യേശുവിനോടുകൂടെയുളള പങ്കാളിത്തവും കൂട്ടായ്മയും – WFTW 8 ഒക്ടോബർ 2017

സാക് പുന്നന്‍

 

കാനാവിലെ കല്യാണത്തിന്, യേശുവിന് ഒന്നുമില്ലായ്മയില്‍ നിന്ന് ആ കല്‍പ്പാത്രങ്ങളില്‍ വീഞ്ഞു നിറയ്ക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവിടെ ഒരു പങ്കാളിത്തം ഉണ്ടാകുമായിരുന്നില്ല. അത് ഒരു ഒറ്റയാള്‍ പ്രദര്‍ശനമായിരുന്നേനെ. അതുകൊണ്ട് പാത്രത്തില്‍ വെളളം നിറയ്ക്കുക എന്ന തങ്ങളുടെ ഭാഗം – പ്രയാസമില്ലാത്ത ഭാഗം – ചെയ്ത് ആ അത്ഭുത പ്രവൃത്തിയില്‍ പങ്കു ചേരുവാനായി ഭൃത്യന്മാര്‍ ക്ഷണിക്കപ്പെട്ടു. അതിന്‍റെ ശേഷം പ്രയാസമുളള ഭാഗം യേശു ചെയ്തു – വെളളം വീഞ്ഞാക്കുന്ന കാര്യം (യോഹന്നാന്‍.2:1-11).

അതുപോലെ, 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തിലും, യേശുവിന് ഒന്നുമില്ലായ്മയില്‍ നിന്ന് ആഹാരം ഉണ്ടാക്കാമായിരുന്നു. എന്നാല്‍ അവിടുന്ന് അതു ചെയ്തില്ല. അവിടുന്ന് ഒരു ചെറിയ ബാലനെ, അവന്‍റെ ഭക്ഷണപ്പൊതി നല്‍കുവാനായി ക്ഷണിച്ചു. ആ ബാലനുമായുളള പങ്കാളിത്തത്തില്‍ അവിടുന്ന് അയ്യായിരം പേര്‍ക്ക് ഭക്ഷണം നല്‍കി ( യോഹന്നാന്‍ 6:1-13). ആ ചെറിയ ബാലന്‍ അവനു കഴിവുളളതു ചെയ്തു. യേശു അവിടുത്തേക്ക് കഴിവുളളതു ചെയ്തു.

പിറവിയിലെ കുരുടനായിരുന്ന മനുഷ്യനോടും അവനാല്‍ കഴിവുളള കാര്യം ചെയ്യുവാനാണ് ആദ്യം ആവശ്യപ്പെട്ടത് (യോഹന്നാന്‍ 9:1-17). അയാള്‍ ശീലോഹാം കുളത്തില്‍ പോയി കഴുകണമായിരുന്നു. അതിനുശേഷം അവന്‍റെ കണ്ണുതുറക്കുക എന്ന പ്രയാസമുളള കാര്യം യേശു ചെയ്തു.

ലാസറിനെ ഉയര്‍പ്പിക്കുന്ന കാര്യത്തിലും ഇതേ പ്രമാണം തന്നെയാണ് നാം കാണുന്നത്. അവന്‍റെ സ്നേഹിതന്മാര്‍ എളുപ്പമുളള ഭാഗം ചെയ്തു – കല്ലറയുടെ വാതില്‍ക്കല്‍ നിന്ന് കല്ലു മാറ്റുന്ന കാര്യം. അതു കഴിഞ്ഞ് പ്രയാസമുളള ഭാഗം യേശു ചെയ്തു- ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിക്കുന്ന കാര്യം. അവന്‍റെ സ്നേഹിതന്മാര്‍ക്ക് തങ്ങളാലാവുന്നതു ചെയ്യുവാന്‍ ഒരു പ്രാവശ്യം കൂടി അവസരം നല്‍കുന്നു – ലാസറിന്‍റെ കെട്ടുകളഴിച്ച് അവനെ സ്വതന്ത്രനാക്കുന്ന കാര്യം (യോഹന്നാന്‍ 11:38 -44.

യേശുവിന്‍റെ പുനരുദ്ധാനത്തിനുശേഷം, ഒരു രാത്രിയില്‍ ശിഷ്യന്മാര്‍ മീന്‍ പിടിക്കാന്‍ പോകുന്നതു നാം കാണുന്നു. ” ആ രാത്രിയില്‍ അവര്‍ ഒന്നും പിടിച്ചില്ല” (യോഹന്നാന്‍ 21:3). അത് ന്യായ പ്രമാണത്തിന്‍റെ കീഴില്‍ അദ്ധ്വാനിക്കുന്ന ഒരു മനുഷ്യന്‍റെ ചിത്രമാണ്! അപ്പോള്‍ യേശു വന്നു. അവര്‍ തങ്ങളുടെ വല കടലില്‍ വീശാതെ തന്നെ യേശുവിന് അവരുടെ വളളങ്ങള്‍ മീന്‍ കൊണ്ട് നിറയ്ക്കാമായിരുന്നു. പത്രൊസിന്‍റെ വളളത്തിന്‍റെ അടുത്തേക്ക് വരുവാന്‍ മത്സ്യങ്ങളോട് കല്‍പ്പിച്ച ദൈവത്തിന് അതേ മത്സ്യങ്ങളോടു തന്നെ അവന്‍റെ വളളത്തിനകത്തേക്ക് ചാടുവാന്‍ എളുപ്പത്തില്‍ കല്‍പ്പിക്കാന്‍ കഴിയുമായിരുന്നു. അപ്പോള്‍ അവിടെ പങ്കാളിത്തം ഉണ്ടാകുകയില്ലായിരുന്നു. അതു കൊണ്ട് മനുഷ്യന്‍ തന്‍റെ ഭാഗം ചെയ്യേണ്ടതുണ്ട്. അവര്‍ തങ്ങളുടെ വലകള്‍ കടലിലേക്ക് വീശേണ്ടതുണ്ടായിരുന്നു. അങ്ങനെ യേശുവുമായുളള പങ്കാളിത്വത്തില്‍ അതിശയം നടന്നു. മനുഷ്യന്‍ എളുപ്പമുളള ഭാഗവും യേശു പ്രയാസമുളള ഭാഗവും ചെയ്യുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ വല വീശുകതന്നെ വേണമായിരുന്നു. അതാണ് –റോമര്‍ 1:5 ല്‍ പൗലൊസ് പറയുന്ന- വിശ്വാസത്തിന്‍റെ അനുസരണം.

നമ്മുടെ ജീവിതകാലം മുഴുവന്‍, യേശുനമ്മോടു കൂടെ ഒരു പങ്കുകാരനാകാന്‍ ആഗ്രഹിക്കുന്നു. ദൈവാലയ നികുതി ശേഖരിക്കുവാന്‍ പത്രൊസ് യേശുവിന്‍റെ അടുക്കല്‍ വന്നപ്പോള്‍, യേശു പത്രൊസിനോട് പറഞ്ഞത്, കടലില്‍ ചെന്ന് ചൂണ്ടലിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക. അതിന്‍റെ വായ് തുറക്കുമ്പോള്‍, ഒരു ചതുരര്‍ദഹ്മപ്പണം കാണും, അത് യേശുവിനും പത്രൊസിനും വേണ്ടി കരം കൊടുക്കാന്‍ മതിയാകും എന്നാണ്. “എനിക്കുംനിനക്കും വേണ്ടി” എന്ന വാക്കുകളാണ് യേശു പത്രൊസിനോടു പറഞ്ഞത് ( മത്തായി 17:27) ” എനിക്കും നിനക്കുംവേണ്ടി ” എന്ന പദപ്രയോഗത്തെപ്പറ്റി ചിന്തിക്കുക. അതാണ് പങ്കാളിത്തം. നമ്മുടെ നികുതി കൊടുക്കുന്ന കാര്യത്തില്‍ നമ്മെ സഹായിക്കുന്നതില്‍ പോലും യേശു താല്‍പ്പര്യമുളളവനാകണ്. ഈ ഭൂമിയില്‍ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഐഹിക കാര്യങ്ങള്‍ മുതല്‍ എന്നും നിലനില്‍ക്കുന്ന കാര്യങ്ങളില്‍ വരെ “നീയും ഞാനും” എന്ന പ്രമാണത്തില്‍ ജീവിക്കുവാന്‍ യേശു നമ്മെ വിളിക്കുന്നു.

പങ്കാളിത്തത്തിന്‍റെ ഈനുകം ഏറ്റെടുക്കുമ്പോള്‍ നമ്മുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും എന്ന് യേശു പറഞ്ഞു (മത്തായി 11:28-30). നമ്മുടെ പ്രവൃത്തികള്‍ നിറുത്തി വെച്ചിട്ട് ഈ സ്വസ്ഥതയില്‍ പ്രവേശിക്കുവാനാണ് നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നത് (എബ്രായര്‍ 4:10,11).

ദൈവം ആദമിനെ തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ചത് ഏദന്‍ തോട്ടത്തിലേക്ക് ഒരു തോട്ടക്കാരനെ ആവശ്യമുണ്ടായിരുന്നതു കൊണ്ടല്ല. എന്നാല്‍ അവിടുത്തോട് കൂട്ടായ്മയിലായിരിക്കാന്‍ ഒരാളിനെ ദൈവത്തിനു വേണമായിരുന്നു. പാപക്കുഴിയില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചത് നാം അവിടുത്തെ സേവിക്കുവാനല്ല, എന്നാല്‍ അവിടുത്തോട് നമുക്ക് കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്. ഈ കാര്യം മനസ്സിലാക്കുന്നതിലുളള കുറവുകൊണ്ടാണ് ഇന്ന് വലിയൊരുകൂട്ടം വിശ്വാസികളും മാര്‍ത്തയെപ്പോലെ ക്ഷീണിതരും ഭാരം ചുമക്കുന്നവരും ആയിരിക്കുന്നത്. .

65 വര്‍ഷം ദൈവത്തോട് കൂടെ നടന്നതിനുശേഷം 95ാമത്തെ വയസ്സില്‍ – പരിശുദ്ധാത്മാവിനാല്‍ പ്രചോദിക്കപ്പെട്ട് – അപ്പൊസ്തലനായ യോഹന്നാന്‍ ഒരു ലേഖനമെഴുതാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ ലേഖനത്തിന്‍റെ പ്രതിപാദ്യ വിഷയം ‘കൂട്ടായ്മ’ ആയിരുന്നു. (1 യോഹന്നാന്‍ 1:3). തങ്ങളുടെ ആദ്യ സ്നേഹം വിട്ടുകളഞ്ഞ സഭയെയും അതിന്‍റെ നേതാക്കന്മാരെയും, ജീവനുണ്ടെന്നു പേരുണ്ടെങ്കിലും (വിവിധങ്ങളായ തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളോടുകൂടെ) ദൈവത്തിന്‍റെ കാഴ്ചയില്‍ വാസ്തവത്തില്‍ മരിച്ചവരേയും (വെളിപ്പാട് 3:1) കണ്ടപ്പോള്‍, യോഹന്നാന്‍ ഉറപ്പായി മനസ്സിലാക്കിയ കാര്യം, തിരശ്ശീലയ്ക്കകത്ത് പിതാവും അവിടുത്തെ പുത്രനായ യേശുക്രിസ്തുവും ആയുളള കൂട്ടായ്മയുടെ സന്തോഷത്തിലേയ്ക്ക് ക്രിസ്ത്യാനികളെ നയിക്കുക എന്നത് ഒരു വലിയ ആവശ്യമാണ് എന്നതാണ്.

സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ധാരാളം പ്രവര്‍ത്തനമേഖലകളുണ്ടാകാം. ചിലര്‍ കായികരംഗങ്ങളില്‍, ചിലര്‍ സംഗീതത്തില്‍ ചിലര്‍ തങ്ങളുടെ ജോലിയില്‍, ചിലര്‍ ക്രിസ്തീയ പ്രവര്‍ത്തനങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നു. എന്നാല്‍ ഏറ്റവും നിര്‍മ്മലമായ സന്തോഷം കണ്ടെത്താന്‍ കഴിയുന്നത് പിതാവുമായുളള കൂട്ടായ്മയില്‍ മാത്രമാണ്.( 1 യോഹന്നാന്‍ 1:4) സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, ” അവിടുത്തെ സന്നിധിയില്‍ സന്തോഷത്തിന്‍റെ പരിപൂര്‍ണ്ണത ഉണ്ട്” (സങ്കീ 16:11)നാള്‍ തോറും ക്രൂശ് സഹിക്കുവാന്‍ യേശുവിനെ മനസ്സുളളവനാക്കി തീര്‍ക്കുവാന്‍ ” തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം” ഇതായിരുന്നു. (എബ്രായര്‍ 12:2).പിതാവുമായുളള കൂട്ടായ്മയായിരുന്നു യേശുവിന്‍റെ ഏറ്റവും വിലപിടിപ്പുളള സമ്പത്ത്. അതിനോട് താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രപഞ്ചത്തിലെ മറ്റൊന്നിനെയും അദ്ദേഹം വിലമതിച്ചില്ല. നഷ്ടപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി മൂന്നു നാലു മണിക്കൂറുകള്‍ നിത്യനരകത്തിന്‍റെ യാതനകള്‍ താന്‍ അനുഭവിക്കുമ്പോള്‍, കാല്‍വറിയില്‍ തനിക്ക് നഷ്ടമാകുന്നത് ഈ കൂട്ടായ്മയാണെന്ന് യേശുവിനറിയാമായിരുന്നു. (മത്തായി 27:45). അപ്പോള്‍ പിതാവിന് അവിടുത്തെ കൈവിടേണ്ടിവരികയും താന്‍ നിത്യതമുതല്‍ ആസ്വദിച്ച പിതാവുമായുളള കൂട്ടായ്മ 3 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിക്കപ്പെടുകയും ചെയ്യും. കൂട്ടായ്മയുടെ വിച്ഛേദനത്തെ അവിടുന്ന് വളരെയധികം ഭയപ്പെട്ടു. അതുകൊണ്ട് ഗത് സമനയില്‍ അവിടുത്തെ വിയര്‍പ്പ് വലിയ രക്തത്തുളളികളായി തീര്‍ന്നു. തന്നില്‍ നിന്ന് നീക്കിക്കളയണമെന്ന് അവിടുന്നു പ്രാര്‍ത്ഥിച്ച പാനപാത്രം ഇതായിരുന്നു. അവിടുത്തെ പിതാവുമായുളള കൂട്ടായ്മ ബന്ധം വിച്ഛേദിക്കപ്പെടുന്നത്.

നമുക്കിതു മാത്രം കാണുവാനും അതിനാല്‍ പിടിക്കപ്പെടുവാനും കഴിഞ്ഞെങ്കില്‍ ! യേശുവിനെ അനുഗമിക്കുന്നതിനെപ്പറ്റി എത്ര ലാഘവത്തോടെയാണ് നാം പറയുകയും പാടുകയും ചെയ്യുന്നത്! യേശുവിനെ അനുഗമിക്കുക എന്നാല്‍ അവിടുന്നു ചെയ്തതുപോലെ നാമും പിതാവുമായുളള കുട്ടായ്മയെ വിലമതിക്കുക എന്നാണ് . അപ്പോള്‍ പാപം നമുക്ക് അത്യധികം പാപകരമായി തീരും, കാരണം അത് പിതാവുമായുളള നമ്മുടെ കൂട്ടായ്മയെ വേര്‍പെടുത്തുന്നു. മനുഷ്യരോട് സ്നേഹ ശൂന്യമായ മനോഭാവം ഉണ്ടാകുന്നതു പോലും അനുവദിക്കാന്‍ കഴിയില്ല, കാരണം അത് പിതാവുമായുളള കുട്ടായ്മയെ വേര്‍പെടുത്തുന്നു, ഇതു പോലെയുളള മറ്റു കാര്യങ്ങള്‍.

യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം എന്നാല്‍ സ്വര്‍ഗ്ഗത്തിലുളള സ്നേഹവാനായ പിതാവുമായുളള വിച്ഛേദിക്കപ്പെടാത്ത കൂട്ടായ്മയില്‍ കുറഞ്ഞ യാതൊന്നും അല്ല എന്ന് നാം വ്യക്തമായി കാണുവാന്‍ കര്‍ത്താവ് നമുക്ക് വെളിപ്പാട് തരട്ടെ.