ഒരു മനുഷ്യനിലുള്ള അഭിഷേകവും ദൈവ കൃപയും ശ്രദ്ധിക്കുക – WFTW 19 മെയ്‌ 2013

സാക് പുന്നന്‍

ശൌൽ ദാവീദിനെ പീഡിപ്പിച്ചു കൊണ്ടിരുന്ന സമയത്ത് ദാവീദിനോടു കൂടെ നിന്നവരെ കുറിച്ച് 1.ദിനവൃത്താന്തം അദ്ധ്യായം 12 ൽ നാം വായിക്കുന്നു. ദാവീദ് രാജാവായതിന് ശേഷം അവനോടുകൂടെ നില്ക്കുകയെന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാൽ ഇവിടെ ദാവീദ് തിരസ്കരിക്കപ്പെടുകയും അവൻറെ ജീവൻ വേട്ടയാടപ്പെടുകയും ചെയ്ത സമയത്ത് അവനോടുകൂടെ നിന്ന ചില ആളുകളെ കുറിച്ചാണ് വായിക്കുന്നത്. ദൈവത്തോടൊപ്പം സമ്പൂർണ്ണമായി ജീവിക്കുകയെന്നത് സ്വർഗ്ഗത്തിൽ എളുപ്പമാണ്, എന്നാൽ അവിടുന്ന് തിരസ്കരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത ഈ ലോകത്തിൽ അവിടുത്തോടൊപ്പം സമ്പൂർണ്ണമായി ജീവിക്കുകയെന്നത് തികച്ചും വ്യത്യസ്തമായൊരു കാര്യമാണ്. വളരെ പ്രസിദ്ധവും ജനപ്രീതിയുള്ളതും ആയ ഒരു സഭയിൽ ചേരുന്നതും അതുപോലെതന്നെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ നിന്ദിക്കപ്പെടുന്ന ഒരു സഭയിൽ ചെരുകയെന്നത് തികച്ചും മറെറാരു കാര്യമാണ്. കാരണം അവിടെ അഭിഷേകമുണ്ട്.

പിന്നീട് ദാവീദിൻറെ സൈന്യത്തിൽ സേനാനായകരായവരെല്ലാം ദാവീദ് ശൌലിനാൽ പീഡിപ്പിക്കപ്പെടുകയും യിസ്രായേലിൽനിന്നു തിരസ്കരിക്കപ്പെടുകയും ചെയ്ത സമയത്ത് അവനോടുകൂടെ ഉണ്ടായിരുന്നവരാണ്. നമ്മുടെ ഈ കാലഘട്ടത്തിലും ഇതിനു സമാനമായ ചിലത് നാം കാണുന്നുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് ദൈവം ഒരു മനുഷ്യനെ തൻറെ വേലക്കായി ഉയർത്തുന്നു. എന്നാൽ വളരെ കുറച്ചു പേര്ക്ക് മാത്രമേ  ആ മനുഷ്യൻറെ മേലും അവൻറെ ശുശ്രൂഷയുടെമേലും ഉള്ള ദൈവീക അഭിഷേകത്തെ കാണാനുള്ള കണ്ണുണ്ടാകുന്നുള്ളൂ. അങ്ങനെയുള്ള ചുരുക്കം പേർ അയാളോടൊത്ത് ചേരും. “ശൌലോ” മറ്റാരെങ്കിലുമോ എതിർക്കുന്നതിനെ അവർ കാര്യമാക്കുന്നില്ല. അങ്ങനെ അവർ തങ്ങളുടെ തലമുറയിൽ ദൈവത്തിനായി നിത്യതയിൽ വിലപ്പെട്ട ഒരു വേല ചെയ്യുന്നു. ഈ നാളുകളിൽ ദൈവത്തിൻറെ അഭിഷേകം എവിടെയാണുള്ളതെന്നു തിരിച്ചറിയുവാൻ നമ്മുടെ ഇന്ദ്രിയങ്ങളെ നാം പരിശീലിപ്പിക്കണം.

ഒരു യഥാർത്ഥ ദൈവ ദാസൻ ഒരിക്കലും അത്ര ജനപ്രീതിയുള്ളവനായിരിക്കയില്ല. തൻറെ യജമാനനും അതുപോലെ ആയിരുന്നുവല്ലോ. യേശു പറഞ്ഞു,”എല്ലാവരും നിങ്ങളെ പുകഴ്ത്തി പറയുമ്പോൾ നിങ്ങൾക്ക്  ഹാ! കഷ്ടം! അവരുടെ പൂർവ്വ പിതാക്കന്മാരോട് അങ്ങനെ തന്നെ ചെയ്തിട്ടുണ്ടല്ലോ. എന്നാൽ മനുഷ്യർ നിങ്ങളെ  വെറുത്ത്  ഭ്രുഷ്ടരാക്കി അപമാനിച്ച്  പേര് ദോഷമുള്ളതായി തള്ളിക്കളയുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ” (ലൂക്കോ. 6:26,22). വളരെ കുറച്ചുപേർ മാത്രമേ  വസ്തുത മനസ്സിലാക്കിയിട്ടുള്ളൂ. ഒരു യഥാർത്ഥ പ്രവാചകനെ തൻറെ ജീവിതകാലത്തിൽ ഒരിക്കലും ആരും തിരിച്ചറിയുകയോ, വിലമതിക്കുകയൊ ചെയ്യുന്നില്ല.

യഥാർത്ഥ അപ്പോസ്തോലന്മാർ തന്നെ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തവരായിരുന്നു എന്നാണ് സഭാ ചരിത്രംതന്നെ കാണിക്കുന്നത്. കൊരിന്ത്യയിലെ വിശ്വാസികളാൽ പൗലോസ്‌ തിരസ്ക്കരിക്കപ്പെട്ടു. 2.തിമോ.1:15 ൽ അദ്ദേഹം ഇങ്ങനെ പറയുന്നു,” ആസ്യയിലുള്ള എല്ലാവരും എന്നെ ഉപേക്ഷിച്ച്  പൊയ്ക്കളഞ്ഞു”. പൗലോസ്‌ തൻറെ ജീവാവസാനം വരെയും ദൈവത്തോട് സത്യസന്ധത ഉള്ളവനായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ സഹ വിശ്വാസികളിൽ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. യേശുവും തൻറെ പിതാവിനോട് സത്യസന്ധത ഉള്ളവനായിരുന്നു, അനേകർ യേശുവിനെയും വിട്ടു പോയി.

ചില ബെന്യാമീന്യർ ദാവീദിനെ ഗുഹയിൽ കാണുവാൻ ചെന്നു (12:16). ദാവീദ് അവരെ കണ്ടപ്പോൾ പറഞ്ഞു,”നിങ്ങൾ സൗഹൃദപൂർവ്വമാണ്‌ വന്നിരിക്കുന്നതെങ്കിൽ എൻറെ ഹൃദയം നിങ്ങളോട് കൂടെയിരിക്കും, മറിച്ച് എന്നെ എൻറെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുവാനാണ് വന്നിരിക്കുന്നതെങ്കിൽ എൻറെ മനസ്സാക്ഷി ശുദ്ധമായിരിക്കും ദൈവം നിങ്ങളെ ശിക്ഷിക്കട്ടെ.” നാം വളരെ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം ഇന്നും നമ്മുടെ സ്നേഹിതരെന്ന ഭാവത്തിൽ നമ്മുടെ അടുക്കലേക്ക്‌ വരുന്ന ചിലരുണ്ട്. എന്നാൽ നമ്മുടെ മനസ്സാക്ഷി ശുദ്ധമാണെങ്കിൽ ദൈവം അവരെ കൈകാര്യം ചെയ്തുകൊള്ളും.

എന്നാൽ അമാസായിയുടെ മഹത്തായ മാതൃക നോക്കുക “അപ്പോൾ മുപ്പതുപേർക്ക് തലവനായ അമാസായിയുടെ മേൽ ആത്മാവ് വ്യാപരിച്ചു. അവൻ ഇപ്രകാരം വിളിച്ചു പറഞ്ഞു,” ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യീശായീയുടെ  പുത്രാ ഞങ്ങൾ നിന്നോടുകൂടെ. സമാധാനം, നിനക്ക് സമാധാനം. നിന്നെ സഹായിക്കുന്നവർക്കും സമാധാനം എന്തെന്നാൽ നിൻറെ ദൈവം നിന്നെ തുണയ്ക്കും. അപ്പോൾ ദാവീദ് അവനെ സ്വീകരിച്ചു. തൻറെ സൈന്യത്തിലെ ചാവേർ സംഘങ്ങൾക്ക് അവരെ നായകന്മാരാക്കി” (12:18).

ക്രിസ്തീയ സംഘടിത മത സംവിധാനത്തിനെതിരെ നിന്ന എല്ലാ യഥാർത്ഥ ദൈവഭക്തന്മാരായ മനുഷ്യർക്കും പീഡനമേൽക്കേണ്ടി വന്നിട്ടുണ്ട് എന്ന കാര്യം സഭാചരിത്രം വായിച്ചാൽ  നമുക്ക്  മനസ്സിലാകും.

റോമൻ കത്തോലിക്കാ സംവിധാനം മാർട്ടിൻ ലൂഥറിനെ എങ്ങനെ പീഡിപ്പിച്ചുവെന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ഒരു പക്ഷെ ജോണ്‍ കാൾവിനെകുറിച്ചും കേട്ടിരിക്കും. എന്നാൽ ആ കാലഘട്ടത്തിൽ “അനബാപ്റ്റിസ്റ്റുകൾ” എന്ന പേരിൽ ദൈവത്തെ മുഴുഹൃദയത്തോടെ വിശ്വസിച്ചിരുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു. റോമൻ കത്തോലിക്കർ മാത്രമല്ല, മാർടിൻ ലൂഥറിന്റെയും ജോണ്‍ കാൾവിന്റെയും അനുയായികളും അവരെ പീഡിപ്പിച്ചു. ലോകത്തിൻറെ ആത്മാവോട് പൂർണ്ണമായി വേർപെട്ട് ദൈവഭക്തിയിൽ ജീവിച്ച ആളുകളായിരുന്നു ഈ അനബാപ്റ്റിസ്റ്റുകൾ. അവർ വനങ്ങളിലാണ് കൂടിവന്നിരുന്നത്. അവരുടെ നേതാക്കന്മാർ പലരും കൊല്ലപ്പെട്ടു. സഭാചരിത്രം അവരെക്കുറിച്ച് അത്രയൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഒരുനാൾ യേശു മടങ്ങി വരുമ്പോൾ നാം അറിയും ഈ ആളുകളായിരുന്നു പൂർണ്ണ ഹൃദയത്തോടെ ദൈവത്തിനായി അവരുടെ കാലഘട്ടത്തിൽ നിന്നവർ എന്ന കാര്യം. ഇത് ഈ കാലഘട്ടത്തിലും സത്യമായിരിക്കുന്നു.

ഒരു മനുഷ്യനിലുള്ള ദൈവീക അഭിഷേകം ശ്രദ്ധിക്കുക, അല്ലാതെ അമാനുഷീക കഴിവുകളിലല്ല (സാത്താനും അമാനുഷീക കഴിവുകളുണ്ട്.). ഒരു മനുഷ്യനോടൊത്തു ദൈവമുണ്ടെന്നതിന്റെ തെളിവ് അവന്റെ മേലുള്ള അഭിഷേകവും ദൈവകൃപയുമാണ്. ദൈവം ഒരു മനുഷ്യനെ അംഗീകരിച്ചാൽ നമ്മളും ആ മനുഷ്യനെ അംഗീകരിക്കുന്നതാണ് നല്ലത്. അമാസായിക്ക് അത്രത്തോളം തിരിച്ചറിവുണ്ടായിരുന്നു.

ദാവീദിൻറെ മറ്റൊരു സ്വഭാവഗുണം ശ്രദ്ധിക്കുക (13:1 ൽ) “ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും അങ്ങനെ തൻറെ അധിപതിമാരിൽ ഓരോരുത്തരോടും കൂടിയാലോചിച്ചു”. ഒരു യഥാർത്ഥ ദൈവഭക്തനായ മനുഷ്യൻ മറ്റുള്ളവരോടൊത്ത് കൂട്ടായ്മയിലാണ് പ്രവർത്തിക്കുന്നത്. ദാവീദിന് ജനങ്ങളിൽനിന്നും ശക്തമായ പിന്തുണ ലഭിക്കാനുള്ള ഒരു കാരണം അവൻ എല്ലാ കാര്യങ്ങളും അവനുമായി ആലോചിച്ചു എന്നതാണ്. “ഞാനൊരു ബലഹീനനായ മനുഷ്യനാണ്. എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണം. ഇതിനെക്കുറിച്ച്‌ നിങ്ങൾ എന്തു പറയുന്നു”. ഇതായിരുന്നു ദാവീദിൻറെ മനോഭാവം. തന്നെക്കാൾ പ്രായം കുറഞ്ഞവരുൾപ്പടെയുള്ളവരുമായി അദ്ദേഹം കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. 13 ൻറെ വാക്യം 4 ൽ നാം ഇങ്ങനെ വായിക്കുന്നു “ജനങ്ങൾക്കെല്ലാം അത് ശരിയെന്നു തോന്നി, ആ സഭ ഒന്നടങ്കം അപ്രകാരം ചെയ്യുവാൻ സമ്മതിച്ചു”.

   

What’s New?


Top Posts