നുറുക്കത്തിൻ്റെ പരിമള വഴികള്‍

ജോജി ടി. സാമുവല്‍

അധ്യായം 1:
നുറുക്കത്തിന്റെ പരിമള വഴികള്‍


”ജീവിതത്തില്‍ നുറുക്കം അറിയാത്ത ഒരുവന്‍ അങ്ങേയറ്റം അപകടകാരിയാണ്” – സാല്‍വേഷന്‍ ആര്‍മിയുടെ സ്ഥാപകനും ദൈവഭൃത്യനുമായിരുന്ന വില്യം ബൂത്തിന്റേതാണ് ഈ വാക്കുകള്‍. അദ്ദേഹം സാമുവല്‍ ലോഗന്‍ ബ്രംഗിള്‍ എന്ന യുവാവിനെഴുതിയ കത്തില്‍ നിന്നാണ് ഈ വരി.

വില്യം ബൂത്ത് രക്ഷാസൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഇംഗ്ലണ്ടില്‍ പ്രസിദ്ധനായി കഴിയുന്ന കാലം. ഇതേ കാലഘട്ടത്തില്‍ സാമുവല്‍ ലോഗന്‍ ബ്രംഗിള്‍ യുഎസിലും ശക്തനായ പ്രസംഗകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു. അങ്ങനെയിരിക്കെ രക്ഷാസൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിച്ച ബ്രംഗിള്‍, വില്യം ബൂത്തിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു. തന്റെ തീരുമാനം അറിയിച്ചുകൊണ്ടു യുവാവായ ബ്രംഗിള്‍, മുതിര്‍ന്ന ദൈവഭൃത്യനായ ബൂത്തിനു കത്തെഴുതി.

മടക്കത്തപാലില്‍ തന്നെ ബൂത്തിന്റെ മറുപടി വന്നു: ‘ഞാന്‍ മനസ്സിലാക്കിയിടത്തോളം താങ്കള്‍ ഇതുവരെ ആര്‍ക്കും കീഴടങ്ങിയിരുന്നു ജീവിതത്തില്‍ നുറുക്കം അറിഞ്ഞിട്ടില്ലാത്ത ഒരു യുവാവാണ്. ജീവിതത്തില്‍ നുറുക്കം അറിയാത്ത ഒരുവന്‍ അങ്ങേയറ്റം അപകടകാരിയാണ്. അത്തരം ഒരാളെ എന്റെ പ്രസ്ഥാനത്തില്‍ സ്വീകരിച്ച് അപകടം ക്ഷണിച്ചു വരുത്താന്‍ എനിക്കു താത്പര്യമില്ല. ഇവിടെ ഒരു പ്രസംഗകനെ ആവശ്യമില്ല. പിന്നെ, താങ്കള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ ഇവിടെ പ്രവര്‍ത്തകരുടെ ഷൂസു പോളീഷ് ചെയ്യാനൊരു ഒഴിവുണ്ട്. വളരെ ആലോചിച്ച് അതിനു സമ്മതം ഉണ്ടെങ്കില്‍ മാത്രം ഇങ്ങോട്ടു വന്നാല്‍ മതി.’

ഓരോ വരിയിലും തീ ആളുന്ന തീക്ഷ്ണമായ ഒരു കത്ത്! ആ വാക്കുകളിലെ കാഠിന്യം ബ്രംഗിളിനെ പൊള്ളിച്ചെങ്കിലും ഒടുവില്‍ അദ്ദേഹം ക്ഷണം സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു.

ബ്രംഗിള്‍ ഇംഗ്ലണ്ടിലെത്തി വില്യം ബൂത്തിനെ കണ്ടു. രക്ഷാസൈന്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഷൂസ് പോളീഷു ചെയ്യുന്നതാണു ജോലി. രണ്ടുവര്‍ഷം ഇതേപോലെ കടന്നുപോയി. ഇംഗ്ലണ്ടില്‍ വന്നതിന്റെ രണ്ടാം വാര്‍ഷിക ദിവസം ബ്രംഗിള്‍ ഏറെ നേരം ദൈവസന്നിധിയില്‍ കരഞ്ഞു – ‘ദൈവമേ, എന്റെ ശുശ്രൂഷ. അവിടുന്ന് എനിക്കു തന്ന വരങ്ങള്‍. എല്ലാം പാഴായിപൊയ്‌ക്കോട്ടെ എന്നോ?’

അന്നു രാത്രി ബ്രംഗിള്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍, യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നു!

ബ്രംഗിളിനു സന്തോഷമായി. പിറ്റേന്നു രാവിലെ മുതല്‍ ഏറെ ഉത്സാഹത്തോടെ മറ്റെല്ലാം മറന്ന് അദ്ദേഹം ഷൂസുകള്‍ പോളീഷ് ചെയ്യാന്‍ തുടങ്ങി. ‘അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിന്‍’ എന്ന ദൈവവചനം പോലെ യാണു തുടര്‍ന്നു കാര്യങ്ങള്‍ നടന്നത്. ശ്രദ്ധേയമായ ഒരു ശുശ്രൂഷയിലേക്കു ദൈവം അദ്ദേഹത്തെ നടത്തി. യൂറോപ്പിലെ നാല്പതില്‍പരം രാജ്യങ്ങളില്‍ രക്ഷാസൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടാമനായി അദ്ദേഹം നേതൃത്വം നല്‍കി. അതിലുപരി നുറുക്കത്തെക്കുറിച്ചു ദൈവം ബ്രംഗിളിനു നല്‍കിയ അനുഭവങ്ങള്‍ ഇന്നും യഥാര്‍ത്ഥ ദൈവവഴിയില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു വെല്ലുവിളിയാണ്.

നുറുക്കത്തിന്റെ വഴി അറിയാത്ത ഒരാളെ, ദൈവം തന്നെത്തന്നെ വിശ്വസിച്ചേല്‍പ്പിക്കുകയില്ല എന്നതിന് പഴയനിയമത്തിലെ ആദ്യത്തെ ശ്രദ്ധേയമായ ഉദാഹരണം യാക്കോബിന്റേതാണ്. ഇരുപതു വര്‍ഷത്തെ ശിക്ഷണത്തിനുശേഷവും യാബോക്ക് കടവില്‍ ദൈവത്തിന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ യാക്കോബിന്റെ സ്വയശക്തിയെ തകര്‍ക്കേണ്ടിവന്നു (ഉല്പത്തി 32:25). അവിടം മുതലാണ് കാര്യങ്ങള്‍ മാറുന്നത്. തുടര്‍ന്നു ദൈവം തന്നെത്തന്നെ യാക്കോബിന് ഏല്‍പിച്ചുകൊടുക്കുകയും യാക്കോബിന്റെ ദൈവം (ഉല്‍പ. 49:24, പ്രവൃ. 7:46) എന്നറിയപ്പെടുന്നതില്‍ ലജ്ജിക്കാതിരിക്കുകയും (എബ്രാ. 11:16) ചെയ്യുന്നു!

യാക്കോബിന്റെ പൂര്‍ണമായ നുറുക്കത്തിന്റെ പ്രതീകം അവന്റെ കയ്യില്‍ യാബോക്ക് കടവു മുതല്‍ എന്നും ഉണ്ടായിരുന്ന വടിയാണ്. എബ്രായലേഖനകാരന്‍ വേണ്ട സമയത്ത് ഈ പ്രതീകത്തെ ഉയര്‍ത്തിക്കാട്ടുന്നുണ്ട് — ‘വിശ്വാസത്താല്‍ യാക്കോബ് മരണകാലത്തിങ്കല്‍ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കുകയും വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്‌ക്കരിക്കുകയും ചെയ്തു’ (11:21). തൊട്ടുതാഴെയുള്ള വാക്യത്തില്‍ എബ്രായ ലേഖനകാരന്‍ യാക്കോബിന്റെ മകനായ യോസഫിനെക്കുറിച്ചു പറയുന്നു (11:22). അതിനടുത്ത് വാക്യം മുതല്‍ ദൈവകരങ്ങളില്‍ നുറുങ്ങപ്പെട്ട മോശെയെക്കുറിച്ചു പറഞ്ഞു പോകുകയാണ്.

മോശെയ്ക്കും യാക്കോബിനും ഇടയില്‍ പരാമര്‍ശിക്കപ്പെടുന്ന യോസേഫിനെ പലപ്പോഴും നുറുക്കത്തിന് ഉദാഹരണമായി പലരും കാണാറില്ല. എന്നാല്‍ നുറുക്കത്തിന്റെ ഒട്ടേറെ പാഠങ്ങള്‍ യോസേഫില്‍ നിന്നും നമുക്കു പഠിക്കുവാന്‍ കഴിയും.

യാക്കോബിന്റെ പ്രയാണ പഥത്തില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ‘സൂര്യന്‍ അസ്തമിച്ചു’, ‘സൂര്യന്‍ ഉദിച്ചു’ എന്നിങ്ങനെ പരാമര്‍ശിക്കുകയും സൂര്യന്‍ ഒരു പ്രതീകം പോലെ ആവര്‍ത്തിച്ചു വരികയും ചെയ്യുന്നതുപോലെ (ഉല്‍പ. 28:11;32:31) യോസേഫിന്റെ ചരിത്രത്തില്‍ അവന്റെ ‘വസ്ത്രം’ ദൈവിക ഇടപെടലുകളുടെ ഒരു പ്രതീകമായി മാറുന്നതു കാണാം.

പതിനേഴാം വയസ്സില്‍ യോസേഫിനു പിതാവു നല്‍കിയ ‘അങ്കി’യായിരുന്നു സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നുവാനുണ്ടായ കാരണങ്ങളിലൊന്ന് (ഉല്‍പ. 37:3,4). എന്നാല്‍ ആ നിലയങ്കി അവനു പിന്നീടു നഷ്ടമായി. അത് അഴിച്ചു മാറ്റിയശേഷമാണല്ലോ അവനെ പൊട്ടക്കിണറ്റില്‍ ഇട്ടതും യിശ്മായേല്യ കച്ചവടക്കാര്‍ക്കു വിറ്റതും (37:23, 31, 32). തുടര്‍ന്നു പൊത്തിഫെറിന്റെ വീട്ടിലെ സംഭവവികാസങ്ങള്‍ക്കിടയിലും അവനു തന്റെ വസ്ത്രം നഷ്ടമായി. അതായിരുന്നല്ലോ അവനെതിരെ പൊത്തിഫെറിന്റെ ഭാര്യ ഹാജരാക്കിയ തൊണ്ടി സാധനം (39:11-18).

തുടര്‍ന്നു യോസേഫ് കാരാഗൃഹത്തിലാവുകയാണ്. [ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ആദ്യത്തെ ജയില്‍പുള്ളി മറ്റാരുമല്ല യോസേഫാണെന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?]. ജയിലിലെ ഈ യാതന പത്തോ പന്ത്രണ്ടോ വര്‍ഷം നീണ്ടു നിന്നു. ഒടുവില്‍ പാനപാത്ര വാഹകരുടെ പ്രമാണിക്കു വൈകിവന്ന ഓര്‍മ്മ യോസേഫിന്റെ മോചനത്തിനു വഴി തെളിച്ചു.

നേരത്തെ രണ്ടു വട്ടം യോസേഫിനു വസ്ത്രം നഷ്ടമായെങ്കില്‍ തുടര്‍ന്നു രണ്ടു പ്രാവശ്യം അവന് ‘അങ്കികള്‍’ ലഭിക്കുകയാണ്. കാരാഗൃഹത്തില്‍ നിന്നു ഫറവോന്റെ അരമനയിലേക്കു വിളിക്കപ്പെട്ടപ്പോഴാണ് ഇതില്‍ ആദ്യത്തേത് (41:14). ഒടുവില്‍ 30-ാം വയസ്സില്‍ ഫറവോന്റെ രണ്ടാമനായി വാഴിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ അവന് ഏറ്റവും ഉല്‍ക്കൃഷ്ടമായ വസ്ത്രവും ലഭിക്കുന്നു (41:42). നോക്കുക: യോസേഫിന്റെ ജീവിതത്തിലെ ഇറക്കത്തെയും കയറ്റത്തെയും പ്രതീകവല്‍ക്കരിക്കുന്നു അവനു നഷ്ടപ്പെടുകയും ലഭിക്കുകയും ചെയ്യുന്ന അങ്കികള്‍.

ഈ പ്രയാണത്തില്‍ എവിടെ വച്ചാണു യോസേഫിനു നുറുക്കം സംഭവിക്കുന്നത്? യാക്കോബിനെപ്പോലെ ഒരു ഉപായിയല്ലാതിരുന്ന, ജീവിതത്തില്‍ സ്വാഭാവികമായി ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടായിരുന്ന, ആരും ഇഷ്ടപ്പെട്ടുപോകുന്ന മൃദുഭാഷിയായ ഈ യുവാവിന് എവിടെ വച്ചാണ് അവന്റെ സ്വയശക്തിയില്‍ ഒരു തകര്‍ച്ച വന്നതെന്നു കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍ യോസേഫിന്റെ ജീവിതത്തെ, ‘കാരാഗൃഹ വാസത്തിനു മുന്‍പും പിന്‍പും’ എന്നു രണ്ടായി തിരിക്കാമെന്നു തോന്നുന്നു. തുടക്കത്തില്‍ സഹോദരന്മാരെക്കുറിച്ചുള്ള ദുഃശ്രുതികള്‍ പറയുകയും തന്റെ സ്വപ്നങ്ങളില്‍ പുകഴുകയും ചെയ്തിരുന്ന (യാക്കോബ്, ഇതിനു യോസേഫിനെ ശാസിക്കുന്നുണ്ട്) വളരെയേറെ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനായിരുന്നു യോസേഫ്. ഒട്ടേറെ ദുരനുഭവങ്ങളിലൂടെ കടന്നുപോയി കാരാഗൃഹത്തിലായപ്പോഴും തന്റെ സ്വപ്നവ്യാഖ്യാനം തനിക്കു മോചനത്തിനു മാര്‍ഗ്ഗം ഒരുക്കുമെന്ന പ്രതീക്ഷ ആദ്യനാളുകളില്‍ അവനുണ്ടായിരുന്നു. എന്നാല്‍ പാനപാത്രവാഹകരുടെ പ്രമാണിയുടെ ഓര്‍മ്മത്തെറ്റ് അവന്റെ എല്ലാ പ്രതീക്ഷകളെയും ഊതിക്കെടുത്തി. സ്വന്തകഴിവുകള്‍ മോചനത്തിനു വഴിതെളിക്കുമെന്ന പ്രത്യാശയുടെ അവസാന നുറുങ്ങുവെട്ടവും അണഞ്ഞു കഴിഞ്ഞ ആ നാളുകളില്‍ പക്ഷേ ദൈവം കാരാഗൃഹത്തില്‍ അവനോടു കൂടെയിരുന്ന് അവനില്‍ ഒരു പ്രവൃത്തി ചെയ്‌തെടുക്കുകയായിരുന്നു (39:21, പ്രവൃ. 7:10). ആ പ്രവൃത്തി എന്തായിരുന്നു? അവന്‍ തീര്‍ത്തും ബലഹീനനായി. ആ സ്ഥാനത്ത് ദൈവികശക്തി ബലഹീനതയില്‍ തികഞ്ഞുവന്നു. സങ്കീര്‍ത്തനക്കാരന്‍ അതിനെ അവന്റെ ആത്മാവ് ഇരുമ്പിന്റെ ശക്തിയിലേക്കു പ്രവേശിച്ചു (He was laid in chains of iron and his soul entered in to the iron) എന്നാണു വിവരിക്കുന്നത് (105:18 Amplified).

കാരാഗൃഹത്തിനുശേഷമുള്ള യോസേഫ്, കുണ്ടറയില്‍ മറഞ്ഞു കിടന്നിരുന്ന ഒരു രത്‌നം പകല്‍വെളിച്ചത്തിലേക്കെടുത്തപ്പോള്‍ വെട്ടിത്തിളങ്ങുന്നപോലെ ദിവ്യസ്വഭാവത്താല്‍ പ്രശോഭിക്കുന്നു. ദൈവാത്മാവുള്ള, വിവേകവും ജ്ഞാനവുമുള്ള ഒരുവനാണ് അവനെന്നു ഫറവോന്‍ പോലും തിരിച്ചറിയുന്നു (41:38,39). തുടര്‍ന്നു കൊട്ടാരത്തില്‍ എല്ലാവരുടെയും ആദരവിനു പാത്രമായി കഴിയുമ്പോഴും യോസേഫ് നിഗളിക്കുകയോ പ്രതികാരചിന്തകളെ താലോലിക്കുകയോ ചെയ്തില്ല. അവന് ആദ്യജാതനുണ്ടായപ്പോള്‍ ഇട്ടപേരു തന്നെ അതിന്റെ തെളിവ്. ‘എനിക്കെതിരെ എല്ലാവരും ചെയ്ത തിന്മകള്‍ മറക്കുവാന്‍ ദൈവം എന്നെ സഹായിച്ചു’ എന്നു പറഞ്ഞാണു മനശ്ശെ എന്ന പേരിടുന്നത് (41:51). സ്വന്ത സഹോദരങ്ങള്‍ കാട്ടിയ വഞ്ചന, അവരുടെ മുന്‍പില്‍ കെഞ്ചി പറഞ്ഞിട്ടും (42:21) അവര്‍ കരുണ കാട്ടാതിരുന്നത് ഒക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആരുടെ മനസ്സിലും ഉണങ്ങാത്ത മുറിവായി രക്തമൊലിപ്പിച്ചുകൊണ്ടിരിക്കും. എന്നാല്‍ ആ മുറിവുകളോടു യോസേഫ് ‘മനശ്ശെ’ (മറക്കുവാന്‍ ഇടയാക്കുന്നു) എന്നു പറഞ്ഞു. നുറുങ്ങിപ്പോയ ഒരുവനു മാത്രമേ ദോഷങ്ങള്‍ക്കെതിരെ കരയുവാനും പ്രാര്‍ത്ഥിക്കുവാനും കഴിയുകയുള്ളു (42:23, 43:30, 45:1, സങ്കീ. 141:5). യോസേഫിനു ലഭിച്ച ആന്തരികസൗഖ്യം സഹോദരന്മാരോടുള്ള പെരുമാറ്റത്തില്‍ പിന്നീടു പ്രതിഫലിക്കുന്നതും ശ്രദ്ധിക്കുക (45:5, 50:19-21).

അതുപോലെ തനിക്ക് ഏറെ അംഗീകാരവും നേട്ടവും ലഭിച്ച സ്ഥലമായിരുന്നിട്ടും യോസേഫ് മിസ്രയേമില്‍ ഒരു പ്രതീക്ഷ വച്ചു പുലര്‍ത്തിയില്ല. തനിക്കു മിസ്രയേമില്‍ ഒരു സ്മാരകം വേണ്ടെന്ന് അവന്‍ തീരുമാനിച്ചു. അതുകൊണ്ടാണല്ലോ ‘യോസേഫിനെ അറിയാത്ത ഒരു ഫറവോന്‍’ അവിടെ പിന്നീടു വന്നത്. തന്റെ അസ്ഥികള്‍ക്കുപോലും വാഗ്ദത്ത കനാനില്‍ മാത്രമേ സ്വസ്ഥത ലഭിക്കുകയുള്ളുവെന്നു യോസേഫിന് ഉറപ്പുണ്ടായിരുന്നു (50:25). എബ്രായലേഖനകാരന്‍ യോസേഫിനെ ഒറ്റവാക്യത്തില്‍ അനുസ്മരിക്കുമ്പോഴും എടുത്തുകാട്ടുന്നത് ഇക്കാര്യമാണ് (11:22). ഈ ലോകത്തെ സംബന്ധിച്ച സ്വാഭാവിക പ്രതീക്ഷകള്‍ തകര്‍ന്നുപോയ ഒരു നിലപാടായിരുന്നു യോസഫിന്റേത്.

ചുരുക്കത്തില്‍ യാക്കോബ് നുറുക്കത്തിന് ഉത്തമോദാഹരണമായിരിക്കുന്നതുപോലെയാണു യോസേഫും. ആയിരം കഷണങ്ങളായി നുറുങ്ങിപ്പോയ ഒരു പരിമളഭരണിപോലെ യോസേഫിന്റെ ജീവിതം ബൈബിളിന്റെ ആദ്യപുസ്തകത്തിന്റെ അവസാന താളുകളെ സുഗന്ധപൂരിതമാക്കുന്നു!

നുറുക്കത്തിന്റെ പരിമള വഴികള്‍ അറിയാമായിരുന്ന, ‘ദൈവത്തിന്റെ ഹൃദയ പ്രകാരമുള്ള മനുഷ്യന്‍’ അതുകൊണ്ടുതന്നെ തന്റെ കീര്‍ത്തനങ്ങളില്‍ ആ വരികള്‍ കുറിച്ചു:
‘ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു'(സങ്കീ. 34:18). ‘തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കുകയില്ല’ (സങ്കീ. 51:17).

അധ്യായം 2 :
നുറുക്കത്തിലൂടെ അനുഗ്രഹം


നുറുക്കം. അതൊരു ഉപദേശമല്ല. പ്രായോഗിക ക്രിസ്തീയ നടപ്പുമായി ബന്ധപ്പെട്ട ഒന്നാണത്.

ക്രിസ്തീയജീവിതത്തെ ഗൗരവമായി എടുത്ത് ദൈവത്തെ പ്രസാദിപ്പിക്കുന്നതുമാത്രം ലക്ഷ്യമായിക്കരുതി മുന്നോട്ടുപോകുന്ന ഒരു വിശ്വാസി വൈകാതെ കണ്ടെത്തുന്ന ഒരു സത്യമുണ്ട് – തന്റെ ദേഹിയില്‍ ഒരു നുറുക്കം ഉണ്ടാകാതെ യഥാര്‍ത്ഥത്തില്‍ മുന്നോട്ടുപോകാന്‍ കഴിയുകയില്ല.

എന്താണ് ഈ നുറുക്കം? ആത്മാവ്, ദേഹി, ദേഹം എന്നിവയുടെ ആകെത്തുകയാണു മനുഷ്യന്‍ എന്നു ബൈബിള്‍ വെളിപ്പെടുത്തുന്നു. ആത്മാവ് സ്ഥിതിചെയ്യുന്നത് ഏറ്റവും ഉള്ളിലാണ്. ദേഹി (ചിന്ത, വികാരം തുടങ്ങിയവയുടെ ഇരിപ്പിടമായ മനസ്സ്) അതിന് പുറത്ത്. ദേഹം ഏറ്റവും പുറമേ. ഇതിനെ വൃത്താകാരമായി ചിത്രീകരിച്ചാല്‍ ഏറ്റവും ഉള്ളിലുള്ള വൃത്തം ആത്മാവ്. അതിന് പുറത്തുള്ള വൃത്തം ദേഹി. ഏറ്റവും പുറമേയുള്ള വൃത്തം ദേഹം. ഈ കാര്യങ്ങളെക്കുറിച്ച് ആധികാരികമായി വിവരിക്കുന്ന ‘ആത്മീയമനുഷ്യന്‍’ (spiritual man) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ വാച്ച്മാന്‍ നീ ഇതില്‍ ആത്മാവിനെ ആന്തരിക മനുഷ്യനെന്നും ദേഹിയെ ബാഹ്യ മനുഷ്യനെന്നും ജഡത്തെ ഏറ്റവും പുറമേയുള്ള മനുഷ്യനെന്നുമാണ് വിളിക്കുന്നത്. വീണ്ടും ജനിച്ച ഒരുവനെ സംബന്ധിച്ചിടത്തോളം അവന്റെ ആന്തരിക മനുഷ്യനായ ആത്മാവിലാണ് ദൈവത്തിന്റെ സാന്നിധ്യം. അവിടെ ദൈവാത്മാവ് മനുഷ്യാത്മാവുമായി യോജിച്ചിരിക്കുന്നു. ഇവിടെനിന്ന് ദൈവികജീവന്‍ പുറത്തേക്ക് വരുവാന്‍ ശ്രമിക്കുമ്പോള്‍ ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന ദേഹിയില്‍ നുറുക്കം മൂലം വിള്ളലുണ്ടായിട്ടില്ലെങ്കില്‍ അതിനു പുറത്തേക്കു വരുവാന്‍ കഴിയുകയില്ല. കോതമ്പുമണി നിലത്തുവീണു ചത്ത് അതിന്റെ പുറന്തോടു പൊട്ടിയാല്‍ മാത്രമേ അതിന്റെ ഉള്ളിലുള്ള ജീവന് പുറത്തുവന്നു വിളവുണ്ടാക്കാന്‍ കഴിയൂ എന്ന് യേശു പറഞ്ഞപ്പോള്‍ അവിടുന്ന് അര്‍ത്ഥമാക്കിയതും ഇതുതന്നെ (യോഹന്നാന്‍ 12: 24).

നമ്മുടെ മുഴുവന്‍ മനുഷ്യസ്വഭാവവും നമ്മുടെ ദേഹിയിലാണല്ലോ കുടികൊള്ളുന്നത്. നമ്മെക്കുറിച്ചുതന്നെയുള്ള നമ്മുടെ മതിപ്പ്, മറ്റുള്ളവര്‍ നമ്മോട് ഇടപെടേണ്ട വിധം സംബന്ധിച്ച നമ്മുടെ പ്രതീക്ഷകള്‍, മറ്റുള്ളവരെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, നമ്മുടെ ന്യായീകരണങ്ങള്‍, മുന്‍കാല അനുഭവങ്ങള്‍ സംബന്ധിച്ച ഓര്‍മകള്‍ ഇവയെല്ലാം വികാരങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിവിടെയാണ്. മനുഷ്യര്‍ കാണുന്ന നമ്മുടെ വ്യക്തിത്വം ഈ ബാഹ്യമനുഷ്യനാണ്. ഈ പുറമേയുള്ള മനുഷ്യനെ സ്‌നേഹിക്കാനും ഈ വ്യക്തിത്വത്തിന് ഒരു പോറലുപോലും ഏല്ക്കാതെ സംരക്ഷിക്കാനുമാണ് നമ്മുടെ സ്വാഭാവികതാത്പര്യം. എന്നാല്‍ കോതമ്പുമണി നിലത്തു വീണു ചാകുന്നതിനെക്കുറിച്ചു വിവരിച്ചതിന്റെ തുടര്‍ച്ചയായി യേശു പറഞ്ഞു: ”തന്റെ ജീവനെ (ദേഹിയെ, ടീൗഹ എന്ന് ഇംഗ്ലീഷില്‍) സ്‌നേഹിക്കുന്നവന്‍ അതിനെ കളയും. ഈ ലോകത്തില്‍ തന്റെ ജീവനെ (ദേഹിയെ) പകെക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും” തന്റെ ദേഹിയെ സ്‌നേഹിച്ച് അതിന് ഒരു നുറുക്കവും ഉണ്ടാകാതെ സംരക്ഷിക്കുന്നവന്‍ സത്യത്തില്‍ അതിനെ നഷ്ടപ്പെടുത്തുകയാണ്. അതേ സമയം ഈ ലോകത്തില്‍ തന്റെ ദേഹിയെ പകച്ച് അതിനെ നുറുക്കപ്പെടാന്‍ അനുവദിച്ചാല്‍ നിത്യതയില്‍ അതിനു വിലയുണ്ടാകും എന്നര്‍ത്ഥം. നാലു സുവിശേഷങ്ങളിലായി ഏഴു ഭാഗങ്ങളില്‍ ഈ വചനം ഏറെക്കുറേ ഒരുപോലെ ആവര്‍ത്തിച്ചിരി ക്കുന്നതിനാല്‍ ഇതുവളരെ പ്രധാനപ്പെട്ട ഒന്നാണെന്നു വ്യക്തമാണല്ലോ. (യോഹ. 12:25, മത്തായി 10:39, 16:25; മര്‍ക്കൊസ് 8:35, ലൂക്കൊ. 9:24, 14:26, 17:33). ”തന്റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും” എന്നിങ്ങനെയെല്ലാം തിരിച്ചും മറിച്ചും ഈ കാര്യം പറഞ്ഞിരിക്കുന്നതിന്റെ പൊരുള്‍ എന്താണ്? വാസ്തവത്തില്‍ നിത്യതയിലെ നഷ്ടമാണ് യഥാര്‍ത്ഥ നഷ്ടം. നിത്യതയിലെ നേട്ടമാണ് യഥാര്‍ത്ഥ ലാഭം. ഇവിടെ ബാഹ്യജീവനെ ‘നേടുക’ എന്നു പറഞ്ഞാല്‍ ഈ ലോകത്തിലെ മാന്യതയ്ക്കു വേണ്ടി അതിനെ നുറുങ്ങാതെ സംരക്ഷിക്കുക എന്നതാണ്. അങ്ങനെ ‘നേടുന്ന വന്‍’ നിത്യതയില്‍ അതിനെ നഷ്ടപ്പെടുത്തുകയാണ്. എന്നാല്‍ ഇവിടെ ദേഹിയെ നുറുക്കത്തിനായി വിട്ടു കൊടുക്കുന്നവന് നിത്യതയില്‍ അതു ലാഭമായിരിക്കും.

നിത്യതയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ കണ്ടാല്‍ മാത്രമേ നമുക്ക് ഇന്ന് നമ്മുടെ ബാഹ്യമനുഷ്യനെ സന്തോഷത്തോടെ നുറുക്കത്തിനായി ഏല്പിച്ചുകൊടുക്കാന്‍ കഴിയൂ. എല്ലാറ്റിനും എന്നതുപോലെ ഇതിനും യേശുവിന്റെ ജീവിതത്തില്‍ നിന്നു നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. തെറ്റിദ്ധാരണ, ആരോപണങ്ങള്‍, അവഗണന തുടങ്ങിയവ യുടെ മുമ്പില്‍ യേശു കൈക്കൊണ്ട മനോഭാവം സ്വീകരിക്കുമ്പോള്‍ നമ്മില്‍ നുറുക്കത്തിന്റെ ഒരു പ്രവൃത്തി നടക്കുമെന്നു വിവരിക്കുന്ന അജ്ഞാതകര്‍തൃകമായ ഒരു പ്രാചീന കുറിപ്പ് ഇതു സംബന്ധിച്ചു നമുക്കു കൂടുതല്‍ വെളിച്ചം തരും:

”ദൈവഹിതം ചെയ്യാനുള്ള പ്രയാണത്തില്‍ എന്റെ ക്രിസ്തീയ സഹോദരന്മാര്‍പോലും എന്നെ മനസ്സിലാക്കാതിരിക്കുമ്പോള്‍ ”അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല” (യോഹ.7:5) എന്ന വാക്യം ഞാന്‍ ഓര്‍ക്കും. അപ്പോള്‍ തെറ്റിദ്ധാരണയെ സ്വീകരിച്ച് ഞാന്‍ അനുസരണത്തോടെ തല കുനിക്കും. ഇതാണ് നുറുക്കം.

എന്റെ വാക്കുകളെ മനഃപൂര്‍വ്വം തെറ്റായി ചിത്രീകരിക്കുമ്പോള്‍ തെറ്റായ ആരോപണങ്ങളുടെ മുമ്പില്‍ യേശു വായ് തുറക്കാതിരുന്നത്, ഞാന്‍ ഓര്‍ക്കും. അതുകൊണ്ട് സ്വയം ന്യായീകരിക്കാതെ ആരോപണ ങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ തലകുനിക്കും- ഇതാണു നുറുക്കം.

മറ്റൊരാള്‍ സ്വീകാര്യനാകുകയും എന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുകയും ചെയ്യുമ്പോള്‍, അവര്‍ അന്നു നിലവിളിച്ചതു ഞാന്‍ ഓര്‍ക്കും ”ഇവനെ നീക്കിക്കളക, ബറബ്ബാസിനെ വിട്ടുതരിക” (ലൂക്കൊ. 23:17). അപ്പോള്‍ ഞാന്‍ തലകുനിച്ച് ആ തിരസ്‌കാരം സ്വീകരിക്കും -ഇതാണു നുറുക്കം.

എന്റെ പദ്ധതികളെ അവഗണിക്കുകയും വര്‍ഷങ്ങളായുള്ള എന്റെ പ്രയത്‌നത്തെ മറ്റു ചിലരുടെ ഉല്‍ക്കര്‍ഷേച്ഛയുടെ സാഫല്യത്തിനുവേണ്ടി തള്ളിക്കളയുകയും ചെയ്യുമ്പോള്‍, തന്നെ ക്രൂശിപ്പാന്‍ കൊണ്ടുപോകാന്‍ യേശു അവരെ അനുവദിച്ചതു ഞാന്‍ ഓര്‍ക്കും (മത്താ.27:31). പരാജയ ത്തിന്റെ ആ സ്ഥാനം അവിടുന്നു സ്വയം സ്വീകരിക്കുകയായിരുന്നല്ലോ. അതുകൊണ്ട് തലകുനിച്ച് ആ അനീതിയെ ആരോടും പകയില്ലാതെ ഞാന്‍ അംഗീകരിക്കും-ഇതാണു നുറുക്കം.

ദൈവമുന്‍പാകെ നീതിയായിരിപ്പാനായി മറ്റുളളവരോട് തെറ്റു സമ്മതിച്ച് നിരപ്പു പ്രാപിക്കുക എന്ന താഴ്മയുടെ വഴി തെരഞ്ഞെടു ക്കേണ്ടി വരുമ്പോള്‍ യേശു തന്നെത്താന്‍ ഒഴിച്ച് മരണത്തോളം ക്രൂശിലെ മരണത്തോളം സ്വയം താഴ്ത്തിയത് ഞാന്‍ ഓര്‍ക്കും (ഫിലി. 2:8). അപ്പോള്‍ തുറന്നു കാട്ടപ്പെടുന്നതിന്റെ അപമാനം ഞാന്‍ തലകുനിച്ച് സ്വീകരിക്കും-ഇതാണു നുറുക്കം.

ഒരു ക്രിസ്ത്യാനിയായതുകൊണ്ട് മറ്റുള്ളവര്‍ എന്നെ മുതലെടുക്കു കയും എന്റെ വസ്തുക്കളെ പൊതുസ്വത്തെന്നവണ്ണം ഉപയോഗിക്കു കയും ചെയ്യുമ്പോള്‍ ‘അവന്റെ വസ്ത്രം അഴിച്ചതും, ചീട്ടിട്ട് അവന്റെ വസ്ത്രം പകുത്തെടുത്തതും’ ഞാന്‍ ഓര്‍ക്കും (മത്താ.27:28, 35). അപ്പോള്‍ അവിടുത്തേക്കുവേണ്ടി ‘സമ്പത്തുകളുടെ അപഹാരം ഞാന്‍ സന്തോഷത്തോടെ സഹിക്കും’ (എബ്രാ.10:34). ഇതാണു നുറുക്കം.

ക്ഷമിക്കാന്‍ കഴിയാത്ത വിധം ഒരാള്‍ എന്നോടു പെരുമാറുമ്പോള്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ യേശു പ്രാര്‍ത്ഥിച്ചതു ഞാന്‍ ഓര്‍ക്കും ”പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ.” അതുകൊണ്ട് എന്റെ സ്‌നേഹവാനായ പിതാവ് നേരിടുവാന്‍ അനുവദിച്ച എല്ലാ പെരുമാറ്റങ്ങളെയും തലകുനിച്ച് ഞാന്‍ സസന്തോഷം സ്വീകരിക്കും-ഇതാണു നുറുക്കം.

ആളുകള്‍ എന്നില്‍ നിന്ന് ഏറെ-സമയത്തിനും കഴിവിനും അതീതമായ വിധത്തില്‍-പ്രതീക്ഷിക്കുമ്പോള്‍ ”ഇതു നിങ്ങള്‍ക്കുവേണ്ടി നല്കുന്ന എന്റെ ശരീരം” എന്ന് യേശു പറഞ്ഞത് ഞാന്‍ ഓര്‍ക്കും (ലൂക്കൊ. 22:19). അപ്പോള്‍ മറ്റുള്ളവര്‍ക്കായി സ്വയം നല്‍കാത്ത, സ്വയത്തില്‍ മുഴുകിയ, എന്റെ ജീവിതത്തെക്കുറിച്ച് ഞാന്‍ പശ്ചാത്ത പിക്കും-ഇതാണു നുറുക്കം.
വസ്തുതകള്‍ ഇതായിരിക്കെ, ഒരു ചോദ്യം അവശേഷിക്കുന്നു: നുറുങ്ങപ്പെടാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടോ?

അധ്യായം 3 :
നുറുക്കവും വിഭജനവും


ഒരിക്കല്‍ ശലോമോന്‍ രാജാവു തന്റെ കൊട്ടാരത്തിന്റെ കിളിവാതി ലിലൂടെ നോക്കിയപ്പോള്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു: യെരുശലേം നഗരവീഥിയിലൂടെ പ്രഭുക്കന്മാര്‍ കാല്‍നടയായി പോകുന്നു. അതേ സമയം ഈ പ്രഭുക്കന്മാരുടെ അടിമകള്‍ കുതിരപ്പുറത്തു കയറി സഞ്ചരി ക്കുന്നു! വാസ്തവത്തില്‍ പ്രഭുക്കന്മാരല്ലേ കുതിരപ്പുറത്തു കയറിപ്പോ കേണ്ടത്? ദാസന്മാര്‍ നടന്നും പോകണം. പക്ഷേ ഇന്നു യെരുശലേമില്‍ കാര്യങ്ങളെല്ലാം ‘തലതിരിഞ്ഞാണ്’! (സഭാപ്രസംഗി 10:7).

പുതിയനിയമ യിസ്രായേലായ നമുക്കും ഇന്ന് ഒരു ‘തലതിരിച്ചില്‍’ ഉണ്ടെന്നു തോന്നുന്നു. ദൈവം ഒരു തൃത്ത്വം ആയിരിക്കുന്നതുപോലെ വിശ്വാസികളായ നമ്മിലും ഒരു തൃത്ത്വം ഉണ്ട്-ദേഹം, ദേഹി, ആത്മാവ് എന്ന തൃത്ത്വം. ഇതില്‍ ആത്മാവിനായിരിക്കണം നേതൃത്വം. ദേഹി ആത്മാവിന്റെ വിനീതദാസനായിരിക്കുകയാണു വേണ്ടത്. എന്നാല്‍ നമ്മില്‍ ഇന്നു വാസ്തവത്തില്‍ അങ്ങനെയാണോ? പല വിശ്വാസിക ളിലും ദേഹിയാണു കുതിരപ്പുറത്ത്. ആത്മാവിനു ദാസനെപ്പോലെ പെരുമാറേണ്ടി വരുന്നു. ഇതു തല തിരിവല്ലെങ്കില്‍ മറ്റെന്താണ്?

അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്ന നാം ജീവിക്ക പ്പെട്ടതു നമ്മുടെ ആത്മാവിലാണ്. ദൈവാത്മാവ് നമ്മുടെ ആത്മാവി ലാണ്, ആത്മാവോടു ചേര്‍ന്നാണ്, വസിക്കുന്നത്. ഈ ആത്മാവിനായി രിക്കണം നമ്മുടെ വ്യക്തിത്വത്തിലെ നടുനായകത്വം. ദേഹി ആത്മാ വിനു കീഴ്‌പ്പെട്ടു കഴിയണം. ആത്മാവ് ഏതവസ്ഥയിലായിരിക്കുന്നുവോ അതിനോട് ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുകയാണ് ദേഹിയുടെ ധര്‍മ്മം. ആത്മാവ് എന്ന യജമാനന്റെ ഹൃദയം അറിഞ്ഞു പെരുമാറാന്‍ ദേഹി എന്ന ദാസന്‍ ബാദ്ധ്യസ്ഥനാണ്. ഈ സത്യം സ്ഥാപിക്കാനായി ‘എന്താണു മനുഷ്യന്‍’ (What is man?) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ടി.എ. സ്പാര്‍ക്ക്‌സ് ഒരു വചനം ഉദ്ധരിക്കുന്നുണ്ട്: ‘എന്റെ ഉള്ളം (Soul-ദേഹി) കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു. എന്റെ ആത്മാവ് (Spirit) എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു’ എന്ന മറിയയുടെ പാട്ടിലെ വരി ഇംഗ്ലീഷില്‍ ഇങ്ങനെയാണ്: ‘My Soul does magnify the Lord, and my spirit has rejoiced in God my savior’ (Luke 1:46). ഇവിടെ ആത്മാവിന് ആനന്ദം ഉള്ളപ്പോള്‍ (Spirit has) ദേഹിയാണ് കര്‍ത്താവിനെ മഹിമപ്പെടുത്തി (Soul does) ആനന്ദം പ്രകടിപ്പിക്കുന്നത്. ആത്മാവിനാണ് ഇവിടെ നേതൃത്വം. ആത്മാവില്‍ ആനന്ദം, ഉല്ലാസം ഉണ്ട്. അതു ദേഹിയിലൂടെ പ്രവൃത്തിയായി വെളിപ്പെടുന്നു. ആത്മാവില്‍ നിന്നു ദേഹിയിലൂടെ പുറത്തേക്ക്. ഈ ഒരു ക്രമമാണ് ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ദൈവം ആഗ്രഹിക്കുന്നത്.

എന്നാല്‍ ഇന്ന് വിശ്വാസലോകത്തെ ഏറ്റവും വലിയ തകരാറ്, മിക്ക വിശ്വാസികളിലും ദേഹിയാണു മുന്നിട്ടു നില്ക്കുന്നത് എന്നതാണ്. ആത്മാവു ശക്തമായ ഈ ദേഹിക്കുള്ളില്‍ തടവില്‍ പെട്ടു കിടക്കുക യാണ്. അതിനു പുറത്തേക്കു വരുവാന്‍ കഴിയുന്നില്ല. ആത്മാവിനു മേല്‍ക്കൈ കിട്ടുന്നില്ല. ഇന്നു പല വിശ്വാസികളോടും ക്രിസ്തീയ നേതാക്കളോടും അടുത്ത് ഇടപെടുമ്പോള്‍ ഇതു വ്യക്തമാകും. നാം അടുത്തു ചെല്ലുമ്പോള്‍ ആത്മാവിന്റെ സൗമ്യതയെക്കാള്‍ അവരുടെ സമര്‍ത്ഥമായ മനസ്സിനെ, ശക്തമായ അഭിപ്രായങ്ങളെ, ബലമുള്ള ദേഹിയെ ആണ് സ്പര്‍ശിക്കുവാന്‍ കഴിയുന്നത്. അവര്‍ ദേഹീമയരാണ്!

ദേഹീമയമായ ഒരു പ്രവൃത്തികൊണ്ടും ദൈവത്തെ പ്രസാദിപ്പി ക്കുവാന്‍ കഴിയുകയില്ല. ആത്മാവില്‍ നിന്ന് ഉത്ഭവിച്ച് ആത്മാവിനാല്‍ നയിക്കപ്പെടുന്ന നീക്കങ്ങളാണ് ദൈവം വിശ്വാസിയില്‍ നിന്ന് ആഗ്രഹിക്കുന്നത്. ഇതിനുള്ള ഏറ്റവും വലിയ തടസ്സം വിശ്വാസിയുടെ ശക്തമായ, ബലമുള്ള, ദേഹിയാണ്!

പ്രശ്‌നം ഇതായിരിക്കെ ഇതിനുള്ള പരിഹാരം എന്താണ്? പഴയനിയമഭക്തനായ യാക്കോബിന്റെ ജീവിതത്തെ ഉദാഹരണ മായെടുത്ത് Transformed in to His likeness എന്ന ഗ്രന്ഥത്തില്‍ വാച്ച്മാന്‍നീ ഇതിനുള്ള ദൈവത്തിന്റെ പോംവഴി വിശദീകരിക്കുന്നുണ്ട്. തുടക്കത്തില്‍ യാക്കോബ് ഉപായിയും സമര്‍ത്ഥനും സ്വന്ത പദ്ധതികള്‍ ഉള്ളവനുമായിരുന്നു. ആ യാക്കോബ് എങ്ങനെയാണ് ഒടുവില്‍ തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്‌ക്കരിക്കുന്ന (എബ്രായര്‍ 11:21) സൗമ്യനായിത്തീര്‍ന്നത്? ആട്ടെ, എവിടെ നിന്നാണ് യാക്കോബിന് ഈ വടി കിട്ടിയത്? ദൈവം അവന്റെ തുടയുടെ തടം തൊട്ട് അവനെ മുടന്തനാക്കി തീര്‍ത്തപ്പോള്‍ മുതല്‍ അവന് വടി അനിവാര്യമായി ത്തീര്‍ന്നു. യാബോക്കു കടവില്‍ അവന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ സംഭവിച്ച തകര്‍ച്ച ഒരു പ്രതീകമായി നമുക്കു കാണാം. അവന്റെ ജീവിതത്തില്‍ ഉടനീളം സംഭവിച്ച അപ്രതീക്ഷിത തിരിച്ചടികളിലൂടെ ദൈവം ചെയ്തത് അവന്റെ ശക്തമായ ദേഹിയെ ബലഹീനമാക്കുക യായിരുന്നു എന്നതിലേക്കു വിരല്‍ ചൂണ്ടുന്ന പ്രതീകാത്മകമായ ഒരു സംഭവമാണു യാബോക്കു കടവിലേത്. ഉവ്വ്, ഇതാണ് ദൈവത്തിന്റെ പോംവഴി. ശക്തമായ ദേഹിയുള്ള ഒരു വിശ്വാസിയെ നുറുക്കിയാല്‍ മാത്രമേ അവന്റെ ഉള്ളിലുള്ള ആത്മാവിനു മേല്‍ക്കൈ ലഭിക്കുകയുള്ളൂ. അതുകൊണ്ട് ദൈവം തന്റെ കരുണയില്‍ വിശ്വാസിയില്‍ നുറുക്കത്തി ന്റെ പ്രവൃത്തിയാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുവന്റെ സ്വന്ത ബലത്തെ തകര്‍ക്കാന്‍ ദൈവം അവനെ ക്രൂശിലേക്കു നയിക്കുന്നു. ക്രൂശിലാണ് അവന്‍ തകര്‍ച്ച അറിയുന്നത്.
പക്ഷേ ഈ ക്രൂശിന്റെ പ്രവൃത്തിയെ നമുക്കു നിഷ്ഫലമാക്കുവാന്‍ കഴിയും. രണ്ടുവിധത്തിലാണു വിശ്വാസി അതു ചെയ്യുന്നത്. തന്നോടു തെറ്റായ നിലയില്‍ ഇടപെടുന്നവര്‍, തനിക്കുണ്ടാകുന്ന വിഷമകരമായ സാഹചര്യങ്ങള്‍ എന്നിവയില്‍ ദൈവത്തിന്റെ കരങ്ങളാണുള്ളതെന്നു കാണാതെ അതില്‍ മനുഷ്യമുഖം കാണുകയും പിറുപിറുക്കുകയും നിഷേധാത്മകമായി പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ക്രൂശിനെ പ്രയോജനപ്പെടുത്താതെ പോകുന്നു. സ്വയസഹതാപമാണു രണ്ടാമ ത്തെ തടസ്സം. പ്രയാസങ്ങളുടെ മുന്‍പാകെ പൊട്ടിത്തെറിച്ചു പ്രതികരി ക്കുന്നില്ലെങ്കിലും ആ സാഹചര്യത്തില്‍ പരിശുദ്ധാത്മാവിന്റെ ശിക്ഷണ ത്തെ കാണാതെ സ്വയസഹതാപത്തില്‍ മുങ്ങിപ്പോയാല്‍ ക്രൂശിന്റെ പ്രവൃത്തിയെ വിശ്വാസി നിഷ്ഫലമാക്കുകയാണ്.

ആത്മാവും ദേഹിയും തമ്മിലുള്ള ബന്ധത്തില്‍ നുറുക്കം മാത്ര മല്ലാതെ ദൈവം ചെയ്യുന്ന മറ്റൊരു വലിയ പ്രവൃത്തിയാണു വിഭജനം. നുറുക്കപ്പെട്ടാല്‍ ദേഹിയിലൂടെ ആത്മാവു പുറത്തേക്കു വരുമെങ്കിലും ആത്മാവും ദേഹിയും തമ്മില്‍ വേര്‍തിരിവില്ലാതിരുന്നാല്‍ ആത്മാവില്‍ നിന്നുള്ളതും ദേഹിയില്‍നിന്നുള്ളതും കൂടിക്കുഴഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. (ഇന്നു വിശ്വാസലോകത്തു പല ശുശ്രൂഷകളും ഈ രീതിയിലുള്ളതല്ലേ?). ആത്മാവും ദേഹിയും തമ്മില്‍ വിഭജിച്ചുകൊണ്ട് ദൈവം ഈ പ്രശ്‌നത്തെ പരിഹരിക്കുന്നു. ദൈവവചനമാണ് ഇതിനു പയോഗിക്കുന്നതെന്നു കാണാം. ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനേയും (Soul) ആത്മാവിനേയും (Spirit) സന്ധിമജ്ജകളേയും വേറുവിടുവിക്കും വരെ തുളച്ചു ചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളേയും ഭാവങ്ങളേയും വിവേചിക്കുന്നതും ആകുന്നു” (എബ്രായര്‍ 4:12).

ജീവനുള്ളതും പ്രവര്‍ത്തനക്ഷമവുമായ ഇരുവായ്ത്തലയുള്ള വാളാണു ദൈവവചനം. അതിന്റെ പ്രവര്‍ത്തനം ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിച്ചുകൊണ്ടാണ്. ഹൃദയത്തിലെ ചിന്തനങ്ങള്‍ ശരിക്കുള്ള ബോധപൂര്‍വമായ ചിന്തകള്‍ (thoughts) തന്നെയാണ്. എന്നാല്‍ ചിന്തകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന മനോഭാവത്തെയാണ് (intention) ഇവിടെ ഭാവങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത്. പലപ്പോഴും ഈ ഭാവങ്ങള്‍ നമ്മുടെ ബോധ പൂര്‍വ്വമായ ചിന്താമണ്ഡലത്തിലേക്കുപോലും വരുന്നില്ല. ദൈവവചനം ഇവിടെ എത്ര വലിയൊരു പ്രവൃത്തിയാണു ചെയ്യുന്നതെന്നു കാണുക! നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സംസാരവും അതിനു പിന്നില്‍ ചിന്തയും അതിനും പിന്നില്‍ ഭാവങ്ങളുമുണ്ട്. ഒരു വാള്‍ സന്ധി മജ്ജകളെ വേര്‍പെടുത്തുന്നതു പോലെ, മൂര്‍ച്ചയേറിയ ദൈവവചനം നമ്മുടെ ഭാവങ്ങളേയും ചിന്തകളേയും വിവേചിച്ചുകൊണ്ട് ആത്മാവില്‍ നിന്നുള്ളതും ദേഹിയില്‍ നിന്നുള്ളതും എന്തെന്നു വേര്‍തിരിച്ചു നമ്മെ കാണിക്കുന്നു.

ദൈവവചനം കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ടു ചിന്തിച്ച് സമര്‍ത്ഥ മായ ചില നിഗമനങ്ങളിലെത്തുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് ദൈവികമായ വെളിച്ചത്തില്‍ നമ്മുടെ അവസ്ഥയെ ‘കാണുക’യാണ്. ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളേയും വിവേചിക്കുന്നതിനെ ക്കുറിച്ചു പറഞ്ഞിരിക്കുന്നതിനു തൊട്ടുതാഴെയുള്ള വാക്യം നോക്കുക: ”അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല. സകലവും അവന്റെ കണ്ണിനുമുമ്പില്‍ നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു. അവനുമായി ട്ടാകുന്നു നമുക്കു കാര്യമുള്ളത്”(എബ്രാ. 4:13). ദൈവം എങ്ങനെ കാര്യങ്ങളെ കാണുന്നു എന്നതിനെക്കുറിച്ചാണിവിടെ പറഞ്ഞിരിക്കു ന്നത്. നാം ‘ദൈവവുമായിട്ട് കാര്യമുള്ളവരാകു’മ്പോള്‍ ദൈവത്തിന്റെ കാഴ്ചപ്പാടിലേക്ക് വരികയാണ്. ഈ കാഴ്ചപ്പാടില്‍ ആത്മാവില്‍ നിന്നുള്ളതും ദേഹിയില്‍ നിന്നുള്ളതും വ്യക്തമാകും. ദൈവിക കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ ദൈവവചനം നമ്മുടെ ആത്മാവിനേയും ദേഹിയേയും വിഭജിച്ചുകാട്ടുന്നത് ഇങ്ങനെയാണ്.

ചുരുക്കത്തില്‍ ദേഹിയുടെ തിന്മയില്‍നിന്ന് നമ്മെ വിടുവിക്കാനായി ദൈവം രണ്ടുവിധത്തില്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന്: ദേഹിയെ നുറുക്കുന്നു. ക്രൂശുപയോഗപ്പെടുത്തി പരിശുദ്ധാത്മാവു ചെയ്യുന്ന ഒരു ശിക്ഷണ പ്രവൃത്തിയാണത്. രണ്ട്: ദേഹിയെ ആത്മാവില്‍ നിന്ന് വിഭജിക്കുന്നു. ദൈവവചനം ഉപയോഗിച്ച് പരിശുദ്ധാത്മാവു നല്‍കുന്ന ഒരു വെളിപ്പാടാണിത്.

ഇക്കാര്യങ്ങളെ കണ്ടുകഴിയുമ്പോള്‍ ക്രിസ്തീയ ജീവിതത്തെ ഗൗരവമായിട്ടെടുത്തിട്ടുള്ള ഏതൊരു വിശ്വാസിയുടേയും പ്രാര്‍ത്ഥന ഇതായിരിക്കും: ‘ദൈവമേ, ഇവ ആശയതലത്തിലിരിക്കാതെ പ്രായോഗിക ജീവിത നടപ്പില്‍ നുറുക്കവും വിഭജനവും അറിയുവാന്‍ അടിയനെ സഹായിക്കുക. ദേഹിക്കുമേല്‍ ആത്മാവിനുതന്നെ നേതൃത്വം ലഭിക്കട്ടെ.’

അധ്യായം 4 :
അനുഗ്രഹം: വഴിയും തടസ്സവും


ഭൗതികമായ ഒരു മനസ്സോടെ ആത്മീയ കാര്യങ്ങള്‍ അന്വേഷിക്കുന്നതാണ് ഇന്നു ക്രിസ്തീയലോകത്തെ ഏറ്റവും വലിയ തകരാറ്. ഫലം ആത്മീയമായ പല പ്രയോഗങ്ങളുടെയും വാക്കുകളുടെയും അര്‍ത്ഥം ഇന്നത്തെ വിശ്വാസിക്കു മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.

ഉദാഹരണത്തിന് ‘അനുഗ്രഹം’ എന്ന പദം എടുക്കുക. ഇന്നത്തെ വിശ്വാസിക്ക് ‘അനുഗ്രഹം’ എന്നാല്‍ എന്താണ്? സമ്പത്ത്, ആരോഗ്യം, സൗകര്യങ്ങള്‍ തുടങ്ങിയവ ധാരാളമായി കൈയാളാന്‍ അവസരം ലഭിക്കുന്നതിനെയാണ് ‘ദൈവം അനുഗ്രഹിച്ചിരിക്കുന്നു’ എന്നതിന്റെ തെളിവായി അവര്‍ അടയാളപ്പെടുത്തുന്നത്.

പഴയനിയമത്തില്‍ ഇതു ശരിയായിരിക്കാം. എന്നാല്‍ പുതിയ നിയമത്തിലേക്കു വരുമ്പാഴോ?

ബൈബിളില്‍ 12 കാര്യങ്ങളെയോ വ്യക്തികളെയോ ദൈവം നേരിട്ട് അനുഗ്രഹിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് നമുക്കു കാണാം. ഇതില്‍, ജലജന്തുകള്‍ (ഉല്‍പത്തി 1:22), മനുഷ്യന്‍ (ഉല്‍പ. 1:28; 5:2), ഏഴാം ദിവസം (ഉല്‍പ.2:3), നോഹയും മക്കളും (ഉല്‍പ. 9:1), യിശ്മായേല്‍ (ഉല്‍പ. 17:20), അബ്രാഹാം (ഉല്‍പ.24:1, 35), യിസഹാക്ക് (ഉല്‍പ. 25:11, 26:12), യാക്കോബ് (ഉല്‍പ. 35:9), മിസ്രയീമ്യനായ പോത്തീഫര്‍ (ഉല്‍പ. 39:5), യിസ്രായേല്‍ (ആവ. 7:14; 12:7; 14:24; 15:14; 16:10), ഓബേദ്-ഏദോം (2 ശമു. 6:11-18) എന്നിങ്ങനെ പതിനൊന്നും പഴയനിയമത്തിലാണ്. ഇവിടെയെല്ലാം നല്‍കുന്ന അനുഗ്രഹങ്ങള്‍ ഭൗതിക അനുഗ്രഹങ്ങളാണു താനും. എന്നാല്‍ പന്ത്രണ്ടാമതായി, പുതിയനിയമത്തില്‍ എഫേസ്യര്‍ 1:3-ല്‍ മാത്രമാണു ‘ദൈവം അനുഗ്രഹിച്ചിരിക്കുന്നു’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അതാകട്ടെ, ആത്മികാനുഗ്രഹമാണെന്നു വ്യക്തമായി എഴുതിയിരിക്കുന്നു. (‘സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്നു…’).

ഭൗതികതയില്‍ മനസ്സു വച്ചിരിക്കുന്ന ശരാശരി ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആത്മികാനുഗ്രഹങ്ങളെക്കാള്‍ അവനു താത്പര്യം പണവും, സമ്പത്തും, ശത്രുസംഹാരവും, ദീര്‍ഘായുസ്സും മറ്റും ഉറപ്പു നല്‍കുന്ന പഴയ ഉടമ്പടിയുടെ ഭൗതികാനുഗ്രഹങ്ങളിലാണ്. അവന്റെ ഈ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ‘സമൃദ്ധിയുടെ സുവിശേഷം’ എന്നതുകൊണ്ട് പടിഞ്ഞാറുനിന്ന് ആ ഉപദേശം വന്നപ്പോള്‍ അവന്‍ അതു രണ്ടു കൈയും നീട്ടി സ്വീകരിച്ചതില്‍ എന്തത്ഭുതം? നാം എന്താഗ്രഹിക്കുന്നുവോ അതിനു യോജിച്ച ഉപദേശം നമുക്കു ലഭിക്കും എന്നത് എത്ര സത്യമാണ്!

പഴയ ഉടമ്പടിയിലെ ഭൗതികതലത്തിലെ അനുഗ്രഹങ്ങളിലാണു ശരാശരി ക്രിസ്ത്യാനിക്കു താത്പര്യം എന്നതുകൊണ്ട് ആ അനുഗ്രഹം പുതിയനിയമ വിശ്വാസിക്കും പ്രസക്തമാക്കാന്‍ വേണ്ടി സമൃദ്ധിയുടെ പ്രവാചകന്മാര്‍ അബ്രാഹാമിന്റെ അനുഗ്രഹത്തെക്കുറിച്ച് പറയുവാന്‍ ആരംഭിച്ചു. ‘അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്’ എന്ന ഗലാത്യര്‍ 3:14 പ്രയോഗമാണ് അതിന് ഉപോദ്ബലകമായി അവര്‍ വ്യാപകമായി ഉപയോഗിച്ചത്. അബ്രാഹാം അതിസമ്പന്നനായിരുന്നു. അവന് ആടുമാടുകളും ദാസീദാസന്മാരും ധാരാളം ഉണ്ടായിരുന്നു. അബ്രാഹാമിന്റെ ഈ അനുഗ്രഹം പുതിയനിയമവിശ്വാസിക്കു ലഭ്യമാകാന്‍ വേണ്ടിയാണു ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നത് എന്നിങ്ങനെ ഈ വാക്യത്തെ വ്യാഖ്യാനിച്ചപ്പോള്‍ ഭൗതികാനുഗ്രഹത്തില്‍ മാത്രം കണ്ണുവച്ച വിശ്വാസികള്‍ക്കും താത്പര്യമായി-അബ്രാഹാമിന്റെ ‘അനുഗ്രഹ’ത്തിലൂടെ ഭൗതികസമൃദ്ധി തങ്ങള്‍ക്കും കൈയാളാമല്ലോ. ഒപ്പം വചനത്തെ ഈ നിലയില്‍ വ്യാഖ്യാനിച്ച സമൃദ്ധിയുടെ സുവിശേഷവും അവര്‍ക്കു പ്രിയപ്പെട്ടതായി. വാസ്തവത്തില്‍ കര്‍ണ്ണ രസമാകുമാറ് സ്വന്തമോഹങ്ങള്‍ക്കൊത്തവണ്ണം അവര്‍ ഉപദേഷ്ടാക്കന്മാരെ സ്വീകരിക്കുകയല്ലേ ചെയ്തത്?
(2 തിമൊ. 4:3).

എന്നാല്‍ ഗലാത്യര്‍ 3:14-ന്റെ അവസാനഭാഗം കൂടി വായിച്ചാല്‍ അവിടെയും പറഞ്ഞിരിക്കുന്നത് ആത്മാവിനെയും ആത്മികാനുഗ്രഹത്തെയും കുറിച്ചാണെന്നു വ്യക്തമാകും- ‘അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം പ്രാപിപ്പാന്‍ തന്നെ.’ സ്വയം അനുഗ്രഹവിഷയമായിരിക്കുകയും അനുഗ്രഹം മറ്റുള്ളവരിലേക്കു പകരുകയും ചെയ്യുക (ഉല്‍പ. 12:2) എന്ന അബ്രാഹാമിനു ലഭിച്ച വിളി ക്രിസ്തുവിലൂടെ പുതിയനിയമവിശ്വാസികളായ നമുക്കു ലഭ്യമാണ്. എന്നാല്‍ ആ അനുഗ്രഹം ഇന്ന് ഏതു തലത്തിലാണു നമുക്കു പ്രസക്തമായിരിക്കുന്നതെന്നു വ്യക്തതയില്ലാതെ നാം അബ്രാഹാമിനെപ്പോലെ അതിസമ്പന്നരാകാന്‍ വേണ്ടിയാണു വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഭൗതികാനുഗ്രഹമാണ് ദൈവപ്രസാദത്തിന്റെ തെളിവെന്നുമൊക്കെ ലളിതവല്‍ക്കരിച്ചു വ്യാഖ്യാനിക്കുമ്പോള്‍ നാം നമ്മെക്കുറിച്ചുള്ള ദൈവഹിതത്തിന്റെ എതിര്‍ ധ്രുവത്തിലാണ് എത്തിച്ചേരുക.

പുതിയനിയമ വിശ്വാസിക്കുള്ള ആത്മികാനുഗ്രഹത്തെക്കുറിച്ചു പറയുന്ന നാം ഉദ്ധരിച്ച രണ്ടു വാക്യങ്ങളിലും -എഫെസ്യ 1:3; ഗലാത്യ. 3:14- ആ അനുഗ്രഹം ‘ക്രിസ്തുവില്‍’ ആണെന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെ യഥാര്‍ത്ഥ അനുഗ്രഹം ക്രിസ്തുവിലാണ്. അവിടുന്നു തന്നെയാണ് നമ്മുടെ മുഴുവന്‍ അനുഗ്രഹവും. ക്രിസ്തുവിനോട് അടുത്തു വരുമ്പോള്‍ നാം യഥാര്‍ത്ഥ അനുഗ്രഹത്തോട് അടുത്തു വരികയാണ്. അങ്ങനെയെങ്കില്‍ ഈ അനുഗ്രഹത്തോട് അടുത്തുവരാന്‍ നമുക്കുള്ള പ്രധാന പ്രതിബന്ധം എന്താണ്? യെശയ്യാവ് 59:2-ല്‍ അതു തെളിമയോടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു ‘നിങ്ങളുടെ അകൃത്യങ്ങള്‍ അത്രെ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പാപങ്ങള്‍ അത്രെ അവന്‍ കേള്‍ക്കാതെവണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറയ്ക്കുമാറാക്കിയത്.’

നമ്മുടെ യഥാര്‍ത്ഥ അനുഗ്രഹമായ ക്രിസ്തു തന്റെ വശത്തു നിന്ന് നമ്മോട് എത്രയും അടുത്തുവരാനായി ആഗ്രഹിക്കുന്നു. ഈ ആഗ്രഹമാണ് അവിടുത്തെ മനുഷ്യാവതാരത്തോടുള്ള ബന്ധത്തിലും നാം കാണുന്നത്- ‘കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും’ (മത്തായി 1:22). ദൈവം നമ്മോടു കൂടെ – ഇമ്മാനുവേല്‍- ആയിരിപ്പാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനു തൊട്ടുമുകളിലുള്ള വാക്യം ശ്രദ്ധിക്കുക: ‘അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്നു പേര്‍ ഇടേണം’ (1:21). ഈ രണ്ടു വാക്യങ്ങളും ചേര്‍ത്തു ചിന്തിച്ചാല്‍ നമുക്ക് ഒരു കാര്യം വ്യക്തമാകും. ദൈവം നമ്മോടു കൂടെ ഇമ്മാനുവേലായി ഇരിക്കണമെങ്കില്‍ അവിടുന്ന് ഒന്നാമതു നമുക്കു പാപത്തില്‍ നിന്നു രക്ഷിക്കുന്ന യേശുവായി (രക്ഷിതാവ്) തീരണം. ഒന്നാമത് ‘യേശു.’ രണ്ടാമത് ‘ഇമ്മാനുവേല്‍’ – എന്ന ക്രമം ശ്രദ്ധിക്കുക. നമ്മുടെ യഥാര്‍ത്ഥ അനുഗ്രഹമായ ക്രിസ്തു നമ്മോട് അടുത്തിരിക്കുന്നില്ലെങ്കില്‍ പാപമാണ് അതിനുള്ള തടസ്സം എന്നു നാം തിരിച്ചറിയണം.

യാക്കോബിന് ഈ കാര്യത്തെക്കുറിച്ചു നല്ല വ്യക്തത ഉണ്ടായിരുന്നു. അദ്ദേഹം എഴുതുന്നു: ”ദൈവത്തോട് അടുത്തു ചെല്ലുവിന്‍. എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തു വരും” (4:8). നമുക്ക് എങ്ങന ദൈവത്തോട് അടുത്തു ചെല്ലുവാന്‍ കഴിയും? അതേ വാക്യത്തില്‍ യാക്കോബ് വിശദമാക്കുന്നു: ”പാപികളെ, കൈകളെ വെടിപ്പാക്കുവിന്‍. ഇരുമനസ്സുള്ളോരെ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍.”

യഥാര്‍ത്ഥ അനുഗ്രഹം തേടി രണ്ടുപേര്‍ ദൈവാലയത്തില്‍ ചെന്നിട്ടും ഒരാളുടെ അടുത്തേക്കു മാത്രം ദൈവം ചെന്നതിനെക്കുറിച്ച് കര്‍ത്താവ് ഒരു ഉപമ പറഞ്ഞിട്ടുണ്ടല്ലോ (ലൂക്കൊ. 18:9-14). പരീശന്റെയും ചുങ്കക്കാരന്റെയും ഉപമയാണത്. അതില്‍ ചുങ്കക്കാരനു പാപബോധം ഉണ്ടായിരുന്നു. അവന്‍ സങ്കടപ്പെട്ടു ദുഃഖിച്ചു കരഞ്ഞു. കൈകളെ വെടിപ്പാക്കി. ഹൃദയത്തെ ശുദ്ധീകരിച്ചു. അവന്റെ അടുത്തേക്കു നീതിമാനായ, കാരുണ്യവാനായ, ദൈവം ചെന്നു. അവനു ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞു. ഫലം അവന്‍ നീതീകരിക്കപ്പെട്ടവനായി സമാധാനത്തോടെ, അനുഗ്രഹത്തോടെ, വീട്ടിലേക്കു പോയി. എന്നാല്‍ പരീശന്‍ അക്ഷരാര്‍ത്ഥത്തില്‍ ദൈവാലയത്തില്‍ ചെന്നെങ്കിലും ദൈവത്തോട് അവന്‍ അടുത്തുചെന്നില്ല. ദൈവവും അവന്റെ അടുത്തേക്കു ചെന്നില്ല. ഫലം, പരീശന് അനുഗ്രഹിക്കപ്പെടാന്‍ കഴിഞ്ഞില്ല.

ആസഫ്, 73-ാം സങ്കീര്‍ത്തനത്തില്‍ 27, 28 വാക്യത്തില്‍ രണ്ടു കൂട്ടരെക്കുറിച്ച് പറയുന്നു. ഒന്ന്: ദൈവത്തോട് അകന്നിരിക്കുന്നവര്‍. രണ്ട്: ദൈവത്തോട് അടുത്തിരിക്കുന്നവര്‍. എന്നാല്‍ ‘ദൈവത്തോട് അകന്നിരിക്കുന്നവര്‍ നശിച്ചുപോകും’ എന്നും യഥാര്‍ത്ഥ അനുഗ്രഹം ദൈവത്തോട് അടുത്തിരിക്കുന്നതാണെന്നും മനസ്സിലാക്കിയ ആസാഫ് ഒടുവില്‍ തന്റെ തീരുമാനം പ്രഖ്യാപിക്കുന്നു: ‘എന്നാല്‍ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്.’ ആസാഫിന്റെ ഈ നിര്‍ണ്ണയമാണ് ഇന്നു നമുക്കാവശ്യം.

അനുഗ്രഹത്തെ ഭൗതികതലത്തില്‍ മാത്രം അടയാളപ്പെടുത്തുന്ന, യഥാര്‍ത്ഥ അനുഗ്രഹത്തിലേക്കുള്ള വഴി തിരിച്ചറിയാത്ത, സമകാലിക ക്രിസ്തീയത ഇന്നു ദൈവഹൃദയത്തില്‍ നിന്ന് എത്ര അകലെയാണ്!


അധ്യായം 5 :
കേവല വിശ്വാസത്തിനപ്പുറം


”ഇന്നു നാം വിശുദ്ധന്മാരെ വാര്‍ത്തെടുക്കുന്നില്ല എന്നതാണു സത്യം. ആദിമനൂറ്റാണ്ടിലെ വിശുദ്ധന്മാരോടു വിദൂരസാദൃശ്യം പോലും ഇല്ലാത്ത കേവല വിശ്വാസികളെയാണു നാം ഇന്നു സൃഷ്ടിക്കുന്നത്. നമ്മുടെ കാലഘട്ടത്തിലെ ശരാശരിക്കാരായ ബൈബിള്‍ ക്രിസ്ത്യാനികള്‍, യഥാര്‍ത്ഥ വിശുദ്ധന്മാരുടെ പരിഹാസ്യമായ അനുകരണം മാത്രമാണ്… വാസ്തവത്തില്‍ നാം മെച്ചപ്പെട്ട ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. പുതിയനിയമ വിശുദ്ധന്മാരുടെ നിലവാരത്തിലെത്തണമെന്നു നാം നമ്മുടെ ‘കേവല മാനസാന്തര’ക്കാരോടു നിര്‍ബന്ധം പിടിക്കേണ്ടിയിരിക്കുന്നു. അതിലൊട്ടും കുറയരുത്. ഹൃദയനിര്‍മ്മലത, എരിയുന്ന സ്‌നേഹം, ലോകത്തില്‍ നിന്നുള്ള വേര്‍പാട്, ക്രിസ്തുവിനോടുളള കലര്‍പ്പില്ലാത്ത ഭക്തി എന്നിവയിലേക്ക് അവരെ നടത്തണം. ഇങ്ങനെ മാത്രമേ തിരുവചനത്തിന്റെയും നിത്യതയുടെ മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ അത് എവിടെയായിരിക്കണമോ അവിടേക്ക് ഇന്നത്തെ താണനിലവാരത്തിലുള്ള ആത്മീയതയെ നമക്കു കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയൂ”:
‘നമുക്കു മെച്ചപ്പെട്ട ക്രിസ്ത്യാനികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു’ എന്ന എ.ഡബ്ല്യു. ടോസറുടെ ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത്.

ആദിമനൂറ്റാണ്ടിലെ ‘വിശുദ്ധ’ന്മാരും ഇന്നത്തെ ‘വിശ്വാസി’കളും തമ്മിലുള്ള വ്യത്യാസം എവിടെയാണ്? ഇതിലേക്ക് വെളിച്ചം വീശുന്ന ഒരു വചനം നാം പ്രവൃത്തികളുടെ പുസ്തകത്തില്‍ കാണുന്നു: ‘ആദ്യം അന്ത്യോക്യയില്‍ വെച്ചു ശിഷ്യന്മാര്‍ക്കു ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി’ (11:26). അര്‍ത്ഥം വ്യക്തം: ആദിമനൂറ്റാണ്ടില്‍ ക്രിസ്ത്യാനികളൊക്കെയും ‘ശിഷ്യന്മാര്‍’ ആയിരുന്നു. ഇന്നോ? ഇന്നവരില്‍ ഭൂരിപക്ഷവും ‘വിശ്വാസികള്‍’ മാത്രമാണ്. ഇന്നത്തെ ശരാശരിക്കാരായ ബൈബിള്‍ ക്രിസ്ത്യാനികളെ ശിഷ്യത്വത്തിലേക്കു നയിച്ചാല്‍ മാത്രമേ താണനിലവാരത്തിലുള്ള ആത്മീയതയെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയൂ എന്നതാണു സത്യം.

‘സകലജാതികളെയും ശിഷ്യരാക്കിക്കൊള്ളണം’ എന്ന അന്ത്യ കല്പന നല്‍കിയ യേശു തന്റെ പരസ്യ ശുശ്രൂഷയുടെ വിവിധ സന്ദര്‍ഭങ്ങളില്‍ ശിഷ്യത്വ ജീവിതത്തിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടിയിട്ടുണ്ട്. ലൂക്കൊസിന്റെ സുവിശേഷം 14-ന്റെ 25 മുതല്‍ 35 വരെയുള്ള വാക്യങ്ങളില്‍ ശിഷ്യത്വത്തിന്റെ പടവുകള്‍ യേശു വ്യക്തതയോടെ ചിത്രീകരിക്കുന്നതു നമുക്കു കാണാന്‍ കഴിയും. അവിടെ മൂന്നു പടികളെങ്കിലും തെളിമയോടെ വരച്ചു കാട്ടിയിട്ടുണ്ട്.

അതില്‍ ഒന്നാമത്തേതു സ്വാഭാവിക ബന്ധങ്ങളോടുള്ള വേര്‍പിരിയലാണ്. ‘എന്റെ അടുക്കല്‍ വരികയും അപ്പനേയും അമ്മയേയും ഭാര്യയേയും മക്കളേയും… പകയ്ക്കാതിരിക്കുന്നവന് എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല’ എന്ന് യേശു പറയുമ്പോള്‍ അത് ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും സ്‌നേഹിക്കന്നതിനു തടസ്സമായ, മാനുഷികമായ പറ്റുമാനങ്ങളോടുള്ള വിടപറയലാണ്. സ്വന്തജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാത്ത ഒന്നും യേശു ഉപദേശിച്ചിട്ടില്ല. തന്റെ അമ്മയോടും സഹോദരങ്ങളോടുമുള്ള ബന്ധത്തില്‍ യേശു ഈ നിലയില്‍ കര്‍ശനമായ നിലപാടെടുത്ത ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നമുക്ക് ഓര്‍ക്കുവാനുണ്ട് (മര്‍ക്കൊ. 3:31-35; യോഹ.2:4; 7:3-10). എന്നാല്‍ മാനുഷികബന്ധങ്ങളോട് ഈ നിലയിലുള്ള വേര്‍പിരിയല്‍ മാനുഷികമായ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍നിന്ന് ശിഷ്യനെ തടയുന്നില്ല. (യേശുവും ആ നിലയില്‍ തന്റെ കടമകള്‍ സ്‌നേഹപൂര്‍വ്വം നിറവേറ്റിയല്ലോ-യോഹ. 19:26,27). മാത്രമല്ല ഇപ്പോഴാണു സ്വാര്‍ത്ഥതയുടെ സ്പര്‍ശമില്ലാതെ അവന് തന്റെ പ്രിയപ്പെട്ടവരെ സ്‌നേഹിക്കുവാന്‍ കഴിയുന്നത് എന്നതാണു വാസ്തവം.

ശിഷ്യത്വത്തിന്റെ അടുത്ത പടി, തന്റെ കൈവശം ഉള്ള കാര്യങ്ങളോടുള്ള ഹൃദയപരമായ അടുപ്പത്തില്‍ നിന്നുള്ള വേര്‍പിരിയലാണ്; ‘ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന് തന്റെ ശിഷ്യനായിരിക്കാന്‍ കഴികയില്ല’ (ലൂക്കൊ. 14:33). നമ്മുടെ കൈവശം ഉള്ളവ, നമുക്കു ലഭിച്ച അനുഗ്രഹങ്ങള്‍, അവ ദൈവം തന്നെ തന്നതാണ്. പക്ഷേ കുറച്ചു കഴിയുമ്പോള്‍ അവ നമുക്കു ദൈവത്തെക്കാള്‍ പ്രിയങ്കരമായി മാറിയിട്ടുണ്ടോ? വെറുതെയിരിക്കുമ്പോള്‍ നാം ഹൃദയം കൊണ്ട് അവയെ ആണോ താലോലിക്കുന്നത്? ഒരു ശിഷ്യന്‍ അതിനോടും വേര്‍പിരിഞ്ഞേ മതിയാകൂ. അബ്രാഹാമിന് യിസ്ഹാക്കിനെ നല്‍കിയതു മറ്റാരുമല്ല. ദൈവം തന്നെയാണ്. പക്ഷേ പിന്നീട് ‘നീ സ്‌നേഹിക്കുന്ന നിന്റെ ഏകജാതനായ മകനെ’ ബലികഴിക്കാന്‍ ‘വിശ്വാസികളുടെ പിതാവി’നോടു ദൈവം ആവശ്യപ്പെട്ടെങ്കില്‍ ശിഷ്യത്വത്തിന്റെ വഴിയില്‍ ഇന്നത്തെ വിശ്വാസിയോടും അവിടുന്ന് അത് ആവശ്യപ്പെടുന്നെങ്കില്‍ അതിലെന്തത്ഭുതം? ഇന്നു ലോകത്തിലായിരിക്കുമ്പോള്‍ നാം വാങ്ങുകയും വില്‍ക്കുകയും പലതും കൈകാര്യം ചെയ്യുകയും വേണ്ടതുണ്ട്. പക്ഷേ അവയില്‍ എല്ലാം ഇടപെടുമ്പോഴും ഒരു യഥാര്‍ത്ഥശിഷ്യന് അവയില്‍ നിന്ന് ആന്തരികമായ ഒരു വേര്‍പിരിയലുണ്ടാകും; ഉണ്ടാകണം (1 കൊരിന്ത്യ 7:29-31).

ശിഷ്യത്വത്തിന്റെ അടുത്ത വ്യവസ്ഥ ‘സ്വന്തജീവനെ പകയ്ക്കുക’ എന്നതാണ് (ലൂക്കൊ. 14:26). സ്വന്തജീവന്‍ എന്നാല്‍ എന്താണ്? അത് നമ്മെക്കുറിച്ചു തന്നെ നമുക്കുള്ള മതിപ്പും അന്യരുടെ നമ്മോടുള്ള പെരുമാറ്റം സംബന്ധിച്ച നമ്മുടെ പ്രതീക്ഷകളും സ്വാര്‍ത്ഥഭരിതമായ നമ്മുടെ സ്വന്ത ഇഷ്ടവും എല്ലാം കൂടിക്കുഴഞ്ഞ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയില്‍ നിന്ന് രൂപപ്പെടുന്ന നമ്മുടെ സ്വാഭാവിക വ്യക്തിത്വമാണെന്നു പറയാം. ഊതിവീര്‍പ്പിക്കപ്പെട്ട ഈ ‘ഈഗോ’യെ പകയ്ക്കുന്നതാണു പലരെ സംബന്ധിച്ചും ശിഷ്യത്വ വഴിയിലെ ഏറ്റവും പ്രയാസമുള്ള പടി. ഈ സ്വന്ത ജീവനെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും? അതിന്റെ തൊട്ടു താഴത്തെ വചനം ശ്രദ്ധിക്കുക: ‘തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല” (14:27). ക്രൂശാണ് സ്വന്തജീവനെ കൈകാര്യം ചെയ്യുന്നത്. ആട്ടെ, ക്രൂശ് എന്നാല്‍ എന്താണ്? ക്രൂശ് നമുക്ക് വരുന്ന രോഗങ്ങളോ അത്യാഹിതങ്ങളോ അല്ല. അത് അങ്ങനെയാണെങ്കില്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ക്കും ക്രൂശ് ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. അതുപോലെ ‘ക്രൂശ്’ എടുത്ത് അനുഗമിക്കണം’ എന്നതു സൂചിപ്പിക്കുന്നത് അതു നാം ബോധപൂര്‍വം ചെയ്യേണ്ട കാര്യമാണ് എന്നതാണ്. വേണ്ടെങ്കില്‍ നമുക്കത് എടുക്കാതെയിരിക്കാം. അതുപോലെ ‘തന്റെ ക്രൂശ്’ എന്ന പ്രയോഗം ഓരോരുത്തരും അവരവരുടെ ക്രൂശാണ് എടുക്കേണ്ടതെന്നു സൂചിപ്പിക്കുന്നു. മാത്രമല്ല അതു ദിനംതോറും ചെയ്യേണ്ട കാര്യവുമാണ് (ലൂക്കൊ. 9:23). എല്ലാറ്റിനും ഉപരിയായി ‘ക്രൂശ്’ എന്ന വാക്ക് ആ അനുഭവം നമുക്കു സ്വാഭാവികമായി ഇഷ്ടപ്പെടാന്‍ കഴിയാത്ത ഒരു കഷ്ടതയാണെന്നു വ്യക്തമാക്കുന്നു. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തു ചിന്തിക്കുമ്പോള്‍, നമ്മുടെ സ്വാഭാവിക മനസ്സിനു അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രകോപനത്തെ, താഴ്മയോടെ സ്വീകരിക്കുമ്പോള്‍ നമ്മുടെ ജഡത്തില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതയാണു ക്രൂശെന്നു കാണാന്‍ കഴിയും. ഈ ക്രൂശ് നമ്മുടെ സ്വയജീവനെ പകയ്ക്കാന്‍ നമ്മെ സഹായിക്കും. ക്രൂശ് എപ്പോഴും യേശുവിന്റെ നമ്മോടുള്ള സ്‌നേഹത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നു. നാം നമ്മുടെ ക്രൂശ് എടുക്കേണ്ടതും യേശുവിന്റെ സ്‌നേഹത്തോടുള്ള നമ്മുടെ പ്രതിസ്പന്ദനം എന്ന നിലയിലാണ്.

ശരാശരി വിശ്വാസിയുടെ അരിഷ്ടത നിറഞ്ഞ ജീവിതം എപ്പോഴും ഭാരമുള്ളതാണ്. മറിച്ച് ശിഷ്യത്വത്തിന്റെ വഴി സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാതയാണ്. അതുകൊണ്ട് യേശുവിന്റെ ആഹ്വാനം ഇന്നു വിശ്വാസികള്‍ക്കും പ്രസക്തമാണ്: ”അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ… എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും… എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു.’ ഉവ്വ്, മുന്നോട്ടു പോകുമ്പോള്‍ ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ നമുക്കു കൂടുതല്‍ കൂടുതല്‍ മൃദുവും ലഘുവുമായി അനുഭവപ്പെട്ടുകൊണ്ടിരിക്കും.

അധ്യായം 6 :
‘എന്നോടു പഠിപ്പിന്‍’

യേശുക്രിസ്തുവിന്റെ താഴ്മ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് അവിടുന്നു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലോ കാല്‍വറിയില്‍ മരിച്ചതിലോ അല്ല, അവിടുന്നു ജഡാവതാരം എടുത്തതിലാണ്. ‘അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി’ എന്നാണ് ആ കാര്യത്തെ പൗലൊസ് വിശദീകരിക്കുന്നത് (ഫിലി. 2:6-8).

ഇവിടെ സംഭവിച്ചതു നമുക്കു സങ്കല്പിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള കാര്യമാണ്-ദൈവം മനുഷ്യനായിത്തീര്‍ന്നു! പരിമിതികളില്ലാത്ത ദൈവം പരിമിതികളുള്ള മനുഷ്യനായി മാറി. ഒരു കുറവും ഇല്ലാത്ത ദൈവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തേക്ക് ആരെയും ആശ്രയിക്കേണ്ട എന്നതാണ്. എന്നാല്‍ അവിടുന്നു മനുഷ്യനായി ഭൂമിയില്‍ വന്നപ്പോഴോ? യേശു എപ്പോഴും ഏതിനും പിതാവിനെ ആശ്രയിക്കുന്നതാണു നാം കാണുന്നത്. പിതാവിനെ ആശ്രയിക്കാതെ ഒരു വാക്കോ പ്രവൃത്തിയോ തനിക്കുണ്ടായിരുന്നില്ല. ഭൂമിയിലെ ജീവിതം സംബന്ധിച്ച തന്റെ നയം യേശു ഇങ്ങനെയാണു വ്യക്തമാക്കുന്നത്: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‌വാന്‍ കഴികയില്ല (യോഹ. 5:19). ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല. എന്നെ അയച്ച പിതാവു തന്നെ ഞാന്‍ ഇന്നതു പറയണം എന്നും ഇന്നതു സംസാരിക്കണം എന്നും കല്പന തന്നിരിക്കുന്നു (12:49). നോക്കുക: തനിക്ക് ഒരു കുറവും (ദാരിദ്ര്യവും) ഇല്ലാത്തതു മൂലം ‘ആശ്രയിക്കുക’ എന്നാല്‍ എന്താണെന്ന് അറിഞ്ഞുകൂടാത്തവനായ സര്‍വ്വശക്തനായ ദൈവം എന്തിനും ഏതിനും ആശ്രയിക്കേണ്ട ദരിദ്രാവസ്ഥ സ്വയം വരിച്ചതാണ് ജഡാവതാരത്തില്‍ സംഭവിച്ചത്. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന് നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്നു” (2 കൊരി. 8:9). ഉവ്വ്, യേശുക്രിസ്തു തന്നെത്താന്‍ ഒഴിച്ച് മനുഷ്യനായി താഴേക്കു വന്നതായിരുന്നു താഴ്മയുടെ ഏറ്റവും വലിയ ചുവടുവയ്പ്. ക്രൂശിലെ മരണത്തോളം താഴ്ത്തിയതുള്‍പ്പെടെ യുള്ള മറ്റു കാര്യങ്ങള്‍ അതിന്റെ തുടര്‍ച്ചയായാണു സംഭവിച്ചത്.

പിതാവിനോടുള്ള ആശ്രയത്വം എപ്പോഴും ആവശ്യമായി വരുന്ന ഈ ‘ദാരിദ്ര്യം’ സ്വയം വരിച്ച യേശു ഈ താഴ്മയുടെ വഴിയാണു പര്‍വ്വത പ്രസംഗത്തില്‍ ശിഷ്യന്മാര്‍ക്ക് ഒന്നാമതായി ഉപദേശിച്ചത്- ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, ദൈവരാജ്യം അവര്‍ക്കുള്ളത്’ (മത്തായി 5:3). സ്വയം അനുഭവവേദ്യമാക്കാത്ത കാര്യങ്ങള്‍ ഒന്നും യേശു മറ്റുള്ളവരോട് ഉപദേശിച്ചിട്ടില്ലല്ലോ (അപ്പൊ. പ്രവൃ. 1:1).

ഒന്നാമതു നാം ആത്മാവില്‍ ദരിദ്രരായിരിക്കണം എന്നു യേശു പറഞ്ഞത് എന്തുകൊണ്ടാണ്? എല്ലാ ആത്മീയ നന്മകളുടേയും അടിസ്ഥാനം താഴ്മയാണെന്നുള്ളതുകൊണ്ട് ഭാഗ്യവര്‍ണ്ണനയില്‍ ഒന്നാമത് യേശു താഴ്മയെക്കുറിച്ചായിരുന്നില്ലേ പറയേണ്ടിയിരുന്നത്? അതേ, തീര്‍ച്ചയായും. യേശു ഇവിടെ ഒന്നാമതു പറഞ്ഞതും അതു തന്നെയാണ്. വാസ്തവത്തില്‍ താഴ്മ എന്നു പറയുന്നത് ആത്മാവിലെ ദരിദ്രാവസ്ഥയാണ്.

യഥാര്‍ത്ഥത്തില്‍ ‘ആത്മാവിലെ ദാരിദ്ര്യം’ എന്നാല്‍ എന്താണ്? നമ്മുടെ സ്വാഭാവിക ചിന്തകള്‍ക്ക് അതു പലപ്പോഴും മനസ്സിലാവുകയില്ല. ആത്മാവില്‍ സമ്പന്നതയല്ലേ നമുക്കു വേണ്ടത്? പിന്നെ എന്തുകൊണ്ടാണ് യേശു ആത്മാവില്‍ ദരിദ്രരായവര്‍ക്ക് ദൈവരാജ്യം വാഗ്ദാനം ചെയ്തത്? -ഇങ്ങനെ പോകുന്നു സ്വാഭാവിക മനസ്സിന്റെ സംശയങ്ങള്‍.

യേശുവിന്റെ ജഡാവതാരത്തോടു ബന്ധപ്പെട്ടു തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനു മറുപടിയായി. യേശു ജഡാവതാരത്തില്‍ ദൈവികമായ സമ്പന്നത ഉരിഞ്ഞു വച്ച് മനുഷ്യനായി തീര്‍ന്നപ്പോള്‍ എന്താണു സംഭവിച്ചത്? അവിടുന്ന് എപ്പോഴും പിതാവിനെ ആവശ്യമുള്ളവനായി, ഏതു കാര്യത്തിനും പിതാവിന്റെ ആശ്രയം വേണ്ട ‘ദരിദ്ര’നായിത്തീരുകയായിരുന്നു. ഈ അവസ്ഥയാണ് ആത്മാവിലെ ദാരിദ്ര്യം. യേശു തന്റെ താഴ്മയില്‍ ആത്മാവിലെ ദാരിദ്ര്യമാണ് വരിച്ചതെന്നു കാണാം.

നാമും ഈ നിലയില്‍ ആത്മാവില്‍ ദരിദ്രരാകണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. ആത്മാവിലെ ദാരിദ്ര്യം എപ്പോഴും ദൈവത്തെ ആശ്രയിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. നമുക്ക് നമ്മില്‍ തന്നെ ആശ്രയവും വിശ്വാസവും ഉണ്ടായിരിക്കുകയില്ല (ഫിലി. 3:3). എന്താണ് ചെയ്യേണ്ടതെന്ന് സ്വാഭാവികമായി അറിയാത്ത, എന്താണ് പറയേണ്ടതെന്ന് നിശ്ചയമില്ലാത്ത, സ്വയത്തില്‍ നിസ്സഹായരായ ആളുകള്‍. അങ്ങനെയുള്ളവര്‍ക്ക് ദൈവത്തെ മുറുകെ പിടിക്കുകയല്ലാതെ എന്താണ് മാര്‍ഗ്ഗം? ഈ മട്ടില്‍ നിസ്സഹായരായ, ദരിദ്രരായ ആളുകള്‍ എപ്പോഴും എല്ലാറ്റിനും വേണ്ടിയും ദൈവത്തിന്റെ അടുക്കലേക്കു ചെല്ലും-യാചകന്‍ ധനവാന്റെ പടിവാതില്‍ക്കല്‍ ദിനംതോറും കാത്തു നില്‍ക്കുന്നതുപോലെ. ഇതാണ് യഥാര്‍ത്ഥ താഴ്മ. ഇങ്ങനെയുള്ളവര്‍ ഭാഗ്യവാന്മാരാണെന്നും ദൈവരാജ്യം അവര്‍ക്കുള്ളതാണെന്നും യേശു പറഞ്ഞപ്പോള്‍ അത് അവിടുന്ന് സ്വന്തം ജീവിതത്തില്‍ അനുഭവമാക്കിയ ഒരു സത്യത്തിന്റെ ഉദ്‌ഘോഷണമായിരുന്നു.

‘ദൈവത്തിന് ഒരുവനെ താഴ്ത്തുന്നത് താരതമ്യേന എളുപ്പമാണ്; അവനെ താഴ്മയില്‍ നിലനിര്‍ത്തുന്നതാണ് പ്രയാസം’ എന്നു പറയാറുണ്ട്. അതു ശരിയാണ്. ‘ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍’ എന്ന വാക്യത്തിന്റെ കാലം (Tense) പൂര്‍ത്തിയായ ഭൂതകാലമല്ല, വര്‍ത്തമാനകാലമായി തുടരുന്നതാണ് എന്നതു ശ്രദ്ധിക്കുക. നാം ഭൂതകാലത്തിലെപ്പോഴോ സ്വയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ദൈവത്തെ മാത്രം ആശ്രയിച്ച് ആത്മാവില്‍ ദരിദ്രരായിത്തീര്‍ന്നിട്ടുണ്ടാവാം. പക്ഷേ, ഇപ്പോള്‍ നമ്മുടെ അവസ്ഥ എങ്ങനെയിരിക്കുന്നു? നാം ഇപ്പോഴും ദരിദ്രരായി തുടരുകയാണോ അതോ കാലം കടന്നുപോയപ്പോള്‍ സ്വയത്തില്‍ ശക്തരായി തീര്‍ന്നിരിക്കുകയാണോ? ആത്മാവിലെ ദാരിദ്ര്യം നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഭൂതകാല അനുഭവം മാത്രമാണോ അതോ വര്‍ത്തമാനത്തിലും തുടര്‍ന്നുകൊണ്ടിരിക്കുന്നോ എന്നതാണ് പ്രസക്തമായ ചോദ്യം.

നാം ഇന്ന് ശക്തരായി മാറിയിട്ടുണ്ടെങ്കില്‍ നമ്മെ വീണ്ടും ആത്മാവിലെ ദാരിദ്ര്യത്തിലേക്ക് കൊണ്ടു വരുവാന്‍ (താഴ്മയിലേക്ക് പ്രത്യാനയിക്കുവാന്‍) ദൈവം ആഗ്രഹിക്കുന്നു. നമ്മെ ആത്മാവിലെ ദാരിദ്ര്യത്തില്‍ നിലനിര്‍ത്താന്‍ ദൈവത്തിനു തന്റേതായ മാര്‍ഗ്ഗം ഉണ്ട്. പൗലൊസ് സ്വന്ത അനുഭവത്തില്‍ നിന്ന് ഇതു വിശദീകരിക്കുന്നതു ശ്രദ്ധിക്കുക ”വെളിപ്പാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിച്ചു പോകാതിരിപ്പാന്‍ എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു. ഞാന്‍ നിഗളിച്ചുപോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാന്‍ സാത്താന്റെ ദൂതനെത്തന്നെ. അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാന്‍ മൂന്നുവട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു. അവന്‍ എന്നോട് എന്റെ കൃപ നിനക്കു മതി എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു” (2 കൊരി. 12:7-9).

ദൈവം പൗലൊസിനെ എപ്പോഴും ബലഹീനതയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. എപ്പോഴും അവന്‍ ആത്മാവില്‍ ദരിദ്രനായിരിക്കണമെന്ന് അവിടുന്ന് താല്‍പര്യപ്പെട്ടു. കാരണം, ബലഹീനന്‍ മാത്രമേ ദൈവശക്തിക്കായി വാഞ്ഛിക്കുകയുള്ളൂ; ആത്മാവില്‍ ദരിദ്രനായവന്‍ മാത്രമേ ദൈവത്തെ നിരന്തരം ആശ്രയിക്കുകയുള്ളൂ. ദിനംതോറും ദൈവത്തിന്റെ പടിവാതില്‍ക്കല്‍ ജാഗരിച്ചു നില്‍ക്കുക എന്നതാണ് നമ്മെക്കുറിച്ച് അവിടുന്ന് ആഗ്രഹിക്കുന്നത്.

നാം ഈ നിലയില്‍ താഴ്മയില്‍, ദാരിദ്ര്യത്തില്‍ ആയിരിക്കുന്നുവോ? ഇല്ലെങ്കില്‍ നാം വീണ്ടും തന്നില്‍ നിന്നു തന്നെ പഠിക്കേണ്ടിയിരിക്കുന്നു (മത്തായി 11:29).

അധ്യായം 7 :
ആത്മീയ പക്വതയിലേക്കുള്ള വളര്‍ച്ച

പക്വതയുടെ ആത്യന്തികലക്ഷ്യവും അളവുകോലും യേശുക്രിസ്തുവാണ്. യേശുവിനെപ്പോലെയാകുന്നതാണ് ആത്മീയപക്വതയുടെ പൂര്‍ണത. യേശുവിനെപ്പോലെ എത്രത്തോളമായി എന്നതാണു പക്വതയിലേക്കുള്ള വളര്‍ച്ചയുടെ അളവുകോല്‍.

ആത്മീയപക്വതയുടെ പൂര്‍ണതയെ അപ്പൊസ്തലനായ പൗലൊസ് ‘അവിടുത്തെ പുത്രന്റെ സ്വരൂപത്തോട് അനുരൂപരാകുക’ എന്ന പദപ്രയോഗം കൊണ്ടാണു വിവരിക്കുന്നത് (റോമര്‍ 8:29). പുത്രന്റെ സ്വരൂപം (കാമഴല) ദൈവത്തിന്റെ സ്വരൂപം തന്നെയാണെന്ന് കൊലൊസ്യര്‍ 1:15, 2 കൊരിന്ത്യര്‍ 4:4 എന്നീ വാക്യങ്ങളും (അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ, ദൈവപ്രതിമയായ ക്രിസ്തു) വ്യക്തമാക്കുന്നു. ഈ ദൈവസ്വഭാവത്തോട് കൂടുതല്‍ കൂടുതല്‍ അനുരൂപരായി പക്വതയിലേക്കു വളരുന്നതിനെ പൗലൊസ് ‘തേജസ്സിന്മേല്‍ തേജസ്സ് പ്രാപിക്കുക’ എന്നാണു വിവരിക്കുന്നത് (2 കൊരിന്ത്യര്‍ 3: 18). സമ്പൂര്‍ണജ്ഞാനം കൊണ്ടു സ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്നതാണു വളര്‍ച്ചയെന്നും പൗലൊസ് വിശദീകരിക്കുന്നുണ്ട് (കൊലൊസ്യര്‍ 3:10).

ഇങ്ങനെ ദൈവസ്വരൂപത്തിനനുസൃതമായി നവീകരിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്ത്യാനികള്‍ സമൂഹത്തില്‍ നിഷേധ മാതൃകകളായി (Negative examples) മാറും. ഇന്ത്യയില്‍ വളരെ വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ച സ്റ്റാന്‍ലി ജോണ്‍സ്, ഭാരതത്തില്‍ ആദ്യമായി സുവിശേഷം വന്നപ്പോള്‍ അതിനോടു ഭാരതീയര്‍ കാട്ടിയ മൂന്നു വ്യത്യസ്ത പ്രതികരണങ്ങളെ ഇങ്ങനെ വിവരിച്ചിട്ടുണ്ട്: ‘തേജസ്സേറിയ സുവിശേഷ സന്ദേശം കേട്ടപ്പോള്‍ ഭാരതീയര്‍ ആദ്യം ഇങ്ങനെ പ്രതികരിച്ചു: ‘ഇതു സത്യമല്ല’ (It is not true). കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ നിലപാടു മാറ്റി ഇങ്ങനെ പറഞ്ഞു: ‘ഇത് പുതിയതല്ല’ (It is not new). എന്നാല്‍ വീണ്ടും നാളുകള്‍ മുന്നോട്ടു പോയപ്പോള്‍ സുവിശേഷത്തില്‍ പുതിയതായി ഒന്നുണ്ടെന്നും അതു യേശുക്രിസ്തുവാണെന്നും തിരിച്ചറിഞ്ഞ ഭാരതീയര്‍ ക്രിസ്ത്യാനികളെ നോക്കി ഇങ്ങനെ പറഞ്ഞു: ‘പക്ഷേ അതു നിങ്ങളല്ല’ (But it is not you). നാം യേശുവിനോട് അനുരൂപരാകുന്നില്ലെങ്കില്‍ സമകാലിക സമൂഹം നമ്മെ നോക്കി പറയും: ‘എല്ലാം കൊള്ളാം. പക്ഷേ നിങ്ങള്‍ അതുപോലെയല്ലല്ലോ.’ എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ ജനം എന്ന നിലയില്‍ ക്രിസ്തുവിനെ നമ്മിലൂടെ വെളിവാക്കി കാണിക്കുക എന്നതാണ്.

ക്രിസ്തുസ്വഭാവം പ്രതിഫലിക്കത്തക്കവണ്ണം നമ്മെ ആത്മീയ വളര്‍ച്ചയിലേക്കു നയിക്കുവാന്‍ ദൈവത്തിനു തന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്. ദൈവം കഷ്ടതകളെ ഇതിനായി ഏതുവിധത്തില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന കാര്യം മാത്രം തുടര്‍ന്നു ചിന്തിക്കാം.

അത്യാഹിതങ്ങള്‍, രോഗങ്ങള്‍, ദുരന്തങ്ങള്‍ എന്നിങ്ങനെയുള്ള കഷ്ടതകളൊന്നും ദൈവത്തില്‍ നിന്നുവരുന്നതല്ല. എല്ലാ നന്മയുടേയും മൂര്‍ത്തിമദ്ഭാവമായ, വെളിച്ചമായ, ഇരുട്ട് ഒട്ടും ഇല്ലാത്ത ദൈവത്തില്‍ നിന്ന് നല്ല ദാനങ്ങള്‍ മാത്രമാണു വരുന്നത് (1 യോഹ. 1:5, യാക്കോബ് 1:17). എന്നാല്‍ കഷ്ടതകളാല്‍ തന്റെ മക്കളെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ ചിലപ്പോള്‍ അനുവദിക്കുമെന്നു ഇയ്യോബിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. ദൈവമക്കളെ ഒടുക്കിക്കളയുക എന്ന ഉദ്ദേശ്യത്തോടെ സാത്താന്‍ കൊണ്ടുവരുന്ന കഷ്ടതകള്‍ അവര്‍ക്ക് അനുവദിക്കുന്നതിനു ദൈവത്തിനു തന്റേതായ കാരണങ്ങളുണ്ട്. ഇയ്യോബിന്റെ പുസ്തകത്തില്‍ നിന്ന്് അത്തരം അഞ്ചു കാരണങ്ങളെങ്കിലും കണ്ടെത്താം. ഇയ്യോബിന്റെ അനുഭവങ്ങളില്‍ നിന്ന് ഒന്നാമതു സ്വര്‍ഗ്ഗീയദൂതന്മാര്‍ക്കു മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം ഗ്രഹിക്കാന്‍ കഴിഞ്ഞു. രണ്ടാമത്, ഇയ്യോബ് ദൈവത്തെ സേവിച്ചത് അവനു ലഭ്യമായ അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നു സാത്താന്റെ മുന്‍പില്‍ തെളിയിക്കുവാന്‍ അവിടുത്തേക്കു കഴിഞ്ഞു. മൂന്നാമതു തന്റെ ഭൃത്യനെ ശോധനകളിലൂടെ കടത്തിവിട്ടുവെങ്കിലും അവിടുത്തെ ദയയും കരുണയും തീര്‍ന്നു പോകുന്നതല്ലെന്നു ഇയ്യോബിനു വ്യക്തമാക്കിക്കൊടുക്കാന്‍ ദൈവത്തിനു സാധിച്ചു. നാലാമതു കഷ്ടതകളെല്ലാം തെറ്റിനുള്ള ദൈവശിക്ഷയല്ലെന്നു ഇയ്യോബിന്റെ സ്‌നേഹിതന്മാരുടെ മുന്‍പാകെ തെളിയിച്ചുകൊടുക്കാന്‍ കഴിഞ്ഞു. അഞ്ചാമതായി തങ്ങളെത്തന്നെ തിരിച്ചറിയുവാന്‍ ശോധനകളിലൂടെ കടന്നുപോയി പാഠങ്ങള്‍ പഠിക്കേണ്ടി വരുമെന്നു തലമുറയായി എല്ലാ ദൈവമക്കള്‍ക്കും വ്യക്തമാക്കിക്കൊടുക്കാനും ഇയ്യോബിന്റെ പുസ്തകത്തിലൂടെ സാധിച്ചു. നോക്കുക: ഇയ്യോബിനു നേരേ സാത്താന്‍ കൊണ്ടുവന്ന കഷ്ടതകളെ തന്നെ തന്റെ ഉദ്ദേശ്യനിവൃത്തിക്കായും ഇയ്യോബിന്റെയും മറ്റുള്ളവരുടേയും ആത്യന്തിക നന്മയ്ക്കായും ദൈവനാമ മഹത്വത്തിനായും അവിടുന്ന് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തി!

ദൈവനാമ മഹത്വത്തിന് കഷ്ടതകള്‍ ഉപകരിക്കപ്പെടണമെങ്കില്‍ അതിലൂടെ കടന്നുപോകുന്ന ആള്‍ അതിനെ താഴ്മയോടെ സ്വീകരിക്കേണ്ടതുണ്ട്. യേശുവിന്റെ ജീവിതത്തില്‍ നിന്ന് ഒരു സന്ദര്‍ഭം ഇങ്ങനെ: യോഹന്നാന്‍ 12-ന്റെ 20-33 വചനങ്ങളില്‍ തനിക്കു സഹിക്കേണ്ട കഷ്ടങ്ങളെക്കുറിച്ചും ക്രൂശു മരണത്തെക്കുറിച്ചും വിവരിക്കവേ യേശു പറയുന്നു: ‘ഞാന്‍ എന്താണു പറയേണ്ടത്? പിതാവേ ഈ മണിക്കൂറില്‍ നിന്ന് എന്നെ രക്ഷിക്കണമേ എന്നാണോ? അല്ല. ഇതിനു വേണ്ടിയാണല്ലോ ഈ നാഴികയിലേക്കു ഞാന്‍ വന്നത്’ (12:27). ആ കഷ്ടതയുടെ സാഹചര്യം പിതാവുതന്നെ തന്നതാണെന്ന (യോഹ. 17:7) ബോധ്യത്തോടെ, താഴ്മയോടെ, അതിനെ യേശു സ്വീകരിക്കുന്നു. അപ്പോള്‍ ദൈവനാമം മഹത്വപ്പെട്ടു (യോഹ. 12:28).

പെട്ടെന്നു വരുന്ന കഷ്ടതകളോട്, രോഗങ്ങളോട് പ്രതികരിക്കുമ്പോള്‍ ആളുകള്‍ നാലുതരം മാനസികാവസ്ഥയിലൂടെ കടന്നുപോകും എന്നു പറയാറുണ്ട്. ആദ്യത്തേതു നിഷേധമാണ്. ”ഏയ് എനിക്ക് ഇങ്ങനെ വരികയില്ല” എന്ന നിരാകരണം. രണ്ടാമത്തേത് ദേഷ്യമാണ്. ”എനിക്കു മാത്രം ഇതെന്തുകൊണ്ടു വന്നു?” എന്നു ദൈവത്തോടും മറ്റു മനുഷ്യരോടുമുള്ള ഈര്‍ഷ്യയുടെ മനോഭാവം. മൂന്നാമത്തേതു വിഷാദവും നിരാശയുമാണ്. ”എന്നാലും എനിക്കു മാത്രം ഇങ്ങനെ വന്നല്ലോ” എന്ന പരിദേവനം. ഒടുവിലായാണ് അതിനെ സ്വീകരിക്കുന്ന, അംഗീകരിക്കുന്ന മനോഭാവത്തിലേക്കു വരുന്നത്. എന്നാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസി വളരെവേഗം ഈ നാലാമത്തെ മനോഭാവത്തിലേക്കു വരും. ‘ഈ സാഹചര്യം എന്റെ സ്വര്‍ഗ്ഗീയപിതാവ് അനുവദിച്ചതാണ്. ഇതിനുവേണ്ടിയാണല്ലോ ഞാന്‍ ഈ നാഴികയിലേക്കു വന്നത്’ എന്ന അംഗീകരണം. അങ്ങനെ താഴ്മയില്‍ ഒരുവന്‍ അതു സ്വീകരിക്കുമ്പോള്‍ എങ്ങനെ മാറാനും വെയിലത്തു വച്ച വെണ്ണപോലെ അവന്‍ തയ്യാര്‍. ദൈവത്തിന് അപ്പോള്‍ അവന്റെ സ്വഭാവത്തെ, കാഴ്ചപ്പാടിനെ, മനോഭാവത്തെ എല്ലാം തന്റെ പുത്രന്റെ സ്വരൂപത്തോട് അനുരൂപമായി നവീകരിക്കാന്‍ എളുപ്പമായിരിക്കും. അവന്‍ ദിവ്യസ്വഭാവത്തിലേക്ക് വളരെ വേഗം വളരുന്നു. കഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി ദൈവം ഒരുവനെ ആത്മീയപക്വതയിലേക്കു നയിക്കുന്നത് ഇവ്വിധമാണ്.

എന്നാല്‍ കഷ്ടതയെ ദൈവം അനുവദിച്ച സാഹചര്യമായി സ്വീകരിക്കാതെ നിഷേധത്തിലും ദേഷ്യത്തിലും വിഷാദത്തിലും അതിനോടു പ്രതികരിക്കുന്ന ഒരുവന്‍ വെയിലത്തു വച്ച കളിമണ്ണുപോലെ കൂടുതല്‍ കഠിനപ്പെടും. ഫലം അവനെ ദിവ്യസ്വഭാവത്തിന് അനുരൂപമായി രൂപാന്തരപ്പെടുത്താന്‍ ദൈവത്തിനു കഴിയുകയില്ല. ആത്മീയ പക്വതയിലേക്കു വളരുവാന്‍ അവനു സാധിക്കാതെ പോകും.

അതുകൊണ്ട് കഷ്ടങ്ങളെ നമുക്കു പാഴാക്കാതിരിക്കാം. പ്രതികൂലസാഹചര്യങ്ങളുടെ ‘വരണ്ട നിലത്തു’ നില്ക്കുമ്പോഴും ആത്മീയ പക്വതയുടെ ഔന്നത്യങ്ങളിലേക്കു വളരുന്ന ‘ഇളയ തൈ പോലെ’ നമുക്കായിരിക്കാം.


അധ്യായം 8 :
‘തിരിഞ്ഞു ശിശുക്കളെപ്പോലെ…’


ഒരിക്കല്‍ ‘രണ്ടു പ്രാര്‍ത്ഥനകള്‍’ എന്നൊരു ആംഗലേയ കവിത വായിച്ചതോര്‍ക്കുന്നു. അതിന്റെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ:
കഴിഞ്ഞ രാത്രി എന്റെ കുഞ്ഞുമകന്‍
തന്റെ ബാല്യചാപല്യങ്ങള്‍ ഏറ്റു പറഞ്ഞ്
എന്നോടൊപ്പം മുട്ടു മടക്കി പ്രാര്‍ത്ഥിച്ചു
കണ്ണീരോടെ, ഇങ്ങനെ:-
”പ്രിയ കര്‍ത്താവേ, എന്നെ കരുത്തനാക്കുക
എന്റെ പിതാവിനെപ്പോലെ-വിവേകിയും ശക്തനും.
അങ്ങേയ്ക്കു കഴിയും, എനിക്കറിയാം ആമേന്‍”
കരഞ്ഞു തളര്‍ന്നവനുറങ്ങിയപ്പോള്‍
ആ കിടക്കയ്ക്കരികില്‍ ഞാന്‍ മുട്ടുകുത്തി
പാപങ്ങള്‍ ഏറ്റുപറഞ്ഞ് തലവണക്കി
ഞാന്‍ പ്രാര്‍ത്ഥിച്ചതിങ്ങനെ:-
”എന്റെ ദൈവമേ, എന്നെ ഒരു ശിശുവാക്കുക
എന്റെ പൈതല്‍ ഇവനെപ്പോലെ ഇങ്ങനെ-
നിഷ്‌ക്കളങ്കന്‍, കപടരഹിതന്‍.
അങ്ങേയ്ക്കാവുമെന്ന വിശ്വാസത്തോടെ, ആമേന്‍.”
പിതാവും മകനും പ്രാര്‍ത്ഥിക്കുന്നു. ഇവരില്‍ ആരുടെ പ്രാര്‍ത്ഥനയാണു കൂടുതല്‍ പ്രയാസമേറിയത്? തീര്‍ച്ചയായും പിതാവിന്റേതാണ്. ‘എന്റെ പിതാവിനെപ്പോലെ എന്നെ ആക്കേണമേ’ എന്ന് ഒരു മകനു പ്രാര്‍ത്ഥിക്കാന്‍ താരതമ്യേന എളുപ്പമാണ്. പക്ഷേ ആ പ്രാര്‍ത്ഥനയുടെ നിഷ്‌കളങ്കതയാല്‍ സ്പര്‍ശിക്കപ്പെട്ട്, തന്നിലെ കാപട്യക്കാരനെ തിരിച്ചറിഞ്ഞ് ‘ദൈവമേ, എന്റെ മകനെപ്പോലെ എന്നെ ഒരു ശിശുവാക്കണമേ’ എന്നു നിലവിളിക്കാന്‍ ഒരു പിതാവിനു ബലികൊടുക്കേണ്ടത് തന്നിലെ ‘വലിയ മനുഷ്യ’നെയാണ്.

എന്നാല്‍ നാമെല്ലാം നമ്മിലുള്ള സ്വയത്തിന്റെ ‘വലിയ മനുഷ്യ’നെ വിട്ടു തിരിഞ്ഞ് ഒരു ശിശുവിനെപ്പോലെ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്നു. ‘നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ് വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു’ – യേശുവിന്റെ വാക്കുകള്‍ക്ക് ഒരു വാള്‍ത്തലയുടെ തിളക്കവും മൂര്‍ച്ചയും (മത്തായി 18:3).

ശിശുക്കളുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ക്കു സ്വയബോധമില്ല എന്നതാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്തു തങ്ങളെക്കുറിച്ചു തന്നെ ഒരു മതിപ്പ് അവര്‍ സൂക്ഷിക്കുന്നില്ല. എന്നാല്‍ ശിശു വളരുമ്പോള്‍ അവനില്‍ സ്വയബോധത്തിന്റെ ഒരു ‘വലിയ മനുഷ്യ’നും ക്രമേണ വളര്‍ന്നു വരുന്നു. അവനവനെക്കുറിച്ചുള്ള ഒരു സ്വയ പ്രശംസയാണിത്. തങ്ങളെക്കുറിച്ചു തന്നെയുള്ള തങ്ങളുടെ സങ്കല്പം. ഈ സ്വയകല്പിത പരിവേഷത്തെ ആരെങ്കിലും അറിഞ്ഞോ അറിയാതെയോ സ്പര്‍ശിച്ചാല്‍ അവര്‍ അസ്വസ്ഥരാകും. ശക്തമായി പ്രതികരിക്കും.

ഈ ഊതിവീര്‍പ്പിക്കപ്പെട്ട സ്വയബോധവും അതില്‍ നിന്ന് ഉരുത്തിരിയുന്ന സ്വയസംരക്ഷണ വ്യഗ്രതയും ഈ ലോകത്തില്‍ നിലനില്‍പ്പിന് ആവശ്യമാണെന്നു കരുതുന്നവരുണ്ടായിരിക്കാം. എന്നാല്‍ ദൈവരാജ്യത്തിന്റെ ഇടുക്കുവാതിലിലൂടെ ഈ ‘വലിയ മനുഷ്യ’നുമായി പ്രവേശിക്കുവാന്‍ കഴിയുകയില്ല. ഈ ‘വലിയ മനുഷ്യ’നെ വിട്ടു കളഞ്ഞ് ഒരു ശിശുവായി ജനിച്ചാല്‍ മാത്രമേ ദൈവരാജ്യത്തില്‍ കടക്കാന്‍ സാധ്യമാവുകയുള്ളൂ എന്ന് യേശു അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ‘പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയുകയില്ല’ (യോഹന്നാന്‍ 3:3). ഇതാണു വീണ്ടും ജനനം. വീണ്ടും ജനിക്കുന്നത് ഒരു ശിശുവായാണ്.

ഓര്‍ത്തുനോക്കുക: വീണ്ടും ജനനസമയത്ത് നാം ഒരു ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തി. നമ്മുടെ സ്വയമതിപ്പും നമ്മെക്കുറിച്ചുള്ള വലിയ ഭാവവും വിട്ടുകളഞ്ഞു. ഒരു ലാളിത്യവും നിഷ്‌ക്കളങ്കതയും അതു നല്‍കുന്ന സന്തോഷവും സമാധാനവും നമുക്കു കൈവന്നു. ദൈവരാജ്യത്തിലേക്കു പിറന്നു വീണ ഒരു ശിശുവിന്റെ നിഷ്‌ക്കളങ്കതയും ആഹ്ലാദവുമായിരുന്നു അത്.

എന്നാല്‍ ഇന്നു നാളുകള്‍ക്കു ശേഷം വീണ്ടും നാം സ്വയബോധത്താല്‍ നിറഞ്ഞ ‘വലിയ മനുഷ്യര്‍’ ആയിത്തീര്‍ന്നിരിക്കുന്നുവോ?. എങ്കില്‍, നാം ‘വീണ്ടും തിരിഞ്ഞു ശിശുക്കളെപ്പോലെ ആകണ’മെന്നും ‘ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തണമെന്നും’ യേശു കല്പ്പിക്കുന്നു (മത്താ.18: 3,4).

നാം ‘വലിയ മനുഷ്യരാ’കുന്നത് എപ്പോഴും ആദ്യം പ്രതിഫലിക്കുന്നതു നമ്മുടെ മനോഭാവത്തിലാണ്. നാം പണ്ടു ശിശുക്കളായിരുന്നപ്പോള്‍ ചെയ്തിരുന്ന അതേ പ്രവൃത്തികളാണ് ഇപ്പോഴും ചെയ്യുന്നത്. പക്ഷേ നമുക്ക് അന്നുണ്ടായിരുന്ന ലാളിത്യവും ആര്‍ജ്ജവവും നിഷ്‌കളങ്കതയും സുതാര്യതയും നഷ്ടമായത് ശ്രദ്ധിച്ചാല്‍ നമുക്കു തന്നെ മനസ്സിലാക്കാന്‍ കഴിയും. ദൈവമുന്‍പാകെ മാത്രം അന്നു നാം ചെയ്തിരുന്ന പ്രവൃത്തികള്‍ ഇപ്പോള്‍ നാം ചെയ്യുന്നത് മനുഷ്യരുടെ മുന്‍പില്‍ വിളങ്ങേണ്ടതിനാണ്! കാരണം മനുഷ്യപ്രശംസ ആഗ്രഹിക്കുന്ന ഒരു ‘വലിയ മനുഷ്യന്‍’ വീണ്ടും നമ്മില്‍ ശക്തി പ്രാപിച്ചിരിക്കുന്നു!

ദൈവമുഖത്തിനു മുന്‍പാകെ മാത്രം ചെയ്യണമെന്നു ദൈവം ആഗ്രഹിച്ച മൂന്നു കാര്യങ്ങള്‍ കപടഭക്തര്‍ എങ്ങനെ മനുഷ്യരുടെ മുന്‍പാകെ ചെയ്യുവാന്‍ തുടങ്ങി എന്നു യേശു മത്തായി എഴുതിയ സുവിശേഷം ആറാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ദാനം ചെയ്യുന്നതു രഹസ്യത്തിലായിരിക്കണമെന്നു ദൈവം ആഗ്രഹിച്ചു. (6:2-4). എന്നാല്‍ പരീശന്മാര്‍ അതു ലംഘിച്ച് ഓരോ ദാനത്തിനു മുന്‍പും തങ്ങളുടെ മുന്‍പില്‍ കാഹളം ഊതിക്കുവാന്‍ തുടങ്ങി. പ്രാര്‍ത്ഥിക്കുന്നതു ഗോപ്യമായി ചെയ്യണമെന്നു ദൈവം ആഗ്രഹിച്ചു. പരീശന്മാര്‍ അതിനും വിപരീതമായി പ്രവര്‍ത്തിച്ചു (6:5-15). മൂന്നാമത്തേത് ഉപവാസമാണ്. രഹസ്യത്തില്‍ ചെയ്യേണ്ട ആ കാര്യവും കപടഭക്തര്‍ പരസ്യമാക്കി (6:16-18). എന്നാല്‍ പരീശര്‍ കാണിച്ച ഈ തെറ്റു ചൂണ്ടിക്കാട്ടി പുതിയനിയമവിശ്വാസികള്‍ അത് ആവര്‍ത്തിക്കരുതെന്ന് യേശു അവിടെ കല്പിച്ചു. പക്ഷേ ഇന്നു സമകാലിക ക്രിസ്തീയതയില്‍ ഈ മൂന്നു കാര്യങ്ങളും വന്‍ പരസ്യത്തിന്റെ അകമ്പടിയോടെ ചെയ്യുമ്പോള്‍ അന്നത്തെ പരീശന്മാരുടെ അതേ മനോഭാവത്തിലേക്കും ഉദ്ദേശ്യശുദ്ധി ഇല്ലായ്മയിലേക്കും ക്രിസ്തുമതവും വീണു പോയിരിക്കുകയല്ലേ? മതപരമായ വന്‍പ്രവര്‍ത്തനങ്ങളിലാണ് ഇന്നു നമ്മുടെ കണ്ണ്. പക്ഷേ പ്രവര്‍ത്തനത്തിനപ്പുറത്ത് അവയ്ക്ക് പിന്നിലെ മനോഭാവത്തിന്റെ ശുദ്ധിയെയാണു ദൈവം ശ്രദ്ധിക്കുന്നതെന്നു നാം സൗകര്യപൂര്‍വ്വം വിസ്മരിച്ചിരിക്കുന്നു! മനുഷ്യരുടെ മുന്‍പാകെയുള്ള ജീവിതത്തില്‍ അധിഷ്ഠിതമായി അതിന്റെ ഫലമായി ഉണ്ടാകുന്ന മത്സരത്തിലും അസൂയയിലും ആണു നാം ‘നല്ല കാര്യങ്ങള്‍’ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് ‘ഇരട്ടി നരക’ത്തിനു യോഗ്യമായ പരീശന്മാരുടെ മതപ്രവര്‍ത്തനങ്ങള്‍ പോലെ മാത്രമേ ദൈവം പരിഗണിക്കുകയുള്ളൂ (മത്തായി 23:15).

നമ്മുടെ ‘നല്ലപ്രവൃത്തി’കള്‍ക്കു പിന്നിലെ മനോഭാവവും നല്ലതായിരിക്കണം. എന്നാല്‍ മാത്രമേ ദൈവം അവയെ ജീവനുള്ള പ്രവൃത്തികളായി അംഗീകരിക്കുകയും ആസ്വദിക്കുകയുമുള്ളു. തെറ്റായ മനോഭാവത്തോടെ ചെയ്യുന്ന ‘നല്ല പ്രവൃത്തികളെ’ ദൈവം നിര്‍ജ്ജീവ പ്രവൃത്തികളായാണ് എണ്ണുന്നത്!

നിര്‍ജ്ജീവ പ്രവൃത്തികളെ വിട്ടു തിരിഞ്ഞു വീണ്ടും ശിശുക്കളെപ്പോലെയാകുമ്പോള്‍ നാം നമ്മുടെ മനോഭാവത്തിന്റെ ശുദ്ധിയെ വീണ്ടെടുക്കുകയാണു ചെയ്യുന്നത്. നമ്മിലുള്ള ‘വലിയ മനുഷ്യന്‍’ ഊര്‍ജ്ജം സ്വീകരിക്കുന്നത് എപ്പോഴും നിഗളത്തില്‍ നിന്നാണ്. നിഗളത്തിനുള്ള പ്രതിവിധി താഴ്മയാണ് (1 പത്രൊ. 5:5, യാക്കോബ് 4:6). താഴ്മയുടെ ഈ രഹസ്യം ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും ദൈവം മറയ്ക്കും. എന്നാല്‍ ശിശുക്കള്‍ക്കു വെളിപ്പെടുത്തും (മത്തായി 11:25).
പ്രവര്‍ത്തനത്തിനു പിന്നിലുള്ള പ്രേരകശക്തി ശുദ്ധമായ മനോഭാവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാകണം. അതിനായി നമ്മിലെ ‘വലിയ മനുഷ്യനെ’ വിട്ടുകളഞ്ഞ് തിരിഞ്ഞു ശിശുക്കളെപ്പോലെ ആയി വരാം. ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്താന്‍ നമുക്കു മനസ്സുണ്ടെങ്കില്‍ അതിനു ധാരാളം അവസരങ്ങള്‍ ജീവിതപാതയില്‍ ദൈവം നമുക്കായി ഒരുക്കി വയ്ക്കുമെന്ന് ഓര്‍ക്കുക.

അധ്യായം 9 :
താഴ്മ: യഥാര്‍ത്ഥമോ വ്യാജമോ?


അനുകരണങ്ങളുടെ കാലമാണിത്. വിലയുള്ള എല്ലാറ്റിനും അനുകരണങ്ങളും ഉണ്ടാകും. അനുകരണങ്ങളുണ്ട് എന്നത് യഥാര്‍ത്ഥമായതിനു മങ്ങലേല്‍പ്പിക്കുന്നില്ല. വ്യാജ അനുകരണങ്ങളുണ്ടായത് യഥാര്‍ത്ഥമായതിന്റെ കുറ്റംകൊണ്ടല്ലല്ലോ.! മാത്രമല്ല ‘ഡ്യൂപ്ലിക്കേറ്റുകള്‍’ വിരല്‍ ചൂണ്ടുന്നത് ‘ഒര്‍ജിനല്‍’ വളരെ മഹത്തായതാണ് എന്നതിലേക്കാണ്. ‘അനുകരണമാണ് ഏറ്റവും വലിയ അഭിനന്ദനം’ എന്നുപറയാറുണ്ടല്ലോ.

ഇതുകൊണ്ടുതന്നെയാണ് ക്രിസ്തീയജീവിതത്തിലെ ഏറ്റവും അടിസ്ഥാനസത്യമായ താഴ്മയ്ക്കും വ്യാജ അനുകരണങ്ങള്‍ ഉണ്ടാകുന്നത്. യഥാര്‍ത്ഥ താഴ്മ, വ്യാജതാഴ്മ എന്നൊക്കെപ്പറയുമ്പോള്‍ അബോധപൂര്‍വ്വമായി നാമൊക്കെ കരുതിപ്പോകാവുന്നത് നമുക്കുള്ളത് യഥാര്‍ത്ഥതാഴ്മയാണെന്നാവാം. എന്നാല്‍ അങ്ങനെയായിരിക്കണമെന്നില്ല. യഥാര്‍ത്ഥമായതിനോട് വളരെ ചേര്‍ന്ന് വ്യാജമായ ചില ഭാവങ്ങള്‍ വന്നെന്നിരിക്കാം. അതുകൊണ്ട് നാം നമ്മോടു തന്നെ കരുണയില്ലാതെ സത്യസന്ധരായിരിക്കുകയും ദൈവം തരുന്ന വെളിച്ചത്തിനനുസരിച്ച് നമ്മെ തന്നെ വിധിച്ച് മുന്നോട്ടു പോവുകയും ചെയ്താലേ നമ്മില്‍ നിന്നും വ്യാജമായ താഴ്മയുടെ അടരുകള്‍ കൊഴിഞ്ഞുപോവുകയുള്ളൂ. ‘ഒര്‍ജിനല്‍’ വാങ്ങാന്‍ വന്നു; ‘ഡ്യൂപ്ലിക്കേറ്റ്’ വാങ്ങി വഞ്ചിതരായിപ്പോകുന്ന കാലമാണല്ലോ ഇത്. നാം യഥാര്‍ത്ഥ താഴ്മയെന്നുകരുതി കൊണ്ടുനടന്നത് വ്യാജമായതായിരുന്നു എന്ന് അന്ന് ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്‍പാകെ ഞെട്ടലോടെ തിരിച്ചറിയാന്‍ ഇടയായാല്‍ അത് എന്തൊരു വലിയ ആഘാതമായിരിക്കും! നമുക്കാര്‍ക്കും അങ്ങനെയുണ്ടാകാതിരിക്കാന്‍ യഥാര്‍ത്ഥ താഴ്മയയുടെ പ്രത്യേകതകള്‍ ശ്രദ്ധിക്കാം.

യഥാര്‍ത്ഥതാഴ്മ എന്നാല്‍ എന്താണ്? നാം നമ്മെക്കുറിച്ചുള്ള യഥാര്‍ത്ഥബോധ്യത്തില്‍ നിന്ന് കൊണ്ട് ദൈവത്തിലേക്ക് മാത്രം നോക്കുന്നതാണ് യഥാര്‍ത്ഥ താഴ്മ എന്നു പറയാം. ഈ നിര്‍വചനത്തെ ഇഴവിടര്‍ത്തി പരിശോധിക്കുമ്പോള്‍ ആദ്യം കാണുന്നത് നാം നമ്മെക്കുറിച്ചുള്ള യഥാര്‍ത്ഥ ബോധ്യത്തിലേക്ക് വരിക എന്നതാണ്. നമ്മെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം എന്താണ്?. അപ്പൊസ്തലനായ പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: ‘ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളത് വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നെ; ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍’ (1 തിമൊ. 1:15).

ഇവിടെ പൗലൊസ് എടുക്കുന്ന നിലപാട് ‘ഞാന്‍ പാപികളില്‍ ഒന്നാമന്‍’ എന്നതാണ്.

മറ്റൊരിടത്ത് പൗലൊസ് സ്വന്ത അനുഭവം വിവരിക്കുന്നത് ഇങ്ങനെ: ‘എന്നില്‍, എന്നുവച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്ന് ഞാന്‍ അറിയുന്നു’ (റോമര്‍ 7:18).

ഇവിടെ പൗലൊസ് ഏറ്റുപറയുന്നത് ‘എന്നില്‍ ഒരു നന്മയുമില്ല’ എന്നാണ്.

അപ്പൊസ്തലനായ പൗലൊസ് തന്നെക്കുറിച്ചുതന്നെ ഇങ്ങനെയെല്ലാം പറയുന്നത് യാഥാര്‍ത്ഥ്യമാണോ? ഇതൊരു വ്യാജതാഴ്മയാണെന്നല്ലേ തോന്നുക? പൗലൊസിനെപ്പോലെ ഒരാള്‍ വ്യാജതാഴ്മയില്‍ അഭിരമിക്കുമോ? ഇല്ല. അങ്ങനെയെങ്കില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണ്?

യഥാര്‍ത്ഥ താഴ്മ എന്നുപറയുന്നത് തങ്ങളെത്തന്നെ താഴ്ത്തിപ്പറയുന്നതല്ല എന്നു നമുക്കറിയാം. കഴിവുള്ള ചെറുപ്പക്കാര്‍ തങ്ങള്‍ക്കൊരു കഴിവുമില്ലെന്നു പറയുന്നതോ സുന്ദരികളായ സ്ത്രീകള്‍ തങ്ങള്‍ വിരൂപികളാണെന്നു പറയുന്നതോ ഒന്നുമല്ല താഴ്മ. കാരണം, അതൊന്നും സത്യമല്ല. സത്യമല്ലാത്ത ഒരു അടിത്തറയിലും ക്രിസ്തീയ ഗുണങ്ങളൊന്നും പണിയുവാന്‍ കഴിയുകയില്ലല്ലോ. ഇതിനു മറ്റൊരു വശവുമുണ്ട്. ഒരാള്‍ താന്‍ വലിയ കഴിവുള്ളവനാണെന്നോ സുന്ദരനാണെന്നോ കേമനാണെന്നോ ഒക്കെ കരുതുകയോ പറയുകയോ ചെയ്യുമ്പോള്‍ അത് സ്വയപ്രശംസയാണ്. അത് പുറപ്പെടുന്നത് സ്വയസ്‌നേഹത്തില്‍ നിന്നാണ്. ഇതുപോലെ തന്നെ ചില സ്ഥലങ്ങളില്‍ തന്റെ എളിമയാണ് പ്രശംസിക്കപ്പെടുക എന്നു മനസ്സിലാക്കി (ഇത് ബോധപൂര്‍വ്വമാകണമെന്നില്ല) ഒരാള്‍ തന്നെത്തന്നെ ആ സന്ദര്‍ഭത്തില്‍ ഇടിച്ചുപറയുമ്പോള്‍ അതും പുറപ്പെടുന്നത് സ്വയം സ്‌നേഹത്തില്‍ നിന്നുതന്നെയാകാം. അങ്ങനെ വരുമ്പോള്‍ ഇവിടെ അദ്ദേഹത്തിന്റെ വ്യാജതാഴ്മ, തന്റെ എളിമയ്ക്കു ലഭിക്കുന്ന പ്രശംസയ്ക്ക് കാതോര്‍ത്തു നില്‍ക്കുകയാണ്!

അങ്ങനെയെങ്കില്‍ പൗലൊസ് താന്‍ പാപികളില്‍ ഒന്നാമനെന്നും തന്നില്‍ നന്മ ഇല്ലെന്നും മറ്റും നടത്തിയ പ്രസ്താവനകളെ എങ്ങനെയാണ് വിശദീകരിക്കുക? ഒന്നാമത് ഏതു മനുഷ്യനെ സംബന്ധിച്ചും ഇത് സത്യമാണെന്നതാണ് വസ്തുത. എത്ര കഴിവുള്ളവനും എത്ര സുന്ദരനും അടിസ്ഥാനപരമായി ദൈവമുന്‍പാകെ അവന്റെ സ്ഥാനം ‘അവന്‍ പാപിയാണെ’ന്നുള്ളതാണ്. അപ്പോള്‍ ഇങ്ങനെ ഒരു സംശയം ഉണ്ടാകാം. മനുഷ്യരെല്ലാം ദൈവമുന്‍പാകെ പാപികളാകാം. പക്ഷേ വീണ്ടെടുക്കപ്പെട്ട ഒരുവനെ സംബന്ധിച്ചിടത്തോളം ദൈവമുന്‍പാകെയുള്ള അവന്റെ സ്ഥാനം അവന്‍ ‘നീതിമാനാണ്’ എന്നതല്ലേ? ശരിയാണ്. അവന്‍ പാപം ക്ഷമിക്കപ്പെട്ടവന്‍ മാത്രമല്ല. നീതീകരിക്കപ്പെട്ടവനുമാണ്. എന്നാല്‍ ഇതു ശരിയായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ ജീവിതത്തിലെ ഒരു വൈരുദ്ധ്യം നാം കാണാതെ പോകരുത്. ദൈവിക നീതി നമ്മുടെമല്‍ ചുമത്തി സ്വര്‍ഗം നമ്മെ നീതിമാന്മാരെന്നു പ്രഖ്യാപിച്ചുവെന്നതു വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമാണ് (Objective truth). എന്നാല്‍ നമ്മെ സംബന്ധിച്ച വ്യക്തിനിഷ്ഠമായ സത്യം (Subjective truth) എന്താണ്? നാം വെളിച്ചത്തില്‍ നടക്കുന്തോറും നമ്മിലെ മാലിന്യം കൂടുതല്‍ കാണാന്‍ തുടങ്ങും. ഈ കാഴ്ചയാണു പൗലൊസിനെ ‘പാപികളില്‍ ഒന്നാമന്‍’ എന്നു സ്വയം വിളിക്കാന്‍ പ്രേരിപ്പിച്ചത്. യേശു ഇങ്ങനെ പറഞ്ഞു: ‘രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.’ എത്രത്തോളം താന്‍ രോഗിയാണെന്ന് ഒരുവന് ബോധ്യമുണ്ടോ അത്രത്തോളം അവന്‍ വൈദ്യനെ ആവശ്യമുള്ളവനായി നില്‍ക്കും. ക്രിസ്തുയേശു രക്ഷിപ്പാന്‍ വന്നത് ‘പാപി’കളെയാണ്. പാപിയല്ലാത്ത ഒരുവന് യേശുവിനെ ആവശ്യമില്ല. അപ്പോള്‍ ‘പാപികളില്‍ ഒന്നാമനോ’? അവനാണ് മറ്റാരാക്കാളുമേറെ യേശുവിനെ ആവശ്യം. താന്‍ പാപികളില്‍ ഒന്നാമന്‍ എന്ന നിലപാട് പൗലൊസ് കൈക്കൊണ്ടപ്പോള്‍ താന്‍ ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത് യേശുവിനെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവനായി താന്‍ എപ്പോഴും നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ഒരുവന്‍ വിശുദ്ധന്‍ ആകുംതോറും അവന്റെ പാപത്തെക്കുറിച്ച് അവന് കൂടുതല്‍ ബോധ്യം കിട്ടിക്കൊണ്ടിരിക്കും. അവന്‍ എപ്പോഴും രക്ഷകനെ കൂടുതല്‍ കൂടുതല്‍ ആവശ്യമുള്ളവനായി നില്‍ക്കും. ഇതാണ് ക്രിസ്തീയജീവിതത്തിലെ വൈരുദ്ധ്യം.

ഈ നിലയില്‍ നോക്കുമ്പോള്‍ പൗലൊസ് തന്നെക്കുറിച്ചു നടത്തിയ പ്രസ്താവന വ്യാജമായ താഴ്മയില്‍ നിന്നു വന്നതല്ല; മറിച്ച് തന്നെക്കുറിച്ചുള്ള ശരിയായ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാകും.

നമ്മെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുകൊണ്ട് ദൈവത്തിലേക്ക് നോക്കുന്നതാണ് യഥാര്‍ത്ഥ താഴ്മ എന്നു നാം തുടക്കത്തില്‍ നല്‍കിയ നിര്‍വ്വചനം ഓര്‍ക്കുക. പൗലൊസ് പാപികളില്‍ ഒന്നാമന്‍ എന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് വന്നതിനുശേഷം അവന്‍ തന്നെത്തന്നെ നോക്കി സഹതപിക്കുകയോ ദുഃഖിക്കുകയോ പുകഴുകയോ അല്ല ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധിക്കുക (1 തിമൊ.1 16, 17 വാക്യങ്ങള്‍ വായിക്കുക). മറിച്ച് തുടര്‍ന്ന് ദൈവത്തിലേക്ക് മാത്രമായി പൗലൊസിന്റെ നോട്ടം. പതിനാറാം വാക്യത്തില്‍ ദൈവത്തിന്റെ ദീര്‍ഘക്ഷമ, കരുണ എന്നിവയെക്കുറിച്ചാണ് അവന് പറയുവാനുള്ളത്. പതിനേഴാം വാക്യത്തിലാകട്ടെ ‘നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും ആമേന്‍’ എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ പൗലൊസ് തന്നില്‍ നിന്നു തന്നെ വിടുതല്‍ നേടി ദൈവസന്നിധിയില്‍ ഒരു ആരാധനയുടെ തലത്തിലേക്കു തന്നെ ഉയര്‍ന്നുപോവുകയാണ്!

റോമര്‍ 7 ലും ഇതുതന്നെയാണ് കാണുവാന്‍ കഴിയുന്നത്. ‘എന്നില്‍ …നന്മ വസിക്കുന്നില്ല’ എന്നു പറഞ്ഞു തുടങ്ങുന്ന ഭാഗം അവസാനിക്കുമ്പോള്‍ നോട്ടം യേശുവില്‍ തന്നെയാണ്. ‘നമ്മുടെ കര്‍ത്താവായ ക്രിസ്തു മുഖാന്തിരം ഞാന്‍ ദൈവത്തിനു സ്‌തോത്രം ചെയ്യുന്നു’ (7:25).

നോക്കുക: പൗലൊസിന്റെ ‘ഫോക്കസ്’ ഇപ്പോള്‍ തന്നിലല്ല മറിച്ച് ദൈവത്തിലാണ്. യഥാര്‍ത്ഥ താഴ്മയില്‍ ശ്രദ്ധാകേന്ദ്രം തന്നില്‍ നിന്നുമാറി ദൈവത്തിലേക്ക് വരും. അതുകൊണ്ട് തന്നെ തനിക്കു ലഭിക്കുന്ന പ്രശംസകളോ അഭിനന്ദനങ്ങളോ യഥാര്‍ത്ഥ താഴ്മയുള്ള ഒരുവന്‍ ഗണ്യമാക്കുകയില്ല. തനിക്കു നേരേ വരുന്ന വിമര്‍ശനങ്ങളെയും അവന്‍ കാര്യമാക്കുകയില്ല. കുറ്റപ്പെടുത്തലുകളില്‍ അവനു പരാതിയില്ല. കാരണം താന്‍ പാപികളില്‍ ഒന്നാമനാണെന്ന യഥാര്‍ത്ഥ്യബോധം അവനുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ തന്നോട് ഒരു കൊടുംപാപിയോട് എന്ന നിലയില്‍ മോശമായി പെരുമാറിയാലും അവന് പരാതി പറയാന്‍ എന്തവകാശം? പാപികളില്‍ ഒന്നാമന് നരകത്തിന് മാത്രമാണ് അര്‍ഹത. അപ്പോള്‍ നരകയാതനയില്‍ കുറഞ്ഞ് ലഭിക്കുന്ന പീഡനങ്ങളെയെല്ലാം അവന്‍ ദൈവവും മറ്റുള്ളവരും നല്‍കുന്ന ഔദാര്യവും സൗജന്യവുമായി വേണ്ടേ കണക്കാക്കാന്‍? അങ്ങനെയെങ്കില്‍ തനിക്ക് അര്‍ഹിക്കുന്നതിലും കുറവായി ലഭിക്കുന്ന പീഡനങ്ങളെക്കുറിച്ച് അവന്‍ പരാതിപ്പെടുന്നതെങ്ങനെ? യഥാര്‍ത്ഥ താഴ്മയുള്ളവന് മറ്റെല്ലാവരേയും തന്നെക്കാള്‍ ശ്രേഷ്ഠരെന്നെണ്ണാനും ഒരു പ്രയാസവുമില്ല. കാരണം, താനാണ് പാപികളില്‍ ഒന്നാമന്‍. മറ്റുള്ളവരില്‍ പാപങ്ങള്‍ കണ്ടേക്കാം എങ്കിലും തനിക്ക് അതിനു നേരെ വിരല്‍ ചൂണ്ടാന്‍ എങ്ങനെ കഴിയും? കാരണം താനാണ് ഒന്നാമന്‍. മറ്റെല്ലാവരും തന്നേക്കാള്‍ ഭേദമാണ്!

എത്ര ശ്രേഷ്ഠമായ ഒരു മനോഭാവം! യേശു ഭൂമിയില്‍ വന്നതും ക്രൂശിനെ അഭിമുഖീകരിച്ചതും താഴ്മയുടെ അവസാന പടിയിലേക്കുവരെ ഇറങ്ങിക്കൊണ്ടായിരുന്നു. അതുകൊണ്ട് തനിക്ക് ആരോടും പരിഭവം ഇല്ലായിരുന്നു. ഒരു പരാതിയും ഉണ്ടായിരുന്നില്ല. പീഡിപ്പിച്ചവര്‍ക്കുവേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞു. ഇതില്‍ അത്ഭുതമില്ല. കാരണം യഥാര്‍ത്ഥ താഴ്മ തന്നെ ആള്‍രൂപം ധരിച്ചതായിരുന്നു യേശു. അവിടുത്തെ താഴ്മയുടെ ഏറ്റവും ഉദാത്തമായ തലമായിരുന്നു ക്രൂശ്. (തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളംതന്നെ… ഫിലി. 2.8).

യഥാര്‍ത്ഥ താഴ്മയുടെ കാര്യത്തില്‍ നാം യേശുവില്‍ നിന്ന് എത്രയോ അകലെയാണ്! എന്നാല്‍ യേശുവിന്റെ ഈ താഴ്മ നമ്മെ ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ തന്നില്‍ നിന്നു തന്നെ ഇത് പഠിക്കാന്‍ ഈ ജീവിതം മുഴുവന്‍ നമ്മുടെ മുമ്പിലുണ്ട്. യേശു പറഞ്ഞു ‘ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍. എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും’ (മത്തായി 11:29).

അധ്യായം 10 :
മരണത്തിലൂടെ ജീവനിലേക്ക്


ഉയര്‍ത്തപ്പെട്ട കുരിശും തുറക്കപ്പെട്ട കല്ലറയും – യേശു ക്രിസ്തുവിന്റെ ജീവിതത്തിലെ രണ്ടു പ്രതീകങ്ങള്‍. കുരിശ് മരണത്തെ കാണിക്കുന്നു. തുറക്കപ്പട്ട കല്ലറ പുനരുത്ഥാനത്തെ, ജീവനെ, പ്രതിനിധാനം ചെയ്യുന്നു.

യേശുവിന്റെ ജീവിതത്തില്‍ ഉടനീളം അവിടുന്ന് ഒരു കുരിശു വഹിച്ചിരുന്നു. ഒടുവില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ യേശു കുരിശില്‍ മരിച്ചു. ക്രിസ്തു ശിഷ്യരായ നാമോ? നമ്മെ സംബന്ധിച്ചിടത്തോളം ഇതു നേരെ മറിച്ചാണ്. നാം ക്രൂശില്‍ മരിക്കുന്നു. തുടര്‍ന്ന് ജീവിതത്തില്‍ ഉടനീളം ഒരു ക്രൂശ് വഹിക്കുന്നു!.

ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാന്‍ വേണ്ടി സ്വന്ത ഇഷ്ടത്തെ അടിയറ വയ്ക്കുന്നിടത്താണ്, സ്വയത്തെ മരിപ്പിക്കുന്നിടത്താണ്, ക്രൂശനുഭവം. യേശു ഭൂമിയിലെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സ്വന്ത ഇഷ്ടം ചെയ്തില്ല. തന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാന്‍ വേണ്ടി എപ്പോഴും സ്വന്ത താത്പര്യത്തെ ബലികൊടുത്തു (യോഹന്നാന്‍ 6:38). ഇതാണ് യേശു മുപ്പത്തി മൂന്നര വര്‍ഷത്തെ ജീവിതത്തില്‍ ഉടനീളം പേറിയിരുന്ന അദൃശ്യമായ ക്രൂശ്, ഒടുവില്‍ ദൃശ്യമായ ഒരു ക്രൂശില്‍ അവിടുന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ മരിക്കുകയും ചെയ്തു. നാമാകട്ടെ, ആദ്യം ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെടുകയാണ് (റോമര്‍ 6:6; ഗലാത്യര്‍ 2:20). തുടര്‍ന്ന് സ്വന്ത ഇഷ്ടത്തെ മരിപ്പിക്കുന്ന ആന്തരികമായ അദൃശ്യമായ ഒരു ക്രൂശ് ജീവിതം മുഴുവന്‍ കൊണ്ടു നടക്കുന്നു (ലൂക്കൊസ് 14:27, റോമര്‍ 6:11-14).

ക്രൂശ് അതില്‍ തന്നെ ഒരവസാനമല്ല. ഓരോ ക്രൂശും ഉയിര്‍ത്തെഴുന്നല്പിലേക്കാണ് നയിക്കുന്നത്. ക്രൂശ്, മരണാനുഭവമാണെങ്കില്‍ ഉയിര്‍ത്തഴുന്നല്‍പ് ജീവന്റെ വെളിപ്പെടലാണ്.

മരണവും ജീവനും – ക്രിസ്തീയ ജീവിതത്തില്‍ നിരന്തരം ഈ രണ്ടു കാര്യങ്ങളെ സ്പര്‍ശിക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല. മരണം എന്നതു സ്വന്ത ഇഷ്ടത്തിന്റെ മരണമാണങ്കില്‍ അതിലൂടെ ലഭ്യമാകുന്ന ജീവന്‍, യേശുവിന്റെ ജീവന്റെ (ദിവ്യ സ്വഭാവത്തിന്റെ) പങ്കാളിത്തമാണ്. യേശുവിന്റെ ജീവന്‍ നമ്മില്‍ വെളിപ്പെടുമെന്നുള്ളതാണ് മരണം വഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ‘ക്രൂശില്ലാതെ കിരീടമില്ല’ എന്നു പറയാറുണ്ടല്ലോ. സ്വന്ത ഇഷ്ടത്തിന്റെ മരണം (ക്രൂശാനുഭവം) ഇല്ലാതെ യേശുവിന്റെ സ്വഭാവത്തോട് അനുരൂപമാകുന്ന ജീവന്റെ പങ്കാളിത്തം സാധ്യമല്ല. ഈ കാര്യങ്ങളെല്ലാം അപ്പൊസ്തലനായ പൗലൊസ് വളരെ വ്യക്തതയോടെ രണ്ടു വാക്യങ്ങളില്‍ ഇങ്ങനെ സംക്ഷേപിച്ചിരിക്കുന്നു: ”യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ വെളിപ്പെടേണ്ടതിനു ജീവച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്‌പ്പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു” (2 കൊരിന്ത്യര്‍ 4:10,11). നിരന്തരം സ്വയത്തിനു ക്രൂശിക്കപ്പെട്ട ഒരു ജീവിതം. അത്തരം ഒരു ജീവിതത്തിന്മേല്‍ യേശുവിന്റെ ജീവന്‍ എപ്പോഴും വെളിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.

യേശുവിന്റെ ജീവന്‍, നിത്യജീവിതത്തോടുള്ള ബന്ധത്തില്‍ നമ്മില്‍ വെളിപ്പെടുന്നത് ആത്മാവിന്റെ ഫലങ്ങളായാണ്. ഗലാത്യര്‍ 5:22-ല്‍ ഇതിന്റെ ഒരു പട്ടിക നമ്മള്‍ കാണുന്നു. ഈ ഫലങ്ങള്‍ പല അളവില്‍ നമ്മുടെ ജീവിതത്തിലുണ്ടാകും. അതുകൊണ്ടുതന്നെ യേശുവിന്റെ ജീവന്റെ പ്രത്യക്ഷതയാണിതെന്നു നാം കരുതിപ്പോവുക സ്വാഭാവികം. എന്നാല്‍ പരിശോധനകളുടെ മുന്‍പില്‍ സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ തുടങ്ങിയവ അഴിഞ്ഞു പോകാതെ നിലനില്ക്കുന്നുണ്ടോ എന്നതാണ് അതു യേശുവിന്റെ ജീവന്‍ തന്നെയാണോ അതോ അതൊരു അനുകരണം മാത്രമായിരുന്നോ എന്നു തിരിച്ചറിയാനുള്ള അളവുകോല്‍. കാരണം യേശുവിന്റെ ജീവന്‍, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാണ് (എബ്രായര്‍ 7:15). നമ്മുടെ സ്‌നേഹവും സന്തോഷവും സമാധാനവും ക്ഷമയുമൊക്കെ പരിശോധനയുടെ മുന്‍പില്‍ കുറഞ്ഞും നഷ്ടപ്പെട്ടും പോകുന്നെങ്കില്‍ അവ അനശ്വരമായ ദൈവികസ്വഭാവത്തിന്റെ പ്രത്യക്ഷതയാകുന്നതെങ്ങനെ? യഥാര്‍ത്ഥ ഫലങ്ങളെപ്പോലെ ഒറ്റനോട്ടത്തില്‍ തോന്നുന്ന പ്ലാസ്റ്റിക്കു കൊണ്ടു നിര്‍മിച്ച പഴങ്ങള്‍ പലയിടത്തും കാണാറുണ്ടല്ലോ. യഥാര്‍ത്ഥമായതും നിര്‍മിതമായതും കാഴ്ചയില്‍ ഒരുപോലെ ഇരിക്കുമെങ്കിലും പ്ലാസ്റ്റിക് പഴങ്ങള്‍ ഒരാളുടെയും വിശപ്പു ശമിപ്പിക്കുകയില്ല. നമ്മുടെ ജീവിത പരിസരത്ത് എത്തുന്നവരുടെ വിശപ്പു ശമിപ്പിക്കുവാന്‍ നമ്മിലെ ഫലങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ അത് അഴിയാത്ത ജീവശക്തിയുടെ വെളിപ്പെടലല്ല, യഥാര്‍ത്ഥമായതിന്റെ ഒരനുകരണം മാത്രമായിരുന്നെന്നു നാം തിരിച്ചറിയണം. ജീവന്‍ യഥാര്‍ത്ഥമല്ലെങ്കില്‍ അതു വിരല്‍ചൂണ്ടുന്നത് അതിനു പിന്നില്‍ നടന്ന സ്വന്ത ഇഷ്ടത്തെ മരണത്തിന് ഏല്പിച്ചതിന്റെ അപൂര്‍ണതയിലേക്കാണെന്നും നാം കണ്ടെത്തേണ്ടതുണ്ട്.

നമ്മില്‍ ദൈവികമായ ജീവന്റെ അഭാവം തിരിച്ചറിഞ്ഞാല്‍ നാം എന്താണു ചെയ്യേണ്ടത്? യേശുവിന്റെ പരസ്യശുശ്രൂഷാകാലത്തെ ഒരു സംഭവം ഇതിന്റെ പോംവഴിയെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. യോഹന്നാന്‍ നാലാം അധ്യായത്തില്‍ യേശു ശമര്യക്കാരിയെ കണ്ടു മുട്ടിയപ്പോള്‍ അവളോട് ആദ്യം ആവശ്യപ്പെടുന്നതു തന്റെ ദാഹം ശമിപ്പിക്കാനാണ് (4:7). ഇന്ന് യേശുവും നമ്മോടാവശ്യപ്പെടുന്നതു തന്നെ തൃപ്തിപ്പെടുത്താനാണ്. യേശുവിനോടുള്ള സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്ത ഇഷ്ടത്തെ മരണത്തിന് ഏല്‍പിച്ചുകൊണ്ട് യഥാര്‍ത്ഥമായ യേശുവിന്റെ ജീവനില്‍ നാം വളരണമെന്നാണ് നമ്മെ സംബന്ധിച്ചുള്ള തന്റെ ദാഹം. ഈ ദാഹം ശമിപ്പിക്കാനാണ് യേശു നമ്മോട് അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ ശമര്യക്കാരിയെപ്പോലെ നമുക്ക് അതിനു കഴിയാതെ വന്നാലോ? അങ്ങനെ വന്നപ്പോള്‍ ശമര്യക്കാരിയോട് യേശു അതിന്റെ താഴെയുള്ള വാക്യത്തില്‍ ഇങ്ങനെ പറഞ്ഞു: ‘നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോടു ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു’ (4:10).

നോക്കുക: കുടിപ്പാന്‍ ചോദിക്കുന്നതും യേശു. യേശുവിനു കുടിപ്പാന്‍ കൊടുക്കാനായി ശമര്യക്കാരിക്കു കഴിയാതെ വന്നപ്പോള്‍ അവള്‍ക്ക് വെള്ളം തരാന്‍ തയ്യാറാണെന്നു വാഗ്ദാനം ചെയ്യുന്നതും യേശു.

ഇന്നു നമ്മെ സംബന്ധിച്ചും യേശു ഇങ്ങനെതന്നെയാണ്. ക്രിസ്തീ യവളര്‍ച്ചയിലും ഫലം കായിക്കുന്നതിലും ജീവന്റെ പങ്കാളിത്തത്തിലും താന്‍ പ്രതീക്ഷിക്കുന്ന അളവിലേക്ക് ഉയര്‍ന്ന് തന്നെ തൃപ്തിപ്പെടുത്താന്‍ നമ്മോട് യേശു ആവശ്യപ്പെടുന്നുണ്ട്. അതേ സമയം നമുക്ക് അതിനു കഴിയാതെ വന്നാലോ? കഴിയാതെ വന്നാല്‍ അതിനുള്ള ഉത്തരവും യേശുവിലുണ്ട്. അവിടുന്നു വേണ്ടുവോളം ജീവന്റെ പങ്കാളിത്തം നമുക്കു തരുവാന്‍ സന്നദ്ധനായി നമ്മുടെ സമീപെ ഉണ്ട്. നാം ചെയ്യേണ്ടത് ‘അവന്‍ ആരെന്ന് അറിഞ്ഞ് അവനോടു ചോദിക്കുക മാത്രം.’


രണ്ടധ്യായം കൂടി കഴിയുമ്പോള്‍ യേശു ഇതേ കാര്യം തന്നെ മറ്റൊരു തരത്തില്‍ പറയുന്നുണ്ടല്ലോ: ‘ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശു നിന്നുകൊണ്ട് ദാഹിക്കുന്നവന്‍ എല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു’ (7:37,38).

നമ്മെ സംബന്ധിച്ച യേശുവിന്റെ ദാഹം ശമിപ്പിക്കാനായി നമുക്ക് ഒരു ദാഹമുണ്ടോ? ഉണ്ടെങ്കില്‍ അവന്‍ ആരെന്ന് അറിഞ്ഞ് നമുക്ക് അവനോടു ചോദിക്കാം. അവന്റെ അടുക്കല്‍ ചെല്ലാം. അവനില്‍ നിന്നു കുടിക്കാം.

അധ്യായം 11 :
ലാളിത്യത്തിലേക്ക് ഒരു മടക്കയാത്ര



‘എല്ലും തോലുമായ, നാട്ടിന്‍ പുറത്തുകാരന്‍ ഉപദേശി’- ന്യൂയോര്‍ ക്കില്‍ മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസിലെ കോടതി നടപടികളിലിടപെട്ടു പരിഹാസപാത്രമായ ഡേവിഡ് വില്‍ക്കേഴ്‌സണെ മാധ്യമങ്ങള്‍ അങ്ങനെയാണു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അതു പഴയ കഥ. ദൈവം തന്നെ നടത്തിയ വഴികളുടെ നേര്‍സാക്ഷ്യം വില്‍ക്കേഴ്‌സണ്‍ ‘ദ് ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡ്’ എന്ന ഗ്രന്ഥത്തിലൂടെ വിവരിക്കുകയും അതിന്റെ ലക്ഷക്കണക്കിനു കോപ്പികള്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ‘താരമൂല്യം’ യുഎസില്‍ പൊടുന്നനെ ഉയര്‍ന്നു.

ലഹരി മരുന്നുകളില്‍ നിന്നു കുട്ടികളെ വിമോചിപ്പിക്കുന്നതിന്റെ ഒരു വിദഗ്ദ്ധനായി രാജ്യ വ്യാപകമായി വില്‍ക്കേഴ്‌സണ്‍ വാഴ്ത്തപ്പെട്ടു. അദ്ദേഹത്തിന്റെയും ടീന്‍ ചലഞ്ചിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയൊരു സചിത്ര ലേഖനം ലൈഫ് മാസികയില്‍ വന്നു (മൈക്കല്‍ ഫാര്‍മര്‍ കൊലക്കേസിലെ പ്രതികളായ കൗമാരക്കാരായ ഏഴു കുട്ടികളെക്കുറിച്ച് നേരത്തെ ഇതേ മാസികയില്‍ വന്ന ലേഖനവും ചിത്രവുമാണ് വില്‍ക്കേഴ്‌സണ്‍ന്റെ ജീവിതത്തില്‍ വഴിത്തിരിവായത്). ടൈം, ന്യൂയോര്‍ക്ക് ടൈംസ്, ഡെയ്‌ലി ന്യൂസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നു വേണ്ട ഒട്ടുമിക്ക പ്രശസ്ത പത്രങ്ങളും മാസികകളും വില്‍ക്കേഴ്‌സണെക്കുറിച്ചുള്ള തുടര്‍ ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി. ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും ആദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വന്നു. ലോകമെങ്ങും വിവിധ സ്ഥലങ്ങളില്‍ നിന്നു സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാനും പ്രസംഗിക്കാനുമുള്ള ക്ഷണങ്ങള്‍ എത്തി. ചെറുപ്പക്കാര്‍ക്കു വേണ്ടിയുള്ള പ്രത്യേക യോഗങ്ങള്‍ക്കു നേതൃത്വം നല്‍കാനും യുവാക്കളുടെ റാലികള്‍ നടത്താനും മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിനു വരുന്ന കത്തുകള്‍ക്കു മറുപടി നല്‍കാന്‍ മാത്രം നാലു സെക്രട്ടറിമാരെ ജോലിക്കു വയ്‌ക്കേണ്ടി വന്നു. വിമാനത്താവളത്തിലും റസ്റ്ററന്റുകളിലും ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു സംസാരിക്കാന്‍ താത്പര്യം കാട്ടി. ചുരുക്കത്തില്‍ വില്‍ക്കേഴ്‌സണ്‍ വളരെ വേഗം നാട്ടിന്‍പുറത്തെ ഉപദേശി എന്ന നിലയില്‍ നിന്നു അതിപ്രശസ്തനായ ഒരു പൊതുവ്യക്തി എന്ന അവസ്ഥയിലേക്കു മാറി.

ഇങ്ങനെ നാലു വര്‍ഷങ്ങള്‍ കടന്നു പോയി. 1968-ലെ ഒരു വേനല്‍ക്കാലം. ടീന്‍ ചലഞ്ചിന്റെ ‘416, ക്ലിന്റണ്‍ അവന്യൂ’ എന്ന ആസ്ഥാന മന്ദിരത്തില്‍ നിന്നു ‘444, ക്ലിന്റണ്‍ അവന്യൂ’വില്‍ വാങ്ങിയ പുതിയ ഓഫിസിലേക്കു ഒരു സുപ്രധാന അഭിമുഖത്തിനായി തിരക്കിട്ടു നടക്കുകയാണ് ഡേവിഡ് വില്‍ക്കേഴ്‌സണ്‍. പെട്ടെന്ന് വില്‍ക്കേഴ്‌സണ്‍ന്റെ വഴി വിലങ്ങി ഒരു ചൈനാക്കാരന്‍ നില്ക്കുന്നു. അയാളെ ഒഴിഞ്ഞുപോകാന്‍ വില്‍ക്കേഴ്‌സണ്‍ ഇടത്തേക്കുമാറി. അയാളും അങ്ങോട്ടു മാറി. വലത്തോട്ടു തിരിഞ്ഞു പോകാന്‍ ശ്രമിച്ചപ്പോള്‍ അയാളും അങ്ങോട്ടു ചുവടുവച്ചു. നിവൃത്തിയില്ലാതെ വില്‍ക്കേഴ്‌സണ്‍ നടപ്പു നിര്‍ത്തി അവിടെ തന്നെ നിന്നു. ചൈനാക്കാരന്‍ തൊട്ടു മുന്‍പില്‍ ശാന്തനായി നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”നിങ്ങളാണു ഡേവിഡ് വില്‍ക്കേഴ്‌സണ്‍” അതൊരു ചോദ്യമായിരുന്നില്ല; ഒരു പ്രസ്താവനയായിരുന്നു. വില്‍ക്കേഴ്‌സണ്‍ തലയുയര്‍ത്തി അഭിമുഖം നില്‍ക്കുന്ന ചൈനാക്കാരന്റെ മുഖത്തേക്കു നോക്കി. ആ ഇടുങ്ങിയ കണ്ണുകളില്‍ തിരയൊഴിഞ്ഞ സമുദ്രത്തിന്റെ ശാന്തത. ചൈനാക്കാരന്‍ കറതീര്‍ന്ന ഇംഗ്ലീഷില്‍ തുടര്‍ന്നു: ”ഞാന്‍ ഒരു ദൈവമനുഷ്യനാണ്. ഹോങ്‌കോ ങ്ങില്‍ ജീവിക്കുന്നു. താങ്കളോടു സംസാരിക്കുന്നതിന് ദൈവം എന്നെ അയച്ചിരിക്കുന്നു. എനിക്കു പറയാനുള്ള സന്ദേശം വളരെ ലളിതമാണ്- നിങ്ങള്‍ ആവശ്യത്തിലേറെ ഡേവിഡ് വില്‍ക്കേഴ്‌സണില്‍ ആശ്രയിക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നില്ല. നിങ്ങള്‍ക്കു ലാളിത്യം നഷ്ടമായിരിക്കുന്നു.”

വില്‍ക്കേഴ്‌സണ്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. പക്ഷേ അദ്ദേഹത്തില്‍ മെല്ലെ ദേഷ്യം നുരഞ്ഞുപൊന്തി. ‘പുതിയ ഓഫിസില്‍ വളരെ പ്രധാനപ്പെട്ട ഒരു അഭിമുഖത്തിനു പോകുന്ന എന്നെ തടഞ്ഞു നിര്‍ത്താന്‍ ഈ കൊച്ചു ചൈനാക്കാരന് എങ്ങനെ കഴിഞ്ഞു? ഏകദേശം ആറായിരം പേരോട് ഓരോ ആഴ്ചയും പ്രസംഗിക്കുന്നവനാണു ഞാനെന്നും, എന്റെ ലഹരിവിരുദ്ധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നുവെന്നും ഇയാള്‍ അറിയുന്നില്ലേ?’ ഇങ്ങനെയൊന്നും വില്‍ക്കേഴ്‌സണ്‍ പറഞ്ഞില്ല. പക്ഷേ അദ്ദേഹം ചൈനാക്കാരനോടു സംസാരിച്ച ചുരുക്കം വാക്കുകളില്‍ ഇതെല്ലാം പ്രകടമായിരുന്നു. ആ വാക്കുകളില്‍ നിശ്ശബ്ദമായ ഇങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നു: ”നിങ്ങള്‍ക്ക് ഈ സുപ്രധാനവ്യക്തി, ഡേവിഡ് വില്‍ക്കേഴ്‌സണെ, തടഞ്ഞു നിര്‍ത്താന്‍ എങ്ങനെ ധൈര്യം വന്നു?.”

ഉവ്വ്, ആ ചോദ്യം വായിച്ചെടുത്ത കൊച്ചു ചൈനാക്കാരന്‍ വ്രണിത ഹൃദയനായി. അയാളുടെ കണ്ണുകള്‍ നിറഞ്ഞു: ”ഞാന്‍ എന്നെ ചൊല്ലിയല്ല വിഷമിക്കുന്നത്, ഡേവിഡ്. ഞാന്‍ താങ്കള്‍ക്കു വേണ്ടിയാണു കരയുന്നത്. ഞാന്‍ ഒരു കാരണവശാലും താങ്കളെ ദേഷ്യപ്പെടുത്തുമായിരുന്നില്ല. നിങ്ങള്‍ ദൈവത്തിനായി ഉപയോഗിക്കപ്പെടുന്നവനാണെന്ന് എനിക്കറിയാം. എന്നാലും എനിക്കനുസരിക്കാതെ വയ്യ. താങ്കളോടു വന്നു പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. അതു ഞാന്‍ ചെയ്തു.” ആ വാക്കുകളോടെ ചൈനാക്കാരന്‍ ധൃതിയില്‍ നടന്നു നീങ്ങി. പിന്നീട് ജീവിതത്തിലൊരിക്കലും വില്‍ക്കേഴ്‌സണ്‍ അയാളെ കണ്ടിട്ടില്ല.

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ വില്‍ക്കേഴ്‌സണ്‍ നിന്നു. പിന്നെ, അഭിമുഖത്തിനു പോകേണ്ട തിടുക്കമുണ്ടായിരുന്നതുകൊണ്ട് അയാളുടെ വാക്കുകള്‍ ഗൗരവമായി എടുക്കാതെ ചുമല്‍ ഒന്നു കുലുക്കി ധൃതിയില്‍ നടന്നു പോയി.

പക്ഷേ അയാള്‍ ഏല്പിച്ച ആഘാതം അത്രയെളുപ്പത്തില്‍ ഹൃദയത്തില്‍ നിന്നു കുടഞ്ഞെറിയാവുന്നതായിരുന്നില്ല. ചൈനാക്കാരന്റെ വാക്കുകള്‍ രാത്രി വൈകിയും ഹൃദയത്തില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ വില്‍ക്കേഴ്‌സണ്‍, ഭാര്യ ജ്വെന്നിനോട് അതു പങ്കിട്ടു. എല്ലാം കേട്ടശേഷം ജ്വെന്നും സത്യസന്ധതയോടെ പറഞ്ഞു: ‘ഒരിക്കല്‍ ഡേവിഡ് വില്‍ക്കേഴ്‌സണുണ്ടായിരുന്ന ലാളിത്യം കൈമോശം വന്നിരിക്കുന്നു.’

അതായിരുന്നു തുടക്കം. ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോര്‍ക്കുകയും ആ സ്വരത്തോട് അനുസരണം കാട്ടുകയും ചെയ്തിരുന്ന വില്‍ക്കേഴ്‌സണ്‍ ഇവിടെയും അതു തന്നെ ചെയ്തു. അദ്ദേഹം ഒരിക്കല്‍ പരിശുദ്ധാത്മാവിന്റെ നിയോഗം അനുസരിച്ചു ന്യൂയോര്‍ക്കിലേക്ക് എവിടെ നിന്നു വണ്ടിയോടിച്ചു വന്നുവോ അതേ ഫിലിപ്‌സ് ബര്‍ഗ്ഗിലേക്ക് പിറ്റേന്നു തന്നെ മടങ്ങിപ്പോയി. അവിടെ തന്റെ പഴയ പഴ്‌സനേജിനു പിന്നിലുള്ള ആല്‍ബേര്‍ട്ട് കുന്നിന്റെ ശാന്തതയില്‍ അദ്ദേഹം ദൈവസന്നിധിയില്‍ ഇരുന്നു. പ്രവര്‍ത്തനത്തെക്കാള്‍ പ്രധാനം തന്റെ ജീവിതമാണെന്ന ബോധ്യം ദൈവം അദ്ദേഹത്തിനു കൊടുത്തു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞ ‘നിശ്ശബ്ദവര്‍ഷ’ങ്ങളാണു വില്‍ക്കേഴ്‌സണ്‍ന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടായത്. ആ നിശ്ശബ്ദ വര്‍ഷങ്ങളില്‍ ദൈവം പഠിപ്പിച്ച ആഴമേറിയ ബോധ്യങ്ങളുമായാണ് ഏകദേശം രണ്ടു ദശകത്തിനു ശേഷം വില്‍ക്കേഴ്‌സണ്‍ ടൈംസ് സ്‌ക്വയറില്‍ പരിശുദ്ധാത്മാവു നല്‍കിയ പുതിയ നിയോഗത്തിന്റെ അമരക്കാരനായത്.

‘ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡിനുശേഷമുള്ള വില്‍ക്കേഴ്‌സണ്‍’ നമുക്കു നല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്? അവ അക്കമിട്ട് ഇങ്ങനെ പറയാമെന്നു തോന്നുന്നു:• യേശുവിനോടുള്ള ലളിതവും നിര്‍മലവുമായ അടുപ്പമാണു പ്രധാനം.

• നമ്മുടെ ജയങ്ങളും ദൈവം നമ്മിലൂടെ പ്രവര്‍ത്തിച്ച കാര്യങ്ങളും തന്നെ നമുക്ക് ഒരു ‘കനം’ നല്‍കിയേക്കാം. ഈ കനം നമുക്കും ദൈവത്തിനും ഇടയില്‍ ഒരു അകലം സൃഷ്ടിക്കും. അതു നമ്മുടെ ലാളിത്യം ചോര്‍ത്തിക്കളയും.
• പ്രവര്‍ത്തനം ജീവിതത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്നില്ല: ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കാണു പ്രവര്‍ത്തനം.
• ‘ഇന്നലെ’കളില്‍ നമുക്കുണ്ടായിരുന്ന ലാളിത്യം ‘ഇന്നു’ നമ്മെ തുണയ്ക്കുകയില്ല.
• ഓരോ ദിവസവും ആ ലാളിത്യം കൈവിടാതെ ജീവിക്കണമെന്നുണ്ടെങ്കില്‍ ദൈവം തരുന്ന വെളിച്ചത്തില്‍ നാം നമ്മെത്തന്നെ വിധിക്കണം.
• പരിശുദ്ധാത്മാവിന്റെ മന്ത്രണങ്ങള്‍ക്കു ചെവി കൊടുക്കുക; അനുസരിക്കുക ഇതാണു നമുക്കു വേണ്ടത്.

ഒന്നോര്‍ക്കുക: ക്രിസ്തീയ ശുശ്രൂഷയും ദൈവം തന്ന ദാനമാണ്. ദാനത്തെക്കാള്‍ പ്രധാനം ദാതാവാണ്. ‘ഇഹലോകത്തിലേക്കു നാം ഒന്നു കൊണ്ടുവന്നിട്ടില്ല; ഇവിടെ നിന്നു യാതൊന്നും കൊണ്ടു പോകുവാന്‍ കഴിയുന്നതുമല്ല’ (1 തിമൊഥെയോസ് 6:7).

അധ്യായം 12 :
കുറ്റപ്പെടുത്തുന്ന വിരല്‍, രക്ഷിക്കുന്ന വിരല്‍


ചുരുട്ടിയ മുഷ്ടിയും ചൂണ്ടിയ വിരലും-പാപത്തില്‍ വീണുപോയ മനുഷ്യകുലത്തിന്റെ മനോഭാവത്തെ കാണിക്കുന്ന രണ്ടു പ്രതീകങ്ങള്‍. ചുരുട്ടിയ മുഷ്ടി, ‘എല്ലാം എനിക്കു മാത്രം; ഒന്നും വിട്ടുതരില്ല’ എന്ന സ്വാര്‍ത്ഥതയെ കാണിക്കുന്നു. ചൂണ്ടിയ വിരല്‍, ‘കുറ്റം നിന്റേത്’ എന്ന് മറ്റൊരാള്‍ക്കെതിരെ നീളുന്ന കുറ്റപ്പെടുത്തുന്ന മനോഭാവത്തെ കുറിക്കുന്നു.

ഈ രണ്ടു തിന്മകളില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കാനാണ് യേശു വന്നത്. യേശുവിന്റേത് ചുരുട്ടിയ മുഷ്ടികളായിരുന്നില്ല; വിടര്‍ന്ന കരങ്ങളായിരുന്നു. ഒന്നും താന്‍ തനിക്കായി പിടിച്ചു വച്ചില്ല. എല്ലാം മറ്റുള്ളവര്‍ക്കു നല്‍കി; ഒടുവില്‍ സ്വന്തജീവന്‍ പോലും. ക്രൂശില്‍ അവിടുന്നു കരങ്ങള്‍ വിടര്‍ത്തി. ആ വിടര്‍ന്ന കരങ്ങളില്‍ അവര്‍ ആണികളടിച്ചു. വിചാരിച്ചാല്‍ പോലും ആ കരങ്ങള്‍ പിന്നീടു ചുരുട്ടുവാന്‍ കഴിയുമായിരുന്നില്ല. ജീവതത്തിലുടനീളം എല്ലാം മറ്റുള്ളവര്‍ക്കു നല്‍കിയ, ആളുകളെ അനുഗ്രഹിച്ച യേശു വിടര്‍ത്തിയ കരങ്ങളുമായിത്തന്നെ ഈ ലോകം വിട്ടുപോയി.

യേശുവിന്റെ കാലത്തു ജീവിച്ചിരുന്ന പരീശന്മാരുടെ പ്രത്യേകത അവരുടെ ചൂണ്ടുവിരലുകളുടെ ‘നീളക്കൂടുതല്‍’ ആയിരുന്നു. ന്യായപ്രമാണത്തിന്റെ കുത്തകക്കാരായിരുന്ന അവര്‍ക്ക് എപ്പോഴും മറ്റുള്ളവര്‍ക്കുനേരേ വിരല്‍ ചൂണ്ടുവാന്‍ മതിയായ കാരണങ്ങളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ‘ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കുവാനല്ല നിവര്‍ത്തിപ്പാന്‍ വന്ന’ യേശുവിന് മറ്റെല്ലാവര്‍ക്കും നേരേ എത്ര ആധികാരികതയോടെ വിരല്‍ ചൂണ്ടാമായിരുന്നു! എന്നാല്‍ കാപട്യക്കാരല്ലാത്ത എല്ലാവരെയും രക്ഷിക്കുന്ന വിരലായിരുന്നു യേശുവിന്റേത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ നേരെ പരീശന്മാര്‍ കുറ്റപ്പെടുത്തുന്ന വിരല്‍ ചൂണ്ടിയപ്പോള്‍ യേശുവിന്റെ വിരല്‍ അവളെ രക്ഷിക്കുന്നതായിരുന്നു (യോഹ. 8:6,8).

മറ്റുള്ളവര്‍ക്കു നേരേ കുറ്റപ്പെടുത്തുന്ന വിരല്‍ ചൂണ്ടുന്ന സ്വഭാവം മനുഷ്യര്‍ക്ക് എവിടെനിന്നാണു കിട്ടിയത്? ബൈബിളില്‍ ആദ്യം എഴുതിയ ഗ്രന്ഥമായ ഇയ്യോബിന്റെ പുസ്തകത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങളില്‍ നിന്നുതന്നെ ഇതേക്കുറിച്ചു നമുക്കു സൂചന ലഭിക്കും. ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്‍പ്പാന്‍ ചെന്നപ്പോള്‍ ‘സഹോദരന്മാരെ രാപ്പകല്‍ ദൈവസന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദി’യായ (വെളിപ്പാട് 12:10) സാത്താനും അവിടെ ചെന്നു. അന്നു ലോകത്തില്‍ ഉള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ നിഷ്‌ക്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും എന്നു ദൈവം തന്നെ സര്‍ട്ടിഫിക്കറ്റു നല്‍കിയ ഇയ്യോബിനു നേരേ വിരല്‍ ചൂണ്ടുവാനാണ് അവന്‍ അവിടെ ചെന്നത്.

ഇയ്യോബിനെ കുറ്റംപറഞ്ഞ ശേഷം, ദൈവം തന്റെ വിരല്‍ നീട്ടി ഇയ്യോബിനുള്ളതൊക്കെയും ഒന്ന് ‘തൊടണ’മെന്നു സാത്താന്‍ നിര്‍ദ്ദേശിക്കുന്നു (1:11). ദൈവം അതിനു തയ്യാറായില്ല. പകരം സാത്താനെ അനുവദിച്ചു. സാത്താന്‍ ‘കരം’ നീട്ടി (1:12); ഇയ്യോബിനുള്ളതൊക്കെയും നഷ്ടമായി. രണ്ടാം അധ്യായത്തിലും കാര്യങ്ങള്‍ ഏറെക്കുറേ ഇതുപോലെ ആവര്‍ത്തിക്കുന്നു. ഇയ്യോബിന്റെ അസ്ഥിയും മാംസവും വിരല്‍ നീട്ടി ഒന്നു ‘തൊടുക’ എന്നായിരുന്നു ഇപ്രാവശ്യം ദൈവത്തോടുള്ള സാത്താന്റെ ആവശ്യം (2:5). എന്നാല്‍ ദൈവം പറഞ്ഞു: ”ഇതാ അവന്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു. അവന്റെ പ്രാണനെ മാത്രം തൊടരുത്” (2:6). സാത്താന്‍ പ്രാണനെ ഒഴിവാക്കി അവനെ തൊട്ടു; ഇയ്യോബ് പരുക്കളാല്‍ ബാധിതനായി.

നോക്കുക: മറ്റുള്ളവരെ കുറ്റംപറയുന്ന, അവര്‍ക്കു നേരേ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിരല്‍ ചൂണ്ടുന്ന സ്വഭാവം സാത്താന്റേതാണ്. സാത്താനില്‍ നിന്ന് ഈ സ്വഭാവം മനുഷ്യകുലത്തിനു പകര്‍ന്നു കിട്ടിയത് ഏദന്‍ തോട്ടത്തില്‍വച്ചാണ്. മറ്റുള്ളവരെ കുറ്റം ചുമുത്തുന്ന അപവാദിയുടെ ഈ ‘വിഷം’ കല്പനാ ലംഘനത്തിലൂടെ ആദാമിനു പകര്‍ന്നു കിട്ടയപ്പോള്‍ അവന്‍ ആദ്യം ചെയ്തത് ദൈവത്തിനും ഹവ്വയ്ക്കും എതിരെ വിരല്‍ ചൂണ്ടുകയായിരുന്നു (ഉല്പത്തി 3:12). ഹവ്വ തുടര്‍ന്നു ദൈവസൃഷ്ടിയായ പാമ്പിനുനേരെ വിരല്‍ ചൂണ്ടി (3:13). ആദിമ മാതാപിതാക്കളിലൂടെ ഈ വിഷം തലമുറകളിലേക്കു പകര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് എതിരെ വിരല്‍ ചൂണ്ടുന്ന രീതി ആദാമ്യവംശത്തിന്റെ സ്വഭാവമായി.

ഇതിനു പരിഹാരം വരുത്തുവാനും മറ്റുള്ളവരിലേക്കല്ല, അവനവനിലേക്കു തന്നെ വിരല്‍ ചൂണ്ടുവാനുമാണു ദൈവം കല്പലകളില്‍ തന്റെ വിരല്‍കൊണ്ട് എഴുതി ‘പത്തുകല്പനകള്‍’ നല്‍കിയത്. പത്തു കല്പനകളില്‍ ഓരോന്നും അവനവന്‍ അനുസരിക്കുവാനും അനുസരിച്ചോ എന്നു സ്വയം ശോധന ചെയ്യുവാനുമാണു നല്‍കിയത്. എന്നാല്‍ ആ കല്പനകളും പ്രമാണങ്ങളും തന്നെ മറ്റുള്ളവരെ കുറ്റം വിധിക്കുവാന്‍ പരീശന്‍ ഉപയോഗിച്ചപ്പോള്‍ അവന്റെ രക്ഷയ്ക്കായി ദൈവം വച്ച സംവിധാനം തന്നെ അവനു ശിക്ഷയ്ക്കു ഹേതുവായിത്തീരുകയും (റോമര്‍ 7:10-13) മറ്റുള്ളവര്‍ക്കെതിരെ അതു ദണ്ഡനോപകരണമായി മാറുകയും ചെയ്തു.

തുടര്‍ന്നാണ് രക്ഷകനായ യേശുവിന്റെ വരവ്. അവിടുന്നു മറ്റുള്ളവരെ കുറ്റപ്പെടുത്താതെ കുറ്റങ്ങളും അതിന്റെ ശിക്ഷയും സ്വയം ഏറ്റുവാങ്ങുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തു. മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുക എന്നതു നിലനില്പിനുള്ള ഏക ജീവിതക്രമമായി അംഗീകരിച്ചിരുന്ന ലോകത്ത് യേശു കാട്ടിയ ഈ വഴി ഒരു വ്യത്യസ്തതയായി, രക്ഷാമാര്‍ഗ്ഗമായി.

എന്നാല്‍ യേശു കാട്ടിയ ഈ രക്ഷാമാര്‍ഗ്ഗത്തിലൂടെ ദൈവരാജ്യത്തിന്റെ അനുഭവങ്ങളിലേക്കുവന്ന വിശ്വാസികളില്‍ പലരേയും മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന മനോഭാവം ഇന്നും വിടാതെ പിന്‍തുടരുന്നു. അതു സാത്താന്യമാണെന്നും അങ്ങനെ ചെയ്യുമ്പോള്‍ തങ്ങള്‍ ‘പിശാചിന് ഇടംകൊടുക്കുകയാണെന്നും’ (എഫെ. 4:25-27) അവര്‍ അറിയുന്നില്ല. പിശാചിന് അവസരം കൊടുത്താല്‍ ‘അവന്‍ മോഷ്ടിക്കുകയും അറുക്കുകയും മുടിക്കുകയും’ ചെയ്യും (യോഹ. 10:10). അവന്‍ മോഷ്ടിച്ചു കൊണ്ടുപോകുന്നത് എന്താണ്? അവന്‍ തട്ടിക്കൊണ്ടു പോകുന്നത് ദൈവരാജ്യത്തിന്റെ സമ്പത്തായ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമര്‍ 14:17). ശരിയല്ലേ? മറ്റുള്ളവര്‍ക്കെതിരേ വിരല്‍ ചൂണ്ടുകയും അവര്‍ക്കെതിരേ മനസ്സിലെങ്കിലും നിരന്തരം കുറ്റാരോപണം നടത്തുകയും ചെയ്യുന്നവര്‍ക്കല്ലേ സന്തോഷവും സമാധാനവും ദൈവമുന്‍പാകെയുള്ള നീതിയും നഷ്ടമാകുന്നത്? മറ്റുള്ളവര്‍ക്കെതിരേ വിരല്‍ ചൂണ്ടുന്നവര്‍ സ്വയം ഒരു ദണ്ഡനം ഏറ്റുവാങ്ങുകയാണ്. മറുവശത്ത് അവര്‍ മനസ്സില്‍ ആര്‍ക്കെതിരേ കുറ്റാരോപണം നടത്തിയോ അവര്‍ക്ക് ഒന്നും തന്നെ നഷ്ടമാകുന്നില്ല!

ഈ കുറ്റാരോപണത്തിന്റെ ആത്മാവില്‍ നിന്ന് എങ്ങനെയാണ് രക്ഷപ്പെടാന്‍ കഴിയുന്നത്? ഒന്നാമത് ഇത് സാത്താന്യമാണെന്നും സാത്താന്യശക്തികള്‍ക്കിടം കൊടുക്കുന്നതാണെന്നും തിരിച്ചറിഞ്ഞ് അതില്‍ നിന്നുള്ള മോചനത്തിനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കണം. പിന്നെ വേണ്ടത് കര്‍ത്താവിന്റെ ‘രക്ഷിക്കുന്ന വിരലി’ന്റെ അടുത്തെത്തുകയാണ്. എങ്കില്‍ അവിടുന്നു നമുക്കു നഷ്ടമായ ദൈവരാജ്യ അനുഭവങ്ങളായ നീതിയും, സമാധാനവും, സന്തോഷവും പുനഃസ്ഥാപിച്ചു നല്‍കും. ലൂക്കൊസ് 11:20-ല്‍ യേശു പറഞ്ഞു: ‘എന്നാല്‍ ദൈവത്തിന്റെ ശക്തികൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം.’ ഇവിടെ ദൈവത്തിന്റെ ‘ശക്തി’യെന്നു മലയാളത്തില്‍ വായിക്കുന്നിടത്തു ഇംഗ്ലീഷില്‍, ഭൂതങ്ങളെ പുറത്താക്കുന്നതു ദൈവത്തിന്റെ ‘വിരല്‍’ ആണെന്നു കാണുന്നു (by the ‘finger’ of God-NASB). വിരല്‍ ചൂണ്ടുന്ന മനോഭാവത്തില്‍ നിന്നു നമ്മെ വിടുവിക്കുന്ന യേശുവിന്റെ ‘രക്ഷിക്കുന്ന വിരല്‍’ ആണിത്.


ഈ ‘രക്ഷിക്കുന്ന വിരല്‍’ പ്രായോഗികതലത്തില്‍ പരിശുദ്ധാത്മശക്തിയായാണു പ്രവര്‍ത്തിക്കുന്നതെന്നു ലൂക്കൊസ് 11:20-ലെ വചനം മത്തായി സുവിശേഷത്തില്‍ ആവര്‍ത്തിക്കുന്നിടത്തുനിന്നു വ്യക്തമാണ്: ‘ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നുവെങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം’ (മത്തായി 12:28). യേശു പുറത്താക്കിയ കുറ്റാരോപണത്തിന്റെ ആത്മാവ് ഒഴിഞ്ഞുപോയ ഇടങ്ങളെ പരിശുദ്ധാത്മാവ് സ്‌നേഹംകൊണ്ടും (റോമര്‍ 5:5) നാം നേരത്തെ കുറ്റാരോപണം നടത്തിയവര്‍ക്കായുള്ള പക്ഷവാദ പ്രാര്‍ത്ഥനകൊണ്ടും (റോമര്‍ 8:26,27) നിറയ്ക്കും.

മറ്റുള്ളവര്‍ക്കെതിരെയുള്ള നിഷേധാത്മകമായ ചിന്തകളെ പുറത്താക്കിക്കളഞ്ഞാലും ചിലപ്പോള്‍ അവരെ കാണുമ്പോഴോ അവര്‍ നമ്മോടു മോശമായി നേരത്തെ പെരുമാറിയ ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോഴോ ആ കുറ്റാരോപണത്തിന്റെ ചിന്തകള്‍ ഹൃദയത്തില്‍ വീണ്ടും ഉയര്‍ന്നുവരാറില്ലേ? ആ കുറ്റംവിധിയുടെ ചിന്തകള്‍ വീണ്ടും തലനീട്ടുമ്പോള്‍ അത് ലൂക്കൊസ് 11:24-26-ല്‍ കാണുന്ന ദുരാത്മാവ് താന്‍ വിട്ടുപോന്ന വീട് വീണ്ടും ഒന്നു കാണാന്‍ വരുന്നതാണെന്നു തിരിച്ചറിയണം. പേടിക്കേണ്ട. യേശുവിനെ വിളിച്ചപേക്ഷിക്കുക. അവിടുത്തെ ‘രക്ഷിക്കുന്ന വിരല്‍’ അപ്പോഴും നമ്മോടു കൂടെയുണ്ട്. വിരല്‍ ചൂണ്ടുന്ന മനോഭാവത്തിനു പിന്നിലുള്ള സാത്താന്യശക്തിയെ ഒരിക്കല്‍ നമ്മില്‍ നിന്നു പുറത്താക്കിക്കളഞ്ഞ അവിടുന്നു നേരത്തെ നാം ആര്‍ക്കെതിരെ വിരല്‍ ചൂണ്ടിയിരുന്നുവോ അവരോടുള്ള സ്‌നേഹം, അവര്‍ക്കായുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയുടെ ആത്മാവിനാല്‍ നമ്മുടെ ഹൃദയത്തെ വീണ്ടും നിറയ്ക്കും. അപ്പോള്‍ ‘വീട്ടിലെ പുതിയ താമസക്കാരനായ’ പരിശുദ്ധാത്മാവില്‍ യേശുവിന്റെ മുഖം പ്രതിഫലിച്ചു കാണുന്നതു കണ്ടു ഭയപ്പെട്ട് ദുരാത്മാവ് സ്ഥലംവിടും. വീണ്ടും ചില സന്ദര്‍ഭങ്ങളില്‍ നാണവും മടിയുമില്ലാത്ത സാത്താന്യശക്തി, സ്ഥിതി ഇപ്പോള്‍ എങ്ങനെയുണ്ടെന്നറിയാന്‍ വീടു സന്ദര്‍ശിച്ചെന്നുവരാം. അപ്പോഴെല്ലാം നേരത്തെ ചെയ്തത് ആവര്‍ത്തിക്കാന്‍ നാം ജാഗ്രതയുള്ളവരാണെങ്കില്‍ അതു പിന്നെ വരാതെയാകും. വിജയം നമ്മുടേതായിരിക്കും.

‘ചൂണ്ടുന്ന വിരലി’നെതിരെ ‘രക്ഷിക്കുന്ന വിരല്‍’ ഇങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്.

അധ്യായം 13 :
ദൈവഭക്തി: നാം ഏതു പക്ഷത്ത്?

പിറ്റേന്ന് ഹൃദയം തുറന്നുള്ള ഒരു ശാസ്ത്രക്രിയയ്ക്കു വിധേയനാകാന്‍ പോകുന്ന പിഞ്ചുബാലനെ കാണാനും ധൈര്യപ്പെടുത്താനും തലേന്നു വൈകിട്ട്, ശാസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ ആശ്രുപത്രിയിലെ അവന്റെ മുറിയിലെത്തി.

”മോനേ, നാളെ നിന്റെ ഹൃദയം ഞങ്ങള്‍ ഒന്നു തുറന്നു നോക്കുന്നുണ്ട്-” ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

”എങ്കില്‍ ഡോക്ടറങ്കിള്‍, നിങ്ങള്‍ അവിടെ ജീസസിന്റെ മുഖം കാണും.” കുട്ടിയുടെ നിഷ്‌കളങ്കമായ മറുപടി. യേശുവിനെ ഹൃദയത്തില്‍ സ്വീകരിച്ചിരുന്ന കുഞ്ഞ് ധരിച്ചത് യേശു അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവിടെ ഇരിപ്പുണ്ടെന്നാണ്.

ഹൃദയത്തോടു ചേര്‍ന്ന് ഒരിടം. വളരെ അടുത്ത ഒരു ബന്ധം- ദൈവം അതാണു നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. ”നിന്നോട് വികാരാര്‍ദ്രവും ഉല്‍ക്കടവുമായ ഒരു ബന്ധം ആഗ്രഹിക്കുന്ന ദൈവമാണ് അവിടുന്ന്” (പുറപ്പാട് 34:14 NLT).

നമ്മില്‍ നിന്ന് തിരിച്ചും ഈ ഊഷ്മളമായ ബന്ധമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ”യഹോവയില്‍ തന്നേ രസിച്ചു കൊള്‍ക” (സങ്കീ. 37:4). ”ആരെങ്കിലും പ്രശംസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ എന്നെ അറിയുന്നു, മനസ്സിലാക്കുന്നു എന്നതില്‍ പ്രശംസിക്കട്ടെ… ഇതാണ് എന്നെ പ്രസാദിപ്പിക്കുന്ന കാര്യം” (യിരെമ്യാവ് 9:24).

അന്യോന്യമുള്ള ഈ ബന്ധത്തില്‍ ഒരു ലാളിത്യമുണ്ട്, നൈര്‍മല്യമുണ്ട്. ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന ഭക്തിയുടെ ലക്ഷണവും ഇതുതന്നെ. പൗലൊസ് യഥാര്‍ത്ഥ ദൈവഭക്തിയെ ഇങ്ങനെ വിവരിക്കുന്നു. – Simple, pure devotion. ലളിതവും നിര്‍മലവുമായ ഭക്തി. (2 കൊരിന്ത്യര്‍ 11:3 NASB).


മലയാളം ബൈബിളില്‍ ‘ദൈവഭക്തി’ യെന്ന് ഉപയോഗിച്ചിരിക്കുന്ന പദത്തിന് ഇംഗ്ലീഷ് ബൈബിളില്‍ രണ്ട് വ്യത്യസ്ത പ്രയോഗങ്ങള്‍ കാണാം- ദൈവഭയവും (fear of God) ഭക്തിയും (Devotion) ആണത്. പഴയ നിയമത്തില്‍ പൊതുവേ ദൈവത്തോടുള്ള മനുഷ്യരുടെ ബന്ധം ഭയത്തില്‍ അധിഷ്ഠിതമായിരുന്നു. ‘നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം’ എന്നു പഴയ നിയമത്തില്‍ പറഞ്ഞിട്ടുണ്ടെ ങ്കിലും (ആവര്‍ത്തനം 6:5, 10:12, 30:6) ആ കാലഘട്ടത്തില്‍ ദൈവത്തോട് അടുത്തുവന്ന ആരിലും മുന്നിട്ടുനിന്ന വികാരം ഭയമായിരുന്നു. എന്നാല്‍ പുതിയ നിയമത്തിലേക്കു വരുമ്പോള്‍ അവിടെ ദൈവഭയം ഉണ്ടെങ്കില്‍ തന്നെ ദൈവത്തോടുള്ള സ്‌നേഹത്തിനാണു മുന്‍തൂക്കം. യഥാര്‍ത്ഥ ദൈവത്തോടുള്ള ആരോഗ്യകരമായ ഭയവും സ്‌നേഹവും രണ്ടും അന്തര്‍ലീനമായിട്ടുണ്ടെന്നു കാണാം.

ഇങ്ങനെ പറയുമ്പോള്‍ ഇവിടെ ന്യായമായും ഒരു സംശയം വരാം. ഭയവും സ്‌നേഹവും ഒന്നിച്ചു സ്ഥിതി ചെയ്യുന്നതെങ്ങനെ? ഭയമുള്ളിടത്തു സ്‌നേഹമില്ല. സ്‌നേഹമുള്ളിടത്തു ഭയത്തിനു സ്ഥാനവുമില്ല. ‘തികഞ്ഞ സ്‌നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു’ (1 യോഹ. 4:18) എന്നാണല്ലോ. അങ്ങനെയെങ്കില്‍ ഭക്തിയില്‍, ഭയവും സ്‌നേഹവും സഹവസിക്കുന്നതെങ്ങനെ?

ഒരു ഉദാഹരണം ഇങ്ങനെ പറയാം. അഞ്ചു വയസ്സുള്ള മകള്‍ ഡാഡിയോടൊപ്പം ഓടിക്കളിക്കുകയാണ്. ഡാഡിയെ ഓടി വന്നു തൊട്ടിട്ട് ‘എന്നെ പിടിക്കാമോ?’ എന്നു ചോദിച്ച് കുഞ്ഞ് മുന്‍പിലോടുകയാണ്. ഡാഡി, ‘ശരി, ഞാനിപ്പം പിടിക്കും’ എന്നുപറഞ്ഞു കുഞ്ഞിന്റെ പിറകെ ഓടി വരുന്നു. കുഞ്ഞിപ്പോള്‍, തിരിഞ്ഞു നോക്കുന്നില്ലെങ്കിലും, ഡാഡി തന്റെ തൊട്ടു പിന്നില്‍ ഉണ്ടെന്ന് അവള്‍ക്കറിയാം. താന്‍ എത്ര വേഗത്തില്‍ ഓടിയാലും കരുത്തനായ ഡാഡി തന്നെ പിടികൂടും. ഡാഡിയുടെ കനത്ത കാലടി ശബ്ദം തൊട്ടു പുറകില്‍ കേള്‍ക്കു മ്പോള്‍ ‘അയ്യോ, എന്നെ പിടിക്കുമോ?’ എന്നുള്ള പേടി കുഞ്ഞിനുണ്ട്. എന്നാല്‍ അതേസമയം ഇതു തന്റെ ഡാഡിയാണ്. തന്നെ പിടിച്ചാലെന്താണ്? പിടിച്ചാല്‍ തന്നെ വാരി മാറോടണയ്ക്കും എന്ന ഉറപ്പ് അവള്‍ക്കുണ്ട്. അവള്‍ സ്‌നേഹിക്കുന്ന അവളുടെ ഡാഡിയാണത്. ഒരു നിമിഷം. ഡാഡി അവളെ പിടികൂടിക്കഴിഞ്ഞു. ഭയവും സ്‌നേഹവും ഒന്നിച്ച നിമിഷം.

ദൈവം സ്‌നേഹിക്കുന്ന അവിടുത്തെ മക്കളാണു നാം. ദൈവത്തിന്റെ വലിപ്പത്തിനും സര്‍വ്വശക്തിക്കും സര്‍വ്വജ്ഞതയ്ക്കും മുന്‍പില്‍ നാം ഒന്നുമില്ല. നമ്മെക്കാള്‍ അനേകായിരം മടങ്ങ് വലിയ ആ വ്യക്തി സാന്നിധ്യം (Entity) നമ്മില്‍ ഒരു ഭയം (reverential fear) നിറയ്ക്കുന്നുണ്ട്. ഓടിവരുന്ന പിതാവിന്റെ കാലടി ശബ്ദം തൊട്ടു പിന്നില്‍ കേട്ട കുഞ്ഞിനെപ്പോലെ നാം നടുങ്ങുന്നു. ഒപ്പം അവിടുന്ന് നമ്മെ സ്‌നേഹിക്കുന്ന പിതാവാണെന്ന ഉറപ്പു നല്‍കുന്ന സുരക്ഷിതത്വബോധവും ലാഘവത്വവും നമുക്കുണ്ട്. അതാ, അവിടുന്ന് നമ്മെ പിടികൂടിക്കഴിഞ്ഞു. ആ ബലിഷ്ഠമായ കരങ്ങള്‍ നമ്മെ വാരിയെടുത്തു മാറോടണയ്ക്കുകയാണ്. ഭയവും സ്‌നേഹവും ഒന്നിച്ച നിമിഷം.

ഭയത്തിനും സ്‌നേഹത്തിനും ഒന്നിച്ച് ഒരേ സ്ഥലത്തു സഹവസിക്കാനാവില്ലെന്ന് ആരാണു പറഞ്ഞത്?

ഉവ്വ്, ദൈവഭക്തിയില്‍ ദൈവസാന്നിധ്യബോധത്തിന്റെ അത്ഭുതാദരങ്ങള്‍ നല്‍കുന്ന ഒരു ഭയം (awesome wonder) ഉണ്ട്. ഒപ്പം സ്‌നേഹത്തിന്റെ ഊഷ്മളതയും ലാളിത്യവും ഉണ്ട്. പുതിയ ഉടമ്പടിയില്‍ യേശുവിലൂടെയാണു നമുക്കിതു ലഭ്യമായത്. ”നമുക്കിപ്പോള്‍ ദൈവത്തോടുള്ള നമ്മുടെ അത്ഭുതകരമായ പുതിയ ബന്ധത്തില്‍ ആഹ്ലാദിക്കാം- നമ്മെ ദൈവത്തിന്റെ സ്‌നേഹിതരാക്കിയതിലൂടെ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവാണു നമുക്കിതു സാധിച്ചു തന്നത്” (റോമര്‍ 5:11 NLT). ദൈവഭക്തി ആസ്വാദ്യകരമായ ഒരനുഭവമാക്കി തീര്‍ത്തത് യേശുക്രിസ്തുവാണ്.

എന്നാല്‍ ഇത്ര മഹത്തായ ദൈവഭക്തിക്ക് അന്ത്യകാലത്ത് സംഭവിക്കാവുന്ന അപചയത്തെക്കുറിച്ചും ദൈവവചനം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്: ”അന്ത്യകാലത്ത് ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക. മനുഷ്യര്‍ സ്വസ്‌നേഹികളും പണസ്‌നേഹികളും വമ്പു പറയുന്നവരും അഹങ്കാരികളും… ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും” (2 തിമൊ. 3:1-5). അന്ത്യകാലത്ത് ദൈവഭക്തിയുടെ ശക്തി നഷ്ടപ്പെടും. അതിന്റെ വേഷം മാത്രം നിലനില്‍ക്കും. ഇന്ന് ആ നിലയിലല്ലേ വിശ്വാസഗോളത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്?

ഭക്തിയുടെ ശക്തി എന്താണ്? അത് രണ്ടു ഘടകങ്ങളാണെന്നു നാം കണ്ടു- ദൈവഭയവും സ്‌നേഹവും. ഇവ രണ്ടും അന്ത്യകാലത്തു നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് ഭക്തിയുടെ വേഷം മാത്രം അവശേഷിക്കുന്നതെന്നു മുകളില്‍ പറഞ്ഞ വചന ഭാഗം വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഒരു ദൈവഭയത്തിന് ആവശ്യമുള്ളത് എന്താണ്? ദൈവത്തില്‍ മാത്രം ഏകാഗ്രമായ ഒരു ഹൃദയവും വിഭജിക്കപ്പെടാത്ത കൂറുമാണ് അതിന് ആവശ്യം (സങ്കീ. 86:11 അവസാനഭാഗം കാണുക). എന്നാല്‍ മുകളില്‍ പറഞ്ഞ ദൈവവചനം, ദൈവത്തില്‍ മാത്രം അര്‍പ്പിതമായ വിഭജിക്കപ്പെടാത്ത ഒരു ഹൃദയത്തിന് അന്ത്യകാലത്ത് സംഭവിച്ച മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദൈവത്തിനുമാത്രം നല്‍കിയിരുന്ന ആ ഹൃദയ സിംഹാസനം ഇപ്പോള്‍ സ്വയത്തിനു കൂടെ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നു. (സ്വയ സ്‌നേഹത്തിന്റെ തന്നെ വിവിധ തരത്തിലുള്ള പ്രകടനങ്ങളാണല്ലോ ആ പട്ടികയില്‍ താഴേക്ക് അക്കമിട്ട് നിരത്തിയിരിക്കുന്നവ ഓരോന്നും!). ചുരുക്കത്തില്‍ അന്ത്യകാലത്തു ഹൃദയം വിഭജിക്കപ്പെട്ടു പോയി. ഫലം ആരോഗ്യകരമായ ദൈവഭയം നഷ്ടമായി.

ദൈവഭക്തിയുടെ രണ്ടാമത്തെ ഘടകമായ സ്‌നേഹവും നഷ്ടമായി എന്നതിലേക്കു ആ വചനഭാഗത്തിലെ ‘ദൈവപ്രിയമില്ലാതെ’ എന്ന പ്രയോഗം വിരല്‍ ചൂണ്ടുന്നു. അന്ത്യകാലത്തു സ്‌നേഹം തണുത്തു പോകുമെന്നും (മത്തായി 24: 12) ആദ്യ സ്‌നേഹം നഷ്ടമാകുമെന്നും (വെളിപ്പാട് 2:4 ) മറ്റു ഭാഗങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടല്ലോ. ചുരുക്കത്തില്‍ ദൈവസ്‌നേഹത്തിന്റെ ആ ലാളിത്യവും നഷ്ടമായി. ഫലം ദൈവഭക്തി പഴങ്കഥയായി മാറി.

ദൈവഭക്തിയുടെ ശക്തി നഷ്ടമായി അതിന്റെ വേഷം മാത്രം അവശേഷിച്ചിരിക്കുന്ന ഒരു കാലം. ശക്തി നഷ്ടമായതറിയാതെ പിന്നേയും ഉറക്കം തുടരുന്ന ശിംശോനെപ്പോലെയാണ് (ന്യായാധി. 16:19,20) ഇന്നു വിശ്വാസഗോളത്തില്‍ ഭൂരിപക്ഷവും. എന്നാല്‍ അതിനിടയിലും ‘തൃപ്തിയോടു കൂടിയ ദൈവഭക്തി വലിയ ആദായം’ (1 തിമൊ. 6:6) എന്നു പൗലൊസിനെപ്പോലെ തിരിച്ചറിയുന്ന ഒരു ന്യൂനപക്ഷം ഉണ്ടായിരിക്കും. നാം ഇതില്‍ ഏതു പക്ഷത്ത്?

അധ്യായം 14 :
ഉപവാസം: യോഹന്നാന്‍ സ്‌നാപകനില്‍ നിന്ന് യേശുവിലേക്കുള്ള ദൂരം



‘യോഹന്നാന്റെ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തു വന്നു ചോദിച്ചു: ‘ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു. നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്ത്’? യേശു അവരോടു പറഞ്ഞത്: ‘മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കു ദുഃഖിപ്പാന്‍ കഴികയില്ല. മണവാളന്‍ പിരിഞ്ഞു പോകേണ്ടുന്ന നാള്‍ വരും. അന്ന് അവര്‍ ഉപവസിക്കും.’

യോഹന്നാന്റെ ശിഷ്യന്മാര്‍ പറഞ്ഞതിലെ ഒരു പദപ്രയോഗം ശ്രദ്ധിച്ചോ? ‘ഞങ്ങളും പരീശന്മാരും.’ ഉപവാസത്തോടുള്ള ബന്ധത്തില്‍ അന്നത്തെ മത, ആത്മീയലോകത്തെ അവലോകനം ചെയ്ത യോഹന്നാന്റെ ശിഷ്യന്മാര്‍ ഒരു കാര്യം കണ്ടെത്തി-തങ്ങളും പരീശന്മാരും ഒരേ ചേരിയിലാണ്. യേശുവും ശിഷ്യന്മാരും മറുചേരിയും.

സത്യത്തില്‍ യോഹന്നാന്റെ ശിഷ്യന്മാര്‍ പരീശന്മാരോടൊപ്പം ഒരേ കള്ളിക്കുള്ളില്‍ ആയിരിക്കേണ്ടവരാണോ? അല്ല.

പഴയ യഹൂദമതത്തെ നൂറുശതമാനവും പ്രതിനിധാനം ചെയ്തവരായിരുന്നു പരീശന്മാര്‍. വാസ്തവത്തില്‍ യോഹന്നാനും ആ യഹൂദമതത്തിലെ ഒരു പുരോഹിതന്റെ മകനും ഭാവിയില്‍ പുരോഹിതനാകേണ്ട ആളുമായിരുന്നു (ലൂക്കൊ. 1:5,13). എന്നാല്‍ യോഹന്നാന്‍ യഹൂദമതത്തിന്റെ ജീര്‍ണതയോടു കലഹിച്ചു പുതിയ ഒരു മുന്നേറ്റം ആരംഭിക്കുകയാണു ചെയ്തത്.

യോഹന്നാന്‍ ആരംഭിച്ച പുതിയ പ്രസ്ഥാനം നിലവിലിരുന്ന യഹൂദമതത്തില്‍ നിന്നും വേറിട്ട ഒന്നായിരുന്നു. കാരണം, യഹൂദമതത്തിന്റ എല്ലാ മതപരമായ പ്രവര്‍ത്തനങ്ങളും ‘വിശുദ്ധനഗരമായ’ യെരുശലേമിലെ ‘വിശുദ്ധദേവാലയ’ത്തെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ യോഹന്നാന്‍ തന്റെ ശുശ്രൂഷ വിശുദ്ധനഗരത്തിനു പുറത്ത് ആരംഭിച്ചത് ‘മരുഭൂമിയിലാണ്’ (ലൂക്കൊ. 3:2). അതുപോലെ യഹൂദമതത്തിലെ ഒരു പുരോഹിതസ്ഥാനി എന്ന നിലയില്‍ യോഹന്നാന്‍ ധരിക്കേണ്ടിയിരുന്നത് പഞ്ഞിനൂല്‍കൊണ്ടും മറ്റുമുള്ള പൗരോഹിത്യ വസ്ത്രമാണ് (ലേവ്യ 6:10, പുറപ്പാട് 28: 4,5, 40, 41). എന്നാല്‍ യോഹന്നാന്‍ ധരിച്ചത് ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പായിരുന്നു (മര്‍ക്കൊ. 1:6). ലേവ്യാനിയമം അനുസരിച്ച് അശുദ്ധമൃഗമെന്ന നിലയില്‍ യഹൂദനു തീര്‍ത്തും നിഷിദ്ധമായിരുന്നു ഒട്ടകം എന്നോര്‍ക്കുക (ലേവ്യ 11:4). അങ്ങനെയെങ്കില്‍ വസ്ത്രമായി ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പ്തന്നെ തിരഞ്ഞെടുത്തതിലൂടെ യോഹന്നാന്‍ നല്‍കുന്ന സൂചന വ്യക്തമല്ലേ? അതുപോലെ നേരിയ മാവ്, യാഗമൃഗത്തിന്റെ മാംസം തുടങ്ങിയവ അടങ്ങിയ ‘പുരോഹിതഭക്ഷണ’മാണ് (ലേവ്യ 6:16-18, 25,26; 7:31-34) യോഹന്നാന്റെ ആഹാരമായിരിക്കേണ്ടത്. മറിച്ച് അതുമായി ഒരു താരതമ്യവുമില്ലാത്ത ഭക്ഷണമാണു യോഹന്നാന്‍ കഴിച്ചിരുന്നത് (മര്‍ക്കൊസ് 1:6)-ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് യഹൂദമത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ പുതിയൊരു മുന്നേറ്റമാണു യോഹന്നാന്‍ ആരംഭിച്ചതെന്നല്ലേ?

യോഹന്നാന്‍ ആരംഭിച്ച പുതിയ പ്രസ്ഥാനം യേശുവിലേയ്ക്ക് ആളുകളെ നയിക്കാനുള്ളതായിരുന്നു (യോഹന്നാന്‍ 1:37). യേശു, മണവാളനും യോഹന്നാനും ശിഷ്യരും മണവാളന്റെ സ്‌നേഹിതരും എന്നതായിരുന്നു സങ്കല്‍പ്പം. യോഹന്നാന്‍ തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ (യോഹ. 3:29). മണവാളനില്ലാതെ മണവാളന്റെ സ്‌നേഹിതര്‍ക്ക് എന്താണ് പ്രസക്തി? ചുരുക്കത്തില്‍ യോഹന്നാന്റെ പ്രസ്ഥാനത്തിന്റെ കേന്ദ്രം യേശുവായിരിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്.

എന്നാല്‍ തുടക്കത്തില്‍ നമ്മള്‍ കണ്ടതുപോലെ (മത്തായി 9:14-15) യോഹന്നാന്റെ ശിഷ്യന്മാര്‍ക്ക് ഇപ്പോള്‍ യേശു എതിര്‍ചേരിയിലാണ്. കാരണം അവരുടെ പ്രസ്ഥാനവും ഒരു ‘മത’മായി മാറി. യേശുവിനെ കൂടാതെ ദൈവത്തിനായി ചിലതു ചെയ്യുന്നതാണു മതം. യോഹന്നാന്റെ മുന്നേറ്റത്തിന്റെ കാതല്‍ ആകേണ്ടിയിരുന്ന യേശുവുമായി ബന്ധമില്ലാതെയാണ് യോഹന്നാന്റെ ശിഷ്യന്മാര്‍ ഉപവസിക്കുന്നത്. പരീശന്മാര്‍ക്കും യേശുവുമായി ബന്ധമില്ല. പക്ഷേ ഉപവാസം അവര്‍ക്കുമുണ്ട്. അതുകൊണ്ട് യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഇപ്പോള്‍ ഒരേ ഭാഗത്താണ്. ഇതുകൊണ്ടാണ് അവര്‍ യേശുവിനോട് ചോദിക്കുന്നത് ‘ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു. നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതെന്ത്?’ എന്ന്.

യേശുവിന്റെ ശിഷ്യന്മാര്‍ ഉപവസിക്കുന്നില്ല. പക്ഷേ അവര്‍ക്ക് യേശുവുണ്ട്. പഴയ മതമായ പരീശന്മാരുടെ യഹൂദമതത്തിനും പുതിയ മതമായ യോഹന്നാന്റെ ശിഷ്യന്മാരുടെ പ്രസ്ഥാനത്തിനും ഉപവാസമെന്ന അനുഷ്ഠാനമുണ്ട്. പക്ഷേ ക്രിസ്തുവില്ല. യേശുവിന്റെ ശിഷ്യന്മാര്‍ക്ക് അനുഷ്ഠാനമില്ല. എന്നാല്‍ ക്രിസ്തുവിന്റെ സജീവസാന്നിധ്യം അവര്‍ക്കൊപ്പമുണ്ട്.

പുതിയനിയമ വിശ്വാസികളായ നാം ഇന്നു വിളിക്കപ്പെട്ടിരിക്കുന്നത് യോഹന്നാന്‍ സ്‌നാപകന്റെ ശിഷ്യരായിരിക്കാനല്ല, മറിച്ച് യേശുവിന്റെ ശിഷ്യരായിരിക്കാനാണ്. ഇതിന്റെ അര്‍ത്ഥം നമുക്ക് ഉപവാസം വേണ്ടന്നാണോ? അല്ല. താന്‍ അക്ഷരികമായി ഒപ്പമില്ലാത്ത സമയത്തു തന്റെ ശിഷ്യന്മാര്‍ ഉപവസിക്കും എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ (മത്തായി 9:15). ഉപവാസത്തിന്റെ ആവശ്യകതയിലേക്കും പ്രാധാന്യത്തിലേക്കും യേശു വിരല്‍ ചൂണ്ടിയിട്ടുമുണ്ട് (മത്തായി 17:21; 6:16). യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത ശേഷം ശിഷ്യന്മാര്‍ ഉപവാസം അനുഷ്ഠിച്ചതായും അപ്പൊസ്‌തോലന്മാരുടെ നടപടികളില്‍ വായിക്കാം (പ്രവൃ.13:2,3; 14:23). ചുരുക്കത്തില്‍ ഉപവാസം ആവശ്യം തന്നെ. എന്നാല്‍ നാം ഉപവസിക്കേണ്ടതും ക്രിസ്തുശിഷ്യരെപ്പോലെയാണ്, യോഹന്നാന്റെ ശിഷ്യന്മാരെപ്പോലെയല്ല. യഥാര്‍ഥ ക്രിസ്തുശിഷ്യര്‍ക്ക് ഉപവാസം അതില്‍ തന്നെ ഒരു അവസാനമല്ല (not an end) മറിച്ച് യേശുവിലേക്കുള്ള ഒരു വഴിയാണ് (but a means).

ഇന്നു വിശ്വാസഗോളത്തില്‍ ഉപവാസങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. അവയെ പലരും ‘മേള’കളും ‘ഉത്സവങ്ങളും’ ആക്കിമാറ്റിയിരിക്കുകയാണ് (‘മണവാളന്‍ കൂടെയില്ലെങ്കില്‍ തോഴ്മക്കാര്‍ക്കു ദുഃഖിക്കേണ്ടിവരും’ എന്നു ഭംഗ്യന്തരേണ പറഞ്ഞ യേശു ഉപവാസത്തില്‍ അനുതാപത്തിനും, കരച്ചിലിനുമാണ് ഊന്നല്‍ നല്‍കിയത്. പക്ഷേ നാം ഇന്ന് ഉപവാസത്തെ ‘ഉത്സവ’വും ‘ആഘോഷവു’മാക്കി മാറ്റിയപ്പോള്‍ യേശു നല്‍കിയ ഊന്നലിനെ അപ്പാടെ നിഷേധിക്കുകയല്ലേ ചെയ്യു ന്നത്?) യേശുവിന് കേന്ദ്രസ്ഥാനമില്ലാത്ത, മതപരമായ ഒരു അനുഷ്ഠാനം പോലെയാണ് ഈ ഉപവാസമേളകളെങ്കില്‍ അത് യോഹന്നാന്റെ ശിഷ്യരുടെ ഉപവാസം പോലെയാണെന്നു പറയേണ്ടി വരും.

‘ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു’ എന്നു യോഹന്നാന്റെ ശിഷ്യന്മാര്‍ പറയുന്നിടത്ത് ഒരു പ്രശംസയും പ്രദര്‍ശനമനോഭാവവും ഉണ്ട്. നോട്ടീസടിച്ചു പരസ്യം ചെയ്തു നടത്തുന്ന ഇന്നത്തെ ‘ഉപവാസമേള’കളിലും ഈ പ്രദര്‍ശനപരത വളരെ പ്രകടമാണ്. എന്നാല്‍ ഉപവസിക്കുന്നത് രഹസ്യത്തിലായിരിക്കണമെന്നാണ് യേശു നല്‍കിയ കല്‍പ്പന (മത്തായി 6:16-18). യേശുവിന്റെ കല്‍പ്പനയ്ക്കു തരിമ്പും പ്രാധാന്യം കല്‍പ്പിക്കാതെ ഇന്ന് ഉപവാസങ്ങളെ നാം പ്രശംസയും പ്രദര്‍ശനവുമാക്കി മാറ്റിയെങ്കില്‍ യോഹന്നാന്റെ ശിഷ്യന്മാരുടെ ഉപവാസങ്ങളുടെ ആത്മാവു തന്നെയാണ് ഇവയ്ക്കു പിന്നിലുള്ളതെന്നും വ്യക്തമല്ലേ?

ഇത് ഒരു തിരിച്ചുനടപ്പാണ്. മറ്റു പലതിലും എന്നപോലെ ഉപവാസത്തിന്റെ കാര്യത്തിലും യോഹന്നാന്‍ സ്‌നാപകനില്‍ നിന്ന് യേശുവിലേക്കുള്ള ദൂരം നടന്നു തീര്‍ക്കേണ്ട നാം ഇന്നു തിരിഞ്ഞു നടക്കുകയാണ്.

യേശുവിലേക്കൊരു മടക്കയാത്ര-അത് ഇനി എന്നാണ്?


അധ്യായം 15 :
സഭയുടെ പരമ പ്രാധാന്യം


”താങ്കളെ എനിക്കു വളരെ ഇഷ്ടമാണ്; എന്നാല്‍ താങ്കളുടെ ഭാര്യയെ ഞാന്‍ വെറുക്കുന്നു” എന്നൊരാള്‍ പറഞ്ഞാല്‍ തന്നെ നമുക്ക് ഒരസാധാരണത്വം തോന്നും. എന്നാല്‍ ഒരു പടികൂടി കടന്ന് ”താങ്കളെ ഞാന്‍ അംഗീകരിക്കുന്നു; എന്നാല്‍ താങ്കളുടെ ശരീരത്തെ ഞാന്‍ നിഷേധിക്കുന്നു” എന്നു പറഞ്ഞാലോ? അതെങ്ങനെ കഴിയും എന്നു നാം അമ്പരക്കും. എന്നാല്‍ ഇന്നു ക്രിസ്തീയഗോളത്തില്‍ പലരുടെയും നിലപാട് അതാണ്. ”യേശുവേ, അങ്ങയെ എനിക്കു വലിയ ഇഷ്ടമാണ്; എന്നാല്‍ അങ്ങയുടെ മണവാട്ടിയെ എനിക്ക് ഇഷ്ടമില്ല. അങ്ങയുടെ ശരീരത്തെ ഞാന്‍ അംഗീകരിക്കുന്നില്ല”- ഇതാണ് അവര്‍ പറയുന്നത്. യേശുവിന്റെ മണവാട്ടി, യേശുവിന്റെ ശരീരം, മറ്റാരുമല്ല- അതു സഭയാണ്. യേശുവിനെ സ്‌നേഹിക്കുകയും അതേസമയം ദൈവസഭയെ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതു തികച്ചും അസാധാരണവും അമ്പരപ്പിക്കുന്നതുമായ കാര്യമാണ്. എന്നാല്‍ എത്രപേര്‍ സഭയുടെ ഈ അതുല്യത കണ്ടിട്ടുണ്ട്?.

ബൈബിള്‍, പഴയ പുതിയ നിയമങ്ങള്‍, വായിക്കുമ്പോള്‍ നാം ചിലപ്പോള്‍ ചിന്തിക്കും- ദൈവം ആത്യന്തികമായി എന്തിന്റെ പിന്നാലെയാണ്?. ദൈവത്തിന് എന്താണ് ആവശ്യം?. നല്ല പ്രവര്‍ത്തനങ്ങളാണോ അവിടുന്ന് ആഗ്രഹിക്കുന്നത്?. സുവിശേഷീകരണ സംരഭങ്ങളാണോ അവിടുന്നു തേടുന്നത്? പാപത്തിന്റെ മേല്‍ ജയമുള്ള ആളുകളെയാണോ അവിടുത്തേക്ക് ആവശ്യം?. ഇതെല്ലാം നല്ലതു തന്നെ. എന്നാല്‍ ദൈവം ആത്യന്തികമായി ഉന്നം വയ്ക്കുന്നതു തന്റെ പുത്രന് ഒരു കാന്തയെയാണ്. ദൈവത്തിന്റെ പ്രാഥമിക ലക്ഷ്യം തന്റെ ശരീരമായ സഭയുടെ പണിയാണ്.

ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം സഭയ്ക്കു വേണ്ടിയാണ്. കര്‍ത്താവിന്റെ മരണം സഭയ്ക്കു വേണ്ടിയായിരുന്നു. (ക്രിസ്തു സഭയെ സ്‌നേഹിച്ചു തന്നെത്താന്‍ അവള്‍ക്കുവേണ്ടി ഏല്‍പ്പിച്ചുകൊടുത്തു- എഫെസ്യര്‍ 5:25-27). ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ച് എല്ലാ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും മേലെ ഇരുത്തിയത് സഭയ്ക്ക് തലയാകുവാന്‍ വേണ്ടിയാണ്. (അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ച് അവനെ… ഉയിര്‍പ്പിക്കുകയും സ്വര്‍ഗ്ഗത്തില്‍ തന്റെ വലത്തു ഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കര്‍തൃത്വത്തിനും… അത്യന്തം മീതെ ഇരുത്തുകയും… സര്‍വ്വത്തിനും മീതെ തലയാക്കി… ശരീരമായ സഭയ്ക്കു കൊടുക്കുകയും ചെയ്തിരിക്കുന്നു എഫെസ്യ. 1:20-23). അവിടുത്തെ പ്രവൃത്തി സഭയുടെ പണിയാണ് (ഞാന്‍ എന്റെ സഭയെ പണിയും-മത്തായി 16:18; ദൈവത്തിന്റെ നിവാസമാകേണ്ടതിന്… പണിതുവരുന്നു- എഫെ. 2:22). കഴിഞ്ഞ രണ്ടായിരം വര്‍ഷമായി പരിശുദ്ധാത്മാവു ചെയ്യുന്നതും സഭയുടെ പണി തന്നെ. ദൈവം അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരെ നിയമിച്ചിരിക്കുന്നതും സഭയ്ക്കുവേണ്ടി. (എഫെസ്യ 4:11; 1 കൊരി. 12:28)… നോക്കുക: എല്ലാം സഭയ്ക്കുവേണ്ടി.

എന്നാല്‍ ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ കേന്ദ്രീകൃതമായ ഊന്നല്‍ ഇന്ന് എത്രപേര്‍ കാണുന്നുണ്ട്?. വാച്ച്മാന്‍ നീയുടെ ഇതേപ്പറ്റിയുള്ള നിരീക്ഷണം ഇങ്ങനെ? ”ഇന്നു സാത്താന്‍ പലതരം പ്രവര്‍ത്തനങ്ങള്‍ ദൈവസഭയുടെ പണിക്കു പകരം വയ്ക്കുന്നു. ആദിമുതല്‍ അവസാനം വരെ ദൈവത്തിന്റെ ലക്ഷ്യം സഭയാണ്. എന്നാല്‍ ദൈവത്തിന്റെ ഈ പ്രവൃത്തിയെ തകിടം മറിക്കാനാണ് സാത്താന്‍ ശ്രമിക്കുന്നത്. ഇതു മൂലം ദൈവസഭയ്ക്കു പകരം പല പ്രവര്‍ത്തനങ്ങളെ പിന്‍തുടരുവാന്‍ ക്രിസ്ത്യാനികളെ അവന്‍ പ്രേരിപ്പിക്കുന്നു.”

സഭയ്ക്കു ക്രിസ്തുവുമായുള്ള ബന്ധം ശരീരം, മണവാട്ടി എന്നീ നിലയിലാണ്. സഭയുടെ ഈ ദ്വിമുഖമായ ബന്ധം വിശദീകരിക്കുന്ന വേദഭാഗമാണ് എഫേസ്യര്‍ 5:25-30. ഈ വചനം ശ്രദ്ധയോടെ ധ്യാനിച്ചാല്‍ അതു നമുക്കു ക്രിസ്തു, ശരീരം, മണവാട്ടി എന്നീ മൂന്നു ഘടകങ്ങള്‍ക്കുള്ള അന്യോന്യബന്ധം സംബന്ധിച്ചു പുതിയ വെളിച്ചം നല്‍കും.

”ഭര്‍ത്താന്മാരേ, ക്രിസ്തുവും സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിന്‍. അവന്‍ അവളെ വചനത്തോടു കൂടിയ ജലസ്‌നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്‌കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്‍നിറുത്തേണ്ടതിനും തന്നെത്താന്‍ അവള്‍ക്കുവേണ്ടി ഏല്‍പ്പിച്ചു കൊടുത്തു.

അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്‌നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രെ ചെയ്യുന്നത്” (എഫെസ്യ.5:25-29).

ഈ വേദഭാഗത്തെ മൊത്തത്തില്‍ രണ്ടായിത്തിരിക്കാം. ആദ്യത്തെ മൂന്നു വാക്യങ്ങള്‍ (‘ഭര്‍ത്താക്കന്മാരെ’ … എന്നു തുടങ്ങി ‘ഏല്‍പ്പിച്ചു കൊടുത്തു’ എന്നതു വരെയുള്ള ഭാഗം) സഭയെ ഒരു മണവാട്ടിയായി ചിത്രീകരിക്കുന്നു. അടുത്ത രണ്ടു വാക്യങ്ങള്‍ (‘അവ്വണ്ണം ഭര്‍ത്താക്കന്മാരും’… എന്നു തുടങ്ങി ‘പോറ്റി പുലര്‍ത്തുകയത്രെ ചെയ്യുന്നത്’ എന്നു വരെയുള്ള ഭാഗം) സഭയെ ഒരു ശരീരം എന്ന നിലയില്‍ പരാമാര്‍ശിക്കുന്നു. ഇതില്‍ ശരീരമായി ചിത്രീകരിക്കുന്ന ഭാഗത്തു ക്രിസ്തു ചെയ്യുന്ന ‘പോറ്റുന്നു’ ‘പുലര്‍ത്തുന്നു’ തുടങ്ങിയ ക്രിയകള്‍ക്കു വര്‍ത്തമാനകാല രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ മണവാട്ടിയായി പരാമാര്‍ശിക്കുന്ന ഭാഗത്ത് ‘തനിക്കു തന്നെ തേജസ്സോടെ മുന്‍നിറുത്തേണ്ടതിന്’ എന്നു പറയുമ്പോള്‍ അതു ഭാവികാലമാണ്. ചുരുക്കത്തില്‍ സഭ ഇന്നു ക്രിസ്തുവിന്റെ ശരീരമാണ്; നാളെ മണവാട്ടിയായി തീരുകയും ചെയ്യും. ഇന്നു ശരീരമായി തീരുന്നതാണു നാളെ മണവാട്ടിയായി മാറുന്നത്. വര്‍ത്തമാനകാലത്തെ സഭയുടെ പ്രസക്തിയിലേക്കാണ് ഇതുവിരല്‍ ചൂണ്ടുന്നത്.

ഒരിക്കല്‍ ശരീരത്തിന്റെ ഭാഗമായതു പിന്നീടു മണവാട്ടിയാകുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം ബൈബിളില്‍ കാണുന്നതു ഹവ്വയാണ്. ഹവ്വ ഒരിക്കല്‍ ആദമിന്റെ ശരീരമായിരുന്നു. ആദമിന്റെ ശരീരത്തില്‍ നിന്നു വാരിയെല്ലെടുത്തു പിന്നീടു ഹവ്വയെ സൃഷ്ടിക്കുകയായിരുന്നു. ഇങ്ങനെ സൃഷ്ടിച്ചതിനു ശേഷം ഹവ്വയെ ദൈവം വീണ്ടും ആദമിനു തന്നെ ഭാര്യയായി നല്‍കുന്നു. അപ്പോള്‍ ആദം, ‘ഇവള്‍ എന്റെ അസ്ഥിയില്‍ നിന്ന് അസ്ഥിയും എന്റെ മാംസത്തില്‍ നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്ന് എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പേരാകും’ എന്നു പ്രസ്താവിച്ചുകൊണ്ട് അവളെ തന്റെ ഭാര്യയായി സ്വീകരിക്കുന്നു (ഉല്‍പ. 2:23). ആദം നേരത്തെ തന്റെ മുന്‍പിലൂടെ പോയ ജീവജന്തുക്കളെയും കാട്ടു മൃഗങ്ങളെയും ഒന്നും ഭാര്യയായി സ്വീകരിക്കാഞ്ഞതെന്തുകൊണ്ടാണ്? കാരണം അവയൊന്നും അവന്റെ ശരീരത്തിന്റെ ഭാഗമായിരുന്നില്ല. ഒരിക്കല്‍ തന്റെ ശരീരമായിരുന്നതിനെ മാത്രമേ ആദമിനു ഭാര്യയായി സ്വീകരിക്കാന്‍ കഴിഞ്ഞുള്ളു. ക്രിസ്തു ആദമിന്റെയും സഭ ഹവ്വയുടെയും പൊരുളാണെങ്കില്‍ ക്രിസ്തുവിനെ സംബന്ധിച്ചും ഇത് അങ്ങനെ തന്നെയാണ്. തന്റെ ശരീരത്തിന്റെ ഭാഗമായതിനെ മാത്രമേ അവിടുത്തേക്കു കാന്തയായി എടുപ്പാന്‍ കഴിയുകയുള്ളു. കര്‍ത്താവിന്റെ ശരീരമാകുന്ന സഭ എത്ര പ്രധാനമാണെന്നതിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

ഈ സഭയെ സ്‌നേഹിക്കണമെന്നാണു ദൈവം നമ്മോടു ആവശ്യ പ്പെടുന്നത്. ‘നിങ്ങളുടെ ആത്മീയ കുടുംബത്തെ സ്‌നേഹിപ്പിന്‍’ (1 പ ത്രൊസ് 2:17 മെസേജ് ബൈബിള്‍). നിര്‍ഭാഗ്യവശാല്‍ സഭയെ സ്‌നേഹിക്കുന്നവരെക്കാള്‍ സഭയെ ഉപയോഗിക്കുന്നവരാണ് ഇന്നേറെ.സഭയെ സ്‌നേഹിച്ചാണു ക്രിസ്തു തന്റെ ജീവനെ നല്‍കിയതെന്ന് ഓര്‍ക്കുക. സഭ, ക്രിസ്തുവിന് വളരെ വിലപ്പെട്ടതാണ്. നമുക്കോ?

അധ്യായം 16 :
യേശുവെപ്പോലെ ആകുന്ന വഴിയില്‍…


യേശു ഒരു വേദശാസ്ത്രവുമായല്ല ഈ ഭൂമിയിലേക്കു വന്നത്. വേദശാസ്ത്രങ്ങള്‍ക്കെല്ലാം അപ്പുറത്താണ് യേശു. അതുകൊണ്ടുതന്നെ ‘യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുക’ എന്നോ ‘യേശുവിനെപ്പോലെ ആകുക’ എന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ലളിതമായ സുവിശേഷങ്ങള്‍ വീണ്ടും വായിക്കാന്‍ ആരംഭിക്കുന്നു.

സുവിശേഷങ്ങളിലെ യേശു എനിക്കു നിത്യവിസ്മയമാണ്. സ്വര്‍ഗീയപിതാവിനോടുള്ള സ്ഫുടം ചെയ്‌തെടുത്ത നിര്‍മലമായ ഭക്തി ഒരു വശത്ത്. മറുവശത്ത് ‘ചുങ്കക്കാരുടേയും പാപികളുടേയും സ്‌നേഹിതന്‍’ എന്ന് അടയാളപ്പെടുത്തിയ തന്റെ മനുഷ്യരോടുള്ള സുതാര്യമായ ബന്ധം. പാപത്തോട് ഒരു ഒത്തുതീര്‍പ്പുമില്ലാതെ തന്നെ, പാപികളായ മനുഷ്യരെ പാപികള്‍ എന്നു മുദ്രകുത്താതെ മനുഷ്യരായി കണ്ട് അവരുടെ തനിമയില്‍ അവരെ സ്‌നേഹിക്കുക-ഈ കയ്യടക്കം ‘നസറെത്തിലെ തച്ചന്റെ’ മാത്രം പ്രത്യേകതയാണ്.

സഹജീവികളോടുള്ള യേശുവിന്റെ അലിവ്, നമ്മുടെ ജീവിതത്തില്‍ വിവര്‍ത്തനം ചെയ്‌തെടുത്ത് സമകാലിക സമൂഹത്തിലെ പല പ്രശ്‌നങ്ങളോട് അതിന്റെ വെളിച്ചത്തില്‍ പ്രതികരിക്കാന്‍ തുടങ്ങുമ്പോഴാണ് യേശുവിന്റെ കാഴ്ചപ്പാടിന്റെ ആഴവും പരപ്പും നമുക്കു തന്നെ ചെറിയ ഒരളവിലെങ്കിലും ബോധ്യമാകുക. സുവിശേഷങ്ങളില്‍ വിവരിക്കുന്ന വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോടും അവളെ കല്ലെറിയാന്‍ കൊണ്ടുവന്ന പരീശന്മാരോടും ശാസ്ത്രിമാരോടുമുള്ള യേശുവിന്റെ പെരുമാറ്റം ശ്രദ്ധിക്കുക:

യേശു പ്രകടമായും പാപിനിയായ സ്ത്രീയുടെ പക്ഷത്തായിരുന്നു; അല്ലാതെ സദാചാരത്തിന്റെ വക്താക്കളുടെ ഭാഗത്തായിരുന്നില്ല. പ്രശ്‌നത്തിന് ആനുപാതികമായല്ലാതെ സദാചാരത്തിനുവേണ്ടി ഒരാള്‍ ഒച്ചവച്ചാല്‍ അതു കാണിക്കുന്നത് അവന് ഉള്ളില്‍ ആ പാപത്തോട് ആഗ്രഹമുണ്ടെന്നും അതു മറച്ചുവയ്ക്കാന്‍ അവന്‍ നടത്തുന്ന ദുര്‍ബലമായ ശ്രമമാണ് ആ സദാചാരപ്രസംഗമെന്നുമാണ്. വ്യഭിചാരകര്‍മ്മത്തില്‍ തന്നെ ഒരു സ്ത്രീയെ പിടിച്ച് മോശെയുടെ ന്യായപ്രമാണത്തിന്റെ മറവില്‍ കല്ലെറിയാന്‍ അവളെ വലിച്ചിഴച്ച് കൊണ്ടുവന്ന ആ പരീശന്മാരും ശാസ്ത്രിമാരും സത്യത്തില്‍ ഹൃദയത്തിലുള്ള തങ്ങളുടെ വ്യഭിചാരാസക്തി മറച്ചുവയ്ക്കാന്‍ നടത്തിയ ശ്രമമായി യേശു അതിനെ തിരിച്ചറിഞ്ഞു. തങ്ങളുടെ കണ്ണിലെ തടിയെ മറന്ന് അപരന്റെ കണ്ണിലെ പൊടിയെക്കുറിച്ച് ഒച്ചവച്ച ആ പരീശന്മാരും ശാസ്ത്രിമാരുമായിരുന്നു യേശുവിന്റെ ദൃഷ്ടിയില്‍ വലിയ പാപികള്‍. അത് അങ്ങനെയായിരുന്നു താനും. അതുകൊണ്ടാണല്ലോ ‘നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ’ എന്ന് യേശു പറഞ്ഞപ്പോള്‍ സത്യത്തിന്റെ പ്രകാശത്തിനു മുമ്പില്‍ കണ്ണുമഞ്ഞളിച്ച് അവര്‍ ഓരോരുത്തരായി സ്ഥലം വിട്ടത്! മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി പിരിഞ്ഞുപോയവരെക്കുറിച്ചു പറയുമ്പോള്‍ ‘മൂത്തവരെ’യാണു യോഹന്നാന്‍ ആദ്യം പരാമര്‍ശിക്കുന്നത് (യോഹന്നാന്‍ 8:9). എന്താണതിന്റെ അര്‍ത്ഥം?. പ്രായമാകുന്നതിനനുസരിച്ച് അവരിലെ അശുദ്ധിയും വളര്‍ന്നു വരികയായിരുന്നുവെന്നാണോ?

നമ്മുടെ കാലഘട്ടത്തില്‍ സ്ത്രീപീഡനകഥകള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടാറുണ്ട്. അതിന്റെ വാര്‍ത്തകള്‍ വായിക്കുകയും ടി.വി.കളില്‍ അതു കാണുകയും ചെയ്യുന്നവരുടെ മനോഭാവമെന്താണ്? പീഡനത്തില്‍ ഇരയായ പാവം പെണ്‍കുട്ടിയോടുള്ള കാരുണ്യം മൂലമാണോ പലരും അതു വായിക്കുന്നത്? അതോ അവരുടെ ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്ന പാപാസക്തിയുടെ തൃപ്തിക്കുവേണ്ടിയുള്ള അന്വേഷണമാണോ അത്? പീഡനകഥകളിലെ ഇരയോടുള്ള സഹതാപം പോലും കറകളഞ്ഞ മനോഭാവത്തില്‍ നിന്നു വരുന്നതാണോ? ഇരയോടൊത്തു സഹതപിക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്നവരല്ലേ ഹൃദയത്തില്‍ പലരും? പാപിനിയായ സ്ത്രീയെ വെറുതെ വിടുകയും ‘സദാചാരപോലീസ്’ ചമഞ്ഞ പരീശന്മാരെ ‘കുറ്റംവിധി’ക്കുകയും ചെയ്ത യേശുവാണ് നമ്മുടെ മാതൃകയെങ്കില്‍ ഇവിടെയെല്ലാം നമ്മുടെ മനോഭാവം എന്തായിരിക്കണം?.

‘യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു’ (8:6) എന്ന വചനത്തിലെ ‘എഴുതിക്കൊണ്ടിരുന്നു’ എന്നതിന്റെ ഗ്രീക്ക് മൂലപദം കറ്റാഗ്രാഫിന്‍ (Katagraphein) എന്നാണത്രെ. ഇതിന്റെ അര്‍ത്ഥം ‘എതിരായി രേഖപ്പെടുത്തുക’ എന്നും. അപ്പോള്‍ യേശു എഴുതിക്കൊണ്ടിരുന്നത് ശാസ്ത്രിമാര്‍ക്കും പരീശന്മാര്‍ക്കും എതിരെയായിരുന്നു. നോക്കുക; അവര്‍, പാപിനിയായ സ്ത്രീക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ ഹൃദയരഹസ്യങ്ങളെ കാണുന്ന യേശു അവരുടെ പാപങ്ങളെ സ്വന്തം വിരല്‍കൊണ്ടു പരസ്യമായി കോറിയിടുകയായിരുന്നു! ഇന്നും ഒരു വിരല്‍ നാം മറ്റുള്ളവര്‍ക്കെതിരേ ചൂണ്ടുമ്പോള്‍ നമ്മുടെനെഞ്ചിനു നേരേ തിരിഞ്ഞിരിക്കുന്നതു നമ്മുടെ തന്നെ മൂന്നു വിരലുകളാണ്.

സത്യത്തില്‍ ഒരാള്‍ക്കു മാത്രമേ പാപിനിയായ ആ സ്ത്രീക്കു നേരേ വിരല്‍ ചൂണ്ടാന്‍ യോഗ്യതയുണ്ടായിരുന്നുള്ളൂ-പാപമില്ലാത്തവന്, യേശുവിന്. എന്നാല്‍ അവിടുന്ന് അവളെ വെറുതെ വിട്ടു: ”ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല. പോക ഇനി പാപം ചെയ്യരുത്.” ഇവിടെയും യേശുവിന്റെ മനോഭാവം ശ്രദ്ധിച്ചോ? അവളുടെ ‘പാപം’ എന്തെന്നു പച്ചയായി പറഞ്ഞ് അവളെ അപമാനിക്കാതിരിക്കാനുള്ള യേശുവിന്റെ കരുതല്‍. പരീശന്മാര്‍ ‘വ്യഭിചാരം’ എന്ന് ആര്‍ത്തുവിളിച്ചു പറഞ്ഞതിനു മുകളില്‍ യേശു ആര്‍ദ്രമായ മൗനം പാലിച്ചു!

ഇതെല്ലാം സംഭവിച്ചത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് ഓര്‍ക്കണം. അന്ന് യെഹൂദന്‍ ഒരു ദിവസം ആരംഭിക്കുന്നത്, വിജാതീയനോ അടിമയോ സ്ത്രീയോ ആയി തന്നെ സൃഷ്ടിക്കാഞ്ഞതിനു ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടായിരുന്നു! ആ കാലഘട്ടത്തില്‍ യേശു സ്ത്രീയോടൊരു വിവേചനവും കാണിക്കാതെ തന്നോടൊപ്പം കൊണ്ടു നടക്കുകയും ശുശ്രൂഷകളില്‍ സഹകരിപ്പിക്കുകയും ചെയ്തു. സ്ത്രീയുടെ മാന്യതയോ അന്തസ്സോ ഒരു നോട്ടം കൊണ്ടു പോലും അപഹരിക്കുന്നതു പാപമാണെന്നും അവിടുന്നു പ്രഖ്യാപിച്ചു (മത്തായി 5:28). സ്ത്രീകളോടുള്ള വെറുപ്പില്‍ നിന്നോ അവളോടുള്ള പരിഹാസ ത്തില്‍ നിന്നോ ഉടലെടുത്ത ഒരു പ്രവൃത്തിയോ പ്രസംഗമോ ഉപമയോ യേശുവിന്റെ പരസ്യ ശുശ്രൂഷയില്‍ എങ്ങും നാം കാണുന്നില്ല. സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ പുരുഷസഹജമായ രീതിയില്‍ യേശു ഒരു നേരമ്പോക്കുപോലും പറഞ്ഞിട്ടില്ലെന്നും ഓര്‍ക്കുക. വെറുതെയല്ല പുല്‍ക്കൂടു മുതല്‍ ക്രൂശിന്റെ ചുവടുവരെ യേശുവിനോടൊപ്പം സ്ത്രീകളുടെ സാന്നിധ്യം നാം കാണുന്നത്.

കുഞ്ഞുങ്ങളോടുള്ള പെരുമാറ്റമോ? ഒരു വീട്ടില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ മാത്രമുള്ള ഇന്നാണ് അവര്‍ കുടുംബങ്ങളിലെ പ്രധാനപ്പെട്ട ആളുകളായി മാറിയത്. പത്തോ നാല്പതോ കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ പോലും ഇതായിരുന്നില്ല സ്ഥിതിയെന്ന് ഇന്നത്തെ മുതിര്‍ന്ന തലമുറ അവരുടെ ബാല്യകാലം ഓര്‍ത്തു സാക്ഷ്യപ്പെടുത്തും. അപ്പോഴിതാ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് യേശു പറയുന്നു: ‘കുഞ്ഞുങ്ങളെ തടയരുത്’ ‘ഈ കുഞ്ഞുങ്ങളില്‍ ഒന്നിനെപ്പോലും നിന്ദിക്കരുത്. കാരണം അവരുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ എന്റെ പിതാവിന്റെ മുഖം കാണുന്നു.’ ‘നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെ പോലെയാകണം.’

നോക്കുക: നിലവിലിരുന്ന സാഹചര്യങ്ങളുടെ പരിമിതികളെ മറികടന്ന് യേശു എല്ലാത്തരം ആളുകളെയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും അവരെ അവരുടെ തനിമയില്‍ കാണുകയും ചെയ്തു. ‘യേശുവെപ്പോലെയാകു’ന്ന വഴിത്താരയില്‍ ഇനിയും എത്രയോ കാതം മുന്നോട്ടു പോകാനുണ്ടെന്ന തിരിച്ചറിവാണ് ഓരോ വട്ടവും സുവിശേഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ എനിക്കു ലഭിക്കുന്നത്.

അധ്യായം 17 :
സത്യകൃപയും വ്യാജകൃപയും


”നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള്‍ ഈ നില്‍ക്കുന്നത് ദൈവത്തിന്റെ സത്യകൃപയില്‍ ആകുന്നു എന്നു സാക്ഷീകരിച്ചും കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക്… എഴുതിയിരിക്കുന്നു” (1 പത്രൊസ് 5:12).
വിലപിടിപ്പുള്ളതിനെല്ലാം വ്യാജ അനുകരണങ്ങള്‍ ഉണ്ടാകാറുണ്ട്. ആത്മികകാര്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും ഇവയ്‌ക്കെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ ഏറ്റവും വലിയത് സ്‌നേഹമാണല്ലോ. അതുകൊണ്ട് അതിനു വ്യാജ അനുകരണം ഉണ്ടാകാം. ഈ അപകടസാധ്യത കണ്ടുകൊണ്ട് പൗലൊസ് പറയുന്നു: ‘സ്‌നേഹം നിര്‍വ്യാജം ആയിരിക്കട്ടെ’ (റോമര്‍ 12:9). അര്‍ഥം: യഥാര്‍ഥ സ്‌നേഹവും വ്യാജസ്‌നേഹവും ഉണ്ട്.

സ്‌നേഹംപോലെ തന്നെ കൃപയും വിലപിടിപ്പുള്ള ഒന്നാണ്. കാരണം, അത് യേശു മുഖാന്തരമാണ് വന്നത് (യോഹ 1:17). ‘സകല മനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചു”എന്നതില്‍ സന്തോഷിക്കുന്ന തീത്തൊസ് തുടര്‍ന്ന് അത് എത്ര പ്രാധാനമാണെന്നു വരച്ചു കാട്ടുന്നത് ശ്രദ്ധിക്കുക (തീത്തൊ. 2:11-13).

ഈ കൃപയ്ക്ക് ഒന്നാം നൂറ്റാണ്ടില്‍ തന്നെ വ്യാജ അനുകരണം ഉണ്ടായതുകൊണ്ടാണല്ലോ പത്രൊസിന് യഥാര്‍ത്ഥകൃപയ്ക്ക് ‘സത്യകൃപ’ എന്ന് പ്രത്യേക പേര് നല്‍കേണ്ടിവന്നത് (1 പത്രൊസ് 5:12). ആ കാലഘട്ടത്തില്‍ വിശ്വാസഗോളത്തില്‍ യഥാര്‍ത്ഥ കൃപയുടെ വ്യാജ അനുകരണമായ വിലകുറഞ്ഞ കൃപ(Cheap grace)യുടെ തള്ളിക്കയറ്റം വ്യാപകമായപ്പോള്‍ പൊതുവിലുള്ള രക്ഷയെക്കുറിച്ച് വിശദമായ ലേഖനം എഴുതാന്‍ എല്ലാ കരുക്കളും ശേഖരിച്ചുകഴിഞ്ഞ ശേഷവും അതു മാറ്റിവച്ച് യൂദായ്ക്ക് ദൈവത്തിന്റെ കൃപയെ ദുഷ്‌കാമവൃത്തിക്ക് ഹേതുവാകുന്ന ട്രെന്റിനെതിരെ ശക്തമായ മറ്റൊരു ലേഖനം എഴുതേണ്ടിവന്നു (യൂദ 3,4). ഒന്നാം നൂറ്റാണ്ടില്‍ തന്നെ വിശ്വാസ ലോകത്ത് വ്യാജകൃപ അരങ്ങു തകര്‍ത്തുവാണിരുന്നെങ്കില്‍ ഇരുപതു നൂറ്റാണ്ടു പിന്നിട്ട് വിശ്വാസത്യാഗത്തിന്റെ കാലഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഇന്ന് അതിന്റെ സ്വാധീനം എത്ര വലുതായിരിക്കും!

ഈ കാലഘട്ടത്തെ തിരിച്ചറിഞ്ഞ് ഇന്ന് നാം ചെയ്യേണ്ടതെന്താണ്? എബ്രായലേഖനകാരന്‍ പറയുന്നു: ‘കൃപയാല്‍ത്തന്നെ ഹൃദയം ഉറപ്പിക്കുന്നത് നല്ലത്’ (13:9). യഥാര്‍ത്ഥ സത്യകൃപയാല്‍ ഹൃദയം ഉറപ്പിക്കണമെങ്കില്‍ വിലകുറഞ്ഞ വ്യാജകൃപയുടെ പ്രത്യേകതകളെപ്പറ്റി നമുക്ക് ബോധ്യമുണ്ടായിരിക്കണം.

അവ എന്തെല്ലാമാണ്? വിലകുറഞ്ഞ കൃപ, യേശുവിന്റെ രക്തത്തെ വിലയേറിയതായി കാണുന്നില്ല. ‘അനുഗ്രഹം’ എന്നതാണ് വ്യാജകൃപയുടെ പ്രിയപ്പെട്ട വാക്ക്. ‘അനുസരണം’ തങ്ങള്‍ക്കുള്ളതല്ലെന്ന് അതു കരുതുന്നു. പഴയ ഉടമ്പടിയില്‍ ‘അനുസരണം’, പുതിയ ഉടമ്പടിയില്‍ ‘അനുഗ്രഹം’-ഇതാണ് വ്യാജകൃപയുടെ ‘മുദ്രാവാക്യം.’ വാസ്തവത്തില്‍ അങ്ങനെയാണോ? അല്ല. പുതിയ ഉടമ്പടിയിലും ‘അനുസരണം’ അത്യന്താപേക്ഷിതമാണ്. ‘നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും’ ‘എന്റെ കല്‍പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്‌നേഹിക്കുന്നവന്‍ ആകുന്നു’ (യോഹ. 14:15,21). അവനെ അറിഞ്ഞിരിക്കുന്നുവെന്നു പറകയും അവന്റെ കല്‍പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. (1 യോഹ.2:4). അവന്റെ കല്‍പനകളെ പ്രമാണിക്കുന്നതല്ലോ ദൈവ ത്തോടുള്ള സ്‌നേഹം (1യോഹ. 5:3) തുടങ്ങിയ വചനങ്ങളെല്ലാം ഈ സത്യത്തിന് അടിവരയിടുന്നു. എന്നാല്‍ പുതിയ ഉടമ്പടിയില്‍ അനുസരണം പ്രധാനമല്ല; ദൈവം എല്ലാം ക്ഷമിച്ച് അനുഗ്രഹിച്ചു കൊള്ളും എന്ന് വ്യാജകൃപ പ്രഖ്യാപിക്കുമ്പോള്‍ യേശുവിന്റെ രക്തത്തെ വിലപ്പെട്ടതായി അതു കാണുന്നില്ലെന്നു വ്യക്തം.


എന്നാല്‍ യഥാര്‍ത്ഥകൃപ-പത്രൊസിന്റെ ഭാഷയില്‍ സത്യകൃപ -പുതിയ ഉടമ്പടിയില്‍ അനുസരണത്തിനുള്ള പ്രാധാന്യത്തെ കുറച്ചുകാണുന്നില്ല. ഈ അനുസരണമാകട്ടെ സ്വന്തശക്തിയില്‍ ഊന്നിയുള്ള ഒരു അനുസരണമല്ല. ഇക്കാര്യം സത്യകൃപയെക്കുറിച്ച് പത്രൊസ് പരാമര്‍ശിക്കുന്നതിനു തൊട്ടുമുകളില്‍ താഴ്മയെക്കുറിച്ചു പറയുന്ന വേദഭാഗങ്ങളില്‍ നിന്നു വ്യക്തമാണ് (1 പത്രൊ.5:5-12). താഴ്മയുള്ളവര്‍ക്കാണ് ദൈവം കൃപ നല്‍കുന്നത് (1 പത്രൊ. 5:5). കല്‍പന അനുസരിക്കാനുള്ള ശ്രമത്തിലാണ് അതിനു സ്വാഭാവികമായി നാം അശക്തരാണെന്നും നമ്മില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പ്രമാണമുണ്ടെന്നും കണ്ടെത്തുന്നത്. റോമര്‍ 7-ാം അധ്യായത്തില്‍ പൗലൊസ് ഇത് ഇങ്ങനെയാണ് വിവരിക്കുന്നത്: ‘എന്നില്‍ എന്നുവച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്ന് ഞാന്‍ അറിയുന്നു. നന്മ ചെയ്യുവാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‌വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ. ഇച്ഛിക്കാത്ത തിന്മയത്രെ പ്രവര്‍ത്തിക്കുന്നത്. …ഉള്ളംകൊണ്ട് ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു’ (18-23).

സ്വാഭാവികമായി, സ്വന്തപ്രയത്‌നംകൊണ്ട്, കല്‍പന അനുസരിക്കാന്‍ കഴിയില്ലെന്നുള്ള കണ്ടെത്തല്‍ നമ്മെ വലിയ താഴ്മയിലേക്കും ‘അയ്യോ ഞാന്‍ അരിഷ്ടമനുഷ്യന്‍ ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആര്‍ വിടുവിക്കും?’ എന്ന നിലവിളിയിലേക്കും നടത്തും (7:24). ഈ താഴ്മ കാണുമ്പോള്‍ ദൈവം ഉടനെ അവിടെ കൃപ പകരും. ഫലം ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിനു സ്‌തോത്രം ചെയ്യും’ (7:25). ‘അയ്യോ’ എന്ന നിലവിളി, എത്ര വേഗം വിജയത്തിന്റെ സ്‌തോത്രഗീതത്തിനു വഴിമാറി!

ചുരുക്കത്തില്‍ ‘അനുസരണം’ എന്നതാണ് പുതിയ ഉടമ്പടിയിലെ ഒരു സുപ്രധാന വാക്കെന്ന് സത്യകൃപ തിരിച്ചറിയുന്നു. അനുസരണത്തിന്റെ വഴിയില്‍ അതു തന്നിലുള്ള ബലഹീനത കണ്ടെത്തുന്നു. ആ ബലഹീനതയുടെ കണ്ടെത്തല്‍, ദൈവത്തിലേക്ക് നോക്കി നിലവിളിക്കുന്ന താഴ്മയിലേക്ക് നടത്തുന്നു. ‘താഴ്മ ഉള്ളിടത്ത് കൃപ പകരും’ എന്ന ദൈവിക പ്രമാണപ്രകാരം ഉടനെ ദൈവം, കൃപയുടെ കവിഞ്ഞൊഴുക്ക് അവിടേക്ക് നല്‍കുന്നു-ഇങ്ങനെയാണ് സത്യകൃപ ഒരുവനില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതേ സമയം വിലകുറഞ്ഞ വ്യാജകൃപയോ? അത് അനുസരണത്തെ ഗൗരവമായി എടുക്കുന്നില്ല. അനുസരണം പഴയ ഉടമ്പടിയിലാണ് പ്രസക്തമെന്നും ഇന്ന് ഏതു പാപവും സ്വാഭാവികമായി ക്ഷമിക്കപ്പെടുമെന്നും അത് കരുതുന്നു. അതുകൊണ്ടുതന്നെ വ്യാജകൃപ കല്‍പന അനുസരിക്കാനുള്ള തന്റെ കഴിവില്ലായ്മ കണ്ടെത്തുന്നില്ല. തന്റെ അവയവങ്ങളിലുള്ള ‘വേറൊരു പ്രമാണ’ത്തെ അത് തിരിച്ചറിയുന്നില്ല. ഫലം അത് ഒരു നിലവിളിയിലേക്കും താഴ്മയിലേക്കും നയിക്കപ്പെടുന്നില്ല. താഴ്മയുള്ളിടത്ത് ലഭ്യമാകുന്ന കൃപയും വിജയവും അതിന് അന്യമാവുകയും ചെയ്യുന്നു. ഈ വ്യാജകൃപ ഒരുവനെ താഴ്മയിലേക്ക് നടത്തുന്നില്ലെന്നു മാത്രമല്ല മറുവശത്ത് അവനെ നിഗളിയാക്കുകയും ചെയ്യുന്നു. ‘ദൈവം നിഗളികളോട് എതിര്‍ത്ത് നില്‍ക്കുന്നു’ എന്നതിനാല്‍ (1 പത്രൊ.5:5) ഫലത്തില്‍ വ്യജകൃപ ഒരുവനെ ദൈവത്തിന്റെ എതിര്‍ചേരിയില്‍ കൊണ്ടുചെന്ന് നിര്‍ത്തുകയാണ് ചെയ്യുന്നത്! -വ്യാജകൃപയുടെ പ്രവര്‍ത്തനവിധം ഈ നിലയിലാണ്.

നാം ഇതില്‍ ഏത് കൃപയാണ് കൈയാളുന്നത്? ഒന്നാം നൂറ്റാണ്ടില്‍ താന്‍ ആര്‍ക്ക് ലേഖനം എഴുതിയോ അവര്‍ സത്യകൃപയിലാണ് നില്‍ക്കുന്നതെന്ന് പത്രൊസിന് ഉറപ്പുണ്ടായിരുന്നു. നമ്മെക്കുറിച്ച് ഈ സാക്ഷ്യം ഉണ്ടോ? ഇന്ന് നാം സത്യകൃപയില്‍ നില്‍ക്കാന്‍ മനസ്സുവച്ചാല്‍ ‘സര്‍വ്വകൃപാലുവായ ദൈവംതന്നെ അവിടെ നമ്മെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ച് ശക്തീകരിക്കും’ (1 പത്രൊ. 5:10). ഈ ഉറപ്പ് സത്യകൃപയുടെ വക്താക്കളായി ഈ കാലഘട്ടത്തില്‍ ഒത്തുതീര്‍പ്പില്ലാതെ നില്‍ക്കാന്‍ നമുക്ക് പ്രചോദനമാകട്ടെ!.


അധ്യായം 18 :
ദാസന്‍: വിലയേറിയവനോ, വിശ്വസ്തനോ?


താഴ്മയ്ക്ക് ഒരു പ്രത്യേകതയുണ്ട്. താന്‍ താഴ്മയുള്ള ആളാണെന്ന് ഒരുവന്‍ കരുതിയാല്‍, തന്റെ വിനയത്തില്‍ ഒരുവന്‍ പ്രശംസിച്ചാല്‍, ആ നിമിഷം അവന്‍ താഴ്മയുടെ നേരേ എതിര്‍ധ്രുവത്തില്‍ ചെന്നെത്തുകയായി. ദൈവദൃഷ്ടിയില്‍ അവന്‍ നിഗളിയായിപ്പോയി. ‘താഴ്മ’യെച്ചൊല്ലി ‘നിഗളി’ക്കുന്ന ഒരുവന്‍! -എന്തൊരു വൈരുദ്ധ്യം! താഴ്മയിലുള്ള നിഗളമാണെങ്കിലും ദൈവം നിഗളികളോട് എതിര്‍ത്തു തന്നെ നില്‍ക്കും (1 പത്രൊസ് 5:5; യാക്കോബ് 4:6).

ക്രിസ്തീയലോകത്ത് ഇന്നു സര്‍വ്വസാധാരണമായിരിക്കുന്ന ‘കര്‍ത്താവിന്റെ വിലയേറിയദാസന്‍’ പോലെയുള്ള സംബോധനകള്‍ കേള്‍ക്കുമ്പോള്‍ ഈ വൈരുദ്ധ്യമാണ് ഓര്‍മ്മവരുന്നത്. ‘ദാസന്‍’ ‘വേലക്കാരന്‍’ എന്ന സ്ഥാനം ഒരുവന്‍ എടുക്കുമ്പോള്‍ താഴ്മയുള്ള ഒരു നിലപാടാണ് അവന്‍ കൈക്കൊള്ളുന്നത്. അവന്‍ ഭംഗ്യന്തരേണ പറയുന്നത് താന്‍ ഒരടിമയാണെന്നാണ്. സ്വന്തമായി അവകാശങ്ങളോ സ്വാതന്ത്ര്യമോ ഇല്ലാത്തവനാണ് അടിമ. എന്നാല്‍ താഴ്മയുടെ ഈ നിലപാടിലേക്കു വന്നശേഷം അവിടെ ലോകത്തിന്റെ മൂല്യങ്ങളും വലിയവനാകാനുള്ള മത്സരങ്ങളും കൊണ്ടുവരികയാണു പലരും. അത്ഭുതമെന്നു പറയട്ടെ ക്രിസ്തീയലോകത്ത് ഇന്ന് ‘കര്‍ത്താവിന്റെ ദാസ’ന്മാരില്ല ‘കര്‍ത്താവിന്റെ വിലയേറിയ ദാസന്മാരെ’ ഉള്ളൂ. ‘കര്‍ത്താവിന്റെ വിലയേറിയ ദാസനെ’ന്നു സംബോധന ചെയ്യപ്പെടാന്‍ ആഗ്രഹിക്കുകയും ‘കര്‍ത്താവിന്റെ ദാസനെ’ന്നു മാത്രം ആരെങ്കിലും വിളിച്ചാല്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ‘കൊച്ചു മനുഷ്യരാ’ണോ നാം? താഴ്മയുടെ ഒരു സംബോധന പോലും നിഗളത്തില്‍ പൊതിഞ്ഞ് ഉപയോഗിക്കുകയും അങ്ങനെ മാത്രം സ്വീകരിക്കുകയും ചെയ്യാന്‍ മാത്രം അഹങ്കാരികളായിപ്പോയോ നാം?.

‘ഒരു വാക്കിലെന്തിരിക്കുന്നു’ എന്നു പറഞ്ഞ് ഇതിനെ നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ. ഒരു വാക്കിനും സംബോധനയ്ക്കും പിന്നില്‍ ഒരു മനോഭാവമുണ്ട്. ക്രിസ്തീയലോകത്തെ പഴയ ‘കര്‍ത്താവിന്റെ വേലക്കാരന്‍’ ‘വിലയേറിയ ദാസനും’ പഴയ ‘ശുശ്രൂഷകന്‍’ ‘റവറണ്ടും’ (ഭയങ്കരന്‍ എന്നാണ് ആ വാക്കിന്റെ നേരര്‍ത്ഥം) ആയി മാറിയത് എത്ര വേഗത്തിലാണ്!

ഇതിന്റെ മറുവശം വാക്കില്‍ വലിയ കാര്യമില്ല എന്നാണ്. ‘കര്‍ത്താവിന്റെ എളിയദാസന്‍’ എന്ന് ഒരുവന്‍ തന്നെത്തന്നെ വിശേഷിപ്പിക്കുകയും അതേസമയം അവകാശങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി അവന്‍ പോരാടുകയും ചെയ്താല്‍ വാക്കിലെ എളിമകൊണ്ട് എന്തുകാര്യം? പദവികള്‍ ഒന്നും എടുക്കാതെ ‘സഹോദരന്‍’ എന്ന വിനയപൂര്‍വം സ്വയം വിളിക്കുന്ന ഒരുവന്‍ വാസ്തവത്തില്‍ ഉള്ളില്‍ ‘റവറണ്ടി’നെക്കാള്‍ അഹങ്കാരിയായിരിക്കുവാന്‍ സാധ്യതയില്ലേ? ചുരുക്കത്തില്‍ ദൈവം മനോഭാവങ്ങളെ അറിയുന്നു. വഞ്ചിക്കപ്പെടരുത്! നമുക്കാര്‍ക്കും ദൈവത്തെ കബളിപ്പിക്കുവാന്‍ കഴിയുകയില്ല (ഗലാത്യ. 6:7).

നാം നമ്മെ എന്തു വിളിച്ചാലും ദൈവം നമ്മെ വിളിക്കാനാഗ്രഹിക്കുന്ന ഒരു സംബോധനയുണ്ട്. അതു ‘വിലയേറിയ ദാസന്‍’ എന്നല്ല മറിച്ച് ‘വിശ്വസ്തദാസ’നെന്നാണ് (1 കൊരിന്ത്യ. 4;1, 2; ലൂക്കൊ. 12:42; മത്താ.25:21, 23; ലൂക്കൊ. 19:17).

വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരുടെ ഇടയില്‍ കുറയുന്ന ഈ കാലത്തു കര്‍ത്താവിന്റെ വിശ്വസ്തദാസനായിരിക്കാന്‍ നാം എന്താണു ശ്രദ്ധിക്കേണ്ടത്? രണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇവിടെ പ്രസക്തമാണ്: ഒന്ന് നാം ആരുടെ ദാസരാണ്? രണ്ട് നമ്മുടെ ശുശ്രൂഷയുടെ ഉദ്ദേശ്യം എന്താണ്?

ഇതില്‍ ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടിയായി തങ്ങള്‍ യേശുകര്‍ത്താവിന്റെ ദാസന്മാരാണെന്ന് ക്രിസ്തീയലോകത്ത് എല്ലാവരും അവകാശപ്പെട്ടേക്കാം. എന്നാല്‍ കര്‍ത്താവ് ആരായിരുന്നു? അവിടുന്നു സ്വയം ഇങ്ങനെ പ്രഖ്യാപിച്ചു: ‘മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനു’മാണു വന്നത് (മത്തായി 20:28). ശുശ്രൂഷിപ്പാന്‍ വന്ന ദാസനായിരുന്നു യേശു. അവിടുന്നു ദാസനായിരിക്കുമെന്നു കര്‍ത്താവിന്റെ വരവിന് 700 വര്‍ഷം മുന്‍പ് യെശയ്യാവും ചൂണ്ടിക്കാട്ടി (42:1, മത്തായി 12:17-21). പ്രവചനം ശരിവച്ചുകൊണ്ട് കാലസമ്പൂര്‍ണതയില്‍ അവിടുന്നു ദാസനായി (ഫിലി.2:7).

അവിടുന്നു ദാസനാണെങ്കില്‍ ഇന്നത്തെ ‘കര്‍ത്താവിന്റെ ദാസന്‍’, ദാസന്റെ ദാസനാണ്. അങ്ങനെയാണെങ്കില്‍ ശുശ്രൂഷ ചെയ്യാനും ജീവനെ നല്‍കാനും ദാസനായിരിക്കാനും വന്ന യേശുവിന്റെ ജീവതദര്‍ശനത്താല്‍ പിടിക്കപ്പെടാത്ത ഒരുവന്‍ താന്‍ കര്‍ത്താവിന്റെ ദാസനാണെന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? യേശു ത്യാഗത്തിലൂടെയാണ് ഈ ലോകത്തെ രക്ഷിച്ചത്. സ്വയം നഷ്ടപ്പെടുത്തുന്നതും ഉപേക്ഷിക്കുന്നതും വിട്ടുകൊടുക്കുന്നതുമായ മാര്‍ഗ്ഗമാണ് അവിടുന്നു കാണിച്ചു തന്നത്. എന്നാല്‍ കര്‍ത്താവിന്റെ ഈ ജീവിതവീക്ഷണം സ്വീകരിക്കുവാന്‍ മനസ്സില്ലാതെ യേശുവിനെ സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള ഉപാധിയായും ഭൗതികനേട്ടങ്ങള്‍ കയ്യാളാനുള്ള മാര്‍ഗ്ഗമായും കാണുന്നവര്‍ കര്‍ത്താവിന്റെ ദാസരാണെന്ന് അവകാശപ്പെട്ടാല്‍ അതു കാപട്യമല്ലേ?

ഒരിക്കല്‍ ജീവിതത്തില്‍ യേശുവിന്റെ കര്‍തൃത്വം സ്വീകരിച്ച് അവിടുത്തെ ദാസനായി മാറിയവന്‍ പിന്നീട് ആ മനോഭാവത്തില്‍ നിന്നു മാറി, ‘ഇപ്പോള്‍ തനിക്ക് ഒരു യജമാനനേയുള്ളു അതു താന്‍ തന്നെയാണ്’ എന്ന നിലപാടില്‍ എത്തിച്ചേരുന്നതും ഇന്നു ക്രിസ്തീയലോകത്തില്‍ കാണാം. എന്നാല്‍ കര്‍ത്താവിന്റെ യഥാര്‍ത്ഥദാസന്‍ അവിടുത്തെ ആജീവനാന്ത ദാസന്‍ (Bonded servant) ആയിരിക്കണം. ദാസന്‍ ആയിരിക്കുക എന്നത് ഒരു പാര്‍ട്ട് ടൈം ജോലിയല്ല. കര്‍ത്താവിന്റെ യഥാര്‍ത്ഥ ആജീവനാന്ത ദാസ്യത്തിലേക്ക് ഒരുവനെ നയിക്കുന്നതു കര്‍ത്താവിനോടുള്ള കറയില്ലാത്ത സ്‌നേഹവും ഈ വഴിയില്‍ അവനു ലഭ്യമാകുന്ന സ്വസ്ഥതയുമാണ് (ആവര്‍ത്തനം15:16; പുറപ്പാട് 21:5).

ഇനി രണ്ടാമത്തെ ചോദ്യം. നമ്മുടെ ശുശ്രൂഷയുടെ ലക്ഷ്യം എന്തായിരിക്കണം? യേശു പറഞ്ഞ ദാസന്റെയും യജമാനന്റേയും ഉപമയില്‍ നിന്നു ഇക്കാര്യം വ്യക്തമാണ്. വയലില്‍ അധ്വാനിക്കുന്ന ദാസന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ യജമാനന്‍ പറയുന്നു: ‘ആദ്യം എനിക്ക് അത്താഴം ഒരുക്കുക. ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷ ചെയ്ക. പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക’ (ലൂക്കൊ.17:9). അര്‍ത്ഥം: നീ ആദ്യം എന്നെ തൃപ്തിപ്പെടുത്തുക. അതെ, ഒന്നാമതു യജമാനനു തൃപ്തിവരണം. മറ്റെല്ലാം അതിനുശേഷം മാത്രം.

നാം ശുശ്രൂഷിക്കുന്ന ആളുകളുടെ തൃപ്തിയോ അവരുടെ അംഗീകാരമോ പ്രവര്‍ത്തനത്തിന്റെ വൈപുല്യമോ ഒന്നും ആയിരിക്കരുത് നമ്മുടെ ശുശ്രൂഷയുടെ ലക്ഷ്യം. മറിച്ച് ഒന്നാമതു യജമാനനു തൃപ്തി വരട്ടെ.

നമ്മുടെ ഉപദേശ നിശ്ചയമോ പ്രവര്‍ത്തന വൈപുല്യമോ ഒന്നുമല്ല മറിച്ച് നമ്മുടെ ജീവിതത്തിലെ വിശ്വസ്തതയാണു യജമാനനു തൃപ്തി വരുത്തുന്നത്. നമുക്കെല്ലാം ഒരേയൊരു ജീവിതമാണു ലഭിച്ചിട്ടുള്ളത്. ഈ ജീവിതത്തിലെ നമ്മുടെ വിശ്വസ്തതയാണ് യജമാനന്‍ കണക്കിലെടുക്കുന്നതെന്ന് പത്തു ദാസന്മാര്‍ക്ക് ഒരോ റാത്തല്‍ വെള്ളി കൊടുത്ത ഉപമയില്‍ നിന്നു വ്യക്തമാണ് (ലൂക്കൊ. 19:11-27). അതുപോലെ ഉപദേശമല്ല നമുക്ക് അലങ്കാരമായിരിക്കേണ്ടത് മറിച്ചു ജീവിതത്തിലെ വിശ്വസ്തതകൊണ്ട് ദാസന്മാര്‍ ഉപദേശത്തെ അലങ്കരിക്കുകയാണു വേണ്ടതെന്നു പൗലൊസും ചൂണ്ടിക്കാണിക്കുന്നു. (തീത്തൊസ് 2:9,10).

മുകളില്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഈ സത്യത്തിലേക്കാണ്- കര്‍ത്താവിന്റെ ജീവിതദര്‍ശനം പങ്കിട്ട് അവിടുത്തെ ആജീവനാന്തദാസന്മാരായി നില്‍ക്കുക. അവിടുത്തെ തൃപ്തി മാത്രം ലക്ഷ്യം വച്ചു ശുശ്രൂഷിക്കുക. എങ്കില്‍, എങ്കില്‍ മാത്രം ‘നല്ലവനും വിശ്വസ്തനുമായ ദാസന്‍’ എന്ന വിളിക്ക് നാം അന്ന് അര്‍ഹരാകും.

അധ്യായം 19 :
സ്‌നേഹം നിര്‍ബന്ധിക്കുന്നത് എന്തിന്?


നിറഞ്ഞ സദസ്സ്. ദീര്‍ഘനാള്‍ സംഗീതം പഠിച്ച കുട്ടിയുടെ അരങ്ങേറ്റമാണ്. അവന്‍ ആദ്യഗാനം പാടി അവസാനിപ്പിച്ചപ്പോള്‍ തന്നെ നിര്‍ത്താത്ത കരഘോഷം. അടുത്ത ഗാനം ആദ്യത്തേതിനേക്കാള്‍ ഹൃദ്യം. ഓരോഗാനവും കഴിയുമ്പോള്‍ സദസ്യര്‍ നീണ്ട കൈയടികളോടെ അവനെ അഭിനന്ദിച്ചു. പക്ഷേ ‘കൊച്ചുഗായകന്റെ’ മുഖത്തു മാത്രം തൃപ്തിയില്ല. ഒടുവില്‍ അവസാനത്തെ ഗാനവും പാടി അവസാനിപ്പിച്ചപ്പോള്‍, സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു കരഘോഷത്തോടെ അവനെ അഭിനന്ദിച്ചെങ്കിലും, പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവന്‍ അണിയറയിലേക്ക് ഓടിപ്പോയത്.

കാരണം അന്വേഷിച്ച അടുത്ത സുഹൃത്തുക്കളോടു തേങ്ങലടക്കി അവന്‍ കാര്യം വിശദീകരിച്ചതിങ്ങനെ: ”സദസ്സിന്റെ പിന്നറ്റത്തെ നിരയില്‍ എന്നെ സംഗീതം പഠിപ്പിച്ച എന്റെ ഗുരു ഇരിക്കുന്നുണ്ടായിരുന്നു. ഓരോ ഗാനവും പാടിക്കഴിഞ്ഞ് എന്റെ കണ്ണുകള്‍ ഗുരുവിന്റെ മുഖത്തായിരുന്നു. പക്ഷേ ആ മുഖത്ത് ഒരു തെളിച്ചം ഇല്ലായിരുന്നു. സദസ്സിന്റെ കൈയടിയൊന്നും ഞാന്‍ കേട്ടതേയില്ല. അവസാനത്തെ ഗാനം പാടിയിട്ടും എന്റെ ഗുരുവിന്റെ കണ്ണുകളില്‍ ഞാന്‍ പ്രതീക്ഷിച്ച അംഗീകാരത്തിന്റെ തിളക്കം കണ്ടില്ല. പിന്നെ എങ്ങനെ കരയാതിരിക്കും?”

ഇന്ന് സദസ്സിന്റെ കൈയടിയില്‍ മതിമറക്കുന്നവരാണേറെയും. എന്നാല്‍ താന്‍ സ്‌നേഹിക്കുന്ന തന്റെ ഗുരുവിനു തൃപ്തി വരണമെന്നും ഗുരുവിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ മറ്റാരുടെ അഭിനന്ദനം കൈവന്നാലും അതുകൊണ്ട് ഒരു കാര്യവുമില്ലെന്നും കരുതുന്ന ഈ കഥയിലെ കുട്ടിയില്‍ നിന്ന് നമുക്കൊരു പാഠമുണ്ട്.

ക്രിസ്തീയജീവിതം സംബന്ധിച്ച് ഇന്നു വിശ്വാസികള്‍ പലരും ഉള്ളില്‍ ഒരു ‘ലക്ഷ്മണരേഖ’ വരച്ചിരിക്കുകയാണ്. ഇത്രയുമൊക്കെ മതി. ഇതിനപ്പുറത്തേക്കു പോകേണ്ട. രക്ഷിക്കപ്പെട്ടു. വിശ്വാസസ്‌നാനം സ്വീകരിച്ചു. പരിശുദ്ധാത്മസ്‌നാനം സംബന്ധിച്ചും ചില അനുഭവങ്ങളൊക്കെയുണ്ട്. ഒരു പ്രാദേശിക സഭയില്‍ അംഗമാണ്. അവിടെയും ചില ശുശ്രൂഷകളൊക്കെയുണ്ട്. ഇവിടംകൊണ്ട് അവസാനിക്കുന്നു പലരുടേയും ക്രിസ്തീയ ജീവിതത്തിന്റെ ചക്രവാളം. എന്നാല്‍ ഗുരുവിന് ഇതുകൊണ്ടു തൃപ്തിയായോ?


ശിഷ്യന്റെ പ്രകടനം കൊണ്ടു തൃപ്തിയാകാത്ത ഒരു ഗുരുവിന്റെ കഥ പഴയനിയമത്തില്‍ നാം കാണുന്നു. ഏലീശയാണ് ആ ഗുരു. ശിഷ്യന്റെ സ്ഥാനത്തുള്ളത് യിസ്രായേല്‍ രാജാവായിരുന്ന യോവാശും. അരാമ്യശത്രുക്കളാണു യോവാശിന്റെ ഏറ്റവും വലിയ പേടിസ്വപ്നം. അങ്ങനെയിരിക്കെ മരണാസന്നനായി കിടക്കുന്ന തന്റെ ഗുരുസ്ഥാനീയനായ ഏലീശയെ കാണാന്‍ യോവാശ് എത്തുന്നു. ”അമ്പ് എടുക്ക എന്നു ഏലീശ പറഞ്ഞു. യോവാശ് എടുത്തു. ‘നിലത്തടിക്ക’ എന്ന് അവന്‍ യിസ്രായേല്‍ രാജാവിനോടു പറഞ്ഞു. അവന്‍ മൂന്നുപ്രാവശ്യം അടിച്ചു നിര്‍ത്തി. അപ്പോള്‍ ദൈവപുരുഷന്‍ അവനോടു കോപിച്ചു. നീ അഞ്ചാറുപ്രാവശ്യം അടിക്കേണ്ടതായിരുന്നു. എന്നാല്‍ നീ അരാമ്യരെ തോല്‍പിച്ച് അശേഷം സംഹരിക്കുമായിരുന്നു. ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്‍പിക്കും എന്നു പറഞ്ഞു” (2 രാജാക്കന്മാര്‍ 13:18,19).

ശത്രുവിനെ നിശ്ശേഷം തോല്‍പിച്ചു തന്റെ പ്രതീക്ഷയ്‌ക്കൊത്തു നാം ഉയരണമെന്നാണു നമ്മുടെ ഗുരുവിന്റെയും നമ്മെക്കുറിച്ചുള്ള ഹിതം. പക്ഷേ പലരും മൂന്നുവട്ടം അടിച്ച് (രക്ഷ, സ്‌നാനം, പരിശുദ്ധാത്മസ്‌നാനം)അമ്പ് നിലത്തിട്ട് തൃപ്തരായി നില്‍ക്കുകയാണ്.


എന്തുകൊണ്ടാണ് അതിനപ്പുറത്തേക്കു പോകാന്‍ പലരും മടിച്ചു നില്‍ക്കുന്നത്? ഇച്ഛാശക്തിയുടെ കുറവും ദൃഢതീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മയുമാണ് അതിനു കാരണമെന്നാണോ നിങ്ങള്‍ കരുതുന്നത്? അല്ല. അതിനുള്ള കാരണം സ്‌നേഹത്തിന്റെ കുറവാണ്. ഏഴുവര്‍ഷം എന്ന സമയപരിധി കഴിഞ്ഞപ്പോള്‍ തന്നെ മോചിപ്പിക്കാന്‍ തുടങ്ങുന്ന യജമാനനെ, തുടര്‍ന്ന് ആജീവനാന്തം സ്വമനസ്സാ സേവിക്കാന്‍ അടിമയെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? അതു സ്‌നേഹമല്ലാതെ മറ്റൊന്നല്ല (പുറപ്പാട് 21:5, ആവര്‍. 15:16). നിയമാനുസരണമായ പരിധിക്ക് അപ്പുറത്തേക്കു പോകാന്‍ കഴിയുന്നതു സ്‌നേഹത്തിനു മാത്രമാണ്.

‘പ്രവചനങ്ങള്‍ തീര്‍ന്നു പോകും. ഭാഷകള്‍ ഇല്ലാതാകും. വിജ്ഞാനം തിരോഭവിക്കും. സ്‌നേഹം മാത്രം ഒരിക്കലും അവസാനിക്കുകയില്ല’ (1 കൊരി. 13:8). സ്‌നേഹത്തിനു നിയമബന്ധിതമായ പ്രവര്‍ത്തനം കൊണ്ടു തൃപ്തി വരികയില്ല. ആ പരിധിക്കും അപ്പുറത്തേക്ക് അതു പോകും. ആ അര്‍ത്ഥത്തിലാണു സ്‌നേഹം അവസാനിക്കാത്തതായിരിക്കുന്നത്. ‘ഏറിയ വെള്ളങ്ങള്‍ സ്‌നേഹത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല’ (ഉത്തമഗീ. 8:7).

സി.ടി.സ്റ്റഡ് എന്ന ദൈവഭൃത്യനെക്കുറിച്ച് ഒരു സംഭവം കേട്ടിട്ടുണ്ട്. ചൈനയിലും ഇന്ത്യയിലുമൊക്കെ പ്രവര്‍ത്തിച്ചശേഷം വാര്‍ധക്യത്തില്‍ സ്റ്റഡ് ആഫ്രിക്കയില്‍ പ്രേഷിതപ്രവര്‍ത്തനത്തിനെത്തിയതാണ്. അവിടെ തന്റെ കൊച്ചുകുടിലിനു മുന്‍പില്‍ ഇരുന്നു വളരെ ക്ലേശിച്ച് സ്റ്റഡ് ബൈബിള്‍ വായിക്കുന്നതു കണ്ട് ഒരാള്‍ ചോദിച്ചു: ‘സ്റ്റഡ്, നിങ്ങള്‍ ഇത് എത്രയോ വട്ടം വായിച്ചിട്ടുണ്ട്! എന്നിട്ടും ഇത്രയും പ്രായമായപ്പോള്‍ കഷ്ടപ്പെട്ട് എന്തിനാണിത് വീണ്ടും വായിക്കുന്നത്?”

”ഞാന്‍ ഇനിയും പാലിക്കേണ്ട എന്തെങ്കിലും കല്പനകളുണ്ടോ എന്നറിയാനാണു വായിക്കുന്നത്”: സ്റ്റഡിന്റെ മറുപടി.

നോക്കുക: സ്‌നേഹത്തിനു തൃപ്തി വരുന്നില്ല. അതു ഗുരുവിനു സന്തോഷം നല്‍കാന്‍ പാലിക്കേണ്ട ചെറിയ കല്പനകള്‍ പരതുകയാണ് (മത്തായി 5:19).

നമുക്കു നമ്മുടെ ഗുരുവിനോട് ഈ നിലയില്‍ സ്‌നേഹമില്ലെങ്കില്‍ അതിനു കാരണം എന്തായിരിക്കും? നമ്മുടെ ദൈവസ്‌നേഹത്തിന്റെ സ്ഥാനത്തു സ്വയസ്‌നേഹം ആധിപത്യം ഉറപ്പിച്ചിരിക്കുന്നു എന്നതുതന്നെ. അന്ത്യകാലത്തു വിശ്വാസികള്‍ക്ക് (ഭക്തിയുടെ വേഷം ധരിച്ചവര്‍ക്ക്) ദൈവപ്രിയം കുറയുമെന്നും ആ സ്ഥാനത്ത് അവര്‍ സ്വസ്‌നേഹികള്‍ (Lovers of self) ആയി മാറുമെന്നും അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടല്ലോ (2 തിമൊ.3:1-5).

സ്വസ്‌നേഹികള്‍-അവര്‍ക്കേറ്റവും ഇഷ്ടം അവരവരെ തന്നെയാണ്. എന്നാല്‍ അവര്‍ കരുതുന്നത് തങ്ങള്‍ ഏറ്റവും കൂടുതല്‍ ദൈവത്തെയാണു സ്‌നേഹിക്കുന്നതെന്നാണ്.

യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തില്‍ മുഖ്യസിംഹാസനം ദൈവത്തിനായിരിക്കണം. എന്നാല്‍ ദൈവത്തിന് അര്‍ഹമായ ഈ സിംഹാസനം പലപ്പോഴും കയ്യടക്കിയിരിക്കുന്നതു സ്വയമാണ് എന്നതാണു നിര്‍ഭാഗ്യകരമായ അവസ്ഥ. ഫലം ഈ ഈ സ്വസ്‌നേഹത്തില്‍ നിന്ന് 2 തിമൊഥെയോസ് 3:1-5 വാക്യങ്ങളില്‍ കാണുന്നതുപോലെ ദ്രവ്യാഗ്രഹവും വമ്പുപറച്ചിലും അഹങ്കാരവും ദൂഷണവും അനുസരണക്കേടും നന്ദിയില്ലായ്മയും അശുദ്ധിയും (ആ പട്ടിക അങ്ങനെ നീണ്ടുപോകുകയാണ്) എല്ലാം പല സമയങ്ങളില്‍ പുറത്തു വരും. ധവളനിറത്തിലുള്ള പ്രകാശത്തില്‍ സപ്തവര്‍ണങ്ങളുടെ VIBGYOR ഉള്‍ക്കൊണ്ടിരിക്കുന്നതുപോലെ സ്വസ്‌നേഹത്തിലാണ് മുകളില്‍ പറഞ്ഞ തിന്മകളുടെ അടരുകളെല്ലാം അടങ്ങിയിരിക്കുന്നത്.

”നമ്മുടെ സ്വയം എന്നു പറഞ്ഞാല്‍ വാസ്തവത്തില്‍ അത് എന്താണെന്നു പറയാമോ?” ഒരിക്കല്‍ അക്കാദമിക്കസ് എന്ന ശിഷ്യന്‍ തന്റെ ഗുരുവിനോടു ചോദിച്ചു. ഗുരു തിയോഫിലസിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”സ്വയം എന്നു പറയുന്നത് ഇരുട്ടും വേദനയും അശാന്തിയുമാണ്. ക്രിസ്തുവിന്റെ ഏക ശത്രുവാണത്. ഒരുവന്‍ ഭയപ്പെടുകയും വെറുക്കുകയും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്യേണ്ട എല്ലാറ്റിന്റെയും ആകെത്തുകയാണത്… ഒരുത്തന്‍ തന്നെത്താന്‍ ത്യജിക്കട്ടെ. തന്റെ സ്വയത്തിന്റെ സ്ഥാനത്ത് എപ്പോഴും ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ടു മാത്രമേ ഒരുവന് അതു സാധിക്കുകയുള്ളൂ. അപ്പോള്‍ സ്വയത്തില്‍ നിന്ന്, സ്വജീവനില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ശത്രുക്കളും ശക്തിഹീനരാകും.”

യേശു പറഞ്ഞു: ”ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും” (മത്തായി 16:25).
”എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍ തോറും തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കൊസ് 9:23).

പൗലൊസ് പറഞ്ഞു: ”ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു” (ഗലാത്യര്‍ 2:20).
”എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു” (ഫിലി. 1:21).
”എങ്കിലും എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തുനിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു” (ഫിലി. 3:7).

സ്വസ്‌നേഹത്തില്‍ നിന്നു ദൈവസ്‌നേഹത്തിലേക്ക്-ഈ ദൂരം നാം പരിശുദ്ധാത്മശക്തിയാല്‍ നടന്നുതീര്‍ക്കണമെന്നു നമ്മുടെ ഗുരുവും നാഥനുമായ കര്‍ത്താവ് ആഗ്രഹിക്കുന്നു. എന്നാല്‍ ഗുരുവിന്റെ അംഗീകാരത്തിനു വളരെ താഴെ ഗാലറിയുടെ കയ്യടിയില്‍ മതിമറന്നു പലരും സ്വയതൃപ്തിയില്‍ മുന്നോട്ടു പോകുകയാണ്. ഇതിനപ്പുറുത്ത് ഗുരുവിന്റെ കണ്ണുകളിലെ തൃപ്തിയുടെ തിളക്കം ലക്ഷ്യംവയ്ക്കാന്‍ ക്രിസ്തുവിനോടുള്ള സ്‌നേഹം നമ്മെ നിര്‍ബന്ധിക്കട്ടെ (2 കൊരി. 5:14, 15).

അധ്യായം 20 :
വെളിച്ചത്തെ സ്‌നേഹിക്കുക


മഹാനായ അലക്‌സാണ്ടര്‍’ കൊച്ചുകുട്ടിയായിരുന്ന കാലത്തുതന്നെ പ്രകടിപ്പിച്ച ധീരതയെക്കുറിച്ച് പല കഥകളുണ്ട്. ‘മുളയിലെ അറിയാം മുളങ്കരുത്ത്’ എന്ന പഴഞ്ചൊല്ലിനെ ശരിവയ്ക്കുന്ന അത്തരം ഒരു കഥ ഇങ്ങനെ:

എല്ലാ കണ്ണുകളും മാസിഡോണിയയിലെ ഫിലിപ്പ് രാജാവിന്റെ കൊട്ടാരമുറ്റത്താണ്. അന്നു പ്രഭാതത്തിലെ അവിടുത്തെ കാഴ്ച, വെകിളിപിടിച്ചു നില്ക്കുന്ന ശക്തനായ ഒരു കറുത്ത കുതിരയെ പലരും മെരുക്കാന്‍ ശ്രമിക്കുന്നതാണ്. ആരെയും കുതിര അടുപ്പിക്കുന്നില്ല. പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവില്‍ ബാലനായ അലക്‌സാണ്ടര്‍ രാജാകുമാരന്‍, പിതാവിന്റെ അനുമതി വാങ്ങി കുതിരയെ സമീപിക്കുന്നു. ഒരു നിമിഷം. അവന്‍ കുതിരയെ തിരിച്ചു നിര്‍ത്തി. അതിന്റെ മുകളില്‍ ചാടിക്കയറി. ആളുകളുടെ ഹര്‍ഷാരവങ്ങളുടേയും കരഘോഷങ്ങളുടെയും മധ്യത്തിലൂടെ അനായാസം കുതിരയെ ഓടിച്ചുകൊണ്ടുപോയി.

മടങ്ങിയെത്തിയപ്പോള്‍ ‘എങ്ങനെയിതു കഴിഞ്ഞു’ എന്നന്വേഷിച്ചവരോട് അലക്‌സാണ്ടര്‍ സത്യാവസ്ഥ വെളിപ്പെടുത്തി-‘കുതിര ഉദയസൂര്യന് പുറം തിരിഞ്ഞാണു നിന്നത്. അതുകൊണ്ടു തന്നെ കുതിരയുടെ കറുത്തനിഴല്‍ കുതിരയുടെ മുന്‍പിലായിരുന്നു. അതുകണ്ടു ഭയപ്പെട്ടതുകൊണ്ടാണ് കുതിര ആരെയും അടുപ്പിക്കാതിരുന്നത്. ഞാന്‍ കുതിരയെ ഉദയസൂര്യന് അഭിമുഖമായി നിര്‍ത്തിയപ്പോള്‍ നിഴല്‍ അതിന്റെ പിന്നിലായി. കുതിരയുടെ പേടി പോയി. ആ തക്കത്തിന് ഞാന്‍ കുതിരയുടെ പുറത്തു കയറി സവാരി ചെയ്തു എന്നേയുള്ളൂ.’

കഥയിലെ കുതിരയെപ്പോലെയാണു പലരും. സ്വന്തം നിഴലിനെയാണ് അവര്‍ പേടിക്കുന്നത്. ഉവ്വ്, വെളിച്ചത്തിന് എതിരേ നിന്നാല്‍ സ്വന്തം നിഴലുകള്‍ പോലും നമ്മെ പേടിപ്പിക്കും. വെളിച്ചത്തിങ്കലേക്കു വരാതെ അതിന് എതിരേ പോകുന്നവനുള്ള അനിവാര്യമായ ഈ ദുരന്തത്തെ ‘ശിക്ഷാവിധി’ എന്നാണ് നിക്കോദേമൊസിനോടു സംസാരിക്കുമ്പോള്‍ യേശു വിശേഷിപ്പിക്കുന്നത് (യോഹ. 3:19-21). അതുകൊണ്ട് യഥാര്‍ത്ഥ വെളിച്ചത്തിലേക്കു നാം വരേണ്ടിയിരിക്കുന്നു.

എന്താണ് യഥാര്‍ത്ഥ വെളിച്ചം? അതു നീതിസൂര്യനും ഉദയനക്ഷത്രവുമായ യേശു തന്നെയാണ് (മലാ.4:2; 2 പത്രൊ. 1:19; വെളി. 2:28; 22:16; യോഹ. 1:4,5; 12:46) ഈ യേശുവിങ്കലേക്കു തിരിയുമ്പോള്‍ നമുക്കു നമ്മെക്കുറിച്ചു തന്നെ വെളിച്ചം കിട്ടും. നമ്മെക്കുറിച്ചു വെളിച്ചം കിട്ടുക എന്നു പറഞ്ഞാല്‍ നമ്മെ സംബന്ധിക്കുന്ന സത്യത്തെക്കുറിച്ച് ലഭിക്കുന്ന ബോധ്യമാണ്.

നമ്മെ സംബന്ധിക്കുന്ന സത്യം പലതും അപ്രിയസത്യങ്ങളാണ്. വിചാരിക്കുന്നതിലേറെ നാം സ്വാര്‍ത്ഥരും നിഗളികളും കുറവുകള്‍ ഉള്ളവരുമാണ്. എന്നാല്‍ തനിയെ ഇരിക്കുമ്പോള്‍ ഇതിനെക്കുറിച്ചു നമുക്കു ബോധ്യം ലഭിക്കുകയില്ല. മറിച്ച് യേശുവിന്റെ ജീവിതവെളിച്ചത്തോട് അടുത്തു വരുമ്പോഴാണ് നമുക്ക് അവയെക്കുറിച്ചു വെളിച്ചം ലഭിക്കുക. ‘അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ആ ജീവന്‍ (ജീവിതം) മനുഷ്യരുടെ വെളിച്ചമായിരുന്നു’ എന്ന വചനം (യോഹ. 1:4) ഈ യഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

സത്യവെളിച്ചമായ യേശുവിനോട് എത്രയേറെ നാം അടുത്തു ചെല്ലുമോ അത്രയേറെ നമുക്കു നമ്മുടെ കുറവുകളെക്കുറിച്ചു വെളിച്ചം ലഭിച്ചു കൊണ്ടിരിക്കും. അപ്പൊസ്തലനായ പൗലൊസിന്റെ അനുഭവം ഇതിന് ഉദാഹരണമാണ്. പൗലൊസ് തന്നെക്കുറിച്ചു നടത്തുന്ന മൂന്നു പരാമര്‍ശങ്ങള്‍ കാണുക: അദ്ദേഹം താരതമ്യേന ആദ്യകാലത്ത് എഴുതിയ ലേഖനത്തില്‍ ‘അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനെ’ന്നു സ്വയം വിശേഷിപ്പിക്കുന്നു (1 കൊരി.15:9). കുറെ നാളുകള്‍ക്കുശേഷം എഴുതിയ ലേഖനത്തില്‍ ‘സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവന്‍’ എന്നാണു സ്വയം വിവരിക്കുന്നത് (എഫെ.3:8). അവസാനകാലത്ത് എഴുതിയ ലേഖനങ്ങളിലൊന്നില്‍ താന്‍ ‘പാപികളില്‍ ഒന്നാമന്‍’ എന്നും അദ്ദേഹം കണ്ടെത്തുന്നു (1തിമൊ.1:15). നാളുകള്‍ കഴിയുന്തോറും സ്വയമതിപ്പു കുറഞ്ഞുവരികയാണ്. കര്‍ത്താവിലേക്ക് അടുത്തു ചെല്ലുന്തോറും സ്വന്തകുറവുകളെക്കുറിച്ചുള്ള ബോധ്യം വര്‍ധിച്ചു വരികയാണ്!

ഈ മട്ടില്‍, നമ്മെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ചു വെളിച്ചം ലഭിക്കുമ്പോള്‍ നാം എന്താണു ചെയ്യേണ്ടത്? ആ സത്യത്തെ പേടിക്കരുത്; മറിച്ച് അതിനെ സ്‌നേഹിക്കണം. ഇരുട്ടുള്ള മുറിയില്‍ പൊടുന്നനെ ലൈറ്റിടുമ്പോള്‍ പാറ്റകളും കൂറകളും ഇരുണ്ടസ്ഥലത്തേക്കു പലായനം ചെയ്യുന്നതു പോലെ തങ്ങളെക്കുറിച്ചുള്ള അപ്രിയസത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പലരും അതിനെ നേരിടാനാകാതെ ഓടിയൊളിക്കുകയാണ്.

ഇവിടെയാണ് ‘നീ സത്യം വില്ക്കുകയല്ല വാങ്ങുകയത്രെ വേണ്ടത്’ എന്ന വചനത്തിന്റെ പ്രസക്തി (സദൃശ. 23:23). ഏതു കാര്യവും വാങ്ങുന്നതിന് ഒരു വിലകൊടുക്കണം. സത്യം വാങ്ങുന്നതിനും ഒരു വില കൊടുക്കേണ്ടതുണ്ട്. ആ വിലയെന്താണ്?

രാജാക്കന്മാരുടെ ചരിത്രത്തിലെ ചില സംഭവങ്ങള്‍ നോക്കാം. ദാവീദ് രാജാവ് തന്റെ സൈനികനായിരുന്ന ഊരിയാവ് പടയില്‍ കൊല്ലപ്പെടാന്‍ രഹസ്യമായി കരുക്കള്‍ നീക്കുകയും ഒടുവില്‍ രഹസ്യത്തില്‍ അവനെ വധിച്ചശേഷം അവന്റെ ഭാര്യ ബത്ത്‌ശേബയെ ഭാര്യയായി എടുക്കുകയും ചെയ്തു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ഒരു സൈനികന്റെ വിധവയെ കൊട്ടാരത്തില്‍ രാജ്ഞിയായി സ്വീകരിച്ചത് രാജാവിന്റെ മഹാമനസ്‌കതയായി കരുതി ജനം ദാവീദിനെ പുകഴ്ത്തിയിരിക്കാം. ആ സമയത്താണ് നാഥാന്‍ പ്രവാചകന്‍ രാജസദസ്സില്‍ ചെന്ന് ദാവീദ് രാജാവിനെ ഈ സംഭവത്തില്‍ തൊലിയുരിച്ചു കാട്ടുകയും രാജാവിനെ പരസ്യമായി ശാസിക്കുകയും ചെയ്തത്. ആരും നടുങ്ങിപ്പോകുന്ന സന്ദര്‍ഭം. പക്ഷേ ദാവീദിന്റെ ഇവിടത്തെ പ്രതികരണം ശ്രദ്ധിക്കുക. താന്‍ കാപട്യക്കാരനും കൊലപാതകനും ദുര്‍വൃത്തനുമാണ് എന്ന സത്യം മുഖത്തുനോക്കി തന്നോടു പറഞ്ഞ പ്രവാചകനു നേരേ കോപിക്കാതെ മാഹാരാജാവ് ഇവിടെ സ്വയം വിനയപ്പെടുത്തി തെറ്റു സമ്മതിക്കുന്നു- ‘ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു’ (2 ശമു. 12:13). സത്യത്തിനു ദാവീദ് ഇവിടെ ഒരു വിലകൊടുത്തു -അതു തന്റെ അഭിമാനവും ജനത്തിന്റെ മുന്‍പാകെയുള്ള മതിപ്പും നല്ലപേരുമാണ്!

ഇതേസമയം യെഹൂദരാജാക്കന്മാരായ ആസ, അമസ്യാവ് എന്നിവരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക (2 ദിനവൃ.16:10; 25:16). രണ്ടു പ്രവാചകന്മാര്‍ വളരെ മൃദുവായി ചില തിരുത്തലുകള്‍ അവര്‍ക്കു നല്‍കിയപ്പോള്‍ ആ രാജാക്കന്മാര്‍ അതു സ്വീകരിക്കാന്‍ തയ്യാറാകാതെ തങ്ങളെക്കുറിച്ചുള്ള സത്യം തുറന്നു പറഞ്ഞ പ്രവാചകന്മാരോട് കോപിക്കുകയാണു ചെയ്തത്. സത്യത്തിന് ഒരു വില കൊടുക്കാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു!

നമ്മെക്കുറിച്ചുള്ള സത്യം നമ്മുടെ മുഖത്തു വന്നടിക്കുമ്പോള്‍ അതിനു നേരെ കോപിക്കുകയോ, അതിനെ ഭയപ്പെടുകയോ, അതില്‍ നിന്ന് ഓടിയൊളിക്കുകയോ അല്ല വേണ്ടത്. മറിച്ച് ആ സത്യത്തെ നാം സ്‌നേഹിക്കുകയാണു ചെയ്യേണ്ടതെന്ന് പൗലൊസ് 2 തെസ്സലൊനിക്യര്‍ 2:10-ല്‍ പറയുന്നതു ശ്രദ്ധിക്കുക. അവിടെ പല പടികള്‍ പൗലൊസ് വിവരിക്കുന്നുണ്ട്. നമ്മെക്കുറിച്ചുള്ള സത്യം കാണുമ്പോള്‍ നാം ആ സത്യത്തെ വിശ്വസിച്ച്, സ്‌നേഹിച്ച്, കൈക്കൊണ്ട്, രക്ഷിക്കപ്പെടണം. അങ്ങനെ ചെയ്യാതെ നാം ആ സത്യത്തെ നിരന്തരം അവഗണിക്കുകയാണെന്ന് ഇരിക്കട്ടെ. ആ നിലയില്‍ മുന്നോട്ടുപോയാല്‍, സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്നതില്‍ തുടര്‍ന്നാല്‍, ഒരു ശിക്ഷാവിധി അവരെ കാത്തിരിക്കുന്നു. അതെന്താണ്? ഒറ്റനോട്ടത്തില്‍ വിചിത്രമെന്നു തോന്നാവുന്ന ഒന്നാണത്. ‘ദൈവം ഭോഷ്‌ക് സത്യമാണെന്നു വിശ്വസിക്കത്തക്കവണ്ണം അവരുടെ മേല്‍ ഒരു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കും’ എന്നതാണത് (2 തെസ്സ 2:11,12).

ഭോഷ്‌കു വിശ്വസിക്കുവാന്‍ വ്യാജത്തിന്റെ വ്യാപാരശക്തി മനുഷ്യരുടെ മേല്‍ സത്യവാനായ ദൈവം അയയ്ക്കുമെന്നോ? ‘അവിശ്വസനീയം’ എന്നു നാം പറഞ്ഞേക്കാം. എന്നാല്‍ സത്യത്തെ നിരന്തരം അവഗണിച്ച ആഹാബ് രാജാവ് നശിച്ചുപോകത്തക്കവണ്ണം അവന് ഒരു മിഥ്യാബോധം നല്‍കാന്‍ ദൈവം ഭോഷ്‌കിന്റെ ആത്മാവിനെ അയച്ച സംഭവം ഓര്‍ക്കുക (1 രാജാ.22:22). എത്ര ഭയങ്കരം!

കരുണാമയനായ ദൈവം തന്നെ തന്റെ കരുണയുടെ വാതില്‍ നമുക്കെതിരെ കൊട്ടിയടയ്ക്കുകയും നമ്മെ നശിപ്പിക്കുവാന്‍ ഭോഷ്‌കു വിശ്വസിക്കത്തക്കവണ്ണം നമ്മുടെ മേല്‍ വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുകയും ചെയ്താല്‍ നമുക്കു പിന്നെ എന്താണു രക്ഷ? വലിയവനായ ദൈവം തന്നെ നമ്മുടെ ശത്രുപക്ഷത്തു നിലയുറപ്പിച്ചാല്‍ നമുക്ക് എന്താണു പ്രതീക്ഷിക്കാനുള്ളത്?

അതു സംഭവിക്കാതിരിക്കാന്‍ വെളിച്ചത്തോടു നമുക്കു ക്രിയാത്മകമായി പ്രതികരിക്കാം. സത്യത്തെ സ്‌നേഹിക്കാം. അതിനൊരു വില കൊടുക്കാം. ‘ഇരുട്ടു നീങ്ങിപ്പോകുന്നു. സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു’ എന്നു പറയാം (1 യോഹ.2:8).

അധ്യായം 21 :
ഓട്ടവും ശുശ്രൂഷയും

”എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല. എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കര്‍ത്താവായ യേശു തന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളൂ” (പ്രവൃ.20:24).

മദ്ധ്യധരണിക്കടലിന്റെ തീരത്തു രണ്ടു പട്ടണങ്ങള്‍-മിലേത്തോസും എഫേസോസും. ജറുസലെമിനുള്ള ആ കപ്പല്‍ ഇക്കുറി എഫെസൊസ് സ്പര്‍ശിക്കാതെ മിലേത്തോസ് വഴിയായാണു പോകുന്നത്. പെന്തക്കോസ്തു ദിനത്തിനു മുന്‍പേ ജറുസലെമില്‍ എത്തിച്ചേരുവാനുള്ള തിടുക്കത്തില്‍ ആ കപ്പലില്‍ കയറിയ ഒരു യാത്രികനുണ്ട്-പൗലൊസ്. പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി തന്റെ ശുശ്രൂഷ തികയ്ക്കുവാനായാണ് അദ്ദേഹം അവിടേയ്ക്കു പോകുന്നത്. പോകുന്ന വഴിയില്‍ എഫെസൊസിലെ തന്റെ സ്‌നേഹിതരോടു യാത്ര പറയുവാനും അവര്‍ക്കൊരു അന്തിമസന്ദേശം നല്‍കുവാനും പൗലൊസിന് ആഗ്രഹം.

ആ ആഗ്രഹം അദ്ദേഹം എഫെസോസിലെ സഭയിലെ മൂപ്പന്മാരെ അറിയിച്ചു. അവര്‍ 50 മൈലോളം യാത്രചെയ്ത് മിലേത്തോസില്‍ എത്തി പൗലൊസിനെ കണ്ടു. പൗലൊസ് അവരോട് വികാരഭരിതമെങ്കിലും ഹ്രസ്വമായ ഒരു പ്രസംഗം നടത്തി. ഏഷ്യയില്‍ വന്ന ഒന്നാംനാള്‍ മുതല്‍ അവരോട് താഴ്മയോടും കണ്ണീരോടും കൂടി നിരന്തരം താന്‍ നല്‍കിയ ഉപദേശങ്ങള്‍ വിസ്മരിക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉപദേശത്തിനു ചേര്‍ന്ന തന്റെ നിസ്വാര്‍ത്ഥമായ ജീവിതം അവര്‍ക്കു മാതൃകയായിരിക്കട്ടെ എന്ന് ആശംസിച്ചു. താന്‍ പോയ ശേഷം ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ സഭയില്‍ നുഴഞ്ഞുകയറാനുള്ള സാധ്യതയുടെ നേരേ ഖേദത്തോടെ വിരല്‍ ചൂണ്ടി. ജറുസലെമിലേക്ക് പരിശുദ്ധാത്മാവിനാല്‍ കെട്ടപ്പെട്ടവനായി യാത്രചെയ്യുന്ന തന്റെ മുഖം ഇനി അവരാരും കാണാന്‍ സാധ്യതയില്ലെന്നും പൗലൊസ് മുന്നറിയിപ്പു നല്‍കി. ഹ്രസ്വമായ ആ പ്രസംഗം പൊടുന്നനെ അവസാനിച്ചു.

വികാരഭരിതമായ ഒരു വിടവാങ്ങലാണ് തുടര്‍ന്നു നടന്നത്. അവര്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പൗലൊസിനെ കഴുത്തില്‍ കെട്ടിപ്പിടിച്ചു ചുംബിച്ചു. മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍വാര്‍ത്തുകൊണ്ട് ഓരോരുത്തര്‍ക്കും ബുദ്ധി പറഞ്ഞുതന്ന പൗലൊസിന്റെ മുഖം ഇനി തങ്ങള്‍ കാണുകയില്ല. എല്ലാവരും വളരെ കരഞ്ഞു. കപ്പലോളം അദ്ദേഹത്തെ അവര്‍ അനുയാത്ര ചെയ്തു. എഫെസൊസിലുള്ളവരെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു കാലഘട്ടത്തിന്റെ അവസാനം പോലെയാവാം തോന്നിയത്.

എഫെസൊസ് സഭയിലെ മൂപ്പന്മാരോടു നടത്തിയ ആ അന്തിമപ്രസംഗത്തില്‍ പൗലൊസ് തന്റെ ജീവിതലക്ഷ്യവും ആത്യന്തികമായുള്ള ആഗ്രഹവും നിര്‍വ്വചിക്കുന്ന വാക്യമാണു തുടക്കത്തില്‍ ഉദ്ധരിച്ചത്: ‘എന്നാല്‍ എന്റെ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍ നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ശുശ്രൂഷ നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു.’

ഈ വാക്യത്തില്‍ ശ്രദ്ധേയമായ രണ്ടു വാക്കുകളാണു ഓട്ടവും ശുശ്രൂഷയും (course and ministry). പൗലൊസിനെ സംബന്ധിച്ചിടത്തോളം ഇവ രണ്ടല്ല; ഒന്നാണ്.

ഓട്ടം- ക്രിസ്തീയജീവിതത്തെ വിശേഷിപ്പിക്കാന്‍ പൗലൊസ് മിക്കപ്പോഴും ഉപയോഗിക്കുന്ന വാക്കാണത്. ക്രിസ്തീയജീവിതം ഒരു ഓട്ടക്കളമാണെന്നും ഒരുവന്‍ തന്റെ ഓട്ടം വിജയകരമായി ഓടി പൂര്‍ത്തിയാക്കണമെന്നുമാണു പൗലൊസിന്റെ കാഴ്ചപ്പാട്. ദമസ്‌കോസിന്റെ പടി വാതില്‍ക്കല്‍ ദൈവം അവനെ പിടികൂടിയപ്പോള്‍ പൗലൊസ് ആ ഓട്ടം ആരംഭിച്ചു. നിരന്തരം താന്‍ ആ ഓട്ടക്കളത്തിലായിരുന്നു (1 കൊരി 9:24-26, ഫിലി. 3:12-14). ഒടുവില്‍ ‘ഞാന്‍ ഓട്ടം തികെച്ചു’ എന്നു തന്റെ അന്തിമ ലേഖനത്തില്‍ പൗലൊസ് പ്രഖ്യാപിക്കുകയും ചെയ്യുന്നു (2 തിമൊ. 4:7).

പൗലൊസില്‍ നിന്നു വ്യത്യസ്തമായി ഇന്നു പലരെ സംബന്ധിച്ചും ഓട്ടവും ശുശ്രൂഷയും രണ്ടായി മുറിഞ്ഞുകിടക്കുകയാണ്. ക്രിസ്തീയജീവിതമാകുന്ന ഓട്ടത്തില്‍ നിന്നു വേറിട്ട ഒരു തൊഴിലായി ശുശ്രൂഷ ഇന്നു മാറിയിരിക്കുന്നു. എന്നാല്‍ ആത്യന്തികമായി നമ്മുടെ ജീവിതം തന്നെയല്ലേ നമ്മുടെ ശുശ്രൂഷയും? ഒരു ക്രിസ്ത്യാനിയുടെ ജീവിത ത്തെയും ശുശ്രൂഷയെയും വ്യക്തമാക്കാന്‍ യേശു രണ്ട് ഉദാഹരണങ്ങളാണ് ഉപയോഗിച്ചത്. നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു (മത്തായി 5:13), നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു (5: 14). ഉപ്പിന്റെ ജീവിതവും ശുശ്രൂഷയും രണ്ടായി നില്‍ക്കുന്നില്ല. ഉപ്പ് എല്ലാറ്റിനെയും രുചിപ്പെടുത്തുകയും ജീര്‍ണിച്ചു പോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപ്പിന്റെ ‘ശുശ്രൂഷ’യാണത്. എന്നാല്‍ സ്വയം അലിഞ്ഞു ചേര്‍ന്നും തന്റെ സ്വത്വത്തെ (identity) നഷ്ടപ്പെടുത്തിയുമാണ് ഉപ്പ് ആ ‘ശുശ്രൂഷ’ ചെയ്യുന്നത് എന്നുള്ളതുകൊണ്ട് ഉപ്പിന്റെ ‘ജീവിത’വും അതുതന്നെ. ഉപ്പിന്റെ ‘ജീവിത’ത്തില്‍ നിന്നു മാറ്റി നിര്‍ത്താവുന്ന ഒന്നല്ല അതിന്റെ ‘ശുശ്രൂഷ.’

വെളിച്ചത്തിന്റെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ലോകത്തിന്റെ വിളക്കാകുന്നു എന്നല്ല വെളിച്ചമാകുന്നു (not a lamp but light) എന്നാണ് യേശു പറഞ്ഞത്. വെളിച്ചമില്ലാതെയും വിളക്കിന് ഒരു അസ്തിത്വമുണ്ട് (existence). എന്നാല്‍ വെളിച്ചത്തിന് വെളിച്ചമില്ലാതെ ഒരു നിലനില്‍പ്പില്ല. ഉപ്പിനെപ്പോലെ വെളിച്ചത്തിന്റെയും ജീവിതവും ശുശ്രൂഷയും ഒന്നുതന്നെ.

യേശുവിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും രണ്ടായി കാണുന്നവര്‍ തങ്ങള്‍ക്കു നഷ്ടമാകുന്നത് എന്തെന്ന് അറിയുന്നില്ല. യേശുവിന്റെ മൂന്നര വര്‍ഷത്തെ പരസ്യശുശ്രൂഷയെ അവിടുത്തെ 30 വര്‍ഷത്തെ രഹസ്യജീവിതത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ കഴിയുമോ? അവിടുത്തെ രഹസ്യജീവിതത്തിന്റെ തുടര്‍ച്ചയും അതിന്റെ പൂരകവുമായിരുന്നു യേശുവിന്റെ പരസ്യശുശ്രൂഷയും. രഹസ്യജീവിതത്തിലാകട്ടെ പരസ്യജീവിതത്തിലാകട്ടെ യേശു ‘ഇളയ തൈ പോലെയും വരണ്ട നിലത്തു നിന്നു വേര്‍ മുളയ്ക്കുന്നതു പോലെയും ദൈവത്തിന്റെ മുന്‍പാകെയായിരുന്നു’ (യെശ. 53:2). പരസ്യശുശ്രൂഷാകാലത്തു മാത്രമല്ല അവിടുന്നു ലോകത്തിന്റെ ‘വെളിച്ച’ മായിരുന്നത്. അവിടുത്തെ മുഴുജീവിതവും മനുഷ്യരുടെ ‘വെളിച്ച’ മായിരുന്നു (യോഹ. 1:4). യേശുവിന്റെ രഹസ്യജീവിതത്തിനും പരസ്യജീവിതത്തിനും ഒരുപോലെ ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്നു സ്വര്‍ഗ്ഗത്തിന്റെ അംഗീകാരവും ഉണ്ടായിരുന്നു (മത്തായി 3:17, 12:17, 17:5, യോഹ. 12:28). യേശുവിന് ജീവിതത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന തൊഴിലായിരുന്നില്ല ശുശ്രൂഷ. ഇതു മനസ്സിലാക്കാതെ രണ്ടിനേയും രണ്ടായി കാണുന്നവരാണിന്നേറെയും. ഫലം അവര്‍ യേശുവിന്റെ ശുശ്രൂഷയെ വേറിട്ടു കണ്ട് അതിനെ അനുകരിക്കുകയും ജീവിതത്തെ അവഗണിക്കുകയും ചെയ്യുന്നു. യേശുവിന്റെ ശുശ്രൂഷയെ അഭിനന്ദിക്കുകയും അവിടുത്തെ ജീവിതത്തെ അനുഗമിക്കാതിരിക്കുകയും ചെയ്തുകൊണ്ട് അവര്‍ യേശുവിന്റെ മുഴുജീവിതവും തങ്ങള്‍ക്കു നല്‍കിയിട്ടുള്ള സാധ്യതയെ നഷ്ടമാക്കുകയാണ്!

ചുരുക്കത്തില്‍ ഓട്ടം തന്നെയാണു ദൗത്യം. ദൗത്യം തന്നെയാണ് ഓട്ടം. പ്രാണനെ വിലയേറിയതായി എണ്ണിയാല്‍ ഈ ഓട്ടം (ദൗത്യം) വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുകയില്ലെന്നും പൗലൊസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നമുക്കും ‘ഓടുന്നതോ ഓടിയതോ വെറുതെ എന്നു വരാതിരിക്കാന്‍’ ‘പ്രാപിക്കാന്‍ തക്കവണ്ണം’ ‘പിന്‍പിലുള്ളതു മറന്നു മുന്‍പിലുള്ളതിനു ആഞ്ഞു കൊണ്ട് പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടാം'(ഗലാ. 2:2, 1 കൊരി. 9:24, ഫിലി. 3:14).

അധ്യായം 22 :
‘ഞാന്‍ വിശ്വസിച്ചു; ഞാന്‍ സംസാരിച്ചു’


ഇംഗ്ലീഷ് ചാനല്‍ വിജയകരമായി നീന്തിക്കടന്നു പ്രസിദ്ധയായ ഫ്‌ളോറന്‍സ് ഛാഡ്‌വിക്കിന്റെ അത്ര പ്രസിദ്ധമല്ലാത്ത ഒരു പരാജയ കഥയുണ്ട്. കാറ്റിലിന എന്ന ചെറു ദ്വീപില്‍ നിന്നു കലിഫോര്‍ണിയയുടെ തീരത്തേക്കു നീന്താന്‍ ഫ്‌ളോറന്‍സ് തീരുമാനിച്ചു. എല്ലാ മാധ്യമങ്ങളും അതിനു വന്‍ പ്രചാരണം നല്‍കി. ഫ്‌ളോറന്‍സിനു നിഷ്പ്രയാസം ലക്ഷ്യം നേടാന്‍ കഴിയുമെന്ന് എല്ലാവരും കണക്കുകൂട്ടി. പക്ഷേ കരയെത്തുന്നതിനു കേവലം അരമൈല്‍ ഇപ്പുറത്തു വച്ച് അവര്‍ നീന്തല്‍ നിര്‍ത്തി ദൗത്യത്തില്‍ നിന്നു പിന്മാറി. ഈ പരാജയത്തിന്റെ കാരണം പിന്നീടു ഫ്‌ളോറന്‍സ് തുറന്നു പറഞ്ഞു: ‘മൂടല്‍മഞ്ഞു കാരണം എനിക്കു കര കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണു ഞാന്‍ പിന്മാറിയത്. അര മൈല്‍ അകലെ മാത്രമാണു കര എന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും നീന്തി കര പറ്റുമായിരുന്നു.”

നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇങ്ങനെയാണ്. ദൈവസാന്നിധ്യത്തിന്റെ കരയെ അവിശ്വാസത്തിന്റെ മൂടല്‍മഞ്ഞു മറയ്ക്കുന്നു!

മത്തായി സുവിശേഷം അവസാനിക്കുന്നത് യേശുവിന്റെ ഈ വാക്കുകളോടെയാണ്: ‘ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട്.’ നമ്മുടെ ജീവിതത്തിന്റെ അന്ത്യം വരെ ഓരോ ദിവസവും ദൈവം നമ്മോടു കൂടെയുണ്ടെന്ന ഉറപ്പാണ് ഈ വചനം നമുക്കു നല്‍കുന്നത്. യേശുവിന്റെ മറ്റൊരു പേരായ ‘ഇമ്മാനുവേലി’ന്റെ അര്‍ത്ഥം തന്നെ ‘ദൈവം നമ്മോടു കൂടെ’ എന്നാണല്ലോ. എന്നാല്‍ പ്രതിസന്ധികളുടെ നടുവില്‍ ദൈവം നമ്മോടുകൂടെയുണ്ടെന്നും അവിടുന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കുന്നുവെന്നും ഉള്ള ഉറപ്പിനെ പലപ്പോഴും അവിശ്വാസത്തിന്റെ മൂടല്‍മഞ്ഞു വിഴുങ്ങിക്കളയുന്നു. ഫലം സംശയം, അസമാധാനം, നിരാശ…

ചില സന്ദര്‍ഭങ്ങളില്‍ ‘ദൈവം ഉണ്ടെ’ന്നുള്ള കേവലവിശ്വാസം പോലും കൈമോശം വന്നതുപോലെ തോന്നാം. ഇതുകൊണ്ടാണ് എബ്രായലേഖനകാരന്‍ എബ്രായവിശ്വാസികളോട് ‘എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍… ദൈവം ഉണ്ട് എന്നു വിശ്വസിക്കേണ്ടതല്ലോ’ എന്നു പറഞ്ഞിരിക്കുന്നത് (11:6).

ദൈവം ഇപ്പോള്‍ ഇവിടെയുണ്ട്. ഈ വലിയവനായ ദൈവം എന്നെ സ്‌നേഹിക്കുന്ന എന്റെ പിതാവാണ്-ഈ കേവലമായ, പ്രാഥമികമായ വിശ്വാസത്തിനുപോലും അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കഴിയും.

‘അപ്പനു മക്കളോടു കരുണതോന്നുന്നതുപോലെ യഹോവയ്ക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു’ -സങ്കീര്‍ത്തനക്കാരനു തെല്ലും സംശയമില്ല (103:8). പഴയനിയമഭക്തനുണ്ടായിരുന്ന ഈ വിശ്വാസം ഇന്നു പുതിയനിയമവിശ്വാസികളായ നമുക്കു നഷ്ടപ്പെടരുത്. ഈ വിശ്വാസം നാം ഏറ്റുപറയുകയും വേണം. ”ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നാണല്ലോ (2 കൊരി.4:13).

അപ്പനു മക്കളോട് കരുണ തോന്നുന്നതെങ്ങനെയാണ്? നമ്മുടെ കാലഘട്ടത്തില്‍ തന്നെ നടന്ന ഒരു സംഭവം ഇങ്ങനെ:

റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയ ശക്തമായ ഒരു ഭൂമികുലുക്കം 1989-ല്‍ അര്‍മീനിയായില്‍ ഉണ്ടായി. നാലു മിനിറ്റുകൊണ്ടു 30,000 പേരാണ് അന്നു കൊല്ലപ്പെട്ടത്. വലിയ പരിഭ്രാന്തിയുടെയും നിലവിളിയുടെയും ഇടയില്‍ ഒരാള്‍ തന്റെ ഭാര്യയെ ഒരു വീട്ടില്‍ സുരക്ഷിതമായി കൊണ്ടു ചെന്നാക്കിയശേഷം മകന്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ സ്‌കൂള്‍ കെട്ടിടം പപ്പടം പോലെ പൊടിഞ്ഞ് നിലംപരിചായിരിക്കുന്നു!

ആദ്യത്തെ നടുക്കം മാറിയപ്പോള്‍ ആ പിതാവ് മകനു കൊടുത്തിരുന്ന ഒരു വാഗ്ദാനം ഓര്‍ത്തു-‘എന്തു വന്നാലും ഞാന്‍ എപ്പോഴും നിനക്കുവേണ്ടി അവിടെ ഉണ്ടാകും.’ ഓര്‍ക്കുന്തോറും ആ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപോലെ. എന്നാല്‍ മകനു നല്‍കിയ വാഗ്ദാനത്തെക്കുറിച്ചുള്ള ഓര്‍മയും പ്രിയ മകനോടുള്ള സ്‌നേഹവും ആ മനസ്സില്‍ വേലിയേറ്റം സൃഷ്ടിച്ചപ്പോള്‍ ഒരു തീരുമാനം മെല്ലെ ശക്തി പ്രാപിക്കുകയായിരുന്നു.

ദിവസവും രാവിലെ മകനെ സ്‌കൂളില്‍ കൊണ്ടു ചെന്നാക്കുമ്പോള്‍ അവന്‍ ഏതു ക്ലാസു മുറിയിലേക്കാണു കയറിപ്പോകുന്നതെന്ന് ആ നഷ്ടക്കൂമ്പാരത്തിന്റെ മുമ്പില്‍ നിന്നു സങ്കല്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പുറകിലത്തെ കെട്ടിടത്തിന്റെ വലത്തെ മൂലയിലാണല്ലോ ആ ക്ലാസ്മുറിയുടെ സ്ഥാനം. അദ്ദേഹം ആ ഭാഗത്തേക്ക് ഓടി ചെന്നു. അവിടെ കൂമ്പാരമായി കിടന്ന കല്ലും മണ്ണും തടിക്കഷണങ്ങളും മാറ്റാന്‍ തുടങ്ങി. അതുകണ്ട് മറ്റ് മാതാപിതാക്കളും അങ്ങോട്ടു ചെന്നു. എന്നാല്‍ അവരില്‍ പലരും പ്രതീക്ഷയെല്ലാം അസ്തമിച്ച മട്ടില്‍ കാഴ്ചക്കാരെപ്പോലെ അങ്ങിങ്ങു നിലയുറപ്പിക്കുകയാണു ചെയ്തത്. ചിലര്‍ പലതും പറഞ്ഞു വിലപിക്കുന്നുണ്ടായിരുന്നു. വേറെ ചിലര്‍ മണ്ണുവാരി മാറ്റുന്ന ആ പിതാവിനെ ‘നിരര്‍ത്ഥകമായ ആ പ്രവൃത്തി’യില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു.
‘വളരെ താമസിച്ചുപോയി’
‘ഇനി രക്ഷയില്ല. ആരും ശേഷിച്ചിട്ടില്ല’

‘വെറുതെ എന്തിനു കഷ്ടപ്പെടുന്നു? വീട്ടില്‍ പോകുക’
‘യാഥാര്‍ഥ്യത്തെ അംഗീകരിക്കുക. നിങ്ങള്‍ക്കിനിയും ഒന്നും ചെയ്യാന്‍ കഴിയുകയില്ല…’
അങ്ങനെ പോയി അവരുടെ അഭിപ്രായപ്രകടനങ്ങള്‍.

പക്ഷേ എന്ത് അഭിപ്രായം പറഞ്ഞവരോടും ആ പിതാവിന് ഒരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ-‘താങ്കള്‍ ഇപ്പോള്‍ എന്നെ സഹായിക്കുമോ?’ ആരും അദ്ദേഹത്തെ സഹായിച്ചില്ല.
ഇതിനിടെ അഗ്നിശമനസേനയുടെ മേധാവി അവിടെയെത്തി. അദ്ദേഹം പറഞ്ഞു: ‘സ്‌ഫോടനങ്ങളും ചെറു ഭൂമി കുലുക്കങ്ങളും ഇപ്പോഴും തുടരുകയാണ്. ഇവിടം ഒട്ടും സുരക്ഷിതമല്ല. നിങ്ങള്‍ വീട്ടില്‍ പോകൂ. ഇവിടെ ഞങ്ങള്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാം.’ അതിനും ആ പിതാവില്‍ നിന്ന് ഒരു മറുപടി മാത്രം ‘സര്‍, താങ്കള്‍ ഇപ്പോള്‍ എന്നെ സഹായിക്കുമോ?’

പൊലീസ് രംഗത്തെത്തി: ‘നിങ്ങള്‍ കാര്യങ്ങള്‍ വെറുതെ വഷളാക്കുകയാണ്. മറ്റുള്ളവരെയും താങ്കള്‍ ബുദ്ധിമുട്ടിക്കുന്നു. വീട്ടില്‍ പൊയ്‌ക്കോളൂ. ഇവിടെ വേണ്ടതു ചെയ്യാന്‍ ഞങ്ങളുണ്ടല്ലോ.’ അതിനും ഒരേയൊരു ഉത്തരം: ‘നിങ്ങള്‍ ഇപ്പോള്‍ എന്നെ സഹായിക്കുമോ’ ആരും സഹായിച്ചില്ല.
എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ ആ പിതാവു തന്റെ ജോലി തുടര്‍ന്നു. കാരണം അദ്ദേഹത്തിന് ഒരു കാര്യം അറിയണമായിരുന്നു- ‘എന്റെ മകന്‍ ജീവനോടെയുണ്ടോ, അതോ…?’

അയാള്‍ തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ കുഴിച്ചു കൊണ്ടിരുന്നു…പിന്നെ 12 മണിക്കൂര്‍… 24 മണിക്കൂര്‍… 36 മണിക്കൂര്‍… 36-ാം മണിക്കൂറില്‍ ഒരു വലിയ തടിക്കഷണം എടുത്തു മാറ്റുമ്പോള്‍ ആ പിതാവ് തന്റെ മകന്റെ സ്വരം കേട്ടു!

അദ്ദേഹം നിലവിളിയോടെ മകനെ വിളിച്ചു: ‘അര്‍മന്‍ഡ്’
‘ഡാഡി? ഇതു ഞാനാണു ഡാഡ്! ഞാന്‍ മറ്റു കുട്ടികളോടു കരയേണ്ടന്നു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവരോടു പറഞ്ഞു ‘എന്റെ ഡാഡി ജീവനോടെയുണ്ടെങ്കില്‍ എന്നെ രക്ഷിക്കും. അപ്പോള്‍ നിങ്ങള്‍ക്കും രക്ഷപ്പെടാം എന്ന്. എന്തുവന്നാലും ഞാന്‍ നിനക്കുവേണ്ടി അവിടെയുണ്ടാകുമെന്നു ഡാഡി വാഗ്ദാനം ചെയ്തിരുന്നല്ലോ.’

‘അവിടെ എങ്ങനെയാണു നിങ്ങള്‍ കഴിയുന്നത്? എന്താണു നിങ്ങള്‍ക്കു സംഭവിച്ചത്?’
‘ഡാഡി ഞങ്ങളുടെ ക്ലാസിലെ 33 പേരില്‍ 14 പേരും ഇവിടെ ജീവനോടെയുണ്ട്. ഞങ്ങള്‍ക്കു വിശപ്പും ദാഹവുമൊക്കെയുണ്ടെങ്കിലും ഡാഡിയുടെ ശബ്ദം കേട്ടപ്പോള്‍ എല്ലാം മാറി. കെട്ടിടം വീണപ്പോള്‍ ഇവിടം ഒരു മൂലയായിരുന്നു. ഒരു ത്രികോണം പോലെ ബീമില്‍ താങ്ങി ഈ ഭാഗം നിലം പൊത്താതെ നിന്നു. മണ്ണും കല്ലും എല്ലാം മുകളില്‍ വീണ് ഒരു കൂമ്പാരമായെങ്കിലും അടിയില്‍ ഞങ്ങള്‍ സുരക്ഷിതരാണു ഡാഡി!’

ചില യഥാര്‍ത്ഥ സംഭവങ്ങള്‍ കഥകളെക്കാള്‍ വിചിത്രമായി തോന്നാം! എന്നാല്‍ ഒരു പിതാവിന്റെ സ്‌നേഹവും കരുതലും നിശ്ചയദാര്‍ഢ്യവും യഥാര്‍ഥത്തില്‍ ആ കുഞ്ഞുങ്ങളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയായിരുന്നു. ഈ ലോകത്തിലെ ഒരു പിതാവിന് ഇതുകഴിയുമെങ്കില്‍ നമ്മോടുള്ള സ്വര്‍ഗ്ഗീയപിതാവിന്റെ കരുതലും സ്‌നേഹവും എത്രയധികം! ഈ ഉറപ്പിനെ അവിശ്വാസത്തിന്റെ മൂടല്‍ മഞ്ഞ് വിഴുങ്ങിക്കളയാതിരിക്കട്ടെ!!

വീണ്ടും ആ വാക്കുകള്‍ ഓര്‍ക്കാം: ‘ഞാനോ… എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട്.’

അധ്യായം 23 :
കഷ്ടതയുടെ പിന്നിലെ ദൈവഹിതം


‘കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പറ്റിയ സ്ഥലമല്ല സ്വര്‍ഗ്ഗം”- സി. എസ് ലോവെറ്റ് എന്ന ദൈവഭൃത്യന്റേതാണ് അമ്പരപ്പിക്കുന്ന ഈ പ്രസ്താവന. നമുക്ക് ഒറ്റക്കേഴ്‌വിയില്‍ ഉള്‍ക്കൊള്ളാനാകാത്ത ഈ പ്രസ്താവന തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ‘മക്കളെ പക്വതയിലേക്കു കൊണ്ടുവരുവാന്‍ കഴിയുന്ന സ്ഥലമല്ല സ്വര്‍ഗ്ഗം. ദിവ്യസ്‌നേഹത്തിലേക്കോ ദൈവികസ്വഭാവത്തിലേക്കോ വിശ്വാസികളെ വളര്‍ത്തുവാനും സ്വര്‍ഗ്ഗത്തില്‍ സാധ്യമല്ല. ഇതിനെല്ലാം ഒരേയൊരു കാരണ മേയുള്ളു-ആത്മീയ പക്വതയിലേക്ക് ആളുകളെ നയിക്കുവാന്‍ വേണ്ട സാഹചര്യമല്ല അവിടെയുള്ളത്.”

അവിടത്തെ സാഹചര്യത്തിന്റെ പ്രത്യേകത എന്താണ്? അവിടെ ‘അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചു കളയും. ഇനി മരണം ഉണ്ടാകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല”(വെളിപ്പാട് 21:4,5).

അപ്പോള്‍ അതാണു കാര്യം. അവിടെ കഷ്ടതകളും പരീക്ഷകളും ഇല്ല. എതിര്‍പ്പുകളോ തടസ്സങ്ങളോ ഇല്ല. മോഹഭംഗങ്ങളും കണ്ണുനീരും ഇല്ല. പൂര്‍ണ്ണമായ സ്വസ്ഥതയാണവിടെ. ഇത്തരം ഒരു അവസ്ഥയില്‍ സ്വഭാവത്തില്‍ വളര്‍ച്ചയുണ്ടാകുമോ? ഡോ: ലോവെറ്റ് തുടര്‍ന്നു ചോദിക്കുന്നു: ‘എല്ലാ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കിയാല്‍ കുട്ടികള്‍ക്ക് എന്തു സംഭവിക്കും? കഷ്ടതകള്‍, പീഡനങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, ജീവിതത്തിന്റെ തിരിച്ചടികള്‍ എന്നിവയില്‍ നിന്നെല്ലാം എപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിച്ചുനിര്‍ത്തിയാല്‍ എന്താണുണ്ടാവുക? അവര്‍ വളരുമോ? ഇല്ല. ദിവ്യസ്വഭാവത്തിലേക്ക് അവര്‍ വളരുകയില്ല.’

ദിവ്യസ്വഭാവത്തിലേക്കുള്ള വളര്‍ച്ചയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുമ്പോഴും ഈ സത്യത്തിലേക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത്: ‘കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”(റോമര്‍ 5:3). എന്തുകൊണ്ടാണ് കഷ്ടങ്ങളില്‍ പൗലൊസ് പ്രശംസിക്കുന്നത്? കാരണം കഷ്ടതയാണ് ദിവ്യസ്വഭാവത്തിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടി.

ഇക്കാര്യത്തില്‍ ശലോമോന്റെ ദേവാലയം പണിക്ക് ഉപയോഗിച്ച കല്ലുകളില്‍നിന്നു നമുക്കൊരു പാഠം പഠിക്കാന്‍ കഴിയും. ക്വാറിയില്‍ നിന്ന് വെട്ടി എടുക്കുമ്പോള്‍ ഈ കല്ലുകള്‍ കുറവുകള്‍ ഉള്ളതും ആകൃതിയില്ലാത്തതുമാണ്. എന്നാല്‍ വെട്ടുകുഴിയില്‍ വച്ചു തന്നെ അതിന്റെ മേല്‍ ചുറ്റിക, മഴു, ഇരുമ്പായുധങ്ങള്‍ എന്നിവ പ്രയോഗിക്കുന്നു (1 രാജാക്കന്മാര്‍ 6:7). ഫലം അവ ദേവാലയം പണിക്ക് ഉപയുക്തമായ മനോഹരമായ ആകൃതിയൊത്ത കല്ലുകളായി മാറുന്നു.

നമ്മെ ‘ജീവനുള്ള കല്ലുകള്‍’ എന്നാണു ദൈവവചനം വിശേഷിപ്പിച്ചിരിക്കുന്നത് (1 പത്രൊ.2:5). ശലോമോന്റെ ദേവാലയം പണിത കല്ലുകളുടെ മേല്‍ ചുറ്റികയും മഴുവും ഇരുമ്പായുധങ്ങളും ഉപയോഗിച്ചപ്പോള്‍ അവ നിര്‍ജ്ജീവമായതുകൊണ്ടു വേദന അറിഞ്ഞില്ല. എന്നാല്‍ നേരേ മറിച്ചാണു ജീവനുള്ള കല്ലുകളുടെ അവസ്ഥ. ചുറ്റികയുടെ ഓരോ അടിയും മഴുവിന്റെ ഓരോ കൊത്തും നമ്മെ വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ ആയുധം പ്രയോഗിക്കാതെ ആകൃതി വരുത്തുവാന്‍ കഴിയുകയില്ല. വേദനിപ്പിക്കാതെ ജീവനുള്ള കല്ലുകളെ ആകൃതിയൊത്ത ഒന്നാക്കി മാറ്റുവാന്‍ ശില്പിക്കു സാധ്യമല്ല.

ശില്പിയുടെ ഹൃദയത്തില്‍ ഓരോ കല്ലിനെക്കുറിച്ചും ഒരു സങ്കല്പമുണ്ട്. ഈ സങ്കല്പത്തിലേക്കാണു കല്ലിനെ കൊത്തിയെടുക്കുന്നത്. വിശ്രുതനായ ശില്പി മൈക്കല്‍ ഏയ്ഞ്ചലോയുടെ വിശ്വപ്രസിദ്ധ ശില്പമായ ഡേവിഡിനെക്കുറിച്ചുള്ള കഥ ഇങ്ങനെ: മറ്റു ശില്പികള്‍ ഉപേക്ഷിച്ച് ഇട്ടിരുന്ന ഒരു വലിയ മാര്‍ബിള്‍ കല്ല് അദ്ദേഹം കാണുവാനിടയായി. മൈക്കല്‍ ഏയ്ഞ്ചലോ അതെടുത്ത് അതില്‍ പണി ചെയ്യുവാന്‍ ആരംഭിച്ചു. ആ ആകൃതിയില്ലാത്ത കല്ല് ഒടുവില്‍ ദാവീദിന്റെ അതിമനോഹരമായ ഒരു ശില്പമായി മാറി. മറ്റു ശില്പികളുടെ ഉളിക്കു വഴങ്ങാത്ത കഠിനമായ ഈ കല്ലില്‍നിന്ന് എങ്ങനെയാണ് താങ്കള്‍ ഡേവിഡ് എന്ന ഈ വെണ്ണക്കല്‍ ശില്പം രൂപപ്പെടുത്തിയതെന്ന് അത്ഭുതപരതന്ത്രരായ കാണികള്‍ ചോദിച്ചപ്പോള്‍ മൈക്കല്‍ ഏയ്ഞ്ചലോയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അതു വളരെ എളുപ്പമായിരുന്നു. ഞാന്‍ ആ ആകൃതിയില്ലാത്ത മാര്‍ബിള്‍ കഷണത്തിനുള്ളില്‍ ഒളിച്ചിരുന്ന ഡേവിഡിന്റെ രൂപം ആദ്യം മനക്കണ്ണില്‍ കണ്ടു. എന്നിട്ട് ആ കല്ലില്‍ നിന്നു ഡേവിഡിന്റെ ശില്പത്തിനു ചേരാത്ത ബാക്കി ഭാഗങ്ങളെല്ലാം ഉളി ഉപയോഗിച്ചു ചെത്തിക്കളയുക മാത്രം ചെയ്തു. അപ്പോള്‍ ഈ ശില്പം അവശേഷിച്ചു.’

വലിയ ശില്പിയായ ദൈവത്തിന് ഇതുപോലെ നമ്മെ ഓരോരുത്തരെക്കുറിച്ചും നാം ഏതു രൂപത്തില്‍ എത്തിച്ചേരണം എന്നതു സംബന്ധിച്ച് ഒരു സങ്കല്പമുണ്ട്. അതിനു യോജിക്കാത്തതെല്ലാം അവിടുന്നു കഷ്ടതയുടെ ഉളി ഉപയോഗിച്ചു ചെത്തിക്കളയുകയാണ് ചെയ്യുന്നത്. നാം എന്തായിത്തീരണമോ അതിതുവരെ ആയിത്തീര്‍ന്നിട്ടില്ല. എന്നാല്‍ ആ രൂപാന്തര പ്രക്രിയയിലാണു നാം.

നാം ആത്യന്തികമായി എത്തിച്ചേരേണ്ട രൂപത്തെക്കുറിച്ച് ഒരു സങ്കല്പമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാതെ ദൈവം നമ്മില്‍ വെറുതെ ചില കൊത്തുപണികള്‍ ചെയ്യുകയില്ല. താന്‍ എന്താണു ചെയ്യുന്നതെന്ന് അവിടുത്തേക്കറിയാം. ചുറ്റികയുടെ ഒരു അടിയും ഉളിയുടെ ഒരു കൊത്തും യാദൃച്ഛികമല്ല. ചുറ്റികയും ഉളിയും പിടിച്ചിരിക്കുന്ന ഒരു കൈയുണ്ട്. ആ കരത്തിന്റെ ഉടയവന് എല്ലാറ്റിനെക്കുറിച്ചും വ്യക്തതയുണ്ട്.

എ.എന്‍. ഹോഡ്ജ്കിന്‍ എന്ന ദൈവഭൃത്യന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘എല്ലാക്കാലത്തേയും എല്ലാ യഥാര്‍ത്ഥ വിശ്വാസികളും സ്വര്‍ഗ്ഗീയ ദേവാലയത്തിന്റെ പണിക്കുള്ള ജീവനുള്ള കല്ലുകളാണ്. ഉയരത്തിലെ ആ ദേവാലയത്തില്‍ അവയുടെ സ്ഥാനത്തിന് അനുയോജ്യമായ വിധത്തില്‍ ഓരോ കല്ലിനേയും അവിടുന്ന് ഈ വെട്ടുകുഴിയില്‍ വച്ചുതന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഭൂമിയിലെ ക്വാറിയുടെ ഒച്ചയിലും ബഹളത്തിനും ഇടയില്‍ ആകൃതിയില്ലാത്ത, കൂര്‍ത്തുമൂര്‍ത്ത ഓരോ കല്ലിന്മേലും ഒരു പണി നടക്കുകയാണ്. ചുറ്റികയുടെ അടി ഇവിടെ ശക്തമാണ്. മഴുവിനു നല്ല മൂര്‍ച്ചയുണ്ട്. കൊത്തുപണി വളരെ കഠിനമാണ്. എങ്കിലും ഓരോ കല്ലും സ്വര്‍ഗ്ഗീയ യെരുശലേമിനു യോജിച്ച മട്ടില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.”

ക്രിസ്തുതുല്യമല്ലാത്ത ഓരോ മനോഭാവത്തില്‍ നിന്നും നമ്മെ മോചിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് ഓരോ കഷ്ടതയും. പാപസ്വഭാവങ്ങളില്‍ നിന്നു മാത്രമുള്ള മോചനമല്ല പൂര്‍ണ്ണമനസ്‌കനായ ഒരു വിശ്വാസിയെ സംബന്ധിച്ചു കഷ്ടതയുടെ പിന്നിലുള്ള ദൈവഹിതം. ഇയ്യോബിന്റെ ദൃഷ്ടാന്തം നോക്കുക. ഇയ്യോബ് എല്ലാ പാപങ്ങളില്‍ നിന്നും വിടുതല്‍ നേടിയ തികഞ്ഞ ഭക്തനായ ഒരുവനായിരുന്നു. എന്നാല്‍ തന്റെ കഷ്ടങ്ങളില്‍ കൂടി അവന്‍ തന്റെ മതജീവിതത്തിനും കുടുംബത്തോടുള്ള പറ്റുമാനത്തിനും തന്റെ ദൈവശാസ്ത്രത്തിനും ദൈവകരുതലിനെക്കുറിച്ചുള്ള തന്റെ ധാരണകള്‍ക്കും തന്റെ നീതിബോധ ത്തിനും എല്ലാം മരിച്ചു. ഇവയൊന്നും പാപമായിരുന്നില്ല. എന്നാല്‍ ദൈവത്തോടുള്ള ഏറ്റവും അടുത്ത ബന്ധത്തിന് അവ വിഘാതമായിരുന്നു! യോസേഫ് ജയിലില്‍ അടയ്ക്കപ്പെടുന്നതിനു മുന്‍പുതന്നെ നീതിമാനായ ഒരുവനായിരുന്നു. എന്നാല്‍ വിവിധ കഷ്ടങ്ങളിലൂടെ യുള്ള കടന്നുപോക്ക് അവന്റെ സ്വയത്തിന്റെ മരണത്തിന് ആക്കം കൂട്ടി. ദൈവത്തോടുള്ള വളരെ അടുത്ത ബന്ധത്തിലേക്ക് അവന്‍ പ്രവേശിച്ചു.

നമ്മെ സംബന്ധിച്ചും കഷ്ടങ്ങള്‍ക്കു പിന്നിലുള്ള ദൈവഹിതം ഇതാണ്. ‘നിങ്ങളുടെ ദുഃഖങ്ങളെ പാഴാക്കരുത്.’ എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ പോള്‍ ഇ. ബില്‍ഹെയ്മര്‍ എന്ന ദൈവഭൃത്യന്‍ പറയുന്നത്, നമ്മെ ദിവ്യസ്‌നേഹത്തിലേക്ക് (Agape Love) നയിക്കുക എന്നതാണു കഷ്ടതയുടെ എല്ലാം ആത്യന്തികലക്ഷ്യം എന്നാണ്. നേരത്തെ നാം ഉദ്ധരിച്ച റോമര്‍ അഞ്ചാം അദ്ധ്യായത്തിന്റെ പ്രാരംഭ വാക്യങ്ങളും ഈ സത്യത്തിന് അടിവരയിടുന്നു. അവിടെ ‘കഷ്ടത സഹിഷ്ണുതയെയും, സഹിഷ്ണുത സിദ്ധതയെയും’ എന്നിങ്ങനെ ചങ്ങല പോലെ നീണ്ടുപോകുന്ന ദിവ്യസ്വഭാവത്തിലേക്കുള്ള വളര്‍ച്ച ചെന്നെത്തുന്നത് ഇതിലൂടെയെല്ലാം പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളിലേക്കു പകരപ്പെട്ടിരിക്കുന്ന ‘ദൈവത്തിന്റെ സ്‌നേഹ’ത്തിലേക്കാണല്ലോ(5:5). ദൈവം സ്‌നേഹം ആയതിനാല്‍ ഇതു ‘ക്രിസ്തുവിന്റെ സ്വഭാവത്തോടുള്ള നമ്മുടെ അനുരൂപപ്പെടല്‍’ തന്നെയാണ് (8:29).

നോക്കുക: കഷ്ടതയിലൂടെ ആത്യന്തികമായി അവിടുന്നു നമ്മെ തന്റെ പുത്രന്റെ സ്വരൂപത്തിലേക്കു തന്നെയാണു നയിക്കുന്നത്. ആകട്ടെ, ഈ അനുരൂപപ്പെടല്‍ എന്തിനു വേണ്ടിയാണ്? അതിനു മറുപടി ഇതാണ്: ദൈവത്തിനു തന്റെ പുത്രന് ഒരു കാന്തയെ വേണം. കാന്ത, കാന്തന് എല്ലാ വിധത്തിലും അനുരൂപയായിരിക്കേണ്ടേ? തീര്‍ച്ചയായും. എങ്കില്‍ അതിനുവേണ്ടിയാണു ദൈവം കഷ്ടങ്ങളിലൂടെ നമ്മില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതാണ്, ഈ ഭൂമിയിലെ നമ്മുടെ കഷ്ടങ്ങളുടെ നിത്യതയിലെ ലക്ഷ്യം. ഇതിനെക്കുറിച്ച് ഒരു വെളിപ്പാടു ലഭിച്ചാല്‍ മാത്രമേ ‘കഷ്ടങ്ങളില്‍ പ്രശംസിക്കാന്‍’ നമുക്കു കഴിയുകയുള്ളു.
‘ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണികവുമാണ്. അവയുടെ ഫലമോ അനുപമമായ മഹത്വവും’. (2 കൊരി. 4:17)

അധ്യായം 24 :
കര്‍ത്താവിന്റെ ദാസനോ വേലക്കാരനോ?


മലയാളത്തില്‍ സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍, ദാസന്‍, വേലക്കാരന്‍, കൂലിക്കാരന്‍ എന്നീ വാക്കുകള്‍ തമ്മില്‍ ഏറെ അര്‍ത്ഥവ്യത്യാസമൊന്നും ഉള്ളതായി നമുക്കു തോന്നുകയില്ല. ‘യജമാനന് അവിദഗ്ധമായ പണികള്‍ ചെയ്തു കൊടുത്തു കൂലി വാങ്ങി ജീവിക്കുന്ന തൊഴിലാളി’ എന്നതിനപ്പുറം വലിയ അര്‍ത്ഥബോധമൊന്നും ഈ വാക്കുകള്‍ നമ്മില്‍ ഉണര്‍ത്തുന്നില്ല. എന്നാല്‍ ഈ മൂന്നു വാക്കുകളും മൂന്നുതരത്തിലുള്ള പണിക്കാരെയാണ് കുറിക്കുന്നതെന്നു സുവിശേഷങ്ങള്‍ സൂക്ഷ്മമായി വായിച്ചാല്‍ മനസ്സിലാകും.

‘സ്വര്‍ഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിന് പുലര്‍ച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം’ -കര്‍ത്താവു പറഞ്ഞ ഒരു ഉപമ ആരംഭിക്കുന്നതിങ്ങനെയാണ് (മത്തായി 20:1). അവിടെ നാം കാണുന്ന വേലക്കാര്‍ (Labourers) പറഞ്ഞൊത്ത ഒരു കൂലിക്കു വേണ്ടി യജമാനനെ സേവിക്കുന്നവരാണ്. അവര്‍ക്ക് യജമാനന്റെ വീടുമായി വലിയ ബന്ധമില്ല. അവിടെ നിന്നു ഭക്ഷണമോ മറ്റ് ആനുകൂല്യങ്ങളോ അവര്‍ക്കു ലഭിക്കുന്നുമില്ല. കൃത്യമായ ഒരു ജോലിക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ പണി ചെയ്യുന്നവരാണവര്‍.

യജമാനനുമായി അവര്‍ക്ക് ആത്മബന്ധമൊന്നുമില്ല. അവര്‍ തങ്ങളുടെ സ്വാതന്ത്ര്യം യജമാനന് അടിയറവച്ചിട്ടില്ല. ജോലി സമയം കഴിയുമ്പോള്‍ പറഞ്ഞൊത്ത കൂലി വാങ്ങി അവര്‍ക്കു സ്വന്തം വീടുകളിലേക്കു മടങ്ങാം. യജമാനനോടു കൂലിക്കു വേണ്ടി പിണങ്ങാനും യജമാനനെ വിമര്‍ശിക്കാന്‍ പോലുമോ അവര്‍ക്കു സ്വാതന്ത്ര്യം ഉണ്ട്.

ധൂര്‍ത്തപുത്രന്റെ ഉപമയില്‍ കാണുന്ന ‘കൂലിക്കാരും’ (Servants) ഏറെക്കുറെ ഇവരെപ്പോലെയാണ് (ലൂക്കൊസ് 15:17,18). പക്ഷേ അവര്‍ ക്ക് യജമാനനുമായി കുറച്ചുകൂടി അടുത്ത ബന്ധമുണ്ട്. അവര്‍ യജമാനന്റെ വീട്ടിലാണു പണിയെടുക്കുന്നത്. അവര്‍ അവിടെ നിന്നു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരും വൈകുന്നേരം കൂലി വാങ്ങി സ്വന്തഭവനങ്ങളിലേക്കു മടങ്ങുന്നു. അവര്‍ തങ്ങളുടെ സ്വാതന്ത്ര്യം യജമാനനു പണയപ്പെടുത്തിയിട്ടില്ല.

മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരില്‍ നിന്നും വ്യത്യസ്തരാണ് ദാസന്മാര്‍ (Slaves). അവര്‍ അടിമകളാണ്. അവര്‍ക്കു സ്വാതന്ത്ര്യമില്ല. അവര്‍ യജമാനന്റെ വീട്ടില്‍ തന്നെയാണു താമസം. അവര്‍ക്ക് അവിടെനിന്നു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അവര്‍ക്കു കൂലിക്ക് അര്‍ഹതയില്ല. അവര്‍ക്ക് അവകാശങ്ങളില്ല. സ്വന്ത ഇഷ്ടങ്ങളില്ല. അവര്‍ എല്ലാ അര്‍ത്ഥത്തിലും യജമാനന്റെ ദാസരാണ്.

കര്‍ത്താവിന് ആവശ്യം വേലക്കാരെയല്ല, കൂലിക്കാരെയല്ല, മറിച്ച് ദാസന്മാരെയാണ്. തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും പൂര്‍ണമായി അടിയറ വച്ചവര്‍. സ്വന്ത ഇഷ്ടങ്ങളില്ലാത്തവര്‍. നന്ദി പ്രതീക്ഷിക്കാത്തവര്‍ (ലൂക്കൊസ് 17:9). യജമാനന്റെ സന്തോഷത്തിനായി തങ്ങളെത്തന്നെ വിറ്റുകളഞ്ഞവര്‍. അടിമകള്‍.

ക്രിസ്തീയലോകത്ത് ഈ അര്‍ത്ഥത്തിലാണോ ‘കര്‍ത്താവിന്റെ ദാസന്‍’ എന്ന് ഇന്നു വിശേഷിപ്പിക്കുന്നതും പരിചയപ്പെടുത്തുന്നതും? ബൈബിള്‍ സ്‌കൂളിലെ മൂന്നു വര്‍ഷത്തെ പഠനം ഒരുവനെ മുകളില്‍ വിവരിച്ച നിലയില്‍ കര്‍ത്താവിന്റെ ദാസനാക്കുമോ?

കര്‍ത്താവിന്റെ ദാസന്‍-ആദ്യനൂറ്റാണ്ടില്‍ അപ്പൊസ്തലന്മാരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ അങ്ങനെയായിരുന്നു. ‘മറ്റൊരുവന്‍ അര കെട്ടുകയും ഇഷ്ടമില്ലാത്തിടത്തു കൊണ്ടുപോകുകയും’ ചെയ്യുന്നതില്‍ പരാതികളില്ലാത്തവര്‍. പത്രൊസ് (2 പത്രൊ.1:1), പൗലൊസ് (റോമ.1:2, ഫിലി. 1:1) എന്നിവര്‍ മാത്രമല്ല തങ്ങളെത്തന്നെ ക്രിസ്തുയേശുവിന്റെ ദസന്മാര്‍ എന്നു പരിചയപ്പെടുത്തിയത്. യേശുവിന്റെ സ്വന്തം സഹോദരന്മാരായ യാക്കോബും (1:1) യൂദയും (1:1) അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നതില്‍ അഭിമാനിച്ചു. യേശുവിന്റെ അക്ഷരിക സഹോദരന്മാരെന്നു മേനി പറയുവാന്‍ ദാസ്യമനോഭാവം അവരെ അനുവദിച്ചില്ല.

കര്‍ത്താവിന്റെ ദാസന്റെ മനോഭാവമാണു നാമും ജീവിതത്തിലുടനീളം പുലര്‍ത്തുന്നതെന്നു നാം സ്വയം ചിന്തിച്ചേക്കാം. എന്നാല്‍ മത്തായി 20:1-16-ലെ ഉപമയില്‍ യജമാനനോടു സംസാരിച്ചപ്പോള്‍ വേലക്കാര്‍ പ്രകടമാക്കിയ മനോഭാവമാണു നമ്മെ മിക്കപ്പോഴും ഭരിക്കുന്നതെങ്കില്‍ നാം വിനയത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു, നാം കര്‍ത്താവിന്റെ ദാസന്മാരായിട്ടില്ല മറിച്ച് വേലക്കാരോ കൂലിക്കാരോ മാത്രമാണ്.

വേലക്കാര്‍ പ്രകടമാക്കിയ മനോഭാവങ്ങള്‍ എന്തെല്ലാമാണ്? ഒന്നാമത് അവര്‍ക്ക് കൂലിയിലായിരുന്നു കണ്ണ് (മത്താ. 20:2). കൂലിക്കു വേണ്ടിയായിരുന്നു അവരുടെ ജോലി. പ്രതിഫലത്തിലാണ് നമ്മുടെ കണ്ണെങ്കില്‍ നാം ഇപ്പോഴും വേലക്കാരാണ്. കര്‍ത്താവിന്റെ ദാസന്മാരായിട്ടില്ല. യേശുവിന്റെ ശിഷ്യന്മാര്‍ പ്രത്യേകിച്ചും പത്രൊസ് ഒരിക്കല്‍ വേലക്കാരുടെ ഈ മനോഭാവം പ്രകടമാക്കി-‘ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്‍ക്ക് എന്തു കിട്ടും’? (മത്തായി 19:27). പക്ഷേ പിന്നീട് അവിടെനിന്ന് ബഹുകാതം മുന്നോട്ടു പോകുവാനും യേശുക്രിസ്തുവിന്റെ ‘ദാസന്‍’ എന്ന മനോഭാവത്തില്‍ എത്തിച്ചേരുവാനും പത്രൊസിനു കഴിഞ്ഞു (2 പത്രൊ. 1:1). ഇതു നമുക്കും വലിയ പ്രോത്സാഹനമാണ്. ഇന്ന് ഒരു പക്ഷേ വേലക്കാരെപ്പോലെ നാം കൂലിയും പ്രതിഫലവും പ്രതീക്ഷിക്കുന്നവരായിരിക്കാം. എന്നാല്‍ ദൈവഹിതത്തിനായി പൂര്‍ണഹൃദയത്തോടെ സമര്‍പ്പിച്ചാല്‍ പത്രൊസിനെപ്പോലെ നമുക്കു യേശുക്രിസ്തുവിന്റെ ദാസന്റെ മനോഭാവത്തില്‍ നാളെ എത്തിച്ചേരുവാന്‍ കഴിയും.

ദാസനില്‍നിന്നു വ്യത്യസ്തമായി, വേലക്കാരന്‍ തന്നെത്തന്നെ മറ്റു വേലക്കാരുമായി താരതമ്യം ചെയ്യുന്നവരാണ്. മുന്തിരിത്തോട്ടത്തില്‍ വേല ചെയ്തവരുടെ ഉപമയില്‍ മുമ്പന്മാര്‍, പിമ്പന്മാരായി വന്നവരെ ഒരോരുത്തരെയായി നിരീക്ഷിക്കുകയും അവര്‍ക്കു കിട്ടിയ കൂലിയും തങ്ങള്‍ക്കു കിട്ടാവുന്ന കൂലിയും തമ്മില്‍ താരതമ്യം ചെയ്യുകയുമാണ്. നാം ഇന്നു കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ സഹവേലക്കാരുമായി നമ്മെ താരതമ്യം ചെയ്യുകയും അവരെക്കാളേറെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ നാം കേവലം വേലക്കാരാണ്, കര്‍ത്താവിന്റെ ദാസരായിട്ടില്ല.

പരാതി പറയുന്ന സ്വഭാവമാണു വേലക്കാരുടെ മറ്റൊരു ലക്ഷണം. പകലത്തെ ഭാരവും വെയിലും സഹിച്ച തങ്ങളെ ഒരു മണിക്കൂര്‍ മാത്രം വേല ചെയ്ത പിമ്പന്മാരോട് യജമാനന്‍ സമമാക്കിയെന്നതാണ് മുമ്പന്മാരുടെ പരാതി (20:12). തങ്ങള്‍ക്കു കൂലി കുറഞ്ഞുപോയി എന്നതല്ല അവരുടെ പരാതി. മറിച്ച് പിമ്പന്മാരെ തങ്ങള്‍ക്കൊപ്പമാക്കി എന്നതാണ് അവരുടെ സങ്കടം. മറ്റുള്ളവരുമായി താരതമ്യം ചെയ്തു ദൈവത്തോടു നാം പരാതി പറയുന്നവരാണെങ്കില്‍ നാം ദാസന്മാരായിട്ടില്ല എന്നതു വ്യക്തമല്ലേ?

നമ്മുടെ ഉള്ളില്‍ എന്തെങ്കിലും ഒരു പരാതിയുണ്ടെങ്കില്‍ അതു വെളിയില്‍ വരാന്‍ ദൈവം സാഹചര്യം ഒരുക്കും എന്നതിലേക്കും ഈ ഉപമ വിരല്‍ ചൂണ്ടുന്നു. നോക്കുക: യജമാനന്‍ പതിനൊന്നാം മണിക്കൂറില്‍ വന്ന പിമ്പന്മാര്‍ക്കാണ് ആദ്യം കൂലി നല്‍കിയത്. തുടര്‍ന്ന് ഒമ്പതാം മണി നേരത്തു വന്നവര്‍, ആറാം മണി നേരത്തു വന്നവര്‍, മൂന്നാം മണി നേരത്തു വന്നവര്‍ എന്നിങ്ങനെ പുറകോട്ട്.

ഇത് കേവലം യാദൃച്ഛികമല്ല. മറിച്ച് മന:പൂര്‍വ്വമായിരുന്നു. ‘ഉടയവന്‍ വിചാരകനോട്: പിമ്പന്മാര്‍ തുടങ്ങി മുമ്പന്മാര്‍ വരെ അവര്‍ക്കു കൂലി കൊടുക്കുക’ എന്നാണു കല്പിച്ചത് (20:8). ഇതിനു പകരം ‘മുമ്പന്മാര്‍ തുടങ്ങി പിമ്പന്മാര്‍ വരെ’ കൂലി നല്‍കിയിരുന്നെങ്കില്‍ പരാതി ഒഴിവാക്കാമായിരുന്നു. കാരണം മുമ്പന്മാര്‍ പറഞ്ഞൊത്ത വെള്ളിക്കാശു വാങ്ങി വീട്ടില്‍ പോയേനേ. പിമ്പന്മാര്‍ക്ക് എത്ര കിട്ടിയെന്ന് അവര്‍ക്ക് അറിയാന്‍ ഇടയാവുകയില്ലായിരുന്നു; പരാതി പറയാനും സാഹചര്യം ഉണ്ടാകുകയില്ലായിരുന്നു!

എന്നാല്‍ യജമാനന്‍ നേരേ മറിച്ചാണു ചെയ്തത്. നമ്മുടെ ഉള്ളില്‍ ഒരു പരാതിയുണ്ടെങ്കില്‍ അതു പുറത്തുവരുവാന്‍ അവിടുന്നു സാഹചര്യം ഒരുക്കും. പരാതിയും ശണ്ഠയും ദോഷം സഹിക്കാന്‍ മനസ്സില്ലാത്ത അവസ്ഥയും വേലക്കാരന്റെ ലക്ഷണമാണ്.

മറിച്ച് ‘കര്‍ത്താവിന്റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും… ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്’ (2 തിമൊ. 2:24).

യേശുവിനെ ദാസനായി ചിത്രീകരിക്കുന്ന ഭാഗത്തും ഈ പ്രത്യേകത എടുത്തു പറഞ്ഞിട്ടുണ്ട്. ‘ഇതാ ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയന്‍… അവന്‍ കലഹിക്കയില്ല, നിലവിളിക്കയില്ല, ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കയുമില്ല’ (മത്തായി 12:17, 18).

പരാതിയും കലഹവും കര്‍ത്താവിന്റെ ദാസന്റെ ലക്ഷണമല്ല.

പ്രിയരെ, നാം കര്‍ത്താവിന്റെ ദാസന്മാരാണെന്നു സ്വയം കരുതുന്നു. എന്നാല്‍ ദാസന്റേതിനെക്കാള്‍ വേലക്കാരന്റെ മനോഭാവമാണോ നമ്മില്‍ മുന്നിട്ടു നില്‍ക്കുന്നത്?

കര്‍ത്താവിന്റെ ദാസന്മാരാകാന്‍ ദൈവം നമ്മെ വിളിച്ചിരിക്കെ, ആ നിലവാരത്തിനു വളരെ താഴെയുള്ള ഒന്നുകൊണ്ടു തൃപ്തിപ്പെടുവാന്‍ നമുക്കിടയാകാതിരിക്കട്ടെ!

അധ്യായം 25 :
അഭയമില്ലാത്തവനാണ് ഭയമുള്ളത്


ദൈവത്തെ ഭയപ്പെടുകയും മനുഷ്യരെ ഭയപ്പെടാതിരിക്കുകയും ചെയ്യാനാണു ദൈവവചനം നമ്മോടാവശ്യപ്പെടുന്നത് (മത്തായി 10:28, ലൂക്കൊ. 12:4, 5, സങ്കീ. 27:1, യെശ. 8:12,13). നാമോ മിക്കപ്പോഴും മനുഷ്യരെ ഭയപ്പെടുകയും ദൈവത്തെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്നു.

നമുക്കു പ്രാഥമികമായും ദൈവത്തോടാണ് ഉത്തരവാദിത്തം. അവിടുന്നാണു നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്നത് (യെശ. 43:7). നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായതെല്ലാം ദാനം ചെയ്തിരിക്കുന്നതും അവിടുന്നാണ് (2 പത്രൊ. 1:3). നാം നമ്മുടെ ജീവിതത്തിന്റെ കണക്കു കൊടുക്കേണ്ടതും ദൈവത്തിനാണ് (യെഹ. 22:14). ദൈവത്തെയും (ലേവ്യ 19:4) ദൈവനാമത്തെയും (സങ്കീ. 86:11) ഭയപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ (കൊലൊ. 3:22) മാതാപിതാക്കളെയും (ലേവ്യ 19:3) അധികാരസ്ഥന്മാരെയും (റോമ. 13.3, 1 പത്രൊ 2:13-18) ഭയപ്പെടുവാന്‍ നമ്മോടു പറഞ്ഞിട്ടുണ്ടെന്നത് നേര്. എന്നാല്‍ അതിനപ്പുറത്ത് മനുഷ്യര്‍ എന്തു പറയും, എന്തു ചിന്തിക്കും എന്നു പേടിച്ച് ദൈവം തന്ന ബോധ്യങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ മാനുഷഭയം ഒരു ചതിക്കുഴിയായി മാറും.

മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണെന്നു സുഭാഷിതങ്ങളില്‍ പറയുന്നു (സദൃശ.29:25). മനുഷ്യരോടുള്ള ബന്ധത്തില്‍ നമുക്കു രണ്ടു കെണികളാണുള്ളത്. ഒന്ന്: മുകളില്‍ പറഞ്ഞതുപോലെ മനുഷ്യരെക്കുറിച്ചുള്ള പേടി. രണ്ട്: മനുഷ്യര്‍ നമ്മെ പ്രശംസിക്കുന്നത് (ലൂക്കൊസ് 6;26; യോഹ. 5:44; 12:43; റോമര്‍ 2:29). രണ്ടും അപകടകരമാണ്. മനുഷ്യര്‍ നമ്മെ പ്രശംസിക്കുന്നതില്‍ വലിയ അപകടമില്ലെന്നു തോന്നാം. എന്നാല്‍ അതുമൂലം ദൈവത്തെ വിശ്വസിക്കുവാനും (യോഹ. 5:44), ദൈവകല്പന അനുസരിക്കുവാനും (12:42, 43) കഴിയാതെ പോകും. അതുകൊണ്ട് യേശു പറഞ്ഞു: ‘മനുഷ്യര്‍ നിങ്ങളെ പ്രശംസിക്കുമ്പോള്‍ നിങ്ങള്‍ക്ക് അയ്യോ കഷ്ടം.’ മനുഷ്യരെ ഭയപ്പെട്ടോ മനുഷ്യരുടെ പ്രശംസയില്‍ മതിമറന്നോ ജീവിക്കുന്നതിനെ, രണ്ടും കൂടി ചേര്‍ത്ത് ‘മനുഷ്യരുടെ മുന്‍പാകെ ജീവിക്കുന്ന അനുഭവം’ എന്നു വിളിക്കാം. എന്നാല്‍ മനുഷ്യരുടെ മുന്‍പാകെ ജീവിക്കുവാനല്ല മറിച്ച് ‘ദൈവമുന്‍പാകെ ജീവിക്കുവാ’നാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

മനുഷ്യരുടെ മുന്‍പാകെയുള്ള ജീവിതത്തിനു നേരെ എതിരാണ് ദൈവമുന്‍പാകെയുള്ള ജീവിതം. യേശുവിന്റെ ജീവിതം അങ്ങനെയായിരുന്നു. യേശുവിന്റെ വളര്‍ച്ചയെക്കുറിച്ച് യെശയ്യാ പ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: ‘അവന്‍ ഇളയ തൈ പോലെയും വരണ്ടനിലത്തു നിന്നു വേര്‍ മുളയ്ക്കുന്നതുപോലെയും അവിടുത്തെ മുന്‍പാകെയാണു വളര്‍ന്നത്’ (യെശ. 53:2). ഇതു മനുഷ്യരുടെ മുന്‍പാകെയുള്ള ജീവിതമായിരുന്നില്ല. എങ്ങനെ അറിയാം? യെശയ്യാവ് അതിനു തൊട്ടുതാഴെ എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക: ‘അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും… ഇരുന്നു… അവന്‍ നിന്ദിതനായിരുന്നു. നാം അവനെ ആദരിച്ചതുമില്ല’ (53:3). പ്രശംസയില്ല, നിന്ദയും അപമാനവും മാത്രം. എന്നാല്‍ ദൈവമുന്‍പാകെ ജീവിക്കുന്നവന് മനുഷ്യരുടെ ആദരവും നിന്ദയും ഒരു പോലെ.

‘ദൈവമുന്‍പാകെ ജീവിക്കുക’ എന്നു പറഞ്ഞാല്‍ ദൈവം നമ്മെ കാണുന്നതുപോലെ നാം നമ്മെ കാണുക എന്നതാണ്. ദൈവത്തിന്റെ കണ്ണിലൂടെ നാം നമ്മെ നോക്കുക.

എന്നാല്‍ മിക്കപ്പോഴും നാം നമ്മെ നോക്കുന്നതു മറ്റു മനുഷ്യരുടെ കണ്ണിലൂടെയാണ്. അതുകൊണ്ടാണു നാം അവരുടെ അഭിനന്ദനത്തെ വിലമതിക്കുന്നതും അവരുടെ വിമര്‍ശനത്തെ പേടിക്കുന്നതും. ഇതിന്റെ ഫലമായി എന്തു സംഭവിക്കുന്നു? കര്‍ത്താവു നമ്മെ കാണുന്നതുപോലെയുള്ള കാഴ്ച നമുക്കു നഷ്ടമാകുന്നു. ഫലം, നാം നമ്മെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാതെ ചതിക്കപ്പെട്ടു പോകുന്നു. (മാനുഷഭയം ഒരു ചതിക്കുഴിയാണെന്നത് എത്ര വാസ്തവം!)

ലവോദിക്യ സഭയിലെ മൂപ്പന്‍ ഇത്തരം ഒരു ചതിയില്‍പ്പെട്ട ആളായിരുന്നു. ‘ഞാന്‍ ധനവാന്‍; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ട് നീ നിര്‍ഭാഗ്യനും അരിഷ്ടനും … എന്ന് അറിയാതിരിക്കുന്നു’ (വെളി. 3:17). എന്നാണ് ദൈവവചനം അദ്ദേഹത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരുടെ പുകഴ്ത്തല്‍ ഏറ്റുവാങ്ങി അവന്‍ തന്നെത്തന്നെ അഭിനന്ദിക്കുന്നത് ‘ഞാന്‍ ധനവാന്‍, സമ്പന്നന്‍, ഒന്നിനും മുട്ടില്ലാത്തവന്‍’ എന്നാണ്. ഇത് അവന്‍, തന്നെ പ്രശംസിക്കുന്ന മറ്റുള്ളവരുടെ കണ്ണിലൂടെ തന്നെത്തന്നെ നോക്കിയതിന്റെ ഫലമായുണ്ടായ വിലയിരുത്തലാണ്. എന്നാല്‍ ദൈവം നോക്കുമ്പോള്‍ അവന്‍ ‘നിര്‍ഭാഗ്യവനും അരിഷ്ടനും കുരുടനും നഗ്നനും’ ആയിരുന്നു. അതായിരുന്നു സത്യവും. എന്നാല്‍ അവന്‍ ഒരിക്കലും ഈ സത്യം മനസ്സിലാക്കിയില്ല. കാരണം അവന്‍ ദൈവത്തിന്റെ കണ്ണിലൂടെ തന്നെത്തന്നെ കണ്ടില്ല.
താന്‍ ‘അരിഷ്ട മനുഷ്യന്‍’ എന്ന സത്യം ലവോദിക്യ സഭയുടെ മൂപ്പന്‍ മനസ്സിലാക്കാതിരുന്നപ്പോള്‍ മറ്റൊരാള്‍ – അപ്പൊസ്തലനായ പൗലൊസ് – ‘ഞാന്‍ അരിഷ്ടമനുഷ്യന്‍’ എന്ന യഥാര്‍ത്ഥ്യം കണ്ടെത്തുന്നതും പുതിയ നിയമത്തില്‍ തന്നെ നാം കാണുന്നു (റോമര്‍ 7:24). എങ്ങനെയാണു പൗലൊസിന് ഇതു കഴിഞ്ഞത്? പൗലൊസ് ദൈവത്തിന്റെ കണ്ണിലൂടെ തന്നെത്തന്നെ കണ്ടു.

ദൈവത്തിന്റെ കണ്ണിലൂടെ സ്വയം കാണുക അല്ലെങ്കില്‍ ദൈവ മുന്‍പാകെ ജീവിക്കുക എന്നു പറഞ്ഞാല്‍ അതെങ്ങനെയാണു സാധിക്കുക?

ഇതിന് ആദ്യം വേണ്ടത് മറ്റു മനുഷ്യരുടെ അഭിപ്രായത്തിലൂടെ നാം നമ്മെത്തന്നെ നോക്കി സ്വയം ഒരു മതിപ്പ് ഉണ്ടാക്കാതിരിക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് ‘തീ കത്തിച്ചു തീയമ്പുകള്‍ അരെക്കുകെട്ടി സ്വന്തം തീയുടെ വെളിച്ചത്തില്‍ നടക്കാന്‍’ ശ്രമിക്കുന്നതു പോലെയാണ് (യെശ. 50:11). സ്വന്തം തീയുടെ വെളിച്ചത്തില്‍ നടക്കാന്‍ ശ്രമിക്കുന്നതു ‘വ്യസന’ത്തിലേക്കു മാത്രമേ നയിക്കുകയുള്ളു എന്നു മനസ്സിലാക്കി ഇതിനെ നിഷേധിക്കുക. ഈ നിഷേധം നമ്മെത്തന്നെ താഴ്ത്തുന്ന, താഴ്മയുടെ ഒരു നിലപാടാണ്.

ഈ താഴ്മ നമുക്കു കൃപ നല്‍കും (യാക്കോബ് 4:6, 1 പത്രൊ. 5:5). തുടര്‍ന്നു കൃപ, ദൈവം എങ്ങനെ കാര്യങ്ങളെ കാണുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഒരു ഉള്‍ക്കാഴ്ച നല്‍കും. ‘കൃപാധനപ്രകാരം നമുക്ക് ഉള്‍ക്കാഴ്ച (Insight) ലഭിക്കുമെന്ന്’ എഫെസ്യര്‍ 1:7, 8-ല്‍ (NASB Version) രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. കൃപ, നമുക്ക് ദൈവത്തിന്റെ കണ്ണിലൂടെയുള്ള ഒരു കാഴ്ച നല്‍കും.

യേശുവിനെ സംബന്ധിച്ചും ഇക്കാര്യം ഇങ്ങനെ തന്നെയായിരുന്നു. അവിടുന്നു ദൈവരൂപത്തിലിരിക്കെ… തന്നെത്താന്‍ താഴ്ത്തി… ക്രൂശിലെ മരണത്തോളം ഇറങ്ങി വന്നു (ഫിലി. 2:6-8). ഇങ്ങനെ തന്നെത്താന്‍ താഴ്ത്തിയതിന്റെ ഫലമായി അവിടുത്തേക്കു കൃപ ലഭിച്ചു. അതിന്റെ ഫലം യെശയ്യാവു വിവരിക്കുന്നത് യേശുവിന് ‘ഉള്ളില്‍ വെളിച്ചം’ ലഭിച്ചു എന്നാണ്. (Because of the anguish of the soul he will find out Light 53:11 English കാണുക).

ചുരുക്കത്തില്‍ ദൈവത്തിന്റെ പ്രമാണങ്ങള്‍ക്കു മാറ്റമില്ല. മനുഷ്യന്റെ മുന്‍പാകെ ജീവിക്കാനുള്ള പ്രലോഭനത്തിന്റെ നിഷേധം താഴ്മയിലേക്കും അതു കൃപയിലേക്കും തുടര്‍ന്നു ദൈവിക വെളിച്ചത്തില്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചയിലേക്കും നയിക്കും. ‘നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു’ എന്ന അവസ്ഥയാണിത് (സങ്കീ. 36:9).

ലവോദിക്യയിലെ മൂപ്പന് ലഭിക്കാഞ്ഞ, തന്നെക്കുറിച്ചു തന്നെയുള്ള സത്യത്തെക്കുറിച്ചുള്ള, ബോധ്യം പൗലൊസിന് ലഭിച്ചത് താഴ്മയുടെയും കൃപയുടെയും ഈ വഴിയിലാണ്. ഇങ്ങനെ ദൈവത്തിന്റെ കണ്ണിലൂടെ തന്നെത്തന്നെ കണ്ടത് പൗലൊസിനെ തുടര്‍ന്നു നയിച്ചത് ‘അയ്യോ ഞാന്‍ അരിഷ്ടമനുഷ്യന്‍’ എന്ന യാഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള നിലവിളിയിലേക്കും ദൈവത്തെ ആവശ്യമുള്ള ആത്മാവിലെ ദാരിദ്ര്യത്തിലേക്കും തുടര്‍ന്നു വിജയകരമായ ഒരു ജീവിതത്തിലേക്കുമാണ്.

നമുക്കും പൗലൊസിനെപ്പോലെ മനുഷ്യരുടെ മുന്‍പാകെയുള്ള ജീവിതത്തില്‍ നിന്നു കുതറി മാറി ദൈവമുന്‍പാകെ മാത്രം ജീവിക്കാം. മനുഷ്യരെ ഭയപ്പെടാതിരിക്കാം. ഓര്‍ക്കുക, അഭയമില്ലാത്തവനാണു ഭയമുള്ളത്. ദൈവത്തില്‍ അഭയം കണ്ടെത്താത്തവരാണു മനുഷ്യരെ ഭയക്കുന്നത്.

അധ്യായം 26 :
ദൈവത്തോടു ചേര്‍ന്നുള്ള നടപ്പ്


ഞായറാഴ്ച എന്തു സംഭവിക്കുന്നു എന്നതല്ല പ്രധാനം. ഞായറാഴ്ചയ്ക്കുശേഷം എന്തു സംഭവിക്കുന്നു എന്നതാണു പ്രധാനപ്പെട്ടത്.

ഇന്നു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചയാണ് ഏറ്റവും പ്രധാന ദിവസം. ‘ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ പൂര്‍വ്വ പിതാക്കന്മാര്‍ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിച്ചതുപോലെ’ സഭായോഗത്തിനു ഞായറാഴ്ച കൂടി വരുന്നതു മുടക്കുന്നത് അവര്‍ക്കു ചിന്തിക്കാനേ ആവില്ല. എന്നാല്‍ തിങ്കള്‍ മുതല്‍ ശനിവരെ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടം പോലെ ഒന്നു ജീവിച്ചോട്ടെ. പ്ലീസ്, ഉപദ്രവിക്കുരുത്-ഇതാണു മനോഭാവം.

പഴയ നിയമത്തിലെ ദശാംശത്തിന്റെ തത്ത്വം പുതിയനിയമ വിശ്വാസിക്ക് ഇത്രയും പ്രിയപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?. അതവന്റെ ലോജിക്കിനു ചേര്‍ന്നു പോകുന്നതാണ് എന്നതുകൊണ്ടാണത്. പത്തില്‍ ഒന്നു ദൈവത്തിന്. ബാക്കി ഒന്‍പതും തനിക്കു തന്റെ ഇഷ്ടം പോലെ. എത്ര സൗകര്യം! കാര്യ ങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ട.് അതിനു പകരം ‘പൂര്‍ണമായി ദൈവത്തിന്, ഞാനും എനിക്കുള്ളതുമെല്ലാം ദൈവത്തിന്’ എന്നൊക്കെ പറഞ്ഞാല്‍ അതവനു പിടികിട്ടുന്നില്ല. ‘കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും’ എന്നു കാര്യങ്ങളെ രണ്ടായി കാണാനാണ് അവനിഷ്ടം. (എന്നാല്‍ യേശു പറഞ്ഞ ആ വചനവും വേണ്ടതുപോലെ അവനു മനസ്സിലായിട്ടുണ്ടോ?. യേശു പറഞ്ഞതിന്റെ പൊരുള്‍ എന്താണ്?. റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി കരുതി ആരാധിച്ചിരുന്ന ഒരു സമൂഹത്തില്‍ ‘ദൈവം വേറെ, റോമന്‍ കൈസര്‍ വേറെ’ എന്നു ഭംഗ്യന്തരേണ പ്രഖ്യാപിക്കുകയല്ലേ യേശു ചെയ്തത്?).

ദശാംശത്തിന്റെ അതേ തത്ത്വം തന്നെയാണു സമയത്തെക്കുറിച്ചും സാധാരണ വിശ്വാസിക്കുള്ളത്. പഴയനിയമത്തിന്റെ ആത്മാവില്‍ അവന്‍ ഒരു ദിവസത്തെ ശബ്ബത്തായി പ്രഖ്യാപിച്ച് ദൈവത്തിനായി മാറ്റിവയ്ക്കുന്നു. ബാക്കി ആറുദിവത്തെക്കുറിച്ചും അവര്‍ക്കു പള്ളി പ്രമാണിയുടെ കാഴ്ചപ്പാടാണുള്ളത് – ‘തങ്ങളുടെ വേല ചെയ്‌വാനുള്ള ആറു ദിവസം’ (ലൂക്കൊ. 13:14). ദൈവത്തിനുള്ള ദിവസത്തേയും തങ്ങള്‍ക്കു ള്ള ദിവസങ്ങളെയും രണ്ടായി വിഭജിച്ചു വെള്ളം കടക്കാത്ത അറകളായി (watertight compartments) വേര്‍തിരിച്ചു നിര്‍ത്തുവാനാണ് അവര്‍ക്കു താത്പര്യം.

പണവും സമയവും മാത്രമല്ല ജീവിതം തന്നെയും ‘ദൈവിക’വും ‘സാധാരണ’വും എന്നു രണ്ടായി വിഭജിക്കപ്പെട്ടു പോയി എന്നതാണ് ഇന്നു ശരാശരി വിശ്വാസിയുടെ ദുര്യോഗം. എന്നാല്‍ യഥാര്‍ത്ഥ ക്രിസ്തുഭക്തനെ സംബന്ധിച്ചിടത്തോളം ജീവിതം ‘ആത്മിക’വും ‘ലൗകിക’വും എന്നു രണ്ടായി മുറിഞ്ഞു കിടക്കുന്നില്ല. രണ്ടും ചേര്‍ന്ന് ഒരൊറ്റ മുഴുനീള ജീവിതം. അതു മുഴുവനും ദൈവത്തിന്റേത്. യേശുവിന്റെ നിലപാടും ഇതായിരുന്നു.

എന്നാല്‍ മതഭക്തരായ പരീശന്മാര്‍ക്കു യേശുവിന്റെ ഈ നിലപാടു ദഹിക്കുന്നതായിരുന്നില്ല. നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതെന്തെന്ന് അവര്‍ ചോദിച്ചു. തിന്നുകയും കുടിക്കുകയും വിരുന്നുകള്‍ക്കുള്ള ക്ഷണം എപ്പോഴും സ്വീകരിക്കുകയും ചെയ്യുന്ന യേശുവിനെ ‘തിന്നിയും കുടിയനുമായ മനുഷ്യന്‍’ എന്നു മുദ്രകുത്തി ദൈവിക മനുഷ്യനല്ലെന്ന് അവര്‍ തള്ളിക്കളഞ്ഞു. കാരണം ‘തിന്നാലും കുടിച്ചാലും എന്തു ചെ യ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വാന്‍ കഴിയും’ (1 കൊരി. 10:31) എന്ന സത്യം അവരുടെ കണ്ണുകള്‍ക്കു മറവായിരുന്നു.

പലപ്പോഴും നമുക്കും തിന്നുകയും കുടിക്കുകയും പോലുള്ള നിത്യസാധാരണമായ കാര്യങ്ങളില്‍ വലിയ ആത്മീയത ഒന്നും ‘തോന്നുന്നില്ല’ എന്നതിനു കാരണം നമ്മിലുള്ള മതഭക്തിയുടെ ‘ഹാങ്ഓവര്‍’ ആകാം. നമ്മുടെ തോന്നലിലല്ല നാം ജീവിക്കേണ്ടത്. ദൈവം നമ്മില്‍ പൂര്‍ത്തിയാക്കിയ യാഥാര്‍ത്ഥ്യങ്ങളെ വിശ്വാസത്താല്‍ കണ്ടുകൊണ്ടു ജീവിക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ തോന്നലുകളിലും അനുഭൂതികളിലും ദൈവസാന്നിധ്യ ബോധം തിരഞ്ഞു നാം നിരാശപ്പെട്ടു പോകുന്നു. തന്റെ വൈകാരികാനുഭൂതിയില്‍ സദാ ദൈവസാന്നിധ്യബോധം നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു ഭക്തന്റെ കഥ ഇപ്രകാരം കേട്ടിട്ടുണ്ട്. ഒരോ മണിക്കൂറിലും നാഴികമണി അടിക്കുമ്പോള്‍ പ്രവൃത്തിയെല്ലാം നിര്‍ത്തിവെച്ച് ഒരു ചെറിയ പ്രാര്‍ത്ഥന ചൊല്ലുന്നത് ഒരു ശീലമായി അദ്ദേഹം വളര്‍ത്തിയെടുത്തു. എന്നാലും ഓരോ നാഴികയ്ക്കും ഇടയില്‍ കാടുകയറിപ്പോകുന്ന മനസ്സിനെച്ചൊല്ലി അദ്ദേഹത്തിനു ഖേദം ബാക്കിയായി.

തോന്നലിലല്ല ജീവിക്കേണ്ടത് എന്നതിന് ഒരു ഉദാഹരണം വാച്ച്മാന്‍ നീ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ഒരു സഹോദരന്‍ നീയോട് ചോദിച്ചു: ”എന്റെ ഫാക്ടറിയില്‍ ഇരുപതിലേറെ ജോലിക്കാരുണ്ട്. അവരുടെ മേല്‍നോട്ടമാണെന്റെ ജോലി. രാവിലെ എട്ടു മണി മുതല്‍ വൈകുന്നതുവരെ ഞാന്‍ ഫാക്ടറിയില്‍ അവരുടെ വിവിധ കാര്യങ്ങ ളില്‍ വ്യാപൃതനായി സമയം ചെലവഴിക്കുകയാണു പതിവ്. ഈ തിരക്കിനിടയില്‍ പലപ്പോഴും എനിക്കു ദൈവത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല. ഇത് എന്റെ ഒരു വീഴ്ചയല്ലേ?”

മറുപടിയായി വാച്ച്മാന്‍ നീ ചോദിച്ചു:” സഹോദരാ, നിങ്ങള്‍ ഫാക്ടറിയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്കു രണ്ടു കണ്ണുകളുണ്ടെന്ന് എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?” ”ഇല്ല.” ”നിങ്ങള്‍ ഫാക്ടറി വിടുമ്പോള്‍ നിങ്ങളുടെ കൈകൊണ്ട് കണ്ണുകളെ തൊട്ടു നോക്കി അവ യഥാസ്ഥാ ത്തുണ്ടെന്ന് ഉറപ്പുവരുത്താറുണ്ടോ?.” ”ഇല്ല തീര്‍ച്ചയായും ഇല്ല.” ”ചുരുക്കത്തില്‍ നിങ്ങള്‍ ബോധപൂര്‍വം നിങ്ങളുടെ കണ്ണുകളെ സ്മരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ കണ്ണുകള്‍ യഥാസ്ഥാനത്തിരുന്ന് അതിന്റെ പ്രവൃത്തി ചെയ്യുന്നുണ്ടല്ലോ. ഇതുപോലെ നിങ്ങള്‍ ബോധപൂര്‍വം ഓര്‍ത്തില്ലെങ്കിലും കര്‍ത്താവു നിങ്ങളിലുണ്ട്. ഇതൊരു സത്യമാണ്. തോന്നലിലല്ല കര്‍ത്താവിനെ തിരയേണ്ടത്. വിജയകരമായ ജീവിതം നാം കര്‍ത്താവിനെ ഓര്‍ക്കുന്നതല്ല, മറിച്ചു കര്‍ത്താവു നമ്മെ ഓര്‍ക്കുന്നതാണ്്”-വാച്ച്മാന്‍ നീ ചൂണ്ടിക്കാട്ടി.

അതെ, നമ്മുടെ തോന്നലല്ല, ദൈവവചനത്തിലെ സത്യങ്ങളാണു യാഥാര്‍ത്ഥ്യം. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നമ്മിലുണ്ട് (കൊലൊ. 1:27). ക്രിസ്തു നമ്മുടെ ജീവനാണ് (3:3). അവിടുന്നു ‘നമു ക്കു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു’ (1 കൊരി. 1:30). ഈ സത്യങ്ങളെ എല്ലാം വിശ്വാസത്തോടെ കണ്ടു മുന്നോട്ടു പോകുന്നതാണു ക്രിസ്തുവിനോടു ചേര്‍ന്നുള്ള നടപ്പ്. ഈ സത്യങ്ങള്‍ ഞായറാഴ്ച മാത്രമല്ല തിങ്കള്‍ മുതല്‍ ശനി വരെയും യാഥാര്‍ത്ഥ്യമാണ്.

ഇതിന്റെ മറുവശം, കര്‍ത്താവു നമ്മുടെ ആത്മാവിലുണ്ടെങ്കില്‍, അതിന്റെ സ്വാധീനം ആത്മാവിനു പുറത്തെ വൃത്തമായ ദേഹിയിലേക്കും (ചിന്തകള്‍, വികാരങ്ങള്‍) വികസ്വരമായിവരും എന്നതാണ്. ഇതൊരു സ്വാഭാവികമായ പ്രക്രിയയാണ്. ജീവന്റെ ഒഴുക്കാണ്. നാം ആലോചിച്ച് ഉണ്ടാക്കുന്നതല്ല. ഇങ്ങനെ ദൈവിക ചിന്തകളാല്‍ നിറയപ്പെട്ട, ദൈവത്താല്‍ പൂരിതനായ (Saturated by God) ഒരുവനായി ജിവിക്കുവാന്‍ നമുക്കു കഴിയും. കര്‍ത്താവിനോടു ചേര്‍ന്നുള്ള ഈ നടപ്പില്‍ ക്രൂശിന്റെ വഴി നമുക്കു കൂടുതല്‍ പ്രിയപ്പെട്ടതായി തീര്‍ന്നുകൊണ്ടിരിക്കും.

ഇത്തരമൊരു ജീവിതം ചിലര്‍ക്കു മാത്രമുള്ള പ്രത്യേക പദവിയല്ല, മറിച്ച് എല്ലാ ദൈവമക്കളുടെയും ജന്മാവകാശം (Birth right) ആണ്. ഈ അവകാശം കൈവശമാക്കാന്‍ മുകളില്‍ പറഞ്ഞ സത്യങ്ങള്‍ കാണുകയും വിശ്വസിക്കുകയുമാണു വേണ്ടത്.

പഴയ നിയമഭക്തനായ ആസാഫ് ഇങ്ങനെ പറഞ്ഞു: ‘എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ദൈവത്തോട് എത്ര അടുത്തു ചെല്ലാമോ അത്രയും അടുത്തു ചെല്ലും’ (But as for me, I get as close to Him as I can -Living Bible).

ഇതില്‍ കുറഞ്ഞ ഒന്ന് പുതിയനിയമ വിശ്വാസികളായ നാം ലക്ഷ്യം വയ്ക്കുന്നതെങ്ങനെ?

അധ്യായം 27 :
‘യാക്കോബിന്റെ ദൈവ’ത്തില്‍ നിന്ന്
‘യിസ്രായേലിന്റെ ദൈവ’ത്തിലേക്കുള്ള ദൂരം


‘യാക്കോബ്’ എന്ന പേരിന്റെ അര്‍ത്ഥം ‘ഉപായി.’ ‘യിസ്രായേല്‍’ എന്നതിന്റെ അര്‍ത്ഥമാകട്ടെ ‘ദൈവത്തിന്റെ പ്രഭു.’ ഈ രണ്ടു പേരുകളും ഒരാളുടേതാണെങ്കില്‍, ഈ പേരുകാരന്‍ നമ്മുടെ സുഹൃത്താണെങ്കില്‍, നാം നമ്മെത്തന്നെ എങ്ങനെ പരിചയപ്പെടുത്തും? – ഉപായിയുടെ സുഹൃത്തെന്നോ, പ്രഭുവിന്റെ സുഹൃത്തെന്നോ? സംശയം വേണ്ട. നാം ഉപായിയുടെ സ്‌നേഹിതനെന്ന് അറിയപ്പെടാന്‍ ഇഷ്ടപ്പെടുകയില്ല. ഇവിടെയാണു ദൈവം വ്യത്യസ്തനാകുന്നത്. അവിടുന്ന് ഒരു ജനതയുടെ ദൈവം എന്ന നിലയില്‍ യിസ്രായേലിന്റെ ദൈവം എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ഒരു വ്യക്തിയുടെ ദൈവം എന്ന നിലയില്‍ ‘യാക്കോബിന്റെ ദൈവം’ എന്നറിയപ്പെടാന്‍ ലജ്ജിച്ചില്ല.

ഈ വസ്തുത നമുക്ക് എത്ര വലിയ പ്രതീക്ഷയുടെ വാതിലാണു തുറന്നു തരുന്നത്! നാം യാക്കോബിനെപ്പോലെ ദൈവത്തിന്റെ ഒട്ടേറെ അച്ചടക്ക-ശിക്ഷണ നടപടികളിലൂടെ കടന്നുപോകുന്ന ആളെണെങ്കിലും അവിടുന്നു നമ്മെ തള്ളിക്കളയുന്നില്ല. ‘യാക്കോബിന്റെ (ഈ സ്ഥാനത്തു നമ്മുടെ പേരു ചേര്‍ക്കുക) ദൈവം’ എന്നു വിളിക്കപ്പെടുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നു!
പക്ഷേ യാക്കോബ്, യിസ്രയേലായി മാറി. നുറുക്കത്തിന്റെ വഴിയിലൂടെയാണു ഈ ദൂരം നടന്നു തീര്‍ത്തു യാക്കോബ് യിസ്രായേലായിത്തീര്‍ന്നത്.

എന്താണ് ഈ നുറുക്കം?
ഇന്നത്തെ ക്രിസ്തീയ ലോകത്തിനു തീര്‍ത്തും അന്യമായതും അതേസമയം വളരെ പ്രധാനപ്പെട്ടതുമായ ഒരാത്മീയ സത്യമാണു നുറുക്കമെന്നുള്ളത്. ഇന്ന് ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധത്തിലേക്കു വരുന്നതിനുള്ള ആഹ്വാനങ്ങള്‍ ധാരാളമായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ഒരാള്‍ മാനസാന്തര അനുഭവത്തിലേക്കു വന്നശേഷവും നുറുങ്ങപ്പെടാത്ത, സ്വയബലമുള്ള, തന്ത്രശാലിയായ ഒരുവനായി അവന്‍ തന്റെ ക്രിസ്തീയ ജീവിതം തുടരുകയാണ്. ദൈവവുമായി ഒരു മുഖാമുഖത്തിലൂടെ അവന്റെ സ്വയത്തിന് ഒരു തകര്‍ച്ച (നുറുക്കം) സംഭവിക്കുന്നില്ല. അങ്ങനെയൊരു അനുഭവത്തിന്റെ സാധ്യതയെക്കുറിച്ച് ആരും അയാളോടു പറഞ്ഞിട്ടുമില്ല.

ഇക്കാര്യത്തില്‍ ദൈവം എന്താണ് ആഗ്രഹിക്കുന്നത് എന്നതിലേക്കു യാക്കോബിന്റെ അനുഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതു നാം കാണാതെ പോകരുത്.

യാക്കോബിന്റെ അനുഭവം നോക്കുക: യിസ്ഹാക്കില്‍നിന്ന് അനുഗ്രഹം തട്ടിയെടുത്ത് യാക്കോബ് പദ്ദന്‍ ആരാമിലേക്കു പലായനം ചെയ്യുന്ന സന്ദര്‍ഭം. അതുവരെ സ്വന്തഭവനത്തില്‍ അമ്മയുടെ വാത്സല്യത്തിന്റെ ശീതളഛായയില്‍ കഴിഞ്ഞിരുന്ന യാക്കോബിനെ സംബന്ധിച്ച് ഒറ്റയ്ക്ക് ഭയത്തോടെ അന്യദേശത്തേക്കുള്ള പലായനം ആദ്യ അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ആദ്യമായി തന്റെ സുഖസൗകര്യമേഖല (Comfort zone) വിട്ട് ദൈവത്തെ ആവശ്യമുള്ള ഒരവസ്ഥയില്‍ അവന്‍ എത്തിച്ചേര്‍ന്നു. ഈ സമയത്താണ് ഇദംപ്രഥമമായി ഒരു ദൈവാനുഭവം ലൂസില്‍ (ബേഥേലില്‍) വച്ച് യാക്കോബിന് ഉണ്ടാകുന്നത്. ദൈവത്തെ അവന്‍ ഭയപ്പെടുന്നു (ഉല്‍പ. 28:17). ദൈവവുമായി ഉടമ്പടി ചെയ്യുന്നു (28:19-21). ദൈവികവാഗ്ദാനങ്ങള്‍ക്ക് അവന്‍ അര്‍ഹനാകുന്നു (28:12-15). ഇതിനെ മാനസാന്തരാനുഭവത്തിനു നിഴലായി കാണാം. എന്നാല്‍ ഈ അനുഭവത്തിനുശേഷവും അവന്‍ തന്ത്രങ്ങള്‍ മെനയുന്നവനും സ്വന്തബലമുള്ളവനുമായി മുന്നോട്ടു പോകുന്നതാണു നാം കാണുന്നത്.

നുറുക്കം അറിയാത്ത ഇത്തരം ഒരുവനെ ദൈവത്തിന് ഉപയോഗിക്കാന്‍ കഴിയുകയില്ല. സ്വയബലമുള്ള ഒരുവന്റെ മേല്‍ ദൈവശക്തി നിഴലിടുകയില്ല; മറിച്ച് ബലഹീനതയിലാണു ദൈവശക്തി തികഞ്ഞുവരുന്നത് (2 കൊരി. 12:9).

അതുകൊണ്ടുതന്നെ ദൈവത്തിനു യാക്കോബിനെ ബലഹീനനാക്കേണ്ടതുണ്ടായിരുന്നു. തന്ത്രത്തിലും ചതിപ്രയോഗങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ‘യാക്കോബിന്റെ അമ്മാവനാ’യ ലാബാനുമൊത്തുള്ള ജീവിതം, വിശ്രമമില്ലാത്ത അധ്വാനം, വീട്ടില്‍ ഭാര്യമാര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കം, ഏശാവിന്റെ പ്രതികാരത്തെക്കുറിച്ചുള്ള ഭയം എന്നിങ്ങനെ ഒട്ടേറെ സമ്മര്‍ദ്ദങ്ങളിലൂടെ കടത്തിവിട്ടിട്ടും യാക്കോബില്‍ ദൈവം ആഗ്രഹിച്ച വിധത്തിലുള്ള നുറുക്കം ഉണ്ടായില്ല.

എന്നാല്‍ ഒടുവില്‍ ആ ദിനം വന്നു. യാബോക്കു കടവില്‍ ദൈവത്തെ അവന്‍ മുഖാമുഖം കണ്ടു. ഒരു മനുഷ്യനും ദൈവത്തെ കണ്ടാല്‍ പിന്നെ ജീവനോടെ ഇരിക്കുകയില്ലല്ലോ (പുറപ്പാട് 33:20). ഈ പ്രമാണം അനുസരിച്ച് യാക്കോബില്‍ സ്വയത്തിന്റെ ഒരു മരണം ഇവിടെയാണു സംഭവിച്ചതെന്നു നമുക്കു ചിന്തിക്കാം. യാക്കോബ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇവിടെ വച്ചു ബലഹീനനായിത്തീര്‍ന്നു (32:31).

തുടയുടെ തടം ഉളുക്കി ഒരു വടിയെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടി വന്ന പതനത്തിലേക്കാണു ദൈവവുമായുള്ള മല്‍പ്പിടിത്തം അവനെകൊണ്ടുവന്ന് എത്തിച്ചത്. മാനുഷിക ദൃഷ്ടിയില്‍ യാക്കോബിന് ഇവിടെ സംഭവിച്ചത് ഒരു പരാജയമാണ്. എന്നാല്‍ ദൈവം അതിനെ വിജയമായാണു കാണുന്നത്. ഈ സംഭവത്തെക്കുറിച്ചു ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക: അവന്‍ ദൂതനോടു പൊരുതി ജയിച്ചു (ഹോശെയാ 12:12, ഉല്‍പ. 32:28).

നുറുക്കം മാനുഷിക ദൃഷ്ടിയില്‍ ഒരുവനെ ബലഹീനനും ജഡത്തില്‍ ഒരു ആത്മവിശ്വാസം ഇല്ലാത്തവനുമാക്കി (having no confidence in flesh ഫിലിപ്യര്‍ 3:3) മാറ്റുന്നു. ലോകദൃഷ്ടിയില്‍, അവന്‍ ഒരു പരാജയമായി മാറി. എന്നാല്‍ ദൈവദൃഷ്ടിയില്‍, ദൈവികശക്തി തികഞ്ഞു വരത്തക്കവിധം ബലഹീനനായ ഈ ഘട്ടമാണ് അവന്റെ വിജയത്തിന്റെ നിമിഷം.

യാക്കോബിന്റെ ജീവിതത്തിലും ഇതായിരുന്നു വിജയ മുഹൂര്‍ത്തം. അവന്‍ മുടന്തനായി മാറിയെങ്കിലും ദൈവത്തിന്റെ പ്രഭുവായി തീര്‍ന്നത് ഇവിടെ വച്ചാണ് (ഉല്‍പ 32:28). നുറുക്കത്തിലൂടെ ഉപായി, പ്രഭുവായി മാറിയാല്‍ അതല്ലേ വിജയം?

നോക്കുക: മാനസാന്തരമോ തുടര്‍ന്നു ചില കല്പനകളുടെ അനുസരണമോ കൊണ്ട് ഒരു വിശ്വാസിയെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവര്‍ത്തന പദ്ധതി തീരുന്നില്ല. ദൈവശക്തി നിഴലിടാന്‍ പാകത്തില്‍ നുറുക്കം അറിയുന്ന അവസ്ഥയില്‍ അവനെ എത്തിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. (ആദ്യ ദൈവാനുഭവത്തിന്റെ സ്ഥലമായ ബേഥേലോ ലൗകിക ബന്ധങ്ങളോടുള്ള വേര്‍പാടിന്റെ സ്ഥലമായ മിസ്പയോ (31:48) കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. നുറുക്കത്തിന്റെ ഇടമായ യാബോക്കു കടവിലേക്ക് അത് എത്തണം!). ഇന്നത്തെ സുവിശേഷ വിഹിത സഭകളുടെ വേദശാസ്ത്രത്തില്‍ ദൈവത്തിന്റെ ഈ സുപ്രധാന സത്യത്തിന് എവിടെയെങ്കിലും സ്ഥാനമുണ്ടോ? ഏതു സത്യവും ആദ്യം പ്രഘോഷിക്കപ്പെടണം. എങ്കില്‍ മാത്രമേ അതു കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യാന്‍ കഴിയുകയുള്ളു (റോമര്‍ 10:14). എന്നാല്‍ മുഖ്യധാര സുവിശേഷ വിഹിതസഭകളില്‍ ഇങ്ങനെയൊരു കാര്യം കേള്‍ക്കുന്നേയില്ല. ഫലം നുറുങ്ങപ്പെടാത്ത, ബലഹീനരാകാത്ത, വലി യ സ്വയബലമുള്ള ആളുകളാല്‍ അവിടം നിറയപ്പെട്ടിരിക്കുന്നു. (പരിശുദ്ധാത്മസ്‌നാനത്തിന്റെ സമയത്ത് ഈ നുറുക്കം ഉണ്ടാകുന്നുവെന്നാണു ചിലരുടെ അവകാശവാദം. എന്നാല്‍ പ്രായോഗികതലത്തില്‍ ഇതു ശരിയാണെന്നു തോന്നുന്നുണ്ടോ? മാത്രമല്ല പരിശുദ്ധാത്മസ്‌നാനത്തില്‍ പുകഴുന്ന പലരുമല്ലേ മറ്റു പലരെക്കാളും സ്വയബലമുള്ളവര്‍? ആത്മാവിന്റെ ചില വരങ്ങള്‍ അവരെ തങ്ങളില്‍ തന്നെ കൂടുതല്‍ ശക്തരാക്കിയിരിക്കുകയല്ലേ?).

നുറുക്കം പലരെ സംബന്ധിച്ചും വ്യത്യസ്തമായ വിധത്തിലായിരിക്കാം അനുഭവവേദ്യമാകുന്നത്. യാക്കോബിനെ സംബന്ധിച്ച് ഒട്ടേറെ കൊച്ചുകൊച്ചുനുറുക്കങ്ങള്‍. ഒടുവില്‍ വളരെ ശക്തമായ ഒരു നുറുക്കത്തോടെ അതു പൂര്‍ത്തിയായി. മോശെയെ സംബന്ധിച്ച് മിസ്രയേമില്‍ വച്ചു പ്രതീക്ഷയ്ക്കു കിട്ടിയ തിരിച്ചടി ആദ്യം തന്നെ ശക്തമായ ഒരു നുറുക്കത്തിനു കാരണമായപ്പോള്‍ തുടര്‍ന്നു കുടുംബ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളുടെ കൊച്ചുകൊച്ചു നുറുക്കങ്ങളിലൂടെ അതു തുടര്‍ന്നു.

നുറുക്കത്തിന്റെ രീതി ഏതായാലും നുറുങ്ങപ്പെടാത്ത ഒരാള്‍ക്കു പോലും ദൈവം തന്നെത്തന്നെ വിശ്വസിച്ചേല്പിച്ചിട്ടില്ല. ഏല്പിക്കുകയുമില്ല. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവത്തിന്റെ പ്രവര്‍ത്തനവിധം ഇതാണ്. ഇക്കാര്യത്തില്‍ സ്വന്തപുത്രനെപ്പോലും അവിടുന്ന് ഒഴിവാക്കിയില്ല. അതുകൊണ്ട് ‘അവനെ തകര്‍ത്തുകളവാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നി’ (യെശ 53:10).

അങ്ങനെയെങ്കില്‍, നമ്മെ സംബന്ധിച്ചും ദൈവേഷ്ടം മറ്റൊരുവിധത്തിലാകുന്നതെങ്ങനെ?

അധ്യായം 28 :
‘ഞാന്‍ എന്റെ സഭയെ പണിയും’

യേശു: ”ഞാന്‍ എന്റെ സഭയെ പണിയും” (മത്തായി 16:18).

പുതിയനിയമത്തില്‍ ‘സഭ’ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇവിടെയാണ്. സഭയെക്കുറിച്ച് ആദ്യമായി പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ യേശു നടത്തുന്ന ഈ പ്രസ്താവന എത്ര വലിയ ധൈര്യമാണു നമുക്കു തരുന്നത്! -‘ഞാന്‍ എന്റെ സഭയെ പണിയും‘. സഭയുടെ പണിയില്‍ യേശുവിന്റെ ഈ സര്‍വ്വാധിപത്യ (Sovereignty) മാണു നാം ആദ്യമായി കാണേണ്ടത്. പെന്തക്കോസ്തു നാളില്‍ സഭ രൂപപ്പെടുന്നതിനെക്കുറിച്ചു പറയുന്ന അപ്പൊസ്തലപ്രവൃത്തി രണ്ടാം അധ്യായം അവസാനിക്കുന്നതും കര്‍ത്താവിന്റെ ഈ പരമാധികാരത്തിന് അടിവരയിട്ടുകൊണ്ടാണ്-‘രക്ഷിക്കപ്പെടുന്നവരെ കര്‍ത്താവു ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു’ (2-47). ഇവിടെ പരാമര്‍ശിക്കുന്നതു സാര്‍വത്രികസഭ (universal church)യെയാണ്.

എന്നാല്‍ സഭ എന്ന വാക്കു പുതിയനിയമത്തില്‍ രണ്ടാമതു പ്രത്യക്ഷപ്പെടുന്ന സ്ഥലത്ത് (മത്തായി 18:17) പരാമര്‍ശിക്കുന്നതു പ്രാദേശികസഭ(local church)യെയാണ്. (കാരണം 18:15-17-ല്‍ പറയുന്ന അച്ചടക്കനടപടികള്‍ ഒരു പ്രദേശികസഭയില്‍ മാത്രമാണല്ലോ പ്രസക്തമാകുന്നത്). പ്രാദേശികസഭയിലും സര്‍വ്വാധിപത്യം കര്‍ത്താവിനു തന്നെയാണ് (18:19,20).

സാര്‍വത്രികസഭയുടെ പ്രാദേശിക പ്രത്യക്ഷതയാണു (കര്‍ത്താവു ശിരസ്സായിരിക്കുന്നിടത്തോളം) ഒരു ലോക്കല്‍ സഭ. സാര്‍വ്വത്രിക സഭയും പ്രാദേശിക സഭയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന ലളിതമായ ഒരു ഉദാഹരണം സാധുസുന്ദര്‍സിങ് നല്‍കിയിട്ടുള്ളത് ഇങ്ങനെയാണ്: മനുഷ്യന്റെ നിലനില്പിന് ആവശ്യമായ ജലം ഈ ഭൂമിയില്‍ പലയിടത്തുമുണ്ട്. നദിയില്‍, തടാകത്തില്‍, കിണറ്റില്‍ എന്നിങ്ങനെ. എന്നാല്‍ ഒരാള്‍ക്കു ദാഹം തീര്‍ക്കണമെങ്കില്‍ അയാള്‍ ഈ ജലം ഒരു ഗ്ലാസ്സിലോ കപ്പിലോ എടുത്തു കുടിക്കുകയാണു ചെയ്യുന്നത്. കപ്പിന്റെ ഒരു പരിമിതിക്കുള്ളില്‍ നിന്നു മാത്രമേ ഒരാള്‍ക്കു പ്രായോഗികകമായി തന്റെ ദാഹം തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ഈ കപ്പ് ഒരു പ്രാദേശികസഭയ്ക്കു നിദര്‍ശനമാണ്. സാര്‍വത്രികസഭ, പെന്തക്കോസ്തുനാള്‍ മുതല്‍ കര്‍ത്താവിന്റെ പുനരാഗമനം വരെ എല്ലാക്കാലത്തും എല്ലാ ദേശത്തും കര്‍ത്താവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്ന എല്ലാവരിലും പരന്നു കിടക്കുന്നു. ഇതങ്ങനെ ആയിരിക്കുമ്പോള്‍ തന്നെ ഇന്ന് ഒരാള്‍ക്കു തന്റെ ആത്മീയ ആവശ്യം നിറവേറ്റാന്‍ ഈ സാര്‍വത്രികസഭയുടെ പ്രാദേശിക പ്രത്യക്ഷതയായ ഒരു സ്ഥലം സഭയുടെ പരിമിതിയോടു താദാത്മ്യപ്പെടേണ്ടതുണ്ട്.

സാര്‍വത്രിക സഭയായാലും പ്രാദേശിക സഭയായാലും ക്രിസ്തുശിരസ്സായി ഇരിക്കുന്നതുകൊണ്ട് (എഫെസ്യര്‍ 1:23, 4:13-15, കൊലൊസ്യ.1:18) ശരീരമാകുന്ന സഭയുടെ പണി സംബന്ധിച്ച പ്രാഥമികമായ ഉത്തരവാദിത്തം അവിടുത്തേക്കു തന്നെയാണ്. അതുകൊണ്ട് കര്‍ത്താവു തന്നെ, ഒന്നാം നൂറ്റാണ്ടിലെ സഭയില്‍ ഉണ്ടായിരുന്നതും പിന്നീടു നഷ്ടപ്പെട്ടു പോയതുമായ സത്യങ്ങളെ വിവിധ ദൈവദാസന്മാരിലൂടെ സഭയിലേക്കു മടക്കിക്കൊണ്ടുവരുന്നതു നമുക്കു കാണാന്‍ കഴിയും. വിശ്വാസത്താലുള്ള രക്ഷ, വിശ്വാസസ്‌നാനം, വിശുദ്ധിയും വേര്‍പാടും, പരിശുദ്ധാത്മസ്‌നാനം, പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ എന്നിങ്ങനെ വിവിധ സത്യങ്ങള്‍ ഒന്നൊന്നായി സഭയിലേക്കു ദൈവം മടക്കികൊണ്ടുവരുന്നതായാണ് 16-ാം നൂറ്റാണ്ടു മുതലുള്ള സഭാചരിത്രം സസൂക്ഷ്മം അവലോകനം ചെയ്താല്‍ നമുക്കു മനസ്സിലാകുന്നത്. അങ്ങനെ 20-ാം നൂറ്റാണ്ടു വന്നപ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പെന്തക്കോസ്ത് കാലയളവും ആരംഭിച്ചു. എന്നാല്‍ ഇതോടെ നഷ്ടമായ സത്യങ്ങള്‍ എല്ലാം സഭയില്‍ പുനഃസ്ഥാപിച്ചു കഴിഞ്ഞോ? പെന്തക്കോസ്‌തോടെ ദൈവത്തിന്റെ പ്രവൃത്തി അവസാനിച്ചോ? അവസാനിച്ചുവെന്നാണു പലരും കരുതുന്നത്.

എന്നാല്‍ എബ്രായര്‍ 6:1-ഉം 2-ഉം വാക്യങ്ങള്‍ കാണുക: ”അതുകൊണ്ട് നിര്‍ജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നേയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്ക.” ഈ വാക്യത്തില്‍ ഇന്നത്തെ സുവിശേഷവിഹിത, പെന്തക്കോസ്ത്, സഭകളുടെ അടിസ്ഥാന ഉപദേശങ്ങളെല്ലാം തന്നെ പറയുന്നുണ്ട്. രക്ഷ, വിശ്വാസസ്‌നാനം, പരിശുദ്ധാത്മസ്‌നാനം (‘സ്‌നാനങ്ങള്‍’ എന്ന ബഹുവചനം വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് വിശ്വാസസ്‌നാനവും പരിശുദ്ധാത്മസ്‌നാനവും രണ്ടും ഇതില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ടല്ലോ), വീര്യപ്രവൃത്തികള്‍, കര്‍ത്താവിന്റെ മടങ്ങിവരവ്, പ്രതിഫലവിഭജനവും ശിക്ഷാവിധിയും എന്നിവയെല്ലാം ഇവിടെ പറഞ്ഞിട്ട് അവയെല്ലാം അടിസ്ഥാനം (Foundation) മാത്രമാണെന്നു പറഞ്ഞിരിക്കുന്നു. അടിസ്ഥാനം മാത്രം ഇട്ടുകൊണ്ടിരുന്നാല്‍ ഒരു മന്ദിരം എന്നാണു പൂര്‍ത്തിയാകുക?

ആലയത്തിന്റെ അടിസ്ഥാനം മാത്രം ഇട്ടശേഷം മുകളിലേക്കുള്ള പണിയെ അവഗണിച്ച ഒരു കാലഘട്ടം യിസ്രായേലിന്റെ ചരിത്രത്തിലും ഉണ്ടായിരുന്നു. യെഹൂദന്മാര്‍ ബാബേലില്‍ പ്രവാസികളായി 70 വര്‍ഷം കഴിഞ്ഞശേഷം മടങ്ങിവന്നപ്പോഴായിരുന്നു അത്. യെരുശലേമില്‍ നെബുഖദ്‌നേസറിനാല്‍ നശിപ്പിക്കപ്പെട്ട ദേവാലയത്തിനു പകരം പുതിയ ആലയം പണിയുവാന്‍ അവര്‍ ആദ്യം അടിസ്ഥാനം ഇട്ടു. നല്ല കാര്യം. എന്നാല്‍ അടിസ്ഥാനം ഇട്ടശേഷം, അവര്‍ ഓരോരുത്തനും സ്വന്തം വീടു പണിയുവാനും അവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുവാനുമായി പോയി. ദൈവാലയം പതിനാറു വര്‍ഷത്തോളം മുകളിലേക്കു പണിയപ്പെടാതെ അനാഥമായി കിടന്നു. ഈ സമയത്താണു ദൈവം അവരുടെ മധ്യത്തില്‍ രണ്ടു പ്രവാചകന്മാരെ എഴുന്നേല്‍പ്പിക്കുന്നത്- ഹഗ്ഗായിയും സെഖര്യാവും. ഇവരില്‍ മുതിര്‍ന്ന ആള്‍ ഹഗ്ഗായിയായിരുന്നു, സെഖര്യാവ് താരതമ്യേന ചെറുപ്പം. എന്നാല്‍ ഇരുവര്‍ക്കും യിസ്രായേല്‍ മക്കള്‍ക്കു നല്‍കുവാനുണ്ടായിരുന്നത് ഒരേ ഒരു സന്ദേശം-നിങ്ങള്‍ ആലയത്തിന്റെ അടിത്തറ ഇട്ടശേഷം എത്രനാള്‍ മുകളിലേക്കുള്ള പണിയെ അവഗണിക്കും? ഒടുവില്‍ ആ സന്ദേശങ്ങളോടു ക്രിയാത്മകമായി യിസ്രായേല്‍ ജനം പ്രതികരിച്ചു. അവര്‍ ആലയത്തിന്റെ ഉപരിഭാഗത്തെ പണി പൂര്‍ത്തിയാക്കി.

ഈ പശ്ചാത്തലം മനസ്സില്‍ വച്ചുകൊണ്ട് എബ്രായര്‍ ആറിന്റെ പ്രാരംഭവാക്യങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും. ഇന്നത്തെ മിക്ക സുവിശേഷവിഹിത, പെന്തക്കോസ്തു സഭകളും ഊറ്റംകൊള്ളുന്ന അവരുടെ വിശ്വാസസംഹിതകളുടെ ആകെത്തുക ദൈവത്തിന്റെ ദൃഷ്ടിയില്‍ കേവലം അടിസ്ഥാനം മാത്രമാണ്. അതില്‍ത്തന്നെ പിന്നേയും പിന്നേയും അഭിരമിക്കുന്ന അവര്‍ അടിത്തറ മാത്രം കെട്ടി മുകളിലേക്കു പണിയാതിരുന്ന യിസ്രായേല്‍ മക്കളെപ്പോലെയാണ്.

അങ്ങനെയാണെങ്കില്‍ ഇതിന്റെ മുകളിലത്തെ പണി എന്താണ്? അത് ആ വാക്യത്തില്‍ തന്നെയുണ്ട് ‘…അടിസ്ഥാനം പിന്നേയും ഇടാതെ ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂര്‍ത്തി പ്രാപിക്കുക’ (എബ്രായര്‍ 6:2).

ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം എങ്ങനെയാണ് ആലയത്തിന്റെ മുകളിലത്തെ പണി ആകുന്നത്? ഒരു മന്ദിരത്തിന്റെയും അടിസ്ഥാനം ആരും കാണുന്നില്ല. അതിന്റെ മുകളിലത്തെ എടുപ്പാണ് ആളുകളുടെ ദൃഷ്ടിയില്‍ പെടുക. ഇന്നത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പുറംലോകം അവരില്‍ എന്താണു കാണുന്നത്?

വിശ്വാസസ്‌നാനത്തെക്കുറിച്ചുള്ള അവരുടെ ഉപദേശം എന്താണ്? പരിശുദ്ധാത്മസ്‌നാനം രക്ഷയില്‍ത്തന്നെ നിറവേറിയെന്നാണോ, അതോ അതു രണ്ടാമതൊരു അനുഭവമാണെന്നാണോ അവര്‍ വിശ്വസിക്കുന്നത്?-ഇതൊന്നും പുറംലോകത്തിനു വിഷയമേയല്ല. അടിസ്ഥാന വേദോപദേശങ്ങള്‍ സംബന്ധിച്ച വിശ്വാസമല്ല മറ്റുള്ളവര്‍ ക്രിസ്ത്യാനികളില്‍ കാണുന്നത്. മറിച്ച് അവരുടെ ജീവിതമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത മിഷനറി സ്റ്റാന്‍ലി ജോണ്‍സ്, ‘ഭാരതത്തിലെ ക്രിസ്ത്യാനികളില്‍ നിന്ന് അങ്ങു പ്രാഥമികമായും എന്താണു പ്രതീക്ഷിക്കുന്നതെ’ന്നു മഹാത്മാഗാന്ധിയോടു ചോദിച്ചു. ‘അവര്‍ കൂടുതല്‍ കൂടുതല്‍ യേശുവിനെപ്പോലെയാകണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നോക്കുക: രക്ഷ, സ്‌നാനം, പരിശുദ്ധാത്മസ്‌നാനം എന്നീ വിശ്വാസവിഷയങ്ങളൊക്കെ അടിത്തറയാണ്. അതാരും കാണുകയില്ല. മറിച്ച് യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ ജീവിതം ‘തന്റെ പുത്രന്റെ സ്വഭാവത്തോട് അനുരൂപമാകുന്നത്’ പുറംലോകത്തിന്റെ ദൃഷ്ടിയില്‍ പെടും. ഇതിനായിട്ടാണല്ലോ ദൈവം നമ്മെ മുന്‍നിര്‍ണയിച്ചിരിക്കുന്നത് (റോമര്‍ 8:29). പൗലൊസിന് ഈ മുകളിലത്തെ പണിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം ഒരേ ഒരു കാര്യം ആയിരുന്നു. ‘അവനെ അറിയുക, അവന്റെ മരണത്തോട് അനുരൂപപ്പെടുക’ (ഫിലിപ്യ. 3:10).
‘ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി’ എന്ന ബോധ്യത്തില്‍ ക്രൂശെടുത്തു തന്നെ അനുഗമിക്കുന്നത്, ശിഷ്യത്വത്തിന്റെ ജീവിതം, അവിടുത്തെ സ്വഭാവത്തോട് അനുരൂപപ്പെടുന്നത് എന്നിങ്ങനെ ജീവിതഗന്ധിയായ നിലപാടുകളില്ലാതെ ഉപദേശങ്ങളുടെ തലനാരിഴ കീറി പിന്നേയും പിന്നേയും അടിത്തറയില്‍ അഭിരമിക്കുന്നവരോട് വിനയപൂര്‍വ്വം ചോദിക്കട്ടെ: ‘നിങ്ങള്‍ ഇനി എന്നാണു മുകളിലത്തെ പണിക്കു പ്രാധാന്യം കൊടുക്കുക?’ ഇന്നത്തെ വിശ്വാസലോകം മുകളിലേക്കുള്ള പണിയെ അവഗണിക്കുന്ന സാഹചര്യത്തില്‍ ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രവാചക ശുശ്രൂഷയ്ക്ക് ഇന്ന് ഇവിടെ ഏറെ പ്രസക്തിയില്ലേ?

ഉവ്വ്, പ്രസക്തിയുണ്ട്. പക്ഷേ അതിന് ഒരു വില കൊടുക്കേണ്ടിവരും. സെഖര്യാ പ്രവാചകന്റെ അനുഭവം തന്നെ നോക്കുക: മനുഷ്യമാനം തേടാതെ ശക്തമായ ഒരു പ്രവാചക ശുശ്രൂഷയിലൂടെ മുകളിലേക്കുള്ള പണിയെക്കുറിച്ചു ദൈവജനത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച സെഖര്യാവിനെ കാത്തിരുന്നത് അതിദാരുണമായ അന്ത്യമായിരുന്നു. അദ്ദേഹം മന്ദിരത്തിനും യാഗപീഠത്തിനും മധ്യേ കൊല്ലപ്പെട്ടു (മത്തായി 23:35). ഇന്നു നിയമവാഴ്ചയെ പേടിച്ച് വിശ്വാസികള്‍ ഇത്തരമൊരു പ്രവാചകനെ അക്ഷരാര്‍ത്ഥത്തില്‍ കൊന്നെന്നു വരികയില്ല. പക്ഷേ അവനെ അവര്‍ നാവുകൊണ്ടു കൊന്നുകളയും (യിരെമ്യാവ് 18:18).

ഹഗ്ഗായി, സെഖര്യാവ് തുടങ്ങിയവര്‍ പ്രവാചകശുശ്രൂഷ ചെയ്തിരുന്ന കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലം നമ്മള്‍ കാണുന്നത് എസ്രായുടേയും നെഹമ്യാവിന്റെയും പുസ്തകങ്ങളിലാണ്. പ്രവാസത്തില്‍ നിന്നു മടങ്ങിയെത്തിയവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വിവിധ രീതിയില്‍ ശത്രു പ്രവര്‍ത്തിച്ചതിന്റെ വിശദ വിവരണങ്ങള്‍ ഈ പുസ്തകങ്ങളില്‍ കാണാം. ശത്രു പയറ്റിയ ഏഴു തന്ത്രങ്ങള്‍ നെഹമ്യാവു വിവരിക്കുന്നതു ശ്രദ്ധിക്കുക: 1. പണിയോട് അനിഷ്ടം പ്രകടിപ്പിച്ചു (2:10), 2. പരിഹസിച്ചു (2:19, 4:3), 3. കോപവും മഹാരോഷവും കാട്ടി (4:1), 4. യുദ്ധത്തിനു മുതിര്‍ന്നു (4:8), 5. സംയുക്തയോഗത്തിനു ക്ഷണിച്ചു (6:2), 6. സഹായിക്കാന്‍ എന്ന വ്യാജേന വരികയും ബന്ധം സ്ഥാപിക്കുകയും ചെയ്തു (6:7, 17, 18), 7. ശത്രു അകത്ത് (13:7).

ഈ തന്ത്രങ്ങളെല്ലാം മാറിമാറി പ്രയോഗിച്ചിട്ടും ഒടുവില്‍ ശത്രു തോറ്റുപോയി. ദൈവത്തിന്റെ പ്രവൃത്തി നിര്‍വിഘ്‌നം തുടര്‍ന്നു.

ഇന്നും ഇതുതന്നെ സംഭവിക്കും. എന്തുകൊണ്ട്? കാരണം ഒന്നേയുള്ളൂ-”യേശു പറഞ്ഞു: ഞാന്‍ എന്റെ സഭയെ പണിയും.”