സാക് പുന്നൻ
“സൗമ്യതയുള്ളവർ (വിനയവും സൗമ്യതയുമുള്ളവർ) ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” (മത്തായി 5:5). ഇതു സൂചിപ്പിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാത്തവരെയും, അവഹേളിക്കപ്പെടുമ്പോൾ തിരിച്ചടിക്കാതിരിക്കുന്നവരെയുമാണെന്നു ഞാൻ വിശ്വസിക്കുന്നു. തൻ്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവിടുന്ന് തിരിച്ചു പോരാടാതിരിക്കുകയും ചെയ്തപ്പോൾ സൗമ്യത എന്താണെന്ന് യേശു നമുക്ക് കാണിച്ചു തന്നു. തന്നെ ശപിച്ചവരെ അവിടുന്ന് ശപിച്ചില്ല അവിടുത്തെ ക്രൂശിച്ചവരുടെ മേൽ ദൈവത്തിൻ്റെ ന്യായവിധി വരേണ്ടതിന് അവിടുന്ന് പ്രാർത്ഥിച്ചില്ല. മത്തായി 11:29ൽ അവിടുന്ന് നമ്മോട് ഇങ്ങനെ പറയുന്നു, “ഞാൻ ഹൃദയത്തിൽ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എൻ്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ – ഞാൻ ഹൃദയത്തിൽ താഴ്മയും സൗമ്യതയും ഉള്ളവൻ ആകുന്നു”. അത് ഇംഗ്ലീഷിൽ പൂർണമായി പരിഭാഷപ്പെടുത്താൻ പറ്റുന്ന ഒരു ലളിതമായ വാക്കല്ല – GENTLE (സൗമ്യത), അതുകൊണ്ടാണ് അതിന് ആളുകൾ ഉപയോഗിക്കുന്ന അനേകം പരിഭാഷകൾ ഉള്ളത് (എൻ്റെ ബൈബിളിന്റെ മാർജിനിൽ അത് “താഴ്മയും സൗമ്യതയും” എന്നു പറഞ്ഞിരിക്കുന്നു). ഈ ഭൂമിയിൽ തന്റെ അവകാശങ്ങൾക്കു വേണ്ടി പോരാടാത്തവൻ എന്നതാണ് അതിൻ്റെ പൊതു ചിത്രം, കാരണം അവിടെ പറഞ്ഞിരിക്കുന്നത് അയാൾ ഒരുനാൾ ഭൂമിയെ അവകാശമാക്കും എന്നാണ്. ദൈവം ഭൂമിയെ കൊടുക്കുന്നത് അതിനുവേണ്ടി പോരാടാത്തവർക്കാണ്. ഇതാണ് ദൈവത്തിൻ്റെ മാർഗ്ഗം.
തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നവർക്കല്ല ദൈവം അവിടുത്തെ വലിയ അനുഗ്രഹങ്ങൾ നൽകുന്നത്, എന്നാൽ തങ്ങളുടെ അവകാശങ്ങൾ ത്യജിക്കുന്നവർക്കാണ്. യേശു ക്രൂശിലേക്ക് താണിറങ്ങി; അവിടുന്ന് തൻ്റെ എല്ലാ അവകാശങ്ങളും ഉപേക്ഷിച്ചു. അവിടുത്തെ താഴ്മയും സൗമ്യതയും ആണ് ഇതിൽ കാണപ്പെട്ടത്, അത് അവിടുന്ന് മരണത്തോളം, ലജ്ജാകരമായ ക്രൂശിലെ മരണത്തോളം തന്നെത്താൻ താഴ്ത്തി എന്നതാണ് (ഫിലിപ്യർ 2:8). അവിടുന്ന് അപമാനിക്കപ്പെടുകയും നാണം കെടുത്തപ്പെടുകയും ചെയ്തു കാരണം അതുപോലെ ആ നിലവാരം വരെ, താഴേക്ക് പോകുവാൻ അവിടുത്തേക്ക് മനസ്സായിരുന്നു, അതുകൊണ്ട് ഫിലിപ്യർ 2:9ൽ ഇങ്ങനെ പറയുന്നു, “അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നൽകി” ഇന്ന് ക്രിസ്തു പിതാവിൻ്റെ വലതു ഭാഗത്തേക്ക് ഉയർത്തപ്പെട്ടതിന്റെ കാരണം നിത്യത മുഴുവൻ എപ്പോഴും അവിടുന്ന് അവിടെ ആയിരുന്നതുകൊണ്ടല്ല. അവിടുന്ന് എപ്പോഴും അവിടെ ദൈവമായിരുന്നു. എന്നാൽ അവിടുന്ന് മനുഷ്യനായി ഭൂമിയിലേക്കു വന്നപ്പോൾ, അവിടുന്ന് തൻ്റെ പിതാവിൻ്റെ വലതുഭാഗത്ത് വരുവാനുള്ള അവകാശം ആർജ്ജിച്ചു. ഇതു മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പിതാവിൻ്റെ വലതു ഭാഗത്തേക്ക് മടങ്ങിവരുന്ന അവകാശം അവിടുന്ന് ആർജ്ജിച്ചതിനു കാരണം അവിടുന്ന് തൻ്റെ ഭൗതികജീവിത കാലത്ത് ദൈവത്തിൻ്റെ സ്വഭാവം വളരെ പൂർണ്ണതയോടെ പ്രദർശിപ്പിച്ചു, എല്ലാ തരത്തിലുമുള്ള പ്രലോഭനങ്ങളും അഭിമുഖീകരിക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ, അവിടുന്ന് മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ തന്നെത്താൻ താഴ്ത്തി. അവിടുന്ന് തൻ്റെ അവകാശങ്ങൾക്കു വേണ്ടി പോരാടിയില്ല, അതുകൊണ്ട് ഒരുനാൾ, മുഴുവൻ ഭൂമിയും അവിടുത്തേക്കു നൽകപ്പെടും.
ഇപ്പോൾ തന്നെ സകലത്തിനും മേലായ ഒരു നാമം അവിടുത്തേക്കു നൽകപ്പെട്ടിരിക്കുന്നു. അത് സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്ക് കീഴെയുള്ള സകല മുഴങ്കാലുകളും യേശുവിൻ്റെ നാമത്തിൽ മടങ്ങും എന്നതാണ്. അത് ഇതുവരെ സംഭവിച്ചിട്ടില്ല. ഇന്ന് ഭൂമിയിലുള്ള ധാരാളം ആളുകൾ യേശുവിൻ്റെ നാമത്തെ നിന്ദിച്ചിട്ട് അവിടുത്തെ നാമത്തെ വണങ്ങുന്നില്ല. പിശാചുക്കൾ അതുചെയ്യുന്നില്ല, ഭൂമിയിലുള്ള അനേകം ആളുകളും അതു ചെയ്യുന്നില്ല. എന്നാൽ എല്ലാ മുട്ടും യേശുവിന്റെ നാമത്തിങ്കൽ മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവെന്ന് ഏറ്റു പറയുകയും മുഴുവൻ ഭൂമിയും അവിടുത്തേക്കു നൽകപ്പെടുകയും ചെയ്യുന്ന ഒരു ദിവസം. അത് അവിടുത്തേക്കുള്ളതാകും കാരണം അവിടുന്നു സൗമ്യതയുള്ളവനായിരുന്നു. അതുകൊണ്ട്, സൗമ്യതയുടെ ആ റോഡിലൂടെ അവിടുത്തെ പിൻഗമിക്കുന്നവരോട് യേശു പറയുന്നു, “എന്നിൽ നിന്നും പഠിക്കുവിൻ” (മത്തായി 11:29). തന്നിൽ നിന്നും പഠിക്കുവാൻ അവിടുന്ന് പറഞ്ഞ ഒരു ഒരേ ഒരു കാര്യം താഴ്മയും സൗമ്യതയുമാണ്. “ഞാൻ ഹൃദയത്തിൻ്റെ താഴ്മയും സൗമ്യതയുമുള്ളവനാകയാൽ എന്നിൽ നിന്നു പഠിക്കുവിൻ” ഇത് യേശുവിൽ നിന്ന് തന്നെ പഠിക്കേണ്ടിയിരിക്കുന്ന ചില കാര്യങ്ങളാണ്. ഒരു പുസ്തകത്തിൽ നിന്നും പഠിക്കാനല്ല അവിടുന്ന് പറയുന്നത്. അവിടുന്ന് ഇപ്രകാരം പറയുന്നു, “എന്നെ നോക്കിയിട്ട് എൻ്റെ അവകാശങ്ങൾക്ക് വേണ്ടി ഞാൻ പോരാടാതെയിരുന്നത് എങ്ങനെയാണ്, എൻ്റെ അവകാശങ്ങൾ ഉപേക്ഷച്ചത് എങ്ങനെയാണ്, ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനായിരുന്നത് എങ്ങനെയാണെന്ന് കാണുക, എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും”. അനേകം ക്രിസ്ത്യാനികൾ അസ്വസ്ഥതയിലും സമ്മർദ്ദത്തിലും ആയിരിക്കുന്നു കൂടാതെ ചിലർക്ക് നാഡീവ്യൂഹ തകർച്ചകളും ഉണ്ടാകുന്നു, ഞാൻ വിശ്വസിക്കുന്നത് അതിന് ഒരേയൊരു കാരണമാണുള്ളത് എന്നാണ്. അവർ സൗമ്യതയുള്ളവരല്ല. അവർ ആന്തരികമായി ചില കാര്യങ്ങൾക്കു വേണ്ടി പോരാടുന്നുണ്ട് അവർ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി അന്വേഷിക്കുന്നു, അതുകൊണ്ടു തന്നെ അവർ അസ്വസ്ഥതയിലാണ്.
ഏറ്റവും എളുപ്പത്തിൽ വ്യാജമായ അനുകരണം ഉണ്ടാക്കാൻ കഴിയുന്ന സ്വഭാവഗുണമാണ് താഴ്മ. മറ്റുള്ളവർ നമ്മിൽ കാണുന്ന ചില കാര്യങ്ങളല്ല യഥാർത്ഥ താഴ്മ. അത് ദൈവം നമ്മിൽ കാണുന്നതാണ് – അത് ആന്തരികമായതാണ്. അത് യേശുവിൻ്റെ ജീവിതത്തിൽ ദൃഷ്ടാന്തീകരിച്ചിരിക്കുന്നു. ഫിലിപ്പർ 2:5-8 വരെയുള്ള വാക്യങ്ങൾ നമ്മോട് പറയുന്നത് ദൈവം എന്ന നിലയിൽ തനിക്കുണ്ടായിരുന്ന വിശേഷാധികാരങ്ങളും അവകാശങ്ങളും യേശു പരിത്യജിക്കുകയും മനുഷ്യ കരങ്ങളിൽ നിന്ന് ക്രൂശീകരണം പോലും സ്വീകരിക്കാൻ മനസ്സുള്ളവനാകുകയും ചെയ്തു എന്നാണ്. നാമും താഴ്മയുടെ ആ പാതയിൽ അവിടുത്തെ പിൻഗമിക്കേണ്ടതാണ്.
3 പടികളിൽ യേശു തന്നെത്താൻ താഴ്ത്തി.
- അവിടുന്ന് ഒരു മനുഷ്യനായി തീർന്നു.
- അവിടുന്ന് ഒരു ദാസനായി തീർന്നു.
- ക്രൂശിൽ ഒരു കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യപ്പെടാൻ അവിടുന്ന് മനസ്സുള്ളവനായി.
അവിടെ ക്രിസ്തീയ ജീവിതത്തിൻ്റെ മൂന്ന് രഹസ്യങ്ങൾ നാം കാണുന്നു: താഴ്മ, താഴ്മ, താഴ്മ.
33 വർഷങ്ങൾ യേശു ഈ ഭൂമിയിൽ മറ്റുള്ളവരെ വളരെ വിനയത്തോടെ സേവിക്കുന്നതും സഹിഷ്ണുതയോടെ കഷ്ടങ്ങളും നിന്ദയും മുറിവുകളും സഹിക്കുന്നതും ഒക്കെ ദൂതന്മാർ അതിശയത്തോടെ നോക്കിയിരിക്കാം. അവർ വർഷങ്ങളായി അവിടുത്തെ സ്വർഗ്ഗത്തിൽ ആരാധിച്ചുകൊണ്ടിരുന്നതാണ്. എന്നാൽ ഭൂമിയിലെ അവിടുത്തെ സ്വഭാവം കണ്ടപ്പോൾ, അവർ ദൈവത്തിൻ്റെ സ്വഭാവത്തെ കുറിച്ച് കൂടുതലായി ചില കാര്യങ്ങൾ പഠിച്ചു – അവിടുത്തെ താഴ്മയും വിനയവും – യേശു സ്വർഗ്ഗത്തിൽ ആയിരുന്ന സമയങ്ങളിൽ ഒന്നും അവർ ഒരിക്കൽപോലും കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ. ഇപ്പോൾ അതേ ക്രിസ്തുവിൻ്റെ ആത്മാവിനെ സഭയിൽ നമ്മളിലൂടെ ദൂതന്മാരെ കാണിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു (എഫെസ്യർ 3:10 ൽ പറയുന്നതുപോലെ). നമ്മിലും നമ്മുടെ പെരുമാറ്റത്തിലും ദൂതന്മാർ ഇപ്പോൾ എന്താണ് കാണുന്നത്? നമ്മുടെ പെരുമാറ്റം ദൈവത്തിനു മഹത്വം കൊണ്ടുവരുന്നുണ്ടോ?
സകലത്തിലും മഹത്തായ സ്വഭാവഗുണം താഴ്മയാണെന്ന് ഓർക്കുക. നാം ആയിരിക്കുന്നതും നമുക്കുള്ളതും എല്ലാം ദൈവത്തിൻ്റെ ദാനമാണ് എന്ന് താഴ്മ ഏറ്റു പറയുന്നു. എല്ലാ മനുഷ്യരേയും വിലമതിക്കുവാനും ആദരിക്കുവാനും താഴ്മ നമ്മെ കഴിവുള്ളവരാക്കുന്നു പ്രത്യേകിച്ച് ക്ഷീണിതർ, സംസ്കാരമില്ലാത്തവർ, മാനസിക വളർച്ച ഇല്ലാത്തവർ, ദരിദ്രർ എന്നിവരെ. താഴ്മയുടെ മണ്ണിൽ മാത്രമേ ആത്മാവിൻ്റെ ഫലങ്ങൾക്കും ക്രിസ്തുവിൻ്റെ ശ്രേഷ്ഠ ഗുണങ്ങൾക്കും വളരാൻ കഴിയൂ. അതുകൊണ്ട് ഉന്നത ചിന്തകളുടെയോ, മാനം തേടുന്നതിന്റെയോ, ദൈവത്തിനു നൽകേണ്ട മഹത്വം എടുക്കുന്നതിന്റെയോ ഒക്കെ വിഷം എപ്പോഴെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ കടക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതിന് നിരന്തരം നിങ്ങളെ തന്നെ വിധിക്കുന്ന ഒരു ജീവിതം നിങ്ങൾ നയിക്കണം. യേശുവിൻ്റെ താഴ്മയെ പറ്റി അധികം ധ്യാനിക്കുക. അതാണ് നിങ്ങളോടുള്ള എൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രബോധനം.