“കണ്ണുകളെ തുറക്കേണമേ”

റൊണാൾഡ് ജയിംസിന്റെ The Roar and the Silence എന്ന പുസ്തകത്തിൽ സ്വർണവേട്ടയ്ക്ക് ഇറങ്ങിയ ചിലരുടെ അനുഭവം രേഖപ്പെടുത്തിയിരിക്കുന്നതു നമുക്കു വിലപ്പെട്ട ഒരു പാഠം നൽകും.

താരതമ്യേന താമസിച്ചു മാത്രം കണ്ടെത്തിയ അമേരിക്കാ ഭൂഖത്തിൽ പല സ്ഥലങ്ങളിലും സ്വർണത്തിന്റെയും വെള്ളിയുടേയും വൻ നിക്ഷേപം ഉണ്ടായിരുന്നു. 1848 ൽ യു.എസിലെ കലിഫോർണിയയിൽ സ്വർണനിക്ഷേപം ഉണ്ടെന്നു മനസ്സിലാക്കി പലരും അവിടെയെത്തി ഭൂമി കുഴിച്ചു സ്വർണമെടുത്തു വേഗത്തിൽ വലിയ ധനവാന്മാരായി. “കലിഫോർണിയ ഗോൾഡ് റഷ്’ എന്നാണ് ഈ വലിയ സ്വർണവേട്ടയെ ചരിത്രത്തിൽ അറിയുന്നത്.

കലിഫോർണിയയിൽ നിന്നു ചില സ്വർണവേട്ടക്കാർ 1860ൽ പശ്ചിമ നെവേഡയിലെ കോം സ്റ്റോക്കിൽ എത്തി. അവിടെയും സ്വർണം ഉണ്ടെന്നുള്ള ധാരണയിൽ അവർ ഭൂമി കുഴിക്കാൻ തുടങ്ങി. ഏതോ ചില ലോഹത്തിന്റെ പാളികൾ അവരുടെ കണ്ണിൽ പെട്ടെങ്കിലും സ്വർണത്തിനു വേണ്ടിയുള്ള ആഗ്രഹം കൊണ്ട് അതൊന്നും ശ്രദ്ധിക്കാതെ പിന്നേയും അവർ ഭൂമി കുഴിക്കുവാൻ തുടങ്ങി. ഒടുവിൽ എങ്ങും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. അവർ നിരാശരായി സ്ഥലം വിട്ടു.

അപ്പോൾ മറ്റു ചിലർ കോം സ്റ്റോക്കിലെത്തി ഖനനം തുടങ്ങി. അവിടം ലോകത്തിലെ ഏറ്റവും വലിയ വെള്ളി നിക്ഷേപം ഉള്ള സ്ഥലം ആണെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ആ വെള്ളി കുഴിച്ചെടുത്തു വലിയ ധനവാന്മാരായി.

ആദ്യം കോംസ്റ്റോക്കിൽ വന്നവർക്ക് എന്തുകൊണ്ടാണ് ഈ വലിയ നിക്ഷേപം കണ്ടെത്താൻ കഴിയാതെ പോയത്? അവർ സ്വർണമാണു തിരഞ്ഞത്. കുഴിച്ചു കിട്ടുന്നതു വെള്ളിയാണെന്നും അതും വലിയ വിലയുള്ള ലോഹമാണെന്നും അവർ മനസ്സിലാക്കാതെ പോയി. ഫലം അവർക്കു വലിയ സമ്പത്തു നഷ്ടമായി.

ഇതുപോലെ ദൈവം അവർക്കായി കരുതിയിട്ടുള്ള വലിയ നിക്ഷേപങ്ങളെ പലരും തിരിച്ചറിയുന്നില്ല. ഫലം അവർ ശക്തി, ജ്ഞാനം, അനുഗ്രഹം, സമാധാനം തുടങ്ങിയവയുടെ വൻ നിക്ഷേപങ്ങൾ നഷ്ടമാക്കുന്നു. (സങ്കീർത്തനം 119:18).

What’s New?