ദൈവത്തോടു കൂടെയുള്ള ഒരു മനുഷ്യൻ എപ്പോഴും ഭൂരിപക്ഷമാണ് – WFTW 25 ഡിസംബർ 2022

സാക് പുന്നന്‍

ഒരു സ്ഥലത്ത് അവിടുത്തേക്കു വേണ്ടി ഒരു നിലപാടെടുക്കുന്നതിന്, കുറഞ്ഞ പക്ഷം ഒരു മനുഷ്യനെ എങ്കിലും കണ്ടെത്തേണ്ടതിന് ദൈവം എല്ലായ്പോഴും അന്വേഷിക്കുന്നു (യെഹെസ്കേൽ 22:30 ൽ നാം വായിക്കുന്നതു പോലെ). ഒരു സമയത്ത് അവിടുന്ന്, ഒരു ഹാനോക്കിനെ കണ്ടു, പിന്നീട് ഒരു നോഹ, അതിനു ശേഷം ഒരു അബ്രാഹാം, പിന്നീട് ഒരു ഏലിയാവ്, പിന്നെ ഒരു സ്നാപക യോഹന്നാൻ തുടങ്ങിയവർ.

ബാബിലോണിൽ, അവിടുന്ന് ഒരു ദാനിയേലിനെ കണ്ടെത്തി. ദാനിയേലിൻ്റെ മൂന്നു സ്നേഹിതന്മാരായ ഹനന്യാവ്, മിശായേൽ, അസര്യാവ് (ശദ്രക്, മേശക്ക്, അബേദ്നെഗോ എന്നു പിന്നീട് പുനർനാമകരണം ചെയ്യപ്പെട്ടവർ) എന്നിവരെ കുറിച്ച് ദാനിയേൽ 1:7ൽ ബൈബിൾ പറയുന്നുണ്ടെങ്കിലും, ദാനിയേൽ 1:8ൽ “അവൻ തന്നെത്താൻ അശുദ്ധമാക്കുകയില്ലെന്ന് അവൻ്റെ ഹൃദയത്തിൽ നിർണ്ണയിച്ചു” എന്നു പറയുന്നത് ദാനിയേലിനെ കുറിച്ചു മാത്രമാണ്. അപ്പോൾ മാത്രമാണ് മറ്റു മൂന്നു പേർക്കും ഒരു നിലപാടെടുക്കാനുള്ള ധൈര്യം ഉണ്ടായത്. ലോകത്തിൽ അനേകം സ്ഥലങ്ങളിൽ വിശ്വാസികളുടെ ഇടയിൽ അനേകം ഹനന്യാവുമാരും, മിശായേൽമാരും, അസര്യാവുമാരും ഉണ്ട്, അവർക്ക് സ്വയമായി കർത്താവിനു വേണ്ടി ഒരു നിലപാടെടുക്കാൻ ധൈര്യമില്ല, എന്നാൽ അവരുടെ നടുവിൽ ഒരു ദാനിയേൽ എഴുന്നേറ്റ് കർത്താവിനു വേണ്ടി ഒരു നിലപാടെടുക്കുമെങ്കിൽ അവരും ഒരു നിലപാടെടുക്കും. അതുകൊണ്ട് നിങ്ങൾ എവിടെയാണെങ്കിലും അവിടെ കർത്താവിനു വേണ്ടി ഒരു ദാനിയേൽ ആയിരിക്കുമെന്ന് തീരുമാനിക്കുക.

ഇതിനു സമാനമായി ചില കാര്യങ്ങൾ- എന്നാൽ തിന്മയായത്- എതിർ പക്ഷത്തു നാം കാണുന്നു. പ്രാരംഭത്തിൽ ഒന്നല്ലെങ്കിൽ മറ്റു ചില കാര്യങ്ങളെ കുറിച്ച് ചില അതൃപ്തി തങ്ങളുടെ ഉള്ളിൽ അടിഞ്ഞു കിടന്നിരുന്ന അനേകം ദൂതന്മാർ സ്വർഗ്ഗത്തിലുണ്ടായിരുന്നു. എന്നാൽ അവരുടെ നടുവിൽ ഒരു ലൂസിഫർ എഴുന്നേൽക്കുന്നതു വരെ ഒരു മത്സരം തുടങ്ങാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നില്ല. എന്നാൽ ലൂസിഫർ (ദൂതന്മാരുടെ തലവൻ) തൻ്റെ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, ഉടനെ തന്നെ മൂന്നിലൊന്നു ദൂതന്മാർ അവനോടു ചേർന്നു (വെളി. 12:4). ആ ലക്ഷക്കണക്കിനു ദൂതന്മാർ ലൂസിഫറിനോടൊപ്പം ദൈവത്താൽ പുറം തള്ളപ്പെട്ടു – അവരാണ് ഇന്ന് ആളുകളെ ബാധിക്കുന്ന ഭൂതങ്ങൾ (പിശാചുക്കൾ). “എല്ലായിടത്തും നിഗളികളെയും ഗർവ്വികളെയും നീക്കുകയും താഴ്മയും ദാരിദ്ര്യവും ഉള്ളവരെ ശേഷിപ്പിക്കുകയും ചെയ്യും” (സെഫ. 3:11,12) എന്നത് ദൈവത്തെ സംബന്ധിച്ച് നിത്യമായ പ്രമാണമാണ്. അങ്ങനെയാണ് യുഗങ്ങൾക്കു മുമ്പ് അവിടുന്ന് സ്വർഗ്ഗത്തെ ശുദ്ധീകരിച്ചത്- അങ്ങനെ തന്നെയാണ് അവിടുന്ന് ഇന്നു സഭയെയും ശുദ്ധീകരിക്കുന്നത്.

ഇന്നു ലോകത്തിൽ സമകാലികമായി തുടരുന്ന രണ്ടു പ്രസ്ഥാനങ്ങളുണ്ട്: കർത്താവിനു വേണ്ടി ഒരു നിലപാടെടുക്കാൻ രണ്ടോ മൂന്നോ പേരെ, ദാനിയേലുമാർ ഒന്നിച്ചു കൂട്ടി ചേർത്തു കൊണ്ടിരിക്കുന്നു; ആളുകളെ അശുദ്ധിയിലേക്കും, അധികാരത്തോടുള്ള മൽസരത്തിലേക്കും, ദൈവ കൽപ്പനകളോടുള്ള അനുസരണക്കേടിലേക്കും നയിക്കേണ്ടതിന് തങ്ങളുടെ ലക്ഷക്കണക്കിന് ആളുകളെ ലൂസിഫർമാർ ഒരുമിച്ചു കൂട്ടി ചേർത്തു കൊണ്ടിരിക്കുന്നു. എന്നാൽ ഒടുക്കം ജയിക്കുന്നത് ദാനിയേൽമാരോടു കൂടെയുള്ള ആ രണ്ടോ മൂന്നോ പേരാണ് – കാരണം ദൈവത്തോടു കൂടെ നിൽക്കുന്ന ഒരാൾ ആണെങ്കിൽ പോലും അത് എപ്പോഴും ഒരു ഭൂരിപക്ഷമാണ്. ഒരു പ്രദേശത്ത് ദൈവത്തിന് ഒരു ദാനിയേലിനെ ലഭിച്ചില്ലെങ്കിൽ, അപ്പോൾ പിശാചിന് തൻ്റെ മാർഗ്ഗത്തിൽ ആളുകളെ നയിക്കാൻ ആരെയെങ്കിലും ലഭിക്കും. അതുകൊണ്ട് നിങ്ങളുടെ സ്ഥലത്ത് ദൈവത്തിനു വേണ്ടി നിങ്ങൾ ഒരു ദാനിയേൽ ആയി തീരുക എന്നത് അത്യന്താപേക്ഷിതമാണ് – ദൈവത്തിൻ്റെ ഏറ്റവും ചെറിയ കൽപ്പനകളോടു പോലും അനുസരണക്കേടു കാണിച്ച് നിങ്ങളെ തന്നെ അശുദ്ധമാക്കുകയില്ല എന്നും നിങ്ങൾ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ടാലും അവിടുത്തേക്കു വേണ്ടി ഒരു നിലപാടെടുക്കുമെന്നും തീരുമാനിക്കുന്ന ഒരാളായി തുടങ്ങുന്നതിലൂടെ.

കർത്താവു നിങ്ങൾക്കു കൃപയും വിവേകവും നൽകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങൾ കണ്ടിരിക്കാവുന്ന ഒരു പ്രാർത്ഥനയുടെ ഒരു നേരിയ ഭേദഗതി വരുത്തിയത് ഇവിടെ കൊടുത്തിരിക്കുന്നു: “കർത്താവേ ഞാൻ നിരസിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്ന കാര്യങ്ങളോട് “ഇല്ല” എന്നു പറയാനുള്ള ധൈര്യം എനിക്കു തരേണമേ; ഞാൻ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ “ചെയ്യാനുള്ള” ശക്തി എനിക്കു തരേണമേ. ഇവ തമ്മിലുള്ള വ്യത്യാസം അറിയാനുള്ള വിവേകവും എനിക്കു തരേണമേ”.