ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ കാണുക – WFTW 31 മെയ് 2020

സാക് പുന്നന്‍

നിങ്ങൾക്ക് സ്വയമായി നടത്താൻ കഴിയുന്ന വളരെ പ്രയോജനകമായ ഒരു വേദപുസ്തക പഠനമായിരിക്കും അപ്പൊസ്തലനായ പൗലൊസിന്റെ പ്രാർത്ഥനകളിലൂടെയുള്ള പഠനം. റോമർ മുതൽ 2 തിമൊഥെയൊസ് വരെയുള്ള ഭാഗങ്ങളിൽ അനേകം പ്രാർത്ഥനകൾ ഉണ്ട്, തന്നെയുമല്ല അദ്ദേഹത്തിന്റെ പ്രാർത്ഥനകളെല്ലാം തന്നെ ആത്മീയ കാര്യങ്ങൾക്കു വേണ്ടി ആയിരുന്നു എന്നു നിങ്ങൾ കണ്ടെത്തുന്നു. ഇവരെല്ലാം ധനികരാകണമെന്നോ, അവർക്ക് താമസിക്കുവാൻ നല്ല വീട് വേണമെന്നോ അല്ലെങ്കിൽ അവരുടെ ഉദ്യോഗത്തിൽ മുന്നേറണമെന്നോ അദ്ദേഹം ഒരിക്കലും പ്രാർത്ഥിച്ചില്ല. അദ്ദേഹം എപ്പോഴും ആഴമുള്ള നിത്യമായ ആത്മീയ കാര്യങ്ങൾക്കുവേണ്ടി ആയിരുന്നു പ്രാർത്ഥിച്ചത്, കാരണം ഈ ഭൂമിയിലുള്ള എല്ലാ കാര്യങ്ങളും വളരെ ചെറിയ കാലയളവിലേക്കുള്ളതാണെന്ന ചിന്തയാൽ അദ്ദേഹത്തിന്റെ ഹൃദയം വളരെയധികം പിടിക്കപ്പെട്ടിരുന്നു.

അത്, അടുത്ത 50 വര്‍ഷത്തേക്ക് ദില്ലിയില്‍ സ്ഥിരതാമസിക്കുവാന്‍ വേണ്ടി ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നത് പോലെയാണ്. നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരാൾ, അയാളുടെ അധികം സമയവും ഡൽഹിയിലേക്കുള്ള നിങ്ങളുടെ ട്രെയിൻ യാത്രയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ചെലവാക്കുകയില്ല, അതായത് ട്രെയിനിൽ നിങ്ങൾക്ക് സുഖകരമായ സമയം ഉണ്ടാകണം, നിങ്ങൾ നല്ല ഭക്ഷണം കഴിക്കണം, നല്ല വസ്ത്രം ധരിക്കണം, സമാധാനമായി ഉറങ്ങണം തുടങ്ങിയ ആവശ്യങ്ങൾ. നിങ്ങൾ ദീർഘനാൾ സന്തോഷത്തോടെ ഡൽഹിയിൽ ജീവിക്കണമെന്നായിരിക്കും അയാൾ അധികം പ്രാർത്ഥിക്കുന്നത്. അതു കൊണ്ട് നമ്മുടെ ഭൂമിയിലെ ജീവിതം നിത്യതയിലേക്കുള്ള ഒരു ചെറിയ യാത്രമാത്രമാണെന്ന് നിങ്ങൾ കാണുക. അവർ നിത്യതയിലെത്തുമ്പോൾ അവർക്ക് ഒരു ദുഃഖവും ഉണ്ടാകാത്ത വിധത്തിൽ ഈ ഭൂമിയിൽ അവർ ജീവിക്കണമെന്ന് ആയിരുന്നു പൗലൊസ് പ്രാർത്ഥിച്ചത് .

കൊലൊസ്യർ 1:9 ൽ പൗലൊസ് പ്രാർത്ഥിച്ചത് ആത്മീയമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവിടുത്തെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണം എന്നാണ്. ഒരു പരിഭാഷയിൽ ഈ വാക്യം പറയുന്നത്, ”നിങ്ങൾ ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് എല്ലാ കാര്യങ്ങളും കാണണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്”. ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവിടുത്തെ ഇഷ്ടത്തിന്റെ പരിജ്ഞാനം ഉണ്ടാകുക എന്നാൽ നിങ്ങൾ എല്ലാ കാര്യങ്ങളും ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുക എന്നാണ് അർത്ഥമാക്കുന്നത്.

നിങ്ങളുടെ മനുഷ്യ ശരീരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ലോകത്തിലുള്ള തത്വചിന്തകന്മാർ പറയുന്നതെല്ലാം നിങ്ങൾ കേൾക്കരുത്, അതിനെ നിങ്ങൾ ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുക. യേശു വന്നത് ഒരു മനുഷ്യ ശരീരത്തിൽ നിന്നാണ്. അതുകൊണ്ട് അതിനെ നിന്ദിക്കരുത്. ജീവിതത്തിലെ ഓരോ കാര്യവും ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നു കാണുക. നമുക്ക് പ്രാർത്ഥിക്കുവാൻ നല്ല ഒരു പ്രാർത്ഥനയാണത്.’ “കർത്താവെ, എന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അവിടുത്തെ കാഴ്ചപ്പാടിലൂടെ കാണുവാൻ എന്നെ സഹായിക്കേണമെ”.

എന്റെ ജീവിതത്തിലുണ്ടായ ആ പ്രത്യേക സാഹചര്യത്തെ ഞാൻ എങ്ങനെയാണ് നോക്കുന്നത്, ആ പ്രത്യേക രോഗം, ജഡത്തിലെ ആ മുള്ള്, എന്നോട് മോശമായി ഇടപെടുന്ന ആ വ്യക്തി? അതിനെ ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നു കാണുക. ആ കാര്യം സംഭവിച്ചപ്പോൾ അത് ദൈവത്തെ വിസ്മയിപ്പിച്ചോ? അത് ദൈവത്തെ വിസ്മയിപ്പിച്ചില്ല. അതെന്നെ വിസ്മയിപ്പിച്ചു, കാരണം സ്ഥലകാല പരിമിതികളുള്ള ഒരു മനുഷ്യ ജീവിയാണ് ഞാൻ. എന്നാൽ ദൈവത്തെ അത് വിസ്മയിപ്പിച്ചില്ല. ഞാൻ പിന്നിലേക്കോ അല്ലെങ്കിൽ ഉയരത്തിലേക്കോ നീങ്ങി ദൈവത്തിന്റെ കാഴ്ചപ്പാടിലെത്തുമ്പോൾ എന്റെ ഹൃദയം സ്വസ്ഥതയിലേക്ക് വരുന്നത് ഞാൻ കാണുകയും ഭൂമിയിലെ അനേകം കാര്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുകയും ചെയ്യുന്നു. പ്രാർത്ഥിക്കുവാൻ നല്ലൊരു പ്രാർത്ഥനയാണത്.

ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ നോക്കുവാൻ പഠിച്ചിരിക്കുന്ന ആളുകളുളള ഒരു സഭ നിങ്ങൾക്ക് പണിയുവാൻ കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു ആത്മീയ സഭ ലഭിച്ചിരിക്കുന്നു.