ബൈബിളിലൂടെ : 2 ദിനവൃത്താന്തം

ആലയം പണിയുകയും അത് തകര്‍ക്കപ്പെടുകയും


2 ദിനവൃത്താന്തത്തിലെ ആദ്യ 9 അധ്യായങ്ങള്‍ മുന്‍പ് 1 രാജാക്കന്മാരുടെ പുസ്തകത്തില്‍ കണ്ടിട്ടുള്ള ശലോമോന്റെ ഭരണകാലത്തെ സംബന്ധിച്ചുള്ളതാണ്.

10 മുതല്‍ 36 വരെയുള്ള അധ്യായങ്ങളില്‍ യെഹൂദയുടെ ഭരണാധികാരികളായിരുന്ന ഈ 20 രാജാക്കന്മാരുടെ ഭരണകാലത്തെ സംബന്ധിച്ച് വായിക്കുന്നു: രെഹബെയാം, അബിയാ, ആസ, യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ്, അഥല്യാ (രാജ്ഞി), യോവാശ്, അമസ്യാവ്, ഉസ്സിയാവ്, യോഥാം, ആഹാസ്, യെഹിസ്‌ക്കിയാവ്, മനശ്ശെ, ആമോന്‍, യോശീയാവ്, യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീന്‍, സിദെക്കിയാവ്. ഈ അധ്യായങ്ങളില്‍ യെഹൂദ ദൈവത്തില്‍ നിന്നു പിന്മാറിയ അഞ്ച് കാലഘട്ടങ്ങളെ സംബന്ധിച്ചും ദൈവത്തിങ്കലേക്കുള്ള മടങ്ങി വരവിന്റെ നാല് കാലഘട്ടങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്നു. ഒടുവില്‍ യെഹൂദ ബാബിലോണിന് അടിമയായി തീര്‍ന്നു.

ആസാ രാജാവിന്റെ നല്ല തുടക്കവും പിന്നീടുള്ള വീഴ്ചയും

വളരെ നല്ല രീതിയില്‍ ഭരണം തുടങ്ങിയ ആസാ രാജാവിനെ (14:2-6) സംബന്ധിച്ച് 14 മുതല്‍ 16 വരെയുള്ള അധ്യായങ്ങളില്‍ നാം വായിക്കുന്നു. എത്യോപ്യാക്കാരുടെ മഹാസൈന്യം അവനെ ആക്രമിക്കുന്നതിനുവന്നപ്പോള്‍ അവന്‍ ദൈവത്തോട് വിളിച്ച് അപേക്ഷിച്ച പ്രാര്‍ത്ഥന പഴയ നിയമത്തില്‍ കാണുന്ന മഹത്തായ പ്രാര്‍ത്ഥനകളില്‍ ഒന്നാണ്: ”യഹോവേ, ബലവാനെതിരെ ബലഹീനനെ തുണയ്ക്കാന്‍ അങ്ങയെപ്പോലെ മറ്റൊരുത്തനും ഇല്ല. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങള്‍ അങ്ങയില്‍ ആശ്രയിക്കുന്നു. ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ ഈ മഹാ സൈന്യത്തിനെതിരെ വന്നിരിക്കുന്നു. യഹോവേ, അങ്ങു തന്നെ ഞങ്ങളുടെ ദൈവം. മനുഷ്യന്‍ അങ്ങേയ്‌ക്കെതിരെ പ്രബലപ്പെടുവാന്‍ ഇടയാക്കരുതേ”(14:11). ദൈവത്തിനു ശത്രു സൈന്യത്തെ പരാജയപ്പെടുത്തുന്നതിനു വിശ്വാസത്തിന്റെ ആ പ്രയോഗം മതിയായിരുന്നു. നാം ഒരു ശോധനയെ അഭിമുഖീകരിക്കുമ്പോള്‍ നിസ്സഹായതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാവുന്ന നല്ല ഒരു പ്രാര്‍ത്ഥനയാണിത്.

എന്നാല്‍ ഈ വിജയത്തിനു ശേഷം ഒരു പ്രവാചകന്‍ വന്ന് ആസയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നു: ”നിങ്ങള്‍ അവിടുത്തെ അന്വേഷിക്കുമെങ്കില്‍ കണ്ടെത്തും. എന്നാല്‍ നിങ്ങള്‍ ദൈവത്തെ ഉപേക്ഷിച്ചാല്‍ അവിടുന്ന് നിങ്ങളേയും ഉപേക്ഷിക്കും”(15:2). സഹായത്തിനായി ദൈവത്തില്‍ ആശ്രയിക്കുന്നത് അവസാനിപ്പിക്കുവാന്‍ തക്കവിധം ആസ ആത്മവിശ്വാസമുള്ളവനായി തീരുമെന്ന അപകടം ദൈവം അറിഞ്ഞിരുന്നു. നാം എല്ലാം നേരിടുന്ന ഒരു അപകടമാണിത്.

തീര്‍ച്ചയായും പിന്നീട് നടന്നത് അതു തന്നെ ആയിരുന്നു. ആസയെ സംബന്ധിച്ച് അടുത്ത 25 വര്‍ഷം കാര്യങ്ങള്‍ നന്നായി നടന്നു. പിന്നീട് മറ്റൊരു ശത്രുവിനെ -യിസ്രായേല്‍- അവനു നേരിടേണ്ടി വന്നു. അവര്‍ എത്യോപ്യക്കാരേക്കാള്‍ ബലഹീനരായ സൈന്യമായിരുന്നു. എന്നാല്‍ ഈ സമയത്ത് ദൈവത്തിന്റെ സഹായം തേടുന്നതിനു പകരം അവര്‍ ഒരു ജാതീയ രാജാവിന്റെ സഹായം തേടുന്നതിനു തീരുമാനിച്ചു (16:1-6). അവന്റെ പ്രശ്‌നം തല്കാലത്തേയ്ക്കു പരിഹരിക്കപ്പെട്ടു. എന്നാല്‍ അതിന്റെ ഫലമായി ആസ ആത്മീയമായി നഷ്ടപ്പെട്ടു. ഈ കാര്യം ആസയ്ക്കു വെളിപ്പെടുത്തി കൊടുക്കുന്നതിന് ദൈവം ഹനാനി എന്നൊരു പ്രവാചകനെ അയച്ചു.

ആസയോടുള്ള ഹനാനിയുടെ വാക്കുകളില്‍ പഴയ നിയമത്തിലെ മഹത്തായ ഒരു വാഗ്ദാനം നാം കാണുന്നു: ”യഹോവയുടെ കണ്ണ് തന്നില്‍ ഏകാഗ്രചിത്തരായ വരെ ശക്തിയോടെ പിന്താങ്ങുന്നതിന് വേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു”(2 ദിന. 16:9). ശ്രദ്ധിക്കുക: ദൈവത്തിന്റെ കണ്ണ് തന്നില്‍ ഏകാഗ്രചിത്തര്‍ ആരെന്ന് അന്വേഷിക്കുകയല്ല- അങ്ങനെയുള്ളവര്‍ ആരാണെന്ന് അവിടുന്ന് മുന്‍പേ അറിയുന്നു. ഇവിടെ പറയുന്നത് തന്നില്‍ ഏകാഗ്രചിത്തരെ പിന്തുണയ്ക്കുന്നതിനു മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നുവെന്നാണ്. നാം യേശുവിന്റെ ആത്മാര്‍ത്ഥതയുള്ള ശിഷ്യനാണെങ്കില്‍ നമ്മെ പിന്തുണയ്ക്കുന്നതിന് ദൈവം ഈ ഭൂമി ആകെ സഞ്ചരിക്കുന്നു എന്നാണ് ഈ മഹത്തായ വാഗ്ദാനം നമുക്ക് ഉറപ്പ് തരുന്നത്.

വര്‍ഷങ്ങളായി ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്: ”ദൈവമേ, ഈ പട്ടണത്തില്‍ ദൈവഭക്തിയുള്ള ഒരു ജീവിതത്തിനായി അന്വേഷിക്കുന്നവരുടെ അടുക്കലേയ്ക്ക് എന്നെ നയിക്കണമേ. അങ്ങനെ ഞങ്ങള്‍ പരസ്പരം അനുഗ്രഹിക്കപ്പെടുവാന്‍ ഇടയാകട്ടെ. പിന്നീട് എന്നെ എന്റെ രാജ്യത്തിലേയും അതിനുശേഷം ലോകം ആകെയുള്ള അത്തരം ആളുകളിലേയ്ക്കും നടത്തേണമേ.” നിങ്ങളുടെ ഹൃദയം പൂര്‍ണ്ണമായി ദൈവത്തിനുള്ളതാണെങ്കില്‍, സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ദൈവഹിതം ചെയ്ത് ദൈവനാമം മഹത്വപ്പെടണമെന്നാണ് നിങ്ങളുടെ ഏക ആഗ്രഹമെങ്കില്‍, ദൈവം നിങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ആളുകളുടെ അടുത്തേയ്ക്ക് അയയ്ക്കും. അവരിലൂടെ നിങ്ങള്‍ അനുഗ്രഹിക്കപ്പെടുകയും നിങ്ങള്‍ അവരെ അനുഗ്രഹിക്കുകയും ചെയ്യും. അതാണ് പല വര്‍ഷങ്ങളായുള്ള എന്റെ അനുഭവം.

പല ക്രിസ്ത്യാനികളും അവരുടെ ഉപദേശങ്ങളില്‍ ശരിയാണ്. എന്നാല്‍ അവരുടെ ഹൃദയം പൂര്‍ണ്ണമായി ദൈവത്തിനുള്ളതല്ല. അവര്‍ക്കു മറ്റു പല ആഗ്രഹങ്ങളുമുണ്ട്. പല മുഴുവന്‍ സമയ ക്രിസ്തീയ പ്രവര്‍ത്തകര്‍ക്കു പോലും അവരുടേതായ സ്വകാര്യ അഭിലാഷങ്ങള്‍ ഉണ്ട്. അവര്‍ ബഹുമാനം, പണം, സുഖസൗകര്യം എന്നിവ അന്വേഷിക്കുന്നു. അതിനാല്‍ ഈ വാഗ്ദാനത്തിന്റെ പൂര്‍ണ്ണ അനുഭവം അവര്‍ക്കു ലഭിക്കുന്നില്ല.

എല്ലാ ജഡിക അഭിലാഷങ്ങളും ഉപേക്ഷിച്ച് നിങ്ങളുടെ ഹൃദയം അവിടുത്തെ ഹിതം നിറവേറ്റുന്നതിനു മാത്രമായി ദൈവത്തിനു നല്‍കുക. അപ്പോള്‍ അവിടുന്നു നിങ്ങള്‍ക്കു വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ഒരു വിവാഹ പങ്കാളിക്കായി നിങ്ങള്‍ ദൈവത്തില്‍ ആശ്രയിച്ച് കാത്തിരിക്കുകയാണെങ്കില്‍ അവിടുന്ന് ആവശ്യമെങ്കില്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്തു നിന്നുപോലും ഒരാളെ കൊണ്ടു വരാം. കാരണം അവിടുത്തെ കണ്ണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളൊരു വിരലനക്കാതെ തന്നെ അവിടുന്നു ഭൂമിയിലെല്ലായിടത്തും അവിടുത്തെ സേവിക്കുന്നതിനു വാതിലുകള്‍ തുറക്കും. നിങ്ങള്‍ ആവശ്യപ്പെടുന്നതിന് മുന്‍പേ നിങ്ങളുടെ ആവശ്യങ്ങള്‍ അവിടുന്നു സാധിച്ചു തരും. തനിക്കായി ഹൃദയം പൂര്‍ണ്ണമായി നല്‍കിയിട്ടുള്ളവര്‍ക്കായി അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ദൈവം കരുതിയിട്ടുണ്ട്.

എന്നാല്‍ ആസ രാജാവ് ഹനാനിയുടെ സന്ദേശത്തെ തുടര്‍ന്നു അനുതപിച്ചില്ല. അതിനു പകരം അവന്‍ കോപിഷ്ഠനായി ആ പ്രവാചകനെ തടങ്കലിലാക്കി. കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്നീട് ആസ സാധുക്കളായ യിസ്രായേല്യരെ പീഡിപ്പിക്കുന്നതിന് ആരംഭിച്ചു (16:10). മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആസ മറ്റൊരു പ്രതിസന്ധി നേരിടേണ്ടി വന്നു. ഇത്തവണ അതവന്റെ സ്വന്ത ശരീരത്തില്‍ തന്നെ ആയിരുന്നു. അവന്റെ പാദത്തില്‍ ഗുരുതരമായ രോഗം ബാധിച്ചു. ഒരുപക്ഷേ പ്രമേഹത്തെ തുടര്‍ന്നുണ്ടായ ഒരു വ്രണമായിരുന്നിരിക്കാം.

രാജാവെന്ന നിലയില്‍ രാജ്യത്തെ ഏറ്റവും നല്ല വൈദ്യന്റെ ചികിത്സ തേടാനുള്ള പണം അവനുണ്ടായിരുന്നു. എന്നാല്‍ അവന്‍ വൈദ്യന്മാരെ വിളിക്കുന്നതിനു മുന്‍പ് ചെയ്യേണ്ടിയിരുന്ന കാര്യം (തന്നെത്തന്നെ വിധിച്ച് ദൈവത്തെ അന്വേഷിക്കുക എന്നത്) അവന്‍ ചെയ്തില്ല. അതിനാല്‍ ഏറ്റവും നല്ല ചികിത്സ ലഭിച്ചിട്ടും അവന്‍ മരിച്ചു (16:12,13).

യെഹൂദയുടെ മറ്റ് രാജാക്കന്മാര്‍

അധ്യായം 18-ല്‍ യഹോശാഫാത്ത് ആഹാബിനോട് ചേര്‍ന്നു യുദ്ധം ചെയ്യുന്നതായി വായിക്കുന്നു. അവര്‍ ദൈവത്തില്‍ നിന്നും ഒരു വാക്ക് അറിയണമെന്ന് ആഗ്രഹിച്ചു. അതിനായി അവര്‍ മീഖായാവ് പ്രവാചകനെ അവരുടെ അടുക്കല്‍ കൊണ്ടുവന്നു. മീഖായാവ് ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകനായിരുന്നു. എന്നാല്‍ മീഖായാവിനോട് ചിലര്‍ പറഞ്ഞു: ”ദയവു ചെയ്ത് താങ്കളുടെ സന്ദേശവും മറ്റ് പ്രവാചകന്മാരെ പോലെയാകട്ടെ. അവര്‍ ആഹാബിനു ജയമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.” എന്നാല്‍ മറ്റ് പ്രവാചകന്മാരെല്ലാം വ്യാജ പ്രവാചകന്മാരായിരുന്നു. ചില യോഗങ്ങള്‍ക്ക് എന്നെ ക്ഷണിക്കുന്നവര്‍ അവിടെ എന്താണ് പറയേണ്ടതെന്നും എന്താണ് പറയരുതാത്തതെന്നും മുന്‍കൂട്ടി പറയാറുണ്ട്. എന്നാല്‍ മീഖായാവ് പറഞ്ഞു: ”എന്റെ ദൈവം അരുളിച്ചെയ്തത് തന്നെ അവനോട് ഞാന്‍ പറയും.” നമ്മുടെ പ്രസംഗം മറ്റുള്ളവരുടെ വാക്കുകളാല്‍ സ്വാധീനിക്കപ്പെടരുത്.

നാം ദൈവത്തെ കേള്‍ക്കുന്നവരാണെങ്കില്‍ നാം എന്തു സംസാരിക്കണമെന്ന് അവിടുന്നു പറയും. ഇന്ന് പല പ്രസംഗകരും അമേരിക്കക്കാരായ പ്രസംഗകരുടെ ചില പുസ്തകങ്ങള്‍ വായിച്ച്, അത് പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കുന്നു. ദൈവം അമേരിക്കയില്‍ ഉള്ളവരോട് മാത്രമാണോ സംസാരിക്കുന്നത്? അവിടുന്ന് ഇന്ത്യയില്‍ ഉള്ളവരോട് സംസാരിക്കുകയില്ലേ? ദൈവശബ്ദം കേള്‍ക്കുന്ന ഒരു ദൈവമനുഷ്യന്‍ ആകുക. മീഖായാവ് ദൈവം പറഞ്ഞ കാര്യങ്ങള്‍ മാത്രം പറഞ്ഞതിനാല്‍ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് തടവിലാക്കി (18:23). ചരിത്രത്തിലുടനീളം യഥാര്‍ത്ഥ പ്രവാചകന്മാര്‍ പീഡനം നേരിട്ടിട്ടുണ്ട്.

അധ്യായം 20-ല്‍ ദൈവത്തെ സ്തുതിക്കുന്നതിന്റെ ശക്തി വെളിപ്പെടുത്തുന്ന പഴയ നിയമത്തിലെ ഏറ്റവും ആശ്ചര്യകരമായ കഥ വിവരിച്ചിരിക്കുന്നത് കാണാം. ഇവിടെ പല പാഠങ്ങള്‍ നമുക്കു പഠിക്കാനുണ്ട്. യെഹോശാഫാത്ത് രാജാവിന് എതിരെ മഹാസൈന്യം യുദ്ധത്തിനു വന്നു. നേരത്തെ ആഹാബുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ നിന്നുമൊരു പാഠം പഠിച്ചിരുന്നതിനാല്‍ ഇത്തവണ ദൈവഹിതം അന്വേഷിക്കുന്നതിന് യെഹോശാഫാത്ത് തീരുമാനിച്ചു. തന്റെ പിതാവായ ആസ മുന്‍പ് പ്രാര്‍ത്ഥിച്ചതുപോലെ (14:11) ദൈവത്തില്‍ ആശ്രയിച്ചു കൊണ്ടുള്ള മഹത്തായ പ്രാര്‍ത്ഥന ഇവിടെ യഹോശാഫാത്ത് നടത്തി. വാഗ്ദാനങ്ങള്‍ ദൈവത്തെ ഓര്‍മിപ്പിക്കുകയും സ്വയം ഏറ്റുപറയുകയും ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രാര്‍ത്ഥനയിലെ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. ദൈവത്തിന്റെ പരിപൂര്‍ണ്ണമായ പരമാധികാരം (വാ. 6).
  2. യിസ്രായേല്‍ മക്കള്‍ക്കു വേണ്ടി ദൈവം മുന്‍പ് ചെയ്ത കാര്യങ്ങള്‍ (വാ.7).
  3. ദൈവിക വാഗ്ദാനങ്ങള്‍ (8,9 വാക്യങ്ങള്‍).
  4. യിസ്രായേലിന്മേല്‍ ദൈവത്തിനുള്ള അവകാശം (വാ.11).
  5. അവരുടെ പൂര്‍ണ്ണ ബലഹീനത (വാ.12).
  6. അവരുടെ പൂര്‍ണ്ണ ജ്ഞാനമില്ലായ്മ (വാ. 12).
  7. ദൈവത്തിലുള്ള അവരുടെ പൂര്‍ണ്ണ ആശ്രയം (വാ.12).

ദൈവം ആ പ്രാര്‍ത്ഥനയോട് ഉടനെ പ്രതികരിച്ച് ഒരു പ്രവാചകനെ ഇങ്ങനെയൊരു സന്ദേശവുമായി അയച്ചു: ”ഭയപ്പെടരുത്, എന്തെന്നാല്‍ യുദ്ധം നിങ്ങള്‍ക്കുള്ളതല്ല, യഹോവയ്ക്കുള്ളതത്രെ. അവരെ നേരിടുവാനായി ചെല്ലുവിന്‍. യഹോവ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും”(15-17 വാക്യങ്ങള്‍).

അതിനാല്‍ യെഹോശാഫാത്ത് പാടുവാനുള്ള ആളുകളെ സൈന്യത്തിനു മുന്‍പില്‍ നിയോഗിച്ചു. അവര്‍ ദൈവത്തെ പാടി സ്തുതിച്ച് തുടങ്ങിയപ്പോള്‍ ദൈവം യെഹൂദയുടെ ശത്രുക്കളെ പരാജയപ്പെടുത്തി. തങ്ങളുടെ ശത്രുക്കളില്‍ നിന്നും ലഭിച്ച സമ്പത്തിലൂടെ യെഹൂദ സമ്പന്നരായി.

ഈ കഥയിലൂടെ വിജയത്തിന്റെ മാര്‍ഗ്ഗം വിശദീകരിച്ചിരിക്കുന്നു. ശത്രു (പ്രശ്‌നങ്ങള്‍) നമ്മുടെ അടുത്ത് ഉള്ളപ്പോള്‍ തന്നെ ദൈവത്തിന്റെ പരമാധികാരത്തേയും ദൈവിക വാഗ്ദാനങ്ങളേയും വിശ്വാസത്തോടെ മുന്‍കൂട്ടി ഏറ്റു പറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നതാണ് ആ മാര്‍ഗ്ഗം. ”അവര്‍ അവിടുത്തെ വചനം വിശ്വസിച്ചു. അവിടുത്തേക്ക് സ്തുതി പാടി” (സങ്കീ. 106:12). ഇതിന്റെ നേരെ എതിരായിട്ടുള്ളതും സത്യമാണ്. നാം ദൈവത്തെ സ്തുതിക്കാതിരിക്കുമ്പോള്‍ നാം അവിടുത്തെ വചനങ്ങളെ വിശ്വസിക്കുന്നില്ല എന്നു തെളിയിക്കുകയാണ്.

അധ്യായം 26-ല്‍ ഉസ്സിയാവ് രാജാവിനെക്കുറിച്ച് വായിക്കുന്നു. ഈ രാജാവ് അന്തരിച്ച വര്‍ഷമാണ് യെശയ്യ പ്രവാചകനു ദൈവത്തിന്റെ ഒരു ദര്‍ശനം ലഭിച്ചത് (യെശ. 6:1). ഉസ്സിയാ രാജാവ് നല്ല രീതിയില്‍ ഭരണം തുടങ്ങിയ ആളാണ്. ”അദ്ദേഹം യഹോവയെ അന്വേഷിക്കുന്ന കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു”(26:5). എന്നാല്‍ ”ഉസ്സിയാവ് പ്രബലനായി കഴിഞ്ഞപ്പോള്‍ നിഗളം അവനെ യഹോവയോട് അവിശ്വസ്തനാക്കി തീര്‍ത്തു” (26:16). കഴിഞ്ഞ 2000 വര്‍ഷങ്ങളായി ക്രിസ്തീയ ലോകത്തില്‍ ഈ കഥ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവം ഒരു മനുഷ്യനെ അനുഗ്രഹിക്കുമ്പോള്‍ അവന്‍ അതിനാല്‍ നിഗളിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും ശക്തിയായി ഉപയോഗിക്കുകയും ചെയ്തതിനു ശേഷവും താഴ്മയില്‍ നില്‍ക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഉസ്സിയാവ് തന്റെ നേട്ടങ്ങളില്‍ നിഗളിക്കുകയും, പുരോഹിത ശുശ്രൂഷ സ്വയം ചെയ്യുന്നതിനു തീരുമാനിക്കുന്ന തലത്തിലേയ്ക്ക് അവന്‍ എത്തുകയും ചെയ്തു. 300 വര്‍ഷം മുന്‍പ് ശൗല്‍ രാജാവിന് ഈ വിഷയത്തില്‍ സംഭവിച്ച മടയത്തരം അവന്‍ ഓര്‍ത്തില്ല. അസര്യ എന്ന ധൈര്യശാലിയായ പുരോഹിതന്‍ മറ്റ് എണ്‍പത് പുരോഹിതരോടൊപ്പം ഉസ്സിയാവിനെ എതിര്‍ത്തു (26:17,18). അവര്‍ പറഞ്ഞു: ”ഉസ്സിയാവേ, നീ യഹോവയ്ക്കു ധൂപാര്‍ച്ചന നടത്തുന്നത് വിഹതമല്ല, അത് പുരോഹിതര്‍ക്കുള്ളതാണ്.” രാജാക്കന്മാരെ പോലും ശാസിക്കാന്‍ ഭയമില്ലാത്ത അത്തരം ആളുകള്‍ക്കായി ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു. അത്തരം ചില ആളുകളെ ക്രൈസ്തവ ലോകത്തിന് ഇന്നും ആവശ്യമുണ്ട്. ഉസ്സിയാവ് പുരോഹിതന്മാരോട് കോപിച്ചു. അവന്‍ കുപിതനായി നില്‍ക്കുമ്പോള്‍ തന്നെ ദൈവത്തിന്റെ ന്യായവിധി അവന്റെമേല്‍ വന്നു. അവന്റെ നെറ്റിയില്‍ കുഷ്ഠം പൊങ്ങി. അവന്‍ ദേവാലയത്തില്‍ നിന്നും വേഗം പുറത്തു പോയി (26:20). പിന്നീട് അവന്‍ കുഷ്ഠരോഗിയായി ജനങ്ങളില്‍ നിന്നും ബഹിഷ്‌കരിക്കപ്പെട്ട്, മന്ദിരത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കാതെ മരിച്ചു (26:22). നിങ്ങള്‍ക്കു ദൈവം നല്‍കിയിട്ടില്ലാത്ത ശുശ്രൂഷയിലേയ്ക്കു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നത് വളരെ അപകടമാണ്.

അധ്യായം 32-ല്‍ ഹിസ്‌ക്കിയാവ് ദൈവത്തില്‍ നിന്നും അനുഭവിച്ച അത്ഭുതകരമായ രോഗസൗഖ്യത്തെ സംബന്ധിച്ച് വായിക്കുന്നു. ദൈവം അവനൊരു അടയാളം കൊടുക്കുകയും ചെയ്തു (32:24). ആകാശത്ത് സൂര്യന്‍ പുറകോട്ട് അല്പം മാറി (2 രാജാ.20:1-11). മറ്റൊരു വിധത്തില്‍ ഇങ്ങനെ പറയാം. ഭൂമി പത്ത് ഡിഗ്രി പുറകോട്ട് തിരിഞ്ഞു! യോശുവയുടെ കാലത്ത് സൂര്യന്‍ നിശ്ചലമാകുക മാത്രമാണുണ്ടായത്. എന്നാല്‍ ഹിസ്‌ക്കിയാവിന്റെ കാലത്ത് അത് പുറകോട്ട് പോയി (യെശ. 38:8). ബാബിലോണിലുള്ളവര്‍ ഇതു കണ്ടിട്ട് ഈ കാര്യം ഹിസ്‌ക്കിയാവിനോട് ഏതോ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു കേട്ട് അവരില്‍ ചിലര്‍ യിസ്രായേലില്‍ വന്ന് അവനെ കണ്ടു (2 ദിന. 32:31). അപ്പോള്‍ ഹിസ്‌ക്കിയാവ് വളരെ ഗര്‍വ്വുള്ളവനായി തന്റെ സമ്പത്തെല്ലാം ബാബിലോണ്യര്‍ക്കു മുമ്പില്‍ തുറന്നു പ്രദര്‍ശിപ്പിച്ചു. ഉടനെ യെശയ്യ പ്രവാചകന്‍ അവന്റെ അടുക്കല്‍ വന്ന്, ഈ സമ്പത്തെല്ലാം ഒരുനാള്‍ ബാബിലോണ്യര്‍ കൊണ്ടുപോകും എന്നറിയിച്ചു (2 രാജാ. 20:13-17). എന്നാല്‍ ഇവിടെ 32:31-ല്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് കാണുക. ബാബേല്‍ ഭരണാധികാരികള്‍, നടന്ന അത്ഭുതത്തെ സംബന്ധിച്ച് ഹിസ്‌ക്കിയാവിനോട് അന്വേഷിച്ച അവസരത്തില്‍ ”ദൈവം അവനെ പരീക്ഷിക്കുന്നതിന് ഒറ്റയ്ക്കാക്കി.” അവന്‍ തന്നെത്താന്‍ താഴ്ത്തി സകല മഹത്വവും ദൈവത്തിനു നല്‍കുമോ അതോ നിഗളിയായി മഹത്വമെല്ലാം സ്വയം എടുക്കുമോയെന്നാണ് ദൈവം നോക്കിയത്. ഈ പരീക്ഷയില്‍ അവന്‍ പരാജയപ്പെട്ടു.

ദൈവം നമുക്കുവേണ്ടി ചിലത് ചെയ്തു കഴിഞ്ഞാല്‍, അതില്‍ നാം സ്വയം മഹത്വം എടുക്കുമോ അതോ സ്വയം താഴ്ത്തി മഹത്വമെല്ലാം ദൈവത്തിനു നല്‍കുമോയെന്ന് കാണുന്നതിന് അവിടുന്ന് നമ്മെ പരീക്ഷിക്കുന്നു. ഒരുപക്ഷേ ദൈവം നിങ്ങളുടെ ശുശ്രൂഷയെ അസാധാരണമാംവിധം അനുഗ്രഹിച്ചിരിക്കാം. ഇതിനെപ്പറ്റി തുടര്‍ന്നു നിങ്ങള്‍ സ്വയം പ്രശസ്തി ലഭിക്കുന്ന വിധത്തില്‍ സാക്ഷ്യം പറയുകയോ എഴുതുകയോ ചെയ്യുന്നു. ഇതു തന്നെയാണ് ഹിസ്‌ക്കിയാവ് ചെയ്തത്. അവന്‍ വളരെ നല്ല രാജാവായിരുന്നു. എന്നാല്‍ അവന്റെ ജീവിതം അവസാനിച്ചത് എത്ര സങ്കടകരമായ വിധത്തിലാണെന്ന് കാണുക!

അധ്യായം 33-ന്റെ 12,13 വാക്യങ്ങളില്‍ മനശ്ശെയെ സംബന്ധിച്ച് 2 രാജാക്കന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്താത്ത ചിലത് നാം വായിക്കുന്നു. തന്റെ ജീവിതത്തിന്റെ അവസാനം ഒരു തടവുകാരനായി പിടിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ അവന്‍ അനുതപിച്ചു. തന്റെ കഷ്ടതയില്‍ അവന്‍ ദൈവത്തോട് അപേക്ഷിച്ചു. 50 വര്‍ഷം യെരുശലേമിന് വളരെ ദോഷം പ്രവര്‍ത്തിച്ചവനാണ് മനശ്ശെ. അവന്‍ ജനത്തെ വിഗ്രാഹരാധനയി ലേയ്ക്കു നയിച്ചുവെന്നു മാത്രമല്ല തന്റെ പുത്രന്മാരെ അഗ്നിയില്‍ ഹോമിച്ചു. എന്നിട്ടും അവന്‍ അനുതാപത്തോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുതകരമായ വിധം ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടു. ദൈവത്തിനു മനസ്സലിവ് തോന്നി അവനെ യെരുശലേമിലേക്കു മടക്കി കൊണ്ടുവന്നു. അപ്പോള്‍ യഹോവ തന്നെ ദൈവമെന്ന് മനശ്ശെ മനസ്സിലാക്കി (33:13). പിന്നീട് അവന്‍ എല്ലാ വിഗ്രഹങ്ങളും തകര്‍ത്ത് യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്‍മേല്‍ യഹോവയ്ക്കു സമാധാന യാഗം അര്‍പ്പിച്ചു. ദൈവമായ യഹോവയെ ആരാധിക്കുവാന്‍ അവന്‍ എല്ലാ യെഹൂദയോടും ആജ്ഞാപിച്ചു.

ശലോമോന്‍ ഇതുപോലെ അനുതപിച്ചിരുന്നുവെങ്കില്‍, തീര്‍ച്ചയായും അത് ദൈവവചനത്തില്‍ രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ട്. ശലോമോനെ സംബന്ധിച്ച് അത്തരമൊരു പരാമര്‍ശം കാണുന്നില്ല. അതിനാല്‍ ശലോമോന്‍ നരകത്തിലേയ്ക്കാണ് പോയതെന്ന് നാം അറിയുന്നു. എന്നാല്‍ മനശ്ശെ അനുതപിച്ചു. ഒരു മനുഷ്യന്‍ തന്റെ ജീവിതം എങ്ങനെ തുടങ്ങി എന്നതിനെക്കാള്‍ അത് എങ്ങനെ അവസാനിച്ചു എന്നതാണ് കൂടുതല്‍ ഗൗരവമായിട്ടുള്ളത്.

അധ്യായം 36:21ല്‍ യിസ്രായേല്‍ മക്കള്‍ 70 വര്‍ഷം ബാബേലില്‍ തടവുകാരായി കഴിയേണ്ടി വന്നതിന്റെ കാരണം കൊടുത്തിരിക്കുന്നു. ന്യായപ്രമാണം അവരോട് കല്പിച്ചിരുന്നത് ശബ്ബത്തിന്റെ ഭാഗമായി ഏഴാം വര്‍ഷം നിലം ഉഴാതെയിടണമെന്നാണ് (പുറ. 23:10,11). എന്നാല്‍ അവര്‍ തങ്ങളുടെ അത്യാഗ്രഹം നിമിത്തം ദൈവകല്പനയെ അനുസരിക്കാതിരുന്നതിനെ തുടര്‍ന്നു ദൈവം മുന്‍കൂട്ടി പറഞ്ഞ ശിക്ഷ അനുഭവിച്ചു (26:34,43). 490 വര്‍ഷം അവര്‍ നിലത്തിനു വിശ്രമം കൊടുക്കാതെ ദൈവത്തോട് അനുസരണക്കേട് കാട്ടി. അതിനാല്‍ ദൈവം അവരെ 70 വര്‍ഷം തടവുകാരായി അയച്ചു. ദൈവത്തിന്റെ ന്യായവിധി കൃത്യവും എപ്പോഴെങ്കിലും നമ്മെ പിടികൂടുന്നതുമാണ്.