ദൈവ മഹത്വത്തിനു വേണ്ടി ജീവിക്കുന്നത് – WFTW 17 ജൂലൈ 2022

സാക് പുന്നന്‍

“സകലവും അവനിൽ നിന്നും അവനാലും അവനിലേക്കും ആകുന്നുവല്ലോ” (റോമ. 11: 36 ). ദൈവം ആൽഫയും ഒമേഗയും ആണ്, ആരംഭവും അവസാനവും ആണ്, ആദ്യനും അന്ത്യനും ആണ്. അതുകൊണ്ട് ഒരു നിത്യമായ പ്രകൃതമുള്ള എല്ലാ കാര്യങ്ങളും ഉത്ഭവിക്കുന്നത് ദൈവത്തിൽ ആയതുകൊണ്ട് അവയുടെ അവസാനവും അവ കണ്ടെത്തുന്നത് ദൈവത്തിൽ തന്നെയാണ്. ദൈവത്തിന് മഹത്വം കൊണ്ടുവരേണ്ടതിനാണ് എല്ലാ കാര്യങ്ങളും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത്. ഇത് ദൈവം സ്വാർത്ഥോദ്ദേശ്യത്തോടെ നമ്മിൽനിന്നു മഹത്വം ആഗ്രഹിക്കുന്നതുകൊണ്ടല്ല. അവിടുന്ന് പൂർണ്ണമായി തന്നിൽ തന്നെ സ്വയം പര്യാപ്തനാണ്, തന്നെയുമല്ല അവിടുത്തെ സ്വയം പര്യാപ്തതയോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനായി നമുക്ക് നൽകാവുന്നത് ഒന്നുമില്ല താനും. അവിടുത്തെ മഹത്വം അന്വേഷിക്കാനായി അവിടുന്നു നമ്മെ വിളിക്കുമ്പോൾ, അത് നമ്മുടെ ഏറ്റവും ഉന്നതമായ നന്മയ്ക്കുള്ള മാർഗ്ഗം ആയതുകൊണ്ടാണ്. അല്ലാത്തപക്ഷം നാം സ്വയം കേന്ദ്രീകൃതരായിട്ട് നമ്മുടെ അവസ്ഥ ദുരിതപൂർണമായി തീരും.

ദൈവത്തിൽ കേന്ദ്രീകൃതമായിരിക്കുക എന്നത് സൃഷ്ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു അവിഭാജ്യ നിയമമാണ്. സ്വതന്ത്ര ഇച്ഛയുള്ള ധാർമ്മിക സൃഷ്ടികളാൽ മാത്രമേ ആ നിയമം ലംഘിക്കപ്പെടാൻ കഴിയൂ. ജീവനില്ലാത്ത സൃഷ്ടികൾ സന്തോഷത്തോടെ അതിൻ്റെ സൃഷ്ടാവിനെ അനുസരിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ആദാം ആ നിയമം അനുസരിക്കാതിരുന്നതിൻ്റെ അനന്തരഫലമാണ് മനുഷ്യവർഗ്ഗത്തിൻ്റെ ദുരിതത്തിൽ നാം കാണുന്നത്.

കർത്താവ് തൻ്റെ ശിഷ്യന്മാരെ, പഠിപ്പിച്ച പ്രാർത്ഥനയിലെ ഏറ്റവും ഒന്നാമത്തെ അപേക്ഷ, “അവിടുത്തെനാമം വിശുദ്ധീകരിക്കപ്പെടേണമെ” എന്നാണ്. ഇതായിരുന്നു കർത്താവായ യേശുവിൻ്റെ ഹൃദയത്തിലെ പ്രാഥമികമായ ആഗ്രഹം. “പിതാവേ, അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നു പ്രാർത്ഥിച്ചിട്ട് അവിടുന്ന് ക്രൂശിൻ്റെ മാർഗ്ഗം തെരഞ്ഞെടുത്തു, കാരണം അതായിരുന്നു പിതാവിൻ്റെ മഹത്വത്തിലേക്കുള്ള വഴി (യോഹ. 12:27, 28 ).

കർത്താവായ യേശുവിൻ്റെ ജീവിതത്തെ ഭരിച്ച ഒരു പരമോന്നത താല്പര്യം – പിതാവിൻ്റെ മഹത്വം ആയിരുന്നു. അവിടുന്നു ചെയ്ത ഓരോ കാര്യവും പിതാവിൻ്റെ മഹത്വത്തിനു വേണ്ടി ആയിരുന്നു. അവിടുത്തെ ജീവിതത്തിൽ വിശുദ്ധമെന്നും ലൗകികമെന്നും വേർതിരിക്കപ്പെട്ട ഭാഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം വിശുദ്ധമായിരുന്നു. അവിടുന്നു പ്രസംഗിച്ചതും രോഗികളെ സൗഖ്യമാക്കിയതും എത്രമാത്രം ദൈവമഹത്വത്തിനു വേണ്ടി ആയിരുന്നോ അത്രയും തന്നെ ദൈവ മഹത്വത്തിനു വേണ്ടിയാണ് അവിടുന്ന് സ്റ്റൂളും ബെഞ്ചും ഒക്കെ ഉണ്ടാക്കിയത്. എല്ലാ ദിവസങ്ങളും അവിടുത്തേക്ക് ഒരു പോലെ വിശുദ്ധമായിരുന്നു, ദൈനംദിന ആവശ്യങ്ങൾക്കു വേണ്ടി ചെലവഴിച്ച പണം, ദൈവ വേലയ്ക്കോ അല്ലെങ്കിൽ ദരിദ്രർക്കോ കൊടുത്ത പണം പോലെ തന്നെ, വിശുദ്ധമായിരുന്നു.

യേശു എല്ലായ്പോഴും പൂർണ്ണമായ ഹൃദയ സ്വസ്ഥതയിലാണ് ജീവിച്ചത് കാരണം അവിടുന്ന് എപ്പോഴും തൻ്റെ പിതാവിൻ്റെ മഹത്വം മാത്രം അന്വേഷിക്കുകയും പിതാവിൻ്റെ അംഗീകാരം മാത്രം ഗൗനിക്കുകയും ചെയ്തു. അവിടുന്നു തൻ്റെ പിതാവിൻ്റെ മുമ്പാകെ ജീവിച്ചു തന്നെയുമല്ല മനുഷ്യൻ്റെ മാനത്തിനോ പുകഴ്ചയ്ക്കോ താൽപര്യം കാണിച്ചില്ല. സ്വന്തമായി സംസാരിക്കുന്നവൻ സ്വന്ത മഹത്വം അന്വേഷിക്കുന്നു എന്നു യേശു പറഞ്ഞു (യോഹ. 7:18).

ദേഹീപരനായ ക്രിസ്ത്യാനി, അവൻ ദൈവമഹത്വം അന്വേഷിക്കുന്നു എന്ന് എത്രമാത്രം പുറമേ പ്രദർശിപ്പിച്ചാലും അല്ലെങ്കിൽ നടിച്ചാലും യഥാർത്ഥത്തിൽ ഹൃദയത്തിൻ്റെ ആഴത്തിൽ അവൻ സ്വന്ത മാനത്തിൽ താൽപര്യമുള്ളവനാണ്. മറിച്ച് യേശു ഒരിക്കലും അവിടുത്തേക്കു വേണ്ടി തന്നെ ഒരു മാനവും അന്വേഷിച്ചില്ല. മനുഷ്യൻ്റെ ബുദ്ധിയിൽ നിന്ന് ഉത്ഭവിക്കുന്നതും മാനുഷിക നൈപുണ്യത്തിലൂടെയും കഴിവുകളിലൂടെയും നടപ്പാക്കപ്പെടുന്നതുമായതെല്ലാം, മനുഷ്യനെ മഹത്വപ്പെടുത്തുന്നതിൽ അവസാനിക്കും. ദേഹിയിൽ ആരംഭിക്കുന്നത് സൃഷ്ടിയെ മാത്രമേ മഹത്വപ്പെടുത്തുകയുള്ളു. എന്നാൽ സ്വർഗ്ഗത്തിലോ നിത്യ യുഗങ്ങളിൽ ഭൂമിയിലോ ഒരു മനുഷ്യനും മാനമോ മഹത്വമോ കൊണ്ടുവരുന്നതൊന്നും ഉണ്ടായിരിക്കുകയില്ല. കാലത്തെ അതിജീവിച്ച് നിത്യതയുടെ വാതിൽ കടക്കുന്ന ഓരോ കാര്യവും ദൈവത്തിൽനിന്നും, ദൈവത്തിലൂടെയും, ദൈവത്തിലേക്കും ഉള്ളതായിരിക്കും.

ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രവൃത്തിക്ക് വിലയും യോഗ്യതയും നൽകുന്നത്, അതിനു പിന്നിലുള്ള ഉദ്ദേശ്യമാണ്. നാം എന്തു ചെയ്യുന്നു എന്നതു പ്രാധാന്യമുള്ളതാണ്, എന്നാൽ എന്തുകൊണ്ട് അതു ചെയ്യുന്നു എന്നത് അതിലും വളരെയധികം പ്രാധാന്യമുള്ളതാണ്.