സാക് പുന്നന്‍

ആമുഖം

1971 ജനുവരിയില്‍ വെല്ലൂരില്‍വച്ചു നടന്ന ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്‍ഡ്യയുടെ 20-ാം വാര്‍ഷികസമ്മേളനത്തില്‍ നല്‍കപ്പെട്ട സന്ദേശങ്ങളാണ് ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുള്ളത്.

ചിലതെല്ലാം പ്രാപിച്ച ഒരുവനായിട്ടല്ല, പിന്നെയോ ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ കൃപ തേടുന്ന ഒരുവനായിട്ടാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്. അതേ സമയം തന്നെ എനിക്ക് ഇനിയും വളരെ വഴി പിന്നിടേണ്ടതുണ്ടെന്ന കാര്യം വേദനയോടെ ഞാന്‍ സ്മരിക്കുകയും ചെയ്യുന്നു.

ദൈവവചനം വിശ്വസ്തതയോടെ സംസാരിക്കപ്പെടണമെന്നത് എന്നും എനിക്കു ബോധ്യമുള്ള വസ്തുതയായിരുന്നിട്ടുണ്ട്. ആ പ്രവൃത്തിക്കിടയില്‍ അതേ വചനത്താല്‍ തന്നെ സന്ദേശവാഹകനു കുറ്റബോധം ജനിച്ചുവെന്നു വരാം. അതിനാല്‍ ഈ സന്ദേശങ്ങള്‍ ആദ്യം എനിക്കുവേണ്ടിത്തന്നെയുള്ള ദൈവവചസ്സുകളായി ഞാന്‍ പരിഗണിക്കുന്നു. അവ ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ എന്നെ കുറ്റം വിധിക്കുകയും ചെയ്യുന്നുണ്ട്.

ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ധാരാളമാളുകള്‍ ഇവയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതിനാല്‍ സമ്മേളനത്തിലെ ഈ വചനങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവത്തിനു പ്രസാദം തോന്നി. ഇനിയും അധികം പേര്‍ക്ക് ഒരനുഗ്രഹമായി ഇവ ഭവിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ ഇപ്പോള്‍ ഇവ പ്രസിദ്ധീകരിക്കുകയാണ്.

സന്ദേശങ്ങള്‍ സംസാരിക്കപ്പെട്ട അതേ രൂപത്തില്‍ത്തന്നെയാണ് അവയെ ഈ പുസ്തകത്തില്‍ പുനരാവിഷ്‌കരിക്കുന്നത്.

വെല്ലൂര്‍,
ജനുവരി 1971

സാക് പുന്നന്‍

”സഭയ്ക്ക് ഇന്ന് ആവശ്യമായിരിക്കുന്നതു കൂടുതലായും മെച്ചമായും ഉള്ള ആവിഷ്‌കരണോപാധികളോ സംഘടനകളോ സംവിധാനങ്ങളോ അല്ല; മറിച്ചു പരിശുദ്ധാത്മാവിന് ഉപയോഗിപ്പാന്‍ പറ്റിയ വ്യക്തികളാണ്. പരിശുദ്ധാത്മാവ് ആവിഷ്‌കരണോപാധികളിലൂടെയല്ല, വ്യക്തികളിലൂടെ യാണു പ്രവഹിക്കുന്നത്. അവിടുന്നു യന്ത്രസംവിധാനങ്ങളിലേക്കല്ല, മനുഷ്യരിലേക്കാണു ചൊരിയപ്പെടുന്നത്. അവിടുന്നു പദ്ധതികളെയല്ല, മനുഷ്യരെയാണ് അഭിഷേകം ചെയ്യുന്നത്.

ഈ കാര്യത്തില്‍ ജന്മസിദ്ധമായ കഴിവോ വിദ്യാഭ്യാസയോഗ്യതയോ പ്രധാനഘടകങ്ങളല്ല. നേരേമറിച്ച് വിശ്വസിപ്പാനുള്ള കഴിവ്, പ്രാര്‍ത്ഥിക്കുവാനു ള്ള ഒരുക്കം, സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ശക്തി, സ്വയം ചെറുതാകുവാനുള്ള സന്നദ്ധത, ദൈവമഹത്വത്തിനുവേണ്ടി അഹന്തയെ നിശ്ശേഷം വെടിയുന്ന മനോഭാവം, ദൈവത്തിന്റെ എല്ലാ സമ്പൂര്‍ണ്ണതയും സ്വായത്തമാക്കുവാനുള്ള അദമ്യമായ അഭിവാഞ്ഛ – ദൈവത്തിനായി എരിയുവാന്‍ സഭയെ സജ്ജമാക്കുവാന്‍ കഴിയുന്ന വ്യക്തികള്‍ ഇവയാണ് മുഖ്യാവശ്യങ്ങള്‍; പ്രദര്‍ശനപരവും ശബ്ദമുഖരിതവുമായ വിധത്തിലല്ല, പ്രശാന്തവും തീക്ഷ്ണവുമായ വിധത്തില്‍ ദൈവത്തിനുവേണ്ടി എല്ലാം ഉരുക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കര്‍മ്മോഷ്മളതയാണ് ഇവിടെ ആവശ്യം.

അനുയോജ്യരായ വ്യക്തികളെ ലഭിച്ചാല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവത്തിനു കഴിയും.”

ഈ. എം. ബൗണ്‍ഡ്‌സ്

അധ്യായം 1 : ആത്മീയമായി ഉന്നതനിലവാരമുള്ള മനുഷ്യര്‍

ശതാബ്ദങ്ങളായി ദൈവനാമത്തിനു വിജാതീയ ജനങ്ങളുടെ ഇടയില്‍ സുസ്ഥിരമായ മഹിമയുണ്ടാകുകയും അവിടുത്തെ മഹത്വം സ്ഥായിയായി നില നില്‍ക്കുകയും ചെയ്യുമാറ് അന്ധകാരശക്തികളെ നിശ്ശേഷം തോല്‍പിക്കുവാന്‍ ദൈവം ഉപയോഗിച്ചിട്ടുള്ള മനുഷ്യരുടെ സംഖ്യ എക്കാലവും ചുരുക്കമായിരുന്നു. ദൈവാനുഗ്രഹങ്ങള്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്; എങ്കിലും ദൈവത്തോടൊപ്പം നിന്ന് അധ്വാനിച്ചിട്ടുള്ളവര്‍ എപ്പോഴും ഒരു ചെറിയ ശേഷിപ്പു മാത്രമായിരുന്നു. 32,000 പേര്‍ അടങ്ങിയ ഗിദെയോന്റെ സൈന്യത്തില്‍ മുന്നൂറുപേരേ മാത്രമേ ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളു. സഭാചരിത്രത്തില്‍ ഉടനീളം ഇതേ അനുപാതമാണു നിലനിന്നിട്ടുള്ളത്. ആ ശേഷിപ്പിന്റെ ഒരു ഭാഗമായിത്തീരുവാനുള്ള വില കൊടുക്കുവാന്‍ ചുരുക്കം പേരേ സന്നദ്ധരായിരുന്നിട്ടുള്ളു.

അത്തരം മനുഷ്യരെ, ആത്മീയമായി ഉന്നത നിലവാരം പുലര്‍ത്തുന്ന മനുഷ്യരെ, അന്വേഷിച്ചുകൊണ്ടു കര്‍ത്താവിന്റെ കണ്ണുകള്‍ ഭൂമി മുഴുവന്‍ ഊടാടിക്കൊണ്ടിരിക്കുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇക്കാലത്തു തന്റെ നാമം ദുഷിക്കപ്പെടുവാനിടയായിട്ടുള്ള സ്ഥാനങ്ങളില്‍ അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തുവാന്‍ ഇവരെ ഉപയോഗിക്കണമെന്നാണു ദൈവം ആഗ്രഹിക്കുന്നത്.

2500 വര്‍ഷം മുമ്പു യിസ്രായേല്‍ രാജ്യത്ത് ഇതേ ആവശ്യം നിലനിന്ന ഒരു കാലത്തു ദൈവനാമം അപമാനിതമായപ്പോള്‍ തന്റെ ജനത്തിന് ഇപ്രകാരമൊരു സന്ദേശം ദൈവം നല്‍കി: ”ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നെ നിങ്ങളില്‍ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവയെന്ന് അവര്‍ അറിയും” (യെഹെ. 36:23). ഈ ദൂതില്‍ ഒരു വാഗ്ദാനം അടങ്ങിയിരിക്കുന്നു. എങ്കിലും അത് ഒരു വ്യവസ്ഥയ്ക്കു വിധേയമായ വാഗ്ദാനമായിരുന്നു. യഹോവയാണു സത്യദൈവം എന്നു വിജാതീയര്‍ അറിയും; എന്നാല്‍ തന്റെ ജനത്തിന്റെ ജീവിതത്തില്‍ അവിടുന്നു വിശുദ്ധീകരിക്കപ്പെടുമ്പോള്‍ മാത്രമേ അതു സാധിക്കൂ.

തങ്ങളുടെ ജീവിതത്തില്‍ ദൈവം വിശുദ്ധീകരിക്കപ്പെടുവാന്‍ അനുവദിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കായി ഇന്നു ദൈവം കാത്തിരിക്കുകയാണ്. അതു സംഭവിക്കുമ്പോള്‍ ചുറ്റുപാടുമുള്ള ജനങ്ങള്‍ അതു മനസ്സിലാക്കുകയും അവിടുത്തെ നാമം അവരില്‍ മഹത്വപ്പെടുവാന്‍ ഇടയാവുകയും ചെയ്യും. ബി. സി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ദൈവപുരുഷന്റെ ജീവിതത്തില്‍ ഇത് ഉദാഹരിക്കപ്പെടുന്നതായി നാം കാണുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു നാം നോക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു ദൈവദാസന്റെ ജീവിതത്തില്‍ സംഭവിക്കേണ്ട മൂന്നു കാര്യങ്ങള്‍ കുറഞ്ഞ പക്ഷം നമുക്കു കാണാന്‍ കഴിയും.

എലീശാ നമുക്കു സമസ്വഭാവിയായ മനുഷ്യനായിരുന്നു. എങ്കിലും തന്റെ തലമുറയിലെ ആളുകളില്‍ ദൈവത്തിനായി ഒരു ഫലമുളവാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തിരുവെഴുത്തുകളില്‍ നല്‍കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത വിവരണത്തില്‍ മറ്റുള്ളവരില്‍ അദ്ദേഹം ഉളവാക്കിയ ധാരണയെപ്പറ്റി നാം വായിച്ചറിയുന്ന മൂന്ന് അവസരങ്ങള്‍ കാണാം. ഇവയെ ഓരോന്നായി ഇവിടെ നമുക്കു പരിശോധിക്കാം.

അധ്യായം 2: വിശുദ്ധനായ ഒരു ദൈവ പുരുഷന്‍

”ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു. അവള്‍ അവനെ ഭക്ഷണത്തിനു വരണമെന്നു നിര്‍ബന്ധിച്ചു. പിന്നത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. അവള്‍ തന്റെ ഭര്‍ത്താവിനോട്: ‘നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായൊരു ദൈവപുരുഷനെന്നു ഞാന്‍ കാണുന്നു’ എന്നു പറഞ്ഞു” (2 രാജാ. 4:8,9).

ഈ നിരീക്ഷണം നടത്തിയതു സമൂഹത്തില്‍ സ്വാധീനശക്തിയുള്ള ധനികയായ ഒരു സ്ത്രീയായിരുന്നു (ആംപ്ലിഫൈഡ് ബൈബിള്‍). പുറംകാഴ്ച കൊണ്ടു കബളിപ്പിക്കപ്പെടുന്ന ഉപരിപ്ലവ ബുദ്ധിയായ ഒരുവള്‍ അല്ലായിരുന്നു ആ സ്ത്രീ. എലീശാ കൂടെക്കൂടെ അവളുടെ ഭവനം സന്ദര്‍ശിച്ചിരുന്നു. ഒരു അക്രൈസ്തവന്‍ ക്രിസ്ത്യാനികളായ നമ്മെ നിരീക്ഷിക്കുന്നതുപോലെ അവള്‍ ദിനംപ്രതി അദ്ദേഹത്തെ നിരീക്ഷിച്ചുപോന്നു. അന്തിമമായി അദ്ദേഹം വിശുദ്ധനായൊരു ദൈവപുരുഷനാണെന്നുള്ള നിഗമനത്തില്‍ അവള്‍ ചെന്നെത്തി.

സഹോദരീസഹോദരന്മാരേ, മറ്റുള്ളവര്‍ നമ്മെ നിരീക്ഷിക്കുമ്പോള്‍ ഇപ്രകാരമുള്ള ഒരു നിഗമനത്തിലെത്തുവാന്‍ അവര്‍ക്കു കഴിയുന്നില്ലെങ്കില്‍ നാം പറയുന്നതും ചെയ്യുന്നതുമെല്ലാം നിഷ്പ്രയോജനമാണ്. നമ്മെപ്പറ്റി അല്പം മാത്രം അറിവുള്ള ആളുകള്‍ക്കുണ്ടാകുന്ന ധാരണയെപ്പറ്റിയല്ല, നേരേമറിച്ചു നമ്മെ കൂടെക്കൂടെ കണ്ടുമുട്ടുകയും നമ്മോടൊപ്പം പാര്‍ക്കുകയും നമ്മെ ഗാഢമായും സമ്പൂര്‍ണ്ണമായും അറിയുകയും ചെയ്യുന്നവരെപ്പറ്റിയാണു ഞാന്‍ പറയുന്നത്.

മറ്റു മനുഷ്യര്‍ക്കു നമ്മെക്കുറിച്ചുണ്ടാകുന്ന ധാരണ എന്താണ്? നമ്മെ സമര്‍ത്ഥന്മാരും ബുദ്ധിശാലികളും വാക്പാടവമുള്ളവരും ഒരു പക്ഷേ ശക്തിസമ്പന്നമായ വ്യക്തിത്വമുള്ളവരും എന്നു മാത്രമാണോ അവര്‍ പരിഗണിക്കുന്നത്? ഈ ഗുണങ്ങള്‍ വ്യാപാരികളില്‍ കാണുന്നപക്ഷം അവ സുപ്രധാനവും സര്‍വോത്തമവുമായിരിക്കും; എന്നാല്‍ വ്യാപാരികളായിത്തീരാനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്. പ്രാഥമികമായിത്തന്നെ വിശുദ്ധരായ സ്ത്രീപുരുഷന്മാരായിരിപ്പാനാണു നമ്മെ ദൈവം വിളിച്ചിട്ടുള്ളത്.

നമ്മുടെ സഭകളിലും ക്രിസ്തീയ സംഘടനകളിലും നമുക്കു ധാരാളം സുവിശേഷപ്രസംഗകരും ഗായകരും ദൈവശാസ്ത്രജ്ഞരും ഭരണനിപുണന്മാരും ഉണ്ട്. അപ്രകാരമുള്ള എല്ലാവര്‍ക്കുംവേണ്ടി ദൈവത്തിനു സ്‌തോത്രം. എന്നാല്‍ നമുക്കു വിശുദ്ധരായ മനുഷ്യര്‍ ഉണ്ടോ? ഇതാണു പ്രധാന പ്രശ്‌നം. വിശുദ്ധരായ സ്ത്രീ പുരുഷന്മാരെ ലഭിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ ആത്മീയ ഉണര്‍വുണ്ടാവുകയുള്ളു.

നമ്മുടെ ഹൃദയത്തില്‍ നാം വാസ്തവത്തില്‍ എങ്ങനെയുള്ളവരായിത്തീരാന്‍ വാഞ്ഛിക്കുന്നുവോ ആ വിധത്തിലുള്ള വ്യക്തികളായി നാം കലാശിക്കുന്നുവെന്ന ചൊല്ലു സത്യമാണെന്നു ഞാന്‍ കരുതുന്നു. നാം യഥാര്‍ത്ഥമായും വിശുദ്ധരായ സ്ത്രീപുരുഷന്മാരായിത്തീരുവാന്‍ അഭിവാഞ്ഛിച്ചിട്ടുണ്ടോ? ഓര്‍ക്കുക – നമ്മുടെ ഹൃദയങ്ങളിലെ ആഴമായ അഭിവാഞ്ഛ ദൈവം അറിയുകയും അതു നമുക്കു നല്‍കുകയും ചെയ്യുന്നു. അങ്ങനെ വാഞ്ഛിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നാം അപ്രകാരമായിത്തീരുമായിരുന്നു.

അതിനാല്‍ ഇന്നു നാം വിശുദ്ധരായിത്തീര്‍ന്നിട്ടില്ലെങ്കില്‍ ഒരു പക്ഷേ അതിന്റെ കാരണമിതാണ്: നമ്മുടെ യഥാര്‍ത്ഥമായ അഭിവാഞ്ഛ മറ്റൊരു വിധത്തിലായിരുന്നു. സമര്‍ത്ഥരും വൈഭവശാലികളും ഭരണനിപുണരുമായി മാത്രം ഇരിക്കുന്നതില്‍ നാം സംതൃപ്തിയടയുന്നുണ്ടാവണം. മറ്റെല്ലാറ്റിനെ ക്കാളുമധികം വിശുദ്ധിയെ നാം ആഗ്രഹിക്കുന്നുവെന്നു പറയുവാന്‍ എളുപ്പമാണ്; കാരണം, നാം പറയേണ്ട ശരിയായ കാര്യം അതാണ്. എന്നാല്‍ യെശയ്യാവിന്റെയും യെഹെസ്‌കേലിന്റെയും കാലത്തെ ആളുകളെപ്പോലെ നമ്മുടെ ഹൃദയങ്ങളിലെ അത്യഗാധമായ അഭിലാഷവും നമ്മുടെ അധരങ്ങളിലെ ഏറ്റുപറച്ചിലും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ളപോലെയുള്ള അന്തരമുണ്ടായിരിക്കാം (യെശ. 29:13; യെഹെ. 33:31).

നമ്മുടെ ഒരു പ്രസംഗം അഥവാ രണ്ടു പ്രസംഗങ്ങള്‍ അനുഗ്രഹമായിത്തീര്‍ന്നേക്കാം. എന്നാല്‍ വിശുദ്ധീകരണത്തെപ്പറ്റിയുള്ള ഒരു സിദ്ധാന്തമോ ഭൂതകാലാനുഭവങ്ങളെപ്പറ്റിയുള്ള സാക്ഷ്യമോ ഒന്നും തന്നെ സാക്ഷാല്‍ വിശുദ്ധിയുള്ള ഒരു ജീവിതത്തിന് – മിഥ്യയില്ലാത്ത വിശുദ്ധിയെ സ്വന്തമാക്കി യിട്ടുള്ള ഒരു ജീവിതത്തിന് – പകരം വയ്ക്കാവുന്ന ഒന്നായിത്തീരുകയില്ല (എഫേ. 4:24 ജെ. ബി. ഫിലിപ്‌സ്).

ഇന്‍ഡ്യയില്‍ നമ്മുടെ ഹൈന്ദവ സ്‌നേഹിതരില്‍ ചിലര്‍ക്ക് ഉന്നതമായ ഒരു ധാര്‍മ്മികനിലവാരമുള്ളതായി നമുക്കറിയാം. അവരുടെ മതം പഠിപ്പിക്കുന്നതില്‍നിന്നു താഴ്ന്നതായ വിശുദ്ധിയുടെ ഒരു നിലവാരമാണു നമുക്കുള്ളതെന്ന് അവര്‍ കാണുവാനിടയായാല്‍ എങ്ങനെയാണ് അവര്‍ യേശുക്രിസ്തുവിലേക്ക് ആകര്‍ഷിക്കപ്പെടുവാന്‍ ഇടയാവുക? ഭക്തിയുള്ള ചില ഹിന്ദുക്കള്‍ അവരുടെ പിശകുകളും തെറ്റായ ആശയ സംഹിതകളും ഇരിക്കെത്തന്നെ പല ക്രിസ്ത്യാനികള്‍ക്കും ഉള്ളതിനെക്കാള്‍ ഉപരിയായ ഒരാത്മാര്‍ത്ഥതയും സത്യസന്ധതയും പ്രകാശിപ്പിക്കുന്നുണ്ടെന്നതു ദുഃഖകരമെങ്കിലും സത്യമായ ഒരു വസ്തുതയാണ്. ഇതിനെപ്പറ്റി നാം ലജ്ജിതരായിത്തീരുകയും ദൈവമുമ്പാകെ കവിണ്ണുവീണ് അവിടുത്തെ കരുണയ്ക്കായി യാചിക്കയും ചെയ്യേണ്ടതാണ്.

നമ്മുടെ സഭകളില്‍, പ്രത്യേകിച്ചു ക്രിസ്തീയ നേതാക്കളുടെ ഇടയില്‍, നമുക്കു യഥാര്‍ത്ഥത്തില്‍ വിശുദ്ധരായ സ്ത്രീപുരുഷന്മാര്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. അപ്രകാരമുള്ളവര്‍ ഇല്ലെങ്കില്‍ നമ്മുടെ രാജ്യത്തെ ക്രിസ്തുവിനു വേണ്ടി നേടുവാനുള്ള നമ്മുടെ എല്ലാ യത്‌നങ്ങളും വ്യര്‍ത്ഥമായിത്തീരും.

ക്രിസ്ത്യാനികളായ നമ്മില്‍ പരിശുദ്ധാത്മാവ് അധിവസിക്കുന്നതായി നാം അവകാശപ്പെടുന്നു. എന്നാല്‍ നമ്മില്‍ അധിവസിക്കുന്ന ആത്മാവിന്റെ നാമധേയം ‘പരിശുദ്ധാത്മാവ്’ എന്നാണെന്നും അവിടുത്തെ പ്രാഥമികമായ പ്രവര്‍ത്തനം നമുക്ക് ആത്മീയവരങ്ങള്‍ നല്‍കുക എന്നതല്ല, നമ്മെ വിശുദ്ധരാക്കിത്തീര്‍ക്കുക എന്നതാണെന്നും നമുക്കു മറക്കാതിരിക്കാം.

യെശയ്യാവിനു ദൈവത്തിന്റെ ദര്‍ശനം ലഭിച്ചപ്പോള്‍ ദൈവസിംഹാസനത്തിനു ചുറ്റും നിന്ന സെറാഫുകള്‍ ”സര്‍വശക്തന്‍, സര്‍വശക്തന്‍, സര്‍വശക്തന്‍” എന്നോ ”കരുണാപൂര്‍ണ്ണന്‍, കരുണാപൂര്‍ണ്ണന്‍, കരുണാപൂര്‍ണ്ണന്‍” എന്നോ അല്ല, മറിച്ച് ”പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍” എന്ന് ആര്‍ത്തുകൊണ്ടിരുന്നതായിട്ടാണ് അദ്ദേഹം കേട്ടത്. അത്തരമൊരു ദര്‍ശനം കണ്ട ഏതൊരുവനും അപ്രകാരമുള്ള ഒരു ദൈവത്തിന്റെ ദാസനായിരിക്കുക എന്നതു ലഘുവായൊരു കാര്യമാണെന്നു ഗണിക്കുകയില്ല. ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും വിശുദ്ധനെന്നു നാമമുള്ളവനുമായവനെ പ്രതിനിധാനം ചെയ്യുവാന്‍ വിളിക്കപ്പെട്ട ഒരാളിന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു ഘടകമാണു വിശുദ്ധി.

നമ്മുടെ ദൈവം അപ്രമേയമായ വിധം വിശുദ്ധനായ ഒരു ദൈവമാണെന്നുള്ള വസ്തുതയാണു നമ്മുടെ ജീവിതത്തില്‍ വിശുദ്ധിക്കുള്ള ഏറ്റവും വലിയ പ്രേരകശക്തി. ”ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരാകുവിന്‍” എന്നു ദൈവം കല്പിക്കുന്നു. ദൈവം നമ്മെ ഉപയോഗിക്കുവാന്‍ നാം ആഗ്രഹിക്കുന്നതു മൂലം മാത്രമാണു നാം വിശുദ്ധി പാലിക്കുവാന്‍ ശ്രമിക്കുന്നതെങ്കില്‍ നമ്മുടെ ഉദ്ദേശ്യം സ്വാര്‍ത്ഥപരമാണ്. എന്നാല്‍ അവിടുന്നു നമ്മെ ഉപയോഗിച്ചാലുമില്ലെങ്കിലും നമ്മുടെ ദൈവം വിശുദ്ധനാകയാല്‍ നാമും വിശുദ്ധരായിരിപ്പാന്‍ ആഗ്രഹിക്കണം.

എലീശാ ആ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധനായ ഒരു ദൈവപുരുഷനാണ് അദ്ദേഹമെന്ന ഒരു ധാരണയാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന സകല ജനങ്ങള്‍ക്കും അദ്ദേഹം നല്‍കിയത്. അദ്ദേഹം നല്‍കിയ പ്രസംഗത്തിലെ സന്ദേശങ്ങളും അവയിലടങ്ങിയിരുന്ന മൂന്നു പോയിന്റുകളുമെല്ലാം ആളുകള്‍ മറന്നുപോയിരിക്കും; എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം ജനങ്ങള്‍ക്കു നല്‍കിയ ആ ധാരണ മറക്കുവാന്‍ സാധ്യമായിരുന്നില്ല. ഇന്ന് എന്തൊരു വെല്ലുവിളിയാണ് ഇതു നമുക്കുളവാക്കുന്നത്! വാക്ചാതുര്യത്തോടെ പ്രസംഗിക്കുക, തിരുവെഴുത്തുകളെ സമര്‍ത്ഥമായ വിധം വിശദീകരിക്കുക, കാര്യക്ഷമതയോടെ ഭരണം നടത്തുക എന്നിവയെക്കാളെല്ലാം വിശുദ്ധരായ ദൈവപുരുഷന്മാരായിരിക്കുന്നതിനു നാം അഭിലഷിക്കേണ്ടതാണ്. അത്തരം വ്യക്തികള്‍ തങ്ങളില്‍ വരുത്തിയ മതിപ്പിനെ സ്മരണയില്‍നിന്നു മായിച്ചുകളയുവാന്‍ ആളുകള്‍ക്കു സാധ്യമല്ല.

നമ്മുടെ ഈ രാജ്യത്തു വിവിധസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനിടയില്‍ അദ്ഭുതകരമായ വരങ്ങളും കഴിവുകളുമുള്ള അനേകം ക്രിസ്തീയനേതാക്കളെയും മിഷനറിമാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്; പ്രദര്‍ശനവൈഭവമുള്ളവരെയും ബഹിര്‍മ്മുഖന്മാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ വിശുദ്ധരായ ദൈവപുരുഷന്മാരെന്ന നിലയില്‍ ബഹുമാനത്തോടെ വീക്ഷിക്കാവുന്ന വളരെച്ചുരുക്കം പേരെ മാത്രമേ എനിക്കു കാണുവാന്‍ കഴിഞ്ഞിട്ടുള്ളു. എന്റെ വിലയിരുത്തല്‍ തെറ്റിപ്പോയെന്നു വന്നേക്കാം. പക്ഷേ അതു ശരിയായിരുന്നുവെന്നു വരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

ദൈവം ഒരു മനുഷ്യനെ തന്റെ സേവനത്തിനായി ഉപയോഗിക്കുന്നുവെന്ന വസ്തുത ആ മനുഷ്യന്‍ വിശുദ്ധനാണെന്നോ അവന്റെ ജീവിതം ദൈവത്തിനു പ്രസാദകരമാണെന്നോ തെളിയിക്കുന്നില്ല. ദൈവം ഒരിക്കല്‍ തന്റെ സന്ദേശം അറിയിക്കുവാന്‍ ഒരു കഴുതയെ ഉപയോഗിച്ചു. ആ കഴുതയുടെ യജമാനനായിരുന്ന ബിലെയാമിനെയും ആ മനുഷ്യന്‍ ദുഷിച്ചവനായിരുന്നിട്ടുപോലും തന്റെ പ്രവാചകനായി ഉപയോഗിച്ചു. ഒരു മനുഷ്യനെ തന്റെ വചനം ശുശ്രൂഷിക്കുന്നതിനായി ദൈവം ഉപയോഗിക്കുന്നുവെങ്കില്‍ അതു പലപ്പോഴും തന്റെ കരുണ നിമിത്തവും ആ മനുഷ്യന്‍ ആരെ ശുശ്രൂഷിക്കുന്നുവോ ആ ജനങ്ങളോടുള്ള തന്റെ സ്‌നേഹം നിമിത്തവും ആയിരിക്കും. അത് അയാളുടെ ജീവിതത്തെപ്പറ്റി ദൈവം സന്തുഷ്ടനാണെന്നതുകൊണ്ടായിരിക്കണമെന്നില്ല.

ദൈവത്തിന്റെ വചനം ഫലപ്രദമായി ശുശ്രൂഷിക്കുന്നതിനു നാം വിശുദ്ധരായിരിക്കണമെന്നില്ല. എന്നാല്‍ പിന്നണിയില്‍ നിന്നുകൊണ്ടു ദൈവത്തിന്റെ യുദ്ധം നടത്തുന്ന ശേഷിപ്പിന്റെ ഒരു ഭാഗമായി നാം തീരണമെങ്കില്‍ – നിത്യതയില്‍ മുഴുവന്‍ ഇളകുകയോ വെന്തുപോകയോ ചെയ്യാത്ത ഒന്നിനെ പണിയുന്നവരായി നാം ഭവിക്കണമെങ്കില്‍ – നാം വിശുദ്ധരായിരുന്നേ മതിയാവൂ.

നമ്മുടെ സഭകളില്‍ നമുക്കു വിശുദ്ധരായ സ്ത്രീപുരുഷന്മാര്‍ വളരെച്ചുരുക്കമായിരിക്കുന്നതെന്തുകൊണ്ടെന്നു ഞാന്‍ എന്നോടുതന്നെ ചോദിക്കയും അതിനു കുറഞ്ഞപക്ഷം മൂന്നു കാരണങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ അതിലും അധികം കാരണങ്ങള്‍ ഉണ്ടായെന്നു വരാം.

കാപട്യം

ഒന്നാമത്തെ കാരണം വ്യാപകമായവിധം കാപട്യം മനുഷ്യസമൂഹത്തില്‍ നിലവിലിരിക്കുന്നു എന്നതാണ്. ഈ കാര്യത്തില്‍ എനിക്കു സംശയമില്ല. പ്രായോഗികമായ വിധത്തില്‍ വിശുദ്ധി പ്രാപിക്കുന്നതിന് ഒന്നാമതു ചെയ്യേണ്ട കാര്യം വ്യാജത്തില്‍നിന്നും കപടഭക്തിയില്‍നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ്.

തന്റെ ജീവിതത്തില്‍നിന്നും കാപട്യം നിശ്ശേഷം നീക്കം ചെയ്യാതെ ഒരു മനുഷ്യനും വിശുദ്ധിയുള്ള ഒരു ദൈവപുരുഷനായിത്തീരുകയില്ല. വെളി. 14:1-5ല്‍ ചിത്രീകരിച്ചിരിക്കുന്ന ദൈവികശേഷിപ്പിനെപ്പറ്റി ”ഭോഷ്‌ക്ക് അവരുടെ വായില്‍ ഉണ്ടായിരുന്നില്ല” എന്ന് എഴുതിയിരിക്കുന്നു. പലപ്പോഴും നാം ചിന്തിക്കുന്നതിലധികം കാപട്യം നമ്മിലുണ്ട്. നാം യഥാര്‍ത്ഥത്തിലായിരിക്കുന്നതിനെക്കാള്‍ മെച്ചമായ ഒരു ധാരണ നമ്മെപ്പറ്റി മറ്റുള്ളവര്‍ക്കു നല്‍കുവാന്‍ നാം മിക്കപ്പോഴും ശ്രമിക്കുന്നുണ്ട്. നാം സത്യസന്ധരാണെങ്കില്‍ ഈ കാര്യം സമ്മതിക്കാത്തവരായി നമ്മിലാരും ഉണ്ടാവുകയില്ല. ഈ ശീലത്തില്‍നിന്നു നാം വിമുക്തി നേടിയേ മതിയാവൂ. നാം യഥാര്‍ത്ഥത്തില്‍ വിശുദ്ധരായിത്തീരണമെങ്കില്‍ ഇതിനെതിരേ നിരന്തരം പോരാടുകയും ഈ പ്രവണതയെ മരിപ്പിക്കുകയും ചെയ്യണം. സുതാര്യമായ (transparent) ഒരു സ്വഭാവം നമുക്കുണ്ടാകണം. നാം യഥാര്‍ത്ഥത്തില്‍ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ ആളുകള്‍ നമ്മെപ്പറ്റി ഗ്രഹിച്ചാല്‍ മതിയെന്നു വയ്ക്കണം. ഇത് എളുപ്പമുള്ള ഒരു കാര്യമല്ലെന്ന് എനിക്കറിയാം. എല്ലാ കാപട്യത്തില്‍നിന്നും സ്വതന്ത്രരായിത്തീരുവാന്‍ ആജീവനാന്തമുള്ള ഒരു പോരാട്ടം നാം നടത്തിയേ മതിയാവൂ. എങ്കിലും ഇത് ഒന്നാമത്തെ പടിയാണ്. ഇതുകൂടാതെ ഒരിടത്തും ആത്മീയമായ ഒരുണര്‍വും ഉണ്ടാകുകയില്ല. നമ്മുടെ ജീവിതങ്ങളില്‍ നിന്നു കാപട്യം നീക്കിക്കളയാതെ ഉണര്‍വിനുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനയ്ക്കു ദൈവം ഉത്തരം നല്‍കുമെന്നു നാം ചിന്തിക്കുന്നുവെങ്കില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്.

യഥാര്‍ത്ഥമായ ക്രിസ്തീയകൂട്ടായ്മയെ തടസ്സപ്പെടുത്തുന്നതും കാപട്യമാണ്. ക്രിസ്തീയനേതാക്കളുടെയും മിഷനറിമാരുടെയും ഹൃദയങ്ങളില്‍ തന്നെ മറഞ്ഞിരിക്കുന്ന നീരസങ്ങളും ക്ഷമിക്കാത്ത മനോഭാവവും കുടികൊള്ളുന്നുണ്ട്. ആത്മീയതയുടെ പ്രസന്നമായ മുഖാവരണത്തിനു പിന്നില്‍ പലപ്പോഴും അഗാധ കൂപത്തിലെ ഇത്തരം മലിനതകളും ദുഷ്ടതകളും കാണപ്പെടുന്നു. നാം വിശുദ്ധിയുള്ള ദൈവമക്കളായിത്തീരണമെങ്കില്‍ ഇവയെല്ലാം വെളിച്ചത്തു കൊണ്ടുവരികയും ഉപേക്ഷിക്കുകയും ചെയ്‌തേ മതിയാവൂ.

മറ്റെല്ലാറ്റിനെക്കാളുമധികം യേശു കുറ്റം വിധിച്ച പാപങ്ങള്‍ ഭോഷ്‌ക്കും കപടഭക്തിയുമായിരുന്നു. ”പരീശന്മാരുടെ പുളിച്ച മാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍” എന്ന് അവിടുന്നു തന്റെ ശിഷ്യന്മാര്‍ക്കു താക്കീതു നല്‍കി. ആദിമ സഭയില്‍ ഈ പാപം ആദ്യമായി പ്രത്യക്ഷമായപ്പോള്‍ ദൈവം കര്‍ശനമായി അതിനെ കൈകാര്യം ചെയ്തു. ഈ അല്പം പുളിമാവു മുഴുവന്‍ പിണ്ഡത്തെയും പുളിപ്പിക്കാതെയിരിക്കേണ്ടതിന് അവിടുന്നു കപടം കാണിച്ച ആ ഭാര്യാഭര്‍ത്താക്കന്മാരെ ഉടനടി കൊന്നുകളഞ്ഞു (അപ്പോ. 5).

നഥനയേലിനെക്കുറിച്ചു യേശു പറഞ്ഞ സാക്ഷ്യം – ”ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടമില്ല” എന്ന സാക്ഷ്യം തന്നെ – ഞാന്‍ പലപ്പോഴും വായിക്കയും ധ്യാനിക്കയും ചെയ്തിട്ടുണ്ട്. നമുക്കാഗ്രഹിക്കത്തക്കതായി ഇതിനെക്കാള്‍ വലിയ ഒരു അഭിനന്ദനമുണ്ടോ എന്നു ഞാന്‍ അദ്ഭുതം കൂറിയിട്ടുമുണ്ട്. നമ്മെക്കുറിച്ച് ഇതേ സാക്ഷ്യം ദൈവത്തിനു പറയുവാന്‍ സാധിക്കുമോ എന്നു നാം നമ്മോടുതന്നെ ചോദിക്കണം. കഷ്ടം തന്നെ!! പലപ്പോഴും അവിടുത്തേക്ക് അതു പറയുവാന്‍ സാധിക്കുന്നില്ല. കാരണം, നമ്മുടെ സഹജീവികളുടെ കണ്ണില്‍ നിന്നും നാം ശ്രദ്ധാപൂര്‍വം മറച്ചുപിടിച്ചിട്ടുള്ള പാപങ്ങള്‍ അവിടുന്നു കാണുന്നുണ്ട്. കാപട്യമില്ലാത്ത ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്‍ തന്നെ.

ശിക്ഷണരാഹിത്യം

നമ്മുടെ കാലഘട്ടത്തിലെ വിശുദ്ധിയില്ലായ്മയുടെ രണ്ടാമതൊരു കാരണം നാം കര്‍ശനമായി നമ്മെത്തന്നെ ശിക്ഷണ വിധേയരാക്കാതിരിക്കുന്നതാണ്. പുതിയനിയമം നമ്മുടെ ശരീരാവയവങ്ങളുടെ, വിശേഷിച്ചു ചെവി, കണ്ണ്, നാവ് എന്നിവയുടെ, ശിക്ഷണത്തിനു വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നാം നമ്മുടെ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കാത്തപക്ഷം നമുക്ക് ആത്മീയ ജീവിതമുണ്ടാകുവാന്‍ സാധ്യമല്ലെന്നു റോമര്‍ 8:13-ല്‍ പൗലോസ് പറയുന്നു. 1 കൊരി. 9:27-ല്‍ താന്‍ എത്ര കര്‍ക്കശതയോടെ തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുന്നുവെന്ന കാര്യം പൗലോസ് നമ്മോടു പറയുന്നുണ്ട്. വിശുദ്ധീകരണത്തിന്റെ എന്തെല്ലാം അനുഭവങ്ങള്‍ നമുക്കുണ്ടായിരുന്നാലും ശരി, പിന്നെയും പൗലോസ് ചെയ്തതുപോലെ നമ്മുടെ ശരീരാവയവങ്ങളെ നാം ആജീവനാന്തം ശിക്ഷണത്തിന്‍ കീഴില്‍ കൊണ്ടുവരേണ്ടതാവശ്യമാണ്. എങ്കില്‍ മാത്രമേ നാം വിശുദ്ധരായിത്തീരുകയുള്ളു.

ഏതുതരം സംഭാഷണം ശ്രദ്ധിക്കുവാന്‍ നാം നമ്മുടെ കാതുകളെ അനുവദിക്കുന്നുവെന്ന കാര്യത്തില്‍ നാം ശിക്ഷണവിധേയരായേ മതിയാവൂ. വൃഥാലാപത്തിനും പരദൂഷണത്തിനും ചെവികൊടുക്കുവാന്‍ സമയം ചെലവഴിച്ചശേഷം ദൈവശബ്ദം ശ്രദ്ധിക്കുമാറു നമ്മെത്തന്നെ ഒരുക്കുവാന്‍ നമുക്കു സാധ്യമല്ല.

എന്തെല്ലാം നോക്കുവാനും എന്തെല്ലാം കാര്യങ്ങള്‍ വായിക്കുവാനും നമ്മുടെ കണ്ണുകളെ നാം അനുവദിക്കുന്നുവെന്ന കാര്യത്തില്‍ കണ്ണുകളെ ശിക്ഷണത്തിന്‍ കീഴെ കൊണ്ടുവരേണ്ടത് ആവശ്യമാണ്. സ്വന്ത കണ്ണുകളെ പതിവായി നിയന്ത്രിക്കാതെയിരുന്നതു മൂലം പല മിഷനറിമാരും ദൈവദാസന്മാരും ദുര്‍മ്മാര്‍ഗ്ഗജീവിതത്തില്‍ വീണുപോകുവാന്‍ ഇടവന്നിട്ടുണ്ട്. അതിലുമധികം പേര്‍ ഈ മേഖലയിലുള്ള ശിക്ഷണരാഹിത്യത്തിന്റെ ഫലമായി തങ്ങളുടെ ചിന്താജീവിതത്തില്‍ വീഴ്ചപറ്റിയവരായിത്തീരുന്നുണ്ട്. ”മായയെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിക്കണമേ” എന്നതു നമ്മുടെ നിരന്തര പ്രാര്‍ത്ഥനയായിരിക്കണം (സങ്കീ. 119:37).

നമ്മുടെ നാവുകളും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ആയിരിക്കണം. ക്രിസ്തീയസഭയില്‍ മാനുഷ നാവിനെക്കാളധികം ആത്മീയ മരണം വ്യാപിപ്പിക്കുന്ന മറ്റൊന്ന് ഉണ്ടെന്നു തോന്നുന്നില്ല. യെശയ്യാവ് ദൈവമഹത്വം ദര്‍ശിച്ചപ്പോള്‍ തന്റെ നാവിനെ താന്‍ ഉപയോഗിക്കുന്ന വിധത്തെപ്പറ്റിയായിരുന്നു പ്രധാനമായും അദ്ദേഹത്തിനു കുറ്റബോധമുണ്ടായത്. ദൈവത്തിന്റെ വെളിച്ചത്തില്‍ തന്നെത്തന്നെ കാണുന്നതുവരെയും ഇതദ്ദേഹം മനസ്സിലാക്കിയിരുന്നില്ല.

യിരെമ്യാവിനോടു ദൈവം ഇപ്രകാരം അരുളിച്ചെയ്തു: ”നീ നിന്റെ നാവിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ കരുതലുള്ളവനായിത്തീരുന്നെങ്കില്‍ മാത്രമേ – അധമമായത് ഒഴിവാക്കിയശേഷം ഉത്തമമായതു സംസാരിക്കുന്നുവെങ്കില്‍ മാത്രമേ – നീ എന്റെ വക്താവായിത്തീരുകയുള്ളു” (യിരെ. 15:19).

ഈ പ്രവാചകന്മാര്‍ക്കു തങ്ങളുടെ നാവിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ അശ്രദ്ധയുള്ളവരായിത്തീരുക സാധ്യമായിരുന്നില്ല. അങ്ങനെയായിത്തീര്‍ന്നാല്‍ ദൈവത്തിന്റെ വക്താക്കളെന്ന സ്ഥാനം അവര്‍ക്കു നഷ്ടപ്പെടുമായിരുന്നു. അലസമായ സംഭാഷണം, വൃഥാലാപം, പടാര്‍ത്ത പറച്ചില്‍, ദൂഷണം, പരകാര്യ വിമര്‍ശനം എന്നിവ നടത്തിയശേഷം ഒന്നും സംഭവിക്കാത്തവിധം മുന്നോട്ടുപോവുക അവര്‍ക്ക് അസാധ്യമായിരുന്നു. അതുനിമിത്തം അവരുടെ വിളി നഷ്ടപ്പെടുമായിരുന്നു. നമ്മുടെ ഈ കാലഘട്ടത്തില്‍ പ്രവാചകന്മാരേ ഇല്ലാത്ത ഒരവസ്ഥയുണ്ടാകുവാനുള്ള ഒരു കാരണം ഇതായിരിക്കണം.

‘നോര്‍മല്‍ ക്രിസ്റ്റിയന്‍ വര്‍ക്കര്‍’ (മാതൃകാ ക്രിസ്തീയ പ്രവര്‍ത്തകന്‍) എന്ന തന്റെ പുസ്തകത്തില്‍ വാച്ച്മാന്‍ നീ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”ഒരു ക്രിസ്തീയ പ്രവര്‍ത്തകന്‍ എല്ലാവിധ കാര്യങ്ങളെക്കുറിച്ചും കരുതല്‍ കൂടാതെ സംസാരിക്കുന്നപക്ഷം ദൈവവചനം സംസാരിക്കുന്ന കാര്യത്തില്‍ ദൈവത്തിന് അയാളെ ഉപയോഗിപ്പാന്‍ കഴിയുമെന്ന് അയാള്‍ക്കെങ്ങനെ പ്രതീക്ഷിപ്പാന്‍ കഴിയും? ദൈവം എന്നെങ്കിലും നമ്മുടെ അധരങ്ങളില്‍ തന്റെ വചനം വച്ചിട്ടുണ്ടെങ്കില്‍ ഈ അധരങ്ങളെ ദൈവസേവനത്തിനു മാത്ര മായിക്കാത്തുകൊള്ളുവാനുള്ള പവിത്രമായ ഒരു കടമ നമുക്കുണ്ട്. നമ്മുടെ ശരീരത്തിലെ ഒരവയവത്തെ ഒരു ദിവസം ദൈവത്തിന്റെ ഉപയോഗത്തിനായി നല്‍കിയശേഷം അടുത്ത ദിവസം നമ്മുടെ ഇഷ്ടത്തിനുവേണ്ടി അവയെ തിരിയെ എടുക്കുവാന്‍ നമുക്കു സാധ്യമല്ല. ഒരിക്കല്‍ അവിടുത്തേക്കായി സമര്‍പ്പിക്കപ്പെട്ടതു നിത്യമായി അവിടുത്തെ വകയാണ്.”

ശരീരാപഗ്രഥനത്തില്‍ ഒരു ഡോക്ടര്‍ക്കു നമ്മുടെ നാവു നോക്കിയശേഷം നമ്മുടെ ആരോഗ്യം വിലയിരുത്തുവാന്‍ കഴിയുന്നതുപോലെ ആത്മീയമണ്ഡലത്തില്‍ ”ഒരു മനുഷ്യന്‍ തന്റെ നാവിനെ ഉപയോഗിക്കുന്ന രീതി അയാളുടെ ആത്മീയതയുടെ ഉരകല്ലാണ്” എന്നു യാക്കോബ് പറയുന്നു (യാക്കോ. 1:26). ഒരുത്തന്‍ തന്റെ വാക്കില്‍ തെറ്റാതിരുന്നാല്‍ അയാള്‍ സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷനാണെന്നു പറയുവാന്‍ അദ്ദേഹം ധൈര്യപ്പെടുന്നു (യാക്കോ. 3:2).

ദൈവത്തിനു നല്‍കുവാന്‍ സമയമില്ല

നമ്മുടെ കാലഘട്ടത്തില്‍ വിശുദ്ധി പൊതുവേ ഇല്ലാതിരിക്കുന്നതിന്റെ മൂന്നാമതൊരു കാരണം ദൈവത്തോടൊപ്പം ഏകാന്തതയില്‍ നാം സമയം ചെലവിടുന്നില്ല എന്നതാണ്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായ കാര്യം ദൈവത്തോടൊപ്പം അതിവിശുദ്ധസ്ഥലത്തു സമയം ചെലവിടുന്നതാണെന്നു തീരുമാനിക്കാത്ത യാതൊരാള്‍ക്കും വിശുദ്ധനായിത്തീരുവാന്‍ സാധ്യമല്ല. നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന ഇതു തന്നെ.

മോശെയുടെ മുഖം പ്രകാശിച്ചതു ദൈവത്തോടൊപ്പം ഏകനായി നാല്‍പതു ദിവസം പര്‍വതത്തില്‍ ചെലവഴിച്ചതിനുശേഷമായിരുന്നു. അദ്ദേഹം വിശുദ്ധനായ ഒരു ദൈവപുരുഷനായിരുന്നതു ദൈവത്തെ അഭിമുഖമായി അറിഞ്ഞിരുന്നതു മൂലമാണ്. എലീശായുടെ കാര്യവും ഇതുപോലെ തന്നെ. ”ആരുടെ മുമ്പില്‍ ഞാന്‍ നില്‍ക്കുന്നുവോ ആ യഹോവ” എന്നു ദൈവത്തെ ക്കുറിച്ചു പറയുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു (2 രാജാ. 3:14;5:16). പലപ്പോഴും ദൈവത്തെ മുഖാമുഖമായിക്കാണുന്ന അനുഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തെ വിശുദ്ധനാക്കിത്തീര്‍ത്തത്.

നമ്മുടെ ഈ കാലഘട്ടത്തില്‍ ഭയാനകമായ ഗതിവേഗത്തോടെയാണു കാര്യങ്ങള്‍ നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. തന്മൂലം പ്രവര്‍ത്തനങ്ങളുടെ തിക്കിലും തിരക്കിലും നാം അകപ്പെടുകയും ദൈവത്തോടുകൂടെ ഏകാന്തതയില്‍ ചെലവിടുവാന്‍ സമയം ലഭിക്കാത്തവരായി നാം തീരുകയും ചെയ്യുന്നു. ഈ വിധത്തിലാണു നമ്മുടെ ആത്മീയശക്തിയെ പിശാചു ചോര്‍ത്തിക്കളയുന്നത്. തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കും കമ്മിറ്റി മീറ്റിംഗുകള്‍ക്കും നാം വളരെ പ്രാധാന്യം കല്പിക്കുകമൂലം അതിവിശുദ്ധസ്ഥലത്തെ നാം അവഗണിച്ചുകളയുന്നു.

യേശു മനുഷ്യ സമൂഹത്തില്‍ നിന്നകലെ ദൈവത്തോടൊപ്പം ഏകാന്തതയില്‍ ചെലവഴിച്ച സമയങ്ങളെപ്പറ്റി വായിക്കുന്നത് എനിക്കൊരു വെല്ലു വിളിയായിട്ടാണ് ഇരുന്നിട്ടുള്ളത്. ഒരിക്കല്‍ പ്രസംഗിക്കുവാനും മനുഷ്യരുടെ ശാരീരികാവശ്യങ്ങള്‍ക്കു ശുശ്രൂഷ ചെയ്യുവാനുമായി തിരക്കോടെ ജീവിച്ച ഒരു പകലിന്റെ അവസാനത്തില്‍ തന്റെ പിതാവിനോടൊപ്പം ശാന്തമായി സമയം ചെലവിടുവാന്‍ അവിടുന്നു തനിയെ ഒരു മലയിലേക്കു കയറിപ്പോയി (മത്താ. 14:23). മറ്റൊരു സന്ദര്‍ഭത്തില്‍ രോഗികളെ സൗഖ്യമാക്കിക്കൊണ്ടു രാത്രി വളരെ താമസിക്കുവോളം പ്രവര്‍ത്തിച്ചിരുന്ന അവിടുന്ന് അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ ഒരു നിര്‍ജ്ജന പ്രദേശത്തേക്കു വാങ്ങിപ്പോയി (മര്‍ക്കോ. 1:35). നമ്മില്‍ ആരെക്കാളുമധികം ജോലിത്തിരക്കില്‍ ജീവിച്ച ദൈവപുത്രന്‍ നമുക്കു കാണിച്ചു തന്നിട്ടുള്ള ദൃഷ്ടാന്തം ഇപ്രകാരമാണ്. ഇതിന്റെ വെളിച്ചത്തില്‍, ദൈവമുമ്പാകെ ദീര്‍ഘസമയം ജാഗരിച്ചു കാത്തിരിക്കാതെ നമുക്കു ജീവിക്കുവാന്‍ സാധ്യമാണെന്നു പറയുവാന്‍ നമ്മിലാര്‍ ധൈര്യപ്പെടും?

എലീശാ കൂടെക്കൂടെ തന്റെ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുന്ന ശീലം വളര്‍ത്തിയിരുന്നതു മൂലം പാപത്തെ നിര്‍ഭയം ശാസിക്കുവാന്‍ അദ്ദേഹം ശക്തനായിത്തീര്‍ന്നു. യിസ്രായേല്‍ രാജാവിനോടു ദൈവം അയാളെപ്പറ്റി എന്തു ചിന്തിച്ചിരുന്നുവെന്നു ഭയമോ പക്ഷപാതമോ കൂടാതെ പറയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഗേഹസി ദ്രവ്യാഗ്രഹത്തിന് ഇരയായി വീണുപോയപ്പോള്‍ എലീശാ അയാളെ വേണ്ടവണ്ണം അഭിമുഖീകരിച്ചു. നയത്തോടും തന്ത്രജ്ഞതയോടും അയാളെ നേരിടുവാനോ കാര്യങ്ങള്‍ വളച്ചുകെട്ടിപ്പറയുവാനോ മുതിരാതെ അദ്ദേഹം ഈ കാര്യം നിറവേറ്റി.

തന്ത്രജ്ഞതയ്ക്കും നയത്തിനും തീര്‍ച്ചയായും അവയുടെ സ്ഥാനത്തു വിലയുണ്ട്. എന്നാല്‍ വിശ്വസ്തതയോടെ നിര്‍ഭയമായി പാപത്തെ ശാസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ട്. നമ്മുടെ കാലഘട്ടത്തില്‍ പാപവും ലോകമയത്വവും ഒത്തുതീര്‍പ്പു മനോഭാവവും പ്രചുരപ്രചാരം നേടിയിരിക്കുമ്പോള്‍ അവയ്‌ക്കെതിരേ ശക്തമായിത്തുറന്നു സംസാരിക്കുവാന്‍ വളരെക്കുറച്ചുപേര്‍ മാത്രമുള്ളത് എന്തുകൊണ്ടാണ്? നാം മനുഷ്യരുടെ പ്രശംസ അന്വേഷിക്കുന്നവരാകയാല്‍ ആരെയും മുഷിപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതല്ലേ ഇതിന്റെ കാരണമെന്നു ഞാന്‍ ഭയപ്പെടുന്നു. ദൈവഭയം ശീലിക്കുമാറു ദൈവ സന്നിധിയില്‍ വളരെ ദുര്‍ല്ലഭമായി മാത്രം നാം സമയം ചെലവിടുന്നതു മൂലമാണ് ഇത്തരം ജഡികമായ ആഗ്രഹം നമുക്കുണ്ടാകുന്നത്.

ദൈവത്തിന്റെ പ്രവാചകന്മാരായി നാം തീരണമെങ്കില്‍ ദൈവം തന്റെ വചനത്തില്‍ നല്‍കിയിട്ടുള്ള ഉന്നത നിലവാരത്തെ അധഃപതിപ്പിക്കുന്ന ഇത്തരം ഒത്തു തീര്‍പ്പുകള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ദൈവം എതിര്‍ക്കുന്ന കാര്യങ്ങളെ നാമും എതിര്‍ത്തേ മതിയാവൂ. വ്യക്തികളെന്ന നിലയില്‍ മാത്രമല്ല, വിശ്വാസികളുടെ ഒരു സമൂഹമെന്ന നിലയിലും ഇപ്രകാരമൊരു നിലപാടു നാം കൈക്കൊള്ളേ ണ്ടതാണ്. സുവിശേഷവിഹിതരുടെ ഒരു സമൂഹമെന്ന നിലയില്‍ ഭാരതീയ സഭയോട് ഈ കാലത്ത് ഒരു പ്രവചനശബ്ദത്തോടെ നാം സംസാരിക്കാത്ത പക്ഷം ദൈവമുമ്പാകെയുള്ള നമ്മുടെ കര്‍ത്തവ്യത്തില്‍ നാം പരാജിതരായിരിക്കുന്നു.

തന്റെ സഭയ്ക്കുവേണ്ടി ദൈവത്തിനുള്ള പരമോന്നത ലക്ഷ്യത്തില്‍നിന്നു താണ സകലത്തിനും എതിരേ പ്രവചനശബ്ദത്തോടെ സംസാരിക്കുന്നപക്ഷം നമ്മുടെ അംഗസംഖ്യ ചിലപ്പോള്‍ കുറഞ്ഞുപോയെന്നു വരാം. എന്നാല്‍ ദൈവത്തിന് എല്ലാക്കാലത്തും അംഗസംഖ്യയെക്കാളധികം ഗുണവൈശിഷ്ട്യത്തിലാണു താല്‍പര്യം. ഇടുക്കുപാതയെ ദൈവം വ്യവസ്ഥപ്പെടുത്തിയിട്ടു ള്ളതിലധികം ഒട്ടും വിശാലമാക്കിത്തീര്‍ക്കേണ്ട ആവശ്യം നമുക്ക് ഇല്ല തന്നെ.

പ്രാചീനകാലത്തെ പ്രവാചകന്മാര്‍ തങ്ങളുടെ കാലഘട്ടത്തില്‍ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നു പ്രവാചകന്മാരായിത്തീരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതേ അനുഭവം തന്നെ ഉണ്ടാകുവാനാണു സാധ്യത. എന്നാല്‍ ക്രിസ്റ്റിയന്‍ ആന്‍ഡ് മിഷനറി അലയന്‍സിന്റെ സ്ഥാപകനും മഹാനായ ഒരു ദൈവപുരുഷനുമായ ഏ. ബി. സിംപ്‌സന്റെ വാക്കുകള്‍ നമുക്കു ധൈര്യം നല്‍കുന്നവയാണ്. അദ്ദേഹം ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ”ഒരു മനുഷ്യന്റെ യോഗ്യതയുടെ യഥാര്‍ത്ഥ മാനദണ്ഡം അയാളുടെ സ്‌നേഹിതന്മാരുടെ സംഖ്യയായിരിക്കുകയില്ല, മറിച്ചു പലപ്പോഴും അത് അയാളുടെ ശത്രുക്കളുടെ സംഖ്യയായിരിക്കും. തന്റെ കാലഘട്ടത്തിനതീതനായി ജീവിക്കുന്ന ഒരു മനുഷ്യന്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യും. തന്മൂലം പലപ്പോഴും ജനസമ്മതിയില്ലാത്തവരായിത്തീരാനും ഒറ്റയ്ക്കു നില്‍ക്കാനും ദൂഷണം സഹിക്കുവാനും ഒരു പക്ഷേ കഠിനമായും അകാരണമായും ആക്രമിക്കപ്പെടു വാനും മതഭ്രഷ്ടരായിത്തീരുവാന്‍ തന്നെയും നാം സന്നദ്ധരായിരിക്കണം.”

ദൈവം ഇന്നു നോക്കിക്കൊണ്ടിരിക്കുന്നതു കേവലം സുവിശേഷ പ്രസംഗകര്‍ക്കായി മാത്രമല്ല, പഴയകാലത്തെ പ്രവാചകന്മാരെപ്പോലെ വിശ്വസ്തതയോടെ തന്റെ വചനം സംസാരിക്കുന്നവരും ‘അയാളുടെ പക്കല്‍ യഹോവയുടെ അരുളപ്പാടുണ്ട്’ എന്ന് എലീശയെക്കുറിച്ചു പറഞ്ഞതുപോലെ പരിഗണി ക്കപ്പെടുന്നവരുമായ പ്രവാചകന്മാരെയാണ് (2 രാജാ. 3:12).

എന്നാല്‍ അത്തരമൊരു ശുശ്രൂഷയിലെത്തിച്ചേരുവാന്‍ കുറുക്കുവഴിയൊ ന്നുമില്ല. പ്രവാചകന്മാര്‍ ‘ഇന്‍സ്റ്റന്റ്റ് കോഫി’ പോലെ ഏതാനും നിമിഷങ്ങള്‍ കൊണ്ടു നിര്‍മ്മിതരാവുന്നില്ല. സെമിനാരിയിലെ പരിശീലനം കൊണ്ടു മാത്രം അവര്‍ ഉണ്ടാകുന്നില്ല. ദൈവത്തിന്റെ മഹത്വം കണ്ടുകൊണ്ടും അവിടുത്തെ ശബ്ദം കേട്ടുകൊണ്ടും അവിടത്തെ രൂപത്തോട് അനുരൂപരായി ക്കൊണ്ടും ദീര്‍ഘമണിക്കൂറുകള്‍ ദൈവസന്നിധിയില്‍ കാത്തിരിക്കുന്ന ശീലം നമുക്കുണ്ടായേ തീരൂ.

അതേ, പ്രവാചകന്മാരാകുന്നതിനു മുമ്പു നാം വിശുദ്ധന്മാരായേ മതിയാവൂ.

ഉണര്‍വിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

സഹോദരീസഹോദരന്മാരേ, ഉണര്‍വിനുവേണ്ടി നിങ്ങള്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ് ആദ്യമായി നാം ഈ ചോദ്യം നമ്മോടുതന്നെ ചോദിക്കണം. ദൈവത്തിന്റെ വിശുദ്ധരായ സ്ത്രീപുരുഷന്മാരായിത്തീരുന്നതിലേക്കു കൊടുക്കേണ്ട വില കൊടുപ്പാന്‍ നാം സന്നദ്ധരോ?

പലപ്പോഴും നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന നിറുത്തുവാന്‍ ദൈവം നമ്മോട് ആജ്ഞാപിക്കേണ്ടി വരുന്നതായി ഞാന്‍ ശങ്കിക്കുന്നു. അതേ, തന്റെ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്നു ദൈവം ആഗ്രഹിക്കാത്ത സന്ദര്‍ഭങ്ങളുണ്ട്. അവിടുന്നു യോശുവായോട് ഒരിക്കല്‍ ഇപ്രകാരം കല്പിച്ചു: ”യോശുവേ, നീ പ്രാര്‍ത്ഥിക്കേണ്ടാ. അതില്‍ നീ നിന്റെ സമയം ദുര്‍വ്യയം ചെയ്യുകയാണ്.” യോശുവാ എഴുന്നേറ്റ് ആഖാന്റെ പാപം വെളിച്ചത്താക്കുകയും യിസ്രായേല്‍ താവളത്തിലെ കാര്യങ്ങള്‍ നേരേയാക്കുകയും ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയെ ദൈവം ശ്രദ്ധിച്ചില്ല (യോശു. 7:10-13).

അതിനാല്‍ നാം കൃപാസനത്തിന്റെ മുമ്പില്‍ അടുത്തു വരുമ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നുണ്ടോ എന്നു നമ്മോടുതന്നെ ചോദിക്കേണ്ടതാണ്. ഒരുപക്ഷേ അവിടുന്നു ശ്രദ്ധിക്കുന്നുണ്ടാവില്ല. ഏതൊരു സഹോദരനുമായി നമ്മുടെ കൂട്ടായ്മ തകര്‍ക്കപ്പെട്ടുവോ അയാളുമായി ക്രമീകരിക്കേണ്ട കാര്യങ്ങള്‍ നാം ക്രമീകരിച്ചിട്ടില്ല. നമ്മുടെ സഭകളിലെ സമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ വ്യക്തികളോടു നാം പക്ഷഭേദം കാണിക്കുന്നു. അവരുടെ പാപങ്ങള്‍ അവരുടെ മുമ്പില്‍ എടുത്തു കാട്ടുവാന്‍ നാം മുതിരുന്നില്ല. നമ്മുടെ തന്നെ ജീവിതങ്ങളിലുള്ള കാപട്യങ്ങളെയും വഞ്ചനകളെയും ഏറ്റുപറയുമാറു നാം ഇപ്പോഴും നമ്മെ ത്തന്നെ താഴ്ത്തിയിട്ടില്ല. നമ്മുടെ നാവുകള്‍ ഇപ്പോഴും കടിഞ്ഞാണില്ലാത്തവയാണ്. അതിവിശുദ്ധസ്ഥലത്തു ചുരുക്കമായേ നാം കാണപ്പെടുന്നുള്ളു. എന്തു വില കൊടുത്തും ദൈവത്തിന്റെ വിശുദ്ധ സ്ത്രീപുരുഷന്മാരായിരിക്കുവാന്‍ വാഞ്ഛിക്കുന്ന ഒരവസ്ഥയിലേക്കു നമ്മുടെ ഹൃദയം വന്നെത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് എന്തു വിലയാണുള്ളത്? എന്തെന്നാല്‍ വിശുദ്ധനായ ഒരു മനുഷ്യന്റെ തീക്ഷ്ണതയോടുകൂടിയ പ്രാര്‍ത്ഥനകള്‍ മാത്രമേ ദൈവമുമ്പാകെ അത്യന്തം ഫലദായകമായിത്തീരുന്നുള്ളു (യാക്കോ. 5:16).

കര്‍ത്താവു നമ്മുടെ ഹൃദയങ്ങളെ ശോധന ചെയ്യട്ടെ.

അധ്യായം 3 : ഒരു ഭൃത്യന്‍

”എന്നാല്‍ യെഹോശാഫാത്ത്: ‘നാം യഹോവയോട് അരുളപ്പാടു ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ?’ എന്നു ചോദിച്ചതിനു യിസ്രായേല്‍ രാജാവിന്റെ ഭൃത്യന്മാരില്‍ ഒരുത്തന്‍: ‘ഏലീയാവിന്റെ കൈയ്ക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന്‍ എലീശാ ഇവിടെ യുണ്ട്’ എന്നു പറഞ്ഞു” (2 രാജാ. 3:11).

എലീശയെ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത് ഏലീയാവു കൈ കഴുകുമ്പോള്‍ വെള്ളം ഒഴിച്ചുകൊടുക്കുന്ന ഒരുവനായി, അഥവാ ഭൃത്യജോലികള്‍ നിര്‍വഹിച്ചുപോന്ന ഒരുവനായിട്ടാണ്.

ഇരുപതാം നൂറ്റാണ്ടിലെ നിലവാരമനുസരിച്ചു ദൈവത്തിന്റെ ഒരു പ്രവാചകനെ പരിചയപ്പെടുത്തുവാനുള്ള പ്രശംസാവഹമായ ഒരു മാര്‍ഗ്ഗമല്ല തീര്‍ച്ചയായും ഇത്. തങ്ങളെ ഒരു സദസ്സിനു മുമ്പില്‍ ഇപ്രകാരം പരിചയപ്പെടുത്തുന്നപക്ഷം ഇന്നത്തെ പല സുവിശേഷ പ്രസംഗകന്മാരും നീരസം ബാധിച്ചവരായിത്തീരും.

ആളുകള്‍ക്കു കൈ കഴുകുവാന്‍ വെള്ളം ഒഴിച്ചുകൊടുക്കുന്നതു കൂടാതെ മറ്റു പല പ്രവൃത്തികളും എലീശാ ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹം യോര്‍ദ്ദാനിലെ വെള്ളത്തെ രണ്ടായി വിഭജിക്കുകയും യെരീഹോവില്‍ രോഗകാരണമായിത്തീര്‍ന്ന ജലത്തെ ശുദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇവ യഥാര്‍ത്ഥമായും ശ്രദ്ധേയമായ അദ്ഭുത പ്രവൃത്തികളായിരുന്നു. എന്നിട്ടും ഇവിടെ അദ്ദേഹത്തെ ഒരു ഭൃത്യനെന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്. അപ്രകാരമൊരു സ്ഥാനപ്പേരു നല്‍കിയത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്നു ഞാന്‍ ചിന്തിക്കുന്നില്ല. ഏലീയാവിന്റെ ഭൃത്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷ പൊതുജന ശ്രദ്ധയില്‍ മുന്തി നിന്നിരുന്നതിനാല്‍ മറ്റുള്ളവര്‍ തങ്ങളുടെ മനസ്സില്‍ അദ്ദേഹത്തെപ്പറ്റി പുലര്‍ത്തിയിരുന്ന ധാരണ ഇതായിരുന്നു. തന്മൂലം രാജഭൃത്യന്‍ അദ്ദേഹത്തെ വെള്ളമൊഴിച്ചുകൊടുക്കുന്നവനെന്നു പരാമര്‍ശിച്ചിരിക്കയാണ്.

പ്രിയ സഹോദരീസഹോദരന്മാരേ, ഇതിനാണു നാമും വിളിക്കപ്പെട്ടിട്ടുള്ളത്; മറ്റുള്ളവരുടെ ഭൃത്യരായിത്തീരുവാന്‍ തന്നെ. യേശു തന്നെയും വെള്ളം പകര്‍ന്നു തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകിയ ഒരുവനായിരുന്നു. ”ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനത്രേ ഞാന്‍ വന്നത്” എന്ന് (മത്താ. 20:28) അവിടുന്നു പറയുകയും ചെയ്തിട്ടുണ്ട്. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും നേതൃസ്ഥാനങ്ങള്‍ മോഹിച്ചവരോട് തന്റെ രാജ്യം മറ്റു രാജ്യങ്ങളെക്കാള്‍ വ്യത്യസ്തമാണെന്നും അവിടെ പ്രധാനികളാകുവാനാഗ്രഹിക്കുന്നവര്‍ മറ്റുള്ളവരുടെ വേലക്കാരായിത്തീരണമെന്നും അവിടുന്നു കല്പിക്കുകയുണ്ടായി.

കര്‍ത്താവിന്റെ ഓരോ ഭൃത്യനും മനുഷ്യര്‍ക്ക് ഒരു ഭൃത്യനായിത്തീരണം. അല്ലാത്തപക്ഷം ദൈവഭൃത്യനെന്ന ബഹുമതി അയാള്‍ക്കു നഷ്ടപ്പെടും.

ഒരു ഭൃത്യന്റെ സ്വഭാവത്തിനു വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ എന്റെ ചിന്തയില്‍ വരുന്നുണ്ട്. അതിലൊന്നു പേരും പ്രശസ്തിയും നേടുവാനുള്ള മോഹമാ ണ്. രണ്ടാമത്തേതു മറ്റുള്ളവരുടെ നേരേ ആധിപത്യം ചെലുത്തുന്ന മനോഭാവവും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ഇവയ്ക്കു കടകവിരുദ്ധ മായൊരു മനോഭാവമാണു നാം കാണുന്നത്.

”അവിടുന്ന് ഒരു പ്രശസ്തിയുമില്ലാത്തവനായി ഒരു ദാസരൂപം എടുത്തു” (ഫിലി. 2:7,8).

ഈ രണ്ടു കാര്യങ്ങളെപ്പറ്റി നമുക്കു ചിന്തിക്കാം.

അംഗീകാരത്തിനുള്ള മോഹം

ലോകത്തില്‍ വലിയവരും പ്രശസ്തരും ആകുവാനുള്ള മോഹം നാം കൈവിട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ വിശ്വാസഗോളത്തില്‍ അറിയപ്പെടുന്നവരും അംഗീകാരം നേടിയവരുമാകുവാന്‍ നാം രഹസ്യത്തില്‍ വാഞ്ഛിക്കുന്നുണ്ടായിരിക്കാം. ഒരുപക്ഷേ ഒരുണര്‍വു പ്രസംഗകനോ മികച്ച വേദോ പദേഷ്ടാവോ ആയി അറിയപ്പെടുവാനുള്ള ഒരാഗ്രഹമായിരിക്കാം അത്. അഥവാ നമ്മുടെ പ്രസംഗത്തിലൂടെ എപ്പോഴും ആളുകള്‍ അനുഗ്രഹം പ്രാപിക്കുന്നുവെന്നു മറ്റുള്ളവര്‍ അറിയണം എന്നാവാം നാം അഭിലഷിക്കുന്നത്. അല്ലെങ്കില്‍ ഒരു പക്ഷേ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സഭാ വിഭാഗത്തിന്റെയോ സുവിശേഷ പ്രസ്ഥാനത്തിന്റെയോ അധ്യക്ഷനെന്ന നിലയില്‍ അറിയപ്പെടാന്‍ നാം മോഹിക്കുന്നുണ്ടായിരിക്കാം. എന്തുമാവട്ടെ, അത്തരം എല്ലാ ആഗ്രഹങ്ങളും യേശുവിന്റെ മനോഭാവത്തിനു കടകവിരുദ്ധമാണ്. അത്തരം ജഡികമായ അഭിവാഞ്ഛകള്‍ നമ്മില്‍ ഒളിഞ്ഞിരിക്കുന്നതു മൂലമായിരിക്കാം നമ്മിലേക്കും നമ്മിലൂടെ മറ്റുള്ളവരിലേക്കും ദൈവത്തിന്റെ എല്ലാ നിറവും പ്രവഹിപ്പിക്കുവാന്‍ പലപ്പോഴും അവിടുത്തേക്കു സാധ്യമല്ലാതിരിക്കുന്നത്.

ഇന്നു ക്രിസ്തീയ വൃത്തങ്ങളില്‍ ജനപ്രീതിക്കുവേണ്ടിയുള്ള ആരോഗ്യകരമല്ലാത്ത ഒരു കമ്പം നിലവിലിരിക്കുന്നുവെന്നതു വാസ്തവത്തില്‍ ദുഃഖകരമായ ഒരു വസ്തുതയാണ്. നമുക്കുണ്ടായിരുന്ന അല്പമായ ആത്മീയതയ്ക്ക് ഇതു മരണകരമായ ഒരടിയേല്‍പിച്ചിരിക്കുകയുമാണ്. ഈ രോഗം വ്യാപകമായവിധം പടര്‍ന്നുപിടിച്ചിരിക്കയാല്‍ നാം നിരന്തര ജാഗ്രതയോടെ ഇതിനെതിരേ പോരാടുന്നില്ലെങ്കില്‍ അറിയാതെതന്നെ നാമും രോഗബാധിതരായിത്തീര്‍ന്നുപോകാനിടയുണ്ട്.

നമ്മുടെ കാലഘട്ടത്തിലുള്ള ക്രിസ്തീയ നേതാക്കന്മാരും സുവിശേഷ പ്രസംഗകരും പൗലോസിനെപ്പോലെ ‘ലോകത്തിന്റെ ചവറും സകലത്തിന്റെയും അഴുക്കു’മായിട്ടല്ല ഇപ്പോള്‍ കഴിയുന്നത് (1 കൊരി. 4:13). മറിച്ചു സിനിമാതാരങ്ങളോടും ‘വി. ഐ. പി’കളോടുമാണ് അവര്‍ക്ക് അധികം സാദൃശ്യമുള്ളത്. അവരെപ്പറ്റി പത്രമാസികകളില്‍ സചിത്ര ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുന്നു; ആളുകള്‍ അവരെ പ്രശംസിക്കുകയും അവര്‍ വാനം മുട്ടെ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. അതിലും ദുഃഖകരമായ വസ്തുത ഈ ആളുകളില്‍പ്പലരും (ദൈവകൃപകൊണ്ടുമാത്രം നില നില്‍ക്കുന്ന വരാണെങ്കില്‍പ്പോലും) ഇപ്രകാരം വാഴ്ത്തപ്പെടുവാന്‍ വാഞ്ഛിക്കുന്നുവെന്നതാണ്. ക്രൈസ്തവലോകത്തിലെ നേതാക്കളെന്ന നിലയില്‍ അംഗീകാരം നേടുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ നമ്മെയും നമ്മുടെ പ്രവര്‍ത്തനത്തെയും പ്രസിദ്ധമാക്കുന്നതു തടയുവാന്‍ നമുക്കു സാധ്യമല്ല എന്നതു ശരി തന്നെ. എന്നാല്‍ അത്തരം പ്രസിദ്ധി രഹസ്യത്തില്‍ ആഗ്രഹിക്കുന്ന മനോഭാവത്തില്‍ നിന്നു ദൈവം നമ്മെ വിടുവിക്കട്ടെ. ഭൃത്യന്മാര്‍ അഥവാ മറ്റുള്ളവരുടെ കൈയില്‍ വെള്ളമൊഴിച്ചുകൊടുക്കുന്നവര്‍ എന്നതില്‍ക്കവിഞ്ഞ് എന്തെങ്കിലുമാകുവാനുള്ള ആഗ്രഹത്തില്‍നിന്നു ദൈവം തന്നെ നമ്മെ വിടുവിക്കട്ടെ.

യേശു തന്നെയും ജനപ്രീതിയെ വര്‍ജ്ജിച്ചിരുന്നു. ക്രൈസ്തവലോകത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുവാനുള്ള ഒരു മോഹം നിലവിലുള്ളതായി ഞാന്‍ കാണുന്നു. പ്രാചീനകാലത്തെ നരനായാട്ടുകാര്‍ തലയോട്ടികളോ ശിരശ്ചര്‍മ്മങ്ങളോ സൂക്ഷിച്ചു വയ്ക്കാറുണ്ടായിരുന്നതു പോലെ ഇന്നത്തെ സുവിശേഷകന്മാര്‍ പലരും തലയെണ്ണുവാനും കൈയെണ്ണുവാനും തീരുമാനക്കാര്‍ഡുകളുടെ സംഖ്യ നോക്കുവാനും കൗശലരൂപേണയെങ്കിലും അവയെക്കുറിച്ചു പുകഴുവാനുമുള്ള ജഡിക മോഹത്തിന് അടിമകളായിത്തീര്‍ന്നിരിക്കുന്നു. നമ്മിലുള്ള ഈ ആഗ്രഹം പിശാചു മനസ്സിലാക്കിയിട്ടു നമ്മെ വഴിതെറ്റിക്കുവാന്‍ അതിനെ ഉപാധിയാക്കി അവന്‍ പ്രയോഗിക്കുന്നു.

ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കാം. ഇന്‍ഡ്യയിലുള്ള ഒരു പ്രദേശത്ത് ഒരിക്കല്‍ ചില സുവിശേഷ യോഗങ്ങള്‍ ക്രമീകരിക്കപ്പെട്ടു. സുപ്രസിദ്ധനായ ഒരു സുവിശേഷ പ്രസംഗകനെ അതിനായി ക്ഷണിച്ചുവരുത്തി. ഈ യോഗങ്ങളില്‍ ഒട്ടധികം പേര്‍ തങ്ങളുടെ കൈകള്‍ സാക്ഷ്യരൂപേണ ഉയര്‍ത്തുകയും തീരുമാനക്കാര്‍ഡുകള്‍ പൂരിപ്പിച്ച് ഒപ്പുവയ്ക്കുകയും ചെയ്തു. ഈ സ്ഥിതിവിവരണക്കണക്കുകള്‍ക്കു രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ പ്രസിദ്ധീകരണം നല്‍കുകയും ഈ വിധത്തില്‍ ആരംഭിച്ച ആത്മീയ ഉണര്‍വിനായി ജനങ്ങള്‍ ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ഇപ്രകാരം മാനസാന്തരപ്പെട്ടവരുടെ ഇടയില്‍ തുടര്‍ന്നു ഫോളോ അപ് പ്രവര്‍ത്തനം നടത്തുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന വ്യക്തിയെ ഒരു വര്‍ഷത്തിനുശേഷം ഞാന്‍ കാണുവാനിടയായി. കാര്യങ്ങള്‍ എങ്ങനെയിരിക്കുന്നുവെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അവിടെയുള്ള സഭകളുടെ സാമാന്യമായ സ്ഥിതിയില്‍ മിക്കവാറും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും താന്‍ സന്ദര്‍ശിച്ച എല്ലാ ജനങ്ങളും മുമ്പ് അവര്‍ ആയിരുന്ന അവസ്ഥയില്‍ത്തന്നെ തുടരുന്നുവെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ആ മീറ്റിംഗുകളില്‍ ഒരു വൈകാരിക ചലനം സംഭവിച്ചിരുന്നുവെന്നതില്‍ സംശയമില്ല. എങ്കിലും നിലനില്‍ക്കുന്ന യാതൊരു വ്യതിയാനവും അതുമൂലം സംഭവിച്ചില്ല. തങ്ങളോടു പ്രസംഗിക്കുവാന്‍ അതിവിദൂരസ്ഥലത്തു നിന്നു വന്നുചേര്‍ന്ന ആ സുവിശേഷ പ്രസംഗകനെ നിരാശപ്പെടുത്താതിരിപ്പാനായി ചിലര്‍ പ്രത്യക്ഷമായി തങ്ങളുടെ കരങ്ങള്‍ ഉയര്‍ത്തുകയാണുണ്ടായത്. ഈ പ്രശസ്ത സുവിശേഷകനുമായി ഭാവിയില്‍ അടുത്ത ഒരു ബന്ധം പുലര്‍ത്തുവാനാഗ്രഹിച്ചിട്ടാണു മറ്റു ചിലര്‍ തങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്ന് അദ്ദേഹത്തെ അറിയിക്കുവാന്‍ വേണ്ടി കരങ്ങള്‍ ഉയര്‍ത്തിയത്. ഇനിയും ചിലര്‍ ഈ സുവിശേഷകനെ ഒന്നടുത്തു കാണാനാഗ്രഹിച്ചു മുന്നോട്ടു വന്നവരായിരുന്നു. ‘അദ്ഭുതകരമായ ആ ഉണര്‍വി’ന്റെ ഉള്ളിലെ കഥ ഇതായിരുന്നു. ഇതൊരു സങ്കല്പകഥയല്ല, യഥാര്‍ത്ഥ വസ്തുത തന്നെയാണ്.

സഹോദരീസഹോദരന്മാരേ, പ്രത്യക്ഷത്തില്‍ മാത്രമുള്ള ഫലപ്രാപ്തി എന്നു ഞാന്‍ വിളിക്കാനാഗ്രഹിക്കുന്നതിന്റെ ഒരു തികഞ്ഞ ദൃഷ്ടാന്തമാണ് ഇത്. പലരെയും വഞ്ചിക്കുവാന്‍ വേണ്ടി സാത്താന്‍ അതിനെ ഉപയോഗിച്ചു. മിക്കവാറും ഒരാള്‍ പോലും രക്ഷിക്കപ്പെട്ടില്ല, ഒരുത്തനെയും അധിക വിശുദ്ധിയിലേക്ക് അതു വഴിനടത്തിയുമില്ല. എങ്കിലും ആ സ്ഥലത്തു ദൈവത്തിനായി നടന്ന ‘അദ്ഭുതകരമായ ആ മുന്നേറ്റ’ത്തെക്കുറിച്ച് ആ സുവി ശേഷകനും അവിടത്തെ സംഘാടക സമിതിയും സന്തുഷ്ടരായിത്തീര്‍ന്നു. ആ സുവിശേഷയോഗ പരമ്പരയില്‍ ആരും കരമുയര്‍ത്താതെയും തീരുമാന ക്കാര്‍ഡുകള്‍ ഒപ്പിടാതെയും ഇരുന്നിരുന്നെങ്കില്‍ സുവിശേഷകനും സംഘാടകക്കമ്മിറ്റിയും വളരെ എളിമയുള്ളവരായിത്തീരുകയും ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ അവര്‍ ദൈവത്തിന്റെ മുഖമന്വേഷിക്കുകയും അങ്ങനെ യഥാര്‍ത്ഥത്തില്‍ ആത്മീയമൂല്യമുള്ള ഒരു കാര്യം സാധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പ്രത്യക്ഷത്തിലുള്ള ഒരു ഫലപ്രാപ്തിയി ലൂടെ എല്ലാവരെയും സന്തുഷ്ടരാക്കിയതിലൂടെ പിശാചു ഫലപ്രദമായി അതിനെ തടയുകയാണുണ്ടായത്. തന്റെ പിടിയില്‍നിന്നു നൂറുകണക്കിനാത്മാക്കള്‍ വിടുവിക്കപ്പെട്ടുവെന്ന് എല്ലാവരും ചിന്തിക്കുമാറു സാത്താന്‍ കാര്യങ്ങളെ നിയന്ത്രിച്ചു. യഥാര്‍ത്ഥത്തില്‍ ആര്‍ക്കും വിടുതല്‍ ലഭിച്ചതുമില്ല.

വിശ്വാസികളുടെ മധ്യത്തിലും പ്രഥമദൃഷ്ട്യാ ഉണര്‍വെന്നു തോന്നിക്കുന്നതും വാസ്തവത്തില്‍ ഉണര്‍വല്ലാത്തതുമായ സംഭവങ്ങള്‍ മുഖേന പിശാചു പലരെയും വഞ്ചിച്ചുകൊണ്ടാണിരിക്കുന്നത്. ജനങ്ങള്‍ മുന്‍നിരയിലേക്കടുത്തുവന്നു നിലവിളിക്കുകയും കരയുകയും ചെയ്യുന്നു. എങ്കിലും തങ്ങളുടെ ഇച്ഛയെയോ ജീവിതത്തെയോ ദൈവത്തിനു കീഴ്‌പ്പെടുത്തുന്നില്ല. മറ്റു ചിലര്‍ പ്രസംഗകന്റെ അടുക്കല്‍ വന്ന് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ തങ്ങള്‍ക്ക് എത്ര അനുഗ്രഹദായകമായിരുന്നുവെന്ന് അറിയിക്കുന്നു. വെസ്ലിയെയോ ഫിന്നിയെയോ പോല താനും ഒരു ഉണര്‍വുപ്രസംഗകനാണെന്നുള്ള സംതൃപ്തിയോടെ പ്രസംഗകന്‍ പോകുന്നു. അദ്ദേഹം ‘ഈ ഉണര്‍വി’നെക്കുറിച്ചുള്ള വാര്‍ത്ത അതിനുവേണ്ടി ദൈവത്തെ സ്തുതിക്കുവാന്‍ ആവശ്യപ്പെടുന്നുവെന്ന വ്യാജേന മറ്റുള്ളവരെ ധരിപ്പിക്കുന്നു. അതേ സമയം ദൈവം തന്നെ ഏതുവിധം ഉപയോഗിച്ചുവെന്ന കാര്യം മറ്റുള്ളവര്‍ അറിയണമെന്നു മാത്രമാണ് അദ്ദേഹത്തിന്റെ താല്‍പര്യം. താന്‍ ആരോടു പ്രസംഗിച്ചുവോ ആ ആളുകള്‍ക്കു വിടുതല്‍ ലഭിക്കേണ്ടതിലേക്ക് അദ്ദേഹം ഏകനായി ദൈവസന്നിധിയാകുന്ന രഹസ്യസ്ഥലത്തേക്കു കടന്നുചെല്ലുന്നുണ്ടോ? ഇല്ല തന്നെ. അവര്‍ക്കു വിടുതല്‍ ലഭിച്ചുകഴിഞ്ഞല്ലോ എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. തന്മൂലം മീറ്റിംഗുകള്‍ക്കുശേഷം പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഉദാസീനത അവലംബിക്കുന്നു; ഉണര്‍വിനെ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തില്‍ തിരക്കോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഈ വിധത്തിലാണു പല ക്രിസ്തീയപ്രവര്‍ത്തകരെയും ഇന്നു സാത്താന്‍ വഞ്ചിക്കുന്നത്. തങ്ങളുടെ ഉപദേശത്തില്‍ അവര്‍ പിന്നോക്ക സ്ഥിതിയിലായതുകൊണ്ടല്ല, പിന്നെയോ സ്ഥിതിവിവരക്കണക്കുകളിലും പ്രസിദ്ധീകരണത്തിലും അവര്‍ തല്‍പരരായതുകൊണ്ടാണ് അതു സംഭവിക്കുന്നത്. സുവിശേഷപ്രസംഗകരുടെയും കമ്മിറ്റിയംഗങ്ങളുടെയും ഹൃദയത്തില്‍ ഒരുപോലെതന്നെ പ്രശസ്തിക്കും പ്രസിദ്ധീകരണത്തിനുമുള്ള ഈ ആഗ്രഹം സാത്താന്‍ കാണുന്നതുകൊണ്ട് അവന്‍ വിജയം നേടുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ആത്മാക്കളെ നേടുന്ന വലിയ ദൈവദാസന്മാര്‍ എന്ന തങ്ങളുടെ പ്രശസ്തി നിലനിറുത്തുവാന്‍ സുവിശേഷകന്മാര്‍ അതീവ ശ്രദ്ധാലുക്കളാണെന്നും തങ്ങളുടെ അധ്വാനം വളരെ ഫലമുളവാക്കിയെന്നു ജനങ്ങള്‍ മനസ്സിലാക്കുന്നതില്‍ കമ്മിറ്റിക്കാര്‍ ഉത്സാഹശാലികളാണെന്നും അവനറിയാം. അങ്ങനെ തന്റെ ദുഷ്ടലക്ഷ്യങ്ങള്‍ അവന്‍ നേടിയെടുക്കുന്നു.

മുകളില്‍പ്പറഞ്ഞ കാര്യം സ്ഥിതിവിവരക്കണക്കുകളില്‍ പ്രശംസിക്കുന്ന സുവിശേഷ പ്രസ്ഥാനങ്ങള്‍ക്കും സഭാവിഭാഗങ്ങള്‍ക്കും കൂടെ ബാധകമാണ്.

ദാവീദ് ഒരിക്കല്‍ ജനത്തെ എണ്ണി അവരുടെ സംഖ്യയില്‍ പ്രശംസിച്ച സമയത്ത് എന്നപോലെ ഇത്തരം കാര്യങ്ങളിലുള്ള നമ്മുടെ ജഡസ്വഭാവത്തെപ്പറ്റി ദൈവം നമുക്ക് ഒരു കുറ്റബോധം തരാന്‍ നമുക്ക് ആഗ്രഹിക്കാം (2 ശമു. 24). ഉപരിപ്ലവങ്ങളായ എല്ലാ കാര്യങ്ങളെയും കുറിച്ചു കര്‍ത്താവു നമുക്ക് ഒരുള്‍ക്കാഴ്ച നല്‍കട്ടെ. പ്രസിദ്ധീകരണ താല്‍പര്യമുള്ള ലോകത്തിന്റെ മനോഭാവത്തില്‍ നിന്ന് അവിടുന്നു നമ്മെ വിടുവിക്കട്ടെ. എന്തെന്നാല്‍ ദൈവത്തിന്റെ വേലയ്ക്ക് അതെപ്പോഴും ആപല്‍ക്കരമാണ്. ആ വിധത്തിലുള്ള ജഡികമോഹങ്ങളില്‍നിന്നു നാം സ്വതന്ത്രരാകുന്നില്ലെങ്കില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ വഞ്ചിക്കുന്നതില്‍ പിശാചു വിജയിയായി ത്തീരും.

എന്റെ ജീവിതത്തില്‍ എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഏറ്റവും പ്രയാസമുള്ള കൃത്യം പരസ്യമായ ഒരു സാക്ഷ്യം പറയുക എന്നതാണ്. ഒരു പ്രസംഗം ചെയ്യുന്നതിനെക്കാള്‍ പരസ്യമായ ഒരു സാക്ഷ്യം നല്‍കുക എന്നതു കൂടുതല്‍ ദുഷ്‌കരമാണെന്നു ഞാന്‍ കാണുന്നു. കാരണം, ഒരുവന്റെ ജീവിതത്തെയോ പ്രവര്‍ത്തനത്തെയോ കുറിച്ച് ഒരു സാക്ഷ്യം പ്രസ്താവിക്കുമ്പോള്‍ അതിന്റെ മഹത്വത്തില്‍ ഒരു ഭാഗം പോലും സ്വീകരിക്കാതിരിക്കുക എന്നത് അത്യന്തം ദുഷ്‌കരമായ ഒരു കാര്യമാണ്.

വേലയ്ക്കു ലഭിക്കേണ്ട പ്രശസ്തിയുടെ മുഴുവന്‍ പങ്കോ സിംഹഭാഗമോ നമ്മില്‍ ആരും എടുക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. ഒരു പക്ഷേ അതിന്റെ അഞ്ചോ പത്തോ ശതമാനം മാത്രമേ നാം എടുക്കുന്നുള്ളു. നാം ചെയ്ത മുഴുവന്‍ അധ്വാനത്തിനും വേണ്ടി അത്രയുമൊരു കമ്മീഷന്‍ ലഭിക്കുന്നത് അധികമായിരിക്കുമെന്നു നാമാരും തീര്‍ച്ചയായും കരുതുന്നില്ല.

അങ്ങനെയെങ്കില്‍ നമ്മുടെ പല സഭകളില്‍നിന്നും മഹത്വം പൊയ്‌പ്പോയിരിക്കുന്നുവെന്നും അവയ്ക്കുമേല്‍ ‘ഈഖാബോദ്’ എന്ന മുദ്ര (മഹത്വം പൊയ്‌പ്പോയി എന്നര്‍ത്ഥം) പതിക്കേണ്ടിയിരിക്കുന്നുവെന്നും വരുന്നതു നമ്മെ വിസ്മിതരാക്കേണ്ട ആവശ്യമുണ്ടോ?

ദൈവത്തിന്റെ മഹത്വത്തിന്മേല്‍ തൊട്ടുകളിക്കുന്നതിനെ നാം ഭയപ്പെടണം. നമ്മുടെ ദൈവം തീക്ഷ്ണതയുള്ള ദൈവമാണ്. അവിടുന്നു തന്റെ മഹത്വം – അതിന്റെ ഒരു ചെറിയ ശതമാനം പോലും – മറ്റൊരുത്തനും വിട്ടുകൊടുക്കുക യുമില്ല (യെശ. 42:8).

ഞാന്‍ ഇവിടെപ്പറഞ്ഞതുകൊണ്ടു നാമാരും ഒരിക്കലും സാക്ഷ്യം പറയരുതെന്ന് അര്‍ത്ഥമാക്കുന്നില്ല. ദൈവം നമ്മുടെ ജീവിതത്തിലൂടെയും നമ്മുടെ അധ്വാനത്തിലൂടെയും ചെയ്ത കാര്യങ്ങള്‍ പ്രസ്താവിക്കുന്നതു ന്യായം മാത്രമായിരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. ദൈവത്തിന്റെ സമയത്തിനായി നാം കാത്തിരിക്കണം. അവിടുത്തെ സമയം വരുമ്പോള്‍ നമ്മെത്തന്നെ മറച്ചു കൊണ്ടും പൂര്‍ണ്ണമായി നമ്മെത്തന്നെ മറന്നുകൊണ്ടും നാം സംസാരിക്കണം.

ഒരിക്കല്‍ പൗലോസ് മൂന്നാം സ്വര്‍ഗ്ഗത്തോളം എടുത്തുകൊള്ളപ്പെട്ടു. എങ്കിലും പതിന്നാലു വര്‍ഷക്കാലം അദ്ദേഹം അതിനെപ്പറ്റി പറയാതെ മൗനം പാലിച്ചു. തന്റെ അപ്പോസ്തലത്വത്തെ എതിര്‍ത്തവരോട് ഉത്തരം പറയേണ്ടി വന്നപ്പോള്‍ മാത്രം അതിനെപ്പറ്റി സംസാരിച്ചുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല (2 കൊരി. 12:2).

ദൈവമഹത്വം ദര്‍ശിച്ചിട്ടുള്ള ഒരുവന്‍, എരിയുന്ന മുള്‍പ്പടര്‍പ്പിനരികെ വച്ചു മോശ ചെയ്തതുപോലെയും ദൈവസിംഹാസനത്തിനു ചുറ്റും നില്‍ക്കുന്ന സെറാഫുകള്‍ ചെയ്തതുപോലെയും സ്വന്തമുഖം മൂടിക്കളയും (പുറ. 3:6; യെശ. 6:2). മനുഷ്യരാല്‍ കാണപ്പെടുവാനും അറിയപ്പെടുവാനും അവന്‍ ആഗ്രഹിക്കുകയില്ല. ദൈവത്തെ അവിടുത്തെ പൂര്‍ണ്ണമഹത്വത്തില്‍ കണ്ടശേഷം ആ മഹത്വത്തെ സ്പര്‍ശിക്കുവാന്‍ അവന്‍ ഭയപ്പെടും. അവന്‍ നിരന്തരം തന്റെ മുഖം മറയ്ക്കും. തന്നെപ്പറ്റിയോ തന്റെ വേലയെപ്പറ്റിയോ ഒഴിച്ചുകൂടാന്‍ പാടില്ലാത്തവണ്ണം ആവശ്യമാകുമ്പോഴല്ലാതെ അവന്‍ സംസാരിക്കുകയില്ല. സംസാരിക്കുമ്പോള്‍ തന്നെയും അതിന്റെ പ്രശസ്തിയുടെ ഒരംശമെങ്കിലും തനിക്കു ലഭിക്കാതവണ്ണം അമര്‍ത്തിയ ശബ്ദത്തിലായിരിക്കും സംസാരിക്കുന്നത്. തന്റെ സമര്‍പ്പണത്തെയും തനിക്കു ലഭിച്ച അദ്ഭുതകരമായ അനുഭവത്തെയും അതിനായി താന്‍ സഹിച്ച ത്യാഗത്തെയും പറ്റി ഒരു പൊതുയോഗത്തിലോ ക്രിസ്തീയ മാസികയിലോ പ്രസ്താവിക്കുവാനുള്ള ജഡികമായ മോഹം അവന്‍ വെടിയും. (ഇതെല്ലാം ഒരുവനു സാക്ഷ്യമെന്ന വ്യാജേന പറയാവുന്ന കാര്യങ്ങളാണെങ്കില്‍പ്പോലും).

ക്രൈസ്തവലോകത്തില്‍ ഞാന്‍ കണ്ടിട്ടുള്ള മറ്റൊരു മോഹം നേതൃസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള അനാരോഗ്യകരമായ മോഹമാണ്. ഞാന്‍ നാവികസേനയില്‍ ജോലി ചെയ്തിരുന്ന കാലത്തു തങ്ങള്‍ക്ക് ഉന്നതസ്ഥാനങ്ങളിലേക്കു കയറ്റം കിട്ടുമെന്നുവന്നാല്‍ മറ്റുള്ളവരുടെ തോളില്‍ ചാടിക്കയറുവാനും ആളുകളെ സ്വന്തം കാല്‍ക്കീഴെയിട്ടു ചവിട്ടുവാനും മടി തോന്നാത്ത ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നാവികസേന വിട്ടു പുറത്തുപോന്ന സമയത്ത് ഇനി ഇപ്രകാരമുള്ള കാഴ്ചകള്‍ കാണേണ്ടി വരികയില്ല എന്നു ഞാന്‍ ചിന്തിച്ചു. എന്നാല്‍ നമ്മുടെ രാജ്യത്തു ക്രിസ്തീയ വൃത്തങ്ങളില്‍ പെരുമാറിക്കൊണ്ടു മുന്നോട്ടുപോയപ്പോള്‍ സുവിശേഷ വിഹിത ക്രിസ്ത്യാനികളുടെ മധ്യത്തില്‍പ്പോലും ആളുകള്‍ സ്ഥാനമോഹികളായി പരസ്പരം മത്സരിക്കുന്ന കാഴ്ച കണ്ടു ഞാന്‍ ആശ്ചര്യപ്പെടുകയും ദുഃഖിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികള്‍ സൂപ്രണ്ടുസ്ഥാനവും മൂപ്പന്‍സ്ഥാനവും ട്രഷറര്‍സ്ഥാനവും ലഭിക്കുവാനും എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ കയറിപ്പറ്റുവാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും പയറ്റുകയും ചെയ്യു ന്നതു ഞാന്‍ കണ്ടിട്ടുണ്ട്.

ഇതെല്ലാം ക്രിസ്തുവിന്റെ മനോഭാവത്തിനു വിരുദ്ധമാണ്. ദൈവമഹത്വം കണ്ടിട്ടുള്ള ഒരുവന്‍ ഈ ലോകത്തിലോ സുവിശേഷവിഹിത ക്രിസ്ത്യാനികളുടെ വൃത്തങ്ങളിലോ പ്രശസ്തിക്കുവേണ്ടിയുള്ള മത്സരയോട്ടത്തില്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ ലക്ഷ്യപ്രാപ്തിക്കായി മുന്നോട്ടായുന്നതിനിടയില്‍ ഇതിലൊന്നിലും ഏര്‍പ്പെടുവാന്‍ അവനു സാധ്യമല്ല. മറ്റുള്ളവര്‍ക്കു വെള്ളം ഒഴിച്ചുകൊടുക്കുവാനും തറ അടിച്ചുവാരുവാനും ഭൂമിയില്‍ ദൈവത്തെ മഹത്വപ്പെടുത്തുവാനും മാത്രമായിരിക്കും അവന്റെ ആഗ്രഹം.

മനുഷ്യരുടെ ദൃഷ്ടിയിലുള്ള മഹത്വം ദൈവദൃഷ്ടിയിലുള്ള മഹത്വമല്ലെന്ന വസ്തുത നമുക്ക് ഓര്‍ക്കാം. മുപ്പതുവര്‍ഷക്കാലം മതഭക്തരുടെ രംഗത്തെ നിരീക്ഷിച്ചശേഷം സഭാനേതൃത്വവും ജീവിതവിശുദ്ധിയും പര്യായപദങ്ങളായി പലപ്പോഴും ഇരിക്കുന്നില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുവാന്‍ താന്‍ നിര്‍ബ്ബന്ധിതനായിത്തീര്‍ന്നതായി ഡോ. ഏ. ഡബ്ല്യൂ. റ്റോസര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡ്യയിലും ഇതൊരു സത്യമാണ്. നമ്മുടെ രാജ്യത്തു വലിയ പ്രസംഗപീഠങ്ങളില്‍ നില്‍ക്കുന്നവരും ക്രിസ്തീയവൃത്തങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും പലപ്പോഴും ദൈവത്തിന്റെ അത്യുന്നത വിശുദ്ധരല്ല. ദൈവത്തിന്റെ ഏറ്റവും ദുര്‍ല്ലഭങ്ങളായ രത്‌നങ്ങള്‍ പലപ്പോഴും നമ്മുടെ സഭകളിലെ പാവപ്പെട്ടവരുടെയും അറിയപ്പെടാത്തവരുടെയും ഇടയിലാണു കാണപ്പെടുന്നത്.

യോഹന്നാന്‍ സ്‌നാപകന്‍ ആയിരുന്നതുപോലെ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ വലിയവനായിത്തീരുവാനായിരിക്കട്ടെ നമ്മുടെ ആഗ്രഹം (ലൂക്കോ. 1:15). അതിനു കര്‍ത്താവു നമ്മെ സഹായിക്കട്ടെ. യോഹന്നാന്‍ ദൈവമുമ്പാകെ വലിയവനായിത്തീര്‍ന്നതിന് ഒരു കാരണം ഉണ്ടായിരുന്നു. അദ്ദേഹം സ്വയം പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തു വളരണമെന്നും താന്‍ കുറയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയത്തിലെ ഗാഢമായ വാഞ്ഛ (യോഹ. 3:30). ക്രിസ്തു സര്‍വോന്നതനായി തീരേണ്ടതിനു വേണ്ടി താന്‍ പിന്നണിയില്‍ മറഞ്ഞു നില്‍ക്കുവാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു.

എല്ലാറ്റിലും ക്രിസ്തു മുമ്പനായിത്തീരണം (കൊലോ. 1:18) എന്നതാണു ദൈവത്തിന്റെ ഹൃദയവാഞ്ഛ. നമ്മുടെ ഹൃദയങ്ങളും ഈ ഒരു കാര്യമാണു വാഞ്ഛിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ദൈവത്തിന്റെ ശക്തിയും അധികാരവും നിരന്തരം നമ്മുടെ പിന്‍ബലമായിത്തീരും. നാം പിന്നണിയിലേക്കു മാറുകയും മറയുകയും ചെയ്യണം. ക്രിസ്തു മാത്രം ഉന്നതനായിത്തീരണം.

പലപ്പോഴും മറ്റാരും അറിയാത്തതും എന്നാല്‍ ദൈവം അറിയുന്നതുമായ സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങളും പ്രേരണകളും നമുക്കുള്ളപ്പോഴാണു ദൈവത്തിനു തന്റെ നാമത്തോടുള്ള തികഞ്ഞ വിശ്വസ്തതയില്‍ തന്റെ ശക്തി നമുക്ക് ഏല്പിച്ചു തരുവാന്‍ സാധിക്കാതെ പോകുന്നത്.

സഹോദരീ സഹോദരന്മാരേ, യോഹന്നാന്‍ സ്‌നാപകന്റെ മനോഭാവമുള്ള സ്ത്രീപുരുഷന്മാരിലൂടെ മാത്രമാണു ദൈവത്തിനു തന്റെ യഥാര്‍ത്ഥസഭയെ പണിയുവാന്‍ കഴിയുന്നത്. വെളിപ്പാടു പുസ്തകം വെളിവാക്കുന്നതുപോലെ യഥാര്‍ത്ഥമായ ഒരു സഭയും ഒരു വ്യാജസഭയും ഉണ്ട്; ഒരു യെരൂശലേമും ഒരു ബാബിലോണും ഉണ്ട്. തന്നെത്താന്‍ തുടച്ചു നീക്കിക്കളയുകയും ഒരു ഭൃത്യന്റെ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്കു മാത്രമേ യെരൂശലേം പണിയുവാന്‍ കഴിയൂ. എന്നാല്‍ ഏതൊരുവനും ബാബിലോണ്‍ പണിയാം. യെരൂശലേം നിത്യ കാലവും നിലനില്‍ക്കും; ബാബിലോണിനെയോ ദൈവം വളരെ വേഗം നശിപ്പിച്ചു കളയും (വെളി. 18:21).

ബാബേല്‍ ഗോപുരം (ബാബിലോണിന്റെ ആരംഭം അവിടെയാണ്) എങ്ങനെയാണു നിലവില്‍ വന്നതെന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? മനുഷ്യര്‍ ഒരുമിച്ചു കൂടിവന്നിട്ട് – ”…. നമുക്ക് ഒരു പേരും ഉണ്ടാക്കുക” എന്നു പറഞ്ഞു (ഉല്‍പ. 11:4). വര്‍ഷങ്ങള്‍ക്കുശേഷം ബാബിലോണിലെ രാജാവും ഇതേ ആത്മാവില്‍ – ”ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപ മഹത്വത്തിനായിപ്പണിത മഹതിയാം ബാബേല്‍ അല്ലയോ?” എന്നു പറയുകയുണ്ടായി (ദാനി. 4:30).

തനിക്കുവേണ്ടി ഒരു പേരുണ്ടാക്കുവാനും മനുഷ്യരുടെ ദൃഷ്ടിയില്‍ സ്വയം ഉയര്‍ത്തുവാനും ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും ബാബിലോണിന്റെ ആത്മാവാണുള്ളത്. തന്റെ അധ്വാനത്തിലൂടെ അയാള്‍ പണിയുന്നതു നിത്യതയിലേക്ക് ഒരിക്കലും നിലനില്‍ക്കുകയില്ല. എന്നാല്‍ കഷ്ടം തന്നെ! സഹോദരീ സഹോദരന്മാരേ, ഇതേ ആത്മാവാണു സുവിശേഷവിഹിത പ്രസ്ഥാനങ്ങളുടെ ഉന്നത പടവുകളില്‍ ഇന്നു കാണപ്പെടുന്നത്.

ഈ ആത്മാവാണു ലൂസിഫറിന് ഉണ്ടായിരുന്നത്. ദൈവം അവനു കൊടുത്ത സ്ഥാനം കൊണ്ട് അവന്‍ സംതൃപ്തനായില്ല. അവന്‍ ഉയര്‍ന്നുയര്‍ന്നു പോകുവാന്‍ ആഗ്രഹിക്കയും തന്മൂലം തന്റെ അഭിഷേകം നഷ്ടപ്പെടുത്തുകയും ചെയ്തു. ഒരിക്കല്‍ അവന്‍ അഭിഷിക്തനായ കെരൂബ് ആയിരുന്നുവെങ്കില്‍ ഒടുക്കം അവന്‍ പിശാചായിട്ടാണു തീര്‍ന്നത്. ഈ വിധത്തില്‍ അഭിഷേകം നഷ്ടപ്പെട്ട ഏകവ്യക്തിയായിട്ടല്ല നാമിന്ന് അവനെ കാണുന്നത്.

യേശുക്രിസ്തുവിന്റെ ആത്മാവ് ഇതിന്നൊക്കെയും കടക വിരുദ്ധമാണ്. അവിടുന്നു ദൈവമായിരുന്നുവെങ്കിലും തന്നെത്താന്‍ താഴ്ത്തി നമുക്കുവേണ്ടി എല്ലാ മഹിമകളും ഒഴിച്ചുകളയുകയാണു ചെയ്തത്. ദൈവവചനം നമ്മോടു കല്പിക്കുന്നത് – ”ഈ ഭാവം തന്നെ നിങ്ങളിലുമുണ്ടായിരിക്കട്ടെ” എന്നാണ് (ഫിലി. 2:5-8).

മനുഷ്യരാല്‍ അറിയപ്പെടുവാനും അംഗീകരിക്കപ്പെടുവാനുമുള്ള എല്ലാ അഭിലാഷങ്ങളെയും ദൈവം നമ്മുടെ ഹൃദയത്തില്‍ നിന്ന് ഉന്മൂലനം ചെയ്യട്ടെ. സുവിശേഷവിഹിത വൃത്തങ്ങളിലുള്ള നമ്മുടെ സ്വാധീനശക്തിയെ വ്യാപകമാക്കുവാനും നമ്മെത്തന്നെ കൂടുതല്‍ അറിയപ്പെടുന്നവരാക്കിത്തീര്‍ക്കുവാനും വേണ്ടി ചുറ്റി നടന്നു കൂടുതല്‍ ബന്ധങ്ങള്‍ സമ്പാദിക്കുവാന്‍ നാം ശ്രമിക്കരുത്. ‘വിജാതീയമായ ഭാരതത്തില്‍ നിന്നു വരുന്ന ആത്മീയ മല്ലന്മാര്‍’ എന്ന നിലയില്‍ വിദേശ രാജ്യങ്ങളിലേക്കു ക്ഷണിക്കപ്പെടുവാന്‍ വേണ്ടി നാം പരിശ്രമിക്കരുത്.

നാം യേശുവിനെപ്പോലെ ആയിത്തീരണമെങ്കില്‍ യേശു ചെയ്തതുപോലെ സാധാരണ ജനങ്ങളുമൊത്തു നാം സമയം ചെലവഴിക്കുകയാണു വേണ്ടത്. അല്ലാതെ എല്ലായ്‌പ്പോഴും സുവിശേഷവിഹിതരായ നേതാക്കന്മാരുമായി സഖ്യം സ്ഥാപിക്കുവാനല്ല നാം ശ്രമിക്കേണ്ടത്. ദൈവവചനം കല്പിക്കുന്നു: ”വലിയവരെന്നു സ്വയം ഭാവിക്കരുത്. ഉന്നതസ്ഥാനീയരോടു മമത പിടിക്കുവാന്‍ ഒരുമ്പെടരുത്; സാധാരണക്കാരോടൊരുമിച്ചു കഴിയുന്നതില്‍ സന്തുഷ്ടരാ യിരിപ്പിന്‍” (റോമര്‍ 12:16 ലിവിംഗ്).

ദൈവം നമ്മെ താഴ്മയില്‍ നിലനിറുത്തട്ടെ. ക്രൂശിന്റെ ചുവടാണു നമുക്കേറ്റവും സുരക്ഷിതമായ സ്ഥാനം.

ആധിപത്യമനോഭാവം (A bossy attitude)

നമ്മുടെ കര്‍ത്താവ് ഒരു ഭൃത്യനായിരുന്നു. എന്നാല്‍ കഷ്ടം തന്നെ! ക്രിസ്തീയ നേതാക്കന്മാരും മിഷ്യനറിമാരും ഇന്നു പലപ്പോഴും യജമാനന്മാരും അധിപതികളും മേലധികാരികളുമായിത്തീര്‍ന്നിരിക്കുന്നു. ഒരുപക്ഷേ മറ്റുള്ളവര്‍ നമ്മെ യജമാനന്മാര്‍ എന്നു വിളിക്കുന്നതു തടയാന്‍ നമുക്കു കഴിഞ്ഞില്ലെന്നുവരാം. എന്നാല്‍ പ്രശ്‌നം ഇതാണ്: നമ്മുടെ ഹൃദയത്തില്‍ നാം യജമാനന്മാരാകുവാന്‍ ആഗ്രഹിക്കുന്നുണ്ടോ?

യേശു വളരെ ക്ഷമയോടെ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ ആഗ്രഹിച്ച പാഠം ഇന്നു നാം വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ കാലുകള്‍ കഴുകിയ ശേഷം യേശു അവരോട് ഇപ്രകാരം പറഞ്ഞു: ”ഈ ലോകത്തില്‍ രാജാക്കന്മാരും ഉന്നത നേതാക്കന്മാരും തങ്ങളുടെ ഭൃത്യന്മാര്‍ക്ക് ആജ്ഞ നല്‍കുന്നു…. എന്നാല്‍ നിങ്ങളുടെ ഇടയിലാകട്ടെ, നിങ്ങളെ ഏറ്റവും നന്നായി ശുശ്രൂഷിക്കുന്നവനായിരിക്കും നിങ്ങളുടെ നേതാവ്. ഈ ലോകത്തില്‍ യജമാനന്‍ ഭക്ഷണത്തിനിരിക്കുന്നു; ഭൃത്യന്മാര്‍ അയാള്‍ക്കു വിളമ്പിക്കൊടുക്കുന്നു. ഇവിടെ അങ്ങനെയല്ല; എന്തെന്നാല്‍ ഞാന്‍ നിങ്ങളുടെ ഭൃത്യനാണ്” (ലൂക്കോ. 22:25-27 ലിവിംഗ്). ഹാ! നമ്മുടെ കീഴിലുള്ളവരോടു നാം കാണിക്കുന്ന ആധിപത്യ മനോഭാവത്തെപ്പറ്റി എത്രയധികം കുറ്റബോധം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു! നമ്മുടെ കര്‍ത്താവിന്റെ ദൃഷ്ടാന്തമനുസരിച്ചു നാം എത്രയധികം ഇനി താഴേണ്ടിയിരിക്കുന്നു! ആത്മാഭിമാനം, അന്തസ്സ്, വര്‍ഗ്ഗപരമായ ഉന്നതഭാവം എന്നീ കാര്യങ്ങളില്‍ ഇപ്പോഴും നമുക്കുള്ള ലൗകിക മനോഭാവം ദൈവം നമ്മില്‍നിന്നു നീക്കിക്കളയട്ടെ. ദൈവരാജ്യത്തിലുള്ള മഹത്വത്തിന്റെ യഥാര്‍ത്ഥ ലക്ഷണം യേശു ആയിരുന്നതുപോലെ ഒരു ഭൃത്യനായും വെള്ളമൊഴിക്കുന്നവനായും തീരുന്നതാണെന്നു വീണ്ടും അവിടുന്നു നമ്മെ പഠിപ്പിക്കട്ടെ.

ഇപ്പോള്‍ മാത്രമല്ല, നമ്മുടെ ജീവിതാന്ത്യം വരെയും ഉടനീളം ഏറ്റവും താണസ്ഥാനം കൈക്കൊള്ളുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. ഒരിക്കല്‍പ്പോലും നമ്മുടെ സഹോദരന്മാരില്‍ നിന്നു ബഹുമതിയോ ആദരവോ അനുസരണമോ നമുക്ക് ആഗ്രഹിക്കാതിരിക്കാം. കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ തലമൂത്ത വേലക്കാരാണെന്നു നമുക്കു തോന്നാനിടയുള്ള പ്പോല്‍ പോലും ആ മനോഭാവം നമുക്ക് ഉണ്ടാകാതിരിക്കട്ടെ. സഭയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ഔദ്യോഗികസ്ഥാനം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതായിരുന്നാലും പ്രായത്തിലും പരിചയത്തിലും നാം മൂപ്പുള്ളവരായാലും അവരോടുള്ള നമ്മുടെ മനോഭാവത്തില്‍ അവര്‍ യജമാനന്മാരും നാം ഭൃത്യന്മാരുമാണെന്ന കാര്യം എപ്പോഴും നമുക്ക് അംഗീകരിക്കാം. നാം എത്രയ്ക്ക് ഉയര്‍ന്ന സ്ഥാനം പ്രാപിക്കുന്നുവോ അത്രയ്ക്കു മറ്റുള്ളവരെ സേവിക്കുവാനുള്ള നമ്മുടെ ചുമതലയും ഏറി വരികയാണു ചെയ്യുന്നത്.

ഈ കാര്യത്തില്‍ 2 കൊരി. 4:5 നമ്മെ വെല്ലുവിളിക്കുന്ന ഒരു വാക്യമാണ്. അവിടെ പൗലോസ് പറയുന്നതിനെ ഇപ്രകാരം പരാവര്‍ത്തനം ചെയ്യാം: ”രണ്ടു കാര്യങ്ങളാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഞങ്ങളുടെ അധരങ്ങള്‍ കൊണ്ടു ക്രിസ്തുയേശു യജമാനനും അധിപതിയുമെന്നു ഞങ്ങള്‍ വിളിച്ചറിയിക്കുന്നു. ഞങ്ങളുടെ ജീവിതംകൊണ്ടു ഞങ്ങള്‍ ഞങ്ങളെത്തന്നെ യേശുവിനായി നിങ്ങളുടെ ഭൃത്യന്മാരെന്നു പ്രസ്താവിക്കുന്നു.”

സഹോദരീ സഹോദരന്മാരേ, നമ്മുടെ ദ്വിമുഖമായ സന്ദേശം ഇതാണ്. ഇപ്രകാരം ദൈവം യോജിപ്പിച്ചതിനെ ഒരു മനുഷ്യനും വേര്‍പിരിക്കാതിരിക്കട്ടെ. സമ്പൂര്‍ണ്ണ സുവിശേഷം ഇതത്രേ. അതിന്റെ പകുതി മാത്രം പ്രഖ്യാപിക്കുന്നവരെന്ന കുറ്റം ഒരിക്കലും നമുക്ക് ഉണ്ടാകാതിരിക്കട്ടെ. എന്തെന്നാല്‍ ഈ സന്ദേശം അതിന്റെ സമ്പൂര്‍ണ്ണതയില്‍ അറിയിക്കുമ്പോള്‍ മാത്രമേ ക്രിസ്തു നമ്മില്‍ വിശുദ്ധീകരിക്കപ്പെടുന്നതായി വിജാതീയ ജനങ്ങള്‍ ഗ്രഹിക്കുകയുള്ളു. ഇന്ന് ഇതിന്റെ അഭാവമാണു നമ്മുടെ രാജ്യത്തു കര്‍ത്താവിന്റെ വേലയ്ക്കു തടസ്സമായിരിക്കുന്നത്.

നാം ഭൃത്യന്മാരായിത്തീരണമെങ്കില്‍ നാം യഥാര്‍ത്ഥത്തില്‍ താഴ്മയുള്ളവരാകണം. നമ്മുടെ ഉയര്‍ന്ന നിലയില്‍നിന്നു താണിറങ്ങുന്ന മനോഭാവം താഴ്മയാണെന്നു നാം തെറ്റിദ്ധരിക്കരുത്. വലിയവരെന്നു കരുതപ്പെടുന്നവര്‍ ചെറിയവരുടെയടുത്തേക്ക് ഇറങ്ങിച്ചെല്ലുക എന്നതു പ്രയാസം കുറഞ്ഞ ഒരു കാര്യമാണ്. സ്വാര്‍ത്ഥമതികളായ രാഷ്ട്രീയക്കാര്‍ പോലും അതു ചെയ്യുന്നുണ്ട്. നാം വലിയ ആളുകളാണെന്ന ഒരു ഉന്നതാഭിപ്രായം നമ്മെപ്പറ്റിത്തന്നെ ഹൃദയത്തില്‍ വച്ചു പുലര്‍ത്തിക്കൊണ്ടു താണകിടയിലുള്ളവരുടെ അടുക്കലേക്കു കൂട്ടായ്മയ്ക്കായി നാം ഇറങ്ങിച്ചെല്ലുകയും ആ മനോഭാവത്തെ താഴ്മയെന്നു നാം ധരിക്കുകയും ചെയ്‌തേക്കാം. അല്ല, അതൊരിക്കലും താഴ്മയല്ല.

ദൈവത്തിന്റെ ദൃഷ്ടിയില്‍ ഞാനും മറ്റൊരുവനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് അംഗീകരിക്കുന്നതാണു സാക്ഷാല്‍ വിനയം. എനിക്കും മറ്റുള്ളവര്‍ക്കും തമ്മില്‍ പ്രകൃത്യാ നിലനില്‍ക്കുന്ന വ്യത്യാസങ്ങളെല്ലാം പരിതഃസ്ഥിതികള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയാല്‍ മാത്രം ഉണ്ടായിട്ടുള്ളവയാണ്. അവയെല്ലാം യേശുവിന്റെ ക്രൂശിങ്കല്‍ ഉച്ചാടനം ചെയ്യപ്പെട്ടിരിക്കുന്നു. ക്രൂശു നമ്മെയെല്ലാം കേവലം പൂജ്യങ്ങളാക്കിത്തീര്‍ത്തിരിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ഞാന്‍ ഇതേവരെയും ക്രൂശിങ്കലേക്കു വന്നിട്ടില്ല എന്നതിനെയാണ് അതു കാണിക്കുന്നത്. ക്രൂശിങ്കല്‍ വന്നു നാം ജീവിതമാരംഭിക്കുമ്പോള്‍ ഫിലി. 2:3 നമ്മോടാജ്ഞാപിക്കുന്നതുപോലെ മറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ഠന്മാരെന്നെണ്ണുവാന്‍ നമുക്കൊരു പ്രയാസവുമില്ല. അപ്പോള്‍ സമ്മതത്തോടും സന്തോഷത്തോടും ഏറ്റവും താഴത്തെ സ്ഥാനം സ്വീകരിക്കുക എളുതാണ്. അപ്പോള്‍ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാനും നിഷ്പ്രയാസം സാധിക്കും.

താന്‍ ദൈവജനത്തിന് ഒരു നേതാവായിത്തീരാന്‍ യോഗ്യനാണെന്ന് (നാല്‍പതു വയസ്സായപ്പോള്‍) മോശ ചിന്തിച്ചിരുന്നു. ആ ചിന്ത നിലനിന്ന കാലത്തോളം ദൈവത്തിന് അദ്ദേഹത്തെ ഉപയോഗിക്കുവാന്‍ സാധ്യമായിരുന്നില്ല (അപ്പോ. 7:25). ദൈവം മറ്റൊരു നാല്‍പതു വര്‍ഷക്കാലം അദ്ദേഹത്തെ മരുഭൂമിയിലേക്കു കൊണ്ടുപോയി അവിടെവച്ച് അദ്ദേഹത്തെ തകര്‍ക്കേണ്ടത് ആവശ്യമായിത്തീര്‍ന്നു. അവസാനത്തില്‍ – ”കര്‍ത്താവേ, ഈ പ്രവൃത്തി ചെയ്യേണ്ടതു ഞാനല്ല. ഞാന്‍ അയോഗ്യനാണ്. എനിക്കു സംസാരിപ്പാന്‍ പോലും കഴിവില്ല” എന്നു പറയുന്ന ഒരവസ്ഥയിലേക്കു മോശ വന്നുചേര്‍ന്നു. (വാസ്തവത്തില്‍ മോശ അങ്ങനെ അര്‍ത്ഥമുദ്ദേശിക്ക തന്നെ ചെയ്തു. പൊള്ളവാക്കുകള്‍ പറയുന്ന ചിലരുടേതു പോലെയുള്ള ഒരു വ്യാജ വിനയമായിരുന്നില്ല മോശയുടേത്.) അപ്പോള്‍ മാത്രമേ ദൈവത്തിനു മോശയെ ഉപയോഗിപ്പാന്‍ കഴിഞ്ഞുള്ളു. അപ്പോള്‍ മോശയ്ക്കു തന്നിലുണ്ടായിരുന്ന തന്‍പോരിമയെന്ന ഭാവം നിശ്ശേഷം നീങ്ങിപ്പോയിരുന്നു. നാല്‍പതു വയസ്സുണ്ടായിരുന്ന കാലത്തു സ്വന്ത ശക്തികൊണ്ടു മോശയ്ക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞത് ഒരു ഈജിപ്റ്റുകാരനെ മണലില്‍ മറവു ചെയ്കയായിരുന്നു. ദൈവം അദ്ദേഹത്തെ തകര്‍ത്തതിനു ശേഷമാകട്ടെ, ഈജിപ്റ്റുകാരുടെ മുഴുവന്‍ സൈന്യത്തെയും ചെങ്കടലില്‍ അദ്ദേഹം മറവു ചെ യ്തു. തകര്‍ച്ച യുടെ ഫലം ഇപ്രകാരമാണ്.

യേശുക്രിസ്തു അഞ്ചപ്പമെടുത്ത് അവയെ അനുഗ്രഹിച്ചാല്‍ മാത്രം മതിയാവുകയില്ല. പുരുഷാരം തിന്നു തൃപ്തരാകണമെങ്കില്‍ അവ നുറുക്കപ്പെടേണ്ടത് ആവശ്യമാണ്. നമ്മുടെ ജീവിതത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടേണ്ട ഒരു പരിപാടിയാണിത്. ദൈവം നമ്മെ എടുക്കുന്നു, അനുഗ്രഹിക്കുന്നു, നുറുക്കുന്നു, അങ്ങനെ നമ്മെ ഉപയോഗിക്കയും ചെയ്യുന്നു. അപ്പോള്‍ ഇത്രയധികം ജനത്തെ പോഷിപ്പിക്കുവാന്‍ നമ്മെ ഉപയോഗിച്ചതുമൂലം നാം ഉന്നത ഭാവമുള്ളവരായിത്തീരാന്‍ ഇടയുണ്ട്. തന്മൂലം അവിടുന്നു വീണ്ടും നമ്മെ എടുത്തു വീണ്ടും നുറുക്കുന്നു. ജീവിതകാലം മുഴുവന്‍ ഈ പരിപാടി തുടരുകയും ചെയ്യുന്നു.

ഈ നുറുക്കം അഥവാ തകര്‍ച്ച നാം എത്രയധികം ആഗ്രഹിക്കേണ്ട ഒരു കാര്യമാണ്! ഒരു ചെറിയ അണു തകര്‍ക്കപ്പെടുമ്പോള്‍ എത്ര വലിയ ശക്തിയാണ് അതില്‍നിന്നു പുറപ്പെടുന്നത്! അങ്ങനെയെങ്കില്‍ നമ്മുടെ രാജ്യത്ത് ആദ്യം സഭയിലെ നേതാക്കന്മാരും പിന്നീടു സഭാജനങ്ങള്‍ മുഴുവനും ദൈവത്താല്‍ നുറുക്കപ്പെടുന്ന പക്ഷം എത്ര വലിയ ശക്തിയായിരിക്കും മോചിതമായിത്തീരുന്നത്!

വേര്‍തിരിക്കുന്ന അടയാളം

ആത്മീയരംഗത്തു കള്ള നാണയങ്ങള്‍ പ്രചരിക്കുന്ന ഇക്കാലത്തു വ്യാജത്തെക്കണ്ടു സത്യമെന്നു മനുഷ്യര്‍ ഭ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഒരു യഥാര്‍ത്ഥ ദൈവഭൃത്യനെ വേര്‍തിരിച്ചറിയാന്‍ ഉതകുന്ന അടയാളം എന്താ ണെന്നു ഞാന്‍ എന്നോടുതന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.

അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ശക്തിയാണോ അത്? അല്ല തന്നെ. കാരണം ദുര്‍ഭൂതങ്ങള്‍ക്കും അദ്ഭുതങ്ങള്‍ കാട്ടുവാന്‍ കഴിവുണ്ട്. അന്യഭാഷക ളില്‍ സംസാരിക്കുവാനുള്ള കഴിവാണോ അത്? അല്ല, ദുര്‍ഭൂതങ്ങള്‍ക്കും അതു പകര്‍ത്തുവാന്‍ സാധ്യമാണ്. പ്രാഥമികമായി ഇവയൊന്നുമല്ല ആ ആടയാളം.

യേശുവിന്റെ അനുയായിയെ വേര്‍തിരിക്കുന്ന അടയാളം ക്രൂശിന്റെ ആത്മാവ് അഥവാ ക്രൂശിന്റെ മനോഭാവമാണെന്ന നിഗമനത്തിലാണു ഞാന്‍ വന്നു ചേര്‍ന്നിട്ടുള്ളത്. തന്റെ ജീവിതത്തില്‍ ക്രൂശിനെ സ്വീകരിച്ചിട്ടുള്ളവനാണു യഥാര്‍ത്ഥ ദൈവഭൃത്യന്‍. തന്റെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും സ്വയത്തില്‍ കേന്ദ്രീകരിച്ച മനോഭാവത്തെയും തന്നെ സംബന്ധിച്ച സകലത്തെയും മരിപ്പിക്കുകയും തന്നെത്തന്നെ കുറച്ചുകുറച്ച് ഒരു പൂജ്യമാക്കി ത്തീര്‍ക്കുകയും ചെയ്തിട്ടുള്ള ഒരുവന്‍ തന്നെ. സത്യമായും കര്‍ത്താവിനെ സേവിക്കുന്ന ഒരുവനെ തന്നെത്തന്നെ സേവിക്കുന്ന ഒരുവനില്‍ നിന്നു വേര്‍തിരിച്ചറിയുവാനുള്ള വ്യക്തമായ ലക്ഷണം ഇതു മാത്രമാണ്. മറ്റെല്ലാ തെളിവുകളും വഞ്ചനാത്മകമായിത്തീരാം.

നാം നമ്മുടെ ഇനത്തെത്തന്നെ സൃഷ്ടിക്കുന്നു

ഇന്നു നമ്മുടെ സഭയില്‍ കുഴപ്പമുണ്ടാക്കുന്ന ആളുകളെയും പൊങ്ങച്ചക്കാരായ മൂപ്പന്മാരെയും അധികാര പ്രമത്തരായ ശുശ്രൂഷകന്മാരെയും പറ്റി നാം അസ്വസ്ഥരാണോ? വര്‍ഷങ്ങളായി നാം വിതയ്ക്കുന്നതു തന്നെ നാം കൊയ്‌തെടുക്കുകയും നമ്മുടെ ഇനത്തെത്തന്നെ നാം പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന ഒരനുഭവമല്ലേ അത്? നമ്മുടെ ഹൃദയത്തില്‍ നമുക്കുണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ പൊങ്ങച്ചവും നിഗളവും നമ്മുടെ ആത്മീയ സന്തതികളില്‍ വെളിപ്പെട്ടുവരുന്നതല്ലേ അവിടെ നാം കാണുന്നത്? അതു നമ്മെ അദ്ഭുതപ്പെടുത്തേണ്ട കാര്യമില്ല.

അതിനാല്‍ ”കര്‍ത്താവേ, ഞങ്ങള്‍ക്ക് ഒരുണര്‍വിനെ അയച്ചു തരണമേ” എന്നു നാം നിലവിളിക്കുമ്പോള്‍ കര്‍ത്താവു നല്‍കുന്ന മറുപടി ഇതാണ്: ”എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിക്കുമെങ്കില്‍… ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ട്… അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും” (2 ദിന. 7:14). ഹാ കഷ്ടം! നമ്മുടെ ദേശത്തിനു സൗഖ്യം എത്ര ആവശ്യം! ദൈവം ഉണര്‍വു താമസിപ്പിക്കുന്നു എന്നു നാം പറയരുത്. സഹോദരന്മാരേ, തടസ്സം നമ്മില്‍ത്തന്നെയാണ്.

ഭൃത്യന്മാരായി വെള്ളം ഒഴിച്ചുകൊടുക്കുവാന്‍ മനസ്സുള്ളവരെ നമ്മുടെ ഇട യില്‍ ദൈവം കണ്ടെത്തട്ടെ.


അധ്യായം 4 : അഭിഷിക്തനായ മനുഷ്യന്‍

”പിന്നെ എലീശാ ഏലീയാവിന്റെ മേല്‍ നിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാനരികെ നിന്നു. ഏലീയാവിന്റെ മേല്‍ നിന്നു വീണ പുതപ്പു കൊണ്ട് അവന്‍ വെള്ളത്തെ അടിച്ചു. ‘ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?’ എന്നു പറഞ്ഞു. അവന്‍ വെള്ളത്തെ അടിച്ചപ്പോള്‍ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരെക്കു കടന്നു. യെരീഹോവില്‍ അവന്നെതിരേ നിന്നിരുന്ന പ്രവാചക ശിഷ്യന്മാര്‍ അവനെ കണ്ടിട്ട്: ‘ഏലീയാവിന്റെ ആത്മാവ് എലീശയുടെ മേല്‍ അധിവസിക്കുന്നു’ എന്നു പറഞ്ഞു” (2 രാജാ. 2:13-15).

ആര്‍ക്കും നിഷ്പ്രയാസം കബളിപ്പിക്കാവുന്ന തരത്തിലുള്ള ആളുകളായിരുന്നില്ല ഈ പ്രവാചക ശിഷ്യന്മാര്‍. അവര്‍ തിരുവെഴുത്തുകള്‍ പഠിച്ചു കൊണ്ടിരുന്നവരും ദൈവവചനം നല്ലവണ്ണം അറിയാവുന്നവരുമായിരുന്നു. തന്മൂലം അഭിഷിക്തനായ ഒരു മനുഷ്യന്‍ എങ്ങനെയുള്ളവനായിരിക്കും എന്നത് അവര്‍ക്ക് അറിവുണ്ടായിരുന്നു. എലീശാ അപ്രകാരമുള്ള ഒരുവനാണെന്നും അദ്ദേഹത്തിന്റെ മേല്‍ ദൈവാത്മാവ് ആവസിച്ചിരുന്നുവെന്നും അവര്‍ മനസ്സിലാക്കി.

ഈ വസ്തുതയെപ്പറ്റിയുള്ള അവരുടെ അറിവ് എലീശാ പ്രസംഗിച്ച ആവേശജനകമായ ഏതെങ്കിലും പ്രസംഗം കേട്ടിട്ട് ഉണ്ടായതോ തന്റെ അനുഭവത്തെപ്പറ്റി എലീശാ വിവരിച്ച ഒരു സാക്ഷ്യം നിമിത്തം ലഭിച്ചതോ ആയിരുന്നില്ല. ഒരിക്കലും അല്ല. നേരേ മറിച്ച് ഏലീയാവു ചെയ്തതുപോലെ അദ്ദേഹം യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചത് അവര്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുള്ളതായി അവര്‍ ദര്‍ശിച്ച ശക്തി അവര്‍ക്കു ബോധ്യപ്പെട്ടതു മൂലമാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ അഭിഷിക്തനാണെന്ന നിഗമനത്തില്‍ അവര്‍ ചെന്നെത്തിയത്.

ദൈവത്തിനു വേണ്ടി നാം ചെയ്യുന്ന സേവനത്തില്‍ അവിടുത്തെ മുഴുവന്‍ ഹിതവും നാം നിറവേറ്റണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം അനുപേ ക്ഷണീയമാണ്. ദൈവത്തിന്റെ ആത്മാവു നമ്മുടെ മേല്‍ വസിച്ചാല്‍ മാത്രം പോരാ. ശക്തിയോടെ അതു നമ്മുടെ മേല്‍ വ്യാപരിക്കുന്നതു നാം അറിഞ്ഞേ മതിയാവൂ. യേശുവിനുപോലും ഭൂമിയിലെ തന്റെ ശുശ്രൂഷ നിറവേറ്റുവാന്‍ പുറപ്പെടുന്നതിനു മുമ്പു പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിക്കേണ്ടത് ആവശ്യമായിരുന്നു (മത്താ. 3:16; അപ്പോ. 10:38 ഈ ഭാഗങ്ങള്‍ നോക്കുക).

അമേരിക്കയിലുള്ള അനുയോജ്യമായ സംഘടനകളുമായി ബന്ധം പുലര്‍ത്തുവാന്‍ സാധിച്ചതുകൊണ്ടു സുവിശേഷ പ്രവര്‍ത്തനത്തില്‍ മുഴുകുവാനും നാം നിയമിച്ചിട്ടുള്ള സുവിശേഷകന്മാര്‍ക്കു ശമ്പളം കൊടുക്കുവാനും ആവശ്യമുള്ള പണം നമ്മുടെ പക്കല്‍ ഉള്ളതുകൊണ്ടാണു കര്‍ത്താവിനുവേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെങ്കില്‍ നാം നമ്മുടെ സമയം ദുര്‍വ്യയം ചെയ്യുകയാണ്. വാസ്തവത്തില്‍ നമ്മുടെ ശുശ്രൂഷയ്ക്ക് അത്തരമൊരു ഭൗമികമായ വിശദീകരണമാണ് ഉള്ളതെങ്കില്‍ നമ്മുടെ ക്രിസ്തീയ പ്രവര്‍ത്തനം നിറുത്തിയ ശേഷം ഏതെങ്കിലും മതേതരമായ ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതായിരിക്കും നമുക്കു നല്ലത്. എന്തെന്നാല്‍ അപ്രകാരമുള്ള നമ്മുടെ അധ്വാനം കൊണ്ടു ദൈവരാജ്യത്തിനു യാതൊരു നേട്ടവും ഉണ്ടാവുകയില്ല. നമ്മുടെ ശുശ്രൂഷ നാം തുടരുന്നതിനു പരിശുദ്ധാത്മാവിന്റെ ശക്തിയൊഴികെ മറ്റു യാതൊരു വിശദീകരണവും ഇല്ലാത്ത വിധത്തിലുള്ള ഒരു സ്വഭാവത്തോടുകൂടിയതായിരിക്കണം നമ്മുടെ പ്രവര്‍ത്തനം. ദൈവത്തിനു സ്വീകാര്യമായ ഒരു സേവനം ഈ വിധത്തിലുള്ളതു മാത്രമാണ്.

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനുള്ള യഥാര്‍ത്ഥ തെളിവിനെപ്പറ്റി ഇന്നു വിശ്വാസികളുടെ ഇടയില്‍ വളരെയധികം ചിന്താക്കുഴപ്പം നിലവിലിരി ക്കുന്നുണ്ട്. എന്നാല്‍ എലീശയുടെ ജീവിതത്തിലെ ഈ സംഭവത്തില്‍ നിന്ന് അഭിഷേകത്തിന്റെ തെറ്റിപ്പോകാത്ത തെളിവു ശക്തിയാണ് എന്ന കാര്യം വ്യക്തമായിത്തീരുന്നുണ്ട്. മറ്റു തെളിവുകളെല്ലാം നമ്മെ വഴിതെറ്റിച്ചേക്കാം. എന്നാല്‍ ഇത് ഒരിക്കലും തെറ്റാത്തതു തന്നെ.

പരിശുദ്ധാത്മാഭിഷേകത്തിന്റെ തെളിവുകള്‍ പ്രസംഗ ചാതുര്യം, വൈകാരികമായ ആഹ്ലാദത്തിമിര്‍പ്പ്, വികാരാവേശം, ഒച്ചപ്പാട് എന്നിവയൊക്കെയാണെന്നു നാം തെറ്റിദ്ധരിക്കരുത്. ഇവയൊന്നുമല്ല, ശക്തി മാത്രമാണ് അതിന്റെ തെളിവ്. യേശുവിനെ പിതാവ് അഭിഷേകം ചെയ്തപ്പോള്‍ അവിടുത്തേക്കു ലഭിച്ചതു ശക്തിയായിരുന്നു (അപ്പോ. 10:38). തന്റെ ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായിത്തീരുമ്പോള്‍ അവര്‍ക്കു ലഭിക്കുമെന്നു കര്‍ത്താവു പറഞ്ഞതും ശക്തിയാണ്. ”പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും” (അപ്പോ. 1:8). ഇതിനെക്കാളധികം വ്യക്തമായി അതു പറയുവാന്‍ ആര്‍ക്കും സാധ്യമല്ല. അന്യഭാഷാവരമല്ല, വികാരാവേശമല്ല, ശക്തി തന്നെയാണ് അവര്‍ക്കു ലഭിക്കുക.

പരിശുദ്ധാത്മാവിന്റെ ശക്തിയെ അന്യഭാഷാഭാഷണമായി തെറ്റിദ്ധരിച്ച കൊരിന്ത്യ വിശ്വാസികള്‍ക്കു പൗലോസ് എഴുതിയപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: ”ഞാന്‍ നിങ്ങളുടെ മധ്യത്തില്‍ വരുമ്പോള്‍ നിങ്ങളുടെ സാക്ഷ്യങ്ങളോ പ്രസംഗങ്ങളോ (അവ അറിയപ്പെടുന്ന ഭാഷയിലായാലും ശരി, അജ്ഞാത ഭാഷയിലായാലും ശരി) ശ്രദ്ധിക്കുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. മറിച്ചു നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ശക്തി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് എനിക്കറിയേണ്ടത്. എന്തെന്നാല്‍ പരിശുദ്ധാത്മാവായ ദൈവത്തിന്റെ ഭരണം വാക്കുകളിലല്ല, യഥാര്‍ത്ഥമായ ശക്തിയിലാണു വെളിപ്പെടുന്നത്” (1 കൊരി. 4:19,20 പരാവര്‍ത്തനം).

അതുകൊണ്ടു സഹോദരീ സഹോദരന്മാരേ, നമുക്കു നന്നായി സംസാരിക്കാന്‍ കഴിയുമെന്നതുകൊണ്ടോ നമുക്ക് അദ്ഭുതകരമായ ഒരു സാക്ഷ്യം വിവരിക്കുവാനുണ്ട് എന്നതുകൊണ്ടോ നാം സംതൃപ്തരാകരുത്. നമ്മോടു തന്നെ നാം ചോദിക്കേണ്ട ചോദ്യം ഇതാണ്: ”നമുക്ക് ആത്മശക്തിയുണ്ടോ അതോ ഇല്ലയോ?” ധാരാവാഹിയായ പ്രാസപ്രയോഗം അഭിഷേകത്തിനു പകരമുള്ള ഒന്നല്ല; അഥവാ ശക്തിസമ്പന്നമായ ഒരു വ്യക്തിത്വമോ ആളുകളെ ഹഠാദാകര്‍ഷിക്കുന്ന സാക്ഷ്യമോ പരിശുദ്ധാത്മശക്തിക്കു പകരം വയ്ക്കാവുന്ന ഒരു കാര്യമല്ല.

ശാസ്ത്രാഭിവൃദ്ധിയുടെ ഈ യുഗത്തില്‍ പരിശുദ്ധാത്മ ശക്തിയിലാശ്രയിക്കുന്നതിനു പകരം ഇലക്‌ട്രോണിക് ഉപകരണങ്ങളിലോ യന്ത്ര സംവിധാനങ്ങളിലോ ദൃശ്യശ്രവ്യ സഹായികളിലോ ആശ്രയിച്ചുപോകുക എന്നതു സ്വാഭാവികമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. സുവിശേഷ പ്രചാരണത്തിനു ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിക്കാവുന്ന സ്ഥാനങ്ങളില്‍ അവ തീര്‍ച്ചയായും ഉപയോഗിക്കാം. എന്നാല്‍ നാമറിയാതെ തന്നെ ദൈവത്തിന്റെ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നതിനു പകരം ഭൗതിക വസ്തുക്കളില്‍ ആശ്രയിച്ചുപോകുന്നതിനെപ്പറ്റി നാം കരുതലോടെ ഇരിക്കേണ്ടതത്രേ.

നമ്മുടെ ആശ്രയം വാസ്തവത്തില്‍ എന്തിലാണെന്നു കണ്ടുപിടിക്കുക വളരെ എളുപ്പമാണ്. പരിശുദ്ധാത്മാവിലാണ് ആശ്രയിക്കുന്നതെങ്കില്‍ നാം പ്രാര്‍ത്ഥനയില്‍ വീണ്ടും വീണ്ടും ദൈവസന്നിധിയില്‍ അടുത്തുചെല്ലുകയും അവിടുത്തെക്കൂടാതെ നാം തികച്ചും നിസ്സഹായരാണെന്ന കാര്യം സമ്മതി ക്കുകയും ചെയ്യും. അതു നാം ചെയ്യുന്നുണ്ടോ? നമ്മുടെ മനസ്സാക്ഷിയെ സമാധാനിപ്പിക്കുവാനായി പ്രാര്‍ത്ഥനയെന്നു പേര്‍ പറയുന്ന ഒരു പരിപാടി നാം നിര്‍വഹിക്കുന്നതിനെപ്പറ്റിയല്ല ഞാന്‍ ഇവിടെപ്പറയുന്നത്. ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം ഇതാണ്: നാം ദൈവമുമ്പാകെ സാഷ്ടാംഗം വീഴുകയും താല്‍പര്യത്തോടെ (ആവശ്യമെങ്കില്‍ ഉപവാസമനുഷ്ഠിച്ചു കൊണ്ട്) അവിടുത്തെ മുഖമന്വേഷിക്കുകയും ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കില്‍ അവിടുന്നു നമ്മെ വിളിച്ചിട്ടുള്ള ശുശ്രൂഷ നിര്‍വഹിക്കുവാനായി അവിടുത്തെ ആത്മാവു ശക്തിയോടെ നമ്മുടെമേല്‍ വരുന്നതായി തീര്‍ച്ചയായും നമുക്ക് അനുഭവപ്പെടും. എല്ലാ കാലത്തേക്കുമായി ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരനുഭവമല്ല ഇത്.

ഉപകരണങ്ങളിന്മേലല്ല നമ്മുടെ ആശ്രയമെങ്കില്‍ ഒരു പക്ഷേ അതു പണ ത്തിന്മേല്‍ ആയിരിക്കാം. നമ്മുടെ രാജ്യത്തുള്ള ഒരു പ്രത്യേക സുവിശേഷ വിഹിത സമൂഹത്തിലെ പ്രവര്‍ത്തകരുടെ ഇടയില്‍ പൊതുയോഗങ്ങളില്‍ ആരാണ് ഏറ്റവുമധികം പണം പിരിച്ചെടുക്കുന്നത് എന്ന കാര്യത്തില്‍ ഒരു മത്സരം നിലവിലുള്ളതായി ഞാന്‍ കേട്ടു. ഒരു ക്രിസ്തീയ സംഘടന ആ നിലവാരത്തിലേക്കു താണുപോകുന്ന പക്ഷം തങ്ങളുടെ വേലയില്‍ അനുപേക്ഷണീയമെന്ന് അവര്‍ കരുതുന്നതെന്തെന്നു വ്യക്തമാകുന്നു. അവരുടെ ആശ്രയം എവിടെയാണെന്നതിനെയും അതു വെളിപ്പെടുത്തുന്നു. പണമാണ് അവര്‍ക്കു യഥാര്‍ത്ഥത്തില്‍ പ്രധാനമായ കാര്യം. അതുകൊണ്ടു പൊതുയോഗങ്ങളില്‍ ജനങ്ങളോടു സുവിശേഷം പ്രസംഗിക്കുന്നതിനു മുമ്പുതന്നെ അവര്‍ പണത്തിനുവേണ്ടി ആളുകളോടു യാചിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. എത്ര ലജ്ജാകരമായ ഒരു കാര്യം! യേശു ഇപ്രകാരം ചെയ്യുന്നതായി നമ്മിലാര്‍ക്കെങ്കിലും സങ്കല്പിക്കുവാന്‍ കഴിയു മോ? എന്നിട്ടും തങ്ങള്‍ യേശുവിന്റെ ആളുകളാണെന്ന് അവര്‍ അവകാശ പ്പെടുന്നു!

ഇത്തരമാളുകള്‍ പണത്തിനുവേണ്ടി അഭ്യര്‍ത്ഥന നടത്തുവാന്‍ ചെലവാക്കുന്ന സമയത്തിന്റെ പകുതിയെങ്കിലും പരിശുദ്ധാത്മശക്തിക്കായി ദൈവത്തോടു നിലവിളിക്കുന്നപക്ഷം അവരുടെ പ്രയത്‌നങ്ങള്‍ക്ക് എത്ര സമൃദ്ധമായ ഫലം ലഭിക്കുമായിരുന്നു!

നമ്മുടെ ആശ്രയം പണത്തിന്മേലാണോ അതോ പരിശുദ്ധാത്മശക്തിയിലാണോ എന്നു പരിശോധിക്കുവാനായി നമ്മോടുതന്നെ നാം ചോദിക്കേണ്ട ഒരു ചോദ്യം ഞാന്‍ സൂചിപ്പിക്കട്ടെ. പണസംബന്ധമായി നമ്മെ പിന്താങ്ങുന്ന ആളുകള്‍ തങ്ങളുടെ പിന്തുണ പിന്‍വലിക്കുമ്പോള്‍ നമുക്കുണ്ടാകുന്നത്ര അസ്വാസ്ഥ്യം ദൈവം പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മുടെമേല്‍ നിന്ന് എടുത്തുകളയുന്ന പക്ഷം നമുക്കുണ്ടാകുമോ?

കഷ്ടം തന്നെ. ദൈവത്തിന്റെ അഭിഷേകതൈലം നമ്മുടെമേല്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനുള്ളതിലധികം ആകാംക്ഷ പലപ്പോഴും നമ്മുടെ മാസശമ്പളം മുഴുവന്‍ നാം കൈപ്പറ്റിയോ എന്നറിയുന്നതിലായിരിക്കും നമുക്കുള്ളത്. എന്തുകൊണ്ടാണിത്? ക്രിസ്തീയവേല അഭിഷേകം കൂടാതെ നിര്‍വഹിക്കാമെങ്കിലും പണമില്ലാതെ അതു സാധ്യമല്ല എന്നൊരു തോന്നല്‍ നമുക്കുള്ളതു കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. നാം അപ്രകാരം പറഞ്ഞാലുമില്ലെങ്കിലും നമ്മുടെ പ്രവൃത്തി നമ്മുടെ ഏറ്റവുമാന്തരികമായ ചിന്തയെ വെളിവാക്കുന്നുണ്ട്.

ആദിമസഭയുമായി നാം നമ്മെത്തന്നെ താരതമ്യപ്പെടുത്തുമ്പോള്‍ എന്താണു നാം കാണുന്നത്? സുവിശേഷം പ്രസംഗിക്കുവാന്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. സാമ്പത്തികമായി അവരെ പിന്തുണയ്ക്കുവാന്‍ സമ്പന്നരായ വ്യാപാരികള്‍ ഉണ്ടായിരുന്നില്ല. സാമൂഹ്യ വൃത്തങ്ങളില്‍ അവര്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. എങ്കിലും ദൈവത്തിനു വേണ്ടി അവര്‍ വന്‍കാര്യങ്ങള്‍ നേടി. കാരണം, ഏറ്റവും അനുപേക്ഷണീമായ ഒരേയൊരു കാര്യം – പരിശുദ്ധാത്മാവിന്റെ അഭിഷേകം – അവര്‍ക്കുണ്ടായിരുന്നു. അതു കൂടാതെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നാലും അതിനു യാതൊരു വിലയുമില്ല. ഈ കാരണത്താല്‍ നാം പരാജയപ്പെടുന്ന സ്ഥാനത്ത് അവര്‍ വിജയം നേടുവാനിടയായി.

ഇന്നു ക്രിസ്തീയ സഭയുടെയും ക്രിസ്തീയ നേതാക്കളുടെയും ഏറ്റവും വലിയ ആവശ്യം പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ്. പലരും തന്നെത്താന്‍ പ്രശംസിക്കുകയും സംതൃപ്തരായിത്തീരുകയും ചെയ്തിട്ടുള്ള വിലകുറഞ്ഞ വ്യാജാഭിഷേകത്തെയല്ല, പിന്നെയോ ശക്തിദായകമായ യഥാര്‍ത്ഥ അഭിഷേകത്തെയാണ് ഇവിടെ ഞാന്‍ പരാമര്‍ശിക്കുന്നത്.

ദൈവത്തിന്റെ വേല, യഥാര്‍ത്ഥമായ ദൈവവേല തന്നെ, പ്രാചീനകാലത്തെപ്പോലെ ഇന്നും നിര്‍വഹിക്കപ്പെടുന്നുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ശക്തിയാലോ സാമ്പത്തികശക്തിയാലോ അല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് അതു നടന്നുകൊണ്ടിരിക്കുന്നത് (സെഖ. 4:6).

വിവേചനം

ഈ കാലത്തു ക്രിസ്തീയ പ്രവര്‍ത്തകരെ കബളിപ്പിക്കുവാന്‍ സാത്താന്‍ പ്രയോഗിക്കുന്ന ചില കൗശലങ്ങളെപ്പറ്റി ഞാന്‍ ഇതിനകം പരാമര്‍ശിച്ചുവല്ലോ. നമ്മുടെ കര്‍ത്താവിന്റെ പ്രത്യാഗമനം അടുത്തുവരുന്ന ഈ ദിനങ്ങളില്‍ അവന്റെ വഞ്ചന വര്‍ദ്ധമാനമായ തോതില്‍ കാണപ്പെടുന്നു. അപ്രകാരമുള്ള ഒരു കാലഘട്ടത്തില്‍ പ്രത്യേകിച്ചും ക്രിസ്തീയസഭയില്‍ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്ന നമ്മെപ്പോലെയുള്ളവര്‍ക്കു ദൈവികമായതിനെയും അല്ലാത്തതിനെയും തമ്മിലും യഥാര്‍ത്ഥവും അയഥാര്‍ത്ഥവും തമ്മിലും തിരിച്ചറിയുവാന്‍ കഴിയുന്ന വിവേചന വരം ഉണ്ടായിരിക്കേണ്ടത് എത്ര അനുപേക്ഷണീയമാണ്! സഭയില്‍ നമ്മുടെ ഈ കാലഘട്ടത്തില്‍ ദൈവത്തിനുള്ള സര്‍വോന്നതലക്ഷ്യം തിരിച്ചറിയുവാനും നമുക്കു കഴിവുണ്ടാകണം.

എന്നാല്‍ വിവേചനവും ആത്മീയദര്‍ശനവും പരിശുദ്ധാത്മാഭിഷേകത്തിലൂടെ മാത്രമേ ലഭിക്കുകയുള്ളു. അവ മാനുഷികമായ ബുദ്ധിവൈഭവത്തില്‍ നിന്നോ സാമര്‍ത്ഥ്യത്തില്‍നിന്നോ സെമിനാരിയിലെ പരിശീലനത്തില്‍ നിന്നുപോലുമോ ഉണ്ടാകുന്നില്ല. ഈ കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചുവച്ചശേഷം ശിശുക്കള്‍ക്ക് – അതായത് ”കര്‍ത്താവേ, പല കാര്യങ്ങളിലും ഞങ്ങള്‍ സമര്‍ത്ഥരാണെങ്കിലും ആത്മീയകാര്യങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ മൂഢന്മാരാണ്” എന്നു നിസ്സഹായരായി ഏറ്റുപറയുന്നവര്‍ക്കു വെളിപ്പെടുത്തുവാന്‍ പിതാവിനു പ്രസാദം തോന്നിയിരിക്കുന്നു.

യോശീയാരാജാവിന്റെ ഭരണകാലത്തു യെഹൂദയില്‍ നടന്നുകൊണ്ടിരുന്ന ഉപരിപ്ലവമായ ഉണര്‍വിന്റെ (ആത്മീയനവോത്ഥാനത്തിന്റെ) പൊള്ളത്തരം ചുഴിഞ്ഞിറങ്ങിക്കാണുവാനുള്ള വിവേചനം യിരെമ്യാവിനുണ്ടായിരുന്നു. തന്മൂലം ദൈവജനം ബദ്ധരായി ബാബിലോണിലേക്കു കൊണ്ടു പോകപ്പെടുവാന്‍ ദൈവം ഇടയാക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. അതുപോലെതന്നെ യെഹെസ്‌കേലിനും ദൈവം തന്റെ ജനത്തെ ബാബേല്‍ പ്രവാസത്തിലേക്ക് അയച്ചതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുവാന്‍ കഴിഞ്ഞിരുന്നു. തങ്ങളുടെ കാലഘട്ടത്തില്‍ പ്രവചനവും മതപ്രവര്‍ത്തനവും തൊഴിലാക്കിയിരുന്ന കള്ളപ്രവാചകന്മാര്‍ക്കു കാണ്മാന്‍ കഴിയാതിരുന്ന കാര്യം കാണുവാന്‍ ഈ രണ്ടു പ്രവാചകന്മാര്‍ക്കു കഴിഞ്ഞത് എങ്ങനെയാണ്? യിരെമ്യാവിന്റെമേലും യെഹെസ്‌കേലിന്റെമേലും ദൈവത്തിന്റെ അഭിഷേകം വസിച്ചിരുന്നു വെന്നതാണ് അതിന്റെ കാരണം.

ചുരുക്കം ചില കാര്യങ്ങള്‍ ഒഴിച്ചാല്‍ ഇന്നത്തെ മിക്ക സഭകളിലും നിലവിലിരിക്കുന്ന സാഹചര്യം ബാബേല്‍ പ്രവാസകാലത്തെ ദൈവജനങ്ങളുടെ മധ്യേ നിലവിലിരുന്ന സാഹചര്യത്തോടു തികച്ചും തുല്യം തന്നെയാണ്. ഇപ്രകാരമുള്ള ഒരു കാലഘട്ടത്തില്‍ ആത്മീയദര്‍ശനമുള്ള നേതാക്കന്മാര്‍ നമുക്കാവശ്യമാണ്. വിധിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ദൈവജനത്തിന്റെ നേതാക്കന്മാര്‍ക്ക് ആത്മീയദര്‍ശനം ഇല്ലാതെപോകുന്നപക്ഷം ദൈവജനം ഛിന്നഭിന്നമായി നാശമടയുവാന്‍ ഇടയാകും (സദൃ. 29:18).

ഹാ! പരിശുദ്ധാത്മാഭിഷേകമില്ലാതെ നമുക്കു നിലനില്‍പ്പില്ലാത്ത ഒരു കാല ഘട്ടമല്ലേ ഇത്? കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ നമുക്ക് ഇന്നുള്ള ഏറ്റവും അടിയന്തിരമായ ആവശ്യം ഇതുതന്നെയാണ്.

യേശുവിന്റെ നാമം

ഏലീയാവിന്റെ പുതപ്പു കൊണ്ട് എലീശാ യോര്‍ദ്ദാനിലെ വെള്ളത്തിന്മേല്‍ അടിച്ചതായി നാം വായിക്കുന്നു. ഇവിടെ ഏലീയാവിനെ സ്വര്‍ഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിന്റെ പ്രതീകമായും എലീശയെ ഭൂമിയില്‍ തന്റെ ശുശ്രൂഷ തുടരുവാന്‍ കര്‍ത്താവു ശേഷിപ്പിച്ചിട്ടുള്ള സഭയുടെ പ്രതീകമായും നാം പരിഗണിക്കുന്നപക്ഷം ഏലീയാവിന്റെ പുതപ്പിനെ കര്‍ത്താവു സഭയെ ഭരമേല്‍പ്പിച്ചിട്ടുള്ള യേശുവിന്റെ നാമത്തിന്റെ ഒരു പ്രതീകമായി നാം കരുതേണ്ടിയിരിക്കുന്നു. യോര്‍ദ്ദാനിലൂടെ തനിക്കു കടന്നുപോകുവാനുള്ള ഒരു വഴിയുണ്ടാക്കുവാന്‍ എലീശാ ആ പുതപ്പിനെ ഉപയോഗിച്ചതുപോലെ നമ്മുടെ വഴിയില്‍ വന്നുചേരുന്ന പ്രതിബന്ധങ്ങളെ നീക്കുവാന്‍ അവിടുത്തെ നാമം ഉപയോഗിക്കുന്നതിനുള്ള അധികാരം യേശു നമുക്കു നല്‍കിയിരിക്കുന്നു.

എങ്കിലും ഏതോ ഇന്ദ്രജാലശക്തിയുള്ള വസ്തുപോലെ യേശുവിന്റെ നാമം ഉച്ചരിക്കുകയല്ല നാം ചെയ്യേണ്ടത്. ധാരാളമാളുകള്‍ ആ വിധത്തില്‍ അവിടുത്തെ നാമം ഉപയോഗിക്കുന്നുണ്ടെങ്കിലും യാതൊന്നും സംഭവിക്കുന്നില്ല. അവിടെ ശക്തി വെളിപ്പെടുകയോ വഴിയില്‍ വിലങ്ങടിച്ചു നില്‍ക്കുന്ന പര്‍വതങ്ങള്‍ നീങ്ങിപ്പോവുകയോ ചെയ്യുന്നില്ല.

ഗേഹസി ഒരിക്കല്‍ എലീശയുടെ വടി വാങ്ങിക്കൊണ്ടുപോകയും എലീശയുടെ നിര്‍ദ്ദേശപ്രകാരം അതിനെ മരിച്ചുപോയ ഒരു കുട്ടിയുടെമേല്‍ വയ്ക്കുകയും ചെയ്തു. ആ സമയത്ത് ഒരു പക്ഷേ ”അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയുടെ നാമത്തില്‍ നീ മരിച്ചവരുടെ ഇടയില്‍നിന്ന് എഴുന്നേല്‍ക്കുക” എന്ന് ആധികാരികമായ ശബ്ദത്തില്‍ അയാള്‍ വിളിച്ചു പറയുക കൂടിച്ചെയ്തിരിക്കാം. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല. ഒരു മനുഷ്യന്‍ പറയുന്ന വാക്കുകളെ മാത്രം ദൈവം ശ്രദ്ധിക്കുന്നില്ല. അവിടുന്ന് അവന്റെ ഹൃദയത്തെ നോക്കുന്നു. ഏതുതരത്തിലുള്ള ഒരു മനുഷ്യനാണ് ആ വാക്കുകള്‍ ഉച്ചരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ആ വാക്കുകളുടെ ശക്തി ഇരിക്കുന്നത്. ഗേഹസിയുടെ ഹൃദയം ദൈവമഹത്വത്തിന്മേലല്ല, മറിച്ചു ലോകത്തിന്മേലും വ്യക്തിപരമായ ലാഭത്തിന്മേലുമാണു വച്ചിരുന്നതെന്നു ദൈവത്തിന് അറിയാമായിരുന്നു.

എന്നാല്‍ എലീശയുടെ ഹൃദയം വ്യത്യസ്തമായിരുന്നു. അദ്ദേഹം ദൈവത്തിന്റെ മഹത്വം മാത്രം അന്വേഷിച്ചു. അതിനാല്‍ ദൈവം തന്റെ അധികാരം അദ്ദേഹത്തിന് ഏല്‍പിച്ചുകൊടുത്തു. തന്മൂലം എലീശാ പ്രാര്‍ത്ഥിച്ചപ്പോള്‍ മരിച്ചു കിടന്ന ബാലന്‍ ഉടന്‍തന്നെ എഴുന്നേറ്റു. യോര്‍ദ്ദാനിലെ വെള്ളത്തെ അദ്ദേഹം ആ പുതപ്പുകൊണ്ട് അടിച്ചപ്പോള്‍ അതു രണ്ടു വശത്തേക്കും വേര്‍ പിരിഞ്ഞു.

യേശുവിന്റെ നാമം ഉപയോഗിക്കുകയും ചിലപ്പോള്‍ തങ്ങളാല്‍ കഴിവോളം ഉച്ചത്തില്‍ അതിനെ ആവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും അവിടെ ഒന്നും സംഭവിക്കുന്നില്ല. കര്‍മ്മേല്‍ പര്‍വതത്തില്‍ വച്ച് ആര്‍ക്കുകയും നിലവിളിക്കുകയും ചെയ്ത ബാലിന്റെ പ്രവാചകന്മാരെ ഇത് എന്റെ സ്മരണയില്‍ കൊണ്ടുവരുന്നു. ദൈവരാജ്യം കേവലം വാക്കുകളിലല്ല വെളിപ്പെടുന്നത്, ആ വാക്കുകള്‍ എത്ര ഉച്ചത്തിലോ അധികാര സ്വരത്തിലോ ഉപയോഗിച്ചാല്‍ തന്നെയും; പിന്നെയോ അതു ശക്തിയിലാണു പ്രകടമാകുന്നത്. എലീശാ അഭിഷിക്തനായ ഒരു മനുഷ്യനല്ലായിരുന്നെങ്കില്‍ അദ്ദേഹം താനാഗ്രഹിച്ചിടത്തോളം ശക്തിയായി ജലത്തെ അടിച്ചിരുന്നെങ്കിലും ഒന്നും സംഭവിക്കുകയില്ലായിരുന്നു. അതു സമയത്തിന്റെയും ഊര്‍ജ്ജത്തിന്റെയും വെറുമൊരു ദുര്‍വ്യയം മാത്രമായിത്തീരുമായിരുന്നു. യേശുവിന്റെ നാമം യഥാര്‍ത്ഥ ശക്തിയോടെ നാം ഉപയോഗിക്കണമെങ്കില്‍ ആത്മാവിന്റെ അഭിഷേകം നമുക്കാവശ്യമാണ്.

അപ്പോസ്തല പ്രവൃത്തികള്‍ മൂന്നാമധ്യായത്തില്‍ പത്രോസ് യേശുവിന്റെ നാമം ഉപയോഗിക്കുകയും ദൈവശക്തി വെളിപ്പെടുകയും ചെയ്യുന്നതു നാം കാണുന്നു. അതോടെ മുടന്തനായ മനുഷ്യന്‍ നടക്കുവാനാരംഭിച്ചു. അത് ഏറ്റവും വ്യക്തമായ ഒരു അദ്ഭുതമായിരുന്നു. അതിനാല്‍ അയാള്‍ സൗഖ്യം പ്രാപിച്ചുവെന്നു തെളിയിക്കുവാന്‍ ആരും അയാളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആളുകളെ കാണിച്ചുകൊണ്ടു ചുറ്റി നടക്കേണ്ട ആവശ്യം ഉണ്ടായില്ല. ആ അദ്ഭുതത്തിന്റെ കാര്യത്തില്‍ അനിശ്ചിതമായോ സംശയാവഹമായോ ഒന്നും ഉണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെ ചില രോഗശാന്തി ശുശ്രൂഷക്കാരുടെ അദ്ഭുത രോഗശാന്തിയില്‍ സംഭവിക്കാറുള്ളതുപോലെ ഒരദ്ഭുതം യഥാര്‍ത്ഥത്തില്‍ നടന്നുവോ എന്ന് ആരുടെയും മനസ്സില്‍ ഒരു സംശയവും ഉണ്ടായില്ല.

യേശുക്രിസ്തുവിന്റെ ശിഷ്യന്മാര്‍ തങ്ങളെ സംബന്ധിച്ച ദൈവഹിതം നിറവേറ്റുന്ന കാര്യത്തില്‍ വന്നുചേരുന്ന പ്രതിബന്ധങ്ങളെ നീക്കുവാനായി വീണ്ടും വീണ്ടും യേശുവിന്റെ നാമം ഉപയോഗിക്കുന്നതായി അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകത്തില്‍ ഉടനീളം നാം കാണുന്നു. അവര്‍ക്കു യഥാര്‍ത്ഥമായ അഭിഷേകം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ‘വിഘ്‌നം കൂടാതെ’ എന്ന പദത്തോടുകൂടെ അപ്പോസ്തല പ്രവൃത്തികള്‍ എന്ന പുസ്തകം അവസാനിക്കുന്നത്. അപ്രകാരം ശക്തമായ ഒരു സഭയ്‌ക്കെതിരേ നില്‍ക്കുവാന്‍ പാതാളഗോപുരങ്ങള്‍ക്കു സാധ്യമായിരുന്നില്ല.

പുനരുത്ഥാന ശക്തി

എലീശാ യോര്‍ദ്ദാനെ വിഭജിച്ചത് ആത്മീയ മരണത്തെ ജയിച്ചടക്കുന്ന ജീവകരമായ ഒരു ശുശ്രൂഷയുടെ പ്രതീകമാണ്. യോര്‍ദ്ദാന്‍ നദി ബൈബിളില്‍ മരണത്തെക്കുറിക്കുന്ന ഒരു ചിഹ്നമത്രേ. അതിനാല്‍ ആ നദിയെ പിളര്‍ക്കുക എന്നതു മരണത്തിന്റെമേല്‍ വിജയം വരിക്കുന്നതിനെയാണു കുറിക്കുന്നത്.

ഈ ഘട്ടം മുതല്‍ക്കുള്ള എലീശയുടെ ശുശ്രൂഷയില്‍ മരണത്തില്‍നിന്നും ജനത്തെ വിടുവിച്ചു ജീവന്‍ പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വീണ്ടും വീണ്ടും അദ്ദേഹം ഏര്‍പ്പെടുന്നതായി നാം കാണുന്നു. യെരീഹോവില്‍ ജലമില്ലാതെ ശൂന്യമായിരുന്ന മരുപ്രദേശത്ത് അദ്ദേഹം ജീവന്‍ ഉളവാക്കുന്നു. ശൂനേമില്‍ വന്ധ്യയായിരുന്ന ഒരു സ്ത്രീയുടെ ഉദരത്തിന് അദ്ദേഹം ജീവചൈതന്യം പ്രദാനം ചെയ്തു. അനന്തരം മരിച്ചുപോയ ഒരു ബാലനെ അദ്ദേഹം ഉയിര്‍പ്പിച്ചു. ഒരിക്കല്‍ ഒരു കലത്തില്‍ അടങ്ങിയ മരണകരമായ ഭക്ഷണത്തെ അദ്ദേഹം ജീവകരമാക്കിത്തീര്‍ത്തു. കുഷ്ഠരോഗിയായ ഒരു സേനാനായകന്റെ മരണോന്മുഖമായ ശരീരത്തിനും അദ്ദേഹം ജീവന്‍ നല്‍കി.

എലീശയുടെ ശക്തി ഒരിക്കലും ക്ഷയോന്മുഖമായിത്തീര്‍ന്നില്ല. അദ്ദേഹം മരിച്ച് അടക്കപ്പെട്ട് അദ്ദേഹത്തിന്റെ ശരീരം ജീര്‍ണ്ണമായിത്തീര്‍ന്നതിനു ശേഷവും മരിച്ച ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ കല്ലറയില്‍ വച്ചപ്പോള്‍ അയാള്‍ ജീവിച്ചെഴുന്നേറ്റു! ഇതായിരുന്നു എലീശയുടെ ശുശ്രൂഷ – താന്‍ പോകുന്നിടത്തെല്ലാം മരണത്തില്‍നിന്നു ജീവന്‍ പുറപ്പെടുവിക്കുക. ഇത് അദ്ദേഹം പ്രാപിച്ച അഭിഷേകത്തിന്റെ പ്രകടമായ ഒരു ഫലമായിരുന്നു.

പരിശുദ്ധാത്മാവിന്റെ അഭിഷേകം നമുക്കു നല്‍കുന്നതും ഇപ്രകാരമുള്ള ഒരു ശക്തിയാണ് – മരണത്തില്‍നിന്നും ജീവന്‍ ഉളവാക്കുവാനുള്ള ശക്തി, അതായത് പുനരുത്ഥാനശക്തി തന്നെ. ആത്മാഭിഷേകത്തിന്റെ തെറ്റിപ്പോകാത്ത തെളിവ് ഇതുമാത്രമാണ്. പുതിയനിയമത്തില്‍ കൂടെക്കൂടെ നാം ഈ ശക്തിയെപ്പറ്റി വായിക്കുന്നു. എഫേസ്യര്‍ക്കു പൗലോസ് എഴുതുമ്പോള്‍ ഈ ശക്തി അവര്‍ അറിയണമെന്നുള്ളതാണു തന്റെ പ്രാര്‍ത്ഥനയെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ദൈവശക്തിയുടെ ഏറ്റവും വലിയ പ്രകടനം സംഭവിച്ചതു സൃഷ്ടിയിലോ ബൈബിളില്‍ വിവരിച്ചിട്ടുള്ള അദ്ഭുത പ്രവൃത്തികളിലോ അല്ല, ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചതിലാണെന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു (എഫേ. 1:19-23). ഫിലിപ്പിയയിലെ ക്രിസ്ത്യാനികള്‍ക്ക് എഴുതുമ്പോള്‍ ഈ പുനരുത്ഥാനശക്തിയെ കൂടുതലായി അനുഭവിച്ചറിയുകയാണു തന്റെ തന്നെയും അഭിവാഞ്ഛയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു (ഫിലി. 3:10).

പരിശുദ്ധാത്മാവു തന്റെ ശിഷ്യന്മാരുടെമേല്‍ വരുമ്പോള്‍ അവര്‍ക്കു ലഭിക്കുമെന്നു യേശു പ്രസ്താവിച്ച ശക്തി ഇതുതന്നെയാണ് (അപ്പോ. 1:8). ഇതുതന്നെയാണു പുനരുത്ഥാനശക്തി. ആത്മീയ മരണത്തില്‍നിന്നും ജീവനെ ഉളവാക്കുവാന്‍ കഴിയുന്ന ശക്തിയാണിത്. ഇതു നമ്മിലേക്കും പകരുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

സഹോദരീ സഹോദരന്മാരേ, അഭിഷേകത്തിന്റെ അടയാളം ഇതുതന്നെയാണ്. ഇത് ഏതെങ്കിലുമൊരു അനുഭവമോ ഏതെങ്കിലും തരത്തിലുള്ള വാക്കുകളുടെ ഉച്ചാരണമോ അല്ല; പിന്നെയോ നാം പോകുന്നിടത്തൊക്കെയും മരണത്തില്‍ നിന്നും ആത്മീയജീവന്‍ ഉളവാക്കുവാനുള്ള ശക്തിയാണ്. നമ്മുടെ ശുശ്രൂഷകൊണ്ട് ഇതു സാധിക്കുന്നുണ്ടോ? നമുക്ക് അഭിഷേകം ഉണ്ടോ ഇല്ലയോ എന്നറിവാനുള്ള അനിഷേധ്യമായ തെളിവ് ഇതുതന്നെ.

കഷ്ടം തന്നെ! ക്രിസ്ത്യാനികള്‍ പലപ്പോഴും ജീവന്‍ പകരുന്നതിനു പകരം മരണമാണു പകര്‍ന്നുകൊടുക്കുന്നത്. വീണ്ടുംജനനം പ്രാപിച്ചവരെന്ന് അവകാശപ്പെടുന്നവരുടെ ജീവിതത്തില്‍ തങ്ങള്‍ കാണുന്ന ശണ്ഠകളും കലഹങ്ങളും സത്യമില്ലായ്മയും ക്രിസ്തുവിനു ചേരാത്ത മറ്റു ശീലങ്ങളും നിമിത്തം നമ്മുടെ രാജ്യത്തെ വിജാതീയ ജനങ്ങള്‍ യേശുവിങ്കലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനുപകരം അവിടുത്തെ വിട്ട് ഓടിക്കളയുവാനാണ് ഇടയാക്കുന്നത്. നമ്മുടെ ഇത്തരം പെരുമാറ്റത്തിലൂടെ അവിടുത്തെ നാമത്തിന് അപമാനം വരുത്തുന്നതു നിമിത്തം നാം സ്വയം എത്രമാത്രം വിനയപ്പെടുകയും നമ്മോടു ക്ഷമിക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

നാം സുവിശേഷവിഹിതരാണെന്ന വസ്തുതയില്‍ മാത്രം നമുക്കു പ്രശംസിക്കാതെയിരിക്കാം. നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ സര്‍ദ്ദിസിലെ സഭയെപ്പോലെ ജീവനുള്ളവരെന്ന പേര്‍ വഹിക്കുമ്പോള്‍ തന്നെ യഥാര്‍ത്ഥത്തില്‍ നാം ചത്തവരായിത്തീര്‍ന്നു പോകും (വെളി. 3:1).

നാം ഏറ്റുചൊല്ലുന്ന വിശ്വാസപ്രമാണവും നാം ഒപ്പിടുന്ന വിശ്വാസ പ്രഖ്യാപനവും വചനപ്രകാരം ശരിയായിരുന്നാല്‍ മാത്രം പോരാ. ഏറ്റവും വചനാനുസൃതമായ വിശ്വാസ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുവാന്‍ നമുക്കു സാധിച്ചേക്കാം. അതുതന്നെ പിശാചിനും ചെയ്യാന്‍ കഴിയും. അവനു ബൈബിള്‍ നല്ല വണ്ണം അറിയാം. അതിനാല്‍ അവന്‍ ഒരിക്കലും ഒരു നവീനതാ വാദക്കാരനല്ല. ഉപദേശങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായും വചനാനുസൃതമാണ് അവന്റെ സമീപനം. അതിനാല്‍ നമ്മുടെ വചനാനുസാരിത്വത്തില്‍ പ്രശംസിക്കുന്നതുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല.

ഉപദേശങ്ങള്‍ പ്രധാനം തന്നെ. അവയുടെ വിലയെ ഒരിക്കലും ഇടിച്ചുതാഴ്ത്തുവാന്‍ ദൈവം എനിക്ക് ഇടവരുത്താതിരിക്കട്ടെ. എന്നാല്‍ ഉപദേശങ്ങളെക്കാളെല്ലാം ഉപരിയായി നാം ആത്മീയജീവന്‍ പകരുന്നവരോ എന്നതി നാണു ദൈവം വില കല്പിക്കുന്നത്.

ദൈവകൃപയാല്‍ ആത്മീയജീവന്‍ പകര്‍ന്നുകൊടുപ്പാന്‍ കഴിവുള്ള ഒരു പുതിയനിയമ ശുശ്രൂഷകനാണു താനെന്നു പറയുവാന്‍ അപ്പോസ്തലനായ പൗലോസിനു കഴിഞ്ഞിരുന്നു (2 കൊരി. 3:5,6). തന്റെ പ്രവര്‍ത്തനം വചനാനുസൃതമാണെന്നു പ്രശംസിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. ദമസ്‌കോസിലേക്കുള്ള വഴിയില്‍വച്ചോ നേര്‍വീഥിയെന്ന തെരുവില്‍ വച്ചോ തനിക്കുണ്ടായ ആത്മീയാനുഭവങ്ങളെപ്പറ്റി സംസാരിച്ചതുകൊണ്ടുമാത്രം അദ്ദേഹം സംതൃപ്തനായില്ല. ആത്മീയമരണം വ്യാപിച്ചിരുന്ന സാഹചര്യങ്ങളില്‍ എല്ലായ്‌പ്പോഴും ജീവന്‍ പകര്‍ന്നുകൊടുക്കുന്നതിലൂടെ തന്റെ വചനാനുസൃതമായ വിശ്വാസങ്ങളുടെയും ആത്മീയാനുഭവങ്ങളുടെയും യാഥാര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

പൗലോസിന്റെ ജീവിതത്തിലും എലീശയുടെ ജീവിതത്തിലും ശക്തി കുറഞ്ഞുകുറഞ്ഞില്ലാതെയാകുന്ന അനുഭവം ഉണ്ടായിരുന്നില്ല. നമ്മുടെ കാലത്തുള്ള അനേകം ദൈവദാസന്മാരുടെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെ അനന്തര കാലങ്ങളില്‍ അഭിഷേകം നഷ്ടപ്പെട്ടു പോകുന്നതായി അവരില്‍ നാം കാണുന്നില്ല. കഴിഞ്ഞകാലത്തു തങ്ങളിലൂടെ ദൈവം നിറവേറ്റിയ കാര്യങ്ങളെപ്പറ്റി പുകഴുക മാത്രം ചെയ്യുന്ന ഒരവസ്ഥയിലേക്കു പൗലോസും എലീശയും ഒരിക്കലും വീണു പോയില്ല. അഭിഷേകത്തിന്റെയും ദൈവ ശക്തിയുടെയും വര്‍ത്തമാനകാലാനുഭവത്തില്‍ തന്നെ അവര്‍ നിരന്തരം ജീവിച്ചു. അവരുടെ ആത്മീയശക്തി കുറയുന്നതിനു പകരം അധികമധികം വര്‍ദ്ധിക്കുക തന്നെ ചെയ്തു. തങ്ങളുടെ ആയുസ്സു വര്‍ദ്ധിക്കുന്നതനുസരിച്ചു ശക്തിയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വെളിച്ചം പ്രഭാതം മുതല്‍ നട്ടുച്ചവരെ അനുക്രമം ഏറിയേറിവരുന്നതുപോലെയായിരുന്നു അവരുടെ ആത്മീയ പ്രകാശവും വര്‍ദ്ധിച്ചുകൊണ്ടിരുന്നത്. ഹാ! ഇത് എത്ര അനുഗ്രഹകരമായ ജീവിതം! തന്റെ എല്ലാ മക്കളും ഈ വിധത്തില്‍ ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (സദൃ. 4:18).

എലീശാ ദൈവവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ജീവിച്ചിരുന്നു. തന്മൂലമാണ് എവിടെപ്പോയാലും അവിടെയെല്ലാം മരണത്തില്‍നിന്നു ജീവനുളവാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. അതുകൊണ്ട് ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കയും ചെയ്തു. ഒരു ശുശ്രൂഷ അന്വേഷിച്ചുകൊണ്ട് അദ്ദേഹത്തിന് എങ്ങും പോകേണ്ടി വന്നില്ല. ആളുകള്‍ തന്നെ തിരഞ്ഞെടുക്കണമെന്നും ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിനു ചുറ്റി നടക്കേണ്ടിവന്നില്ല. ശുശ്രൂഷയ്ക്കുള്ള അവസരങ്ങള്‍ ധാരാളമായി അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരുന്നു. അതിനു വേണ്ടി ജഡികമായ ഒരു യത്‌നവും അദ്ദേഹം ചെയ്യേണ്ടി വന്നില്ല.

യോഹന്നാന്‍ സ്‌നാപകന്റെ കാര്യത്തിലും ഇപ്രകാരം തന്നെയാണു സംഭവിച്ചത്. അദ്ദേഹം ഒരിക്കലും സ്വയം പരസ്യപ്പെടുത്തിയില്ല. ഒരു അദ്ഭുതപ്രവൃത്തിപോലും ചെയ്തതുമില്ല. എന്നിട്ടും യെരൂശലേമില്‍ നിന്നും യെഹൂദ്യയുടെ എല്ലാ സ്ഥലങ്ങളില്‍ നിന്നും യോര്‍ദ്ദാനു ചുറ്റുമുള്ള എല്ലാ നാടുകളില്‍ നിന്നും ആളുകള്‍ ദൂരയാത്ര ചെയ്ത് അദ്ദേഹത്തെ കേള്‍ക്കുവാന്‍ വന്നെത്തിക്കൊണ്ടിരുന്നു.

ഇവര്‍ എല്ലാവരും അഭിഷിക്തരായിരുന്നു. അഭിഷേകത്തിന്‍ കീഴില്‍ അവര്‍ നിരന്തരം ജീവിക്കുകയും ചെയ്തു. അതായിരുന്നു രഹസ്യം, മറ്റൊന്നുമായിരുന്നില്ല.

എന്നാല്‍ ആത്മാവിന്റെ അഭിഷേകം ഇത്രമാത്രം സുപ്രധാനമാണെങ്കില്‍ ദൈവം തന്റെ എല്ലാ മക്കള്‍ക്കും എന്തുകൊണ്ട് അതു നല്‍കുന്നില്ല? കാരണം ഇതു മാത്രമാണ്: അതിനു കൊടുക്കേണ്ട വില കൊടുക്കുവാന്‍ അവരില്‍ വളരെക്കുറച്ചു പേര്‍ മാത്രമേ സന്നദ്ധരാകുന്നുള്ളു.

എലീശയ്ക്ക് അഭിഷേകം ലഭിക്കുവാനുള്ള ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. കുറഞ്ഞപക്ഷം അപ്രകാരമുള്ള മൂന്നു കാരണങ്ങള്‍ എനിക്കു ചിന്തിക്കു വാന്‍ കഴിയും.

ദാഹം

എലീശാ ഈ അഭിഷേകത്തിനു വേണ്ടി ദാഹിച്ചിരുന്നുവെന്ന വസ്തുതയെ സംശയിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ലോകത്തിലുള്ള മറ്റെന്തിനെക്കാളുമധികം അദ്ദേഹം അതിനെ അഭിലഷിച്ചിരുന്നു.

ഈ കാര്യത്തില്‍ ഏലീയാവ് അദ്ദേഹത്തെ പരീക്ഷിച്ച വിധത്തെപ്പറ്റി 2രാജാ. 1-10-ല്‍ നാം വായിക്കുന്നു. ഗില്‍ഗാലില്‍ ചെന്നശേഷം ”നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു” എന്ന് ഏലിയാവു പറഞ്ഞു. എന്നാല്‍ എന്തായാലും താന്‍ ഏലീയാവിനെ വിടുകയില്ല എന്ന് എലീശാ മറുപടി പറഞ്ഞു. അനന്തരം അവിടെനിന്നും 15 മൈല്‍ പടിഞ്ഞാറുള്ള ബേഥേലിലേക്ക് ഏലീയാവ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. വീണ്ടും തിരിച്ചുള്ള വഴിയേ 12 മൈല്‍ തരണം ചെയ്ത് അവര്‍ യെരിഹോവിലെത്തി. അവിടെ നിന്നും 5 മൈല്‍ കിഴക്കുള്ള യോര്‍ദ്ദാനില്‍ അവര്‍ ഒരുമിച്ചു ചെന്നുചേര്‍ന്നു. ഈ ഓരോ ഘട്ടത്തിലും എലീശയുടെ സ്ഥിരചിത്തതയെയും ആത്മാര്‍ത്ഥതയെയും അദ്ദേഹം പരീക്ഷിച്ചുകൊണ്ടേയിരുന്നു. അവസാനമായി താന്‍ എലീശയെ വിട്ടു പോകുന്നതിനുമുമ്പ് അദ്ദേഹത്തിനു ചെയ്തുകൊടുക്കേണ്ട എന്തെങ്കിലും അപേക്ഷയുണ്ടോ എന്ന് ഏലീയാവു ചോദിച്ചു. എലീശാ പറഞ്ഞു: ”എനിക്ക് ഒരു കാര്യം മാത്രമാണു വേണ്ടത്. അതിനുവേണ്ടിയാണ് ഈ സമയം മുഴുവന്‍ ഞാന്‍ അങ്ങയെ പിന്‍തുടര്‍ന്നതും. അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്കു ലഭിക്കണം.”

തന്റെ മുഴുഹൃദയത്തോടും എലീശാ ഈ അഭിഷേകത്തിനായി വാഞ്ഛിച്ചിരുന്നു. അതില്‍ക്കുറഞ്ഞ ഒന്നുകൊണ്ടും അദ്ദേഹം സംതൃപ്തനായി ത്തീര്‍ന്നില്ല. താന്‍ അപേക്ഷിച്ചത് അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

തന്റെ ആത്മാവിന്റെ പൂര്‍ണ്ണമായ അഭിഷേകത്തില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ടു നാം സംതൃപ്തരാകുമോ എന്നു നമ്മെ പരീക്ഷിക്കുവാന്‍ വേണ്ടി, ഏലീയാവ് എലീശയെ എന്നപോലെ, ദൈവം നമ്മെയും പരീക്ഷിക്കുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍ക്കുറഞ്ഞ എന്തെങ്കിലുംകൊണ്ടു നാം സംതൃപ്തി നേടുമെങ്കില്‍ അത്രയും മാത്രമേ നമുക്കു ലഭിക്കുകയുള്ളു. അതുകൂടാതെ തനിക്കു മുന്നോട്ടുപോകാന്‍ കഴിയുമെന്നു ചിന്തിക്കുന്ന സുഖലോലുപരും സംതൃപ്തരുമായവര്‍ക്കു ദൈവം ഈ അഭിഷേകം നല്‍കുന്നില്ല.

മറ്റെല്ലാറ്റിനും ഉപരി നമുക്കാവശ്യമായ ഏകകാര്യം ഇതാണെന്നു നാം മനസ്സിലാക്കുമെങ്കില്‍, അതു ലഭിക്കുന്നതുവരെയും എലീശയെപ്പോലെ വിടാതെ പിന്‍തുടരുവാന്‍ നാം സന്നദ്ധരെങ്കില്‍, യാക്കോബ് പെനീയേലില്‍ വച്ചെന്നപോലെ – ”കര്‍ത്താവേ, അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ അങ്ങയെ വിടുകയില്ല” എന്നു സത്യസന്ധതയോടെ നാം പറയുമെങ്കില്‍, പരിശുദ്ധാത്മാവിന്റെ ഈ ശക്തിക്കുവേണ്ടി, ഈ പുനരുത്ഥാന ശക്തിക്കു വേണ്ടി, നാം കഠിനദാഹത്തോടെ ആഗ്രഹിക്കുമെങ്കില്‍ – യഥാര്‍ത്ഥമായും അതു നമുക്കു ലഭിക്കും. അപ്പോള്‍ ദൈവത്തോടൊപ്പവും മനുഷ്യരുടെമേലും ശക്തി ലഭിച്ച യഥാര്‍ത്ഥ യിസ്രായേല്‍ക്കാരായി നാം തീരുകയും ചെയ്യും.

ഈ അഭിഷേകം എത്രമാത്രം നമുക്കാവശ്യമെന്നു നമ്മെ കാണിക്കുവാന്‍ വേണ്ടി പലപ്പോഴും പരാജയവും നിഷ്ഫലതാ ബോധവും നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുവാന്‍ ദൈവം അനുവദിക്കാറുണ്ട്. ഉപദേശ സംബന്ധമായി സുവിശേഷവിഹിതരും പരിശുദ്ധാത്മാവിന്റെ ആന്തരികാധിവാസം ഉള്ളവരുമെങ്കിലും ദൈവത്തിന്റെ ആത്മാവു നമ്മുടെമേല്‍ ശക്തിയോടെ വിശ്രമിക്കുന്ന അനുഭവം ഉള്ളവരായി പിന്നെയും നാം തീരണമെന്നു നമ്മെ ബോധ്യപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

ഈ അഭിഷേകം ലഭിക്കുക എന്നത് അനായാസമായ ഒരു കാര്യമല്ല. എലീശയുടെ അപേക്ഷ കേട്ടപ്പോള്‍ – ”ഓ! നീ ചോദിച്ചത് ഒരു നിഷ്പ്രയാസമായ കാര്യമാണ്. ഇവിടെ നീ മുട്ടുകുത്തുക. ഞാന്‍ എന്റെ കരം നിന്റെമേല്‍ വയ്ക്കാം. അപ്പോള്‍ നിനക്ക് അതു ലഭിക്കും” എന്ന് അദ്ദേഹം പറഞ്ഞില്ല. നേരേമറിച്ച് ഏലീയാവ് എലീശയോട്: ”നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്” എന്നാണു മറുപടി പറഞ്ഞത്. അതേ, അതു പ്രയാസമുള്ള ഒരു കാര്യം തന്നെയാണ്. അതിന് ഒരു വില നാം കൊടുത്തേ മതിയാവൂ. അതിനുവേണ്ടി ലോകത്തിലുള്ള സകലവും വിട്ടുകളയുവാന്‍ നാം സന്നദ്ധരാവുകയും വേണം.

ഭൂമിയില്‍ മറ്റെന്തിനും ഉപരിയായി ഈ അഭിഷേകത്തെ നാം ആഗ്രഹിക്കണം. പണത്തെയും സുഖത്തെയും സന്തോഷത്തെയുംകാള്‍, സല്‍ക്കീര്‍ത്തി, ജനപ്രീതി, ക്രിസ്തീയ പ്രവര്‍ത്തനത്തിലുള്ള വിജയം എന്നിവയെക്കാളെല്ലാം, അതിനെ നാം വാഞ്ഛിക്കണം. അതു സത്യമായും പ്രയാസമുള്ള ഒരു കാര്യമാണ്. ദാഹിക്കുക എന്നു പറഞ്ഞാല്‍ ഇതാണ് അതിന്റെ അര്‍ത്ഥം. ആ ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമുക്കു യേശുവിന്റെ അടുക്കല്‍ച്ചെന്ന് ആ ആത്മാവിനെ പാനം ചെയ്യാം. അപ്പോള്‍ തിരുവെഴുത്തുകള്‍ പറയുന്നതു പോലെ ജീവജലത്തിന്റെ നദികള്‍ നമ്മിലൂടെ പല ദിശകളിലേക്കും ഒഴുകും. അത് ഒഴുകിച്ചെല്ലുന്ന എല്ലാ സ്ഥലത്തും മരണം നീങ്ങി ജീവന്‍ ഉണ്ടാകും (യോഹ. 7:37-39; യെഹെ. 47:8,9).

ഈ അഭിഷേകം നമുക്കു ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് എന്തുവന്നാലും അതു നഷ്ടപ്പെട്ടുപോകാതെ നാം സൂക്ഷിക്കണം. നമുക്കതു ലഭിച്ചശേഷം നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ അതു നഷ്ടപ്പെട്ടു പോകുവാന്‍ സാധ്യതയുണ്ട്. നിര്‍ദ്ദയമായ വിമര്‍ശനത്തിലോ, അലസമായ സംഭാഷണത്തിലോ, അശുദ്ധമായ സങ്കല്പങ്ങളിലോ നാം ഏര്‍പ്പെട്ടാല്‍, നമ്മുടെ ഹൃദയത്തില്‍ നിഗളമോ വിദ്വേഷമോ നാം സൂക്ഷിച്ചാല്‍ ഈ അഭിഷേകം നഷ്ടപ്പെട്ടുപോകും.

മറ്റുള്ളവരോടു പ്രസംഗിച്ചശേഷം താന്‍ തന്നെ കൊള്ളരുതാത്തവനായിത്തീരാതിരിക്കേണ്ടതിനു തന്റെ ശരീരാവയവങ്ങളെ താന്‍ ദണ്ഡിപ്പിച്ച് അടിമയാക്കിക്കൊണ്ടിരിക്കുന്നതായി 1 കൊരി. 9:27-ല്‍ അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ തന്റെ രക്ഷ നഷ്ടപ്പെടുന്നതിനെ പ്പറ്റിയല്ല, മറിച്ചു തന്റെ അഭിഷേകം നഷ്ടമായിത്തീരുന്നതിനെപ്പറ്റിയാണ് അദ്ദേഹം പരാമര്‍ശിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. തിരുവെഴുത്തിലെ ഈ വാക്യത്തിന്റെ മുമ്പില്‍ വിറയ്ക്കുന്ന അനുഭവത്തില്‍നിന്നു ഞാന്‍ ഒരിക്കലും വിരമിച്ചിട്ടില്ല. പൗലോസിനെപ്പോലെയുള്ള ഒരു വ്യക്തി ഇത്രയധികം സഭകള്‍ സ്ഥാപിച്ചതിനുശേഷം, ഒട്ടനേകം അദ്ഭുത കൃത്യങ്ങള്‍ ചെയ്തശേഷം, ദൈവത്താല്‍ ഇത്രശക്തിയോടെ ഉപയോഗിക്കപ്പെട്ട ശേഷം തന്നെ, സ്വയം കരുതലില്ലാത്തവനായിത്തീരുക മൂലം അഭിഷേകം നഷ്ടപ്പെട്ടുപോകുക എന്ന ആപല്‍സാധ്യതയിലായിരുന്നുവെങ്കില്‍, നമ്മുടെ അവസ്ഥ എന്താണ്?

”കര്‍ത്താവേ, ജീവിതത്തില്‍ മറ്റെന്തു നഷ്ടപ്പെട്ടാലും അവിടുത്തെ അഭിഷേകം ഒരിക്കലും എനിക്കു നഷ്ടമാകരുതേ” എന്നു നമുക്കു നിരന്തരം പ്രാര്‍ത്ഥിക്കാം.

ഉദ്ദേശ്യശുദ്ധി

എലീശാ അഭിഷേകം പ്രാപിച്ചതിന്റെ രണ്ടാമതൊരു കാരണം അദ്ദേഹത്തിന്റെ ഉദ്ദേശ്യം വിശുദ്ധമായിരുന്നു എന്നതാണ്. ദൈവമഹത്വം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ കാര്യം വാച്യമായി എങ്ങും പ്രസ്താവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതവൃത്താന്തം വായിക്കുമ്പോള്‍ അത് ഏറ്റവും വ്യക്തമായിത്തീരുന്നതാണ്. അന്നു ദൈവജനങ്ങള്‍ക്കിടയില്‍ ഉദ്ധാരണത്തിനുള്ള വലിയൊരാവശ്യം നിലവിലിരുന്നു. ദൈവനാമം അപമാനിതമായിത്തീര്‍ന്നത് ഏലീയാവിനെയെന്നപോലെ അദ്ദേഹത്തെയും വ്രണിതഹൃദയനാക്കി. മഹത്വകരമായ അവിടുത്തെ നാമത്തിനുണ്ടായ അപമാനം നീക്കിക്കളയുവാന്‍ വേണ്ടി ആ രാജ്യത്തു ദൈവത്തിനുവേണ്ടി ഒരു ശുശ്രൂഷ നിറവേറ്റുവാന്‍ ആവശ്യമായ ദൈവികാഭിഷേകത്തിനുവേണ്ടി അദ്ദേഹം വാഞ്ഛിച്ചു.

അശുദ്ധവും സ്വാര്‍ത്ഥനിഷ്ഠവുമായ ഉദ്ദേശ്യങ്ങളാണു ദൈവജനങ്ങളില്‍ പലരും അഭിഷേകം പ്രാപിക്കാത്തതിന്റെ കാരണം. തങ്ങളുടെ പുറമേയുള്ള ജീവിതം ശരിയാണെങ്കില്‍ മിക്ക ക്രിസ്ത്യാനികളും സന്തുഷ്ടരായിത്തീരും; എന്നാല്‍ അന്തര്‍ഭാഗത്തിലെ സത്യമാണു ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ സ്വന്തമഹത്വമാണോ ദൈവമഹത്വമാണോ നമ്മുടെ അന്വേഷണ വിഷയമെന്നതു ദൈവം കാണുന്നുണ്ട്. ദൈവനാമത്തിനു വന്നുചേര്‍ന്ന അപമാനം നമ്മെ അലട്ടുന്നുണ്ടോ എന്നതു ദൈവത്തിനറിയാം. ഇന്നു നമ്മുടെ രാജ്യത്തു ദൈവനാമം അപമാനിതമായിത്തീരുന്നതായി നാം കാണുമ്പോള്‍ നമ്മുടെ ഹൃദയം ഭാരപ്പെടുകയും മുറിപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ നമ്മെ എന്നെങ്കിലും ദൈവം അഭിഷേകം ചെയ്യുമോ എന്നു ഞാന്‍ സംശയിക്കുന്നു.

യെഹെ. 9:1-6-ല്‍ ദൈവം ചില മനുഷ്യരെ തന്റെ സ്വന്തജനങ്ങളെന്നു പ്രത്യേകമായി മുദ്രകുത്തുന്നതു നാം കാണുന്നു. ദൈവജനങ്ങള്‍ക്കിടയില്‍ നിലവിലിരിക്കുന്നതായി തങ്ങള്‍ കണ്ട പാപങ്ങളെയോര്‍ത്തു നെടുവീര്‍പ്പിട്ടു കരയുന്നവരെയാണു ദൈവം പ്രത്യേകം അടയാളമിട്ടു വേര്‍തിരിച്ചത്. ഇവ രാണു ദൈവത്തിന്റെ ശേഷിപ്പ്. ഇവരെയാണ് അവിടുന്ന് അഭിഷേകം ചെയ്യുന്നത്. ദൈവനാമത്തെക്കുറിച്ചു ഭാരപ്പെടുന്ന ഹൃദയം ഉള്ളവരും അവിടുത്തെ മാത്രം മഹത്വപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവരുമായ ജനങ്ങളെ തന്നെ.

ലോകത്തെ സ്‌നേഹിക്കാത്തവര്‍

എലീശയ്ക്ക് അഭിഷേകം ലഭിച്ചതിന്റെ മൂന്നാമതൊരു കാരണം ഈ ലോകത്തോടുള്ള സ്‌നേഹം അദ്ദേഹത്തില്‍ ഇല്ലാതിരുന്നതാണ്. നയമാനുമായുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ഇതിനെ വ്യക്തമാക്കുന്നുണ്ട്. നയമാന്‍ അദ്ദേഹത്തിനു ധനം വാഗ്ദാനം ചെയ്തപ്പോള്‍ താന്‍ ചെയ്ത അദ്ഭുത പ്രവൃത്തിക്കു യാതൊരു പ്രതിഫലവും കൈക്കൊള്ളുകയില്ലെന്ന് എലീശാ മറുപടി നല്‍കി. ഈ ലോകത്തോടോ പണത്തോടോ ഉള്ള യാതൊരു സ്‌നേഹവും എലീശയ്ക്ക് ഉണ്ടായിരുന്നില്ല. കര്‍ത്താവിന്റെ വേലയില്‍ വ്യക്തിപരമായ ആദായം അദ്ദേഹം അന്വേഷിച്ചില്ല.

നേരേമറിച്ചു ഗേഹസിയുടെ ജീവിതം ഇതില്‍നിന്നു ശ്രദ്ധേയമായ വിധം വിഭിന്നമായിരുന്നു. എലീശാ ഏലീയാവിന്റെ ഭൃത്യനായിരുന്നതുപോലെ അയാളും എലീശയുടെ ഭൃത്യനായിരുന്നു. എലീശയ്ക്ക് ഏലീയാവിന്റെ മേലുണ്ടായിരുന്ന ആത്മാവിന്റെ ഇരട്ടിപ്പങ്കു പ്രാപിച്ച് അദ്ദേഹത്തിന്റെ ശുശ്രൂഷ തുടരുവാന്‍ സാധിച്ചുവെങ്കില്‍ തീര്‍ച്ചയായും ഗേഹസിക്കും എലീശയുടെ ആത്മാവിനെ പ്രാപിക്കുവാനും അദ്ദേഹത്തിന്റെ ശുശ്രൂഷ തുടര്‍ന്നു നടത്തുവാനും സാധിക്കുമായിരുന്നു. എങ്കിലും അയാള്‍ക്ക് ആ അഭിഷേകം ലഭിച്ചില്ല. പകരം അയാള്‍ക്കു ലഭിച്ചതു കുഷ്ഠരോഗമായിരുന്നു. എന്തു കൊണ്ട്? ദൈവം അയാളുടെ ഹൃദയത്തെ കണ്ടതുകൊണ്ടുതന്നെ. ആത്മീയനെന്നു തോന്നിക്കുന്ന എല്ലാ ബാഹ്യഭാവങ്ങളും ഇരിക്കെത്തന്നെ ഗേഹസിയുടെ ഹൃദയത്തില്‍ ആഴത്തില്‍ വ്യക്തിപരമായ ആദായത്തിനു വേണ്ടിയുള്ള ഒരാഗ്രഹം കുടികൊണ്ടിരുന്നു. ആദ്യഘട്ടത്തില്‍ അയാള്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തിന്റെ വേലയില്‍ പ്രവേശിച്ചവന്‍ ആയിരുന്നിരിക്കാം. എങ്കിലും വളരെ വേഗത്തില്‍ ഭൗതിക ലാഭങ്ങളെപ്പറ്റിയും കൂടെ ചിന്തിക്കുവാന്‍ അയാള്‍ ആരംഭിച്ചു. ഭൗതികധനം ശേഖരിക്കുകയും ഒപ്പം അഭിഷേകം പ്രാപിക്കയും ചെയ്യാമെന്ന് അയാള്‍ ചിന്തിച്ചു. എന്നാല്‍ അയാള്‍ക്കു തെറ്റുപറ്റി. അനേകം ക്രിസ്തീയ പ്രവര്‍ത്തകരും ഇതേ തെറ്റു ചെയ്തിട്ടുള്ളവരാണ്.

ഏതെങ്കിലും സഭയിലോ ക്രിസ്തീയ സ്ഥാപനത്തിലോ ഉള്ള നമ്മുടെ സ്ഥാനമോ ശുശ്രൂഷയോ വ്യക്തിപരമായ ആദായത്തിനുള്ള ഒരു മാര്‍ഗ്ഗമാക്കിത്തീര്‍ക്കുന്നതില്‍നിന്നു ദൈവം നമ്മെ വിടുവിക്കട്ടെ.

ഇന്നത്തെ കാലത്തു ക്രിസ്തീയ വേലയില്‍ ഏര്‍പ്പെടുന്നതു വളരെ ലാഭകരമായ ഒരു മാര്‍ഗ്ഗമായി താന്‍ കാണുന്നതായി ഒരവിശ്വാസി ഒരിക്കല്‍ എന്നോടു പറഞ്ഞു. ഒരു ക്രിസ്തീയ പ്രവര്‍ത്തകന്റെ ദൃഷ്ടാന്തം അയാള്‍ എടുത്തുകാണിച്ചു. ആ പ്രവര്‍ത്തകന്‍ ലൗകിക പ്രവര്‍ത്തനത്തിലായിയിരുന്നപ്പോള്‍ സാമ്പത്തിക സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് അയാള്‍ക്കു സമൃദ്ധിയുണ്ടായിരിക്കുന്നു. അമേരിക്കയില്‍ നിന്നു കണക്കറ്റു പണം അയാള്‍ക്കു ലഭിക്കുന്നുണ്ട്. അയാള്‍ സ്വന്തമായൊരു ഭവനം പണിതീര്‍ത്ത് ഇന്ന് ആഡംബര ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊക്കെപ്പുറമേ അയാള്‍ ഒരു സുവിശേഷ വിഹിതനായിരിക്കയും ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ അയാള്‍ക്കൊരു സ്ഥാനം ലഭിക്കുമെന്നു തീര്‍ച്ചയാണ്. ഇത്തരമാളുകള്‍ തീര്‍ച്ചയായും ദൈവത്തെ സേവിക്കുന്നവരല്ല.

സഹോദരന്മാരേ, ക്രിസ്തീയവേല നമുക്കു ഭൗതിക ലാഭമുണ്ടാക്കിത്തരുമ്പോള്‍ നാം നമ്മുടെ ജീവിതങ്ങളെ വീണ്ടും ശോധന ചെയ്കയും നാം യേശുവിനെ പിന്തുടരുന്നവരാണോ എന്നു പരിശോധിക്കുകയും ചെയ്യണം. സാധാരണ ഗതിയില്‍ നാം വാസ്തവത്തില്‍ അപ്രകാരമല്ലെന്നു നാം കണ്ടെത്തും.

നാം ദൈവത്തിനായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതിനു വില കൊടുക്കേണ്ടതായും ത്യാഗം സഹിക്കേണ്ടതായും വരുന്നില്ലെങ്കില്‍ നമ്മുടെ വിളി വാസ്തവത്തില്‍ ദൈവത്തില്‍ നിന്നാണോ എന്നു നാം ഗൗരവമായി പരിശോധിക്കണ മെന്നു വാച്ച്മാന്‍ നീ പറഞ്ഞിട്ടുണ്ട്.

നമ്മുടെ ഹൃദയങ്ങളില്‍ ലോകത്തോടോ അതിന്റെ സുഖം, സന്തോഷം, ധനം എന്നിവയോടോ ഉള്ള സ്‌നേഹം കുടികൊള്ളുന്നുവോ എന്നു നമുക്കു നമ്മോടു തന്നെ ചോദിക്കാം. അതുണ്ടെങ്കില്‍ നമ്മെ അഭിഷേകം ചെയ്യുവാന്‍ ദൈവത്തിനു സാധ്യമല്ല.

വിജയികളുടെ ഒരു ശേഷിപ്പ്

ഇന്നു തന്റെ ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുവാന്‍ യോഗ്യരായ സ്ത്രീപുരുഷന്മാര്‍ക്കായി ദൈവം നോക്കിക്കൊണ്ടിരിക്കുന്നു. ശക്തിയുടെ ആ നിറവു പ്രാപിക്കുവാനും നിലനിര്‍ത്തുവാനുമാവശ്യമായ വില കൊടുക്കുവാന്‍ സന്നദ്ധതയുള്ള ഒരു ശേഷിപ്പായിരിക്കും അത്തരക്കാര്‍.

ഇരുട്ടിന്റെ ശക്തികളുടെ വ്യാപാര ഫലമായി നമ്മുടെ രാജ്യത്തെ ആവരണം ചെയ്തിരിക്കുന്ന ആത്മീയ മരണത്തെയാണ് ഇന്നു യോര്‍ദ്ദാന്‍ കുറിക്കുന്നത്. ഈ യോര്‍ദ്ദാനിലൂടെ കടന്നുപോയി മരണത്തില്‍നിന്നു ജീവന്‍ ഉളവാക്കുവാന്‍ കഴിവുള്ള ജയാളികളുടെ ഒരു ശേഷിപ്പിനുവേണ്ടി ദൈവം നോക്കിപ്പാര്‍ത്തിരിക്കുന്നു. ശത്രുവിന്റെ സൈന്യങ്ങളെ തുരത്തുവാനും എല്ലാ പ്രതിബന്ധങ്ങളിലൂടെയും വിഘ്‌നം കൂടാതെ മുന്നേറുവാനുമായി കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തെ ഉപയോഗിക്കുന്ന ഒരു ജനത്തെയാണ് അവിടുന്ന് അന്വേഷിക്കുന്നത്. ഏതൊരു യോര്‍ദ്ദാനിലും കൂടെ കടന്നുപോകുവാനും ഈ രാജ്യത്തു ദൈവത്തിന് ഒരു പാതയൊരുക്കുവാനും കഴിവുള്ളവരെത്തന്നെ. ഇത്തരക്കാര്‍ ഉണ്ടായാല്‍ നമ്മുടെ സഭകളില്‍ നാം കാത്തുകാത്തിരിക്കുന്ന ഉണര്‍വുണ്ടാകും. നമ്മുടെ കര്‍ത്താവു യഥാര്‍ത്ഥ ദൈവമെന്ന് അപ്പോള്‍ വിജാതീയര്‍ മനസ്സിലാക്കും.

നമ്മുടെ രാജ്യത്തു ശത്രുവിന്റെ നുകം തകര്‍ക്കുവാന്‍ അഭിഷേകത്തിനു മാത്രമേ കഴിയൂ (യെശ. 10:27). യേശുവിന്റെ നാമം നമ്മുടെ പക്കല്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ അത് ഉപയോഗിക്കുവാനുള്ള അഭിഷേകം നമുക്കുണ്ടോ?

ദൈവത്തെ മഹത്വപ്പെടുത്തുവാനും അവിടുത്തെ ഹിതം നിറവേറ്റുവാനും അവിടുത്തെ രാജ്യം ആവിഷ്‌കരിക്കുവാനുമായി നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും പരിശുദ്ധാത്മശക്തി നിറയുവാന്‍ വേണ്ടിയുള്ള ദാഹം നമുക്കുണ്ടാകട്ടെ.

വിശുദ്ധരും വിനീതരും അഭിഷിക്തരുമായ ദൈവപുരുഷന്മാരും ദൈവദാസികളുമായിത്തീരേണ്ടതിലേക്കുള്ള വില കൊടുക്കുവാന്‍ സന്നദ്ധരായ ഒട്ടധികം പേരെ ദൈവം നമ്മുടെ മധ്യേ കണ്ടെത്തുവാന്‍ ഇടയാകട്ടെ. ആമേന്‍.


അധ്യായം 5 : ഒരു പ്രാര്‍ത്ഥന

ദിവംഗതനായ ഡോ.എ. ഡബ്ല്യു. റ്റോസര്‍ എഴുതിയിട്ടുള്ള ഒരു പ്രാര്‍ത്ഥനയോടുകൂടെ ഈ ധ്യാന പരമ്പര സമാപിക്കുന്നതിനെക്കാള്‍ മെച്ചമായ ഒരു സമാപനം എനിക്കു ചിന്തിക്കുവാന്‍ സാധിക്കുന്നില്ല. നമ്മുടെ തലമുറ ദര്‍ശിച്ചിട്ടുള്ള ചുരുക്കം ചില പ്രാവചകന്മാരില്‍ ഒരുവനായി ഞാന്‍ അദ്ദേഹത്തെ കരുതുന്നു. ‘ഒരു എളിയ പ്രാവചകന്റെ പ്രാര്‍ത്ഥന’ എന്ന ശീര്‍ഷകമാണ് ആ പ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം നല്‍കിയിട്ടുള്ളത്. അത് ഇപ്രകാരമാണ്.

”കര്‍ത്താവേ, ഞാന്‍ അങ്ങയുടെ ശബ്ദം കേട്ടു ഭയചകിതനായി. ഗൗരവം നിറഞ്ഞതും ആപല്‍ക്കരവുമായ ഒരു കാലഘട്ടത്തില്‍ ആശ്ചര്യകരമായ ഒരു പ്രവൃത്തിക്കായി അങ്ങ് എന്നെ വിളിച്ചിരിക്കുന്നു. ഇളക്കമില്ലാത്ത കാര്യങ്ങള്‍ നിലനില്‍ക്കേണ്ടതിന് എല്ലാ രാജ്യങ്ങളെയും ഭൂമിയെയും ആകാശത്തെയും അങ്ങ് ഇളക്കുവാന്‍ ആരംഭിക്കുകയാണ്. ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അവിടുത്തെ ദാസനെന്ന നിലയില്‍ എന്നെ ബഹുമാനിക്കുവാന്‍ അങ്ങു കനിഞ്ഞിരിക്കുന്നു. അഹരോനെപ്പോലെ ദൈവം വിളിച്ചിട്ടുള്ളവനല്ലാതെ ആരും ഈ ബഹുമതി തനിക്കായി സ്വീകരിക്കുന്നില്ല. ഹൃദയത്തിനു കാഠിന്യവും കേള്‍വിക്കു മന്ദതയും ഉള്ളവര്‍ക്ക് ഒരു സന്ദേശ വാഹകനായി അങ്ങ് എന്നെ നിയമിച്ചിരിക്കുന്നു. ഗുരുവായ അങ്ങയെ അവര്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുവാന്‍ വകയില്ല.

എന്റെ ദൈവമേ, എന്റെ ബലഹീനതയും ഈ കൃത്യം നിറവേറ്റുവാന്‍ എനിക്കുളള അയോഗ്യതയും വിവരിച്ചു ഞാന്‍ സമയം പാഴാക്കുകയില്ല. ഉത്തരവാദിത്വം എന്റേതല്ല, അങ്ങയുടേതാണ്. ”ഞാന്‍ നിന്നെ അറിഞ്ഞു. ഞാന്‍ നിന്നെ നിയമിച്ചു. ഞാന്‍ നിന്നെ ശുദ്ധീകരിച്ചു” എന്ന് അങ്ങ് അരുളിച്ചെയ്തുവല്ലോ. ”ഞാന്‍ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കല്‍ നീ പോകയും ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ സംസാരിക്കയും വേണം” എന്നും അങ്ങ് ആജ്ഞാപിച്ചുവല്ലോ. അങ്ങയോടു വാദിക്കുവാനും സര്‍വാധിപത്യമുള്ള അങ്ങയുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുവാനും ഞാന്‍ ആര്? തീരുമാനം എന്റേതല്ല, അങ്ങയുടേതത്രേ. എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം തന്നെ നിറവേറട്ടെ.

പ്രവാചകന്മാരുടെയും അപ്പൊസ്തലന്മാരുടെയും ദൈവമേ, അങ്ങയെ ഞാന്‍ മാനിക്കുന്ന കലത്തോളം അങ്ങ് എന്നെയും മാനിക്കുമെന്നു ഞാന്‍ അറിയന്നു. അതുകൊണ്ടു ഭാവിയില്‍ എന്റെ ജീവിതത്തിലും എന്റെ അധ്വാനത്തിലും, ലാഭത്തിലും നഷ്ടത്തിലും ജീവനിലും മരണത്തിലും അങ്ങയെ ഞാന്‍ മാനിക്കുമെന്നുള്ള ഈ പ്രതിജ്ഞയെടുക്കുവാനും ജീവനുള്ള കാലം മുഴുവന്‍ ആ പ്രതിജ്ഞ പാലിക്കുവാനും അങ്ങ് സഹായിക്കണമേ.

ദൈവമേ, ശത്രു അങ്ങയുടെ മേച്ചില്‍പ്പുറങ്ങളില്‍ കടന്ന് ആടുകളെ ചീന്തുകയും ചിതറിക്കുകയും ചെയ്യുന്നതിനാല്‍ ഇത് അങ്ങേയ്ക്കു പ്രവര്‍ത്തിക്കുവാനുള്ള സമയമത്രേ. ആപത്തിനെ നിരാകരിക്കുകയും അങ്ങയുടെ ആട്ടിന്‍ കൂട്ടത്തെ വലയം ചെയ്യുന്ന ആപത്തുകളെ പരിഹസിക്കുകയും ചെയ്യുന്ന വ്യാജ ഇടയന്മാര്‍ പെരുകിയിരിക്കുന്നു. കൊല്ലുവാനും നശിപ്പിക്കുവാനും ചെന്നായ് അടുത്തു വരുന്ന ഈ സമയത്ത് ഈ കൂലിക്കാര്‍ ആളുകളെ വഞ്ചിക്കുന്നു; ആടുകള്‍ ദുഃഖകരമായ അനുസരണ ഭാവത്തോടെ അവരെ പിന്‍തുടരുകയും ചെയ്യുന്നു. ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: ശത്രുവിന്റെ സാന്നിദ്ധ്യം അറിയുവാന്‍ തക്ക സൂക്ഷ്മതയുള്ള കണ്ണുകള്‍ എനിക്കു നല്‍കണമേ. കപട സ്‌നേഹിതനെ യഥാര്‍ത്ഥ സ്‌നേഹിതനില്‍ നിന്നു വേര്‍തിരിച്ചറിയുവാനുള്ള വിവേകം എനിക്കു തരണമേ. കാണുവാനുള്ള കഴിവും കണ്ടതിനെ വിശ്വസ്തതയോടെ വിവരിക്കുവാനുള്ള ധൈര്യവും എനിക്കു തന്നാലും. രോഗാതുരരായ ആളുകള്‍ പോലും കേട്ട് അങ്ങയെ പിന്‍തുടരുമാറ് അങ്ങയുടേതു പോലെയുള്ള ശബ്ദം എനിക്കു നല്‍കിയാലും.

കര്‍ത്താവായ യേശുവേ, ആത്മീയമായ ഒരുക്കത്തിനു വേണ്ടി ഞാന്‍ അങ്ങയുടെ അടുക്കല്‍ വരുന്നു. അവിടുത്തെ കരം എന്റെമേല്‍ വച്ചാലും. പുതിയ നിയമ പ്രവാചകന്റെ അഭിഷേക തൈലം കൊണ്ട് എന്നെ അഭിഷേകം ചെയ്താലും. ഒരു മത പണ്ഡിതനായിത്തീര്‍ന്ന് എന്റെ പ്രവചന വിളി നഷ്ടപ്പെടുത്താതെ എന്നെ കാക്കണേ. ഒത്തു തീര്‍പ്പിന്റെയും അനുകരണ വാസനയുടെയും മതത്തെ തൊഴിലായിക്കരുതുന്ന മനോഭാവത്തിന്റെയും ഫലമായി ആധുനികരായ പട്ടക്കാരുടെ മുഖത്തെ കരിമ്പടം പോലെ ആവരണം ചെയ്തിരിക്കുന്ന ശാപത്തില്‍ നിന്ന് എന്നെ രക്ഷിക്കണേ. ഒരു സഭയെ അതിന്റെ വലുപ്പം, ജനപ്രീതി, പ്രതിവര്‍ഷ വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന തെറ്റില്‍ നിന്ന് എന്നെ രക്ഷിക്കണമേ. ഞാന്‍ ഒരു പ്രചാരകനല്ല, പ്രവാചകനാണെന്ന് – ഒരു മതസ്ഥാപനാധികരിയല്ല, ഒരു പ്രവാചകന്‍ തന്നെയെന്ന് ഓര്‍ക്കുവാന്‍ എന്നെ സഹായിക്കണമേ. ആള്‍ക്കൂട്ടത്തിന്റെ ദാസനായി ഞാന്‍ തീരരുതേ. ജഡികമായ ഉല്‍ക്കഷേര്‍ച്ഛയില്‍ നിന്നും പ്രസിദ്ധി ആഗ്രഹിക്കുന്ന മനോഭാവത്തില്‍ നിന്നും എന്നെ സൗഖ്യമാക്കണമേ. ഭൗതിക വസ്തുക്കളുടെ അടിമത്തത്തില്‍ നിന്ന് എന്നെ രക്ഷിച്ചാലും. വൃഥാ ശ്രമത്തില്‍ എന്റെ ദിവസങ്ങള്‍ ദുര്‍വ്യയം ചെയ്യാതെ എന്നെ കാത്തുകൊള്ളണമേ. അവിടുത്തെ ഭയം എന്റെമേല്‍ ആവസിക്കുകയും പ്രാര്‍ത്ഥനയുടെ വേദിയിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. അവിടെ ഞാന്‍ വാഴ്ചകളോടും അധികാരങ്ങളോടും ഈ ലോകത്തിലെ അന്ധകാരത്തിന്റെ അധിപതികളോടും പോരാടട്ടെ. അതിഭക്ഷണത്തില്‍ നിന്നും താമസിച്ചുണരുന്ന ഉറക്കത്തില്‍ നിന്നും എന്നെ വിടുവിക്കണമേ. യേശുക്രിസ്തുവിന്റെ ഒരു നല്ല ഭടനായി ഞാന്‍ തീരുമാറുള്ള ആത്മ ശിക്ഷണം എനിക്കു നല്‍കണമേ.

ഈ ജിവിതത്തില്‍ കഠിനാധ്വാനവും തുച്ഛമായ പ്രതിഫലവും ഞാന്‍ സ്വീകരിക്കുന്നു. അനായാസമായ ഒരു പദവിയും ഞാന്‍ ചോദിക്കുന്നില്ല. എന്റെ ജീവിതത്തെ കൂടുതല്‍ അനായാസമാക്കുവാനുള്ള കുറുക്കു വഴികളുടെ നേരെ ഞാന്‍ കണ്ണടച്ചു കളയും. മറ്റുള്ളവര്‍ സുഖകരമായ മാര്‍ഗ്ഗം അന്വേഷിക്കുന്ന പക്ഷം അവരെ കര്‍ശനമായി വിധിക്കാതെ കഠിനവും ദുഷ്‌കരവുമായ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ഞാന്‍ പരിശ്രമിക്കും. എതിര്‍പ്പുകളെ ഞാന്‍ പ്രതീക്ഷിക്കുകയും അവ വന്നു ചേരുമ്പോള്‍ ശാന്തതയോടെ നേരിടുവാന്‍ ശ്രമിക്കുകയും ചെയ്യും. അഥവാ അങ്ങയുടെ ദാസന്മാരുടെ ജിവിതത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്നതു പോലെ ദയാലുക്കളായ അങ്ങയുടെ ജനങ്ങള്‍ നന്ദിപൂര്‍വ്വമായ ദാനങ്ങള്‍ എന്റെമേല്‍ അടിച്ചേല്‍പിക്കുന്ന പക്ഷം എന്നോടു കൂടെയിരുന്ന് അതുമൂലം ഉണ്ടാകുന്ന ദുഷ്ഫലങ്ങളില്‍ നിന്ന് എന്നെ വിടുവിക്കണമേ. ആ വിധത്തില്‍ ഞാന്‍ സ്വീകരിക്കുന്നതെന്തായാലും അത് എന്റെ ദേഹിയെ മുറിവേല്‍പിക്കാതെയും എന്റെ ആത്മീയ ശക്തിയെ കുറച്ചു കളയാതെയും അത് ഉപയോഗിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ ദിവ്യവിചാരണ പ്രകാരം അങ്ങയുടെ സഭയില്‍ നിന്ന് എനിക്കു ബഹുമാനം ലഭിക്കുന്ന പക്ഷം ആ സമയത്ത് അങ്ങയുടെ ഏറ്റവും ചെറിയ കരുണകള്‍ക്കു പോലും ഞാന്‍ അയോഗ്യനാണെന്ന കാര്യം മറക്കുവാന്‍ എനിക്ക് ഇടയാകരുതേ. ഞാന്‍ എന്നെത്തന്നെ അറിയുന്നതുപോലെ എന്നെ ആളുകള്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ തങ്ങളുടെ ആദരം എനിക്കു മുടക്കുകയോ അതു സ്വീകരിക്കുവാന്‍ കുടുതല്‍ യോഗ്യരായ ആളുകള്‍ക്കു നല്‍കുകയോ ചെയ്യുമായിരുന്നു എന്നതും ഞാന്‍ മറക്കാതിരിക്കട്ടെ.

ആകാശത്തിനും ഭൂമിക്കും അധിപനായ കര്‍ത്താവേ, ഇപ്പോള്‍ എന്റെ അവശിഷ്ട ദിനങ്ങളെ ഞാന്‍ അങ്ങേക്കായി സമര്‍പ്പിക്കുന്നു. അങ്ങ് ഇച്ഛിക്കുന്നതു പോലെ അവ ഏറെയും കുറച്ചോ ആയിക്കൊള്ളട്ടെ. ഞാന്‍ വലിയവരുടെ മുമ്പില്‍ നില്‍ക്കുവാനോ എളിയവര്‍ക്കും ദരിദ്രര്‍ക്കും ശുശ്രൂഷ ചെയ്യുവാനോ ഇടയാകട്ടെ. ആ തിരഞ്ഞെടുപ്പ് എന്റേതല്ല. എനിക്കു സാധിക്കുമെങ്കില്‍ ഞാന്‍ അതിനെ സ്വാധീനിക്കുകയുമില്ല. അങ്ങയുടെ ഇഷ്ടം ചെയ്യുവാനാഗ്രഹിക്കുന്ന അവിടുത്തെ ദാസനാണു ഞാന്‍. ആ ഇഷ്ടം എനിക്കു സ്ഥാനം, ധനം, കീര്‍ത്തി എന്നിവയെക്കാള്‍ മധുരമാണ്. സ്വര്‍ഗ്ഗത്തിലാണെങ്കിലും ഭൂമിയിലാണെങ്കിലും മറ്റെല്ലാറ്റിലുമധികമായി അതു ഞാന്‍ തിരഞ്ഞെടുക്കുന്നു.

എന്നെ അങ്ങു തിരഞ്ഞെടുക്കുകയും ഉന്നതവും വിശുദ്ധവുമായ ഒരു വിളികൊണ്ട് ആദരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ പൊടിയും ചാരവുമായ ഒരു മനുഷ്യന്‍, മനുഷ്യ വര്‍ഗ്ഗത്തെ പീഡിപ്പിക്കുന്ന എല്ലാ സ്വാഭാവിക ദോഷങ്ങളും മോഹങ്ങളും ഉള്ള ഒരു മനുഷ്യന്‍ തന്നെയെന്നത് ഒരിക്കലും ഞാന്‍ മറക്കാന്‍ ഇടയാകരുതേ. അതിനാല്‍ എന്റെ കര്‍ത്താവും വീണ്ടെടുപ്പുകാരനുമായ ദൈവമേ, മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമായിത്തീരുവാന്‍ ഞാന്‍ ശ്രമിക്കുന്നതിനിടയില്‍ എന്റെ അഹന്തയില്‍ നിന്നും ഞാന്‍ സ്വയം മറ്റുള്ളവര്‍ക്കു വരുത്താവുന്ന ദ്രോഹങ്ങളില്‍ നിന്നും എന്നെ കാത്തു കൊള്ളണമേ. പരിശുദ്ധാത്മാവിനാല്‍ അങ്ങയുടെ ശക്തി കൊണ്ട് എന്നെ നിറച്ചാലും. അങ്ങനെ അവിടുത്തെ ശക്തിയില്‍ ഞാന്‍ മുന്നോട്ടു പോകയും അങ്ങയുടേതു മാത്രമായ നീതിയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കയും ചെയ്യും. എന്റെ സ്വാഭാവിക കഴിവുകള്‍ നിലനില്‍ക്കുന്ന കാലത്തോളം അങ്ങയുടെ വീണ്ടെടുപ്പിന്‍ സ്‌നേഹത്തെ ഞാന്‍ പ്രഖ്യാപിക്കും.

അനന്തരം പ്രിയ കര്‍ത്താവേ, ഞാന്‍ വൃദ്ധനും ക്ഷീണിതനുമായി മുന്നോട്ടു പോകാന്‍ കഴിവില്ലാതെ തളര്‍ന്നു പോകുമ്പോള്‍ ഉയരത്തില്‍ എനിക്ക് ഒരു സ്ഥാനം സജ്ജമാക്കുകയും നിത്യ തേജസ്സില്‍ അവിടുത്തെ വിശുദ്ധരോടൊപ്പം എണ്ണപ്പെടുന്നവനായി എന്നെ ചേര്‍ക്കുകയും ചെയ്യണമേ. ആമേന്‍, ആമേന്‍.” (ഡേവിഡ് ജെ. ഫിന്റ് ജൂനിയര്‍ എഴുതിയ ‘ഏ. ഡബ്ല്യു. റ്റോസര്‍’ എന്ന ഗ്രന്ഥത്തില്‍ നിന്നും).

എന്റെയും നിങ്ങളുടെയും ഹൃദയത്തിന്റെ പ്രാര്‍ത്ഥന ഇതായിരിക്കട്ടെ.