സാക് പുന്നന്‍
ശലോമോൻ്റെ ഉത്തമഗീതം 1:5ൽ – മണവാട്ടി ഇപ്രകാരം പറയുന്നു. “ഞാൻ കറുത്തവളാണ് എങ്കിലും അഴകുള്ളവളാണ്”. ഇങ്ങനെ പറയുമ്പോൾ അവൾ അർത്ഥമാക്കുന്നത് അവൾ വിരൂപയാണെന്നു വരികിലും, അവളുടെ മണവാളൻ പ്രാഥമികമായി തെരഞ്ഞെടുത്തിരിക്കുന്നത് ലോകത്തിൽ ദരിദ്രരും ഭോഷന്മാരും ആയവരെയാണ്, ശക്തന്മാരെയും കുലീനന്മാരെയും ബുദ്ധിമാന്മാരെയും അല്ല എന്നാണ് (1കൊരി.1:26-29). നമ്മിൽ ചിലർക്കെങ്കിലും ഇങ്ങനെ തോന്നിയേക്കാം, “ഞാൻ മറ്റുള്ളവരെപോലെ കഴിവുള്ളവനല്ല. ഞാൻ ബുദ്ധിമാനല്ല. മറ്റുള്ളവരെപോലെ സംസാരിക്കാൻ എനിക്കു കഴിയില്ല. എൻ്റെ കഴിവുകളിൽ ഞാൻ വളരെ പരിമിതിയുള്ളവനാണ്”. എന്നിട്ടും കർത്താവു നമ്മെ തെരഞ്ഞെടുത്തു. യെരുശലേമിൽ കൂടുതൽ സൗന്ദര്യമുള്ള സ്ത്രീകൾ ഉണ്ടായിരുന്നു. എന്നാൽ മണവാളൻ ഈ കറുത്തവളെ തെരഞ്ഞെടുത്തു.
യേശു അതു ചെയ്തതിനു കാരണം, ഹൃദയത്തിൻ്റെ ഗുണനിലവാരമാണ് അവിടുന്ന് അന്വേഷിക്കുന്നത്, ബാഹ്യരൂപമോ, വരങ്ങളോ കഴിവുകളോ അല്ല. ഇവിടെ നാം ചില കാര്യങ്ങൾ പഠിക്കണം. നമ്മുടെ സ്വഭാവിക കഴിവുകൾ, കുടുംബ പശ്ചാത്തലം, നേട്ടങ്ങൾ ഇവയൊന്നും ദൈവത്തിന് വാസ്തവത്തിൽ ഒരു വിലയും ഇല്ലാത്തതാണ്. ഭക്തിയുള്ള ഒരു ഹൃദയമാണ് അവിടുന്ന് അന്വേഷിക്കുന്നത്. കർത്താവ് ഒരുവനെ തൻ്റെ ദാസനാക്കുവാൻ വേണ്ടി നോക്കുമ്പോൾ അവിടുന്ന് അന്വേഷിക്കുന്നത് ഇതാണ്.
താൻ കറുത്തവൾ ആണെങ്കിലും, തൻ്റെ മണവാളൻ്റെ കണ്ണുകളിൽ അവൾ അഴകുള്ളവളാണ് എന്ന് മണവാട്ടിക്കറിയാം. വിവാഹിതരായ അനേകം സ്ത്രീകളും പ്രയാസപ്പെടുന്നതിൻ്റെ കാരണം അവരുടെ ഭർത്താക്കന്മാർ യഥാർത്ഥത്തിൽ അവരെ അംഗീകരിക്കുകയും അവരിൽ സന്തോഷിക്കുകയും ചെയ്യുന്നതായി ഭാര്യമാർക്കു തോന്നുന്നില്ല എന്നതാണ്. ഞാൻ എൻ്റെ ഭാര്യയിൽ സന്തോഷിക്കുന്നു. ഭർത്താക്കന്മാരായ നിങ്ങൾ എല്ലാവരും അതു ചെയ്യും എന്നു ഞാൻ പ്രതീക്ഷിക്കുന്നു . നിങ്ങൾ അവളിൽ സന്തോഷിക്കുന്നു എന്ന് നിങ്ങളുടെ ഭാര്യ അറിയണം എന്നത് വളരെ പ്രധാനമാണ്. അതുപോലെ, കർത്താവ് തങ്ങളിൽ സന്തോഷിക്കുന്നു എന്ന് പല വിശ്വാസികളും മനസ്സിലാക്കുന്നില്ല. സെഫന്യാവ് 3:17 ൽ ഇപ്രകാരം പറയുന്നു, “നിൻ്റെ മധ്യേയുള്ള ദൈവമായ യഹോവ ശക്തനാണ്. അവിടുന്ന് നിങ്ങളിൽ സന്തോഷിക്കുന്നു”. നാം അവിടുത്തെ മക്കളായിട്ടുണ്ട് എന്നതിൽ ദൈവം വളരെ സന്തോഷവാനാണ്. അതു നിങ്ങൾക്കറിയാമോ? മനുഷ്യൻ്റെ കണ്ണുകളിൽ നാം വിരൂപരായിരിക്കാം, എന്നാൽ ദൈവത്തിൻ്റെ കണ്ണുകളിൽ നാം സൗന്ദര്യമുള്ളവരാണ്. ഇതു വ്യക്തമായി മനസ്സിലാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
“അഴകുളള, വെളുത്ത, പരിഷ്കാരികളായ പെൺകുട്ടികളേ, നിങ്ങൾ പുച്ഛത്തോടെ എന്നെ നോക്കരുത്” (ശലോമോൻ്റെ ഉത്തമ ഗീതം 1:6). അവൾ സംസ്കാരമില്ലാത്ത ഒരു ഗ്രാമീണ പെൺകുട്ടി ആയിരുന്നതിനാൽ യെരുശലേമിലെ പരിഷ്കാരികളായ പെൺകുട്ടികൾ അവളെ പുച്ഛത്തോടെ നോക്കി. എന്നാൽ മണവാളൻ ആ സാമർഥ്യമുള്ള സുന്ദരികളായ എല്ലാ പരിഷ്കാരി പെൺ കുട്ടികളെയും അവഗണിച്ചിട്ട് ആ ഗ്രാമീണ പെൺകുട്ടിയെ തെരഞ്ഞെടുത്തു. അങ്ങനെയാണ് കർത്താവ് നമ്മെ തെരഞ്ഞെടുത്തിരിക്കുന്നത്. അതിനായി കർത്താവിനെ സ്തുതിക്കുന്നു! മറ്റു വിശ്വാസികൾ നിങ്ങളെ നിന്ദിക്കുന്നുണ്ടോ? നിങ്ങൾ നിരുത്സാഹപ്പെടരുത്, കാരണം നിങ്ങൾ കർത്താവിനു വിലയുള്ളവനാണ്! നാം വൃത്തികെട്ട്, ചീഞ്ഞഴുകി, ഉപേക്ഷിക്കപ്പെട്ട നിലയിൽ വഴിയരികിൽ നിസ്സഹായരായി കിടന്നപ്പോൾ ദൈവം നമ്മെ എങ്ങനെ എടുത്തുയർത്തി എന്ന കാര്യം വിവരിക്കുന്ന മനോഹരമായ ഒരധ്യായമാണ് യെഹെസ്കേൽ 16.
ശലോമോൻ്റെ ഉത്തമ ഗീതം 5:16ൽ മണവാട്ടി തൻ്റെ മണവാളനെ വിവരിക്കുന്നത് “അവൻ സർവ്വാംഗ സുന്ദരൻ തന്നെ. ഇവനത്രെ എൻ്റെ പ്രിയൻ. ഇവനത്രെ എൻ്റെ സ്നേഹിതൻ” എന്നാണ്. യേശു നിങ്ങളുടെ രക്ഷകൻ മാത്രമല്ല, നിങ്ങളുടെ സ്നേഹിതനും കൂടിയാണ് എന്നു നിങ്ങൾക്കു പറയാൻ കഴിയുമോ? യേശു നിങ്ങൾക്ക് ഏറ്റവും അടുത്തവനും പ്രിയപ്പെട്ടവനുമായ സ്നേഹിതൻ ആയിരിക്കട്ടെ.