അടുക്കളയില്‍ നിന്നൊരു പാഠം

തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ചു വിവാഹിതയായ മകള്‍ വന്ന് അമ്മയോടു പരാതി പറയുകയായിരുന്നു. ദൈവ ഭക്തയായ അമ്മ മകളെ ഒരു പ്രായോഗിക പാഠം പഠിപ്പിക്കാനായി ഉടനെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി.

അടുക്കളയില്‍ അമ്മ മൂന്നു പാത്രങ്ങളില്‍ ഒരേ പോലെ വെള്ളം എടുത്തിട്ട് അവ തിളയ്ക്കാന്‍ വച്ചു. ആദ്യ പാത്രത്തിലെ വെള്ളത്തില്‍ അമ്മ ഒരു ഉരുളക്കിഴങ്ങും രണ്ടാമത്തേതില്‍ ഒരു മുട്ടയും മൂന്നാമത്തേതില്‍ കാപ്പിപ്പൊടിയും ഇട്ടു.

വെള്ളം തിളച്ചു കഴിഞ്ഞപ്പോള്‍ മൂന്നു പാത്രങ്ങളും അമ്മ വാങ്ങി വച്ചു. എന്നിട്ട് അമ്മ ഇങ്ങനെ വിശദീകരിച്ചു.

”മോളേ, നോക്ക്, മൂന്നു പാത്രങ്ങളിലും ഒരേ പോലെ വെള്ളം, മൂന്നും ഒരേ സമയം ചൂടാക്കി, മൂന്നും തിളച്ചു. ചൂട് പ്രതികൂല സാഹചര്യത്തെ കാണിക്കുന്നു”.

എന്നാല്‍ ഒരേ പോലെ പ്രതികൂല സാഹചര്യം വന്നപ്പോള്‍ മൂന്നു വസ്തുക്കളും മൂന്നു തരത്തിലാണു പ്രതികരിച്ചത്. ഉരുളക്കിഴങ്ങ് ആദ്യം നല്ല കട്ടിയുള്ളതായിരുന്നു. എന്നാല്‍ തിളച്ച വെള്ളത്തിലൂടെ കടന്നുപോയപ്പോള്‍, ഇപ്പോള്‍ തൊട്ടു നോക്കൂ. അത് അങ്ങേയറ്റം മൃദുലവും മാര്‍ദ്ദവവുമുള്ളതായിത്തീര്‍ന്നു. എന്നാല്‍ മുട്ടയുടെ കാര്യം നോക്കുക. പച്ചമുട്ടയുടെ ഉള്‍വശം വെള്ളംപോലെയാണെന്നു നിനക്കറിയാമല്ലോ. പക്ഷേ തിളച്ച വെള്ളത്തില്‍ കിടന്ന ഈ മുട്ടയുടെ തോടു മാറ്റി നോക്കൂ. മുട്ടയുടെ ഉള്‍വശം ഇപ്പോള്‍ കട്ടിയായി. പ്രതികൂല സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ നീ ഉരുളക്കിഴങ്ങു പോലെ മൃദുലമാകുകയാണോ അതോ മുട്ടപോലെ കഠിനമാകുകയാണോ? സാഹചര്യം ഒന്ന്; പക്ഷേ പ്രതികരണം രണ്ടു വിധത്തില്‍. ദൈവം നമ്മെ കൂടുതല്‍ മാര്‍ദ്ദവമുള്ളവരാക്കാന്‍ പ്രതികൂല സാഹചര്യത്തിലൂടെ കടത്തി വിടുമ്പോള്‍ നീ ഏതു വിധത്തില്‍ പ്രതികരിക്കുന്നു?

മൂന്നാമത്തെ പാത്രത്തിലെ കാപ്പിപ്പൊടി തിളച്ച വെള്ളത്തിലൂടെ കടന്നു പോയപ്പോള്‍ അത് അതിന്റെ രുചിയും സ്വാദും ആ വെള്ളത്തിനു നല്‍കി സ്വയം ഇല്ലാതായി. പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മില്‍ നിന്നുയരുന്ന ഗന്ധം എന്താണ്? നാം മറ്റു ള്ളവരെ രുചിപ്പെടുത്തുന്നവരാകുന്നുണ്ടോ?” അമ്മ പറഞ്ഞു നിര്‍ത്തി.

അടുക്കളയില്‍ നിന്നു പഠിച്ച പാഠം നല്‍കിയ തെളിഞ്ഞ മുഖത്തോടെ മകള്‍ ഭര്‍ത്തൃ ഗൃഹത്തിലേക്കു സസന്തോഷം മടങ്ങി.


What’s New?