മുഴുവൻ ലോകത്തോടുമുള്ള നിങ്ങളുടെ കടം തീർക്കുക- WFTW 16 ജൂണ്‍ 2013

brown steel letter b wall decor

സാക് പുന്നന്‍

   

2 രാജാക്കന്മാർ 4: 1 മുതൽ 7 വരെയുള്ള വാക്യങ്ങളിൽ കടക്കാരിയായിരുന്ന ഒരു പ്രവാചക ശിഷ്യന്റെ വിധവയെ കുറിച്ച് വായിക്കുന്നു. ഭർത്താക്കന്മാർ മരിക്കുമ്പോൾ ഭാര്യമാരെ കടക്കാരാക്കി വിടുന്നത് ദുഃഖകരമാണ്. നാം എല്ലാവരും ഒഴിവാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണത്. പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കുന്നവർ കടക്കാരാകുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. കാരണം  അതൊരു നല്ല സാക്ഷ്യമല്ല. ഇപ്പോൾ കടം കൊടുത്തവൻ ആ വിധവയുടെ രണ്ടു മക്കളെ കടം വീട്ടുവോളം അടിമകളായി കൊണ്ടുപോകുവാൻ വന്നിരിക്കുകയാണ്. എലീശ അവളോട്‌ വീട്ടിൽ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചതിന് മറുപടിയായി  പറഞ്ഞു, “ഒരു ഭരണി എണ്ണയല്ലാതെ മറ്റു യാതൊന്നുമില്ല”. ഒരു ഭരണി എണ്ണയെ അവൾ ഒന്നുമില്ലാതായിട്ടാണ്‌ കണക്കാക്കിയതെങ്കിലും അവളുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അതിലുണ്ടായിരുന്നു. ഇതിനു സമാനമായൊരു ചോദ്യം മരുഭൂമിയിൽ വച്ച് ദൈവം മോശയോട് ചോദിക്കുന്നുണ്ട്, “നിൻറെ കൈയിൽ എന്തുണ്ട് ?” അവൻറെ കൈയിൽ ഒരു ഇടയൻറെ കോൽ മാത്രമാണ് ഉണ്ടായിരുന്നത്. അത് മതിയായിരുന്നു. ആ കോലുകൊണ്ട് അവൻ ചെങ്കടലിനെ പിളർന്നു, പാറയിൽനിന്നു വെള്ളം ഒഴുക്കി, യിസ്രായേലിനെ വാഗ്ദത്ത നാടിൻറെ അതിരുവരെ നടത്തി. സരാഫാത്തിലെ വിധവയുടെ (ഏലിയാവ് സന്ദർശിച്ച) കൈയിലും  മാവും അല്പം എണ്ണയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  എന്നാൽ അതിൽ അവളുടെ കുടുംബത്തിൻറെ പ്രശ്നങ്ങൾക്കെല്ലാമുള്ള  പരിഹാരമുണ്ടായിരുന്നു. അവളും അവളുടെ മകനും മരണത്തിൽനിന്നും അതിലൂടെ രക്ഷപ്പെട്ടു. ഇതുപോലെ നാം ഒരിക്കലും സ്വയം വിലമതിക്കാത്ത ചില കഴിവുകൾ നമുക്കുണ്ടായിരിക്കും. നമ്മൾ പറയുന്നത് “എനിക്കതുപയോഗിച്ച്  ഒന്നും ചെയ്യാൻ കഴിയില്ല” എന്നായിരിക്കും. എന്നാൽ ദൈവം ഉപയോഗിക്കാൻ പോകുന്ന കാര്യം അത് മാത്രമായിരിക്കും.

ഇവിടെയുള്ള എണ്ണ നിറച്ച ഭരണി പരിശുദ്ധാത്മാവിന്റെ ഒരു ചിത്രമാണ്. ചില അവസരങ്ങളിൽ ദൈവത്തെ സേവിക്കുന്ന ചിലർ ഇങ്ങനെ പറയാറുണ്ട്, “എനിക്ക്  അറിവോ ഇല്ല, ഞാൻ വരപ്രാപ്തനൊ സമർത്ഥനോ അല്ല. എന്നെ സാമ്പത്തീകമായി സഹായിക്കാൻ ആരുമില്ല. ദൈവവേലക്ക് ആവശ്യങ്ങൾ വളരെയുണ്ടുതാനും. ഞാൻ എന്താണ് ചെയ്യേണ്ടത് ?”. അപ്പോൾ അവരോട് ചോദിക്കുക “നിങ്ങൾ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചിട്ടുണ്ടോ?”. “ഉണ്ട് ” “എങ്കിൽപിന്നെ വേറെ എന്താണ് നിങ്ങൾക്ക് വേണ്ടത് ?.”

 ആ ഒരു ഭരണി എണ്ണയിൽ തൻറെ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം കിടപ്പുണ്ടെന്നുള്ള കാര്യം ആ സ്ത്രീ അറിഞ്ഞില്ല. എലീശ അവളോട്‌ പറഞ്ഞു “നീ ചെന്ന് നിൻറെ അയൽക്കാരോടൊക്കെയും വലിയ പാത്രങ്ങൾ വായ്പ വാങ്ങുക, പിന്നെ നീയും നിൻറെ മക്കളും അകത്തു കയറി വാതിൽ  അടച്ച്  നിൻറെ ഭരണിയിൽ നിന്ന് എണ്ണ മറ്റു പാത്രങ്ങളിലേക്ക് പകർന്നുകൊണ്ടിരിക്കുക.  എല്ലാ പത്രങ്ങളും നിറയും വരെ ഈ അത്ഭുത പ്രവൃത്തി ആരും കാണാതിരിക്കുവാൻ ഇത് രഹസ്യമായി ചെയ്യുക” (2 രാജാ.4:3,4). ഇത് യേശു  തന്നെയായിരുന്നു, “പോയി വാതിൽ  അടച്ചു പ്രാർത്ഥിക്കുക, ഉപവസിക്കുക,ദാനം നല്കുക. നിങ്ങൾ ചെയ്യുന്ന ഈ കാര്യങ്ങൾ ആരും കാണാതിരിക്കട്ടെ” (മത്തായി.6:1 -18).

ഒരു ദൈവ മനുഷ്യന് എപ്പോഴും ദൈവ മുമ്പാകെ രഹസ്യത്തിലൊരു നടപ്പുണ്ടായിരിക്കണം. പരസ്യമായി എഴുന്നേറ്റുനിൽക്കുന്നതിനു മുമ്പേ അവിടെ ദൈവവുമായി ചില ഇടപാടുകൾ ഉണ്ടായിരിക്കണം. വാതിൽ  അടച്ചു ഇരിക്കുക. അപ്പോൾ  പരിശുദ്ധാത്മാവ്  ആവശ്യങ്ങൾക്കനുസരിച്ച് ഇടപെടുന്നത് നിങ്ങൾ അനുഭവിക്കും. പിന്നീട് വാതിൽതുറന്ന് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക. അങ്ങനെ  കടം നിങ്ങൾക്ക് തീര്ക്കാൻ കഴിയും.

 സർവ്വ ലോകത്തോടും നമുക്കൊരു കടപ്പാടുണ്ട്. അവരെ സുവിശേഷം അറിയിക്കുക എന്നത്. പൗലോസ്‌ പറഞ്ഞു, “യഹൂദന്മാരോടും അല്ലാത്തവരോടും, ജ്ഞാനികളോടും ബുദ്ധിഹീനരോടും, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു – ദൈവത്തിൻറെ സുവിശേഷം അറിയിക്കുക എന്ന കാര്യത്തിൽ” (റോമർ 1:14).

   സർവ്വ സഭയോടും – എല്ലാ വിശ്വാസികളോടും നമുക്കൊരു കടം ഉണ്ട്. അവരോട് സ്നേഹം കാണിക്കുക എന്നത്. വേദപുസ്തകം പറയുന്നത്, “അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്”(റോമർ 13 :8).

എങ്ങനെയാണ് ഈ രണ്ടു കടങ്ങളും – ലോകത്തോട് സുവിശേഷം അറിയിക്കുക എന്നതും, എല്ലാ ദൈവമക്കളെയും ഒരുപോലെ സ്നേഹിക്കുക എന്നതും – ഒരുമിച്ച് നാം തീർക്കുന്നത് ? പണമാണോ മാനുഷീക കഴിവുകളാണോ നമുക്ക് വേണ്ടത് ? രണ്ടുമല്ല. നമുക്ക് വേണ്ടത്  പരിശുദ്ധാത്മ ശക്തിയാണ്. അതിനായിട്ട്‌ കാത്തിരിക്കാനാണ് യേശു ശിഷ്യന്മാരോടും പറഞ്ഞത് (അപ്പൊ.പ്ര.6:8). അത് തന്നെയാണ് പൗലോസ്‌ തിമോത്തിയോസിനോട് ഉത്തേജിപ്പിക്കണമെന്ന് പറയുന്ന കാര്യവും (2 തിമോ.1:6).

വാതിൽ അടച്ചിരുന്ന് ദൈവത്തെ രഹസ്യത്തിൽ അന്വേഷിക്കുക. സ്നേഹത്തിൽ ഉറച്ച് ആത്മാവിൻറെ വരങ്ങൾക്കായി, പ്രത്യേകിച്ച് പ്രവചന വരത്തിനായി  ആത്മാർത്ഥമായി അന്വേഷിക്കുക (1 .കോരി.14:1). അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കടങ്ങൾ തീർത്ത് മുന്നോട്ട് പോകാൻ കഴിയും. അതാണ്‌ ഈ വേദഭാഗം നൽകുന്ന സന്ദേശം.

ആ വിധവ തനിക്കു ആകാവുന്നിടത്തോളം പാത്രങ്ങളിൽ എണ്ണ നിറച്ചു. അവൾ തൻറെ കടമെല്ലാം തീർത്തു. എന്ന് മാത്രമല്ല, ആ എണ്ണ കൊണ്ട് തൻറെ അയല്ക്കാരെയും സമ്പന്നരാക്കി. അയല്ക്കാരുടെ പാത്രങ്ങൾ തിരികെ നല്കിയത് എണ്ണ നിറച്ചായിരിക്കും. അതാണ്‌ നമുക്കുള്ള വിളി. നമ്മുടെ അയല്ക്കാരെയും നാം കണ്ടു മുട്ടുന്നവരെയും അനുഗ്രഹിക്കുക എന്നതാണത്. അതിനാലാണ് നാം പരിശുദ്ധാത്മാവിനാൽ  നിറയേണ്ടത്‌…..

What’s New?