ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് – WFTW 24 മെയ് 2020

സാക് പുന്നന്‍

1തെസ്സ. 4:13-18 ല്‍ ക്രിസ്തു മടങ്ങി വരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് പൌലോസ് സംസാരിക്കുന്നു. ‘’ ക്രിസ്തുവില്‍ നിദ്രകൊള്ളുന്നവരെക്കുറിച്ച് നിങ്ങള്‍ അറിവില്ലാത്തവരായിരിക്കരുത് എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു‘’. അത് സൂചിപ്പിക്കുന്നത് ക്രിസ്തുവില്‍ മരിച്ചവരെയാണ്. യേശു മരിക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. അതുപോലെ ക്രിസ്തുവില്‍ മരിച്ചവരും ഉയർത്തെഴുന്നേൽക്കും. യേശു മടങ്ങി വരുമ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പാകയില്ല. അവര്‍ ശവക്കല്ലറകളില്‍ നിന്ന് ഉയർത്തെഴുന്നേൽക്കും. അതാണ് ഒന്നാമത്തെ പുനരുത്ഥാനം. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് കർത്താവിനെ എതിരേൽപാൻ മേഘങ്ങളില്‍ എടുക്കപ്പെടും. അവിശ്വാസികളാരും അടുത്ത 1000 വർഷത്തേക്ക് ഉയർത്തെഴുന്നേൽക്കുകയില്ല. അവര്‍ രണ്ടാം പുനരുത്ഥാനത്തില്‍ ഉയർത്തെഴുന്നേൽക്കും.

അവിടുത്തെ മടങ്ങി വരവില്‍ നമ്മുടെ കർത്താവ് ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗ ത്തില്‍ നിന്ന് ഇറങ്ങിവരും. അപ്പോള്‍ സകല വിശുദ്ധന്മാരും കർത്താവിനെ എതിരേൽക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. യേശു തന്റെ ശിഷ്യന്മാരോട് തന്റെ മടങ്ങി വരവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇതേ കാര്യത്തെക്കുറിച്ച് തന്നെ സംസാരിച്ചു. അവിടുന്ന് പറഞ്ഞു, ” അവന്‍ ഇതാ ഇവിടെ അല്ലെങ്കില്‍ അവന്‍ അതാ അവിടെ, അല്ലെങ്കില്‍ അവന്‍ രഹസ്യമായി വന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്” ( മത്തായി 24:26). അവിടുന്ന് പറഞ്ഞത്, ഇന്ന് അനേകര്‍ വിശ്വസിക്കുന്നതുപോലെ താന്‍ രഹസ്യമായി വരികയില്ല എന്നാണ്. അവിടുന്ന് വരുമ്പോള്, മിന്നല്‍ കിഴക്കു നിന്ന് പടിഞ്ഞാറു വരെ വിളങ്ങുംപോലെ ആയിരിക്കും. എല്ലാ കണ്ണുകൾക്കും അവിടുത്തെ കാണാന്‍ കഴിയും.

എപ്പോഴായിരിക്കും ക്രിസ്തുവിന്റെവ മടങ്ങിവരവ് സംഭവിക്കുന്നത്? യേശു ഇതിനും മറുപടി പറഞ്ഞു: ‘’ഈ കഷ്ടം കഴിഞ്ഞ ഉടനെ‘’ (മത്തായി. 24:29). ക്രിസ്തു തന്റെ വിശുദ്ധന്മാരെ ചേർക്കുന്നത് കഷ്ടത്തിന് മുമ്പാണ് എന്ന് അനേകര്‍ വിശ്വസിക്കുന്നു.

എന്നാല്‍ അങ്ങനെ പഠിപ്പിക്കുന്ന ഒരൊറ്റ വചനം പോലും തിരുവെഴുത്തില്‍ എങ്ങും ഇല്ല. അത് മനുഷ്യരുടെ ഉപദേശമാണ്. കഷ്ടത്തിന് ശേഷമാണ് തന്റെ വരവ് എന്ന് യേശു തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. 1തെസ്സ. 4:16-17 ല്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ മത്തായി 24:30,31 ല്‍ യേശുവിനാല്‍ പരാമർശിക്കപ്പെട്ടിരിക്കുന്നതിന് സമാനമാണ്. യേശു തന്റെ, ദൂതന്മാരുമായി കാഹളനാദത്തോടെ മേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും വിശുദ്ധന്മാര്‍ അവിടുത്തെ എതിരേൽപ്പാനായി മേഘങ്ങളില്‍ എടുക്കപ്പെടുന്നതും.

1തെസ്സ. 5:2 ല് നാം വായിക്കുന്നത്, ‘’ കള്ളന്‍ രാത്രിയില്‍ വരുംപോലെ കർത്താവിന്റെ നാള്‍ വരുന്നു‘’ എന്നാണ്. ഒരു കള്ളന്‍ തന്റെ വരവിനെക്കുറിച്ച് നേരത്തെ വിളംബരം ചെയ്യാറില്ല. എന്നാല്‍ അവന്‍ വരുന്നത് അപ്രതീക്ഷിതമായാണ്. അതുപോലെ കർത്താവ് മടങ്ങി വരുമ്പോള്‍ ഓരോ അവിശ്വാസിയും അത്ഭുതസ്തബ്ധരായി തീരും. വെളിച്ചത്തിന്റെ മക്കളായ നാം ഏതു വിധമായാലും നമ്മുടെ കർത്താവിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരിക്കുന്നു (1തെസ്സ. 5:4) നാം ഇരുട്ടിലുള്ളവരല്ല. അതുകൊണ്ട് നാം ആത്മീയമായി ഉറങ്ങിപ്പോകരുത്, എന്നാല്‍ ഉണർന്നിരിക്കണം (1തെസ്സ. 5:6).

നാം ഉണർന്നിരിക്കുക ആണോ അതോ ഉറങ്ങുകയാണോ എന്ന് നാം എങ്ങനെ അറിയും? ഒരു മനുഷ്യന്‍ ഉറങ്ങുമ്പോള്‍, ആ മുറിയില്‍ അവന് ചുറ്റും യഥാർത്ഥികമായുള്ളതെല്ലാം അവന് അദൃശ്യമാണ്, എന്നാല്‍ മിഥ്യയായുള്ള കാര്യങ്ങള്‍ (അവന്റെ സ്വപ്നത്തില്‍) യഥാർത്ഥമായി അവന് തോന്നുന്നു. അതുപോലെ തന്നെ നിത്യതയുടെ യാഥാർത്ഥ്യങ്ങള്‍ അവന് മിഥ്യയായും ഈ ലോകത്തിന്റെ മിഥ്യ യാഥാർത്ഥ്യമായും കാണപ്പെടുമ്പോള്‍ ഒരു വിശ്വാസി ആത്മീയമായി ഉറങ്ങുകയാണ്. സ്വർഗ്ഗത്തോടും നിത്യതയോടും താരതമ്യം ചെയ്യുമ്പോള്‍ ഈ മുഴുലോകവും മിഥ്യയായ ഒരു സ്വപ്നം പോലെയാണ്. യഥാർത്ഥ്യമായ നിത്യതയുടെ കാര്യങ്ങള്‍ സ്വർഗ്ഗത്തിലെ കാര്യങ്ങളാണ്. ഉറങ്ങുന്ന വിശ്വാസികൾക്ക് രാത്രിയില്‍ കള്ളന്‍ വരുംപോലെ ആയിരിക്കും തീർച്ചയായും കർത്താവ് വരുന്നത്. നാം ആ ദിവസത്തിനായി നോക്കിപ്പാർത്തുകൊണ്ട് അവിടുത്തെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന് പൌലോസ് പറയുന്നു.

നമുക്കു ചുറ്റുമുള്ളവര്‍ കരുതുന്നത് എല്ലാ കാര്യങ്ങളും സമാധാനപരവും സുരക്ഷിതവുമാണ് എന്നാണ് (1തെസ്സ. 5:3). എന്നാല്‍ അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും. ഇതിനെക്കുറിച്ച് പറയുന്നത്, “ഗർഭിണിക്ക് പ്രസവവേദന വരും പോലെ” അവർക്ക് പെട്ടെന്ന് നാശം വന്നു ഭവിക്കും എന്നാണ് (1തെസ്സ. 5:3). അന്ത്യനാളുകളെക്കുറിച്ച് പറയുമ്പോള്‍ യേശു ഇതേ പദപ്രയോഗം ഉപയോഗിച്ചു (മത്തായി.24:8). ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് മുമ്പ് അനേക മണിക്കൂറുകള്‍ നീണ്ടുനിൽക്കുന്ന പ്രസവ വേദനയുടെ ഒരു സമയമുണ്ട് എന്ന് ഓരോ സ്ത്രീയ്ക്കും അറിയാം. (ചില അമ്മമാര്‍ പറയുന്നത് അവര്‍ മരിച്ചുപോകും എന്നു തോന്നത്തക്കവിധം വേദനയുള്ളതായിരുന്നു ആ സമയം എന്നാണ്). അതിനുശേഷം മാത്രമാണ് കുഞ്ഞു പിറക്കുന്നത്. ഇത് ക്രിസ്തുവിന്റെ വരവിന് മുമ്പുണ്ടാകാനുള്ള ഉപദ്രവത്തിന്റെ കാലയളവിന്റെ ഒരു ചിത്രമാണ്. പ്രസവ വേദന കൂടാതെ ഒരു കുഞ്ഞും പിറക്കുന്നില്ല. അതുപോലെ ഈ വേദന നിറഞ്ഞ ഉപദ്രവത്തിന് മുമ്പ് കർത്താവിന്റെ വരവും ഉണ്ടാകാന്‍ പോകുന്നില്ല. കർത്താവ് നമ്മെ ഇവിടെ അവിടുത്തേക്കുവേണ്ടി ഒരു സാക്ഷിയാകുവാനും സുവിശേഷത്തിന് വേണ്ടി നമ്മുടെ ജീവന്‍ വയ്ക്കുവാനും നമ്മെ അനുവദിക്കുകയാണെങ്കില്‍, അത് നമുക്കൊരു വലിയ ബഹുമതി ആയിരിക്കും.