സാക് പുന്നൻ
സാത്താൻ്റെ മുഖ്യ ആയുധങ്ങളിലൊന്നാണ് “ഭയം”. അത് അവൻ സ്ഥിരമായി ഉപയോഗിക്കുന്നു. വിശ്വാസികൾ മറ്റുള്ളവരെ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ, അവർ (ബോധമില്ലാതെയാണെങ്കിൽ പോലും) സാത്താനുമായി കൂട്ടായ്മയിലാണ്, കാരണം അവർ ഉപയോഗിക്കുന്നത് സാത്താൻ്റെ ആയുധ ശാലയിൽ നിന്നുള്ള ഒരു ആയുധമാണ്. “ദൈവം നമുക്കു നൽകിയിരിക്കുന്നത് ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല” (2തിമൊ.1:7). ഭയം എപ്പോഴും സാത്താൻ്റെ ഒരായുധമാണ്. അതുകൊണ്ട് മനുഷ്യൻ നമുക്കെതിരെ പ്രയോഗിക്കുന്ന ഭീഷണികളെയും ഭയപ്പെടുത്തുന്ന തന്ത്രങ്ങളെയും നാം ഭയപ്പെടരുത്. അങ്ങനെയുള്ള മനുഷ്യർ, അവർ തങ്ങളെ തന്നെ “വിശ്വാസികൾ” എന്നു വിളിക്കുന്നെങ്കിലും, സാത്താൻ്റെ ഏജൻ്റുമാർ ആണ്. ഇത് നമ്മുടെ മുഴുജീവിതത്തിലും നമുക്കുള്ള ഒരു പാഠമാണ്.
ആളുകളെ “ഭയപ്പെടുത്തുന്ന” വിധത്തിൽ നാം പ്രസംഗിക്കുക പോലും അരുത്. ജനങ്ങൾക്ക് നരകത്തെ കുറിച്ചു മുന്നറിയിപ്പു നൽകുന്നതും അവരെ പേടിപ്പിക്കാൻ ശ്രമിക്കുന്നതും തമ്മിൽ ഒരു വ്യത്യാസമുണ്ട്. യേശു ഒരിക്കലും ആരെയും ഭയപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. വ്യത്യസ്ത വാക്യങ്ങൾ ഉദ്ധരിച്ച് നമ്മെ അപരാധത്തിനും കുറ്റം വിധിക്കും കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രാസംഗികരാൽ നാമും ഒരിക്കലും അധൈര്യപ്പെടുത്തപ്പെടരുത്. തങ്ങളുടെ സഭ വിട്ടു പോകുക അല്ലെങ്കിൽ തങ്ങളുടെ ദശാംശം അവർക്കു കൊടുക്കാതിരിക്കുക മുതലായവ ചെയ്താൽ ദൈവത്തിൻ്റെ ന്യായവിധി കാണിച്ച് പ്രാസംഗികർ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നു. ഇവയെല്ലാം സാത്താൻ്റെ തന്ത്രങ്ങളാണ്.
“ദൈവ ഭയത്തിൽ മണത്തറിഞ്ഞ് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നത് വളരെ പ്രാധാന്യമുള്ളതാണ്” (യെശ.11:3 അക്ഷരാർത്ഥത്തിലുള്ള തർജ്ജമ). അനേകം റോഡുകൾ കൂടി ചേരുന്ന ഒരു ജംഗ്ഷനിൽ പോലും, ഒരു പോലീസ് നായയ്ക്ക് ഒരു കുറ്റവാളിയുടെ മണം പിടിച്ചെടുക്കാൻ കഴിയുന്നതു പോലെ, കർത്താവിന് പ്രസാദമുള്ള കാര്യങ്ങളോട് നമ്മെ സംവേദനക്ഷമതയുള്ളവരാക്കി തീർക്കുവാൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു, അങ്ങനെ പല ശബ്ദങ്ങൾ കേൾക്കുന്ന ഏത് കവലയിലും, ദൈവത്തെ മഹത്വീകരിക്കുന്ന പാത ഏതാണെന്ന് നാം അറിയും. നിങ്ങൾ എല്ലാവരും ഈ മേഖലയിൽ മണത്തറിയുന്നതിനു വേഗതയുള്ളവരായി തീരട്ടെ. ചുറ്റിലും പാപവും അഴിമതിയും ഉള്ള ദുഷ്ടതയുള്ള ഒരു ദേശത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളെ തന്നെ നിർമ്മലരായി സൂക്ഷിക്കുക.
സാത്താൻ്റെ പ്രാഥമിക ആയുധങ്ങളിൽ മറ്റൊന്നാണ് നിരുത്സാഹം (നിരാശ). നിരാശ (നിരുത്സാഹം) എപ്പോഴും സാത്താനിൽ നിന്നാണ് – അതെ, എപ്പോഴും – ഒരിക്കലും അത് ദൈവത്തിൽ നിന്നല്ല. അതുകൊണ്ട് ഒരിക്കലും ഒന്നും നിങ്ങളെ നിരുത്സാഹപ്പെടുത്തരുത് – ശാരീരികമോ, ഭൗതികമോ, വിദ്യാഭ്യാസപരമോ അല്ലെങ്കിൽ ആത്മീയമോ, എന്തായാലും അതൊന്നും.
ആദ്യം നിങ്ങളെ നിരുത്സാഹപ്പെടുത്തിയിട്ട് നിങ്ങളെ പാപത്തിലേക്കു നയിക്കുക എന്നതാണ് സാത്താൻ്റെ ഉദ്ദേശ്യം. ഏകാന്തതയും ഗൃഹാതുരത്വവും നിരുത്സാഹത്തിൻ്റെ ഉറവിടമാകാൻ കഴിയും – നിങ്ങൾ ശ്രദ്ധാലുക്കൾ അല്ലെങ്കിൽ. നിങ്ങൾ അതിനോടു യുദ്ധം ചെയ്ത് ജയിക്കണം. ദൈവം നിങ്ങൾക്കു കൃപ നൽകും.
നിങ്ങൾക്കു കാണാൻ കഴിയാത്തതും നിങ്ങൾ പരിഗണിച്ചിട്ടില്ലാത്തതുമായി നിങ്ങൾക്കു മുന്നിൽ കാണുന്ന അപകടങ്ങളെ കുറിച്ച് കർത്താവ് മുൻകൂട്ടി മുന്നറിയിപ്പു നൽകട്ടെ. കർത്താവു നിങ്ങൾക്കും വിവേകം നൽകി സംരക്ഷിക്കട്ടെ.
വിശ്വാസത്തോടെ അവിടുത്തോടു ചോദിക്കുന്നവർക്ക് ദൈവം വിവേകം (ജ്ഞാനം) വാഗ്ദാനം ചെയ്തിരിക്കുന്നു (യാക്കോബ് 1:5). നിങ്ങൾ ചോദിച്ചില്ലെങ്കിലോ അല്ലെങ്കിൽ ദൈവം നിശ്ചയമായും നിങ്ങൾക്കാവശ്യമായ വിവേകം തരുമെന്നു വിശ്വസിക്കാതെ ചോദിച്ചാലോ അതു നിങ്ങൾക്കു ലഭിക്കുകയില്ല.
ദൈവത്തിൻ്റെ ലക്ഷ്യം ഏതു വിധത്തിലും കൂടതൽ പണമുണ്ടാക്കുവാൻ നിങ്ങളെ സഹായിക്കുക എന്നതല്ല എന്നാൽ കൂടുതലായി ക്രിസ്തുവിനെ പോലെ ആക്കിതീർക്കുക എന്നതാണെന്ന് ഓർക്കുക. നിങ്ങൾക്ക് അനുയോജ്യം എന്നു ദൈവം കാണുന്ന ഭൗതിക സമൃദ്ധി എന്തുതന്നെ ആയാലും, അത് അവിടുന്നു നിങ്ങൾക്കു നൽകും. എന്നാൽ അതല്ല പ്രാഥമികം – കാരണം പണം സമ്പാദിക്കുകയും സ്വരൂപിക്കുകയും ചെയ്യാനുള്ള കഷ്ടപ്പാട് ദൈവം ലൗകികന്മാർക്കു (പാപികൾക്കു) നൽകിയിരിക്കുന്നു – നമുക്കല്ല (സഭാ.പ്ര.2:26 കാണുക).