സ്‌നേഹം പ്രകടിപ്പിക്കാന്‍ മറക്കരുത്

പ്രശസ്തനായ അധ്യാപകനും സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു തോമസ് കാര്‍ലൈന്‍ (1795 – 1881). കാര്‍ലൈന്റെ ഭാര്യ ജയിന്‍, അവര്‍ വളരെ നല്ല സ്ത്രീയായിരുന്നു. കാര്‍ലൈനും ഭാര്യയോട് അതിയായ സ്‌നേഹമുണ്ട്. പക്ഷേ അദ്ദേഹം അതു പ്രകടിപ്പിക്കാന്‍ മറന്നു പോയി. തിരക്കിനിടയില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനു പകരം അദ്ദേഹം നീരസമാണു പ്രകടിപ്പിച്ചത്.


ജയിനിന്റെ മരണശേഷം കാര്‍ലൈനു വലിയദുഃഖം തോന്നി. ഒരു ദിവസം ജയിനിന്റെ ശവകുടീരം സന്ദര്‍ശിച്ചശേഷം കാര്‍ലൈന്‍ തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി: ‘ഏറ്റവും പ്രിയപ്പെട്ടവര്‍ അടുത്തുണ്ടായിരിക്കുമ്പോള്‍ ആ സാന്നിധ്യം ആസ്വദിച്ച് അനുഭവിക്കൂ. അവര്‍ അകലെയാകുന്നതുവരെ അതിനായി കാത്തിരിക്കേണ്ട. സ്‌നേഹത്തിന്റെ കാര്യത്തില്‍ അവരോട് അന്ധരും ബധിരരും മൂകരുമാകേണ്ട. ആരെയെങ്കിലും നമ്മള്‍ സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം പ്രകടമാക്കുവാന്‍ അവരുടെ മരണംവരെ നാം കാത്തിരിക്കരുത്’.


ഹാഡിങ്ടണിലെ ജയിനിന്റെ ശവകുടീരത്തില്‍ കാര്‍ലൈന്‍ ഇങ്ങനെ എഴുതിവച്ചു ”അവളുടെ ധന്വമായ ജീവിതത്തില്‍ ദുഃഖങ്ങളായിരുന്നു കൂടുതല്‍. എന്നാല്‍ അവയൊന്നും തന്റെ ഹൃദയത്തെ കീഴ്‌പ്പെടുത്തുവാന്‍ അവള്‍ അനുവദിച്ചില്ല. കാര്യങ്ങള്‍ വിവേചിച്ചറിയുവാന്‍ ഏറെ നൈപുണ്യമുണ്ടായിരുന്ന അവള്‍ ശ്രേഷ്ഠമായ ഹൃദയത്തിന്റെ ഉടമയായിരുന്നു. 40 വര്‍ഷം അവള്‍ ഭര്‍ത്താവിന്റെ വിശ്വസ്ത സഹകാരിയായിരുന്നു. 1866 ഏപ്രില്‍ 21 ന് അവള്‍ മരിച്ചപ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ ജീവിതത്തിലെ വിളക്ക് അണഞ്ഞുപോയി”. (സദൃശവാക്യം 31:10,28)