സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിൻ്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും – WFTW 22 ജൂൺ 2025

സാക് പുന്നൻ

“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ കാരണം അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും” (മത്താ. 5:9). നമ്മെ തന്നെ ദൈവപുത്രന്മാർ എന്ന് വിളിക്കാനുള്ള ഒരവകാശം നമുക്കുണ്ടോ? നാം നമ്മെ തന്നെ ദൈവപുത്രന്മാർ എന്നു വിളിക്കുകയല്ല; അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും എന്നാണ്. നാം സമാധാനം ഉണ്ടാക്കുന്നവർ ആകുമ്പോൾ ദൈവം നമ്മെ അവിടുത്തെ പുത്രന്മാർ എന്ന് വിളിക്കാൻ പോകുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്. സമാധാനം ഉണ്ടാക്കുന്നവർ എന്നൊരു പ്രശസ്തി നമുക്കുണ്ടായിരിക്കണം. സമാധാനം ഉണ്ടാക്കുന്നവർ എന്നതിൻ്റെ വിപരീതം ഉപദ്രവകാരി എന്നാണ്. നിങ്ങളുടെ സഭയിൽ നിങ്ങളുടെ പ്രശസ്തി എന്താണ്?ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറയുമായിരിക്കും, “ഞാനൊരു ഉപദ്രവകാരിയും അല്ല സമാധാനം ഉണ്ടാക്കുന്നവനുമല്ല, എന്നാൽ ഞാൻ നിഷ്പക്ഷനാണ്”. കൊള്ളാം, അപ്പോൾ നിങ്ങൾക്ക് ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടാൻ കഴിയില്ല! ഇവിടെ ഇങ്ങനെ പറയുന്നു, “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ കാരണം അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും”. എപ്പോഴും സമാധാനം അന്വേഷിക്കുന്നവരാണ് സമാധാന സ്ഥാപകർ.

യേശു ജനിച്ചപ്പോൾ മാലാഖമാർ സ്വർഗ്ഗത്തിൽ നിന്ന് ഇങ്ങനെ പറഞ്ഞു കൊണ്ടുവന്നു “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” (ലൂക്കൊ. 2:14). സമാധാനത്തെ പിന്തുടരുന്നവരോട് ദൈവം പ്രസാദിച്ചിരിക്കുന്നു. എല്ലാ തരത്തിലുമുള്ള വഴക്കുകൾ, പോരാട്ടം, മുറുമുറുപ്പ്, പിറുപിറുപ്പ്, പരാതി എന്നിവയാൽ ലോകം നിറഞ്ഞിരിക്കുന്നു. സ്വർഗ്ഗത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഈ ഭൂമിയെ നാം നോക്കുന്നവരാണെങ്കിൽ, ഇവയാൽ ഭൂമി അന്ധകാരം കൊണ്ട് നിറയെപ്പെട്ടിരിക്കുന്നു എന്ന് കാണും. എന്നാൽ ഈ ഇരുട്ടിൻ്റെ മധ്യത്തിൽ ഏതാനും പ്രകാശത്തിന്റെ പൊട്ടുകൾ ഉണ്ട് – അവയാണ് ദൈവമക്കൾ, ദൈവത്തിൻ്റെ പുത്രന്മാർ; കൂടാതെ ഈ ദൈവപുത്രന്മാരുടെ ഒരു അടയാളം അവർ സമാധാനം ഉണ്ടാക്കുന്നവരാണ് എന്നാണ്.

ഫിലിപ്യർ 2ൽ ഇതേ കാര്യം ആവർത്തിക്കുന്നതായി നാം കാണുന്നു. എല്ലാ കാര്യങ്ങളും പിറുപിറുപ്പും വാദവും പരാതിയും കൂടാതെ ചെയ്യുവിൻ എന്ന് എന്തുകൊണ്ടാണ് ആ വാക്യം പറയുന്നത് (ഫിലി. 2:14)? നാം നമ്മുടെ ജീവിതത്തിൽ ഓരോ കാര്യവും ഒരു പിറുപിറുപ്പും കൂടാതെ, ഒരു പരാതിയും കൂടാതെ, വാദവും ഒരു കൂടാതെ ചെയ്യണം – അത് വളരെ നല്ല വിധത്തിൽ ഉയർന്ന ഒരു നിലവാരമാണ്. 15-ാം വാക്യത്തിൽ പറയുന്നത്, നമ്മെ തന്നെ “ദൈവത്തിൻ്റെ കുറ്റമില്ലാത്ത നിഷ്കളങ്ക മക്കൾ എന്നു ഈ വക്രതയും കോട്ടുവുമുള്ള തലമുറയുടെ നടുവിൽ” നമുക്കു തെളിയിക്കാൻ കഴിയുന്ന ഒരേ ഒരു മാർഗ്ഗം അതാണെന്നാണ്. ഈ ഇരുണ്ട ലോകത്തിൽ വെളിച്ചങ്ങളായി പ്രത്യക്ഷപ്പെടാൻ നമുക്കു കഴിയുന്ന ഒരേ ഒരു വഴി അത് മാത്രമാണ്. അതെങ്ങനെയാണ്? ഇരുട്ട് എന്താണ്? അത് പിറുപിറുപ്പും, മുറുമുറുപ്പും പരാതിയുമാണ്. എന്താണ് പ്രകാശം? അത് സമാധാനം ഉണ്ടാക്കുകയും പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്ന ആളുകളാണ്.

യേശു തൻ്റെ ശിഷ്യന്മാരെ ഇസ്രായേൽ ജനത്തിൻ്റെ അടുക്കലേക്ക് അയച്ചപ്പോൾ അവിടുന്ന് 70 പേരെ ഈ രണ്ടു പേരായി പോകുവാൻ നിയോഗിച്ചു, പിന്നീട് അവിടുന്ന് തന്നെ പോകാനിരിക്കുന്ന ഓരോ സ്ഥലത്തേക്കും തനിക്ക് മുമ്പായി അവരെ അയച്ചു (ലൂക്കൊ. 10:1). അവർ ഏതെങ്കിലും ഒരു പട്ടണത്തിൽ കടക്കുമ്പോൾ അവർക്ക് കൂടെ പാർക്കേണ്ടതിന് ഒരു സമാധാന പുരുഷനെ അന്വേഷിക്കുവാൻ അവിടുന്ന് അവർക്ക് നിർദ്ദേശം കൊടുത്തു. അവിടുന്ന് ഇപ്രകാരം പറഞ്ഞു, “ഏത് വീട്ടിലെങ്കിലും ചെല്ലുമ്പോൾ, ഈ വീടിന് സമാധാനം എന്ന് ആദ്യം പറവിൻ. അവിടെ ഒരു സമാധാന പുത്രൻ ഉണ്ടെങ്കിൽ, നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും. ഇല്ലെന്നു വരികിലോ, നിങ്ങളിലേക്ക് മടങ്ങിപ്പോരും നിങ്ങൾ ഒരു സമാധാന പുരുഷനെ കണ്ടെത്തിയാൽ, ആ വീട്ടിൽ തന്നെ പാർപ്പിൻ -വീട്ടിൽ നിന്ന് വീട്ടിലേക്ക് മാറി പോകരുത് കാരണം അതുപോലെ മറ്റൊരു വീട് ആ പട്ടണത്തിൽ നിങ്ങൾ കണ്ടെത്തുകയില്ല” (ലൂക്കൊ. 10:5-6).

മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവിടുന്നു ഇങ്ങനെ പറയുകയായിരുന്നു: “ഒരു പട്ടണത്തിൽ മിക്കവാറും ഒരു മനുഷ്യൻ സമാധാന പുത്രനായിരിക്കുന്ന ഒരു വീട് മാത്രമേ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുകയുള്ളൂ”. അല്ലാത്തപക്ഷം അവിടുന്ന് എന്തിനാണ് ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറരുത് എന്ന് പറഞ്ഞത്? അവിടെ പത്തോ ഇരുപതോ 30 അല്ലെങ്കിൽ നൂറോ വീടുകൾ അതുപോലെയുണ്ടെങ്കിൽ എന്താ? അത്തരം ഭവനങ്ങൾ കണ്ടെത്തുന്നത് വളരെ അസാധ്യമാണെന്ന് യേശുവിനറിയാമായിരുന്നു എന്നാൽ അത്തരം ഭവനങ്ങൾ ആണ് കൃത്യമായി ദൈവം വസിക്കുന്ന തരം ഭവനങ്ങൾ.

നിങ്ങളുടെ വീട് സമാധാനമുള്ള ഒരു വീടാണോ? നിങ്ങളെക്കുറിച്ച് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സമാധാന പുരുഷൻ ആണെന്ന് പറയപ്പെടാൻ കഴിയുമോ? വഴക്കുണ്ടാക്കാൻ രണ്ടു വ്യക്തികൾ ആവശ്യമാണ്; ഒരു വ്യക്തി വഴക്കിടുന്നത് നിരസിച്ചാൽ നിങ്ങൾക്ക് വഴക്കുണ്ടാക്കാൻ കഴിയുകയില്ല. അത് ശബ്ദം ഉണ്ടാക്കാൻ നിങ്ങളുടെ രണ്ട് കൈകൾ തമ്മിൽ കൂട്ടിമുട്ടേണ്ട ആവശ്യമുള്ളത് എങ്ങനെയാണോ അതുപോലെയാണ്. ഒരു കൈ തന്നെ അടിച്ചാൽ നിങ്ങൾക്ക് ഒരു ശബ്ദം ഉണ്ടാക്കാൻ കഴിയില്ല. ഒരു കൈ കൊട്ടാൻ നിരസിച്ചാൽ, മറ്റേ കൈക്ക് ശബ്ദം ഉണ്ടാക്കാൻ കഴിയില്ല; വഴക്കിടുന്നത് അതുപോലെയാണ്. ആരെങ്കിലും ഒരാൾ (ഭർത്താവോ, ഭാര്യയോ) പോരാടുവാൻ നിരസിച്ച് അവൻ അല്ലെങ്കിൽ അവൾ സ്വയത്തിൽ മരിച്ചാൽ, അവിടെ പോരാട്ടം ഇല്ല. അതിനുപകരം അവിടെ സമാധാനം ഉണ്ടാകും. അതുകൊണ്ട് സമാധാനം ഇല്ലാത്തതിന്റെ കുറ്റം എനിക്ക് മറ്റേ ആളിന്റെ മേൽ ഒരിക്കലും ചുമത്താൻ കഴിയുകയില്ല, അത് എന്റെ സഭയിൽ ആയാലും അല്ലെങ്കിൽ എൻ്റെ വീട്ടിലോ മറ്റെവിടെയായാലും.

“എൻ്റെ ഭാര്യയാണ് സമാധാനം താറുമാറാക്കുന്നത്” അല്ലെങ്കിൽ “എൻ്റെ ഭർത്താവ് സമാധാനത്തിനു കുഴപ്പമുണ്ടാക്കുന്നു” എന്ന് നിങ്ങൾക്കു പറയാൻ കഴിയുകയില്ല. നിങ്ങൾ ആ വഴക്കിൽ സഹകരിച്ച് പോരാടുന്നതുകൊണ്ടാണ് സമാധാനം ഇല്ലാതെയാകുന്നത്. ഒരു കൈ മറ്റേ കയ്യുമായി തമ്മിൽ കൂട്ടിമുട്ടുവാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവിടെ ശബ്ദം ഉണ്ടാക്കാൻ കഴിയുകയില്ല. അതുകൊണ്ട് ഒരു കലഹത്തിന്റെ സാഹചര്യത്തിൽ, നിങ്ങൾ സമാധാനത്തെ പിന്തുടരുകയാണങ്കിൽ, അപ്പോൾ നിങ്ങൾ സ്വയത്തിനു മരിക്കുകയും മറ്റെയാൾ അവന് അല്ലെങ്കിൽ അവൾക്ക് ഇഷ്ടമുള്ളടത്തോളം ബഹളം കൂട്ടാൻ അനുവദിക്കുകയും ചെയ്യും. അപ്പോൾ അവിടെ സമാധാനം ഉണ്ടാകും.

ദൈവം പരമാധികാരി ആണെന്നും എൻ്റെ കഴിവിനു മീതെ പരീക്ഷിക്കപ്പെടുവാൻ അനുവദിക്കുകയില്ലെന്നും ഞാൻ വിശ്വസിക്കുകയാണെങ്കിൽ, എൻ്റെ സ്വയത്തിനു മരിക്കാൻ ഞാൻ ഇഷ്ടപ്പെടും. അനേകർ പറയുന്നത് നിങ്ങൾ ഈ പാത പിന്തുടർന്നാൽ ആളുകൾ നിങ്ങളെക്കൊണ്ട് മുതലെടുക്കും; നിങ്ങളെ ഒരു ചവിട്ടിയെപ്പോലെ അവർ കൈകാര്യം ചെയ്യും. അങ്ങനെയല്ല “നിങ്ങളുടെ കഴിവിനു മീതെ പരീക്ഷിക്കപ്പെടുവാൻ ദൈവം ഒരിക്കലും അനുവദിക്കുകയില്ല” എന്ന് പറയുന്ന 1 കൊരി. 10:13 നിങ്ങൾ വിശ്വസിക്കുമെങ്കിൽ, അപ്പോൾ ആളുകൾ നിങ്ങളെക്കൊണ്ട് മുതലെടുക്കുവാൻ അവിടുന്ന് അനുവദിക്കുകയില്ല എന്ന് നിങ്ങൾ തിരിച്ചറിയുകയും, നിങ്ങൾ ധൈര്യത്തോടെ സമാധാനത്തിന്റെ പാത പിന്തുടരുകയും ചെയ്യും. സദൃശ്യവാക്യങ്ങളിൽ പറയുന്നതുപോലെ “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു” എന്നു നിങ്ങൾ കണ്ടെത്തും. (സദൃശ. 18:10). വഴക്ക് കാണുമ്പോൾ, യേശുവിൻ്റെ നാമത്തിൽ അഭയം തേടുക അപ്പോൾ നിങ്ങൾ സദൃശ്യവാക്യങ്ങൾ 16:7ൻ്റെ “ഒരുത്തൻ്റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ, നിങ്ങൾ വന്ന് കർത്താവിൽ മറയുന്നു, അവിടുന്ന് അവൻ്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു” എന്ന നിവർത്തീകരണം കാണും. എന്താണ് ദൈവത്തിന് ചെയ്യാൻ കഴിയുന്നത് എന്നത് അത്ഭുതകരമാണ്! ഞാൻ അതനുഭവിച്ചിട്ടുണ്ട്. നിങ്ങൾ കർത്താവിനെ പ്രസാദിപ്പിക്കാൻ ശ്രമിച്ചാൽ, നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങൾക്ക് കീഴടങ്ങുന്നത് നിങ്ങൾ കണ്ടെത്തും.

“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ ദൈവത്തിൻ്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടും”. ദൈവത്തിൻ്റെ പുത്രന്മാർ എന്നതിൻ്റെ അർത്ഥം ദൈവമക്കൾ എന്നതിന്റെ അർത്ഥത്തിൽ നിന്ന് വ്യത്യസ്തമാണ്. ദൈവത്തിൻ്റെ മക്കൾ ശിശുക്കളാണ്; എന്നാൽ സ്വയത്തിന് മരിക്കുന്നതെങ്ങനെയെന്നും യേശുവിൻ്റെ കാൽ ചുവടുകളിൽ നടക്കുന്നത് എങ്ങനെയെന്നും അറിയുന്ന പക്വതയുള്ള ഒരു വ്യക്തിയാണ് ഒരു പുത്രൻ.