ലക്ഷ്യ കേന്ദ്രം – WFTW 12 മെയ്‌ 2013

red and brass dart pin on dartboard

സാക് പുന്നന്‍

  

1 കോരി. 9:26 ൽ  പൗലോസ്  പറയുന്നത്  താൻ ചെയ്യുന്ന കാര്യത്തെക്കുറിച്ച് തനിക്കു വളരെ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ്. ലക്ഷ്യമില്ലാതെയല്ല അദ്ദേഹം പോരാടുകയും ഓടുകയും ചെയ്യുന്നത്. വ്യക്തമായ ഒരു ലക്ഷ്യത്തിലേക്കാണ് ഓടുന്നത്. കൃത്യമായ ലക്ഷ്യത്തിലേക്കാണ് അദ്ദേഹം ഉന്നം വയ്ക്കുന്നത്. മിലിട്ടറി അക്കാദമിയിൽ ഞങ്ങളെ റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുവാൻ പഠിപ്പിച്ച ദിവസങ്ങൾ ഞാൻ ഓർക്കുന്നു .എല്ലാവരും കൈകളിൽ റൈഫിളും പിടിച്ചുകൊണ്ട് നിലത്തു കിടക്കുന്നു. ഓരോരുത്തരുടെയും മുൻപിൽ കുറച്ചകലെയായി ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തിയ ഒരു ബോർഡ് വച്ചിരിക്കും. ആ ഒരേ കേന്ദ്രമുള്ള പല വൃത്തങ്ങൾ വരച്ചിട്ടുണ്ട്. അവയ്ക്ക് മദ്ധ്യത്തിലുള്ള ഒരു ബിന്ദുവിനെ  “ബുൾസ് ഐ” എന്ന് വിളിക്കുന്നു. അതാണ്‌ ലക്ഷ്യകേന്ദ്രം.ഞങ്ങൾ വെടിവെച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ ഉന്നം ഒട്ടും കൃത്യത ഉള്ളതായിരുന്നില്ല. ഞങ്ങളിൽ ചിലരുടെ വെടി അടുത്തയാളുടെ ബോർഡിലായിരിക്കും കൊള്ളുന്നത്. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും അവരവരുടെ ലക്ഷ്യകേന്ദ്രത്തിൽ തന്നെ വെടി കൊള്ളിക്കുവാൻ പഠിച്ചു.

പല ക്രിസ്ത്യാനികളുടെയും കാര്യം ഇങ്ങനെയാണ്. അവർ സ്വന്ത ലക്ഷ്യത്തിലേക്കല്ല മറ്റുള്ളവരുടെ ലക്ഷ്യത്തിലേക്കാണ് വെടി കൊള്ളിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ വലിയ തിരക്കുള്ളവരായിരിക്കും അവർ. എന്നാൽ അവർ തങ്ങളുടെ സ്വന്ത രക്ഷയ്ക്കായി പ്രവർത്തിച്ചിരുന്നെങ്കിൽ ക്രമേണ തങ്ങളുടെ സ്വന്ത ലക്ഷ്യം കണ്ട് ഒടുവിൽ ബുൾസ് ഐ തന്നെ തകർക്കുവാൻ പഠിക്കുമായിരുന്നു. അപ്പോൾ അവരുടെ ലക്ഷ്യം തികവുള്ളതായി തീരും. പൗലോസിന്റെ ലക്ഷ്യം തികഞ്ഞ കൃത്യതയുള്ളതായിരുന്നു. അദ്ദേഹം മറ്റുള്ളവരെ വിധിച്ചില്ല. പകരം തന്നെത്തന്നെ വിധിച്ച് തൻറെ ശരീരത്തെ പിടിച്ചടക്കി. അങ്ങനെ നല്ല പോരാട്ടം പൊരുതി ഓട്ടം തികച്ചു.

   നമ്മുടെ നാവും നമ്മുടെ കണ്ണും വളരെ അച്ചടക്കം ആവശ്യമുള്ള നമ്മുടെ ശരീരത്തിലെ രണ്ടു അവയവങ്ങളാണ്.

അവിശ്വാസികളോട് അവരുടെ ഹൃദയം ദൈവത്തിനു കൊടുക്കാൻ നാം ആവശ്യപ്പെടാറുണ്ട്. എന്നാൽ ദൈവം നമ്മോട് ചോദിക്കുന്നത് മുഴുശരീരവുമാണ് (റോമർ 12:1). പ്രത്യേകിച്ച് അവിടുന്ന് നമ്മുടെ കണ്ണുകളെയും നാവിനെയും ചോദിക്കുന്നു. ഇവ രണ്ടും എല്ലാ സമയവും അവിടുത്തെക്കായി നൽകിയില്ലെങ്കിൽ നാം ദൈവത്തിൻറെ കെട്ടപ്പെട്ട അടിമയാണെന്നോ ക്രിസ്തുവിൻറെ വക്താവാണെന്നോ കരുതുവാൻ കഴിയുകയില്ല. എന്ന് മാത്രമല്ല, അന്തിമാനാളിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവനായി നില്ക്കുവാനും കഴിയുകയില്ല.

വീട്ടിലായിരിക്കുംപോഴും ബസ്സിൽ യാത്രചെയ്യുംപോഴും റോഡിലൂടെ നടക്കുമ്പോഴും നമ്മുടെ ജോലി സ്ഥലത്തും അങ്ങനെ എല്ലായിടത്തും നമ്മുടെ കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ ദൈവ ദൂതന്മാരെപോലെ പ്രസംഗിച്ചാലും അന്തിമ നാളിൽ ദൈവ മുമ്പാകെ അയോഗ്യരാക്കപ്പെടും. നൂറ്റാണ്ടുകളായി പല ദൈവദാസന്മാരും വീണു പോകാനുള്ള കാരണം അവർ അവരുടെ കണ്ണുകളെ നിയന്ത്രിച്ചില്ലായെന്നതാണ്. സുന്ദരികളായ പെണ്‍കുട്ടികളെ നോക്കുന്നതിനു അലഞ്ഞു നടക്കുവാൻ അവരുടെ കണ്ണുകളെ അവർ അനുവദിച്ചു. ഒടുവില അവർ പാപത്തിൽ വീണു. ഒരു സ്ത്രീയെ മോഹിക്കുന്നില്ലായെന്നു പറഞ്ഞാൽ മാത്രം പോരാ ആത്മീയ ദാരിദ്ര്യം വരാതിരിക്കുവാൻ സ്ത്രീയുടെ സൗന്ദര്യത്തെ അഭിനന്ദിക്കുക പോലും ചെയ്യരുതെന്നാണ് ദൈവവചനം മുന്നറിയിപ്പ് നല്കുന്നത് (സദൃ. വാ. 6:25,26). അപ്പോൾ എത്ര ശ്രദ്ധയുള്ളവരായിരിക്കണം നമ്മൾ.

 അതേപോലെ തന്നെ നമ്മുടെ നാവിനെ കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കണം. സാത്താന്റെ ഉപയോഗത്തിന് തൻറെ നാവിനെ വിട്ടുകൊടുക്കുന്ന ഒരുവൻറെ നാവിനെ തൻറെ വചനം പ്രസംഗിക്കുവാൻ ദൈവം ഉപയോഗിക്കുകയില്ല. ദൈവം യിരമ്യാവിനോട് പറഞ്ഞു; “നീ അധമമായത് തള്ളി ഉൽകൃഷ്ടമായത് സംസാരിച്ചാൽ നീ എൻറെ വക്താവായിതീരും” (യിരെ. 15:19). നല്ല ഹൃദയത്തിൽ നിന്ന് വരാത്തതൊന്നും നാം ഒരിക്കലും സംസാരിക്കരുത്. നാം ഈ കാര്യത്തിൽ വളരെ ബാലഹീനരാകയാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മോടുതന്നെ ഒട്ടും ദയയില്ലാതെയിരുന്നാൽ മാത്രമേ നമ്മുടെ നാവിനെ അച്ചടക്കത്തിലാക്കുവാൻസാധിക്കൂ.

ഇന്ത്യയിൽ തൻറെ പ്രവാചകന്മാരാക്കുവാൻ പദ്ധതിയിട്ട് ദൈവം അനേകം ചെറുപ്പക്കാരെ വിളിച്ചിട്ടുണ്ടാകും എന്നെനിക്കുറപ്പുണ്ട്. എന്നാൽ അവർ പ്രവാചകന്മാരായില്ല. കാരണം അവർ തങ്ങളുടെ കണ്ണുകളെയും നാവിനെയും അച്ചടക്കത്തോടെ സൂക്ഷിക്കുവാൻ ശ്രദ്ധിച്ചില്ല. അവരുടെ സരീരങ്ങളെ അവർ അടക്കി വാണില്ല.

 ക്രിസ്തുവിൻറെ ശരീരത്തിലെ അവയവങ്ങളായിട്ടാണല്ലോ നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാല അത് ക്രിസ്തുവെന്ന തലയുമായി വളരെ അടുപ്പത്തിലും ആഴത്തിലും ഉള്ള ഒരു ബന്ധത്തെയാണ് കാണിക്കുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങൾ തലച്ചോറുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെ തൻറെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും തൻറെ പിതാവിനുമാത്രമായി യേശു ലഭ്യമാക്കിയിരുന്നു. റോമർ.15:3 ൽ അവിടുന്നൊരിക്കലും തന്നെത്തന്നെ പ്രസാദിപ്പിച്ചില്ലയെന്ന്  എഴുതിയിരിക്കുന്നുവല്ലോ. തൻറെ സ്വന്തം സുഖത്തിനായി തൻറെ നാവിനെയോ കണ്ണുകളെയോ അവിടുന്ന് ഉപയോഗിച്ചില്ല. തനിക്കു നോക്കണമെന്ന് തോന്നിയിടത്തെയ്ക്കെല്ലാം അവിടുന്ന് നോക്കിയില്ല. തനിക്കു പറയണമെന്ന് തോന്നിയതെല്ലാം അവിടുന്ന് പറഞ്ഞില്ല. എപ്പോഴും തൻറെ പിതാവിനെ പ്രസാദിപ്പിക്കുവാനാണ് അവിടുന്ന് ശ്രമിച്ചത്‌. അങ്ങനെ ഒരു കുറ്റവുമില്ലാതെ തൻറെ ശരീരത്തെ പിതാവിന് ഏല്പ്പിച്ചു. അതിനാൽ അവിടുന്ന് ഈ ഭൂമിയിൽ പിതാവിൻറെ തികഞ്ഞ വക്താവായിതീർന്നു (എബ്രായർ.9:14). അവിടുത്തെ ആത്മീയ ശരീരത്തിലെ അവയവങ്ങൾ എന്ന നിലയിൽ അങ്ങനെയാണ് നാമും ജീവിക്കേണ്ടത്.

മുഴുഹൃദയത്തോടെ യേശുവിൻറെ ശിഷ്യനാകണമെങ്കിൽ ഒരു കുറവുമില്ലാതെ ദൈവത്തിനു നമ്മളെ സമർപ്പിക്കണമെന്ന തീവ്രമായ ആഗ്രഹം നമ്മുടെ ഉള്ളിലുണ്ടാകണം.

         ക്രിസ്തുവിൻറെ ശരീരമെന്നവണ്ണം സഭ പണിയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങളുടെ ശരീരങ്ങളെ പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ചിട്ടുള്ളവരെയും തങ്ങളുടെ ശരീരങ്ങളെ അടിമയാക്കുവാൻ വാസ്തവത്തിൽ ഉത്സാഹമുള്ളവരെയും ഒരുമിച്ച് കൂട്ടണം.

       ലക്ഷ്യകേന്ദ്രത്തിൽ എത്താൻ കഴിയാത്ത ഓരോ സന്ദർഭത്തിലും നമ്മുടെ പരാജയത്തെ ഓർത്ത്‌ നാം ദു:ഖിക്കണം.നമ്മുടെ കണ്ണുകൾ പൂർണ്ണ ശുദ്ധി പ്രാപിച്ചിട്ടില്ലെങ്കിൽ ദു:ഖിക്കണം.നമ്മുടെ നാവ് സംസാരിക്കുന്നത് നന്മ നിറഞ്ഞതല്ലെങ്കിൽ നാം ദു:ഖിക്കണം