യേശു സാത്താനെ ക്രൂശിൽ തോൽപ്പിച്ചു എന്ന് ഒരിക്കലും മറന്നുപോകരുത് – WFTW 9 മേയ് 2021

സാക് പുന്നന്‍

ഈ ഭൂമിയിൽ എക്കാലവും നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ യുദ്ധം ലോകത്തിലെ ചരിത്രപുസ്തകങ്ങൾ ഒന്നിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യേശു തൻ്റെ മരണത്തിലൂടെ, ഈ ലോകത്തിൻ്റെ പ്രഭുവായ സാത്താനെ തോൽപ്പിച്ചപ്പോൾ, അതു കാൽവറിയിൽ ആയിരുന്നു നടന്നത്.

നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു വാക്യമാണ് എബ്രായർ 2 :14 ,15. നിങ്ങൾ ഈ വാക്യം അറിയുന്നത് സാത്താൻ ഇഷ്ടപ്പെടില്ല എന്നെനിക്ക് അറിയാം. തൻ്റെ തന്നെ വീഴ്ചയേയോ തോൽവിയേയോ കുറിച്ചു കേൾക്കുവാൻ ആരും ഇഷ്ടപ്പെടുന്നില്ല. സാത്താനും അതിന് ഒരു അപവാദമല്ല. ആ വാക്യം ഇതാണ് “മക്കൾ ജഡരക്തങ്ങളോട് കൂടിയവർ ആക കൊണ്ട്, അവിടുന്നും (യേശു) അവരെ പോലെ ജഡരക്തങ്ങളോടു കൂടിയവൻ ആയി മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ (കാൽവറി ക്രൂശിലെ അവിടുത്തെ മരണം) നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു”. യേശു മരിച്ചപ്പോൾ അവിടുന്നു സാത്താനെ ശക്തിയില്ലാത്തവനാക്കിത്തീർത്തു. എന്തുകൊണ്ട്? സാത്താനിൽ നിന്നും, അവൻ ജീവിതകാലത്ത് ഉടനീളം നമ്മിൽ വച്ച ഭയത്തിൻ്റെ അടിമത്തത്തിൽ നിന്നും എന്നെന്നേക്കുമായി നാം സ്വതന്ത്രരായി തീരേണ്ടതിനാണ് അതു ചെയ്തത്. ലോകത്തിലുള്ള ആളുകൾക്ക് അനേക തരത്തിലുള്ള ഭയങ്ങളുണ്ട്- രോഗത്തെക്കുറിച്ചുള്ള ഭയം, ദാരിദ്ര്യത്തെ കുറിച്ചുള്ള ഭയം, പരാജയത്തെ കുറിച്ചുള്ള ഭയം, മാനുഷഭയം, ഭാവിയെക്കുറിച്ചുള്ള ഭയം തുടങ്ങിയവ. എല്ലാ ഭയങ്ങളിലും വലിയത് ഏതുവിധം ആയാലും മരണഭയമാണ്. മറ്റെല്ലാ ഭയങ്ങളും മരണ ഭയത്തെക്കാൾ താഴ്ന്നതാണ്. മരണഭയം നമ്മെ മരണാനന്തരം നമുക്ക് എന്തു സംഭവിക്കും എന്ന ഭയത്തിലേക്കു നയിക്കുന്നു. പാപത്തിൽ ജീവിക്കുന്നവർ ഒടുവിൽ നരകത്തിലേക്ക് പോകുമെന്ന് ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു- ദൈവം മാനസാന്തരപ്പെടാത്തവർക്കു വേണ്ടി സംവരണം ചെയ്തിരിക്കുന്ന സ്ഥലം. താൻ ഈ ഭൂമിയിൽ വഞ്ചിച്ച് പാപത്തിലേക്കു നയിച്ചവരുടെ കൂടെ പിശാചും നിത്യത മുഴുവൻ തീ പൊയ്കയിൽ ചെലവഴിക്കും. നമ്മുടെ പാപങ്ങൾ നിമിത്തമുള്ള ശിക്ഷ ഏറ്റുകൊണ്ട് നമ്മെ നരകത്തിൽ നിന്നും രക്ഷിക്കുവാനാണ് യേശു ഈ ഭൂമിയിലേക്ക് വന്നത്. സാത്താൻ ഇനി ഒരിക്കലും നമ്മെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നമ്മുടെ മേൽ സാത്താനുണ്ടായിരുന്ന ശക്തി കൂടെ അവിടുന്നു തകർത്തുകളഞ്ഞു.

ദൈവം എപ്പോഴും സാത്താനെതിരായി നിങ്ങളുടെ പക്ഷത്തായിരിക്കും എന്ന ഈ ഒരു സത്യം നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ഓർത്തിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എല്ലായിടത്തും പോയി ലോകത്തിലുള്ള ഓരോ വിശ്വാസിയോടും ഇതേക്കുറിച്ചു പറയാൻ എനിക്കു കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കത്തക്കവിധം അത്ര മഹത്വകരമായ ഒരു സത്യമാണിത്, കാരണം അതെനിക്ക് അത്രമാത്രം ഉത്സാഹവും, ആശ്വാസവും, വിജയവും കൊണ്ടുവന്നു. ബൈബിൾ ഇപ്രകാരം പറയുന്നു, “ദൈവത്തിനു കീഴടങ്ങുവിൻ, പിശാചിനോടെതിർത്തു നിൽപ്പിൻ, എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും” (യാക്കോബ് 4:7). പിശാച് എപ്പോഴും ഓടിപ്പോകുവാൻ കാരണമായ ഒരു നാമം ആണ് യേശുവിൻ്റെ നാമം. മിക്ക ക്രിസ്ത്യാനികളുടെയും മനസ്സിൽ, സാത്താൻ അവരെ ഇട്ട് ഓടിക്കുന്നതും അവർ തങ്ങളുടെ ജീവനുവേണ്ടി അവനിൽ നിന്ന് ഓടുന്നതുമായ ഒരു ചിത്രമാണുള്ളത്. എന്നാൽ അത് ബൈബിൾ പഠിപ്പിക്കുന്നതിന് നേരെ എതിരാണ്. നിങ്ങൾ എന്തു ചിന്തിക്കുന്നു? സാത്താൻ യേശുവിനെ ഭയപ്പെട്ടിരുന്നോ ഇല്ലയോ? നമ്മുടെ രക്ഷകൻ്റെ മുമ്പിൽ നിൽക്കുവാൻ സാത്താൻ ഭയപ്പെട്ടിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. യേശു ലോകത്തിൻ്റെ വെളിച്ചമായിരുന്നു, അന്ധകാരത്തിൻ്റെ പ്രഭുവിന് അവിടുത്തെ മുന്നിൽ നിന്ന് അപ്രത്യക്ഷനാകേണ്ട ആവശ്യമുണ്ടായിരുന്നു.

നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും സമയത്ത് നിങ്ങൾ ഒരു പ്രയാസത്തിലാകുകയോ അല്ലെങ്കിൽ തരണം ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നത്തിലാകുകയോ, മാനുഷികമായി ഒരു ഉത്തരവുമില്ലെന്നു തോന്നുന്ന ചില കാര്യങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോൾ കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുക. അവിടുത്തോട് ഇപ്രകാരം പറയുക, “കർത്താവായ യേശുവേ, പിശാചിനെതിരായി അവിടുന്ന് എൻ്റെ പക്ഷത്താണ്. ഇപ്പോൾ എന്നെ സഹായിക്കണമേ”. അതിനുശേഷം പിശാചിനുനേരെ തിരിഞ്ഞ് അവനോട് ഇപ്രകാരം പറയുക,” യേശുവിൻ്റെ നാമത്തിൽ ഞാൻ നിന്നെ എതിർക്കുന്നു സാത്താനെ”. സാത്താൻ പെട്ടെന്നുതന്നെ നിങ്ങളെ വിട്ട് ഓടിപ്പോകും എന്നു നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം യേശു അവനെ ക്രൂശിൽ തോൽപ്പിച്ചു. നിങ്ങൾ ദൈവത്തിൻ്റെ വെളിച്ചത്തിൽ നടക്കുകയും യേശുവിൻ്റെ നാമത്തിൽ അവനെ എതിർക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്കെതിരെ പിശാച് ശക്തിഹീനനാണ്.

തൻ്റെ പരാജയത്തെ കുറിച്ചു നിങ്ങൾ അറിയുവാൻ സാത്താൻ ആഗ്രഹിക്കുന്നില്ല എന്നതു സ്പഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് ഇത്രയും നാൾ ആ കാര്യം കേൾക്കുന്നതിൽനിന്ന് അവൻ നിങ്ങളെ തടഞ്ഞത്. അതുപോലെതന്നെ അവൻ്റെ പരാജയത്തെ കുറിച്ചു പ്രസംഗിക്കുന്നതിൽ നിന്നു മിക്ക പ്രാസംഗികരെയും അവൻ തടഞ്ഞിരിക്കുന്നതിൻ്റെ കാരണവും അതുതന്നെയാണ്.

കർത്താവായ യേശുക്രിസ്തുവിനാൽ സാത്താൻ എന്നെന്നേയ്ക്കുമായി ക്രൂശിൽ തോൽപ്പിക്കപ്പെട്ടു എന്ന കാര്യം വ്യക്തമായി നിങ്ങൾ എല്ലാവരും അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇനി ഒരിക്കലും സാത്താനെ ഭയപ്പെടേണ്ട കാര്യമില്ല. അവനു നിങ്ങളെ ക്ലേശിപ്പിക്കുവാൻ കഴിയുകയില്ല. അവനു നിങ്ങളെ അപായപ്പെടുത്തുവാൻ കഴിയുകയില്ല. അവൻ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അവൻ നിങ്ങളെ ആക്രമിച്ചേക്കാം. എന്നാൽ നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തി, ദൈവത്തിനു കീഴ്പ്പെട്ട് എല്ലാ സമയങ്ങളിലും അവിടുത്തെ വെളിച്ചത്തിൽ നടക്കുമെങ്കിൽ, ക്രിസ്തുവിലുള്ള ദൈവകൃപ നിങ്ങളെ സാത്താൻ്റെ മേൽ ജയാളിയായ ഒരുവനാക്കി തീർക്കും. വെളിച്ചത്തിൽ ഒരു വലിയ ശക്തിയുണ്ട്. അന്ധകാരത്തിൻ്റെ പ്രഭു ആയ സാത്താന്, പ്രകാശത്തിൻ്റെ മണ്ഡലത്തിൽ പ്രവേശിക്കുവാൻ ഒരിക്കലും കഴിയില്ല. പല വിശ്വാസികളുടെയും മേൽ സാത്താന് അധികാരം ഉണ്ടെങ്കിൽ, അത് അവർ ചില രഹസ്യ പാപങ്ങളിൽ ജീവിച്ച്, മറ്റുള്ളവരോട് ക്ഷമിക്കാതെ, അല്ലെങ്കിൽ ചിലരോട് അസൂയാലുവായി, അല്ലെങ്കിൽ തങ്ങളുടെ ജീവിതങ്ങളിൽ ചില സ്വാർത്ഥ അഭിലാഷങ്ങളെ പിന്തുടർന്നുകൊണ്ട് ഇരുട്ടിൽ നടക്കുന്നതുകൊണ്ടാണ്. അപ്പോൾ സാത്താന് അവരുടെ മേൽ ശക്തി (അധികാരം) ലഭിക്കുന്നു. അല്ലെങ്കിൽ അവന് അവരെ തൊടാൻ കഴിയില്ല.

വെളിപ്പാടു പുസ്തകത്തിൽ നമ്മോടു പറഞ്ഞിരിക്കുന്നത്, ഒരുദിവസം യേശു മടങ്ങിവന്ന് സാത്താനെ അഗാധഗർത്തത്തിൽ ചങ്ങലയിട്ട് ബന്ധിക്കും എന്നാണ്, അതിനുശേഷം ആയിരം വർഷങ്ങൾ യേശു ഈ ഭൂമിയിൽ ഭരണം നടത്തും. ആ കാലയളവിനു ശേഷം, സാത്താൻ അല്പ കാലത്തേക്ക് സ്വതന്ത്രനാക്കപ്പെടും, അത് ഇത്രയും നീണ്ട നാൾ തടവിലായതിനു ശേഷവും അവനു മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് എല്ലാവരെയും കാണിക്കേണ്ടതിനാണ്. അപ്പോൾ അവൻ പോയി അവസാനമായി ഒരുതവണ കൂടി ഭൂമിയിലുള്ള ആളുകളെ വഞ്ചിക്കും. അപ്പോൾ, യേശുവിൻ്റെ കീഴിലെ ആയിരം വർഷത്തെ സമാധാന ഭരണം കണ്ടിട്ടുപോലും ആദാമ്യ വർഗ്ഗത്തിനും ഒരു മാറ്റവും ഉണ്ടായില്ല എന്നും കാണപ്പെടും. അപ്പോൾ സാത്താൻ്റെ മേൽ ന്യായവിധിയുമായി ദൈവം ഇറങ്ങി വരികയും നിത്യത മുഴുവനിലേക്കുമായി അവനെ തീപൊയ്കയിൽ തള്ളിയിടുകയും ചെയ്യും. പാപത്തിൽ ജീവിച്ചവർ, സാത്താൻ്റെ മുമ്പിൽ മുട്ടുമടക്കിയവർ, ദൈവയിഷ്ടം അനുസരിക്കുന്നതിനേക്കാൾ സാത്താനെ അനുസരിച്ചവർ മുതലായ എല്ലാവരും ആ തീപൊയ്കയിൽ സാത്താനോട് ചേരും.

അതുകൊണ്ടാണ് സാത്താൻ്റെ പരാജയത്തെ കുറിച്ചുള്ള ഈ സുവിശേഷം ഞങ്ങൾ പ്രസംഗിക്കുന്നത്. ഒരുപക്ഷേ ഈ സമയത്ത് വിശ്വാസികൾ അവശ്യം കേട്ടിരിക്കേണ്ട ഏറ്റവും പ്രധാന സത്യമാണിത്. എന്നാൽ ഓർക്കുക, നിങ്ങൾ നിർമ്മലതയിൽ നടക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് സാത്താൻ്റെ മേൽ ഒരു അധികാരവും ഉണ്ടായിരിക്കുകയില്ല.

What’s New?


Top Posts