ശിഷ്യത്വത്തിൻ്റെ സ്വാതന്ത്ര്യം

ജോജി ടി. സാമുവല്‍

അധ്യായം 1 :
ശിഷ്യത്വത്തിന്റെ സ്വാതന്ത്ര്യം


”ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍. നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്. അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ” (മത്തായി. 7:13, 14)

ഇവിടെ ഒരു വഴി രണ്ടായി പിരിയുന്നു. ഈ മുക്കവലയില്‍ വഴികാട്ടിയായി ഒരു ബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു- ”ഇതില്‍ ഒരു വഴി വിശാലവും അതിലേക്കുള്ള പ്രവേശന മാര്‍ഗം വീതിയുള്ളതു മാണ്. രണ്ടാമത്തെ വഴി ഇടുങ്ങിയതാണ്. ഒരു ഇടുങ്ങിയ വാതിലിലൂടെ ഞെരുങ്ങി മാത്രമേ ആ വഴിയിലേക്കു പ്രവേശിക്കാനാവൂ.”

സ്വാഭാവികമായും കൂടുതല്‍ പേരും വിശാലമായ ഒരു വഴിയിലൂടെ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുക. വീതിയുള്ള വാതില്‍ കടന്നു വിശാലമായ ഒരു വഴിയിലേക്ക്. ആഹാ എത്ര സുന്ദരം! എന്നാല്‍ നില്‍ക്കണേ, ഒരു നിമിഷം. ഈ വിശാലമായ വഴി ഒടുവില്‍ എത്തിച്ചേരുന്നതു നാശത്തിലേക്കാണ്. രണ്ടാമത്തെ വഴിയോ? അത് ഇടുക്കവും ഞെരുക്കവുമുള്ളതാണ്. സ്വാഭാവികമായും വളരെ ചുരുക്കം പേരെ മാത്രമേ ഈ വഴിയില്‍ കാണുവാന്‍ കഴിയൂ. എന്നാല്‍ ആ വഴി നിങ്ങളെ ജീവങ്കലേക്കു നയിക്കും. ഇനി പറയൂ, നിങ്ങള്‍ക്ക് ഇതില്‍ ഏതു വഴി വേണം?

തന്റെ പ്രശസ്തമായ ഗിരിപ്രഭാഷണത്തില്‍ കര്‍ത്താവായ യേശുക്രിസ്തു ചൂണ്ടിക്കാട്ടിയ രണ്ടു വഴികളും വാതിലുകളും ഇവയാണ്. ഈ രണ്ടു വഴികളില്‍ ഏതു തിരഞ്ഞെടുക്കണമെന്നുള്ളതു നമ്മുടെ സ്വാതന്ത്ര്യമാണ്.

ആട്ടെ, ഈ രണ്ടു പാതകള്‍ യഥാര്‍ത്ഥത്തില്‍ നമ്മെ സംബന്ധിച്ചിടത്തോളം ഏവയാണ്? ഇതില്‍ വിശാലമായ വഴി കര്‍ത്താവിനെ സ്വീകരിക്കാത്ത ലോകമനുഷ്യരുടെ വഴിയാണെന്നും അതു നാശത്തി ന്റെ പാതയാണെന്നും ഒടുവില്‍ അതു നരകത്തില്‍ ചെന്ന് അവസാനിക്കുമെന്നും വ്യാഖ്യാനിക്കാറുണ്ട്. അപ്പോള്‍ അതിന്റെ എതിര്‍വശത്ത് കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചുള്ള വിശ്വാസത്തിന്റെ വഴി ഒരുവനെ സ്വര്‍ഗ്ഗത്തിലെത്തിക്കുമെന്നതിനാല്‍ ജീവനിലേക്കുള്ള ഇടുങ്ങിയ പാത ഈ ക്രിസ്തീയ മാര്‍ഗമാണെന്ന് പൊതുവേ പറയാം.

എന്നാല്‍ വിശ്വാസലോകത്തു തന്നെ ഇന്നു താരതമ്യേന വിശാലമായ വഴിയിലൂടെ യാത്ര ചെയ്യുന്നവരും ഇടുങ്ങിയ വഴി കണ്ടെത്തുന്നവരുമില്ലേ? ഉണ്ടെന്നുള്ളതാണു വാസ്തവം. കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചു ‘വിശ്വാസി’യായി. എന്നാല്‍ ശിഷ്യത്വത്തിന്റെ ഇടുങ്ങിയ പാത സ്വീകരിക്കാതെ ഒരു ശരാശരി ക്രിസ്ത്യാനിയുടെ വിശാലമായ വഴിയിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം ഇന്നു വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍ ഒന്നാം നൂറ്റാണ്ടില്‍ ‘സാധാരണ വിശ്വാസി’, ‘കര്‍ത്താവിന്റെ ശിഷ്യന്‍’ എന്നിങ്ങനെ വേര്‍തിരിവുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളാകുന്ന എല്ലാവരും തന്നെ ശിഷ്യത്വത്തിന്റെ വഴി സ്വീകരിച്ചവരായിരുന്നു. അപ്പൊസ്തലപ്രവൃത്തി ആദ്യ അധ്യായങ്ങള്‍ നോക്കുക. പുരുഷന്മാരായാലും സ്ത്രീകളായാലും വിശ്വാസത്തിലേക്കു വന്നവരെല്ലാം ശിഷ്യന്‍, ശിഷ്യ എന്നാണ് അറിയപ്പെട്ടിരുന്നത് (പ്രവൃ. 9:26, 36 വാക്യങ്ങള്‍ കാണുക). അന്നു ശിഷ്യന്മാരെയാണു ക്രിസ്ത്യാനികള്‍ എന്നു വിളിച്ചിരുന്നത് (11: 26). എന്നാല്‍ ഇന്നു പലപ്പോഴും ക്രിസ്ത്യാനിത്വവും ശിഷ്യത്വവും രണ്ടായി മുറിഞ്ഞു കിടക്കുകയല്ലേ?
തന്റെ പരസ്യ ശുശ്രൂഷാകാലത്തു യേശുവും ആളുകളെ ക്ഷണിച്ചിരുന്നതു വിശ്വാസിയാകാനല്ല മറിച്ചു ശിഷ്യനാകാനാണ്. താന്‍ കണ്ടു മുട്ടിയ ആളുകളോട് യേശു ആവശ്യപ്പെട്ടതു തന്നില്‍ വിശ്വസിക്കുവാനല്ല തന്നെ അനുഗമിക്കുന്ന ശിഷ്യനാകുവാനാണ്. എന്നാല്‍ ഇന്നു ശിഷ്യത്വത്തിന്റെ ഇടുങ്ങിയ വഴിയെ ഏറെപ്പേരും ഉപേക്ഷിച്ചിരിക്കുന്നത് കര്‍ത്താവിന്റെ ഹൃദയത്തെ ഏത്ര വേദനിപ്പിക്കുന്നുണ്ടാവാം!

ശിഷ്യത്വത്തിനു യേശു വച്ച വ്യവസ്ഥകളാണ് പലര്‍ക്കും ഈ വഴി ഞെരുക്കമുള്ളതാക്കുന്നത്. ലൂക്കൊസിന്റെ സുവിശേഷം 14-ാം അധ്യായത്തില്‍ 25 മുതല്‍ 35 വരെയുള്ള വാക്യങ്ങളില്‍ ശിഷ്യനാകാന്‍ മൂന്നു കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് യേശു പറഞ്ഞു (‘അങ്ങനെ ചെയ്യാത്തവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല’ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വണ്ണം വളരെ വ്യക്തമായും മൂര്‍ച്ചയോടെയുമാണ് അവിടുന്നു പറഞ്ഞത്). അവ അക്കമിട്ട് ഓരോന്നായി ഇങ്ങനെ പറയാം. ഒന്ന്: ‘എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും പകെയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല?’ രണ്ട്: ‘നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയുയില്ല.’ മൂന്ന്: ‘സ്വന്തജീവനെയും കൂടെ പകെച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല’ ലൂക്കൊസ് 9:23-ല്‍ ‘എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ’ എന്ന് ഈ മൂന്നാമത്തെ പോയിന്റ് യേശു കൂടുതല്‍ വിശദീകരിച്ചിട്ടുമുണ്ട്.

യേശു മുന്നോട്ടു വച്ച ശിഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകളും തങ്ങളുടെ ജീവിതത്തിന്റെ സന്തോഷം കെടുത്തിക്കളയുമെന്ന ഭയമാണ് ശരാശരി വിശ്വാസിയെ ശിഷ്യത്വ ജീവിതത്തിനായുള്ള പൂര്‍ണ്ണ സമര്‍പ്പണത്തില്‍ നിന്നു പലപ്പോഴും പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഒരു യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നല്‍കേണ്ട സന്തോഷവും സ്വാതന്ത്ര്യവും ഹനിച്ചു കളയുന്നത് ബന്ധുക്കളോട് കര്‍ത്താവിനെക്കാള്‍ കവിഞ്ഞ മമതാബന്ധം, വസ്തുവകകളോട് കര്‍ത്താവിനോടുള്ളതിനെക്കാള്‍ അടുപ്പം, സ്വയത്തെ ഒരു വിഗ്രഹമാക്കുന്ന അവസ്ഥ എന്നിവയാണ്. അതുകൊണ്ടു നമ്മെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും കൈപിടിച്ചുയര്‍ത്താന്‍ ദൈവം തന്റെ സ്‌നേഹത്തിലാണ് മൂന്നു കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും പകെയ്ക്കണമെന്നും ക്രൂശിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വസ്തുത കാണാതെ, ശിഷ്യത്വ ജീവിതം നമ്മുടെ ജീവിതത്തിന്റെ സന്തോഷം കവര്‍ന്നു കളയുമെന്നു ഭയപ്പെടുമ്പോള്‍ നാം ദൈവസ്‌നേഹത്തെ സംശയിക്കുകയാണ്.

ദൈവസ്‌നേഹത്തെ സംശയിക്കുമ്പോള്‍ നാം പിതൃസ്‌നേഹത്തെ തന്നെയാണ് സംശയിക്കുന്നത്. കാരണം അവിടുന്നു നമ്മുടെ സ്വര്‍ഗീയ പിതാവാണ്. പിതാവിനെ അനുസരിക്കാന്‍ തീരുമാനിക്കുന്ന ഒരു മകന്റെ ജീവിതത്തേയും ഒരു പിതാവും ദുസ്സഹമാക്കി മാറ്റുകയില്ല. മറിച്ച് തന്നെ അനുസരിക്കാന്‍ തീരുമാനിക്കുന്ന മകന്റെ ജീവിതത്തെ എത്രയും മനോഹരമാക്കിത്തീര്‍ക്കാനേ ഏതു പിതാവും ശ്രമിക്കുകയുള്ളു. ഒരു ഉദാഹരണം ഇങ്ങനെ പറയാം. ഒരു പിതാവ് വൈകുന്നേരം ഓഫീസ് വിട്ടു വീട്ടില്‍ വന്നു സമാധാനമായി പത്രം വായിച്ചു ചാരുകസേരയില്‍ കിടക്കുകയാണ്. അപ്പോള്‍ ആറുവയസ്സുകാരന്‍ മകന്‍ മെല്ലെ ഡാഡിയെ സമീപിച്ച് ഇങ്ങനെ പറയുന്നുവെന്നു സങ്കല്പിക്കുക: ”ഡാഡി, എന്നോടു ക്ഷമിക്കണം. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഡാഡി പറഞ്ഞത് ഒന്നും അനുസരിക്കാതെ ഞാന്‍ ഒരു അസരണംകെട്ടവനായി നടന്നു. എന്നാല്‍ ഇന്നു മുതല്‍ അങ്ങനെയുണ്ടാവുകയില്ല. ഇന്നു മുതല്‍ ഡാഡി പറയുന്നതെല്ലാം ഞാന്‍ പൂര്‍ണ്ണമായി അനുസരിച്ചുകൊള്ളാം.” ഇതു കേള്‍ക്കുന്ന പിതാവിന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്ത എന്തായിരിക്കും? ”ആഹാ! ഒടുവില്‍ ഇവനെ എന്റെ കയ്യില്‍ കിട്ടി. ഞാന്‍ എന്തു പറഞ്ഞാലും ഭാവിയില്‍ അനുസരിച്ചുകൊള്ളാമെന്നാണല്ലോ ഇവന്‍ പറഞ്ഞത്. അതുവച്ച് എനിക്ക് ഇവനെ പരമാവധി ചൂഷണം ചെയ്യണം. കര്‍ശനമായ കല്‍പനകള്‍ നല്‍കി ഞാന്‍ ഇവന്റെ ഭാവിജീവിതത്തെ തീര്‍ത്തും ദുസ്സഹമാക്കും. അനുസരിക്കാമെന്ന ഇവന്റെ തീരുമാനം വച്ചു ഞാനിവനെ പരമാവധി മുതലെടുക്കും”- ഇങ്ങനെയായിരിക്കുമോ ആ പിതാവു ചിന്തിക്കുന്നത്? ഇല്ല, ഒരിക്കലുമില്ല. ഒരു പിതാവും അങ്ങനെ ചിന്തിക്കുകയില്ല. മറിച്ച് ആ പിതാവ് അതീവസ്‌നേഹത്തോടെ ആ മകനെ വാരിയെടുത്തു മാര്‍വിലണയ്ക്കും. തന്നെ അനുസരിക്കാന്‍ തീരുമാനിച്ച മകന്റെ ഭാവിജീവിതം ഏറ്റവും ശോഭനപൂര്‍ണമാക്കാന്‍ ആ പിതാവ് പദ്ധതികള്‍ ആവിഷ്‌കരിക്കും. ലോകത്തിലെ ഒരു പിതാവിന്റെ മനോഭാവം ഇങ്ങനെയായിരിക്കുമെങ്കില്‍ നമ്മുടെ സ്വര്‍ഗീയ പിതാവിന്റെ മനോഭാവം പതിന്മടങ്ങു ശ്രേഷ്ഠമായിരിക്കുകയില്ലേ?. തീര്‍ച്ചയായും. ശിഷ്യത്വത്തിന്റെ, ഒറ്റനോട്ടത്തില്‍ പ്രയാസമേറിയതെന്നു തോന്നുന്ന കല്പനകള്‍ അവിടുന്നു നമുക്കു നല്‍കിയിരിക്കുന്നതു നമ്മുടെ ജീവിതം അരിഷ്ടസമ്പൂര്‍ണമാക്കാനല്ല, മറിച്ച് അത് അങ്ങേയറ്റം ശോഭനമാക്കാന്‍ വേണ്ടിയാണ്. ”അല്ലാതെ അവന്റെ കല്‍പനകള്‍ ഭാരമുള്ളവയല്ല” (1 യോഹ.5:3).

ദൈവം, നമ്മെ ഭാരപ്പെടുത്താനല്ല മറിച്ച് നമ്മെ സ്വാതന്ത്ര്യത്തിലേക്കു കൊണ്ടുവരാനാണു ശിഷ്യത്വത്തിന്റെ കല്പന തന്നതെന്ന് അതിന്റെ വ്യവസ്ഥകള്‍ ഒന്നൊന്നായി ഇഴവിടര്‍ത്തി പരിശോധിച്ചാല്‍ നമുക്കു വ്യക്തമാകും. ഒന്നാമത്തെ വ്യവസ്ഥ അപ്പന്‍, അമ്മ, ഭാര്യ, മക്കള്‍, സഹോദരന്മാര്‍, സഹോദരികള്‍ എന്നീ അടുത്ത ബന്ധങ്ങളോടുള്ള കര്‍ശനമായ ഒരു നിലപാടാണ്. ഇന്നു ബന്ധങ്ങള്‍ പലപ്പോഴും ബന്ധനങ്ങള്‍ ആകാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു ഇളവില്ല. കാരണം കര്‍ത്താവ് ഒരുവന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞ ഒന്നും കൊണ്ടു തൃപ്തിപ്പെടുകയില്ല. ‘ഒന്നുകില്‍ അവിടുന്ന് ഒരുവനു പൂര്‍ണമായ അര്‍ത്ഥത്തില്‍ കര്‍ത്താവായിരിക്കും (കര്‍തൃത്വം നടത്തുന്നവന്‍), അല്ലെങ്കില്‍ അവിടുന്നു കര്‍ത്താവേയല്ല’ എന്നു പറയാറുണ്ടല്ലോ. തന്നെ അനുഗമിക്കുന്നതിനു തടസ്സമായി വരുന്ന ബന്ധങ്ങളോട് ഒത്തു തീര്‍പ്പില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് യേശു ലൂക്കൊസ് 9:57-62-ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. ‘മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ,’ ‘കലപ്പയ്ക്കു കൈവച്ചശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല’ എന്നെല്ലാം അവിടെ കര്‍ത്താവു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം അപ്പനും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും കടപ്പെട്ടതു ചെയ്യേണ്ട എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് കര്‍ത്താവിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുന്നവന്റെ ജീവിതത്തില്‍ സ്വാഭാവികമായി തന്നെ മറ്റു ബന്ധങ്ങളും അതിന്റെ ശരിയായ സ്ഥാനത്തുവന്നു കൊള്ളും. അല്ലാതെ, അപ്പനും അമ്മയ്ക്കും ഉപകാരമായി വരേണ്ടത് വഴിപാട് എന്നര്‍ത്ഥമുള്ള ‘കൊര്‍ബ്ബാന്‍’ എന്നു പറഞ്ഞാല്‍ മേലാല്‍ അവര്‍ക്ക് ഒന്നും ചെയ്യേണ്ട എന്ന യെഹൂദന്റെ തന്ത്രമല്ല (മര്‍ക്കൊ. 7:11,12) ഒരു ക്രിസ്തുശിഷ്യന്‍ കയ്യാളുന്നത്. മാത്രമല്ല സാധാരണ ഒരാള്‍ അപ്പന്‍, അമ്മ, ഭാര്യ, മക്കള്‍ തുടങ്ങിയ ബന്ധുക്കള്‍ക്കു വേണ്ടി ചെയ്യുന്നതിലേറെ കാര്യങ്ങള്‍ ഫലത്തില്‍ ഒരു ക്രിസ്തുശിഷ്യന്‍ സ്വാര്‍ത്ഥതയില്ലാതെ നിറവേറ്റും. അതുപോലെ ബന്ധങ്ങളില്‍നിന്ന് ഒരു മുതലെടുപ്പിനും അവന്‍ തയ്യാറാവുകയില്ല. അവന്‍ മനുഷ്യരെ മനുഷ്യരായിത്തന്നെ കാണും, മരങ്ങളെപ്പോലെയല്ല (മര്‍ക്കൊ. 8:22-25). പലരും ബന്ധുക്കളെ ‘പണം കായ്ക്കു ന്ന മരങ്ങളെ’പ്പോലെ കാണുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ സ്വാര്‍ത്ഥതയില്ലാത്തതിനാല്‍ ഒരു ക്രിസ്തുശിഷ്യന്‍ അവരില്‍നിന്ന് ഒരു മുതലെടുപ്പിനു തയ്യാറാവുകയില്ല. നോക്കുക: ബന്ധുക്കള്‍ക്കു ചെയ്യേണ്ടതു ചെയ്യാനും അതേസമയം അവരെ മുതലെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്ക് ഒരുവന്‍ വരുന്നത് അവന്‍ കര്‍ത്താ വിന്റെ ശിഷ്യത്വത്തിന്റെ കല്പനയനുസരിച്ചു ബന്ധുക്കളെ പകയ്ക്കുമ്പോഴാണ് എന്നത് അദ്ഭുതകരമല്ലേ?

ശിഷ്യത്വത്തിന്റെ രണ്ടാമത്തെ കല്പന ‘നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന് അവന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല’ എന്നതാണ്. ‘തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുക’ എന്നാല്‍ എല്ലാം ഉപേക്ഷിച്ച് യോഹന്നാന്‍ സ്‌നാപകനെപ്പോലെ മരുഭൂമിയിലേക്കു പോയി ഒരു വൈരാഗി (Ascetic) ആകുക എന്നതല്ല. യേശു മരുഭൂമിയിലല്ല മനുഷ്യരുടെ ഇടയില്‍ അവരില്‍ ഒരാളായിത്തന്നെയാണു കഴിഞ്ഞത്. എന്നാല്‍ അവിടുത്തേക്കു അവരോടൊപ്പം കഴിയുമ്പോഴും തനിക്കുള്ളവയോട് (possessions) പ്രിയം ഉണ്ടായിരുന്നില്ല. നമുക്കും മനസ്സുകൊണ്ടു നമ്മുടെ വസ്തുവകകളോട് ഒരു വേര്‍പിരിയല്‍ ഉണ്ടാകുന്നതിനെയാണ് ‘തനിക്കുള്ളതൊക്കെയും വിട്ടുപിരിയുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്നു വിശ്വാസലോകത്ത് ഒരു കൈകൊണ്ട് ദൈവത്തേയും മറ്റേകൈകൊണ്ട് ഭൗതികവസ്തുക്കളെയും ചേര്‍ത്തു പിടിക്കാനാണു പലര്‍ക്കും താല്പര്യം. സമൃദ്ധിയുടെ സുവിശേഷവും മറ്റും ഈ താല്പര്യത്തിനു വളംവച്ചുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവവചനം ഇക്കാര്യത്തില്‍ എത്രയും വ്യക്തമാണ്: ”ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്‌നേഹിക്കുന്നു എങ്കില്‍ അവനില്‍ പിതാവിന്റെ സ്‌നേഹം ഇല്ല’ (1യോഹ. 2:15). വാസ്തവത്തില്‍ ദൈവത്തോടൊപ്പം വസ്തുവകകളെയും സ്‌നേഹിക്കുന്ന വിശ്വാസി ഇരുതോണിയില്‍ കാല്‍ചവുട്ടി നില്‍ക്കുന്നതുകൊണ്ട് എപ്പോഴും വളരെ അരിഷ്ടനാണ്. ക്രിസ്തീയ ജീവിതത്തിന്റെ സന്തോഷവും സ്വാതന്ത്ര്യവും അവന് അന്യമാണ്.

ലോകം ഉപദേശിക്കുന്നത് കൂടുതല്‍ കാര്യങ്ങള്‍ സ്വന്തമാക്കി സന്തോഷം വര്‍ദ്ധിപ്പിക്കാനാണ്. പക്ഷേ കൈയിലുള്ളവയുടെ എണ്ണം കൂടുന്തോറും ഒരുവന്റെ സന്തോഷം കൂടുകയല്ല നഷ്ടപ്പെടുകയാണ്. ഈ സത്യം തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ ഒരു ഗുരു ഒരു കൊച്ചു കുഞ്ഞിനെ വിളിച്ച് അവന്റെ ഉള്ളം കയ്യില്‍ ഒരു മിഠായി വച്ചുകൊടുത്തു. കുഞ്ഞു സന്തോഷംകൊണ്ട് തുള്ളിച്ചാടി. അപ്പോള്‍ ഗുരു ഒരു കൈ നിറയെ മിഠായി വാരി അവന്റെ കൊച്ചുകൈവെള്ളയില്‍ വച്ചുകൊടുത്തു. തന്റെ കുഞ്ഞിക്കൈയില്‍ നിന്ന് മിഠായികള്‍ താഴെപ്പോകാതെ അവന്‍ അതു മുറുകെപ്പിടിച്ചു. പക്ഷേ ഇപ്പോള്‍ അവന്റെ തുള്ളിച്ചാട്ടം അവസാനിച്ചു. അവന്റെ നടപ്പിന്റെ വേഗം കുറഞ്ഞു. എപ്പോഴാണു മിഠായികള്‍ താഴെപ്പോകുന്നത് എന്ന പേടി അവനെ ഗ്രസിച്ചു. നോക്കുക: ഏറെയുള്ളതല്ല ഒരുവനെ സന്തുഷ്ടനാക്കുന്നത്. Less luggage, more comfort (കുറച്ച് സാധനങ്ങള്‍, കൂടുതല്‍ സുഖം) എന്ന ആപ്തവാക്യം പോലെയാണു വാസ്തവത്തില്‍ കാര്യങ്ങള്‍. ക്രിസ്തീയജീവിതം ഒരു തീര്‍ത്ഥാടകന്റെ പ്രയാണമാണ്. ഇവിടെ ‘അല്പം അപ്പം വിശക്കില്‍, സ്വല്പം വെള്ളം ദാഹിക്കില്‍’ എന്നതായിരിക്കട്ടെ നമ്മുടെ പാട്ട്. ഉവ്വ്, വസ്തുവകകളോടുള്ള പറ്റുമാനം നമ്മുടെ സന്തോഷത്തെയും സ്വാതന്ത്ര്യത്തെയും വലിയ അളവില്‍ അപഹരിച്ചുകളയും എന്നതു കൊണ്ടാണു ശിഷ്യത്വത്തിന്റെ രണ്ടാമത്തെ കല്പനയായി ‘തനിക്കുള്ളതൊക്കെയും വിട്ടുപിരിയണം’ എന്നു കര്‍ത്താവ് ആവശ്യപ്പെട്ടത്.

ശിഷ്യത്വത്തിന്റെ മൂന്നാമത്തെ കല്പന ‘സ്വന്തജീവനെയുംകൂടി പകച്ച് നാള്‍തോറും തന്റെ ക്രൂശെടുത്തു കര്‍ത്താവിനെ അനുഗമിക്കുക’ എന്നതാണ്. സ്വയജീവന്‍ എന്നത് ഒരുവനു തന്നെക്കുറിച്ചുതന്നെയുള്ള മതിപ്പാണ്. അതിനെ പകെയ്ക്കുക എന്നാല്‍ സ്വയത്തെ (self) മരണത്തിന് ഏല്പിക്കുകയാണ്. ഇവിടെ ശ്രദ്ധിച്ചോ, കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നതു ദിനന്തോറും നമ്മുടെ ക്രൂശെടുക്കാനാണ്. ദൈവേഷ്ടത്തിനെതിരെ വരുന്ന സ്വന്ത ഇഷ്ടത്തെ ദിനംതോറും നാം മരണത്തിന് ഏല്പിക്കണം. ഇതു ദിനന്തോറും മരണത്തെ അറിയുന്നതാണ്. ‘യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ വെളിപ്പെടേണ്ടതിനു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്‌പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു’ എന്നാണു പൗലോസ് ഈ അനുഭവത്തെ വിവരിക്കുന്നത് (2കൊരിന്ത്യ 4:10,11).

സ്വയത്തെ ദിനന്തോറും മരണത്തിന് ഏല്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇന്നു ക്രിസ്തീയ ലോകത്തെ സാധാരണ വിശ്വാസികള്‍ക്ക് അതെല്ലാം ഒരു കടങ്കഥ പോലെയാണു തോന്നുക. കാരണം വിശ്വാസിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ഊതിവീര്‍പ്പിക്കപ്പെട്ട ഒരു സ്വയത്തിന്റെ (self) അടിമകളാണവര്‍. അവര്‍ക്ക് അവരവരെക്കുറിച്ചു തന്നെ ഒരു മതിപ്പുണ്ട്. അതിനു നേരിയ പോറലെങ്കിലും ഏല്ക്കുന്നത് അവര്‍ സഹിക്കുകയില്ല. അപ്പോള്‍ പിന്നെ സ്വന്ത ഇഷ്ടത്തിനു മരിക്കുകയെന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കതു മനസ്സിലാകാതെ പോകുന്നതില്‍ എന്തദ്ഭുതം?. വാസ്തവത്തില്‍ ‘സ്വയം ഒരു നല്ല ദാസനും ചീത്ത യജമാനനു’മാണ്. സ്വയത്തെ നാം ദാസനാക്കിയാല്‍ അതിന്റെ കഴിവുകളെ, സാധ്യതകളെ, ദൈവരാജ്യത്തിനായി നമുക്കു പ്രയോജനപ്പെടുത്താം. എന്നാല്‍ ഈ സ്വയത്തെ നാം യജമാനനാക്കിയാല്‍, ഒരു ചീത്തയജമാനനെപ്പോലെ ഈ സ്വയം നമ്മെ ഭരിക്കുകയും നമ്മുടെ ജീവിതത്തെ അരിഷ്ടത നിറഞ്ഞതാക്കുകയും ചെയ്യും.

സ്വയത്തിന്റെ ഈ ഭരണത്തില്‍ നിന്നു നമ്മെ മോചിപ്പിക്കാനും നമ്മുടെ ജീവിതത്തെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും ദൈവം ആഗ്രഹിക്കുന്ന സന്തോഷത്തിലേക്കും കൊണ്ടുവരുവാനുമാണ് യേശു ശിഷ്യത്വത്തിന്റെ മൂന്നാമത്തെ പടിയായി സ്വന്തജീവനെ പകയ്ക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചുരുക്കത്തില്‍ യേശു മുന്നോട്ടു വച്ച ശിഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകളും നമ്മുടെ ജീവിതത്തെ ഭാരപ്പെടുത്താനും ദുസ്സഹമാക്കാനും വേണ്ടിയുള്ളതല്ല. മറിച്ച് നമ്മെ സ്വതന്ത്രരാക്കാനുള്ളതാണ്. ബന്ധങ്ങളുടെയും വസ്തുവകകളുടെയും സ്വയത്തിന്റെയും ബന്ധനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം. ശിഷ്യത്വത്തിന്റെ ഈ വഴി ഇടുക്കവും ഞെരുക്കവുമുള്ളതാണെന്നു പറയുമ്പോഴും ആന്തരികമായി ഇതു വിശാലമായ ഒരു രാജവീഥിയാണ്. പുറമെ നിന്നു നോക്കുന്നവര്‍ ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ ഒരുവനെ ഞെരുക്കിക്കളയുമെന്നു വിചാരിക്കുമ്പോഴും ഇടുക്കവും ഞെരുക്കവുമുള്ള ഈ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ ആന്തരികമായി ഒരു വലിയ വിശാലതയും സ്വാതന്ത്ര്യവും അനുഭവിച്ചറിയും. മറിച്ച് ശരാശരി ക്രിസ്ത്യനിയുടെ വഴി പുറമെ നിന്നു നോക്കുമ്പോള്‍ വിലക്കുകളില്ലാത്ത വിശാലമായ വഴിയായി തോന്നുമെങ്കിലും ആന്തരികമായി അവന്‍ കുറ്റബോധം മൂലവും ബന്ധങ്ങളുടെയും തന്റെ കൈവശമുള്ളതിന്റെയും തന്റെ തന്നെയും ഭാരം മൂലവും ഞെരുങ്ങി ജീവിക്കുന്നവനാണ്.

അര്‍ദ്ധമനസ്‌കനായ ഒരു ക്രിസ്ത്യാനിയാണു ലോകമനുഷ്യനെക്കാള്‍ അരിഷ്ടനായ മനുഷ്യന്‍. അവന്റെ ആന്തരിക ജീവിതം ഞെരുക്കമുള്ള വഴിയാണ്. അതേസമയം പൂര്‍ണ മനസ്‌കനായ ഒരു ശിഷ്യനാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനും സന്തുഷ്ടനുമായ മനുഷ്യന്‍. ആന്തരിക ജീവിതത്തില്‍ ഏറെ വിശാലതയും സ്വാതന്ത്ര്യവും അവന്‍ അറിയുന്നു.

ഇതാണു സത്യം. ഈ ‘സത്യം അറിയുക. സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹ. 8:32).


അധ്യായം 2 :
‘ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?’


”ഭാഗ്യവശാല്‍ അവള്‍… ബോവസിനുള്ള വയലില്‍ ആയിരുന്നു ചെന്നത്” (രൂത്ത് 2:3).

രൂത്ത്- നാല് അധ്യായങ്ങള്‍ ഉള്ള ഒരു കൊച്ചു പഴയനിയമ പുസ്തകം. ഒറ്റയിരിപ്പിനു വായിച്ചു പോകാവുന്ന, ഒരു മോവാബ്യ പെണ്‍കുട്ടിയുടെ ഭാഗ്യത്തിന്റെ ലളിത സുന്ദരമായ കഥയാണത്.

കഥ ആരംഭിക്കുന്നതു കൊടിയ നിര്‍ഭാഗ്യത്തിലാണ്- ക്ഷാമം, തുടര്‍ മരണങ്ങള്‍, അനാഥത്വം, അനിശ്ചിതത്വം എന്നിങ്ങനെ. കഥ അവസാനിക്കുമ്പോഴോ? വീണ്ടെടുപ്പ്, വിവാഹം, ജനനം, അഘോഷം എന്നിങ്ങനെ അനുഗ്രഹ സമൃദ്ധിയിലാണു രൂത്തിന്റെ പുസ്തകത്തിന്റെ പര്യവസാനം.
ദുഃഖത്തില്‍ ആരംഭിച്ച രൂത്തിന്റെ പുസ്തകം സന്തോഷപര്യവസായി ആയതിന്റെ കാരണം കഥയുടെ മധ്യഭാഗത്തില്‍ കഥാകാരന്‍- ശമുവേലാണു രൂത്തിന്റ ചരിത്രം എഴുതിയതെന്നു യെഹൂദാ തല്‍മൂദ്- ഇങ്ങനെ കോറിയിട്ടിരിക്കുന്നു: ‘ഭാഗ്യവശാല്‍ അവള്‍… ബോവസിനുള്ള വയലില്‍ ആയിരുന്നു ചെന്നത്.’

ഭാഗ്യവശാല്‍. അതെ, അതു വെറും ഭാഗ്യമല്ലെങ്കില്‍ മറ്റെന്താണ്? അവള്‍ മോവാബ്യ പെണ്‍കുട്ടിയായിരുന്നതിനാല്‍ ആ പ്രദേശത്തുള്ള ആരെയും അറിയുമായിരുന്നില്ല. ‘ഞാന്‍ ഏതെങ്കിലും വയലില്‍ ചെന്ന് എന്നോടു ദയ കാണിക്കുന്നവരെ ആശ്രയിച്ചു കതിര്‍ പെറുക്കട്ടെ’ എന്ന് അവള്‍ അമ്മാവിയമ്മയോടു ചോദിച്ചപ്പോള്‍ (2:2) നവോമിക്ക് രൂത്തിനോടു തങ്ങളുടെ ചാര്‍ച്ചക്കാരനായ ബോവസിനെക്കുറിച്ചു പറയുകയും അവളെ അങ്ങോട്ടു നയിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല. എന്നാല്‍ നൂറുകണക്കിനു വയലുകള്‍ക്കിടയിലൂടെ അവള്‍ നടന്നു ചെന്നതു കൃത്യമായി ബോവസിന്റെ വയലിലാണ്. അത് അങ്ങനെയങ്ങു സംഭവിച്ചു എന്നേയുള്ളു. ഇംഗ്ലീഷ് ബൈബിളില്‍ she happened to come to that field എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതെ, ഈ സന്തോഷകരമായ യാദൃച്ഛികതയെ വ്യക്തമാക്കാന്‍ മലയാളത്തില്‍ ഒരു വാക്കേയുള്ളു- ‘ഭാഗ്യവശാല്‍.’

ഭാഗ്യം ഒരിക്കലും ഒരാളുടെ അര്‍ഹത(merit)യുടെ അടിസ്ഥാനത്തിലല്ല സംഭവിക്കുന്നത്. രൂത്തിന് ഒരു അര്‍ഹതയും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അന്നത്തെ യെഹൂദാ സമൂഹത്തിനു മുന്നില്‍ ഒട്ടേറെ കുറവുകള്‍ ഉള്ളവളായിരുന്നു അവള്‍. പത്താം തലമുറ പോലും ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന മോവാബ്യരെക്കുറിച്ചുള്ള വിലക്കു തന്നെ അവളുടെ ഒന്നാമത്തെ ന്യൂനത. പുരുഷ മേധാവിത്വം നിലവിലിരുന്ന യെഹൂദാ സമൂഹത്തില്‍ ഒരു സ്ത്രീ ദൈവിക വാഗ്ദാനങ്ങളില്‍ നിന്ന് എന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്നു. പോരെങ്കില്‍ അവള്‍ വിധവ ആണെന്ന വസ്തുതയും അന്നത്തെ സമൂഹത്തിന്റെ കണ്ണില്‍ അവളെ തീര്‍ത്തും അയോഗ്യയാക്കി. ഇതെല്ലാമാണ് അവളുടെ ഇരുണ്ട പൂര്‍വ ചരിത്രം.

ഇതില്‍ നിന്ന് അവള്‍ ചെന്നെത്തിയതോ? മഹാധനികനും പട്ടണ വാതില്ക്കല്‍ പ്രസിദ്ധനുമായ ബോവസിന്റെ ഭാര്യ, യിസ്രായേലിന്റെ ചരിത്രത്തില്‍ എക്കാലത്തും ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന ദാവീദിന്റെ മുതുമുത്തശ്ശി, കര്‍ത്താവായ യേശുക്രിസ്തുവിന്റെ വംശാവലിയിലെ പ്രത്യേക സ്ഥാനം എന്നീ നിലകളിലുള്ള കീര്‍ത്തിയെല്ലാം അവള്‍ക്കു സ്വന്തമായി.

ഈ അപൂര്‍വ സൗഭാഗ്യത്തിനു കാരണമെന്താണ്? ഒരു കൊച്ചു വാക്ക് – ‘ഭാഗ്യവശാല്‍.’

ഒരു വിശ്വാസി ഇന്നു കൈയാളുന്ന ഭാഗ്യാവസ്ഥ രൂത്തിനു ലഭിച്ച സൗഭാഗ്യത്തെക്കാള്‍ എത്ര ശ്രേഷ്ഠം! നാമും ഒരു കാലത്തു ‘യിസ്രായേല്‍ പൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും’ ആയിരുന്നു (എഫെ. 2:12).

എഫെസ്യ ലേഖനം രണ്ടാം അധ്യായത്തില്‍ (രൂത്തിന്റെ കാര്യത്തില്‍ നേരത്തെ ചിന്തിച്ചതുപോലെ) നമ്മുടെ പഴയ അവസ്ഥ, ഇപ്പോഴുള്ള ഭാഗ്യാവസ്ഥ, വരുംകാലങ്ങളില്‍ ലഭ്യമാകുന്ന സൗഭാഗ്യങ്ങള്‍ എന്നിവ മൂന്നു പട്ടികകളായി ഇനം തിരിച്ചു കൊടുത്തിട്ടുള്ളത് ശ്രദ്ധേയമാണ്. ‘മുമ്പേ’, ‘ഇപ്പോള്‍’, ‘ഇനി’ എന്നിങ്ങനെ മൂന്നു കൊച്ചു പ്രയോഗങ്ങള്‍ ഈ അധ്യായത്തില്‍ ആവര്‍ത്തിച്ചു വരുന്നത് ഇതിലേക്കു വെളിച്ചം വീശും.

എഫെസ്യര്‍ രണ്ടാം അധ്യായം രണ്ട്, മൂന്ന്, 11 വാക്യങ്ങളില്‍ മുമ്പേ എന്ന പ്രയോഗം നാം കാണുന്നു: ”നിങ്ങള്‍ മുമ്പേ ഈ ലോകത്തിന്റെ കാലഗതിയെയും… അനുസരിച്ചു നടന്നു” (2:2). ”നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു… കോപത്തിന്റെ മക്കള്‍ ആയിരുന്നു” (2:3). ”അകയാല്‍ നിങ്ങള്‍ മുമ്പേ പ്രകൃതിയാല്‍ ജാതികള്‍ ആയിരുന്നു… അഗ്രചര്‍മ്മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു” (2:11).

കണ്ടോ? നാം അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവര്‍ ആയിരുന്നു. കോപത്തിന്റെ മക്കള്‍ ആയിരുന്നു. പ്രകൃതിയാല്‍ ജാതികള്‍ ആയിരുന്നു. നമുക്ക് ഒരു പ്രതീക്ഷയ്ക്കും വക ഉണ്ടായിരുന്നില്ല. ഇതു നമ്മുടെ കഴിഞ്ഞ കാലം.

പക്ഷേ ഇപ്പോഴോ? ”ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്റെ രക്തത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു. അവന്‍ നമ്മുടെ സമാധാനം” (2:14). ഇപ്പോള്‍ ”കരുണാസമ്പന്നനായ ദൈവം നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹം നിമിത്തം… നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിച്ചു (2:4)- ഇതാണു നമ്മുടെ വര്‍ത്തമാനകാലം.

പക്ഷേ കഴിഞ്ഞില്ല. ഈ സൗഭാഗ്യം ഭാവികാലത്തിലേക്കും കൂടെ നീണ്ടു ചെല്ലുന്നതാണ്. ”വരും കാലങ്ങളില്‍ തന്റെ കൃപയുടെ അത്യന്ത ധനത്തെ കാണിക്കും” (2:6). ”നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ” (2:19).

പ്രകൃതിയാല്‍ ജാതികളും, പ്രകൃതിയാല്‍ കോപത്തിന്റെ മക്കളും ആയിരുന്ന നാം ദൈവത്തിന്റെ ഭവനക്കാര്‍ ആയിത്തീര്‍ന്നതെങ്ങനെ? രൂത്തിന്റെ കാര്യത്തിലെന്നതുപോലെ ‘ഭാഗ്യവശാല്‍’ എന്നല്ലേ മറുപടി പറയുവാന്‍ കഴിയൂ? ഭാഗ്യം അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നു നാം കണ്ടു. അര്‍ഹതയില്ലാത്തിടത്തു ചൊരിയുന്ന ദാനമാണല്ലോ കൃപ. അതുകൊണ്ടു ‘ഭാഗ്യവശാല്‍’ എന്ന പഴയ നിയമ പ്രയോഗത്തെ പുതിയനിയമ ഭാഷയില്‍ നമുക്കു ‘കൃപയാല്‍’ എന്നു മാറ്റി വിളിക്കാം. പഴയ നിയമ ഭക്തനായ ദാവീദ് ‘ഭാഗ്യവാന്മാര്‍’ എന്നു വിളിക്കുന്നവരെ പുതിയ ഉടമ്പടിയില്‍ പൗലൊസ് ‘കൃപ’ ലഭിച്ചവര്‍ എന്നു പേരുമാറ്റി വിളിക്കുന്നതു ഇവിടെ ഓര്‍ക്കുക (റോമര്‍ 4:4-9 വചനങ്ങള്‍ ശ്രദ്ധിക്കുക).

ചുരുക്കത്തില്‍ നമുക്കു പ്രശംസിക്കുവാന്‍ ഒന്നുമില്ല. എല്ലാം ദൈവത്തിന്റെ കൃപയാണ്. നമുക്ക് ഒരു അര്‍ഹതയും ഉണ്ടായിരുന്നില്ല. ‘ഒരു അര്‍ഹതയും ഇല്ലായിരുന്നു’ എന്നതു മാത്രമാണു കൃപയ്ക്കുള്ള നമ്മുടെ അര്‍ഹത. ദൈവകൃപ നമ്മെ തേടി വന്നു. രക്ഷിച്ചു. നടത്തുന്നു. അക്കരെ കൊണ്ടു ചെന്ന് എത്തിക്കും.

അപ്പോള്‍ പിന്നെ ഈ രക്ഷണ്യ പ്രവൃത്തിയില്‍ നമുക്കൊരു പങ്കാളിത്തവുമില്ലേ? നമ്മുടെ ഉത്തരവാദിത്തം രക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ദൈവകൃപയോടുള്ള ബന്ധത്തില്‍ എന്താണ്? ദൈവമാണ് എല്ലാം ചെയ്യുന്നതെങ്കില്‍ ഇതില്‍ നമ്മുടെ സഹകരണവും പങ്കാളിത്തവും എന്താണ്?

സത്യം രണ്ടു ചിറകുള്ള ഒരു പക്ഷിയെപ്പോലെയാണെന്നും സത്യത്തിന്റെ രണ്ടു വശങ്ങളും ഒരുപോലെ ഊന്നല്‍ നല്‍കി പറയാതിരുന്നാല്‍ നാം തെറ്റിപ്പോകുമെന്നും ഒരു ദൈവഭൃത്യന്‍ പറയാറുള്ളത് ഓര്‍ത്തു പോകുന്നു. ദൈവകൃപ എല്ലാം ചെയ്യുന്നു എന്നു പറയുമ്പോള്‍ തന്നെ ഇക്കാര്യത്തിലുള്ള നമ്മുടെ ഉത്തരവാദിത്തവും സഹകരണവും കാണാതെ പോകരുത്. ഒരൊറ്റ അധ്യായം മാത്രമുള്ള യൂദയുടെ ലേഖനത്തിലെ രണ്ടു വാക്യങ്ങള്‍ ഇതിനോടുള്ള ബന്ധത്തില്‍ പ്രസക്തമാണ്. 24-ാം വാക്യത്തില്‍ യൂദ ദൈവകൃപയാണ്, ദൈവമാണു നമ്മെ വീഴാതെ നിര്‍ത്തുന്നതെന്നും അക്കരെ കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും പറയുന്നു. ”വീഴാതെ വണ്ണം നിങ്ങളെ സൂക്ഷിച്ചു തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിര്‍ത്തുവാന്‍ ശക്തിയുള്ളവന്‍” എന്നു ദൈവത്തെ യൂദ വിശേഷിപ്പിക്കുന്നു. എന്നാല്‍ ഈ വസ്തുത നൂറു ശതമാനം ശരിയായിരിക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ ഉത്തരവാദിത്തത്തെ യൂദ ഇങ്ങനെ ഊന്നി പറയുന്നു: ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും കൊണ്ട് ദൈവസ്‌നേഹത്തില്‍ നിങ്ങളെ തന്നെ സൂക്ഷിച്ചു കൊള്‍വിന്‍” (21-ാം വാക്യം). നോക്കുക: ദൈവമാണു വീഴാതെ വണ്ണം നമ്മെ സൂക്ഷിക്കുന്നത് (able to keep us). അപ്പോള്‍ തന്നെ ദൈവസ്‌നേഹത്തില്‍ നാം നമ്മെത്തന്നെ സൂക്ഷിക്കേണ്ടതുണ്ട് (keep yourselves).

യൂദ ഇത്രയും സന്തുലതയോടെ രണ്ടു വശവും ഒരുപോലെ ഊന്നിപ്പറയുവാന്‍ കാരണമുണ്ട്. കാരണം ‘നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്‌കാമ വൃത്തിക്കു ഹേതുവാക്കി യേശുക്രിസ്തുവിനെ ഫലത്തില്‍ നിഷേധിക്കുന്ന ചിലര്‍ അന്നു സഭയില്‍ നുഴഞ്ഞുവന്നിരുന്നു'(യൂദ 4). ദൈവകൃപയെ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണുന്നവര്‍. (perverting the grace of our God in to licentiousness).

ഒന്നാം നൂറ്റാണ്ടില്‍ സംഭവിച്ചത് അന്ത്യകാലത്തു ഇന്നു വീണ്ടും സംഭവിക്കുന്നത് ക്രിസ്തീയ ഗോളത്തിലെ പുതിയ പഠിപ്പിക്കലുകളെ ശ്രദ്ധിച്ചാല്‍ നമുക്കു കാണാന്‍ കഴിയും. പാപം ചെയ്താല്‍ പോലും മാനസാന്തരപ്പെടുകയോ ഏറ്റു പറയുകയോ വേണ്ടെന്നും പാപം ചെയ്യുന്ന ഒരു വിശ്വാസി പാപത്തിലേക്കല്ല ദൈവകൃപയിലേക്കാണു വീഴുന്നതെന്നതിനാല്‍ അനുതാപം വേണ്ടെന്നുമുള്ള പഠിപ്പിക്കലുകള്‍ ഇന്നു വ്യാപകമാണ്. എന്നാല്‍ ഇതേപ്പറ്റി യോഹന്നാന്‍ അപ്പൊസ്തലന്‍ വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: ”നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ അവന്‍ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു… ശുദ്ധീകരിക്കാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1യോഹ. 1:9). തീര്‍ച്ചയായും ദൈവകൃപ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു കാര്യങ്ങളെ യഥാസ്ഥാനത്താക്കും. പക്ഷേ അതിനുള്ള വ്യവസ്ഥ ‘നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ … (If we confess our sins…)’ എന്നതാണ്.

പൗലൊസ് അപ്പൊസ്തലനും കൃപയെ ലൈസന്‍സായി കാണുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്: ”ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്” ”ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിനു പാപം ചെയ്തു കൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്” (റോമര്‍ 6:15,1,2).

പത്രൊസ് അപ്പൊസ്തലന്റെ നിലപാടും വ്യത്യസ്തമല്ല. വരുവാനിരിക്കുന്ന കൃപയെക്കുറിച്ചും (1:10), വരുവാനുള്ള കൃപയെക്കുറിച്ചും (1:13) പറഞ്ഞുകൊണ്ട് തന്റെ ആദ്യലേഖനം ആരംഭിക്കുന്ന പത്രൊസ് തന്റെ രണ്ടാം ലേഖനത്തിലേക്കു വരുമ്പോള്‍ കൃപയെ ലൈസന്‍സായി കാണുന്ന പ്രവണതകള്‍ക്കെതിരെ യൂദയെപ്പോലെ ശക്തമായി പ്രതികരിക്കുന്നുണ്ട് (2:1-3). അന്നു കൃപയെ ലൈസന്‍സാക്കുന്നവരുടെ എണ്ണം പെരുകിയതു കൊണ്ടാകണം വ്യാജകൃപയില്‍ നിന്നു യഥാര്‍ത്ഥ കൃപയെ തിരിച്ചറിയുവാന്‍ ദൈവവചന പ്രകാരമുള്ള കൃപയെ പത്രൊസ് സത്യകൃപ (true grace) എന്നൊരു പ്രത്യേക പേരിട്ടു വിളിക്കുന്നത് (1 പത്രൊ. 5:12).

നോക്കുക: ഒന്നാം നൂറ്റാണ്ടില്‍ തന്നെ ‘കൃപയിലാണ് ഇനി എങ്ങനെയും ജീവിക്കാം’ എന്ന ചിന്തയ്‌ക്കെതിരെ യോഹന്നാന്‍, പൗലൊസ്, പത്രൊസ്, യൂദ എന്നിവരെല്ലാം കര്‍ശനമായ മുന്നറിയിപ്പു നല്‍കുന്നു: ദൈവകൃപ എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. കൃപയില്‍ നില്ക്കാനും ദൈവകൃപയോടു സഹകരിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്.

ഇവിടെ ഒരു സംശയം വരാം. നമുക്കും ഇതില്‍ ഒരു പങ്കാളിത്തവും പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ പ്രവൃത്തിയല്ല കൃപയാണ് എല്ലാം ചെയ്യുന്നതെന്നു പറയുന്നതില്‍ ഒരു വൈരുദ്ധ്യമില്ലേ എന്നാണു ചിലരുടെ സംശയം. പൗലൊസ് ഇതിനു മറ്റൊരു സന്ദര്‍ഭത്തില്‍ ഒരു മറുപടി നല്‍കുന്നുണ്ട്. പൗലൊസ് സ്വന്ത അനുഭവം ഇങ്ങനെ പറയുന്നു: ”ഞാന്‍ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല്‍ ഞാനല്ല എന്നോടു കൂടെയുള്ള ദൈവകൃപയത്രേ” (1 കൊരി. 15:10). അദ്ധ്വാനിച്ചതു പൗലൊസാ ണ്; അല്ല പൗലൊസിനോടു കൂടെയുള്ള ദൈവകൃപയാണ്. അപ്പോള്‍ അദ്ധ്വാനിച്ച പൗലൊസ് കൃപയുടെ കരത്തില്‍ ഒരു ഉപകരണം മാത്രമായിരുന്നു. അതുകൊണ്ടു പൗലൊസ് അവിടെ തന്നെ ഇങ്ങനെ വിശദീകരിക്കുന്നു: ”ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു. എന്നോടുള്ള അവന്റെ കൃപ വ്യര്‍ഥമായതുമില്ല.”

ഈ കാര്യത്തെ ഇങ്ങനെ വിശദീകരിക്കാം: എല്ലാം ചെയ്തതു ദൈവകൃപയാണ്. അപ്പോള്‍ തന്നെ തന്നിലുള്ള ദൈവകൃപയെ വ്യര്‍ഥമാക്കാ തെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം പൗലൊസിനുണ്ടായിരുന്നു.

നമുക്കു നമ്മെത്തന്നെ ദൈവസ്‌നേഹത്തിലും ദൈവകൃപയിലും സൂക്ഷിപ്പാനുള്ള ഇച്ഛയും അതിനു വേണ്ട പ്രവൃത്തിയും നല്‍കുന്നത് ദൈവമാണെന്നു പൗലൊസ് മറ്റൊരിടത്തു പറയുന്നു (ഫിലി. 2:13). ‘ദൈവത്തില്‍ നിന്നു ലഭിച്ചതല്ലാതെ നമുക്ക് എന്തുള്ളു?’ – പൗലൊസിന്റെ തന്നെ വാക്കുകള്‍. ”ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?” (1കൊരി. 4:7). ഉവ്വ്, നമുക്ക് ഒന്നും പ്രശംസിക്കുവാനില്ല. എല്ലാ പുകഴ്ചയും മഹത്വവും ആത്യന്തികമായി ദൈവത്തിനു തന്നെ.

പൗലൊസിന്റെ വാക്കുകള്‍കൊണ്ടു തന്നെ ഈ ചിന്തകള്‍ അവസാനിപ്പിക്കുന്നതായിരിക്കും ഭംഗി. ”സകലവും അവനില്‍ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ. അവന് എന്നേക്കും മഹത്വം. ആമേന്‍” (റോമ. 11:36).

അധ്യായം 3 :
നാം അവനാല്‍ ജീവിക്കേണ്ടതിന്


ദൈവം തന്റെ ഏകജാതനായ പുത്രനെ ഈ ഭൂമിയില്‍ അയച്ചത് എന്തിനാണ്?

ഈ ചോദ്യത്തിനു മറുപടിയായി പ്രശസ്തമായ ഒരു വാക്യം നമ്മുടെ ഓര്‍മ്മയിലേക്കു പെട്ടെന്നു വരും. ഉവ്വ്, നിങ്ങള്‍ പറയാന്‍ തുടങ്ങിയതു തന്നെ. യോഹന്നാന്‍ 3:16,17: ”തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ അത്രയ്ക്കു സ്‌നേഹിച്ചു… ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചത്… ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.”

എന്നാല്‍ ദൈവം തന്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്ക് അയച്ചത് എന്തിനെന്നു പറയുന്ന അത്ര പ്രശസ്തമല്ലാത്ത മറ്റൊരു വാക്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? 1 യോഹന്നാന്‍ 4:9: ‘ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു…”

ആദ്യവാക്യം പറയുന്നു: ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തില്‍ അയച്ചതു ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനാണെന്ന്.

രണ്ടാമത്തെ വാക്യം പറയുന്നത് നാം അവനാല്‍ ജീവിക്കേണ്ടതിനാണു ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചതെന്നാണ്.

ദൈവം തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു എന്നതാണു മാനവരാശിയെ സംബന്ധിച്ച ഏറ്റവും വലിയ സദ്വാര്‍ത്ത (goodnews)- സുവിശേഷം. എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ടു വാക്യങ്ങളും ഒരുപോലെ സ്വീകരിച്ചാല്‍ മാത്രമേ അതൊരു സമ്പൂര്‍ണ സുവിശേഷ(full gospel)മാകുകയുള്ളു. പലരും ‘രക്ഷിക്കപ്പെടുക’ എന്ന ആദ്യവാക്യം മാത്രം ഗൗരവമായെടുക്കുന്നു. അതുമാത്രം പ്രഘോഷിക്കുന്നു. ‘അവനാല്‍ ജീവിക്കുക’ എന്ന രണ്ടാം വാക്യം അവര്‍ ശ്രദ്ധിക്കുന്നില്ല. ഗൗരവമായെടുക്കുന്നില്ല. ഫലം അവരുടേത് ഒരു ഭാഗിക സുവിശേഷം മാത്രമാണ്; ദൈവഹിതത്തിന്റെ പൂര്‍ണതയിലേക്ക് അവര്‍ എത്തുന്നില്ല. അവര്‍ ചിന്തിക്കുന്നത് രക്ഷിക്കപ്പെടുന്നതാണു പ്രധാനം. അതിനല്ലേ ഊന്നല്‍ കൊടുക്കേണ്ടത് എന്നാണ്. എന്നാല്‍ രക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ദിവസങ്ങളും പ്രധാനമല്ലേ?

ഒരു ഉദാഹരണം ഇങ്ങനെ ചിന്തിക്കാം: വിവാഹജീവിതത്തില്‍ ഏതാണു പ്രധാനം. വിവാഹദിനമോ തുടര്‍ന്നുള്ള ദിവസങ്ങളോ? രണ്ടും ഒരുപോലെ പ്രധാനമല്ലേ? വിവാഹ ദിവസത്തിനു കൊടുക്കുന്ന പ്രാധാന്യം പലരും തുടര്‍ന്നുള്ള ദിവസങ്ങള്‍ക്കു നല്‍കാറില്ല. എന്നാല്‍ മുന്നോട്ടുള്ള ജീവിതവും പ്രധാനമാണ്. ‘ഒരു ദിവസത്തെ ആഘോഷം’ മാത്രമായി വിവാഹത്തെ കണ്ടാല്‍ ആ ബന്ധം പരാജയപ്പെട്ടു പോകും. സംശയമില്ല.

ക്രിസ്തീയ ജീവിതവും ഇതുപോലെയാണ്. ആദ്യമായി രക്ഷിക്കപ്പെടുന്നതും തുടര്‍ന്നുള്ള ക്രിസ്തീയ ജീവിതവും ഒരുപോലെ പ്രധാനമാണ്. പാപിയായ ഒരുവന്‍ യേശുകര്‍ത്താവിനെ രക്ഷകനും നാഥനുമായി വിശ്വാസത്തോടെ ജീവിതത്തില്‍ സ്വീകരിക്കുന്നതിനെയാണല്ലോ സാധാരണയായി രക്ഷിക്കപ്പെടുക എന്നു പറയുന്നത് (റോമര്‍ 10:9). എന്നാല്‍ അപ്പോള്‍ നമ്മുടെ ആത്മാവു മാത്രമാണു ജീവിപ്പിക്കപ്പെടുന്നത് (എഫെസ്യ 2:5; 4:23). ആത്മാവും ദേഹിയും ദേഹവും എന്ന മനുഷ്യനിലെ ത്രിത്വത്തില്‍ (1 തെസ്സ. 5:23). ആത്മാവ് വീണ്ടെടുക്കപ്പെട്ടു. (രക്ഷയുടെ ഭൂതകാലം). മറ്റു രണ്ടു ഘടകങ്ങളോ? ഇതില്‍ ദേഹത്തിന്റെ വീണ്ടെടുപ്പു ഭാവിയില്‍ കര്‍ത്താവിന്റെ രണ്ടാം വരവിലാണു സംഭവിക്കുക (1 യോഹ. 3:2; ഫിലി. 3:21). എന്നാല്‍ ദേഹിയുടെ (പ്രാണന്റെ) വീണ്ടെടുപ്പ് ഇന്നു വര്‍ത്തമാനകാലത്തില്‍ ദിനന്തോറും സംഭവിച്ചുകൊണ്ടിരിക്കണം (റോമര്‍ 5:10).

സുവിശേഷ വിഹിത സഭകളെല്ലാം രക്ഷയുടെ മൂന്നു കാലങ്ങളെക്കുറിച്ച് ഇങ്ങനെയെല്ലാം പഠിപ്പിക്കാറുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ രക്ഷയുടെ ഭൂതകാലത്തിനും (ആത്മാവു രക്ഷിക്കപ്പെട്ടു) ഭാവികാലത്തിനും (ദേഹം തേജസ്‌കരിക്കപ്പെടും) നല്‍കുന്ന പ്രാധാന്യം രക്ഷയുടെ വര്‍ത്തമാനകാലത്തിനു (ദേഹി രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുക) നല്‍കാറുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ദേഹിയിലാണല്ലോ അവന്റെ ചിന്തയും (മനസ്സ്) വികാരങ്ങളും ഇച്ഛാശക്തിയും ഉള്‍ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ രക്ഷയുടെ ഈ വര്‍ത്തമാന കാലത്തിന് (ദേഹി രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുക) ഊന്നല്‍ നല്‍കിയില്ലെങ്കില്‍ ഭൂതകാലത്തില്‍ കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചു രക്ഷിക്കപ്പെട്ട ഒരു വിശ്വാസിക്ക് ഇന്നു ദൈവത്തിനു പ്രസാദകരമായ മാതൃകാപരമായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ കഴിയുകയില്ലെന്നതു വ്യക്തമല്ലേ? ചിന്തയിലും വികാരത്തിലും ഇച്ഛയിലും ഒരു പുതുക്കത്തിനു ഗൗരവം കൊടുക്കാത്ത വിശ്വാസികളും അവരുടെ നേതാക്കളും ഇന്നു ക്രിസ്തീയ ഗോളത്തില്‍ ഒട്ടേറെയാണെന്നതും നിര്‍ഭാഗ്യകരമായ ഒരു സത്യമല്ലേ?

എന്തുകൊണ്ടാണ് ആത്മാവിന്റെ രക്ഷയെ ഉറപ്പാക്കിയ വിശ്വാസികള്‍ ദേഹിയുടെ വര്‍ത്തമാനകാല രക്ഷയില്‍ ഉദാസീനരായിത്തീരുന്നത്? ‘അവനാല്‍ ജീവിക്കുക’യെന്നത് സാധ്യമാണെന്നു വിശ്വസിക്കാത്തതാണ് ഇതിനു പ്രധാന കാരണം. ‘നാം അവനാല്‍ ജീവിക്കേണ്ടതിനാണു ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചത്’ എന്നാണല്ലോ നാം നേരത്തെ 1 യോഹന്നാന്‍ 4:9-ല്‍ കണ്ടത്. വര്‍ത്തമാനകാല ദേഹീരക്ഷയെക്കുറിച്ചു പറയുന്ന വാക്യത്തിലും ‘അവന്റെ ജീവനാലാ’ണ് അധികമായി രക്ഷിക്കപ്പെടുകയെന്നു പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക (റോമര്‍ 5:10). എന്നാല്‍ യേശുവിന്റെ ജീവനെ (ജീവിതത്തെ) സംബന്ധിച്ചു പിശാച് ഇന്ന് അനേകം വിശ്വാസികളുടെയും കണ്ണു കുരുടാക്കിയിരിക്കുകയാണ്. അവിടുത്തെ മരണത്തെ അവര്‍ ഗൗരവമായി എടുക്കുന്നു. എന്നാല്‍ തന്റെ ജീവിതത്തെ അവര്‍ ശ്രദ്ധിക്കുന്നില്ല.

ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചതു കേവലം ക്രൂശില്‍ മരിക്കുവാന്‍ മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അവിടുത്തെ മുപ്പത്തി മൂന്നര വര്‍ഷത്തെ ഭൂമിയിലെ ജീവിതം എന്തിനു വേണ്ടിയായിരുന്നു? അപ്പോള്‍ അവിടുത്തെ ജീവിതവും തന്നില്‍ പ്രകടമായ ജീവന്റെ പ്രത്യക്ഷതയും അവിടുത്തെ മരണം പോലെ തന്നെ പ്രധാനമാണെന്നു കാണാം.

ഭൂതകാല രക്ഷയില്‍ യേശുവിന്റെ ക്രൂശുമരണത്തിലാണ് ഊന്നല്‍. തന്റെ പാപങ്ങളുടെ പരിഹാരത്തിനായി യേശു കാല്‍വറിയില്‍ മരിച്ചു എന്നതു വിശ്വാസത്താല്‍ ഏറ്റെടുക്കുമ്പോളാണല്ലോ ഒരു പാപി രക്ഷിക്കപ്പെടുക. ഭാവികാല രക്ഷയിലാകട്ടെ യേശുവിന്റെ രണ്ടാം വരവാണു പ്രസക്തം. എന്നാല്‍ വര്‍ത്തമാനകാല ദേഹീരക്ഷയില്‍ യേശുവിന്റെ ജീവിതമാണു നമുക്കു മാതൃക. ഇന്നു വര്‍ത്തമാനകാല രക്ഷയില്‍ നാം മനസ്സു പുതുക്കി രൂപാന്തരപ്പെടുന്നത് എന്തിലേക്കാണ്? അവിടെ നമ്മുടെ ലക്ഷ്യം യേശുവിന്റെ സ്വഭാവമാണ്. അവന്റെ സ്വഭാവത്തോട് അനുരൂപരാകുന്നതാണു വര്‍ത്തമാനകാല രക്ഷയുടെ പൂര്‍ണത (റോമര്‍ 8:29). പൂര്‍ണമായി എത്തിയില്ലെങ്കിലും അതിലേക്ക് ആയാനാണു (press on) നമ്മുടെ വിളി (ഫലി. 3:12-14). നമ്മുടെ മുന്നോടി (forerunner) മറ്റാരുമല്ല കര്‍ത്താവാണ് (എബ്രാ. 6:20). വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ ഈ യേശുവിനെ നോക്കിയാണു നാം സ്ഥിരതയോടെ ഓടേണ്ടത് (എബ്രാ. 12:2). കണ്ടോ, നമ്മുടെ ദേഹിയുടെ വര്‍ത്തമാനകാല രക്ഷ സാധിത പ്രായമാക്കുന്നതില്‍ യേശുവിന്റെ ജിവിതം എത്ര പ്രധാനമാണ്! ഉവ്വ്, ‘നാം അവനാല്‍ ജീവിക്കേണ്ടതിനാണു ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചത്’ (1യോഹ. 4:9). അതേ, ‘അവന്റെ ജീവനാല്‍ നാം എത്ര അധികമായി രക്ഷിക്കപ്പെടും!’ (റോമ. 5:10).

യേശുവിന്റെ ഭൂമിയിലെ ജീവിതത്തെപ്പറ്റി യോഹന്നാന്‍ പറയുന്നത് ഇങ്ങനെയാണ്: ”വചനം ജഡമായി തീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു” (യോഹ. 1:14). വാക്യം ഇംഗ്ലീഷില്‍- അവന്‍ നമ്മുടെ ഇടയില്‍ കൂടാരം അടിച്ചു (മേയലൃിമരഹലറ മാീിഴ ൗ)െ എന്നാണ് ഒരു വിവര്‍ത്തനത്തില്‍. തുടര്‍ന്ന് അതേ വാക്യത്തില്‍ ”ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്നും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ‘കൂടാരം അടിച്ചു,’ ‘തേജസ്സു കണ്ടു’ തുടങ്ങിയ പ്രയോഗങ്ങളെല്ലാം നമ്മെ പെട്ടെന്നു സമാഗമന കൂടാരത്തെ ഓര്‍മ്മിപ്പിക്കും. സമാഗമന കൂടാരത്തിനു മൂന്നു ഭാഗങ്ങളാണല്ലോ ഉണ്ടായിരുന്നത്- പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം. ഇതില്‍ അതിവിശുദ്ധ സ്ഥലത്താണു ദൈവത്തിന്റെ സാന്നിദ്ധ്യമുള്ളത്. മനുഷ്യനും മൂന്നു ഘടകങ്ങളാണുള്ളത് ദേഹം, ദേഹി, ആത്മാവ് (1 തെസ്സ. 5:23). ഇതില്‍ ആത്മാവിലാണു ദൈവസാന്നിധ്യം. ദൈവത്തിന്റെ ആത്മാവു നമ്മുടെ ആത്മാവിലാണു വസിക്കുന്നത് (യോഹ. 4:24). ആത്മീയനായ ഒരുവനില്‍ അവന്റെ വ്യക്തിത്വത്തിലെ മൂന്നു ഘടകങ്ങളില്‍ ആത്മാവിനായിരിക്കും നായകത്വം. മറ്റു രണ്ടു ഘടകങ്ങളും- ദേഹിയും ദേഹവും- ആത്മാവിനെ അനുസരിച്ചും കീഴ്‌പ്പെട്ടുമാണു പ്രവര്‍ത്തിക്കേണ്ടത് (റോമ. 8:14). യേശുവില്‍ നൂറു ശതമാനവും അങ്ങനെയായിരുന്നു. അപ്പോള്‍ തന്നെ തനിക്കു നല്ലതെന്നു തോന്നിയ കാര്യങ്ങള്‍ സ്വന്ത ഇഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള പ്രലോഭനം നമ്മെപ്പോലെ യേശുവിനും ഉണ്ടായിരുന്നു (എബ്രാ. 4:15). എന്നാല്‍ ആ സ്വന്ത ഇഷ്ടത്തെ അവിടുന്നു നിഷേധിച്ചു (യോഹ. 6:38; ലൂക്കൊ. 22:42). ഇതിനെ എബ്രായ ലേഖനകാരന്‍ യേശു തന്റെ ദേഹം എന്ന തിരശ്ശീല ചീന്തി നമുക്കു വേണ്ടി ദൈവസാന്നിധ്യത്തിന്റെ അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുവാന്‍ ഒരുക്കിയ ജീവനുള്ള പുതുവഴിയാണെന്നു വിവരിച്ചിരിക്കുന്നു (10:19-21). യേശു പ്രാണനെ വിട്ടപ്പോള്‍ വിശുദ്ധ സ്ഥലത്തേയും അതിവിശുദ്ധ സ്ഥലത്തേയും വേര്‍തിരിച്ചിരുന്ന തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയതിന്റെ (മത്താ. 27:51) യാഥാര്‍ത്ഥ്യം, യേശു സ്വന്ത ഇഷ്ടത്തെ നിഷേധിച്ചു പിതാവിന്റെ ഇഷ്ടം ചെയ്തപ്പോള്‍ ഉള്ളില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതയാണെന്നും (എബ്രാ. 10:5-7; 1 പത്രൊ. 4:1,2) അവിടുന്ന് ഉദ്ഘാടനം ചെയ്ത ഇതേ വഴിയിലൂടെ നമുക്കും നിരന്തരം ദേഹിയില്‍ നിന്ന് ആത്മാവിലേക്കു പ്രവേശിച്ച് അവിടെയുള്ള ദൈവസാന്നിധ്യത്തില്‍ വസിക്കാന്‍ കഴിയുമെന്നും (എബ്രാ. 5:7-9) ദൈവവചനം വിശദമാക്കുന്നു. ഇതു ദൈവഭക്തിയുടെ ഒരു ‘വലിയ രഹസ്യമാണെന്നു പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക (1 തിമൊഥ. 3:16). പൗലൊസ് അതു വിവരിക്കുന്നത് ഇങ്ങനെ: യേശു ജഡത്തിലാണു വന്നത്. പക്ഷേ അവിടുത്തേക്കു ജഡം ഉണ്ടായിരുന്നെങ്കിലും ജഡത്തില്‍ സ്വന്ത ഇഷ്ടം ചെയ്യാതെ ആത്മാവിനെ നിര്‍മലമായി സൂക്ഷിച്ചു. നമുക്കും ഇതേ വഴിയിലൂടെ സ്വന്ത ഇഷ്ടത്തെ നിഷേധിച്ചു പാപത്തിന്റെ മേല്‍ ജയത്തോടെ ആത്മാവില്‍ ദൈവസാന്നിധ്യത്തില്‍ ആയിരിപ്പാന്‍ കഴിയും. ദൈവഭക്തിയുള്ള ഒരു ജീവിതത്തിന്റെ ഈ മര്‍മ്മം ദൈവം ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കാണു വെളിപ്പെടുത്തുക (മത്താ. 11:25).

ദേഹം, ദേഹീ, ആത്മാവ്. പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം. വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധസ്ഥലത്തിനും (ദേഹിക്കും ആത്മാവിനും) ഇടയില്‍ സ്വന്ത ഇഷ്ടത്തിന്റെ തിരശ്ശീല. അതു ചീന്തി വിശുദ്ധ സ്ഥലത്തു നിന്ന് അതിവിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശനം. ഈ പറഞ്ഞ കാര്യങ്ങളുടെ എല്ലാം പശ്ചാത്തലത്തില്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ മൂന്നു അവസ്ഥകളെ പലതായി തിരിച്ചു പഠിക്കുവാന്‍ കഴിയും.

സമാഗമന കൂടാരത്തില്‍ പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം എന്നീ മൂന്നു സ്ഥലങ്ങളിലും ആയിരുന്ന പഴയ നിയമ ആരാധകരെപ്പോലെ ഇന്നു പുതിയ നിയമ കാലഘട്ടത്തില്‍ വിശ്വാസികളെ ജഡികര്‍, ദേഹീപരര്‍, ആത്മീയര്‍ എന്നു മൂന്നു നിലയില്‍ തിരിക്കാമെന്നു അപ്പൊസ്തലനായ പൗലൊസ് കൊരിന്തിലുള്ളവരോട് വിശദീകരിക്കുന്നു (1കൊരി. 2:14,15; 3:1,3). നാം ഇന്ന് ഇതില്‍ എവിടെ നില്ക്കുന്നു? പ്രാകാരത്തിലോ, വിശുദ്ധസ്ഥലത്തോ, അതിവിശുദ്ധ സ്ഥലത്തോ? നാം ജഡികരായ ക്രിസ്ത്യാനികളോ, ദേഹീപരരോ, അതോ ആത്മീയരോ? യേശു ഉദ്ഘാടനം ചെയ്ത വഴിയിലൂടെ സ്വന്ത ഇഷ്ടത്തിന്റെ തിരശ്ശീല കീറി വിശുദ്ധ സ്ഥലത്തു നിന്നു ദൈവത്തിന്റെ നിറസാന്നിധ്യമുള്ള അതിവിശുദ്ധ സ്ഥലത്തേക്കു നമുക്കിന്നു ചുവടു വയ്ക്കാമല്ലോ. ജഡികരോ ദേഹീപരരോ ആയ ക്രിസ്ത്യാനികളായി ജീവിതം പാഴാക്കാതെ ആത്മീയരായി നമുക്കിന്നു മാറാമല്ലോ.

പ്രാകാരത്തിലുള്ളവരും പാപക്ഷമ ലഭിച്ചവരാണ്. വിശുദ്ധ സ്ഥലമാകട്ടെ, തിരക്കേറിയ പ്രവര്‍ത്തനങ്ങളുടെയും ശുശ്രൂഷകളുടെയും സ്ഥലം. അതിവിശുദ്ധ സ്ഥലം ദൈവത്തോടുള്ള കൂട്ടായ്മയുടെ ഇടമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു തരത്തിലും ഇന്നത്തെ വിശ്വാസികളെ മൂന്നായി തിരിക്കാമെന്നു തോന്നുന്നു. പാപക്ഷമ ലഭിച്ചതില്‍ തൃപ്തിപ്പെട്ടു (യാഗപീഠം പ്രാകാരത്തിലാണല്ലോ സ്ഥിതി ചെയ്യുന്നത്) കഴിയുന്നവര്‍. അവിടെ നിന്നും മുന്നോട്ടു പോയി വൈകാരിക, മാനസിക, കഴിവുകള്‍ കൊണ്ടു ദൈവത്തെ ശുശ്രൂഷിച്ചു വിശുദ്ധ സ്ഥലത്തു പ്രവര്‍ത്തന നിരതരായവര്‍. പക്ഷേ അവരും ആത്മീയരാകുന്നില്ല. സ്വന്ത ഇഷ്ടത്തിന്റെ തിരശ്ശീല ചീന്തി അതിവിശുദ്ധ സ്ഥലത്തെത്തി ദൈവത്തോടുള്ള കൂട്ടായ്മ അനുഭവിക്കുന്ന ആത്മീയര്‍ എപ്പോഴും ന്യൂനപക്ഷമാണ്. സുഹൃത്തേ, നിങ്ങള്‍ ഇതില്‍ എവിടെ നില്ക്കുന്നു? പാപക്ഷമ ലഭിച്ചവര്‍, ശുശ്രൂഷിക്കുന്നവര്‍, കൂട്ടായ്മ അനുഭവിക്കുന്നവര്‍– ഇതില്‍ താങ്കള്‍ ഏതു ഗണത്തില്‍ പെടുന്നു?

നന്ദി, സ്തുതി, ആരാധന- ക്രിസ്തീയ ലോകത്തു പ്രചാരമുള്ള ത്രിവിധ പ്രയോഗങ്ങളാണ്. ഇവയെയും പ്രാകാരം, വിശുദ്ധസ്ഥലം, അതിപരിശുദ്ധ സ്ഥലം എന്നിവയോടു ബന്ധപ്പെടുത്തി ചിന്തിക്കാന്‍ കഴിയും. ദൈവത്തിന്റെ വീണ്ടെടുപ്പിലും അവിടുന്നു തന്ന ഭൗതികാനുഗ്രഹങ്ങളിലും നന്ദിയുള്ളതു നല്ല കാര്യമാണെങ്കിലും അതു പ്രാകാരത്തിന്റെ അനുഭവം മാത്രമേ ആകുന്നുള്ളു. ദൈവത്തെ ദൈവമെന്നു കണ്ടു സ്തുതിക്കുന്നത് അവിടെ നിന്നും ഒരുപടി മുന്‍പിലേക്ക്- വിശുദ്ധ സ്ഥലത്തേക്ക്- ഉള്ള ചുവടു വയ്പാണ്. പക്ഷേ അതുകൊണ്ടും തൃപ്തിപ്പെടരുത്. നാം യഥാര്‍ത്ഥ ആരാധകരാകണം. ആരാധന ഇന്നു ക്രിസ്തീയ സമൂഹം വിചാരിക്കുന്നതിലും വ്യത്യസ്തമായ ഒന്നാണെന്നു യോഹന്നാന്‍ 4:23,24, റോമര്‍ 12:1,2 എന്നീ വചനങ്ങള്‍ ചേര്‍ത്തു ചിന്തിച്ചാല്‍ മനസ്സിലാകും. ദൈവം ആത്മാവാകുന്നു. ദൈവാത്മാവു നമ്മുടെ ആത്മാവിലാണു വസിക്കുന്നത്. യഥാര്‍ത്ഥ ആരാധകന്‍ തന്റെ ആത്മാവിലുള്ള ദൈവത്തെ നമസ്‌കരിക്കുന്നതാണു സത്യത്തിലുള്ള (യഥാര്‍ത്ഥമായ-ൃലമഹ) ആരാധനയെന്നാണു യേശു ശമര്യക്കാരിയോടു പറഞ്ഞത്. ആത്മാവിലേക്കു കടന്നു ദൈവത്തെ ആരാധിക്കണമെങ്കില്‍ ദേഹിക്കും (വിശുദ്ധസ്ഥലം) ആത്മാവിനും (അതിവിശുദ്ധസ്ഥലം) ഇടയിലുള്ള തിരശ്ശീല ചീന്തപ്പെടേണ്ടതുണ്ട്. ഇതു ഒരു യാഗംപോലെ യുള്ള വേദനാജനകമായ ഒരു കാര്യമാണ്. നമ്മുടെ അവയവങ്ങളെ സ്വന്ത ഇഷ്ടത്തിന് ഉപയോഗിക്കാതെ ദൈവേഷ്ടത്തെപ്രതി യാഗമായി സമര്‍പ്പിക്കുന്നതാണ് (സ്വന്ത ഇഷ്ടത്തിന്റെ തിരശ്ശീല ചീന്തുന്നതാണ്) ബുദ്ധിയുള്ള ആരാധനയെന്നു പൗലൊസും പറയുന്നു (റോമര്‍ 12:1,2). അബ്രാഹാം ദൈവകല്പന അനുസരിക്കാന്‍ വേണ്ടി സ്വന്ത ഹിതത്തെ ബലി കഴിച്ച് തന്റെ മകനെ യാഗമായി അര്‍പ്പിക്കുവാന്‍ തുനിയുന്നിടത്താണു ബൈബിളില്‍ ആദ്യമായി ‘ആരാധന’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് (ഉല്‍പ. 22:5) എന്നത് ഇതിനോടു കൂട്ടി വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ചുരുക്കത്തില്‍ സ്‌നേഹിതാ, താങ്കള്‍ നന്ദി പറയുന്നവനോ സ്തുതിക്കുന്നവനോ യഥാര്‍ത്ഥ ആരാധകനോ?

പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം എന്നിവയുടെ പശ്ചാത്തലത്തില്‍ യേശുവിനെ അറിയുന്നതിലും മൂന്നു സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചവരെ ക്രിസ്തീയ ലോകത്തു കണ്ടെത്താന്‍ കഴിയും. യേശുവിനെ രക്ഷകന്‍ (ലൂക്കൊ. 2:11) എന്ന നിലയില്‍ അറിയുന്നവര്‍ യാഗപീഠം സ്ഥിതി ചെയ്യുന്ന ഇടമായ പ്രാകാരത്തില്‍ എത്തിയവരാണ്. എന്നാല്‍ യേശുവിനെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്നവന്‍ (യോഹ. 1:33) എന്നു അനുഭവിച്ചറിയുന്നവര്‍ അവിടെ നിന്ന് അടുത്ത സ്ഥലത്തേക്ക് (വിശുദ്ധസ്ഥലം) മുന്നേറിയവരാണ്. എന്നാല്‍ യേശു വിശുദ്ധസ്ഥലത്തു നിന്നും തിരശ്ശീല ഭേദിച്ച് അതിവിശുദ്ധസ്ഥലത്തേക്കു കടന്നുവെന്നും അവിടേക്ക് അവിടുന്നു നമ്മുടെ മുന്നോടിയായാണ് (fore runner) പ്രവേശിച്ചിരിക്കുന്നതെന്നും എബ്രായര്‍ 6:20 (ഇംഗ്ലീഷ്) വ്യക്തമാക്കുന്നു. യേശുവിനെ രക്ഷിതാവെന്നും ആത്മ സ്‌നാപകനെന്നും ഉള്ളതിന് അപ്പുറം നാം തന്റെ സ്വഭാവത്തോട് അനുരൂപപ്പെടാന്‍ (റോമര്‍ 8:29) അവിടുന്നു നമ്മുടെ മുന്നോടിയാണെന്നു നാം തിരിച്ചറിയുന്നുണ്ടോ?

പിരശുദ്ധാത്മാവിനോടുള്ള ബന്ധത്തിലെ നമ്മുടെ ത്രിവിധ അനുഭവങ്ങളും നമ്മെ യഥാക്രമം പ്രാകാരം, വിശുദ്ധസ്ഥലം, അതിപരിശുദ്ധ സ്ഥലം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥലത്തു നിലയുറപ്പിച്ചിരിക്കുന്നവരായി തിരിച്ചറിയാന്‍ ഇടയാക്കും. പരിശുദ്ധാത്മാവിലുള്ള ഒരു ജനനം മാത്രമേ ചിലര്‍ക്കുള്ളു. അവര്‍ പ്രാകാരത്തില്‍ നില്ക്കുന്നു. മറ്റു ചിലര്‍ ഒരു പടികൂടി കടന്നു പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ചവരാണ്. അവര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അഭിഷിക്തരായതിനാല്‍ തിരക്കേറിയ ശുശ്രൂഷകള്‍ നടക്കുന്ന വിശുദ്ധസ്ഥലത്തു നിലയുറപ്പിച്ചവരാണെന്നു മനസ്സിലാകും. എന്നാല്‍ അവിടെ നിന്നും മുന്നോട്ട്, അതിവിശുദ്ധ സ്ഥലത്തേക്കു പോകുന്ന ഒരു ന്യൂനപക്ഷമുണ്ട്. അവര്‍ മറ്റാരുമല്ല, ആത്മാവിനാല്‍ നടത്തപ്പെടുന്നവരാണ് (റോമര്‍ 8:14). സഹോദരാ, നിങ്ങള്‍ ആത്മാവില്‍ ജനിച്ചവന്‍, പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തന്‍ എന്ന ഏതെങ്കിലും നിലയില്‍ തൃപ്തനായി നില്ക്കുകയാണെങ്കില്‍ അവിടെ നിന്നും മുന്നോട്ട് ആത്മാവിനാല്‍ നടത്തപ്പെടുന്നവന്‍ എന്ന നിലയിലേക്കു വളരേണ്ടേ?

ചുരുക്കത്തില്‍ ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്ക് അയച്ചത് എന്തിനാണ്? ഉവ്വ്, നാം അവനാല്‍ ജീവിക്കേണ്ടതിനു തന്നെ. സംശയമില്ല.

അധ്യായം 4 :
നാം ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്…


ഒരു ജീവിതകാലം മുഴുവന്‍ അവനായി പ്രവര്‍ത്തിച്ച ശേഷം ഒടുവില്‍ അവന്‍ നമ്മെ തിരിച്ചറിയുന്നില്ലെങ്കില്‍ അതിനെക്കാള്‍ നിര്‍ഭാഗ്യകരമായി എന്താണുള്ളത്?

ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വ്യക്തിക്കും ഓരോ വിശ്വാസിക്കും നടുക്കത്തോടെ മാത്രം വായിക്കാന്‍ കഴിയുന്ന തിരുവചന ഭാഗമാണു മത്തായി സുവിശേഷം ഏഴിന്റെ 22,23 വാക്യങ്ങള്‍: ”കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോട് ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.” എത്ര കഠിനം! വാക്കുകള്‍ തീമഴയായി പെയ്യുന്ന പോലെ!!

നാം ഉദ്ധരിച്ച രണ്ടു വാക്യങ്ങളില്‍ ആദ്യവാക്യം അന്ത്യനാളില്‍ ക്രിസ്തീയ പ്രവര്‍ത്തകര്‍, വിശ്വാസികള്‍, കര്‍ത്താവിനോടു പറയുന്ന താണ്; രണ്ടാം വാക്യം അതിനു കര്‍ത്താവ് അവര്‍ക്കു നല്‍കുന്ന മറുപടിയും.

ആ നാളില്‍ അവര്‍ കര്‍ത്താവിന്റെ മുന്‍പാകെ നടത്തുന്ന അവകാശവാദത്തില്‍ ഇരമ്പി നില്ക്കുന്നത് അവരുടെ അതിരു കടന്ന ആത്മ വിശ്വാസമാണ്. ആ വാക്കുകളിലും അവരുടെ പ്രവര്‍ത്തനത്തിലും സ്വയത്തിലുള്ള വിശ്വാസം (self confidence) നിറഞ്ഞു നില്ക്കുന്നതു കാണാം. അവരുടെ വാക്കുകള്‍, സംബോധന തന്നെ ശ്രദ്ധിക്കുക- ”കര്‍ത്താവേ, കര്‍ത്താവേ,” കണ്ടോ? ‘കര്‍ത്താവേ’ എന്നു മാത്രം പറഞ്ഞാല്‍ മതിയായിരുന്നല്ലോ! ആ പദത്തിന്റെ ആവര്‍ത്തനം സൂചിപ്പിക്കുന്നതു കര്‍ത്താവിനോട് അവര്‍ക്കുണ്ടായിരുന്നു എന്ന് അവര്‍ കരുതിയ അടുപ്പവും ഭയരഹിതമായ അതിപരിചയുമാണ്! പക്ഷേ വാസ്തവം എന്തായിരുന്നു? അവര്‍ കരുതിയതുപോലെ യഥാര്‍ത്ഥത്തില്‍ കര്‍ത്താവിന് അവരോട് അടുപ്പമുണ്ടായിരുന്നില്ല. അതുപോലെ, ആ വാക്കിന്റെ ധാരാളിത്തം കാണിക്കുന്നത് ദൈവത്തോടു വേണ്ട ഒരു ഭയഭക്തി മനോഭാവത്തിന്റെ (awesome feeling) അഭാവവും ആത്മീയ കാര്യങ്ങളിലുള്ള അവരുടെ അതിപരിചയം നല്‍കുന്ന ലാഘവത്വവുമാണ്.

ഇനി, വാക്കുകളുടെ പുറന്തോടു ഭേദിച്ചു പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവരുടെ അവകാശവാദത്തിലേക്കു ചെന്നാലോ? അവിടെയും തൊട്ടറിയാന്‍ കഴിയുന്നത് അവരുടെ അതിരുകടന്ന ആത്മവിശ്വാസമാണ്- അവര്‍ പ്രവചിച്ചു, അവര്‍ ഭൂതങ്ങളെ പുറത്താക്കി, അവര്‍ വളരെ വീര്യപ്രവൃത്തികള്‍ ചെയ്തു! എല്ലാം അവരാണ് ചെയ്തത്. മാത്രമല്ല ഇവിടെ പട്ടികയില്‍ പറയുന്ന മൂന്നു കാര്യങ്ങളും പ്രകടനാത്മകമാണ് (Performance based) എന്നതു ശ്രദ്ധിക്കുക. രഹസ്യത്തില്‍ ചെയ്യുന്ന ഒരു കാര്യവുമില്ല. എല്ലാം മനുഷ്യരുടെ മുന്‍പില്‍ വിളങ്ങുന്നവ. വിശ്വാസലോകത്ത് അംഗീകാരവും ആദരവും നല്‍കുന്നതും അനുയായി വൃന്ദത്തെ നേടിത്തരുന്നവയും! (രഹസ്യത്തിലുള്ള പ്രാര്‍ത്ഥനയോ, കണ്ണുനീരോ, അനുതാപമോ, പാപബോധമോ ഇവര്‍ക്ക് അന്യം). അതുപോലെ പ്രവചനം, ഭൂതങ്ങളെ പുറത്താക്കല്‍, വളരെ വീര്യപ്രവൃത്തികള്‍ എന്നിവ ചെയ്തു എന്നു പറയുന്ന മൂന്നു കാര്യത്തിനു മുമ്പിലും ഒരു പ്രയോഗം അവര്‍ ആവര്‍ത്തിക്കുന്നതു ശ്രദ്ധിച്ചോ?- ‘നിന്റെ നാമത്തില്‍.’ കേട്ടാല്‍ തോന്നുക ‘നന്റെ നാമത്തിന്റെ മഹത്വമല്ലാതെ’ പ്രവചിച്ചപ്പോഴോ ഭൂതങ്ങളെ പുറത്താക്കിയപ്പോഴോ വീര്യപ്രവൃത്തികള്‍ ചെയ്തപ്പോഴോ അവര്‍ക്കു തങ്ങളുടേതായ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലെന്നാണ്. എന്നാല്‍ ‘നിന്റെ നാമത്തില്‍’ എന്ന് ഓരോ തവണയും അവര്‍ ഊന്നിപ്പറയുന്നതില്‍ നിന്ന് വാസ്തവത്തില്‍ അവര്‍ മൂടി വയ്ക്കാന്‍ ശ്രമിച്ചതു ദൈവത്തിന്റെ മറവില്‍ സ്വന്ത മഹത്വം അന്വേഷിക്കുന്ന മനോഭാവമാണെന്നു വ്യക്തമല്ലേ?

ചുരുക്കത്തില്‍ ഇവരുടെ ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെയും മുഴുങ്ങുന്ന വാക്കുകളുടെയും ഊന്നല്‍ (focus) ദൈവത്തിലല്ല തങ്ങളില്‍ തന്നെയായിരുന്നു. ദൈവവും ദൈവിക പ്രവര്‍ത്തനങ്ങളും അവര്‍ക്കു ക്രിസ്തീയ ലോകത്തു സ്വന്ത മഹത്വവും പേരും അംഗീകാരവും നേടുവാനുള്ള ഒരു ഉപാധി മാത്രം.

പക്ഷേ ഇത് അവര്‍ തിരിച്ചറിയുന്നില്ല എന്നത് അവര്‍ എത്തപ്പെട്ടിരിക്കുന്ന ആത്മ വഞ്ചനയുടെ ആഴം വ്യക്തമാക്കുന്നു. അന്ത്യ നാളുവരെ, ഒടുവില്‍ കര്‍ത്താവിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭം വരെ, അവരുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയാന്‍ അവര്‍ക്കു കാത്തിരിക്കേണ്ടി വന്നു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ തിരുത്താന്‍ കഴിയാതെ വണ്ണം താമസിച്ചു പോയിരുന്നു!

തങ്ങളെ തിരിച്ചറിയത്തക്കവണ്ണമുള്ള അടുപ്പം കര്‍ത്താവിനോടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ജീവിതകാലത്ത് ഒരിക്കലും അവര്‍ക്കു മനസ്സിലാക്കുവാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണ്? ‘ഒരു വ്യക്തിയോടുള്ള ബന്ധത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സമം ആ വ്യക്തിയോടുള്ള അടുപ്പം’ എന്നു കരുതിപ്പോയതാണ് അവര്‍ക്കു പറ്റിയ പിഴവ്. വാസ്തവത്തില്‍ അങ്ങനെയാണോ? ഒരു വ്യക്തിക്കു വേണ്ടി ചെയ്യുന്ന ശുശ്രൂഷകളെല്ലാം ആ വ്യക്തിയോടുള്ള അടുപ്പത്തിലും സ്‌നേഹത്തിലും ചെയ്യുന്നവയാണോ? അങ്ങനെയാകണമെന്നില്ല. ഉദാഹരണത്തിന് ഒരു നഴ്‌സ് രോഗിയെ ശുശ്രൂഷിക്കുന്നതും സ്‌നേഹവതിയായ ഭാര്യ രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം ചിന്തിച്ചു നോക്കുക. നഴ്‌സ് രോഗിയെ പരിചരിക്കുന്നത് തന്റെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്നതു മാത്രമാണ്. നഴ്‌സിന് ആ രോഗിയോട് വ്യക്തിപരമായ ഒരടുപ്പവും വേണമെന്നില്ല. കര്‍ത്താവിനു വേണ്ടി ഇവിടെ വലിയ വീര്യപ്രവൃത്തികള്‍ ചെയ്ത തെന്നവകാശപ്പെട്ടവര്‍ ഇതുപോലെയായിരുന്നു. ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഒരു കടമ നിറവേറ്റല്‍ മാത്രമായിരുന്നു. പക്ഷേ അവര്‍ ചിന്തിച്ചുപോയതു കര്‍ത്താവിനോടുള്ള തങ്ങളുടെ കറകളഞ്ഞ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിദര്‍ശനമാണു തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും കര്‍ത്താവ് അതു തിരിച്ചറിഞ്ഞു തങ്ങളെ അംഗീകരിക്കുമെന്നുമായിരുന്നു! എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് അങ്ങനെ ആയിരുന്നില്ല.

ഫലമെന്താ? നാം ചിന്തിച്ച വേദഭാഗത്തെ രണ്ടാമത്തെ വാക്യത്തിലാണു സ്‌നേഹമില്ലാത്ത, ആഴം കുറഞ്ഞ, സ്വാര്‍ത്ഥ പ്രേരിതമായ ക്രി സ്തീയ പ്രവര്‍ത്തനങ്ങളോടുള്ള കര്‍ത്താവിന്റെ പ്രതികരണം മറയില്ലാതെ വ്യക്തമാകുന്നത്- ‘അന്നു ഞാന്‍ അവരോട്, ഞാന്‍ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.”
കര്‍ത്താവിന്റെ ഈ പ്രതികരണത്തിലെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ നോക്കുക. ഒന്നാമത് അവിടുന്ന് അവരെ ഒരുനാളും അറിഞ്ഞിട്ടില്ല എന്നു പറയുന്നു. ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ ഏറ്റവും അടുപ്പമുള്ള ബന്ധത്തെ വിവരിക്കാനാണു ബൈബിളില്‍ ‘അറിയുക’ എന്ന പദം ഉപയോഗിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുക (ലൂക്കൊസ് 1:34). കര്‍ത്താവ് ഈ നിലയില്‍ അടുപ്പത്തോടെ (ശിശോമലേ ൃലഹമശേീി) ഇവരെ ഒരുനാളും അറിഞ്ഞിരുന്നില്ല! കര്‍ത്താവിന്റെ പേരില്‍ ഇവര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു എന്നതു വാസ്തവം. പക്ഷേ പ്രവര്‍ത്തനം വേറെ. അറിയുന്നതു വേറെ.

രണ്ടാമതു കര്‍ത്താവ് അവരെ ‘അധര്‍മം പ്രവര്‍ത്തിക്കുന്നവരേ’ എന്നാണ് അഭിസംബോധന ചെയ്യുന്നത് എന്നതു ശ്രദ്ധിച്ചോ? അവര്‍ എന്ത് അധര്‍മമാണു പ്രവര്‍ത്തിച്ചത്? കര്‍ത്താവിന്റെ നാമത്തില്‍ പ്രവചിച്ചതും ഭൂതങ്ങളെ പുറത്താക്കിയതും വളരെ വീര്യപ്രവൃത്തികള്‍ ചെയ്തതും അധര്‍മമാണോ, മറിച്ചു നല്ല കാര്യമല്ലേ എന്നാവും നാം ചിന്തിക്കുന്നത്! എന്നാല്‍ ദൈവത്തിന്റെറ ദൃഷ്ടിയില്‍ അതങ്ങനെയല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ ദൈവം അധര്‍മം എന്നു വിളിക്കുന്നു. ‘അധര്‍മമാണ് (ഹമംഹലിൈല)ൈ പാപം’ എന്ന പാപത്തിന്റെ നിര്‍വചനമാണ് ഇവിടെ പ്രസക്തം (1 യോഹ. 3:4). ദൈവത്തിന്റെ പേരില്‍ അവനവനില്‍ ഊന്നി, സ്വന്ത പുകഴ്ചയ്ക്കും മാനത്തിനും നേട്ടത്തിനുമായി ‘ആത്മീയ കാര്യങ്ങള്‍’ ചെയ്താല്‍ ദൈവം വച്ചിരിക്കുന്ന നിയമത്തിന്റെ അതിര്‍ കടന്നുപോയി. അതിര്‍ കടന്നുപോകുന്നതാണ് അധര്‍മം. പാപം! നോക്കുക: അവര്‍ ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടു തന്നെ ചെയ്തതു പാപമാണ്. തമ്മില്‍ ഭേദം അവര്‍ ആത്മീയമെന്നു തോന്നിയ ആ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയായിരുന്നില്ലേ?

തുടര്‍ന്നു കര്‍ത്താവു പറയുന്നു- ”എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തു പറയും.” ‘വിട്ടുപോകുവിന്‍’ എന്നതു കര്‍ക്കശമായ ശാസനയും പുറത്താക്കലുമാണ്. ‘തീര്‍ത്തു പറയും’- നോക്കുക ഒരു ഒത്തുതീര്‍പ്പുമില്ല. കൃപയുടെ വാതില്‍ എന്നെന്നേക്കുമായി അടഞ്ഞു കഴിഞ്ഞു.

മുകളില്‍ പറഞ്ഞ കാര്യങ്ങളെ ക്രിസ്തീയതയുടെ പേരില്‍ സുവിശേഷ വിഹതലോകത്ത് ഇന്നു നടക്കുന്ന അരങ്ങു തകര്‍ക്കുന്ന അത്ഭുത പ്രവര്‍ത്തനങ്ങളുമായി ചേര്‍ത്തു ചിന്തിച്ചാല്‍ നാം നടുങ്ങിപ്പോകും. ഇത്രയേറെ പ്രകടനാത്മകമായ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും നടന്ന മറ്റൊരു കാലഘട്ടമുണ്ടായിട്ടുണ്ടോ? ഈ പ്രവര്‍ത്തനങ്ങളെല്ലാം ദൈവം ‘അറിയുന്ന’ സ്‌നേഹത്തില്‍ മാത്രം അധിഷ്ഠിതമായ, പ്രവര്‍ത്തനങ്ങളാണോ? എല്ലാവരും ‘കര്‍ത്താവേ, കര്‍ത്താവേ എന്നാണു വിളിക്കുന്നത്. ‘നിന്റെ നാമത്തി’ന്റെ പുകഴ്ചയ്ക്കാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ അങ്ങനെ മാത്രമാണെന്നു നെഞ്ചത്തു കൈവച്ച് എത്ര പേര്‍ക്കു പറയാന്‍ കഴിയും? സ്വന്ത നേട്ടവും പുകഴ്ചയും അംഗീകാരവും എന്തിന് പണസമ്പാദനവും പോലുമല്ലേ ഇന്നത്തെ പല ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ രഹസ്യമായി തലനീട്ടുന്നത്? വലിയ വീര്യപ്രവൃത്തികള്‍ ചെയ്തശേഷം ‘ആരോടും പറയരുത്’ എന്ന് അമര്‍ച്ചയായി കല്പിച്ച യേശുവും (മത്താ. 9:30) ഒരു പരസ്യവും ഇല്ലാതെ നിഴല്‍ തട്ടിച്ച് രോഗികളെ സൗഖ്യമാക്കിയ ശേഷം നിശ്ശബ്ദമായി നടന്നു പോയ പത്രൊസും (പ്രവൃ. 5:15) ആണോ ഇന്നത്തെ ക്രിസ്തീയ ലോകത്തെ മാതൃകകള്‍? കര്‍ത്താവിന്റെ ‘പേരിലുള്ള’ പ്രവര്‍ത്തനങ്ങളും കര്‍ത്താവ് ‘അറിയുന്ന’ പ്രവര്‍ത്തനങ്ങളും രണ്ടായി തിരിച്ചറിയേണ്ടതല്ലേ? ഇന്നത്തെ വീര്യപ്രവൃത്തികളെ അന്ന് അധര്‍മ (പാപ) പ്രവൃത്തികളായി കര്‍ത്താവു മുദ്ര കുത്തുമോ? ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്തശേഷവും ഒടുവില്‍ ‘ഒരു നാളും ഞാന്‍ നിങ്ങളെ അറിഞ്ഞിട്ടില്ല, എന്നെ വിട്ടു പോകുവിന്‍’ എന്ന് അന്ന് അവിടുന്നു പറയുവാന്‍ ഇടയാകുമോ? എങ്കില്‍…

എങ്കില്‍, ‘അവന്‍ രണ്ടാമതു പ്രത്യക്ഷനാകുമ്പോള്‍ അവന്റെ സന്നിധിയില്‍ നാം ലജ്ജിച്ചുപോകും.’ സംശയമില്ല (1 യോഹ. 2:28). ഈ മുന്നറിയിപ്പിനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്ക്കുന്ന ക്രിസ്തീയ ലോകത്തെ ഇന്നത്തെ എത്ര പ്രവര്‍ത്തകര്‍ ഗൗരവമായെടുക്കും?

ഇതുവരെ നാം ചിന്തിച്ചതിന്റെ എതിര്‍ ധ്രുവത്തില്‍ നില്ക്കുന്നവരും കര്‍ത്താവിന്റെ രണ്ടാമത്തെ വരവില്‍ ലജ്ജിച്ചു പോകും. കര്‍ത്താവിനോട് സ്‌നേഹമില്ലാതെ, സ്വന്ത മാനം തേടി ചെയ്യുന്ന പ്രവൃത്തികളെ ദൈവം അധര്‍മ പ്രവൃത്തികളായി മുദ്രകുത്തും എന്നു പറയുമ്പോള്‍ സത്യത്തിന്റെ മറുവശം നാം കാണാതെ പോകരുത്. ഒരു വശം മാത്രമുള്ള ഒരു നാണയം ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല എന്നു പറയുന്നതുപോലെ സത്യത്തിന് എപ്പോഴും രണ്ടു വശമുണ്ട്. സ്‌നേഹമില്ലാത്ത പ്രവൃത്തികള്‍ പാപമാകുമെന്നു കണ്ട് പ്രവൃത്തിയില്ലാതെ താന്‍ വൈകാരിക തലത്തില്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു എന്ന് ഒരുവന്‍ കരുതിയാല്‍ അവനും വഞ്ചിക്കപ്പെട്ടു പോയി. യേശുവിന്റെ ക്രൂശിലെ കഷ്ടാനുഭവങ്ങളെ ഓര്‍ത്തു കണ്ണു നനയുന്നതും ഒരു ക്രിസ്തീയ ഗാനത്തിന്റെ ഹൃദയഹാരിയായ ട്യൂണില്‍ അലിഞ്ഞ് ഗദ്ഗദപ്പെടുന്നതുമാണു കര്‍ത്താവിനോടുള്ള സ്‌നേഹം എന്നാണോ നിങ്ങള്‍ കരുതുന്നത്? അല്ല, സ്‌നേഹം കല്പനകളുടെ അനുസരണമായി മാറുന്നില്ലെങ്കില്‍ ആ സ്‌നേഹത്തിന് എവിടെയോ എന്തോ തകരാറുണ്ട്. ”എന്റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്” എന്ന യേശുവിന്റെ വചനം ഓര്‍ക്കുക (യോഹ. 14:21). ഗിരിപ്രഭാഷണത്തില്‍ നിന്നു നാം തുടക്കത്തില്‍ ഉദ്ധരിച്ച വചനത്തിനു തൊട്ടു മുകളിലുള്ള വാക്യത്തിലും യേശു ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. – ”എന്നോടു കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്ന ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്” (മത്താ. 7:27). വൈകാരിക തലത്തില്‍ കര്‍ത്താവേ, കര്‍ത്താവേ എന്നു പറഞ്ഞ് അനുസരണത്തിന്റെ പ്രവൃത്തിയില്ലാതെ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു ചിന്തിച്ചിരുന്നാലും നാം വഞ്ചിക്കപ്പെട്ടുപോകാം എന്നാണു കര്‍ത്താവു പറഞ്ഞതിന്റെ അര്‍ത്ഥം. കര്‍ത്താവിനെ നാം യഥാര്‍ത്ഥത്തില്‍ സ്‌നേ ഹിക്കുന്നു എന്നതിന് മാറിക്കൂടാത്ത ഒരു തെളിവേ ഉള്ളു- അതു യേശുവിനെപ്പോലെ നാമും സ്വന്ത ഇഷ്ടം ത്യജിച്ച് സ്വര്‍ഗ്ഗസ്ഥ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതാണ്.

ചുരുക്കത്തില്‍ രണ്ടു പരകോടികള്‍ക്കിടയില്‍ സന്തുലതയോടെ, ‘ലജ്ജിക്കാന്‍ സംഗതിയില്ലാത്ത വേലക്കാരനായി’ നമുക്ക് ഇന്നു നില്ക്കാം. എങ്കില്‍ മാത്രമേ അന്ന് അവന്റെ പ്രത്യക്ഷതയില്‍ ‘ലജ്ജിച്ചു പോകാതെ അവിടുത്തെ സന്നിധിയില്‍ നില്ക്കാന്‍’ നമുക്കു കഴിയൂ.

”ഇനിയും കുഞ്ഞുങ്ങളെ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്റെ സന്നിധിയില്‍ ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന് അവനില്‍ വസിപ്പിന്‍” (1 യോഹ. 2:28). ”അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതു പോലെ നടക്കേണ്ടതാകുന്നു” (1 യോഹ. 2:6). ആമേന്‍.

അധ്യായം 5 :
കുറ്റബോധത്തോട് വിട


”അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല”(റോമ.8:1).

ദൈവപുത്രനെ സ്വീകരിച്ചവര്‍ക്ക് ഇനി ന്യായവിധിയോ ശിക്ഷയോ ഇല്ല എന്നാണ് മലയാളത്തില്‍ ഈ വാക്യം വായിച്ചാല്‍ നമുക്കു തോ ന്നുക. അതു ശരിയാണ് താനും. എന്നാല്‍ ഈ വാക്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കര്‍ത്താവിനെ സ്വീകരിച്ചവര്‍ക്ക് ഇനി കുറ്റംവിധി, മാനസിക ദണ്ഡനം, കുറ്റബോധം (Condemnation) ആവശ്യമില്ല എന്നാണല്ലോ. ഉവ്വ്, ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഇനി കുറ്റബോധം വേണ്ട.

എന്നാല്‍ കര്‍ത്താവിനെ അറിഞ്ഞവരുടെ ജീവിതത്തില്‍ ഒരു പാപം ഉണ്ടായാലോ? അപ്പോഴും അവര്‍ക്കു കുറ്റബോധം അല്ല, മറിച്ചു പാപബോധമാണ് (Conviction)വേണ്ടത്. കാരണം അവരിലുള്ള പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചു ബോധം വരുത്തുന്നതാണല്ലോ.

രണ്ടു വാക്കുകള്‍ – കുറ്റബോധവും (Condemnation) പാപബോധവും (Conviction). രണ്ടും ഏറെക്കുറെ സമാനമായ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കാറുണ്ടെങ്കിലും രണ്ടും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയുന്നത് നല്ലതാണ്.

കുറ്റബോധവും പാപബോധവും തമ്മിലുള്ള വ്യത്യാസമെന്താണ്? കുറ്റബോധത്തില്‍ ഒന്നാമതായി പ്രത്യാശയുടെ ഒരു കണിക പോലുമില്ല. അതില്‍ പ്രതീക്ഷയുടെ വാതില്‍ തുറന്നു കിടക്കുന്നില്ല. മാത്രമല്ല അതില്‍ സ്വയം പീഡനമാണുള്ളത്.

മറിച്ച് പാപബോധത്തില്‍, ‘യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നതിനാല്‍’ എപ്പോഴും പ്രതീക്ഷയുടെ ഒരു വാതില്‍ തുറന്നു കിടക്കുന്നുണ്ട്. കൂടാതെ പാപബോധത്തില്‍ സ്വയം പീഡനവുമില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കുറ്റബോധത്തിനു പ്രസക്തിയില്ല, അവനു പാപബോധമാണുള്ളത്.

ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ രണ്ടുപേരെ യഥാക്രമം കുറ്റബോധത്തിനും പാപബോധത്തിനും ഉദാഹരണമായി കാണാന്‍ കഴിയും – ഇസ്‌കര്യോത്ത യൂദയും ശിമോന്‍ പത്രൊസും. രണ്ടുപേരും ഏറെക്കുറെ ഒരേ തെറ്റാണ് ചെയ്തത്. ഒരാള്‍ ദൈവപുത്രനെ ഒറ്റിക്കൊടുത്തു, മറ്റേയാള്‍ തള്ളിപ്പറഞ്ഞു. എന്നിട്ടും രണ്ടുപേരുടെയും അനുഭവം രണ്ടായി. കാരണമെന്താ? മറുപടി വ്യക്തം. യൂദാ പ്രത്യാശയില്ലാത്ത കുറ്റബോധത്തിലേക്കും ആത്മഹത്യയോളം എത്തിയ സ്വയം പീഡനത്തിലേക്കും കൂപ്പുകുത്തി. എന്നാല്‍ പത്രൊസ് പാപബോധത്തില്‍ തുറന്നു കിടക്കുന്ന പ്രത്യാശയുടെ വാതിലിലൂടെ കാല്‍വറിക്രൂശിനടുത്തേക്കു ചെന്നു കഴുകല്‍ പ്രാപിച്ചു. അനുതാപത്തിന്റെ കണ്ണുനീരും (ലൂക്കൊ. 22:62) സ്വന്തബലത്തില്‍ ഊന്നി പ്രവര്‍ത്തിച്ചതിലുള്ള ദുഃഖവും (യോഹ.21:17) അവനുണ്ടായിരുന്നു എന്നതു നേര്. പക്ഷേ അവനൊരിക്കലും ഇസ്‌ക്കര്യോത്താ യൂദയെപ്പോലെ സ്വയം പീഡനത്തിലേക്കും അതു നല്‍കുന്ന അനിവാര്യമായ നാശത്തിലേക്കും വഴുതിപ്പോയില്ല. മാത്രമല്ല പിന്നീടു നാം പത്രൊസിനെ കാണുന്നതു കുറ്റബോധത്താല്‍ വേട്ടയാടപ്പെടാത്ത, തീര്‍ത്തും സ്വതന്ത്രനായ ഒരാളായാണ്. അല്ലെങ്കില്‍ അപ്പൊസ്തലപ്രവൃത്തി മൂന്നാം അദ്ധ്യായത്തിലെ ഈ സംഭവം നോക്കുക. അവിടെ അമ്മയുടെ ഗര്‍ഭം മുതല്‍ മുടന്തനായ ഒരുവനെ സൗഖ്യമാക്കിയതില്‍ ആശ്ചര്യപ്പെട്ട് ഓടിക്കൂടിയ യഹൂദരോട് പത്രൊസ് പ്രസംഗിക്കുമ്പോള്‍ ഉപയേഗിക്കുന്ന വാക്കുകള്‍ ഇങ്ങനെ: ”പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു… ജീവനായകനെ കൊന്നു കളഞ്ഞു.” ഇവിടെ പത്രൊസ് യഹൂദന്മാര്‍ക്കെതിരെ കൊണ്ടുവരുന്ന ഒന്നാമത്തെ ആരോപണം അവര്‍ യേശുവിനെ തള്ളിപ്പറഞ്ഞു എന്നാണ്. എന്നാല്‍ ഈ കുറ്റാരോപണത്തിന്റെ വിരല്‍ പത്രൊസ് യഹൂദന്മാരുടെ നേരെ ചൂണ്ടുമ്പോള്‍ ഇതേ യേശുവിനെ ശിഷ്യനായ താന്‍ തന്നെ തള്ളിപ്പറഞ്ഞു എന്ന സത്യത്തിന്റെ നാലുവിരല്‍ സ്വന്തം നെഞ്ചിനുനേരെയാണു തിരിഞ്ഞിരിക്കുന്നതെന്ന ബോധ്യം പത്രൊസിനെന്തേ ഇല്ലാതെ പോയി? അതിനു മറുപടി ഒന്നേയുള്ളു – യൂദയെപ്പോലെ കുറ്റബോധമല്ല, മറിച്ചു പാപബോധമാണു പത്രൊസിനുണ്ടായിരുന്നത്. പാപബോധത്തില്‍ കര്‍ത്താവിന്റെ രക്തത്താലുള്ള യഥാര്‍ത്ഥ കഴുകല്‍ പ്രാപിച്ച ഒരുവന്റെ മനഃസാക്ഷി കഴിഞ്ഞകാല പരാജയത്തിന്റെ എല്ലാ കുറ്റംവിധിയില്‍ നിന്നും പൂര്‍ണ്ണമായി കഴുകിത്തുടച്ചെടുത്തതുപോലെ ശുദ്ധമായിരിക്കും. അവന്റെ കഴിഞ്ഞകാല പാപങ്ങളെ ദൈവം തന്നെ മറുന്നുകളയുമെങ്കില്‍ (എബ്രാ.8:12, 10:17) പിന്നെ അവന്‍ എന്തിനാണു കുറ്റബോധത്തോടെ, തെറ്റായ നിലയില്‍ ഓര്‍ത്തിരിക്കുന്നത്? അതുകൊണ്ടാണു പത്രൊസിനു തന്റെ കഴിഞ്ഞകാല പരജയത്തിന്റെ ഓര്‍മ്മ പോലുമില്ലാതെ, യേശുവിനെ തള്ളിപ്പറഞ്ഞ യഹൂദന്മാരുടെ നേരെ വിരല്‍ ചൂണ്ടുവാന്‍ കഴിഞ്ഞത്. ഇതേസമയം മുമ്പിലത്തെ പാപങ്ങളല്ല, പാപങ്ങളുടെ ശുദ്ധീകരണമാണ് ആരോഗ്യകരമായ നിലയില്‍ നം ഓര്‍ത്തിരിക്കേണ്ടതെന്നു പത്രൊസ് പറഞ്ഞതും (2 പത്രൊ.1:9) ഇവിടെ പ്രസക്തമാണ്.

ചുരുക്കത്തില്‍ പത്രൊസിന്റെയും യൂദയുടെയും ജീവിതാനുഭവങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശങ്ങള്‍ എത്രയും വ്യക്തമാണ് – ഒരു വിശ്വാസി പാപബോധത്തില്‍ നിന്നു കുറ്റബോധത്തിലേക്കു വഴുതിപ്പോകരുത്!

ഒരു വിശ്വാസിക്കു പാപബോധം മതി കുറ്റബോധം വേണ്ട എന്നു പറയുമ്പോള്‍, പാപത്തെ ഗൗരവമായി എടുക്കാത്ത ഒരു മനോഭാവ മാണിതെന്നു ചിലര്‍ ധരിച്ചേക്കാം. അങ്ങനെയല്ല യഥാര്‍ത്ഥ പാപബോ ധം പാപത്തെ ഗൗരവമായിതന്നെ കാണുന്നു. പക്ഷേ പാപം എത്ര വലുതാണെങ്കിലും അതു പൂര്‍ണ്ണമായി ക്ഷമിച്ചു തരുവാന്‍ കഴിയുന്ന ഒരുവനെ കൂടി ഇവിടെ കാണുന്നുണ്ട്. തുടര്‍ന്ന് അവനെ കൂടുതല്‍ സ്‌നേഹിക്കാന്‍ യഥാര്‍ത്ഥ പാപബോധം നമ്മെ സഹായിക്കുകയും ചെയ്യും.

ഇതിനുദാഹരണമായി യേശുവിന്റെ പാദത്തില്‍ പരിമളതൈലം പൂശിയ പാപിനിയായ സ്ത്രീയുടെ അനുഭവം എടുക്കാം (ലൂക്കൊ.7:36-50). പട്ടണത്തിലെ പാപിനിയായ ആ സ്ത്രീ കര്‍ത്താവിനെ ഏറെ സ്‌നേഹിച്ചു; ആതിഥേയനായ ശീമോന്‍ കുറച്ചും. രണ്ടിനെയും താരതമ്യം ചെയ്തുകൊണ്ട് യേശു പറഞ്ഞ ഉപമയുടെ പൊരുള്‍ ‘കൂടുതല്‍ ഇളച്ചു കിട്ടിയവന്‍ കൂടുതലും കുറച്ച് ഇളച്ചു കിട്ടിയവന്‍ കുറച്ചും സ്‌നേഹിക്കും” എന്നാണ്. പാപിനിയായ സ്ത്രീ തന്റെ പാപങ്ങളെ 500 വെള്ളിക്കാശു പോലെ വലുതായി കണ്ടപ്പോള്‍ പരീശനായ ശീമോന്‍ 50 വെള്ളിക്കാശു പോലെ ലഘുവായാണ് കണ്ടത്. യേശു ഇതില്‍ പാപിനിയായ സ്ത്രീയുടെ നിലപാടിനെ അംഗീകരിച്ചപ്പോള്‍ ശീമോനെ ശാസിക്കുകയായിരുന്നു. ശീമോന് യഥാര്‍ത്ഥ പാപബോധം ഉണ്ടായിരുന്നില്ല. എന്നാല്‍ പാപിനിയായ സ്ത്രീക്ക് യഥാര്‍ത്ഥ പാപബോധം ഉണ്ടായിരുന്നതുകൊണ്ട് അവള്‍ പാപത്തെ ദൈവത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ ഗൗരവമായി കണ്ടു; തന്റെ ഗുരുതരമായ പാപം ക്ഷമിച്ചു തന്ന കര്‍ത്താവിനെ അവള്‍ കൂടുതല്‍ സ്‌നേഹിക്കാനും ഇടയായി.

ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: നാം ഇവരില്‍ ആരെപ്പോലെയാണ്? ഇന്നു വിശ്വാസികള്‍ എന്നവകാശപ്പെടുന്ന പലരുടെയും പാപബോധം ശീമോന്റേതു പോലെയാണ്. ‘പട്ടികയില്‍ പെട്ട പാപമൊന്നും’ ഞങ്ങള്‍ ചെയ്യുന്നില്ലെന്നതില്‍ തൃപ്തരാണവര്‍. പാപത്തെക്കുറിച്ചുള്ള അവരുടെ സങ്കല്‍പം യഹൂദനു പഴയ ഉടമ്പടിയില്‍ കൊടുത്ത പത്തുകല്പനകളില്‍ ഒതുങ്ങി നില്‍ക്കുന്നു.ആന്തരിക ജീവിതത്തിന് ഊന്നല്‍ കൊടുക്കുന്ന, മനോഭാവത്തിലെ പാപങ്ങളെ വിവേചിക്കുന്ന ഗിരിപ്രഭാഷണത്തിലെ കല്പനകളെ അവര്‍ ഗൗരവമായി എടുക്കുന്നില്ല. ഫലമെന്താണ്? അവര്‍ തങ്ങളുടെ പാപങ്ങളെ 50 വെള്ളിക്കാശുപോലെ നിസ്സാരമായി കാണുന്നു. അതുകൊണ്ടു തന്നെ അതു ക്ഷമിച്ചു തന്ന കര്‍ത്താവിനോട് അവര്‍ക്കു കുറച്ചു സ്‌നേഹം മതിയല്ലോ. ശീമോന്റെ പക്ഷത്താണവര്‍. അവര്‍ക്കുള്ളത് യഥാര്‍ത്ഥ പാപബോധമല്ല.

വാസ്തവത്തില്‍ എന്താണ് പാപം? സ്‌നേഹസീമകളെ അതിലംഘിക്കുന്നതാണ് പാപം. ആ അതിരിനെ കുറുകെ കടന്ന് അപ്പുറം പോയാല്‍ എല്ലാം പാപമാണ്. അതില്‍ ചെറുതെന്നോ വലുതെന്നോ വ്യത്യാസമുണ്ടോ? ഉദാഹരണത്തിന് ഒരാള്‍ വൃദ്ധയായ അമ്മയെ ശാരീരികമായി ഉപദ്രവിച്ചു വീട്ടില്‍ നിന്നു പുറത്താക്കുന്നു. മറ്റൊരാള്‍ അമ്മയെ കുത്തുവാക്കുകള്‍ പറയുകയും പരിഹസിക്കുകയും ചെയ്യുന്നു. ഇതിലേതാണ് വലിയ തെറ്റ്, ചെറിയ തെറ്റ്? രണ്ടും സ്‌നേഹലംഘനമാണ്. രണ്ടും തെറ്റാണ്, പാപമാണ്. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമയും നല്ലൊരു ഉദാഹരണമാണ്. ഉപമയിലെ ഇളയ മകന്‍ പിതാവിനെ ഉപേക്ഷിച്ച് വീടുവിട്ട് ദൂരദേശത്തേക്കു പോയി. അവിടെ അവന്‍ പണം ധൂര്‍ത്തടിക്കാതെയും പന്നികളെ മേയ്ക്കാന്‍ പോകാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ മടങ്ങിവരുമ്പോള്‍ കൂടുതല്‍ സ്വീകാര്യനാകുമായിരുന്നോ? ഇല്ല. കാരണം അപ്പോഴും അവന്‍ വീടുവിട്ടു പോയവനാണ്. പിതാവിന്റെ സ്‌നേഹത്തെ തള്ളിക്കളഞ്ഞവനാണ്. അതിര്‍വരമ്പു ലംഘിച്ച് അപ്പുറം പോയവനാണ്. അപ്പോഴും അവന്‍ തെറ്റുകാരന്‍ തന്നെ. പാപമെല്ലാം പാപമാണ്. പാപത്തില്‍ മാന്യമായ പാപമെന്നും മാന്യമല്ലാത്ത പാപമെന്നുമുള്ള വേര്‍തിരിവില്ല. ചെറുതാകട്ടെ, വലുതാകട്ടെ നാം പാപം ചെയ്യുമ്പോള്‍ എപ്പോഴും ദൈവസ്‌നേഹത്തെ ത ള്ളിക്കളയുകയാണ്, പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയാണ്. ഈ യഥാര്‍ത്ഥ പാപബോധമുണ്ടെങ്കില്‍ നമുക്കു നമ്മുടെ പാപത്തെ 500 വെള്ളിക്കാശുപോലെ എപ്പോഴും വലുതായി തന്നെ കാണാനാകും. ദൈവം അത് ക്ഷമിച്ചു തരുമ്പോള്‍ 500 വെള്ളിക്കാശ് ഇളച്ചു കിട്ടിയവന്റെ ആനന്ദത്തോടെ നില്‍ക്കാന്‍ കഴിയും. കൂടുതല്‍ ഇളച്ചു കിട്ടിയവന്‍ എന്ന നിലയില്‍ പാപിനിയായ സ്ത്രീയേപ്പോലെ കര്‍ത്താവിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയും.

അധികം ഇളച്ചു കിട്ടിയതിനാല്‍ കര്‍ത്താവിനെ അധികം സ്‌നേഹിച്ച ആ പാപിനിയുടെ കഥയില്‍ നിന്നുള്ള ശ്രദ്ധേയമായ മറ്റൊരു ചിന്ത അവളുടെ സ്‌നേഹം തന്റെ സ്വയത്തെ തകര്‍ത്തുകളയുന്ന സ്‌നേഹമായിരുന്നു എന്നതാണ്. ലൂക്കൊസിന്റെ സുവിശേഷത്തില്‍ അവള്‍ യേശുവിനെ പരിമളതൈലം പൂശിയ സംഭവം വിവരിക്കുമ്പോള്‍ വിട്ടുപോയ ഒരു കൊച്ചുകാര്യം മര്‍ക്കൊസ് ഇതേ സംഭവം എഴുതിയപ്പോള്‍ വിട്ടുപോകാതെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്: ”…ശിമോന്റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ ഭരണി വിലയേറിയ സ്വച്ഛജടമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്റെ തലയില്‍ ഒഴിച്ചു” (മര്‍ക്കൊ.14:3). ആ വെണ്‍കല്‍ ഭരണി സ്ത്രീ സഹജമായ രീതിയില്‍ ഭാവിയിലേക്ക് കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനുപകരം അവള്‍ തകര്‍ത്തുകളഞ്ഞുവെന്ന് മര്‍ക്കൊസ് നിരീക്ഷിക്കുന്നു. ഭരണി പൊട്ടിച്ചുവെന്നത് അവളുടെ മനോഭാവത്തെക്കുറിച്ചുള്ള സൂചനയാണെന്നും സ്വയത്തെ തകര്‍ത്തും കര്‍ത്താവിനെ സ്‌നേഹിക്കാനുള്ള സന്നദ്ധതയിലേക്കാണത് വിരല്‍ ചൂണ്ടുന്നതെന്നും വാച്ച്മാന്‍ നീ തന്റെ പ്രസിദ്ധ പുസ്തകമായ Normal Christian Life-ന്റെ അവസാന അദ്ധ്യായത്തില്‍ വിവരിച്ചിട്ടുള്ളത് ഇവിടെയോര്‍ക്കാം. നാമും കര്‍ത്താവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുവെങ്കില്‍ നമ്മുടെ സ്വയത്തെ സ്‌നേഹിക്കുകയില്ല ശിഷ്യത്വത്തിന്റെ വഴിയില്‍ അതിനെ നുറുക്കിക്കളയും (ലൂക്കൊ. 14:26,27). ക്രൂശിനെ ഒരു പ്രവൃത്തി ചെയ്യാന്‍ അനുവദിക്കും.

കര്‍ത്താവിനെ പരിമളതൈലം പൂശിയപ്പോള്‍ നുറുങ്ങിപ്പോയ വെണ്‍കല്‍ഭരണിയില്‍ നിന്നുയര്‍ന്ന സൗരഭ്യം വീടിനെ നിറച്ചു എന്നു നാം വായിക്കുന്നു (യോഹ.12:3). ചുറ്റുപാടുമുള്ളവര്‍ക്ക് സൗരഭ്യം ലഭിക്കുന്നത് നുറുങ്ങിപ്പോയ ഒരു ജീവിതത്തില്‍ നിന്നു മാത്രമാണ്. വളരെ വിളവുണ്ടാകണമെങ്കില്‍ ഗോതമ്പുമണിയുടെ കട്ടിയുള്ള പുറംതോട് പൊട്ടേണ്ടതുണ്ടെന്ന് കര്‍ത്താവ് പറയുന്നതും (യോഹ.12:24) ഇതിനോടു കൂട്ടി വായിക്കാം.

ഇതേ ആശയം പൗലൊസ് കൊരിന്ത്യരോട് പങ്കുവയ്ക്കുന്നത് കാണു ക: ”ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കണം എന്നരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ ക്ക് മണ്‍പാത്രങ്ങളിലാകുന്നു ഉള്ളത്” (2 കൊരി. 4:6,7). തങ്ങള്‍ മണ്‍പാത്രങ്ങളാണെങ്കിലും തങ്ങളില്‍ ഒരു ദൈവിക നിക്ഷേപമുണ്ടെന്ന് പൗലൊസ് ഏഴാം വാക്യത്തില്‍ പറയുന്നു. ആ വാക്യത്തെ തൊട്ടു മുകളിലത്തെ വാക്യത്തോടു ചേര്‍ത്തു വായിക്കുമ്പോഴാണ് ആ നിക്ഷേപം എന്താണെന്നു വ്യക്തമാകുന്നത്. ആറാം വാക്യത്തില്‍ അത് തങ്ങളുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്ന ദൈവതേജസ്സിന്റെ പ്രകാശമാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. അപ്പോള്‍ നോക്കുക: വെളിച്ചം ഇവിടെ മണ്‍പാത്രത്തിലാണു വെച്ചിരിക്കുന്നത്. മണ്‍പാത്രത്തിനുള്ളില്‍ ഗുപ്തമായിരിക്കുന്ന വെളിച്ചം മറ്റുള്ളവര്‍ക്ക് പ്രകാശമായിത്തീരണമെങ്കില്‍ എന്തുവേണം? തീര്‍ച്ചയായും ആ മണ്‍പാത്രം തകരപ്പെട്ടാലേ, വെളിച്ചം മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയൂ.

‘മണ്‍പാത്രത്തിനുള്ളിലെ വെളിച്ചം’ എന്നു പറയുമ്പോള്‍ പെട്ടെന്ന് യിസ്രായേലിന്റെ ചരിത്രത്തില്‍ നിന്ന് ഒരു സംഭവം നമ്മുടെ ഓര്‍മ്മയിലേക്കു കടന്നു വരും. ന്യായാധിപന്മാരുടെ പുസ്തകം ഏഴാം അദ്ധ്യായത്തില്‍ മിദ്യാന്യരെ നേരിടാന്‍ ഗിദെയോനും മുന്നൂറു പേരും പോയ സംഭവമാണത്. അവരുടെ കയ്യില്‍ ഓരോ മണ്‍കുടവും മണ്‍കുടത്തിനുള്ളില്‍ കത്തിയ പന്തവുമുണ്ടായിരുന്നു. പക്ഷേ രാത്രിയായിരുന്നിട്ടും മണ്‍കുടത്തിനുള്ളിലായിരുന്നു പ്രകാശം എന്നതുകൊണ്ടു ശത്രുക്കള്‍ക്ക് കാണുവാന്‍ കഴിഞ്ഞില്ല. കൃത്യസമയത്ത് എല്ലാവരും മണ്‍ കുടമുടച്ചു, പന്തങ്ങള്‍ പ്രകാശിച്ചു; ദൈവപ്രവൃത്തി വെളിപ്പെട്ടു.

നോക്കുക: ദൈവപ്രവൃത്തി വെളിപ്പെടണമെങ്കില്‍ മണ്‍പാത്രമുടയേണ്ടതുണ്ട്. സൗരഭ്യം വീടിനെ നിറയ്ക്കണമെന്നുണ്ടെങ്കില്‍ പരിമളപാത്രം നുറുങ്ങിപ്പോകണം. ജീവന്റെ നാമ്പ് പുറത്തേയ്ക്ക് വരണമെങ്കില്‍ ഗോതമ്പു മണി നിലത്തുവീണു ചാകണം. നുറുക്കം എത്ര പ്രധാനമാണ്! യഥാര്‍ത്ഥ പാപബോധമാണ് പാപത്തെ ലഘൂകരിക്കാതെ ഗൗരവമുള്ളതായി കാണാനും അത് ഇളച്ചു തന്ന കര്‍ത്താവിനെ, തന്റെസ്വയത്തെ തകര്‍ത്തും കൂടുതല്‍ സ്‌നേഹിക്കാനും പ്രേരിപ്പിക്കുന്നത്.

ചുരുക്കത്തില്‍ നമുക്ക് കുറ്റബോധമല്ല, പാപബോധമാണുള്ളത്. പാപബോധത്തില്‍ നിന്ന് കുറ്റബോധത്തിലേക്കൊരിക്കലും വഴുതിപ്പോകരുത്. യഥാര്‍ത്ഥ പാപബോധം, സ്വന്ത പാപത്തെ 500 വെള്ളിക്കാശു പോലെ വലിയതായി കാണും. കൂടുതല്‍ ഇളച്ചു കിട്ടിയവന്‍ കൂടുതല്‍ സ്‌നേഹിക്കും എന്ന പ്രമാണമനുസരിച്ച് ഫലത്തില്‍ നമ്മെത്തന്നെ ക്രൂശിന്റെ വഴിയില്‍ തകര്‍ത്തും നാം കര്‍ത്താവിനെ കൂടുതല്‍ സ്‌നേഹിക്കും!

തീര്‍ച്ചയായും, പാപബോധം വളരെ പ്രധാനപ്പെട്ട ഒരു സത്യമാണ്.

അധ്യായം 6 :
ദൈവത്തോടു കൂടെയുള്ള നടപ്പ്


രണ്ടുപേര്‍ ഒന്നിച്ചു നടക്കണമെങ്കില്‍ അവര്‍ക്ക് ഒരേ ലക്ഷ്യവും താല്പര്യങ്ങളും ഒരേ ഗതിവേഗവും ഉണ്ടായിരിക്കണം. ‘രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കാനാകുമോ?’ എന്ന് ആമോസ് ചോദിക്കുമ്പോള്‍, ഉവ്വ്, ഈ സത്യത്തിനാണ് അദ്ദേഹം അടിവരയി ടുന്നത് (ആമോസ് 3:3).

എന്നാല്‍ വലിയവനായ ദൈവത്തോടൊപ്പം മനുഷ്യരായ നമുക്കു നാം ആയിരിക്കുന്ന കാലഘട്ടത്തില്‍ ഇങ്ങനെ നടക്കാനാകുമോ? ‘കഴിയുകയില്ല’ എന്നാണ് നമ്മുടെ സ്വാഭാവിക യുക്തി നമ്മോടു പറയുന്നത്. എന്നാല്‍ ‘കഴിയും’ എന്നാണ് ദൈവവചനം പറയുന്നത്.

ദൈവവചനത്തിന്റെ ആദ്യതാളുകളില്‍ തന്നെ രണ്ടു പഴയനിയമ ഭക്തന്മാരെക്കുറിച്ച് അങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ‘ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു’ (ഉല്പ.5:24). ‘നോഹ ദൈവത്തോടുകൂടെ നടന്നു’ (6:9). അതിനും മുമ്പ് മറ്റൊരാള്‍ – ആദം – ദൈവത്തോടൊപ്പം നടന്നിരുന്നുവെന്നു നമുക്ക് ഊഹിക്കാം (ഉല്പ.3:8-10). പക്ഷേ അത് ഏദന്‍ തോട്ടത്തില്‍ നിഷ്‌ക്കന്മഷ യുഗത്തിലായിരുന്നു. മനുഷ്യന്‍ പാപ ത്തില്‍ വീണുപോയ ശേഷം ശാപഗ്രസ്തമായ ഭൂമിയില്‍ ദൈവത്തോ ടൊപ്പം ആദ്യമായി നടന്നു എന്നതാണ് ഹാനോക്കിന്റെയും നോഹയു ടെയും പ്രത്യേകത.

ഇന്നു നാമും ജീവിക്കുന്നത് പാപപങ്കിലമായ ശാപഗ്രസ്തമായ ഭൂമിയില്‍ തന്നെ. ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ നമുക്കും ഓരോ ദിവസവും ദൈവത്തോടൊപ്പം നടക്കാന്‍ കഴിയുകയില്ലെന്നല്ലേ നാം സ്വാഭാവികമായി ചിന്തിച്ചുപോവുക? എന്നാല്‍ തങ്ങളുടെ തലമുറയില്‍ ദൈവത്തോടൊപ്പം നടന്ന ഹാനോക്കും നോഹയും നമ്മെ ഇക്കാര്യ ത്തില്‍ വെല്ലുവിളിക്കട്ടെ.

നോഹ ജീവിച്ചിരുന്ന തലമുറ, നമ്മുടേതിനേക്കാളും ഒട്ടും മെച്ചപ്പെട്ട തോ, ദൈവഭയമുള്ളതോ, വഷളത്തം കുറഞ്ഞതോ ആയിരുന്നില്ലെന്ന് ഓര്‍ക്കണം. ആ തലമുറയുടെ ആത്മീയ അധഃപതനത്തിന്റെ ആഴം ഉല്പത്തി 6-ാം അദ്ധ്യായത്തിന്റെ പ്രാരംഭ വാക്യങ്ങളില്‍ നിന്നു നമുക്കു വായിച്ചെടുക്കാം: ‘ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരില്‍ ബോധിച്ചവരെ ഭാര്യമാരായി എടുത്ത’ കാലം. ‘മനുഷ്യനില്‍ എന്റെ ആത്മാവ് സദാ കാലവും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവന്‍ ജഡം തന്നെയല്ലോ’ എന്നു ദൈവം പറയത്തക്കവണ്ണം വഷളത്തം നിറഞ്ഞ തലമുറ. ‘ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണങ്ങളൊക്കെയും എല്ലായ്‌പ്പോഴും ദോഷമുള്ളതെന്നും ദൈവം കണ്ട’ കാലഘട്ടം. ‘താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കിയതിനെ ചൊല്ലി ദൈവം അനുതപിക്കേണ്ടി വന്ന’ സമയം – ഇതെല്ലാമായിരുന്നു ആ തലമുറയുടെ പ്രത്യേകതകള്‍.

ആ തലമുറയില്‍ കൊടികുത്തി വാണ ദൈവഭയമില്ലായ്മയും അഴിഞ്ഞാടിയ വഷളത്തവും ഇന്നു നാം എത്തിപ്പെട്ടിരിക്കുന്ന തലമുറ യെ ആണ് അനുസ്മരിപ്പിക്കുന്നത്. ഈ രണ്ടു തലമുറയും ഒരുപോലെ യാണെന്നു യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ – ‘നോഹയുടെ കാലം പോലെ തന്നെ മനുഷ്യപുത്രന്റെ വരവും ആകും’ (മത്താ.24:37). എന്നാല്‍ ആ തലമുറയില്‍ ഒരു നോഹയ്ക്കു ദൈവത്തോടൊപ്പം നടക്കാമെങ്കില്‍ ഈ തലമുറയില്‍ നമുക്കും അതിനു കഴിയുകയില്ലേ? കഴിയും, കഴിയണം. നോഹയ്ക്ക് അത് കഴിഞ്ഞത് ദൈവത്തിന്റെ പ്രത്യേക കൃപ ലഭിച്ചതുകൊണ്ടാണെന്ന് (ഉല്പ.6:8) ചിലര്‍ പറഞ്ഞേക്കം. എന്നാല്‍ പുതിയ ഉടമ്പടിയില്‍ ദൈവത്തെ പ്രസാദി പ്പിക്കുന്ന ഒരു ജീവിതം നയിക്കുവാന്‍ അതിനെ കവിയുന്ന വലിയ ദൈവകൃപ നമുക്കു ലഭ്യമാണല്ലോ (യോഹ.1:17; എഫെ.2:4-8; റോമ.8:29). നമുക്ക് ഇന്ന് ലഭ്യമല്ലാത്ത എന്തെങ്കിലും പ്രത്യേക ഉതവികള്‍ ദൈവത്തോടൊപ്പം നടക്കുന്നതിന് ആ തലമുറയില്‍ നോഹയ്ക്കും ഉണ്ടായിരുന്നില്ലെന്നു ചുരുക്കം.
ആട്ടെ, ഹാനോക്ക് ജീവിച്ചിരുന്ന തലമുറയോ? ഹാനോക്കിന്റെ മകന്‍ മെഥുശലേഹിന്റെ പൗത്രനായിരുന്നല്ലോ നോഹ. അപ്പോള്‍ ഹാനോക്കും നോഹയും തമ്മിലുള്ള അകലം കേവലം രണ്ടു പുരുഷായുസ്സിന്റേതു മാത്രം. എങ്കില്‍ നോഹയുടെ കാലം പോലെ തന്നെ ദുഷിച്ചതായിരുന്നു ഹാനോക്കിന്റെ കാലവും എന്നു കരുതാം. ഒരുപക്ഷേ നോഹയുടെ കാലത്തു മാനവരാശി കൂപ്പുകുത്തിയ ആത്മീ യാധപ്പതനത്തിന്റെ പടുകുഴിയിലേക്കുള്ള ഇറക്കം ഹാനോക്കിന്റെ കാലത്തുതന്നെ തുടങ്ങിയിരിക്കണം. അതുകൊണ്ടാണല്ലോ ഈ ലോകത്തെ ജലപ്രളയംകൊണ്ട് ദൈവം നശിപ്പിക്കുമെന്ന വെളിപ്പാട് ആ കാലഘട്ടത്തില്‍ ആദ്യം ഹാനോക്കിന് ദൈവം നല്‍കിയത്.

അതെ. ഭൂമി വഷളത്തം കൊണ്ടു നിറഞ്ഞതിനാല്‍ ഇതിനെ ജലപ്രളയംകൊണ്ട് നശിപ്പിക്കും എന്ന വെളിപ്പാട് ദൈവം നോഹയ്ക്കല്ല ഹാനോക്കിനാണ് ആദ്യം നല്‍കിയത്. ഹാനോക്കിന്റെ ജീവചരിത്രം സംക്ഷിപ്തമായി ഉല്പത്തി 5:21-24-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചു വായിച്ചാല്‍ നമുക്കിത് മനസ്സിലാകും. ഹാനോക്കിന്റെ ആയു ഷ്‌ക്കാലം ആകെ 365 സംവത്സരമായിരുന്നു. ഈ 365 സംവത്സരവും ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു എന്നല്ല അവിടെ രേഖപ്പെടു ത്തിയിരിക്കുന്നത്. മറിച്ച് ഹാനോക്കിന് 65 വയസ്സുള്ളപ്പോള്‍ അവന്‍ മെഥുശലേഹിനെ ജനിപ്പിച്ചു. തുടര്‍ന്നുള്ള 300 സംവത്സരം മാത്രമാണ് ഹാനോക്ക് ദൈവത്തോടുകൂടെ നടന്നത്! (ഉല്പ.5:22). അപ്പോള്‍ 65-ാം വയസ്സിലെ മെഥുശലേഹിന്റെ ജനനത്തോടെ ഹാനോക്കിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റം സംഭവിച്ചു. അതുവരെ ഒരു ലോകമനുഷ്യനെപ്പോലെ നടന്ന ഹാനോക്ക് തുടര്‍ന്ന് ദൈവത്തോ ടൊപ്പം നടക്കാന്‍ തുടങ്ങി. എന്താണിതിനു കാരണം? മെഥൂശലേഹ് എന്ന പേരിന്റെ അര്‍ത്ഥത്തില്‍ നിന്ന് നമുക്ക് ഇതിനെക്കുറിച്ച് സൂചന ലഭിക്കും. ‘ഇവന്റെ മരണത്തെ തുടര്‍ന്ന് ഭൂമി ജലപ്രളയത്താല്‍ നശിക്കും’ എന്നാണ് മെഥൂശലേഹ് എന്ന പേരിന്റെ അര്‍ത്ഥം. നോക്കുക. ഹാനോക്ക് മകനു നല്‍കിയ പേര് കേവലം ഒരു നാമ മായിരുന്നില്ല, ആ കാലഘട്ടത്തോടുള്ള ഒരു സന്ദേശമായിരുന്നു. ഒരാള്‍ക്ക് വെറുതെ തന്റെ മകന് ഇങ്ങനെയൊരു പേരിടാന്‍ കഴിയുമോ? ഇല്ല. തീര്‍ച്ചയായും വരാന്‍ പോകുന്ന ന്യായവിധിയെക്കുറിച്ചു ദൈവ ത്തില്‍നിന്ന് ഒരു പ്രത്യേക വെളിപ്പാടു ലഭിക്കാതെ തന്റെ കാലഘട്ടത്തി നുള്ള കൃത്യമായ ഒരു അപകട മുന്നറിയിപ്പു സ്വന്തം മകനു പേരായി നല്‍കാന്‍ ആര്‍ക്കും കഴിയുകയില്ല. ചുരുക്കത്തില്‍ ഭൂമിയെ ജലപ്രളയം കൊണ്ടു നശിപ്പിക്കാന്‍ പോകുന്നു എന്ന ദൈവിക വെളിപ്പാട് നോഹയ്ക്കല്ല ഹാനോക്കിനാണ് ആദ്യം ലഭിച്ചത്. അപ്പോള്‍ ഭൂമിയെ ജല പ്രളയത്താല്‍ നശിപ്പിക്കത്തക്കവണ്ണം ഹാനോക്കിന്റെ തലമുറയില്‍ തന്നെ മനുഷ്യന്റെ ദുഷ്ടത വലിയതായിരുന്നുവെന്ന് വ്യക്തം. മാത്രമല്ല, തന്റെ തലമുറയിലെ ആളുകളുടെ അഭക്തിയെക്കുറിച്ച് ഹാനോക്കിന്റെ വാക്കുകളില്‍ നിന്നും നമുക്കു സൂചന ലഭിക്കുന്നുണ്ട്. ഹാനോക്ക് തന്റെ തലമുറയോട് നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് യൂദയുടെ ലേഖനത്തില്‍ നിന്നാണു നമുക്കു വിവരം ലഭിക്കുന്നത്. അത് ഇങ്ങനെ: ”ആദാം മുതല്‍ ഏഴാമനായ ഹാനോക്കും ഇവരെക്കു റിച്ച് ഇതാ കര്‍ത്താവ് എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികള്‍ തന്റെ നേരെ പറഞ്ഞ ക്രൂരവാക്കുകള്‍ നിമിത്ത വും ഭക്തികെട്ടവരെയൊക്കെയും ബോധം വരുത്തുവാനും ആയിര മായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു” (യൂദ.15). ഇവിടെ ഒരൊറ്റ വാക്യത്തില്‍ നാലു പ്രാവശ്യമാണ് വരാന്‍ പോകുന്ന ന്യായവിധിയെക്കുറിച്ചു പറയുമ്പോള്‍ ഹാനോക്ക് ഭക്തി കെട്ട (Ungodly) എന്ന പദം ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കുക. ഇതും ഹാനോക്കിന്റെ തലമുറയുടെ വഷളത്വത്തിലേക്കല്ലേ വിരല്‍ ചൂണ്ടു ന്നത്?

തങ്ങളുടെ തലമുറയില്‍ ദൈവത്തോടൊപ്പം നടന്ന രണ്ടുപേര്‍ – ഹാനോക്കും നോഹയും. വാസ്തവത്തില്‍ അവര്‍ തങ്ങളുടെ തലമു റകളില്‍ ഒറ്റയാന്‍മാരായിരുന്നു. കാരണം അവരെപ്പോലെ ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം നയിക്കുന്ന മറ്റൊരാള്‍ പോലും അവരുടെ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. പക്ഷേ അത് അവര്‍ക്കു പ്രശ്‌ന മായിരുന്നില്ല. ‘ഇരുളിന് കനം കൂടുമ്പോഴാണ് നക്ഷത്രങ്ങളുടെ പ്രകാശം കൂടുതല്‍ വ്യക്തമാകുന്നത്’ എന്നതുപോലെ ഭക്തികേടിന്റെയും വഷളത്വത്തിന്റേയും ഇരുളിന് ശക്തികൂടിയ തങ്ങളുടെ തലമുറകളില്‍ അവര്‍ വിശുദ്ധ ജീവിതത്തിന്റെ ജാജ്വല്യമാനമായ പ്രകാശംകൊണ്ട് നക്ഷത്രങ്ങളെപ്പോലെ ശോഭിച്ചു.

ഇരുട്ടിന് കനംകൂടിയ ഈ തലമുറയില്‍ നമ്മെയും ദൈവം വിളിച്ചി രിക്കുന്നത് ഇതിനു വേണ്ടിയാണ്. ഇവിടെ ഒരു സംശയം വരാം. വാസ്തവത്തില്‍ അങ്ങനെ കഴിയുമോ? ചുറ്റുപാടുമുള്ള ഇരുളിന്റെ സ്വാധീനം മൂലം നമ്മുടെ പ്രകാശം മങ്ങി മങ്ങി ഒടുവില്‍ അതു കെട്ടു പോകയില്ലേ? നാം ആയിരിക്കുന്ന ചുറ്റുപാടുകളുടേയും സാഹചര്യ ത്തിന്റേയും സ്വാധീനം നമ്മെയും തിന്മയിലേക്ക് വലിച്ചു താഴ്ത്തുകയില്ലേ?

ഇവിടെ ഒരു ചെറിയ കഥയ്ക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു. അത് ഇങ്ങനെ: മദ്യപനായ ഒരു പിതാവിന് രണ്ട് ആണ്‍മക്കള്‍. ഇതില്‍ മൂത്ത മകന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവിനെപ്പോലെ തികഞ്ഞ കുടിയനായിത്തീര്‍ന്നു. ഇളയമകനാകട്ടെ ഒരു തുള്ളിപോലും കുടിക്കു കയില്ല, അവന്‍ മാന്യനായി ജീവിച്ചു. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ മക്കള്‍ രണ്ടുപേരെയും കണ്ട് അവര്‍ ഇങ്ങനെ ആയതിനു കാരണം അന്വേഷിച്ചു: മൂത്ത മകന്‍ പറഞ്ഞു: ”ഞാന്‍ എന്റെ അപ്പനെ കണ്ടാണ് പഠിച്ചത്. എന്റെ അപ്പന്‍ മുഴുക്കുടിയനായിരുന്നു. ഒടുവില്‍ അപ്പന്‍ നശിച്ചു. അപ്പനെ കണ്ടു ഞാനും കുടിക്കാന്‍ പഠിച്ചു. ഞാനും നശിക്കുന്നു.” ഇളയ മകന്റെയും മറുപടി ഏകദേശം ഇതുപോലെയാ യിരുന്നു. അയാള്‍ പറഞ്ഞു: ”ഞാന്‍ എന്റെ അപ്പനെ കണ്ടാണ് പഠിച്ചത്. എന്റെ അപ്പന്‍ മുഴുക്കുടിയനായി നശിച്ചു. ആ അപ്പനില്‍ നിന്നു ഞാന്‍ ഒരു പാഠം പഠിച്ചു- ഒരിക്കലും കുടിക്കരുതെന്നും നശിക്കരുതെന്നും.”

കണ്ടോ? രണ്ടു മക്കളുടെയും സാഹചര്യം ഒരുപോലെയായിരുന്നു. പക്ഷേ ആ ഒരേ സാഹചര്യത്തില്‍ നിന്ന് അവര്‍ രണ്ടുപേരും രണ്ടു പാഠമാണ് പഠിച്ചത്. മൂത്തമകനും ഇളയവനെപ്പോലെ അപ്പന്റെ പാളിച്ച യില്‍ നിന്നു ധനാത്മകമായ (ജീശെ്േല) ഒരു പാഠം പഠിക്കാമായിരുന്നു. പകരം നിഷേധാത്മകമായ (ചലഴമശേ്‌ല) ഒരു പാഠമാണ് അവന്‍ പഠിച്ചത്. ആരാണ് ഉത്തരവാദി? – സാഹചര്യമാണോ? അല്ല. അവന്റെ വഴിതെറ്റിയ ജീവിതത്തിന് അവന്‍ മാത്രമാണ് ഉത്തരവാദി. ചുരുക്കത്തില്‍ ‘സാഹ ചര്യം അതായിരുന്നു’ എന്നു പറഞ്ഞു നമുക്കാര്‍ക്കും നമ്മുടെ തോല്‍ വികളെ ന്യായീകരിക്കാന്‍ കഴിയുകയില്ല. ഏറ്റവും മോശമായ സാഹചര്യത്തെയാണ് ഹാനോക്കും നോഹയും അവരുടെ തലമുറയില്‍ അഭിമുഖീകരിച്ചത്. എന്നാല്‍ ദൈവത്തോടൊപ്പം നടക്കുന്നതിന് അത് അവര്‍ക്ക് ഒരു തടസ്സമായില്ല. ‘വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവില്‍… ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുവാനാണല്ലോ’ നമ്മെ വിളിച്ചിരിക്കുന്നത് (ഫിലി.2:14,15).

വക്രതയും കോട്ടവുമുള്ള ഒരു തലമുറയില്‍ നിന്ന് അകന്നു മാറി വനാന്തരത്തിലോ സന്യാസാശ്രമത്തിലോ ഒറ്റയ്ക്ക് കഴിഞ്ഞാലേ ദൈവത്തെ പ്രസാദിപ്പിക്കുന്ന, ദൈവത്തോടു ചേര്‍ന്നു നടക്കുന്ന ഒരു ജീവിതം സാധ്യമാകൂ എന്നാണ് പൊതുവെ മതങ്ങള്‍ ആളുകള്‍ക്ക് നല്‍കുന്ന ധാരണ. പക്ഷേ ഇവിടെ പൗലൊസ് വക്രതയും കോട്ടവു മുള്ള തലമുറയുടെ നടുവില്‍ തന്നെ നിന്നുകൊണ്ട് ജ്യോതിസ്സുകളെ പ്പോലെ പ്രകാശിക്കുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു!. ഹാനോക്കും നോഹയും നിത്യസാധാരണമായ ഒരു ജീവിതത്തില്‍ നിന്നോ കുടുംബ ബന്ധങ്ങളില്‍ നിന്നോ അകന്നു നിന്നിട്ടല്ല ദൈവത്തോടൊപ്പം നടന്ന തും. ശ്രദ്ധിക്കുക: ”ഹാനോക്ക് 300 സംവത്സരം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു” (ഉല്പ.5:22). ”നോഹ ദൈവത്തോടു കൂടെ നടന്നു. ശേം, ഹാം, യാഫത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു” (ഉല്പ. 6:9,10). കുടുംബ ജീവിതത്തിന്റെ എല്ലാ പ്രാരാബ്ധങ്ങള്‍ക്കിടയിലൂ ടെയും കടന്നുപൊയ്‌ക്കൊണ്ടു തന്നെ അവര്‍ ദൈവത്തോടൊപ്പം നടന്നു! ഇതു നമുക്ക് എത്ര വലിയ ഉത്സാഹമാണ് നല്‍കുന്നത്!

അതുപോലെ, വരാന്‍ പോകുന്ന ഒരു ന്യായവിധിയെക്കുറിച്ചുള്ള ബോധ്യമാണ് ഹാനോക്കിനെയും നോഹയെയും തങ്ങളുടെ തലമുറയി ലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ദൈവത്തോടു ചേര്‍ന്നു നടക്കാന്‍ പ്രേരിപ്പിച്ചത് എന്നു നാം കണ്ടു. ഇന്നു നാമും മറ്റൊരു ന്യായവിധിയുടെ തൊട്ടുമുമ്പിലുള്ള നാളുകളിലാണ്. ഒരിക്കല്‍ ദൈവം ഈ ഭൂമിയെ അതിന്റെ ദുഷ്ടത മൂലം ജലപ്രളയംകൊണ്ട് നശിപ്പി ച്ചെങ്കില്‍ ഇനി ദൈവം ഈ ഭൂമിയെ തീ കൊണ്ടാണ് നശിപ്പിക്കുന്നത് (2 പത്രൊ.3:5-7). ഹാനോക്കും നോഹയും ജലപ്രളയത്തിനു മുമ്പ് ദൈവത്തോടു ചേര്‍ന്നു നടന്നുവെങ്കില്‍ തീകൊണ്ടുള്ള ന്യായവിധിക്ക് തൊട്ടുമുമ്പ് ജീവിക്കുന്ന നാമും ദൈവത്തോടു ചേര്‍ന്നു നടപ്പാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

അന്നു ഹാനോക്കും നോഹയും തങ്ങളുടെ ജീവിതവും വാക്കുകളും കൊണ്ട് വരാന്‍ പോകുന്ന ന്യായവിധിയെക്കുറിച്ചാണ് പ്രഘോഷിച്ചത്. നോഹ തന്റെ ജീവിതം കൊണ്ട് ലോകത്തിന് കുറ്റബോധം വരുത്തു കയായിരുന്നുവെന്ന് എബ്രായ ലേഖനകാരന്‍ പറയുന്നു (11:6). ഹാനോക്ക് തന്റെ മകനിട്ട പേരുകൊണ്ടും തുടര്‍ന്ന് ദൈവത്തോടു ചേര്‍ന്നുള്ള നടപ്പുകൊണ്ടും തന്റെ തലമുറയ്ക്ക് ജീവിതം കൊണ്ടുള്ള സന്ദേശം നല്‍കുകയായിരുന്നു എന്നു നാം നേരത്തെ കണ്ടു. മാത്രമല്ല അവരുടെ വാക്കുകളും വരാന്‍ പോകുന്ന ന്യായവിധിയെക്കുറിച്ചുള്ള ഉദ്‌ബോധനങ്ങളായിരുന്നു (യൂദ.14,15, 2 പത്രൊ.2:5). ഇന്നു നാമും തീ യ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഈ ലോകത്തിന്റെ മൂല്യ ബോധങ്ങളില്‍ നിന്ന് അകന്നും ഈ ലോകം വലുതായി കാണുന്ന പണം, സ്ഥാന മാനങ്ങള്‍, അംഗീകാരം എന്നിവയെ നിഷേധിച്ചും ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതംകൊണ്ട് ഈ ലോകത്തെ ന്യായം വിധിക്കുകയാണ്! നമ്മുടെ വാക്കുകളോ? ഇന്ന് ക്രിസ്തീയ ലോകത്ത് ജനപ്രീതി ലഭിക്കു ന്നത് മാത്രമേ പ്രസംഗിക്കാവൂ എന്നൊരു അലംഘനീയ നിയമ മുണ്ടെന്ന് തോന്നുന്നു. കര്‍ണ്ണരസം നല്‍കുന്ന കാര്യങ്ങള്‍ മാത്രം ജനപ്രിയ സുവിശേഷകര്‍ പ്രസംഗിക്കുമ്പോള്‍ (2 തിമോ.4:3) ഹാനോക്കിനെയും നോഹയെയും പോലെ വരാന്‍ പോകുന്ന ന്യായ വിധിക്കായി ഒരുങ്ങാനുള്ള സന്ദേശങ്ങള്‍ നല്‍കുകയും ഒട്ടും ജനപ്രീതി യില്ലാത്ത ക്രൂശിന്റെ വഴി, ശിഷ്യത്വ ജീവിതം എന്നിവയെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

ന്യായവിധിക്കു തൊട്ടുമുമ്പു നോഹയ്ക്കു കിട്ടിയ നിയോഗം ഒരു പെട്ടകം പണിയുക എന്നതാണ് (ഉല്പ.6:14). ജലപ്രളയത്താല്‍ നശിപ്പിക്കപ്പെടുന്ന ലോകത്തില്‍ സുരക്ഷിതമായ ഒരു സ്ഥലം മാത്രമാണുണ്ടാ യിരുന്നത് – പെട്ടകം. ഇന്നും തിന്മയിലേക്കും ന്യായവിധിയിലേക്കും കൂപ്പുകുത്തുന്ന ഈ ലോകത്തില്‍ സുരക്ഷിതമായി ഒരു സ്ഥലം മാത്ര മേയുള്ളു – അതു ദൈവസഭയാണ്. പെട്ടകം പണിയുകയായിരുന്നു അന്നു നോഹയുടെ മുഖ്യതൊഴില്‍ എങ്കില്‍ ഇന്നു കര്‍ത്താവിന്റെ ശരീരമാകുന്ന സഭ പണിയുക എന്നതിനായിരിക്കണം നമ്മുടെ മുന്‍ഗണന. പെട്ടകം പണിയുന്നത് നോഹയ്ക്ക് ഒട്ടും ആദായകരമായ ഒരു കാര്യമായിരുന്നില്ല. സ്വന്തം അദ്ധ്വാനത്തില്‍ നിന്നാണ് അവന്‍ അന്ന് അതിനുള്ള ചെലവുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇന്നു സഭയുടെ പണി ഒരു തൊഴിലും ഉപജീവനമാര്‍ഗ്ഗവുമായി മാറിയിരിക്കുന്നു! ഈ കാലത്ത് സ്വന്ത അദ്ധ്വാനത്തില്‍ നിന്നു പെട്ടകം പണിത നോഹയെ പ്പോലെ, സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പണിത പൗലൊസിനേപ്പോലെ (1 കൊരി.9;18) നമുക്കും ആയിരിക്കാം.

‘ഹാനോക്കു ദൈവത്തോടുകൂടെ നടന്നു. ദൈവം അവനെ എടുത്തു കൊണ്ടതിനാല്‍ കാണാതെയായി’ (ഉല്പ.5:24) – ആ ധന്യമായ ജീവിതത്തിന്റെ അന്ത്യം അങ്ങനെ ആയിരുന്നു.

നാമും ദൈവത്തോടൊപ്പം ഇന്നു നടക്കുന്നു. ഈ നടപ്പിന്റെ നാളുകള്‍ നീണ്ടുപോകുമ്പോള്‍ ഒരു ദിവസം അവിടുന്നു നമ്മോടു പറയും: ”മകനെ, നീ ഇപ്പോള്‍ നടന്നു നടന്നു ഭൂമിയില്‍ നിന്ന്, അതിന്റെ താല്പര്യങ്ങളില്‍ നിന്ന്, ഏറെ അകലെയായല്ലോ. ഇനി മടങ്ങിപ്പോ കേണ്ട. കാരണം ഇവിടെ നിന്നു ഭൂമിയിലേക്കു ദൂരം കൂടുതലാണ്. അതുകൊണ്ട് ഇവിടെ എന്റെ വീട്ടില്‍ എന്നും എന്നോടൊപ്പം ആയിരി ക്കാം.” നാം അതു സമ്മതിക്കും. അന്നു ഭൂമിയില്‍ നിന്നു നമ്മെ കാണാതെയാകും!

ഈ ഭാഗ്യകരമായ പ്രത്യാശ കൊണ്ട് ഹൃദയം നിറഞ്ഞവരായി ഇന്നു നമുക്കു ദൈവത്തോടു ചേര്‍ന്നു നടക്കാം.

അധ്യായം 7 :
അത്താഴ മേശയിലെ ഒത്തുചേരല്‍


അവന്‍ അവരോട്: ”ഞാന്‍ കഷ്ടം അനുഭവിക്കും മുന്‍പേ ഈ പെസഹ നിങ്ങളോടു കൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു” (ലൂക്കൊ. 22:15).

ഏറെ പകിട്ടൊന്നുമില്ലാത്ത ഒരു വിടപറയല്‍ വിരുന്നായിരുന്നു അത്. നസറേത്തിലെ യേശുവും ശിഷ്യരായ പാവപ്പെട്ട മീന്‍ പിടിത്തക്കാരും ചേര്‍ന്നുള്ള ലളിതമായ ഒരു ഒത്തുചേരല്‍. ഇത് ഒന്നിച്ചുള്ള ‘അന്ത്യ അത്താഴ’മാണെന്ന് ഒരുപക്ഷേ യേശുവിന് മാത്രമേ അറിയുമായിരു ന്നുള്ളൂ. എന്നാല്‍ ഇങ്ങനെ ഒന്നിനു വേണ്ടി താന്‍ എത്ര വാഞ്ഛ യോടെ ആഗ്രഹിച്ചു എന്നാണ് യേശു ഗൃഹാതുരതയോടെ പറയുന്നത്. ഇതേസമയം, മൂന്നര വര്‍ഷം ഒന്നിച്ചുണ്ടുറങ്ങി, സുഖദുഃഖങ്ങള്‍ പങ്കിട്ട ചില ചെറുപ്പക്കാരുടെ വികാരഭരിതമായ വിടപറയല്‍ എന്നതിനപ്പുറം ഈ അത്താഴ മേശയിലെ ഒത്തുചേരലിന് മറ്റെന്തെങ്കിലും അര്‍ത്ഥതല ങ്ങളുണ്ടോ, ഇതിനു മറ്റൊരു മാനം (Dimension) ഉണ്ടോ?

തീര്‍ച്ചയായും യേശുവുമായി ബന്ധപ്പെട്ട സുവിശേഷങ്ങളിലെ എല്ലാ കാര്യങ്ങള്‍ക്കും ഉപരിതലത്തില്‍ കാണുന്നതിനു താഴെ ആഴത്തില്‍ മറ്റൊരു തലം ഉള്ളതുപോലെയാണിതും. ദൈവവും മനുഷ്യനും തമ്മി ലും മനുഷ്യനും മനുഷ്യനും തമ്മിലും മുറിഞ്ഞു പോയ ബന്ധത്തെ വിളക്കിച്ചേര്‍ക്കാന്‍ വന്ന യേശുവിന്റെ ദൗത്യത്തിന്റെ നാഴികക്കല്ലുകളി ലൊന്നാണ് അന്ത്യ അത്താഴത്തില്‍ സ്ഥാപിതമായ കര്‍തൃമേശ.

കര്‍തൃമേശ പ്രതീകഭംഗിയോടെ വിരല്‍ ചൂണ്ടുന്നത് ഒട്ടേറെ കാര്യ ങ്ങളിലേക്കാണ്. ഒന്നാമത് ‘വിലക്കപ്പെട്ട ഒരു ഭക്ഷണ’ത്തോടു ബന്ധപ്പെട്ടാണ് ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യ നും തമ്മിലും ഉണ്ടായിരുന്ന സ്‌നേഹബന്ധം ആദ്യം മുറിഞ്ഞുപോയ തെന്നു ശ്രദ്ധിക്കുക. ഏദന്‍ തോട്ടത്തില്‍ ദൈവവും മനുഷ്യനും തമ്മില്‍ മധുരോദാരമായ സ്‌നേഹബന്ധവും സമാധാനപൂര്‍ണവുമായ സഹവര്‍ത്തിത്വവുമാണുണ്ടായിരുന്നത്. പക്ഷേ ‘വിലക്കപ്പെട്ട കനി’ ഭക്ഷിച്ച തോടെ അതിനു വിള്ളല്‍ ഉണ്ടായി. ‘തിന്നരുതെന്നു ദൈവം കല്പിച്ച ഒരു പഴം മനുഷ്യന്‍ പറിച്ചുതിന്നു’ എന്ന ഒരു കേവല സംഭവമായല്ല ഇതിനെ കാണേണ്ടത്. ഇവിടെ മനുഷ്യന്‍ അവനോടുളള ദൈവസ്‌നേ ഹത്തെ സംശയിച്ചു. അവനെക്കുറിച്ചുള്ള ദൈവത്തിന്റെ നന്മയുടെ പദ്ധതികളെ അവിശ്വസിച്ചു. തിന്മയുടെ ശക്തിയെ കണ്ണുമടച്ചു വിശ്വസിച്ചു. തെറ്റായ പ്രലോഭനത്തിനു മുമ്പില്‍ പ്രതിരോധമില്ലാതെ കീഴടങ്ങി. ‘അരുത്’ എന്ന ദൈവകല്പനയെ നേരെ ലംഘിച്ചു. (ഇന്നും മനുഷ്യന്‍ പാപം ചെയ്യുമ്പോള്‍ ഇത്രയേറെ കാര്യങ്ങള്‍ അതില്‍ അന്തര്‍ ഭവിച്ചിട്ടുണ്ടെന്ന് നാം ഓര്‍ക്കാറുണ്ടോ?). ഫലം ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന ബന്ധം വിച്ഛേദിക്കപ്പെട്ടു. മാത്രമല്ല മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിനും വിള്ളലുണ്ടായെന്നാണ് ‘തിന്നരു തെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ആദം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. ‘എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു. ഞാന്‍ തിന്നുകയും ചെയ്തു’ എന്ന ആദമിന്റെ മറുപടിയില്‍ അവന്‍ കുറ്റപ്പെടുത്തലിന്റെ വിരല്‍ ചൂണ്ടുന്നതു തന്റെ ജീവിത പങ്കാളിക്കു നേരെയാണ്. അവിടെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും മുറിഞ്ഞു.

പാപം മൂലം മുറിഞ്ഞുപോയ ഈ രണ്ട് ബന്ധങ്ങളെയും പാപത്തിനു പരിഹാരം വരുത്തിക്കൊണ്ട് യേശു പുനഃസ്ഥാപിക്കുന്ന ഇടമാണു കാല്‍വറി ക്രൂശ്. ക്രൂശിന്റെ ആകൃതിപോലും ഈ പുനഃസ്ഥാപിക്കപ്പെ ടുന്ന ബന്ധത്തിന്റെ പ്രതീകമാണെന്നു പറയാറുണ്ടല്ലോ. ക്രൂശിലെ മേലുകീഴായ (ലംബമായ) തടി ഭൂമിയും സ്വര്‍ഗ്ഗവും (മനുഷ്യനും ദൈവവും) തമ്മില്‍ വീണ്ടും ബന്ധപ്പെടുന്നതിനെ കാണിക്കുന്നു. ക്രൂശിന്റെ കുറുകെയുള്ള (തിരശ്ചീനമായ) തടി ഇരുവശങ്ങളിലേക്കും നീട്ടപ്പെട്ട രണ്ടു കരങ്ങള്‍ പോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിനെയും കുറിക്കുന്നു. ഈ ക്രൂശി ലേക്കു ചെല്ലുംമുമ്പേ യേശു അതിനെ മറ്റൊരു പ്രതീകത്തില്‍ – അപ്പ വും വീഞ്ഞും – ആവിഷ്‌ക്കരിക്കുന്നതാണു കര്‍തൃമേശയില്‍ നാം കാണുന്നത്. (വിലക്കപ്പെട്ട കനി ഭക്ഷിച്ചു പാപത്തില്‍ വീണു പോയെ ങ്കില്‍ ആ പാപത്തിനു പരിഹാരം വരുത്തിയതിന്റെ സ്മരണശുശ്രൂഷ ഭക്ഷിച്ചും കുടിച്ചും ആചരിക്കുന്നതിലെ കാവ്യനീതി കാണുക. കര്‍തൃമേശയുടെ ഓര്‍മ ഉണര്‍ത്തുന്ന, യിസ്രയേല്‍ മക്കള്‍ ആചരി ച്ചിരുന്ന പെസഹയും ഭക്ഷണവുമായി ബന്ധപ്പെടുത്തിയിരുന്നല്ലോ).

കര്‍തൃമേശ സ്ഥാപിക്കുമ്പോള്‍ തന്നെ അതു ദൈവത്തോടും മനുഷ്യരോടും പുനഃസ്ഥാപിക്കപ്പെട്ട ബന്ധത്തിന്റെ അടിസ്ഥാനത്തി ലുള്ള ഒരു പുതിയ ഉടമ്പടിയെ (new covenant) കാണിക്കുന്നതായി യേശു വ്യക്തമാക്കുന്നുണ്ട് – ”പിന്നെ പാനപാത്രം എടുത്തു സ്‌തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു. എല്ലാവരും ഇതില്‍നിന്നു കുടിപ്പിന്‍. ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള (my blood of the new covenant) എന്റെ രക്തം” (മത്താ.26:27,28). ”ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം (new covenant in my blood) ആകുന്നു” (ലൂക്കൊ.22:20). യേശു ഇവിടെ രണ്ടിടത്തും ഉപയോഗി ച്ചിരിക്കുന്ന ‘പുതിയ നിയമത്തിനുള്ള രക്തം’ ‘രക്തത്തിലെ പുതിയ നിയമം’ എന്നീ പ്രയോഗങ്ങള്‍ യിസ്രയേല്‍ മക്കളുടെ പ്രയാണത്തി നിടയിലെ ഒരു സംഭവം നമ്മെ ഓര്‍മ്മിപ്പിക്കും. പുറപ്പാട് പുസ്തകം 24-ാം അദ്ധ്യായത്തിലാണത്. പ്രസക്തഭാഗം കാണുക: ”മോശ നിയമ പുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ച തൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ മോശെ രക്തമെടുത്ത് ജനത്തിന്മേല്‍ തളിച്ചു. ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം (blood of the covenant) ഇതാ എന്നു പറഞ്ഞു. അനന്തരം മോശെയും, അഹരോനും, നാദാബും, അബീഹൂവും യിസ്രായേല്‍ മൂപ്പന്മാരില്‍ എഴുപതുപേരും കൂടെ കയറിച്ചെന്നു… അവര്‍ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു” (7-11).

കാനാവില്‍ വെറും പച്ചവെള്ളത്തെ എടുത്തു രുചിയും മണവും ഗുണവുമുള്ള വീഞ്ഞാക്കിത്തീര്‍ത്തതുപോലെ, യേശു പഴയ നിയമത്തില്‍ മോശെ നിയമത്തിന്റെ രക്തം കൊണ്ടു മുദ്രയിട്ട സംഭവ ത്തെ എടുത്തു കൂടുതല്‍ ആഴവും പരപ്പും അര്‍ത്ഥവുമുള്ള കര്‍തൃ മേശയാക്കി മാറ്റുകയായിരുന്നു. കാളകളുടെ രക്തംകൊണ്ടാണ് അവിടെ മുദ്രയിട്ടതെങ്കില്‍ ഇവിടെയിതാ സ്വന്തം രക്തംകൊണ്ട് മുദ്രയിട്ടിട്ട് യേശു പ്രഖ്യാപിക്കുന്നു: ”അതു പഴയ ഉടമ്പടിയിലെ നിയമത്തിന്റെ രക്തം (blood of the covenant) ആയിരുന്നെങ്കില്‍ ഇത് പുതിയ നിയമത്തി നുള്ള എന്റെ രക്തം (my blood of the new covenant) ആണ്!”

മോശെ നിയമത്തിന്റെ രക്തം കൊണ്ടു മുദ്രയിട്ട സംഭവത്തില്‍, ആ ഉടമ്പടിയില്‍ യിസ്രായേല്‍ മക്കളുടെ പങ്കാളിത്തം എന്തായിരുന്നു? ‘യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കും’ എന്നു യിസ്രായേല്‍മക്കള്‍ സ്വയം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തതാണു തങ്ങളുടെ ഭാഗത്തുനിന്ന് അവരുടെ പങ്കാളിത്തം. കല്പനകളുടെ പുറമെയുള്ള അനുസരണവും ബാഹ്യമായ വിശുദ്ധിയും മാത്രമായിരുന്നു യിസ്രായേല്‍ മക്കളില്‍ നിന്ന് അന്ന് ആവശ്യപ്പെട്ടിരുന്നത്. ഇത് സൂചിപ്പിക്കുവാനായി മോശ രക്തമെടുത്ത് അവരുടെ മേല്‍ തളിക്കുകയും ചെയ്തു. (ഇതേസമയം, പുതിയ ഉടമ്പടിയില്‍ രക്തത്തിന്റെ പ്രതീകമായി വീഞ്ഞില്‍ നിന്നു കുടിക്കുമ്പോള്‍ ഉള്ളിലേക്കു പോകുകയാണ്).

യേശു തന്റെ രക്തംകൊണ്ട് സ്ഥാപിച്ച പുതിയ ഉടമ്പടിയിലും ‘അവിടുന്ന് കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കും’ എന്നതാണ് നമ്മുടെ പങ്കാളിത്തം. ‘ഞാന്‍ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍’ എന്ന യേശുവിന്റെ അന്ത്യകല്പന ഇവിടെ ഓര്‍ക്കുക (മത്താ.28:20). ‘യഹോവ കല്പിച്ച തൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കും’ എന്നു പഴയനിയമ യിസ്രായേല്‍ പോലും പ്രഖ്യാപിക്കുമ്പോള്‍ നാം എത്രയധികം അതില്‍ ഉത്സാഹികളാകേണ്ടതുണ്ട്! എന്നാല്‍ കല്പനകളുടെ ബാഹ്യമായ അനുസരണം മാത്രം നമുക്കു പോരാ, ആന്തരികമായ അനുസരണവും ആന്തരികമായ വിശുദ്ധിയുമാണു പുതിയ ഉടമ്പടിയില്‍ പ്രസക്തം. പുതിയ ഉടമ്പടിയില്‍ കര്‍ത്താവ് തന്റെ പര്‍വ്വതപ്രസംഗത്തില്‍ പഴയനിയമത്തിലെ കല്പനകള്‍ ഓരോന്നായി എടുത്ത് ‘ഞാനോ നിങ്ങളോടു പറയുന്നത്’ എന്ന ആമുഖത്തോടെ അവ ഓരോന്നിനും പുതിയ ഭാഷ്യം നല്‍കുന്നുണ്ടല്ലോ. (മത്താ. 5: 21,22/27,28/33,34/38,39/43,44). കല്പനകളോട് ആന്തരികമായി പാലിക്കേണ്ട വിശ്വസ്തതയ്ക്കും ആന്തരികമായി പുലര്‍ത്തേണ്ട വിശുദ്ധിക്കുമാണു പുതിയ ഉടമ്പടി യിലെ ഊന്നല്‍ (മത്താ. 5,6,7 അധ്യായങ്ങള്‍, ലൂക്കൊ. 6:20-49). എന്നാല്‍ ഇത് പഴയ ഉടമ്പടിയിലെ കല്പനകളോട് താരതമ്യം ചെയ്യുമ്പോള്‍ കര്‍ത്താവു പുതിയ ഉടമ്പടിയില്‍ തന്ന കല്പനകളാണു പാലിക്കാന്‍ കൂടുതല്‍ പ്രയാസം എന്നു സത്യസന്ധരാണങ്കില്‍ നാം കണ്ടെത്തും. കാരണം പഴയനിയമത്തിലെ കല്പനകള്‍ അതിന്റെ അക്ഷരത്തില്‍ അനുസരിച്ചാല്‍ മതി. എന്നാല്‍ പുതിയ ഉടമ്പടിയില്‍ കല്പനകളുടെ അക്ഷരത്തിനപ്പുറത്ത് അതിന്റെ ആത്മാവിനോട് നാം നീതി പുലര്‍ത്തേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ പുതിയ ഉടമ്പടിയില്‍ അവിടുന്നു കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കും എന്ന് നമ്മില്‍ ആര്‍ക്കു ധൈര്യമായി പറയുവാന്‍ കഴിയും? മാനുഷികമായി നമുക്ക് ഇത് അസാധ്യമാണെന്നുള്ളതാണു സത്യം. അങ്ങനെയെങ്കില്‍ ഇനി എന്താണു പോംവഴി? ഈ പ്രതിസന്ധിയെ നാം എങ്ങനെ തരണം ചെയ്യും? ഉടമ്പടി രണ്ടു കക്ഷികള്‍ ചേര്‍ന്നു ചെയ്യുന്ന ഒരു കരാറാണ്. ഈ കരാറില്‍ നമ്മുടെ ഭാഗത്തു നാം ചെയ്യേണ്ടത്, ‘കല്പിച്ചത് ഒക്കെയും അനുസരിക്കുക’ എന്നതാണ്. ഇതില്‍ ഒരു ഇളവും ഇല്ലെന്ന് പര്‍വ്വതപ്രസംഗത്തില്‍ കര്‍ത്താവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് (മത്താ.5:17-20). എങ്കില്‍ നാം എന്തുചെയ്യും? സത്യത്തില്‍ ഇവിടെ ഒരു വിഷമസന്ധിയിലാണു നാം.

പക്ഷേ ഭയപ്പെടേണ്ട. കല്പന തന്ന കര്‍ത്താവു തന്നെ അതിനു പരിഹാരവും കണ്ടിട്ടുണ്ട്. നോക്കുക: കര്‍ത്താവു പറയുന്നു: ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകളെ കാത്തു കൊള്ളും” (യോഹ. 14:15). നാം ഉടനെ മുകളില്‍ പറഞ്ഞതിന്റെ അടി സ്ഥാനത്തില്‍ ഇങ്ങനെ ചോദിക്കും: ‘പക്ഷേ കര്‍ത്താവേ, അത് എങ്ങനെ സാധിക്കും’? കര്‍ത്താവിന്റെ മറുപടി: ”എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും. അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ (സഹായകനെ) എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും” (14:16).

ഉവ്വ്, പരിശുദ്ധാത്മാവാണത്. നല്ല കാര്യസ്ഥന്‍. സഹായകന്‍. നമ്മെ ക്കൊണ്ടു ചിലതു ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് നമുക്ക് ഒരു സഹായകനെ ആവശ്യമുള്ളത്. കല്പന കാത്തുകൊള്ളുവാന്‍ (14:15) വചനം പ്രമാണിപ്പാന്‍ (14:23) ‘അവന്‍’ നമ്മെ ശക്തീകരിക്കും. സകല സത്യത്തിലും നമ്മെ വഴി നടത്തും (16:13). സ്‌തോത്രം!

എന്നാല്‍ ഈ സഹായകന്‍, പരിശുദ്ധാത്മാവ് എപ്പോള്‍ വരും എന്നായിരുന്നു അപ്പോള്‍ ശിഷ്യന്മാര്‍ക്ക് അറിയേണ്ടത്. യേശു പറഞ്ഞു: ”എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങ ളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും” (16:7). കര്‍ത്താവ് മരിച്ച് അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്താലേ പരിശുദ്ധാത്മാവു വരികയുള്ളു.

ഉവ്വ്, കര്‍ത്താവ് മരിച്ച് അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റുവെന്നുള്ള കാര്യങ്ങളെല്ലാം പ്രതീകാത്മകമായി ചിത്രീകരിക്കുന്ന, പുതിയ നിയമസ ഭയ്ക്കുള്ള, രണ്ട് ശുശ്രൂഷകളാണ് സ്‌നാനവും, കര്‍തൃമേശയും. ഇതില്‍ ‘കര്‍ത്താവു വരുവോളം അവിടുത്തെ മരണത്തെ പ്രസ്താവിക്കുന്ന’ (1 കൊരി.11:26) കര്‍തൃമേശ കര്‍ത്താവ് ഇതുവരെയും വന്നിട്ടില്ലെന്നു കാണിക്കുന്നു. പോയവനേ വരാന്‍ കഴിയുകയുള്ളു. എങ്കില്‍ സ്വര്‍ഗ്ഗ ത്തിലേക്കു പോയവനായ കര്‍ത്താവ് ഉയരത്തില്‍ കയറി അവിടെനിന്നു പരിശുദ്ധാത്മാവ് എന്ന ദാനത്തെ നമുക്കു തന്നുവെന്നും (എഫെ.4:8) കൂടിയാണ് കര്‍തൃമേശ ഇന്നു നമ്മെ വിളിച്ചറിയിക്കുന്നത്. ചുരുക്ക ത്തില്‍ കര്‍തൃമേശ, ഉടമ്പടിയുടെ ഭാഗമായി ‘കല്പിച്ചത് ഒക്കെയും നമ്മള്‍ അനുസരിക്കണ’മെന്ന് ആവശ്യപ്പെടുക മാത്രമല്ല അതനുസ രിപ്പാന്‍ പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് ലഭ്യമാണെന്ന ഉറപ്പു നല്‍കുക കൂടിയാണ് ചെയ്യുന്നത്. യേശു തന്റെ മരണത്തിലൂടെ സ്ഥാപിച്ച പുതിയ ഉടമ്പടിയില്‍, അവനോടുകൂടെ ക്രൂശിക്കപ്പെട്ടും സ്വന്ത ഇഷ്ടത്തിനു മരിച്ചും യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിച്ചും (2കൊരി. 4:10) പങ്കാളികളാകുവാന്‍ പരിശുദ്ധാത്മാവു നമ്മെ സജ്ജരാക്കും.

അതെ. കര്‍തൃമേശ കേവലം ഒരാചാരമല്ല. അര്‍ത്ഥതലത്തില്‍ നമുക്ക് ഉത്സാഹം പകരുന്ന ഒട്ടേറെ അടരുകള്‍ അതിനുണ്ട്. പാപംമൂലം മനുഷ്യന് നഷ്ടമായ ബന്ധങ്ങളെ വലിയവനായ ദൈവം തന്നെ കാല്‍വരിയിലെ പാപപരിഹാര ബലിയിലൂടെ പുനഃസ്ഥാപിച്ചതായി കര്‍തൃമേശ പ്രഖ്യാപിക്കുന്നു. ഒപ്പം ഇന്നു നാം ദൈവത്തോടും മനുഷ്യ രോടും പുതിയ ഉടമ്പടിയനുസരിച്ചു കുറ്റമറ്റ ബന്ധം പാലിക്കാന്‍ ബാധ്യ സ്ഥരാണെന്നും ഓര്‍മിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കു കരേറിപ്പോയ കര്‍ത്താവു പിതാവിനോടു ചോദിച്ചു പരിശുദ്ധാത്മാവിനെ അയച്ചു തന്നതിലൂടെ ഈ ഉടമ്പടി പാലിക്കാനുള്ള ശക്തി ഇന്നു നമുക്ക് ലഭ്യമാണെന്നുള്ള ഉറപ്പും കര്‍തൃമേശ നല്‍കുന്നു. പല ഗോതമ്പു മണികള്‍ പൊടിഞ്ഞ് ഒരപ്പമായതു പോലെ ഇന്ന് ഒരു ശരീരമായി പണിയപ്പെടുമ്പോഴുള്ള നുറുക്കത്തിന്റെ പ്രസക്തിയും കര്‍തൃമേശ സൂചിപ്പിക്കുന്നു (1 കൊരി.10:17, യോഹ,12:24). ഒടുവിലായി ഈ ബോധ്യങ്ങളോടെ ജീവിക്കുന്നവരെ ചേര്‍ക്കാനും അവര്‍ക്കു പ്രതിഫലം നല്‍കാനുമായി കര്‍ത്താവു വേഗം വരുന്നെന്നും (1കൊരി. 11:26) അതിനായി ഒരുങ്ങണമെന്നും (1 യോഹ. 3:2,3) കര്‍തൃമേശ നമ്മെ തിടുക്കപ്പെടുത്തുന്നു.

അതുകൊണ്ട് ‘അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയ പരമാര്‍ ത്ഥതയും പൂണ്ടു ദൈവത്തെ സ്തുതിച്ച’ ഒന്നാം നൂറ്റാണ്ടിലെ വിശുദ്ധര്‍ ഇന്നു നമ്മെ പ്രചോദിപ്പിക്കട്ടെ (പ്രവൃ.2:46,47).

അധ്യായം 8 :
രഹസ്യ നിലപാടില്‍ നിന്ന്പ രസ്യമായി മുന്നോട്ട്


‘ഞാന്‍ ലോകത്തിന്റെ വെളിച്ചമാണെ’ന്ന് അവകാശപ്പെട്ട ഒരാളാണ് യേശു. ഈ വലിയ വെളിച്ചത്തില്‍ നിന്നു കൊളുത്തപ്പെട്ട കൊച്ചു വിളക്കുകളാണ് തന്നെ അനുഗമിക്കുന്ന നാം ഓരോരുത്തരും (യോഹ. 8:12).

യേശുക്രിസ്തു എന്ന ആ വലിയ വെളിച്ചവുമായി വ്യക്തിപരമായി ബന്ധപ്പെടുമ്പോഴാണു നമ്മുടെ ഉള്ളിലും ഒരു ചിരാത് തെളിയുന്നത്. ഒരു ക്രിസ്തീയകുടുംബത്തില്‍ ജനിച്ചതുകൊണ്ടോ മതപരമായ ചിലകര്‍മ്മങ്ങളുടെ ഭാഗമായതുകൊണ്ടോ ഒരുവന്റെ ഉള്ളില്‍ ആ വിളക്കു തെളിയുന്നില്ല. മറിച്ച് അതു ഹൃദയപരമായ ഒരു ബന്ധമാണ്. ഒരു വെളിച്ചത്തോടു നേരിട്ടു ബന്ധപ്പെടുമ്പോള്‍ മാത്രമാണല്ലോ ഓരോ തിരിയും പ്രകാശിക്കുന്നത്. ഉവ്വ് അത് ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള, വ്യക്തിപരമായ, ഒരു ബന്ധമാണ്. മരണത്തില്‍നിന്നുള്ള ഉയിര്‍പ്പായി പൗലൊസ് അതിനെ വിശദീകരിക്കുമ്പോള്‍ (എഫെ. 2:1) അന്ധകാരത്തില്‍ നിന്ന് അത്ഭുതപ്രകാശത്തിലേക്കുള്ള കടന്നുവരവായി പത്രൊസ് അതിനെ വിവരിക്കുന്നു (1 പത്രൊ 2:9). പക്ഷേ ജീവന്‍ പ്രാപിക്കണമെങ്കിലും ആ അത്ഭുതപ്രകാശം കയ്യാളണമെങ്കിലും ഒരു കാര്യം ആവശ്യമാണെ ന്നു പത്രൊസ് അവിടെ പറയുന്നു: മനുഷ്യര്‍ തള്ളിക്കളഞ്ഞ അവന്റെ അടുത്തേക്കു വ്യക്തിപരമായി നിങ്ങള്‍ വരണം (1 പത്രൊ 2:-9). ആട്ടെ, അവന്റെ അടുത്തേക്ക്, ആ വെളിച്ചത്തിലേക്ക് എങ്ങനെയാണ്, എന്തുമായാണു നമുക്ക് വരാന്‍ കഴിയുന്നത്? അതിന് അടിസ്ഥാനപരമായി വേണ്ടത് ഒരേയൊരു കാര്യമാണെന്ന് അവിടുന്നുതന്നെ പറഞ്ഞിട്ടുണ്ട്. അത് മറ്റൊന്നല്ല അവനവനെക്കുറിച്ചുള്ള സത്യമാണ്, സത്യസന്ധതയാണ് (യോഹ.3:21). നന്മ ചെയ്തുകൊണ്ടാണു വെളിച്ചത്തിലേക്കു വരാന്‍ കഴിയുന്നതെന്നാണു പൊതുവേയുള്ള ധാരണ. എന്നാല്‍ യേശു അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. യോഹന്നാന്‍ 3:20,21 കാണുക. ”തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകെയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിലേക്കു വരുന്നതുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവനോ… വെളിച്ചത്തിലേക്കു വരു ന്നു.” ഇവിടെ ‘തിന്മ പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തെ പകെയ്ക്കുന്നു’ എന്നു യേശു ആദ്യം പറഞ്ഞു. അപ്പോള്‍ നാം സ്വഭാവികമായും അതിനോട് ചേര്‍ന്ന് ‘നന്മ പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തെ സ്‌നേഹിക്കുന്നു’ എന്നു പറയും എന്നല്ലേ കരുതുക?. എന്നാല്‍ യേശു അങ്ങനെയല്ല പറഞ്ഞത്.

തിന്മ പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തെ പകയ്ക്കുന്നു. എന്നാല്‍ അവനവനെക്കുറിച്ചുള്ള സത്യത്തെ സ്‌നേഹിക്കുന്നവന്, സത്യസന്ധനായവന്, വെളിച്ചത്തിലേക്ക് വരാന്‍ കഴിയും എന്നാണ് അവിടുന്നു പറഞ്ഞത് (യോഹ 3:19,21). നാം പാപിയാണെങ്കില്‍, ഒരു തെറ്റില്‍ വീണെങ്കില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നു ഭാവിക്കാതെ, കപട ഭക്തനാകാതെ, സത്യസന്ധതയോടെ അവന്റെ അടുത്തേക്ക് വരികയാണു വേണ്ടത്. മാത്രമല്ല അങ്ങനെയേ വരാന്‍ കഴിയൂ എന്നുമാണ് യേശു ഇവിടെ പറഞ്ഞത്. ഈ കാര്യം യേശു മറ്റൊരിടത്തും ഊന്നി പറയുന്നുണ്ട്. നല്ല നിലത്തു വീണ വിത്തു പൂര്‍ണ്ണമായി ഫലം കൊടുക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ നല്ല നിലം ‘സത്യസന്ധമായ നല്ല ഹൃദയ’മാണ് (good and honest heart) എന്ന് അവിടുന്ന് പറഞ്ഞു (ലൂക്കൊസ് 8:15- ഇംഗ്ലീഷ് നോക്കുക).

ചുരുക്കത്തില്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ലോകത്തിന്റെ മുഴുവന്‍ വെളിച്ചമായ യേശുക്രിസ്തു എന്ന ആ വലിയ പ്രകാശത്തില്‍ നിന്നാണു നമ്മുടെ ഉള്ളിലും ഒരു വിളക്കു കൊളുത്തപ്പെടുന്നത്. അതിനായി നാം വ്യക്തിപരമായി താനുമായി വിശ്വാസത്തില്‍ ബന്ധപ്പെടണം. മറ്റൊന്നുമല്ല, സത്യസന്ധതയാണ് ഇതിനു നമുക്കു വേണ്ടത്.

ആട്ടെ, ഇങ്ങനെ ഒരു വിളക്കുകൊളുത്തപ്പെട്ടാലോ? തുടര്‍ന്ന് ആ ജ്വാല അണയാതിരിക്കാന്‍ എന്താണു വേണ്ടതെന്നു കര്‍ത്താവു തന്നെ പറയുന്നുണ്ട്: ”വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിന്‍കീഴിലോ വെക്കാതെ അകത്തുവരുന്നവര്‍ വെളിച്ചം കാണേണ്ടതിനു തണ്ടിന്മേലത്രേ വെയ്ക്കുന്നത്” (ലൂക്കൊ. 11:33).

വിളക്ക് ഒരിക്കലും വെളിച്ചത്തെക്കുറിച്ചു ലജ്ജിക്കരുത്. വിളക്ക്, തന്നിലുള്ള വെളിച്ചം എല്ലാവര്‍ക്കും കാണാവുന്ന നിലയില്‍, തണ്ടിന്മേലാണ് ആയിരിക്കേണ്ടത്. അതിനു പകരം അതു നിലവറയില്‍ ഒളിച്ചിരുന്നാല്‍, പറയിന്‍കീഴില്‍ ഗുപ്തമായിരുന്നാല്‍ വിളക്ക് എന്ന നിലയിലുള്ള അതിന്റെ ദൗത്യം നിറവേറ്റുന്നില്ല. മാത്രമല്ല കുറച്ചുകഴിയുമ്പോള്‍ വെളിച്ചം എന്ന നിലയിലുള്ള അതിന്റെ നിലനില്പു പോലും അപകടത്തിലാകുകയും ചെയ്യും.

നിലവറ ഒരു രഹസ്യമായ ഒളിവിടത്തെയാണു കാണിക്കുന്നത്. പറയാകട്ടെ ഒരു അളവുപാത്രമാണ്. അതു കച്ചവടത്തെ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ, വെളിച്ചത്തില്‍ നിന്നും കൊളുത്തപ്പെട്ട വിളക്കു നിലവറയിലോ പറയിന്‍കീഴിലോ വെയ്ക്കരുതെന്ന് പറയുമ്പോള്‍ അങ്ങനെ വയ്ക്കാന്‍ സാധ്യതയുണ്ട് എന്നതിലേയ്ക്കാണല്ലോ അതു വിരല്‍ചൂണ്ടുന്നത്. നമ്മിലുള്ള വെളിച്ചം രഹസ്യമാക്കി വെയ്ക്കുകയോ ഈ ലോകത്തിന്റെ താല്പര്യങ്ങള്‍കൊണ്ടു മൂടി വയ്ക്കുകയോ ചെയ്യരുത്. ചെയ്താല്‍ നമുക്കു മറ്റുള്ളവര്‍ക്കൊരു വെളിച്ചമാകാന്‍ കഴിയുകയില്ല എന്നതു മാത്രമല്ല അതിന്റെ അപകടം. അടുത്തൊരു വാക്യത്തില്‍ യേശു നല്കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: ‘ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക’ (11:35). ഉവ്വ്, അതാണ് അതിന്റെ അപകടം. പറകൊണ്ട് ഏറെനേരം മൂടിവച്ചാല്‍ കത്താന്‍ അവശ്യമായ പ്രാണവായു ലഭിക്കാതെ വിളക്കു പൂര്‍ണ്ണമായും അണഞ്ഞുപോയെന്നു വരാം! നമ്മിലുള്ള വെളിച്ചം ഇരുളായിപ്പോകാം.

ഇന്ന് അത്തരം ചിലരെയെങ്കിലും നാം കണ്ടുമുട്ടാറുണ്ട്. ഒരിക്കല്‍ കര്‍ത്താവില്‍ നിന്ന് അവര്‍ക്ക് ഒരു തുടക്കം ലഭിച്ചു. എന്നാല്‍ അവര്‍ ഗൗരവബോധം ഉള്ളവരായിരുന്നില്ല. തങ്ങളില്‍ കൊളുത്തപ്പെട്ട പരിശുദ്ധാത്മാവിന്റെ ജ്വാലയുടെ വിലയെക്കുറിച്ച് അവര്‍ക്കു ബോധ്യം ഉണ്ടായിരുന്നില്ല. അവര്‍ ആ ജ്വാലയെ ഈ ലോകത്തിന്റെ ബിസിനസ്സ് താല്പര്യങ്ങളുടെ, മതഭക്തിയുടെ, മാനുഷിക സമ്പ്രദായങ്ങളുടെ ഒക്കെ പറകൊണ്ടു മൂടി വച്ചു. ക്രമേണ അതു കരിന്തിരി കത്താന്‍ തുടങ്ങി. ഒടുവില്‍ പാടെ അണഞ്ഞു. എത്ര നിര്‍ഭാഗ്യകരം!

എന്നാല്‍ നിക്ഷിപ്തതാല്പര്യങ്ങളുടെ പറകൊണ്ടു മൂടി വയ്ക്കാതിരുന്നാല്‍ നമ്മില്‍ ഒരു വെളിച്ചം ഉണ്ടെങ്കില്‍ അതിനു പൊതുജന ദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കാനാവില്ല. യേശുവിന്റെ തന്നെ ജീവിതത്തിലെ ഒരു സന്ദര്‍ഭം മര്‍ക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: ”അവന്‍ അവിടെ നിന്നു പുറപ്പെട്ടു സീദോന്റേയും സോരിന്റേയും അതിര്‍ നാട്ടില്‍ ചെന്ന് ഒരു വീട്ടില്‍ കടന്നു. ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല” (7:24). അതെ, ആരും അറിയരുത് എന്ന് ഇച്ഛിച്ചാലും മറഞ്ഞിരിപ്പാന്‍ കഴിയുകയില്ല.

യേശുവിനെ സംബന്ധിച്ച മറ്റൊരുവാക്യം: ”ചില ദിവസം കഴിഞ്ഞശേഷം അവന്‍ പിന്നെയും കഫര്‍ന്നഹുമില്‍ ചെന്നു. അവന്‍ വീട്ടിലുണ്ടെന്നു ശ്രുതിയായി” (മര്‍ക്കൊ.2:1). അതെ, അവന്‍ ഒരു വീട്ടിലുണ്ടെങ്കില്‍ അതു രഹസ്യമായി ഏറെനാള്‍ വയ്ക്കാന്‍ കഴിയുകയില്ല. അതു നാട്ടില്‍ പാട്ടാകും.

തന്റെ ജീവിതത്തിന്റെ വെളിച്ചത്തില്‍ വ്യക്തമായ ഈ പ്രമാണം യേശു പിന്നീടൊരു സന്ദര്‍ഭത്തില്‍ ഇങ്ങനെ പറയുന്നു: ”മൂടി വച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല. ആകയാല്‍ നിങ്ങള്‍ ഇരുട്ടത്ത് പറഞ്ഞത് എല്ലാം വെളിച്ചത്തു കേള്‍ക്കും. അറകളില്‍ വച്ചു ചെവിയില്‍ മന്ത്രിച്ചതു പുര മുകളില്‍ ഘോഷിക്കും” (ലൂക്കൊസ് 12:2,3). രഹസ്യമായ ശിഷ്യത്വം എന്നെങ്കിലും പരസ്യമാകാതിരിക്കുകയില്ല എന്നതു സാരം.

ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം അരിമത്യയിലെ യോസേഫാണ്. യോസേഫിനെ സംബന്ധിച്ച രഹസ്യം ഒരിക്കല്‍ പരസ്യമായതിനെക്കുറിച്ച് ദൈവവചനം ഇങ്ങനെ രേഖപ്പെടുത്തുന്നു: ”അനന്തരം യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകുവാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവദിക്കുകയാല്‍ അവന്‍ വന്നു അവന്റെ ശരീരം എടുത്തു” (യോഹ.19:38). യോസേഫ് യേശുവിന്റെ ഒരു രഹസ്യശിഷ്യനായിരുന്നു. എന്നാല്‍ അവിടുത്തെ മരണത്തോടെ അവന്‍ പരസ്യമായി മുന്നോട്ടു വന്ന് പീലാത്തോസിനോട് അനുവാദം വാങ്ങി അവിടുത്തെ ശരീരം സ്വന്തം കല്ലറയില്‍ സംസ്‌ക്കരിച്ചു ചരിത്രത്തില്‍ തന്റേതായ പരസ്യമായ ഒരു ഇടം കണ്ടെത്തി. ഉവ്വ്, ‘മൂടിവച്ചത് ഒന്നും വെളിച്ചത്തുവരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.’

ഒരാള്‍ എടുക്കുന്ന ധീരമായ നിലപാട് മറ്റൊരാളെയും പരസ്യമായി രംഗത്തു വരാന്‍ പ്രേരിപ്പിക്കും എന്ന സത്യത്തിന് അടിവരയിട്ടുകൊണ്ട് അരിമത്യക്കാരന്‍ യോസേഫിന്റെ പരസ്യസാക്ഷ്യം മറ്റൊരു രഹസ്യ ശിഷ്യനെയും വെല്ലുവിളിക്കുന്നതും തൊട്ടടുത്ത വാക്യത്തില്‍ നാം കാണുന്നു. ”ആദ്യം രാത്രിയില്‍ അവന്റെ അടുക്കല്‍ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തല്‍ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു” (19:39). പരീശപ്രമാണിയായ നിക്കൊദേമൊസ് യേശുവിന്റെ അടുക്കല്‍ ആദ്യം വന്നതു രാത്രിയിലാണ് (യോഹ. 3:2). മറ്റൊരു രഹസ്യശിഷ്യന്‍. പക്ഷേ ഇപ്പോള്‍ പകല്‍വെട്ടത്ത് അവനു പരസ്യമായ ഒരു നിലപാടെടുക്കാതിരിക്കാന്‍ ആവില്ല. അതെ, ‘ഇരുട്ടത്ത് പറഞ്ഞത് എല്ലാ വെളിച്ചത്തു കേള്‍ക്കും.’

‘ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍ ഘോഷിക്കും’ എന്ന ലൂക്കൊസ് 12:3-ല്‍ തുടര്‍ന്നു കാണുന്നു. ‘പുരമുകളില്‍’ എന്നതിനു ‘മലമുകളില്‍’ എന്നൊരു പാഠഭേദം കൊണ്ടുവന്നാല്‍ ആ വചനം ഏറ്റവും കൂടുതല്‍ പ്രസക്തമാകുന്ന മറ്റൊരാള്‍ യേശുവിന്റെ ക്രൂശിന്‍ ചുവട്ടിലുണ്ട് -ശതാധിപന്‍. യേശുവിനെ ക്രൂശിച്ച മലയുടെ മുകളില്‍ നിന്നിതാ പെട്ടന്ന് ഉച്ചത്തിലൊരു ഘോഷം: ”ഇവന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം. ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു” (മത്തായി 27:54; ലൂക്കൊസ് 23:47). നിങ്ങള്‍ ശ്രദ്ധിച്ചോ?: ‘യേശു സാക്ഷാല്‍ ദൈവപുത്രന്‍ ആയിരുന്നു’ എന്നു ക്രൂശിന്റെ ചുവട്ടില്‍ നിന്ന് ഉച്ചത്തില്‍ ആദ്യം പ്രഘോഷിച്ചത് അവിടെ നിന്ന അരുമശിഷ്യന്‍ യോഹന്നാനല്ല. അമ്മ മറിയയല്ല, മറിച്ച് ഒരു റോമന്‍ ശതാധിപനാണ്. ഈ പരസ്യസാക്ഷ്യം പെട്ടന്നുണ്ടായ ഒരു തോന്നലിന്റെ ഫലമല്ല. നൂറുപട്ടാളക്കാരുടെ അധിപനായ ഇദ്ദേഹം ഏറ്റവും കുറഞ്ഞത് ആറേഴുമണിക്കൂറായി യേശുവിനോടൊപ്പമുണ്ട്. റോമന്‍ ഗവര്‍ണറായ പീലാത്തോസിന്റെ അരമനയില്‍ നടന്ന വിചാരണയില്‍ ഈ തടവുകാരന്‍ എത്ര കുലീനമായാണു പെരുമാറിയതെന്ന് ശതാധിപന്‍ ശ്രദ്ധിച്ചിരിക്കാം. (പീലാത്തൊസ് അവിടെ-മത്തായി 27:24- യേശുവിനെ ‘നീതിമാന്‍’ എന്നു പ്രഖ്യാപിക്കുന്നതിനോടു ചേര്‍ന്നു നില്ക്കുന്നതായിരുന്നിരിക്കണം അവനെക്കുറിച്ച് അവിടെ വച്ചുള്ള ശതാധിപന്റെ ആന്തരിക സാക്ഷ്യവും. കാരണം ഒടുവില്‍ മലമുകളിലെ പരസ്യസാക്ഷ്യത്തില്‍ പീലാത്തോസിനെ അനുകരിച്ച് ‘ഈ മനുഷ്യന്‍ വാസ്തവമായി നീതിമാനായിരുന്നു’ എന്നാണല്ലോ ശതാധിപനും പറയുന്നത്!) തുടര്‍ന്നു പടയാളികള്‍ അവനെ രക്താംബരം ധരിപ്പിച്ച് മുള്ളുകൊണ്ടുള്ള കിരീടം ചൂടിച്ച് അടിച്ചും തുപ്പിയും പരിഹസിച്ചും നടത്തിക്കൊണ്ടുപോകുന്നു. വഴിയിലുടനീളം തന്നെ നിന്ദിക്കുന്ന പരീശന്മാരും മഹാപുരോഹിതന്റെ പിണിയാളുകളും. തന്നോടു സഹതപിക്കുന്ന യെരുശലേം പുത്രിമാര്‍, അവരോടുള്ള അവന്റെ പ്രതികരണം. തുടര്‍ന്നു ക്രൂശീകരണത്തിന്റെ ഭാഗമായുള്ള പീഡനങ്ങള്‍, ക്രൂശില്‍ കിടക്കുമ്പോഴും മറ്റുള്ളവരോടുള്ള സൗമ്യമായ പെരുമാറ്റം, ഒടുവില്‍ ക്രൂശിലെ സപ്തമൊഴികള്‍- ഇവയല്ലാം ഇവന്‍ താന്‍ ക്രൂശിക്കാറുള്ള മറ്റു തടവുപുള്ളികളെപ്പോലെയല്ല, ഇവന്‍ വ്യത്യസ്തനാണ്, ഒരു സാധാരണ മനുഷ്യന് ഈ നിലയില്‍ പ്രതികരിക്കാനാവില്ല, ഇവന്‍ നീതിമാനാണ്, അതിനും അപ്പുറത്ത് ഇവന്‍ സാക്ഷാല്‍ ദൈവപുത്രനാണ് എന്ന ബോധ്യം ശതാധിപനു നല്‍കി. മണിക്കൂറുകള്‍ കടന്നു പോകെ ശതാധിപനില്‍ ഈ ബോധം വര്‍ദ്ധിച്ചുവരികയും സാക്ഷാല്‍ ദൈവപുത്രനായവന്റെ മുമ്പില്‍ ഹൃദയം കൊണ്ട് അടിയറവു പറയുകയും ചെയ്തിരിക്കാം. രഹസ്യത്തില്‍ മറ്റാരും അറിയാതെ നടന്ന ഒരു സമര്‍പ്പണം.എന്നാല്‍ യേശു ശാന്തമായി തന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളില്‍ ഏല്പ്പിച്ച് ഒരു കുഞ്ഞ് ഉറങ്ങും പോലെ സ്വസ്ഥമായി മരണത്തെ പുല്‍കിയപ്പോള്‍ അതു കണ്ടു നിന്ന ശതാധിപനു തന്റെ രഹസ്യ സമര്‍പ്പണം പരസ്യമാക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പരിശുദ്ധാത്മാവ് ഹൃദയത്തില്‍ മന്ത്രിച്ചതു ശതാധിപന്‍ മലമുകളില്‍ ഘോഷിക്കുന്നു- ‘ഇവന്‍ വാസ്തവമായും ദൈവപുത്രനായിരുന്നു.’

യേശുവുമായി ബന്ധപ്പെട്ടു തന്റെ രഹസ്യശിഷ്യന്മാരായിരിക്കുകയും പിന്നീടു പരസ്യനിലപാടെടുക്കുകയും ചെയ്ത ചിലരെക്കുറിച്ചാണു നാം ചിന്തിച്ചത്. ചെറിയ ഒരു തുടക്കമായിരുന്നു ഇവരുടേത്. പക്ഷേ തങ്ങളിലെ ചെറിയ ജ്വാലയെ അവര്‍ പറകൊണ്ട് മൂടിക്കെടുത്തിക്കളയാതിരുന്നപ്പോള്‍ യോഹന്നാന്‍ സ്‌നാപകനെക്കുറിച്ചു നാം വായിക്കുന്നതുപോലെ അവര്‍ ‘ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കുക’ ളായി (യോഹ.5:35) മാറി. നമ്മെക്കുറിച്ചും ദൈവം ആഗ്രഹിക്കുന്നത് മറ്റൊന്നല്ല: നമ്മില്‍ ഒരു ചെറിയ വെളിച്ചമാണോ ഇന്നുള്ളത്? ഈ ലോകത്തിന്റെ കാറ്റുകള്‍ക്കു മുന്‍പില്‍ അതിനെ അണയാതെ സൂക്ഷിക്കുക. എങ്കില്‍ അവിടുന്ന് അതിനെ അഗ്നിജ്വാല പോലെ ആളിക്കത്തിക്കും. ”അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു നാം വായിക്കുന്നു (എബ്രാ. 1:7). ‘അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാര്‍ ആക്കുന്നു’ എന്ന ഈ വചനത്തെ ഒന്നു തിരിച്ചിട്ടാല്‍ അത് ‘തന്റെ ശുശ്രൂഷകന്മാരെ അവിടുന്ന് അഗ്നിജ്വാലയാക്കുന്നു’ എന്നാണ്. ഇതിനെ ഒരു വാഗ്ദാനവചനമായി നമുക്ക് എടുക്കാം. ഇന്നു നമ്മില്‍ നേരിയ വെളിച്ചമേയുള്ളോ? നിരാശപ്പെടേണ്ട. വിശ്വസിക്കുക-നാളെ നമ്മെ അവിടുന്നു പരസ്യമായി പ്രശോഭിക്കുന്ന ഒരു അഗ്നിജ്വാലയാക്കി മാറ്റും. നമ്മില്‍ ഒരു നല്ല പ്രവൃത്തി ആരംഭിച്ചെങ്കില്‍ അവിടുന്ന് അതു പൂര്‍ത്തിയാക്കും (ഫിലിപ്യ 1:4). അല്പകാര്യങ്ങളുടെ ദിവസത്തെ തുച്ഛീകരിക്കാത്തവനാണല്ലോ നമ്മുടെ കര്‍ത്താവ് (സെഖ. 4:10). ആമേന്‍.

അധ്യായം 9 :
സ്‌നേഹത്തിന്റെ രണ്ടു വശങ്ങള്‍

യോഹന്നാന്‍ അപ്പൊസ്തലനെക്കുറിച്ചു പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നതു യോഹന്നാനാണല്ലോ. എ. ഡി. 90 അടുത്താണു യോഹന്നാന്‍ തന്റെ സുവിശേഷം രചിക്കുന്നത്. പത്മോസില്‍ നിന്നു മടങ്ങി വന്നു എ.ഡി. 95-ഓടെ ലേഖനങ്ങളും എഴുതി. ഇതിനകം യേശുവിനോടൊപ്പം നടന്ന മറ്റു ശിഷ്യന്മാരെല്ലാം രക്തസാക്ഷികളായി മാറിയിരുന്നു. യേശുവിനെ നേരില്‍ കണ്ടിരുന്ന, പ്രസംഗങ്ങള്‍ കേട്ടിരുന്ന ഒരു തലമുറയും ഏറെക്കുറെ കടന്നുപോയി. അതുകൊണ്ട് യേശുവിന്റെ ഏറ്റവും അടുത്ത ശിഷ്യന്മാരില്‍ അവശേഷിക്കുന്ന ഒരേയൊരാള്‍ എന്ന നിലയില്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ വിശ്വാസികളുടെ ഇടയില്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ ഏറെ ആദരിക്കപ്പെട്ടിരുന്നു. അപ്പോഴേക്കും അദ്ദേഹവും തൊണ്ണൂറില്‍പ്പരം വയസ്സോടെ നല്ല വാര്‍ധക്യത്തിലെത്തിയിരുന്നു. ഓര്‍മ്മ കുറഞ്ഞു. നടക്കാന്‍ പ്രയാസം. സംസാരിക്കാന്‍ വിഷമം.

എങ്കിലും വിശ്വാസികള്‍ അദ്ദേഹത്തെ കസേരയിലിരുത്തി എടുത്തുകൊണ്ട് മീറ്റിംഗ് സ്ഥലങ്ങളിലെത്തിക്കും. യോഗത്തിനിടയ്ക്ക് ജനം യോഹന്നാനോടു ചോദിക്കും. ‘യേശു പറഞ്ഞതെല്ലാം നെഞ്ചോടു ചേര്‍ന്നിരുന്ന് അങ്ങു കേട്ടതാണല്ലോ. ആട്ടെ, യേശു കര്‍ത്താവു പറഞ്ഞതെന്തെങ്കിലും രണ്ടു വാക്കു ഞങ്ങളോടു പറയൂ.”

യോഹന്നാന്റെ മറുപടി ഇങ്ങനെ: ”സ്‌നേഹം, സ്‌നേഹം.”

ജനം: ”ഇതു ഞങ്ങള്‍ കേട്ടിട്ടുണ്ട്. മറ്റെന്താ പറഞ്ഞത്? വേറെന്തെങ്കിലും കേട്ടത് ആലോചിച്ചു പറഞ്ഞാട്ടെ.”

യോഹന്നാന്‍ ആലോചിക്കും. പിന്നെ ഏറെ കഷ്ടപ്പെട്ടു വീണ്ടും രണ്ടു വാക്കുകള്‍ പറയും. പക്ഷേ അതും ”സ്‌നേഹം, സ്‌നേഹം” എന്നു തന്നെ. എത്ര ശ്രമിച്ചാലും യോഹന്നാനെക്കൊണ്ട് മറ്റൊന്നും പറയിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

ഈ കഥ നാം മനസ്സിലാക്കിയിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളോടു ചേര്‍ന്നു പോകുന്നതാണെന്നു തോന്നുന്നു. കാരണം സ്‌നേഹത്തിന്റെ അപ്പൊസ്തലനു സ്‌നേഹമെന്നല്ലാതെ മറ്റെന്താണു പറയാനാവുക?

ഉവ്വ്, സ്‌നേഹത്തെക്കുറിച്ച്, ദൈവത്തിനു നമ്മോടുള്ളതും നമുക്കു ദൈവത്തോടുണ്ടാകേണ്ടതുമായ സ്‌നേഹത്തെക്കുറിച്ച്, ഏറെ മനസ്സിലാക്കുകയും എഴുതുകയും ചെയ്ത അപ്പൊസ്തലനാണു യോഹന്നാന്‍. തന്റെ ആദ്യലേഖനം തന്നെ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടാം.

ഈ ഒന്നാം ലേഖനത്തില്‍ ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ആദ്യം നോക്കാം.

ദൈവം സ്‌നേഹം തന്നെ

ദൈവത്തിനു പല ഗുണങ്ങളുണ്ട്. ദൈവം നീതിമാനാണ് വിശ്വസ്തനാണ്. എല്ലാം ശരിയാണ്. എന്നാല്‍ ദൈവത്തിന്റെ പ്രാഥമികമായ ഗുണം താന്‍ സ്‌നേഹമാണെന്നുള്ളതാണ്. താന്‍ സ്‌നേഹിക്കുന്നു എന്നല്ല, താന്‍ തന്നെ സ്‌നേഹമാണ്. യോഹന്നാന്‍ അത് ആവര്‍ത്തിച്ചു പറയുന്നുണ്ട്. ദൈവം സ്‌നേഹം തന്നെ (1 യോഹ. 4:8;16). സ്‌നേഹം കൂടാതെ ഒരു നിലനില്പ്, അസ്തിത്വം, ദൈവത്തിനില്ലെന്നു സാരം.

ഇവിടെ മറ്റൊരു കാര്യംകൂടെ ചൂണ്ടിക്കാണിക്കട്ടെ. ത്രിയേകത്വം എന്ന ദൈവിക അസ്തിത്വത്തിലേക്കും ദൈവം സ്‌നേഹം തന്നെ എന്ന വെളിപാടിലൂടെ യോഹന്നാന്‍ നമ്മെ നയിക്കുന്നുണ്ട്. കാരണം സ്‌നേഹത്തിന് പകരപ്പെടാതെയും സ്വീകരിക്കപ്പെടാതെയും ഇരിക്കാനാവില്ല. സ്‌നേഹം, സ്‌നേഹമാകുന്നത് ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് അതു പകരപ്പെടുകയും മറ്റെയാള്‍ അതു സ്വീകരിക്കുകയും ചെയ്യുമ്പോഴാണല്ലോ. ദൈവം അനാദിയായും ശാശ്വതമായും സ്‌നേഹമായ ദൈവമായിരുന്നെങ്കില്‍ സ്വര്‍ഗത്തെയും മാലാഖമാരെയും ഭൂമണ്ഡലത്തെയും മനുഷ്യരെയും സൃഷ്ടിക്കുന്നതിനു മുന്‍പുള്ള അനാദിയില്‍ ദൈവം ആരെയാണു സ്‌നേഹിച്ചത്? അതെ ദൈവത്തില്‍ ബഹു വ്യക്തിത്വം ഉണ്ടായിരുന്നതുകൊണ്ടാണു സ്‌നേഹമായ ദൈവത്തിന് അന്നു നിലനില്ക്കാന്‍ കഴിഞ്ഞത്. നോക്കുക: ദൈവം സ്‌നേഹം തന്നെ എന്നു പറയുമ്പോള്‍ ത്രിത്വത്തിലേക്കും അതു വിരല്‍ ചൂണ്ടുന്നു. പിതാവ്, പുത്രന്‍, ആത്മാവ് എന്നിവരെക്കുറിച്ച് ഏറെ വിശദീകരിക്കുകയും ദൈവിക ത്രിത്വത്തെക്കുറിച്ച് ആധികാരികമായി പറയുകയും ചെയ്യുന്ന ലേഖനമായി ഒന്നു യോഹന്നാന്‍ മാറിയതില്‍ എന്താണത്ഭുതം?

ദൈവസ്‌നേഹം പുത്രനിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു

സ്‌നേഹമായ ദൈവം മാനവാരാശിയോടുള്ള ബന്ധത്തില്‍ തന്റെ സ്‌നേഹം പ്രത്യക്ഷമാക്കിയത് തന്റെ ഏകജാതനായപുത്രനെ ലോകത്തിലേക്ക് അയച്ചതിലൂടെയാണ് (യോഹ. 3:16, 1 യോഹ 4:9). ദൈവം തന്റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചാണു തന്റെ സ്‌നേഹം പ്രദര്‍ശിപ്പിച്ചത് (റോമര്‍. 5:8, 1 യോഹ 4:10). നാമല്ല ദൈവത്തെ ഒന്നാമതു സ്‌നേഹിച്ചത്. അവിടുന്ന് ആദ്യം നമ്മെ സ്‌നേഹിച്ചു-അതും നാം പാപികളായിരിക്കുമ്പോള്‍ തന്നെ (1 യോഹ. 4:19, റോമ. 5:8). എന്നാല്‍ ഒരു കുറവുമില്ലാത്ത വലിയവനായ ദൈവം എന്തിനു മണ്‍പൊടികളായ നമ്മെ സ്‌നേഹിച്ചു, അതിന്റെ ആവശ്യം എന്തായിരുന്നു?-സത്യത്തില്‍ നിത്യത മുഴുവന്‍ നാം അന്വേഷിച്ചാലും ഈ ചോദ്യത്തിനു നമുക്കു മറുപടി കിട്ടുമോ? എത്ര അത്ഭുതകരം!

ദൈവസ്‌നേഹം ക്ഷമിക്കുന്നു

1 യോഹന്നാന്‍ ഒന്നാം അദ്ധ്യായം 5 മുതല്‍ 10 വരെയുള്ള വാക്യങ്ങളിലും തുടര്‍ന്നു വരുന്ന രണ്ടാം അദ്ധ്യായത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിലും നമ്മോടുള്ള ബന്ധത്തില്‍ ദൈവസ്‌നേഹം ചെയ്യുന്ന മൂന്നാമത്തെ കാര്യം വിവരിച്ചിരിക്കുകയാണ് – ദൈവസ്‌നേഹം നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നു. ദൈവത്തോടുള്ള കൂട്ടായ്മയോടുള്ള ബന്ധത്തിലാണു പാപക്ഷമ ആവശ്യമായി വരുന്നതെന്നു യോഹന്നാന്‍ തുടക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു (1: 3). വലിയവനായ ദൈവം വെളിച്ചമാണ്. തന്നില്‍ ഇരുള്‍ ഒട്ടും ഇല്ല (1:5). അങ്ങനെയുള്ള ദൈവത്തോട് കൂട്ടായ്മ ഉണ്ടാകണമെങ്കില്‍ പാപത്തിന്റെ നേരിയ ഇരുട്ടെങ്കിലും നമ്മില്‍ ഉണ്ടാകാന്‍ പാടില്ല. ഇവിടെയാണു പാപക്ഷമയുടെ ആവശ്യകത. പക്ഷേ ഭയപ്പെടേണ്ട, തന്റെ പുത്രനായ യേശുവിന്റെ രക്തം ശുദ്ധീകരണത്തിനായി ഇവിടെയുണ്ട്. പാപങ്ങളെ ഏറ്റു പറയണം. വെളിച്ചത്തില്‍ നടക്കണം. എങ്കില്‍ അവിടുന്നു നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനുമാണ് (1:7, 9). തുടര്‍ന്നു രണ്ടാമദ്ധ്യായത്തിലും ആദ്യ രണ്ടു വാക്യങ്ങളില്‍ രക്ഷയ്ക്കുശേഷം പിന്നീടു പാപം സംഭവിച്ചാലും യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്റെ അടുക്കല്‍ ഉണ്ടെന്ന ഉറപ്പാണു നല്‍കിയിരിക്കുന്നത്.

മുകളില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ വിശ്വാസഗോളത്തില്‍ പ്രസക്തമായ ഒന്നു രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. ഇന്നു കൃപയുടെ കാലമായതിനാല്‍ പാപബോധമോ ഏറ്റു പറച്ചിലോ ആവശ്യമില്ല എന്നു പറയുന്നവരുണ്ട്. എന്നാല്‍ ദൈവവചനം എത്രയും വ്യക്തമാണ്- ‘നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മുടെ പാപങ്ങളെ ക്ഷമിക്കും’ (1:9). അതുപോലെ ”അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍… അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു”(1:7). ദൈവത്തില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാതെ, ന്യായീകരിക്കാതെ, കാപട്യത്തിനു പിന്നില്‍ ഒളിക്കാതെ സത്യസന്ധതയോടെ അവിടുത്തെ അടുത്തേക്കു വരുന്നതിനെയാണ് ഇവിടെ വെളിച്ചത്തില്‍ നടക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൂര്‍ണതയ്ക്കല്ല, സത്യസന്ധമായ, സുതാര്യമായ ഒരു നിലപാടിനാണ് ഇവിടെ ഊന്നല്‍. അതില്ലാതെ ചിലത് ഏറ്റുപറഞ്ഞാലും യേശുവിന്റെ രക്തം നമ്മെ ശുദ്ധീകരിക്കുകയില്ല. ദൈവത്തെ നമുക്കു കബളിപ്പിക്കാനാവില്ലെന്നു സാരം.

അതുപോലെ 2:1-ല്‍ ‘ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ’ എന്നു പറയുന്നിടത്തു അബദ്ധത്തില്‍ ഒരു പാപത്തില്‍ വീണു പോകുന്നതിനെ മാത്രമാണു മൂലഭാഷയില്‍ ഉദ്ദേശിച്ചിരിക്കുന്നതത്രേ. അല്ലാതെ തുടര്‍ച്ചയായി ഒരു സ്വഭാവം പോലെ പാപം ചെയ്യുന്നതിനെയല്ല. ”പാപം ചെയ്താല്‍ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്റെ അടുക്കല്‍ ഉണ്ട്” എന്നു പറഞ്ഞിരിക്കുന്നത് പാപം ചെയ്യാനുള്ള ഒരു ലൈസന്‍സ് എന്ന നിലയിലല്ല, മറിച്ച് ആരും പാപം ചെയ്യാതിരിക്കാനാണു താന്‍ ഇത് എഴുതുന്നത് എന്നാണു യോഹന്നാന്റെ നിലപാട്. ചുരുക്കത്തില്‍ പാപത്തെ ഗൗരവമായി എടുത്ത്, അയഞ്ഞ നിലപാടില്ലാതെ, സത്യസന്ധതയോടെ ദൈവത്തിന്റെ അടുത്തേക്കു ചെന്നാല്‍ അവിടുന്നു ക്ഷമിക്കും, വിശ്വസ്തനായ കാര്യസ്ഥനായി നമ്മെ പിന്‍തുണയ്ക്കും.

നമ്മോടുള്ള ദൈവസ്‌നേഹവുമായി ബന്ധപ്പെട്ട മൂന്നു കാര്യങ്ങള്‍ തന്റെ ഒന്നാം ലേഖനത്തില്‍ യോഹന്നാന്‍ പറഞ്ഞതാണു നാം ഇതുവരെ ചിന്തിച്ചത്. എന്നാല്‍ അവിടത്തന്നെ നമുക്കു ദൈവത്തോടുണ്ടാകേണ്ട സ്‌നേഹത്തിന്റെ ഭാഗമായുള്ള അഞ്ചു കാര്യങ്ങള്‍ അദ്ദേഹം 2:3-17 വാക്യങ്ങളില്‍ തുടര്‍ന്നു പറഞ്ഞിരിക്കുന്നതു നോക്കാം:

അവനെ അറിയുക

അവനെ അറിയുന്നതിനെക്കുറിച്ചാണു യോഹന്നാന്‍ പറഞ്ഞു തുടങ്ങുന്നത് (2:3;4). നാം ദൈവത്തെ അറിയണം. എങ്ങനെയാണ് ഒരുവന്‍ ആദ്യമായി കര്‍ത്താവിനെ അറിയുന്നത്? വിശ്വാസത്താലാണത്. എന്നാല്‍ അവിടെത്തന്നെ നിന്നു പോകരുത് മുന്നോട്ടു പോകണം. അവനെ കൂടുതല്‍ ആഴത്തില്‍ അറിയണം എന്ന ആഗ്രഹത്താല്‍ നാം പിടിക്കപ്പെടണം. ക്രിസ്തീയ ജീവിതത്തില്‍ വളരെ വര്‍ഷങ്ങള്‍ പിന്നിട്ട പൗലൊസ് ഫിലിപ്പിയര്‍ക്കു ലേഖനം എഴുതുമ്പോള്‍ തന്റെ ആഗ്രഹം ഇങ്ങനെ പറയുന്നു – എനിക്ക് ഇനിയും അവനെ അനുഭവിച്ചറിയണം (3:11). പ്രായോഗിക ജീവിത സാഹചര്യങ്ങളില്‍, കഷ്ടങ്ങളില്‍ അവനെ ആഴത്തില്‍ അനുഭവിച്ച് അറിയണമെന്നും അവനെ നേടണമെന്നും (3:9) ആയിരുന്നു പൗലൊസിന്റെ എപ്പോഴുമുള്ള വാഞ്ഛ. നാമും കര്‍ത്താവിനെ വിശ്വാസത്തില്‍ കേവലം രക്ഷകനായി അറിഞ്ഞാല്‍ പോര. അവനെക്കുറിച്ചുള്ള അറിവ് വര്‍ധിച്ചുവരേണ്ടതുണ്ട്. അവനെ നാം അറിയുന്നുവെന്നും ആ അറിവു വര്‍ദ്ധിച്ചു വരുന്നുവെന്നും നമുക്ക് എങ്ങനെ മനസ്സിലാക്കാന്‍ കഴിയും? യോഹന്നാന്‍ അതിനു വ്യക്തമായ മറുപടി ഇങ്ങനെ നല്‍കുന്നു- ”അവന്റെ കല്പനകളെ പ്രമാണിക്കുന്നുവെങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാല്‍ അറിയും. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറയുകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു'(1യോഹ.1:3,4).

അവനെ സ്‌നേഹിക്കുക

വിശ്വാസത്താല്‍ അവനെ അറിയുന്നത് അവനെ സ്‌നേഹിക്കുന്നതിലേക്കു നമ്മെ നടത്തണമെന്നു യോഹന്നാന്‍ തുടര്‍ന്നു പറയുന്നു (2:5). വിശ്വാസം, സ്‌നേഹത്തിലേക്കു വ്യാപരിക്കണം. ‘സ്‌നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസ’മാണു വേണ്ടത് (ഗലാത്യ 5:6). നാം അവനെ വളരെ സ്‌നേഹിക്കുന്നുവെന്നു പലപ്പോഴും കരുതിപ്പോകും. വിശേഷിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ചില ക്രിസ്തീയ ഗാനങ്ങള്‍ പാടുമ്പോള്‍ ഉണ്ടാകുന്ന ഗദ്ഗദം, കണ്ണുനനയല്‍ ഒക്കെ ആ നിലയില്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചേക്കാം. പക്ഷേ കേവലം വികാരത്തിന്റെ തലത്തില്‍ നില്ക്കുന്ന സ്‌നേഹം യഥാര്‍ത്ഥ സ്‌നേഹമല്ലെന്നു യോഹന്നാന്‍ ഇവിടെ വ്യക്തമാക്കുന്നു. അവനെ അറിയുന്നു എന്നതിന്റെ തെളിവ് അവന്റെ കല്പനകളെ പ്രമാണിക്കുന്നു എന്നതാണെന്നു പറഞ്ഞതുപോലെ അവനെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവും പ്രായോഗികതലത്തില്‍ അവന്റെ വചനം അനുസരിക്കുന്നതാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെവണ്ണം യോഹന്നാന്‍ ഇവിടെ വ്യക്തമാക്കുന്നു- ‘അവന്റെ വചനം പ്രമാണിക്കുന്നുവെങ്കില്‍ അവനില്‍ ദൈവസ്‌നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു’ (2:5). യേശുകര്‍ത്താവും ഇതേ കാര്യം പറഞ്ഞിട്ടുള്ളതു യോഹന്നാന്‍ തന്റെ സുവിശേഷത്തിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ- ‘നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും. (14:15).

അവന്‍ നടന്നതുപോലെ നടക്കുക

അവനെ അറിയുന്നവര്‍, അവനെ സ്‌നേഹിക്കുന്നവര്‍, എന്താണു ചെയ്യേണ്ടതെന്നു തുടര്‍ന്നു യോഹന്നാന്‍ വിശദീകരിക്കുന്നു-‘അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു’ (1 യോഹ.2:6). കര്‍ത്താവു നമുക്കു തുല്യനായി ഈ ഭൂമിയില്‍ വന്നു ജീവിച്ചു (എബ്രാ. 2:17, 4:15). അവനെപ്പോലെ നാമും ഇന്ന് ഈ ലോകത്തിലായിരിക്കുന്നു (1 യോഹ. 4:17). ഇവിടെ അവന്റെ സ്വരൂപത്തോട് അനുരൂപരായി ജീവിക്കുവാനും അതേ ഭാവമുള്ളവരായിരിക്കുവാനും അവന്റെ കാല്‍ച്ചുവടുകള്‍ പിന്‍പറ്റുവാനും നമ്മെ മുന്‍നിയമിച്ചിരിക്കുന്നു (റോമര്‍ 8:29, ഫിലി:2:5,1 പത്രൊ 2:21). ഇതെല്ലാമാണു വസ്തുതയെങ്കില്‍ ഇന്നു നാം അവന്‍ നടന്നതുപോലെ നടക്കേണ്ടതല്ലേ? നിര്‍ഭാഗ്യവശാല്‍ ഇന്നു സുവിശേഷവിഹിത സഭകളില്‍ ബഹുഭൂരിപക്ഷം പേരും ഈ സത്യം കാണു കയോ എളിമയോടെ ഇതു സ്വീകരിക്കുകയോ ചെയ്യാതെ ഇതൊരു ദുരുപദേശമാണെന്ന് എഴുതിത്തള്ളി അവനവനു ബോധിച്ച മട്ടില്‍ നടക്കുകയാണ്. എന്നാല്‍ ആദിമ സഭയില്‍ യോഹന്നാന്‍ അപ്പൊസ്തലന് ഇത് എത്രയും വ്യക്തമായിരുന്നു – അവനെ അറിയുകയും സ്‌നേഹിക്കുകയും അവനില്‍ വസിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവര്‍ അവന്‍ നടന്നതു പോലെ നടക്കേണ്ടതാകുന്നു.

സഹോദരവര്‍ഗ്ഗത്തെ സ്‌നേഹിക്കുക

നാലാമതായി യോഹന്നാന്‍, സഹോദരനെ സ്‌നേഹിക്കുന്നതിനെക്കുറിച്ചു പറയുന്നു (2:9-11). നേരത്തെ പറഞ്ഞ മൂന്നു കാര്യങ്ങളും വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കില്‍ ഇവിടെയിതാ ഒരു സംഘാത ജീവിതത്തെക്കുറിച്ചു (Collective life) പറയുന്നു. സഹോദരന്മാരുമായി ചേര്‍ന്നുള്ള ഒരു സഭാജീവിതത്തിലാണ് നാം ദൈവത്തെ അറിഞ്ഞെന്നും സ്‌നേഹിച്ചെന്നും അവനെപ്പോലെ നടക്കുന്നുവെന്നും കരുതിപ്പോന്നതൊക്കെ ശരിയോ എന്നു പരിശോധിക്കപ്പെടുന്നത്. യോഹന്നാന്‍ വളരെ മൂര്‍ച്ചയോടെ പറയുന്നു. ‘നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നുവെന്നു സഹോദരന്മാരെ സ്‌നേഹിക്കുന്നതിനാല്‍ നമുക്ക് അറിയാം. സഹോദരനെ പകയ്ക്കുന്നവന്‍ എല്ലാം കൊലപാതകന്‍ ആകുന്നു. അവന്‍ നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാല്‍ നാം സ്‌നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു. നാമും സഹോദരന്മാര്‍ക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു (3:14-16). ‘പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്‌നേഹിക്കേണ്ടതാകുന്നു. നാം അന്യോന്യം സ്‌നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ വസിക്കുന്നു. അവന്റെ സ്‌നേഹം നമ്മില്‍ തികഞ്ഞുമിരിക്കുന്നു (4:11,12). ‘ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാന്‍ കഴിയുന്നതല്ല (4:20). നോക്കുക: ഒരു പ്രാദേശിക സഭയുടെ നാലതിരുകള്‍ക്കുള്ളിലാണു ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന നമ്മുടെ അവകാശവാദങ്ങളൊക്കെ തെളിയിക്കപ്പെടേണ്ടത്. സഭാ ജീവിതത്തെ അവഗണിക്കുന്നവര്‍, ക്രൂശിനെ ഒഴിവാക്കി സഭയെ ഒരു ക്ലബ്ബിലെ ഒത്തുചേരല്‍പോലെ ആക്കിത്തീര്‍ക്കുന്നവര്‍, ലോകത്തിലെ മത്സരങ്ങളും താരതമ്യങ്ങളും സഭയിലേക്ക് കൊണ്ടുവന്ന് അതിനെ പൊങ്ങച്ചത്തിന്റേയും പരസ്പര സ്പര്‍ദ്ധയുടേയും ഇടമാക്കിത്തീര്‍ക്കുന്നവര്‍ -ഇവരെല്ലാം തങ്ങള്‍ എന്താണു നഷ്ടമാക്കുന്നതെന്നു വാസ്തവത്തില്‍ അറിയുന്നില്ല.

ലോകത്തെ സ്‌നേഹിക്കരുത്

ഇതുവരെ യോഹന്നാന്‍ പറഞ്ഞതെല്ലാം- അവനെ അറിയുക, സ്‌നേഹിക്കുക, അവനെപ്പോലെ നടക്കുക, സഹോദരനെ സ്‌നേഹിക്കുക- ധനാത്മകമായ (Positive) കാര്യങ്ങളായിരുന്നെങ്കില്‍ ഒടുവിലായി ഇതാ ഒരു നിഷേധാത്മകമായ (Negative) കാര്യം പറയുന്നു: ‘ലോകത്തെയും ലോകത്തിനുള്ളതിനേയും സ്‌നേഹിക്കരുത്’ (2:15). നമ്മുടെ ഹൃദയം ഒരു ചെറിയ ഇടമാണ്. എല്ലാ കാര്യങ്ങളും ഒന്നിച്ച് അവിടെ ഉള്‍ക്കൊള്ളിക്കാനാവില്ല. പുതിയത് ചിലത് അതില്‍ നിറയ്ക്കണമെങ്കില്‍ പഴയതു ചിലതു പുറത്തുകളഞ്ഞേ മതിയാകൂ. ദൈവാലയത്തിന്റെ അറയില്‍നിന്നു തോബിയാവിന്റെ സാധനങ്ങളൊക്കെ പുറത്തെടുത്ത് എറിഞ്ഞുകളഞ്ഞ നെഹമ്യാവിനെപ്പോലെ (നെഹമ്യ 13:8) ലോകത്തെയും ലോകത്തിന്റെ മൂല്യങ്ങളെയും ഹൃദയത്തിന്റെ അറയില്‍നിന്നു പുറത്തുകളയാന്‍ കഴിയാത്ത ഒരാള്‍ക്കും ദൈവത്തേയും സഭയേയും യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുവാനോ അവന്‍ നടന്നതുപോലെ നടക്കുവാനോ കഴിയുകയില്ല.

ദൈവമാണ് ആദ്യം നമ്മെ സ്‌നേഹിച്ചത്. ദൈവം സ്‌നേഹമായതിനാല്‍ തനിക്കു സ്‌നേഹിക്കാതിരിക്കാനാവുമായിരുന്നില്ല. തന്റെ പുത്രനെ തന്നതിലൂടെ നമ്മോടുള്ള ആ സ്‌നേഹം വെളിപ്പെടുത്തി. തന്നോടുള്ള നമ്മുടെ സ്‌നേഹക്കൂട്ടായ്മക്കു തടസ്സം വരാതിരിക്കുവാന്‍ നമ്മുടെ പാപങ്ങളെ അവിടുന്നു ക്ഷമിക്കുന്നു.

ഈ സ്‌നേഹത്തോടുള്ള പ്രതിസ്പന്ദനമെന്ന നിലയില്‍ നാം അവനെ അറിയുകയും സ്‌നേഹിക്കുകയും വേണം. അവന്‍ നടന്നതുപോലെ നടക്കുകയും സഹോദരന്മാരെ സ്‌നേഹിക്കുകയും ചെയ്യണം. ഇതു പ്രായോഗികമായി നടപ്പാകണമെങ്കില്‍ ലോകത്തോടും ലോകത്തിലുള്ളതിനോടുമുള്ള സ്‌നേഹം നാം പുറന്തള്ളണം.

ദൈവത്തിനു നമ്മോടുള്ള സ്‌നേഹവും നമുക്കു തിരിച്ചുള്ള സ്‌നേഹവും-സ്‌നേഹത്തിന്റെ ഈ രണ്ടു വശങ്ങളുമായിരുന്നു ‘സ്‌നേഹത്തിന്റെ അപ്പൊസ്തലനാ’യിരുന്ന യോഹന്നാന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടായിരുന്നത്. തന്റെ എഴുത്തിലും പ്രകടമായത് അതാണ്. അതുകൊണ്ടുതന്നെ പ്രാരംഭത്തില്‍ പറഞ്ഞ കഥയില്‍ നാം കണ്ടതുപോലെ യോഹന്നാന് ‘സ്‌നേഹം, സ്‌നേഹം’ എന്നല്ലാതെ മറ്റെന്താണു പറയാനാവുക?

അധ്യായം 10 :
യേശുവിന്റെ പരീക്ഷകള്‍ നമുക്കു തരുന്ന പാഠം


യേശു പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു. എത്രത്തോളം? ഉത്തരം: നമുക്കു തുല്യമായി, സര്‍വ്വത്തിലും (എബ്രായര്‍ 4:15).

യേശുവിന്റെ ഈ പരീക്ഷകളുടെ സംക്ഷിപ്ത വിവരണം മത്തായിയും ലൂക്കൊസും അവരുടെ സുവിശേഷങ്ങളുടെ നാലാം അദ്ധ്യായത്തില്‍ കൃത്യമായി നല്‍കിയിട്ടുണ്ട് (മത്തായി4:1-11; ലൂക്കൊ.4:1-13). വിശ്വാസിക്ക് ഇന്നു നേരിടേണ്ടി വരുന്ന പ്രലോഭനങ്ങളുടെയെല്ലാം പ്രാതിനിധ്യം വഹിക്കുന്ന മൂന്നു പരീക്ഷകളാണു യേശുവിനു നേരെ പരീക്ഷകന്‍ കൊണ്ടുവന്നത്.

ഒന്നാമതു വിശന്നിരിക്കുമ്പോള്‍ കല്ല് അപ്പമാക്കി ഭക്ഷിക്കുവാനുള്ള പ്രലോഭനം. അത്ഭുതപ്രവൃത്തികള്‍ ചെയ്യുവാനുള്ള തന്റെ കഴിവ് എപ്പോഴും യേശു മറ്റുള്ളവര്‍ക്കു വേണ്ടിയാണ് ഉപയോഗിച്ചത്. അതായിരുന്നു പിതാവിന്റെ ഹിതവും. എന്നാല്‍ ഇവിടെ ആ കഴിവ് സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കാനും അങ്ങനെ പിതാവിന്റെ ഹിതത്തില്‍ നിന്നു വഴുതിപ്പോകുവാനുമുള്ളതായിരുന്നു ആദ്യ പരീക്ഷ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്: പ്രകടമായി ന്യായമായ ഒരു കാര്യം ചെയ്യാനാണു പരീക്ഷകന്‍ ആവശ്യപ്പെട്ടത്. വിശപ്പ് ശമിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല; വേണ്ടതാണ്. തികച്ചും ന്യായമായ ഒരു കാര്യം. പക്ഷേ ന്യായമായ ആവശ്യത്തെ അന്യായമായ മാര്‍ഗ്ഗത്തിലൂടെ തൃപ്തിപ്പെടുത്തുവാനാണു സാത്താന്‍ ആവശ്യപ്പെടുന്നത്. പക്ഷേ യേശു അതിനു വഴിപ്പെട്ടില്ല. സ്വന്തം ആവശ്യത്തെ ദൈവഹിതത്തിനും ഉപരിയായി പ്രതിഷ്ഠിക്കാനുള്ള പ്രലോഭനം. യേശു അതിനു വിസ്സമ്മതിച്ചു.

ലൂക്കൊസിന്റെ സുവിശേഷത്തില്‍ രണ്ടാമത്തെ പരീക്ഷയായി വിവരിച്ചിരിക്കുന്നതു ലോകത്തിലെ സകലമഹത്വവും ക്ഷണനേരത്തിനുള്ളില്‍ കാണിച്ചിട്ട് ‘വീണ് എന്നെ നമസ്‌കരിച്ചാല്‍ അതെല്ലാം നിന്റേതാകും’ എന്ന പിശാചിന്റെ പ്രലോഭനമാണ്. ഒന്നാമത്തെ പരീക്ഷ ഒരുവന്റെ ഉള്ളില്‍തന്നെയുള്ള തൃഷ്ണകളെ അന്യായമായ മാര്‍ഗ്ഗത്തിലൂടെ തൃപ്തിപ്പെടുത്താനുള്ളതായിരുന്നെങ്കില്‍ രണ്ടാമത്തെ പരീക്ഷ അവനു പുറത്തുള്ള ആകര്‍ഷണങ്ങളെ സ്വന്തമാക്കി നേട്ടമുണ്ടാക്കാനുള്ളതായിരുന്നു. എന്നാല്‍ ഇതിനും യേശു തയ്യാറായില്ല.

മൂന്നാമത്തെ പരീക്ഷയില്‍ സാത്താന്‍ യേശുവിനെ യെരുശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിര്‍ത്തി അവിടെ നിന്നു നിരപായം താഴേക്കു ചാടി ഒരത്ഭുതം പ്രവര്‍ ത്തിക്കുവാനാണ് ആവശ്യപ്പെടുന്നത്. ഇതിലെ ‘യെരുശലേം, ‘ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിന്നു ചാടുക’ എന്നീ സൂചനകളെല്ലാം നല്‍കുന്നത് ഇതു മതലോകവുമായി ബന്ധപ്പെട്ട ഒരു പരീക്ഷയാണെന്നതാണ്. ആത്മീയലോകത്ത് ഒരത്ഭുതം പ്രവര്‍ത്തിച്ച് ദൈവപുത്രനാണെന്നു തെളിയിച്ച് ആളുകളുടെ കണ്ണിനു മുന്‍പില്‍ ഒരു വലിയ ആളാകാനുള്ള സ്വയത്തിന്റെ ഒളിഞ്ഞിരിക്കുന്ന താല്‍പര്യത്തെ തൃപ്തിപ്പെടുത്താനുള്ള ക്ഷണമായിരുന്നു ഇത്. എന്നാല്‍ അതു ദൈവഹിതത്തിന് എതിരാണെന്നു മനസ്സിലാക്കി യേശു ആ പ്രലോഭനത്തിനും വഴങ്ങിയില്ല.

ഈ മൂന്നു പരീക്ഷകളുടെയും തുടര്‍ച്ചയും അവയുടെ വര്‍ധിച്ചു വരുന്ന തീവ്രതയും ശ്രദ്ധിക്കുക: ആദ്യ പരീക്ഷ വ്യക്തിപരമായ ഒരു തലത്തിലായിരുന്നെങ്കില്‍ രണ്ടാമത്തേതു വ്യക്തിയും പുറംലോകവും തമ്മില്‍ ബന്ധപ്പെട്ടതായിരുന്നു. മൂന്നാമത്തേതാകട്ടെ വിശ്വാസ ലോകത്തു ദൈവഹിത വിരുദ്ധമായ നേട്ടങ്ങള്‍ കയ്യാളുന്നതുമായി ബന്ധപ്പെട്ടതും.

ഈ മൂന്നു പരീക്ഷകളും യേശുവിനു താരതമ്യേന എളുപ്പമായിരുന്നു എന്നാണോ നാം ചിന്തിക്കുന്നത്?. എന്നാല്‍ അങ്ങനെയായിരുന്നില്ല. ഭക്ഷണവുമായി ബന്ധപ്പെട്ട ആദ്യത്തെ പരീക്ഷയാണു സാത്താന്‍ ആദമിന്റെ നേരെയും പ്രയോഗിച്ചത് (ഉല്‍പ 3:1-6). എന്നാല്‍ ആദിമ മനുഷ്യന്‍ ആ ഒന്നാമത്തെ പരീക്ഷയുടെ മുന്‍പില്‍ തന്നെ തോറ്റുപോയി. ഇതേസമയം, ഒന്നാമത്തെ ആദം തോറ്റിടത്ത് ഒടുക്കത്തെ ആദമായ യേശു താന്‍ പൂര്‍ണ മനസ്‌കനായതുകൊണ്ടാണു ജയാളിയായത്. യേശുവിന്റെ ഒന്നാമത്തെ പരീക്ഷയിലെ ജയം നമുക്കു നല്‍കുന്ന മുന്നറിയിപ്പ് എന്തെല്ലാമാണ്? ഒന്ന്: ദൈവഹിതത്തിന് ഉപരി വ്യക്തിപരമായ താല്‍പര്യങ്ങളെ പ്രതിഷ്ഠിക്കരുത്. രണ്ട്: ന്യായമായ ആവശ്യങ്ങളെപോലും അന്യായമായ മാര്‍ഗ്ഗത്തിലൂടെ തൃപ്തിപ്പെടുത്തരുത്.

രണ്ടാമത്തെ പരീക്ഷയും എളുപ്പമായിരുന്നില്ല. വ്യക്തിപരമായ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട താരതമ്യേന ഋജുവായ ഒന്നാമത്തെ പരീക്ഷയില്‍ നിന്നു ഭിന്നമായി രണ്ടാമത്തെ പരീക്ഷ അല്‍പംകൂടി സങ്കീര്‍ണമായിരുന്നു. ലോകത്തിലെ സകലരാജ്യങ്ങളെയും ക്ഷണനേരത്തില്‍ യേശുവിനെ കാണിച്ചിട്ട് സാത്താന്‍ പറയുന്നത് ”ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കുതരാം. അത് എങ്കല്‍ ഏല്പിച്ചിരിക്കുന്നു. എനിക്കു മനസ്സുള്ളവനു ഞാന്‍ കൊടുക്കുന്നു” എന്നാണ്. ആദമിനു മുന്‍പുള്ള കാലത്തു ദൈവം ലൂസിഫറിനെ ആ കാലത്തിന്റെ അധിപനായി ഇരുത്തിയിരുന്നു (യെഹെ28:13,14). ലോകത്തിന്റെ അധികാരവും മഹത്വവും അവനില്‍ നിക്ഷിപ്തമായിരുന്നു. യോഹന്നാന്‍ 12:31-ലെ യേശുവിന്റെ വാക്കുകളും ഇതിനെ സ്ഥിരീകരിക്കുന്നു. മത്സരിച്ച് അവന്‍ ദൈവത്തിന്റെ എതിരാളിയായി തീര്‍ന്നപ്പോള്‍ ലൂസിഫറിനെ ശിക്ഷിച്ചെങ്കിലും (യെശ.14:12-15) അവനുള്ള പൂര്‍ണന്യായവിധി യുഗാന്ത്യത്തിലാണല്ലോ സംഭവിക്കുന്നത് (വെളി.20: 7-10). അതുവരെ ലോകരാജ്യങ്ങളുടെ മേല്‍ അവന് അധികാരവും ആധിപത്യവും ഉണ്ടെന്നും അതു യേശുവിനു നല്‍കാമെന്നുമായിരുന്നു അവന്റെ വാഗ്ദാനം. യേശു അതു പൂര്‍ണമായി നിരസിച്ചു. എന്നാല്‍ അന്ത്യകാലത്ത് എതിര്‍ക്രിസ്തു ഈ വാഗ്ദാനം സസന്തോഷം സ്വീകരിച്ച് മുഴുവന്‍ ലോകത്തിന്റേയും ആരാധന സാത്താനോടൊപ്പം പങ്കിടുന്നതായി നാം കാണുന്നു (വെളിപ്പാട് 13:4). ഇതു നമുക്കു നല്‍കുന്ന പാഠം എന്താണ്? ഈ ലോകത്തിന്റെ മാനം, അംഗീകാരം, ആരാധന തുടങ്ങിയവ നേടാന്‍ നമുക്കു ഗൂഢമായ താല്‍പര്യം ഉണ്ടോ?. ഇക്കാര്യത്തില്‍ നാം നിലയുറപ്പിച്ചിരിക്കുന്നതു യേശുവിനോടൊപ്പമല്ലെങ്കില്‍ സംശയമില്ല നാം എതിര്‍ക്രിസ്തുവിനോടൊപ്പമാണ്.

മൂന്നാമത്തെ പരീക്ഷ പിന്നേയും അവിടെ നിന്ന് ഒരു പടി മുന്നോട്ടാണ്. പിശാച് യേശുവിനെ പരീക്ഷിക്കുന്ന സമയത്ത് അവിടുന്നു സ്‌നാനമേറ്റു പരസ്യശുശ്രൂഷയ്ക്ക് ഇറങ്ങുന്നതേയുള്ളു. ഒരു നന്മയും വരികയില്ലെന്നു ജനം വിശ്വസിച്ചിരുന്ന നസ്‌റേത്തില്‍ നിന്ന് എത്തിയ ഒരു തച്ചന്‍ മിശിഹായാണെന്നു യെഹൂദ മതസമൂഹം അംഗീകരിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്തപ്പോള്‍ സാത്താന്‍ ഒരു എളുപ്പവഴി നിര്‍ദ്ദേശിക്കുകയായിരുന്നു-യെഹൂദന്റെ യെരുശലേം ദേവാലയത്തിന്റെ അഗ്രത്തില്‍ നിന്നു തന്നെ ചാടി അത്ഭുതം കാണിച്ച് മതമണ്ഡലത്തില്‍ ഒരു സ്ഥാനം കയ്യടക്കുക. പക്ഷേ ലോകത്തെ ഭരിക്കുന്ന അതേ മൂല്യങ്ങള്‍ തന്നെ ആത്മീയരംഗത്തും കൊണ്ടുവരുവാനുള്ള സാത്താന്റെ നിര്‍ദ്ദേശത്തെ യേശു തള്ളിക്കളഞ്ഞു. എന്നാല്‍ ഇന്നു ക്രിസ്തീയ വിശ്വാസലോകത്തു പ്രവര്‍ത്തിക്കുന്നവര്‍ ക്രിസ്തു നല്‍കുന്ന ഈ പാഠം എത്രത്തോളം ഉള്‍ക്കൊണ്ടിരിക്കുന്നു?.

ഈ മൂന്നു പരീക്ഷകളെ നേരിട്ടപ്പോഴും ഈ ലോകത്തില്‍ തനിക്കൊരു താല്‍പര്യമില്ലാത്തവനെപ്പോലെ, ഈ ലോകക്കാരനല്ലാത്തവനെപ്പോലെയാണു യേശു പെരുമാറിയതെന്ന കാര്യവും ശ്രദ്ധിക്കുക. ഈ ലോകത്തു ജനിക്കുന്ന ഓരോ കുഞ്ഞും ചുരുട്ടിപ്പിടിച്ച മുഷ്ടികളുമായാണു ജനിച്ചു വീഴുന്നതെന്നു പറയാറുണ്ട്. ഇവിടെ കിട്ടുന്ന ഓരോ അവസരവും, ഓരോ സാധ്യതയും തനിക്കുവേണ്ടി, തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കാനുള്ള പാപത്തില്‍ വീണുപോയ ലോകത്തിന്റെ മുല്യബോധത്തെയാണ് ഇതു കാണിക്കുന്നത്. പക്ഷേ ഈ ലോകത്തില്‍ വിജയമെന്നും നേട്ടമെന്നും പറയുന്നതിനെ യേശു നിരസിച്ചു. ഈ ലോകത്തിന്റെ മൂല്യബോധം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവിടുന്നു വിസ്സമ്മതിച്ചു. മറ്റൊരു ലോകത്തിന്റെ ആളിനെപ്പോലെയാണ്, അവിടത്തെ മൂല്യബോധം കയ്യാളുന്ന ഒരുവനെപ്പോലെയാണു യേശു ഈ പരീക്ഷകളെ നേരിട്ടത്. ഒടുവില്‍ വിടര്‍ത്തിയ മുഷ്ടികളില്‍ ആണികള്‍ തറയ്ക്കപ്പെട്ട് ക്രൂശില്‍ മരിച്ചു കിടക്കുന്ന യേശു ജീവിതത്തിലുടനീളം താന്‍ പിന്‍തുടര്‍ന്ന മനോഭാവത്തിന്റെ പ്രതീകമായി മാറി. വിശ്വാസത്തിന്റെ അധ്യായമായ എബ്രായര്‍ 11-ല്‍, യേശുവിന്റെ ഇതേ മനോഭാവം പിന്തുടര്‍ന്ന ചില വിശ്വാസവീരന്മാരെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക:”…വാഗ്ദത്ത ദേശത്ത് ഒരു അന്യദേശത്ത് എന്ന പോലെ ചെന്നു… കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു” (9,10).

”ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസത്തില്‍ മരിച്ചു” (13).
”അവരോ അധികം നല്ലതിനെ, സ്വര്‍ഗ്ഗീയമായതിനെ തന്നേ കാംക്ഷിച്ചിരുന്നു” (16).
”മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു” (26).
”ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല” (38).

ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ ഇവിടെ അന്യരും പരദേശികളും! പ്രവാസികള്‍ എന്ന പ്രയോഗം ഇന്നു വളരെ പരിചിതമാണ്. അന്യദേശത്ത് ആ ദേശത്തിലെ പൗരന്മാരുടെ അവകാശങ്ങളൊന്നു മില്ലാതെ കഴിയുന്ന മറ്റൊരു രാജ്യക്കാരെയാണു പ്രവാസികള്‍ എന്നു വിളിക്കുന്നത്. നാം ഈ ഭൂമിയില്‍ പ്രവാസികളാണെന്ന ബോധ്യം ഈ ലോകത്തു പൗരത്വബോധത്തിന്റെ അവകാശങ്ങളൊന്നുമില്ലാതെ, ഈ ലോകത്തിന്റെ മൂല്യബോധങ്ങള്‍ കയ്യാളാതെ ജീവിക്കാന്‍ നമ്മെയും സഹായിക്കും (1 പത്രൊ.2:11).

യേശു പരീക്ഷകള്‍ ജയിച്ചതില്‍ നമ്മെ സംബന്ധിച്ച് ഏറെ പ്രസക്തമായ മറ്റൊരു കാര്യമുണ്ട്- അവിടുന്നു തന്റെ മനുഷ്യത്വത്തിലാണ് പിശാചിന്റെ പരീക്ഷകളെ ജയിച്ചത്. പലപ്പോഴും ഈ കാര്യം നാം ശ്രദ്ധിക്കാറില്ല.

യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുന്നു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയിരുന്നല്ലോ. എന്നാല്‍ അവിടുന്നു പിശാചിന്റെ പരീക്ഷകളെ നേരിട്ടപ്പോള്‍ തന്റെ മനുഷ്യത്വത്തില്‍ തന്നെ നിന്നുകൊണ്ട് അവയെ ജയിക്കണമെന്നായിരുന്നു പിതാവിന്റെ ഹിതം. കാരണം എന്നാല്‍ മാത്രമേ അവിടുന്നു സര്‍വത്തിലും നമുക്കു തുല്യമായി (എബ്രായര്‍ 4:15) നമുക്കു മുന്നോടിയായി (fore runner) തീരുകയുള്ളല്ലോ (എബ്രാ. 6:20). എങ്കില്‍ മാത്രമേ സകലത്തിലും സഹോദരന്മാര്‍ക്കു സദൃശനായി (എബ്രാ. 2:17) നമുക്കു പിന്‍തുടരുവാന്‍ അവിടുത്തേക്ക് ഒരു കാല്‍ച്ചുവടു വച്ചേച്ചു പോകാന്‍ കഴിയുകയുള്ളല്ലോ. (പത്രൊസ് 2:21). കാരണം നാം നമ്മുടെ മനുഷ്യത്വത്തിലാണു പിശാചിനെ പരീക്ഷയില്‍ തോല്പിക്കുന്നത്. യേശുവും അതുകൊണ്ടു തന്നെ ദൈവത്വത്തിന്റെ കഴിവുകളൊന്നും ഉപയോഗിക്കാതെ മനുഷ്യനെന്നുള്ള നിലപാടില്‍ നിന്നുകൊണ്ടു സാത്താനെ തോല്പിക്കണമെന്നായിരുന്നു ദൈവഹിതം. അതുകൊണ്ടുതന്നെ പരീക്ഷയുടെ ഘട്ടത്തില്‍ പിശാച് മനുഷ്യത്വത്തിന്റെ നിലപാടില്‍ നിന്നു യേശുവിനെ മാറ്റാന്‍ ശ്രമിക്കുന്നതും യേശു ബോധപൂര്‍വം തന്നെ താന്‍ ഒരു മനുഷ്യനെന്ന നിലപാടില്‍ അടിയുറച്ചു നിന്നുകൊണ്ടു സാത്താനെ ജയിക്കുന്നതും ആ ഭാഗം ശ്രദ്ധിച്ചു വായിച്ചാല്‍ നമുക്കു മനസ്സിലാകും.

പിശാച് ഒന്നാമത്തെ പരീക്ഷയില്‍ യേശുവിനോടു പറയുന്നത് ‘നീ ദൈവപുത്രനെങ്കില്‍ ഈ കല്ലിനോട് അപ്പമായി തീരാന്‍ കല്പിക്ക’ എന്നാണ് (മത്തായി 4:3). ഇതിനു 40 ദിവസം മുന്‍പാണ് യോര്‍ദ്ദാന്‍ കടവില്‍ സ്വര്‍ഗത്തിലെ ദൈവം ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്നു പ്രഖ്യാപിച്ചത് (മത്താ 3:17). പരീക്ഷകന്‍ പിതാവായ ദൈവത്തിന്റെ ഈ പ്രഖ്യാപനത്തിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ട് യേശുവിനോടു പറയുന്നു: ‘നീ ദൈവപുത്രനല്ലേ ഈ കല്ലിനോട് അപ്പമായിത്തീരാന്‍ കല്പിക്കു.’

ഉവ്വ്, യേശു ദൈവപുത്രനാണ്. ദൈവമാണ്. എന്നാല്‍ ഇവിടെ തന്റെ മനുഷ്യത്വത്തില്‍ പിശാചിനെ ജയിക്കുക എന്ന നിലപാടില്‍ നിന്നു മാറ്റി ദൈവഹിതത്തില്‍ നിന്നു തന്നെ അകറ്റാന്‍ നടത്തുന്ന ശ്രമത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ട് യേശു അതിനു നല്‍കുന്ന മറുപടി ശ്രദ്ധിച്ചോ? ”മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” (മത്തായി 4:4). യേശു ബോധപൂര്‍വം മനുഷ്യന്‍ എന്ന നിലപാടില്‍ തന്നെ നില്ക്കുകയാണ്.

ഉടനെ പിശാചു വീണ്ടും: ”നീ ദൈവപുത്രനെങ്കില്‍ താഴത്തോട്ടു ചാടുക” എന്നാവശ്യപ്പെട്ടു. യേശുവിനെ വീണ്ടും ദൈവപുത്രന്‍ എന്ന നിലപാടിലേക്കു കൊണ്ടുവരുവാനുള്ള തന്ത്രം. യേശു അതിനു മറുപടിയായി ഒരു ദൈവവചനമാണ് ഉദ്ധരിക്കുന്നത്. അത് ആവര്‍ത്തന പുസ്തകം 6:16 ആണ്- ”നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്.” യിസ്രായേല്‍ മക്കള്‍ സാധാരണ മനുഷ്യരെന്ന നിലയില്‍ മസ്സായില്‍ വച്ചു തങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിച്ചു നശിപ്പിക്കപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍മിപ്പിച്ച് മോശെ അവരോടു ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതെന്ന് ഓര്‍മിപ്പിച്ച് ഉണര്‍ത്തുന്ന രംഗം. ഇവിടെയും പിശാച് ആവശ്യപ്പെട്ടപോലെ ദൈവപുത്രനെന്ന തന്റെ പദവി കയ്യാളാന്‍ യേശു വിസ്സമ്മതിക്കുകയാണ്. യേശു തന്റെ മനുഷ്യത്വത്തില്‍ തന്നെ പിശാചിന്റെ പരീക്ഷകളെ ജയിച്ചു. അവന്റെ മേല്‍ ജയോത്സവം കൊണ്ടാടി.

എന്നാല്‍ ഇന്നും എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇതു സമ്മതിക്കുകയില്ലെന്നതു ശ്രദ്ധിക്കുക: ”ദൈവാത്മാവിനെ ഇതിനാല്‍ അറിയാം: യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍ നിന്നുള്ളത്. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍ നിന്നുള്ളതല്ല. അത് എതിര്‍ക്രിസ്തുവിന്റെ ആത്മാവുതന്നേ” (യോഹ. 4:2,3). കാരണം യേശുവിന്റെ മനുഷ്യത്വത്തെ അംഗീകരിച്ചാല്‍ ഫലത്തില്‍ പിശാചിനു തന്റെ തോല്‍വി അംഗീകരിക്കേണ്ടിവരുമല്ലോ. പിശാച് അതു ഇഷ്ടപ്പെടുന്നില്ല.

കണ്ടോ? യേശു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമാണ്. അവിടുത്തെ ദൈവത്വത്തെ അംഗീകരിക്കുന്നതുപോലെ അവിടുത്തെ മനുഷ്യത്വത്തെയും നാം അംഗികരിക്കേണ്ടത് എത്ര പ്രധാനമാണ്. അതുപോലെ നമ്മുടെ പരീക്ഷകളുടെ ഘട്ടങ്ങളില്‍ സ്വന്ത താല്‍പര്യങ്ങള്‍, ലോകം, ലോകത്തിന്റെ മൂല്യങ്ങള്‍ എന്നിവയ്‌ക്കെതിരെ നാം നമ്മുടെ മനുഷ്യത്വത്തില്‍ തന്നെയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനു പരിശുദ്ധാത്മാവു നമ്മെ ശക്തിപ്പെടുത്തുമെന്നത് നേര്. എന്നാല്‍ ‘ഞാന്‍ ദൈവപുത്രനാണെന്ന’ ആത്മീയ ഭാഷയുടെ മറവില്‍ മനുഷ്യത്വത്തില്‍ എടുക്കേണ്ട തീരുമാനങ്ങളെ അവഗണിക്കരുതെന്നും യേശു തന്റെ പരീക്ഷയുടെ ഘട്ടത്തില്‍ എടുത്ത നിലപാടു നമ്മെ ഉദ്‌ബോധിപ്പിക്കുന്നില്ലേ?

ചുരുക്കത്തില്‍ യേശു നമുക്കു പിന്തുടരുവാന്‍ ഒരു കാല്‍ച്ചുവടു വച്ചേച്ചു പോയിരിക്കുന്നു. പരീക്ഷകളുടെ സന്ദര്‍ഭങ്ങളില്‍ അവിടുന്നു നമുക്കു മാതൃകയും മുന്നോടിയുമാണ്. യേശു അഭിമുഖീകരിച്ചതില്‍ കവിഞ്ഞ പരീക്ഷകളൊന്നും തത്ത്വത്തില്‍ നമുക്കും നേരിടേണ്ടി വരികയില്ല. യേശു പിശാചിന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പിതാവിലുള്ള ആശ്രയത്വത്തില്‍ ദൈവവചനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് അവന്റെ മേല്‍ സമ്പൂര്‍ണ ജയം നേടിയെങ്കില്‍ നമുക്കും ഇന്നതു കഴിയും. വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കാം പരീക്ഷകളുടെ മുന്‍പില്‍ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിക്കാന്‍ പാപികളാല്‍ വിരോധംസഹിച്ചവനെ ധ്യാനിക്കാം. പാപത്തോടു പോരാടുന്നതില്‍ പ്രാണത്യാഗത്തോളം എതിര്‍ത്തുനിന്ന കര്‍ത്താവു തന്നെ നമുക്കു മാതൃകയായിരിക്കട്ടെ (എബ്രാ. 12: 2-4).


അധ്യായം 11 :
എളിയവര്‍ക്കു കൃപ


യേശുവിനെ അറിയുന്തോറും പിന്നേയും അറിയാന്‍ ഒട്ടേറെ ബാക്കി കിടക്കുന്നതുപോലെയാണു നമുക്കു തോന്നുക.

നിങ്ങള്‍ അടിത്തട്ടു കാണാത്ത ഒരു കയത്തിലേക്ക് എത്തിനോക്കിയിട്ടുണ്ടോ? നോക്കി നോക്കി കണ്ണു കഴച്ചാലും അടിത്തട്ടു കാണാന്‍ കഴിയുകയില്ല എന്നു പറയുന്നതുപോലെയാണു യേശുവിന്റെ ജീവിതവും. സുവിശേഷങ്ങളില്‍ നാം കാണുന്ന ആ ജീവിതത്തിനു മോഹിപ്പിക്കുന്ന ഒരു ലാളിത്യമുണ്ട്. എന്നാല്‍ തന്റെ ചെയ്തികളിലേക്കും വാക്കുകളിലേക്കും അടുത്തു ചെന്നു നോക്കുമ്പോഴോ? അടിത്തട്ടു കാണാത്ത ഒരു കയത്തിലേക്ക് എത്തിനോക്കിയ പ്രതീതി. നാം അറിഞ്ഞതിനും ചിന്തിച്ചതിനും അപ്പുറത്താണു കാര്യങ്ങള്‍. ഒറ്റ നോട്ടത്തില്‍ ലളിതമെന്നു തോന്നിയ ആ പ്രവൃത്തികള്‍ക്കും വചസ്സുകള്‍ക്കും ഏറെ ആഴമുണ്ടെന്നു നാം കൂടുതല്‍ കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കും.

ഉദാഹരണത്തിന് യേശുവിന്റെ എളിയവരോടുള്ള പക്ഷപാതിത്വത്തിനും ധനവാന്മാരോടുള്ള എതിര്‍പ്പിനും ഉപരിതലത്തില്‍ കാണുന്നതിലേറെ ആഴമില്ലേ? ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ അസാധ്യമായ കാര്യമാണെന്ന് അവിടുന്നു പറഞ്ഞു. ധനവാനായ പ്രമാണിയോടു തനിക്കുള്ളതൊക്കെയും വിറ്റു ദരിദ്രര്‍ക്കു കൊടുക്കാന്‍ ആജ്ഞാപിച്ചു. ഈ എളിയവരില്‍ ഒരുവനു ചെയ്തതു തനിക്കാണു ചെയ്യുന്നതെന്ന് ഓര്‍പ്പിച്ചു. അന്ത്യനാളില്‍ നമ്മെ ജീവിതനിലപാടുകൊണ്ടു ന്യായം വിധിക്കാന്‍ വരുന്നവരില്‍ ശിഷ്യന്മാര്‍, നിനവേക്കാര്‍, ശേബാ രാജ്ഞി എന്നിവരോടൊപ്പം നാലാമതായി എളിയവരുമുണ്ടെന്ന് അവിടുന്നു ചൂണ്ടിക്കാട്ടി. ദൈവത്തിനു സര്‍വ്വശക്തന്‍, സര്‍വാധികാരി, സര്‍വജ്ഞാനി, സര്‍വവ്യാപി എന്നിങ്ങനെയുള്ള വിശേഷണങ്ങളൊക്കെ ഉണ്ടായിരിക്കെ അപ്പൊസ്തലനായ പൗലൊസ് ദൈവത്തെ എളിയവരുടെ മേല്‍ വിലാസത്തിലാണു പരിചയപ്പെടുത്തുന്നതെന്നും (2 കൊരി 7:6) ഓര്‍ക്കുക. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ദൈവം തീര്‍ച്ചയായും എളിയവരുടെ ഭാഗത്താണ്.

എങ്കില്‍, ഈ എളിയവര്‍ ആരാണ്? ഒറ്റനോട്ടത്തില്‍ അവര്‍ ഈ ലോകത്തിലെ ദരിദ്രരാണെന്നു തോന്നും. യേശുവിന്റെ വചനങ്ങളിലെ ഉപരിതലത്തില്‍ കാണുന്ന ഈ ഒരൊറ്റ അടരില്‍ (layer) ഊന്നിയാണു ‘വിമോചന ദൈവശാസ്ത്രം’ രൂപപ്പെട്ടിരിക്കുന്നത്. എന്നാല്‍ യേശു പറഞ്ഞ എല്ലാ കാര്യങ്ങളേയും കൂട്ടിവച്ചും യേശുവിന്റെ ജീവിത നിലപാടുകളുടെ സമഗ്രതയിലും ഇക്കാര്യങ്ങളെ നോക്കികാണുമ്പോള്‍ ഈ ലോകത്തിലെ നശ്വരമായ ധനം, ദാരിദ്ര്യം എന്നിവയ്ക്കപ്പുറം ഇതിന് ആഴമായ അര്‍ത്ഥമുണ്ടെന്നു മനസ്സിലാകും. ധനം, ധനവാന്‍ എന്ന് അവിടുന്നു പറയുമ്പോള്‍ കേവലം സാമ്പത്തിക അവസ്ഥ മാത്രമല്ല ഉദ്ദേശിക്കുന്നത്. നമുക്കു വലുപ്പവും കനവും തരുന്ന എല്ലാ വിധത്തിലുള്ള സമ്പന്നതയെയും-അതു കഴിവുകള്‍ സ്വാധീനങ്ങള്‍, സൗന്ദര്യം, ആരോഗ്യം, പാരമ്പര്യം, കുടുംബശ്രേഷ്ഠത, ആത്മീയരംഗത്തെ നേട്ടങ്ങള്‍, വരങ്ങള്‍ എന്നു വേണ്ട എല്ലാവിധത്തിലുള്ള പുകഴ്ചയെയും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായുള്ള എല്ലാ ഉയര്‍ച്ചയെയും -ആണ് ഉദ്ദേശിക്കുന്നതെന്നു കാണാം. കൂടാതെ, എല്ലാവരും ‘ദൈവവിഷയമായി സമ്പന്നരാകുക’യാണു വേണ്ടതെന്നും ‘ആത്മാവില്‍ ദരിദ്രരായവര്‍ക്കാണു സ്വര്‍ഗരാജ്യ’മെന്നും യേശു പറഞ്ഞപ്പോള്‍ എല്ലാ നിഗളത്തിന്റെയും എതിര്‍ധ്രുവത്തില്‍ താഴ്മയില്‍ നില്ക്കുന്നവരെയാണ് അവിടുന്ന് ‘എളിയവര്‍’ എന്നു വിശേഷിപ്പിച്ചതെന്നും നമുക്കു മനസ്സിലാകും. ചുരുക്കത്തില്‍ ദൈവം തങ്ങളുടെ ഏതെങ്കിലും സമ്പന്നതയില്‍ ആശ്രയവും പ്രശംസയും ഉള്ളവര്‍ക്ക് എതിരാണ്. ദൈവത്തില്‍ മാത്രം ആശ്രയമുള്ള ആത്മാവിലെ ദരിദ്രരോട്, എളിയവരോട്, അവിടുന്നു ചേര്‍ന്നു നില്ക്കും. യാക്കോബും പത്രൊസും ഒരേപോലെ ഇക്കാര്യം അടിവരയിട്ട് ഇങ്ങനെ പറയുന്നു: ”ദൈവം നിഗളികളോട് എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുകയും ചെയ്യുന്നു” (4:6/1 പത്രൊ. 5:5).

കൃപ-തക്ക സമയത്തു ലഭ്യമാകുന്ന ദൈവിക സഹായമാണത്. എ ങ്കില്‍ നമുക്കെല്ലാം അതു ദൈനംദിന ജീവിതത്തില്‍ എത്രമേല്‍ ആവശ്യമുണ്ട്! ഒരു സാഹചര്യത്തില്‍ ദൈവഹിതപ്രകാരം എങ്ങനെ പെരുമാറണം, എന്തു പറയണം? വാസ്തവത്തില്‍ നമുക്കറിഞ്ഞുകൂടാ. ദൈവത്തിന്റെ കൃപയുണ്ടെങ്കിലേ നമുക്കവിടെ പറയേണ്ടതുമാത്രം പറയാനും പെരുമാറേണ്ടതുപോലെ പെരുമാറാനും കഴിയുകയുള്ളൂ. ആ കൃപ എങ്ങനെ ലഭിക്കും? നാം എളിമയുള്ളവരാണെങ്കില്‍ ദൈവത്തിന്റെ കൃപ സ്വാഭാവികമായി ആ സാഹചര്യത്തില്‍ നമുക്കു ലഭ്യമാകും.

സത്യത്തില്‍ ദൈവകൃപ ലഭ്യമാകുംവിധം എളിമയുള്ളവരായിരിക്കുന്നതു പ്രയാസമുള്ള കാര്യമാണോ? ആവിലാവിലെ തെരേസ എന്ന ദൈവഭൃത്യയുടേതായി അറിയപ്പെടുന്ന ഒരു മഹത് വചനമുണ്ട്: ‘എളിമയാണു സത്യം.” വാസ്തവത്തില്‍ ദൈവത്തിലല്ലാതെ എങ്ങും ആശ്രയമില്ലാത്ത നിസ്സഹായരാണു നാം എന്നതാണു സത്യം. ആ സത്യത്തെ സത്യമായി കണ്ട് അംഗീകരിക്കുന്നതാണു താഴ്മ. ഏതു സാഹചര്യത്തിലും നാം നിസ്സഹായരാണെന്നും എളിയവരാണെന്നും ഉള്ളതാണു നമ്മെ സംബന്ധിച്ച യാഥാര്‍ഥ്യം. (നാം നിഗളിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം വിട്ടു പോകുകയാണ്). ഈ യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്ക്കുമ്പോള്‍ നമുക്കു സ്വാഭാവികമായി തന്നെ കൃപ-തല്‍സമയത്തെ സഹായം-ലഭിച്ചുകൊണ്ടിരിക്കും.

കൃപ ലഭിക്കുന്നതു താഴ്മയുള്ളവര്‍ക്കു മാത്രമാണെന്നും നിഗളമുള്ളവരെ ദൈവം തന്നെ എതിര്‍ക്കുമെന്നുമുള്ള സത്യം ആത്മാവില്‍ ഒരു വെളിപാടായി ലഭിച്ചാല്‍ നാം എപ്പോഴും എളിയവരായി നില്ക്കാന്‍ ശ്രദ്ധിക്കും. ഇതേസമയം, നിഗളത്തില്‍ നമ്മെ വീഴ്ത്തിയാല്‍ ദൈവം തന്നെ നമുക്ക് എതിരായിക്കൊള്ളും എന്നു സാത്താന് അറിയാവുന്നതുകൊണ്ട് അതുതന്നെയാണ് അവന്‍ നമുക്കെതിരെ തുറുപ്പുചീട്ടായി ഉപയോഗിക്കുക. നിഗളമെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം അതിനെ വിവിധ ഭാവത്തില്‍ മാറ്റി, എന്തിന് അതു താഴ്മയാണെന്നു പോലും തെറ്റിദ്ധരിപ്പിച്ച്, അതു നമ്മിലേക്കു കൊണ്ടുവരുവാന്‍ അവന്‍ ശ്രമിക്കുമ്പോള്‍ നാം എത്ര ജാഗരൂകരായിരിക്കണം!

നിഗളത്തിന്റെ വിവിധ ഭാവങ്ങളെയും അതിന്റെ വേഷപ്പകര്‍ച്ചകളെയും തിരിച്ചറിയേണ്ടതു നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായതിനാല്‍ തുടര്‍ന്ന് അതേപ്പറ്റി ചിന്തിക്കാം:

യിസ്രായേലിലെ ആദ്യരാജാവായി ദൈവം തിരഞ്ഞെടുത്ത ശൗല്‍ തുടക്കത്തില്‍ വളരെ വിനയാന്വിതനായ ഒരുവനായിരുന്നു. (1ശമുവേല്‍ 9:21, 10:16, 22;15:17 എന്നീ ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വ്യക്തമാകും). എന്നാല്‍ ദൈവം അവനു പല നേട്ടങ്ങള്‍ നല്‍കിയപ്പോള്‍ രാജാധികാരം തലയ്ക്കു പിടിച്ച് അവന്‍ നിഗളിയായിത്തീര്‍ന്നു. തന്നെ അഭിഷേകം ചെയ്ത ശമുവലിനെ ധിക്കരിച്ചും ദൈവകല്പനകളെ അനുസരിക്കാതെ മറുത്തുനിന്നും ദൈവത്തിന്റെ അഭിഷിക്തനായ ദാവീദിനെ വേട്ടയാടിയും നിഗളത്തില്‍ നിന്നു നിഗളത്തിലേക്ക് അവന്‍ പോയി. ഒടുവില്‍ അതുതന്നെ അവന്റെ പതനത്തിനും കാരണമായി. ശൗലിന്റെ ചരിത്രം വായിക്കുമ്പോള്‍ അവന്റെ പ്രകടമായ ഈ നിഗളം നമുക്കു മനസ്സിലാകും. എന്നാല്‍ ഇതേ നിഗളം തന്നെ അവനില്‍ വേഷം മാറി അസൂയയായും സ്വയസഹതാപമായും ഭയമായും സ്വയന്യായീകരണമായും വിഷാദവും നിരാശയും മരണവാഞ്ഛയായും പ്രത്യക്ഷപ്പെടുന്നതിനെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്കു തിരിച്ചറിയാന്‍ കഴിയൂ. ഇവ ഓരോന്നും ഇഴവിടര്‍ത്തി പരിശോധിക്കുന്നതു നമ്മുടെ ജീവിതത്തിലും പ്രകടമാകുന്ന, നിഗളത്തിന്റെ വേഷപ്പകര്‍ച്ചകളെ മനസ്സിലാക്കുവാന്‍ സഹായകമാകുമെന്നു തോന്നുന്നു.

അസൂയ:

അസൂയ വാസ്തവത്തില്‍ നിഗളത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ദൈവവചനം അങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. 1 തിമൊഥെയോസ് 6:4 നോക്കുക: ”അവന്‍… തര്‍ക്കത്തിന്റേയും വാഗ്വാദത്തിന്റെയും ഭ്രാന്തു പിടിച്ച് ചീര്‍ത്തിരിക്കുന്നു. അവയാല്‍ അസൂയ… ഉളവാകുന്നു” (He is
blinded with pride… Out of which come envy strife…).

ശൗലിന്റെ ജീവിതത്തിലെ നിഗളം അവനെ നേരെ അസൂയയിലേക്കു നടത്തി (1 ശാമുവേല്‍ 18:6-9 വായിക്കുക). ദാവീദിനോടുള്ള അസൂയയ്ക്കു കാരണം എന്തായിരുന്നു? ഗൊല്യാത്തിനെ വധിച്ചു മടങ്ങി വന്നപ്പോള്‍ സ്ത്രീകള്‍ പാടിയ പാട്ടായിരുന്നു അതിനു നിമിത്തമായത്. ”അവര്‍ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ എന്നു ചിന്തിച്ച ശൗലിന് അന്നു മുതല്‍ ദാവീദിനോടു കണ്ണുകടി തുടങ്ങി” എന്നാണു നാം അവിടെ വായിക്കുന്നത്. തനിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല എന്ന നിഗളത്തിന്റെ ചിന്തയാണു ശൗലിനെ അസൂയയിലേക്കു നടത്തിയത്. അസൂയ എപ്പോഴും താരതമ്യത്തില്‍ നിന്നാണ് ഉരുത്തിരിയുന്നത്. ഇവിടെ സ്ത്രീകള്‍ ദാവീദുമായി ശൗലിനെ താരതമ്യം ചെയ്തതു അസൂയയ്ക്കു വളക്കൂറുള്ള മണ്ണായി.

മറ്റൊരാളുമായി താരതമ്യം ചെയ്തു നമ്മുടെ ജീവിതത്തില്‍ ഉരുത്തിരിയുന്ന അസൂയ വാസ്തവത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നതു നിഗളത്തിലാണ്. അത് അസ്ഥികള്‍ക്കു ദ്രവത്വമാണെന്ന ശലോമോന്റെ മുന്നറിയിപ്പ് (സദൃശ വാ.14:30) നാം ഗൗരവമായി എടുക്കേണ്ടേ? തനിക്ക് ദുഷ്ടന്മാരോട് അസൂയ തോന്നി എന്നു പറഞ്ഞിരിക്കുന്നതിനോടു ചേര്‍ത്ത് തന്റെ കാലടികള്‍ വഴുതിയെന്നും കാലുകള്‍ ഇടറിയെന്നും ആസാഫ് സാക്ഷിക്കുന്നത് (സങ്കീ.73:2,3) നമുക്കു പാഠമാകേണ്ടതല്ലേ? യേശുവിനെ ക്രൂശിച്ചതിന്റെ പിന്നിലുണ്ടായിരുന്ന യഥാര്‍ത്ഥ കാരണം യെഹൂദന്മാരുടെ അസൂയയായിരുന്നു എന്നോര്‍ക്കുമ്പോള്‍ (മത്താ. 27:8) ഇന്നു നാമും അസൂയപ്പെടുമ്പോള്‍ യേശുവിനു നല്‍കുന്നതു ക്രൂശീകരണത്തിന്റെ വേദനയാണെന്നു നാം തിരിച്ചറിയേണ്ടേ? ശുശ്രൂഷാ രംഗത്തു തന്നേക്കാള്‍ ഇളയവനായിട്ടും യേശുവിനോടു നേര്‍ത്ത ആസൂയപോലും ഇല്ലാതിരുന്നതുകൊണ്ട് യോഹന്നാന്‍ സ്‌നാപകനെ (യോഹ. 3:30, മര്‍ക്കൊ. 1:7) പഴയനിയമത്തിലെ എല്ലാ പ്രവാചകന്മാരിലും വലിയവന്‍ എന്നു യേശു വിശേഷിപ്പിച്ചതും (മത്താ. 11:11) ഓര്‍ക്കുക.

ഭയം

അകാരണമായ ഭയം നിഗളത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്നു നാം പലപ്പോഴും കരുതാറില്ല. എന്നാല്‍ നിഗളത്തിന്റെ ആള്‍രൂപമായ ശൗലിന്റെ അനുഭവം നോക്കുക: ”ശൗല്‍ ദാവീദിനെ പിന്നെയും അധി കം ഭയപ്പെട്ടു” (1 ശമു. 18:29). ശൗല്‍ രാജ്യത്തെ ശക്തനായ രാജാവും ദാവീദ് ആളും സ്വാധീനവും ഇല്ലാത്ത ഒരുവനും രാജാവിന്റെ അപ്രീതിക്കു പാത്രമായ ഒരു യുവാവുമാണ്. സത്യത്തില്‍ ദാവീദ് ശൗലിനെയാണു ഭയപ്പെടേണ്ടത്. പക്ഷേ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. എന്താണു കാരണം? കാരണം ഊഹിക്കാവുന്നതേയുള്ളൂ. നിഗളിയായ ഒരുവന് ഒരിക്കലും ഒരു സുരക്ഷിതബോധം ഉണ്ടായിരിക്കുകയില്ല. കാരണം ദൈവം അവനോട് എതിര്‍ത്തു നില്‍ക്കുകയാണല്ലോ. വാസ്തവത്തില്‍ ദൈവത്തില്‍ മാത്രമേ മനുഷ്യാത്മാവിനു യഥാര്‍ത്ഥ സുരക്ഷിതത്വവും വിശ്രമവും കണ്ടെത്താന്‍ കഴിയുകയുള്ളൂ. ദൈവം നിഗളിയായ മനുഷ്യന്റെ ശത്രു ആയതിനാല്‍ അവന്‍ എപ്പോഴും തികഞ്ഞ അരക്ഷിതബോധത്തിലായിരിക്കും. കൊച്ചു കാര്യങ്ങള്‍ പോലും അവനെ പേടിപ്പിക്കും. ദാവീദിനെപ്പോലെ ഒരു ചെറുപ്പക്കാരന്‍ വളര്‍ന്നു വരുന്നതു കാണുമ്പോള്‍ ഇവന്‍ തന്റെ കിരീടം തട്ടിയെടുക്കുമോ ചെങ്കോല്‍ പിടിച്ചു പറിക്കുമോ എന്ന പേടിയിലാണു പാവം രാജാവ്!

നമ്മുടെ പല ഭയങ്ങളും അടിസ്ഥാനപ്പെട്ടിരിക്കുന്നതു നിഗളത്തിലാണെന്നു നാം തിരിച്ചറിയുമോ?

സ്വയസഹതാപം

സ്വയസഹതാപത്തിന്റെ ഏറ്റവും വലിയ വഞ്ചന അതു നിഗളമാണെന്നു നമ്മള്‍ തിരിച്ചറിയുകയില്ലെന്നു മാത്രമല്ല അതു താഴ്മയാണെന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യും എന്നതാണ്.

ശൗലിന്റെ ജീവിതത്തിലെ ഒരു രംഗം കാണുക: ശൗല്‍ തന്റെ ചുറ്റും നില്‍ക്കുന്ന ഭൃത്യന്മാരോടു പറഞ്ഞത്: ”നിങ്ങള്‍ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകന്‍ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തത് എന്നെ അറിയിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ മകന്‍ എന്റെ ദാസനെ ഇന്ന് എനിക്കായി പതിയിരിപ്പാന്‍ ഉത്സാഹിപ്പിച്ചിരിക്കുന്നതില്‍ മനസ്താപമുള്ളവരോ അതിനെക്കുറിച്ച് എനിക്ക് അറിവു തരുന്നവരോ നിങ്ങളില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ” (1 ശമുവേല്‍ 22:8). ഇത് ഒരു രാജാവിന്റെ വാക്കുകളാണെന്നോര്‍ക്കുക. എന്നിട്ടും വാക്കുകള്‍ ശക്തമല്ല. മറിച്ച് സ്വയസഹതാപമാണ് ഇതില്‍ നിഴലിടുന്നത്. ”നിങ്ങളില്‍ ആര്‍ക്കും എന്നെക്കുറിച്ചു മനസ്താപമില്ല. എന്നെ കരുതുന്നവരായി നിങ്ങളില്‍ ആരും ഉണ്ടായിരുന്നില്ലല്ലോ. അയ്യോ പാവം ഞാന്‍!” -ഇതാണു കൃത്യമായും സ്വയ സഹതാപം (Self pity). പക്ഷേ ഇതെങ്ങനെ നിഗളമാകും? നോക്കുക: സ്വയസഹതാപവും ഊന്നി നില്‍ക്കുന്നതു സ്വയത്തിലാണ്. നിഗളം സ്വയത്തിന്റെ ഏറ്റവും മുകളിലത്തെ കൊടുമുടിയാണെങ്കില്‍ സ്വയസഹതാപം അതിന്റെ ഏറ്റവും താഴത്തെ അഗ്രമാണെന്നേയുള്ളൂ. രണ്ടും അടിസ്ഥാനപ്പെട്ടിരിക്കുന്നതു സ്വയത്തില്‍ തന്നെ.

വാക്കുകളില്‍ ഒരു ‘അയ്യോ പാവം’ നിഴലിടുന്നതുകൊണ്ട് സ്വയസഹതാപം എളിമയുള്ള നിലപാടാണെന്നു നമുക്കു തോന്നാം. എന്നാല്‍ ഇതും നമ്മെ ദൈവത്തിന്റെ ശത്രുവാക്കുന്ന നിഗളത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുക.

അസംതൃപ്തി, പരാതി, സ്വയന്യായീകരണം:

ദൈവം നമ്മുടെ സാമ്പത്തിക, സാമൂഹിക നിലകള്‍ക്ക്ചുറ്റും ഒരു അതിര്‍ വച്ചിട്ടുണ്ടെന്നും നമ്മുടെ ജീവിതത്തിനു ചുറ്റും ഒരു വൃത്തം വരച്ചിട്ടുണ്ടെന്നും പൗലൊസ് പറയുന്നു. അതിനുള്ളില്‍ ദൈവത്തെ കണ്ടെത്തി നാം തൃപ്തരായി നില്‍ക്കുകയാണു വേണ്ടത് (പ്രവൃത്തി. 17:26,27). എന്നാല്‍ ദൈവം തന്റെ സര്‍വജ്ഞതയില്‍ നമുക്കു തന്ന ജീവിതത്തില്‍ തൃപ്തിയില്ലാതെ പരാതിപ്പെടുകയും പിറുപിറുക്കുകയും അതിര്‍ലംഘിക്കുകയും അതിരുകടന്നതിനെ സ്വയം നീതീകരിക്കുകയും എല്ലാം ചെയ്യുന്നതു നിഗളത്തിന്റെ തന്നെ വിവിധഭാവങ്ങളാണ്. ‘ഞാന്‍ ഒരു വലിയ ഞാനാണെന്നും ഞാന്‍ ദൈവം വച്ച ഈ പരിധിക്കുള്ളില്‍ നില്‌ക്കേണ്ടവനല്ലെന്നും’ ഉള്ള നിഗളംതന്നെയാണു പരാതിയായുംഅ നുസരണക്കേടായും സ്വയന്യായീകരണമായും നാം പ്രകടിപ്പിക്കുന്നത്.

നിഗളിയായ ശൗലിന്റെ ജീവിതത്തില്‍ നിന്ന് ഇതിന് ഉദാഹരണമായി പല സംഭവങ്ങള്‍ എടുത്തു കാട്ടുവാന്‍ കഴിയും. ദൈവം വച്ച അതിരു ലംഘിച്ചതും തുടര്‍ന്ന് അതിനെ ന്യായീകരിച്ചതുമായ ഒരു സംഭവം കാണുക (1 ശമുവേല്‍ 13:9-12 വായിക്കുക).

നമ്മുടെ ജീവിതത്തിലെ പരാതിയും പിറുപിറുപ്പും സ്വയന്യായീകരണവും നിഗളത്തിന്റെ തന്നെ പ്രകടനമാണെന്നു നാം തിരിച്ചറിയുമോ?

വിഷാദം, നിരാശ, മരണവാഞ്ഛ:

ശൗലിന്റെ ജീവിതത്തിന്റെ അവസാനരംഗത്ത് ഈ കാര്യങ്ങളെല്ലാം തന്നെ പിടികൂടുന്നതു നമുക്കു കാണാം (1 ശമു. 28:20-25; 31:1-5).

പലപ്പോഴും വിഷാദവും നിരാശയും ആത്മഹത്യാപ്രവണതയുമൊക്കെ ഉള്ളവരോടു നമുക്കു സഹതാപമാണു തോന്നുക. ഇതു നിഗളത്തിന്റെ തന്നെ ഭാവമാണെന്നു സ്വാഭാവികമായി നാം ചിന്തിക്കാറില്ല. പക്ഷേ ആഴത്തില്‍ പഠിച്ചാല്‍ നിരാശയും വിഷാദവും ‘മരിച്ചാല്‍ മതി’ എന്ന ചിന്തയും എന്തിനെയാണു കാണിക്കുന്നത്? അവര്‍ക്ക് അവരെക്കുറിച്ചു തന്നെ ചില മതിപ്പും അതു നല്‍കിയ ചില അതിരുകടന്ന പ്രതീക്ഷകളും ചില അഭിമാനബോധങ്ങളും ഉണ്ടായിരുന്നു. അതിന് ഓര്‍ക്കാപ്പുറത്ത് ഉടവുതട്ടുമ്പോള്‍ നിരാശയായി, വിഷാദമായി, മരണവാഞ്ഛയായി. വാസ്തവത്തില്‍ ഇതു നിഗളമല്ലെങ്കില്‍ മറ്റെന്താണ്?. ഏലിയാവിന്റെയും (1 രാജാക്കന്മാര്‍ 19:1-4) യോനയുടെയും (യോന 4-ാം അദ്ധ്യായം) അനുഭവങ്ങളും നിരാശയും വിഷാദവും മരണവാഞ്ഛയും നിഗളത്തിന്റെ തന്നെ വേഷപ്പകര്‍ച്ചകളാണെന്നു വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍ നിഗളമെന്നാല്‍ എപ്പോഴും ധാര്‍ഷ്ട്യമുള്ള വാക്കുകളും അഹങ്കാരമുള്ള പ്രവൃത്തികളുമാകണമെന്നില്ല. അസൂയയും ഭയവും സ്വയസഹതാപവും അസംതൃപ്തിയും പരാതിയും സ്വയന്യായീകരണവും വിഷാദവും നിരാശയും മരണാഭിമുഖ്യവും എല്ലാം നിഗളത്തിന്റെ തന്നെ പ്രകടനങ്ങളാകാം. അതുകൊണ്ട് നിഗളത്തിന്റെ ഇത്തരം വേഷപ്പകര്‍ച്ചകളെ തിരിച്ചറിഞ്ഞ് നമുക്കു ജാഗ്രത പാലിക്കാം. കാരണം ‘ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു.’

മറുവശത്ത് നമുക്ക് എപ്പോഴും താഴ്മയില്‍ നില്ക്കാം. കാരണം ‘താഴ്മയുള്ളവര്‍ക്കു ദൈവം കൃപ നല്‍കുന്നു.’

ഉവ്വ്, ‘താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ട് അലങ്കരിക്കും’ (സങ്കീ.149:4). ആമേന്‍!


അധ്യായം 12 :
ആത്മവഞ്ചനയുടെ അടരുകള്‍

‘ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്. അത് ആരാഞ്ഞറിയുന്നവന്‍ ആര്‍’? (യിരെ. 17:9). ഈ ഹൃദയവുമായി ബന്ധപ്പെട്ട കാര്യമാണ് ആത്മവഞ്ചന.

ഒരുവന്‍ മറ്റുള്ളവരെ വഞ്ചിക്കുന്നതു മനസ്സിലാകും; എന്നാല്‍ ഒരുവന്‍ തന്നെത്തന്നെ വഞ്ചിക്കുമോ? ഉവ്വ്, അതു സാധ്യമാണ്. ഹൃദയം മറ്റ് എല്ലാറ്റിനെക്കാളും ഏറെ വഞ്ചനാത്മകം (More deceitful than all else) ആയതിനാലാണ് ഇതു സംഭവിക്കുന്നത്?

എങ്കില്‍ ആത്മവഞ്ചന (self deception) എന്നാല്‍ എന്താണ്? തങ്ങളെ സംബന്ധിച്ച ഒരു ഭോഷ്‌ക്കിനെ സത്യമെന്നു വിശ്വസിക്കുന്നതാണു (believe what is false) വാസ്തവത്തില്‍ ആത്മ വഞ്ചന (2 തെസ്സ. 2:12).

ഈ നിര്‍വചനത്തെ നമുക്കു കുറച്ചു കൂടി അടുത്തു നിന്ന് നോക്കിക്കാണാം: ഭോഷ്‌ക്ക് എന്നാല്‍ ഒരു തെറ്റു ചെയ്തിട്ട്, താനങ്ങനെ ചെയ്തില്ല എന്നു പറയുന്നതാണ്. എന്നാല്‍ അങ്ങനെ പുറമെ പറയുമ്പോഴും തെറ്റു ചെയ്തവന് ഉള്ളിന്റെ ഉള്ളില്‍ അറിയാം താന്‍ പറയുന്നതു ശരിയല്ല താന്‍ തെറ്റു ചെയ്തു എന്ന്. ഈ അഭിനയമാണ്, കാപട്യമാണ് ഭോഷ്‌ക്ക്. എന്നാല്‍ ഒരു പടി കൂടി കടന്ന് ഈ ഭോഷ്‌ക്ക് ഭോഷ്‌ക്കല്ല അതു സത്യമെന്നു ഹൃദയപൂര്‍വ്വം വിശ്വസിച്ചാല്‍ അതാണ് ആത്മ വഞ്ചന. ഒരു പാപം ചെയ്തശേഷം അതിനെ ന്യായീകരിക്കുന്ന, ഭോഷ്‌ക്കില്‍ അഭിരമിക്കുന്നവന്‍, പുറമേ വളരെ ബലവാനായി തോന്നുമെങ്കിലും ഉള്ളില്‍ അവന്‍ ദുര്‍ബലനാണ്. കാരണം ഹൃദയത്തില്‍ അവനറിയാം താന്‍ തെറ്റാണു ചെയ്തത്, താന്‍ അതിനെ ന്യായീകരിച്ചു കള്ളമാണു പറഞ്ഞത് എന്ന്. അതുകൊണ്ട് അവന്‍ അകമേ ഒരു അരക്ഷിതബോധം അനുഭവിക്കുന്നു. ഉള്ളില്‍ അവന്‍ ബലഹീനനാണ്. അതുകൊണ്ടു തന്നെ ഈ കാര്യത്തെ അഭിസംബോധന ചെയ്ത് അവനെ നമുക്ക് അനുതാപത്തിലേക്കു കൊണ്ടു വരാനും കഴിയും. എന്നാല്‍ ആത്മവഞ്ചനയില്‍ അഭിരമിക്കുന്നവന്‍ താന്‍ പാപം ചെയ്തിരിക്കെ ചെയ്തില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുകൊണ്ട് അവന്‍ പുറമേയും ഉള്ളിലും ശക്തനായിരിക്കും. താന്‍ ഒരു തെറ്റും ചെയ്തില്ല, താന്‍ ചെയ്തതു ശരിയാണ് എന്ന് അവന്‍ ആത്മാര്‍ഥമായും വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അവനെ അനുതാപത്തിലേക്കു കൊണ്ടു വരുവാന്‍, ആത്മവഞ്ചനയില്‍ നിന്നു രക്ഷിക്കുവാന്‍, താരതമ്യേന പ്രയാസമായിരിക്കും.

ആത്മവഞ്ചന എന്നാല്‍ എന്ത്? അതില്‍ അകപ്പെടാനുള്ള കാരണമെന്ത്? അതില്‍നിന്നു രക്ഷപ്പെടാന്‍ താരതമ്യേന പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട് എന്നീ മൂന്നു ചോദ്യങ്ങളുടെയും ഉത്തരം അപ്പോസ്തലനായ പൗലൊസ് നല്‍കുന്നത് ഇങ്ങനെയാണ്: ”അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിനു ദൈവം അവര്‍ക്കു ഭോഷ്‌ക്കു വിശ്വസിക്കുമാറു വ്യജത്തിന്റെ വ്യാപാര ശക്തി അയയ്ക്കുന്നു” (2 തെസ. 2:10-12).

ഈ വാക്യങ്ങളെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം. ‘നമ്മെ സംബന്ധിക്കുന്ന സത്യം എത്ര കയ്പുള്ളതാണെങ്കിലും നാം അതു ശരിയാണെന്നു താഴ്മയോടെ സ്വീകരിക്കണം. നമ്മെ സംബന്ധിക്കുന്ന സത്യത്തെ (അതിന്റെ മുഖം എത്ര വികൃതമാണെങ്കിലും) നാം എളിമയോടെ സ്വീകരിച്ചില്ലെങ്കില്‍ നാം ക്രമേണ ഒരു ഭോഷ്‌ക്ക് സത്യമാണെന്നു വിശ്വസിച്ച് ആത്മവഞ്ചനയില്‍ അകപ്പെട്ടു പോകും. അതില്‍ നിന്നു പിന്നെ രക്ഷപ്പെടാന്‍ ഒക്കാതെ വണ്ണം ഒരു വ്യാജത്തിന്റെ വ്യാപാര ശക്തിക്കു നാം കീഴ്‌പ്പെടും. തുടര്‍ന്ന് അനിവാര്യമായ ന്യായവിധി നമ്മെ കാത്തിരിക്കുന്നു.”

പത്രൊസിന്റെ ജീവിതത്തിലെ ഒരനുഭവം ഇതിനു നല്ല ഉദാഹരണമാണ്. പത്രൊസ് കര്‍ത്താവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവന്‍ മാത്രമായിരുന്നില്ല; യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊപ്പം അകത്തെ വൃത്തത്തിലെ മൂവരില്‍ ഒരുവനുമായിരുന്നു. മത്തായി, ശിഷ്യന്മാരുടെ പട്ടിക നിരത്തുമ്പോള്‍ ‘പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാണിത്: ഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍’ (10:2) എന്നു പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. യേശു അവനെ പരസ്യമായി ‘ഭാഗ്യവാന്‍’ എന്നു പുകഴ്ത്താനും മടിച്ചിട്ടില്ല (മത്തായി 16:17,18). ഈ അംഗീകാരങ്ങളൊക്കെ പാവം പത്രൊസിന്റെ തലയ്ക്കു പിടിച്ചതു പോലെ സുവിശേഷങ്ങള്‍ ശ്രദ്ധിച്ചു വായിക്കുമ്പോള്‍ നമുക്കു തോന്നും. ഒരു രംഗം നോക്കുക: ‘പത്രൊസ് അവനോട്: ഇതാ ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞു തുടങ്ങി’ (മര്‍ക്കൊ. 10:28). യഥാര്‍ത്ഥത്തില്‍ അവന്‍ ഉള്ളില്‍ നിന്നു സകലവും വിട്ടിരുന്നോ? എങ്കില്‍ പിന്നീട് ഒരു തിരിച്ചടി ഉണ്ടായപ്പോള്‍ വിട്ട മീന്‍വലയും പടകും തിരിച്ചെടുക്കുവാന്‍ ആദ്യം മുന്നിട്ടിറങ്ങുമായിരുന്നോ (യോഹ. 21:3)? മറ്റൊരു രംഗം: പത്രൊസ് അവനോട് എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു’ (മര്‍ക്കൊ. 14:29). ‘നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു’ (14:31) ‘ഞാന്‍ എന്റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും’ എന്നു പറഞ്ഞു (യോഹ 13:37). ഈ വാക്കുകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് എന്താണ്? പത്രൊസ് സ്വയം കരുതിയത് താന്‍ സകലവും വിട്ട് കര്‍ത്താവിനെ അനുഗമിച്ച ഒരു ത്യാഗധനനാണെന്നും മറ്റാളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരെക്കാളെല്ലാം പൂര്‍ണ മനസ്‌ക്കനാണെന്നും മരിക്കാന്‍ പേടിയില്ലെന്നും കര്‍ത്താവിനു വേണ്ടി ജീവന്‍ വച്ചുകളയാന്‍ മടിയില്ലാത്തവനാണെന്നും എല്ലാമാണ്. പക്ഷേ അത് അവനെ സംബന്ധിച്ച സത്യമായിരുന്നില്ല. ‘ഈ രാത്രിയില്‍ തന്നെ കോഴി രണ്ടുവട്ടം കൂകും മുമ്പെ മൂന്നുവട്ടം തള്ളിപ്പറയത്തക്കവണ്ണം’ ഒത്തുതീര്‍പ്പുകാരനും ഭീരുവുമാണ് പത്രൊസ് എന്ന് അവനെക്കുറിച്ചുള്ള സത്യം യേശു തുറന്നു പറഞ്ഞ് അവനെ യാഥാര്‍ഥ്യബോധത്തിലേക്ക് ഉണര്‍ത്താന്‍ ശ്രമിക്കുന്നു (മര്‍ക്കൊ 14:30). പക്ഷേ അവന്‍ തന്നെക്കുറിച്ചു തന്നെയുള്ള ആ സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളാന്‍ തയ്യാറാകുന്നില്ല. പകരം ‘മരിക്കേണ്ടി വന്നാലും തള്ളിപ്പറകയില്ല’ (14:31) എന്ന ഭോഷ്‌ക്കിനെ സത്യമെന്നു വിശ്വസിച്ച് അതില്‍ തന്നെ വീണ്ടും ഉറച്ചു നില്ക്കുകയാണ്. ഈ ആത്മ വഞ്ചനയില്‍ അഭിരമിക്കുന്നതുകൊണ്ട് അവനു തുടര്‍ന്നു വ്യാജത്തിന്റെ വ്യാപാര ശക്തിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാതെ പോകുന്നു. ഫലം യേശുവിനെ തള്ളിപ്പറയുക എന്ന അനിവാര്യമായ ദുരന്തത്തിലേക്ക് അവന്‍ കൂപ്പ് കുത്തുന്നു! (മര്‍ക്കൊ. 14:66-71).

കര്‍ത്താവിനോട് അടുത്തുനിന്ന പത്രൊസ് പോലും ആത്മ വഞ്ചനയുടെ ആഴങ്ങളില്‍ പതിച്ചെങ്കില്‍ നാം ഇക്കാര്യത്തില്‍ എത്ര ജാഗ്രതയുള്ളവരായിരിക്കണം! പ്രത്യേകിച്ചും ക്രിസ്തീയ ശുശ്രൂഷയില്‍ നില്ക്കുന്നവര്‍, ദൈവം ചില കഴിവുകള്‍ നല്‍കിയിട്ടുള്ളവര്‍, ചിലരെ സഹായിപ്പാന്‍ ദൈവം ഉപയോഗിച്ചിട്ടുള്ളവര്‍ തുടങ്ങിയവരെല്ലാം വളരെ ജാഗ്രതയോടെ തങ്ങളുടെ ഹൃദയങ്ങളെ കാത്തുകൊണ്ടില്ലെങ്കില്‍ വഞ്ചിക്കപ്പെടാം. തങ്ങളെ സംബന്ധിച്ച സത്യം അങ്ങനല്ലാതായിരിക്കെ, തങ്ങള്‍ പൂര്‍ണമനസ്‌ക്കരായ ദൈവശുശ്രൂഷകരാണെന്നും ഈ കാലഘട്ടത്തില്‍ ദൈവം ഒരു പ്രത്യേക ശുശ്രൂഷയ്ക്കായി തിരഞ്ഞടുത്ത ആളാണെന്നും ദൈവത്തിന്റെ പ്രത്യേക അഭിഷിക്തനാണെന്നും എല്ലാമുള്ള ആത്മവഞ്ചനയില്‍ കുടുങ്ങി ഒടുവില്‍ നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാം (1തിമൊ. 3:6). ശുശ്രൂഷാരംഗത്തു ദൈവം തങ്ങള്‍ക്കു തന്നിട്ടില്ലാത്തതും മറ്റു ചിലര്‍ക്കു നല്‍കിയിട്ടുള്ളതുമായ ചില കാര്യങ്ങളെ രഹസ്യത്തില്‍ ഉള്ളില്‍ അഭിനന്ദിക്കുന്നിടത്താണ് അതിന്റെ തുടക്കം. തുടര്‍ന്ന് അതിനായി രഹസ്യമായി വാഞ്ഛിക്കുകയും ഒടുവില്‍ തനിക്കും അതുണ്ടെന്നു തെറ്റിദ്ധരിച്ച് സ്വയവഞ്ചനയില്‍ കുടുങ്ങുകയും ചെയ്യുന്നു. യിരെമ്യാവ് തന്റെ വാമൊഴികളുടെ എഴുത്തുകാരനായിരുന്ന ബാരുക്കിനോടു പറയുന്നതു ശ്രദ്ധിക്കുക: ‘എന്നാല്‍ നീ നിനക്കായി വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്’ (45:5). യിരെമ്യാവിന്റെ വലിയ പ്രവചനങ്ങളെല്ലാം രേഖപ്പെടുത്തുന്നതു നേര്യാവിന്റെ മകനായ ബാരൂക്കായിരുന്നു. മഹാനായ പ്രവാചകനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ കൊച്ചു ബാരൂക്കിനും ഇപ്പോള്‍ ഒരു ബഹുമാനവും ‘പ്രതിഫലിച്ചു കിട്ടുന്ന ഒരു തേജസ്സും’ (reflected glory) ലഭിക്കുന്നുണ്ട്. ഈ വെള്ളിവെളിച്ചത്തില്‍ നില്ക്കുമ്പോള്‍ ബാരൂക്ക് താനും യിരെമ്യാവിനെപ്പോലെ ഒരു വലിയ ദൈവപുരുഷനാണെന്ന ആത്മവഞ്ചനയില്‍ കുടുങ്ങിപ്പോകാനുള്ള സാദ്ധ്യത കണ്ടതുകൊണ്ടാകാം പ്രവാചകന്‍ അവനെ സുബോധത്തിലേക്കു കുലുക്കി ഉണര്‍ത്തുന്നു- ‘നീ നിനക്കായി വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? അരുത്.’

സുബോധം – ക്രിസ്തീയ ജീവിതത്തില്‍ മുന്നോട്ടു പോകുമ്പോള്‍ പിശാചിന്റെ വഞ്ചനയില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ഏറ്റവും ആവശ്യമുള്ള കാര്യമാണത്! തീത്തൊസിനു ലേഖനം എഴുതുമ്പോള്‍ പൗലൊസ് സഭയിലെ വൃദ്ധന്മാര്‍ (2:2), ഭാര്യമാര്‍ (2:5), യൗവനക്കാര്‍ (2:6) എന്നിവരെയെല്ലാം സുബോധമുള്ളവരായിരിക്കുവാന്‍ പ്രത്യേകം പ്രബോധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ‘സകല മനുഷ്യര്‍ക്കായും ഉദിച്ച ദൈവകൃപ എല്ലാവരെയും സുബോധത്തോടെ ജീവിക്കേണ്ടതിനു ശിക്ഷിച്ചു വളര്‍ത്തുന്നു’ എന്നും പൗലൊസ് ചൂണ്ടികാട്ടുന്നു (2:11-13).

‘സുബോധത്തോടെയുള്ള ജീവിതത്തിന്’ എന്തുകൊണ്ടാണിത്രയും പ്രാധാന്യം? നമ്മള്‍ ആരാണ്, എന്താണ്, നമ്മുടെ സ്ഥാനം എവിടെയാണ്, ദൈവം നമുക്കു ചുറ്റും വരച്ചിരിക്കുന്ന വൃത്തത്തിന്റെ വലുപ്പം എന്താണ് എന്നെല്ലാം മനസ്സിലാക്കി നമ്മെക്കുറിച്ചു തന്നെ എളിയ ചിന്തകളിലായിരിക്കുന്നതാണു വാസ്തവത്തില്‍ സുബോധം. ഈ സുബോധം തന്നെയാണു യഥാര്‍ത്ഥത്തില്‍ താഴ്മയും. നമ്മെക്കുറിച്ചു തന്നെയുള്ള സത്യംകണ്ട് ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ അവനവനെക്കുറിച്ചു സുബോധമുള്ള ചിന്തയില്‍ ആയിരുന്നാല്‍ താഴ്മയായി. താഴ്മയുണ്ടെങ്കില്‍ ആത്മവഞ്ചനയില്‍ നിന്ന്, ചതിയില്‍ നിന്ന്, നമുക്കു രക്ഷനേടാന്‍ കഴിയും. കാരണം ‘ഒരുവന്റെ ഹൃദയത്തിന്റെ അഹങ്കാരമാണ് അവനെ ചതിക്കുന്നതെന്നു’ ദൈവവചനം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വണ്ണം വ്യക്തമാക്കുന്നു (ഓബദ്യാവ് 3, ഹബക്കുക്ക് 2:4). ഹൃദയത്തില്‍ അവനവനെക്കുറിച്ച് ഉയരുന്ന ഉന്നതചിന്ത, തന്നെക്കുറിച്ചു സത്യമല്ലാത്ത ഒരു ഭോഷ്‌ക്ക് സത്യമാണെന്നു ചിന്തിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കും. നിഗളമാണ് ആത്മ വഞ്ചനയിലേക്കു നയിക്കുന്നുതെന്നു സാരം. അതുകൊണ്ട് ശാലോമോന്‍ പറയുന്നു: ‘നിനക്കുതന്നെ നീ ജ്ഞാനിയായി തോന്നരുത്’ (സദൃശവാക്യം 3:7). കാരണം ‘ഒരുവന്‍ തന്റെ മനസ്സില്‍ കണക്കു കൂട്ടുന്നതുപോലെ ആകുന്നു’ (23:7). നോക്കുക: മനസ്സും ചിന്തകളും കണക്കു കൂട്ടലുകളുമെല്ലാം ഒരു ഭോഷ്‌ക്ക് സത്യമെന്നു വിശ്വസിക്കുന്ന ആത്മവഞ്ചനയില്‍ നമ്മെ കൊണ്ടുവന്ന് എത്തിക്കാം. ഇതറിയാവുന്നതുകൊണ്ടു സദൃശ വാക്യകാരന്‍ നമ്മെ പ്രബോധിപ്പിക്കുന്നു: ”സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക. ജീവന്റെ ഉത്ഭവം അതില്‍ നിന്നല്ലോ ആകുന്നത് ”(4:23). ഹൃദയത്തിന്റെ കാപട്യവും വഞ്ചനാത്മകമായ സ്വഭാവവും അറിയാവുന്ന ദാവീദ് പ്രാര്‍ത്ഥിക്കുന്നു: ‘ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയേണമേ. എന്നെ പരീക്ഷിച്ച് എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിനുള്ള മാര്‍ഗം എന്നില്‍ ഉണ്ടോ എന്നു നോക്കി ശാശ്വത മാര്‍ഗത്തില്‍ എന്നെ നടത്തേണമേ’ (സങ്കീ. 139:23,24). ഹൃദയത്തെ ജാഗ്രതയോടെ കാക്കേണ്ടതിന്റെ ആവശ്യകതയിലേക്കു യേശുവും വിരല്‍ ചൂണ്ടിയിട്ടുണ്ടല്ലോ. (മത്തായി 15:18-20 കാണുക). ചുരുക്കത്തില്‍ ഹൃദയത്തെ താഴ്മയില്‍, നമ്മെക്കുറിച്ചുതന്നെയുള്ള എളിയ ചിന്തകളില്‍, സൂക്ഷിക്കുക. അപ്പോള്‍ ആത്മവഞ്ചനയുടെ ചതിക്കുഴികള്‍ ഒഴിവാക്കാന്‍ കഴിയും.

ദൈവത്തില്‍ നിന്നുള്ള വെളിച്ചവും ആത്മവഞ്ചനയില്‍ നിന്നു നമ്മെ രക്ഷിക്കും. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു: ‘നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു’ (36:9). ഉവ്വ്, സ്വന്തവെളിച്ചമല്ല ദൈവത്തില്‍ നിന്നു തന്നെയുള്ള വെളിച്ചമാണു നമ്മെ സ്വയവഞ്ചനയില്‍ നിന്നു വിടുവിക്കുന്നത്. അതുപോലെ ഇരുണ്ട സ്ഥലത്തു വിളക്കുപോലെ ദൈവവചനത്തെ ഹൃദയങ്ങളില്‍ നാം കരുതിക്കൊണ്ടാല്‍ (2 പത്രൊ. 1:19) അതു നമ്മുടെ ‘കാലിനു ദീപവും പാതയ്ക്കു പ്രകാശവും ആയിത്തീരും’ (സങ്കീ. 119:105). ഈ വെളിച്ചത്തിലാണു നാം നമ്മെത്തന്നെ നിരന്തരം വിധിക്കേണ്ടത്.

പരിശുദ്ധാത്മാവും വഞ്ചനയ്‌ക്കെതിരെ ഏറെ ജാഗ്രത കാട്ടുമല്ലോ (പ്രവൃത്തി 5:3 – 5 കാണുക). പരിശുദ്ധാത്മാവിനെ സത്യത്തിന്റെ ആത്മാവെന്നും (യോഹന്നാന്‍ 14:16,26, 16:13) സുബോധത്തിന്റെ ആത്മാവെന്നും (2 തിമൊ. 1:7) വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. പരിശുദ്ധാത്മാവിനോടുള്ള സ്പര്‍ശ്യതയും നമ്മെ ആത്മവഞ്ചനയില്‍ നിന്നു രക്ഷിക്കും (യോഹ 16:8).

ദൈവപ്രസാദത്തിനായുള്ള അതീവ വാഞ്ഛയും സ്വയവഞ്ചനയെ പ്രതിരോധിക്കും. നമ്മുടെ ജീവിതം ദൈവത്തിനു പ്രസാദകരമാകണം, നമ്മുടെ ജീവിതത്തിലൂടെ ദൈവനാമം മഹിമപ്പെടണം എന്ന ഉല്‍ക്കടമായ ആഗ്രഹവും അതിനെ തടയുന്ന സ്വമേധാ പാപങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയും ആത്മവഞ്ചനയുടെ കയങ്ങളില്‍ നിന്നു നമ്മെ വിടുവിക്കും. ദാവീദിന്റെ പ്രാര്‍ത്ഥന ഇവിടെ പ്രസക്തമാണ്: ”സ്വമേധാപാപങ്ങളെ (Presumptuous sins) അകറ്റി അടിയനെ കാക്കേണമേ, അവ എന്റെമേല്‍ വാഴരുതേ… എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാര നുമായ യഹോവേ എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ” (സങ്കീ 19:13-14).

ആത്മവഞ്ചനയില്‍ വീഴാതെ നമ്മെ സൂക്ഷിക്കുവാന്‍ ദൈവം നമുക്കു തന്നിട്ടുള്ള ഈ ഉതവികള്‍ക്കായി നമുക്കു നന്ദിയുള്ളവരായിരിക്കാം. അതേസമയം തന്നെ, ഇവയെ ഗൗരവമായി എടുക്കാത്തതിനാല്‍ അഥവാ ഇത്തരം ഒരു ചതിക്കുഴിയില്‍ നാം വീണുപോയാലോ? നാം നേരത്തെ ചിന്തിച്ച പത്രൊസിന്റെ തുടര്‍ന്നുള്ള അനുഭവങ്ങള്‍ ഇതേപ്പറ്റി വലിയ പ്രത്യാശയാണു നമുക്കു നല്‍കുന്നത്. പത്രൊസിനെ ദൈവം തന്റെ മഹാകരുണയാല്‍ ആത്മവഞ്ചനയില്‍ നിന്നും കരകയറ്റി. അപ്പോള്‍ പത്രൊസ് കൂടുതല്‍ എളിമയും സുതാര്യതയുള്ളവനും സ്വയബലം നഷ്ടപ്പെട്ടു ദൈവത്തില്‍ കൂടുതല്‍ ആശ്രയമുള്ളവനുമായാണു നില്ക്കുന്നത്.

നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നാലു സുവിശേഷങ്ങളില്‍ ആദ്യം രചിച്ചതു മര്‍ക്കൊസിന്റെ സുവിശേഷമാണ്. മര്‍ക്കൊസ് അതിനുവേണ്ട വിവരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിട്ടുള്ളതു പത്രൊസിനെയാണെന്നു പാരമ്പര്യം. മര്‍ക്കൊസിന്റെ സുവിശേഷത്തെ ഉപജീവിച്ചാണു മറ്റു സുവിശേഷങ്ങള്‍ പിന്നീട് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ മര്‍ക്കൊസിനു വിവരങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ പത്രൊസ്, തന്നെ തെറ്റായ വെളിച്ചത്തില്‍ നിര്‍ത്തുന്ന തന്റെ വീഴ്ചയുടെ ഈ കഥ തമസ്‌കരിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു സുവിശേഷത്തിലും അതു പ്രത്യക്ഷപ്പെടുമായിരുന്നില്ല. എന്നാല്‍ വീഴ്ചയില്‍ നിന്നു ദൈവം യഥാസ്ഥാനപ്പെടുത്തിയ പത്രൊസ് കൂടുതല്‍ സുതാര്യതയും എളിമയും ഉള്ളവനായിരുന്നു. അവന്‍ തന്റെ വീഴ്ചയുടെ കഥ ഒട്ടും മറച്ചുവച്ചില്ല. ഫലം, അതു നമുക്ക് എത്ര വലിയ ഉത്സാഹമാണ് ഇന്നു തരുന്നത്!

അതുപോലെ യോഹന്നാന്‍ 21-ാം അധ്യായത്തില്‍ ആത്മവഞ്ചനയുടെ ആഴങ്ങളില്‍ നിന്നു കരകയറിയ പത്രൊസിനോട് യേശു ”യോഹന്നാന്റെ മകനായ ശിമോനേ നിനക്ക് എന്നോടു പ്രിയമുണ്ടോ” എന്നു ചോദിക്കുന്ന രംഗം ശ്രദ്ധിക്കുക. പഴയ പത്രൊസാണെങ്കില്‍ എന്തായിരിക്കും മറുപടി പറയുക? ”പ്രിയമുണ്ടോ എന്നോ? മറ്റെല്ലാവരെക്കാളും എനിക്കു നിന്നോടു പ്രിയമുണ്ട്.” എന്നോ, ”നിനക്കു വേണ്ടി മരിക്കത്തക്കവണ്ണം, എന്റെ ജീവനെ നിനക്കു വേണ്ടി വച്ചുകളയത്തക്കവണ്ണം നിന്നോടു പ്രിയമുണ്ട്. സംശയമെന്താ?” എന്നോ ആയിരിക്കും ആ മറുപടി. എന്നാല്‍ ഇവിടെ പത്രൊസ് പറയുന്ന മറുപടി ഇങ്ങനെയാണ്. ”കര്‍ത്താവേ, നീ സകലവും അറിയുന്നു.”

എന്താ പത്രൊസ് അര്‍ത്ഥമാക്കിയത്? ”കര്‍ത്താവേ, സത്യത്തില്‍ എനിക്കു എന്റെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥ പോലും അറിയാന്‍ വയ്യ. കാരണം അത് അത്രത്തോളം വഞ്ചനാത്മകമാണ്. നീ സകലവും അറിയുന്നല്ലോ. ഞാന്‍ നിന്നില്‍ ശരണപ്പെടുന്നു. എനിക്ക് ഒരവകാശവാദവുമില്ല” എന്നല്ലേ?

സ്വയബലം തകര്‍ന്നുപോയ, ദൈവത്തിലല്ലാതെ എങ്ങും ഒരാശ്രയമില്ലാത്ത, പത്രൊസിനെയാണ് നാം ഇവിടെ കാണുന്നത്. പത്രൊസ് താന്‍ പഠിക്കേണ്ട പാഠം പഠിച്ചു കഴിഞ്ഞു!

ഇതുവരെ നാം പറഞ്ഞ കാര്യങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കാം: നമ്മെക്കുറിച്ചുള്ള ഒരു ഭോഷ്‌ക്കിനെ സത്യം എന്നു വിശ്വസിക്കുമ്പോള്‍ നാം ആത്മവഞ്ചനയിലാണ്. നിഗളത്തില്‍ നിന്നാണ് ആത്മവഞ്ചനയും ഉടലെടുക്കുന്നത്. ഇതു സംഭവിക്കാതിരിക്കാന്‍ എപ്പോഴും സുബോധത്തില്‍, നമ്മെക്കുറിച്ചു തന്നെയുള്ള എളിയ ചിന്തകളില്‍ നില്ക്കാം. ദൈവിക വെളിച്ചത്തില്‍ നമ്മെത്തന്നെ നിരന്തരം വിധിക്കാം. പരിശുദ്ധാത്മാവിനോടു സ്പര്‍ശ്യതയുള്ളവരായിരിക്കാം. സ്വമേധാ പാപങ്ങളെ അകറ്റി ദൈവപ്രസാദമുള്ള ഒരു ജീവിതത്തിനായി ഒരു നിലവിളി ഹൃദയത്തില്‍ സൂക്ഷിക്കാം. വീണുപോയാലും നമ്മെ തകര്‍ത്ത് സ്വയാശ്രയത്തില്‍ നിന്നു വിടുവിക്കുന്ന കര്‍ത്താവിന്റെ കരുണയില്‍ പ്രത്യാശ വയ്ക്കാം.

‘വീഴാതവണ്ണം നമ്മെ സൂക്ഷിച്ച് തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്… സര്‍വകാലത്തിനുശേഷം ഇപ്പോഴും സദാകാലത്തോളവും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.’


അധ്യായം 13 :
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ തന്നെത്താന്‍ താഴ്ത്തുന്നവന്‍


”ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുൡച്ചയ്യുന്നു. ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു. താഴ്മയുളളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു” (യെശ. 57:15).

ദൈവം താന്‍ പാര്‍ക്കുന്ന ഇടത്തെക്കുറിച്ചു വിശദീകരിക്കുകയാണ് ഈ വാക്യത്തില്‍. ഇവിടെ രണ്ടിടത്ത് ‘വസിക്കുന്നു’ എന്ന പദം കാണാം. ഒന്നാമതു ദൈവം ഉന്നതവും പരിശുദ്ധവുമായ സ്ഥലത്ത്, സ്വര്‍ഗ്ഗത്തില്‍, വസിക്കുന്നതായി പറയുന്നു. രണ്ടാമതു ദൈവം വസിക്കുന്ന ഇടമായി പറഞ്ഞിരിക്കുന്നതു താഴ്മയും മനോവിനയവുമുള്ളവരോടു കൂടെയാണ്. ഒരേ സമയം അവിടുന്നു രണ്ടിടത്തു വസിക്കുന്നു.

നാം കര്‍ത്താവിനായി സമര്‍പ്പിതരും താഴ്മയും മനോവിനയവും ഉള്ളവരുമെങ്കില്‍ ഉന്നതനും ശാശ്വതവാസിയും പരിശുദ്ധനുമായ ദൈവം നമ്മൊടൊപ്പം വസിക്കും. ഒപ്പം നാം ദൈവത്തോടൊപ്പവും വസിക്കും. ദൈവം നമ്മൊടൊപ്പം വസിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിലും വസിക്കുന്നതുകൊണ്ട് ഫലത്തില്‍ നാമും ഒരേ സമയം രണ്ടിടത്താണു വസിക്കുന്നത്-ഭൂമിയിലും സ്വര്‍ഗ്ഗത്തിലും. ‘കരുണാ സമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹം നിമിത്തം അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും… ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്പിച്ചു സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു’ (എഫെ.2:4-6) എന്നു പറഞ്ഞിരിക്കുന്നതും ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്.

കൊലോസ്യ ലേഖനത്തിലും ഇക്കാര്യം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: ”ആകയാല്‍ നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എങ്കില്‍ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിന്‍. നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോള്‍ നിങ്ങളും അവനോടുകൂടെ തേജസ്സില്‍ വെളിപ്പെടും” (3:1-4).

നാം മരിച്ചു. നമ്മുടെ ജീവന്‍ അവനില്‍. അവന്‍ പിതാവിന്റെ വലത്തുഭാഗത്തു സ്വര്‍ഗ്ഗത്തില്‍. നാമും അവനോടൊപ്പം. (നാം ഇന്നു ഭൂമിയിലായിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തില്‍). നാം ദൈവത്തെപ്പോലെ ഒരേ സമയത്തു സ്വര്‍ഗ്ഗത്തിലും ഭൂമിയിലും. അതുകൊണ്ട് കൊലോസ്യലേഖനത്തിലെ വാക്യങ്ങള്‍ നമുക്ക് ചില ഉത്തരവാദിത്തങ്ങളും തരുന്നുണ്ട്. 1. ഉയരത്തിലുള്ളത് അന്വേഷിക്കണം. 2. ഉയരത്തിലുള്ളതു ചിന്തിക്കണം.

ചുരുക്കത്തില്‍ ഉയരത്തിലുള്ളത് അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ട് നമ്മെ സ്വര്‍ഗ്ഗത്തില്‍ ഇരുത്തിയിരിക്കുന്നു എന്ന ബോധ്യത്തോടെ താഴ്മയോടെ നാം ഭൂമിയില്‍ ജീവിക്കുകയാണു വേണ്ടത്. എങ്കില്‍ ഇമ്മാനുവേലായ ദൈവം നമ്മോടുകൂടെയായിരിക്കും. അതേസമയം താഴ്മയും മനസ്താപവും കൈവിട്ടു നാം തന്നെത്താന്‍ ഉയര്‍ത്തിയാല്‍ ദൈവം നമ്മുടെ എതിര്‍പക്ഷത്തായി പോകും.

”തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും. തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.’- യേശു പറഞ്ഞ ഒരു വചനമാണ്. സുവിശേഷങ്ങളില്‍ മൂന്നു ഭാഗത്തു മൂന്നു സന്ദര്‍ഭങ്ങളില്‍ ഇതു പറഞ്ഞിട്ടുണ്ട്. ലൂക്കൊസ് 14:11; മത്തായി 23:12; ലൂക്കൊസ് 18:14 എന്നീ വാക്യങ്ങള്‍ കാണുക. ഇതില്‍ ലൂക്കൊസ് 14-ല്‍ യേശു ആദ്യം ഈ വചനം പറയുന്നതു ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴാണ്. ‘പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും’ കയ്യടക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണു യേശു രണ്ടാമത് ‘തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും’ എന്നു പറഞ്ഞത്. മൂന്നാമതു യേശു ഇതേ വചനം പറയുന്നതു ദൈവാലയത്തില്‍ പ്രകടമാകുന്ന രണ്ടു മനോഭാവങ്ങളെ പരീശന്റെയും ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകളോടു ചേര്‍ത്തു വിശദീകരിക്കുമ്പോഴാണ്. ഇതില്‍ ആദ്യ സന്ദര്‍ഭം ഭക്ഷണത്തിനായുള്ള, ശാരീരിക ആവശ്യവുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേതു സമൂഹത്തിലെ അംഗീകാരത്തിനായുള്ള നെട്ടോട്ടത്തെ കുറിക്കുന്നു. മൂന്നാമത്തേതു ദൈവാലയത്തില്‍ ആത്മീയതയുടെ രംഗത്തു നിഗളിച്ചുപോകാനുള്ള പ്രലോഭനമാണെന്നു വ്യക്തം.

ഈ മൂന്നു സന്ദര്‍ഭങ്ങളെ, യേശു തന്റെ പരസ്യശശ്രൂഷയുടെ തുടക്കത്തില്‍ അഭിമുഖീകരിച്ച മൂന്നു പരീക്ഷകളോട് താരതമ്യം ചെയ്തു ചിന്തിക്കാന്‍ കഴിയും. ലൂക്കൊസിന്റെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ യേശുവിന്റെ പരീക്ഷകളെ യഥാക്രമം കല്ല് അപ്പമാക്കി ഭക്ഷിക്കാനുള്ള പരീക്ഷ, ഉയര്‍ന്ന മലയില്‍ കൊണ്ടുപോയി സര്‍വലോക രാജ്യങ്ങളുടെയും അധികാരവും മഹത്വവും കാണിച്ചുകൊണ്ടുള്ള പരീക്ഷ, ദേവാലയത്തിന്റെ അഗ്രത്തില്‍ നിന്നു നിരപായം ചാടി ബഹുമാനം നേടുവാനുള്ള പരീക്ഷ എന്നീ ക്രമത്തിലാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ പരീക്ഷകളുടെ ആന്തരാര്‍ത്ഥമെന്ത്? യേശുവിന്റെ ഒന്നാമത്തെ പരീക്ഷ അപ്പത്തിനുവേണ്ടിയുള്ള, ന്യായമായ ആവശ്യത്തെ അന്യായമായ രീതിയില്‍ തൃപ്തിപ്പെടുത്താനുള്ള ജഡത്തിന്റെ പരീക്ഷയായിരുന്നു. ലോകരാജ്യങ്ങളെ കാണിച്ചശേഷം അധികാരത്തിനും നേട്ടത്തിനും സമൃദ്ധിക്കും വേണ്ടിയുള്ളതായിരുന്നു രണ്ടാമത്തെ പരീക്ഷ. മൂന്നാമത്തെ പരീക്ഷയാകട്ടെ ആത്മിക ലോകത്ത് പേരും പെരുമയും സമ്പാദിക്കുവാനായി ദൈവവചനത്തിന്റെ മറപിടിച്ച് ഒരു പ്രലോഭനം. യേശു ഈ മൂന്നു പരീക്ഷകളെയും ജയിച്ചു.

ഒന്നാമത്തെ ആദം പരാജയപ്പെട്ടുപോയിടത്താണ് ഒടുക്കത്തെ ആദമായ യേശു വിജയിച്ചതെന്നു നാം ഓര്‍ക്കണം. ആദമിന്റെ നേരെ വന്ന പരീക്ഷകളും ഈ മൂന്നെണ്ണമായിരുന്നു. ‘ആ വൃക്ഷഫലം തിന്മാന്‍ നല്ലതും (ജഡമോഹം), കാണ്മാന്‍ ഭംഗിയുള്ളതും (കണ്‍മോഹം) ജ്ഞാനം പ്രാപിക്കാന്‍ കാമ്യവും (ജീവിതത്തിന്റെ പ്രതാപം) എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു, ഭര്‍ത്താവിനും കൊടുത്തു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത് (ഉല്‍പ.3:6). ആദിമ മാതാപിതാക്കന്മാര്‍ ഈ പരീക്ഷകള്‍ക്കു മുന്‍പാകെ തോറ്റുപോയി.

തോല്‍ക്കാതെ ദുഷ്ടനെ ജയിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ പരീക്ഷകള്‍ക്കു പിന്നില്‍ പതിയിരിക്കുന്ന പ്രലോഭനങ്ങളെ അക്കമിട്ട് കൃത്യമായി ഇങ്ങനെ പറയുന്നു: ‘ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം’ – (1.യോഹ.2:16).

നാം ഇതുവരെ ചിന്തിച്ച കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. വലിയവനായ ദൈവം, തന്റെ മക്കള്‍ താഴ്മയും മനോവിനയവുമുള്ളവരാണെങ്കില്‍ മാത്രമേ തന്റെ മധുരോദാരമായ കൂട്ടായ്മകൊണ്ട് അവിടുന്ന് അവരെ ധന്യരാക്കുകയുള്ളു. പിശാചിന് ഇതറിയാവുന്നതുകൊണ്ട് താഴ്മ കൈവിട്ട് തന്നെത്താന്‍ ഉയര്‍ത്താന്‍ അവന്‍ അവരെ പ്രേരിപ്പിക്കുന്നു. ഇതിനായി അവന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ മൂന്നെണ്ണമാണ്-ജഡമോഹം, കാണ്മോഹം, ഈ ജീവിതത്തില്‍ നേടിയതിന്റെയും വെട്ടിപ്പിടിച്ചതിന്റെ പ്രതാപം എന്നിവയാണ്. ഇതില്‍ ജഡമോഹം ഈ ശരീരത്തിന്റെ ഉല്‍ക്കടമായ വാഞ്ഛയെക്കുറിക്കുന്നു. കണ്മോഹം കാഴ്ചയിലൂടെ ഉത്തേജിക്കപ്പെടുന്ന ദേഹിയുടെ താത്പര്യങ്ങളെ കാണിക്കുന്നു. ജീവനത്തിന്റെ പ്രതാപം വ്യര്‍ത്ഥമായ പ്രശംസയും പുകഴ്ചയുമാണ്. വാസ്തവത്തില്‍ താഴ്മയെന്നതു ദൈവം നമുക്കു ചുറ്റും വരച്ചിട്ടുള്ള നാലതിരുകള്‍ക്കുള്ളില്‍ തൃപ്തിയായിരിക്കുന്നതാണ്. ഇതിനുള്ളില്‍ നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള നിയമാനുസൃതമായ (legitimate) മാര്‍ഗ്ഗങ്ങള്‍ ദൈവം തന്നിട്ടുണ്ട്. ഈ പരിധി ലംഘിക്കുമ്പോഴാണു താഴ്മ നഷ്‌പ്പെടുന്നത്. പാപം സംഭവിക്കുന്നത്. ആദമിന് അതു സംഭവിച്ചു. ആദം തോറ്റ സ്ഥാനത്തു യേശു തന്റെ മൂന്നു പരീക്ഷകളിലും വിജയിച്ചു. മാത്രമല്ല, തന്റെ കാലഘട്ടത്തിലെ ഏറ്റവും മതഭക്തരായ ആളുകളായ പരീശന്മാര്‍ക്ക് ഈ മൂന്നു പരീക്ഷകളെക്കുറിച്ചു മൂന്നു സന്ദര്‍ഭങ്ങളിലായി അവിടുന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു-‘തന്നെത്താന്‍ ഉയര്‍ത്തുന്നവനെല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവനെല്ലാം ഉയര്‍ത്തപ്പെടും.”

ഈ മൂന്നു പരീക്ഷകളെയും ശാരീരിക ആവശ്യം, ഭൗതിക സമൃദ്ധി, ആത്മീയരംഗത്തുള്ള നിഗളം എന്നിങ്ങനെയും തരംതിരിക്കാം. ആദം ജഡമോഹം (തിന്മാന്‍ നല്ലത്), കണ്മോഹം (കാണ്മാന്‍ ഭംഗിയുള്ളത്) ദൈവത്തെപ്പോലെയാകുക (ജ്ഞാനം പ്രാപിപ്പാന്‍ കാമ്യം) എന്നീ മൂന്നു തലങ്ങളിലാണല്ലോ പരീക്ഷിക്കപ്പെട്ടത്. യേശുവിനും ഈ മൂന്നു രംഗങ്ങളിലായിരുന്നു പരീക്ഷകള്‍, എന്നാല്‍ ഒന്നും രണ്ടും പരീക്ഷകളെക്കാള്‍ കഠിനം മൂന്നാമത്തേതായിരുന്നു. ഒരു വാഗ്ദത്ത മശിഹായ്ക്കുവേണ്ടി കാത്തിരുന്ന യെഹൂദാ റബ്ബിമാരുടെ പരമ്പരാഗത വിശ്വാസം മശിഹാ ദേവാലയത്തിന്റെ അഗ്രത്തില്‍ പ്രത്യക്ഷനാകുമെന്നായിരുന്നു. തുടര്‍ന്ന് അവിടുന്നു താഴേക്കു ചാടി തന്റെ ശക്തിയും മഹത്വവും തെളിയിക്കുമെന്നും അവര്‍ വിശ്വസിച്ചു. ഈ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണു പിശാച് മൂന്നാമത്തെ പരീക്ഷ കൊണ്ടുവന്നത്. ശാരീരിക ആവശ്യത്തെ അന്യായമായ മാര്‍ഗ്ഗത്തിലൂടെ തൃപ്തിപ്പെടുത്തുക, സകലരാജ്യങ്ങളുടെമേലും അധികാരം എന്ന ഭൗതിക സമൃദ്ധിനേടുക എന്നീ ആദ്യപരീക്ഷകളെ തിരസ്‌ക്കരിച്ചതുപോലെ ദൈവാലയ പശ്ചാത്തലത്തിലുള്ള ആത്മീയരംഗത്തെ പരീക്ഷയെയും യേശു ജയിച്ചു. ഇതേപോലെ തന്നെയാണ് ‘തന്നെത്താന്‍ താഴ്ത്തുക’ എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട മൂന്നാമത്തെ പരീക്ഷയും. അവിടെയും ഒന്നും രണ്ടും പരീക്ഷകള്‍ ഭക്ഷണം, സമൃദ്ധിയും അംഗീകാരവും എന്നിവ ആയിരുന്നെങ്കില്‍ (ലൂക്കൊസ്. 14:11; മത്തായി 23:1-12) അവസാനത്തേതു ദൈവാലയവുമായി ബന്ധപ്പെട്ട ആത്മീയരംഗത്തെ പരീക്ഷയാണ് (ലൂക്കൊസ് 18:9-14). ഇന്നും പിശാച് ഈ വിധത്തിലാണു പ്രവര്‍ത്തിക്കുന്നത്. ശാരീരിക ആവശ്യങ്ങള്‍ ഭൗതിക സമൃദ്ധിയും അംഗീകാരവും എന്നീ രണ്ടു തലങ്ങളില്‍ ജയാളികളാകുന്നവരെയും ആത്മിക നിഗളത്തില്‍ വീഴ്ത്തിക്കളയാനാണു പിശാച് ആത്യന്തികമായി ശ്രമിക്കുന്നത്. നമുക്ക് ജാഗരൂകരാകാം. താഴ്മയില്‍ നില്ക്കാം

താഴ്മയില്‍ നില്ക്കുന്നതു നാം ഗൗരവമായി എടുക്കാന്‍ തയ്യാറാകുമെങ്കില്‍ ‘തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുമെന്നും തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടുമെന്നും’ യേശു പറഞ്ഞതിന്റെ പൊരുളും നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മെ താഴ്ത്തുന്ന ചില സാഹചര്യങ്ങള്‍ ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിച്ചേക്കാം. എന്നാല്‍ ചിലയിടങ്ങളില്‍ നാം തന്നെ നമ്മെ താഴ്‌ത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ഈ ലോകത്ത് ഇന്ന് ആളുകള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയും ന്യായം തങ്ങളുടെ ഭാഗത്താണെങ്കില്‍ അത് തെളിയിക്കാന്‍ ഏതറ്റം വരെ പോകുകയു ചെയ്യും. എന്നാല്‍ യേശുവിനെതിരെ തെറ്റായ ആരോപണങ്ങള്‍ വന്നപ്പോള്‍ അവിടുന്നു സ്വയം ന്യായീകരിക്കാനോ തെളിയിക്കാനോ പോയില്ല. ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിച്ച് തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നു (യെശ.53:7). അവനെ വിസ്തരിച്ച പീലാത്തോസ് പോലും അവന്റെ മൗനത്തില്‍ അത്ഭുതപ്പെട്ട് ‘നീ ഒരക്ഷരവും പറയുന്നില്ലെയോ’ എന്നു ചോദിച്ചു. അപ്പോഴും അവിടുന്നു മൗനം ഭജിച്ചു. ഇന്നു നാമും ‘രോമം കത്രിക്കുന്നവരുടെ മുന്‍പാകെ മിണ്ടാതെ വായെ തുറക്കാതിരുന്ന കുഞ്ഞാടിനെ’ യഥാര്‍ത്ഥത്തില്‍ അനുഗമിക്കുന്നവരാണെങ്കില്‍ ആളുകള്‍ നമ്മുടെ ന്യായം എടുത്തു കളഞ്ഞേക്കാം. നമ്മെ തെറ്റിദ്ധരിച്ചേക്കാം. ആ സന്ദര്‍ഭത്തില്‍ നമ്മെത്തന്നെ ന്യായീകരിക്കുവാനും തെളിയിക്കുവാനും (vindicate) ഉള്ള അദമ്യമായ ഒരാഗ്രഹം നമ്മുടെ ഹൃദയത്തില്‍ ഉയര്‍ന്നുവരുന്നതു നമുക്ക് അറിയാന്‍ കഴിയും. എന്നാല്‍ അവിടെ വിശദീകരിക്കുവാനോ സ്വയം ന്യായീകരിക്കുവാനോ ശ്രമിക്കാതെ നാം മിണ്ടാതിരിക്കുമ്പോള്‍ നാം നമ്മെത്തന്നെ താഴ്ത്തുകയാണ്.

ഇതിന്റെ മറുവശവും പ്രസക്തമാണ്. ചിലപ്പോള്‍ ആളുകള്‍ നമുക്ക് അര്‍ഹതയില്ലാത്ത തൂവലുകള്‍ നമ്മുടെ തൊപ്പിയില്‍ ചാര്‍ത്തി തന്നു എന്നു വന്നേക്കാം. നമ്മുടേതല്ലാത്ത നന്മയുടെ പേരില്‍ നമ്മെ പ്രശംസിച്ചെന്നു വരാം. നമുക്ക് ഉള്ളിന്റെ ഉള്ളില്‍ അറിയാം. ‘നാം ഇതര്‍ഹിക്കുന്നില്ല, ഇതു വാസ്തവത്തില്‍ നമുക്കു കിട്ടേണ്ട അംഗീകാരമല്ല’ എന്ന്. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ മൗനമായിരുന്ന് ആ അംഗീകാരങ്ങളൊക്കെ ഹൃദയംകൊണ്ട് ഏറ്റുവാങ്ങി സന്തുഷ്ടനായിരിക്കാന്‍ ഉള്ളില്‍ വലിയൊരു ആഗ്രഹം ഉയരുന്നതു സത്യസന്ധരാണെങ്കില്‍ നാം തിരിച്ചറിയും. ഈ സന്ദര്‍ഭത്തില്‍ നാം എന്താണു ചെയ്യേണ്ടത്? നാം നമ്മെത്തന്നെ താഴ്ത്തുക. ഇതിനു ഞാന്‍ അര്‍ഹനല്ലെന്നു തുറന്നു പറയുക. ബഹുമാനങ്ങളെ ഉളളില്‍ ഏറ്റെടുക്കാതെ ഹൃദയത്തിന്റെ വാതായനങ്ങള്‍ അതിനെതിരെ കൊട്ടിയടയ്ക്കുക.

ഉവ്വ്, നാം സത്യസന്ധതയോടെ കുഞ്ഞാടുപോയ വഴിയിലെല്ലാം അവനെ അനുഗമിക്കുമെങ്കില്‍ ഇങ്ങനെ നമ്മെത്തന്നെ താഴ്ത്തുവാനുള്ള പലപല സന്ദര്‍ഭങ്ങള്‍ പരിശുദ്ധാത്മാവു നമുക്കു കാട്ടിത്തരും.

ഒടുവിലായി, ‘തന്നെത്താന്‍ താഴ്ത്തിയാല്‍ ഉയര്‍ത്തപ്പെടും’ എന്നതിന്റെ പൊരുളെന്താണ്? ഈ ലോകത്തില്‍ നമ്മെ തെറ്റിദ്ധരിച്ചവരുടേയും നമ്മെ ചെറുതായി കണ്ടവരുടേയും എല്ലാം മുന്‍പാകെ അവസാനം ഭൗതികമായ ഒരു ഉയര്‍ച്ചയും അംഗീകാരവും ഉണ്ടാകുമെന്നാണോ ഇതിന്റെ അര്‍ത്ഥം? അല്ല. നാം ഈ ലോകത്ത് ഒരു പ്രതീക്ഷ വച്ചു പുലര്‍ത്തരുത്. കര്‍ത്താവിനെ നിരാകരിച്ച ലോകത്ത് ഒരംഗീകാരത്തിനായി കൊതിച്ചല്ല നാം നമ്മെത്തന്നെ താഴ്‌ത്തേണ്ടത്. മറിച്ച് നമുക്ക് ഉയര്‍ച്ചയുണ്ടാകുന്നതു നേരോടെ വിധിക്കുന്നവന്‍ പ്രതിഫലം വിഭജിക്കുന്ന നിത്യതയിലായിരിക്കും.

അതുകൊണ്ട് നാഥനു മുള്‍മുടി നല്‍കിയ ഈ ലോകത്ത് ഒരു ഉയര്‍ച്ച പ്രതീക്ഷിക്കാതെ ജീവപര്യന്തം നമ്മെത്തന്നെ താഴ്ത്തി ക്രൂശിന്റെ വഴിയിലൂടെ മുന്നേറാം. ഉവ്വ്, ‘തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം… അന്ന്… ഉയര്‍ത്തപ്പെടും.’ ആമേന്‍.


അധ്യായം 14 :
ദൈവസഭയെന്ന പുതിയ തുരുത്തി

”ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകര്‍ന്നു വയ്ക്കുമാറില്ല. വച്ചാല്‍ പുതിയ വീഞ്ഞു തുരുത്തിയെ പൊളിക്കും. വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തി നശിച്ചു പോകും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്‍ന്നു വയ്‌ക്കേണ്ടത്” (മര്‍ക്കൊസ് 2:22).

യേശു ഇതു പറയുമ്പോള്‍ താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവിടുത്തേക്കു വളരെ വ്യക്തമായിരുന്നു. യേശുക്രിസ്തു കൊണ്ടുവന്ന പുതിയ നിയമസത്യങ്ങളാണു പുതിയ വീഞ്ഞ്. എന്നാല്‍ ആ വീഞ്ഞ് യെഹൂദമതത്തിന്റെ പഴയ തുരുത്തിയില്‍ പകര്‍ന്നു വയ്ക്കരുത്. അങ്ങനെ വച്ചാല്‍ ആ പഴയ തുരുത്തി പൊളിഞ്ഞുപോകും. വീഞ്ഞ് ഒഴുകി നഷ്ടമാകും. ഇതു സംഭവിക്കാതിരിക്കാന്‍ പുതിയ നിയമസത്യങ്ങളാകുന്ന വീഞ്ഞ് അതിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പുതിയ സംവിധാനമായ പുതിയ തോല്‍ക്കുടത്തിലാണ് (ദൈവവചനപ്രകാരമുള്ള സഭ) പകര്‍ന്നു വയ്‌ക്കേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ അതിന്റെ മാധുര്യത്തോടെ, പുതുമയോടെ ആ വീഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയുകയുള്ളു.

ഇന്ന്, യേശു മുന്നറിയിപ്പു നല്‍കിയതുപോലെ സുവിശേഷവിഹിത സഭകള്‍ പോലും പുതിയ വീഞ്ഞ് പഴയ തുരുത്തിയില്‍ പകര്‍ന്നുവവച്ച് അതിനെ നഷ്ടപ്പെടുത്തുകയാണോ എന്നു നാം ശോധന ചെയ്യേണ്ടതുണ്ട്.

യിസ്രായേല്‍ നാട്ടില്‍ മുന്തിരിച്ചാറ് സൂക്ഷിക്കുന്നതിന്റെ വിധങ്ങള്‍ ശ്രദ്ധിച്ചാല്‍ പുതുവീഞ്ഞ് പുതുതുരുത്തിയില്‍ സൂക്ഷിക്കേണ്ടതിന്റെ ആശ്യകത നമുക്കു വ്യക്തമാകും. പുതുവീഞ്ഞ് എന്തുകൊണ്ടാണ് യിസ്രായേല്‍ നാട്ടില്‍ പുതിയ തുരുത്തിയില്‍ തന്നെ പകര്‍ന്നു വച്ചിരുന്നത്? ഇതു സംബന്ധിച്ച് ഇങ്ങനെയൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്: പുതിയ മുന്തിരിച്ചാറ് വളരെ വീര്യമുള്ളതാണ്. അതു നുരയിട്ടു പൊന്തുമ്പോള്‍ പുതിയ തോല്‍ക്കുടമാണെങ്കില്‍ അതു സ്വയം വലിഞ്ഞുകൊടുക്കും. എന്നാല്‍ പഴയതോല്‍ക്കുടത്തിന് അങ്ങനെ സ്വയം വികസിച്ചുകൊടുക്കാന്‍ കഴിയാത്തതുകൊണ്ട് പുതിയ വീഞ്ഞ് ആ തോല്‍ക്കുടത്തെ പൊൡു കളയും. വീഞ്ഞ് ഒഴുകിപ്പരന്നു നഷ്ടമായിപ്പോകും… എന്നിങ്ങനെ.

പഴയ തുരുത്തിയുടെ തുകലിനു വലിഞ്ഞു വികസിക്കാന്‍ കഴിയാത്തതാണു പ്രശ്‌നമെന്നാണ് ഇതു കേട്ടാല്‍ തോന്നുക. എന്നാല്‍ ഇതു ശരിയല്ല. ഒന്നാം നൂറ്റാണ്ടിലെ കാളുമെല്ലാ എന്ന കൃഷികാര്യ വിദഗ്ധന്‍ ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: പുരാതന കാലത്തു പുതുവീഞ്ഞിന്റെ മാധുര്യം സംരക്ഷിക്കുവാന്‍ പുതുമുന്തിരിച്ചാറ് തിളപ്പിക്കുകയോ നന്നായി കുലുക്കയോ ചെയ്തശേഷം പുതിയ തോല്‍തുരുത്തിയില്‍ പകര്‍ന്നു തണുത്ത സ്ഥലത്തു വയ്ക്കും. അപ്പോള്‍ വീഞ്ഞു പുളിക്കാതെ മാധുര്യത്തോടെ കേടുകൂടാതെ ദീര്‍ഘകാലം ഇരിക്കും. ഇതേ സമയം പുതിയ മുന്തിരിച്ചാറ് പഴയ തോല്‍തുരുത്തിയില്‍ ഒഴിച്ചുവച്ചാല്‍ പഴയ തോല്‍ക്കുടത്തില്‍ അവശേഷിച്ചിട്ടുള്ള പുളിപ്പിന്റെ അംശങ്ങള്‍ പുതുവീഞ്ഞിനെയും പുളിപ്പിക്കാന്‍ തുടങ്ങും. അങ്ങനെ പുതുവീഞ്ഞു പുളിക്കുമ്പോള്‍ അതിന്റെ സമ്മര്‍ദ്ദം നിമിത്തമാണു തുരുത്തി പൊളിഞ്ഞുപോകുന്നത്. അപ്പോള്‍ പുതുവീഞ്ഞ് പുളിക്കുന്നതാണു പ്രശ്‌നം. പഴയതുരുത്തി എത്ര കഴുകിയാലും അതില്‍ പുളിപ്പിന്റെ അംശങ്ങള്‍ ഉണ്ടായിരിക്കുമെന്നതിനാല്‍ പുതുവീഞ്ഞ് അതില്‍ ഒഴിച്ചുവച്ചാല്‍ അതു ക്രമേണ പുൡാന്‍ തുടങ്ങും. വീഞ്ഞു പുളിച്ചു നുരച്ചു പൊന്തിയാല്‍ പഴയ തുരുത്തിയായാലും പുതിയ തുരുത്തിയായാലും പൊളിഞ്ഞു പോകും. എന്നാല്‍ പുതുവീഞ്ഞ് പുതിയ തുരുത്തിയില്‍ പകര്‍ന്നാല്‍ പുതിയ തുരുത്തിയില്‍ പഴയ വീഞ്ഞിലെ പുളിപ്പിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരിക്കുകയില്ല എന്നതിനാല്‍ പുതിയവീഞ്ഞ് പുളിക്കാനും അതു തുരുത്തിയെ പൊളിച്ചുകളയാനുമുള്ള സാധ്യത ഇല്ല എന്നു തന്നെ പറയാം. ഇതേസമയം മറ്റേതെങ്കിലും വിധത്തില്‍ പുളിപ്പിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുള്ള പുതുവീഞ്ഞ് ഏറ്റവും ബലവത്തായ പുതിയ തുരുത്തിയില്‍ പകര്‍ന്നു വച്ചാലും അതു പുൡുമ്പോള്‍ പുതിയ തുരുത്തിയേയും അതു പൊളിച്ചു കളയും. ഇയ്യോബ് 32:19 ഇതാണു പറയുന്നത്: ‘എന്റെ ഉള്ളം അടെച്ചു വച്ച വീഞ്ഞുപോലെ ഇരിക്കുന്നു. അതു പുതിയ തുരുത്തികള്‍ പോലെ പൊട്ടുമാറായിരിക്കുന്നു.’ അപ്പോള്‍ പുതിയ തുരുത്തിയോ പഴയ തുരുത്തിയോ എന്നത് അതില്‍ തന്നെ പ്രശ്‌നമില്ല. മറിച്ചു പുതുവീഞ്ഞു പുളിക്കുന്നതാണു പ്രശ്‌നം. പഴയ തുരുത്തിയില്‍ പഴയ വീഞ്ഞിന്റെ അംശങ്ങള്‍ പറ്റിപ്പിടിച്ചിരുന്ന് അതു പുതുവീഞ്ഞിനെയും പുളിപ്പിച്ചു കളയും എന്നതിനാലാണ് പുതുവീഞ്ഞ് പഴയ തുരുത്തിയില്‍ പകര്‍ന്നു വയ്ക്കരുതെന്നു പറഞ്ഞിരിക്കുന്നതെന്നു സാരം.

യെഹൂദാ നാട്ടില്‍ പുതുവീഞ്ഞു പുതിയ തുരുത്തിയില്‍ തന്നെ സംരക്ഷിക്കുന്നതിന്റെ പിന്നിലുള്ള ഈ വസ്തുത മനസ്സില്‍ വച്ചുകൊണ്ട് നമുക്ക് യേശു പറഞ്ഞ ഉപമയിലേക്കു വീണ്ടും തിരിയാം. പുതിയ ഉടമ്പടിയിലെ ആത്മീയ സത്യങ്ങളാണു പുതിയ വീഞ്ഞ്. രക്ഷ, സ്‌നാനം, പരിശുദ്ധാത്മസ്‌നാനം, ആത്മാവിനാല്‍ നടത്തപ്പെടുന്ന അനുഭവം, വിശുദ്ധീകരണം, പാപത്തിന്മേലുള്ള ജയം, കര്‍ത്താവിന്റെ സ്വരൂപത്തോട് അനുരൂപപ്പെടുന്നത്, താഴ്മ, നുറുക്കം, സ്വയം വിധിക്കുന്നത്, സകല ജാഗ്രതയോടും ഹൃദയത്തെ സൂക്ഷിക്കുന്നത്, കര്‍ത്താവിന്റെ മടങ്ങിവരവിലുള്ള പ്രത്യാശ, ആ പ്രത്യാശയുടെ വെളിച്ചത്തില്‍ തന്നെത്താന്‍ നിര്‍മലീകരിക്കുന്നത്, വിശ്വാസത്തിനുവേണ്ടി കഷ്ടം സഹിക്കുവാനുള്ള ഒരുക്കം എന്നിവയെല്ലാമാണ് മധുരമുള്ള ആ പുതുവീഞ്ഞ്. ഈ പുതുവീഞ്ഞ് മതത്തിന്റെ പഴയ തുരുത്തിയില്‍ വച്ചാല്‍ അതു വേഗത്തില്‍ പുളിച്ചുപോകും. (പുളിപ്പ് എന്നു പറയുന്നതു മനുഷ്യരുടെ ഒരു സമ്പ്രദായമാകാം, ആചാരമാകാം, ഉപദേശമാകാം, ജീവിതപ്പിശക് ആകാം. ബൈബിളില്‍ ഉടനീളം പുളിപ്പിനെതിരെ നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക -പുറപ്പാട് 12:19, മത്തായി 16:6,12, 1 കൊരി.5:6-8). മറിച്ച് ആ പുതുവീഞ്ഞ് ദൈവവചനത്തില്‍ വിവരിക്കുന്ന പുതിയ സഭാസംവിധാനമായ പുതിയ തുരുത്തിയില്‍ തന്നെ സൂക്ഷിക്കണം. അപ്പോള്‍ അതു പുളിച്ചുപോകയില്ല.

പുളിപ്പിനെക്കുറിച്ചു കര്‍ത്താവു തന്നെ പറഞ്ഞിട്ടുള്ള ഒരു ഉപമയും ഇതേക്കുറിച്ചു നമുക്ക് ഒട്ടേറെ ഉള്‍ക്കാഴ്ച നല്‍കും: ‘അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം. അത് ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചു വരുവോളം അടക്കിവെച്ചു’ (മത്താ. 13:32).

ദൈവരാജ്യത്തിന്റെ വ്യാപനത്തെക്കുറിച്ചു പറയുന്ന ധനാത്മകമായ (positive) ഒരു ഉപമയാണിതെന്നാണു പലരും കരുതുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഇതു നിഷേധാത്മകമായ ഒരു ഉപമയാണ് (negative parable). കാരണം പുളിപ്പും ദൈവരാജ്യവും തമ്മില്‍ ഒരിക്കലും ചേര്‍ന്നു പോകയില്ല. അതുകൊണ്ട് ദൈവസഭയുടെ വളര്‍ച്ചയുടെ ചരിത്രത്തിലുണ്ടായ ഒരു പാളിച്ചയോടു ബന്ധപ്പെടുത്തിയാണ് ഈ ഉപമയെ പഠിക്കേണ്ടത്. ഇതിനെ ചരിത്രത്തോട് ചേര്‍ത്ത് അടുക്കായി ഇങ്ങനെ പറയാം: ഒന്നാം നൂറ്റാണ്ടില്‍ തന്നെ പുതുവീഞ്ഞിനെ ഉള്‍ക്കൊള്ളാവുന്ന, പഴയ മതത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ലാത്ത, പുതിയ തുരുത്തി (സഭ) രൂപപ്പെട്ടു. ഈ സഭ ഒരു സംഘടനയായിരുന്നില്ല. അതൊരു സഹോദരസംഘമായിരുന്നു.

പഴയ ഉടമ്പടിയില്‍ കാര്യങ്ങള്‍ എപ്പോഴും പലരിലല്ല, ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചാണു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു സമയത്ത് ഒരു രാജാവ്, ഒരു മഹാപുരോഹിതന്‍, ഒരു പ്രവാചകന്‍ എന്നിങ്ങനെ. എന്നാല്‍ കര്‍ത്താവ് വന്നപ്പോള്‍ അവിടുന്നു തന്റെ ശിഷ്യന്മാരെ ‘ഈരണ്ടാ’യാണ് അയയ്ക്കുന്നത് (ലൂക്കൊ.10:1). പെന്തക്കോസ്തു നാളില്‍ സഭ രൂപപ്പെടുമ്പോഴും പത്രൊസ് ‘പതിനൊന്നു സഹോദരന്മാരോടു കൂടെ’ നിന്നാണു പ്രസംഗിക്കുന്നത് (പ്രവൃ.2:14). പ്രസംഗം കേട്ടിട്ടു ഹൃദയത്തില്‍ കുത്തുകൊണ്ടവര്‍ പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടുമാണ് ‘സഹോദരന്മാരായ പുരുഷന്മാരെ ഞങ്ങള്‍ എന്തുചെയ്യേണ്ടു’ എന്നു ചോദിക്കുന്നത് (2:37). ഇതെല്ലാം കഴിഞ്ഞ് തൊട്ടടുത്ത അധ്യായത്തിന്റെ തുടക്കത്തില്‍ ‘പത്രൊസും യോഹന്നാനും കൂടെ’യാണു ദേവാലയത്തില്‍ ചെല്ലുന്നതും മുടന്തനെ സൗഖ്യമാക്കുന്നതും (3:1). തുടര്‍ന്നും അപ്പൊസ്തല പ്രവൃത്തിയില്‍ പുതിയ തുരുത്തി രൂപപ്പെടുന്നതു നാം ശ്രദ്ധിച്ചാല്‍ അതൊരു സംഘടനയല്ല, ഒരോ സ്ഥലത്തും സ്വാതന്ത്ര്യത്തോടെ നില്ക്കുന്ന സഹോദരീ സഹോദരന്മാരുടെ കൂട്ടായ്മയാണെന്നു കാണാം (2:43-47). തീര്‍ച്ചയായും വിളിയുടെയും വരങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും അടിസ്ഥാനത്തില്‍ അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിങ്ങനെ വ്യത്യസ്ത ശുശ്രൂഷയുള്ള ചിലരെ സഭയില്‍ ദൈവം തന്നെ നിയമിക്കുന്നുണ്ടെങ്കിലും (1 കൊരി. 12:28, എഫെ. 4:11) സ്ഥലം സഭകളുടെ നടത്തിപ്പ് എപ്പോഴും അതതു സഭകളിലുള്ള മൂപ്പന്മാരിലാണു നിക്ഷിപ്തമായിരുന്നത്. ‘സഭ തോറും മൂപ്പന്മാരെ (ഒന്നിലേറെ പേരെ) ആക്കി വയ്ക്കുന്ന’തിന്റെ ചരിത്രം നമ്മള്‍ അപ്പൊസ്തലപ്രവൃത്തിയിലും (14:23), അങ്ങനെ ചെയ്യാനുള്ള നിര്‍ദ്ദേശം ലേഖനങ്ങളിലും (തീത്തൊസ് 1:5) നാം കാണുന്നുണ്ടല്ലോ. ചുരുക്കത്തില്‍ പുതിയ തുരുത്തിയുടെ മാതൃക നമ്മള്‍ ദൈവവചനത്തില്‍ സഹോദരസംഘവും മൂപ്പന്മാരും എന്നിങ്ങനെയാണു കാണുന്നത്. ഏതുകാര്യവും നമ്മള്‍, ‘അങ്ങനെ തന്നെ’ എന്നു തീരുമാനിക്കേണ്ടതു കര്‍ത്താവ് അങ്ങനെയാണോ ചെയ്തത്, ആദിമ സഭയില്‍ അപ്പൊസ്തലന്മാര്‍ അങ്ങനെയാണോ പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്, ലേഖനങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ അതിനെ സാധൂകരിക്കുന്നുണ്ടോ എന്നീ മൂന്നു മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഈ മാനദണ്ഡങ്ങള്‍ എല്ലാം വച്ചുനോക്കുമ്പോഴും നാം ഇതുവരെ കണ്ടതുപോലെ സഭ ഒരു കേന്ദ്രീകൃത സംഘടനയല്ലെന്നും, സ്വതന്ത്രമായ സഹോദര സംഘമാണെന്നും വിവിധ ശുശ്രൂഷകള്‍ സഭയില്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ സ്ഥലം സഭകളുടെ ചുമതല എപ്പോഴും അതതു സ്ഥലത്തെ മൂപ്പന്മാര്‍ക്കാണെന്നും വ്യക്തമാണ്. ഇതാണു പുതിയ തുരുത്തിയുടെ ദൈവവചനത്തില്‍ കാണുന്ന മാതൃക.

ഒന്നാം നൂറ്റാണ്ടില്‍ പുതിയ തുരുത്തി ഇങ്ങനെയായിരുന്നെങ്കില്‍ പിന്നീട് എപ്പോഴാണ് ‘ഒരു സ്ത്രീ’ (മത്തായി 13:32) അതില്‍ പുളിപ്പു ചേര്‍ത്തത്? ആരാണ് ഈ സ്ത്രീ? ചരിത്രം നോക്കുമ്പോള്‍ ആദിമ മൂന്നു നൂറ്റാണ്ടുകള്‍ കൊടിയ പീഡനത്തിലൂടെ കടന്നുപോയപ്പോഴും സഭ വിശുദ്ധിയോടെ പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍ തന്നെ സൂക്ഷിച്ചു. എന്നാല്‍ നാലാം നൂറ്റാണ്ടില്‍ കുസ്തന്തിനോസ് ചക്രവര്‍ത്തി സഭയിലേക്കു വരികയും അതിനെ രാജകീയ മതമാക്കി മാറ്റുകയും ചെയ്തപ്പോള്‍ രാജാവിന്റെ ഇംഗീതത്തിനനുസരിച്ച് രാജകീയ പ്രൗഢിക്ക് ഒത്തവണ്ണം തുരുത്തിയുടെ (സഭാസംവിധാനത്തിന്റെ) അലകുംപിടിയും മാറി. സഹോദരസംഘത്തിനുപകരം കേന്ദ്രീകൃതമായ ശക്തമായ സംഘടന എന്ന ചട്ടക്കൂട് കൊണ്ടുവന്നു. ഒന്നിലേറെ മൂപ്പന്മാര്‍ എന്ന സംവിധാനത്തിന്റെ സ്ഥാനത്ത് ‘ഒരു പുരോഹിതന്‍’ എന്നായി. സ്വതന്ത്രമായ ആത്മീയ മുന്നേറ്റം പൗരോഹിത്യ മതത്തിനു മുന്നില്‍ അടിയറ വയ്ക്കപ്പെടുന്നു. പുതിയ തുരുത്തിയുടെ സ്ഥാനത്തു പഴയതുരുത്തി വരുന്നു. എ.ഡി. ആറാം നൂറ്റാണ്ടായപ്പോള്‍ സംഘടിത ക്രിസ്തീയത പൂര്‍ണമായും ഔദ്യോഗികമായും രൂപപ്പെട്ടു. മൂന്നുപറ മാവില്‍ പുളിപ്പ് അടക്കിവച്ച സ്ത്രീ ഈ സംഘടിത സഭയെ പ്രതിനിധാനം ചെയ്യുന്നു. ഭോജനയാഗത്തില്‍ ഒട്ടും പുളിപ്പ് ചേര്‍ക്കരുതെന്ന ദൈവികനിയമത്തെ (ലേവ്യ 2:4,5,11) ലംഘിച്ച് ഈ സ്ത്രീ അതില്‍ ജാതീയമായ ആചാരങ്ങള്‍, രീതികള്‍, ഉപദേശങ്ങള്‍, നടപടി ക്രമങ്ങള്‍ എന്നിവയുടെ പുളിപ്പ് അടക്കി വയ്ക്കുന്നു. യെഹൂദാ, മതത്തിന്റെ പഴയ തുരുത്തിയില്‍ ജാതീയ രീതികളുടെ പുളിപ്പ് ചേര്‍ത്ത് പുതുവീഞ്ഞ് അടക്കി വച്ച ഈ സ്ത്രീക്ക് ദുര്‍ന്നടപ്പ് ആചരിക്കാനും വിഗ്രഹാര്‍പ്പിതം തിന്മാനും ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളയുകയും ചെയ്യുന്ന തുയഥൈര സഭയിലെ ഈസബേല്‍ എന്ന സ്ത്രീയോടുള്ള (വെളിപ്പാട് 2:18-29) സാദൃശ്യം ശ്രദ്ധിക്കുക. (മത്തായി 13-ല്‍ കര്‍ത്താവു പറയുന്ന നാലാമത്തെ ഉപമയാണു മാവില്‍ പുളിപ്പു ചേര്‍ത്ത സ്ത്രീയുടേത്. വെളിപ്പാട് 2,3 അധ്യായങ്ങളില്‍ കാണുന്ന ഏഴു സഭകളില്‍ നാലാമത്തേതാണു തുയഥൈരയിലെ സഭ). വെളിപ്പാട് 17-ാം അധ്യായത്തില്‍ കാണുന്ന മഹാവേശ്യയോടും തുയഥൈര സഭയിലെ ഈസബേല്‍ എന്ന സ്ത്രീയേയും മത്തായി 13-ല്‍ കര്‍ത്താവു പറയുന്ന പുളിപ്പു ചേര്‍ത്ത സ്ത്രീയേയും ചേര്‍ത്തു ചിന്തിക്കാവുന്നതാണ്.

മത്തായി 13-ല്‍ കര്‍ത്താവു പറയുന്ന സ്വര്‍ഗരാജ്യത്തെ സംബന്ധിച്ച മൂന്നാമത്തെ ഉപമയായ കടുകുമണിയുടെ ഉപമയും സഭ ഒരു സംഘടനയായി അധഃപതിക്കുന്നതിലേക്കു തന്നെ വിരല്‍ ചൂണ്ടുന്ന ഒരു നിഷേധ മാതൃകയുടെ ഉപമയാണ് (13:31,32). കടുകു ചെടി (സഭ) ഒരു ചെറിയ ചെടിയായി മാത്രം നില്ക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതായിരുന്നു. എന്നാല്‍ ക്രമേണ അത് ഈ ഭൂമിയില്‍ വേരുകള്‍ ആഴ്ത്തി വലിയ ഒരു മരമായി മാറുന്നു! അതില്‍ പറവകളും (പറവകള്‍ ദൈവവചനം എടുത്തു കളയുന്ന ദുഷ്ട ശക്തികളെ കാണിക്കുന്നു- മത്തായി 13: 4,19) വന്നു കൂടുകൂട്ടുന്നു!. തീര്‍ച്ചയായും ഈ സഭയുടേത് അസാധാരണമായ ഒരു വളര്‍ച്ചയാണ്. ദൈവം ആഗ്രഹിക്കാത്ത വിധത്തില്‍ ചരിത്രത്തില്‍ സഭയ്ക്കുണ്ടായ ‘വളര്‍ച്ച’യെയാണ് ഈ ഉപമയും കാണിക്കുന്നതെന്നു ചിന്തിക്കാം. ഒന്നാം നൂറ്റാണ്ടിലെ സഭാ സംവിധാനമായ സഹോദരന്മാരും മൂപ്പന്മാരുമെന്ന പുതിയ തുരുത്തി നാലാം നൂറ്റാണ്ടായപ്പോള്‍ പുരോഹിതനും സംഘടനയുമെന്ന പഴയ തുരുത്തിയായി മാറുന്നു. അതിലേക്കു പകര്‍ന്നു വച്ച ദൈവിക സത്യങ്ങളുടെ പുതുവീഞ്ഞ് പുളിച്ചു പോകുകയും ചെയ്തു.

മത്തായി 13-ല്‍ കര്‍ത്താവു പറഞ്ഞ മൂന്നാമത്തെ ഉപമയായ ‘കടുകുവൃക്ഷ’ത്തിന്റെ ഉപമയെ ഏഴു സഭകളിലെ മൂന്നാമത്തെ സഭയായ പെര്‍ഗ്ഗമോസുമായി (വെളിപ്പാട് 2:12-17) താരതമ്യം ചെയ്യുമ്പോള്‍ അവിടെയും ചില സാദൃശ്യം കണ്ടെത്താന്‍ കഴിയും. പെര്‍ഗ്ഗമോസില്‍ ബിലെയാമിന്റെ ഉപദേശവും നിക്കൊലാവ്യരുടെ ഉപദേശവും പിടിമുറുക്കുകയാണ് (വെളി.2:14,15). ബാലാക്ക് രാജാവ് ‘വിലയ്‌ക്കെടുത്ത’വനാണു ബിലെയാം. നിക്കൊലാവ്യത്വമാകട്ടെ സഭയിലെ സഹോദന്മാരുടെ മേല്‍ തങ്ങളെത്തന്നെ ഉയര്‍ത്തുന്ന പൗരോഹിത്യം തന്നെയാണ്. സഭ, രാജകീയ മതമായി മാറി ലോകത്തില്‍ വന്‍ വൃക്ഷമായി തീര്‍ന്നപ്പോള്‍ പണവും പൗരോഹിത്യവും പിടിമുറുക്കുകയും പുതിയ തുരുത്തിയുടെ സ്ഥാനത്തു പഴയ തുരുത്തി വരികയും വീഞ്ഞില്‍ പുളിപ്പു വരികയും ചെയ്യുകയാണുണ്ടായത് എന്ന് ഈ ഭാഗത്തുനിന്നും വീണ്ടും മനസ്സിലാക്കാം.

എന്നാല്‍ ദൈവം തന്റെ സഭയെ കൈവിട്ടുകളഞ്ഞില്ല. എ.ഡി. 16-ാം നൂറ്റാണ്ടായപ്പോള്‍ മാര്‍ട്ടിന്‍ ലൂഥറിലൂടെ ദൈവം ‘വിശ്വാസത്താലുള്ള രക്ഷ’ എന്ന പുതുവീഞ്ഞിനെ വീണ്ടും കൊണ്ടുവരുമ്പോള്‍ അതൊരു നവീകരണത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നുള്ള പല നൂറ്റാണ്ടുകളിലൂടെ നാലാം നൂറ്റാണ്ടു മുതല്‍ നഷ്ടപ്പെട്ടുപോയ ഓരോ സത്യങ്ങളെ ദൈവം പുനഃസ്ഥാപിക്കുന്നു. വിശ്വാസസ്‌നാനം, വിശുദ്ധജീവിതം, മിഷനറി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം കിട്ടുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാകട്ടെ പരിശുദ്ധാത്മസ്‌നാനം, ആത്മനിറവിലുള്ള ജീവിതം എന്നീ സത്യങ്ങള്‍ പുനഃസ്ഥാപിച്ച പെന്തക്കോസ്തു മുന്നേറ്റവും ഉണ്ടായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ പ്രൊട്ടസ്റ്റന്റു പെന്തക്കോസ്തു സഭകളില്‍ മിക്കതും പൗരോഹിത്യ സഭകളുടെ ചുവടുപിടിച്ച് ആ പഴയ തുരുത്തിയില്‍ തന്നെയാണു തങ്ങളുടെ പുതിയ വീഞ്ഞു പകര്‍ന്നു വച്ചത്. ഒരു കേന്ദ്രീകൃത സംഘടനയും അവിടെ നിന്നു പ്രാദേശിക സഭകളിലേക്കു ഭരണത്തിനായി അയയ്ക്കുന്ന പാസ്റ്ററും ഒരു സഭയില്‍ നിന്നു മറ്റൊന്നിലേക്കുള്ള ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റവും എല്ലാമായി പൗരോഹിത്യ സഭകളുടെ അതേ സംവിധാനം. ഫലത്തില്‍ ഇതു പഴയ തുരുത്തി തന്നെയാണ്. പഴയ തുരുത്തിയുടെ പ്രശ്‌നം അതില്‍ പറ്റിപ്പിടിച്ചിട്ടുള്ള പുളിപ്പ് പുതുവീഞ്ഞിനെയും പുളിപ്പിച്ചുകളയും എന്നതാണ്. ഇന്നു വിശ്വാസികളുടെ മേല്‍ തങ്ങളെത്തന്നെ ഉയര്‍ത്തുന്ന നിക്കോലാവ്യത്വം, പണത്തിനുവേണ്ടി ദൈവത്തോടുള്ള പ്രതിബദ്ധതയെ വിറ്റുകളയുന്ന ബിലെയാമിന്റെ ഉപദേശം, ദൈവത്തെയും ലോകത്തേയും ഒപ്പംകൊണ്ടുപോകുന്ന ഈസബേലിന്റെ ദുര്‍ന്നടപ്പ്, ‘വിശുദ്ധ’ നഗരമായ യെരുശലേമിനെക്കാള്‍ ‘മഹത്തായ’ നഗര(Great city)മായ ബാബിലോനിനു പ്രാധാന്യം നല്‍കുന്ന മ്ലേച്ഛത എന്നീ പുളിപ്പുകളെല്ലാം പുതുവീഞ്ഞിന്റെ മാധുര്യം നഷ്ടപ്പെടുത്തുന്നതിന്റെ കഥകളാണ് ഇന്ന് പഴയ തുരുത്തിയുടെ സംവിധാനത്തില്‍ പുതുവീഞ്ഞു വച്ചിരിക്കുന്ന ഇത്തരം സഭകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.

‘പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലാണു പകര്‍ന്നു വയ്‌ക്കേണ്ടത്- ഇതാണു ദൈവിക പ്രമാണം. കര്‍ത്താവു വ്യക്തതയോടെ ഇക്കാര്യം പറഞ്ഞു. എന്നാല്‍ പഴയതുരുത്തി വിട്ടു പോകാന്‍ ഒരു വില കൊടുക്കണം. പലര്‍ക്കും അതിനു മനസ്സില്ല. അവര്‍ അവിടെ തന്നെ നിന്നുകൊണ്ട് പഴയ തുരുത്തിയെ മെച്ചപ്പെടുത്താനുള്ള വൃഥാപ്രയത്‌നത്തിലാണ്!

എന്നാല്‍ ദൈവവചനം ഇക്കാര്യത്തില്‍ എത്രയും വ്യക്തമായ ഒരു നിലപാടിനാണ് ആഹ്വാനം ചെയ്യുന്നത്:
”വേറൊരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നും പറയുന്നതായി ഞാന്‍ കേട്ടത്. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍”(വെളി.18:4).

”അവരുടെ നടുവില്‍ നിന്നും പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായത് ഒന്നും തൊടരുത്. എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ടു നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും എന്നു സര്‍വ്വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു” (2 കൊരി.6:16,17).

‘കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കെട്ട.’


അധ്യായം 15 :
എവിടെയും, ഏതു സാഹചര്യത്തിലും ദൈവത്തെ കാണുക


”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും” (മത്തായി 5:8).

ഗിരിപ്രഭാഷണത്തില്‍ യേശു വരച്ചുകാട്ടിയ അഷ്ടഭാഗ്യങ്ങളില്‍ ആറാമത്തേതാണിത്. നാം ഇഹലോകത്തില്‍ ഹൃദയശുദ്ധിയുള്ളവരായിരുന്നാല്‍ മാത്രമേ മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ കാണാന്‍ കഴിയുകയുള്ളു എന്നാണിതിന്റെ അര്‍ത്ഥമെന്നു ഈ വചനത്തെപ്പറ്റി ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ അതു കേവലം ഉപരിതല സ്പര്‍ശിയായ ലളിതമായ ഒരു വ്യാഖ്യാനം മാത്രമാണ്. ആഴത്തില്‍ ചിന്തിച്ചാല്‍ ‘ഹൃദയശുദ്ധിയുള്ളവര്‍ ഈ ലോകജീവിതത്തില്‍ തന്നെ ദൈനംദിനജീവിതത്തില്‍ എവിടെയും ദൈവത്തിന്റെ കരങ്ങളാണു കാണുക’ എന്ന ജീവിതത്തെ അതിന്റെ സമഗ്രതയില്‍ സ്പര്‍ശിക്കുന്ന ഒരു കാഴ്ചപ്പാടിലേക്കാണു നാം എത്തിച്ചേരുന്നത്.

എവിടെയും ഏതു സാഹചര്യത്തിലും ദൈവത്തെ കാണുക- അങ്ങനെയൊരു ജീവിതം സാധ്യമാണോ? സാധ്യമാണെന്നു ദൈവവചനം പറയുന്നു. എങ്കില്‍ ആര്‍ക്കതിനു കഴിയും? ഉത്തരം: ഹൃദയശുദ്ധിയുള്ളവര്‍ക്ക്. ഹൃദയശുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു പാപരഹിതമായ ഒരു പൂര്‍ണ്ണതയല്ല. മറിച്ച് സ്വര്‍ണത്തോടു ചേര്‍ത്തുപറയുന്ന ‘പരിശുദ്ധി’ എന്ന വാക്കിന്റെ അര്‍ത്ഥത്തോടാണിതിനു ബന്ധം. ‘പരിശുദ്ധമായ സ്വര്‍ണ്ണം’ എന്നു പറഞ്ഞാല്‍ മറ്റു ലോഹങ്ങളോടു കലര്‍പ്പില്ലാത്ത, കൂടിച്ചേരലില്ലാത്ത സ്വര്‍ണ്ണം എന്നാണര്‍ത്ഥം. നമ്മുടെ ഹൃദയം ദൈവത്തോടുള്ള ബന്ധത്തില്‍ ആ നിലയിലായാല്‍ ഹൃദയശുദ്ധിയായി.

നമ്മുടെ ഹൃദയശുദ്ധി ഇല്ലാതാക്കുന്ന കലര്‍പ്പുകള്‍, കൂടിച്ചേരലുകള്‍ എന്തെല്ലാമാണ്? കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച, വിശ്വാസിയായ ഒരുവന്റെ ഹൃദയത്തിലും പലപ്പോഴും ഈ ലോകത്തിനും അതു നല്‍കുന്ന മൂല്യബോധത്തിനും സ്ഥാനമുണ്ടെന്നു കാണാം. ഈ ലോകത്തിന്റെ കാഴ്ചപ്പാടും മൂല്യബോധവും പൊതുവില്‍ സ്വയത്തില്‍ (self) ഊന്നിയതാണ്. ‘അര്‍ഹതയുള്ളതിന്റെ അതിജീവനം’ (survival of the fittest) എന്ന തത്ത്വമാണ് ഈ ലോകത്തെ ഭരിക്കുന്നത്. മറ്റുള്ളവയോടു പോരാടി ജയിച്ച് സ്വന്തം കരുത്തു തെളിയിച്ചാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഈ ലോകത്തിലെ നിലനില്പ്. അതുകൊണ്ടു തന്നെ ‘മത്സരവും അതിജീവനവും’ എന്നതാണ് ഈ ലോകത്തിലെ സാധാരണ മനുഷ്യന്റെ മുദ്രാവാക്യം. സ്വയത്തിലാണ് ഇതിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. വിശ്വാസിയായ ഒരുവനും ലോകത്തെ ഭരിക്കുന്ന, നിയന്ത്രിക്കുന്ന, മത്സരത്തിന്റെ, സ്വയത്തില്‍ഊന്നിയുള്ള കാഴ്ചപ്പാടില്‍ നിന്നും തീര്‍ത്തും മാറിനില്‍ക്കുക എളുപ്പമല്ല. ലോകമൂല്യങ്ങളുടെ ഈ സ്വാധീനം ഹൃദയശുദ്ധിയില്‍ വരുന്ന കലര്‍പ്പും കൂടിച്ചേരലുമാണ്. ഇങ്ങനെ വന്നാല്‍ എവിടെയും ഏതു സാഹചര്യത്തിലും ദൈവത്തെ കാണുവാന്‍ കഴിയാതെ വരും. ഇവര്‍ ദൈവിക കാഴ്ചപ്പാടില്‍ ഹൃദയശുദ്ധിയുള്ളവരല്ല.

എന്നാല്‍ ഹൃദയത്തോടു ബന്ധപ്പെട്ട തന്റെ അവസ്ഥ സങ്കീര്‍ത്തനക്കാരനായ ആസാഫ് പറയുന്നതു ശ്രദ്ധിക്കുക: ‘നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല’ (73:25). സങ്കീര്‍ത്തനക്കാരനായ ദാവീദ് പറയുന്നു: ‘എന്റെ ആത്മാവു നിശ്ശബ്ദമായി ദൈവത്തെ മാത്രം കാത്തിരിക്കുന്നു’ (62:1). കോരഹ് പുത്രന്മാര്‍ തങ്ങളുടെ ഹൃദയാവസ്ഥ വിശദീകരിക്കുന്നു: ‘എന്റെ ആത്മാവു ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നേ ദാഹിക്കുന്നു’ (42:2).

ദൈവത്തെ മാത്രം ആഗ്രഹിക്കുന്ന, കാത്തിരിക്കുന്ന, ദൈവത്തിനായി മാത്രം ദാഹിക്കുന്ന ഹൃദയങ്ങള്‍. അതുകൊണ്ടുതന്നെ അവര്‍ തങ്ങള്‍ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളില്‍ ദൈവത്തെ മാത്രമാണു കാണുന്നത്. ഉദാഹരണത്തിനു മുകളില്‍ പറഞ്ഞ ഓരോ സങ്കീര്‍ത്തനവും ശ്രദ്ധിക്കുക. 73-ാം സങ്കീര്‍ത്തനത്തില്‍ ആസാഫ് ദുഷ്ടന്മാരായ ആളുകള്‍ സുഖത്തോടെ ജീവിക്കുന്നതും അതേസമയം നീതിമാനായ താന്‍ കഷ്ടം അനുഭവിക്കുന്നതുമായ, സ്വാഭാവികമായി വിശദീകരിക്കാന്‍ പ്രയാസമുള്ള, ജീവിതാവസ്ഥയാണു സങ്കീര്‍ത്തനത്തില്‍ ആദ്യം വരച്ചു കാട്ടുന്നത്. ഇയ്യോബിന്റേതിനു സമാനമായ സാഹചര്യം. പക്ഷേ ഇവിടെയും ആസാഫ് ദൈവത്തെയാണു കാണുന്നത്-‘സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല’ (73:25). നാം സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടെ ദൈവം മാത്രമേയുളളു. എന്നാല്‍ ഭൂമിയിലോ? ഭൂമിയില്‍ നമുക്കു മറ്റുപലതും ഉണ്ട്. എന്നാല്‍ ആസാഫിനെ സംബന്ധിച്ചിടത്തോളം അവന്‍ ‘ഭൂമിയിലും ദൈവത്തെയല്ലാതെ ഒന്നും ആഗ്രഹിക്കുന്നില്ല.’ എത്ര ശുദ്ധഹൃദയം!

62-ാം സങ്കീര്‍ത്തനത്തില്‍ ദാവീദ് മനുഷ്യരില്‍ നിന്നുള്ള വലിയ ഭീഷണിയുടേയും പീഡനത്തിന്റേയും മദ്ധ്യത്തിലാണ് ആയിരിക്കുന്നത്. ചുറ്റുമുള്ളവര്‍ ‘ചാഞ്ഞ മതിലും ആടുന്ന വേലിയും പോലെ കൊല്ലാനായി ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ഉള്ളംകൊണ്ടു ശപിക്കുകയും ചെയ്യുന്ന’ വരാണ് (62:3,4). എന്നാല്‍ ഭീഷണിയുടേയും ശാപത്തിന്റെയും വാക്കുകളല്ല ദാവീദ് അവിടെ കേള്‍ക്കുന്നത്. മറിച്ച് ‘ബലം ദൈവത്തിനുള്ളതെന്നു’ ദൈവം ഒരിക്കല്‍ അരുളിച്ചെയ്തതാണ് തന്റെ സാഹചര്യത്തില്‍ ദാവീദ് രണ്ടുവട്ടം കേള്‍ക്കുന്നത് (62:11). തുടര്‍ന്ന് തന്റെ ജീവിതപശ്ചാത്തലത്തില്‍ നിന്നുകൊണ്ടു ‘ദയയും ദൈവത്തിനുള്ളതെ’ന്നു കണ്ടെത്തുകയും ചെയ്യുന്നു (62:12). ‘എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യെന’ന്ന് (പ്രവൃ.13:22 ഇംഗ്ലീഷ്) ദൈവം ദാവീദിനെ വിശേഷിപ്പിച്ചതില്‍ എന്തദ്ഭുതം?

കോരഹ് പുത്രന്മാര്‍ മൂന്നാമതൊരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ‘നിന്റെ ദൈവം എവിടെ’ എന്നു മറ്റുള്ളവര്‍ നിത്യവും ഇടവിടാതെ പരിഹസിച്ചു ചോദിക്കുകയും (42:3) ‘അസ്ഥികളെ തകര്‍ക്കുംവണ്ണം നിന്ദിക്കുകയും’ (42:10) ചെയ്യുന്ന സന്ദര്‍ഭം. ഇതുമൂലം വിഷാദത്തിലേക്കും (42:5,6,11) സ്വയസഹതാപത്തിലേക്കും (42:3,9) നിത്യമായി പതിച്ചു നശിച്ചുപോകാവുന്ന സാഹചര്യം. ഈ ഘട്ടത്തില്‍ സങ്കീര്‍ത്തനക്കാരന്‍ തന്റെ ആത്മാവിനെ തട്ടിയുണര്‍ത്തി ദൈവത്തെ തന്നെ കാണുവാനും ദൈവത്തില്‍ തന്നെ പ്രത്യാശ ഉറപ്പിക്കുവാനും തയ്യാറാവുകയാണ് (42:2,11). ‘ശുദ്ധഹൃദയം’ തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്.

ഹൃദയശുദ്ധിയുള്ളവര്‍ ഏതു സാഹചര്യത്തിലും ദൈവത്തെ കാണും എന്നു പറയുമ്പോള്‍ മാനുഷിക കരങ്ങള്‍ക്കു പുറകില്‍ അവര്‍ ദൈവാധിപത്യത്തെ കാണും എന്നു സാരം. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള പുരുഷനായ (1.ശമു. 13:14) ദാവീദിന്റെ ജീവിതത്തില്‍ നിന്ന് മറ്റൊരു രംഗം കാണുക: ദാവീദ് ഒട്ടേറെ ശത്രുക്കളെ നേരിട്ടിട്ടുണ്ടെങ്കിലും ഒരു പക്ഷേ സ്വന്തം മകനായ അബ്ശാലോം ഒരു കൊട്ടാരവിപ്ലവത്തിലൂടെ ദാവീദിനെ സിംഹാസന ഭ്രഷ്ടനാക്കി അധികാരം പിടിച്ചതാകാം ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്. മകനും കൂട്ടുകാരും രാജ്യം കീഴടക്കി ഹെബ്രോനില്‍ നിന്നു തലസ്ഥാനമായ യെരുശലേമിലേക്കു വരുന്നെന്നറിഞ്ഞ് ദാവീദ് അടുത്ത അനുയായികളോടൊപ്പം കൊട്ടാരം വിട്ട് ഓടിപ്പോകുകയാണ്. ‘തലമൂടിയും ചെരിപ്പിടാതെയും കരഞ്ഞുംകൊണ്ട്’ അവര്‍ ജീവന്‍ കയ്യിലെടുത്തു പിടിച്ചുകൊണ്ടു പലായനം ചെയ്യുമ്പോള്‍ ബഹുരീമില്‍ എത്തിയപ്പോള്‍ ഇതാ ശൗലിന്റെ കുടുംബത്തില്‍പ്പെട്ട ശിമെയി എന്നൊരുവന്‍ ദാവീദിനെതിരെ വരുന്നു.

ആ രംഗം ബൈബിളില്‍ നിന്നു തന്നെ വായിക്കുക: ”അവന്‍ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു. ശിമെയി ശപിച്ചുകൊണ്ട് ഇവ്വണ്ണം പറഞ്ഞു. രക്തപാതക, നീചാ, പോ, പോ. ശൗല്‍ ഗൃഹത്തിന്റെ രക്തം യഹോവ നിന്റെ മേല്‍ വരുത്തിയിരിക്കുന്നു. അവനു പകരമല്ലോ നീ രാജാവായത്. യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു. നീ രക്തപാതകനായിരിക്കയാല്‍ ഇപ്പോള്‍ ഇതാ നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു” (2 ശമു.16:6-8).

ആരും പ്രകോപിതരായി തീരാവുന്ന ഒരു സന്ദര്‍ഭം. ദാവീദിനോടൊപ്പമുണ്ടായിരുന്ന സെരൂയയുടെ മകന്‍ അബീശായിയും ക്ഷോഭത്തോടെയാണു പ്രതികരിച്ചത്. അബീശായി ദാവീദിനോടു പറഞ്ഞു: ”ചത്ത നായെപ്പോലെയുള്ള ഇവന്‍ എന്റെ യജമാനനായ രാജാവിനെ ശപിക്കാന്‍ ആരാണ്? ഞാന്‍ ഒറ്റവെട്ടിന് ഇവന്റെ കഥ കഴിച്ചോട്ടെ.”

ഇവിടെ ദാവീദിന്റെ മറുപടിയാണു ശ്രദ്ധേയം. ദാവീദ് പറയുന്നു: ”അവന്‍ ശപിക്കട്ടെ. ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്തെന്ന് ആര്‍ ചോദിക്കും? അവനെ വിടുവിന്‍. അവന്‍ ശപിക്കട്ടെ. യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്‍കും” (16:10-12).

ദാവീദിന്റെ മനോഭാവം കണ്ടോ? ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഒരു സന്ദര്‍ഭത്തില്‍ അപരിചിതനായ ഒരുവന്‍ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ പരസ്യമായി തന്നെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു. പക്ഷേ ഈ രംഗത്തു ദാവീദ് തന്നെ പരിഹസിക്കുകയും പൂഴിവാരി എറിയുകയും ചെയ്യുന്ന ശിമെയിയെയല്ല കാണുന്നത്; മറിച്ചു ദൈവത്തെയാണ്. അബീശായിയോടുള്ള ഹ്രസ്വമായ മറുപടിയില്‍ ദാവീദ് മൂന്നുവട്ടമാണ് യഹോവയെക്കുറിച്ചു പരാമര്‍ശിക്കുന്നത്. തന്നെ തകര്‍ക്കാന്‍ ദൈവം ഒരുക്കിയ സാഹചര്യം. അതിന് ഉപകരണമായവനെയല്ല ദാവീദ് ഇവിടെ കാണുന്നത്; മറിച്ച് ദൈവത്തെയാണ്. ‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഏതു സാഹചര്യത്തിലും ദൈവത്തെ കാണും’ എന്നത് എത്ര വാസ്തവം!’

നാം ദൈവത്തിന്റെ കരങ്ങള്‍ കണ്ടാല്‍ ദാവീദിനെപ്പോലെ നമുക്കും ഉപദ്രവിക്കുന്നവരോടു ക്ഷമിക്കുവാനും അവരെ വെറുതെ വിടുവാനും കഴിയും. തന്നെ ശപിച്ച ശിമെയിയെ ഇവിടെ ദാവീദു വെറുതെ വിടുകയാണ്. പിന്നീട് അബ്ശാലോമിന്റെ വധത്തിനുശേഷം ജയാളിയായി യെരുശലേമിലേക്കു മടങ്ങി വരുമ്പോള്‍ തന്നെ വന്നു കണ്ടു ക്ഷമ പറഞ്ഞ ശിമെയിയോടു മഹാമനസ്‌ക്കതയോടെ പെരുമാറാനും ദാവീദിനു കഴിഞ്ഞു. (2ശമു.19:18). എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജീവിതാന്ത്യം വരെ ദാവീദിനു ശിമെയിയോട് ഈ മനോഭാവം സൂക്ഷിക്കാന്‍ കഴിഞ്ഞില്ല (1.രാജാ.2:8-10, 36-46 വായിക്കുക). പക്ഷേ, ദാവീദ് ഒരു പഴയനിയമ ഭക്തനായിരുന്നുവെന്ന് ഓര്‍ക്കണം. ‘പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ’ എന്ന് ജീവിതാന്ത്യത്തിലും പ്രാര്‍ത്ഥിച്ച യേശുവിന്റെ ജീവിതമാതൃക ദാവീദിന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. പരിശുദ്ധാത്മാവിന്റെ സഹായം പഴയനിയമത്തില്‍ ഇന്നത്തെ നിലയില്‍ ലഭ്യമായിരുന്നില്ല. ഇന്ന് ‘ദൈവത്തിന്റെ സ്‌നേഹം നമുക്കു നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ’ (റോമര്‍ 5:5). ഉവ്വ്, എവിടെയും ദൈവാധിപത്യം കാണാന്‍ പുതിയ ഉടമ്പടിയില്‍ നമുക്ക് ഇന്നുള്ള ഉതവികള്‍ പഴയ ഉടമ്പടിയിലെ ദൈവഭക്തന്മാര്‍ക്ക് അന്യമായിരുന്നു.

പഴയനിയമത്തിലെ ശ്രദ്ധേയനായ മറ്റൊരു ദൈവഭക്തന്‍ ഇയ്യോബ് തന്റെ ജീവിതത്തിലെ മനസ്സിലാക്കാനും വിശദീകരിക്കാനും സ്വാഭാവികമായി പ്രയാസമുള്ള പ്രതികൂല സാഹചര്യത്തിനു മുന്‍പില്‍ അവിടെ ദൈവകരങ്ങളെ കണ്ടതും നാം ഓര്‍ത്തുപോകും. ഇയ്യോബിന്റെ സമ്പത്തും മക്കളും എല്ലാം നഷ്ടപ്പെട്ട രംഗമാണത്. താന്‍ അതുവരെ നേടിയതെല്ലാം പ്രാതികൂല്യത്തിന്റെ കൊടുങ്കാറ്റിനു മുന്‍പില്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഇയ്യോബിനോട് ഭാര്യ തന്നെ പറയുന്നു: ‘നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളക.’ ഇവിടെ ഇയ്യോബിന്റെ മറുപടി ഇങ്ങനെ: ‘ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്റെ കയ്യില്‍ നിന്നു നന്മ കൈക്കൊള്ളുന്നു. തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു'(ഇയ്യോബ് 2:10).

ഇവിടെ സ്വാഭാവികമായും നമുക്കൊരു സംശയം വരാം-ദൈവത്തിന്റെ പക്കല്‍ തിന്മയുണ്ടോ? നന്മയല്ലാത്ത, നമുക്കു തിന്മയായി തോന്നുന്ന ഒരു സാഹചര്യം ദൈവത്തില്‍ നിന്നു വരുമോ? ശരിയാണ്, ദൈവത്തിന്റെ പക്കല്‍ തിന്മയായി, നിഷേധാത്മകമായ (ിലഴമശേ്‌ല) ഒന്നുമില്ല. അവനില്‍ ‘ഉവ്വ്’ എന്നത്രേയുള്ളു (2 കൊരി. 1:19). ‘വെളിച്ചങ്ങളുടെ പിതാവിങ്കല്‍ എല്ലാ നല്ല ദാനവും തികഞ്ഞവരവും’ മാത്രമേയുള്ളു (യാക്കോ.1:17). സാത്താനാണ് ഇയ്യോബിനെ പരീക്ഷിച്ചതും തിന്മയായതെല്ലാം നല്‍കിയതും. എന്നാല്‍ ദൈവം അനുവദിക്കാതെ ഈ പ്രപഞ്ചത്തില്‍ ഒരു ചെറിയ കാര്യംപോലും സംഭവിക്കുന്നില്ലല്ലോ. ആ അര്‍ത്ഥത്തിലാണ് ദൈവത്തിന്റെ പക്കല്‍നിന്ന് തിന്മ കൈക്കൊള്ളരുതോ എന്നു പറഞ്ഞിരിക്കുന്നത് (മീഖ 1:12-ഉം കാണുക). സഭയില്‍ മാത്രമല്ല പ്രപഞ്ചത്തില്‍ എവിടെയും ദൈവാധിപത്യം (Theocracy) ആണു പുലരുന്നത്.

ഈ ദൈവാധിപത്യത്തെക്കുറിച്ച് നമുക്ക് തലച്ചോറില്‍ അറിയാമെങ്കിലും പലപ്പോഴും ജീവിത സാഹചര്യങ്ങളില്‍ അതു കാണുവാനും തിരിച്ചറിയുവാനും കഴിയാതെ നമ്മുടെ വിശ്വാസത്തിന്റെ കാഴ്ച മങ്ങിപ്പോകാം. യേശു ഭൂമിയിലായിരുന്നപ്പോള്‍ ‘ഇത്ര വലിയ വിശ്വാസം’ എന്നു ശ്ലാഘിച്ചതു രണ്ടുപേരുടെ വിശ്വാസത്തെക്കുറിച്ചാണ്. ഒന്ന്: തന്റെ ബാല്യക്കാരന്റെ സൗഖ്യത്തിനായി സമീപിച്ച ശതാധിപന്റെ വിശ്വാസം (മത്തായി 8:10). രണ്ട്: തന്റെ മകളെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ച കനാന്യസ്ത്രീയുടെ വിശ്വാസം (മത്താ. 15:28). ഇതില്‍, അധികാരമുള്ളവന്‍ കല്പിക്കുന്നതിനനുസരിച്ചാണു ചെറുതും വലുതുമായ ഏതുകാര്യവും നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി ശതാധിപന്‍ എവിടെയും ദൈവത്തിന്റെ പരമാധികാരമാണു പുലരുന്നതെന്നു വ്യക്തമാക്കിയപ്പോഴാണ് (മത്താ. 8:9), കര്‍ത്താവ് ‘യിസ്രായേലില്‍ക്കൂടി ഇത്രവലിയ വിശ്വാസം കണ്ടിട്ടില്ല’ എന്നു പറഞ്ഞത്. അതുപോലെ കനാന്യസ്ത്രീ യും ഉടയവന്റെ മേശയില്‍ നിന്നാണു മക്കള്‍ക്കു തൃപ്തി വരുന്നതും ആ മേശയില്‍നിന്നു വീഴുന്ന അപ്പനുറുക്കുകളാണ് നായ്ക്കുട്ടികളുടേയും വിശപ്പടക്കുന്നതും എന്ന് ദൈവത്തിന്റെ പരമാധികാരത്തെ പരാതിയില്ലാതെ അംഗീകരിച്ചപ്പോഴാണ് (മത്താ.15:26,27) യേശു ‘സ്ത്രീയേ നിന്റെ വിശ്വാസം വലിയത്’ എന്ന് അഭിനന്ദിച്ചതെന്ന് ഓര്‍ക്കുക.

ദൈവത്തിന്റെ പരമാധികാരത്തെ ഏതു സാഹചര്യത്തിലും കാണുമ്പോള്‍ ഒരളവില്‍ നാം ദൈവത്തെ തന്നെയാണു കാണുന്നത്. ദൈവത്തെ ദൈവമായി, കാണേണ്ടതുപോലെ കണ്ടാല്‍ നാം നമ്മുടെ സ്വയബലം തകര്‍ന്ന് നുറുങ്ങപ്പെട്ടവരായിത്തീരും. മോശെയുടെ അനുഭവം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനും ശക്തനുമായിരുന്നു (പ്രവൃത്തി 7:22). എന്നാല്‍ മുള്‍പ്പടര്‍പ്പില്‍ ദൈവ പ്രത്യക്ഷത കണ്ടപ്പോള്‍തന്നെ അവന്‍ സ്വയബലം വലിയൊരളവില്‍ തകര്‍ന്നവനായാണു നില്ക്കുന്നത്. ഒരു കാലത്ത് വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിരുന്നവന്‍ ഇപ്പോള്‍ താന്‍ വാക്‌സാമര്‍ത്ഥ്യം ഉള്ളവനല്ലെന്നും കഴിവുള്ളവനല്ലെന്നും ആത്മാര്‍ത്ഥതയോടെ പറയുന്നു (പുറ.4:10,13). ഈ മോശെ പിന്നീടു ദൈവത്തെ മുഖാമുഖമായി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ദൈവം തന്നെ പറയുന്നു: ”ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” (പുറ.33:20).

ദൈവത്തെ ജീവിതസാഹചര്യങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ കണേണ്ടതുപോലെ കണ്ടാല്‍ നാം നുറുങ്ങിപ്പോകും. സ്വയബലം തകര്‍ന്നവരായിത്തീരും-ഈസത്യമാണ് ‘ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല’ എന്ന വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ നിലയില്‍ തകര്‍ക്കപ്പെട്ട ഒരുവന്‍ ഏതു സാഹചര്യത്തിലും ദൈവത്തിന്റെ കരങ്ങള്‍ കാണത്തക്കവണ്ണം ഹൃദയശുദ്ധിയുള്ളവനായിരിക്കും.

‘ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും’ എന്നതു വാസ്തവമാണ്. അതേ സമയം ഇതു തിരിച്ചും പറയാം: ‘ദൈവത്തെ കണ്ടവര്‍ ഹൃദയശുദ്ധിയുള്ളവരാണ്.’ ഇവ പരസ്പര പൂരകങ്ങളാണ്. ദൈവത്തെ കണ്ടവര്‍, നുറുങ്ങിയവര്‍ സ്വയത്തിന്റെ കൂടിച്ചേരലില്ലാത്തവരായി ലോകമൂല്യങ്ങള്‍ നല്‍കുന്ന സ്വയബലത്തിന്റെ കലര്‍പ്പില്ലാത്തവരായി ഹൃദയ ശുദ്ധിയുള്ളവരായിത്തീരും. അവര്‍ ഇങ്ങനെ ഹൃദയശുദ്ധിയുള്ളവരാകുന്തോറും ജീവിതസാഹചര്യങ്ങളില്‍ ദൈവത്തെ കൂടുതല്‍ കാണാന്‍ തുടങ്ങും. ദൈവത്തെ കൂടുതല്‍ കാണുന്തോറും അവര്‍ കൂട്ടുതല്‍ ഹൃദയശുദ്ധിയുള്ളവരാകും… ഇങ്ങനെയിങ്ങനെ ഇതൊരു ചക്രം പോലെ മുന്നോട്ടു പോകുകയാണ്.
ദൈവത്തെയും അവിടുത്തെ പരമാധികാരത്തെയും കൂടുതല്‍ കാണുന്തോറും ഹൃദയശുദ്ധിയുള്ളവരാകുവാനും ഹൃദയശുദ്ധി വര്‍ദ്ധിച്ചു വരുന്തോറും ജീവിത സാഹചര്യങ്ങളില്‍ ദൈവത്തെയും അവിടുത്തെ പരമാധികാരത്തെയും കൂടുതല്‍ കാണുവാനും ദൈവം നമുക്ക് ഇടനല്‍കട്ടെ. അപ്പോള്‍ നാം നെബുഖദ്‌നേസറിനെപ്പോലെ തിരിച്ചറിയും: ‘അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജ്യത്വം തലമുറതലമുറയായുള്ളതും അല്ലോ… അവന്റെ കൈ തടുപ്പാനോ നീ എന്തുചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആര്‍ക്കും കഴിയുകയില്ല’ (ദാനിയേല്‍ 4:34,35). അപ്പോള്‍ നാം സങ്കീര്‍ത്തനക്കാരനെപ്പോലെ മൂന്നുവട്ടം ഏറ്റുപറയും: ‘യഹോവ വാഴുന്നു’, ‘യഹോവ വാഴുന്നു’, ‘യഹോവ വാഴുന്നു’ (സങ്കീ. 93:1, 97:1, 99:1) ആമേന്‍.


അധ്യായം 16 :
‘പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍’


‘യോഹന്നാന്‍ 3:16’നോളം പ്രചാരമുള്ളതല്ല ‘യോഹന്നാന്‍ 1:18.’ എന്നാല്‍ രണ്ടു വാക്യങ്ങളിലും ദൈവത്തിന്റെ ഏകജാതനായ പുത്രനെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. യോഹന്നാന്‍ 3:16 ദൈവം തന്റെ ഏകജാതനായ പുത്രനെ നല്‍കി ലോകത്തെ സ്‌നേഹിച്ചതിനെക്കുറിച്ചു പറയുമ്പോള്‍ യോഹന്നാന്‍ 1:18 പറയുന്നത് ഏകജാതനായ പുത്രന്‍ പിതാവായ ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തിയിരിക്കുന്നു എന്നാണ്.

ഏകജാതനായ പുത്രന്‍, യേശു, ദൈവത്തെ എന്തുകൊണ്ടാണു വെളിപ്പെടുത്തേണ്ടി വന്നതെന്നും യോഹന്നാന്‍ 1:18 വിശദമാക്കുന്നുണ്ട്: ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.”

ആരും ഒരുനാളും കണ്ടിട്ടില്ലാത്ത ദൈവത്തെ ഭാഗികമായി വെളിപ്പെടുത്തിയ പഴയനിയമം, ദൈവത്തെ കര്‍ക്കശക്കാരനും തെറ്റുകളെ കഠിനമായി ശിക്ഷിക്കുന്ന ന്യായാധിപതിയുമായാണു വെളിപ്പെടുത്തിയത്. ഈ ഭയങ്കരനായ ദൈവത്തിന്റെ മുന്‍പില്‍ പഴയനിയമത്തിന്റെ മധ്യസ്ഥനായ മോശെപോലും പറയുന്നത് താന്‍ ‘അത്യന്തം പേടിച്ചു വിറയ്ക്കുന്നു’ എന്നാണ് (എബ്രായര്‍ 12:18-21).

എന്നാല്‍ പുതിയ നിയമത്തിന്റെ മധ്യസ്ഥനായ യേശു വന്നപ്പോള്‍ അവിടുന്നു ദൈവത്തെ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവ്’ എന്നു വെളിപ്പെടുത്തി. സ്‌നേഹവാനായ ഒരു പിതാവായി ദൈവത്തെ ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തിയത് യേശുവാണ്. മാത്രമല്ല, ലോകത്തിലെ ഏതു പിതാവിനെക്കാളും സ്‌നേഹവാനാണ് സ്വര്‍ഗ്ഗീയ പിതാവെന്നും അവിടുന്നു ഭംഗ്യന്തരേണ പറഞ്ഞു. യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ”ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്ര അധികം കൊടുക്കും!” (മത്തായി 7:11). ലോകത്തിലെ ഏറ്റവും സ്‌നേഹസമ്പന്നനായ പിതാവുപോലും നന്മ അധികമായി കൊടുക്കുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ മുമ്പില്‍ ‘ദോഷിയായ പിതാവായി’ മാറുകയാണെന്ന് ഇവിടെ യേശു പറയുകയാണ്. സ്വര്‍ഗ്ഗത്തിലെ പിതാവ് താരതമ്യം ഇല്ലാത്തവിധം ഏറ്റവും സ്‌നേഹസമ്പന്നനാണെന്നും യേശു ഇവിടെ വെളിപ്പെടുത്തുന്നു. ‘പിതാവ്’ എന്ന സംബോധന അല്പം ഔപചാരികമായിപ്പോയെങ്കില്‍ റോമര്‍ എട്ടിലേക്കു വരുമ്പോള്‍ പൗലൊസ് അതിന് ഒരു പുതിയ ഭാഷ്യം നല്‍കുന്നു-അബ്ബാ പിതാവ് (8:15). ഗ്രീക്ക് ഭാഷയില്‍ തന്നെ ‘പിതാവ്’ എന്ന വാക്ക് പൗലൊസ് എഴുതിയപ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ ആരാമ്യ സംസാരഭാഷയില്‍ നിന്നാണ് ‘അപ്പാ’ എന്നതുപോലെ ഒരു വിളിപ്പേര് അദ്ദേഹം കണ്ടെടുത്ത് ഉപയോഗിക്കുന്നത്. ഗലാത്യര്‍ 4:6-ലും ‘അബ്ബാ പിതാവ്’ എന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ച് പൗലൊസ് അതിനു പ്രയോഗ സാധുത നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്.

സ്വര്‍ഗ്ഗത്തിലെ വലിയവനായ ദൈവം നമ്മുടെ ‘അബ്ബ’യാണ് എന്ന തിരിച്ചറിവ് ജീവിതത്തിന് എത്ര വലിയ ഉറപ്പാണു നല്‍കുന്നത്! ത്രിത്വത്തിലെ പിതാവ് നമ്മുടെ അപ്പനാണെങ്കില്‍ മറ്റ് ആളത്വങ്ങളോ? റോമര്‍ 8:15 പിതാവിനെ അബ്ബയെന്നു വെളിപ്പെടുത്തുമ്പോള്‍ ആ അധ്യായത്തില്‍ തന്നെ പുത്രനെ നമ്മുടെ ജ്യേഷ്ഠ സഹോദരനെന്നു പരിചയപ്പെടുത്തുന്നു (8:29). ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവാകട്ടെ നമ്മോടുകൂടിയിരുന്നു നാം ദൈവത്തിന്റെ മക്കള്‍ തന്നെയെന്നു സാക്ഷ്യം പറഞ്ഞ് ഉറപ്പിക്കുന്നു (8:23,16). നോക്കുക: ത്രിത്വം മുഴുവന്‍ നമുക്കുവേണ്ടിയാണ്. നമ്മെ അവിടുന്ന് അനാഥരായി വിടുകയില്ല (യോഹന്നാന്‍ 14:18).

സത്യത്തില്‍ ഈ ബോധ്യം നമുക്കു വലിയ സുരക്ഷിതബോധം നല്‍കേണ്ടതാണ്! എന്നാല്‍ തികഞ്ഞ അരക്ഷിതത്വത്തില്‍ ഓടി നടക്കുന്ന ആളുകളെയാണു നാം ലോകത്ത് എവിടെയും കാണുന്നത്. ഒരു ആംഗലേയ കവിതയിലെ ഈ ആശയം പലരും കേട്ടിട്ടുണ്ടാകും: കവിതയില്‍ മരക്കൊമ്പില്‍ സ്വസ്ഥമായിരിക്കുന്ന രണ്ടു കുരുവികളെയാണു ചിത്രീകരിച്ചിരിക്കുന്നത്. ഈ കൂട്ടത്തിലെ പെണ്‍കുരുവി ആണ്‍കുരുവിയോടു ചോദിക്കുന്നു: ‘നാം എത്ര സ്വസ്ഥമായും സമാധാനമായും മരക്കൊമ്പിലിരുന്നു പാട്ടുപാടുന്നു. എന്നാല്‍ താഴെ മനുഷ്യര്‍ എന്തുമാത്രം തിരക്കിലും അസ്വസ്ഥതയിലുമാണ്! എന്താണ് ഇതിനു കാരണം?’ ആണ്‍കുരുവിയുടെ മറുപടി ഇങ്ങനെ: ‘ഒരുപക്ഷേ നമുക്കുള്ളതുപോലെ ഒരു സ്വര്‍ഗ്ഗീയ പിതാവ് അവര്‍ക്കുണ്ടായിരിക്കുകയില്ല.’
ശരിയല്ലേ?

യേശു പറഞ്ഞു: ‘ഭയപ്പെടേണ്ട; ഏറിയ കുരുകിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍’ (ലൂക്കൊസ് 12:17). ‘ആകാശത്തിലെ പറവകളെ നോക്കുവിന്‍… നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ വിശേഷതയുള്ളവരല്ലോ’ (മത്തായി 6:26). ഈ വചനങ്ങള്‍ നമുക്കു വലിയ ഉറപ്പും സുരക്ഷിതത്വബോധവും നല്‍കട്ടെ!.

ഭാവിയെക്കുറിച്ച് നമുക്ക് ഇതേപോലെ വലിയ ഉറപ്പു നല്‍കുന്ന ഒരു വാക്യമാണ് 1 കൊരിന്ത്യര്‍ 10:13. ” ദൈവം വിശ്വസ്തന്‍. നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.” എന്നാണ് ഈ വചനം നല്‍കുന്ന സുരക്ഷാബോധം.

സ്വര്‍ഗ്ഗീയ പിതാവിനു തന്റെ ഓരോ മകനും മകള്‍ക്കും എത്രത്തോളം സഹിപ്പാന്‍ കഴിയുമെന്നു വ്യക്തമായി അറിയാം. 50 കിലോ ഭാരം വഹിക്കാന്‍ മാത്രം പ്രാപ്തിയുള്ള മകന്റെ തലയില്‍ ഒരു പിതാവും 100 കിലോയുടെ ചാക്കുകെട്ട് എടുത്തുവയ്ക്കുകയില്ലല്ലോ. ”അപ്പനു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെയ്ക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ. നാം പൊടി എന്നു അവന്‍ ഓര്‍ക്കുന്നു.” (സങ്കീ.103:13,14)-ദാവീദ് പാടുകയാണ്. ദാവീദിന് എവിടെ നിന്ന് ഈ ഉറപ്പു ലഭിച്ചു?. ദാവീദിന്റെ മറ്റൊരു സങ്കീര്‍ത്തനം കാണുക: ‘നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു. എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല. ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണ് എന്നെ കണ്ടു. നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു’ (139:13,15,16).

നിങ്ങള്‍ ശ്രദ്ധിച്ചോ? ദാവീദിന്റെ ഉറപ്പ് ഇതാണ്-എന്നെ നിര്‍മ്മിച്ചവന്‍, എന്റെ അമ്മയുടെ ഉദരത്തില്‍ എന്നെ മെടഞ്ഞവന്‍ അവനാണ്. അവന്‍ എന്റെ പ്രകൃതി അറിയുന്നു (He Himself knows my frame). ഞാന്‍ പൊടിയെന്ന് അവന്‍ ഓര്‍ക്കുന്നു. എനിക്കു സഹിപ്പാന്‍ കഴിയുന്നതിലേറെ ഭാരം എന്റെ മേല്‍ വയ്ക്കുകയില്ല. കാരണം, അപ്പനു മകനോടുള്ളതു പോലെയാണ് അവിടുത്തേക്ക് എന്നോടുള്ള കരുണ!

സഹിപ്പാന്‍ കഴിയുന്നതിലേറെ ഭാരം നമ്മുടെമേല്‍ ചുമത്തുകയില്ലെന്നതു വ്യക്തമാക്കാന്‍ യെശയ്യാവിന്റെ പ്രവചനത്തില്‍ നല്‍കുന്ന ഉദാഹരണം മറ്റൊന്നാണ്: ‘കരിംജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല. ജീരകത്തിന്മേല്‍ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല. കരിംജീരകം വടികൊണ്ടും ജീരകം കോല്‍കൊണ്ടും തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്. മെതിക്കയില്‍ ധാന്യം ചതെച്ചു കളയാറുണ്ടോ? അവന്‍ അതിനെ എല്ലായ്‌പ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേല്‍ തെളിക്കയും ചെയ്കയില്ലല്ലോ. അവന്‍ അതിനെ ചതച്ചുകളകയില്ല” (യെശ.28:27,28). നല്ല കര്‍ഷകനു തന്റെ ധാന്യങ്ങളുടെ പ്രകൃതം അറിയാം. ധാന്യം മെതിച്ചെടുക്കേണ്ടത് ആവശ്യം. എന്നാല്‍ ഓരോ ധാന്യവും ഓരോ രീതിയിലാണു ചെടിയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്നത്. മെതിവണ്ടിയുടെ ചക്രങ്ങളും കുതിരകളും അവയുടെ മേല്‍കൂടി കടന്നുപോയാലും ചതഞ്ഞുപോകാത്ത ധാന്യങ്ങള്‍ മാത്രമേ അവ ഉപയോഗിച്ചു മെതിച്ചെടുക്കുന്നുള്ളു. ഇതേസമയം മെതിവണ്ടിയുടെ അടിയില്‍പെട്ടാല്‍ ഞെരിഞ്ഞമര്‍ന്നു പോകുന്ന ജീരകം, കരിംജീരകം പോലുള്ള ദുര്‍ബലമായ വിളകള്‍ അവയ്ക്കു യോജിച്ച രീതിയില്‍, അവയെ ചതച്ചുകളയാത്ത മട്ടിലാണു മെതിച്ചെടുക്കുന്നത്. ജീരകം കോല്‍കൊണ്ടും കരിംജീരകം വടികൊണ്ടും മെല്ലെ തല്ലിക്കൊഴിക്കുകയാണു ചെയ്യുന്നത്. ഉവ്വ്, നല്ല കര്‍ഷകന്‍ തന്റെ ധാന്യങ്ങളുടെ പ്രത്യേകത തിരിച്ചറിഞ്ഞ് അവയ്ക്കു യോജിച്ച രീതിയില്‍ മാത്രമേ പെരുമാറുകയുള്ളു.

യേശു ഒരിക്കല്‍ ശിഷ്യന്മാരെ പടകില്‍ കയറി തനിക്കു മുന്‍പായി അക്കരെക്കു പോകുവാന്‍ നിര്‍ബന്ധിച്ചു. യേശു ഇക്കരെ തങ്ങി മലമുകളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചു. എന്നാല്‍ കാറ്റും കോളും വന്ന് ശിഷ്യന്മാര്‍ പടകു മുങ്ങുമെന്നു ഭയപ്പെട്ടു. അവര്‍ തണ്ടു വലിച്ചു കുഴങ്ങി. എന്നാല്‍ അവരുടെ ദുരിതത്തിന്റെ നാലാംയാമത്തില്‍ യേശു അവരുടെ അവസ്ഥ മനസ്സിലാക്കി കടലിന്മീതെ നടന്ന് അവരുടെ സമീപമെത്തി. കാറ്റു കോളും ശാന്തമാക്കി അവരെ രക്ഷിക്കുന്നു (മത്തായി 14:22-33). നോക്കുക: കടലില്‍ നല്ല പരിചയമുണ്ടായിരുന്ന ശിഷ്യന്മാര്‍ക്ക് നാലാംയാമം വരെ പിടിച്ചുനില്ക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ സഹനത്തിന്റെ നെല്ലിപ്പലകയില്‍ എത്തിയപ്പോള്‍, അവര്‍ക്ക് എത്രത്തോളം സഹിപ്പാന്‍ കഴിയുമെന്ന് അറിയാവുന്ന കര്‍ത്താവ് വന്ന് അവരെ രക്ഷിക്കുന്നു! അവിടുന്നു സഹിപ്പാന്‍ കഴിയുന്നതിലേറെ പരീക്ഷകളിലൂടെ നമ്മെയും കടത്തിവിടുകയില്ല.

മുകളില്‍ പറഞ്ഞ സംഭവത്തിന്റെ ഒടുവില്‍ കര്‍ത്താവിനോടൊപ്പം തിരകള്‍ക്കുമീതെ നടന്ന പത്രൊസിന്റെ അനുഭവവും ശ്രദ്ധിക്കുക. അവനും യേശുവിനോടൊപ്പം കടലിന്‍മീതെ, തിരമാലകളുടെ പരീക്ഷകളെ അതിജീവിച്ച് അല്പദൂരം നടന്നു എന്നതു നേര്. എന്നാല്‍ പത്രൊസിന്റെ ഈ കഴിവിനു പരിമിതിയുണ്ടായിരുന്നു. അവന്‍ ഭയപ്പെട്ടു മുങ്ങാന്‍ തുടങ്ങി. ഉടനെ അവന്‍ ‘കര്‍ത്താവേ എന്നെ രക്ഷിക്കണമേ’ എന്നു നിലവിളിച്ചു. കര്‍ത്താവു കൃത്യസമയത്തു കരം നീട്ടി അവനെ വിടുവിച്ചു. ഉവ്വ്, പത്രൊസിന്റെ കഴിവിനു മീതെ പരീക്ഷിക്കപ്പെടുവാന്‍ കര്‍ത്താവ് അനുവദിച്ചില്ല.

പത്രൊസിനോട് മറ്റൊരു സന്ദര്‍ഭത്തില്‍ ഇക്കാര്യം കര്‍ത്താവു തുറന്നു പറയുന്നുണ്ട്: ”ശീമോനേ, ശീമോനേ, സാത്താന്‍ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്‌പ്പോകാതിരിപ്പാന്‍ നിനക്കുവേണ്ടി അപേക്ഷിച്ചു” (ലൂക്കൊസ് 22:31,32). പത്രൊസിനെ പരീക്ഷയിലൂടെ കടത്തി വിടരുതേ എന്നല്ല കര്‍ത്താവ് ഇവിടെ അപേക്ഷിച്ചത്. മറിച്ച് പരീക്ഷയിലൂടെ കടന്നു പോയാലും (സാത്താന്‍ കോതമ്പുപോലെ പാറ്റിയാലും) പത്രൊസിന്റെ സഹനത്തിലും കവിഞ്ഞ് പരീക്ഷ വരികയും അവന്റെ വിശ്വാസം പൊയ്‌പ്പോകുകയും ചെയ്യാന്‍ ഇടയാകരുത്- പത്രൊസിന്റെ പ്രകൃതം അറിയാവുന്ന കര്‍ത്താവ് അതാണ് അവനുവേണ്ടി അപേക്ഷിച്ചത്. ഈ അപേക്ഷയാണ് പത്രൊസിനെ തീര്‍ത്തും നഷ്ടമായിപ്പോകുന്നതില്‍ നിന്ന് വിടുവിച്ചതെന്ന് അവന്റെ തുടര്‍ന്നുള്ള അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നമുക്കു വ്യക്തമാകും.

പത്രൊസ് പുതിയ നിയമ ഭക്തനായിരുന്നെങ്കില്‍ ഒരു പഴയനിയമ ഭക്തനായിരുന്ന ഇയ്യോബിന്റെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. സാത്താന്‍ ഇയ്യോബിന്റെ ചുറ്റുമുള്ള പല വേലികളും പൊളിക്കുന്നതിന് അനുമതി ചോദിച്ചു; ദൈവം അനുവദിച്ചു (ഇയ്യോബ് 1:11,12; 2: 4,5). എന്നാല്‍ അവനു സഹിപ്പാന്‍ കഴിയുന്നതില്‍ കൂടുതല്‍ പരീക്ഷിപ്പാന്‍ സാത്താന്‍ അനുമതി ചോദിച്ചപ്പോള്‍ ദൈവം അതിന് അനുവദിച്ചില്ല (2:6).

സുഹൃത്തേ, നിങ്ങള്‍ ഇപ്പോള്‍ അതീവ കഠിനമെന്നു തോന്നുന്ന ഒരു പരീക്ഷയിലൂടെ കടന്നു പോകുകയായിരിക്കാം. എന്നാല്‍ ഒരു കാര്യത്തില്‍ മനസ്സ് ഉറപ്പിച്ചുകൊള്ളുക-‘ഇത്രത്തോളം സഹിപ്പാന്‍ എനിക്കു കഴിയും എന്ന് എന്റെ കര്‍ത്താവ് അറിയുകയും അവിടുന്ന് അത് അനുവദിക്കുകയും ചെയ്തതുകൊണ്ടാണ് ഞാന്‍ ഈ പരീക്ഷയിലൂടെ കടന്നുപോകുന്നത്.” എന്നാല്‍ എപ്പോഴെങ്കിലും ഈ പരീക്ഷ സഹിപ്പാന്‍ കഴിയുന്നതിലേറെയായി അനുഭവപ്പെടുമ്പോള്‍, മുങ്ങിത്താഴുമ്പോള്‍, പത്രൊസിനെപ്പോലെ കര്‍ത്താവിനെ നോക്കി നിലവിളിക്കുക”- കര്‍ത്താവേ, എന്നെ രക്ഷിക്കണമേ.” ഉടനെ അവിടുന്നു കരംനീട്ടി നിന്നെ പിടിക്കും, രക്ഷിക്കും (മത്തായി 14:30,31).

പരീക്ഷ സഹിക്കുന്ന മനുഷ്യനെ ‘ഭാഗ്യവാന്‍’ എന്നാണു യാക്കോബ് വിളിക്കുന്നത് (1:12). എന്തുകൊണ്ടാണ് അവന്‍ ഭാഗ്യവാനായിരിക്കുന്നത്? പരീക്ഷയോടു ധനാത്മകമായി (positive) പ്രതികരിച്ചാല്‍ അത് ഒരു വിശ്വാസിക്കു കൂടുതല്‍ താഴ്മയും വിശ്വാസവും ദൈവത്തോടു കൂടുതല്‍ അടുത്ത ബന്ധവും കര്‍ത്താവിന്റെ സ്വഭാവത്തോട് വര്‍ധമാനമായ സാദൃശ്യവും നല്‍കും. ഒടുവില്‍ ‘കൊള്ളാകുന്നവനായി തെളിഞ്ഞശേഷം’ ജീവകിരീടവും ലഭിക്കും! തീര്‍ച്ചയായും പരീക്ഷ ദൈവഹിതാനുസരണം സഹിക്കുന്നവന്‍ ഭാഗ്യവാന്‍ തന്നെയാണ്.

നാം നേരത്തെ ചിന്തിച്ച ഇയ്യോബ്, പത്രൊസ് എന്നിവരുടെ ജീവിതത്തിന്റെ അവസാനഘട്ടം പരിശോധിച്ചാല്‍ പരീക്ഷയുടെ സഹനം അവരെ കൂടുതല്‍ എളിമയും താഴ്മയും വിശ്വാസവും ദൈവത്തോടു കൂടുതല്‍ അടുപ്പവും ഉള്ളവരാക്കി തീര്‍ത്തിട്ടുണ്ടെന്നു കാണാം. സ്വയന്യായീകരണവും പരാതിയും സ്വന്തനീതിയില്‍ പ്രശംസയും ഉള്ളവനായിരുന്നു തുടക്കത്തില്‍ ഇയ്യോബ്. പക്ഷേ കഷ്ടതയുടെ തീച്ചൂളയിലൂടെ കടന്നുപോയി ഊതിക്കാച്ചിയ പൊന്നുപോലെയാണ് ഒടുവിലത്തെ അധ്യായത്തില്‍ എത്തുമ്പോള്‍ ഇയ്യോബ് നില്‍ക്കുന്നത്. ‘ഞാന്‍ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു’ (42:6) എന്നു സത്യസന്ധമായി പറയത്തക്കവണ്ണം താഴ്മയും അനുതാപവും ഉള്ളവനായി മാറുന്നു ഇയ്യോബ്. മാത്രമല്ല, ‘ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ സ്വന്തകണ്ണാല്‍ കാണുന്നു’ (42:5) എന്നു ദൈവത്തോടു പറയത്തക്കവണ്ണം വിശ്വാസവും ദൈവത്തോട് ഒരു പടികൂടി കടന്ന അടുപ്പവും ഇപ്പോള്‍ ഇയ്യോബിനുണ്ട്.

പത്രൊസിന്റെ അനുഭവവും വ്യത്യാസ്തമല്ല. തലക്കനവും സ്വന്തകഴിവിലും തീരുമാനത്തിലും അതിരുകടന്ന വിശ്വാസവും ഉള്ളവനായിരുന്നു ഒരിക്കല്‍ പത്രൊസ്. ‘ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു’ (മത്തായി.19:27) എന്നു സ്വയത്യാഗത്തില്‍ പ്രശംസയുള്ളവനായിരുന്നു അവന്‍. ‘എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല’ എന്ന ആത്മവിശ്വാസത്തിന്റെ ആള്‍രൂപം (മര്‍ക്കൊ.14:29). എന്നാല്‍ ഒടുവില്‍ ‘കര്‍ത്താവേ നീ സകലവും അറിയുന്നു’ (യോഹ.21:17) എന്ന് എളിമയോടെ പറഞ്ഞ് ഒതുങ്ങി നില്‍ക്കുകയാണു പത്രൊസ്. പെന്തക്കോസ്തു നാളിലും തുടര്‍ന്നുള്ള സംഭവങ്ങളിലും പത്രൊസിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവത്തോടുള്ള അടുപ്പം എന്നിവയും ഏറെ പ്രകടമാകുന്നുണ്ട്. ജീവിതത്തിലുണ്ടായ കോതമ്പുപാറ്റുന്നതുപോലെയുള്ള കഠിനമായ പരീക്ഷകളാണു പത്രൊസില്‍ നുറുക്കവും താഴ്മയും വിശ്വാസവും ദൈവത്തോടുള്ള അടുപ്പവും വലിയൊരളവില്‍ സൃഷ്ടിച്ചതെന്നു കാണാം.

പത്രൊസിലാകട്ടെ ഇയ്യോബിലാകട്ടെ പരീക്ഷകള്‍ ക്രിയാത്മകമായ ഒരു പ്രവൃത്തി ചെയ്തു എന്നു പറയുമ്പോള്‍, പരീക്ഷകള്‍ അതില്‍ തന്നെ ഒരുവനെ ദൈവവിഷയമായി സമ്പന്നനാക്കുന്നില്ലെന്ന് ഓര്‍ക്കണം. പരീക്ഷയോടുള്ള പ്രതികരണമാണു നമുക്ക് അതു പ്രയോജനമാകുമോ ഇല്ലയോ എന്നു നിര്‍ണ്ണയിക്കുന്നത്. കഠിനമായ പരീക്ഷകള്‍ ഒരുവനെ സ്വാഭാവികമായും നുറുക്കവും താഴ്മയും ഉള്ളവനാക്കുമെന്നാണു നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍ എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. പരീക്ഷകളുടെ മുന്‍പില്‍ ഹൃദയം കഠിനപ്പെട്ട് ദൈവത്തോടും മനുഷ്യരോടും നീരസവും പരാതിയുമുള്ളവരായി തീരുവാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഒരേതരത്തിലുള്ള പരീക്ഷകളിലൂടെ രണ്ടു വിശ്വാസികള്‍ കടന്നു പോകുമ്പോള്‍ അത് ഒരുവനെ കൂടുതല്‍ ദൈവത്തോട് അടുക്കുവാന്‍ ഇടയാക്കുമ്പോള്‍ മറ്റവനെ ദൈവത്തില്‍ നിന്ന് അകന്നു മാറുവാന്‍ ഇടയാക്കുന്നത്. ഇതു സംബന്ധിച്ച് ഏറെ കേട്ടിട്ടുള്ള ഒരു ഉദാഹരണം ഇങ്ങനെ: സൂര്യന്റെ വെയിലില്‍ നിശ്ചിത സമയം രണ്ടു സാധനങ്ങള്‍-ഐസും, കളിമണ്ണും-വച്ചുവെന്നു സങ്കല്പിക്കുക. വെയിലിന്റെ ചൂടില്‍ ഐസ് ഉരുകിയൊലിക്കും. അതേ സമയം ചൂടു പിടിക്കുമ്പോള്‍ കളിമണ്ണ് കൂടുതല്‍ കട്ടിയാകുകയാണു ചെയ്യുക. ഒരേ പരീക്ഷ. രണ്ടു പേര്‍ക്കു രണ്ടു പ്രതികരണം. നാം പരീക്ഷകളില്‍ വിനയത്തോടെ ദൈവപ്രവൃത്തിയെ കണ്ടാല്‍ അതുമൂലം താഴ്മയിലും വിശ്വാസത്തിലും ദൈവത്തോടുള്ള അടുപ്പത്തിലും ക്രിസ്തു സ്വഭാവത്തോടുള്ള സാദൃശ്യത്തിലും വര്‍ദ്ധിച്ചുവരും.

ഉവ്വ്, ഒടുവിലായിപരീക്ഷകള്‍ നമ്മെ ക്രിസ്തുവിന്റെ സ്വഭാവത്തോട് കൂടുതല്‍ അനുരൂപരാക്കിത്തീര്‍ക്കും. പരീക്ഷകളുള്‍പ്പെടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നമ്മുടെ നിത്യതയിലെ നന്മയ്ക്കായി കര്‍ത്താവു കൂടി വ്യാപരിപ്പിക്കും. അതുമൂലം നാം ക്രിസ്തുവിന്റെ സ്വരൂപത്തോട് നാള്‍ കഴിയുന്തോറും അനുരൂപപ്പെട്ടുകൊണ്ടിരിക്കും (റോമര്‍ 8: 28,29 ചേര്‍ത്തു വായിക്കുക). യേശുവിന്റെ സ്വഭാവത്തോട് നമ്മെ അനുരൂപപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണു ദൈവം ഒരു ദൈവപൈതലിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അനുവദിക്കുന്നത് എന്നത് നാം വേണ്ടതുപോലെ കണ്ടിട്ടുണ്ടോ? ഇതു സംബന്ധിച്ചു കേട്ടിട്ടുള്ള അര്‍ത്ഥവത്തായ ഒരു കഥ ഇങ്ങനെ: സഭയിലെ സഹോദരിമാരുടെ യോഗത്തിലെ ആ ആഴ്ചത്തെ പഠനഭാഗം മലാഖി 3:3 ആയിരുന്നു. ആ വേദഭാഗം ‘അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധി വരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ട് ലേവി പുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കും” എന്നിങ്ങനെ വായിച്ചിട്ട് എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് സഹോദരിമാര്‍ക്കാര്‍ക്കും വേണ്ടതുപോലെ മനസ്സിലായില്ല. ഇതു വെള്ളിയും പൊന്നും ശുദ്ധീകരിക്കുന്ന തട്ടാന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഒരു കാര്യമാണെന്നു മാത്രം അവര്‍ക്കു മനസ്സിലായി. അതുകൊണ്ട് അവര്‍ സമീപത്തുള്ള ഒരു തട്ടാന്റെ ആല സന്ദര്‍ശിച്ചു കാര്യങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ തീരുമാനിച്ചു. അവര്‍ ചെന്നപ്പോള്‍ തട്ടാന്‍ ഒരു പൊന്നിന്റെ കഷണം കൊടിലുകൊണ്ടെടുത്ത് അത് അഗ്നിയുടെ മധ്യത്തില്‍ പിടിച്ച് ചൂടാക്കുകയാണ്. അതു ചൂടായി ഉരുകിത്തുടങ്ങിയപ്പോള്‍ തട്ടാന്‍ ആ പൊന്നിന്‍ കഷണം പൊടുന്നനെ തണുത്തവെള്ളത്തില്‍ മുക്കുന്നു. ഇതു പലവട്ടം ആവര്‍ത്തിച്ചു. ഇത് എന്തിനു വേണ്ടിയാണെന്നു ചോദിച്ചപ്പോള്‍ തന്റെ പ്രവൃത്തിയുടെ പൊരുള്‍ തട്ടാന്‍ ഇങ്ങനെ വിശദീകരിച്ചു: ‘പൊന്നിലുള്ള കീടം നീക്കി അതിനെ ശുദ്ധീകരിക്കാനാണ് അതു ചൂടാക്കി ഉരുക്കുന്നതും പെട്ടെന്നു വെള്ളത്തില്‍ മുക്കുന്നതും കൂടംകൊണ്ട് അടിച്ചു പരത്തുന്നതും. അതുപോലെ പൊന്ന് തീയുടെ മധ്യത്തില്‍ പിടിച്ച് ചൂടാക്കുമ്പോള്‍ എന്റെ കണ്ണ് പൊന്നിന്മേല്‍ തന്നെ ആയിരിക്കും. അത് ഉരുകുമ്പോള്‍ തന്നെ തീയുടെ മധ്യത്തില്‍ നിന്നു മാറ്റണം. അല്ലെങ്കില്‍ അത് ആവശ്യത്തില്‍ കൂടുതല്‍ ഉരുകിയൊലിച്ച് പൊന്നിന്റെ ചില ഭാഗങ്ങള്‍ തീയ്ക്കുള്ളില്‍ വീണു നഷ്ടമാകാം. അതുകൊണ്ട് ആവശ്യത്തിന് ഉരുകുമ്പോള്‍ അതിനെ തീയില്‍ നിന്നു മാറ്റാന്‍ ഞാന്‍ അതിനെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്!!’

ഈ വിശദീകരണത്തില്‍ നിന്നു സഹോദരിമാര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്: ദൈവവും തട്ടാനെപ്പോലെ ഇരുന്നു ശ്രദ്ധയോടെ നമ്മെ പരീക്ഷകളുടെ തീച്ചൂളയുടെ മധ്യത്തില്‍ പിടിക്കുന്നതു നമ്മെ ശുദ്ധീകരിക്കാനാണ്. പൊന്ന് ആവശ്യത്തില്‍ കൂടുതല്‍ ഉരുകിയൊലിച്ച് നഷ്ടമാകാതിരിക്കാന്‍ തട്ടാന്‍ അതിനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതുപോലെ കഷ്ടങ്ങളിലും പരീക്ഷണങ്ങളിലും കൂടി നാം കടന്നുപോകുമ്പോള്‍ ദൈവത്തിന്റെ കണ്ണുകള്‍ സദാ നമ്മുടെ മേലുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ ഒരു നിമിഷംപോലും തട്ടാന്‍ പൊന്നിനെ തീയ്ക്കുള്ളില്‍ പിടിക്കാത്തതുപോലെ, നാം ആവശ്യത്തിനു ശുദ്ധീകരണം പ്രാപിച്ചാല്‍ ദൈവം പൊടുന്നനെ നമ്മെ പരീക്ഷയുടെ തീച്ചൂളയില്‍ നിന്നും മാറ്റും.

ഇത്രയും കാര്യങ്ങള്‍ മനസ്സിലായിക്കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു സംശയം. അതവര്‍ തട്ടാനോടു ചോദിച്ചു: ”ആട്ടെ പൊന്ന് ആവശ്യത്തിന് ഉരുകി, അല്ലെങ്കില്‍ അതു വേണ്ടത്ര ശുദ്ധിയായി എന്നു താങ്കള്‍ എങ്ങനെയാണു തീരുമാനിക്കുന്നത്?”

തട്ടാന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘പൊന്നു വേണ്ടത്ര ശുദ്ധിയായാല്‍ ആ ഉരുകിയ സ്വര്‍ണത്തിന്റെ മേല്‍ അതിലേക്കുറ്റുനോക്കുന്ന എന്റെ മുഖം പ്രതിഫലിച്ചു കാണും. അപ്പോള്‍ എനിക്കു മനസ്സിലാകും പൊന്നു വേണ്ടത്ര ഉരുകി ശുദ്ധിയായെന്ന്!!’

കഥ ഇവിടെ അവസാനിക്കുന്നു; അതിന്റെ ഗുണപാഠം അവശേഷിക്കുന്നു: നാം പരീക്ഷകളുടെ അഗ്നിശോധനയിലൂടെ കടന്നുപോകുമ്പോള്‍ കര്‍ത്താവു നമ്മെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. അവിടുത്തെ മുഖം നമ്മില്‍ പ്രതിഫലിച്ചു കാണുകയാണു തന്റെ ആത്യന്തിക ലക്ഷ്യം.

”അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ നമ്മെ മുന്‍നിയമിച്ചിരിക്കുന്നു.” അതുകൊണ്ട് ”പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.”

ദൈവത്തിന്റെ വഴികള്‍ എത്ര അഗോചരം!


അധ്യായം 17 :
ഗിരിപ്രഭാഷണത്തിന്റെ താക്കോല്‍


മത്തായി അഞ്ചുമുതല്‍ ഏഴുവരെയുള്ള അധ്യായങ്ങളില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഗിരിപ്രഭാഷണം ബൈബിളിന്റെ ഭാഗമാണെന്നും അനുസരിക്കാനുള്ളതാണെന്നും എത്രപേര്‍ ഇന്നു കരുതുന്നു? അത് ‘വേറെ ചിലര്‍ക്ക്,’ ‘മറ്റൊരു കാലഘട്ടത്തില്‍’ മാത്രം, പ്രസക്തമാണെന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ വിശ്വാസികളില്‍ ഏറെയും.

ഇന്നു മാത്രമല്ല പണ്ടും ഗിരിപ്രഭാഷണം പലര്‍ക്കും ഒരു ‘കീറാമുട്ടി’യായിരുന്നു. അതിനോടു വ്യത്യസ്തമായ സമീപനമാണു പലരും പുലര്‍ത്തിയത്. ‘ക്രിസ്ത്വാനുകരണ’ത്തിന്റെ കര്‍ത്താവ് തോമസ് അക്വിനാസ് ഗിരിപ്രഭാഷണത്തിലെ ഉപദേശങ്ങളെ പാലിക്കേണ്ട കല്പനകളെന്നും പാലിക്കാന്‍ ശ്രമിക്കേണ്ട നിര്‍ദ്ദേശങ്ങളെന്നും (ജൃലരലുെേ മിറ രീൗിലെഹ)െ രണ്ടായി തിരിച്ചു. കോപിക്കരുത്, മോഹിക്കരുത് തുടങ്ങിയവയെ കേവലം പാലിക്കാന്‍ ശ്രമിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്ന പട്ടികയിലാണ് അദ്ദേഹം പെടുത്തിയത്.

മാര്‍ട്ടിന്‍ ലൂഥറും ഗിരിപ്രഭാഷണത്തെ രണ്ടായി തിരിച്ചാണു വ്യാഖ്യാനിച്ചത്. ‘ദൈവത്തിനുള്ളതു ദൈവത്തിനും കൈസര്‍ക്കുള്ളതു കൈസര്‍ക്കും’ എന്ന പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഗിരിപ്രഭാഷണത്തിലെ ചില കല്പനകള്‍ ക്രിസ്തുവിന്റെ രാജ്യത്തില്‍ മാത്രമാണു പ്രസക്തം. അവ ഈ ഭൗതികരാജ്യത്തു പാലിക്കേണ്ടതില്ല-അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്ത്യയുഗവാദികള്‍ (Dispensationalists) കര്‍ത്താവിന്റെ മരണപുനരുത്ഥാനത്തിനു ശേഷമാണ് കൃപായുഗം ആരംഭിച്ചതെന്നും അതിനു മുന്‍പുള്ള കാലത്തെ ഗിരിപ്രഭാഷണം ശുദ്ധന്യായപ്രമാണം ആകയാല്‍ നാം അതിന്റെ കര്‍ശനമായ കല്പനകളെ പാലിക്കേണ്ടതില്ല എന്നും പറഞ്ഞുവച്ചു.

ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ നല്‍കുന്ന വ്യാഖ്യാനം മറ്റൊന്നാണ്: ലോകം എത്രയും വേഗം അവസാനിക്കും എന്ന നിലയില്‍ യേശു അന്ത്യകാലത്തിനുവേണ്ടി നല്‍കിയ ‘സൈനിക നിയമങ്ങ’ളാണ് ഗിരിപ്രഭാഷണത്തിലുള്ളത്. എന്നാല്‍ ലോകം ഇതുവരെയും അവസാനിച്ചിട്ടില്ലെന്നതിനാല്‍ ഈ ഉപദേശങ്ങളെ വ്യത്യസ്തമായി വീക്ഷിക്കേണ്ടതാണ്.

നോക്കുക: ഈ അഭിപ്രായങ്ങളൊന്നും ഗിരിപ്രഭാഷണത്തിലെ ഉപദേശങ്ങള്‍ അതേപോലെ ഇന്നും പാലിക്കേണ്ടതാണെന്നതിന് ഊന്നല്‍ കൊടുക്കുന്നില്ല.

എന്നാല്‍ ഗിരിപ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ തന്നെ അനുസരിക്കണം എന്നു പറയുന്നവരും ഉണ്ടായിരുന്നു. സഭാചരിത്രത്തിലെ അനാബാപ്റ്റിസ്റ്റുകാരും ക്വേക്കേഴ്‌സും ഈ നിലയിലുള്ളവരായിരുന്നു.

ആട്ടെ, ഇന്നു ഗിരിപ്രഭാഷണം സംബന്ധിച്ചു നമ്മുടെ നിലപാട് എന്തായിരിക്കണം? ഏതെങ്കിലും ഒരു വ്യാഖ്യാനത്തിന്റെ മറവില്‍, കര്‍ശനമായ ഗിരിപ്രഭാഷണത്തെ ഒഴിഞ്ഞു പോകാനല്ല മറിച്ച് ഇതിനെ സത്യസന്ധതയോടെ അഭിമുഖീകരിക്കാനാണു നാം ശ്രമിക്കേണ്ടത്. ഗിരിപ്രഭാഷണത്തിലെ തന്റെ കല്പനകള്‍ വേറൊരു സാഹചര്യത്തിലോ കാലഘട്ടത്തിലോ ആണു പ്രസക്തം എന്ന ഒരു സൂചനയും യേശു നല്‍കുന്നില്ല. മറിച്ച് ‘ഞാനോ നിങ്ങളോടു പറയുന്നത്’ എന്നു തികഞ്ഞ ആധികാരികതയോടെയാണ് യേശു അവ നല്‍കുന്നത്. ‘ഈ ചെറിയ കല്പനകളില്‍ ഏതെങ്കിലുമൊന്ന് അഴിക്കുന്നതിന്’ എതിരെയും മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടാണ് യേശു ഗിരിപ്രഭാഷണം നിര്‍വഹിച്ചത്. ചുരുക്കത്തില്‍ യേശുവിന്റെ കര്‍ശനവും ഋജുവുമായ ഗിരിപ്രഭാഷണത്തെ വ്യാഖ്യാനിച്ച് അതിനെ മറ്റൊരു കാലഘട്ടത്തിലും വേറെ ചിലര്‍ക്കുമാണു പ്രസക്തം എന്നാക്കിത്തീര്‍ക്കുന്നതു സത്യസന്ധമായ നിലപാടല്ല.

ഇന്നു സുവിശേഷവിഹിത സഭകളോ വിശ്വാസികളോ ഗിരിപ്രഭാഷണം പ്രസക്തമല്ല എന്നു പരസ്യമായി പറയുകയില്ല. എന്നാല്‍ അവയെ അനുസരിക്കാതിരിക്കുകയും അതു ഗൗരവമായി എടുക്കാതിരിക്കുകയും ചെയ്തുകൊണ്ട് അവര്‍ തങ്ങളുടെ ജീവിതത്തിലൂടെ നല്‍കുന്ന സന്ദേശം ഗിരിപ്രഭാഷണം മറ്റാര്‍ക്കു പ്രസക്തമാണെങ്കിലും തങ്ങള്‍ക്കതു ബാധകമല്ല എന്നാണ്.

എന്നാല്‍ ഗിരിപ്രഭാഷണം ഗൗരവമായി എടുക്കുന്ന, സത്യസന്ധനായ ഒരു വിശ്വാസി അതിന്റെ അന്തസ്സത്ത മനസ്സിലാക്കിയില്ലെങ്കില്‍ അതിനു മുമ്പില്‍ പകച്ചു നിന്നു പോകുകയോ നിരന്തരം കുറ്റബോധത്താല്‍ പീഡിപ്പിക്കപ്പെടുകയോ ചെയ്‌തേക്കാം. അതുകൊണ്ട് ഗിരിപ്രഭാഷണത്തിന്റെ പൊരുള്‍ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഗിരിപ്രഭാഷണത്തില്‍ യേശു ചെയ്തത് പഴയനിയമ ന്യായപ്രമാണത്തിന്റെ അന്തസ്സത്തയായ പത്തു കല്പനകള്‍ എടുത്ത് അവയെ കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നു-‘കുല ചെയ്യരുത്… എന്നു പൂര്‍വ്വന്മാരോടു അരുളിച്ചെയ്തത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ… ഞാനോ നിങ്ങളോടു പറയുന്നത് സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും’ എന്നിങ്ങനെ. നോക്കുക: കോപത്തെ കൊലപാതകത്തോടും ദുര്‍മ്മോഹത്തെ വ്യഭിചാരത്തോടും തുല്യമാക്കിയ യേശു കൂടുതല്‍ കര്‍ശനമായ കല്പനകളാണു നല്‍കിയത്. ന്യായപ്രമാണത്തെ നീക്കുവാനല്ല നിവര്‍ത്തിപ്പാനാണു താന്‍ വന്നതെന്ന് അവിടുന്നു തന്നെ പറഞ്ഞല്ലോ.

പഴയനിയമ ന്യായപ്രമാണം ജീവിപ്പിപ്പാന്‍ കഴിയുന്ന ഒരു പ്രമാണമല്ലെന്നു ദൈവവചനം തന്നെ പറയുന്നു (ഗലാ. 3:21). ‘മോഹിക്കരുത്’ എന്ന പത്താമത്തെ കല്പനയുടെ മുന്‍പില്‍ താന്‍ സ്വന്തം ബലഹീനത കണ്ടെത്തിയതിനെക്കുറിച്ചും അതു തന്നെ ഒരു നിലവിളിയിലേക്കു നടത്തിയതിനെക്കുറിച്ചും റോമര്‍ ഏഴാം അധ്യായത്തില്‍ പൗലൊസ് വിവരിക്കുന്നത് ഇതിനോടു കൂട്ടി വായിക്കണം. പഴയനിയമ ന്യായപ്രമാണവും കല്പനകളും പൂര്‍ണമായി പാലിച്ചു ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയുന്നില്ല എന്ന കണ്ടെത്തല്‍ പഴയ നിയമ യെഹൂദനെ വാസ്തവത്തില്‍ ദൈവത്തിന്റെ അടുക്കലേക്കു തന്നെ നയിക്കേണ്ടതായിരുന്നു. ഇതിനു വേണ്ടിയായിരുന്നു ‘ഇതു ചെയ്യുന്നവന്‍ ഇതു മൂലം ജീവിക്കും’ എന്നു പറഞ്ഞ് ദൈവം അവര്‍ക്കു ന്യായപ്രമാണം നല്‍കിയത്. അതു പാലിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട് ദൈവത്തെതന്നെ അവര്‍ ശരണം പ്രാപിക്കണം എന്നതായിരുന്നു കല്പനകള്‍ കൊടുക്കുമ്പോള്‍ യെഹൂദനെ സംബന്ധിച്ച ദൈവത്തിന്റെ ആഗ്രഹം. ശാസ്ത്രിമാരില്‍ ഒരുവനോട് ന്യായപ്രമാണത്തിലെ എല്ലാറ്റിലും മുഖ്യമായ കല്പനയെക്കുറിച്ചു പറയുമ്പോള്‍ ‘പൂര്‍ണ്ണത’ എന്ന വാക്കു നാലുവട്ടം ആവര്‍ത്തിക്കുന്നതു ശ്രദ്ധിക്കുക (മര്‍ക്കൊസ് 12:30). പൂര്‍ണത എന്ന ദൈവത്തിന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ തനിക്കു കഴിയുകയില്ല എന്ന പരിമിതി കണ്ടെത്തി സ്വന്തപ്രവൃത്തിയില്‍ നിന്നു മാറി ദൈവത്തിങ്കലേക്കു തന്നെ അവര്‍ തിരിയുമെന്നായിരുന്നു അവിടുത്തെ പ്രതീക്ഷ. പക്ഷേ യെഹൂദന്മാരില്‍ മിക്കവര്‍ക്കും ആ പ്രമാണം എന്തു ലക്ഷ്യത്തോടെ നല്‍കിയോ (റോമര്‍ 3:20; 4:15; 5:13, 20; 7:7-25) ആ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല (റോമര്‍ 9:31). പകരം അവരില്‍ സത്യസന്ധതയില്ലാത്തവര്‍ തങ്ങള്‍ ബാഹ്യമായി പാലിക്കുന്ന കൃത്യമായ കാര്യങ്ങള്‍ കണ്ട് അതില്‍ തൃപ്തിപ്പെട്ട് വിശുദ്ധരായി സ്വയം മേനി നടിച്ച് പരീശന്മാരായിത്തീര്‍ന്നു. മറുവശത്ത് അവരിലെ സത്യസന്ധരായ ആളുകള്‍, യേശുവിനെ സമീപിച്ച ധനവാനായ ചെറുപ്പക്കാരനെപ്പോലെ തനിക്ക് അതു സാധ്യമല്ലെന്നു തിരിച്ചറിഞ്ഞിട്ടും അക്കാര്യത്തില്‍ ദൈവത്തെ ശരണം പ്രാപിക്കാതെ, കുറ്റബോധത്തിന്റെ തടവുകാരായി ദുഃഖിച്ചു പൊയ്ക്കളഞ്ഞു (മത്തായി 19:22).

വാസ്തവത്തില്‍ ഈ ചെറുപ്പക്കാരന്‍ ദുഃഖിച്ചു പൊയ്ക്കളയാതെ ”കര്‍ത്താവേ, എന്നെക്കൊണ്ടിതു സാധ്യമല്ല. അവിടുന്ന് എന്നെ ഇതിനു ശക്തീകരിക്കണം” എന്നു പറഞ്ഞു കര്‍ത്താവിന്റെ പാദപീഠത്തില്‍ വീണിരുന്നെങ്കില്‍ കര്‍ത്താവ് അവന് അസാധ്യമായതു സാധിപ്പിച്ചു കൊടുക്കുമായിരുന്നു. ആ രംഗത്ത് തുടര്‍ന്ന് ”കര്‍ത്താവേ, ഇങ്ങനെയെങ്കില്‍ ആര്‍ക്കു രക്ഷ പ്രാപിക്കാന്‍ കഴിയും?” എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന്, ”മനുഷ്യര്‍ക്ക് അസാധ്യം തന്നെ. ദൈവത്തിന് അല്ലതാനും. ദൈവത്തിനു സകലവും സാധ്യമല്ലോ” എന്നു വ്യക്തമാക്കുമ്പോള്‍ ദൈവത്തെ ശരണം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് അതു ചെയ്തു കൊടുക്കുമെന്നു തന്നെയല്ലേ യേശു അടിവരയിട്ടു പറയുന്നത്? (മര്‍ക്കൊ. 10:27).

ന്യായപ്രമാണം കര്‍ശനമായിരുന്നെങ്കില്‍, ഗിരിപ്രഭാഷണം കൂടുതല്‍ കര്‍ക്കശമായ ഒരു പ്രമാണമാണെന്നു നാം നേരത്തെ കണ്ടു. അങ്ങനെയെങ്കില്‍ ഇത് ആര്‍ക്കു പാലിക്കുവാന്‍ കഴിയും? ഇതിനുള്ള മറുപടിയും ‘മനുഷ്യനാല്‍ അസാധ്യം, ദൈവത്താല്‍ സാധ്യം’ എന്നു തന്നെ. ഇക്കാര്യത്തെ സ്വന്തജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സത്യസന്ധനായ ഒരു വിശ്വാസി എപ്പോഴും ‘ആത്മാവില്‍ ദാരിദ്ര്യം’ ഉള്ളവനായിരിക്കും. (‘ആത്മാവിലെ ദാരിദ്ര്യം’ എന്നു പറയുന്നത് ദൈവത്തെ എപ്പോഴും ആവശ്യമുള്ള നിസ്സഹായതയാണല്ലോ). ഗിരിപ്രഭാഷണം ആര്‍ക്കും പാലിക്കുവാന്‍ കഴിയുകയില്ല എന്നു മുന്‍കൂര്‍ പ്രഖ്യാപിച്ച് അതിനെ വ്യാഖ്യാനിച്ച്, അനുസരണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന നിലപാടല്ല ഇത്. മറിച്ച് ഗിരിപ്രഭാഷണം ഗൗരവമായി എടുത്ത് ഇതു പാലിക്കാനുള്ള ശ്രമത്തില്‍ ‘മനുഷ്യനാല്‍ അസാധ്യം ദൈവത്താല്‍ സാധ്യം’ എന്നു തിരിച്ചറിഞ്ഞ് എപ്പോഴും ദൈവത്തെ ശരണം പ്രാപിക്കുന്ന ദരിദ്രനായി (ആത്മാവിലെ), അവന്‍ മാറണം. അപ്പോള്‍ ദൈവം അതു ചെയ്തു കൊടുക്കും, അവന്‍ ജയാളിയായിത്തീരും. ഇതാണു ഗിരിപ്രഭാഷണം നല്‍കിയപ്പോള്‍ തന്റെ കുഞ്ഞുങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിച്ചത്. ചുരുക്കത്തില്‍ ആത്മാവിലെ ദാരിദ്ര്യമാണു ഗിരിപ്രഭാഷണത്തിന്റെ പൊരുള്‍.

ഗിരിപ്രഭാഷണത്തിന്റെ പൂട്ടു തുറക്കാനുള്ള ഈ താക്കോല്‍ പ്രഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ യേശു വെളിപ്പെടുത്തി: ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍’ (മത്തായി 5:3). ഗിരിപ്രഭാഷണത്തിന്റെ കര്‍ക്കശ്ശ നിയമങ്ങള്‍ക്കു മുന്‍പില്‍ ജയാളിയാകാനുള്ള മാര്‍ഗം ഇതാണ്: ആത്മാവിലെ ദാരിദ്ര്യം. മനുഷ്യനാല്‍ അസാധ്യം ദൈവത്താല്‍ സാധ്യം എന്ന കണ്ടെത്തല്‍. ബലഹീനതയില്‍ തികഞ്ഞുവരുന്ന ദൈവശക്തിയിലുള്ള ആശ്രയം. അതിലൂടെ കൈവരുന്ന വിജയം. അതെ, അക്ഷരം കൊല്ലും; പക്ഷേ ആത്മാവു ജിവിപ്പിക്കും (2 കൊരി 3:6).