സാക് പുന്നന്‍
പൗലൊസ് പറയുന്നത്, അദ്ദേഹം തൻ്റെ ഗുണമല്ല അന്വേഷിക്കുന്നത്, എന്നാൽ അനേകർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണമത്രെ അന്വേഷിക്കുന്നത് എന്നാണ്. അദ്ദേഹം യേശുവിൻ്റെ മാതൃക പിൻതുടരുന്നതുപോലെ നാം അദ്ദേഹത്തിൻ്റെ മാതൃക പിൻതുടരാൻ പൗലൊസ് തുടർന്ന് നമ്മോട് ആവശ്യപ്പെടുന്നു (1 കൊരി. 10:33; 11:1 ഇവ ഒരുമിച്ചു ചേർത്തു വായിക്കുക).
മോഹം, കോപം, കയ്പ്, പണസ്നേഹം മുതലായവയെ ജയിക്കുന്നതു പോലെയുള്ള ചില മേഖലകളിൽ നമുക്ക് യേശുവിനെ പിന്തുടരുവാൻ (അനുഗമിക്കുവാൻ) സാധ്യമാണ്, അപ്പോഴും ജഡത്തിലെ പാപത്തിൻ്റെ വേരിൽ മുട്ടാതിരിക്കുവാനും കഴിയും. ലൂസിഫറും ആദാമും പാപം ചെയ്തത് വ്യഭിചാരമോ കൊലപാതകമോ ചെയ്തതിനാലോ, പരദൂഷണത്താലോ അല്ലെങ്കിൽ ഏഷണിയാലോ, കണ്ണു കൊണ്ടു മോഹിച്ചതിനാലോ അല്ല. അവർ രണ്ടു പേരും പാപം ചെയ്തത് അവരുടെ സ്വന്തം പ്രയോജനവും ലാഭവും അന്വേഷിച്ചതിനാലാണ്. ഇതാണ് എല്ലാ പാപത്തിൻ്റെയും വേര് – നമ്മുടെ സ്വാർത്ഥം അന്വേഷിക്കുന്നത്.
ഈ ദുഷ്ടത നിറഞ്ഞ വേരിന് കോടാലി വച്ചാൽ മാത്രമേ, നമ്മുടെ ജീവിതങ്ങളുടെ അടിസ്ഥാന ദിശ വ്യത്യാസപ്പെടുകയുള്ളു. അതു വരെ, പല മേഖലകളിലും നമുക്കു വിജയം നേടാൻ കഴിയുകയും, അപ്പോഴും നാം നമ്മുടെ സ്വാർത്ഥ ലാഭവും പ്രയോജനവും മാനവും അന്വേഷിക്കുന്നവരായി തുടരുകയും ചെയ്യാൻ കഴിയും. അതുകൊണ്ടാണ് പാപത്തിന്മേൽ വിജയം പ്രസംഗിക്കുന്നവരിൽ പോലും അനേകർ പരീശന്മാരായി അവസാനിക്കുന്നത്.
എന്നാൽ തങ്ങളുടെ സ്വാർത്ഥം അന്വേഷിക്കുന്നത് അവസാനിപ്പിക്കുന്ന കാര്യം ഗൗരവമായി എടുക്കുന്നവർ പൗലൊസിനെ പോലെ, “അനേകർ രക്ഷിക്കപ്പെടേണ്ടതിന് മറ്റുള്ളവരുടെ ഗുണം അന്വേഷിക്കുവാൻ” (1. കൊരി. 10:33) തങ്ങളും ആരംഭിച്ചു എന്ന് അവർ കണ്ടെത്തും. ഇതിനു മുമ്പുള്ള വാക്യത്തിൽ പൗലൊസ് 3 വിഭാഗങ്ങളിലുള്ളവരെ കുറിച്ചു പറയുന്നു (1കൊരി.10:32). “യഹൂദന്മാരും, ജാതികളും, സഭയിലുള്ളവരും” – പഴയ ഉടമ്പടിയിൻ കീഴിലുള്ളവർ, ഒരു ഉടമ്പടിയുടെയും കീഴിൽ അല്ലാത്തവർ, പുതിയ ഉടമ്പടിയുടെ കീഴിലുള്ളവർ. ഇവരെല്ലാവരും രക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇന്നു നമുക്കു ചുറ്റും ഇതേ മൂന്നു വിഭാഗങ്ങളിലുള്ളവർ ഉണ്ട്- പാപത്തിന്മേൽ വിജയം ഇല്ലാത്ത വിശ്വാസികൾ (പഴയ ഉടമ്പടി), അവിശ്വാസികൾ (ഒരു ഉടമ്പടിയുമില്ല) കൂടാതെ ജയജീവിതം നയിക്കുന്ന യേശുവിൻ്റെ ശിഷ്യന്മാർ (പുതിയ ഉടമ്പടി). ഈ മൂന്നു കൂട്ടരോടുമുള്ള നമ്മുടെ മനോഭാവം ഇതായിരിക്കണം: “ഞാൻ എൻ്റെ ഗുണം അന്വേഷിക്കുന്നില്ല, എന്നാൽ അവരുടെ ജഡത്തിൽ വസിക്കുന്ന എല്ലാ പാപത്തിൽ നിന്നും അവർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണം അന്വേഷിക്കുന്നു”. സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കു വന്നപ്പോൾ, യേശുവിൻ്റെ മനോഭാവം ഇതായിരുന്നു.
വിശ്വാസികൾക്ക്, “ഞാൻ എൻ്റെ ഗുണമല്ല, മറ്റുള്ളവർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണമത്രേ അന്വേഷിക്കുന്നത്” എന്ന മനോഭാവം ഉണ്ടാകുമ്പോൾ മാത്രമേ – അവർക്ക് ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയാൻ കഴിയൂ. അല്ലാത്ത പക്ഷം മീറ്റിംഗുകളിൽ അവർ നടത്തുന്ന ഗഹനമായ വിഷയങ്ങളെ കുറിച്ചുള്ള പങ്കു വയ്ക്കൽ പോലും അവരുടെ സ്വന്തമാനത്തിനായിരിക്കും.
യേശു ഒരിക്കലും അവിടുത്തെ സ്വാർത്ഥം അന്വേഷിച്ചില്ല. അവിടുന്ന് എപ്പോഴും തൻ്റെ പിതാവിൻ്റെ മഹത്വം അന്വേഷിച്ചു. ഇതു മാത്രമാണ് യാർത്ഥ ആത്മീയത- ഇതിൽ കുറഞ്ഞതൊന്നുമല്ല. ഒരാൾ ജീവിക്കുന്നതിൻ്റെ ആത്യന്തിക ലക്ഷ്യം എന്താണ് എന്നതാണ് അയാൾ ഒരു ദൈവഭക്തനാണോ അതോ ഒരു പാപിയാണോ എന്നു തീരുമാനിക്കുന്നത്- അല്ലാതെ അവിടെയും ഇവിടെയും മോഹം, കോപം തുടങ്ങിയവയുടെ മേൽ അയാൾക്ക് ഉണ്ടാകുന്ന ചെറിയ വിജയങ്ങൾ മാത്രമല്ല- ഇവയും പ്രാധാന്യമുള്ളവയാണെങ്കിലും, കാരണം ഒരുവൻ തൻ്റെ സ്വന്ത ആനന്ദം അന്വേഷിക്കുന്നില്ല എന്ന് ഇവ തെളിയിക്കുക കൂടി ചെയ്യുന്നു.
മറ്റൊരു സന്ദർഭത്തിൽ യേശു പറഞ്ഞതുപോലെ, “നിങ്ങൾ ഇതു ചെയ്യുകയും അതു ത്യജിക്കാതിരിക്കുകയും വേണം”.