സാക് പുന്നന്‍
2 കൊരിന്ത്യർ 10:5 ൽ അപ്പൊസ്തലനായ പൗലൊസ് നമ്മുടെ ചിന്താ ജീവിതത്തിലുള്ള കോട്ടകളെപ്പറ്റി സംസാരിക്കുന്നു. നമ്മുടെ ജഡത്തിലുള്ള മോഹങ്ങൾ ദുഷിച്ച ചിന്താ- രൂപങ്ങളും സ്വാർത്ഥ ചിന്താ- രൂപവും പണിതുയർത്തിയിരിക്കുന്നു, അവ ശക്തമായ കോട്ടകൾ പോലെയാണ്.അതു നമ്മെ പകൽ സമയം സ്വാർത്ഥപരമായി നമ്മുടെ സ്വന്ത മോഹങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കുന്നവരാക്കി തീർക്കുന്നു , പിന്നീട് രാത്രിയിൽ, നാം ഉറങ്ങുമ്പോൾ, ദുഷിച്ച ചിന്തകൾ ഈ കോട്ടകളിൽ നിന്ന് , സ്വപ്നങ്ങളായി പുറത്തു വരുന്നു. നാം എന്നന്നേക്കും ഇങ്ങനെ ജീവിക്കണമെന്നാണോ ദൈവഹിതം? അല്ല. നാം ഓരോ ചിന്തയേയും ക്രിസ്തുവിന്റെ ,അനുസരണത്തിലേക്ക് കൊണ്ടുവരണമെന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ദൈവത്താൽ നമുക്ക് നൽകപ്പെട്ടിരിക്കുന്ന ആത്മീയ ആയുധങ്ങളാൽ ,നമുക്കീ കോട്ടകളെ നശിപ്പിക്കാൻ കഴിയും .ആ വലിയ ആയുധങ്ങളിൽ ഒന്നാണ് ദൈവത്തിന്റെ വചനം. അത് ഈ കോട്ടകളുടെ നാശത്തിന് വേണ്ട ശക്തിയുള്ളവയാണ് (2 കൊരി.10:4). അങ്ങനെ നമുക്ക് ” ഓരോ, ചിന്തകളെയും ക്രിസ്തുവിന്റെ അനുസരണത്തിലേക്ക് പിടിച്ചടക്കി ” കൊണ്ടു വരാൻ കഴിയും.
നാം നമ്മുടെ മനസ്സ് കൂടുതൽ കൂടുതൽ ദൈവ വചനം കൊണ്ട് നിറയ്ക്കുമ്പോൾ, ഈ കോട്ടകൾ ഓരോന്നോരോന്നായി തകർക്കപ്പെടുന്നു – ഈ കോട്ടകൾക്കുള്ളിലെ പടയാളികളും (ചിന്തകൾ ) നശിപ്പിക്കപ്പെടുന്നു. ഒരു യുവാവ് ആയിരുന്നപ്പോൾ ഞാനും നിങ്ങളെ എല്ലാവരെയും പോലെ ദുഷിച്ച ചിന്തകളോട് പോരാടിയിട്ടുണ്ട്. എന്റെ യൗവന നാളുകളിൽ ഞാൻ കണ്ടെത്തിയ പരിഹാരം ഇതായിരുന്നു : ഞാൻ ദൈവ വചനം വായിക്കുകയും ധ്യാനിക്കുകയും എന്റെ ഹൃദയം ദൈവവചനത്താൽ നിറയപ്പെട്ട് കവിഞ്ഞൊഴുകുകയും ചെയ്തു. നമ്മുടെ മനസ്സ് മലിന ജലം നിറഞ്ഞിരിക്കുന്ന ഒരു കോപ്പ പോലെയാണ്, കാരണം നാം നമ്മുടെ രക്ഷിക്കപ്പെടാത്ത നാളുകളിൽ അതിലേക്ക് ധാരാളം അഴുക്കും ചപ്പുചവറും ഇട്ടിരിക്കുന്നു. എന്നാൽ ഒരു ജഗ് ശുദ്ധജലം അതിലേക്ക് ഒഴിച്ചാൽ, ക്രമേണ അതിലെ വെള്ളം നിറഞ്ഞു കവിയുകയും അത് നേർപ്പിക്കപ്പെടുകയും ചെയ്യുന്നു.അങ്ങനെ ഈ കോപ്പയിലെ വെള്ളം അധികമധികം ശുദ്ധമായിത്തീരുന്നു. ഇതിന് ഒരു നീണ്ട സമയം വേണ്ടി വരും എന്നാൽ നമ്മുടെ മനസ്സിലേക്ക് ദൈവവചനം പകരുന്നതിലൂടെ സാവധാനത്തിൽ ഒരു വർഷക്കാലം കൊണ്ട് നമ്മുടെ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് നാം അല്പാല്പം അഴുക്ക് ആ കോപ്പയിലേക്ക് വീണ്ടും എറിഞ്ഞു കൊടുത്താൽ ശുദ്ധീകരണ പ്രക്രിയയ്ക്ക് കാലതാമസം ഉണ്ടാകുന്നു. നമ്മുടെ ഓരോ ചിന്തയും ക്രിസ്തുവിന്റെ അനുസരണത്തിലേക്ക് കൊണ്ടുവരുന്നതിന് നമുക്ക് കൃപ നൽകേണ്ടതിന് നമുക്ക്ദൈവത്തോട് ചോദിക്കാം.
2 കൊരിന്ത്യർ 11.2,3 വാക്യങ്ങളിൽ പൗലൊസ് ആ കൊരിന്ത്യ ക്രിസ്ത്യാനികളെ “കുഞ്ഞാടിന്റെ കല്യാണനാളിൽ” നിർമ്മല കന്യകയായി കർത്താവിന് സമർപ്പിക്കുവാൻ എത്ര ആ ഗ്രഹിക്കുന്നു എന്ന് നാം വായിക്കുന്നു. വഴിയിൽ വച്ച് അവൾ മറ്റാരുമായും പ്രണയത്തിലാകരുതെന്ന് വളരെ അസൂയയോടെ അദ്ദേഹം ആ ഗ്രഹിക്കുകയാണ്. യിസ്ഹാക്കിന് നൽകാനായി റിബേക്കയേയും കൊണ്ട് ദീർഘദൂരം യാത്ര ചെയ്ത (ഊരിൽ നിന്ന് കനാനിലേക്ക് 1500 കിലോമീറ്റർ) അബ്രഹാമിന്റെ ദാസനായ എല്യേസറിന്റെ കാര്യം നോക്കാം. യാത്രയ്ക്കിടയ്ക്ക്, ഏതെങ്കിലും കോമളനായ ഒരു യുവാവ് വന്നിട്ട് റിബേക്കയുടെ സ്നേഹം കവർന്നെടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, എല്യേസർ റിബേക്കയ്ക്ക് ഇങ്ങനെ പറഞ്ഞു താക്കീത് നൽകുമായിരുന്നു. “ഈ പുരുഷന്മാരാൽ വശീകരിക്കപ്പെടരുത്, എനിക്ക് നിന്നെ നിർമ്മല കന്യകയായി യിസ്ഹാക്കിന് സമ്മാനിക്കണം”. അതേപോലെ തന്നെ കൊരിന്തിലെ സഭയെ യേശുവിനു വേണ്ടി സൂക്ഷിക്കുവാൻ പൗലൊസ് ആഗ്രഹിച്ചു. ദൈവത്തിന്റെ ഓരോ വേലക്കാരനും അവന്റെ ആടുകൾക്ക് വേണ്ടി ഉണ്ടായിരിക്കേണ്ട വിശുദ്ധമായ അസൂയ അതാണ്. അവൻ അവരോട് പറയണം, “നിങ്ങൾ യേശുവിനു വേണ്ടി കരുതി വയ്ക്കപ്പെട്ടിരിക്കുന്നവരാണ്. പണത്താലോ, അവിഹിത ലൈംഗികതയാലോ അല്ലെങ്കിൽ ലൗകിക ബഹുമതിയാലോ ആകർഷിക്കപ്പെടരുത്. ഇവ നിങ്ങളെ ആകർഷിക്കാൻ ശ്രമിക്കും. എന്നാൽ അവയുടെ മുന്നേറ്റത്തെ എതിർത്ത് നിങ്ങളത്തന്നെ നിർമ്മലരായി സൂക്ഷിക്കണം. അപ്പോൾ പൗലൊസ് തുടർന്ന് പറയുന്നു, “സാത്താൻ ഏദനിൽ ഹവ്വയോട് ചെയ്തതുപോലെ വന്ന് നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിനോടുള്ള ലളിതവും നിർമ്മലവുമായ ഭക്തിയിൽ നിന്ന് വലിച്ചു മാറ്റിക്കളയുമോ എന്ന് ഞാൻ ഭയപ്പെടുന്നു “.
എപ്പോഴാണ് ആരെങ്കിലും ഒരു പിന്മാറ്റക്കാരനായി തീരുകയോ വഴി തെറ്റി പോവുകയോ ചെയ്യുന്നത്? അവർ ചില തെറ്റായ ഉപദേശങ്ങൾ വിശ്വസിക്കാൻ തുടങ്ങുമ്പോഴോ അല്ലെങ്കിൽ അവർ ഒരു അന്ധാരാധനാ കൂട്ടത്തിൽ ചേരുമ്പോഴോ ആണോ? 2 കൊരി. 11:3 പ്രകാരം, ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെടുന്ന ആ നിമിഷം നാം വഴിതെറ്റി പോകുന്നു. ക്രിസ്തുവിനോടുള്ള ഭക്തി നഷ്ടപ്പെട്ട ഓരോ വിശ്വാസിയും നേരത്തെ തന്നെ വഴി തെറ്റിപ്പോയിരിക്കുന്നു.
ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തിന്റെ ഇടയന്മാർ എന്ന നിലയിൽ ആടുകളെ യേശുക്രിസ്തുവിനോടുള്ള ഭക്തിയിൽ സൂക്ഷിക്കുക എന്നതാണ് നമ്മുടെ ജോലി. ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും പ്രധാനമായ കാര്യം ഇതാണ്. യേശുവിനെ തീക്ഷണതയോടെ സ്നേഹിക്കുന്നതിൽ നിന്ന് വിശ്വാസികളെ വഴിതെറ്റിക്കുവാൻ പിശാച് സ്ഥിരമായി ശ്രമിക്കുന്നു. ക്രിസ്തുവിനോടുള്ള തീക്ഷ്ണമായ സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നെങ്കിൽ, പിന്നെ സുവിശേഷീകരണത്തിൽ ഏർപ്പെടുന്നതുകൊണ്ടോ പഠിപ്പിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ കർത്താവിന് വേണ്ടി മറ്റെന്തെങ്കിലും ശുശ്രൂഷ ചെയ്യുന്നത് കൊണ്ടോ ഒരു പ്രയോജനവും ഇല്ല. എഫെസൊസിലെ സഭയുടെ ദൂതന് എതിരായുള്ള കർത്താവിന്റെ ഏക പരാതി ഇതായിരുന്നു (വെളിപ്പാട് 2:4)