യേശുവിൻ്റെ പരമമായ വാഞ്ഛ: പിതാവിൻ്റെ മഹത്വം – WFTW 18 ഓഗസ്റ്റ് 2024

സാക് പുന്നൻ

കർത്താവ് അവിടുത്തെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ച പ്രാർഥനയിൽ, ഏറ്റവും ആദ്യത്തെ അപേക്ഷ, “അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നാണ്. ഇതായിരുന്നു കർത്താവായ യേശുവിൻ്റെ ഹൃദയത്തിലെ പ്രാഥമികമായ വാഞ്ഛ. “പിതാവേ, അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്ന് അവിടുന്നു പ്രാർത്ഥിച്ചിട്ട്, ക്രൂശിൻ്റെ മാർഗ്ഗം തിരഞ്ഞെടുത്തു കാരണം അത് പിതാവിൻ്റെ മഹത്വത്തിനായിട്ടായിരുന്നു (യോഹ. 12:27,28). കർത്താവായ യേശുവിൻ്റെ ജീവിതത്തെ ഭരിച്ച പരമപ്രധാനമായ വാഞ്ഛ – പിതാവിൻ്റെ മഹത്വം ആയിരുന്നു.

അവിടുന്നു ചെയ്ത ഓരോ കാര്യവും പിതാവിൻ്റെ മഹത്വത്തിനു വേണ്ടിയായിരുന്നു. തൻ്റെ ജീവിതത്തിൽ പരിശുദ്ധം, ഐഹികം എന്നു പ്രത്യേകമായ വിഭാഗങ്ങൾ ഇല്ലായിരുന്നു. എല്ലാം പരിശുദ്ധമായിരുന്നു. അവിടുന്ന് പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തത് എത്രമാത്രം ദൈവമഹത്വത്തിനു വേണ്ടി ആയിരുന്നോ അത്രതന്നെ ദൈവമഹത്വത്തിനു വേണ്ടിയാണ് അവിടുന്ന് സ്റ്റൂളുകളും ബഞ്ചുകളും ഉണ്ടാക്കിയത്. ഓരോ ദിവസവും അവിടുത്തേയ്ക്കു തുല്യ പരിശുദ്ധിയുള്ളവ ആയിരുന്നു; നിത്യജീവിതത്തിൻ്റെ അത്യാവശ്യങ്ങൾക്കു വേണ്ടി ചെലവാക്കിയ പണം, ദൈവത്തിൻ്റെ വേലയ്ക്കോ സാധുക്കൾക്കോ കൊടുത്ത പണം പോലെ തന്നെ അത്ര വിശുദ്ധമായിരുന്നു.

എല്ലാ സമയവും പരിപൂർണ്ണ സ്വസ്ഥതയിലാണ് യേശു ജീവിച്ചത്, കാരണം അവിടുന്നു പിതാവിൻ്റെ മഹത്വം മാത്രം അന്വേഷിക്കുകയും പിതാവിൻ്റെ അംഗീകാരത്തിനുവേണ്ടി മാത്രം ശ്രദ്ധിക്കുകയും ചെയ്തു. അവിടുന്നു തൻ്റെ പിതാവിൻ്റെ മുമ്പാകെ ജീവിക്കുകയും മനുഷ്യരുടെ മാനത്തിനോ പുകഴ്ചയ്ക്കോ വേണ്ടി ശ്രദ്ധിക്കാതെയും ഇരുന്നു.

“സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്ത മഹത്വം അന്വേഷിക്കുന്നു,” യേശു പറഞ്ഞു (യോഹ. 7:18).

ദേഹീപരനായ ഒരു ക്രിസ്ത്യാനി, അയാൾ എത്രകണ്ട് ദൈവമഹത്വം അന്വേഷിക്കുന്നവനായി പ്രത്യക്ഷമായാലും അല്ലെങ്കിൽ അങ്ങനെ അഭിനയിച്ചാലും അയാൾ യഥാർത്ഥമായി അയാളുടെ സ്വന്തം മാനത്തിൽ ആഴമായ താൽപര്യമുള്ളവനാണ്. മറിച്ച് യേശു, ഒരിക്കലും തനിക്കു വേണ്ടി ഒരു മാനവും അന്വേഷിച്ചില്ല.

മനുഷ്യൻ്റെ ബുദ്ധിയിൽ ഉത്ഭവിക്കുന്നതും നൈപുണ്യത്തിലൂടെയും പ്രാഗൽഭ്യത്തിലൂടെയും നടപ്പാക്കുന്നതുമായവ, എപ്പോഴും മനുഷ്യനെ മഹത്വപ്പെടുത്തുന്നതിൽ കലാശിക്കും. ദേഹിയിൽ തുടങ്ങുന്നതെല്ലാം സൃഷ്ടിയെ മാത്രമേ മഹത്വപ്പെടുത്തുകയുള്ളു.

സ്വർഗ്ഗത്തിലോ അല്ലെങ്കിൽ നിത്യയുഗത്തിലെ ഭൂമിയിലോ ഏതെങ്കിലും ഒരു മനുഷ്യന് മാനമോ മഹത്വമോ കൊണ്ടുവരുന്നതൊന്നും ഉണ്ടായിരിക്കയില്ല.

കാലങ്ങളെ അതിജീവിച്ച് നിത്യതയുടെ പ്രവേശന ദ്വാരം കടക്കുന്ന ഓരോ കാര്യവും, ദൈവത്തിൽ നിന്ന് ദൈവത്തിലൂടെ ദൈവത്തിലേക്കു വരുന്നവയാണ്.

ദൈവത്തെ സംബന്ധിക്കുന്നിടത്തോളം ഒരു പ്രവൃത്തിക്കു പിന്നീലുള്ള ലക്ഷ്യമാണ് അതിനു വിലയും യോഗ്യതയും നൽകുന്നത്.

നാം എന്തു ചെയ്യുന്നു എന്നത് പ്രാധാന്യമുള്ളതാണ്, എന്നാൽ എന്തുകൊണ്ടു നാം അതു ചെയ്യുന്നു എന്നത് അധികം പ്രാധാന്യമുള്ളതാണ്.

യേശു പിതാവിൻ്റെ ആലോചനകൾ പ്രാപിക്കുവാൻ അവിടുത്തേക്കു വേണ്ടി കാത്തിരുന്നു, തന്നെയുമല്ല ആ ആലോചന നടപ്പാക്കുവാൻ വേണ്ട ശക്തിക്കു വേണ്ടിയും അവിടുന്നു പിതാവിനെ കാത്തിരുന്നു, അങ്ങനെ അവിടുന്ന് തൻ്റെ പിതാവിൻ്റെ എല്ലാ ഹിതവും ദൈവത്തിൻ്റെ ശക്തിയിൽ ചെയ്തു. എന്നാൽ അതുകൊണ്ട് എല്ലാമായില്ല. തൻ്റെ ചില വലിയ നേട്ടങ്ങൾക്കു ശേഷം യേശു പ്രാർത്ഥിക്കുവാനും കൂടെ പോയി – അതിൻ്റെ മഹത്വം തൻ്റെ പിതാവിനു നൽകുവാൻ വേണ്ടി. തൻ്റെ അധ്വാനങ്ങളുടെ ഫലം ബലി വഴിപാടായി തൻ്റെ പിതാവിന് അവിടുന്ന് അർപ്പിച്ചു. അവിടുന്ന് തനിക്കു വേണ്ടി മാനം അന്വേഷിച്ചില്ല, അവിടുത്തേക്ക് അത് നൽകപ്പെട്ടപ്പോഴൊന്നും അത് സ്വീകരിച്ചുമില്ല (യോഹ. 5:41; 8:50). അവിടുത്തെ പ്രശസ്തി അധികം പരന്നപ്പോൾ, അവിടുന്ന് തൻ്റെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിർജ്ജന പ്രദേശത്ത് (പർവതങ്ങളിലേക്ക്) വാങ്ങിപ്പോയി (ലൂക്കോ. 5:15, 16). ആ മഹത്വം താൻ തൊടുകയില്ലെന്ന് അവിടുന്നു തീരുമാനിച്ചിരുന്നു.

നിരന്തരമായി ആ മനോഭാവം നിലനിർത്തിയിരുന്നതിൻ്റെ ഫലമാണ്, യേശുവിൻ്റെ ഭൂമിയിലെ ജീവിതത്തിൻ്റെ അവസാനത്തിൽ, “പിതാവെ ഞാൻ ഭൂമിയിൽ അവിടുത്തെ മഹത്വപ്പെടുത്തി” (യോഹ. 17:4) എന്ന് സത്യസന്ധമായി അവിടുത്തേക്കു പറയാൻ കഴിഞ്ഞത്.

അവിടുന്നു ഭൂമിയിലേക്കു വന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ പിതാവിനെ മഹത്വപ്പെടുത്താനാണ്. അവിടുന്ന് ഓരോ ദിവസവും ജീവിച്ചത് ആ ലക്ഷ്യത്തോടെയാണ്. തനിക്ക് എന്തു വില കൊടുക്കേണ്ടി വന്നാലും, പിതാവു മാത്രം മഹത്വപ്പെടണമെന്ന് അവിടുന്ന് ആത്മാർത്ഥമായി പ്രാർഥിച്ചു. അതുമാത്രമല്ല ഒടുവിൽ അവിടുന്ന് മരിച്ചത് പിതാവ് സ്വർഗ്ഗത്തിൽ ബഹുമാനിക്കപ്പെടുകയും ഉയർത്തപ്പെടുകയും ചെയ്യുന്നതു പോലെ ഭൂമിയിലും ആകേണ്ടതിനാണ്.

നാം നമ്മോടു തന്നെ ഇപ്രകാരം ചോദിക്കണം:

ഞാൻ ജീവിക്കുന്നതും അധ്വാനിക്കുന്നതും ദൈവമഹത്വത്തിനു വേണ്ടി മാത്രമാണോ?

What’s New?