നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു – WFTW 18 ജൂൺ 2017

സാക് പുന്നന്‍

   Read PDF version

ഉല്‍പത്തി 22ാം അദ്ധ്യായം 12ാം വാക്യത്തില്‍, വേദപുസ്തകത്തില്‍ ആദ്യമായി ‘ നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു’ എന്ന് ദൈവം ഒരു മനു ഷ്യനെക്കുറിച്ച് സാക്ഷ്യം പറയുന്നതായി, നാം വായിക്കുന്നു. അത് അബ്രാഹാം യിസ് ഹാക്കിനെ യാഗം കഴിച്ചപ്പോഴായിരുന്നു. ഈ സമയത്ത് അബ്രാഹാമിന് ഏതാണ്ട് 125 വയസ് ഉണ്ടായിരുന്നു, അപ്പോഴാണ് ദൈവം വീണ്ടും അബ്രാഹാമിനെ ശോധന ചെയ്തത്. അബ്രാഹാം തുടക്കത്തിലെ പോലെതന്നെ ഇപ്പോഴും ദൈവത്തെ പരമപ്രധാനമായി സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയുവാനായിരുന്നു ഈ തവണ അതു ചെയ്തത്. ദൈവം അദ്ദേഹത്തോട് അരുളി ചെയ്തു. ‘ നിന്റെ മകന്‍ യിസ്ഹാക്കിനെ യാഗം കഴിക്കുക. നാളെ രാവിലെ അതു ചെയ്യണമെന്നല്ല ഞാന്‍ നിന്നോടാവശ്യപ്പെടുന്നത്. അല്ല. അത് മൂന്നുദിവസത്തെ വഴി ദൂരെയുളള മോറിയാമലയില്‍ പോയി അത് നിവര്‍ത്തിക്കുക. അതിനെക്കുറിച്ച് ആലോചിക്കാനായി ആ മൂന്നു ദിവസങ്ങള്‍ നിനക്കെടുക്കാം’. ഒരു കാര്യവും തിടുക്കത്തില്‍ ചെയ്യുവാന്‍ ദൈവം ഒരിക്കലും നമ്മോടാവശ്യപ്പെടുന്നില്ല. അബ്രഹാം മൂന്നു ദിവസത്തെ വഴി നടന്ന് അതിന് കൊടുക്കേണ്ടിവരുന്ന വില കണക്കുകൂട്ടുകയും യിസ്ഹാക്കിനെ യാഗ പീഠത്തില്‍ കിടത്തുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു,’ യഹോവേ, ഇവിടെ അവിടുന്നാണ് എനിക്ക് വലുത് എനിക്ക് ഈ ഭൂമിയിലുളള ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യത്തെക്കാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു’.

അത് അബ്രാഹാമിന്റെ സമര്‍പ്പണത്തെയും അതോടൊപ്പം യിസ്ഹാക്കിന്റെ സമര്‍പ്പണത്തെയും കാണിക്കുന്നു. 25 വയസ്സുളള ഒരു യുവാവായതിനാല്‍ യിസ്ഹാക്ക്, 125 വയസ്സു പ്രായമുളള അബ്രാഹാമിനെക്കാള്‍ ശക്തനായിരുന്നു. യിസ്ഹാക്കിനു സമ്മതമില്ലായിരുന്നെങ്കില്‍ അബ്രാഹാമിന് ഒരിക്കലും യിസ്ഹാക്കിനെ യാഗപീഠത്തില്‍ ബന്ധിച്ച് കിടത്തുവാന്‍ കഴിയുമായിരുന്നില്ല. ഇതു കാണിക്കുന്നത്, അബ്രഹാം എപ്രകാരമാണ് തന്റെ മകനെ, തന്നെ അനുസരിക്കുവാന്‍ പഠിപ്പിച്ചത് എന്നാണ്. ‘ഞാന്‍ നിന്നെ ഇപ്പോള്‍ ദൈവത്തിനു യാഗം കഴിക്കുവാന്‍ പോകുകയാണ്. അതിനുവേണ്ടി നീ ഇവിടെ കിടക്കുക’ എന്നു മക്കളോടു പറയേണ്ടി വരുമ്പോള്‍ പോലും ‘ശരി ഡാഡി ആ കാര്യത്തില്‍ മുന്നോട്ടു പോകുക’ എന്നു പറഞ്ഞ് അനുസരണത്തോടുകൂടി കിടന്നു കൊടുക്കത്തക്കവിധത്തില്‍ മക്കളെ വളര്‍ത്തി കൊണ്ടു വരുവാന്‍ കഴിയുന്ന ഒരു മനുഷ്യന്‍ ഭാഗ്യവാനാണ്. അങ്ങനെയുളള ഒരു പിതാവ് വാസ്തവത്തില്‍ ഒരു ദൈവഭക്തനാണെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്താം.

അബ്രാഹാം ഇതിനെ ദൈവത്തോടുളള ‘ആരാധന’ യുടെ ഒരു പ്രവൃത്തി എന്നാണ് വിളിച്ചിരിക്കുന്നത് ( ഉല്‍ 22:5) ദൈവ വചനത്തില്‍ ആദ്യമായി ‘ആരാധന’ എന്ന വാക്ക് വരുന്നത് ഇവിടെയാണ് തന്നെയുമല്ല ഇതാണ് സത്യആരാധാന. പിതാവ് അന്വേഷിക്കുന്നത് അത്തരത്തിലുളള ആരാധകരെയാണ്.

അബ്രാഹാമിന് ദൈവത്തോടുളള ഭക്തി കണ്ടിട്ട് അവിടുന്ന് ഇപ്രകാരം അരുളി ചെയ്തു. ‘ നീ എന്നെ ഭയപ്പെടുന്നു എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു’ (ഉല്‍പ 22:12), ‘ദൈവമെ ഈ ഭൂമിയിലുളള എന്റെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യത്തെക്കാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു’ എന്നു പറഞ്ഞ് ഒരു മനുഷ്യന്‍ ദൈവത്തെ പൂര്‍ണ്ണമായി അനുസരിച്ചപ്പോഴാണ് ദൈവ വചനത്തില്‍ ആദ്യമായി ഒരു മനുഷ്യന്‍ ദൈവത്തെ ഭയപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്രഹാം ഊര്‍ എന്ന ദേശം വിട്ടത് അദ്ദേഹം തന്റെ സ്വന്തം കുടുംബാംഗങ്ങളെക്കാള്‍ അധികം ദൈവത്തെ സ്‌നേഹിച്ചിരുന്നതു കൊണ്ടാണ്. 50 വര്‍ഷങ്ങള്‍ക്കുശേഷവും ദൈവത്തോടുളള തന്റെ സ്‌നേഹം അല്‍പ്പം പോലും മങ്ങിപ്പോയില്ല. അപ്രകാരമുളള ഒരുവനിലൂടെയാണ് യെരുശലേം ആരംഭിച്ചത്. പിന്‍തുടരുവാന്‍ എന്തു നല്ല ഒരു മാതൃക! നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ നാളുകളും ഈ മാര്‍ഗ്ഗത്തിലൂടെ പോകാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ഭാഗ്യവാനാണ്.

ഈ സ്ഥലത്തിന് അബ്രഹാം ‘ യഹോവയിരേ’ യഹോവാ കരുതി കൊളളും (ഉല്‍പ 22.14) എന്ന് പേരിട്ടു. നാം നമ്മുടെ ജീവിതത്തില്‍ ഏതു പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവരുമ്പോഴും നമുക്ക് ചിന്തിക്കാന്‍ കഴിയുന്ന ഒരു വാക്കാണത്. കാരണം ‘ ദൈവം നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും തീര്‍ത്തു തരും’ (ഫിലിപ്യര്‍ 4:19) എന്നാണ് അവിടുത്തെ വാഗ്ദത്തം.

ഈ മോറിയാ മലയില്‍ വച്ചാണ്, 2000 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാള്‍ തന്റെ പുത്രനെ യാഗമായി അര്‍പ്പിക്കുവാനിരിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ ഒരു അല്‍പ്പ ദര്‍ശനം, അബ്രാഹാമിനു ലഭിച്ചത്. യോഹന്നാന്‍ 8:5 ല്‍ യേശു ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ‘നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നോര്‍ത്തു സന്തോഷിച്ചു; അദ്ദേഹം അതുകൊണ്ട് ആനന്ദിക്കുകയും ചെയ്തു’. ഇവിടെ അബ്രാഹാമിന്റെ മനോഭാവത്തില്‍ ദൈവം വളരെ പ്രസാദിക്കുകയും 1000 വര്‍ഷങ്ങള്‍ക്കുശേഷം അതേ സ്ഥാനത്ത് ദൈവാലയം പണിയുവാന്‍ അവിടുന്ന് കല്‍പ്പിക്കുകയും ചെയ്തു. ( 2 ദിനവൃത്താന്തം 3:1). അതെ, ഇന്നും ദൈവത്തിന്റെ ആലയം പണിയപ്പെടുന്നത് അബ്രഹാം ചെയ്തതു പോലെ ദൈവത്തെ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവരിലൂടെയാണ്.