വസ്തുക്കള്‍ ഉപയോഗിക്കുക ആളുകളെ സ്‌നേഹിക്കുക

അപ്പാ കാറു കഴുകുന്നതു നോക്കി നില്‍ക്കുകയായിരുന്നു ആ ആറുവയസ്സുകാരന്‍. പെട്ടെന്ന് അവന്‍ എന്തോ ചിന്തിച്ചു കൊണ്ട് അപ്പാ കാണാതെ ഒരു കല്ലെടുത്ത് കാറില്‍ എന്തോ വരച്ചുവച്ചു. ശബ്ദം കേട്ടു പിതാവു തിരിഞ്ഞു നോക്കി – മകന്‍ കല്ലുകൊണ്ട് വണ്ടിയില്‍ എന്തോ എഴുതുന്നു. അപ്പന്റെ കണ്ണുകള്‍ ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു. അദ്ദേഹം ഒറ്റ ചാട്ടത്തിന് മകന്റെ അരികില്‍ എത്തി. അവന്റെ എഴുതുന്ന കയ്യില്‍ അദ്ദേഹം വലിയൊരു കല്ലെടുത്ത് ക്രോധത്തോടെ ആഞ്ഞടിക്കാന്‍ തുടങ്ങി. മകന്‍ അലറിക്കരഞ്ഞു…..

ഒടുവില്‍ ദേഷ്യം കെട്ടടങ്ങിയപ്പോള്‍ പിതാവു ഞെട്ടലോടെ ആ കാഴ്ച കണ്ടു – താന്‍ മകന്റെ പിഞ്ചു കയ്യിലെ എല്ലാവിരലുകളും അടിച്ച് ഒടിച്ചിരിക്കുന്നു. പശ്ചാത്താപത്തോടെ പിതാവു മകനുമായി അടുത്തുള്ള ആശുപത്രിയിലേക്കോടി. അവിടെ അവര്‍ അവന്റെ വലതുകയ്യിലെ അഞ്ചുവിരലുകളിലും പ്ലാസ്റ്ററിട്ടു. പ്ലാസ്റ്റര്‍ വെട്ടിയാലും വിരലുകള്‍ പഴയപടി ആകുകയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ മുറിയില്‍ നിന്നു തലകുമ്പിട്ട് ഇറങ്ങിവന്ന പിതാവു കണ്ടത് ആശുപത്രിവരാന്തയിലെ ബെഞ്ചില്‍ പ്ലാസ്റ്ററിട്ട് ഒടിഞ്ഞ വിരലുകള്‍ നോക്കിയിരിക്കുന്ന മകനെയാണ്. അപ്പനെ കണ്ടപ്പോള്‍ ആറുവയസ്സുകാരന്‍ നിഷ്‌കളങ്കതയോടെ വേദന മറന്നു ചോദിച്ചു: ”അപ്പാ എന്റെ ഈ വിരലുകള്‍കൊണ്ട് എനിക്കു ചോറുണ്ണാന്‍ കഴിയുമോ?” പൊട്ടിവന്ന കരച്ചില്‍ ശ്രമപ്പെട്ട് അടക്കി അദ്ദേഹം വേദനയോടെ കുഞ്ഞിനെ തിരിച്ചു വീട്ടിലാക്കിയിട്ട് കഴുകിയിട്ട് തന്റെ കാറിനടുത്തേക്കു ചെന്നു. ദേഷ്യത്തോടെ ആ കാറിനെ പലവട്ടം തൊഴിച്ചു. ഈ നശിച്ച കാറിനോടുള്ള താല്പര്യമാണു കുഞ്ഞിനെ മൃഗീയമായി ഉപദ്രവിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം കൈ ചുരുട്ടി കാറിന്റെ പള്ളയ്ക്ക് ഇടിച്ചു. അതിനിടയില്‍ അദ്ദേഹത്തിന്റെ മകന്‍ കല്ലുകൊണ്ട് വണ്ടിയുടെ പള്ളയില്‍ കോറിയിട്ടിരുന്ന വാക്കുകള്‍ ഇങ്ങനെ വായിച്ചു. ‘അപ്പാ, ഐ ലവ് യു’ അദ്ദേഹം സ്വന്തം നെഞ്ചില്‍ ആഞ്ഞടിച്ച് ഉറക്കെ കരഞ്ഞു

ദൈവം ആഗ്രഹിക്കുന്നതു നാം സാധനങ്ങള്‍ ഉപയോഗിക്കണമെന്നും ആളുകളെ സ്‌നേഹിക്കണമെന്നുമാണ്. പക്ഷേ ഇന്നു ലോകം സാധനങ്ങളെ സ്‌നേഹിക്കുന്നു. ആളുകളെ ഉപയോഗിക്കുന്നു…

ദൈവത്തിന്റെ കാഴ്ചപ്പാടിലേക്കു മടങ്ങിവന്നാല്‍ നമുക്ക് വ്യക്തികളെ സ്‌നേഹിക്കാന്‍ കഴിയും. ‘സ്‌നേഹം ദീര്‍ഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു’ (1 കൊരി. 13:4)