ജീവനെ നൽകുന്ന സ്നേഹം

silhouette boat and man sailing on ocean

“ഞാൻ പ്രസംഗിക്കുന്നതിനു മുൻപ് നന്നേ ചെറുപ്പം മുതൽ എനിക്ക് പരിചയമുള്ള ഈ പ്രിയ അപ്പച്ചൻ അല്പസമയം സംസാരിക്കും” സഭാ പാസ്റ്റർ അങ്ങനെ പ്രസ്താവിച്ചു.

തുടർന്നു പ്രായമുള്ള ആ പിതാവ് പ്രസംഗവേദിയിലേക്കു കയറി. അദ്ദേഹം സദസ്സിനോട് ഒരു കഥ പറഞ്ഞു. “ഒരു പിതാവ് തന്റെ ഏക മകനും മകന്റെ കൂട്ടുകാരനുമൊത്ത് ഒരു കൊച്ചുബോട്ടിൽ സമുദ്രത്തിൽ ഉല്ലാസ യാത്ര നടത്തുകയാണ്. പൊടുന്നനെ കടൽ ക്ഷോഭിച്ചു. തിരമാലകൾ ആർത്തലച്ചുവന്നു. ബോട്ടുമറിഞ്ഞു.

അദ്ദേഹം ഒരു നിമിഷം നിർത്തി. സദസ്സിൽ തന്നെ ഇമവെട്ടാതെ നോക്കി കൊണ്ടിരിക്കുന്ന കൗമാരക്കാരായ രണ്ടു കുട്ടികളെ നോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു.

“മൂന്നുപേരും കടലിൽ വീണു. ആ പിതാവ് പരിചയ സമ്പന്നനായ നീന്തൽക്കാരനായിരുന്നു. എന്നിട്ടും രണ്ടു കുട്ടികളെയും കൊണ്ട് നീന്തിക പറ്റാൻ പ്രയാസമാണെന്ന് അയാൾക്കു മനസ്സിലായി. തന്റെ മകൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ മകന്റെ കൂട്ടുകാരൻ രക്ഷിക്കപ്പെട്ടതല്ലെന്നും ആ പിതാവിനറിയാം, അതുകൊണ്ട് പിതാവ് മകന്റെ കൂട്ടുകാരന്റെ കയ്യിൽ പിടിച്ചു. സ്വന്തം മകനോട് വിളിച്ചു പറഞ്ഞു. “മോന ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരു നിമിഷം. ആർത്തലച്ചു വന്ന ഒരു തീരമാല ആ മകനെ കടലിലേക്കു വലിച്ചെടുത്തു. പിന്നെ അവന്റെ ജഡംപോലും കിട്ടിയിട്ടില്ല. തന്റെ മകൻ യേശുവിനെ സ്വീകരിച്ചിട്ടുള്ളതു കൊണ്ട് നിത്യതയിൽ കാണുമെന്ന ഉറപ്പുണ്ടായിരുന്ന ആ പിതാവ് മകന്റെ കൂട്ടുകാരനെ രക്ഷിച്ചു കരയിലേക്കു നീന്തി.

പിതാവു തുടർന്നു. “ദൈവവും ഇതുപോലെയാണു നമ്മോടു പെരുമാറിയത്. നമ്മെ നരകത്തിൽ നിന്നു രക്ഷിക്കാനായി സ്വന്തം മകനെ മരണത്തിനു ഏൽപ്പിച്ചു കൊടുത്തു. ഈ സ്നേഹത്തെ നിങ്ങൾ അംഗീകരിക്കുമോ ?.

യോഗാനന്തരം സദസ്സിൽ പിതാവിനെ കേട്ടിരുന്ന രണ്ടു കുട്ടികളും ആ അപ്പച്ചനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു.

“അപ്പച്ചാ, കഥ ഞങ്ങൾക്ക് ഇഷ്ടമായി. പക്ഷേ ആരെങ്കിലും സ്വന്തം മകനെ ഉപേക്ഷിച്ച് മകന്റെ കുട്ടുകാരനെ രക്ഷിക്കുമോ?”

അപ്പച്ചൻ പുഞ്ചിരിച്ചു. അല്പനേരം അദ്ദേഹം എന്തോ ഓർത്തിരുന്നു. പിന്നെ ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു. “കുഞ്ഞുങ്ങളെ, മകനെ കടലിൽ ഉപേക്ഷിച്ച് ആ പിതാവ് ഞാനാണ്. ഞാൻ രക്ഷിച്ച എന്റെ മകന്റെ കൂട്ടുകാരൻ മറ്റാരുമല്ല, നിങ്ങളുടെ പാസ്റ്ററാണ്

ആ കുഞ്ഞുങ്ങൾ പിന്നെ മടിച്ചുനിന്നില്ല. യേശുവിന്റെ സ്നേഹത്തെ അവരും സ്വീകരിച്ചു.

“അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹമെന്ത് എന്നറിഞ്ഞിരിക്കുന്നു…” (1 യോഹ. 3: 16)