സ്വന്തമല്ലാത്ത കൈകൾ

helping hands

ചൈനയിൽ ഒരു സഹോദരൻ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. യാത്രക്കാർ വളരെ കുറവ്. സഹോദരൻ ബൈബിൾ എടുത്തു വായന തുടങ്ങി. (കമ്യൂണിസം വരുന്നതിനു മുമ്പുള്ള കഥയാണ്) കുറെക്കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷനിൽ നിന്നു മൂന്നു ചെറുപ്പക്കാർ കയറി ഇയാളുടെ അടുത്ത് ഇരുപ്പുറപ്പിച്ചു. ഒരാളുടെ കൈയിൽ ചീട്ടുണ്ട്. സമയം പോക്കാൻ ചീട്ടു കളിക്കണമെന്നുണ്ട് ഇവർക്ക്. പക്ഷേ ഒരു പ്രശ്നം. കളിക്കണമെങ്കിൽ മൂന്നു പേർ പോരല്ലോ. നമ്മുടെ സഹോദരനോട് അവർ ചോദിച്ചു “ഒരു കൈ കൂടുന്നോ?’ എന്ന്. “അതിന് ഞാനെന്റെ കൈകൾ കൊണ്ടുവന്നിട്ടില്ലല്ലോ” എന്നു സഹോദരൻ. ഇതെന്തു കഥ എന്നവർ അത്ഭുതപ്പെടുമ്പോൾ അദ്ദേഹം ഇത്രയും കൂടി പറഞ്ഞു “എന്റെ കൈയും കാലുമെല്ലാം ഞാനൊരാൾക്ക് കൊടുത്തിരിക്കുകയാണ്. അതു കൊണ്ട് എന്റെ ഇഷ്ടം അനുസരിച്ച് എനിക്കത് ഉപയോഗിക്കുവാൻ സാധ്യമല്ല.” തുടർന്ന് സഹോദരൻ ക്രിസ്തുവിന്റെ ക്രൂശുമരണത്തിൽ താനും പങ്കാളിയാണെന്നും, യഥാർത്ഥത്തിൽ താൻ ജീവിച്ചിരിപ്പില്ലെന്നും, ജീവിക്കുന്നുണ്ടെങ്കിൽ തനിക്കുവേണ്ടി മരിച്ച ക്രിസ്തുവിനായി ജീവിക്കുന്നുവെന്നും മറ്റും അവരോടു വിവരിച്ചു. ഏതോ വിചിത്രജീവിയെ കണ്ടതു പോലെ അവർ മൂന്നുപേരും ദൈവദാസനെ അത്ഭുതത്തോടെ നോക്കിയിരുന്നു.. ചീട്ടു കളിക്കാനുള്ള ആവേശം ഇല്ലാതായി.

“നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമർപ്പിപ്പിൻ” (റോമർ 6: 19)

“ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു.” (ഗലാത്യർ 2:20)

What’s New?