈ ഭൂമിയില്‍ എക്കാലവും നടന്നിട്ടുളളതില്‍ ഏറ്റവും വലിയ യുദ്ധം, ലോകത്തിലെ ചരിത്ര പുസ്തകങ്ങള്‍ ഒന്നിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതു സംഭവിച്ചതു കാല്‍വരിയിലാണ്, യേശു അവിടുത്തെ മരണത്തിലൂടെ ഈ ലോകത്തിന്‍റെ പ്രഭുവായ സാത്താനെ തോല്‍പ്പിച്ചപ്പോള്‍. നിങ്ങളുടെ ജീവിതകാലം മുഴുവനിലും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു വാക്യമാണ് എബ്രായര്‍ 2:14,15. നിങ്ങള്‍ ഈ വാക്യം അറിയുന്നത് സാത്താന് ഇഷ്ടപ്പെടില്ല എന്നെനിക്കറിയാം. തങ്ങളുടെ തന്നെ വീഴ്ചയെയോ തോല്‍വിയേയോ കുറിച്ചു കേള്‍ക്കുവാന്‍ ആരും ഇഷ്ടപ്പെടുന്നില്ല, സാത്താനും അതിനൊരു അപവാദമല്ല. ആ വാക്യം ഇപ്രകാരമാണ്: ” മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആക കൊണ്ട് അവിടുന്നും (യേശു)അവരെപ്പോലെ ജഢരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ (കാല്‍വരി ക്രൂശിലെ അവിടുത്തെ മരണം) നീക്കി ജീവപര്യന്തം മരണഭീതിയില്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു”.

യേശു മരിച്ചപ്പോള്‍ അവിടുന്നു പിശാചിനെ ശക്തിയില്ലാത്തവനാക്കി തീര്‍ത്തു. എന്തുകൊണ്ട്? സാത്താനില്‍ നിന്നും അവന്‍ നമ്മുടെ ജീവിതകാലത്തുനീളം നമ്മില്‍ വച്ച ഭയത്തിന്‍റെ അടിമത്തത്തില്‍ നിന്നും എന്നെന്നേക്കുമായി നാം സ്വതന്ത്രരായി തീരേണ്ടതിനാണ് അതു ചെയ്തത്. ലോകത്തിലുളള ആളുകള്‍ക്ക് അനേക തരത്തിലുളള ഭയങ്ങളുണ്ട് – രോഗത്തെക്കുറിച്ചുളള ഭയം, ദാരിദ്ര്യത്തെക്കുറിച്ചുളള ഭയം, പരാജയത്തെക്കുറിച്ചുളള ഭയം, മാനുഷഭയം, ഭാവിയെക്കുറിച്ചുളള ഭയം തുടങ്ങിയവ. എല്ലാ ഭയങ്ങളിലും വലിയത് ഏതു വിധമായാലും മരണഭയമാണ്. മറ്റെല്ലാ ഭയങ്ങളും മരണഭയത്തെക്കാള്‍ താഴ്ന്നതാണ്. മരണഭയം നമ്മെ മരണാനന്തരം എന്തു സംഭവിക്കും എന്ന ഭയത്തിലേക്കു നയിക്കുന്നു. പാപത്തില്‍ ജീവിക്കുന്നവര്‍ ഒടുവില്‍ നരകത്തിലേക്കു പോകും എന്നു ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു – ദൈവം മാനസാന്തരപ്പെടാത്തവര്‍ക്കു വേണ്ടി സംവരണം ചെയ്തിരിക്കുന്ന സ്ഥലം, താന്‍ ഈ ഭൂമിയില്‍ വഞ്ചിച്ചു പാപത്തിലേക്കു നയിച്ചവരുടെ കൂടെ പിശാചും നിത്യത മുഴുവന്‍ തീപൊയ്കയില്‍ ചെലവഴിക്കും. നമ്മുടെ പാപങ്ങള്‍ നിമിത്തമുളള ശിക്ഷ ഏറ്റുകൊണ്ട്, നമ്മെ നിത്യനരകത്തില്‍ നിന്നും രക്ഷിക്കുവാനാണ് യേശു ഈ ഭൂമിയിലേക്കു വന്നത്. സാത്താന്‍ ഇനി ഒരിക്കലും നമ്മെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നമ്മുടെ മേല്‍ സാത്താനുണ്ടായിരുന്ന ശക്തികൂടെ അവിടുന്ന് തകര്‍ത്തുകളഞ്ഞു.

ദൈവം എപ്പോഴും പിശാചിനെതിരായി നിങ്ങളുടെ പക്ഷത്തായിരിക്കും എന്ന ഈ ഒരു സത്യം നിങ്ങളുടെ ജീവിതകാലമെല്ലാം നിങ്ങള്‍ ഓര്‍ത്തിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എല്ലായിടത്തും പോയി ലോകത്തിലുളള ഓരോ വിശ്വാസിയോടും ഇതേക്കുറിച്ചു പറയാന്‍ എനിക്കു കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കത്തവിധം അത്ര മഹത്വകരമായ ഒരു സത്യമാണിത്, കാരണം അതെനിക്ക് അത്രമാത്രം ഉത്സാഹവും, ആശ്വാസവും വിജയവും കൊണ്ടു വന്നു. ബൈബിള്‍ ഇപ്രകാരം പറയന്നു” ദൈവത്തിനു കീഴടങ്ങുവിന്‍, പിശാചിനോടെതിര്‍ത്തു നില്പിന്‍, എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും”( യാക്കോബ് 4:7). പിശാച് എപ്പോഴും ഓടിപ്പോകുവാന്‍ കാരണമായ ഒരു നാമമാണ് യേശുവിന്‍റെ നാമം. മിക്ക ക്രിസ്ത്യാനികള്‍ക്കും തങ്ങളുടെ മനസ്സിലുളളത്, സാത്താന്‍ അവരെ ഇട്ട് ഓടിക്കുന്നതും അവര്‍ തങ്ങളുടെ ജീവനുവേണ്ടി അവനില്‍ നിന്ന് ഓടുന്നതുമായ ഒരു ചിത്രമാണ്. എന്നാല്‍ ബൈബിള്‍ പഠിപ്പിക്കുന്നതിനു നേരെ വിപരീതമാണുളളത്. നിങ്ങള്‍ എന്തു ചിന്തിക്കുന്നു? സാത്താന്‍ യേശുവിനെ ഭയപ്പെട്ടിരുന്നോ? നമ്മുടെ രക്ഷകന്‍റെ മുമ്പില്‍ നില്‍ക്കുവാന്‍ അവന്‍ ഭയപ്പെട്ടിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ലോകത്തിന്‍റെ വെളിച്ചമായിരുന്നു, ഇരുട്ടിന്‍റെ പ്രഭുവിന് അവിടുത്തെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനാകേണ്ട ആവശ്യമുണ്ടായിരുന്നു.

സ്വര്‍ഗ്ഗത്തില്‍ സാത്താന്‍റെ പതനം എങ്ങനെ ആയിരുന്നു എന്ന് താന്‍ കണ്ടതിനെക്കുറിച്ച് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു. അവിടെ യേശു പറഞ്ഞത്,ദൈവം അവനെ പുറത്താക്കിയപ്പോള്‍ സാത്താന്‍റെ വീഴ്ച “മിന്നല്‍പിണര്‍” പോലെ ആയിരുന്നു എന്നാണ് ( ലൂക്കോ 10:18) മരുഭൂമിയില്‍ വച്ച് യേശു സാത്താനോട് “സാത്താനെ, എന്നെ വിട്ടുപോ” എന്നു പറഞ്ഞപ്പോഴും മിന്നലിന്‍റെ വേഗതയില്‍ അവന്‍ യേശുവിന്‍റെ സാന്നിധ്യത്തില്‍ നിന്നും അപ്രത്യക്ഷനായി. ഇന്നു നാം യേശുവിന്‍റെ നാമത്തില്‍ പിശാചിനെ എതിര്‍ക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ നിന്നായാലും അവന്‍ പ്രകാശവേഗത്തില്‍ ഓടിപ്പോകും. പ്രകാശത്തിന്‍റെ മുമ്പില്‍ ഇരുട്ട് ഓടിപ്പോകുന്നു. സാത്താന്‍ യേശുവിന്‍റെ നാമത്തെ ഭയപ്പെടുന്നു. യേശു കര്‍ത്താവാണെന്ന വസ്തുത ഓര്‍പ്പിക്കുന്നതിനെ അവന്‍ ഭയപ്പെടുന്നു. പിശാചു ബാധിതരായവര്‍ യേശു ക്രിസ്തു കര്‍ത്താവാണെന്നതും, സാത്താന്‍ ക്രൂശില്‍ പരാജിതനായി എന്നതും ഏറ്റുപറയുകയില്ല. ഏതു ഭൂതത്തെയും പുറത്താക്കാനും, ഏതു പിശാചിനെയും നിങ്ങളില്‍ നിന്ന മിന്നല്‍ വേഗത്തില്‍ ഓടിച്ചു കളയുവാനുമുളള ശക്തി യേശുവിന്‍റെ നാമത്തിലുണ്ട്. അതു നിങ്ങള്‍ ഒരിക്കലും മറക്കരുത്.

നിങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും സമയത്തു നിങ്ങള്‍ ഒരു പ്രയാസത്തിലാണെങ്കിലോ, അല്ലെങ്കില്‍ തരണം ചെയ്യാന്‍ പറ്റാത്ത ഒരു പ്രശ്നത്തില്‍ ആകുകയോ, മാനുഷികമായി ഒരു ഉത്തരവുമില്ലെന്നു തോന്നുന്ന ചില കാര്യങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോള്‍, കര്‍ത്താവായ യേശുവിന്‍റെ നാമം വിളിച്ചപേക്ഷിക്കുക. അവിടുത്തോട് ഇപ്രകാരം പറയുക, ” കര്‍ത്താവായ യേശുവേ, പിശാചിനെതിരായി അങ്ങ് എന്‍റെ പക്ഷത്താണ്. ഇപ്പോള്‍ എന്നെ സഹായിക്കണമെ”. അതിനുശേഷം പിശാചിനു നേരെ തിരിഞ്ഞ് അവനോട് ഇപ്രകാരം പറയുക, “യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ എതിര്‍ക്കുന്നു സാത്താനെ”. സാത്താന്‍ പെട്ടന്നു തന്നെ നിങ്ങളെ വിട്ട് ഓടിപ്പോകും എന്നു നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം യേശു അവനെ ക്രൂശില്‍ തോല്‍പ്പിച്ചു. നിങ്ങള്‍ ദൈവത്തിന്‍റെ വെളിച്ചത്തില്‍ നടക്കുകയും യേശുവിന്‍റെ നാമത്തില്‍ അവനെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്കെതിരെ പിശാച് ശക്തിഹീനനാണ്.

തന്‍റെ പരാജയത്തെക്കുറിച്ചു നിങ്ങള്‍ അറിയുവാന്‍ സാത്താന്‍ ആഗ്രഹിക്കുന്നില്ല എന്നതു സ്പഷ്ടമാണ്. അതുകൊണ്ടു തന്നെയാണ് ഇത്രയും നാള്‍ ആകാര്യം കേള്‍ക്കുന്നതില്‍ നിന്ന് അവന്‍ നിങ്ങളെ തടഞ്ഞത്. അതു പോലെ തന്നെ അവന്‍റെ പരാജയത്തെക്കുറിച്ചു പ്രസംഗിക്കുന്നതില്‍ നിന്ന് മിക്ക പ്രസംഗകരെയും അവന്‍ തടഞ്ഞിരിക്കുന്നതിന്‍റെ കാരണവും അതു തന്നെയാണ്. കര്‍ത്താവായ യേശു ക്രിസ്തുവിനാല്‍ സാത്താന്‍ എന്നെന്നേക്കുമായി തോല്‍പ്പിക്കപ്പെട്ടു എന്ന കാര്യം വ്യക്തമായി നിങ്ങള്‍ എല്ലാവരും അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇനി ഒരിക്കലും സാത്താനെ ഭയപ്പെടേണ്ട കാര്യമില്ല. അവനു നിങ്ങളെ ബുദ്ധിമുട്ടിക്കുവാന്‍ കഴിയുകയില്ല. അവനു നിങ്ങളെ അപായപ്പെടുത്തുവാന്‍ കഴിയുകയില്ല. അവന്‍ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അവന്‍ നിങ്ങളെ ആക്രമിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ നിങ്ങളെ തന്നെ താഴ്ത്തി, ദൈവത്തിനു കീഴ്പ്പെട്ട് എല്ലാ സമയങ്ങളിലും അവിടുത്തെ വെളിച്ചത്തില്‍ നടക്കുമെങ്കില്‍, ക്രിസ്തുവിലുളള ദൈവകൃപ നിങ്ങളെ സാത്താന്‍റെ മേല്‍ വിജയിയായ ഒരുവനാക്കി തീര്‍ക്കും.