സ്വര്‍ഗ്ഗത്തിന്‍റെ ആത്മാവിനെ വെളിപ്പെടുത്തുന്ന ജീവിതം – WFTW 7 ആഗസ്റ്റ് 2018

സാക് പുന്നന്‍

ദൈവത്വത്തിന്‍റെ എല്ലാ ശുശ്രൂഷകളിലും വെച്ച് ഏറ്റവും അദൃശ്യമായത് പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയാണ്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമോ, ബഹുമതിയോ ആഗ്രഹിക്കാതെ അവിടുന്ന് നിശ്ശബ്ദവും അദൃശ്യവുമായ മാര്‍ഗ്ഗത്തില്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യര്‍ പിതാവിനെയും യേശുവിനെയും മാത്രം സ്തുതിക്കുന്നതിലും, താന്‍ തീര്‍ത്തും അപ്രസക്തനായി വിട്ടുകളയപ്പെടുന്നതിലും അവിടുന്ന് പൂര്‍ണ്ണ തൃപ്തനാണ്. എത്ര മനോഹരമായ ഒരു ശുശ്രുഷയാണ്. അപ്പോള്‍ അപ്രകാരമുളള ഒരാത്മാവിനാല്‍ നിറയപ്പെടുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്? അതിന്‍റെ അര്‍ത്ഥം നാം അവിടുത്തെ പോലെ ആയിരിക്കണം എന്നാണ്, അവിടുത്തെ ശുശ്രൂഷ പോലെ ഒരു ശുശ്രൂഷ ഉണ്ടായിരിക്കുന്നതില്‍ തൃപ്തരായിരിക്കണം – നിശ്ശബ്ദമായ, അദൃശ്യമായ, ബഹുമതികള്‍ ഒന്നും സ്വീകരിക്കാതെ, ആ ബഹുമതി മറ്റുളളവര്‍ക്കു പോകുന്നതില്‍ തൃപ്തനായിരിക്കുന്ന ശുശ്രൂഷ. നാം വാസ്തവത്തില്‍ ഈ ആത്മാവിനാലാണോ നിറയപ്പെട്ടിരിക്കുന്നത്? “പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവര്‍” എന്നവകാശപ്പെടുന്ന അനേകര്‍ ഇന്ന് ഏതു വിധേനയും ക്രിസ്തീയ വേദികളില്‍ അവര്‍ക്കു ലഭിച്ചിട്ടുളള വരങ്ങളെ ഉപയോഗിക്കുന്നതിലൂടെ അവര്‍ക്കു വേണ്ടി തന്നെ പ്രാമുഖ്യം അന്വേഷിക്കുന്നു, അവര്‍ തങ്ങളെ തന്നെ ഉയര്‍ത്തുകയും തങ്ങള്‍ക്കു വേണ്ടി തന്നെ പണം സമ്പാദിക്കുന്ന കാര്യം അന്വേഷിക്കുകയും ചെയ്യുന്നു. ഇതെല്ലാം പരിശുദ്ധാത്മാവിന്‍റെതല്ലാത്ത പ്രവര്‍ത്തനങ്ങളാണ്. ഇതെല്ലാം പരിശുദ്ധാത്മാവിനെ അനുകരിക്കുന്ന മറ്റേതോ ആത്മാവിന്‍റെ പ്രവൃത്തിയാണ്, സഭയിലുളള അത്തരം വ്യാജാനുകരണങ്ങളും വഞ്ചനയും തുറന്നു കാട്ടുക എന്നത് നമ്മുടെ കടമയാണ്.
സ്വര്‍ഗ്ഗത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന് നാം വെളിപ്പാട് 4:10 ല്‍ കാണുന്നു. അവിടെ നാം വായിക്കുന്നത്, മൂപ്പന്മാര്‍ “തങ്ങളുടെ കിരീടങ്ങള്‍ ദൈവത്തിന്‍റെ മുമ്പില്‍ താഴെയിട്ടു” എന്നാണ്. സ്വര്‍ഗ്ഗത്തില്‍ യേശുവിനൊഴികെ മറ്റാര്‍ക്കും തലയില്‍ കിരീടമുണ്ടായിരിക്കുകയില്ല. ശേഷമുളള നാം എല്ലാവരും അവിടെ സാധാരണ സഹോദരന്മാരും സഹോദരിമാരും ആയിരിക്കും. സ്വര്‍ഗ്ഗത്തില്‍ പ്രത്യേകതയുളള സഹോദരന്മാരോ സഹോദരിമാരോ ഇല്ല. സഭയില്‍ പ്രത്യേകതയുളള സഹോദരന്മാരോ,സഹോദരി മാരോ ആയിരിക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയിലേക്ക് നരകത്തിന്‍റെ അന്തരീക്ഷം കൊണ്ടുവരുന്നു. പിതാവിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ നാമും ഒന്നിനെക്കുറിച്ചും പ്രശംസിക്കുകയില്ല. നമുക്കുളളതിനെ എല്ലാം, നാം അവിടുത്തെ മുമ്പില്‍ ഇടുകളയും. സ്വര്‍ഗ്ഗത്തില്‍ ആരും ഒരിക്കലും ” ഇത് എന്‍റെതാണ്” എന്ന് തനിക്കുണ്ടാകാവുന്ന ഒന്നിനെക്കുറിച്ചും പറയുകയില്ല ( അവനു ലഭിച്ച കിരീടത്തെക്കുറിച്ചു പോലും).
നമ്മുടെ സഭകളില്‍ സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം വ്യാപരിക്കുവാന്‍ തുടങ്ങുമ്പോള്‍, നാമും ഒരിക്കലും നമുക്കുണ്ടാകാവുന്ന ഒന്നിനെക്കുറിച്ചും ” ഇത് എന്‍റെതാണ് ” എന്നു പറയുകയില്ല. എല്ലാം ദൈവത്തിന്‍റെതാണ് എന്നും അതുകൊണ്ട് അത് ഭൂമിയില്‍ ദൈവ രാജ്യത്തിന്‍റെ വ്യാപ്തിക്കുവേണ്ടി സൗജന്യമായി ലഭ്യമായതാണ് എന്നും കാണക്കാക്കപ്പെടുന്നു.
ഓരോ പിശുക്കനും തനിക്കുവേണ്ടി തന്നെയും തന്‍റെ സ്വന്തനേട്ടത്തിനുവേണ്ടിയും ജീവിക്കുന്ന ഓരോ സ്വാര്‍ത്ഥമതിയും സാത്താന്‍റെ നിയന്ത്രണത്തിന്‍ കീഴിലാണ്. ഭൂമിയിലുളള തന്‍റെ ലക്ഷോപലക്ഷം മക്കള്‍ക്കു തമ്മില്‍ കൂട്ടായ്മയില്ല എന്നത് ദൈവത്തിന്‍റെ ഹൃദയത്തിനു വലിയ ദുഃഖമാണ്. അതുകൊണ്ട് അനേകര്‍ക്ക് മറ്റുളളവരോട് കയ്പുണ്ട്. മറ്റുളളവര്‍, ദൈവം തങ്ങളെ മാത്രമെ തിരഞ്ഞെടുത്തിട്ടുളളു മറ്റുളളവരെ തെരഞ്ഞെടുത്തിട്ടില്ല എന്നു ചിന്തിക്കുന്ന, സ്വയനീതിയുളള പരീ ശ ന്മാരാണ്. ദൈവം ഈ രണ്ടു കൂട്ടത്തിലുമുളള തന്‍റെ മക്കളെക്കുറിച്ച് ദുഃഖിതനാണ് – കാരണം അവരെല്ലാവരും സഭയ്ക്കു വേണ്ടിയുളള അവിടുത്തെ പദ്ധതിയെ വിഫലമാക്കുകയാണ്.
ഒരു സഭയിലേക്ക് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം കൊണ്ടുവരുവാനും ആ സഭയിലുളള സഹോദരന്മാരും സഹോദരിമാരും തമ്മിലുളള കൂട്ടായ്മ സ്ഥാപിക്കുവാനും കഴിവുളളവരാണ്. ഏതു സഭയിലെയും ഏറ്റവും വിലയുളള സഹോദരന്മാരും സഹോദരി മാരും. ഇത് ആ സഭയിലെ മൂപ്പനായിരിക്കണമെന്നില്ല. നമുക്ക് എല്ലാവര്‍ക്കും അത്തരത്തിലുളള വിലയേറിയ സഹോദരന്മാരും സഹോദരമമാരും ആയി തീരുവാനുളള അവസരം ഉണ്ട്.
എപ്പോഴെല്ലാം അവന്‍/അവള്‍ ഒരു കൂടിവരവിലേക്ക് അല്ലെങ്കില്‍ ഒരു ഭവനത്തിലേക്ക് കടന്നു വരുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നിര്‍മ്മലമായ ഒരു മന്ദമാരുതന്‍ ആ മുറിയിലൂടെ വീശുന്നതുപോലെ തോന്നും, അങ്ങനെയുളള ഒരു സഹോദരന്‍ അല്ലെങ്കില്‍ ഒരു സഹോദരി ഒരു സഭയിലുണ്ടെങ്കിലുളള കാര്യം നിങ്ങള്‍ ഒന്നു ചിന്തിക്കുക. അതുപോലെയുളള ഒരു വ്യക്തി എത്ര വിലപിടിപ്പുളള ഒരു സഹോദരന്‍/സഹോദരിയാണ്! അവന്‍ തന്‍റെ യാത്രയ്ക്കിടയ്ക്ക് കേവലം 5 മിനിറ്റ് നേരത്തേക്ക് നിങ്ങളെ ഒന്നു സന്ദര്‍ശിച്ചാല്‍ പോലും നിങ്ങള്‍ ഉന്മേഷവാനായിതീരും. 5 മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ ഭവനത്തിലേക്ക് സ്വര്‍ഗ്ഗം കടന്നുവന്നതു പോലെ നിങ്ങള്‍ക്കു അനുഭവപ്പെടും! അയാള്‍ നിങ്ങളോട് ഒരു പ്രസംഗം ചെയ്തെന്നു വരികയില്ല അല്ലെങ്കില്‍ ദൈവവചനത്തില്‍ നിന്നുളള വെളിപ്പാടിന്‍റെ ഒരു വാക്കുപോലും അയാള്‍ പറഞ്ഞിട്ടുണ്ടാകുകയില്ല. എന്നാല്‍ അയാള്‍ അത്ര നിര്‍മ്മലനായിരുന്നു. അയാള്‍ മൂകനോ വിഷണ്ണനോ ആയിരുന്നില്ല, അയാള്‍ക്ക് ആരെക്കുറിച്ചും ഒരു പരാതിയും ഉണ്ടായിരുന്നില്ല. അങ്ങനെയുളള ഒരു സഹോദരന്‍ ഒരിക്കലും ഒരു മീറ്റിംഗില്‍ ഒന്നാമതു സംസാരിക്കുകയില്ല (പലര്‍ക്കും ചെയ്യാന്‍ മോഹ മുളളതു പോലെ). അയാള്‍ ഓരോ കൂടിവരവിലും ചിലപ്പോള്‍ പതിനഞ്ചാമതായിരിക്കാം സംസാരിക്കുന്നത്, അതും വെറും 3 മിനിറ്റുകളിലേക്കു മാത്രം. എന്നാല്‍ അവ ആ മീറ്റിംഗില്‍ സ്വര്‍ഗ്ഗത്തിന്‍റെ 3 മിനിറ്റുകള്‍ ആയിരിക്കും!
പരാതിക്കാരെയും പിറുപിറുപ്പുകാരെയും കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നതിനാല്‍, അതുപോലെയുളള ഒരു സഹോദരനെ കണ്ടുമുട്ടുന്നത് വളരെ ഉന്മേഷദായകമായിരിക്കും. അത് വളരെ ചൂടുളള, ദേഹം ഒട്ടിപ്പിടിക്കുന്ന ദിവസത്തില്‍ ഒന്നു കുളിക്കുന്നതു പോലെയാണ്. ഈ തരത്തിലുളള ഒരു സഹോദരനെ/സഹോദരിയെ പോലെ ആകുവാനാണ് നാം എല്ലാവരും ആഗ്രഹിക്കേണ്ടത്. യേശു അങ്ങനെ ആയിരുന്നു നമ്മെയും അതുപോലെ ആക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.