സാക് പുന്നന്‍
1 രാജാക്കന്മാര്‍ അദ്ധ്യായം 2 ല്‍ തന്റെ സഹോദരനായ അദോനിയാവിനേയും (1 രാജാ.2: 1927) തന്റെ പിതൃസഹോദരീ പുത്രനായ യോവാബിനെയും (1 രാജാ. 2:2835) ശിമെയിയെയും (1 രാജാ. 2:3646) വധിച്ചുകൊണ്ട് ശലോമോന്‍ തന്റെ രാജവാഴ്ച ആരംഭിച്ചതായി നാം വായിക്കുന്നു. ഒരു വാഴ്ച ആരംഭിക്കുന്നതിനുള്ള എത്ര ഭയങ്കരമായ രീതിയാണിത്. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനെന്നറിയപ്പെടുന്ന ദാവീദാണ് ഇത്തരത്തില്‍ നാശത്തിന്റെ വഴിയിലൂടെ ശലോമോന്റെ വാഴ്ച ആരംഭിക്കുവാന്‍ വേണ്ട ഉപദേശം കൊടുത്തതെന്ന് ചിന്തിക്കുക. ശുദ്ധീകരിക്കപ്പെടാതെ ഹൃദയത്തില്‍ ഇരിക്കുന്ന കൈപ്പിന്റെ ഫലം എത്ര ഭയാനകമാണ്. പലരും ഇതിനാല്‍ ചതിക്കപ്പെടുന്നു. എന്നാല്‍ ശലോമോന്‍ അപ്പോഴും കരുതിയത് ഇതിന്റെയെല്ലാം ശേഷവും ദൈവം തന്നെ അനുഗ്രഹിക്കും എന്നാണ് (1 രാജാ. 2:45). ഒരു മനുഷ്യന്‍ എത്രമാത്രം ചതിക്കപ്പെടാം.
ഒരിക്കല്‍ തെറ്റായ പാതയിലൂടെ തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ വീണ്ടും വീണ്ടും ദൈവത്തില്‍നിന്നും അകന്നു പോയ്‌ക്കൊണ്ടെയിരിക്കും. ശലോമോന്‍ ചെയ്ത മറെറാരു കാര്യം അവന്‍ ഒരു പുറജാതിക്കാരിയായ സ്ത്രീയെ ഫറവോന്റെ പുത്രിയെ വിവാഹം കഴിച്ചു എന്നതാണ്. ദാവീദ് തന്റെ അവസാന കാലത്ത് ശലോമോന് പ്രതികാരത്തിന്റെ ഉപദേശം കൊടുക്കുന്നതിനുപകരം ജ്ഞാനത്തോടെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ശലോമോന്റെ ജീവിതം എത്ര വ്യത്യസ്തമാകുമായിരുന്നേനെ. എന്തുപദേശമാണ് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് കൊടുക്കുന്നത്?. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യമെന്താണ്?.
1.രാജാ.3:3ല്‍ നാം ഇങ്ങനെ വായിക്കുന്നു,’ശലോമോന്‍ പൂജാഗിരികളില്‍ വച്ച് യാഗം കഴിക്കുകയും ധൂപാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു. അതൊഴികെ എല്ലാ കാര്യത്തിലും അദ്ദേഹം സ്വപിതാവായ ദാവീദിന്റെ ചട്ടങ്ങള്‍ അനുസരിച്ച് ജീവിച്ചു യാഹോവയോട് തനിക്കുള്ള സ്‌നേഹം പ്രകടമാക്കി.’ എത്ര വലിയ വൈരുദ്ധ്യമാണിത്. ഒടുവില്‍ ശലോമോന്‍ നശിച്ചു പോകുവാന്‍ കാരണമായത് ഇത്തരം ഒത്തുതീര്‍പ്പുകളാണ്. അവനൊരു ഇരട്ട ജീവിതമാണ് ജീവിച്ചത് ദേവാലയത്തില്‍ ഒന്നും, സ്വകാര്യമായി മറെറാന്നും നിര്‍ഭാഗ്യവശാല്‍ ഇന്നുള്ള പല ക്രിസ്ത്യാനികളും അങ്ങനെ തന്നെയാണ്. അവര്‍ ദൈവത്തോടുള്ള സ്‌നേഹത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്നു, എന്നാല്‍ അവരുടെ സ്വകാര്യജീവിതം അനീതിയിലും പാപത്തിലും ആണ്. ചെറിയ ചെറിയ പിന്മാറ്റത്തിലൂടെ അവര്‍ വലിയ നാശത്തിലേക്ക് പോകുന്നു.
ശലോമോന്‍ 7 വര്‍ഷമെടുത്താണ് ദൈവത്തിനു ഒരു ആലയം പണിതത്.(1 രാജാ.6:38). അതേസമയം തനിക്കൊരു കൊട്ടാരം പണിയുവാന്‍ പതിമൂന്നു വര്‍ഷമാണ് എടുത്തത്.(1 രാജാ. 7:1). അതില്‍നിന്നും അവന്‍ ഏതാണ് കൂടുതല്‍ വിലമതിച്ചതെന്നു നമുക്ക് മനസ്സിലാകും. ഇന്ന് പലരും ചെയ്യുന്ന ക്രിസ്തീയ വേലയെ വിശദീകരിക്കുവാന്‍ പറ്റിയ നല്ല ഒരു ഉദാഹരണമാണിത്. അവര്‍ ക്രിസ്തീയ വേല ചെയ്യുന്നുണ്ടെന്നത് ശരിതന്നെ എന്നാല്‍ അവരുടെ ഒന്നാമത്തെ താല്‍പര്യം അവരുടെ വീടിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമാണ്. ദൈവത്തിന്റെ വേലയും ദൈവഭവനവും അവര്‍ക്ക് രണ്ടാമതായി തീരുന്നു. സുവിശേഷം പ്രസംഗിച്ച് അവര്‍ പണം സമ്പാദിക്കുന്നു.
എല്ലാ പിന്മാറ്റങ്ങളും പോലെ ശലോമോന്റെ പിന്മാറ്റവും ക്രമേണയുള്ളതായിരുന്നു. ആളുകളെ വധിച്ചുകൊണ്ട് അവന്‍ തന്റെ വാഴ്ച ആരംഭിച്ചു. അവനു വളരെ എളുപ്പം തന്റെ പിതാവായ ദാവീദിനോടു വിയോചിച്ച് കൊണ്ട് ശിമയിയേയും യോവാബിനെയും കൊല്ലാതെയും അദോനിയാവിനോട് ക്ഷമിച്ച് അവനെ കൊല്ലാതെയും ഇരിക്കാമായിരുന്നു. ഒരിക്കല്‍ പിന്മാറ്റം ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഇറക്കം വളരെ കുത്തനെയുള്ളതാണ്. പിന്നീട് അവന്‍ ഫറവോന്റെ പുത്രിയെ വിവാഹം ചെയ്തു. തീര്‍ച്ചയായും അത് അവളുടെ സമ്പത്തിനു വേണ്ടിയായിരുന്നു. പിന്നെ പതിമൂന്നു വര്‍ഷമെടുത്തു തന്റെ കൊട്ടാരം പണിതു. ദൈവം അവനു മഹാ ജ്ഞാനം നല്‍കിയതിനു ശേഷമാണ് ഇതെല്ലാം നടന്നത്. ക്രിസ്തീയ വേലക്കാരുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ലോകത്തോട് ഒരു ചായ്‌വ് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ ശുശ്രൂഷയുടെ തുടക്കം മുതല്‍ തന്നെ അവര്‍ സ്വന്ത കാര്യങ്ങള്‍ കൂടി നോക്കാന്‍ തുടങ്ങുന്നു. പിന്നീട് അവരെ കാണുമ്പോള്‍ അവര്‍ സ്വന്ത കാര്യം നോക്കുന്നതില്‍ വളരെ വിദഗ്ദര്‍ ആയി കഴിഞ്ഞിരിക്കും.
രാജാവ് പിന്മാറ്റത്തില്‍ ആയിരുന്നെങ്കിലും ദൈവം തന്റെ ജനത്തെ സ്‌നേഹിച്ചു. അതിനാല്‍ അവിടുന്ന് തന്റെ ആലയത്തിന്റെ പണി തീര്‍ന്നപ്പോള്‍ തന്റെ തേജസ് കൊണ്ട് അതിനെ നിറച്ചു (1 രാജാ.10). മോശെ സമാഗമന കൂടാരത്തിന്റെ പണി പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്തതുപോലെ തന്നെ. ദേവാലയം പണിതതും സമാഗമന കൂടാരത്തിന്റെ അതേ മാതൃകയില്‍ അല്‍പം കൂടി വലുപ്പത്തിലും ഗംഭീരമായിട്ടും ആയിരുന്നു.
ആലയത്തില്‍ സമര്‍പ്പണ സമയത്ത് ശലോമോന്‍ മനോഹരമായ ഒരു പ്രാര്‍ത്ഥന കഴിക്കുന്നു (1 രാജാ.8:2261). അപ്പോള്‍ ദൈവം രണ്ടാം തവണയും അവനു പ്രത്യക്ഷനായി, അവന്റെ പ്രാര്‍ത്ഥന താന്‍ കേട്ടുവെന്നും നിന്റെ രാജത്വം സ്ഥിരമാക്കുന്നതിനു എന്റെ മുമ്പാകെ ഹൃദയ നൈര്‍മല്യത്തോടെയും പരമാര്‍ത്ഥതയോടെയും നടക്കണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിക്കാതെ ദൈവത്തില്‍ നിന്നും അകലുകയാണെങ്കില്‍ യിസ്രായേല്‍ ഭൂമുഖത്തുനിന്നും നീക്കപ്പെടുമെന്നും ദേവാലയം ഒരു കല്‍ക്കൂമ്പാരമായി തീരുമെന്നും അവിടുന്ന് ശലോമോന് മുന്നറിയിപ്പ് നല്കുന്നു (1 രാജാ.9:39).
ബാബിലോന്യര്‍ വന്നു യഹൂദ പിടിച്ചടക്കി ദേവാലയം നശിപ്പിച്ചപ്പോള്‍ ക്രുത്യമായിട്ട് ഇതാണ് സംഭവിച്ചത്. ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഞാന്‍ സദാ കാലവും നിങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കും എന്ന് കരുതി എല്ലായ്‌പ്പോഴും നിങ്ങള്‍ക്കിഷ്ടമുള്ളപോലെ ജീവിക്കാമെന്നു നിങ്ങള്‍ കരുതരുത്’. നാം പിന്മാറി പോകുന്നതിനു വളരെ മുന്‍പ് തന്നെ ദൈവം നമുക്ക് മുന്നറിയിപ്പ് നല്കുന്നു.
1 രാജാ.അദ്ധ്യായം 10 ല്‍ ശലോമോന്റെ ആശ്ചര്യകരമായ ജ്ഞാനത്തെ കുറിച്ച് കേട്ട ശേബാ രാജ്ഞി അവനെ സന്ദര്‍ശിക്കുന്നതായി നാം വായിക്കുന്നു. വലിയ ജ്ഞാനി എന്ന പേര് ലോകമെമ്പാടുമുള്ളവനാണ് ശലോമോനെങ്കിലും അവന്‍ സമ്മിശ്ര സ്വഭാവക്കാരനായിരുന്നു. പല ക്രിസ്ത്യാനികളെയും പോലെ പരസ്യമായി മനോഹരമായ പ്രാര്‍ത്ഥന നടത്തുമ്പോള്‍ തന്നെ സ്വകാര്യ ജീവിതത്തില്‍ മറ്റാരെയും പോലെ ദൈവമില്ലാത്തവനായിരുന്നു. പല ക്രിസ്ത്യാനികളും അങ്ങനെതന്നെയാണ്. ഭോഗേച്ഛയില്‍ അവന്‍ ശിംശോനെ വെല്ലുവിളിക്കുന്നവനായിരുന്നു. അവനു 700 ഭാര്യമാരും, അത് പോരാഞ്ഞിട്ട് 300 വെപ്പാട്ടികളും ഉണ്ടായിരുന്നു (1 രാജാ.11:13). അവരില്‍ പലരും പുറജാതിക്കാരും ആയിരുന്നു. അവരെ ഓരോരുത്തരെയും മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആയിരിക്കാം അവന്‍ കണ്ടിരുന്നത്. ആ ഭാര്യമാര്‍ ഒടുവില്‍ അവനെ ദൈവത്തില്‍ നിന്നും അകറ്റി ഒരു വിഗ്രഹാരാധിയാക്കി തീര്‍ത്തു.
ശലോമോന്‍ പിന്മാറിയപ്പോള്‍ ദൈവം കോപിച്ചു അവനോട് അവന്റെ രാജ്യം രണ്ടാക്കുമെന്ന് പറഞ്ഞു (1 രാജാ.11:913). എന്നാല്‍ ദാവീദ് ഒരു ദൈവ മനുഷ്യന്‍ ആയിരുന്നതിനാല്‍ ദൈവം ശലോമോന്റെ ജീവിതകാലത്ത് അത് ചെയ്തില്ല (1.രാജാ.11:12). പിതാക്കന്മാരുടെ ദൈവഭക്തി നിമിത്തം മക്കള്‍ എത്രമാത്രം അനുഗ്രഹിക്കപ്പെടുമെന്നാണ് നാം ഇവിടെ കാണുന്നത്. ശലോമോനെ ബുദ്ധിമുട്ടിക്കുവാന്‍ പല ശത്രുക്കളേയും ദൈവം എഴുന്നേല്‍പ്പിച്ചു. എങ്കിലും അവന്‍ അനുതപിച്ചില്ല (1.രാജാ.11:14). യൊരോബെയാം തനിക്കെതിരെ തിരിയുമെന്നു ഭയന്ന ശലോമോന്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുന്നു (1.രാജാ.11:26,40). യൊരോബെയാം പിന്നീട് രാജാവാകുന്നു. ശലോമോന്‍ മരിക്കുകയും ചെയ്തു (1.രാജാ.11:43).