സന്തോഷ് പുന്നൻ
ഞങ്ങളുടെ ആയുസ്സിന്റെ നാളുകൾ പെട്ടെന്ന് തീർന്നു പോവുകയും ഞങ്ങൾ പറന്നു പോവുകയും ചെയ്യും. അതിനാൽ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിപ്പാൻ ഞങ്ങളുടെ നാളുകളെ എണ്ണുവാൻ പഠിപ്പിക്കണേ (സങ്കീർത്തനം 90:2,4,10,12).
നമ്മൾ മറ്റൊരു കലണ്ടർ വർഷത്തിന്റെ അവസാനത്തോട് അടുക്കുകയാണ്. ഈ സങ്കീർത്തനത്തിലെ ഈ വാക്കുകളിലൂടെ നമ്മെത്തന്നെ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ഇത് ഒരു നല്ല അവസരമാണ്, ഈ ഭൂമിയിൽ നമ്മുടെ സമയം എത്ര കുറവാണ്, അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും എത്ര പ്രധാനമാണ്.
പുതുവർഷത്തിൽ മുന്നോട്ടുള്ള പാതയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ, നമ്മൾക്ക് ജീവിക്കാൻ വളരെ ലളിതമായ നാല് ‘റോഡ് നിയമങ്ങൾ’ ഇതാ:
1.ചുവപ്പ് കത്തുമ്പോൾ നിർത്തുക
പച്ച ലൈറ്റുകൾ മാത്രമേ ഉള്ളൂ എന്ന് കരുതി ജീവിതത്തിലൂടെ കുതിച്ചു പായാനാണ് നമ്മുടെ പ്രവണത. പകരം, നമുക്ക് തീരുമാനമെടുക്കേണ്ട ഒരു കവലയിൽ വരുമ്പോഴെല്ലാം, നമുക്ക് അവിടെ നിർത്തി ദൈവം അവിടെയുണ്ടെന്ന് അംഗീകരിക്കാം. ശേഷം മുന്നോട്ട് പോകേണ്ട വഴി കാണിക്കാൻ നാം അവനോട് ആവശ്യപ്പെട്ടാൽ, അവൻ നമുക്ക് ശരിയായ വഴി കാട്ടിത്തരും (യെശയ്യാവ് 30:21 വായിക്കുക), അവൻ നമ്മുടെ മുന്നിലുള്ള വഴി നേരെയാക്കും (സദൃശവാക്യങ്ങൾ 3:6). മറുവശത്ത്, ദൈവം ആ വെളിച്ചം പച്ചയാക്കുന്നത് വരെ നാം കാത്തിരുന്നില്ലെങ്കിൽ, നാം ഒരു അപകടത്തിൽ ചെന്ന് അവസാനിക്കും.
2.പച്ചവെളിച്ചം പ്രകാശിക്കുമ്പോൾ നിൽക്കരുത്
നമ്മെത്തന്നെ ത്യജിച്ച് നമ്മുടെ കുരിശുമെടുത്ത് യേശുവിനെ അനുഗമിക്കാൻ നമുക്ക് ലഭിക്കുന്ന ഓരോ അവസരവും പച്ചവെളിച്ചമാണ്, അവിടെ നാം ഒരിക്കലും കാത്തുനിൽക്കാതെ മുന്നോട്ട് തന്നെ പോകണം. ഒരാളുമായുള്ള ബന്ധം നന്നാക്കാൻ, നമുക്ക് ഒരു പാലം പണിയാൻ കഴിയുന്ന എല്ലാ സാഹചര്യങ്ങളും പച്ച വെളിച്ചമാണ്, അവിടെ കാത്തിരിക്കാതെ നാം എപ്പോഴും കടന്നുപോകണം (റോമർ 12:18). നാം യഥാർത്ഥത്തിൽ ക്രിസ്തുവിൽ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവുകളിലൊന്ന് നാം “യോജിപ്പുവരുത്തുന്നവർ” ആയി മാറും എന്നുള്ളതാണ്. (2 കൊരിന്ത്യർ 5:17-20). ആരോടെങ്കിലും ക്ഷമാപണം നടത്താനും കാര്യങ്ങൾ ശരിയാക്കാനും നമുക്ക് അവസരം ലഭിക്കുമ്പോൾ – നമ്മുടെ അഭിമാനം കൊണ്ടോ സ്വയം പ്രതിരോധിച്ചുകൊണ്ടോ അല്ലെങ്കിൽ മറ്റൊരാളെ കുറ്റപ്പെടുത്തിക്കൊണ്ടോ – അതിനെ വൈകിച്ചാൽ – അത് പച്ച വെളിച്ചത്തിൽ മുന്നോട്ട് പോകാതിരിക്കുന്നതിന് തുല്യമായിരിക്കും. വൈകിച്ചാൽ നിങ്ങൾ ഗതാഗതം തടയും, ഒടുവിൽ, നിങ്ങൾ അപകടത്തിൽപ്പെടും. പകരം, സമാധാനം വരുത്തുന്നവരായി പെട്ടെന്ന് നമുക്ക് പച്ച വെളിച്ചത്തിലൂടെ മുന്നോട്ടുപോകാം (മത്തായി 5:9).
3. റോഡിന് വെളിയിൽ വാഹനം ഓടിക്കരുത്
ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ, പിശാച് നമ്മെ റോഡിൽ നിന്ന് പുറത്താക്കാൻ നിരന്തരം ശ്രമിക്കും. റോഡിന്റെ വശത്ത് ധാരാളം പൂക്കളും മരങ്ങളും ഉണ്ട്, (മറ്റുള്ളവരുടെ അഭിപ്രായങ്ങൾ) അതിന് നമ്മുടെ ശ്രദ്ധ തിരിക്കാൻ കഴിയും. മറ്റുള്ളവരെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം, അല്ലെങ്കിൽ അവർ നമ്മെക്കുറിച്ച് എന്ത് വിചാരിക്കും എന്ന ഭയം, നമ്മുടെ ശ്രദ്ധ തിരിക്കാൻ അനുവദിക്കുകയാണെങ്കിൽ (ഗലാത്യർ 1:10), നമ്മൾ ഉടൻ തന്നെ ഹൈവേയിൽ നിന്ന് പുറത്തേക്കു വണ്ടി തിരിച്ച് ഒരു അപകടത്തിൽ കലാശിക്കും. എന്റെ പിതാവ് എന്നോട് ഇടയ്ക്കിടെ പറയുമായിരുന്നു, “ഒന്നുകിൽ ആളുകളെ ആകർഷിക്കുന്നതോ അല്ലെങ്കിൽ അവരെ അനുഗ്രഹിക്കുന്നതോ നിനക്ക് തിരഞ്ഞെടുക്കാം. എന്നാൽ അവരെ എപ്പോഴും അനുഗ്രഹിക്കുന്നത് തിരഞ്ഞെടുക്കുക.” ആളുകളിൽ മതിപ്പുളവാക്കാൻ നിങ്ങൾക്ക് കഴിവുകൾ ഉണ്ടായിരിക്കണം – കൂടാതെ നിങ്ങൾ നിങ്ങളിൽ തന്നെ എത്ര ശക്തനാണോ അത്ര കൂടുതൽ നിങ്ങൾക്ക് അതിന് കഴിയും. എന്നാൽ നിങ്ങൾ അവരെ ശരിക്കും സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമാണ് – തുടർന്ന് “നിങ്ങൾ” നിങ്ങളെത്തന്നെ എത്ര ചെറുതാകുമോ, അത്ര നല്ലത്. (യോഹന്നാൻ 3:30)!
4. നിങ്ങളുടെ പാതയിൽ തന്നെ തുടരുക
നിർഭാഗ്യവശാൽ, പലർക്കും റോഡിൽ അടയാളപ്പെടുത്തിയിരിക്കുന്ന ലെയ്നിൽ തന്നെ തുടരാത്ത ശീലമുണ്ട്, ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. നമ്മുടെ ക്രിസ്തീയ ജീവിതത്തിലും ദൈവം നമ്മുടെ സംരക്ഷണത്തിനായി പാതകൾ വരച്ചിട്ടുണ്ട്. നമ്മുടെ പാതയിൽ നിൽക്കുക എന്നതിനർത്ഥം എപ്പോഴും നമ്മുടെ സ്വന്തം കാര്യം ശ്രദ്ധിക്കുക എന്നതാണ് (1 തെസ്സലൊനീക്യർ 4:11-12) മറ്റുള്ളവരുടെ കാര്യങ്ങളിൽ ഒരിക്കലും തിരക്കുള്ളവരായിരിക്കരുത് (2 തെസ്സലൊനീക്യർ 3:11; 1 പത്രോസ് 4:15). നമ്മെ ഒട്ടും ബാധിക്കാത്ത കാര്യങ്ങളിൽ ഇടപെടുമ്പോൾ, അത് മറ്റൊരാളുടെ പാതയിലേക്ക് കടക്കുന്നതുപോലെയാണ്. ഇത് ആത്യന്തികമായി നമ്മുടെ സ്വന്തം ജീവിതത്തെയും നമുക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവിതത്തെയും നശിപ്പിക്കും.
അവസാനമായി: ഈ യാത്രയിൽ നാം വിരസമായി സാവധാനം ഡ്രൈവ് ചെയ്യുന്നതിന് പകരം, സ്വർഗ്ഗീയ സമ്മാനം നേടുന്നതിന് നമുക്ക് പൂർണ്ണ വേഗതയിൽ വാഹനമോടിക്കാം (1 കൊരിന്ത്യർ 9:24)!
എല്ലാ ദിവസവും ദൈവത്തിന്റെ ഏറ്റവും സമൃദ്ധമായ അനുഗ്രഹം നിറഞ്ഞ, അനുഗ്രഹീതമായ ഒരു പുതുവർഷം ഞങ്ങൾ ആശംസിക്കുന്നു.