ബൈബിളിലൂടെ : 1 ദിനവൃത്താന്തം

ആലയത്തിനു വേണ്ടിയുള്ള ഒരുക്കം


നാം അറിയുന്നിടത്തോളം ഒന്നും രണ്ടും ദിനവൃത്താന്തങ്ങള്‍, യിസ്രായേല്‍ മക്കള്‍ 70 വര്‍ഷത്തെ ബാബിലോണ്‍ പ്രവാസത്തില്‍ നിന്നും മടങ്ങി വന്നതിനു ശേഷം എഴുതിയിട്ടുള്ളതാണ്. ഒരുപക്ഷേ എസ്രാ ആയിരിക്കണം ഇത് എഴുതിയത്. ഈ രണ്ടു പുസ്തകങ്ങളും യെഹൂദായുടെ ചരിത്രം മാത്രം പറയുന്നതിനാല്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നും വ്യത്യസ്തമാണ്.

ശലോമോന്റെ മരണശേഷം യിസ്രായേല്‍ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഒന്നിന് രെഹബെയാമും മറ്റൊന്നിന് യൊരോബെയാമും തലവന്മാരായിരുന്നു. പത്ത് ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന വടക്കെ രാജ്യത്തിനു യിസ്രായേല്‍ എന്നും ബന്യാമീന്‍, യെഹൂദാ ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന തെക്കേ രാജ്യത്തിന് യെഹൂദാ എന്നും പേര്‍ വിളിച്ചു. യിസ്രായേലിന്റെ രാജാക്കന്മാര്‍ പൊതുവെ ദുഷ്ടന്മാരായിരുന്നു. എന്നാല്‍ യെഹൂദയിലെ രാജാക്കന്മാരില്‍ ചിലര്‍ നല്ലവരും മറ്റ് ചിലര്‍ ദുഷ്ടന്മാരും ആയിരുന്നു. രാജാക്കന്മാരുടെ പുസ്തകത്തില്‍ രണ്ടു രാജ്യങ്ങളെ സംബന്ധിച്ചും രേഖപ്പെടുത്തിയിരിക്കുന്നു. ദിനവൃത്താന്ത പുസ്തകം ശൗലിലും ദാവീദിലും തുടങ്ങി യെഹുദായുടെ രാജാക്കന്മാരെ സംബന്ധിച്ച് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജാക്കന്മാരുടെ പുസ്തകത്തില്‍ കാണുന്ന ചിലതിന്റെ ആവര്‍ത്തനം ഈ പുസ്തകത്തില്‍ കാണാം. എന്നാല്‍ അത് ചില പാഠങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ്. നാലു സുവിശേഷങ്ങളിലും ചിലത് ആവര്‍ത്തിക്കുന്നതു പോലെ തന്നെയാണിത്. ദിനവൃത്താന്ത പുസ്തകത്തില്‍ എഴുതിയിരിക്കുന്നതില്‍ പലതും ചരിത്രമാണ്. അവ രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകത്തില്‍ പറഞ്ഞു കഴിഞ്ഞതാണ്.

1 ദിനവൃത്താന്തത്തിലെ ആദ്യ ഒമ്പത് അധ്യായങ്ങള്‍ ആദാമില്‍ തുടങ്ങിയുള്ള ദാവീദിന്റെ വംശാവലിയാണ്. ദൈവത്തിന്റെ താല്പര്യം വ്യക്തികളോടാണെന്ന് കാണിക്കുന്നതിനാണ് രൂബേന്‍, ശിമയോന്‍ തുടങ്ങിയ എല്ലാ ഗോത്രങ്ങളുടേയും പൗരോഹിത്യത്തിന്റെയും നീണ്ട വംശാവലി ഇവിടെ ദൈവം നല്‍കിയിരിക്കുന്നത്. അവിടുന്ന് ഗോത്രങ്ങളിലല്ല വ്യക്തികളിലാണ് താല്പര്യപ്പെടുന്നത്. ദൈവത്തിന്റെ ജീവപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും വ്യക്തികളായിട്ടാണ്. അവിടെ ഇങ്ങനെ പറയുന്നില്ല ”ഇത്ര ആയിരം പേര്‍ കേരളത്തില്‍ നിന്നും വീണ്ടും ജനിച്ചു. ഇത്ര ആയിരം പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വീണ്ടും ജനിച്ചു.” അങ്ങനെയല്ല. ഓരോ വ്യക്തിയുടേയും പേരു പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിനു നമ്മുടെ ഓരോരുത്തരുടെ മേലും വ്യക്തിപരമായി താല്പര്യമുണ്ടെന്നാണ് അത് പഠിപ്പിക്കുന്നത്. ആദിമുതലുള്ള നമ്മുടെ കുടുംബവൃക്ഷത്തിന്റെ വേരുകള്‍ അവിടുന്ന് അറിയുന്നു. നിങ്ങളുടെ ജീവചരിത്രമാകെ അവിടുന്ന് അറിയുന്നു. നിങ്ങളുടെ ജീവിതം സംബന്ധിച്ച് അവിടുത്തേയ്ക്ക് ഒരു പദ്ധതിയുണ്ട്. ഇത് നമ്മെ ഉത്സാഹിപ്പിക്കേണ്ട വസ്തുതയാണ്. ഈ ഭൂമിയിലുള്ള കോടാനുകോടി ആളുകളുടെയിടയില്‍ നാം അറിയപ്പെടാതെ പോകുന്നില്ല. ദൈവം നമ്മളെ പേരു ചൊല്ലി അറിയുന്നു. നമ്മെ സംബന്ധിച്ചും നമ്മുടെ പൂര്‍വ്വികരെ സംബന്ധിച്ചും എല്ലാം അവിടുന്ന് അറിയുന്നു. നമ്മുടെ തലയിലെ മുടിയുടെ എണ്ണം പോലും അവിടുന്ന് അറിയുന്നു.

നാലാം അധ്യായത്തില്‍ രണ്ടു വാക്യങ്ങള്‍ പ്രത്യേകം ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ നാം യബ്ബേസ് എന്നു പേരുള്ള ഒരുവനെ സംബന്ധിച്ച് വായിക്കുന്നു (4:9). ”യബ്ബേസ് തന്റെ സഹോദരന്മാരേക്കാള്‍ അധികം ബഹുമാന്യനായിരുന്നു.” ദൈവം പല വ്യക്തികളുടേയും ചരിത്രം എഴുതുമ്പോള്‍, ചിലര്‍ മറ്റുള്ളവരേക്കാള്‍ ബഹുമാന്യരായിരുന്നുവെന്ന് വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. പൗലൊസ് തന്റെ സഹപ്രവര്‍ത്തകരുടെ പട്ടിക എഴുതുമ്പോള്‍ (റോമ. 16) അദ്ദേഹം ചിലരെ കൂടുതല്‍ ആത്മാര്‍ത്ഥതയുള്ളവര്‍ എന്നു പറയുന്നുണ്ട്. നാം എല്ലാവരും അവിടുത്തെ മക്കളായിരിക്കുമ്പോള്‍ തന്നെ ചിലരെ സംബന്ധിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു. ”മറ്റുള്ളവരേക്കാള്‍ ബഹുമാന്യര്‍.”

അവന്റെ അമ്മ അവനെ വേദനയോടെ പ്രസവിച്ചതിനാലാണ് അവന് ‘യബ്ബേസ്’ എന്നു പേരു നല്‍കിയത്. അവന്‍ യിസ്രായേലിന്റെ ദൈവത്തോട് അപേക്ഷിച്ചു എന്ന് ഇവിടെ പറയുന്നു (4:10). അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു ”ഹാ! എന്റെ ദൈവമേ, അവിടുന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകള്‍ വിപുലമാക്കുകയും ചെയ്യണമേ! നിന്റെ കൈ എന്റെ മേല്‍ ഉണ്ടായിരിക്കണമേ! എന്നെ പീഡകളില്‍ നിന്നും കാത്തുകൊള്ളണമേ. ഞാന്‍ വേദനകളില്‍ നിന്നും മോചനം നേടട്ടെ.” ദൈവം അവന്റെ അപേക്ഷ കൈക്കൊണ്ടു.

നമ്മള്‍ക്കും ആത്മീയമായി ഈ പ്രാര്‍ത്ഥന ഏറ്റെടുക്കാവുന്നതാണ്. ഒന്നാമത്: മറ്റുള്ളവരെക്കാള്‍ ബഹുമാന്യരാവുക എന്നത് വേദനയും കഷ്ടതയും അനുഭവിക്കുന്നതിനു നമുക്കുള്ള സന്നദ്ധതയോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. വേദനയിലൂടെയും കഷ്ടതയിലൂടെയും വിജയകരമായി കടന്നു പോകുന്ന ഒരാള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ബഹുമാന്യനായിരിക്കും. അതിനാല്‍ വേദനയെ നാം തുച്ഛീകരിക്കരുത്. നാം ദൈവത്തിന്റെ അനുഗ്രഹത്തിനായി ആഗ്രഹിച്ചു കൊണ്ട് നമ്മുടെ ആത്മീയ അതിരുകളെ വിശാലമാക്കണമേയെന്ന് നിരന്തരം പ്രാര്‍ത്ഥിക്കണം. ഒരു സമയത്തും നാം നേടിയതില്‍ തൃപ്തരായിരിക്കരുത്. ദൈവത്തിന്റെ കരം, അവിടുത്തെ ശക്തി നമ്മോടുകൂടെ എപ്പോഴും ഉണ്ടാകുന്നതിനു നാം അപേക്ഷിക്കണം. എല്ലാ ദോഷത്തില്‍ നിന്നും, നമ്മെ ശാരീരികമായും ആത്മീയമായും ദ്രോഹിക്കുന്ന ദുഷ്ട മനുഷ്യരില്‍ നിന്നും നമ്മെ സംരക്ഷിക്കണമേ എന്നും ദൈവത്തോട് അപേക്ഷിക്കണം. യബ്ബേസ് അപേക്ഷിച്ചതെല്ലാം ദൈവം നല്‍കി. അവിടുന്ന് നമ്മുടെ അപേക്ഷയും അനുവദിക്കും.

ദാവീദിന്റെ ബലവാന്മാരായ ആളുകള്‍

ശൗലിനാല്‍ പീഡിപ്പിക്കപ്പെട്ട സമയത്ത് ദാവീദിനോടൊപ്പം നിന്നവരെ സംബന്ധിച്ച് നാം അധ്യായം 12-ല്‍ വായിക്കുന്നു. ദാവീദ് രാജാവായതിനു ശേഷം അവനോട് കൂടെ ചേരുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ഇവിടെ നാം വായിക്കുന്നത് അവന്‍ തള്ളപ്പെടുകയും ജീവന്‍ തന്നെ വേട്ടയാടപ്പെടുകയും ചെയ്യുന്ന വേളയില്‍ അവനോടു കൂടെ ചേര്‍ന്ന ചിലരെ സംബന്ധിച്ചാണ്. സ്വര്‍ഗ്ഗത്തില്‍ ദൈവത്തിനായി ജീവിക്കുന്നത് എളുപ്പമാണ്. എന്നാല്‍ ദൈവത്തെ തള്ളിക്കളയുകയും നിന്ദിക്കുകയും ചെയ്യുന്ന ഈ ലോകത്തില്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ അനുഗമിക്കുകയെന്നത് മറ്റൊരു കാര്യമാണ്. അതുപോലെ തന്നെ പ്രശസ്തി ആര്‍ജിച്ച ഒരു സഭയില്‍ ചേരുകയെന്നതും പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ എല്ലാവരും നിന്ദിക്കുന്ന ഒരു സഭയില്‍ അഭിഷേകമുണ്ടെന്ന് കണ്ടതുകൊണ്ടു മാത്രം ചേരുന്നതു തികച്ചും വ്യത്യസ്തമായ കാര്യമാണ്.

ദാവീദ് ശൗലിനാല്‍ പീഡിപ്പിക്കപ്പെട്ട അവസരത്തില്‍ കൂടെ നിന്നവരാണ് പിന്നീട് അവന്റെ പടനായകന്മാരായത്. അതിനു സമാനമായ ചിലത് നാം ഈ കാലത്തും കാണുന്നു. ഒരു പ്രത്യേക സ്ഥലത്ത് തന്റെ വേലയ്ക്കായി ഒരുവനെ ദൈവം ഉയര്‍ത്തുന്നു. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ആ വ്യക്തിയുടെ മേല്‍ ഉള്ള ദൈവത്തിന്റെ അഭിഷേകത്തെ തിരിച്ചറിയുന്നത്. ആ ചുരുക്കം ചിലര്‍ മാത്രമാണ് ശൗലോ മറ്റുള്ളവരോ എന്തു പറയുന്നുവെന്നത് കാര്യമാക്കാതെ ആ വ്യക്തിയോടു കൂടെ ചേരുന്നത്. അങ്ങനെ അവര്‍ ദൈവത്തിനായി നിത്യമായ ഒരു വേല നിര്‍വ്വഹിക്കുന്നു. എവിടെയാണ് ദൈവത്തിന്റെ അഭിഷേകമുള്ളതെന്ന് തിരിച്ചറിയുവാന്‍ തക്കവണ്ണം നമ്മുടെ ഇന്ദ്രിയങ്ങളെ നമ്മള്‍ പരിശീലിപ്പിക്കണം.

ഒരു യഥാര്‍ത്ഥ ദൈവദാസന്‍ തന്റെ ഗുരുവിനെപ്പോലെ ഒട്ടും ജനസമ്മതിയുള്ള വനായിരിക്കില്ല. യേശു പറഞ്ഞു: ”എല്ലാവരും നിങ്ങളെ പുകഴ്ത്തി പറയുമ്പോള്‍ നിങ്ങള്‍ക്കു ഹാ കഷ്ടം. കാരണം അവര്‍ കള്ളപ്രവാചകന്മാരോടും അങ്ങനെ തന്നെ ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുമ്പോള്‍ നിങ്ങള്‍ അനുഗൃഹീതര്‍. കാരണം യഥാര്‍ത്ഥ പ്രവാചകന്മാരോടും അവര്‍ അതു തന്നെയാണ് ചെയ്തിരിക്കുന്നത്” (ലൂക്കൊ. 6:22,26). വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ വസ്തുത മനസ്സിലാക്കിയിട്ടുള്ളത്. ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഒരിക്കലും തന്റെ ജീവിത കാലത്ത് സമ്പൂര്‍ണ്ണമായി തിരിച്ചറിയപ്പെടുന്നില്ല.

യഥാര്‍ത്ഥ അപ്പൊസ്തലന്മാര്‍ പോലും അവരുടെ ജീവിതകാലത്ത് മറ്റുള്ളവരാല്‍ തിരസ്‌കരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തു എന്നാണ് സഭാചരിത്രം കാണിച്ചു തരുന്നത്. കൊരിന്തിലെ വിശ്വാസികള്‍ പൗലൊസിനെ തിരസ്‌കരിച്ചു. 2 തിമൊഥെയൊസ് 1:15-ല്‍ അദ്ദേഹം പറഞ്ഞു ”ആസ്യയിലുള്ള എല്ലാവരും എന്നെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു.” പൗലോസ് തന്റെ ജീവിതകാലത്തൊക്കെ ദൈവത്തോട് സത്യസന്ധതയുള്ളവനായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സഹവിശ്വാസികളില്‍ പലരും അദ്ദേഹത്തെ വിട്ടുപോയി. യേശു പിതാവിനോട് എപ്പോഴും സത്യസന്ധത പുലര്‍ത്തിയിരുന്നു എങ്കിലും പലരും യേശുവിനെ വിട്ടുപോയി.

ദാവീദ് ഒരു ഗുഹയില്‍ കഴിഞ്ഞിരുന്ന വേളയില്‍ ബെന്യാമീന്റെ സന്തതികളില്‍ ചിലര്‍ അവനെ കാണുവാന്‍ വന്നു (12:16). അവരോട് ദാവീദ് ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ സൗഹൃദപൂര്‍വ്വം എന്നെ തുണയ്ക്കാനാണ് വന്നിരിക്കുന്നതെങ്കില്‍ നിങ്ങളെ എന്നോട് കൂടെ ചേര്‍ക്കുവാന്‍ ഞാനൊരുക്കമാണ്. എന്നാല്‍ എന്റെ കൈകള്‍ നിര്‍ദോഷവും അക്രമരഹിതവുമായിരിക്കെ നിങ്ങള്‍ എന്നെ എന്റെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാനാണ് വന്നിരിക്കുന്നതെങ്കില്‍, നമ്മുടെ പിതാക്കന്മാരുടെ ദൈവം അത് കാണുകയും നിങ്ങളെ ശിക്ഷിക്കുകയും ചെയ്യട്ടെ.” നാം വളരെ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം ഇന്നും ചില ആളുകള്‍ നമ്മുടെ സ്‌നേഹിതരാണെന്ന ഭാവത്തില്‍ നമ്മുടെ അടുക്കലേയ്ക്കു വരും. അപ്പോള്‍ നമ്മുടെ മനഃസാക്ഷി ശുദ്ധമാണെങ്കില്‍ ദൈവം അവരെ കൈകാര്യം ചെയ്തുകൊള്ളും.

എന്നാല്‍ ഇവിടെ അമാസായിയുടെ മഹത്തായ മാതൃക കാണുക (12:18). ”അപ്പോള്‍ മുപ്പതു പേര്‍ക്കു തലവനായ അമാസായിയുടെ മേല്‍ ആത്മാവ് വ്യാപരിച്ചു; അയാള്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍! യിശ്ശായി പുത്രാ, ഞങ്ങള്‍ നിന്നോട് കൂടെ! സമാധാനം, നിനക്കു സമാധാനം, നിന്നെ സഹായിക്കുന്നവര്‍ക്കും സമാധാനം; എന്തെന്നാല്‍ നിന്റെ ദൈവം നിന്നെ തുണയ്ക്കും! അപ്പോള്‍ ദാവീദ് അവരെ സ്വീകരിച്ച് തന്റെ ചാവേര്‍ സംഘങ്ങള്‍ക്കു അവരെ നായകന്മാരാക്കി.” അമാസായിയെ പോലൊരാള്‍ ദാവീദിന്റെ പുറമേയുള്ള അവസ്ഥ പരിഗണിക്കാതെ അവന്റെ മേലുള്ള ദൈവത്തിന്റെ അഭിഷേകത്തെ തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവ് അവരുടെ മേല്‍ ഉണ്ടായിരുന്നു എന്നതാണ് അതിനു കാരണം.

ക്രിസ്തീയതയെ സ്ഥാപനവത്കരിക്കപ്പെട്ട ഒരു മതമായി മാറ്റുന്നതിന് എതിരെ നില്‍ക്കുന്ന യഥാര്‍ത്ഥ ദൈവഭക്തന്മാര്‍ എക്കാലവും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സഭാചരിത്രം വായിക്കുമ്പോള്‍ നമുക്കു കണ്ടെത്താന്‍ സാധിക്കും. റോമന്‍ കത്തോലിക്ക സംവിധാനം മാര്‍ട്ടിന്‍ ലൂഥറിനെ എത്രമാത്രം പീഡിപ്പിച്ചുവെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? ജോണ്‍ കാല്‍വിനെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ അനബാപ്റ്റിസ്റ്റുകളെന്ന തീവ്ര വിശ്വാസികളായ മറ്റൊരു വിഭാഗത്തെ റോമന്‍ കത്തോലിക്കര്‍ മാത്രമല്ല മാര്‍ട്ടിന്‍ ലൂഥറിന്റെയും ജോണ്‍ കാല്‍വിന്റെയും അനുയായികളും പീഡിപ്പിച്ചു. അനബാപ്റ്റിസ്റ്റുകള്‍ വളരെ ദൈവഭക്തിയില്‍ ജീവിച്ചവരും ലോകത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായി വേര്‍പെട്ടവരും ആയിരുന്നു. ഭവനങ്ങളിലാണ് അവര്‍ കൂടിയിരുന്നത്. അവരുടെ നേതാക്കന്മാര്‍ പലരും കൊല്ലപ്പെട്ടു. സഭാചരിത്രം അവരെ സംബന്ധിച്ച് അധികം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒരുനാള്‍ കര്‍ത്താവ് മടങ്ങി വരുമ്പോള്‍, ഈ ആളുകളാണ് അവരുടെ കാലഘട്ടത്തില്‍ പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തിനായി നിന്നതെന്ന് നാം കണ്ടെത്തും. നമ്മുടെ കാലഘട്ടത്തിലും ഇത് സത്യമാണ്.

ഒരു മനുഷ്യനിലുള്ള ദൈവിക അഭിഷേകത്തെ നോക്കുക. അമാനുഷിക കഴിവുകളിലല്ല നോക്കേണ്ടത് (സാത്താന് പോലും അമാനുഷിക കഴിവുകള്‍ ഉണ്ട്). അഭിഷേകവും ദൈവകൃപയും ആണ് നാം നോക്കേണ്ടത്. ആ വ്യക്തിയോടൊപ്പം ദൈവമുണ്ടോ എന്നതിന്റെ തെളിവാണിത്. ദൈവം ഒരുവനെ അംഗീകരിക്കുന്നു വെങ്കില്‍ നമ്മളും അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് നല്ലത്. ഇവിടെ അമാസായിക്കു അത്രത്തോളം തിരിച്ചറിവ് ഉണ്ടായിരുന്നു.

ദാവീദിന്റെ മറ്റൊരു സ്വഭാവ വിശേഷം ശ്രദ്ധിക്കുക (13:1). ”ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും അങ്ങനെ തന്റെ അധിപതിമാരില്‍ ഓരോരുത്തരോടും കൂടിയാലോചിച്ചു.” ഒരു യഥാര്‍ത്ഥ ദൈവമനുഷ്യന്‍ മറ്റുള്ളവരും ആയി കൂട്ടായ്മയുള്ളവനായിരിക്കും. ദാവീദിന് ആളുകളുടെ ശക്തമായ പിന്തുണ ലഭിക്കുന്നതിനുള്ള ഒരു കാരണം അദ്ദേഹം എല്ലാവരോടും ആലോചന ചോദിച്ചിരുന്നു വെന്നതാണ്. അദ്ദേഹത്തിന്റെ മനോഭാവം ഇതായിരുന്നു: ”ഞാന്‍ ഒരു ബലഹീനനായ സഹോദരനാണ്. എനിക്കു താങ്കളുടെ അഭിപ്രായം വേണം. താങ്കള്‍ ഇതിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്?” തന്നേക്കാള്‍ പ്രായം കുറഞ്ഞവരടക്കമുള്ളവരോട് ചര്‍ച്ച ചെയ്താണ് ദാവീദ് ഒരു തീരുമാനത്തില്‍ എത്തിയത്. പിന്നീട് നാലാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ”ജനങ്ങള്‍ക്കെല്ലാം അതു ശരിയായി തോന്നി. സഭ ഒന്നടങ്കം അപ്രകാരം ചെയ്യാന്‍ സമ്മതിച്ചു.”

ദൈവാലയ നിര്‍മ്മാണത്തിനുള്ള ദാവീദിന്റെ ഒരുക്കങ്ങള്‍

അധ്യായം 22-ല്‍ ദാവീദ് ദൈവാലയ നിര്‍മ്മാണത്തിനുള്ള വസ്തുവകകള്‍ ഒരുക്കുന്നതിനെക്കുറിച്ച് നാം വായിക്കുന്നു. അവനല്ല അവന്റെ പുത്രനായ ശലോമോനായിരിക്കും ദൈവാലയം പണിയുകയെന്ന് ദൈവം ദാവീദിനോട് പറഞ്ഞിരുന്നു. എന്നാല്‍ ദാവീദ് അതിനുവേണ്ടി ചെയ്ത ഒരുക്കങ്ങള്‍ കാണുക. ആലയം പണിയുന്നതിനു വേണ്ടി ചെത്തിയ കല്ല് തയ്യാറാക്കുവാന്‍ കല്പണിക്കാരെ അദ്ദേഹം നിയോഗിച്ചു. പിന്നീട് ശലോമോന്റെ ജോലി വളരെ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തി. സ്വര്‍ണവും വെള്ളിയും വെങ്കലവും മര ഉരുപ്പടികളും അവന്‍ ക്രമീകരിച്ചു. ദൈവാലയ നിര്‍മ്മാണത്തിന് ആവശ്യമായ ആണികള്‍ക്കായി ധാരാളം ഇരുമ്പും നല്‍കി. ദൈവാലയം പണിയുകയെന്ന തന്റെ സ്വന്തം ദര്‍ശനം നടപ്പിലാക്കുന്നതിനുള്ള അവകാശം ദൈവം തനിക്കു നല്‍കിയിട്ടില്ലായെന്ന് അവനറിഞ്ഞിരുന്നുവെങ്കിലും അവന്‍ ദൈവാലയത്തിന്റെ പണിക്കാവശ്യമായ തെല്ലാം ചെയ്തു. ദൈവം ഒരു ശുശ്രൂഷ നിങ്ങളെ ഏല്പിച്ചിട്ടില്ലെങ്കിലും, ആ ശുശ്രൂഷ ചെയ്യുന്നതിനു ദൈവം ഏല്പിച്ചിരിക്കുന്ന വ്യക്തിക്കു വേണ്ട എല്ലാ സഹായവും ചെയ്യുക. അതാണ് ദാവീദിന്റെ ഉദാഹരണത്തില്‍ നിന്നും നാം പഠിക്കുന്നത്.

ദാവീദ് വളരെ ചിന്താശക്തിയുള്ളവനായിരുന്നതിനാല്‍ ഇങ്ങനെ പറഞ്ഞു: ”എന്റെ മകന്‍ ശലോമോന്‍ ചെറുപ്പമാണ്. പരിചയസമ്പന്നനുമല്ല. യഹോവയ്ക്കു വേണ്ടി പണിയപ്പെടേണ്ട ആലയമോ സകല ജനതകളുടേയും ദൃഷ്ടിയില്‍ അത്യന്തം മനോഹരവും കീര്‍ത്തിയും ശോഭയും കൊണ്ട് മഹത്വമേറിയതും ആയിരിക്കണം. അതിനാല്‍ ഞാന്‍ അതിനു വേണ്ടി ഒരുക്കങ്ങള്‍ കൂട്ടും” (22:5). നമ്മുടെ മക്കള്‍ അവരുടെ തലമുറയില്‍ ദൈവത്തെ അറിയുന്നതിനു വേണ്ടത് ചെയ്തു കൊടുക്കുമ്പോള്‍ നാം അവര്‍ക്കു നല്‍കുന്നത് എത്ര മഹത്തായ ഒരു പൈതൃകമാണ്! ദാവീദ് ശലോമോനോട് പറഞ്ഞു: ”വളരെ ക്ലേശത്തോടെ ഞാന്‍ യഹോവയുടെ ആലയത്തിനു വേണ്ടി ഒരു ലക്ഷം താലന്ത് സ്വര്‍ണ്ണവും പത്തു ലക്ഷം താലന്ത് വെള്ളിയും കൂടാതെ താമ്രവും, ഇരുമ്പും ധാരാളം തടിയുരുപ്പടികളും സംഭരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഓരോ തൊഴിലിനും വിദഗ്ധരായ ആളുകളും ഉണ്ടല്ലോ. ഇപ്പോള്‍ തന്നെ പണി തുടുങ്ങുക. യഹോവ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ!” (22:14-16). തന്റെ പിതാവ് ഇത്രയും കാര്യങ്ങള്‍ ക്രമീകരിച്ചതില്‍ ശലോമോനു തുടര്‍നടപടികള്‍ എത്ര എളുപ്പമായി കാണും! ദൈവമനുഷ്യര്‍ തങ്ങളുടെ കുഞ്ഞുങ്ങളോട് ഇങ്ങനെയായിരിക്കും പെരുമാറുക. ദാവീദ് പിന്നീട് എല്ലാവരോടും പറഞ്ഞു: ”ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നതിനു നിങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും സമര്‍പ്പിക്കുക. യഹോവയുടെ നിയമപ്പെട്ടകവും, നമ്മുടെ ദൈവത്തിന്റെ മറ്റ് വിശുദ്ധ വസ്തുക്കളും യഹോവയുടെ ആലയത്തിലേയ്ക്കു കൊണ്ടു വരുവാന്‍ നിങ്ങള്‍ക്കു കഴിയട്ടെ. ദൈവമായ യഹോവയുടെ വിശുദ്ധ മന്ദിരം പണിയുവാന്‍ തുടങ്ങുക”(22:19).

23 മുതല്‍ 27 വരെയുള്ള അധ്യായങ്ങളില്‍ ലേവ്യരുടെ ഒരു പട്ടിക, ഗായക ഗണങ്ങള്‍, ദ്വാരപാലകരുടെ ഗണങ്ങള്‍, സേനാനായകര്‍ എന്നിവരുടെ പേരുകള്‍ കാണുന്നു. ദാവീദ് ഇവരില്‍ ഓരോരുത്തരിലും താല്പര്യമുള്ളവനായിരുന്നു. അതിനാല്‍ അവരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് ദാവീദ് ശലോമോനോട് പറഞ്ഞു: ”ശക്തനും ധീരനും ആയിരിക്ക! ഈ വേല ചെയ്യുക! ഭയപ്പെടരുത്, ധൈര്യഹീനനാകരുത്. എന്തെന്നാല്‍ ദൈവമായ സര്‍വ്വേശരന്‍- എന്റെ ദൈവം- നിന്നോട് കൂടെയുണ്ട്” (28:20). ദാവീദ് നല്‍കിയ ഉപദേശത്തിന്റെ ശക്തിയില്‍ ശലോമോന്‍ അവസാനം വരെ ജീവിച്ചിരുന്നുവെങ്കില്‍ അവന്റെ ജീവിതം തികച്ചും വ്യത്യസ്തമാകുമായിരുന്നു.

അധ്യായം 29, 3 മുതല്‍ 5 വാക്യങ്ങളില്‍ ”ദൈവത്തിന്റെ ആലയത്തോടുള്ള തനിക്കുള്ള പ്രതിപത്തി” കാരണം ദാവീദ് താന്‍ മുന്‍പ് നല്‍കിയതിന് ഉപരിയായി കൊടുത്ത സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിവരം രേഖപ്പെടുത്തിയിരിക്കുന്നു. ദൈവവേലയ്ക്കായി അവന്‍ ധാരാളം നല്‍കിയിരുന്നു. എങ്കിലും അല്പ കാലത്തിനു ശേഷം അവനു താന്‍ നല്‍കിയത് മതിയായില്ലായെന്നു തോന്നുകയാല്‍ വീണ്ടും നല്‍കി. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു. ദാവീദ് അവിടുത്തെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. നമ്മള്‍ എങ്ങനെയാണ് നല്‍കുന്നത്? മടിയോടെയും വളരെ കണക്കുകൂട്ടിയും ആണോ? നാം കൊടുത്തത് അധികമായി എന്ന ചിന്ത എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

പിന്നീട് ദാവീദ് ദൈവത്തെ സ്തുതിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു (29:10-19). ”ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വ്വേശ്വരനെ വാഴ്ത്തുകയും വണങ്ങുകയും ചെയ്തു” (വാക്യം 20). തുടര്‍ന്നു ശലോമോനെ രാജാവായി വാഴിക്കുന്നു. ദാവീദ് മരണപ്പെടുകയും ചെയ്തു.

ഒരു വസ്തുത കൂടി ശ്രദ്ധിക്കു: 29:29-ല്‍ ശമുവേലിനേയും ഗാദിനേയും ”ദര്‍ശകന്മാര്‍” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ പ്രവാചകന്മാരെ ”ദര്‍ശകന്മാര്‍” എന്നു വിളിച്ചിരിക്കുന്നത്? അവര്‍ക്കു ഭാവിയിലേയ്ക്കു നോക്കി മറ്റുള്ളവര്‍ക്കു ദര്‍ശിക്കുവാന്‍ കഴിയാത്തതിനെ ദര്‍ശിക്കുവാന്‍ സാധിച്ചിരുന്നതിനാലാണ് അങ്ങനെ വിളിച്ചത്.

ദര്‍ശകന്മാരെയാണ് ഇന്നും സഭയ്ക്ക് ആവശ്യം. ആത്മീയ ദര്‍ശനമുള്ളവരും, ഇപ്പോള്‍ സഭയില്‍ കാണുന്ന ചില രീതികള്‍ (നിര്‍ദ്ദോഷമെന്ന് ഇപ്പോള്‍ തോന്നുന്നത്) അനുവദിച്ചാല്‍ ഭാവിയില്‍ ചില വര്‍ഷങ്ങള്‍ക്കു ശേഷം എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുന്നവരുമായ പുരുഷന്മാരേയും സ്ത്രീകളേയും ആവശ്യമുണ്ട്. ഒരു സഭ അപകടകരമാംവിധം വഴി മാറുന്നത് മുന്‍കൂട്ടി കാണുന്നയാളാണ് ഒരു ദര്‍ശകന്‍. സത്യത്തിന്റെ നേര്‍രേഖയില്‍ നിന്നും ഇപ്പോള്‍ അല്പം മാത്രം ആയിരിക്കും വ്യതിചലിച്ചിട്ടുള്ളത്. സത്യത്തില്‍ നിന്നും ഏതാനും സെന്റീമീറ്റര്‍ മാത്രമായിരിക്കും അകന്നത്. എന്നാല്‍ ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് അനേകം കിലോമീറ്റര്‍ ആകും. ഒരു ദര്‍ശകന്‍ ഭാവിയിലെ അപകടം മുന്‍കൂട്ടി കണ്ട് വളരെ ചെറിയ ഒത്തു തീര്‍പ്പു പോലും അനുവദിക്കുന്നില്ല.