Table of Content


സമ്പൂര്‍ണ ജീവിതം


ഈ പുസ്തകവും നിങ്ങളും…..


കര്‍ത്താവായ യേശു ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ച ജീവിത നിലവാരം തങ്ങള്‍ക്കു പ്രാപിക്കുവാനാവാത്ത വിധത്തില്‍ ഉയര്‍ന്നതാണെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ചിന്തിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ അവര്‍ കര്‍ത്താവു പറഞ്ഞതെല്ലാം സ്വീകരിക്കുന്നുവെന്നും തങ്ങള്‍ അവിടുത്തെ ശിഷ്യരാണെന്നുപോലും കരുതുകയും ചെയ്യുന്നു. ഇപ്രകാരം അവര്‍ വഞ്ചനയില്‍പ്പെട്ടുപോകുന്നു. നൂറ്റാണ്ടുകളായി സാത്താന്‍ ബഹുസഹസ്രം വിശ്വാസികളെ ഈ വിധത്തില്‍ വഞ്ചിച്ചിട്ടുണ്ട് എന്നതു സത്യം തന്നെ.

ഈ വിശ്വാസികള്‍ എവിടെയാണ് വഴി തെറ്റിപ്പോയിട്ടുള്ളത്? സീനായിമലയില്‍നിന്ന് മോശ കൊണ്ടുവന്ന കല്പനകളെക്കാള്‍ പ്രയാസമേറിയ കല്പനകളാണ് യേശുക്രിസ്തു കൊണ്ടുവന്നിരിക്കുന്നത് എന്നു ചിന്തിക്കുന്നതിലാണ് അവര്‍ക്കു തെറ്റു വന്നിരിക്കുന്നത്. എന്നാല്‍ യേശു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നത് കല്പനകളുമായിട്ടല്ല, ജീവനുമായിട്ടാണ്. ദൈവത്തിന്റെ പൂര്‍ണ്ണഹിതം ചെയ്യുന്നതില്‍ സന്തോഷിക്കുന്ന ഒരു ജീവിതമാണിത്. ഈ ജീവിതത്തിലേക്കു നമ്മെ നയിക്കുവാനാണ് ഗിരിപ്രഭാഷണത്തിലെ മഹത്തായ സത്യങ്ങള്‍ കര്‍ത്താവു നമുക്കു വെളുപ്പെടുത്തിത്തന്നിരിക്കുന്നത്. യേശുവിന്റെ ഈ വാക്കുകള്‍ നാം ഗൗരവപൂര്‍വ്വം സ്വീകരിക്കുന്നില്ലെങ്കില്‍ നമുക്കു തീര്‍ച്ചയായും ആ ജിവിതത്തിലേക്കു പ്രവേശിക്കുവാന്‍ കഴിയുകയില്ല.

ഗിരിപ്രഭാഷണവും അതിലെ വിലയേറിയ സത്യങ്ങളും അല്‍പം കൂടി നന്നായി മനസ്സിലാക്കുവാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ഇതു നിങ്ങള്‍ വായിക്കുമ്പോള്‍, ദൈവവചനത്തില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ കാണുവാനായി നിങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് ഒരു വാഞ്ഛയുണ്ടായിരിക്കട്ടെ. ആ സത്യങ്ങള്‍ നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരുവാന്‍ പരിശുദ്ധാത്മാവിനു മാത്രമേ കഴിയുകയുള്ളു.
സാക് പുന്നന്‍

അവതാരിക


മത്തായിയുടെ സുവിശേഷത്തിലെ അഞ്ച്, ആറ്, ഏഴ് എന്നീ അധ്യായങ്ങള്‍ ഗിരിപ്രഭാഷണം എന്ന പേരിലാണ് അറിയപ്പെടാറുള്ളത്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായിത്തീരുന്നവര്‍ അനുസരിക്കേണ്ട അടിസ്ഥാനപരമായ ഉപദേശങ്ങളാണ് ഈ ഭാഗത്ത് അടങ്ങിയിട്ടുള്ളത്. ഗിരിപ്രഭാഷണത്തിന്റെ ആദിയിലും അന്ത്യത്തിലും, അതായത് അഞ്ചാമധ്യായത്തിന്റെ ആരംഭത്തിലും ഏഴാമധ്യായത്തിന്റെ അവസാനത്തിലും കാണുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക. ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്ന് ആ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ആദ്യമായി നമുക്ക് ആ വാക്യങ്ങള്‍ ശ്രദ്ധിക്കാം.

”അവന്‍ (യേശു) പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി. അവന്‍ ഇരുന്നശേഷം ശിഷ്യന്മാര്‍ അടുക്കല്‍ വന്നു. അവന്‍ തിരുവായ്‌മൊഴിഞ്ഞ് അവരോടു ഉപദേശിച്ചതെന്തെന്നാല്‍..” ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ നിന്നും യേശു തന്റെ ശിഷ്യന്മാരെ ഒരു മലയിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം അവിടെയിരുന്നുകൊണ്ട് ശിഷ്യന്മാരോട് ഇപ്രകാരം ഉപദേശിച്ചുവെന്നാണല്ലോ, ഇവിടെപ്പറയുന്നത്. അതുകൊണ്ട് ഈ ഉപദേശങ്ങള്‍ പുരുഷാരത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുളളവയല്ല; പിന്നെയോ ശിഷ്യന്മാര്‍ക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണെന്ന് ഈ ഭാഗം തെളിയിക്കുന്നു.

ഇനി ഏഴാമധ്യായം 24 മുതല്‍ 27 വരെയുള്ള വാക്യങ്ങള്‍ നമുക്കു നോക്കാം. ഈ ഭാഗത്ത് വീടുകള്‍ നിര്‍മ്മിച്ച രണ്ടു മനുഷ്യരെപ്പറ്റിയുള്ള സുപരിചിതമായ ഉപമ നാം കാണുന്നു. വാക്യം: ”എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ എല്ലാം പാറമേല്‍ വീടുപണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. ക്രിസ്ത്യാനികളുടെ ഇടയില്‍ സാധാരണയുള്ള തെറ്റിദ്ധാരണ ഈ ഭാഗത്ത് നമ്മുടെ ശ്രദ്ധയില്‍പ്പെടേണ്ടതുണ്ട്. പാപത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ ഹൃദയത്തില്‍ കൈക്കൊള്ളുമ്പോള്‍ – അതായത് ”കര്‍ത്താവേ, എന്റെ ഹൃദയത്തിലേക്കു വരണമേ എന്ന് യേശുവിനെ ക്ഷണിക്കുമ്പോള്‍ അയാള്‍ പാറമേല്‍ വീടു പണിത മനുഷ്യനായിത്തീരുന്നു എന്നാണ് സാധാരണയായി ആളുകള്‍ ധരിച്ചുവച്ചിട്ടുള്ളത്. ഇത് മനുഷ്യരുടെ ഒരു പാരമ്പര്യ വിശ്വാസമാണ്, അഥവാ തെറ്റിദ്ധാരണയാണ്. കര്‍ത്താവ് അങ്ങനെയല്ല അരുളിച്ചെയ്തിട്ടുള്ളത്. ”എന്റെ ഈ വചനങ്ങള്‍’ – അതായത് മത്തായി 5, 6, 7 എന്നീ അധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദൈവകല്പനകളും ഉപദേശങ്ങളും – കേട്ട് അനുസരിക്കുന്നവരാണ് പാറമേല്‍ വീടു പണിത മനുഷ്യനു തുല്യമായിത്തീരുന്നത്.’ വാക്യം 25: ”വന്മഴ ചൊരിഞ്ഞു. നദികള്‍ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേല്‍ അലച്ചു, അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല. പാറമേല്‍ ഉള്ള ഈ അടിസ്ഥാനം എന്താണ് ഈ വചനങ്ങളോടുള്ള അനുസരണത്തെത്തന്നെയാണ് ഇവിടെ പാറയായി കല്പിക്കുന്നത്. ആ പാറമേല്‍ ജീവിതത്തിന്റെ അടിസ്ഥാനം പണിയുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്.

ഇനി മണലിന്മേല്‍ വീടുപണിത മനുഷ്യനെപ്പറ്റി ചിന്തിക്കുക. വാക്യം 26: ”എന്റെ ഈ വചനങ്ങളെ കേട്ട് ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. ഈ വചനങ്ങള്‍ കേട്ടതിനുശേഷം അത് അനുസരിക്കാത്ത ധാരാളം പേരുണ്ട്. അവര്‍ക്ക് അതിന് എന്തെങ്കിലും കാരണവും പറയാനുണ്ടാകും. ചിലര്‍ ഇത് യഹൂദന്മാര്‍ക്കുള്ള ഉപദേശമാണെന്നു വാദിച്ചേക്കാം. അതല്ല, ക്രിസ്തു വീണ്ടും വന്നതിനുശേഷമുള്ള സഹസ്രാബ്ദവാഴ്ചക്കാലത്തേക്കുള്ളതാണെന്ന് മറ്റു ചിലര്‍ പറഞ്ഞേക്കാം. ഇങ്ങനെയുള്ള മിഥ്യയായ ഒഴികഴിവുകള്‍ പറഞ്ഞ് അനുസരിക്കാത്തവര്‍ ബൈബിള്‍ പഠിപ്പിക്കുന്നവരോ പൂര്‍ണ്ണസമയസുവിശേഷ പ്രവര്‍ത്തകരോ ആരുമായിക്കൊള്ളട്ടെ, അവര്‍ മണലിന്മേല്‍ വീടു പണിയുന്നവരാണ്. അവരുടെ ജീവിതത്തെ പറ്റി 27-ാം വാക്യം പറയുന്നതു ശ്രദ്ധിക്കുക: ”വന്മഴ ചൊരിഞ്ഞു, നദികള്‍ പൊങ്ങി, കാറ്റടിച്ച് ആ വീട്ടിന്മേല്‍ അലച്ചു; അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.

അതിനാല്‍ കര്‍ത്താവിന്റെ ഈ ഗിരിപ്രഭാഷണം വായിക്കയും പഠിക്കയും അതിനെപ്പറ്റി ചിന്തിക്കയും ചെയ്യുമ്പോഴെല്ലാം ഈ കാര്യം നാം മനസ്സില്‍ കരുതിക്കൊള്ളുന്നത് പ്രയോജനകരമായിരിക്കും. ഈ കാര്യങ്ങളെക്കുറിച്ചുള്ള അറിവല്ല, അവയുടെ അനുസരണമാണ് ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത്. ശിഷ്യത്വ ജീവിതമാകുന്ന ഭവനത്തിന് അടിസ്ഥാനമായിത്തീരുന്ന പാറ ക്രിസ്തുവിന്റെ ഈ വചനങ്ങളുടെ സമ്പൂര്‍ണ്ണാനുസരണമാണ്. അതിനാല്‍ അനുസരണത്തിലൂടെ ശിഷ്യത്വജീവിത്തിലേക്ക് അഥവാ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുവാനുള്ള ആത്മാര്‍ത്ഥമായ വാഞ്ഛയോടെ നമുക്ക് ഈ ഗിരിപ്രഭാഷണം പഠിക്കാം.

ഭാഗം ഒന്ന്
ഭാഗ്യവര്‍ണ്ണനങ്ങള്‍
(The Beatitudes)


1 ആത്മാവിലുള്ള ദരിദ്രത


”ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത് (മത്താ. 5:3).

സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിലേക്കുള്ള വാതില്‍ അഥവാ പ്രവേശനകവാടം കാണിച്ചുകൊടുക്കുന്നതാണ് ഈ വാക്യം. ആത്മാവില്‍ ദരിദ്രരായിരിക്കുക എന്നുവച്ചാല്‍ എന്താണ് അതിന്റെ അര്‍ത്ഥം? ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിക്കുവാനുള്ള കഴിവ് – അതിനുള്ള അറിവോ ശക്തിയോ – തനിക്കില്ല എന്നു ബോധമുള്ളവരാണ് ആത്മാവില്‍ ദരിദ്രര്‍. അവര്‍ ഭാഗ്യവാന്മാരാണ്, അനുഗൃഹീതരാണ്, അസൂയാര്‍ഹമായവിധം സന്തുഷ്ടരാണ്. ഈ ശക്തി തങ്ങള്‍ക്കില്ല എന്നു ബോധമുള്ളതിനാല്‍ അവര്‍ എന്തു ചെയ്യുന്നു? അവര്‍ ദൈവത്തില്‍ പൂര്‍ണ്ണാശ്രയം വച്ചുകൊണ്ട് സഹായത്തിനായി നിലവിളിക്കുന്നു. അപ്പോള്‍ തന്റെ പരിശുദ്ധാത്മാവിന്റെ ശക്തി ദൈവം അവര്‍ക്കു നല്‍കുന്നു. അതിനാല്‍ തങ്ങളുടെ കഴിവിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടെ ദൈവത്തിന്റെ അടുത്തേക്കു വരുവാനല്ല, നേരേമറിച്ച് തങ്ങളുടെ കഴിവില്ലായ്മയെക്കുറിച്ചുള്ള ബോധത്തോടും മതിയായ ദൈവകൃപ പ്രാപിക്കുവാനുള്ള ദാഹത്തോടും കൂടെ ദൈവസന്നിധിയിലേക്കു വരുവാനാണ് ക്രിസ്തു കല്‍പിക്കുന്നത്.

ഫിലിപ്പിയര്‍ 3:3-ല്‍ പറയുന്നതുപോലെ ക്രിസ്തുയേശുവില്‍ മാത്രം പ്രശംസിക്കുകയും ജഡത്തില്‍ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ദൈവത്തില്‍ നിന്നുള്ള പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കുവാന്‍ കഴിയൂ. കര്‍ത്താവായ യേശുക്രിസ്തുവും പിതാവു തനിക്കു നല്‍കിയ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ മാത്രം ആശ്രയമര്‍പ്പിച്ച് ആ ശക്തിക്കായി കാത്തിരിക്കുകയാണ് ചെയ്തത്. യോഹന്നാന്‍ 5:30-ല്‍ ”എനിക്ക് സ്വതേ ഒന്നും ചെയ്യാന്‍ കഴിവില്ല” എന്നു കര്‍ത്താവു പറയുന്നു. എബ്രായര്‍ 9:14-ൽ ക്രിസ്തുവിനെപ്പറ്റി പറയുന്ന കാര്യവും ശ്രദ്ധിക്കുക: ”നിത്യാത്മാവിനാല്‍ ദൈവത്തിനു തന്നെത്താന്‍ നിഷ്‌കളങ്കനായി അര്‍പ്പിച്ച് ക്രിസ്തു’ എന്നാണ് അവിടെ കര്‍ത്താവിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. ദൈവത്തിനു തന്നെത്തന്നെ നിഷ്‌കളങ്കനായി അര്‍പ്പിക്കുന്നതിനുവേണ്ടി നിത്യാത്മാവിന്റെ ശക്തിയില്‍ മാത്രമാണ് ക്രിസ്തു ആശ്രയിച്ചത്. ഈ യേശുവിന്റെ കാല്‍പ്പാടുകളെയാണ് നാം പിന്തുടരേണ്ടത്.

അപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുന്നതിനുള്ള അനുപേക്ഷണീയമായ വ്യവസ്ഥ ഇതാണ്. നമ്മില്‍ത്തന്നെ നാം കഴിവില്ലാത്തവരാണെന്നു മനസ്സിലാക്കുക. എന്നില്‍ എന്നുവച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല. അതിനാല്‍ നന്മ ചെയ്യുവാന്‍ എനിക്കു കഴിവില്ല എന്ന സത്യം സമ്മതിക്കുക. ഒരു മനുഷ്യനെ ഈ കഴിവില്ലായ്മയുടെ സ്ഥാനത്തേക്ക് ആദ്യം കൊണ്ടുവന്നതിനുശേഷമേ ദൈവത്തിനു തന്റെ കഴിവും ശക്തിയും കൊണ്ട് അവനെ നിറയ്ക്കുവാന്‍ സാധിക്കുകയുള്ളുവെന്നാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. അബ്രാഹാമിന്റെ ദൃഷ്ടാന്തം നോക്കുക: അബ്രാഹാമിനു നൂറു വയസ്സായി പുത്രോത്പാദനത്തിനുള്ള ശക്തി നശിച്ചശേഷം മാനുഷികമായ തന്റെ അശക്തി അദ്ദേഹത്തിനു ബോധ്യമായ ശേഷമാണ് അദ്ദേഹത്തിനു പുത്രനായി വാഗ്ദത്ത സന്തതിയായ യിസ്ഹാക്ക് ജനിക്കുന്നത്. മോശയുടെ ജീവിതവും ഇതേ പാഠം നമ്മെ പഠിപ്പിക്കുന്നു. മോശയ്ക്കു നാല്‍പതു വയസ്സുള്ള കാലത്ത് സ്വന്തശക്തിയിലാശ്രയിച്ചുകൊണ്ട് യിസ്രായേല്‍ ജനതയെ ഉദ്ധരിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. മിസ്രയീം വിട്ട് മോശ ഓടിപ്പോകേണ്ടിവന്നു. 40 വര്‍ഷക്കാലം കഴിഞ്ഞ് തന്റെ അശക്തി അദ്ദേഹത്തിനു ബോധ്യപ്പെട്ടശേഷമാണ് ദൈവം യിസ്രായേലിനെ വിടുവിക്കുവാന്‍ അദ്ദേഹത്തെ അയയ്ക്കുന്നത്. യാക്കോബിന്റെ ജീവിതത്തിലും ദൈവം അദ്ദേഹത്തിന്റെ തുടയുടെ തടം തൊട്ട് തന്റെ കഴിവില്ലായ്മ അദ്ദേഹത്തിനു ബോധ്യപ്പെടുത്തുന്നതായി നാം കാണുന്നു. പത്രോസ് തന്റെ ശിഷ്യത്വത്തിന്റെ ആരംഭഘട്ടത്തില്‍ വളരെ ആത്മവിശ്വാസമുള്ള ഒരുവനായിരുന്നു. ദൈവം അദ്ദേഹത്തെ പല അനുഭവങ്ങളില്‍ക്കൂടെ നടത്തി. ഒടുവില്‍ തനിക്ക് ഏറ്റവും ആത്മവിശ്വാസമുള്ള മീന്‍പിടിത്തമെന്ന തൊഴിലില്‍ ഏര്‍പ്പെട്ട് ഒരു രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഒന്നും പിടിക്കുവാന്‍ കഴിയാതെ സ്വശക്തിയിലുള്ള ആശയം സമ്പൂര്‍ണ്ണമായി വെടിയുവാന്‍ അദ്ദേഹം സന്നദ്ധനാകുന്നതായി നാം കാണുന്നു. പൗലോസിന് തന്റെ ജഡത്തിന്റെ നിസ്സഹായത ബോധ്യപ്പെടുത്തുവാനായി കര്‍ത്താവ് അദ്ദേഹത്തിനു ജഡത്തില്‍ ഒരു ശൂലം നല്‍കുന്നു. അങ്ങനെ ദൈവത്തിന്റെ ശക്തി തന്റെ ബലഹീനതയിലാണ് തികഞ്ഞുവരുന്നതെന്ന് അദ്ദേഹത്തിനു ബോധ്യമായി. 2 കോരിന്ത്യര്‍ 12:9-ല്‍ ”ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിന് ഞാന്‍ അതി സന്തോഷത്തോടെ എന്റെ ബലഹീനതയില്‍ പ്രശംസിക്കും” എന്നു പൗലോസ് പറയുന്നതു നോക്കുക.

അതിനാല്‍ സ്വന്തം ശക്തിയിലാശ്രയിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നവര്‍ മണലിന്മേല്‍ വീടു പണിയുന്നവരാണ്. നമ്മുടെ എല്ലാ കഴിവുകളും കേവലം പൂജ്യമാണെന്നു നാം മനസ്സിലാക്കിക്കൊണ്ട് ദൈവത്തിന്റെ ശക്തിക്കായി നാം നിലവിളക്കുന്നപക്ഷം ദൈവം നമ്മെ തന്റെ എല്ലാ നിറവുകൊണ്ടും നിറയ്ക്കും. ഇപ്രകാരം ആത്മാവില്‍ ദരിദ്രരായവരാണ് യഥാര്‍ത്ഥത്തില്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണ്.


2 കരയുന്നവരുടെ ഭാഗ്യാവസ്ഥ


”ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് ആശ്വാസം ലഭിക്കും” (മത്തായി. 5:4). മത്തായിയുടെ സുവിശേഷം 5-ാമധ്യായത്തിലെ മൂന്നാം വാക്യം സ്വര്‍ഗ്ഗ രാജ്യത്തിലേക്കുള്ള ഒരു പ്രവേശനകവാടമാണെന്നു നാം കണ്ടു. നമ്മുടെ സ്വന്തശക്തിയിലാശ്രയിച്ചുകൊണ്ട് ദൈവത്തിനു പ്രസാദകരമായ ഒരു ജീവിതം നയിക്കുക സാധ്യമല്ലെന്ന് ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം കഴിവില്ലായ്മ മനസ്സിലാക്കി ദൈവത്തിന്റെ പരിശുദ്ധാത്മാവു നല്‍കുന്ന ശക്തിക്കായി കാംക്ഷിക്കുന്നവര്‍ക്കു മാത്രമെ ദൈവത്തിന്റെ സകല സമ്പത്തുകളും നല്‍കപ്പെടുകയുള്ളു.

ഇതേ ചിന്തയുടെ തുടര്‍ച്ചയാണ് അടുത്ത് വാക്യത്തില്‍, അതായത് മത്തായി 5:4-ല്‍ നാം കാണുന്നത്. ഇവിടത്തെ ‘ദുഃഖിക്കുന്നവര്‍’ എന്ന പദത്തിന് ഇംഗ്ലീഷ് തര്‍ജ്ജമപ്രകാരം കരഞ്ഞു വിലപിക്കുന്നവര്‍ (they that mourn) എന്നാണര്‍ത്ഥം. ആശ്വാസം ലഭിക്കുവാനുള്ള ഏക വ്യവസ്ഥ അതാണ്. ആശ്വാസം ലഭിക്കുക (comforted) എന്ന ഈ പദം പരിശുദ്ധാത്മാവിനെ കുറിക്കുവാനുപയോഗിക്കുന്ന ആശ്വാസപ്രദന്‍ (comforter) എന്ന വാക്കുമായി ബന്ധപ്പെട്ടതാണ്. യോഹന്നാന്‍ 14, 15, 16 എന്നീ അധ്യായങ്ങളില്‍ യേശുക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മാവിനെ അയച്ചുകൊടുക്കുമെന്നു വാഗ്ദാനം ചെയ്യുമ്പോള്‍ ആ പരിശുദ്ധാത്മാവിനെ കുറിക്കുവാന്‍ അവിടുന്ന് ഉപയോഗിക്കുന്ന പദമാണ് ആശ്വാസപ്രദന്‍ (comforter) എന്നത്. നമ്മുടെ കഴിവില്ലായ്മയില്‍ നമ്മോടൊപ്പം നിന്ന് നമ്മെ സഹായിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നവനാണ് പരിശുദ്ധാത്മാവ്. ദൈവത്തിന്റെ ഈ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ ആര്‍ക്കാണു കഴിയുന്നത്? തങ്ങളുടെ കഴിവില്ലായ്മയെയും പരാജയത്തെയും പാപത്തെയും പറ്റി കരഞ്ഞു വിലപിക്കുന്നവര്‍ക്കു മാത്രം. സ്വന്തം കഴിവിലാശ്രയിച്ച് സ്വന്തം ശക്തിയില്‍ ചാരിക്കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുവാനും പാപത്തിന്റെമേല്‍ വിജയമുള്ള ഒരു ജീവിതം നയിക്കുവാനും ശ്രമിക്കുന്നവര്‍ മണലിന്മേല്‍ വീടു പണിയുന്നവരാണ്. പരീക്ഷകളുടെ കൊടുങ്കാറ്റടിക്കുമ്പോള്‍ അവരുടെ വീടു തകര്‍ന്നു വീണുപോകും.

നേരേമറിച്ച് തങ്ങളുടെ പാപസ്വഭാവത്തെപ്പറ്റി മനസ്സു തകര്‍ന്നു വിലപിക്കുന്നവര്‍ക്കു മാത്രമാണ് ദൈവകൃപ ലഭിക്കുന്നത്. സങ്കീര്‍ത്തനം 34:18-ല്‍ ”ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു” എന്നും യെശയ്യാവ് 66:2-ല്‍ ”അരിഷ്ടനും മനസ്സുതകര്‍ന്നവരും എന്റെ വചനത്തില്‍ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും” എന്നും നാം വായിക്കുന്നു. ”വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെത്തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു തിരിവിന്‍” എന്നു യോവേല്‍ പ്രവാചകന്‍ പ്രബോധിപ്പിക്കുന്ന ഭാഗവും നോക്കുക (യോവേല്‍. 2:13).

ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്ന നിലവാരത്തിലേക്കു വരുവാന്‍ നമുക്കു കഴിവില്ലാതെയാകുമ്പോള്‍ അതിനെക്കുറിച്ചു ഹൃദയം തകര്‍ന്നു വിലപിക്കുക എന്നത് ഏറ്റവും സ്വാഭാവികമായ കാര്യമാണ്. കൃത്രിമമോ ഉപരിപ്ലവമോ ആയ ഒരു വിലാപമല്ല ഇവിടെ ആവശ്യം; നേരെമറിച്ച് ആത്മാര്‍ത്ഥവും അഗാധവുമായ ദുഃഖത്തോടെ തങ്ങളുടെ പാപങ്ങളെക്കുറിച്ചു കരയുന്നവര്‍ക്കു മാത്രമേ പാപത്തെ ജയിക്കുവാനുള്ള ദൈവകൃപയും ശക്തിയും ലഭിക്കുകയുള്ളു. ദൈവവചനത്തില്‍ക്കാണുന്ന വിരോധാഭാസങ്ങളില്‍ ഒന്നാണ് ഈ വാക്യത്തില്‍ അടങ്ങിയിട്ടുള്ളത്. 1 കൊരിന്ത്യര്‍ 3:18-ല്‍ ”താന്‍ ഈ ലോകത്തില്‍ ജ്ഞാനിയെന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിനു ഭോഷനായിത്തീരട്ടെ” എന്നു പൗലോസ് പറയുന്നു. 2 കൊരിന്ത്യര്‍ 12:10-ല്‍ ”ബലഹീനനായിരിക്കുമ്പോള്‍ തന്നെ ഞാന്‍ ശക്തനാകുന്നു എന്ന് പൗലോസ് തന്നെപ്പറ്റി സാക്ഷ്യം പറയുന്നു. അതുപോലെ ഇവിടെയും നമ്മുടെ പാപാവസ്ഥയോര്‍ത്ത് കരഞ്ഞു വിലപിക്കുമ്പോള്‍ മാത്രമാണ് പാപത്തെ ജയിക്കുവാനായി ദൈവം നമ്മെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതെന്ന് കര്‍ത്താവ് പ്രസ്താവിക്കുന്നു.


3 സൗമ്യസ്വഭാവികളുടെ അവകാശം


”സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും” (മത്തായി. 5:5)

സൗമ്യതയുള്ളവര്‍ എന്ന പദം വിനയശാലികളെ അഥവാ ശാന്തസ്വഭാവികളെ കുറിക്കുന്നു. താഴ്മയുള്ളവര്‍, സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടാത്തവര്‍, തങ്ങളെക്കുറിച്ചുതന്നെ ചെറിയ ചിന്തകള്‍ പുലര്‍ത്തുന്നവര്‍- ഇങ്ങനെയുള്ളവരെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്. പഴയനിയമത്തില്‍ മോശയെ ഈ സ്വഭാവത്തിന് ഏറ്റവും ഉയര്‍ന്ന ഉദാഹരണമായി കാണിച്ചിട്ടുണ്ട്. ”മോശ എന്ന പുരിഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതി സൗമ്യനായിരുന്നു” (സംഖ്യ. 12:3). യിസ്രായേല്‍ ജനങ്ങളുടെ മരുപ്രയാണ കാലത്ത് അനേകം സന്ദര്‍ഭങ്ങളില്‍ പലയാളുകള്‍ മോശയ്‌ക്കെതിരായി എഴുന്നേറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ദൈവം അദ്ദേഹത്തിനു നല്‍കിയ ഉന്നതസ്ഥാനം പിടിച്ചെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളതായി നാം വായിക്കുന്നുണ്ട്. ആ അവസരങ്ങളില്‍ മോശ എന്താണു ചെയ്തത്? ഒരിക്കല്‍പ്പോലും തന്നെത്തന്നെ സംരക്ഷിക്കുവാനും തന്റെ അവകാശങ്ങള്‍ ഉറപ്പിക്കുവാനുമായി മോശ പോരാടിയിട്ടില്ല. ”ഈ സ്ഥാനം നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ എടുത്തുകൊള്‍വിന്‍” എന്ന മനോഭവമേ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളു. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകിരക്കുമ്പോള്‍ തന്നെത്തന്നെ ന്യായീകരിക്കുകയോ തന്റെ അവകാശങ്ങള്‍ക്കായി പോരാടുകയോ ചെയ്യാതെ മോശ ദൈവസന്നിധിയില്‍ കവിണ്ണു വീഴുകയാണ് ചെയ്തിട്ടുള്ളത്. അപ്പോഴെല്ലാം ദൈവതേജസ്സ് ജനമധ്യത്തില്‍ പ്രത്യക്ഷമാവുകയും ദൈവം തന്റെ ദാസനെ സംരക്ഷിക്കുകയും ചെയ്തതായി നാം വായിക്കുന്നു.

യേശുവിനെ സംരക്ഷിക്കുവാന്‍ വേണ്ടി പത്രോസ് വാളൂരി പോരാടുവാന്‍ ഭാവിച്ചപ്പോള്‍ ”വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ വീഴും” എന്നു പറഞ്ഞുകൊണ്ട് യേശു തന്നെത്തന്നെ ശത്രുക്കളുടെ കൈയില്‍ ഏല്‍പിച്ചു കൊടുക്കുകയാണ് ചെയ്തത്. പീലാത്തോസിന്റെ മുമ്പില്‍ വച്ച് – ”എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികമായിരുന്നുവെങ്കില്‍ എന്റെ ചേവകര്‍ പോരാടുമായിരുന്നു; എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല” എന്നു കര്‍ത്താവു പ്രഖ്യാപിക്കുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമായി പോരാടുന്നവര്‍ ആരൊക്കെയായാലും അവരുടെ രാജ്യം ഐഹികമാണെന്നു നമുക്കു മനസ്സിലാക്കാം. 25 പൈസ വിലയുള്ള ഒരു കളിപ്പാട്ടത്തിനുവേണ്ടി കൊച്ചുകുട്ടികള്‍ വാശിയോടെ പോരാടുമ്പോള്‍ നമുക്ക് അതില്‍ പുച്ഛം തോന്നിയെന്നു വരാം. എന്നാല്‍ 25 പൈസയുടെ കളിപ്പാട്ടത്തിനുവേണ്ടി പോരാടുന്ന കുട്ടിക്കും 25000 രൂപ വിലയുള്ള ഭൂമിക്കു വേണ്ടി അയല്‍ക്കാരനുമായി യുദ്ധം ചെയ്യുന്ന മനുഷ്യനും ഒരേ മനോഭാവം തന്നെയാണുള്ളത്.

സമരം ചെയും പിടിച്ചെടുക്കുകയും ചെയ്യുന്ന സ്വഭാവത്തിനു കടക വിരുദ്ധമാണ് തന്നെത്താന്‍ താഴ്ത്തുകയും വിട്ടുകൊടുക്കുകയും ത്യാഗം സഹിക്കുകയും ചെയ്യുന്ന മനോഭാവം. ക്രിസ്തു ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീര്‍ന്നതായി ഫിലിപ്പിയര്‍ 2:6 മുതലുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു. ചുരുട്ടിയ മുഷ്ടിയാണ് ഈ ലോകത്തിന്റെ മനോഭാവത്തെ കാണിക്കുന്ന ചിഹ്നം. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുക, സമരം ചെയ്യുക, അവകാശങ്ങള്‍ പിടിച്ചുപറ്റുക – ഇതാണ് ചുരുട്ടിയ മുഷ്ടിയുടെ അര്‍ത്ഥം. ക്രിസ്തുയേശുവിലുള്ള ഭാവമാകട്ടെ, ഇതിനു കടകവിരുദ്ധമാണ്. കര്‍ത്താവ് ക്രൂശില്‍ക്കിടന്ന സമയത്ത് അവിടുത്തെ മുഷ്ടി ചുരുട്ടിയതായിരുന്നില്ല; തന്റേതായിട്ടുള്ളതെല്ലാം താന്‍ കൈവിട്ടുവെന്നു കാണിക്കുമാറ് തന്റെ കൈകള്‍ വിടര്‍ന്ന അവസ്ഥയിലാണ് കര്‍ത്താവ് ക്രൂശില്‍ക്കിടന്നത്. അതേ ഭാവമാണ് അവിടുത്തെ ശിഷ്യന്മാരായ നമ്മിലും ഉണ്ടാകേണ്ടത്. മത്തായി. 11:29-ല്‍ കര്‍ത്താവ് ഇപ്രകാരം പറയുന്നു. ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍.” എങ്ങനെ പ്രസംഗിക്കണമെന്ന കാര്യം തന്നോടു പഠിക്കുവാനല്ല കര്‍ത്താവു നമ്മോടാജ്ഞാപിക്കുന്നത്. പിന്നെയോ തന്റെ താഴ്മയും സൗമ്യതയും അഭ്യസിക്കുവാനാണ്.

ഈ ലോകത്തിന്റെ അധിപതിയാണ് സാത്താന്‍. അവനെ ‘ഈ ലോകത്തിന്റെ പ്രഭു’വെന്നാണ് കര്‍ത്താവു വിളിക്കുന്നത്. യെശയ്യാവു 14:13-ല്‍ സ്വര്‍ഗ്ഗോന്നതങ്ങള്‍ക്കു മീതേ കയറാനും ആധിപത്യം നേടുവാനും ലൂസിഫര്‍ ശ്രമിച്ചതിനെപ്പറ്റി നാം വായിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിനെ സാത്താന്‍ ഉയര്‍ന്ന ഒരു മലയില്‍ കൂട്ടിക്കൊണ്ടുപോയി ഈ ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചു കൊടുത്തശേഷം ”വീണ് എന്നെ നമസ്‌കരിച്ചാല്‍ ഇതൊക്കെയും നിന്റേതാകും” എന്നു പറഞ്ഞു. ”ഇല്ല, ഒരിക്കലുമില്ല” എന്ന അര്‍ത്ഥത്തിലായിരുന്നു അപ്പോള്‍ കര്‍ത്താവു നല്‍കിയ മറുപടി. ഇതേ മറുപടിയാണ് ഇന്ന് അവിടുത്തെ ശിഷ്യന്മാരും നല്‍കേണ്ടത്. എന്നാല്‍ ഒരിക്കല്‍ ഈ ലോകരാജ്യങ്ങള്‍ ദൈവത്തിന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായി മാറുന്ന ഒരു ദിവസം വരുന്നുണ്ട്. അന്നു കര്‍ത്താവു തന്നെ സേവിക്കുന്ന തന്റെ ദാസന്മാരോടൊപ്പം രാജാധിരാജാവായി വാഴും. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാതെ തങ്ങളെക്കുറിച്ചുതന്നെ എളിയ ചിന്തകള്‍ പുലര്‍ത്തുകയും ഈ ലോകത്തില്‍ തങ്ങള്‍ അന്യരും പരദേശികളുമാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നവര്‍ – അവരാണ് സൗമ്യതയുള്ളവര്‍. അന്തിമാപഗ്രഥനത്തില്‍ അവരാണ് ഭൂമിയെ അവകാശമാക്കുന്നത്. ഇതാണ് ഈ വാക്യം നമ്മെ പഠിപ്പിക്കുന്ന കാര്യം. സൗമ്യതയുള്ളവര്‍ സന്തുഷ്ടരാണ്; എന്തെന്നാല്‍ അവര്‍ ഭൂമിയെ അവകാശമാക്കും.


4 നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും


”നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു തൃപ്തിവരും” (മത്തായി 5:6).

സ്വര്‍ഗ്ഗരാജ്യത്തെയും ആത്മീയ ജീവിതത്തെയും സംബന്ധിക്കുന്ന അനേകം നിയമങ്ങള്‍ നാം പുതിയനിയമത്തില്‍ കാണുന്നുണ്ട്. ഈ നിയമങ്ങള്‍ നാം മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്താല്‍ അതിന്റെ സദ്ഫലങ്ങള്‍ നമുക്ക് അനുഭവിക്കുവാന്‍ കഴിയും. നേരേമറിച്ച് നാം ഈ നിയമങ്ങളെ ലംഘിക്കുന്നപക്ഷം അതിന്റെ ദോഷഫലങ്ങള്‍ നാം സഹിക്കേണ്ടതായും വരും. ഭൗതികലോകത്തിലെ നിയമങ്ങള്‍ എപ്രകാരം മാറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതായി നാം കാണുന്നുവോ അങ്ങനെതന്നെയാണ് ആധ്യാത്മികലോകത്തിലെ നിയമങ്ങളും. ഉദാഹരണമായി നമുക്ക് ഗുരുത്വാകര്‍ഷണം എന്ന നിയമത്തെപ്പറ്റി ചിന്തിക്കാം. നാം ജീവിക്കുന്ന ഈ ഭൗതികലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒന്നാണിതെന്ന് നമുക്കറിയാം. വളരെ ഉയരമുള്ള ഒരു സ്ഥാനത്തുകൂടെ നടക്കുന്ന ഒരാള്‍ കാലിടറിയാല്‍ താഴെ വീണുപോകുന്നത് ഈ നിയമത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. ഈ നിയമത്തെപ്പറ്റി നിങ്ങള്‍ക്കറിവില്ലെന്നു പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ല. നിങ്ങള്‍ അറിഞ്ഞാലും ശരി, അറിഞ്ഞില്ലെങ്കിലും ശരി, 100 അടി ഉയരമുള്ള സ്ഥലത്തുനിന്ന് കാലിടറിയാല്‍ നിങ്ങള്‍ വീഴുകതന്നെ ചെയ്യും. വീണാല്‍ മരണമടഞ്ഞെന്നും വരും. എന്നാൽ ഈ ഗുരുത്വാകർഷണ നിയമത്തെത്തന്നെ നമ്മുടെ പ്രയോജനത്തിനായി നമുക്ക് ഉപയോഗിക്കുവാൻ കഴിയും. ഉദാഹരണമായി ജലവൈദ്യുതപദ്ധതികൾ പ്രവർത്തിപ്പിച്ച് വിദ്യുച്ഛക്തി ഉൽപ്പാദിപ്പിക്കുന്നത് ഈ നിയമത്തെ പ്രയോജനപ്പെടുത്തിയിട്ടാണ്. ആ വിധത്തിൽ വിദ്യുച്ഛക്തി ഉൽപ്പാദിപ്പിക്കുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏതാനും ദശവത്സരങ്ങളെ ആയിട്ടുള്ളു. എന്നാൽ ജലവൈദ്യുതശക്തിയുടെ സാധ്യത ആദാമിന്റെ കാലം മുതൽ തന്നെ ലോകത്തിലുണ്ടായിരുന്നു. എങ്കിലും അയ്യായിരമോ ആറായിരമോ വർഷക്കാലത്തേക്ക് ഈ ശക്തി ഉൽപാദിപ്പിക്കുവാൻ മനുഷ്യനു കഴിഞ്ഞിരുന്നില്ല. ഇതുപോലെതന്നെ ആത്മീയമണ്ഡലത്തിലും ഒരാൾ ആത്മീയമായി ശക്തിയറ്റവനായിക്കാണപ്പെടുന്നുവെങ്കിൽ അതിന്റെ കാരണം ആധ്യാത്മികലോകത്തിലെ നിയമങ്ങളെ അയാൾ അറികയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തതാണ്. നേരേ മറിച്ച് ഒരാളിൽ ആധ്യാത്മികശക്തി അഥവാ ദൈവശക്തി ധാരാളമായി വ്യാപരിക്കുന്നതായി നാം കാണുന്നുവെങ്കിൽ അയാൾ ആധ്യാത്മികനിയമങ്ങളെക്കുറിച്ച് അറിവുള്ളവനും ആ നിയമങ്ങളെ അനുസരിക്കുന്നവനുമാണെന്ന് നമുക്ക് തീരുമാനിക്കാം.

മത്തായി 5:6 ആധ്യാത്മികലോകത്തിലെ അതിമഹത്തായ ഒരു നിയമമാണ്. നീതിക്കു വിശന്നു ദാഹിക്കുന്ന ഒരുവൻ അനുഗൃഹീതനാണ്; അസൂയാർഹമായ വിധം ഭാഗ്യവാനാണ്. സന്തുഷ്ടനാണ്. കാരണം, ദൈവം അവനെ നിറയ്ക്കുകയും സന്തുഷ്ടനാക്കുകയും ചെയ്യും. ഈ നിയമം മനസ്സിലാക്കുവാൻ വേണ്ടി മത്തായി 5-ന്റെ മൂന്നാം വാക്യം മുതൽ തന്നെ നമുക്ക് ആരംഭിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ നീതിയിൽ നാം എത്രമാത്രം കുറവുള്ള വരാണെന്നു മനസ്സിലാക്കുന്നതാണ് ആത്മാവിലുള്ള ദാരിദ്ര്യം. ആ ദാരിദ്ര്യ ബോധം നമുക്കുണ്ടാകുന്നതിന്റെ ഫലമായി നമ്മുടെ പാപസ്വാഭവമോർത്ത് കരയുകയും വിലപിക്കുകയും ചെയ്യുമ്പോഴേ ദൈവത്തിന്റെ ശക്തി നമ്മിൽ വ്യാപരിക്കുവാനാരംഭിക്കുന്നുള്ളു. ഈ ഘട്ടത്തിൽ ദൈവമുമ്പാകെ സൗമ്യതയുള്ളവരായിത്തീർന്ന് ദൈവത്തിന്റെ ബലമുള്ള കൈക്കീഴെ നമ്മെ വിനയപ്പെടുത്തുകയും അനുസരിക്കുകയും ചെയ്യുമ്പോൾ ദൈവികമായ സമ്പത്തു കൾ കുറേശ്ശെ അവകാശമാക്കുവാൻ നാം ആരംഭിക്കുന്നു.

ഈയൊരു സാഹചര്യത്തിലാണ് നീതിനിറഞ്ഞ ഒരു ജീവിതത്തിനു വേണ്ടി നാം വിശക്കുകയും ദാഹിക്കുകയും ചെയ്യേണ്ടത്. ദൈവികനീതിയിൽ നിറയപ്പെട്ട ഒരു ജീവിതം സ്വതേതന്നെ നമ്മിൽ ഉണ്ടായിത്തീരുന്നില്ല. ഉണങ്ങി വരണ്ടുകിടക്കുന്ന ഭൂമി ഒരു തുള്ളി ജലത്തിനുവേണ്ടി ദാഹിക്കുന്നതുപോലെ ദൈവത്തിന്റെ നീതിക്കുവേണ്ടി നാം ദാഹിച്ചേ മതിയാവൂ. അപ്രകാരം ചെയ്യുന്നുവെങ്കിൽ ദൈവം തന്റെ നീതിനിറഞ്ഞ സ്വഭാവം നമ്മിൽ പകരുകയും നമ്മെ സംതൃപ്തരാക്കുകയും ചെയ്യും. അവിടെയും നാം നിറുത്തിക്കളയരുത്. വീണ്ടും നാം കൂടുതലായ നീതിക്കുവേണ്ടി ദാഹിക്കണം. അപ്പോൾ കൂടുതൽ നീതി അഥവാ കുടുതൽ ദൈവസ്വഭാവം നമുക്കു ലഭിക്കും. ഇപ്രകാരം വീണ്ടും വീണ്ടും നാം ആത്മാവിൽ ദരിദ്രരായിത്തീരണം. വീണ്ടും വീണ്ടും നമ്മുടെ നീതിയില്ലായ്മയും പാപസ്വഭാവവുമോർത്ത് നാം വിലപിക്കണം. വീണ്ടും നമ്മെത്തന്നെ വിനയപ്പെടുത്തണം. കൂടുതലായ നീതിക്കുവേണ്ടി വീണ്ടും നാം വിശക്കുകയും ദാഹിക്കുകയും ചെയ്യണം. അങ്ങനെയെങ്കിൽ ദൈവം തന്റെ നീതിയാൽ നമ്മെ നിറയ്ക്കുകയും സംതൃപ്തരാക്കുകയും ചെയ്യും.

എന്തുകൊണ്ടാണ് പലയാളുകളും അനീതി നിറഞ്ഞ സ്വഭാവമുള്ളവരായി ക്കാണപ്പെടുന്നത്? ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. അവർ നീതിക്കായി വിശക്കുകയോ ദാഹിക്കുകയോ ചെയ്യുന്നില്ല. “ഓരോ മനുഷ്യനും താനെത മാത്രം വിശുദ്ധനാകുവാൻ ആഗ്രഹിക്കുന്നുവോ അത്രമാത്രമേ വിശുദ്ധി പ്രാപിക്കുന്നുള്ളു” എന്നർത്ഥം വരുന്ന ഒരു ചൊല്ല് ഇംഗ്ലീഷ് ഭാഷയിലുണ്ട്. അതിനാൽ നീതിക്കുവേണ്ടിയുള്ള ഗാഢമായ ഒരു ദാഹം നമ്മുടെ ഹൃദയത്തിലുണ്ടാകേണ്ടതാവശ്യമാണ്. ഇങ്ങനെയൊരു ദാഹം നാം പ്രകടിപ്പിച്ചാൽ മാത്രം മതിയാവുകയില്ല. മറിച്ച് നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ നിന്ന് നാം അതിനായി വാഞ്ഛിക്കുകയും തീക്ഷ്ണതയോടെ അതാഗ്രഹിക്കുകയും ചെയ്യണം. പലപ്പോഴും ആധ്യാത്മികമായ കൂട്ടായ്മയോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ഈ ദാഹം നമ്മിലുണ്ടായെന്നു വന്നേക്കാം. എന്നാൽ അവിടെ നിന്നു പോയശേഷം പ്രായോഗിക ജീവിതമണ്ഡലങ്ങളിലെത്തുമ്പോൾ ഈ ദാഹം നമുക്കു നഷ്ടപ്പെടുന്നു. ജീവിതത്തിൽ നമ്മുടെ നീതിബോധം പരിക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ വരുമ്പോൾ അവിടെ അനീതിയുമായി ഒത്തു തീർപ്പുചെയ്യുവാൻ നാം സന്നദ്ധരായെന്നു വരാം. ഈ മനുഷ്യർ പഴയനിയമത്തിൽ നാം കാണുന്ന ഏശാവിനെപ്പോലെയാണ്. മധുരമുള്ള ഒരു പാത്രം പായസത്തിനുവേണ്ടി ഏശാവ് തന്റെ ജ്യേഷ്ഠാവകാശം വിറ്റുകളയുവാൻ സന്നദ്ധനായതുപോലെ ഇത്തരം മനുഷ്യരും തുച്ഛമായ ഭൗതികസംതൃപ്തിക്കോ ലാഭത്തിനോ വേണ്ടി സത്യത്തെയും നീതിയെയും വിൽക്കുവാൻ സന്നദ്ധരായിത്തീരുന്നു.

യോഹന്നാൻ 7:37-ൽ കർത്താവ് ഇപ്രകാരം നമ്മെ ആഹ്വാനം ചെയ്യുന്നു. “ദാഹിക്കുന്നവനെല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ; എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന് … ജീവജലത്തിന്റെ നദികൾ ഒഴുകും. പരിശുദ്ധാത്മാവിന്റെ നിറവിനെപ്പറ്റിയാണ് കർത്താവ് ഈ ഭാഗത്തു സംസാരിക്കുന്നത്. പരിശുദ്ധാത്മാവു നമ്മെ നിറയ്ക്കുന്നതിന്റെ ഫലമായി ദൈവത്തിന്റെ നീതി നിറഞ്ഞ സ്വഭാവം നമുക്കുണ്ടായിത്തീരുന്നു. റോമർ 14:17 -ൽ “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിന്റെ സന്തോഷവുമാ” എന്നു നാം വായിക്കുന്നു. ദൈവത്തിന്റെ നീതി നിറഞ്ഞ സ്വഭാവം നമ്മിൽ ഉരുവാകുമ്പോൾ മാത്രമേ പരിശുദ്ധാത്മാവിലുള്ള സന്തോഷവും സമാധാനവും നമുക്കു ലഭിക്കുകയുള്ളു. റോമർ 8:1-4 വാക്യങ്ങൾ നോക്കുക: “ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു” എന്ന് അവിടെ 2-ാം വാക്യത്തിൽ പൗലോസ് പറയുന്നു. ഈ ആത്മാവിന്റെ പ്രമാണം നമ്മിൽ വ്യാപരിക്കുമ്പോൾ മാത്രമേ നാലാം വാക്യം പറയുന്നതുപോലെ “ജഡത്തെയല്ല, ആത്മാവിനെയത്ര അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാവുകയുള്ളു.

പക്ഷേ ആർക്കാണ് ഈ അനുഭവം ലഭിക്കുന്നത്? പരിശുദ്ധാത്മസ്നാനത്തെയും ആത്മനിറവിനെയും കുറിച്ചുള്ള ഉപദേശം ശരിയായി ഗ്രഹിച്ചിട്ടുള്ളവർക്ക് അതു ലഭിക്കുമെന്നു ദൈവവചനം പയുന്നില്ല. ദാഹത്തോടുകൂടി യേശു ക്രിസ്തുവിന്റെ അടുക്കൽ വന്നു കുടിക്കുന്നവർക്ക് അതു ലഭിക്കുമെന്നാണ് യോഹന്നാൻ 7:37-ൽ പറയുന്നത്. യേശുവിന്റെ അടുക്കലേക്കു വരുവാനുള്ള യോഗ്യത കഠിനമായ ആത്മദാഹം മാത്രമാണ്. ഒരു മരുഭൂമിയിൽക്കൂടി നാം സഞ്ചരിക്കുമ്പോൾ നമ്മുടെ പക്കൽ നാം സംഭരിച്ചിരുന്ന ജലമെല്ലാം തീർന്നു പോയി എന്നു ചിന്തിക്കുക. വീണ്ടും നാലഞ്ചു ദിവസം എവിടെയെങ്കിലും കണ്ടെത്താമെന്നുള്ള ആശയോടെ നാം മുമ്പോട്ടു പോയെന്നും സങ്കൽപ്പിക്കുക. എന്നിട്ടും ജലം കണ്ടെത്താനാകാതെ ദാഹം കൊണ്ടു നാം മരിച്ചു പോകുമെന്നുള്ള ഘട്ടം വരുമ്പോൾ നമ്മുടെ പക്കലുള്ള പണത്തെപ്പറ്റിയാകട്ടെ, വസ്തുവകകളെപ്പറ്റിയാകട്ടെ. മറ്റെന്തിനെയെങ്കിലും പറ്റിയാകട്ടെ നാം ചിന്തിക്കുന്നില്ല. അപ്പോൾ നമ്മുടെ ഏക താൽപര്യം അൽപം ജലം കിട്ടണമെന്നു മാത്രമാണ്. ഇതുപോലെ ദൈവത്തിന്റെ നീതിക്കുവേണ്ടി നാം കാംക്ഷിക്കുന്നപക്ഷം അങ്ങനെയുള്ളവരുടെ ഹൃദയത്തിന്റെ ദാഹം ദൈവം മനസ്സിലാക്കുകയും അവരെ തന്റെ നീതി കൊണ്ടു ദൈവം സംതൃപ്തരാക്കുകയും ചെയ്യും. ഈ ലോകത്തിൽ അനീതി നമുക്കൊരിക്കലും യഥാർത്ഥമായ സന്തുഷ്ടി നൽകുകയില്ല. അത് ദുരന്തദുരിതവും ദുഃഖവും മാത്രമേ നൽകുകയുള്ളു. എന്നാൽ യഥാർത്ഥമായ സന്തുഷ്ടി നമുക്കു ലഭിക്കുന്നത് നീതിയുടെയും വിശുദ്ധജീവിതത്തിന്റെയും ഫലമായി മാത്രമാണ്. ഈ നിതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും എത്ര മാത്രം തീക്ഷ്ണമായി നമ്മിൽ പ്രവർത്തിക്കുന്നുവോ അത്രമാത്രമേ ദൈവത്തിന് പരിശുദ്ധാത്മാവിന്റെ സന്തോഷത്താലും സമാധാനത്താലും നമ്മെ സംതൃപ്തരാക്കുവാൻ കഴിയൂ.

5 കരുണാശാലികൾ


“കരുണയുള്ളവൻ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും” (മത്തായി.5:7).

ദൈവത്തിന്റെ കരുണ നമുക്കെല്ലാവർക്കും ആവശ്യമാണ്. നാം ദൈവവുമായുള്ള സജീവബന്ധത്തിൽ തുടരുകയും നമ്മുടെ ആത്മീയ ജീവിതത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്യണമെങ്കിൽ ദൈവത്തിന്റെ കരുണ സമൃദ്ധമായി നമുക്കു ലഭിക്കാതെ സാധ്യമല്ല. എഫേസ്യലേഖനം രണ്ടാമധ്യായത്തിന്റെ ആരംഭത്തിൽ നാം ദൈവത്തിന്റെ കരുണ ലഭിക്കുവാൻ യാതൊരർഹതയുമില്ലാത്തവരായിരുന്നു എന്ന കാര്യം അപ്പോസ്തലൻ എടുത്തുപറയുന്നു. നാം അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു; മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കളായിരുന്നു. എന്നാൽ കരുണാസമ്പന്നനായ ദൈവമാകട്ടെ, നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും അവിടുത്തോടുകൂടി ഉയിർത്തെഴുന്നേൽപിച്ച് സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തുവെന്ന് അവിടെ നാം വായിക്കുന്നു. ഇങ്ങനെ നാം അർഹതയില്ലാത്തവരായിരിക്കെത്തന്നെ ദൈവം ആദ്യമായി നമ്മോടു ദയ കാണിക്കുകയും പാപങ്ങളിൽ നിന്നു വീണ്ടെടുത്ത് തന്റെ സ്വർഗ്ഗീയരാജ്യത്തിനു നമ്മെ അവകാശികളാക്കിത്തീർക്കുകയും ചെയ്യുന്നു. എന്നാൽ ഈ വിധത്തിൽ നാം ദൈവത്തിന്റെ കരുണയ്ക്ക് പാത്രമായിത്തീർന്നശേഷം നാം മറ്റുള്ളവരോടും അതേ കരുണയോടുകൂടെ പെരുമാറുകയും അവരുടെ കുറ്റങ്ങൾ ക്ഷമിക്കുകയും ചെയ്യാൻ ബാധ്യസ്ഥരാണ്. അപ്രകാരം നാം ചെയ്യുന്നില്ലെങ്കിൽ ദൈവം തന്റെ കരുണ നമ്മിൽ നിന്നു പിൻവലിച്ചുകളയും എന്നാണ് ഈ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്.

മത്തായിയുടെ സുവിശേഷം 18-ാമധ്യായം 2-ാം വാക്യത്തിൽ പത്രോസ് കർത്താവിന്റെ അടുക്കൽ വന്ന് “കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ഞാൻ ക്ഷമിക്കണം?” എന്നു ചോദിക്കുന്നതായി നാം കാണുന്നു. ഏഴു വട്ടം ക്ഷമിച്ചാൽ മതിയോ എന്നാണ് പത്രോസിന്റെ ചോദ്യം. യേശു അദ്ദേഹത്തോട് ഏഴുവട്ടമല്ല, ഏഴ് എഴുപതുവട്ടം ക്ഷമിക്കണമെന്നു പറയുന്നു. അതിനുശേഷം ഇതിനെ ഉദാഹരിക്കുന്ന ഒരുപമയും അവിടുന്നു പറയുന്നു. 23 മുതലുള്ള വാക്യങ്ങളിൽ ഈ ഉപമ നമുക്കു കാണാം. സ്വർഗ്ഗ രാജ്യം തന്റെ ദാസന്മാരുമായി കണക്കുതീർക്കാൻ ഭാവിക്കുന്ന ഒരു രാജാവിനു സദൃശമാണ്. രാജാവു കണക്കുതീർക്കാൻ ഭാവിക്കുമ്പോൾ പതിനായിരം താലന്തു കടപ്പെട്ട ഒരുത്തനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇന്നത്തെ നാണയത്തിൽ പറഞ്ഞാൽ ഏകദേശം എട്ടുകോടി രൂപയാണ് അയാൾ കൊടുത്തുതീർക്കാനുള്ള തുക. ഈ കടം വീട്ടുവാൻ അയാൾക്കു വകയില്ലാത്തതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അയാൾക്കുള്ളതൊക്കെയും വിറ്റു കടം തീർക്കുവാൻ രാജാവ് കൽപിച്ചു. ദാസൻ രാജാവിന്റെ കാൽക്കൽ വീണു കേണപേക്ഷിച്ചു: “യജമാനനേ, എന്നോടു കരുണ തോന്നേണമേ. ഞാൻ സകലവും തന്നു തീർക്കാം” എന്നു പറഞ്ഞു. അപ്പോൾ യജമാനന് അവനോടു മനസ്സലിവു തോന്നി അവനെ വിട്ടയച്ചു. ആ കടം യജമാനൻ ഇളച്ചുകൊടുക്കുകയും ചെയ്തു.

ആ ദാസൻ തിരിയെപ്പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ് എന്നു വച്ചാൽ ഏകദേശം രണ്ടു രൂപാ കടമ്പെട്ടിരുന്ന ഒരു മനുഷ്യനെ കണ്ടു. അയാൾ അവന്റെ തൊണ്ടയ്ക്കു പിടിച്ചു ഞെക്കി. “വയ്ക്കെടാ എന്റെ രൂപാ എന്നു പറഞ്ഞു. അയാൾ “എന്നോടു ദയ തോന്നേണമേ; ഞാൻ തന്നു തീർക്കാം” എന്നപേക്ഷിച്ചു. എന്നാൽ അവനെ വിട്ടയ്ക്കുവാൻ മനസ്സില്ലാതെ അവന്റെ കടം തീരുവോളം അയാൾ അവനെ തടവിൽ പാർപ്പിച്ചു. അയാളുടെ കൂട്ടുദാസന്മാർ ഈ കാര്യം അറിഞ്ഞിട്ടു വന്ന് വിവരം രാജാവിനെ അറിയിച്ചു. രാജാവ് അയാളെ തിരിയെ വിളിപ്പിച്ചിട്ട് താൻ അയാളോടു കരുണ കാണിച്ചതുപോലെ അയാൾ തന്റെ കൂട്ടുദാസനോടും കരുണ കാണിക്കാഞ്ഞത് എന്തുകൊണ്ടാണ് എന്നു ചോദിച്ചു. യജമാനൻ കോപിച്ച് അയാൾ കടം മുഴുവൻ വീട്ടുവോളം അയാളെ ദണ്ഡിക്കുന്നവരുടെ കൈയിലേൽപിച്ചു.

ഈ ഉപമയിൽക്കൂടെ കർത്താവു പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്ന കാര്യം നാം 35-ാം വാക്യത്തിൽ കാണുന്നു: “നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും.” എങ്ങനെയാണു നമ്മോട് അവിടുന്നു ചെയ്യു ന്നതെന്ന് 34-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു. “കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയിലേൽപിച്ചു” എന്നാണ് അവിടെപ്പറയുന്നത്. ദണ്ഡിപ്പിക്കുന്നവർ സാത്താന്റെ കിങ്കരന്മാരായി നമ്മെ പീഡിപ്പിക്കുന്ന ദുഷ്ടാത്മാക്കൾ തന്നെ. നാം സഹോദരന്മാരോടു ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ സാത്താന്റെ പക്കൽ നാം എൽപിക്കപ്പെടുമെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു.

യാക്കോബിന്റെ ലേഖനം രണ്ടാമധ്യായത്തിൽ കരുണ കണിക്കാത്തവർക്കു വരുന്ന ന്യായവിധിയെപ്പറ്റി അപ്പോസ്തലൻ എടുത്തുപറയുന്നു. യാക്കോബു തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുവാനുദ്ദേശിക്കുന്ന ഒരു മുഖ്യ സന്ദേശമുണ്ട്. യഥാർത്ഥമായ വിശ്വാസമെന്താണ് എന്നു വ്യക്തമാക്കുവാനാണ് ആ ലേഖനത്തിന്റെ ഒരു നല്ല ഭാഗം അദ്ദേഹം വിനിയോഗിക്കുന്നത്. സ്നേഹവും നീതിയും നന്മയുമെല്ലാം കാണിക്കാതെ ബുദ്ധിയിൽ ചില ആശയങ്ങൾ അറിഞ്ഞ് അംഗീകരിക്കുന്നതാണ് വിശ്വാസം എന്നു ചിന്തിക്കുന്നവരുടെ ഭോഷത്തം വ്യക്തമാക്കുകയാണ് യാക്കോബിന്റെ പ്രധാന ലക്ഷ്യം. യാക്കോബ് 2:13-ൽ അദ്ദേഹം ഇപ്രകാരം പറയുന്നു: “കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധിയുണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.” അതേ, ന്യായവിധിയിൽ നിന്നു നമ്മെ വിടുവിക്കുവാൻ കരുണയ്ക്കു കഴിവുണ്ട്.

യാക്കോബ് 2:14-ൽ അദ്ദേഹം ഇപ്രകാരം ചോദിക്കുന്നു: “സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടെന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്ത്? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?” “ഒരിക്കലുമില്ല” എന്നാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. നമ്മെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നവരോടു അവരുടെ ദ്രോഹപ്രവൃത്തികൾ ക്ഷമിക്കാനും കരുണയോടെ പെരുമാറുവാനും നമുക്കു കഴിവുണ്ടോ? ഇല്ലെങ്കിൽ ദൈവം നമ്മോട് എങ്ങനെയാണ് ക്ഷമ കാണിക്കുക? മറ്റുള്ളവരോടു നാം പെരുമാറുന്ന അതേ വിധത്തിൽ ദൈവം നമ്മോടും പെരുമാറും. നമ്മുടെ വീട്ടിലുള്ള ഭൃത്യന്മാരോടു നാം എപ്രകാരം പെരുമാറുന്നുവോ അപ്രകാരം തന്നെ ദൈവം നമ്മോടു പെരുമാറും എന്നു നാം അറിയുന്നുണ്ടോ? ഗിരിപ്രഭാഷണത്തിൽ മത്തായി 6:14,15 വാക്യങ്ങളിൽ കർത്താവ് ഇപ്രകാരം പറയുന്നു: “നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകൾ ക്ഷമിച്ചാൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടു ക്ഷമിക്കും; നിങ്ങൾ മനുഷ്യരോടു പിഴകൾ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” മറ്റുള്ളവരെ നാം വിധിക്കരുത്. അങ്ങനെയെങ്കിൽ ദൈവം നമ്മെയും വിധിക്കയില്ല. നാം ഏതുവിധം മറ്റുള്ളവരെ വിധിക്കുന്നുവോ അതേവിധത്തിൽ ദൈവം നമ്മെയും വിധിക്കും. ദൈവത്തികൽനിന്നു പാപക്ഷമ പ്രാപിക്കാത്ത ഒരു മനുഷ്യനും സ്വർഗ്ഗരാജ്യത്തിൽ കടക്കാൻ സാധ്യമല്ല എന്നു വ്യക്തമാണല്ലോ. നാം മറ്റുള്ളവരോടു ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ല എങ്കിൽ ദൈവം നമ്മുടെ പിഴകളെയും ക്ഷമിക്കുകയില്ല എന്നു തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നു. മറ്റുള്ളവരോടു നാം ക്ഷമിച്ചിരിക്കുന്നുവെന്നു വെറുതേ വാക്കുകൊണ്ടു പറഞ്ഞാൽ പോരാ. ഹൃദയത്തിന്റെ ആഴത്തിൽനിന്ന് അവരോട് അവരുടെ തെറ്റുകൾ നാം ക്ഷമിക്കണം. അപ്രകാരം ചെയ്യാത്ത ഒരു മനുഷ്യനും ദൈവത്തിന്റെ കരുണയ്ക്ക് പാത്രമായിത്തീരുകയുമില്ല, ദൈവസന്നിധിയിലേക്കു പ്രവേശിക്കുകയുമില്ല. ഈ കാര്യം പുതിയ നിയമത്തിൽ മാത്രമല്ല, പഴയനിയമത്തിലും നാം കാണുന്നുണ്ട്. സങ്കീർത്തനം 18:25,26 വാക്യങ്ങൾ നോക്കുക: “ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ, നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു. ഇതു ദൈവത്തിന്റെ സത്യവചനമാണ്. ഞാൻ മറ്റുള്ളവരോടു ദയാലുവായി വർത്തിക്കുന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ ദയയ്ക്കു ഞാൻ പാത്രമായിത്തീരുകയുള്ളു. അതിനാൽ മത്തായി 5:7-ൽ കാണുന്ന വാക്യം മാറ്റമില്ലാത്ത ദൈവികസത്യം തന്നെ. “കരുണയുള്ളവർ ഭാഗ്യവാന്മാരാണ്, അഥവാ അത്യന്തം സന്തുഷ്ടരാണ്. മറ്റുള്ളവർ നമ്മോടു ചെയ്ത ദോഷപ്രവൃത്തികളെപ്പറ്റി നാം വീണ്ടും വീണ്ടും ചിന്തു കൊണ്ടിരുന്നാൽ നാം അസ്വസ്ഥഹൃദയരായിത്തീരുകയായിരിക്കും അതിന്റെ ഫലം. നേരേമറിച്ച് നാം അവരോടു ദയ കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ഹൃദയത്തിനു സ്വസ്ഥതയും വിശ്രമവും ലഭിക്കുന്നു; നാം യഥാർത്ഥത്തിൽ സന്തുഷ്ടഹൃദയരായിത്തീരുന്നു. അപ്പോൾ ദൈവത്തിന്റെ കരുണയ്ക്ക് നാം പാത്രങ്ങളായിത്തീരുകയും ചെയ്യുന്നു.


6 ഹൃദയശുദ്ധി – ദൈവത്തെ കാണുവാനുള്ള യോഗ്യത

“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8).

ദൈവത്തെ കാണുക, ദൈവത്തിന്റെ കണ്മുമ്പിൽ ജീവിക്കുക, ദൈവത്തിന്റെ മഹത്വം ദർശിക്കുക, ദൈവസ്വഭാവത്തിന്റെ പങ്കാളിയായിത്തീരുക – ഇതാണ് ഒരു മനുഷ്യനു പ്രാപിക്കാവുന്നതിൽ ഏറ്റവും വലിയ പദവിയും സന്തുഷ്ടിയും. സൃഷ്ടിയായ മനുഷ്യന് തന്റെ സ്രഷ്ടാവിന് കാണാനും അവിടുത്തെ സന്നിധിയിൽ ജീവിക്കുവാനും അവിടുത്തെ മഹത്വത്തിൽ പങ്കാളിയായിത്തീരുവാനും സാധിക്കുന്നതാണ് ഏറ്റവും അഭികാമ്യമായ അവസ്ഥ. ഈ അവസ്ഥയിലേക്ക് കർത്താവായ യേശുക്രിസ്തു ഈ ഭാഗത്ത് നമ്മെ ക്ഷണിക്കുകയാണ്. ഈ അവസ്ഥയിലെത്തുവാൻ ഒരു വ്യവസ്ഥ നാം പാലിക്കേണ്ടതുണ്ട്. ഹൃദയവിശുദ്ധിയുള്ളവരായിത്തീരുക എന്നതാണ് ആ വ്യവസ്ഥ. ഭൂരിപക്ഷം ആളുകൾക്കും ഈ ഹൃദയവിശുദ്ധിയില്ലാത്തതിനാൽ അവർക്ക് ദൈവത്തെ കാണുവാനോ ഈ വലിയ സന്തോഷം പ്രാപിക്കുവാനോ സാധിക്കുന്നില്ല. ഹൃദയശുദ്ധിയുള്ളവരാകുക എന്നുവച്ചാൽ എന്താ ണതിന്റെ അർത്ഥം? എല്ലാ പാപങ്ങളിൽ നിന്നുമുള്ള ശുദ്ധീകരണം ഇതിലേക്കാവശ്യമാണ്. എങ്കിലും അതു കൊണ്ടുമാത്രം പൂർണ്ണവിശുദ്ധിയുള്ള ഒരു ഹൃദയം ഉണ്ടാകുന്നില്ല. പാപങ്ങളിൽ നിന്നുള്ള ശുദ്ധീകരണത്തെയും കവിഞ്ഞു നിൽക്കുന്ന ചില കാര്യങ്ങൾ കൂടി പൂർണ്ണമായ ഹൃദയവിശുദ്ധിക്ക് ആവശ്യമാണ്.

അപ്പോസ്തലപ്രവൃത്തികൾ 15:8,9 വാക്യങ്ങളിൽ പത്രോസ് കൊർന്നലോസിന്റെയും അയാളുടെ ഭവനത്തിലുള്ളവരുടെയും മാനസാന്തരത്തെപ്പറ്റി പറയുന്ന ഭാഗം നോക്കുക. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്ന് വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചുവെന്ന് ഈ ഭാഗത്തു നാം വായിക്കുന്നു. ദൈവം ഹൃദയങ്ങളെ അറിയുന്നവനാണ്. കൊർന്നലോസും അയാളുടെ ഭവനത്തിലുള്ളവരും മാനസാന്തരപ്പെട്ടു ക്രിസ്തുവിനെ കൈക്കൊള്ളുകയും പരിശുദ്ധാത്മദാനം പ്രാപിക്കുകയും ചെയ്തു. അപ്പോൾ ദൈവം അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചു. ദൈവം വിശുദ്ധിയുള്ള ഒരു ഹൃദയം അവർക്കു കൊടുത്തുവെന്ന് നമുക്കു പറയാം. വിശുദ്ധിയുള്ള ഹൃദയത്തിന്റെ ലക്ഷണം എന്താണ്? ബോധപൂർവ്വമായ ഒരു പാപവും – അതായത് അറിയപ്പെടുന്ന ഒരു പാപവും – നമ്മിൽ ഇല്ലാതിരിക്കുന്നത് ശുദ്ധിയുള്ള ഒരു ഹൃദയത്തിന്റെ ലക്ഷണമാണ്. എന്നാൽ അറിയപ്പെടാത്ത – അതായത് അബോധമണ്ഡലത്തിലുള്ള പാപങ്ങൾ പലപ്പോഴും നമ്മിലുണ്ടാവാം. അതുകൊണ്ടാണ് 1 യോഹന്നാൻ 1:8-ൽ “നമുക്കു പാപമില്ല എന്നു നാം പറയുന്നുവെങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതായി” എന്നു പറയുന്നത്. ഇപ്രകാരം അബോധപൂർവ്വമായ പാപം നമ്മെ അശുദ്ധരാക്കുന്നില്ല. നാം അറിയുന്ന എല്ലാ ജീവിതമണ്ഡലങ്ങളിലും നമ്മുടെ ഹിതത്തെ ദൈവഹിതത്തിനു കീഴ്പ്പെടുത്തണമെന്നാണ് ദൈവം നമ്മെപ്പറ്റി ആഗ്രഹിക്കുന്നത്.

1 കൊരിന്ത്യർ 4:4-ൽ “എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല” എന്നു പൗലോസ് പറയുന്നു. പൗലോസിന് ബോധപൂർവ്വമായയാതൊരു പാപവും തന്നിലുള്ളതായി അറിവുണ്ടായിരുന്നില്ല. എന്നാൽ അതുകൊണ്ടുമാത്രം താൻ നീതിമാനാകുന്നില്ല എന്ന് അദ്ദേഹം പറയുന്നു. കാരണം, “എന്നിൽ എന്നുവച്ചാൽ എന്റെ ജഡത്തിൽ യാതൊരു നന്മയും വസിക്കുന്നില്ല” എന്ന് അദ്ദേഹത്തിനറിയാം. എന്നാൽ അബോധമണ്ഡലത്തിലെ ഈ പാപസ്വഭാവം ഒരുവനെ അശുദ്ധനാക്കുന്നില്ല. തന്റെ ബോധപൂർവ്വമായ ജീവിതമണ്ഡലത്തിൽ മുഴുവനായി ദൈവഹിതത്തിനു സ്വയം കീഴ്പ്പെടുത്തിയ ഒരുവനായിരുന്നു പൗലോസ്.

എന്നാൽ ഹൃദയവിശുദ്ധിയുള്ളവനാകുവാൻ പാപത്തിൽനിന്നുള്ള ശുദ്ധീകരണത്തെക്കാൾ കൂടുതലായിച്ചിലതുകൂടി ആവശ്യമായിരിക്കുന്നു. ഞാൻ എന്റെ ഹൃദയത്തിൽ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ആഗ്രഹിക്കാത്ത ഒരവസ്ഥ കൂടി ഹൃദയവിശുദ്ധിക്ക് അനുപേക്ഷണീയമാണ്. എനിക്കു ജീവിതത്തിൽ ദൈവമല്ലാതെ മറ്റെന്തിനെയെങ്കിലും കുറിച്ച് ഒരു താൽപര്യം – അങ്ങനെയുള്ള ഒന്നിനോട് ഒരു മമതാബന്ധം – ഉണ്ടായെന്നു വരാം. അതു പാപകരമായ ഒരാഗ്രഹമായിരിക്കണമെന്നില്ല. എന്നാലും ഹൃദയവിശുദ്ധിക്ക് അതു തടസ്സമായിത്തീരാം. ഉദാഹരണമായി അബ്രാഹാമിനെ നോക്കുക. യിസഹാക്ക് ജനിച്ചതിനു ശേഷമുള്ള കാലഘട്ടത്തിൽ ഒരു പക്ഷേ യിസഹാക്കിനോടു പ്രത്യേകിച്ചൊരു മമതാബന്ധം അബ്രാഹാമിനുണ്ടായിരുന്നു. ഇതിൽ പാപകരമായി എന്താണുള്ളത്? ഒരാൾ തന്റെ മകനെയോ മകളെയോ സഹോദരനെയോ സഹോദരിയെയോ മറ്റാരെയെങ്കിലുമോ സ്നേഹിക്കുന്നതിൽ, അഥവാ അപ്രകാരമൊരാളിനോടോ വസ്തുവിനോടോ പ്രത്യേകിച്ചൊരു മമതാബന്ധം ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്? തെറ്റല്ലെങ്കിൽത്തന്നെയും ജീവിതത്തിൽ സകലത്തിന്റെയും കേന്ദ്രമായി ദൈവത്തെ കരുതുന്ന അവസ്ഥയിൽനിന്ന് അതു നമ്മെ വ്യതിചലിപ്പിക്കുന്നു. അതുകൊണ്ടാണ് യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം അബ്രാഹാമിനോടാവശ്യപ്പെടുന്നത്. അബ്രാഹാം തന്റെ മകനെ കൊന്നുകളയണം എന്നു ദൈവം കൽപിക്കുന്നില്ല. എങ്കിലും അവനെ യാഗപീഠത്തിന്മേൽ വയ്ക്കേണ്ടത് ആവശ്യമായിരുന്നു. അപ്രകാരം അബ്രാഹാം ചെയ്തതിന്റെ ശേഷം പിന്നീടൊരിക്കലും യിസ്ഹാക്കിനെ തന്റെ സ്വന്തപുത്രനായി മാത്രം പരിഗണിച്ചിരുന്നില്ല. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവം തന്നെ സകലത്തിന്റെയും കേന്ദ്രമായിത്തീർന്നതായി നാം കാണുന്നു. ഇതാണ് ശുദ്ധമായ ഒരു ഹൃദയത്തിന്റെ ലക്ഷണം. നമ്മുടെ ഹൃദയത്തിൽ ദൈവത്തിനല്ലാതെ മറ്റൊന്നിനും സ്ഥാനം കൊടുക്കാതെയിരിക്കുക, നിയമാനുസൃതമായ മമതാബന്ധങ്ങളിൽ നിന്നു പോലും സ്വതന്ത്രരായി ദൈവത്തെ മാത്രം ജീവിതത്തിന്റെ കേന്ദ്രമായിക്കരു തുക – ഇതാണ് വിശുദ്ധിയുള്ള ഒരു ഹൃദയത്തിന്റെ ലക്ഷണം.

ലൂക്കോസ് 14-ലെ 28 മുതലുള്ള വാക്യങ്ങളിൽ ശിഷ്യത്വത്തിന്റെ വ്യവസ്ഥകളെപ്പറ്റി കർത്താവു സംസാരിക്കുന്ന ഭാഗത്ത് ഇപ്രകാരം നിയമാനുസൃതം തന്നെയായ കാര്യങ്ങളെപ്പോലും ത്യജിക്കേണ്ടത് ആവശ്യമാണെന്ന് അവിടുന്നു വ്യക്തമാക്കുന്നു. 28-ാം വാക്യത്തിൽ കർത്താവു പറയുന്നതിന്റെ താൽപര്യം ഇതാണ്. നിങ്ങൾ ക്രിസ്തുവിന്റെ ശിഷ്യനായിത്തീരുവാനാഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ഇരുന്ന് അതിനു കൊടുക്കേണ്ട വിലയെന്തെന്നു കണക്കു കൂട്ടുകയും അതു കൊടുക്കുവാൻ നിങ്ങൾ സന്നദ്ധനോ എന്നു പരിശോധിക്കുകയും ചെയ്യുക. മുന്നോട്ടു ചാടി പെട്ടെന്നൊരു തീരുമാനം ചെയ്യാനോ കൈയുയർത്താനോ ബദ്ധപ്പെടേണ്ടാ. 33-ാം വാക്യത്തിൽ ആ വിലയെന്തെന്ന് കർത്താവു പ്രസ്താവിക്കുന്നു. നോക്കുക: “അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല.” ഇവിടെ പാപങ്ങളെ വിട്ടുകളയുന്നതിനെപ്പറ്റിയല്ല കർത്താവു സംസാരിക്കുന്നത്, പിന്നെയോ തനിക്കുള്ളതൊക്കെയും, എന്നുവച്ചാൽ ലോകത്തിൽ തന്റെ സമ്പത്തായിക്കരുതുന്നതൊക്കെയും വിട്ടുകളയുന്നതിനെപ്പറ്റിയാണ്. നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവം അല്ലാതെയുള്ള എല്ലാറ്റിനെയും വിട്ടുകളയുക. അഥവാ ദൈവത്തെ മാത്രമല്ലാതെ മറ്റൊന്നിനെയും ആഗ്രഹിക്കാതെയിരിക്കുക. അപ്രകാരം ചെയ്യുന്നവർക്കു മാത്രമേ ക്രിസ്തുവിന്റെ ശിഷ്യന്മാരായിത്തീരുവാൻ സാധിക്കുകയുള്ളു. നമ്മുടെ ഏതെങ്കിലും സാമ്പാദ്യത്തോടോ വീട്, വസ്തുവക, ജോലി, ഭാര്യ, മക്കൾ എന്നിങ്ങനെ എന്തിനോടെങ്കിലുമോ ഉള്ള ഒരു മമതാബന്ധം നമുക്കുണ്ടെങ്കിൽ അതു തികച്ചും നിയമാനുസൃതമായിരിക്കാം. എന്നാൽ തന്നെയും ദൈവഹിതത്തിനു പൂർണ്ണമായി കീഴ്പ്പെട്ടിരിക്കുന്ന കാര്യത്തിൽ അതു നമുക്കൊരു തടസ്സമായിരിക്കും. ഒരു ശിഷ്യനായിത്തീരുന്നതിൽ നിങ്ങൾക്ക് അതൊരു തടങ്കൽപ്പാറയായി ഭവിക്കും. അതിനാൽ ദൈവത്തിനു മാത്രം നിങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നൽകുക. മറ്റെല്ലാറ്റിനെയും ഹൃദയത്തിൽ നിന്നു നീക്കിക്കളയുക. അപ്രകാരം ചെയ്യുന്ന ഒരു മനുഷ്യൻ യഥാർത്ഥത്തിൽ തികച്ചും സന്തുഷ്ടനായിരിക്കും.

അതിനാൽ നിങ്ങളുടെ എല്ലാ സന്തോഷവും സംതൃപ്തിയും ദൈവത്തിൽ മാത്രമാണോ എന്നു പരിശോധിക്കുക. നിങ്ങളുടെ ജോലി, ശമ്പളം, വസ്തുവകകൾ, മക്കൾ എന്നിങ്ങനെ ഏതെങ്കിലുമൊന്നിനെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ ഒരു ദിവസം അതു നഷ്ടപ്പെടുമ്പോൾ അഥവാ അതിന് എന്തെങ്കിലും തകരാറു സംഭവിക്കുമ്പോൾ നിങ്ങളുടെ സന്തോഷവും നഷ്ടപ്പെടും; നിങ്ങൾ അസന്തുഷ്ടനായിത്തീരും. എന്നാൽ നിങ്ങൾ ദൈവത്തെ മാത്രമാണ് സ്നേഹിക്കുന്നതെങ്കിൽ നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളകയില്ല എന്നു കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്. ഇതെങ്ങനെ സാധ്യമാകും? ആരും എടുത്തുകളയാത്ത സന്തോഷം എപ്രകാരം സ്വായത്തമാക്കുവാൻ കഴിയും? നമ്മുടെ സന്തോഷം ദൈവത്തിൽ മാത്രമാണെങ്കിലേ ഇതു സാധിക്കൂ.

നമ്മുടെ സാഹചര്യങ്ങളെയോ സമ്പത്തുകളെയോ ആത്മീയമായ അനുഗ്രഹങ്ങളെപ്പോലുമോ ആശ്രയിച്ചിരിക്കുന്നതാകരുത് നമ്മുടെ സന്തോഷം. റോമർ 5:11-ൽ “നാം ദൈവത്തിൽ പ്രശംസിക്കുന്നു” എന്നു നാം വായിക്കുന്നു. “നാം ദൈവത്തിൽ ആനന്ദിക്കുന്നു” എന്നാണ് പുതിയ പല തർജ്ജമകളിലും കാണുന്നത്. റോമർ 5:2-ൽ “നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നുവെന്നും പറയുന്നുവെങ്കിലും അതിനുശേഷം 11-ാം വാക്യത്തിൽ എല്ലാറ്റിനുമുപരിയായി നാം ദൈവത്തിൽ പ്രശംസിക്കുന്നു അഥവാ ദൈവത്തിൽ ആനന്ദിക്കുന്നുവെന്ന് പൗലോസ് പറയുന്നു. അങ്ങനെയെങ്കിൽ നമ്മുടെ സന്തോഷം എടുത്തുകളയുവാൻ ആർക്കും സാധ്യമല്ല. എപ്പോഴെങ്കിലും നമ്മുടെ സന്തോഷം നഷ്ടമാകുമ്പോൾ ദൈവത്തിനല്ലാതെ മറ്റെന്തിനെങ്കിലും നമ്മുടെ ഹൃദയത്തിൽ സ്ഥാനം കൊടുത്തതല്ലേ അതിന്റെ കാരണം എന്നു നാം നമ്മെത്തന്നെ പരിശോധിക്കേണ്ടതാവശ്യമാണ്. ദൈവമുമ്പാകെ നമുക്ക് ഇപ്രകാരം നിലവിളിക്കാം: “കർത്താവേ, നിന്നെ മാത്രം ഞാൻ ആഗ്രഹിക്കുന്നു. എനിക്കു നീ മാത്രം മതി. മറ്റെല്ലാം ഞാൻ ഉപേക്ഷിക്കുന്നു. അപ്പനോ അമ്മയ്ക്കോ സഹോദരനോ ഭാര്യയ്ക്കോ മക്കൾക്കോ ഒന്നിനും തന്നെ എന്റെ ഹൃദയത്തിൽ ഇനി സ്ഥാനമില്ല. അതെല്ലാം ഞാൻ ഉപേക്ഷിക്കുന്നു. ഇപ്രകാരമൊരവസ്ഥയിലെത്താൻ നമുക്കു സാധിച്ചാൽ മത്തായി 5:8-ൽ പറയുന്ന വിധത്തിൽ നാം ഹൃദയശുദ്ധിയുള്ളവരാണ്. അപ്പോൾ നാം ദൈവത്തെ കാണും. ആരും എടുത്തുകളയാത്ത യഥാർത്ഥമായ സന്തോഷത്തിന് അപ്പോൾ നാം അവകാശികളായിത്തീരുകയും ചെയ്യും.

7 സമാധാനം ഉണ്ടാക്കുന്നവർ


“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും” (മത്തായി 5:9).

ഇവിടെ നാം കാണുന്നത് ദൈവപുത്രന്മാരുടെ ഒരു നിർവചനം ആണെന്നു പറയാം. അവർ സമാധാനം ഉണ്ടാക്കുന്നവരായിരിക്കും. ഇതു വളരെ പ്രധാനമായ ഒരു കാര്യമാണ്. ദൈവപുത്രന്മാരെന്ന നിലയിൽ സമാധാനത്തിൽ ജീവിക്കുവാനും നാം എവിടെയായിരിക്കുന്നുവോ അവിടെയൊക്കെയും സമാധാനം ഉണ്ടാക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. റോമർ 12:18-ൽ “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്നു പൗലോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. പുതിയനിയമത്തിൽ പല ഭാഗത്തും ദൈവത്തെ സമാധാനത്തിന്റെ ദൈവം എന്നു വിളിച്ചിട്ടുണ്ട്. ആ ദൈവത്തിന്റെ പുത്രന്മാരെന്ന നിലയിൽ ദൈവത്തിന്റെ അതേ സ്വഭാവം പ്രതിഫലിപ്പിക്കുവാൻ നാം ബാധ്യസ്ഥരാണ്. 2 തിമോഥിയോസ് 2:22-ൽ “നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്കുവാൻ ഉള്ള പ്രബോധനം നാം കാണുന്നു. അതേ അധ്യായത്തിലെ 24-ാം വാക്യത്തിൽ “കർത്താവിന്റെ ദാസൻ ശണ്ഠയിടാതെ എല്ലാവരോടും ശാന്തനായി ജീവിക്കണമെന്ന ഉപദേശവും കാണപ്പെടുന്നു. നമ്മുടെ ശാന്തസ്വഭാവത്താൽ കലഹത്തെ ശമിപ്പിക്കുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്.

സുവിശേഷം സമാധാനത്തിന്റെ സുവിശേഷമാണ്. ആ സുവിശേഷം കൈക്കൊണ്ട് അതിനെ പ്രചരിപ്പിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നാം നമ്മുടെ ജീവിതരംഗങ്ങളിലെല്ലാം സമാധാനം വിതയ്ക്കുന്നവരായിരുന്നേ മതിയാവൂ. അതിനാൽ എല്ലാ ശണ്ഠയിൽ നിന്നും കലഹങ്ങളിൽ നിന്നും നാം പിൻവാങ്ങണം. കലഹമുണ്ടാക്കുന്ന എല്ലാ മനുഷ്യരും പിശാചിന്റെ കെണിയിൽ കുടുങ്ങിയവരാണ്. അതിനാൽ നാമുൾപ്പെട്ട ഒരു സഭയിലോ കൂട്ടായ്മയിലോ ഒരു കലഹമുണ്ടാകുന്ന പക്ഷം ആദ്യമായി നമ്മെത്തന്നെ വിനയപ്പെടുത്തുന്നതിലൂടെ ആ കലഹത്തിനു ശമനം വരുത്തുകയാണ് നമ്മുടെ കർത്തവ്യം. ആര് അപ്രകാരം സ്വയം വിനയപ്പെടുത്തുമോ അവനാണ് യഥാർത്ഥത്തിൽ ജ്ഞാനിയായ മനുഷ്യർ. കൊലോസ്യർ 3:15 നോക്കുക: “ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്. എന്തു വില കൊടുത്തും സമാധാനം ഉണ്ടാക്കുവാനും സമാധാനത്തിൽ ജീവിക്കുവാനുമാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്.

കലഹശീലരായ ആളുകൾ എത്ര അസ്വസ്ഥരാണെന്നു ചിന്തിക്കുക. അങ്ങനെയുള്ളവർക്കു ശുദ്ധീകരണം പ്രാപിക്കുവാനോ കർത്താവിനെ കാണുവാനോ സാധിക്കയില്ലെന്നാണ് എബ്രായർ 12:14 നമ്മെ പഠിപ്പിക്കുന്നത്. സമാധാനവും ശുദ്ധീകരണവും വളരെ ഗാഢമായി അന്യോന്യം ബന്ധപ്പെട്ടവയാണെന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. സമാധാനത്തിൽ ജീവിക്കുന്നില്ലെങ്കിൽ അതു നമ്മുടെ ശുദ്ധീകരണത്തിന് ഒരു തടസ്സമായിത്തീരും. റോമർ 16:20-ൽ “സമാധാനത്തിന്റെ ദൈവം വേഗത്തിൽ സാത്താനെ നമ്മുടെ കാൽക്കീഴെ ചതച്ചുകളയും” എന്ന വാഗ്ദാനം നാം കാണുന്നു. അതുപോലെ 1 തെസ്സലോനീക്യർ 5:23-ൽ “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” എന്നു നാം വായിക്കുന്നു. അതിനാൽ നാം സ്വയം സമാധാനം അനുഭവിക്കുന്നവരും മറ്റുള്ളവർക്കു സമാധാനം നൽകുന്നവരുമായിത്തീരണം. അപ്പോൾ മാത്രമാണ് നാം യഥാർത്ഥത്തിൽ ദൈവപുത്രന്മാരെന്ന പേരിന് അർഹരായിത്തീരുന്നത്.


8 നീതി നിമിത്തമുള്ള ഉപദ്രവം


“നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്” (മത്തായി 5:10).

ഈ അധ്യായത്തിലെ മൂന്നാം വാക്യത്തിൽ ആത്മാവിൽ ദിരിദ്രരായവർക്കുള്ളതാണ് സ്വർഗ്ഗരാജ്യം എന്നു നാം വായിക്കുന്നു. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർക്കുള്ളതാണ് സ്വർഗ്ഗരാജ്യമെന്ന് ഈ 10-ാം വാക്യത്തിലും കാണുന്നു. ഈ രണ്ടു കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. ആത്മാവിൽ ദരിദ്രതയുള്ളവർ നീതിക്കായി വിശന്നു ദാഹിക്കുകയും അപ്പോൾ ദൈവം അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ജീവിതം ദൈവത്തിന്റെ നീതികൊണ്ടു നിറഞ്ഞതായിത്തീരുമ്പോൾ ഈ ലോകത്തിൽ അവരുടെ ജീവിതം എളുപ്പമായിത്തീരുകയല്ല ചെയ്യുന്നത്. നേരേ മറിച്ച് അനീതിയും അധർമ്മവും നിറഞ്ഞ ലോകത്തിൽ തങ്ങളുടെ നീതി നിമിത്തം അവർ പീഡിപ്പിക്കപ്പെടുവാൻ ഇടയാകുന്നു. “ദൈവഭക്തിയോടെ ജീവിച്ച് ക്രിസ്തു യേശുവിനെ പ്രസാദിപ്പിക്കുവാൻ തീരുമാനിക്കുന്നവർക്കൊക്കെ അവിടുത്തെ പകയ്ക്കുന്നവരിൽ നിന്ന് ഉപദ്രവം നേരിടും” (2 തിമൊഥെയോസ് 3:12, ദിവ്യസന്ദേശം.)

ഈ ലോകത്തിന്റെ നീതിയും യേശുക്രിസ്തുവിലുള്ള നീതിയും വ്യത്യസ്തവർഗ്ഗങ്ങളിൽപ്പെട്ടവയാണ്. വെളിച്ചം കടന്നുചെല്ലുന്ന സ്ഥാനങ്ങളിൽ അത് ഇരുട്ടിനെയും മാലിന്യങ്ങളെയും വെളിപ്പെടുത്തുന്നതുപോലെ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിസ്വഭാവം അനീതിയെ വെളിച്ചത്തു കൊണ്ടു വരുവാൻ ഇടയാക്കും. ഈ കാരണത്താലാണ് യേശുക്രിസ്തു മതഭക്തരായ യഹൂദന്മാരുടെയും പരീശന്മാരുടെയും വിദ്വേഷത്തിനു പാത്രമായിത്തീർന്നത് യോഹന്നാൻ 7:7-ൽ യേശുക്രിസ്തു യഹൂദന്മാരോടു പറഞ്ഞ കാര്യം ശ്രദ്ധിക്കുക: “നിങ്ങളെ പകയ്ക്കുവാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവയെന്ന് ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട് അത് (ലോകം) എന്നെ പകയ്ക്കുന്നു. കർത്താവ് തന്റെ ശിഷ്യന്മാരോടു സംസാരിക്കുമ്പോൾ യോഹന്നാൻ 15:18-20 വാക്യഭാഗത്ത് “അവർ എന്നെ ഉപദ്രവിച്ചുവെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും എന്നു പ്രസ്താവിക്കുന്നു. മറ്റൊരു സന്ദർഭത്തിലും “എന്റെ നാമം നിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും” എന്നു കർത്താവു പറയുന്നുണ്ട്. (മത്തായി 24:9). ഈ വിധത്തിൽ നീതിക്കുവേണ്ടി പകയ്ക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്യുമ്പോൾ നാം യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്; അപ്പോൾ സ്വർഗ്ഗരാജ്യം നമ്മുടേതായിത്തീരുന്നു.

9 പീഡിതർക്കു സ്വർഗ്ഗത്തിലുള്ള പ്രതിഫലം


“എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ. നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ” (മത്തായി 5:11, 12).

ഗിരിപ്രഭാഷണത്തിലെ ആദ്യഭാഗമായ ഭാഗ്യവർണ്ണനം (beatitudes) ഈ വാക്യങ്ങളോടുകൂടിയാണ് അവസാനിക്കുന്നത്. ഗിരിപ്രഭാഷണഭാഗത്ത് ഒന്നാകെ കർത്താവു നമുക്കു കാണിച്ചു തരുന്നത് ഒരു പുതിയ ജീവിതമാർഗ്ഗമാണ്. ലോകത്തിന്റെ ജീവിതമാർഗ്ഗത്തിൽനിന്നു തികച്ചും വിഭിന്നവും അതിനു കടകവിരുദ്ധവുമായ ഒരു ജീവിത മാർഗ്ഗമാണത്. ഉദാഹരണമായി നമ്മുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതാണ് ലോകത്തിന്റെ വഴിയെങ്കിൽ നമ്മുടെ കഴിവില്ലായ്മയെ കണ്ടുകൊണ്ട് ദൈവത്തിൽ പരിപൂർണ്ണാശ്രയം വയ്ക്കുവാനാണ് കർത്താവു കൽപിക്കുന്നത്. ലോകം നമ്മെ ഉപദേശിക്കുന്നത് നർമ്മബോധത്തോടും ലഘുചിത്തതയോടും പുഞ്ചിരിയോടും കൂടെ ജീവിതത്തെ നേരിടുവാനാണെങ്കിൽ കർത്താവും നമ്മോടു പദേശിക്കുന്നത് നമ്മുടെ പാപസ്വഭാവമോർത്ത് കരയുവാനാണ്. ലോകം ഉന്നതചിന്തകളിൽ സന്തോഷിക്കുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ ഈ മാർഗ്ഗം സൗമ്യതയിലും താഴ്മയിലും ജീവിക്കുകയാണ്. ലോകം സ്വന്തം നീതികൊണ്ടു ചരിതാർത്ഥരാകുമ്പോൾ ക്രിസ്തു ആവശ്യപ്പെടുന്നത് ദൈവത്തിന്റെ നീതിക്കായി വിശന്നും ദാഹിച്ചും കൊണ്ടിരിക്കുവാനാണ്. കഠിനമനോഭാവം കലർന്ന ദൃഢ ചിത്തതയെ ലോകം കൊണ്ടാടുമ്പോൾ മൃദുവായ ഹൃദയത്തോടും ആർദ്ര കരുണയോടും കൂടി ജീവിക്കുവാനാണ് കർത്താവു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഭൗതിക വസ്തുക്കൾക്കായുള്ള മോഹം കൊണ്ടുനിറഞ്ഞ ഹൃദയവും ഭൗതികമായ ഉയർച്ചയ്ക്കുള്ള ആഗ്രഹവുമാണ് ലോകത്തിന്റെ മാർഗ്ഗമെങ്കിൽ ശുദ്ധഹൃദയത്തോടെ ദൈവദർശനം പ്രാപിക്കുന്നതാണ് സ്വർഗ്ഗരാജ്യത്തിന്റെ മാർഗ്ഗം. സ്വന്തം അവകാശങ്ങൾക്കുവേണ്ടി പോരാടുകയും കലഹിക്കുകയും ചെയ്യുന്നതിനു പകരം ശണ്ഠയില്ലാതെ സകലരോടും സമാധാനം ആചരിക്കുന്നതാണ് ക്രിസ്ത്യാനിയുടെ മാർഗ്ഗം.

അതിനാൽ ഈ നിലവാരമനുസരിച്ചു ജീവിക്കുമ്പോൾ ലോകത്തിന്റെ മനോഭാവവുമായും ആ മനോഭാവമുള്ള മനുഷ്യരുമായും യോജിച്ചുപോകുവാൻ നമുക്കു സാധ്യമല്ലാതെ വരും. ഇത് ലോകത്തിന്റെ മനോഭാവവുമായുള്ള ഒരു രൂക്ഷസംഘട്ടനത്തിലേക്കു തന്നെ നമ്മെ നയിക്കും. അങ്ങനെയാണ് നീതി നിമിത്തം ഉപദ്രവം സഹിക്കേണ്ടിവരുന്ന ഒരനുഭവം നമുക്കുണ്ടാകുന്നത്. ശിഷ്യത്വത്തിനു നാം കൊടുക്കേണ്ടിവരുന്ന വലിയ വിലയാണ് ഇവിടെ നാം കാണുന്നത്. നാം യേശുവിന്റെ ശിഷ്യന്മാരാണെന്നു ധീരതയോടെ പ്രഖ്യാപിക്കുകയും യേശു സഞ്ചരിച്ച അതേ വഴിയിൽക്കൂടെത്തന്നെ അവിടുത്തെ അനുഗമിക്കുകയും ചെയ്യുമെങ്കിൽ തീർച്ചയായും ഉപദ്രവവും പീഡനവും സഹിക്കേണ്ടി വരും. പക്ഷേ അതുകൊണ്ടു നാം വിഷാദിക്കേണ്ട കാര്യമില്ല; നേരേമറിച്ച് സന്തുഷ്ടടമനസ്കരായി ആ എതിർപ്പിനെ അഭിമുഖീകരിക്കുകയാണ് നാം ചെയ്യേണ്ടത്. ശിഷ്യൻ ഗുരുവിനെക്കാൾ മീതെയല്ല എന്നു കർത്താവു തന്നെ പറഞ്ഞിട്ടുണ്ട്. കർത്താവിനെ ലോകം പീഡിപ്പിച്ചുവെങ്കിൽ നമ്മെയും പീഡിപ്പിക്കും. അപ്രകാരം പീഡനവും ഉപദ്രവവും സഹിക്കേണ്ടിവരുമ്പോൾ നമുക്ക് സന്തോഷിക്കുകയും നൃത്തം ചെയ്കയും ചെയ്യാം. നേരേ മറിച്ച് ഇത്തരം സന്ദർഭങ്ങളിൽ നാം മ്ലാനചിന്തരാകുന്നുവെങ്കിൽ നാം ലോകത്തിന്റെ ബഹുമാനം അന്വേഷിക്കുന്നുവെന്നാണ് അതു കാണിക്കുന്നത്. യേശു പീഡനവും കുരിശു മരണവും നേരിടേണ്ടിവന്നപ്പോൾ ഒരിക്കലും വിഷാദചിത്തനായിത്തീർന്നില്ല. കാരണം, പിതാവിന്റെ ഹിതം അനുസരിക്കുകയും പിതാവിനെ പ്രസാദിപ്പിക്കുകയും ചെയ്യുക എന്നതു മാത്രമായിരുന്നു അവിടുത്തെ ലക്ഷ്യം.

1 തെസ്സലോനിക്യർ 2:14, 15 വാക്യങ്ങളിൽ പൗലോസ് യഹൂദന്മാരെപ്പറ്റി “അവർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും…. ജാതികൾ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നുവെന്നു പ്രസ്താവിക്കുന്നു. അന്നത്തെ ഏറ്റവും വലിയ മതഭക്തരായ ആളുകളായിരുന്നു യഹൂദർ. അതുപോലെ ഇന്നും യഥാർത്ഥ ക്രിസ്തുശിഷ്യന്മാരെ പീഡിപ്പിക്കുന്നത് അഭക്തരായ ലൗകിക മനുഷ്യരല്ല, മറിച്ച് സുവിശേഷവിഹിതവിശ്വാസികളെന്നറിയപ്പെടുന്നവരും ബൈബിൾ കൈയിലേന്തി നടക്കുന്നവരുമായ മതഭക്തന്മാരാണ്. യോഹന്നാൻ 16:2-ൽ കർത്താവ് തന്റെ ശിഷ്യന്മാരോട് “നിങ്ങളെ കൊല്ലുന്നവർ ദൈവത്തിനു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു” എന്നു പ്രസ്താവിച്ചിരിക്കുന്നു. ഇതോടനു ബന്ധിച്ച് ലൂക്കോസ് 6-ലെ 26-ാം വാക്യം കൂടി നമുക്കു നോക്കാം. സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ! കഷ്ടം! അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെതന്നെ ചെയ്തുവല്ലോ. ഇപ്രകാരം മനുഷ്യരെ പ്രസാദിപ്പിക്കുന്ന കള്ളപ്രവാചകന്മാരായിരിപ്പാനല്ല, നേരേമറിച്ച് നീതിക്കുവേണ്ടി കഷ്ടതയും ഉപദ്രവവും സഹിക്കുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്.

ദൈവത്തിന്റെ സത്യം ധീരതയോടെ പ്രഖ്യാപിച്ച യിരെമ്യാവിനെ ജനങ്ങൾ ഒരു കുഴിയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിക്കുകയും പല വിധത്തിൽ പീഡിപ്പിക്കുകയും ചെയ്തു. അതേ കാരണത്താൽ സ്തേഫാനോസിനെ യഹൂദന്മാർ കല്ലെറിഞ്ഞു കൊന്നു. സത്യത്തിനും നീതിക്കും വേണ്ടി അത്തരമൊരു സാഹചര്യത്തെ നാം നേരിടേണ്ടിവരുന്ന പക്ഷം ഒരിക്കലും നാം വിഷാദിക്കേണ്ടതില്ല. നമുക്ക് അപ്പോൾ യഥാർത്ഥത്തിൽ സന്തോഷിക്കാൻ അവകാശമുണ്ട്. അതിനാൽ നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ അസൂയാർഹമായ വിധം സന്തുഷ്ടരാണ്. എന്തെന്നാൽ സ്വർഗ്ഗരാജ്യത്തിൽ അവരുടെ പ്രതിഫലം ഏറ്റവും വലുതാണ്.

ഭാഗം രണ്ട്
ദൈവനീതിയും ദൈവസ്നേഹവും


1 ഭൂമിയുടെ ഉപ്പ് – ലോകത്തിന്റെ വെളിച്ചം (മത്തായി 5:13-16)


“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പു കാരമില്ലാതെ പോയാൽ അതിന്ന് എന്തൊന്നു കൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല” മത്തായി 5:13).

ഈ വാക്യത്തിനു തൊട്ടു മുമ്പുള്ള 12 വാക്യങ്ങൾ ഭാഗ്യവർണ്ണനം (beatitudes) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗിരപ്രഭാഷണത്തിലൂടെ കർത്താവു പറയാനുദ്ദേശിച്ച എല്ലാ കാര്യങ്ങളുടെയും ഒരു മുഖവുരയായിട്ടാണ് ആ ഭാഗത്തെ കരുതേണ്ടത്. ആത്മാവിൽ ദരിദ്രതയുള്ളവരും തങ്ങളുടെ പാപസ്വഭാവത്തെപ്പറ്റി വിലപിക്കുന്നവരും സൗമ്യതയുള്ളവരും നീതിക്കു വേണ്ടി വിശന്നുദാഹിക്കുന്നവരും കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവരും എത ഭാഗ്യവാന്മാരെന്ന് ഈ ഭാഗത്തു കർത്താവു പ്രസ്താവിക്കുന്നു. അതുകഴിഞ്ഞ് തൊട്ടുപിന്നാലെ അവിടുന്നു പറയുന്നത് “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പ് കാരം (ഉപ്പുരസം) ഇല്ലാതായിത്തീർന്നാൽ അതിന്ന് എന്തൊന്നുകൊണ്ടു രസം വരുത്താം?” എന്നാണ്. ഭാഗ്യവർണ്ണനത്തിൽ കർത്താവ് എടുത്തുകാണിച്ച സ്വഭാവവിശേഷങ്ങളെല്ലാം തന്നെ പിന്തുടരുന്ന തന്റെ ശിഷ്യന്മാർക്കുണ്ടായിരിക്കേണ്ട സ്വഭാവഘടകങ്ങളാണ്. ശിഷ്യന്മാരല്ലാത്ത ലൗകികജനങ്ങളുടെ സ്വഭാവഘടകങ്ങൾക്കു കടകവിരുദ്ധമായിട്ടുള്ളവയാണ് ഈ സ്വഭാവ വിശേഷങ്ങൾ. ഈ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നുവെന്നും ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപ്പെട്ടാൽ പിന്നെ എന്തൊന്നു കൊണ്ട് അതിനു രസം വരുത്താമെന്നുമുള്ള പ്രസ്താവനയുടെ പ്രസക്തി നമുക്കു മനസ്സിലാക്കുവാൻ കഴിയും. കർത്താവു പറയുന്ന കാര്യം ഇതാണ്. ഭൂമിയുടെ ഉപ്പായിരിക്കണമെങ്കിൽ മേൽ വിവരിച്ച സ്വഭാവ ഘടകങ്ങൾ നിങ്ങൾക്കുണ്ടായിരിക്കണം. അവ നിങ്ങളിൽ കാണുന്നില്ലെങ്കിൽ നിങ്ങൾ ലോകത്തിലുള്ള മറ്റു ജനങ്ങളിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്തവരാണ്. നിങ്ങളുടെ ഉപ്പുരസം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇനി പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുന്നവരല്ല നിങ്ങൾ.

ഒരു പക്ഷേ, നിങ്ങൾക്കിപ്പോഴും മനുഷ്യരുടെ ദൃഷ്ടിയിൽ ക്രിസ്ത്യാനിയെന്നുള്ള ഒരു പേരുണ്ടായിരിക്കാം. നിങ്ങൾ ഏതെങ്കിലുമൊരു സഭയിലെ അംഗമായിരിക്കാം. ഒരുവേള നിങ്ങൾ പൂർണ്ണസമയസുവിശേഷവേല ചെയ്യുന്നവനാണെന്നും വരാം. എന്നിരുന്നാലും ഇവിടെപ്പറഞ്ഞ സ്വഭാവഘടകങ്ങൾ നിങ്ങളിൽക്കാണുന്നില്ലെങ്കിൽ നിങ്ങൾ പേരുകൊണ്ടുമാത്രം ഭൂമിയുടെ ഉപ്പായിരിക്കുന്നു. അതേ സമയം നിങ്ങളുടെ ഉപ്പുരസം നഷ്ടപ്പെട്ടുപോയിട്ട് ഇനി ഒന്നിനും കൊള്ളാത്ത ഒരവസ്ഥയിൽ നിങ്ങൾ എത്തിച്ചേർന്നിരിക്കുന്നു.

ഒന്നിനും കൊള്ളാത്തവൻ എന്നൊരു ലേബൽ കർത്താവ് ആർക്കെങ്കിലും നൽകുന്നപക്ഷം അത് എത്ര ദുഃഖകരമായ ഒരു സ്ഥിതിവിശേഷമായിരിക്കും! സുവിശേഷ പ്രവർത്തനങ്ങളിൽ നിങ്ങൾ എത്രമേൽ തീക്ഷ്ണതയുള്ളവനായിരുന്നാലും ലഘുലേഖകളും സുവിശേഷ പ്രതികളും നിങ്ങൾ വിതരണം ചെയ്താലും മറ്റേതെല്ലാം സേവനങ്ങളിൽ നിങ്ങൾ ഏർപ്പെടുന്നുണ്ടെന്നു വന്നാലും ക്രിസ്തുശിഷ്യന്മാരുടെ മുഖമുദ്രകളായ മേൽപറഞ്ഞ സ്വഭാവവി ശേഷങ്ങൾ നിങ്ങളിൽ കാണുന്നില്ലെങ്കിൽ കർത്താവായ യേശുക്രിസ്തു നിങ്ങളുടെമേൽ “ഒന്നിനും കൊള്ളാത്തവൻ’ എന്നൊരു ലേബൽ പതിച്ചിരിക്കുന്നുവെന്നത് സ്പഷ്ടം തന്നെ. എന്തൊക്കെയാണ് ആ സ്വഭാവങ്ങൾ എന്നു വീണ്ടും ശ്രദ്ധിക്കുക. നിങ്ങളുടെ ആധ്യാത്മികമായ ദരിദ്രതയെക്കുറിച്ച് നിങ്ങൾക്കു ബോധമുണ്ടാകണം. ക്രിസ്തുവിന്റെ സ്വഭാവം നിങ്ങളിൽ കുറവായിരിക്കുന്നതോർത്ത് നിങ്ങൾ വിലപിക്കണം. വിനയവും സൗമ്യതയുള്ളവരായി നിങ്ങൾ തീരണം. ദൈവത്തിന്റെ നീതിനിറഞ്ഞ സ്വഭാവത്തിനുവേണ്ടി നിങ്ങൾ വിശക്കുകയും ദാഹിക്കുകയും ചെയ്യണം. കരുണാർദ്രമായ മനോഭാവം നിങ്ങൾക്കുണ്ടാകണം. ദൈവത്തിനല്ലാതെ മറ്റൊന്നിനും പ്രാധാന്യം നൽകാത്ത ഹൃദയവിശുദ്ധി നിങ്ങളിൽ ഉരുവാകണം. ഭൂമിയിൽ സമാധാനമുണ്ടാക്കുന്ന ഒരാളായി നിങ്ങൾ തീരണം. നീതി നിമിത്തം ഉപദ്രവിക്കപ്പെടുകയും ക്രിസ്തുവിനുവേണ്ടി പഴിയും ദൂഷണവും സഹിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തോഷിക്കണം. ഈ സ്വഭാവങ്ങളൊന്നും നിങ്ങളിൽക്കാണുന്നില്ലെങ്കിൽ ഒന്നിനും കൊള്ളാത്തവൻ’ എന്ന മുദ്ര കർത്താവു നിങ്ങളുടെമേൽ പതിച്ചിരിക്കുന്നു എന്നതു സ്പഷ്ടം തന്നെ. ഇനി പുറത്തുകളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാനല്ലാതെ ഉപ്പെന്നുള്ള പേരുമാത്രം വഹിക്കുന്ന ഈ വസ്തു കൊണ്ട് മറ്റു യാതൊരു പ്രയോജനവുമില്ല. ഈ അവസ്ഥയിൽ ലോകമനുഷ്യർ പോലും നിങ്ങളെ നിന്ദാപാത്രമായിക്കരുതും.

ഇങ്ങനെ ഉപദേശവും പ്രായോഗികജീവിതവും തമ്മിൽ ബന്ധമില്ലാത്ത വിധം ജീവിക്കുന്ന ശിഷ്യനാമധാരികളാണ് ഇന്നു സുവിശേഷപ്രചാരണത്തിന് ഏറ്റവും വലിയ ശത്രുക്കളായിത്തീർന്നിരിക്കുന്നത്. ക്രിസ്ത്യാനിയാകുവാനുള്ള ചില മുദ്രാവാക്യങ്ങളും ഫോർമുലകളും സ്വീകരിച്ചവനായിരിക്കാം നിങ്ങൾ. കർത്താവിനെ ഒരിക്കൽ ഹൃദയത്തിലേക്കു വരുവാൻ ക്ഷണിച്ചവനായിരിക്കാം. എന്നാലും അവിടുത്തെ പിന്തുടരുന്ന ഒരു ശിഷ്യനായി നിങ്ങൾ തീർന്നിട്ടില്ലെന്നുവരാം. പൂർണ്ണമായും യേശുവിനെ കർത്താവായി – അതായത് സ്വന്തജീവിതത്തിന്റെ മുഴുവൻ ഭരണകർത്താവായി – നിങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ, സകലവും ക്രിസ്തുവിനുവേണ്ടി ഉപേക്ഷിക്കുവാൻ തയ്യാറായിട്ടില്ലെങ്കിൽ, ഒന്നിനും കൊള്ളാത്തവൻ എന്ന മേലെഴുത്ത് കർത്താവു നിങ്ങൾക്കു നൽകിയിരിക്കുന്നു.

പക്ഷേ ഇനി യാതൊരാശയ്ക്കും വകയില്ല എന്നു നിങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല. മത്തായി 5-ാമധ്യായം 3 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ ശിഷ്യത്വത്തിന്റെ ഉപാധികളായി കർത്താവു പ്രസ്താവിച്ച് കാര്യങ്ങളിലേക്കു നിങ്ങൾക്കു മടങ്ങിവരാനും അവയെപ്പറ്റി ഗാഢമായിച്ചിന്തിക്കുവാനും അവസരമുണ്ട്. അപ്രകാരം ആ വാക്യങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അനുസരിക്കുവാൻ സ്വയം വിനയപ്പെടുത്തിക്കൊണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നിങ്ങൾ നിലവിളിക്കുമെങ്കിൽ ദൈവം നിങ്ങളെ ഭൂമിയുടെ ഉപ്പാക്കിത്തീർക്കുകയും ചെയ്യും.

ഉപ്പിനു സാധനങ്ങളെ ചീഞ്ഞുപോകാതെയും ദുഷിപ്പു ബാധിക്കാതെയും സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ലോകത്തിലെ ദുഷിപ്പുകളെയും തിന്മകളെയും നിയന്ത്രിക്കുവാനുള്ള ശക്തി യഥാർത്ഥ സഭയ്ക്കുണ്ട്. ലോകത്തിൽ എതിർക്രിസ്തുവിന്റെ വ്യാപാരത്തെ അതു തടയുന്നു. 2 തെസ്സലോനീക്യർ 2-ാമധ്യായത്തിൽ എതിർക്രിസ്തുവിന്റെ വ്യാപാരത്തെ തടഞ്ഞുകൊണ്ട് സഭ പ്രവർത്തിക്കുന്നതെങ്ങനെയെന്നു നാം വായിക്കുന്നു. എന്നാൽ ഉപ്പുരസം നഷ്ടപ്പെട്ടുപോയവരാണ് നാമെങ്കിൽ ഇതൊന്നും ചെയ്യുവാൻ നമുക്കു കഴിവുണ്ടാവുകയില്ല.

ഇനി മത്തായി 5:14 മുതൽ 16 വരെയുള്ള വാക്യങ്ങൾ നോക്കുക. 14-ാം വാക്യത്തിൽ രണ്ടാമതൊരു ചിത്രം കർത്താവു നമ്മെ കാണിക്കുന്നു. “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേലിരിക്കുന്ന പട്ടണം മറഞ്ഞിരിക്കാൻ പാടില്ല. ഈ ഭാഗത്തുള്ള രണ്ടു സാദൃശ്യങ്ങളിൽ ഒന്നാമത്തേത് തിന്മകളേയും ദുഷിപ്പുകളെയും തടഞ്ഞുകൊണ്ട് നന്മയും ദൈവസ്വഭാവവും നില നിർത്തുന്ന ഉപ്പിനെ സംബന്ധിച്ചാണ്. രണ്ടാമത്തേത് മലമേൽ പ്രകാശിക്കുന്ന പട്ടണം, തണ്ടിന്മേൽ വച്ച വിളക്ക് എന്നിവയുടെ ദൃഷ്ടാന്തമാണ്. നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്. എന്നുവച്ചാൽ നിങ്ങളുടെ സാക്ഷ്യജീവതവും യേശു ക്രിസ്തുവിന്റെ സ്വഭാവവിശേഷങ്ങളെ ഉയർത്തിക്കാട്ടുന്നതാണ് എന്നർത്ഥം. യോഹന്നാൻ 8:12-ൽ “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് കർത്താവ് പ്രഖ്യാപിക്കുന്നു. എന്നാൽ ഈ ഭാഗത്ത് കർത്താവ് തന്റെ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ് “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് അരുളിച്ചെയ്യുന്നു. നിങ്ങളാണ് മലമേൽ സ്ഥാപിതമായ ശോഭാപൂർണ്ണമായ നഗരം. നിങ്ങളാണ് തണ്ടിന്മേൽ പ്രകാശിക്കുന്ന വിളക്ക്. വിളക്ക് കത്തിച്ചതിനുശേഷം അതു പറയിൻകീഴെ വയ്ക്കുവാനല്ല ഉദ്ദേശിച്ചിട്ടുള്ളത്. നിങ്ങളുടെ വെളിച്ചം ഒളിച്ചു വയ്ക്കുവാനുള്ളതല്ല. നിങ്ങളുടെ നന്മ നിറഞ്ഞ ജീവിതം മറ്റുള്ളവർ കാണുമാറ് മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. അപ്പോസ്തലപ്രവൃത്തികൾ 10:38-ൽ നസറായനായ യേശു നന്മ ചെയ്തു കൊണ്ട് നാടുതോറും സഞ്ചരിച്ചതിനെപ്പറ്റി നാം വായിക്കുന്നു. യേശു പോയിടത്തെല്ലാം സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന അവിടുത്തെ സ്വഭാവം, അവിടുത്ത കാരുണ്യം, ഔദാര്യം, ഭൗതികവസ്തുക്കളുടെ നേരേയുള്ള അവിടുത്തെ മനോഭാവം, സ്വന്തമഹത്വമന്വേഷിക്കാതെ ദൈവഹിതം പൂർണ്ണമായി നിറവേറ്റുന്ന ജീവിതം എന്നിവയെല്ലാം ആളുകളുടെ മുമ്പിൽ തെളിഞ്ഞു ശോഭിച്ചിരുന്നു. നാം അവിടുത്തെ കാൽപ്പാടുകൾ തന്നെ പിന്തുടരുന്ന ശിഷ്യന്മാരായിത്തീരുന്ന പക്ഷം നാമും ലോകത്തിന്റെ വെളിച്ചമായിത്തീരും. പക്ഷേ അതു കൊണ്ട് സ്വന്ത മഹത്വമന്വേഷിക്കുവാൻ നാം ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രവൃത്തികൾകണ്ട് മനുഷ്യർ ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയാകണം. അതു മാത്രമായിരി ക്കണം നമ്മുടെ ആഗ്രഹം.

ഭൂമിയുടെ ഉപ്പായി പ്രവർത്തിച്ച് തിന്മകളെയും ദുഷിപ്പുകളെയും നീക്കുക, ലോകത്തിന്റെ വെളിച്ചമായി പ്രകാശിച്ച് അഥവാ യേശുക്രിസ്തുവിന്റെ സൽഗുണങ്ങളെ പ്രസിദ്ധമാക്കിക്കൊണ്ട് ദൈവനാമത്തെ മഹത്വപ്പെടുത്തുക – ഇങ്ങനെ ദ്വിമുഖമായ ഒരു വിളിയാണ് നമുക്കുള്ളത്. ഈ വിളിയിൽ വിശ്വസ്തരായി നമുക്ക് പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ അനുസരിക്കാം. അപ്പോൾ നാം നിമിത്തം മനുഷ്യർ ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയാകും.


2 യേശു നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന നീതി (മത്തായി 5:17-20)


“ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാൻ വന്നു വെന്നു നിരൂപിക്കരുത്; നീക്കുവാനല്ല, നിവർത്തിക്കാനാ ഞാൻ വന്നത്” (മത്തായി.5:17).

കർത്താവിന്റെ ഈ പ്രസ്താവന സംശയത്തിനിടനൽകാത്ത വ്യക്തമായ ഒരു പ്രഖ്യാപനമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ് നാം യോഹന്നാൻ 1:17-ൽ കാണുന്നത്. “ന്യായപ്രമാണം മോശ മുഖാന്തരം വന്നു. കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു എന്നാണ് ആ വാക്യത്തിൽ പറയുന്നത്. ഇവിടെപ്പറയുന്ന കൃപയെപ്പറ്റി വളരെത്തെറ്റായ ഒരു ധാരണയും ഉപദേശവും ചിലർ പുലർത്തുന്നുണ്ട്. അതിന്റെ സ്വരൂപം ഏതാണ് ഇപ്രകാരമാണ്: “ന്യായപ്രമാണം എന്നുവച്ചാൽ ദൈവത്തിന്റെ കല്പനകളാണ്. പഴയനിയമകാലത്ത് ജനങ്ങൾ ഇവ അനുസരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ യേശു ദൈവകല്പനകളെ നമുക്കു വേണ്ടി അനുസരിച്ചു. അതിനാൽ നാം അവ അനുസരിക്കുവാൻ ബാധ്യസ്ഥരല്ല. തന്റെ കൃപയാൽ ദൈവം നമ്മുടെ കുറവുകളെ ക്ഷമിച്ചുകൊണ്ടിരിക്കും, കൃപയെ സംബന്ധിച്ചുള്ള ഈ ഉപദേശത്തെപ്പറ്റിയാണ് യൂദായുടെ ലേഖനത്തിൽ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കിത്തീർക്കുന്ന പ്രവൃത്തിയെന്നു പ്രസ്താവിച്ചിട്ടുള്ളത്. ഇതിനെതിരേ നാം അത്യന്തം ജാഗ്രതയോടിരിക്കേണ്ട താവശ്യമാണ്. വെറുക്കത്തക്ക ഒരു ഉപദേശമാണത്.

അതിനാൽ യേശു ഇവിടെപ്പറയുന്ന കാര്യം ശ്രദ്ധിക്കുക: “ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാനല്ല, നിവർത്തിപ്പാനത്രേ ഞാൻ വന്നത്. തന്റെ ജീവിതത്തിൽ യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവനായി ന്യായപ്രമാണം നിറവേറ്റി, ജഡത്തെയല്ല, ആത്മാവിനെത്തന്നെ അനുസരിച്ചുകൊണ്ട് അവിടുന്നു ജീവിച്ചു. കേവലം ആക്ഷരികമായി മാത്രമല്ല, അതിലുമപ്പുറം ആത്മാവിൽത്തന്നെ അവയെല്ലാം അവിടുന്ന് അനു സരിച്ചു. അങ്ങനെയാണ് ജീവിന്റെ പുതുവഴി അവിടുന്നു നമുക്കായി തുറന്നുതന്നത്. ആത്മനിറവിൽ ജീവിതത്തെപ്പറ്റി വിവരിക്കുന്ന റോമർ എട്ടാമധ്യായത്തിലെ നാലാം വാക്യം നോക്കുക: “ജഡത്തെയല്ല, ആത്മാവിനെയ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാ കേണ്ടതിനുവേണ്ടി” ദൈവം തന്റെ പുത്രനെ അയച്ചു. അങ്ങനെ ആദ്യം യേശുവിലും പിന്നീട് അതിന്റെ തുടർച്ചയായി നമ്മിലും ന്യായപ്രമാണത്തിന്റെ നീതി നിറവേറുകയാണ് ചെയ്യുന്നത്. ന്യാപ്രമാണത്തെ നീക്കുവാനല്ല കർത്താവ് വന്നത്, പിന്നെയോ അതു നിവർത്തിക്കാന് എന്നത് വളരെ സ്പഷ്ടമായ ഒരു പ്രസ്താവനയത്.

വീണ്ടും 18-ാം വാക്യത്തിൽ കർത്താവ് ഇപ്രകാരം പറയുന്നു: “സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒഴിഞ്ഞുപോകയില്ല.” ആകാശവും ഭൂമിയും ഇതേ വരെ ഒഴിഞ്ഞുപോയിട്ടില്ല. ഒരിക്കൽ അവ ഒഴിഞ്ഞുപോകുമെന്നു വെളിപ്പാടു പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. അതിനാൽ ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളിയോ പുള്ളിയോ പോലും ഒഴിഞ്ഞുപോകുന്നില്ല. നേരേ മറിച്ച് അവയെ നിറവേറ്റുവാനാണ് കർത്താവ് വന്നത്. അതിനാൽ കൃപ ന്യായപ്രമാണത്തെ നീക്കിക്കളയുകയല്ല ചെയ്യുന്നത്. പിന്നെയോ അതിനെ അനുസരിക്കുവാനുള്ള ശക്തി നൽകുകയാണ്. പഴയനിയമകാലത്ത് സ്വന്ത ശക്തിയിലാശ്രയിച്ചുകൊണ്ട് ആളുകൾ ആക്ഷരികമായി ന്യായപ്രമാണം പാലിക്കുവാൻ ശ്രമിച്ചു. പുതിയനിയമവ്യവസ്ഥയിൽ ദൈവകൃപയിലും പരിശുദ്ധാ ശക്തിയിലുമാശ്രയിച്ചുകൊണ്ട് ആത്മാവിൽ ദൈവകല്പനകളെ പാലിക്കുകയും നിറവേറ്റുകയും ചെയ്യാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

വാക്യം 19: “ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

ഇതു വളരെ വ്യക്തമായി ധരിക്കേണ്ട ഒരു കാര്യമാണ്. ദൈവകല്പനകളിൽ ഏറ്റവും ചെറുതുപോലും അഴിക്കുന്നത് എന്നുവച്ചാൽ ലംഘിക്കുന്നത്, അപ്രകാരം ചില കല്പനകളെ അവഗണിക്കാമെന്നു മനുഷ്യരെ പഠിപ്പിക്കുന്നത് – ഇവ രണ്ടും ഏറ്റവും ആപൽക്കരമായ കാര്യങ്ങളാണ്. ദൈവ കല്പനകളുടെ കൂട്ടത്തിൽ “ഇത് ചെറിയ കാര്യം’ എന്നു പരിഗണിക്കത്തക്കതായി ഒന്നും തന്നെയില്ല. നേരേമറിച്ച് അവ മുഴുവനും നാം അനുസരിക്കേണ്ടതാണ്. അതിനാൽ താരതമ്യേന ചെറുതെന്നുള്ള ചിന്തയോടെ ചില കല്പനകളെ ലംഘിക്കുകയും അപകരം ചെയ്യാമെന്നു പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റുവും ചെറിയവനാണ്. നേരേമറിച്ച് ദൈവകല്പനകൾ ഒന്നൊഴിയാതെ അനുസരിക്കുകയും പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗ രാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

നാം അനുസരിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുവാൻ നമുക്ക് അധികാരമില്ല. അപ്പോസ്തലപ്രവൃത്തികൾ 1:1-ൽ യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചാണ് താൻ തന്റെ മുൻഗ്രന്ഥം എഴുതിയതെന്ന് ലൂക്കോസ് പ്രസ്താവിക്കുന്നു. അദ്ദേഹം എഴുതിയ ഒന്നാമത്തെ ചരിത്രം ലൂക്കോസിന്റെ സുവിശേഷമാണ്. അതിന്റെ ഒരു സംക്ഷേപമാണ് ഈ വാചകം: “യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലവും.” അതിന്റെ ക്രമം പ്രത്യേകം ശ്രദ്ധിക്കണം. കർത്താവായ യേശു ക്രിസ്തു ആദ്യം ചിലതു ചെയ്തു; അനന്തരം ഉപദേശിച്ചു. 30 വർഷക്കാലം യേശു ദൈവകല്പനകൾ അനുസരിച്ചു. അതിന്റെ ഫലമായി “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു ദൈവം അദ്ദേഹത്തെപ്പറ്റി സാക്ഷ്യം പറഞ്ഞു. അതിന്റെ ശേഷമാണ് യേശു ഉപദേശിക്കുവാൻ ആരംഭിച്ചത്. നാം അനുസരിക്കാത്ത ഒരു കാര്യം ഉപദേശിക്കുവാൻ നമുക്ക് അധികാരമില്ല. ഇന്ന് പലരുടെ ശുശ്രൂഷയിലും ഉപദേശത്തിലും ആത്മീയാധികാരം കാണപ്പെടാത്തത് ഈ കാരണത്താലാണ്. അതിനാൽ നാം പ്രാപിക്കുന്ന ആത്മീയ വരങ്ങളോ വളരെയധികം ആത്മീയ പ്രവർത്തനങ്ങളോ ഒന്നുമല്ല സ്വർഗ്ഗരാജ്യത്തിൽ പ്രധാനം. പിന്നെയോ ദൈവകല്പനകളുടെ അനുസരണവും അതനുസരിച്ചുള്ള ഉപദേശവുമാണ്.

വാക്യം 20: “നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”.

ഈ വാക്യം നാം വളരെ ഗൗരവമായി വീക്ഷിക്കേണ്ടതും മനസ്സിലാക്കേണ്ടതുമാണ്. എന്തെന്നാൽ ചില ആളുകൾ ഇത് ഇപ്പോഴും ഗൗരവമായിപ്പരിഗണിക്കാതെ നിസ്സാരമായി തള്ളിക്കളയുന്നുണ്ട്. ഇത് ഒരസാധ്യകാര്യമാണന്നാണ് അവർ പറയുന്നത്. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതി തന്നെ ഉയർന്ന നിലവാരത്തിലുള്ള ഒന്നായിരുന്നു. അവർ ന്യായപ്രമാണം പൂർണ്ണമായി പ്രമാണിക്കയും ഉപവസിക്കുകയും ദശാംശം കൊടുക്കുകയുമെല്ലാം ചെയ്തിരുന്നു. അത്രയും ചെയ്യുന്നതുതന്നെ ക്ലേശകരമാണ്. അതിനെക്കാൾ ഉയർന്ന ഒന്ന് നമുക്ക് സാധ്യമല്ല. എന്നാൽ യേശുവിന് അതു സാധ്യമായിരുന്നു. അദ്ദേഹത്തിന്റെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നതായിരുന്നു. നാം യേശുവിൽ വിശ്വസിക്കുമ്പോൾ അവിടുത്തെ നീതി നമ്മുടേതായി കണക്കിടും; അഥവാ അവിടുന്നു തന്റെ നീതി നമ്മെ അണിയിക്കും എന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഇതൊരു തെറ്റിദ്ധാരയും ദുർവ്യാഖ്യാനവുമാണ്. നിങ്ങളുടെ നീതി എന്നാണ് കർത്താവ് ഇവിടെപ്പറയുന്നത്; നിങ്ങൾക്കു കണക്കിടുന്ന നീതിയെന്നോ നിങ്ങളുടെ മേൽ അണിയിക്കപ്പെടുന്ന നീതിയെന്നോ അല്ല.

ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവരുടെ പാപങ്ങൾ ദൈവം ക്ഷമിക്കുന്നതോടുകൂടി കണക്കിടുന്ന ഒരു നീതിയുണ്ടെന്നുള്ളത് ശരിതന്നെ. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു കണക്കിടുന്ന നീതിയെപ്പറ്റി റോമർ 4-ൽ പൗലോസ് പ്രസ്താവിക്കുന്നുണ്ട്. എന്നാൽ ഈ നീതി ലഭിച്ചശേഷം ന്യായ പ്രമാണത്തിന്റെ നീതി നമ്മിൽ നിവൃത്തിയാകുന്നതിനെപ്പറ്റി റോമർ 8-ാമ ധ്യായത്തിൽ വ്യക്തമായിപ്പറയുന്നു. 8-ാമധ്യായം മൂന്നും നാലും വാക്യങ്ങളിൽ അത് ഏറ്റവും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അതിന് ശേഷം ഈ നീതി നമ്മിൽ വെളിപ്പെടുന്നതെങ്ങനെയെന്ന് റോമർ 12 മുതൽ 15 വരെയുള്ള അധ്യായങ്ങൾ വിശദീകരിക്കുന്നു.

വെളിപ്പാട് 19:8-ൽ കുഞ്ഞാടിന്റെ കാന്ത തന്നെത്താൻ ഒരുക്കിയിരിക്കുന്നതായി പറഞ്ഞശേഷം അവൾക്ക് ശുദ്ധവും ശുഭവുമായ വിശേഷവസ്ത്രം ധരിക്കാൻ കൃപ ലഭിച്ചിരിക്കുന്നുവെന്ന് പറയുന്നു. ഈ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതി പ്രവൃത്തികൾ തന്നെയെന്ന് എടുത്തുപറയുന്നതും നോക്കുക. ക്രിസ്തുവിന്റെ നീതി പ്രവൃത്തികൾ എന്നല്ല, വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ എന്നാണ് ഇവിടെപ്പറയുന്നത്.

ഈ നീതിക്ക് ന്യായപ്രമാണത്തിലെ നീതിയിൽ നിന്നും മൂന്നു പ്രധാന വ്യത്യാസങ്ങൾ ഉള്ളതായിക്കാണാം. ഒന്നാമത് പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നതുപോലെ കേവലം ബാഹ്യമായുള്ളതല്ല അത്. ഒരേ സമയം തന്നെ ബാഹ്യവും ആഭ്യന്തരവുമായ ഒരു ശുദ്ധീകരണമാണത്. രണ്ടാമത് അതു കേവലമായ മനുഷ്യപ്രയത്നം കൊണ്ടു ലഭിക്കുന്നതല്ല; മറിച്ച് പരിശുദ്ധാത്മ സ്നാനം കൊണ്ടും പരിശുദ്ധാത്മാവിന്റെ ദിനം പ്രതിയുള്ള നവീകരണംകൊണ്ടും ക്രമാനുഗതമായി നാം പ്രാപിച്ച് പൂർണ്ണതയിലെത്തുന്ന ഒന്നാണത്. മൂന്നാമത് അതു കേവലം ഒരു വ്യക്തിയുടെ മാത്രം വിശുദ്ധിയിലും നീതീകരണത്തിലും ഒതുങ്ങിനിൽക്കുന്നതല്ല. പരീശന്മാർ തങ്ങളുടെ മാത്രം വ്യക്തിപരമായ നീതീകരണത്തിലേ ശ്രദ്ധിച്ചിരുന്നുള്ളു. മറ്റുള്ളവരെ സംബന്ധിച്ചുള്ള കരുതൽ അവർക്കുണ്ടായിരുന്നില്ല. യേശുവിലുള്ള നീതിയാകട്ടെ, മുഖ്യമായി സ്നേഹത്തിൽ അടിയുറച്ചു വളരുന്നതും തന്മൂലം സഹോദരീസഹോദരന്മാർ അടങ്ങിയ ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീയവർദ്ധനയിലും പൂർണ്ണതയിലും ശ്രദ്ധിക്കുന്നതുമാണ്. ഇപ്രകാരം ശാസ്ത്രിമാരുടെയും പരിശന്മാരുടെയും നീതിയെ കവിയുന്ന ഒരു നീതിയാണ് സ്വർഗ്ഗരാജ്യത്തിനു നമ്മെ അവകാശികളാക്കുന്നത്. അതു പ്രാപിക്കുവാൻ നമുക്ക് എല്ലാ പരിശ്രമവും ചെയ്യാം.

3 കൊല ചെയ്യരുത് എന്ന കല്പന (മത്തായി 5:21-26)


നാം സ്വർഗ്ഗരാജ്യത്തിൽ കടക്കണമെങ്കിൽ നമ്മുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നതായിരിക്കണമെന്നാണ് തൊട്ടു മുമ്പുള്ള ഭാഗത്തു കർത്താവു നമ്മെ പഠിപ്പിച്ചത്. ഇപ്രകാരമുള്ള ഒരു നീതി നമ്മിലുണ്ടാകേണ്ടതിലേക്ക് നമ്മെ ശക്തരാക്കുന്ന ദൈവകൃപയ്ക്കുവേണ്ടി നാം കാത്തിരിക്കുകയും അതു പ്രാപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇത് അസാധ്യമായ ഒരു കാര്യമെന്നു കരുതി പിൻവാങ്ങുകയല്ല നാം ചെയ്യേണ്ടത്. മത്തായി 5:3 മുതൽ 11 വരെ വാക്യങ്ങളിൽ നാം വായിച്ചതു പോലെ ആത്മാവിൽ ദരിദ്രരായും വിനീതരായും നീതിക്കു വിശന്നു ദാഹിക്കുന്നവമായും തീർന്ന് ദൈവകൃപയ്ക്കുവേണ്ടി നാം നിലവിളിക്കുമെങ്കിൽ ഇപ്രകാരമുള്ള നീതി പ്രാപിക്കുവാനാവശ്യമായ കൃപ ദൈവം നമ്മുടെമേൽ പകരും. ഇതാണ് സുവിശേഷം. ഈ നീതി അസാധ്യമായ ഒരു കാര്യമാണെന്ന് ഒരിക്കലും നാം കരുതേണ്ട കാര്യമില്ല. ദൈവകൃപയ്ക്കായി കാത്തിരിക്കുമെങ്കിൽ ദൈവം തന്റെ പരിശുദ്ധാത്മാവുകൊണ്ടു നമ്മെ നിറയ്ക്കുകയും ഈ നീതി പ്രാപിക്കുവാൻ തക്കവണ്ണം നമ്മെ ശക്തരാക്കുകയും ചെയ്യും.

എന്താണ് നമുക്കു ലഭിച്ച സുവിശേഷം? ദൈവം നമ്മുടെ മുൻകാല പാപങ്ങളെയെല്ലാം ക്ഷമിക്കുമെങ്കിലും ഭാവിയിൽ പാപത്തിന്റെമേൽ വിജയം നേടുവാൻ കഴിവില്ലാത്തവരായി നാം ഒരു പരാജയജീവിതം നയിക്കേണ്ടി വരുമെന്നതാണോ സുവിശേഷം? ഒരിക്കലുമില്ല. അതിനാൽ ഒരുതരം പരാജയമനോ ഭാവത്തോടെയല്ല, പിന്നെയോ ദൈവം നമ്മെ ശക്തരാക്കുമെന്നുള്ള ഉറപ്പോടും വിശ്വാസത്തോടും കൂടെയാണ് ഈ വാക്യങ്ങളെ നാം സമീപിക്കേണ്ടത്. അങ്ങനെയെങ്കിൽ നമ്മുടെ വിശ്വാസം പോലെ നമുക്കു ഭവിക്കും; ദൈവം നമ്മെ ശക്തരാക്കും.

“കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകുമെന്നും പൂർവന്മാരോട് അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്. സഹോദരനോടു കോപിക്കുന്നവനെല്ലാം ന്യായവിധിക്കു യോഗ്യനാകും” (മത്തായി 5:21, 22).

ന്യായപ്രമാണത്തിലുള്ള രണ്ടു കല്പനകളെപ്പറ്റിയാണ് ഈ ഭാഗത്തും തുടർന്നുള്ള വാക്യങ്ങളിലും കർത്താവ് സംസാരിക്കുന്നത്. 21-ാം വാക്യത്തിൽ കൊല ചെയ്യരുത് എന്നും 27-ാം വാക്യത്തിൽ വ്യഭിചാരം ചെയ്യരുതെന്നും പൂർവ്വന്മാർക്കു നൽകിയിട്ടുള്ള കല്പനകളെ അവിടുന്നു പരാമർശിക്കുന്നു. ഇവയെപ്പറ്റി പറഞ്ഞശേഷം “ഞാനോ നിങ്ങളോടു പറയുന്നതു” എന്ന ഭാഗത്ത് പുതിയനിയമത്തിൽ ഇതിനുള്ള അർത്ഥവ്യാപ്തിയെന്തെന്ന് യേശു വിശദീകരിക്കുന്നു. കൊല ചെയ്യരുത് എന്നത് ബാഹ്യമായ കൊലപാതകത്തെ മാത്രം നിരോധിക്കുന്ന കല്പനയാണ്. എന്നാൽ ഒരിക്കലും ഒരു സഹോദരനോട് കോപിക്കുവാൻ പോലും പാടില്ല എന്നാണ് യേശു കൽപിക്കുന്നത്.

നമ്മുടെ കോപസ്വഭാവത്തെ ജയിക്കുക എന്നതു സാധ്യമാണോ? നമ്മിൽ പലരും കോപസ്വഭാവത്തെ നിയന്ത്രിക്കുവാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നവരായിരിക്കാം. കനാൻ ദേശം അവകാശമാക്കുവാൻ ദൈവജനങ്ങൾക്ക് അനേകം മല്ലന്മാരെ കൊല്ലേണ്ടതായിവന്നു. പാലും തേനും ഒഴുകുന്ന നമ്മുടെ വാഗ്ദത്തദേശത്തേക്ക്, അതായതു ദൈവസ്വഭാവത്തിലേക്ക്, കടക്കുവാൻ നാമും നമ്മുടെ ജഡത്തിലുള്ള അനേകം മല്ലന്മാരെ കൊല്ലേണ്ടിയിരിക്കുന്നു. അവരിൽ ഏറ്റവും ഭീകരനായ ഒരു രാക്ഷസനാണ് നമ്മുടെ കോപസ്വഭാവം. യിസ്രായേൽജനങ്ങളിൽ ബഹുഭൂരിപക്ഷം പേരും പറഞ്ഞതുപോലെ ഈ മല്ലന്മാരെ ജയിക്കുവാൻ നമുക്കു സാധ്യമല്ല എന്നു നാമും പറയുമോ? അതോ യോശുവയും കാലേബും ചെയ്തതുപോലെ ഈ മല്ലന്മാരെ ജയിച്ചടക്കുവാനാവശ്യമായ വിശ്വാസം ഉള്ളവരാണോ നാം? അങ്ങനെയങ്കിൽ നമ്മുടെ കോപ സ്വഭാവത്തിനു കീഴ്പ്പെട്ട് പരാജയമടഞ്ഞവരായി ജീവിക്കേണ്ട ഒരാവശ്യവും നമുക്കില്ല.

ഇവിടെ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്; കേവലം പുറമേ പ്രകടമാകുന്ന കോപത്തെ മാത്രം നാം ജയിച്ചാൽ മതിയാവുകയില്ല. പലരും പുറമേ കോപം കടിച്ചമർത്തുമെങ്കിലും അകമേ കോപംകൊണ്ടു ജ്വലിക്കുന്നവരായിരിക്കും. ഇപ്രകാരം അകമേ ഈർഷ്യയും നീരസവുമുള്ളവരായി നാം ജീവിക്കേണ്ട ഒരാവശ്യവുമില്ല. ഹൃദയത്തിനുള്ളിലുള്ള ക്രോധം, പരിഭവം, അക്ഷമ, ക്ഷോഭം എന്നിവയെല്ലാം ജയിച്ചടക്കുവാനുള്ള കൃപ ദൈവം നമുക്കു നൽകും. ഹാ! ഇത് അത്ഭുതാവഹമായ ഒരു രക്ഷയുടെ അനുഭവമാണ്. ഈ കനാൻ ദേശത്തിന്റെ അതിരിലാണ് ഇപ്പോൾ നാം വന്നിരിക്കുന്നത്. അന്നത്തെ 6 ലക്ഷത്തിൽപരം യിസ്രായേൽക്കാരെപ്പോലെ “ഇതസാധ്യം” എന്നു പറഞ്ഞ് നാം പിൻമാറിക്കളയുമോ? അതോ യോശുവയെയും കാലേബിനെയും പോലെ വിശ്വാസത്താൽ എല്ലാ മല്ലന്മാരെയും ജയിച്ച് നാം വാഗ്ദത്തദേശം അവകാശമാക്കുമോ? ഇതാ! വാഗ്ദത്തദേശം നമ്മുടെ മുമ്പിൽ മലർക്കെത്തുറന്നു കിടക്കുന്നു. നാമൊരിക്കലും പുറമേയോ ഉള്ളിലോ കോപവും ക്രോധവുമുള്ളവരായി ജീവിക്കേണ്ട ഒരാവശ്യവും ഇല്ലതന്നെ. ദൈവമുമ്പാകെ നാം വിനയപ്പെടുന്നപക്ഷം അവിടുന്നു നമുക്കു കൃപ നൽകുകയും സമ്പൂർണ്ണവിജയ ജീവിതം നമുക്കു സാധ്യമായിത്തീരുകയും ചെയ്യും. “നാം ന്യായപ്രമാണത്തിനല്ല, കൃപയ്ക്ക് അധീനരാകയാൽ പാപം നമ്മുടെ മേൽ കർതൃത്വം നടത്തുകയില്ല” (റോമർ. 6:14).

വാക്യം 22. “സഹോദരനോടു കോപിക്കുന്നവനെല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാരാ എന്നു പറഞ്ഞാലോ ന്യായാധി പസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും. മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.

നാം ഒരിക്കലും ഒരു സഹോദരനെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യാൻ പാടില്ല. യേശു ഒരിക്കലും ആരെയും നിന്ദിച്ചിട്ടില്ല. സഹോദരനെ നിന്ദിക്കുന്ന സ്വഭാവം യേശുവിന്റെ സ്വഭാവത്തിൽ നിന്ന് എത്രയോ അകലെയാണ്. അപ്രകാരം ചെയ്യുന്ന ആളുകൾ ന്യായവിധിക്കും നരകാഗ്നിക്കും യോഗ്യരാകുമെന്ന വസ്തുത കർത്താവ് ആവർത്തിച്ചാവർത്തിച്ചു പ്രസ്താവിക്കുന്നതു ശ്രദ്ധിക്കുക. ഒരു എളിയ സഹോദരനെ നോക്കിയിട്ട് അയാളെ ബുദ്ധിഹീനനെന്നോ മൂഢനെന്നോ പറഞ്ഞ് നിസ്സാരമായി ഗണിക്കുവാൻ ഒരിക്കലും പാടില്ല. ഒരാൾക്ക് നമ്മെപ്പോലെ ആത്മീയമായ പ്രകാശമോ ജ്ഞാനമോ ലഭിച്ചിട്ടില്ല എന്നു വരാം. എങ്കിലും അയാളെ നിസ്സാരനായിക്കരുതുകയോ, അവഹേളിക്കുകയോ ചെയ്യുന്നവൻ ദൈവമുമ്പാകെ കുറ്റക്കാരനായിരിക്കും. അങ്ങനെ ചെയ്യുന്നവൻ യേശുവിനെയല്ല, സാത്താനെയാണ് പിന്തുടരുന്നതെന്ന കാര്യം സ്പഷ്ടമത്. ഈ കാര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് 23 മുതലുള്ള വാക്യങ്ങളിൽ കർത്താവ് ഒരു കാര്യം പറയുന്നത്.

വാക്യം 23-24. “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടു വരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മ വന്നാൽ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചേച്ച് ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

നാം എപ്പോഴെങ്കിലും ദൈവത്തെ ആരാധിക്കുവാനോ പ്രാർത്ഥിക്കുവാനോ ഒരു ദൈവികസേവനം നിറവേറ്റുവാനോ ദൈവമുമ്പാകെ വരുമ്പോൾ അവിടെവച്ച് ഒരു സഹോദരന്റെ നേരെ ചെയ്തുപോയ വല്ല തെറ്റിനെയും കുറിച്ച് നമുക്കോർമ്മ വന്നാൽ ആരാധനയോ സേവനമോ അവിടെ നിറുത്തുക. ഉടൻതന്നെ പോയി സഹോദരനോടു നിരപ്പു പ്രാപിക്കുക. അതു ചെയ്യുന്നതു വരെ ഒരു ചുവടുപോലും മുന്നോട്ടു നീങ്ങുവാൻ നമുക്കു സാധ്യമല്ല എന്ന കാര്യം നാം ഓർക്കണം. യേശു സക്കായിയുടെ ഭവനം സന്ദർശിച്ച് രംഗം ഓർക്കുക. അത് ഒരു നല്ല ദൃഷ്ടാന്തമാണ്. താൻ അപഹരിച്ചെടുത്തതെല്ലാം തിരിച്ചു കൊടുക്കുവാൻ അയാൾ തീരുമാനിച്ചു. അതുകൊണ്ടാണ് “ഇന്ന് ഈ ഭവനത്തിനു രക്ഷ വന്നിരിക്കുന്നു” എന്നു പ്രഖ്യാപിക്കുവാൻ കർത്താവിനു സാധിച്ചത്.

നാം സഹോദരനോട് ഏതു കാര്യത്തിലാണ് തെറ്റു ചെയ്തിട്ടുള്ളതെന്നു സ്വയം പരിശോധിക്കുന്നുണ്ടോ? അവന്റെ വികാരങ്ങളെ നാം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഉടനെ പോയി അവനോടു ക്ഷമ ചോദിക്കുക. അവനോടു ദോഷം ചെയോ അവനെ വഞ്ചിക്കുകയോ കടം വാങ്ങിയിട്ടു തിരിയെക്കൊടുക്കാതിരിക്കുകയോ എന്തുതന്നെയായാലും ശരി, ആദ്യം പോയി ആ കാര്യം ശരിയാക്കുവാൻ കർത്താവു നമ്മോടാവശ്യപ്പെടുകയാണ്.

ഇതു നാം ചെയ്യാത്തപക്ഷം 25-ാം വാക്യത്തിൽ പറയുന്നതുപോലെ നാം ന്യായാധിപന്റെ മുമ്പിൽ നിൽക്കേണ്ടിവരും. അവസാനത്തെ കാശുപോലും കൊടുത്തുതീരുംവരെ നാം തടവിൽ കിടക്കേണ്ടതായും വരും. ഇപ്പോൾ നാം പിതാവായ ദൈവത്തിന്റെ മുമ്പിൽ ജീവിക്കുന്നതിനാൽ നിരപ്പാകുവാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ ഒരിക്കൽ ദൈവം നമ്മുടെ ന്യായാധിപനായി നമ്മെ ന്യായം വിധിക്കും. അന്ന് നമുക്കു നിരപ്പു പ്രാപിക്കാൻ അവസരമുണ്ടാകുകയില്ല. യഥാർത്ഥ ന്യായാധിപനായ ദൈവം നമ്മെ നരകശിക്ഷയ്ക്ക് യോഗ്യരായി പ്രഖ്യാപിക്കും.

അതിനാൽ ഇപ്പോൾ നമുക്ക് അവസരമുള്ളപ്പോൾ സ്വയം ശോധന ചെയും സഹോദരന്റെ നേരെ ചെയ്ത കുറ്റമോ വഞ്ചനയോ അവഹേളനമോ എന്തായാലും അതിനു പ്രായശ്ചിത്തം ചെയ്കയും ചെയ്യാം. സഹോദനുമായുള്ള കൂട്ടായ്മയില്ലെങ്കിൽ ദൈവത്തോടും നമുക്കു കൂട്ടായ്മ സാധ്യമല്ലാതാകും. ഇതു നാം ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ക്രിസ്തീയസേവനവും പ്രാർത്ഥനയും ആരാധനയുമെല്ലാം വ്യർത്ഥമാണ്. അതിനാൽ എല്ലാ സഹോദരന്മാരോടും സ്നേഹവും ക്ഷമയും കാരുണ്യവും കാട്ടുന്ന ഒരു മനോഭാവത്തോടെ നമുക്കു ജീവിക്കാം. അങ്ങനെയെങ്കിൽ നാം തീർച്ചയായും സ്വർഗ്ഗ രാജ്യത്തിന് അവകാശികളായിത്തീരും.


4 വ്യഭിചാരം ചിന്താമണ്ഡലത്തിൽ (മത്തായി 5:27 – 32)


മത്തായി 5:27-ാം വാക്യത്തിൽ പൂർവന്മാർക്കു നൽകിയിട്ടുള്ള “വ്യഭിചാരം ചെയ്യരുത്’ എന്ന കല്പനയെപ്പറ്റി യേശു പരാമർശിക്കുന്നു. ന്യായപ്രമാണത്തിലെ ഈ കല്പന ബാഹ്യമായ വ്യഭിചാരകർമ്മത്തെ നിരോധിക്കുന്നു. എന്നാൽ പുതിയ നിയമത്തിൽ യേശു നമുക്കു തന്നിരിക്കുന്ന കല്പനയാകട്ടെ, നമ്മുടെ ചിന്താമണ്ഡലത്തിൽപ്പോലും വ്യഭിചാരദോഷമുണ്ടാകരുതെന്നാണ്. ചിന്താമണ്ഡലത്തിൽ സമ്പൂർണ്ണമായ വിശുദ്ധി പാലിക്കുക – ഇതാണ് സ്വർഗ്ഗരാജ്യത്തിനു നമ്മെ അർഹരാക്കിത്തീർക്കുന്നത്.

ഈ ഭാഗത്ത് ന്യായപ്രമാണത്തിന്റെ അപര്യാപ്തതയും ബലഹീനതയും നമുക്കു കാണാൻ കഴിയും. റോമർ 8:3, 4 വാക്യങ്ങളിൽ “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” എന്നു വായിക്കുന്നു. എന്താണ് ന്യായപ്രമാണത്തിനു കഴിയാത്ത കാര്യം? വ്യഭിചാരമോ മറ്റേതെങ്കിലും പാപമോ ബാഹ്യമായി വെളിപ്പെടുമ്പോൾ മാത്രമേ ന്യായപ്രമാണത്തിന് അതിനെ നേരിടുവാൻ സാധിക്കുന്നുള്ളു. ഒരു മനുഷ്യൻ പുറമേ വ്യഭിചാരകർമ്മത്തിലേർപ്പെടുമ്പോൾ മാത്രമേ അയാളെ ന്യായപ്രമാണം ശിക്ഷാർഹനാക്കുന്നുള്ളു. അയാളുടെ മനസ്സിൽ ദുർമ്മോഹമുണ്ടാകുമ്പോൾ ന്യായപ്രമാണത്തിന് ഒന്നും ചെയ്യാൻ സധിക്കുന്നില്ല. റോമർ 7:7, 8 വാക്യങ്ങൾ നോക്കുക: “മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ട് എന്നിൽ സകലവിധമോഹത്തെയും ജനിപ്പിച്ചു. ഇവിടെയാണ് ന്യായപ്രമാണം ദുർബ്ബലമായിരിക്കുന്നത്. ഹൃദയത്തിൽ കുടി കൊള്ളുന്ന മോഹത്തെ കൈകാര്യം ചെയ്യുവാൻ അതിനു കഴിവില്ല.

ഇങ്ങനെ ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ച് പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചത്. ആ പുത്രനിലൂടെ ചിന്താ മണ്ഡലത്തിൽപ്പോലുമുള്ള പാപത്തെ ജയിക്കാനുള്ള കൃപ ദൈവം നമുക്കു നൽകുന്നു. “നിങ്ങൾ ന്യായപ്രമാണത്തിനല്ല. കൃപയ്ക്ക് അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർതൃത്വം നടത്തുകയില്ല” എന്നു ദൈവവചനം പറയുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവിലൂടെ കൃപ ലഭിച്ചിട്ട് നമുക്ക് ഹൃദയത്തിൽ പാപം പ്രവേശിക്കാതിരിക്കുമാറ് വാതിലടച്ചു കളയുവാൻ സാധിക്കും. മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കാതിരിക്ക തക്കവണ്ണം മോഹത്തിന്റെ ആ ഗർഭധാരണത്തെത്തന്നെ തടയുവാൻ നമുക്കു സാധിക്കും. തന്മൂലം അതു പാപത്തെ പ്രസവിക്കാതെയിരിക്കും. ഇതാണ് യേശുക്രിസ്തു നമുക്കു വേണ്ടി ചെയ്തത്. എങ്ങനെയാണ് ദൈവം ഇതു സാധിച്ചത്? നമ്മുടേതിനു തുല്യമായ ഒരു ജഡത്തിൽ ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. സകലത്തിലും യേശു നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടു. എങ്കിലും അവിടുന്ന് ഒരിക്കൽ പോലും പാപം ചെയ്തില്ല. എബ്രായർ 4:15-ന്റെ യഥാർത്ഥമായ താൽപര്യം ഇതാണ്. പരിശുദ്ധാത്മ ശക്തിയാൽ ഒരിക്കൽപ്പോലും പാപം ചെയ്യാതെ പൂർണ്ണവിശുദ്ധിയിൽ ജീവിച്ച യേശു തന്റെ ജഡത്തിലൂടെ നമുക്കായി ജീവനുള്ള ഒരു പുതിയ വഴി തുറന്നു തന്നിരിക്കുന്നതായി എബ്രായർ 10:20-ൽ നാം വായിക്കുന്നു. നമുക്കും ദൈവത്തിന്റെ പരിശുദ്ധാത്മ നിറവിനാലുള്ള കൃപ പ്രാപിച്ച് യേശുവിന്റെ കാൽപ്പാടുകളിലൂടെ അവിടുത്തെ പിന്തുടരുവാൻ കഴിയും. യേശു പാപത്തിന്മേൽ സമ്പൂർണ്ണ വിജയം പ്രാപിച്ച അതേ വഴിയിലൂടെ നമുക്കും അവിടുന്നു നൽകുന്ന കൃപയുടെ ശക്തിയാൽ സമ്പൂർണ്ണവിജയം പ്രാപിക്കുവാൻ കഴിയും. ഇത് അത്ഭുതകരമായ ഒരു സുവാർത്തയല്ലേ? അതേ, ഇതാണ് യഥാർത്ഥ സുവിശേഷം. നേരെമറിച്ച് ദൈവവചനം പറയുന്നത് ഇങ്ങനെയാണെന്നു ചിന്തിക്കുക. (പലരും അപ്രകാരമാണ് ചിന്തിക്കുക.) “നിങ്ങളുടെ പാപങ്ങൾക്ക് യേശുവിലൂടെ ക്ഷമ പ്രാപിക്കുവാൻ നിങ്ങൾക്കു കഴിയും; എന്നാൽ ന്യായ പ്രമാണത്തിന്റെ നീതി നിറവേറ്റുവാൻ നിങ്ങൾക്കു സാധ്യമല്ല. അതിനാൽ നിങ്ങൾ തുടർന്നും പാപം ചെയ്തുകൊണ്ടിരിക്കുകയും ക്രിസ്തു തുടർന്നും നിങ്ങളോടു ക്ഷമിച്ചുകൊണ്ടിക്കയും ചെയ്യും. “ഇതാണ് സുവിശേഷം പറയുന്നതെങ്കിൽ അതെന്തുമാതിരി സുവാർത്തയാണ്? എന്തുമാതിരി സുവിശേഷമാണ്?

എന്നാൽ യേശു വന്നത് നമ്മെ പൂർണ്ണമായും പാപത്തിൽനിന്നു വിടുവിക്കുവാൻ വേണ്ടിയാണ്. യേശു എന്ന പേരിന്റെ അർത്ഥം തന്നെ പാപത്തിൽ നിന്നു വിടുവിക്കുന്നവൻ എന്നാണ്. അതിനാൽ നാം ദൈവത്തോടും യേശു ക്രിസ്തുവിനോടും സഹകരിക്കുകയും നമ്മെത്തന്നെ പരിശുദ്ധാത്മാവിന്റെ കൃപാവ്യാപാരത്തിനായി കീഴ്പ്പെടുത്തുകയും ചെയ്യുമെങ്കിൽ മത്തായി 5:28-ൽ പറയുന്ന ചിന്താമണ്ഡലത്തിലെ പാപത്തിൽ നിന്നുതന്നെ നമുക്കു വിടുതൽ പ്രാപിക്കുവാൻ കഴിയും. ദുർമ്മോഹത്തോടുകൂടി നോക്കാതെ ജീവിക്കുവാൻ ദൈവം നമ്മെ ശക്തരാക്കും. ഇതിലേക്ക് നമ്മുടെ ഇച്ഛയെത്തന്നെ അവിടുത്തേക്ക് കീഴ്പ്പെടുത്തിക്കൊടുക്കേണ്ടത് ആവശ്യമാണ്.

അതുകൊണ്ട് മത്തായി 5:29, 30 വാക്യങ്ങളിൽ കർത്താവു തുടർന്ന് ഇപ്രകാരം പറയുന്നു. എന്നാൽ വലങ്കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നുവെങ്കിൽ അതിനെ ചൂന്നെടുത്ത് എറിഞ്ഞു കളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ. വല നിനക്ക് ഇടർച്ച വരുത്തുന്നുവെങ്കിൽ അതിനെ വെട്ടി എറിഞ്ഞു കളക; നിന്റെ ശരീരം മുഴുവനും നരകത്തിൽപ്പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനരകത്തെപ്പറ്റി – അഗ്നി നരകത്തെപ്പറ്റിത്തന്നെ കർത്താവ് എത്ര പ്രാവശ്യം ഇവിടെപ്പറയുന്നുവെന്നു നോക്കുക. “സഹോദരനോടു മൂഢാ എന്നു പറഞ്ഞാൽ അഗ്നി നരകത്തിനു യോഗ്യനാകും” (വാ. 22). “ശരീരം മുഴുവൻ നരകത്തിൽ വീഴുന്നതിനെക്കാൾ…” (വാ.29, 30). വീണ്ടും വീണ്ടും അതേ വാക്കുകൾ! ഇതെന്തു കാണിക്കുന്നു? യേശുവിന് പാപം വളരെ ഗൗരവാവഹമായ ഒരു കാര്യമാണ്. എന്നാലിന്ന് പല ക്രിസ്ത്യാനികളും പാപത്തെ വളരെ ലഘുവായി വീക്ഷിക്കുന്നു; ലഘുവായി കൈകാര്യം ചെയ്യുന്നു. അതുകൊണ്ടാണ് അവർക്കു പാപത്തിന്റെ മേൽ വിജയം ലഭിക്കാതെ പോകുന്നതും.

ആളുകൾ നിരന്തരമായി പാപത്തോടു പരാജയമടഞ്ഞ ഒരു ജീവിതം നയിക്കാനിടയാകുന്നതിനുള്ള ഒരു കാരണം നമുക്കു പറയാൻ കഴിയുമോ? എങ്കിൽ അതിന്റെ ഒന്നാമത്തെ കാരണം തീർച്ചയായും ഇതുതന്നെയാണ്. അവർ പാപത്തെ ഗൗരവമായി കണക്കാക്കുന്നില്ല; ദൈവത്തെ അവർ ഭയപ്പെടുന്നില്ല. തങ്ങളുടെ ഹൃദയത്തിലുള്ള പാപത്തെയോർത്ത് അവർ നിലവിളിക്കുന്നില്ല. ഒരു പക്ഷേ പാപത്തിൽ പിടിക്കപ്പെട്ടതിനുശേഷം അവർ നിലവിളിക്കാറുണ്ടല്ലോ. എന്നാൽ പാപം പുറമേ വെളിപ്പെടാതെ ഹൃദയത്തിലായിരിക്കുമ്പോൾ, ലോകത്തിൽ മറ്റാരും അതിനെ കാണാതിരിക്കുമ്പോൾ അതിനെയോർത്തു ദൈവ സന്നിധിയിൽ നിങ്ങൾ നിലവിളിക്കുന്നുണ്ടോ? എങ്കിൽ അതിനെ നിരോധിക്കുവാനുള്ള കൃപ ദൈവം നിങ്ങൾക്കു നൽകും. അതെങ്ങനെയെന്ന് 29, 30 എന്നീ വാക്യങ്ങൾ വ്യക്തമാക്കുന്നു.

കണ്ണിനെ ചൂന്നെടുത്ത് എറിഞ്ഞു കളക, വലങ്കൈ വെട്ടി എറിഞ്ഞു കളക- എന്താണിതിന്റെ അർത്ഥം? പാപത്തെ അത്ര ഗൗരമായിക്കരുതി അതിനെ വേരോടെ പിഴുതെറിയുമാറ് നാം പ്രവർത്തിക്കണമെന്നാണ് അതിന്റെയർത്ഥം. ദുർമ്മോഹം ജനിപ്പിക്കുന്ന കാഴ്ചകളുടെ നേരേ നോക്കാതെ ആ കണ്ണു ചൂന്നെടുക്കപ്പെട്ടതായി പരിഗണിക്കുക, അശുദ്ധചിന്തകളെ ഉത്തേജിപ്പിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ വായിക്കാതെ അതിന്റെ നേരേ നിങ്ങളുടെ കണ്ണുകളെ നിരോധിക്കുക, തിന്മയ്ക്ക് അന്ധന്മാരായിത്തീരുക എന്നതാണ് അതിന്റെ അർത്ഥം. നാം പാപത്തെ ഇത്രമാത്രം ശക്തമായി നേരിടണം. അതിന്റെ വേരുകൾ തന്നെ ഉന്മൂലനം ചെയ്യണം എന്ന് യേശു ആഗ്രഹിക്കുന്നു. ഒരു ദുഷ്കർമ്മം ചെയ്യുവാൻ നമ്മുടെ വലങ്കൈ ബദ്ധപ്പെടുന്ന പക്ഷം ആ കൈ നമുക്കില്ല. അതിനെ വെട്ടി എറിഞ്ഞുകളഞ്ഞിരിക്കുന്നു എന്ന രീതിയിൽ അതിൽ നിന്നു പിന്തിരിയുവാൻ നമുക്കു കഴിയണം. അപ്പോൾ ആ കൈ വെട്ടിയെറിഞ്ഞു കളഞ്ഞ ഫലം തന്നെയുണ്ടാകും. നമ്മുടെ സ്വന്തശക്തിയിലാശ്രയിച്ചല്ല ഇതു ചെയ്യേണ്ടത്. നമ്മുടെ അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്ന പരിശുദ്ധാത്മവ്യാപാരം ദൈവം നമുക്കു നൽകും. ആ വിധത്തിലുള്ള ദൈവകൃപയ്ക്കധീനരായി നാം തീരും. ആ സമയത്ത് നാം ഒരു തെരുവിൽക്കൂടി നടക്കുമ്പോൾ ദുർമ്മോഹം ജനിപ്പിക്കുന്ന ഒന്നിനെയും നോക്കാനിടയാകാതെ അന്ധന്മാരെപ്പോലെ നടക്കുവാൻ ദൈവം നമ്മെ ശക്തി കരിക്കും. ഇപ്രകാരം നാം വിപ്ലവാത്മകമായ മനോഭാവം കൈക്കൊള്ളുകയും പൂർണ്ണഹൃദയത്തോടെ പാപത്തോട് എതിർത്തുനിൽക്കുകയും ചെയ്യുന്നപക്ഷം, നമ്മുടെ ഹൃദയത്തെ പൂർണ്ണ വിശുദ്ധിയിൽ സൂക്ഷിക്കാൻ നമുക്കു സാധിക്കും.

അടുത്ത പ്രാവശ്യം ദുർമ്മോഹത്തോടെ നോക്കുവാനുള്ള പരീക്ഷ നിങ്ങൾക്കുണ്ടാകുമ്പോൾ നിങ്ങൾ ദൈവകൃപയിലാശ്രയിച്ച് ഇപ്രകാരം ചെയ്യുക. തക്കസമയത്ത് ആവശ്യമായ സഹായത്തിനായി ദൈവത്തെ നോക്കി നിലവിളിക്കുക. അപ്പോൾ ദൈവകൃപ നിങ്ങൾക്കു ധാരാളമായി ലഭിക്കും. പാപത്തിന്റെ നേരേയുള്ള നമ്മുടെ മനോഭാവം ഈ വിധത്തിലുള്ളതായിരിക്കട്ടെ. എന്തെന്നാൽ വിശുദ്ധഹൃദയമുള്ളവർ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയുള്ളു.

വാക്യം 31, 32. “ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്; പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.

ന്യാപ്രമാണത്തിൽ ഭാര്യയെ ഉപേക്ഷിക്കുവാനുള്ള ഒരനുവാദം ആളുകൾക്കു നൽകിയിരിക്കുന്നു. എന്നാൽ യേശുക്രിസ്തു പറയുന്നത് – പാതി വ്രത്യഭംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവർ വ്യഭിചാരം ചെയ്യുന്നു. വിവാഹമോചനം വ്യക്തമായും ദൈവം നിരോധിച്ചിരിക്കുന്നുവെന്നാണ് ഇതിന്റെ അർത്ഥം. ഒരു സ്ത്രീയോ പുരുഷനോ പരസംഗം ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലല്ലാതെ വിവാഹമോചനം ഒരിക്കലും പാടില്ല എന്നതാണ് പുതിയനിയമത്തിലുള്ള ദൈവകല്പന. നമ്മുടെ വിവാഹജീവിതത്തിൽ സമ്പൂർണ്ണ വിശുദ്ധി പാലിക്കപ്പെടണം എന്നാണിതിന്റെ അർത്ഥം. വിവാഹത്തെ ദൈവം വിശുദ്ധീകരിച്ചിരിക്കുന്നു. ഈ കല്പന നമുക്കു പാലിക്കാം. വിവാഹിതരും അവിവാഹിതരും ഒരുപോലെതന്നെ പൂർണ്ണവിശുദ്ധിയിൽ തങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുവാനാവശ്യമായ ദൈവകൃപയ്ക്കായി ആഗ്രഹിക്കട്ടെ. അപ്പോൾ ദൈവം നമ്മുടെ ഹൃദയങ്ങളെ വിശുദ്ധിയിൽ സൂക്ഷിക്കും.

5 സത്യഭാഷണം


“കള്ളസാക്ഷ്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കർത്താവിനു നിവർത്തിക്കണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്. അശേഷം സത്യം ചെയ്യരുത്; സ്വർഗ്ഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്റെ സിംഹാസനം; ഭൂമിയെക്കൊണ്ട് അരുത്, അത് അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അത് മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടു സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു കഴികയില്ലല്ലോ. നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു” (മത്തായി 5:33-37).

ഈ ഭാഗത്തിനു മുമ്പുള്ള വാക്യങ്ങളിൽ പഴയനിയമ പ്രമാണവും പുതിയനിയമവ്യവസ്ഥയും തമ്മിലുള്ള വ്യത്യാസമാണ് കർത്താവായ യേശു ക്രിസ്തു ശിഷ്യന്മാർക്കു കാണിച്ചുകൊടുത്തുകൊണ്ടിരുന്നത്. യേശുക്രിസ്തു വരികയും പുതിയനിയമം സ്ഥാപിക്കുകയും ചെയ്തശേഷം ദൈവം ക്രിസ്തു ശിഷ്യന്മാരായ നമ്മിൽനിന്ന് കൂടുതൽ ഉന്നതമായ ധാർമ്മികനിലവാരമുള്ള ഒരു ജീവിതമാണ് പ്രതീക്ഷിക്കുന്നത്. കാരണം, പഴയനിയമകാലത്ത് ദൈവം തന്റെ ജനങ്ങളുടെമേൽ പരിശുദ്ധാത്മാവിനെ അയച്ചിരുന്നില്ല. കൃപയുടെ യുഗം അന്ന് ആരംഭിച്ചിരുന്നില്ല. ജീവനുള്ള പുതുവഴി അന്നു മനുഷ്യർക്കായി തുറക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് അവയെല്ലാം നമുക്കു സാധിച്ചുകിട്ടിയ തിനുശേഷം നാം പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുവാൻ ബാധ്യസ്ഥരായിത്തീർന്നിരിക്കുന്നു. തന്മൂലം പുറമേയുള്ള ഒരു നീതി മാത്രമല്ല നമുക്കു വേണ്ടത്. ആന്തരികമായ ഒരു നീതികൂടെ നമ്മിലുണ്ടായേ തീരൂ. വിദ്വേഷത്തിന്റെ സ്ഥാനത്തു സ്നേഹവും വ്യഭിചാരത്തിന്റെയും ദുർമ്മോഹത്തിന്റെയും സ്ഥാനത്തു വിശുദ്ധിയും നമ്മുടെ ഹൃദയത്തിൽ വാഴണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ ശിഷ്യന്മാരാകുവാൻ വിളിക്കപ്പെട്ടവരിൽനിന്ന് ദൈവം ഇതാണാഗ്രഹിക്കുന്നത്.

നാമിപ്പോൾ ചിന്തിച്ചുകൊണ്ടിരുന്ന വേദഭാഗത്ത് പ്രായോഗികജീവിത മണ്ഡലങ്ങളിൽ മനുഷ്യർക്കു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മൂന്നു പ്രത്യേ കകാര്യങ്ങളെപ്പറ്റി കർത്താവു സംസാരിക്കുന്നുണ്ട്. ഒന്നാമത്, സഹോദരന്മാർ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിൽ കോപിക്കുവാനും ഈർഷ്യയും നീരസവും തോന്നുവാനുമുള്ള സാധ്യതയുണ്ട്. നാം മറ്റുള്ളവരുടെ വികാരങ്ങളെ ആ വിധത്തിൽ വ്രണപ്പെടുത്തുകയും പിന്നീട് ആ ബന്ധം ശരിയാക്കി നിരപ്പിന്റെ അനുഭവത്തിലെത്തുവാൻ ശ്രമിക്കാതെ മുന്നോട്ടു പോവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ കാര്യത്തിൽ നാം സഹോദരന്മാരോട് എപ്രകാരം നിസ്വാർത്ഥതയോടും സ്നേഹത്തോടും സമാധാനത്തോടും കൂടി പെരുമാറണമെന്ന കാര്യമാണ് മത്തായി 5:21 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞത്.

രണ്ടാമത്, സ്ത്രീപുരുഷബന്ധത്തിൽ ദുർമ്മോഹത്താലുള്ള അശുദ്ധി നമ്മുടെ ജീവിതങ്ങളെ കലുഷമാക്കുവാൻ സാധ്യതയുണ്ട്. ഒട്ടധികം പേർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ജീവിതമണ്ഡലമാണത്. ഇതിനെപ്പറ്റിയാണ് 27 മുതൽ 32 വരെ വാക്യങ്ങളിൽ കർത്താവു പഠിപ്പിച്ചത്.

മൂന്നാമതായി, നമ്മുടെ സംഭാഷണത്തിലും ജീവിതത്തിലും തികഞ്ഞ സത്യസന്ധത പുലർത്തേണ്ടതിനെപ്പറ്റി 33 മുതൽ 37 വരെയുള്ള മുൻ ഉദ്ധരിച്ച വാക്യങ്ങളിൽ കർത്താവു പഠിപ്പിക്കുന്നു.

ഈ കാര്യത്തിലും നമ്മുടെ നീതി പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നാം ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് കർത്താവ് ഇവിടെ വ്യക്തമാക്കുന്നു. എന്താണ് ഇവിടെ കർത്താവ് പഠിപ്പിക്കുന്നത്? കള്ളസത്യം ചെയ്യരുത് എന്നും സത്യം ചെയ്തതും കർത്താവിനു നിവർത്തിക്കേണം എന്നും പൂർവന്മാരോട് അരുളിച്ചെയ്തത് നിങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ അശേഷം സത്യം ചെയ്യരുത് എന്നു കാർത്താവു പഠിപ്പിക്കുന്നു. പൂർവകാലത്ത് കള്ളസ്സത്യം ചെയ്യരുത് എന്നായിരുന്നു ആളുകൾക്കു ലഭിച്ചിരുന്ന കല്പന. സാധാരണ സംഭാഷണത്തിൽ കള്ളം പറഞ്ഞെന്നുവരാം. അത് അത് സാരമാക്കാനില്ല. എന്നാൽ നിങ്ങൾ ഒരു സത്യം ചെയ്യുമ്പോൾ – അവിടെ കള്ളം കടന്നുകൂടിയാൽ അതു വളരെ ഗൗരവമുള്ള പ്രശ്നമാണ്. ഏതാണ്ട് ഈ വിധത്തിലാണ് പരീശന്മാർ ഈ പ്രശ്നത്തെ വീക്ഷിച്ചിരുന്നത്. എന്നാൽ കർത്താവു പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. നമുക്ക് ഒരിക്കലും ഒരു സത്യം ചെയ്യേണ്ട ആവശ്യമില്ല. കാരണം നമ്മുടെ ഓരോ വാക്കും ഒരു സത്യം പോലെ തന്നെ ഗൗരവമുള്ളതാണ്. സ്വർഗ്ഗത്തെക്കൊണ്ടു സത്യം ചെയ്യരുത്; അതു ദൈവത്തിന്റെ സിംഹാസനം. ഭൂമിയെക്കൊണ്ട് അരുത്; അതു ദൈവത്തിന്റെ പാദപീഠം. യെരുശലേമിനെ ക്കൊണ്ട് അരുത്; അത് മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്. അതിലെ ഒരു രോമവും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു കഴിയുകയില്ലല്ലോ. എന്നാൽ നാം സംസാരിക്കുമ്പോൾ നമ്മുടെ വാക്ക് “ഉവ്വ്’ എന്നാണെങ്കിൽ അതെപ്പോഴും “ഉവ്വ്’ എന്നു തന്നെയായിരിക്കട്ടെ; “ഇല്ല’ എന്നാണെങ്കിൽ അത് എപ്പോഴും “ഇല്ല’ എന്നു തന്നെയിരിക്കട്ടെ. അതല്ലാതെ ഒരു സത്യം ചെയ്യേണ്ട യാതൊരാവശ്യവും ഒരു ക്രിസ്താനിക്കില്ല. അതിനാൽ ഒരിക്കലും സത്യം ചെയ്യരുത്. ഇങ്ങനെയൊരു ജീവിതത്തിനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിലൂടെ കൃപയും സത്യവും ലോകത്തിലേക്കു വന്നു. “ഞാൻ തന്നെ സത്യം” എന്ന് അവിടുന്ന് അരുളിച്ചെയ്തു. സത്യത്തിൽ നടക്കുവാനാണ് അവിടുന്നു നമ്മോടു കൽപിക്കുന്നത്. അതിനാൽ എല്ലാ അസത്യത്തെയും നാം വെറുതേ മതിയാവൂ. എല്ലാ അസത്യവും – അതു വാക്കിലാകട്ടെ. ചിന്തയിലാകട്ടെ, പ്രവൃത്തിയിലാകട്ടെ, – വ്യഭിചാരം, ദുർമ്മോഹം കൊലപാതകം എന്നിവപോലെ തന്നെ നിഷിദ്ധമാണ്. വെളിപ്പാട് 21: 27-ാം വാക്യത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നവരല്ലാതെ .. ഭോഷ്ക്കു പ്രവർത്തിക്കുന്നവൻ അതായത് അസത്യത്തിൽ ജീവിക്കുന്നവൻ ആരും അതിൽ (ദൈവനഗരത്തിൽ കടക്കുകയില്ല.” അസത്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഏതൊരുത്തനും ദൈവനഗരത്തിനു പുറത്താണ്. ഒരു പക്ഷേ അയാൾ ഒരിക്കൽ കർത്താവായ യേശുക്രിസ്തുവിനോട് “കർത്താവേ, എന്റെ ഹൃദയത്തിലേക്കു വരണമേ” എന്നു പറഞ്ഞിട്ടുള്ളവനാകാം. എന്നാലും അയാൾ ഭോഷ്ക്ക് അഥവാ വ്യാജം പറയുകയോ പ്രവർത്തിക്കുയോ ചെയ്യുന്നവനാണെങ്കിൽ സ്വർഗ്ഗീയനഗരത്തിൽ അയാൾക്ക് ഒരുനാളും പ്രവേശനം ലഭിക്കയില്ല. ഇതുപോലെയുള്ളവരുടെ സ്ഥാനം എവിടെയെന്ന് ഈ വാക്യത്തിനു മുമ്പുള്ള ഭാഗത്ത് വെളിപ്പാട് 21:8-ൽ പറഞ്ഞിട്ടുണ്ട്. “ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്.” ഇതു മാറ്റമില്ലാത്ത നിയമമാണ്. ഇതിനു യാതൊരു മാറ്റവും ഇല്ല തന്നെ.

വെളിപ്പാടു 14:1-5 വാക്യങ്ങളിൽ കുഞ്ഞാടും അദ്ദേഹത്തോടുകൂടെ സീയോൻ മലയിൽ അദ്ദേഹത്തിന്റെ നാമവും പിതാവിന്റെ നാമവും നെറ്റിയിൽ എഴുതിയിട്ടുള്ള 144000 പേരും നിൽക്കുന്നതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഈ 144000 പേർ കുഞ്ഞാടു പോകുന്നിടത്തൊക്കെയും അദ്ദേഹത്തെ അനുഗമിക്കുന്നവരാണ്. അവരുടെ സവിശേഷതയെന്തെന്ന് 5-ാം വാക്യത്തിൽ പറഞ്ഞിട്ടുണ്ട്. ഭോഷ്ക്ക് (വ്യാജം) അവരുടെ വായിൽ ഉണ്ടായിരുന്നില്ല” എന്നതാണ് ആ സവിശേഷത. യേശുക്രിസ്തുവിനെ പിന്തുടരുന്നവർ അപ്രകാരമുള്ളവരാണ്. യാതൊരു സത്യവും അവരുടെ വായിൽ ഉണ്ടായിരിക്കയില്ല. ഒരാൾ ഒരു നിമിഷനേരത്തേക്കെങ്കിലും തന്റെ വായ് അസത്യം പറയുവാൻ ഉപയോഗിക്കുന്ന പക്ഷം അത് അയാൾ പിശാചുമായി ബന്ധപ്പെട്ടവനാണെന്നു തെളിയിക്കുന്ന അടയാളമാണ്. യോഹന്നാൻ 8:44-ൽ പിശാചിനെപ്പറ്റി “അവൻ ഭോഷ്ക്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു” എന്നു പറയുന്നു അതിനാൽ ഭോഷ്ക് പറയുന്നവർ ആരായിരുന്നാലും അവരെല്ലാം പിശാചിന്റെ മക്കൾ തന്നെ. ഈ നിയമത്തിനു യാതൊരു മാറ്റവുമില്ല.

അതിനാൽ നാം എന്തിനെയെങ്കിലും പറ്റി സത്യം ചെയ്യുന്നുവെങ്കിൽ നാം സാധാരണഗതിയിൽ സത്യം പറയുന്നവരല്ല എന്നു പരോക്ഷമായി സമ്മതിക്കുന്നു എന്നതു സ്പഷ്ടം. അല്ലാത്തപക്ഷം ഒരാൾക്കു സത്യം ചെയ്യേണ്ട ആവശ്യമില്ലല്ലോ. ഒരു ക്രിസ്ത്യാനി പറയുന്ന ഓരോ വാക്കും സത്യം ചെയ്യുന്നതു പോലെ ഗൗരവമുള്ളതായിരിക്കും. അവർ “ഉവ്വ്’ എന്നു പറഞ്ഞാൽ അത് എപ്പോഴും “ഉവ്വ്’ തന്നെ. “ഇല്ല’ എന്നു പറഞ്ഞാൽ അത് എപ്പോഴും “ഇല്ല എന്നു തന്നെ. ഒരു വ്യാജവും ദൈവത്തിൽ നിന്നു പുറപ്പെടുന്നതല്ല. അതിന്റെ ഉത്ഭവസ്ഥാനം പിശാചുതന്നെയാണ്. എല്ലാ വ്യാജവും പൈശാചികം തന്നെ. നല്ല വ്യാജം, ചീത്ത വ്യാജം എന്നൊരു തരംതിരിവ് വ്യാജത്തിന് ഇല്ലതന്നെ.

യോഹന്നാൻ 14-ാമധ്യായത്തിൽ സാത്താനെപ്പറ്റി യേശുക്രിസ്തു ഇപ്രകാരം പറയുന്നു: “ഈ ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല. സാത്താനു ചേർന്ന ഒരു കാര്യവും തന്നിൽ ഇല്ല എന്നാണ് ഇതിന്റെയർത്ഥം. ഓരോ ക്രിസ്ത്യാനിയും ഇപ്രകാരം പറവാൻ കഴിവുള്ളവനായിത്തീരണം എന്നു ദൈവം ആഗ്രഹിക്കുന്നു. എപ്പോഴെങ്കിലും ഒരു നിമിഷനേരത്തേക്കെങ്കിലും വ്യാജം പറയുവാനായി തന്റെ നാവിനെ ഉപയോഗിക്കുന്ന ഒരാൾക്കും ഇപ്രകാരം പറയുവാൻ സാധ്യമല്ല. ഒരു ചെറിയ വ്യാജമെങ്കിലും നാം പറയുന്നപക്ഷം അതിലൂടെ സാത്താന് നമ്മുടെമേൽ അധികാരം ലഭിക്കുകയാണ് ചെയ്യുന്നത്. മത്തായി 12:36,37 വാക്യങ്ങളിൽ “മനുഷ്യൻ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധിനാളിൽ കണക്കു ബോധിപ്പിക്കേണ്ടിവരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും” എന്നു കർത്താവു പറയുന്ന ഭാഗം നോക്കുക. യേശുക്രിസ്തു തുറന്നുതന്ന ജീവനുള്ള പുതുവഴിയുടെ പ്രമാണമാണിത്. ഇതു പഴയനിയമത്തിൽ ഉണ്ടായിരുന്നില്ല. ദൈവം ഒരിക്കലും അശ്രദ്ധയോടെയോ കരുതലില്ലാതെയോ ഒരു വാക്കുപോലും സംസാരിക്കുന്നവനല്ല. ദൈവത്തിന്റെ അതേ സ്വഭാവം തന്റെ മക്കളിലേക്കു പകരുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ഇങ്ങനെ നാം ദൈവസ്വഭാവത്തിൽ പങ്കാളികളായിത്തീരുമ്പോൾ നമ്മുടെ “ഉവ്വ്’ എന്നത് “ഉവ്വ് തന്നെയായിരിക്കും. “ഇല്ല’ എന്നതു “ഇല്ല” എന്നുതന്നെയായിരിക്കും. അപ്പോൾ എന്തിനെയെങ്കിലും പറ്റി സത്യം ചെയ്യേണ്ട ആവശ്യം നമുക്കില്ലാതാകും. നാം നമ്മുടെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നവരും അതിനെ കൃത്യമായി പാലിക്കുന്നവരുമായിത്തീരുകയും ചെയ്യും.


6 നന്മയാൽ തിന്മയെ ജയിക്കുക


“കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്. ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിടത്ത് അടിക്കുന്നവന് മറ്റേതും തിരിച്ചു കാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുക്കാൻ ഇച്ഛിക്കുന്ന വനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക. ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ട് അവനോടു കൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പ് വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കള യരുത്” (മത്തായി 5:28-32).


ഈ ഭാഗത്തു വീണ്ടും പഴയനിയമത്തിൽ ന്യായപ്രമാണത്തിലുള്ള ഒരു നിയമം കർത്താവ് എടുത്തുകാണിച്ച് അതിനെപ്പറ്റി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് അനുശാസിക്കുന്ന ഒരു ഭാഗം ന്യായപ്രമാണത്തിലുണ്ട്. ഈ ഭാഗത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാതെ അതിനെ ദുർവ്യാഖ്യാനം ചെയും തെറ്റായി പ്രയോഗിക്കുകയുമാണ് പരീശന്മാർ ചെയ്തത്. പുറപ്പാട് 21:22-24 വാക്യങ്ങളിൽ ഇപ്രകാരമൊരു നിയമം കാണുന്നു: “മനുഷ്യർ തമ്മിൽ ശണ്ഠകൂടിയിട്ട് ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കണം. ന്യായാധിപന്മാർ വിധിക്കും പോലെ അവൻ കൊടുക്കണം. മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ കാലിനു പകരം കാൽ, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, തിണർപ്പിനു പകരം തിണർപ്പ്.
വീണ്ടും ലേവ്യപുസ്തകം 24:19,20 വാക്യങ്ങളിൽ ഇതിനു തുല്യമായ ഒരു നിയമം കാണുന്നുണ്ട്. “ഒരുത്തൻ കൂട്ടുകാരനു കേടുവരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നെ അവനോടും ചെയ്യണം. ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. ഇങ്ങനെ അവൻ മറ്റവനു കേടു വരുത്തിയതുപോലെ അവന്നും വരുത്തണം.

ഈ കല്പനകളുടെ ഉദ്ദേശ്യമെന്തെന്ന്, സൂക്ഷിച്ചു വായിക്കുന്ന ഏവർക്കും വേഗത്തിൽ ബോധ്യമാകും. മനുഷ്യരുടെ ഇടയിലുള്ള വിവിധ വ്യവഹാരങ്ങൾ കേട്ടു തീരുമാനിക്കുന്ന ഒരു ന്യായാധിപൻ ഏതുവിധത്തിൽ തീർപ്പു കല്പിക്കണമെന്നതിനെക്കുറിച്ചു മാർഗ്ഗനിർദ്ദേശം നൽകുന്ന നിയമങ്ങളാണി 1. മനുഷ്യൻ സ്വയം പകരത്തിനു പകരം ചെയ്യണം അഥവാ പ്രതികാരം.

നിർവഹിക്കണം എന്നതല്ല ഇവിടത്തെ താൽപര്യം. മറിച്ച് ഒരുവൻ മറ്റൊരു മനുഷ്യനെയും അവന്റെ ശരീരത്തെയും എപ്രകാരം മാനിക്കുകയും കരുതുകയും ചെയ്യണം എന്നതാണ് ഇവിടത്തെ വിഷയം പക്ഷേ ഈ കല്പനയെയും പരീശന്മാർ സ്വേച്ഛയ്ക്കൊത്ത് ദുർവ്യാഖ്യാനം ചെയ്യുകയും ദുരുപയോഗപ്പെടുത്തുകയുമാണുണ്ടായത്.

എന്നാൽ കർത്താവായ യേശുക്രിസ്തു ഈ കല്പനയോടു ബന്ധപ്പെടുത്തി എന്താണു പഠിപ്പിച്ചതെന്നു നോക്കുക. പ്രതികാരചിന്ത നിശ്ശേഷം വെടിയുകയും പരസ്പരം നന്മ ചെയും നന്മയാൽ തിന്മയെ ജയിക്കുകയും ചെയ്യണം എന്നാണ് ഈ ഭാഗത്തും മറ്റെല്ലാ ഭാഗങ്ങളിലും കർത്താവു പഠിപ്പിക്കുന്നത്. 39-ാം വാക്യം നോക്കുക: “ഞാനോ നിങ്ങളോടു പറയുന്നതു “ദുഷ്ടനോടു എതിർക്കരുത്. നിന്റെ വലത്തെ ചെകിടത്ത് അടിക്കുന്നവന് മറ്റേതും തിരിച്ചു കാണിക്കുക.” പ്രതികാരം ചെയ്യരുത് എന്നു മാത്രമല്ല, ഒരു പടികൂടിക്കടന്ന് നമ്മെ ദ്രോഹിക്കുന്നവർക്കു നന്മ ചെയ്യണമെന്നും അങ്ങനെ തിന്മയെ ജയിക്കണമെന്നുമാണ് ഇതിന്റെ താൽപര്യം. റോമർ 12:21 നോക്കുക: “തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.” എങ്ങനെയാണ് ഇതു ചെയ്യാൻ നമുക്കു സാധിക്കുന്നത്? നമുക്ക് ദ്രോഹം ചെയും നമ്മെ ഉപദ്രവിക്കുകയും ചെയ്യുന്നവരെ പകരം ദ്രോഹിച്ചാൽ നാം തിന്മയോടു തോൽക്കുന്നവരായിത്തീരും. അവിടെ തിന്മ നമ്മെയും കീഴ്പ്പെടുത്തുകയാണല്ലോ ചെയ്യുന്നത്. എന്നാൽ ഒരാൾ നമുക്കു ദോഷം ചെയ്യുമ്പോൾ നാം പകരമൊന്നും ചെയ്യാതെ വെറുതെ അതു സഹിക്കുകമാത്രം ചെയ്താലോ? അപ്പോൾ നാം തിന്മയോടു തോൽക്കുന്നില്ല എന്നു തീർച്ചയാണ്. പക്ഷേ തിന്മയെ ജയിക്കുവാൻ അവിടെ നമുക്കു സാധിക്കുന്നില്ല. നേരേ മറിച്ച് തിന്മ ചെയ്തയാളിനു പകരം നന്മ ചെയ്യുമ്പോഴാണ് നാം തിന്മയെ ജയിക്കുന്നത്. ഇതിനായിട്ടാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിനാവശ്യമായ ദൈവകൃപ നമുക്കു ലഭ്യമാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഇതു ചെയ്യുവാൻ ദൈവം നമ്മെ പ്രാപ്തരാക്കും.

യേശുക്രിസ്തു ഇത് എപ്രകാരം ചെയ്തു നമുക്കു മാതൃക കാട്ടി എന്നു നോക്കുക. രാത്രിയിൽ വാളും വടിയുമായി ഒരു വലിയ പുരുഷാരം റോമൻ പടയാളികളോടൊത്ത് തന്നെ പിടികൂടുവാൻ വന്നപ്പോൾ പത്രോസ് വാളൂരി ഒരു പട്ടാളക്കാരനെ വെട്ടി അവന്റെ കാതറുത്തു വീഴ്ത്തി. യേശുവാകട്ടെ, പെട്ടെന്നു പത്രോസിനെ ശാസിച്ച് വാൾ ഉറയിലിടുവാൻ കൽപിച്ചശേഷം അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. യേശുവിനെ പിടികൂടിയവർ സകല നീതിക്കും വിരുദ്ധമായി അദ്ദേഹത്തെ ക്രൂശിൽ തറച്ചു കൊല്ലുവാനുള്ള വിധി സമ്പാദിച്ചു. “ഇവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതിമേലും വരട്ടെ” എന്നു പറഞ്ഞുകൊണ്ട് അവർ കർത്താവിനെ ക്രൂശിൽ തറച്ചു. യേശു ആ ക്രൂശിൽക്കിടന്നുകൊണ്ട് “പിതാവേ, ഇവർ ചെയ്യുന്നത് ഇന്നതെന്ന് ഇവർ അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർത്ഥിച്ചു. ഇതാണ് നാമും ചെയ്യേണ്ടത്.

എന്നാൽ ഈ ലോകത്തിൽ ഒരു വിധത്തിലുള്ള നീതിയും നാം പ്രതിക്ഷിക്കാൻ പാടില്ലേ എന്നൊരാൾ ചോദിച്ചേക്കാം. നീതി പ്രതീക്ഷിക്കേണ്ട എന്നതല്ല ഇതിന്റെയർത്ഥം. പിന്നെയോ വ്യക്തിപരമായി നാം ദ്രോഹത്തിനു പ്രതികാരം ചെയ്യാൻ ആഗ്രഹിക്കരുത്. പ്രതികാരചിന്തയിൽ നിന്നു നാം സമ്പൂർണ്ണമായും സ്വതന്ത്രരായിരിക്കണം. എന്നു മാത്രമല്ല, നമ്മുടെ ശത്രുക്കൾക്കും നമ്മെ ഉപദ്രവിക്കുന്നവർക്കും നന്മ ചെയ്യുവാൻ നാം അവസരം നോക്കിയിരിക്കുകയും അങ്ങനെയുള്ള അവസരങ്ങൾ എല്ലാം ഉപയോഗിക്കുകയും ചെയ്യും. യേശു തുറന്നു തന്ന ജീവനുള്ള പുതുവഴിയിൽക്കൂടി നടക്കുന്നവരാണോ നാം എന്നു ശോധന ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ ഉര കല്ലാണിത്.

ഗിരിപ്രഭാഷണത്തിന്റെ ഈ ഭാഗത്ത് കർത്താവു കൈകാര്യം ചെയ്യുന്ന വിവിധ കാര്യങ്ങളോടനുബന്ധിച്ച് അതേ വെളിച്ചത്തിൽത്തന്നെ ഈ പ്രശ്നത്തെയും നമുക്കു മനസ്സിലാക്കാൻ കഴിയും. 21 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ കോപം, വിദ്വേഷം എന്നിവയെ ജയിച്ച് സ്നേഹത്തിലും സമാധാനത്തിലും ജീവിക്കേണ്ടതെങ്ങനെയെന്ന് കർത്താവു പഠിപ്പിക്കുന്നു. 27 മുതൽ 32 വരെയുള്ള വാക്യങ്ങളിൽ സ്ത്രീപുരുഷബന്ധത്തിൽ ദുർമ്മോഹം, വ്യഭിചാരം എന്നിവയെ ജയിക്കുവാൻ അവിടുന്നു നമ്മെ ആഹ്വാനം ചെയ്യുന്നു. 33 മുതൽ 31 വരെയുള്ള ഭാഗത്ത് വാക്കിലും ജീവിതത്തിലും സത്യസന്ധത പാലിക്കേണ്ട വിധത്തെപ്പറ്റി പ്രബോധിപ്പിക്കുന്നു. തുടർന്നു വരുന്ന ഈ ഭാഗത്ത് പ്രതികാരചിന്തയെയും സ്വാർത്ഥതയെയും ജയിക്കുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്നു.

ഈ കാര്യം പ്രായോഗികമായി നമുക്ക് എങ്ങനെ ചെയ്യാൻ കഴിയും? നന്മചെയ്യുവാനുള്ള അവസരങ്ങൾക്കായി നാം നോക്കിപ്പാർത്തിരിക്കുന്നുവെങ്കിൽ എല്ലാ മനുഷ്യർക്കും, വിശിഷ്യ, നമ്മെ ദ്രോഹിക്കുന്നവർക്കും നന്മ ചെയ്യാൻ നമുക്കു സാധിക്കും. 40-ാം വാക്യത്തിൽ “ഒരുത്തൻ നിന്നോടു വ്യവഹരിച്ച് നിന്റെ വസ്ത്രം എടുക്കുവാൻ ശ്രമിച്ചാൽ അവനു വസ്ത്രം മാത്രമല്ല, നിന്റെ പുതപ്പും കൂടി വിട്ടുകൊടുക്കുവാൻ കർത്താവ് ഉപദേശിക്കുന്നു. വസ്തുവകകളെപ്പറ്റിയുള്ള തർക്കവും കലഹവും വരുമ്പോൾ നിങ്ങളുടെ വക സ്ഥലമോ വസ്തുവകയോ കുറേ മറ്റേയാൾക്കു വിട്ടുകൊടുക്കുക എന്നാണ് കർത്താവ് പറയുന്നത്. ഭൗതികസമ്പത്തുകളോടുള്ള നമ്മുടെ മനോഭാവം ആ വിധത്തിലാണ് ഇരിക്കേണ്ടത്. അയൽക്കാരന് നിങ്ങളുടെ ഭൂമിയിൽ അൽപം കൂടി വിട്ടു കിട്ടണമെന്നു നിർബ്ബന്ധമാണോ? എങ്കിൽ വിട്ടു കൊടുക്കുക. 41-ാം വാക്യം: “ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബന്ധിച്ചാൽ രണ്ടു നാഴിക അയാളോടു കൂടെ പോകുക. കർത്താവു ജീവിച്ചിരുന്ന കാലത്ത് റോമൻ പടയാളികൾ തങ്ങൾ സേവിച്ചിരുന്ന നാട്ടിലെ യഹൂദന്മാരെ തങ്ങളുടെ കെട്ടും ഭാണ്ഡവും ചുമക്കുവാൻ നിർബന്ധിച്ചിരുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ഒരു നാഴിക ദൂരം അവ ചുമന്നുകൊണ്ടുപോകുവാൻ ഒരാൾ നിർബന്ധിക്കുന്നപക്ഷം നീരസം കാണിക്കാതെ അതു ചെയ്യുക. മാത്രമല്ല, നിങ്ങൾ അയാളെ സ്നേഹിക്കുന്നുവെന്ന് അയാൾക്ക് ബോധ്യം വരുമാറ് സന്തോഷപൂർവം പെരുമാറുവാനും നമുക്കു കഴിയണം. ഒരാൾ നമ്മോടു പണം കടം ചോദിക്കുന്നപക്ഷം നമ്മുടെ കഴിവിന്റെ പരമാവധി നൽകണം; ഒഴിഞ്ഞു കളയരുത്. എല്ലാ ഭൗതികവസ്തുക്കളോടുമുള്ള നമ്മുടെ മനോഭാവം ഇത്തരത്തിലാണ് ഇരിക്കേണ്ടത്. ഭൗതികവസ്തുക്കളെല്ലാം നമുക്ക് ഉപയോഗിക്കുവാനുള്ളതാണ്; എന്നാൽ മനുഷ്യരെയോ നാം ഉപയോഗിക്കുകയല്ല, മറിച്ചു സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പഴയനിയമചിന്തയിലുണ്ടായിരുന്ന എല്ലാ പ്രതികാരഭാവവും പകരത്തിന് പകരമെന്ന മനോഭാവവും നാം നിശ്ശേഷം വിട്ടുകളയണം. തൽസ്ഥാനത്ത് നന്മയും സ്നേഹവും ഔദാര്യവും അനുകമ്പയും കൊണ്ട് നമ്മുടെ ഹൃദയം നിറയണം. അപ്രകാരം നന്മകൊണ്ടു തിന്മയെ ജയിക്കുവാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്.

ഇവിടെ നാം അൽപം നിന്ന് സ്വയം ആത്മപരിശോധന ചെയ്യേണ്ടത് ആവശ്യമാണ്. ഇവിടെപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ ഹൃദയത്തിന്റെ നിലയാണ് പ്രധാനം. വല്ല വിധേനയും മനസ്സില്ലാമനസ്സോടെ ചെയ്യുവാനല്ല. കർത്താവ് ഉപദേശിക്കുന്നത്. നമ്മുടെ ശത്രുക്കൾക്കു നന്മ വരുവാൻ നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? അതോ നമ്മെ ദ്രോഹിക്കുന്നവർക്ക് എന്തെങ്കിലും ദോഷം സംഭവിക്കുമ്പോൾ നമ്മുടെ ഹൃദയം സന്തോഷിക്കുകയാണോ ചെയ്യുന്നത്? സദൃശ്യവാക്യങ്ങൾ 24:17-ൽ “നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്” എന്നു നാം വായിക്കുന്നു. ഇതു പാലിക്കുവാൻ സത്യമായും നമുക്കു സാധിക്കുന്നുണ്ടോ? ദുഷ്ടത നിറഞ്ഞ ഒരു ശത്രുവിനു വീഴ്ചയും ആപത്തും സംഭവിക്കുന്നതു കാണുമ്പോൾ അകമേ സന്തോഷിക്കുന്ന ഒരു സ്വഭാവമാണ് പ്രകൃത്യാ തന്നെ മനുഷ്യർക്കുള്ളത്. ഇതു പ്രാകൃതസ്വഭാവമാണ്; പൈശാചികപ്രകൃതിയാണ്. ദൈവസ്വഭാവം ഒരിക്കലും അതല്ല. അവൻ വീഴുമ്പോൾ സഹായിക്കുകയും വീഴ്ചയിൽ നിന്ന് അവനെ എഴുന്നേൽപിക്കുകയുമാണ് ദൈവസ്വഭാവം. ഇവിടെ നമുക്കു നമ്മെത്തന്നെ വിധിക്കാം. ഈ വിധത്തിലുള്ള ഒരു സ്വഭാവം പ്രാപിക്കുകയാണ് നമ്മുടെ രക്ഷ എന്നു പറയുന്നത്. അത് എത്ര വലിയ ഒരു രക്ഷയെന്ന് ഓർമ്മിക്കുക. ഈയൊരവസ്ഥയിൽ നാം എത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനാവശ്യമായ കൃപയും പരിശുദ്ധാത്മശക്തിയും നൽകുവാൻ ദൈവം സന്നദ്ധനാണ്. അതിനാൽ ദൈവകൃപയിലാശ്രയിച്ച് എല്ലാ പ്രതികാരചിന്തയിൽനിന്നും നമുക്കു വിമുക്തരായിത്തീരാം. ശത്രുക്കളായിരുന്നപ്പോൾ തന്നെ ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ നമുക്കും മറ്റുള്ളവരെ സ്നേഹിക്കാം. വിശേഷിച്ചും നമ്മുടെ ശത്രുക്കളെ


7 ദൈവസ്നേഹത്തിന്റെ സമ്പൂർണ്ണത


“കൂട്ടുകാരനെ സ്നേഹിക്കണമെന്നും ശത്രുവിനെ പകയ്ക്ക് എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായിത്തീരേണ്ടതിനു തന്നെ. അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ” (മത്തായി 5:43-48).

ഇവിടെയും കർത്താവ് പഴയനിയമത്തിലെ മറ്റൊരു കല്പനയ്ക്ക് സംഭവിച്ച മാർഗ്ഗഭ്രംശത്തെപ്പറ്റി സംസാരിക്കുന്നു. ശരിയായ വഴിയിൽനിന്നു വ്യതിചലിച്ച് തെറ്റായ മാർഗ്ഗത്തിലൂടെ വ്യാഖ്യാനിക്കപ്പെട്ട വേറൊരു കല്പന ഇവിടെ നാം കാണുന്നു. കൂട്ടുകാരനെ അഥവാ അയൽക്കാരനെ സ്നേഹിക്കുക എന്ന കല്പനയെപ്പറ്റിയാണ് ഇവിടെപ്പറയുന്നത്. ലേവ്യപുസ്തകം 19:18 നോക്കുക. “നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.” ഇപ്രകാരം കൂട്ടുകാരനെ സ്നേഹിക്കണം എന്നല്ലാതെ ശത്രുവിനെ പകയ്ക്കണം എന്നൊരു കല്പന പഴയ നിയമത്തിലെങ്ങും കാണുന്നില്ല. ഇതും പരീശന്മാരുടെ ദുർവ്യാഖ്യാനത്തിന്റെ ഫലമാണ്. എന്നാൽ കർത്താവായ യേശുക്രിസ്തു ഇതിനെപ്പറ്റി എന്തു പഠിപ്പിക്കുന്നു വെന്നു ശ്രദ്ധിക്കുക: “ഞാനോ നിങ്ങളോടു പറയുന്നത്. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ. സ്വർഗ്ഗസ്ഥനായ പിതാവിനു പുത്രന്മാരായിത്തീരേണ്ടതിനു വേണ്ടിയാണ് ഇപ്രകാരം ചെയ്യുവാൻ കർത്താവ് ആജ്ഞാപിക്കുന്നത്.

നേരത്തേയുള്ള ഭാഗത്ത് അതായത് മത്തായി 5:9-ൽ “സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും” എന്നു നാം വായിക്കുന്നു. നാം ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടുന്നത് നമ്മുടെ നാവു കൊണ്ട് നാം നടത്തുന്ന ഏതെങ്കിലും ഉച്ചത്തിലുള്ള അവകാശവാദം കൊണ്ടല്ല. പിന്നെയോ ദൈവത്തിന്റെ സ്വഭാവം നമ്മുടെ ജീവിതത്തിലൂടെ നാം വെളിപ്പെടുത്തുന്നുവെങ്കിൽ അപ്പോൾ നാം ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. യോഹന്നാൻ 8:44-ൽ യഹൂദന്മാരെപ്പറ്റി യേശു പറയുന്നതു ശ്രദ്ധിക്കുക. അവർ പിശാച് എന്ന അവരുടെ പിതാവിന്റെ സ്വഭാവമായ വ്യാജവും കപടവും വിദ്വേഷവും പ്രകടിപ്പിക്കുന്നതുകൊണ്ട് പിശാചിന്റെ മക്കളെന്നു സ്വയം തെളിയിക്കുന്നുവെന്നാണ് കർത്താവ് പറയുന്നത്. പിശാചിന്റെ മക്കൾ പിശാചിന്റെ സ്വഭാവം തങ്ങളിൽ വെളിപ്പെടുത്തും. അതുപോലെ ദൈവത്തിന്റെ മക്കൾ ദൈവസ്വഭാവം പ്രകാശിപ്പിക്കും.

ഈ ഭാഗത്ത് ദൈവസ്വഭാവത്തിന്റെ ഒരു പ്രത്യേക വശത്തെപ്പറ്റിയാണ് പറയുന്നത്. അത് എല്ലാ മനുഷ്യരോടുമുള്ള ദൈവത്തിന്റെ സ്നേഹം. നന്മ, കരുണ എന്നീ സ്വഭാവങ്ങളാണ്. അർഹതയില്ലാത്തവരോടുപോലും ദൈവം കരുണ കാണിക്കുന്നു. ദൈവം ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ തുല്യമായി ഉദിപ്പിക്കുന്നു. തന്റെ മഴ നീതിമാന്മാർക്കും നീതികെട്ടവർക്കും തുല്യമായി നൽകുന്ന സ്വഭാവമാണ് ദൈവത്തിനുള്ളത്. ദൈവത്തിന്റെ മക്കളും ഇതേ സ്വഭാവം പ്രകടിപ്പിക്കുന്നവരായിരിക്കണം. ഈ സമ്പൂർണ്ണമായ സ്നേഹസ്വഭാവം ജീവിതത്തിൽ വെളിപ്പെടുത്തുന്നവരാണ് നാമെങ്കിൽ നാം ദൈവത്തിന്റെ മക്കൾ തന്നെ.

പുറമേ ജനങ്ങളുടെ ധാർമ്മികനിലവാരമുയർത്തുവാൻ നടത്തുന്ന ഒരു പരിശ്രമമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഗിരിപ്രഭാഷണത്തിലുടനീളം ഊന്നൽ കൊടുക്കുന്നത് ബാഹ്യമായ പെരുമാറ്റത്തിനല്ല, ആന്തരികമായ ജീവിതത്തിനാണ് എന്നു നാമോർക്കണം. അതിനാൽ ഇത് ഒരുതരം സ്വയം നന്നാക്കൽ പരിപാടിയെന്ന നിലയിൽ നടപ്പിൽ വരുത്തുവാനല്ല കർത്താവ് ഉപദേശിക്കുന്നത്. ക്രൈസ്തവരല്ലാത്ത ആളുകൾ പലപ്പോഴും ഗിരിപ്രഭാഷണം വായിച്ചശേഷം അതിനെ തങ്ങളുടെ ജീവിതത്തിൽ പ്രയോഗത്തിലാക്കുവാൻ ശ്രമിക്കാറുണ്ട്. അവർ ആത്മാവിനാൽ വീണ്ടും ജനനം പ്രാപിക്കയോ പരിശുദ്ധാത്മാവിന്റെ കൃപയും ശക്തിയും അനുഭവത്തിലാക്കുകയോ ചെയ്തിട്ടല്ല അപ്രകാരം ശ്രമിക്കുന്നത്. ആ വിധത്തിൽ ബാഹ്യമായി കല്പനകളെ ആചരിക്കുവാൻ ശ്രമിക്കുന്നത് പരീശന്മാർ ന്യായപ്രമാണമാചരിക്കുവാൻ ശ്രമിച്ചതുപോലെ പരാജയത്തിൽ മാത്രമേ കലാശിക്കുകയുള്ളു. അതിനാൽ ദൈവികമായ കൃപയുടെ വ്യാപാരത്തിലൂടെ ദൈവസ്വഭാവത്തിൽ ഭാഗഭാക്കുകളായിത്തീരുവാനാണ് യേശു ഉപദേശിക്കുന്നത്. ആന്തരികജീവിതത്തിൽ സംഭവിക്കുന്ന രൂപാന്തരത്തിലൂടെയാണ് ഇതു സാധിക്കേണ്ടിയിരിക്കുന്നത്.

അപ്പോൾ നമുക്കു ശത്രുക്കളെ സ്നേഹിക്കുവാനും നമ്മെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും സാധിക്കും. നമ്മോടു ശത്രുത്വം കാട്ടുന്ന എല്ലാ മനുഷ്യനോടും സ്നേഹം കാണിക്കുക, നമ്മെ ദ്വേഷിക്കുന്ന എല്ലാ മനുഷ്യർക്കും നന്മ ചെയ്യുക, നമ്മെ ശപിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കുക, നമ്മെ ദുഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക – ഇതു ചെയ്യമ്പോഴാണ് നാം സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന്റെ പുത്രന്മാരായിത്തീരുന്നത്. ഈ വിധത്തിൽ ദൈവസ്വഭാവം നമ്മിൽ വെളിപ്പെടുത്തുവാൻ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമുക്കു സാധ്യം തന്നെ.

46-ാം വാക്യം നോക്കുക: “നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? നമ്മെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ട് നമുക്കു പ്രതിഫലമൊന്നും ലഭിക്കുന്നില്ല എന്നാണ് കർത്താവ് പറയുന്നത്. ഇക്കാര്യം നാമറിയുന്നുണ്ടോ? കാരണം, മാനസാന്തരപ്പെടാത്ത ജനങ്ങളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികൾ അഥവാ ദൈവവിശ്വാസമില്ലാത്തവരും അപ്രകാരം ചെയ്യുന്നുണ്ടല്ലോ. അപ്പോൾ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അന്തരം ഇതിലാണ് പ്രകടമാകേണ്ടത്. നമ്മെ സ്നേഹിക്കാത്തവരെയും ശേഷിക്കുന്നവരെയും നിന്ദിക്കുന്നവരെയും നമുക്കു ദ്രോഹം ചെയ്യുന്നവരെയും സ്നേഹിക്കുവാൻ നമുക്കു കഴിയണം. ഒരാൾ നമ്മെ ദ്വേഷിക്കുമ്പോൾ അയാൾ പിശാചിന്റെ മകനാണ് എന്നത് വ്യക്തമാണ്. കാരണം, ദ്വേഷം പിശാചിന്റെ സ്വഭാവമാണ്. അയാൾ ദ്വേഷിക്കുന്നതു കൊണ്ട് നാമും ദ്വേഷിക്കണമെന്നില്ല. ഒരാൾ പിശാചിനെ സേവിക്കുന്നതുകൊണ്ട് നാമും പിശാചിനെ സേവിക്കണം എന്നില്ലല്ലോ. അതിനാൽ ദ്വേഷത്തിനെതിരെ ദ്വേഷം പകരം കൊടുക്കുന്നവർ തങ്ങൾ അറിയാതെ തന്നെ പിശാചിനെ സേവിക്കുന്നവരത്രേ. നിങ്ങൾ ആരുടെ മകനാണ് എന്ന് എങ്ങനെയറിയാം? നിങ്ങൾ ദ്വേഷിക്കുകയാണോ സ്നേഹിക്കു കയാണോ എന്നതുകൊണ്ട് അത് അറിയാൻ കഴിയും.

മാനുഷികസ്നേഹവും ദൈവസ്നേഹവും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം ഇവിടെ നമുക്കു കാണുവാൻ കഴിയും. നിങ്ങൾ ആരെ സ്‌നേഹിക്കുന്നുവോ ആ വ്യക്തിയുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നതാണ് മാനുഷികസ്നേഹം. എന്നാൽ ദൈവസ്നേഹമാകട്ടെ, മറ്റേയാളുടെ പ്രതികരണത്തെ അശേഷവും ആശ്രയിച്ചിരിക്കുന്നില്ല. ഒരാൾ ദൈവസ്നേഹം കൊണ്ടു നിറഞ്ഞവനാണെങ്കിൽ അപ്പോൾ മറ്റുള്ളവരുടെ പ്രതികരണം ഏതു വിധമായിരുന്നാലും അയാൾ തുടർന്നു സ്നേഹിക്കുന്നതു കാണാൻ സാധിക്കും. അതിനാൽ നമ്മുടെ സ്നേഹം ചിലപ്പോൾ വർദ്ധിക്കുകയും ചിലപ്പോൾ മങ്ങിപ്പോകുകയും ചെയ്യുന്നതായി നാം കാണുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം നമ്മിലുള്ളത് ദൈവസ്നേഹമല്ല, കേവലം മാനുഷസ്നേഹം തന്നെയാണ് എന്ന്. ദൈവസ്നേഹം എതിരാളിയുടെ പ്രതികരണത്തെ ഒരിക്കലും ആശ്രിയിക്കുന്നില്ല. അതിനാൽ അത് ഒരു സാഹചര്യത്തിലും മങ്ങുകയോ ഉതിർന്നു പോകുകയോ ചെയ്യുന്നില്ല. പ്രിയ സ്നേഹിതരേ, ഇവിടെ നമുക്ക് നമ്മെത്തന്നെ പരിശോധിക്കാം. നമ്മിലുള്ള സ്നേഹം മങ്ങിപ്പോകുന്ന മാനുഷസ്നേഹമോ? അതോ മാറ്റമില്ലാത്തതും എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നതുമായ ദൈവസ്നേഹമോ? ദൈവമുമ്പാകെ നമുക്കു നിലവിളിക്കാം. “ദൈവമേ, അവിടുത്തെ സ്നേഹം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞു കവിഞ്ഞൊഴുകാൻ ഞങ്ങളെ സഹായിക്കണേ” എന്ന് നമുക്കപേക്ഷിക്കാം. റോമർ 5:5-ൽ “ദൈവസ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു’ എന്നു നാം വായിക്കുന്നുണ്ടല്ലോ.

വാക്യം 48: “ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് സൽഗുണപൂർണ്ണ നായിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” ദൈവത്തെപ്പോലെ പരിപൂർണ്ണരാകുവാൻ നമുക്കെങ്ങനെയാണ് സാധിക്കുക? ദൈവം ശക്തിയിലും ജ്ഞാനത്തിലും മഹത്വത്തിലും പരിപൂർണ്ണനാണ്. ആ പരിപൂർണ്ണത പ്രാപിക്കുക നമുക്കു സാധ്യമല്ല. എന്നാൽ ഒരു കാര്യത്തിൽ പരിപൂർണ്ണരാകുവാൻ നമുക്കു സാധിക്കും. ഇവിടെയുള്ള ഈ വാക്യത്തിനു സമാന്തരമായി ലൂക്കോസിന്റെ സുവിശേഷത്തിൽ കാണുന്ന വാക്യം ഇപ്രകാരമാണ്: “അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവനാകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവരാകുവിൻ” (ലൂക്കോസ് 6:36) ദൈവസ്വഭാവത്തിലെ അടിസ്ഥാനഘടകം കരുണ അഥവാ മനസ്സലിവ് അഥവാ അനുകമ്പയാണ്. ഈ ഗുണം അതിന്റെ എല്ലാ സമ്പൂർണ്ണതയോടും കൂടെ നമ്മുടെ സ്വഭാവത്തിൽ പ്രകാശിപ്പിക്കുവാൻ പരിശുദ്ധാത്മാവു നമ്മെ സഹായിക്കും. അപ്പോൾ ദൈവസ്നേഹമെന്നത് മനുഷ്യർ സ്നേഹമെന്നു സാധാരണ വ്യവഹരിക്കുന്ന മനോഭാവത്തിൽ നിന്നു അത്യന്തവിദൂരവും ഏറ്റവുമുന്നതവുമായ ഒന്നാണെന്നു നമുക്കു ബോധ്യമാകും. ഈ സ്നേഹവും കരുണയും അനുകമ്പയും കൊണ്ടു നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുവാനായി നമുക്ക് ദൈവത്തോടു നിലവിളിക്കാം.

ഭാഗം മൂന്ന്
പ്രാർത്ഥനയും ജീവിതവും


1
നീതി പ്രവൃത്തികൾ – രഹസ്യത്തിൽ (മത്തായി 6:1-4)

മത്തായിയുടെ സുവിശേഷം ആറാമധ്യായത്തിലെ ആദ്യത്തെ പതിനെട്ടു വാക്യങ്ങളിൽ കർത്താവായ യേശുക്രിസ്തു മൂന്നു കാര്യങ്ങളെപ്പറ്റി പഠിപ്പിക്കുന്നുണ്ട്:

1) നീതിപ്രവൃത്തികൾ
2) പ്രാർത്ഥന
3) ഉപവാസം

ഈ മൂന്നു കാര്യങ്ങളെപ്പറ്റിയും കർത്താവു പഠിപ്പിക്കുന്ന കാര്യങ്ങൾ അഞ്ചാമധ്യായത്തിന്റെ ഉത്തരഭാഗത്തു പറഞ്ഞുകൊണ്ടിരുന്നതിന്റെ തുടർച്ച തന്നെയാണ്. 5:20-ൽ നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നു കർത്താവ് ഉറപ്പിച്ചുപറഞ്ഞു. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതി അഥവാ പഴയനിയമകാലത്തെ നീതി ബാഹ്യകർമ്മങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നു. പുതിയനിയമത്തിലാകട്ടെ, ആന്തരികമായ ഒരു നീതിയെപ്പറ്റി കർത്താവു നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധമായ ഒരു ഹൃദയമുണ്ടായിരിക്കുക, ഹൃദയത്തിലെ ചിന്തകളുടെ കാര്യത്തിൽ പാപത്തിൽനിന്നു വിമുക്തരായിത്തീരുക എന്നതാണ് ആ നീതിയുടെ സ്വഭാവം. പെന്തക്കോസ്തുനാളിൽ പരിശുദ്ധാത്മാവിനെ കർത്താവു ശിഷ്യന്മാരുടെ മേൽ അയച്ചതോടുകൂടി ആരംഭിച്ച പുതിയനിയമവ്യവസ്ഥയിൽ മാത്രമേ ഇതു സാധ്യമായിത്തീരുന്നുള്ളു. അതിനാൽ അപ്രകാരമുള്ള ഒരു ജീവിതത്തെപ്പറ്റിയാണ് ഗിരിപ്രഭാഷണത്തിൽ കർത്താവു പഠിപ്പിക്കുന്നത്. ബാഹ്യമായ പാപങ്ങളിൽ നിന്നുള്ള മോചനം, ബാഹ്യമായ യാഗകർമ്മങ്ങൾ, ബാഹ്യമായ നീതി പ്രവൃത്തികൾ എന്നിവയിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതി. അതിനെ കവിഞ്ഞുനിൽക്കുന്ന ഒരു നീതി എങ്ങനെ പ്രാപിക്കാമെന്നതിനെപ്പറ്റി മത്തായി 5:1-48 വാക്യങ്ങളിൽ കർത്താവു പഠിപ്പിച്ചതിന്റെ തുടർച്ചയാണ് ആറാമധ്യായം 1-18 വാക്യങ്ങളിൽ നാം കാണുന്നത്.

“മനുഷ്യർ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല” (വാക്യം1). നാം ചെയ്യുന്ന എല്ലാ നീതി പ്രവൃത്തികളും മനുഷ്യരാരും കാണാതെ രഹസ്യത്തിലായിരിക്കണമെന്നല്ല ഈ ഭാഗത്ത് കർത്താവ് ഉദ്ദേശിക്കുന്ന അർത്ഥം. മത്തായി 5:16-ൽ “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വീകരിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്നു കർത്താവു പറയുന്നുണ്ടല്ലോ. ഈ രണ്ടു ഭാഗങ്ങൾ ഒരുമിച്ചു വച്ചുകൊണ്ടു ചിന്തിക്കുമ്പോൾ എന്താണീ ഭാഗത്തു കർത്താവു പഠിപ്പിക്കുന്നതെന്നു വ്യക്തമാകും. നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ മനുഷ്യർ കാണരുതെന്നല്ല, നേരേ മറിച്ച് മനുഷ്യരുടെ മുമ്പിൽ ബഹുമാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നമ്മുടെ നല്ല പ്രവൃത്തികൾ ചെയ്യരുത് എന്നാണ് കർത്താവ് ഇവിടെ പഠിപ്പിക്കുന്നത്. നമ്മുടെ പ്രവൃത്തികളുടെ പിന്നിലുള്ള പ്രേരകശക്തിയെന്ത് എന്നതാണ് പ്രധാനമായ പ്രശ്നം. മനുഷ്യരുടെ മുമ്പിൽ അഭിനന്ദനം നേടുന്നതിനുവേണ്ടി നാം സൽക്കർമ്മങ്ങൾ ചെയ്യുന്നുവെങ്കിൽ അത് പരീശതുല്യമായ ഒരു മനോഭാവമാണ്. കപടഭക്തിയാണ്. പരീശന്മാരുടെ പുളിച്ചമാവു സൂക്ഷിച്ചുകൊൾവിൻ എന്നു കർത്താവു ശിഷ്യന്മാരോടു ഒരിക്കൽ പറയുകയുണ്ടായി. ഈ പുളിച്ചമാവ് കപടഭക്തിയാണ്, അഥവാ മനുഷ്യരുടെ മാനം നേടുന്നതിനുവേണ്ടിയുള്ള ഭക്തിയുടെ ആചരണമാണ്. അതു നമ്മെ മരണശിക്ഷയ്ക്ക് യോഗ്യരാക്കുമെന്നു കർത്താവു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. “സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞു പോകും?” (മത്തായി 23:33) എന്നാണ് അവിടുന്നു പരീശന്മാരോടു ചോദിക്കുന്നത്. മത്തായി 6-ാമധ്യായത്തിലെ ആദ്യത്തെ പതിനെട്ടു വാക്യങ്ങളിൽ ഈ കപടഭക്തിക്കെതിരായി കർത്താവു ആഞ്ഞടിക്കുന്നത് നാം കാണുന്നു.

അതിനാൽ നമ്മുടെ സൽക്കർമ്മങ്ങൾ മനുഷ്യർ കാണേണ്ടതിനാണ് നാം ചെയ്യുന്നതെങ്കിൽ നമുക്ക് അപ്പോൾ തന്നെ പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു. ആരിൽ നിന്നുള്ള പ്രതിഫലമാണ് നാമാഗ്രഹിക്കുന്നത്? മനുഷ്യരിൽ നിന്നുള്ളതോ സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്നുള്ളതോ? ഇതാണ് പ്രധാന പ്രശ്നം. നമ്മുടെ ഭൂതകാല ജീവിതത്തിലേക്കു നാം തിരിഞ്ഞുനോക്കുന്ന പക്ഷം മനുഷ്യരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കുവാൻ നാം ധാരാളം കാര്യങ്ങൾ ചെയ്തിട്ടുള്ളതു നമുക്കു വ്യക്തമാകും. ഈ അംഗീകാരം ചിലപ്പോൾ ലൗകിക മനുഷ്യരിൽ നിന്നുള്ളതായിരിക്കാം. എന്തായാലും അതു നമുക്കുതന്നെ മഹത്വമന്വേഷിക്കുന്ന മനോഭാവമാണ്. സ്വന്തം മഹത്വമന്വേഷിക്കുന്ന ഈ മനോഭാവത്തിൽ നിന്നാണ് ലോകത്തിൽ ആദ്യം പാപം ഉത്ഭവിച്ചത്. ഇതിൽനിന്നും നാം പൂർണ്ണമായും സ്വാതന്ത്ര്യം നേടിയേ മതിയാവൂ.

“ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. നീയോ ഭിക്ഷ കൊടക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന് വല ചെയ്യുന്നതെന്ത് എന്ന് ഇടങ്കൈ അറിയരുത്; രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും” (മത്തായി 6:2-4).

ഭിക്ഷ കൊടുക്കുമ്പോൾ അതു കഴിവുള്ളിടത്തോളം രഹസ്യത്തിൽ ചെയ്യണം എന്നാണ് കർത്താവ് ഇവിടെ പഠിപ്പിക്കുന്നത്. ഇവിടെയും എന്തു ചെയ്തുവെന്നതല്ല, എന്ത് ഉദ്ദേശ്യത്തോടുകൂടിച്ചെയ്തുവെന്നതാണ് പ്രധാനം. രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. നാം രഹസ്യത്തിൽ ചെയ്യുന്നതൊക്കെയും നമ്മുടെ പിതാവു കാണുന്നു, അറിയുന്നു. ഇവിടെ നാമെന്തു വിതയ്ക്കുന്നുവോ അതു തന്നെ കൊയ്യും. നമ്മുടെ ഹൃദയത്തിന്റെ ഉദ്ദേശ്യം അഥവാ പ്രേരകശക്തിയാണ് സർവപ്രധാനം. അതു നാം ഒരിക്കലും മറക്കരുത്.

അടുത്തതായി പ്രാർത്ഥനയെപ്പറ്റി 5, 6 എന്നീ വാക്യങ്ങളിൽ കർത്താവു പഠിപ്പിക്കുന്ന ഭാഗം നോക്കുക. നമ്മുടെ ഏറ്റവും ആത്മീയമായ പ്രവർത്തനം തന്നെയും ഏറ്റവും ദുഷ്ടവും പൈശാചികവുമായി മാറാനുള്ള സാധ്യതയെപ്പറ്റി ഈ ഭാഗം നമ്മെ ഓർപ്പിക്കുന്നു. പരസ്യമായി നാം പ്രാർത്ഥിക്കുമ്പോൾ വലിയൊരു ആപൽ സാധ്യതയിലാണ് നാം നിൽക്കുന്നതെന്ന് ഓർത്തുകൊള്ളണം. നമ്മുടെ രഹസ്യ പ്രാർത്ഥനയിലില്ലാത്ത ഏതെങ്കിലുമൊരു ഭാവം മനുഷ്യബോധ്യത്തിനായി നമ്മുടെ പരസ്യ പ്രാർത്ഥനയിൽ വരുന്നുണ്ടോ എന്നു നാം ശോധന ചെയ്യണം. രഹസ്യത്തിൽ പ്രാർത്ഥിക്കുമ്പോൾ നമുക്കു കണ്ണുനീർ ഉണ്ടാകാതിരിക്കുകയും പരസ്യ പ്രാർത്ഥനയിൽ കണ്ണുനീർ ഉണ്ടാവുകയും ചെയ്യുന്നുവെങ്കിൽ അതു കപടഭക്തിയാണെന്നു സ്പഷ്ടം. രഹസ്യമായ പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകാത്ത ഭക്തിമയമായ ഒരു പ്രത്യേകസ്വരം നമ്മുടെ പ്രാർത്ഥനയിൽ മാത്രം കടുന്നു കൂടുന്നുവെങ്കിൽ അതു കപടഭക്തിയല്ലാതെ മറ്റെന്താണ്? പ്രാർത്ഥനയുടെ ആ പ്രത്യേക ശബ്ദവും സ്വരവും മനുഷ്യരുടെ മുമ്പാകെ ഭക്തിവേഷം കെട്ടുവാൻ വേണ്ടി നാം സ്വയം ഉണ്ടാക്കുന്നതല്ലേ? ഈ കാപട്യം നിശ്ശേഷം നമ്മിൽനിന്നു നീങ്ങിപ്പോകുവാൻ നാം ശ്രദ്ധിക്കണം. അതിനെ നമുക്കു സമ്പൂർണ്ണമായിത്തന്നെ നമ്മിൽനിന്നു ദൂരത്തകറ്റാം.

നമ്മുടെ പ്രാർത്ഥനയുടെ ഒരു നല്ല ഭാഗം രഹസ്യത്തിൽ മനുഷ്യരുടെ കാഴ്ചയ്ക്കപ്പുറം അദൃശ്യമണ്ഡലത്തിലായിരിക്കട്ടെ. പരസ്യമായി പ്രാർത്ഥിക്കുന്ന പലരും രഹസ്യ പ്രാർത്ഥനയ്ക്കു സമയം എടുക്കുന്നില്ല എന്നത് ഒരു പരമാർത്ഥം മാത്രമാണ്. എന്നാൽ പരസ്യമായി പ്രാർത്ഥിക്കേണ്ടതും ഒരാവശ്യമാണ്. നമ്മുടെ കർത്താവു തന്നെയും പരസ്യമായി പ്രാർത്ഥിച്ചതിനെപ്പറ്റി നാം സുവിശേഷങ്ങളിൽ വായിക്കുന്നുണ്ടല്ലോ. അപ്രകാരം പരസ്യമായി പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ മുമ്പിൽത്തന്നെ നിന്നുകൊണ്ട് ദൈവത്തോടു സംഭാഷണം ചെയ്യുന്ന വിധത്തിൽ നാം പ്രാർത്ഥിക്കണം. ആളുകൾ നമുക്കു ചുറ്റും നിൽക്കുന്നുണ്ട്. ആളുകളെ നാം പ്രാർത്ഥനയിൽ നയിക്കുകയാണ് എന്നതെല്ലാം ശരിതന്നെ, എന്നാലും ദൈവവുമായി അഭിമുഖ ബന്ധം പുലർത്തിക്കൊണ്ട് ദൈവമഹത്വത്തിനുവേണ്ടി മാത്രം പ്രാർത്ഥിപ്പാൻ നമുക്കു സാധിക്കണം. ഈ കഴിവു നാം സമാഗതമായി വളർത്തിക്കൊണ്ടു വരേണ്ടതാണ്. പക്ഷേ ഈ കഴിവു പൊടുന്നനെ ഏതാനും ദിവസങ്ങൾകൊണ്ടു നമുക്കു ലഭിച്ചെന്നു വരികയില്ല. കാരണം, കഴിഞ്ഞ വർഷങ്ങളിലെല്ലാം നാം ശീലിച്ചുപോന്നിട്ടുള്ള നമ്മുടെ സ്വന്തരീതികളെ- മനുഷ്യരുടെ മുമ്പാകെ ജീവിക്കുകയും സ്വന്ത മാനമന്വേഷിക്കുകയും ചെയ്യുന്ന രീതികളെയെല്ലാം തന്നെ – ഒന്നൊഴിയാതെ നാം നീക്കിക്കളയേണ്ടതാവശ്യമാണ്. നമുക്ക് അതു ചെയ്യാം.


2 എങ്ങനെ പ്രാർത്ഥിക്കണം?


“നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്നു കൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽക്കടന്നു വാതിൽ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽക്കാണുന്ന പിതാവു നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്. അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്. അവരോടു തുല്യരാകരുത്. നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കു മുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ” (മത്തായി 6:5-8).

ഈ വാക്യങ്ങൾ കർത്താവിന്റെ പ്രാർത്ഥന എന്നറിയപ്പെടുന്ന പ്രസിദ്ധമായ പ്രാർത്ഥനയുടെ ഒരാമുഖമാണ്. 9-ാം വാക്യം മുതൽ പ്രാർത്ഥന ആരംഭിക്കുന്നു. ആ പ്രാർത്ഥനയിലേക്കു നാം കടക്കുന്നുന്നതിന് മുമ്പ് കർത്താവ് പ്രാർത്ഥനയെക്കുറിച്ച് ഈ ഭാഗത്തു പഠിപ്പിക്കുന്ന രണ്ടു പ്രധാന കാര്യങ്ങൾ നമുക്കു ശ്രദ്ധിക്കാം.

ഒന്നാമത്, നമ്മുടെ പ്രാർത്ഥന നമ്മുടെ പിതാവായ ദൈവം കേൾക്കുന്നതിനുവേണ്ടിയുള്ളതായിരിക്കണം. അത് ഒരിക്കലും മനുഷ്യരെ കേൾപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ മനുഷ്യരിൽനിന്നു മാനം ലഭിക്കാൻ വേണ്ടി നടത്തപ്പെടുന്നതോ ആയിത്തീരരുത്. ഇത് ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യമാണ്. പരസ്യമായി നാം കേൾക്കുന്ന അനേകം പ്രാർത്ഥനകളും ഈ ഉദ്ദേശ്യങ്ങളോടുകൂടി ചെയ്യപ്പെടുന്നവയാണ്. അതിനാൽ അത്തരം പ്രാർത്ഥനകൾ ദൈവം ചെവികൊള്ളുന്നില്ലെന്നു മാത്രമല്ല, അവ ദൈവത്തിനു വെറുപ്പുള വാക്കുന്നവയായിത്തന്നെ തീരുകയും ചെയ്യുന്നു.

രണ്ടാമത്, പ്രാർത്ഥനയിൽ അർത്ഥശൂന്യമായ ജൽപനങ്ങൾ അഥവാ ആവർത്തനങ്ങൾ ഉണ്ടാകരുത്. ഇത്ര പ്രാവശ്യം പ്രാർത്ഥിച്ചു എന്നതല്ല പ്രാർത്ഥനയിൽ പ്രാധാന്യമർഹിക്കുന്നത്. നേരേമറിച്ച് പ്രാർത്ഥനയുടെ ആത്മാർത്ഥതയാണ് ഹൃദയങ്ങളെ കാണുന്നവനായ ദൈവത്തിന്റെ ദൃഷ്ടിയിൽ പ്രധാനമായിരിക്കുന്നത്. അർത്ഥശൂന്യമായ ആവർത്തനങ്ങൾ അക്രൈസ്തവമായ ഒരു സമ്പ്രദായമാണ്. ചില ജനവിഭാഗങ്ങൾ പ്രാർത്ഥനയ്ക്കായി ജപമാലയുപയോഗിക്കുമ്പോൾ മറ്റു ചിലർ പ്രാർത്ഥനാചക്രങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം ഉപാധികളുപയോഗിച്ച് അനേക പ്രാവശ്യം ഒരേ പ്രാർത്ഥന തന്നെ ആവർത്തിക്കുന്നത് ഫലപ്രദമായ ഒരു കാര്യമായി അവർ പരിഗണിക്കുന്നു. ഇതുപോലെതന്നെ പല സഭാവിഭാഗങ്ങളിൽപ്പെട്ട ക്രൈസ്തവരുടെ പ്രാർത്ഥനകൾ പരിശോധിച്ചാലും ഈയൊരു ചിന്താഗതി തന്നെ നമുക്കു കാണാൻ കഴിയും. ചിലർ ജപാമലകളും കൊന്തകളും മറ്റുമുപയോഗിച്ച് പ്രാർത്ഥന ചൊല്ലുകയും ആവർത്തിക്കുകയും ചെയ്യുമ്പോൾ മറ്റു ചില വിഭാഗങ്ങൾ “ഹല്ലേലുയ്യാ, ദൈവത്തിനു സ്തോത്രം” മുതലായ പദങ്ങൾ അർത്ഥ ശൂന്യമായി അനേക പ്രാവശ്യം ആവർത്തിച്ച് അതിലൂടെ സംതൃപ്തി നേടാൻ ശ്രമിക്കുന്നു. ഇങ്ങനെ ക്രൈസ്തവസഭാവിഭാഗങ്ങളുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയും നാം നോക്കുമ്പോൾ ഈയൊരു തെറ്റിദ്ധാരണ അവയിലെല്ലാം ആഴത്തിൽ വേരൂന്നിയിട്ടുള്ളത് നമുക്കു കാണുവാൻ കഴിയും.

സഭാപ്രസംഗിയുടെ പുസ്തകം 5-ാമധ്യായത്തിലെ ആദ്യത്തെ ഏതാനും വാക്യങ്ങൾ നാം ശ്രദ്ധിച്ചു വായിച്ചാൽ പ്രാർത്ഥനയിൽ അർത്ഥശൂന്യമായ ജല്പനങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയാണ് അവിടെപ്പറയുന്നതെന്നു നമുക്കു വ്യക്തമാകും. 1 മുതൽ 3 വരെ വാക്യങ്ങൾ നോക്കുക. “ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്കുക.” എങ്ങനെയാണ് കാൽ സൂക്ഷിക്കുക. എങ്ങനെയാണ് കാൽ സൂക്ഷിക്കേണ്ടതെന്ന് അടുത്ത വാക്യം പറയുന്നു. “മൂഢന്മാർ യാഗം അർപ്പിക്കുന്നതിനേക്കാൾ അടുത്തു ചെന്നു കേൾക്കുന്നതു നല്ലത്. അതിവേഗത്തിൽ ഒന്നും പറയരുത്. ദൈവസനിധയിൽ ഒരു വാക്കുച്ചരിപ്പാൻ നിന്റെ ഹൃദയം ബന്ധപ്പെടരുത്. ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലുമല്ലോ. ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ.” നാം ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ ഈ കാര്യത്തിൽ നാം ശ്രദ്ധാലുക്കളായിരിക്കും. വാക്കുകളുടെ പെരുപ്പം കൊണ്ടുള്ള ഭോഷത്തം നിറഞ്ഞ ജല്പനങ്ങൾ നാം പ്രാർത്ഥനയിൽ ഒഴിവാക്കുകയും ദൈവസന്നിധിയിൽ യഥാർത്ഥത്തിൽ നാം അറിയിക്കുവാൻ ആഗ്രഹിക്കുന്നത് എന്താണോ അതു മാത്രം നാം ദൈവത്തോട് അറിയിക്കുകയും ചെയ്യും.

അതിനാൽ ഈ പ്രമാണം നമുക്കു കർത്തൃപ്രാർത്ഥനയിലും പ്രായോഗികമാക്കുവാൻ സാധിക്കും. ആ പ്രാർത്ഥനയെ നാം വിശദമായി പരിശോധിക്കുന്നതിനു മുമ്പു തന്നെ ഈ കാര്യം നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയേണ്ടതാണ്. ഏറ്റവും ആത്മീയമായ ഒരു പ്രാർത്ഥനയാണത്. പക്ഷേ അനേകമാളുകളും അതിന്റെ അർത്ഥം മനസ്സിലാക്കാതെ അത് ആവർത്തിക്കുകയാണ് ചെയ്യുന്നത്. നാവുകൊണ്ട് ആ പ്രാർത്ഥന ഉച്ചരിക്കുവാൻ ആർക്കും കഴിയും.

ഒരു തത്തയ്ക്കുപോലും വെറുതേ വാക്കുകൾ ഉച്ചരിക്കാമല്ലോ. ഗ്രാമഫോൺ റെക്കോർഡിൽക്കൂടിയെന്നപോലെ അത്തരം ആവർത്തനം നമുക്കു യാതൊരു പ്രയോജനവും വരുത്തുകയില്ല. എന്നാൽ ദൈവമഹത്വം മാത്രമാഗ്രഹിച്ചു കൊണ്ട് ഹൃദയത്തിൽ നിന്ന് ആ പ്രാർത്ഥന പുറപ്പെടുന്നപക്ഷം അത് വ്യത്യസ്തമായ ഒരനുഭവമായിരിക്കും.

ഏഴും എട്ടും വാക്യങ്ങൾ നോക്കുക. “പ്രാർത്ഥിക്കയിൽ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്…. നിങ്ങളുടെ പിതാവ് അറിയുന്നവല്ലോ.

ഈ വാക്യങ്ങളുടെ വെളിച്ചത്തിൽ ദൈവത്തോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കേണ്ടതിന്റെ തന്നെ ആവശ്യമെന്തെന്ന് ചിലർ ചോദിച്ചേക്കാം. നാം ചോദിക്കാതെതന്നെ ദൈവം അവയെല്ലാം അറിയുന്നുണ്ടല്ലോ. തീർച്ചയായും പ്രാർത്ഥനയെന്നത് നമ്മുടെ ആവശ്യങ്ങളെയെല്ലാം ദൈവത്തെ അറിയിക്കുകയല്ല. കാരണം, അവയെക്കുറിച്ചെല്ലാം അറിവുള്ളവനാണല്ലോ ദൈവം. നമ്മുടെ ആവശ്യങ്ങൾ എത്ര യഥാർത്ഥമെന്നോ എത്ര പ്രധാനമെന്നോ ദൈവത്തെ ബോധ്യപ്പെടുത്തുകയുമല്ല പ്രാർത്ഥനയുടെ ഉദ്ദേശ്യം. നമ്മുടെ അപേക്ഷകൾക്കുത്തരം നൽകാനായി ദൈവത്തെ സ്വാധീനിക്കുകയുമല്ല പ്രാർത്ഥന കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. ഇവയ്ക്കെല്ലാമതീതമായ, ഇവയെക്കളെല്ലാം ഉന്നതമായ ഒരു പ്രവർത്തനമാണ് പ്രാർത്ഥന. അതു നമ്മെ ദൈവവുമായി – കർത്താവായ യേശുക്രിസ്തുവുമായി – സജീവമായ ഒരു ബന്ധത്തിലേക്ക് ആനയിക്കുന്നു. ആ വിധത്തിലുള്ള ഒരു കൂട്ടായ്മയാണ് പ്രാർത്ഥനമൂലം സാധിക്കുകയും പരിപോഷിക്കപ്പെടുകയും ചെയ്യുന്നത്. ഒരു വധുവും അവളുടെ ആത്മകാന്തനും തമ്മിലുള്ള ഹൃദ്യമായ പ്രേമസംഭാഷണം പോലെയാണ് അതെന്നു പറയാം. അതു ദൈവത്തിന്റെ ഹിതമറിയുന്നതിനും നിറവേറ്റുന്നതിനും തദ്വാരാ അവിടുത്തെ സഹപ്രവർത്തകനായിത്തീരുന്നതിനും നമ്മെ പ്രാപ്തരാക്കിത്തീർക്കുന്നു. പ്രർത്ഥന നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുന്നു. അപ്പോൾ വിശ്വാസത്തോടുകൂടി ദൈവഹിതപ്രകാരം നാം ചോദി ക്കുന്ന കാര്യങ്ങൾ നമുക്കു ലഭിക്കുകയും ചെയ്യുന്നു.

അതിനാൽ പ്രാർത്ഥന മർമ്മപ്രധാനമായ ഒരു സംഗതിയാണ്. പ്രാർത്ഥനയിൽ ശരിയായ ഒരു മനോഭാവം പുലർത്തേണ്ടത് അതിലുമധികം പ്രധാനമാണ്. ഒരു രാത്രി മുഴുവനും നാം പ്രാർത്ഥനയിൽ സമയം കഴിച്ചാലും നമ്മുടെ ഒരു പ്രാർത്ഥനപോലും നാമിരിക്കുന്ന കെട്ടിടത്തിൽനിന്നു മുകളിലേക്ക് – ദൈവസന്നിധിയിലേക്ക് – ഉയർന്നു ചെന്നില്ലെന്നു വരാം. പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ മഹത്വമന്വേഷിക്കാതെ സ്വന്തമായ മാനമാണ് അന്വേഷിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രാർത്ഥനകൾ വ്യർത്ഥമായിത്തീരും; അവയ്ക്ക് ഉത്തരം ലഭിക്കുകയുമില്ല. പ്രാർത്ഥിക്കുമ്പോൾ അർത്ഥശൂന്യമായ ജല്പനങ്ങളിൽ അഥവാ ആവർത്തനങ്ങളിൽ നാം സമയം ചെലവിടുന്ന പക്ഷം അപ്പോഴും പ്രാർത്ഥന നിഷ്ഫലമായിത്തീരും. പ്രാർത്ഥിക്കുമ്പോൾ വിശ്വാസത്തോടെ നാം യാചിക്കുന്നില്ലെങ്കിൽ അങ്ങനെയുള്ള പ്രാർത്ഥനയും വ്യർത്ഥം തന്നെ.

അതുകൊണ്ട് സ്നേഹിതരേ, നാം പ്രാർത്ഥിക്കുമ്പോൾ ഈ കാര്യങ്ങൾ നാം ഓർമ്മിക്കേണ്ടത് മർമ്മപ്രധാനമായ ഒരു സംഗതിയാണ്. കർത്താവു പഠിപ്പിച്ച പ്രാർത്ഥനയെപ്പറ്റി നാം വിചിന്തനം ചെയ്യുന്നതിനുമുമ്പായി നമുക്ക് പ്രാർത്ഥനയുടെ ഈ ശരിയായ അടിസ്ഥാനം നമ്മുടെ ജീവിതത്തിൽ പണി തുറപ്പിക്കാം. ഈ മൂന്നു കാര്യങ്ങൾ വളരെ വ്യക്തമായി നമ്മുടെ ഓർമ്മയിൽ വയ്ക്കാം.

1) പ്രാർത്ഥനയിൽ ഒരിക്കലും സ്വന്തമാനമന്വേഷിക്കാതിരിക്കാൻ നമുക്കു ശ്രദ്ധവയ്ക്കാം. ഒരു നല്ല പ്രാർത്ഥനാമനുഷ്യൻ എന്ന ധാരണ ആളുകളിൽ അങ്കുരിപ്പിക്കുവാൻ നാം ശ്രമിക്കുന്നുവെങ്കിൽ അവിടെ ദൈവത്തിന്റെ മഹത്വമല്ല, മനുഷ്യരിൽ നിന്നുള്ള സ്വന്തമഹത്വമാണ് നാമന്വേഷിക്കുന്നത്. സ്രഷ്ടാവിനെക്കാളധികം സൃഷ്ടിയെ ആരാധിക്കുന്ന മനോഭാവമാണത്. റോമർ 1:25-ൽ “അവർ സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചുവെന്നു പറയുന്നു. “എന്റെ പ്രാർത്ഥന നിങ്ങൾക്ക് ഏറ്റവും ഹിതകരമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു’ എന്ന് മനുഷ്യരോടു നാം പറയുന്നതിനു തുല്യമാണത്. ആ മനോഭാവം നമ്മിൽനിന്നു നിശ്ശേഷം നീക്കിക്കളയാം. പകരം ദൈവത്തിന്റെ കണ്ണുകൾക്കു മുമ്പിൽ നമുക്കു ജീവിക്കുകയും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

2) രണ്ടാമത്, അർത്ഥശൂന്യമായ ജല്പനങ്ങളും ആവർത്തനങ്ങളും നമുക്ക് ഉപേക്ഷിക്കാം. ഒരു പ്രാർത്ഥന 500 പ്രാവശ്യം വീണ്ടു വീണ്ടും ആവർത്തിക്കുന്നതുകൊണ്ട് അതിന് ഉത്തരം ലഭിക്കുമെന്നു ചിന്തിക്കുന്നത് അർത്ഥന്യമാണ്. ഒരൊറ്റ പ്രാവശ്യമേ നാം ചോദിച്ചുള്ളുവെങ്കിലും ദൈവം അതിന് ഉത്തരം നൽകും.

3) മൂന്നാമത്, നമ്മുടെ പ്രാർത്ഥന വിശ്വാസത്തോടുകൂടിയതായിരിക്കട്ടെ. എന്തെന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ല. ഒട്ടധികം ആളുകളുടെയും പ്രാർത്ഥന വിശ്വാസം കൂടാതെയാകയാൽ അവ നിഷ്ഫലമായിപ്പരിണമിക്കുന്നു.

അതിനാൽ ഈ വിധത്തിൽ പ്രാർത്ഥിക്കുവാൻ നമുക്ക് ദൈവത്തിന്റെ സഹായമന്വേഷിക്കാം.


3 നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ


“നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ; നിന്റെ രാജ്യം വരണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ; ഞങ്ങൾക്കാവശ്യമുള്ള ആഹാരം ഇന്നു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളും ക്ഷമിക്കയില്ല” (മത്തായി 6:9-15).

ഈ ഭാഗത്ത് ഏതു വിധത്തിലാണ് നാം പ്രാർത്ഥിക്കേണ്ടതെന്നു കർത്താവു നമ്മെ പഠിപ്പിക്കുകയാണ്. കർത്താവു പഠിപ്പിച്ചതും ഇവിടെ ഉദ്ധിരിച്ചിട്ടുള്ളതുമായ ആ പ്രാർത്ഥന എല്ലാ ദിവസവും അതേ വാക്കുകളോടു കൂടെ ആവർത്തിച്ചുകൊള്ളണമെന്നല്ല. കർത്താവ് ഇതുകൊണ്ടു ഉദ്ദേശിച്ചിട്ടുള്ളത്. നാം നമ്മുടെ ഹൃദയത്തിൽ നിന്നു തന്നെ ആത്മാർത്ഥമായി കർത്താവു കാണിച്ചു തന്ന ഈ മാതൃകയിൽ പ്രാർത്ഥിക്കുന്നുവെങ്കിൽ ഈ വാക്കുകൾ അതേ പടി ഉച്ചരിക്കുന്നില്ലെങ്കിൽ തെറ്റൊന്നുമില്ല. എന്നാൽ അതിലുപരിയായി നാം എങ്ങനെ പ്രാർത്ഥിക്കണമെന്നുള്ളതിനു മാർഗ്ഗദർശകമായ ഒരു ശരിയായ മാതൃക കാണിച്ചുതരികയാണ് കർത്താവ് ഇവിടെ ചെയ്തിട്ടുള്ളത്.

പ്രാർത്ഥനയിൽ ദൈവത്തോടുള്ള നമ്മുടെ അടിസ്ഥാനപരമായ മനോഭാവം എന്തായിരിക്കണമെന്നു കാണിക്കുന്നതാണ് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന സംബോധന, ദൈവം നമ്മുടെ സ്വർഗ്ഗസ്ഥപിതാവാണ്. എന്തെന്നാൽ മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിച്ചതുമൂലം നാം ദൈവത്തിന്റെ മക്കളായിത്തീർന്നിരിക്കുന്നു. അങ്ങനെയല്ലായിരുന്നുവെങ്കിൽ ദൈവത്തെ പിതാവേ എന്നു വിളിക്കുവാൻ നമുക്കു സാധ്യമല്ല. ഗലാത്യർ 3:26-ൽ “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു” എന്നു പൗലോസ് പറഞ്ഞിട്ടുള്ളതു നോക്കുക. ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിന്റെ ഫലമായി ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മിൽ വരികയും ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുവാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ആത്മാവു നമ്മെ നിറയ്ക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് പുത്രത്വത്തിന്റെ ആത്മാവിൽ ദൈവത്തെ പിതാവേ എന്നു വിളിക്കുവാൻ നമുക്കു സാധിക്കുന്നത്.

ഇവിടെയും “എന്റെ പിതാവേ” എന്നു വിളിക്കാനല്ല, ദൈവമക്കളായ മറ്റുള്ളവരോടൊപ്പം “ഞങ്ങളുടെ പിതാവേ” എന്നു വിളിക്കാനാണ് കർത്താവു പഠിപ്പിച്ചത്. കേവലം ഞങ്ങളുടെ പിതാവേ എന്നു മാത്രമല്ല, പിന്നെയോ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാണ് നാം വിളിക്കേണ്ടത്. രണ്ടു കാര്യങ്ങൾ ഈ സംബോധനയിലൂടെ വ്യക്തമാകുന്നു. ഒന്നാമത് ദൈവം നമ്മുടെ പിതാവാകുന്നു. അവിടുന്നു നമ്മെ സ്നേഹിക്കുകയും നമുക്കായി കരുതുകയും ചെയ്യുന്നു. അവിടുത്തെ ഹൃദയം നമുക്കായി വാഞ്ഛിക്കുന്നു. നമ്മെക്കുറിച്ച് ഗാഢമായ ശ്രദ്ധയും താൽപര്യവും ഉള്ളവനാണ് അവിടുന്ന്. രണ്ടാമത്, അവിടുന്നു സ്വർഗ്ഗത്തിൽ വസിക്കുന്ന പിതാവാണെന്നു പറയുമ്പോൾ സർവശക്തനായ ആ ദൈവം ഈ ലോകത്തിലുള്ള സകലത്തെയും നിയന്ത്രിക്കുന്നവനും ഭരിക്കുന്നവനുമാണെന്ന് നാം ഓർക്കുകയാണ്. ഇതു നമ്മുടെ പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനമാണ്. ദൈവം നമ്മെ ഗാഢമായി സ്നേഹിക്കുന്നു, അന്തമറ്റവിധം സ്നേഹക്കുന്നു. സ്നേഹത്തിലെന്നപോലെ ശക്തിയിലും നിസ്തുല്യനാണവിടുന്ന്. ഈ രണ്ടു കാര്യങ്ങൾ നാം വിശ്വസിക്കുകയും ഇവയെപ്പറ്റി ഇളകാത്ത നിശ്ചയം നമുക്കുണ്ടാകുകയും ചെയ്യുമ്പോൾ അതു നമ്മുടെ ജീവിതത്തിൽ എന്തൊരു വിപ്ലവാത്മകമായ പരിവർത്തനം സൃഷ്ടിക്കുമെന്നാലോചിക്കുക. നാം പ്രാർത്ഥിക്കുന്ന ഓരോ പ്രാവശ്യവും ഈ മനോഗതിയോടെ പ്രാർത്ഥിക്കുന്നപക്ഷം അതു നമ്മുടെ പ്രാർത്ഥനാജീവിതത്തിൽത്തന്നെ ഒരു വമ്പിച്ച വ്യതിയാനമായിരിക്കും സൃഷ്ടിക്കുന്നത്.

ഈ സംബോധനയ്ക്കുശേഷം ദൈവത്തോടുള്ള നമ്മുടെ യാചനകൾ ആരംഭിക്കുമ്പോൾ, ഈ ലോകത്തിൽ ദൈവത്തിനു സാധിക്കാനുള്ള ലക്ഷ്യങ്ങളെപ്പറ്റി അപേക്ഷിച്ചുകൊണ്ടാണ് അവയാരംഭിക്കുന്നത്. എന്റെ കാര്യങ്ങളെയും എന്റെ ആവശ്യങ്ങളെയും പറ്റി ചോദിച്ചുകൊണ്ടല്ല അവയുടെ തുടക്കം. മനുഷ്യനെ സംബന്ധിച്ച മുഴുവൻ പ്രശ്നവും അവൻ തന്നിൽത്തന്നെ കേന്ദ്രീകരിച്ചവനായിത്തീർന്നിരിക്കുന്നു എന്നുള്ളതാണ്. ഏദൻ തോട്ടത്തിൽ വച്ചു മനുഷ്യനു പതനം സംഭവിച്ച അക്കാലം മുതലേ അവനെ ബാധിച്ച പാപസ്വാഭാവമാണിത്. ദൈവത്തിൽ കേന്ദ്രീകരിച്ചവനായിത്തീരുന്നതിനു പകരം അവൻ തന്നിൽത്തന്നെ കേന്ദ്രീകരിച്ചവനായിത്തീർന്നിരിക്കുന്നു. ഇതുമൂലം ഭൂരിപക്ഷം ആളുകളുടെയും പ്രാർത്ഥനകൾ, എനിക്കു അതു തരണമേ, ഇതു തരണമേ’ എന്ന രീതിയിലായിത്തീർന്നിട്ടുണ്ട്. അതുകൊണ്ട് ഇവിടെ കർത്താവു പഠിപ്പിക്കുന്നത് അപ്രകാരം സ്വാർത്ഥപ്രേരിതമായ പ്രാർത്ഥനകൾ പ്രാർത്ഥിക്കാതെ, ആദ്യമായി ദൈവത്തിന്റെ രാജ്യം. അവിടുത്തെ മഹത്വം, അവിടുത്തെ ഇഷ്ടം എന്നിവയ്ക്കായി പ്രാർത്ഥിക്കുവാനാണ്. ആദ്യം അതു ചെയ്തു കഴിഞ്ഞശേഷം നമുക്കു നമ്മുടെ തന്നെ ആവശ്യങ്ങൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണെന്നും ഈ പ്രാർത്ഥനയിലെ അനന്തര ഭാഗം കാണിച്ചു തരുന്നുണ്ട്.

ആദ്യമായി അവിടുത്തെ നാമം മഹത്വീകരിക്കപ്പെടണമേ എന്നു നാം പ്രാർത്ഥിക്കണം. ദൈവത്തിന്റെ നാമം വളരെയധികം അപമാനിക്കപ്പെടുന്ന ഈ ലോകത്തിൽ അവിടുത്തെ നാമം മഹത്വപ്പെടുവാനുള്ള ആത്മാർത്ഥമായ ഒരു ആഗ്രഹം നമുക്കുണ്ടോ എന്നു നമുക്കു നമ്മോടുതന്നെ ചോദിക്കാം. അങ്ങനെയെങ്കിൽ അതു നമ്മുടെ തന്നെ ജീവിതത്തിനു പരിവർത്തനമുണ്ടാക്കും. അതിനാൽ നമ്മുടെ ഒന്നാമത്തെ പ്രാർത്ഥന ദൈവനാമം മഹത്വപ്പെടുവാനുള്ളതായിരിക്കട്ടെ. യേശുവിന്റെ നാമവും തദ്വാരാ പിതാവായ ദൈവത്തിന്റെ നാമവും മഹത്വീകരിക്കപ്പെടുവാനുള്ള ആഴമായ ഒരഭിവാഞ്ഛ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകണം. ഇതു നമ്മുടെ ഏറ്റവും വലുതും തീവ്രവുമായ വാഞ്ഛയായിത്തീരണം. അപ്പോൾ നമ്മുടെ ജീവിതം തന്നെ ശരിയായ ഒരടിസ്ഥാനത്തിൽ വന്നുചേരും.

രണ്ടാമതായി ദൈവത്തിന്റെ രാജ്യം അഥവാ ദൈവത്തിന്റെ ഭരണം ഈ ലോകത്തിൽ സ്ഥാപിതമാകുവാനാണ് നാം പ്രാർത്ഥിക്കേണ്ടത്. പാപവും അനീതിയും അതിന്റെ ഫലമായ അസ്വസ്ഥതയും ദുരിതവും നമ്മുടെ ചുറ്റും നിറഞ്ഞിരിക്കുന്നതായി നാം കാണുമ്പോൾ, ദൈവമേ, അവിടുത്തെ രാജ്യം, അവിടുത്തെ ഭരണം മനുഷ്യഹൃദയത്തിലും മനുഷ്യസമുദായത്തിലും ലോകത്തിലൊന്നാകെയും സ്ഥാപിക്കപ്പെടണമേ എന്നു ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ആഗ്രഹിക്കുകയും അതിനായി നമുക്കു പ്രാർത്ഥിക്കുകയും ചെയ്യാം. അങ്ങനെയെങ്കിൽ നമ്മുടെ പ്രാർത്ഥനയ്ക്ക് ശരിയായ സമതുലിതാവസ്ഥ കൈവരും. അപ്പോൾ പ്രാർത്ഥനയെപ്പറ്റിയുള്ള ശരിയായ ഒരു കാഴ്ചപ്പാടും ദൈവം നമുക്കു നൽകും. എന്തെന്നാൽ ദൈവത്തിന്റെ രാജ്യവും ദൈവത്തിന്റെ മഹത്വവും അന്വേഷിക്കുവാനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.

മൂന്നാമതായി ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഈ ഭൂമിയിലും നടക്കുന്നതിനായിട്ടാണ് നാം പ്രാർത്ഥിക്കേണ്ടത്. എന്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ദൈവഹിതം നിറവേറ്റുവാനുള്ള തീവ്രമായ ആഗ്രഹം എനിക്കുണ്ടാകണം. അപ്പോൾ ദൈവത്തിന്റെ ഇഷ്ടം നമ്മിലും മറ്റുള്ളവരിലും പ്രാവർത്തികമാകുന്നില്ലെങ്കിൽ, അതിനുവേണ്ടി മറ്റുള്ളവരെ വിമർശിക്കുവാൻ ഭാവിക്കാതെ അതിനെപ്പറ്റി ദുഃഖിക്കുന്നവരായി നാം തീരുകയും ദൈവഹിതം സമ്പൂർണ്ണമായി നിറവേറുവാൻ നാം പ്രാർത്ഥിക്കുകയും ചെയ്യും. ഇപ്രകാരം നമ്മുടെ പ്രാർത്ഥനയെ പുതിയ ഒരടിസ്ഥാനത്തിൽ ആക്കിത്തീർക്കുവാൻ നമുക്കു പ്രവർത്തിക്കാം. ദൈവത്തിന്റെ നാമം മഹത്വീകരിക്കപ്പെടുവാനും അവിടുത്തെ ഹിതം സമ്പൂർണ്ണമായി നിറവേറുവാനും അവിടുത്തെ രാജ്യം സ്ഥാപിതമാകുവാനുമുള്ള അഭിവാഞ്ഛയാൽ പിടിക്കപ്പെട്ടവരായി നമുക്കു തീരാം. “കർത്താവേ, ഒരിക്കലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം തന്നെ നടക്കണമേ” എന്നു നമുക്കു പ്രാർത്ഥിക്കാം. അപ്പോൾ നമ്മുടെ എല്ലാ പ്രാർത്ഥനകളും ദൈവഹിതപ്രകാരമുള്ള ശരിയായ പ്രാർത്ഥനകളായിപ്പരിണമിക്കും.

ആദാമിന്റെ വർഗ്ഗത്തിൽപ്പെട്ട ഈ ലോകത്തിലെ എല്ലാ മനുഷ്യരും പാപം മൂലം ദൈവത്തിൽനിന്നകന്ന് തങ്ങളിൽത്തന്നെ കേന്ദ്രീകരിച്ച ജീവിതം നയിക്കുന്നവരാണ്. ഈ അവസ്ഥയിൽനിന്നു സമൂലമായ ഒരു പരിവർത്തനം സംഭവിച്ച് ദൈവത്തെ തങ്ങളുടെ ജീവിതകേന്ദ്രമാക്കിത്തീർക്കുന്ന ഒരവസ്ഥയിലേക്കു മനുഷ്യർ വരുമ്പോൾ മാത്രമേ ദൈവത്തെ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു വിളിക്കുവാനും ആദ്യത്തെ ഈ മൂന്ന് അപേക്ഷകളും ഹൃദയത്തിൽനിന്നുതന്നെ അപേക്ഷിക്കുവാനും അവർക്കു കഴിവുണ്ടാവുകയുള്ളു. അപ്പോൾ അവർ സ്വന്തമഹത്വമന്വേഷിക്കാതെ ദൈവത്തിന്റെ നാമം മഹത്വീരിക്കപ്പെടണമെന്നാഗ്രഹിക്കും. സ്വന്തരാജ്യം, എന്നുവച്ചാൽ തങ്ങളുടേതായ താൽപര്യങ്ങൾ, മോഹങ്ങൾ, സംതൃപ്തികൾ, വിജയങ്ങൾ ഇവയൊ മന്വേഷിക്കാതെ ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുവാൻ അവർ ആഗ്രഹിക്കും. ദൈവത്തിന്റെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കണമേ എന്നുള്ള പ്രാർത്ഥന കേവലം വാക്കുകളാകാതിരിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവഹിതം വ്യക്തമായി ഗ്രഹിച്ച് അനുസരിക്കുന്നവമായി നാം തീരണം.

സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ഇഷ്ടം എങ്ങനെയാണ് നടക്കുന്നത്? അവിടെ ദൈവദൂതന്മാർ പിതാവിന്റെ ഇഷ്ടമറിഞ്ഞനുസരിക്കാൻ അവിടുത്തെ മുമ്പിൽ കാത്തു നിൽക്കുന്നു. അതുപോലെ നാമും നമ്മുടെ ജീവിതത്തിൽ ദൈവഹിതം എന്താണെന്നു വ്യക്തമായ അറിവു ലഭിക്കുവാൻ ദൈവത്തിനായി കാത്തിരിക്കണം. ദൈവഹിതം അറിഞ്ഞാലുടൻ തന്നെ ദൂതന്മാർ അതിനെ അനുസരിക്കുന്നതുപോലെ നാമും ഉടനടി ദൈവഹിതം അനുസരിക്കണം. ദൂതന്മാർ സന്തോഷത്തോടെ യാതൊരു പിറുപിറുപ്പും പരാതിയും കൂടാതെ ദൈവഹിതമനുസരിക്കുന്നതുപോലെ നാമും ചെയ്യണം. അവർ ദൈവഹിതം സമ്പൂർണ്ണമായിത്തന്നെ അനുസരിക്കുന്നു. ആ മാതൃക നാമും പിന്തുടരണം. അങ്ങനെയാകുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായിത്തീരും.

ഭൂമി സൂര്യനുചുറ്റും പ്രദക്ഷിണം ചെയ്യുന്നു. അതിന്റെ പ്രദക്ഷിണകേന്ദ്രം സൂര്യനാണ്. അതുനിമിത്തമാണ് ഭൂമിയിൽ ജീവനും വെളിച്ചവും സമൃദ്ധമായിട്ടുണ്ടാകുന്നത്. എന്നാൽ എപ്പോൾ ഭൂമി സൂര്യനെ കേന്ദ്രമാക്കി പ്രദക്ഷിണം ചെയ്യുന്ന പരിപാടി കൈവെടിയുമോ അപ്പോൾ അതൊരു നിർജ്ജീവ ഗോളമായിത്തീരും. പിന്നീട് ഒരു ജീവനും ഭൂമുഖത്ത് അവശേഷിക്കുകയില്ല. ഇതുപോലെതന്നെയാണ് ദൈവത്തിൽ കേന്ദ്രീകരിച്ച് ജീവിതം കൈവെടിയുന്ന ഒരു മനുഷ്യനും സംഭവിക്കുന്നത്. പിന്നീട് ആത്മീയമരണത്തിൽ പതിച്ച് നാശമടയുകയല്ലാതെ മറ്റൊരു പോംവഴിയും അയാൾക്കില്ലാതാകും.


4 നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ


ആദ്യത്തെ മൂന്ന് അപേക്ഷകൾക്കുശേഷം നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള മൂന്നപേക്ഷകളാണ് ഈ പ്രാർത്ഥനയിലെ അടുത്ത ഭാഗം. അതിലൊന്ന് ദിവസം പ്രതിയുള്ള ആഹാരത്തിനുവേണ്ടിയും രണ്ടാമത്തേത് കടങ്ങൾ അഥവാ പാപങ്ങൾ ക്ഷമിച്ചുകിട്ടുവാൻ വേണ്ടിയും മൂന്നാമത്തേത് പരീക്ഷയിലേക്കു കടത്താതെ ദുഷ്ടനിൽ നിന്നു നമ്മെ സംരക്ഷിക്കുവാൻ വേണ്ടിയും ഉള്ളതാണ്. ഈ മൂന്ന് അപേക്ഷകളിലും പൊതുവായി നാം കാണുന്ന ഒരു കാര്യം ഇതാണ്. എനിക്കു ദിവസം പ്രതിയുളള ആഹാരം ഇന്നു തരണമേ, എന്റെ കടങ്ങളെ എന്നോടു ക്ഷമിക്കണമേ, എന്നെ പരീക്ഷയിലേക്കു കടത്തരുതേ എന്നിങ്ങനെ എനിക്കുവേണ്ടി മാത്രമുള്ളവയല്ല ഈ പ്രാർത്ഥനകൾ; പിന്നെയോ, ഞങ്ങൾക്കാവശ്യമുള്ള ആഹാരം തരണമേ, ഞങ്ങളുടെ കടങ്ങളെ ക്ഷമിക്കണമേ, ഞങ്ങളെ പരീക്ഷയിലേക്കു കടത്താതെ ദുഷ്ടകൽനിന്നു ഞങ്ങളെ വിടുവിക്കണമേ എന്നിങ്ങനെ ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണവ. ഞാൻ മാത്രമല്ല, ദൈവത്തിനു മറ്റു മക്കളും കൂടിയുണ്ട്. അങ്ങനെ ഞാനും മറ്റുള്ളവരും അടങ്ങിയ ഒരു ദൈവികകുടുംബത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടിയാണ് നാം പ്രാർത്ഥിക്കുന്നത്. നാമൊരുമിച്ച് ഭക്ഷണമേശയ്ക്കു ചുറ്റും ഇരിക്കുന്നതുപോലെയാണിത്. ഭക്ഷണമേശയ്ക്കു ചുറ്റുമിരിക്കുമ്പോൾ നാം മറ്റുള്ളവരെപ്പറ്റി ചിന്തിക്കാതെ നമ്മുടെ തൻകാര്യം മാത്രം ചിന്തിക്കുന്നപക്ഷം അതു തെറ്റായ പെരുമാറ്റമായിരിക്കുന്നതുപോലെയാണ് ഇവിടെയും. അങ്ങനെ ഈ പ്രാർത്ഥനയിൽ നാം ആദ്യം ദൈവത്തെപ്പറ്റി ചിന്തിക്കുന്നു; പിന്നീട് മറ്റുള്ളവരെപ്പറ്റിയും. എങ്കിലും അവർക്ക് ദിനംപ്രതിയുള്ള ആഹാരം നൽകണമേ എന്നല്ല, നമ്മോടൊപ്പം അവർക്കും എന്നിങ്ങനെ അർത്ഥം വരുമാറ് “ഞങ്ങൾക്ക്’ എന്നാണ് നാം പ്രാർത്ഥിക്കുന്നത്.

നമ്മുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുന്നതു തികച്ചും ശരിയാണ്. ഭക്ഷണം, വസ്ത്രം, ഭൗതികമായ മറ്റു പലവിധ ആവശ്യങ്ങൾ എല്ലാറ്റിനുവേണ്ടിയും നാം പ്രാർത്ഥിക്കേണ്ടത് ആവശ്യം തന്നെ. എങ്കിലും നമ്മുടെ സഹോദരീസഹോദരന്മാരുടെ ആവശ്യങ്ങളെ മറന്നുകൊണ്ടാവരുത് നമ്മുടെ പ്രാർത്ഥന. മാത്രമല്ല, നമുക്കു ഭക്ഷണവും വസ്ത്രവും മറ്റും ആവശ്യം കഴിഞ്ഞു മിച്ചമുണ്ടായിരിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാർക്കു മുട്ടുണ്ടായിരിക്കുകയും ചെയ്യുന്നപക്ഷം നാം അവരെപ്പറ്റി ചിന്തിക്കയും നമുക്കു തന്നിരിക്കുന്ന വകകൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഗലാത്യർ 6:10-ൽ “ആകയാൽ അവസരം കിട്ടും പോലെ നാം എല്ലാവർക്കും വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക” എന്നു നാം വായിക്കുന്നുണ്ടല്ലോ. അതുപോലെ നമ്മുടെ ആവശ്യ ങ്ങൾക്കുവേണ്ടിയേ നാം അപേക്ഷിക്കാവൂ; ആഡംബരത്തിനുള്ള വകകൾക്കായി അപേക്ഷിക്കാൻ പാടുള്ളതല്ല. ഫിലിപ്പിയർ 4:19 നോക്കുക: “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും (അഥവാ ഇംഗ്ലീഷ് തർജ്ജമപ്രകാരം നിങ്ങളുടെ ആവശ്യങ്ങൾ -needs- ഒക്കെയും) മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം… തീർത്തുതരും.

ഇപ്രകാരം ആഹാരത്തിനുവേണ്ടി പ്രാർത്ഥിച്ചശേഷം നാം പ്രാർത്ഥിക്കുന്നത് നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കുവേണ്ടിയാണ്. എന്നുവച്ചാൽ എന്റെയും മറ്റുള്ളവരുടെയും പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിനുവേണ്ടി. “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമേ” എന്നാണ് നാം പ്രാർത്ഥിക്കേണ്ടത്. 14-ാം വാക്യത്തിൽ “നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാൽ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും” എന്നും 15-ാം വാക്യത്തിൽ “നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല” എന്നും നാം വായിക്കുന്നു. ഇതു വളരെ പ്രധാനമായ വസ്തുതയാണ്. നമുക്കു പാപക്ഷമ ലഭിക്കുന്നില്ലെങ്കിൽ ദൈവം നമ്മുടെ പിതാവായിരിക്കുന്ന അനുഭവം നമുക്കില്ലാതാകും. അപ്പോൾ നമുക്ക് അവിടുത്തെ സന്നിധിയിലേക്കു പ്രവേശനം തന്നെ ലഭിക്കുകയില്ല. നമുക്ക് അവിടുത്തെ സന്നിധിയിലേക്കു പ്രവേശനം ലഭിക്കണമെങ്കിൽ ദൈവത്തിൽനിന്നു പാപക്ഷമ ലഭിക്കണം. പാപക്ഷമ നമുക്കു ലഭിക്കണമെങ്കിൽ നമ്മൾ മറ്റുള്ളവരോടും അവരുടെ പിഴകൾ ക്ഷമിക്കേണ്ടതാണ്.

മത്തായി 18:21 മുതൽ 35 വരെയുള്ള വാക്യങ്ങളിലുള്ള കടക്കാരുടെ ഉപമയിൽ ഈ വസ്തുത കർത്താവു കൂടുതൽ വിശദമായി വിവരിച്ചിട്ടുണ്ട്. അതിലെ 35-ാം വാക്യം ഇപ്രകാരമാണ്: “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും. ഈ ഉപമയിൽ പറയുന്നതനുസരിച്ച് നാം മറ്റുള്ളവരോട് അവരുടെ കുറ്റം ക്ഷമിച്ചാൽ മാത്രം പോരാ. കടം ഇളച്ചുകൊടുത്താൽ അതു നിശ്ലേഷം മറക്കുന്നതുപോലെ മറ്റുള്ളവരുടെ കുറ്റങ്ങൾ ഇനി ഓർക്കാതിരിക്കുക കൂടെ ചെയ്യണ്ടതാവശ്യമാണ്. ഒരു പക്ഷേ അതു നാം മറന്നുപോകുന്നില്ലെന്നു വന്നാൽ തന്നെയും ഓർക്കാതിരിക്കാൻ നാം ശ്രമിക്കേണ്ടത് അനുപേക്ഷണീയം തന്നെ. നമ്മോടു കുറ്റം ചെയ്ത സഹോദരന്മാരോട് നിശ്ശേഷം ക്ഷമിക്കുകയും അവർ നമ്മോടു ഒരപരാധവും ചെയ്തിട്ടില്ലാത്തമട്ടിൽ അവരോടു പെരുമാറുകയും ചെയ്യാനാണ് ദൈവം നമ്മോടാവശ്യപ്പെടുന്നത്. നമ്മൾ ക്ഷമിക്കുന്നതുപോലെ മാത്രമേ ദൈവവും ക്ഷമിക്കൂ. നാം കുറച്ചൊരു കലവറയോടുകൂടി അഥവാ ഒരു പരിധിവരെ മാത്രം ക്ഷമിക്കുന്നപക്ഷം ദൈവവും അപ്രകാരമേ നമ്മോടു ക്ഷമിക്കുകയുള്ളു.

അവസാനഭാഗത്ത് “ഞങ്ങളെ പരീക്ഷയിൽക്കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കണമേ” എന്നു നാം പ്രാർത്ഥിക്കുന്നു. കഴിഞ്ഞ കാലത്തെ പാപങ്ങൾക്കു ക്ഷമ ലഭിക്കുവാൻ മാത്രം നാം പാർത്ഥിച്ചാൽ പോരാ; പാപത്തിന്റെ ശക്തിയിൽ നിന്നു വിടുതൽ കിട്ടുവാൻ, അതായത് പാപത്തിന്റെമേൽ വിജയം നേടുവാനാവശ്യമായ കൃപ ലഭിക്കുവാൻ വേണ്ടിയും നാം അപേക്ഷിക്കണം. ദൈവത്തിൽനിന്നു നമുക്കു കരുണയും കൃപയും ലഭിക്കുവാനാണ് നാം കൃപാസനത്തിനടുത്തേക്ക് ചെല്ലുന്നത്. ദൈവത്തിന്റെ കരുണയാൽ നമുക്കു പാപക്ഷമ ലഭിക്കുന്നു; കൃപ നമുക്കു പാപത്തിന്റെമേൽ വിജയം നേടിത്തരുന്നു (റോമർ 6:14). ഇതനുസരിച്ച് സാത്താന് നമ്മുടെ ജീവിതത്തിന്റെ മേലുള്ള എല്ലാ പിടിയിൽനിന്നും ദൈവകൃപ നമ്മെ സ്വതന്ത്രരാക്കുന്നു.

ഇനി ഈ പ്രർത്ഥനയുടെ സമാപനഭാഗം നോക്കുക: “രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുളളതല്ലോ.” എല്ലാ മഹത്വവും ദൈവത്തിനു മാത്രമാണ്. എനിക്ക് ഒരു മഹത്വവും വേണ്ടാ. അങ്ങനെ ദൈവത്തിനു മഹത്വം കൊടുത്തുകൊണ്ട് ഈ പ്രാർത്ഥന ആരംഭിച്ചതുപോലെ അവിടുത്തെ മഹത്വത്തിനായി ആഗ്രഹിച്ചുകൊണ്ട് നമ്മുടെ പ്രാർത്ഥന സമാപിക്കുകയും ചെയ്യട്ടെ.


5 ഉപവാസത്തെപ്പറ്റി


“ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന് മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല, രഹസ്യത്തിലുള്ള നിന്റെ പിതാവിനു വിളങ്ങേണ്ടതിനു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നൽകും” (മത്തായി 6:16-18).

ഇതിനു മുമ്പുള്ള രണ്ടു ഭാഗങ്ങളിലും നാം കാണുന്നതു പോലെ ഇവിടെയും നമ്മുടെ മറഞ്ഞിരിക്കുന്ന രഹസ്യജീവിതത്തിനാണ് കർത്താവ് ഊന്നൽ കൊടുക്കുന്നത്. കർത്താവ് എപ്പോഴും ശക്തിപ്പെടുത്തിപ്പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യമാണിത്. മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നകന്ന് മറ്റാരും നമ്മെ കാണാതിരിക്കുന്ന സന്ദർഭങ്ങളിൽ നമ്മുടെ ചിന്തയും വാക്കും ജീവിതവും വാസ്തവത്തിൽ എന്തായിരിക്കുന്നുവോ അതാണ് നമ്മുടെ യഥാർത്ഥാവസ്ഥ. മറ്റുള്ളതെല്ലാം നമ്മുടെ പുറംപകിട്ടു മാത്രമാണ്. അതു മനുഷ്യരുടെ മാനം നേടിത്തരിക മാത്രമേ ചെയുള്ളു. മറ്റൊരു പ്രയോജനവും അതു നമുക്കു നൽകുകയില്ല.

ഇവിടെ നാം വ്യക്തമായിക്കാണുന്ന ഒരു കാര്യം ഇതാണ്. പ്രാർത്ഥന, ദാനധർമ്മം, നീതിപ്രവൃത്തികൾ, ഉപവാസം എന്നിവപോലെ ഏറ്റവും ആധ്യാത്മികമായ കാര്യങ്ങളിൽപ്പോലും നാം മനുഷ്യരിൽനിന്നുള്ള മാനം അന്വേഷിക്കുന്നുവെങ്കിൽ ദൈവത്തിൽനിന്നുള്ള പ്രതിഫലം നമുക്കു നഷ്ടമാകുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ നാം ഏറ്റവും സൂക്ഷിക്കേണ്ട ഒരു കാര്യമാണിത്. മനുഷ്യരിൽ നിന്നുള്ള യാതൊരുവിധ മാനവും നാം അന്വേഷിക്കരുത്. അതു നാം അന്വേഷിക്കുന്നുവെങ്കിൽ ദൈവത്തിൽനിന്നുള്ള പ്രതിഫലത്തിന് നാം പിന്നീട് അർഹരായിത്തീരുകയില്ല. മാനമന്വേഷിക്കുവാനുള്ള ഈ പ്രവണത മനുഷ്യസ്വഭാവത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒന്നാണ്. അതിനെ നിശ്ശേഷം പിഴുതുമാറ്റിക്കളയുക എന്നത് വളരെ വളരെ ദുഷ്കരമായ ഒരു കാര്യമത്രേ. അതിനാൽ ഈ കാര്യത്തിൽ നാം നിരന്തരമായി നമ്മെത്തന്നെ വിധിക്കുകയും ഈ ദുഷിച്ച പ്രവണതയിൽ നിന്നു ദൈവകൃപയാൽ സ്വാതന്ത്ര്യം നേടുകയും ചെയ്തേ മതിയാവൂ. പ്രത്യേകിച്ച് നീതി പ്രവൃത്തികൾ, ഉപവാസം, ദൈവവചനം വായിക്കുക, പ്രാർത്ഥനായോഗങ്ങളിൽ സംബന്ധിക്കുക, സാക്ഷ്യമോ പ്രബോധനമോ നൽകുക തുടങ്ങിയ കാര്യങ്ങളിൽ മനുഷ്യരിൽ നിന്ന് ഒരു തരത്തിലുള്ള മാനവും ആഗ്രഹിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ദൈവം നമ്മുടെ ഹൃദയങ്ങളെ കാണുന്നു. 1 കൊരിന്ത്യർ 4:5 ഇപ്രകാരം പറയുന്നു. “ദൈവം ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തനു ദൈവത്തിൽ നിന്നു പുകഴ്ചയുണ്ടാകും. അന്നു മാത്രമേ പുകഴ്ചയ്ക്ക് അർഹർ ആരാണെന്നും അനർഹർ ആരാണെന്നും വെളിപ്പെടുകയുള്ളു. അവർക്കു മനുഷ്യരാലല്ല, ദൈവത്താൽ തന്നെയുള്ള പുകഴ്ച ലഭിക്കുകയും ചെയ്യും.

ദൈവത്തെ ഏറ്റവും നല്ലവണ്ണം സേവിച്ചിട്ടുള്ളവർ ആരാണെന്ന് അന്നു മാത്രമേ വെളിവാകയുള്ളു. ദൈവത്തെ രഹസ്യത്തിൽ സേവിക്കുന്നവരും എന്നാൽ അതിനു യാതൊരുവിധ പ്രതിഫലമോ അംഗീകാരമോ ഇപ്പോൾ ലഭിക്കാത്തവരുമായ പലയാളുകളും ഉണ്ടായിരിക്കാം. അവർ ദൈവമുമ്പാകെ ജീവിക്കുന്നു. അവരുടെ താൽപര്യങ്ങളും ഉദ്ദേശ്യങ്ങളും ഏറ്റവും വിശുദ്ധമാണെന്ന് ദൈവം മാത്രം അറിയുന്നു. തങ്ങൾക്കു വേണ്ടിത്തന്നെ ഒരു ബഹുമാനവും പ്രതിഫലവും അവർ ആഗ്രഹിക്കുന്നില്ല. കർത്താവിന്റെ വരവിൽ അവരുടെ ഹൃദയരഹസ്യങ്ങൾ വെളിപ്പെടുകയും അവർക്കു പ്രതിഫലം ലഭിക്കുകയും ചെയ്യും.

നാം മറ്റുള്ളവരെ വിധിക്കുന്നതിൽനിന്നു പിന്തിരിഞ്ഞ് നമ്മെത്തന്നെ വിധിക്കേണ്ട ഒരു മണ്ഡലമാണിത്. കാരണം, നമുക്കുവേണ്ടിത്തന്നെ നാം എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം ഹൃദയത്തിൽ നമുക്ക് അറിയാൻ കഴിയും. വല്ല കീർത്തിയോ ആദായമോ നാം കാംക്ഷിക്കുന്നുണ്ടോ? ദൈവത്തിനു വേണ്ടി എന്തെങ്കിലുമൊരു ശുശ്രൂഷ നിർവഹിച്ചശേഷം നാം തിരിഞ്ഞു നോക്കി നമ്മെത്തന്നെ അഭിനന്ദിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നാം നമ്മെത്തന്നെ പ്രസാദിപ്പിക്കുന്നവരാണ്, ദൈവത്തെ ഭയപ്പെടുന്നവരല്ല എന്നതു സ്പഷ്ടം. ദൈവഭയത്തിൽ ജീവിക്കുന്ന ഒരാൾ ഏതെങ്കിലുമൊരു ചെറിയ കാര്യത്തിൽ പോലും ദൈവത്തിനു ലഭിക്കേണ്ട മഹത്വം സ്വയം എടുക്കുവാൻ ഭയപ്പെടുന്നവനായിരിക്കും. അതുകൊണ്ടാണ് ദൈവം ഇരുളിൽ മറഞ്ഞിരിക്കുന്നതിനെ വെളിച്ചത്താക്കുകയും ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും എന്നു പറഞ്ഞിട്ടുള്ളത്.

അതിനാൽ മനുഷ്യരുടെ മാനം അശേഷം പോലും അന്വേഷിക്കാതെ ദൈവത്തിൽ നിന്നുള്ള മാനം മാത്രമാഗ്രഹിക്കുന്നവരാണ് യഥാർത്ഥത്തിൽ ദൈവത്തിന്റെ അംഗീകാരത്തിനു യോഗ്യരായിത്തീരുന്നത്. അവർക്കു പാപത്തിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കുമെന്നു മാത്രമല്ല, മനുഷ്യരുടെ അഭിപ്രായങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യവും അവർക്കു ലഭിക്കും. അപ്രകാരം മനുഷ്യരിൽ നിന്നുള്ള സ്വാതന്ത്ര്യം നാം നേടേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. മനുഷ്യരുടെ പ്രശംസ നമ്മെ സന്തുഷ്ടരാക്കുകയോ മനുഷ്യരുടെ വിമർശനം നമ്മെ ഹതോത്സാഹരാക്കുകയോ ചെയ്യാത്ത വിധം ദൈവമഹത്വത്തെ മാത്രമാഗ്രഹിച്ചുകൊണ്ടു ജീവിക്കുകയാണ് ഈ സ്വാതന്ത്ര്യലബ്ധിക്കായി നമുക്കാവശ്യമായിരിക്കുന്നത്.

അതിനാൽ മത്തായി 6:16-18 വാക്യങ്ങളിൽ കർത്താവ് ഉപവാസത്തെപ്പറ്റി പഠിപ്പിക്കുന്നു. അതിനുമുമ്പുള്ള രണ്ടു ഭാഗങ്ങളിൽ കർത്താവു പ്രസ്താവിച്ചതുപോലെ “നിങ്ങൾ ഉപവസിക്കുമ്പോൾ” എന്നാണ് ഇവിടെയും പറയുന്നത്; “നിങ്ങൾ ഉപവസിക്കുന്നുവെങ്കിൽ” എന്നല്ല. 2-ാം വാക്യത്തിൽ “നിങ്ങൾ ഭിക്ഷ കൊടുക്കുമ്പോൾ” എന്നാണ്, “ഭിക്ഷ കൊടുക്കുന്നുവെങ്കിൽ” എന്നല്ല പറയുന്നത്. 5-ാം വാക്യത്തിൽ “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ” എന്നാണ്, “നിങ്ങൾ പ്രാർത്ഥിക്കുന്നുവെങ്കിൽ എന്നല്ല പറയുന്നത്. അതുപോലെ ഇവിടെയും “നിങ്ങൾ ഉപവസിക്കുമ്പോൾ” എന്നു തന്നെ. ഉപവസിക്കുക എന്നത് ഐച്ഛികമായ ഒരു കാര്യമല്ല എന്ന് ഇതിൽനിന്നും വ്യക്തമാകുന്നു. അതായത് നാം ആഗ്രഹിക്കുന്നുവെങ്കിൽ ഉപവസിക്കാം, ആഗ്രഹിക്കുന്നില്ലെങ്കിൽ ഉപവസിക്കാതിരിക്കാം എന്നതല്ല ഇതിന്റെ അർത്ഥം. ഭിക്ഷ കൊടുക്കുക, നീതി പ്രവർത്തികൾ ചെയ്യുക, പ്രാർത്ഥിക്കുക എന്നിവ നാം തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളായിരിക്കുന്നതുപോലെ ഉപവസിക്കുക എന്നതും അവശ്യം ചെയ്യേണ്ട കാര്യം തന്നെയാണ്. കേവലം ഒരാചാരമായിട്ടല്ല ഇതു നാം ചെയ്യേണ്ടത്; പിന്നെയോ ഭക്ഷണവും ശരീരത്തിന്റെ ആവശ്യങ്ങളുമെല്ലാം പിന്നിൽത്തള്ളിയിട്ട് ഏകാഗ്രതയോടെ ദൈവത്തിന്റെ മുഖം അന്വേഷിക്കുന്നതിനു വേണ്ടിയാണ് നാം ഉപവസിക്കേണ്ടത്.

അപ്രകാരം നാം ഉപവസിക്കുമ്പോൾ നാം അങ്ങനെ ചെയ്യുന്നുവെന്നു മറ്റുളളവർ മനസ്സിലാക്കുമാറ് മ്ലാനമായ മുഖഭാവത്തോടെ നാം ഇരിക്കരുത്. അതു നമുക്കു മനുഷ്യരുടെ അംഗീകാരം നേടിത്തരുന്നതല്ലാതെ മറ്റൊരു പ്രയോജനവും നമുക്കു നൽകുകയില്ല. നേരേ മറിച്ച് നാം ഉപവസിക്കുകയാണെന്നുള്ള കാര്യം മനുഷ്യർ അറിയാനിടയാകാത്തവിധം കഴിയുന്നിടത്തോളം മറച്ചുവയ്ക്കുകയാണ് വേണ്ടത്. ദൈവം മാത്രം അതറിഞ്ഞാൽ മതി. യെശയ്യാവ് 58:3-ൽ യിസ്രായേൽമക്കൾ നോമ്പു നോൽക്കുകയും ആത്മതപനം ചെകയും ചെയ്തിട്ടും ദൈവം അവരുടെ പ്രാർത്ഥനകൾ കേൾക്കാതിരുന്നതായി പ്രവാചകൻ പറയുന്നു. കാരണം, അവർ തെറ്റായ ഉദ്ദേശ്യത്തോടു കൂടിയാണ് നോമ്പും ഉപവാസവും അനുഷ്ഠിച്ചത്. ഏകാഗ്രഹൃദയത്തോടെ ദൈവത്തോടടുക്കുന്നതിനു തടസ്സമായ കാര്യങ്ങളെ വിട്ടുകളയുന്നതിനു വേണ്ടിയല്ല അവർ നോമ്പും ഉപവാസവും ആചരിച്ചത്. അതുകൊണ്ട് നാം ഉപവസിക്കുമ്പോൾ ഭക്ഷണത്തെപ്പറ്റിയും മറ്റുമുള്ള ചിന്ത വെടിഞ്ഞ് ദൈവത്തിന്റെ മുഖം മാത്രമന്വേഷിക്കുന്നപക്ഷം ഹൃദയങ്ങളെ കാണുന്ന ദൈവം നമുക്ക് പ്രതിഫലം നൽകും.

നമ്മുടെ അനേകം പ്രാർത്ഥനകളും ഇത്തരത്തിലുള്ള ഉപവാസത്തോടു കൂടിയല്ലാത്തതിനാൽ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നു. ഉപവാസത്തോടുകൂടി പ്രാർത്ഥിക്കാത്തതു നിമിത്തം പല ദുരാത്മാക്കളെയും പുറത്താക്കുവാൻ നമുക്കു സാധിക്കാതെ പോകുന്നു. മത്തായി 17:21-ൽ സംശയത്തിനിടയില്ലാത്ത വിധം ഈ വസ്തുത കർത്താവു വ്യക്തമാക്കുന്നുണ്ട്. “പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല. നമ്മുടെ കുടുംബത്തിലും സഭയിലും ഈ വിധത്തിലുള്ള പല സാഹചര്യങ്ങളും സംഭവിക്കുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി ദൈവത്തെ അന്വേഷിക്കുക. ഭക്ഷണവും ശാരീരികമായ മറ്റെല്ലാ ചിന്തകളും വെടിഞ്ഞ് ദൈവമുമ്പാകെ ഇപ്രകാരം നാം നിലവിളിക്കണം. “കർത്താവേ ഭക്ഷണത്തെക്കാളും വസ്ത്രത്തെക്കാളുമെല്ലാം അവിടുത്തെ രാജ്യമാണ് ഞങ്ങൾക്കേറ്റവും പ്രധാനമായിട്ടുള്ളത്. അതുകൊണ്ട് മറ്റെല്ലാം വെടിഞ്ഞ് ഞങ്ങൾ തിരുമുഖം അന്വേഷിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ സാത്താന്റെ ബന്ധനത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ വിടുവിക്കണമേ.” ഇപ്രകാരം നാം നിലവിളിക്കുമെങ്കിൽ രഹസ്യത്തിൽക്കാണുന്ന നമ്മുടെ സ്വർഗ്ഗപിതാവ് നമ്മുടെ പ്രാർത്ഥനകൾ കേൾക്കയും തന്റെ ശക്തി വെളിപ്പെടുത്തുകയും ചെയ്യും. പൈശാചികമായ ബന്ധനങ്ങളിൽ നിന്ന് അവിടുന്നു നമ്മെ സ്വതന്ത്രരാക്കും. അതിനാൽ ഉപവസിച്ചു പ്രാർത്ഥിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുക. അവിടുത്തെ മഹത്വവും അവിടുത്തെ ഇഷ്ടവും അവിടുത്തെ രാജ്യവും മാത്രം അന്വേഷിക്കുക. അപ്പോൾ ദൈവം നമുക്കുവേണ്ടി ശക്തിയോടെ പ്രവർത്തിക്കുകയും നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യും.

6 നിങ്ങളുടെ യജമാനൻ ആര് ?


“പുഴുവും തുരുമ്പും കെടുക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളിടത്ത് നിന്റെ ഹൃദയവും ഇരിക്കും. ശരീരത്തിന്റെ വിളക്ക് കണ്ണ് ആകുന്നു. കണ്ണു ചൊവുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവൻ പ്രകാശമുള്ളതായിരിക്കും. കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്. രണ്ടു യജമാന ന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ച് മറ്റവനെ സ്നേഹിക്കും. അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്ന് മറ്റവനെ നിരസിക്കും. നിങ്ങൾക്ക് ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല” (മത്തായി 6:19-24).

നാം ജീവിക്കുന്ന ആ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ ഒരു കാര്യത്തെപ്പറ്റിയാണു കർത്താവായ യേശുക്രിസ്തു ഇവിടെ പഠിപ്പിക്കുന്നത്. മത്തായി 6-ാമധ്യായത്തിന്റെ ഉത്തരഭാഗം മുഴുവനും ഭൗതിക വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണമെന്നു പഠിപ്പിക്കുവാനാണു കർത്താവു വിനിയോഗിക്കുന്നത്. അതിലെ അടിസ്ഥാനപരമായ ഭാഗമാണ് 19 മുതൽ 24 വരെ വാക്യങ്ങൾ. അതു കഴിഞ്ഞു ഭൗതികകാര്യങ്ങളെപ്പറ്റിയുള്ള ചിന്താകുലതയെപ്പറ്റി 25 മുതൽ 34 വരെ വാക്യങ്ങളിൽ അതു പ്രതിപാദിക്കുന്നു.

19 മുതൽ 24 വരെയുള്ള വാക്യങ്ങളുടെ ഒരു താക്കോൽ വാക്യമാണ് വാക്യം 24. അതു മനസ്സിലാക്കിയാൽ ഈ ഭാഗം മുഴുവനും നമുക്കു വിശദമായി ഗ്രഹിപ്പാൻ കഴിയും. രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല. സംശയാതീതമായ ഒരു പ്രസ്താവനയാണിത്. ഇവിടെപ്പറയുന്ന രണ്ടു യജമാനന്മാരിൽ ഒരാൾ ദൈവം. മറ്റേത് ഭൗതിക ധനം. ഈ രണ്ടു യജമാനന്മാരിൽ ആരെ സേവിക്കും. എന്നതിനെപ്പറ്റി ഒരു തിരഞ്ഞെടുപ്പ്, വളരെ വ്യക്തമായ ഒരു തിരഞ്ഞെടുപ്പ്, നാം ഓരോരുത്തരും ചെയ്തേ മതിയാവൂ. നമ്മുടെ മുഴുവൻ സ്നേഹവും മുഴുവൻ അനുസരണവും ദൈവം ആവശ്യപ്പെടുന്നു. താൻ മാത്രം നമ്മുടെ യജമാനനായിരിക്കണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നു. ആ സമയത്ത് ദൈവത്തിന്റെ എതിരാളിയായി നമ്മുടെ സ്നേഹവിശ്വാസങ്ങളും അനുസരണവുമെല്ലാം ആവശ്യപ്പെടുന്ന മറ്റനേകം യജമാനന്മാരുണ്ട്. സാത്താൻ അപ്രകാരം ഒരു യജമാനനാണ്. നമ്മുടെ അഹന്ത, സ്വാർത്ഥതാത്പര്യങ്ങൾ, പണം, വസ്തുവകകൾ, സ്ഥാനമാനങ്ങൾ, അധി കാരം ഇവയെല്ലാം ഓരോ യജമാനന്മാരാണ്. ദൈവത്തിന് എതിരാളികളായി നിൽക്കുന്ന ഈ എല്ലാ യജമാനന്മാരിലും വച്ച് പണം അഥവാ ഭൗതിക സമ്പത്ത് എന്ന ഒരു യജമാനനെ യേശു പ്രത്യേകം എടുത്തു കാണിക്കുന്നു.

നമ്മെ ഹഠാദാകർഷിക്കുകയും നമ്മുടെമേൽ ബലമായി പിടിമുറുക്കുകയും ചെയ്യുന്ന ഒരു കരുത്തനായ എതിരാളിയാണു ധനം. ധനത്തിന്റെ ദേവതയെ (god of wealth) യാണ് പഴയകാലത്ത് മാമോൻ എന്നു വിളിച്ചിരുന്നത് അവനെ നാം സ്നേഹിക്കുന്നുവെങ്കിൽ അതിന്റെയർത്ഥം ദൈവത്തെ നാം സ്നേഹിക്കുന്നില്ല, സ്നേഹിക്കാൻ സാധ്യമല്ല എന്നാണ്. എന്നുമാത്രമല്ല പണത്ത സ്നേഹിക്കുന്നവൻ കാലാന്തരത്തിൽ ദൈവത്തെ വെറുക്കാൻ നിർബന്ധിതരായിത്തീർന്നുപോകയും ചെയ്യുന്നു. കർത്താവു പറയുന്ന ഈ ഭാഗം ഒരു വസ്തുതയെ സ്ഫടികം പോലെ തെളിവായി കാണിക്കുന്നു. ദൈവവുമായുള്ള ബന്ധത്തിനു ബദ്ധശത്രുവാണ് ഭൗതികധനം. ആത്മീയരായി ജീവിച്ച് ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെഭൗതിക സമ്പത്തുകൾ കൂടെ അന്വേഷിക്കുന്നതിന് തടസ്സമൊന്നുമില്ല എന്നു ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ഒരു മനുഷ്യൻ ഈ ചിന്താഗതിയോടുകൂടി ഇതുരണ്ടും ഒരുമിച്ച് കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോൾ ഒരു തരം മൂഢസ്വർഗ്ഗത്തിൽ ജീവിക്കുകയും തന്നെത്താൻ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്. അയാൾ അറിഞ്ഞാലുമില്ലെങ്കിലും അയാൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുന്നു. സ്വന്തം ഹൃദയത്താൽ തന്നെ അയാൾ വഞ്ചിതനായിത്തീരുന്നു. അതിനാലാണു “രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല.” എന്നു യേശു 24-ാം വാക്യത്തിൽ പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്താൽ അയാൾ ഒരുത്തനെ പകച്ച് മറ്റവനെ സ്നേഹിക്കും. അതായത് രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകുവാൻ ശ്രമിക്കുന്നതിന്റെ ഫലമായി അയാൾ ദൈവത്തെ പകയ്ക്കുകയും പണത്തെ സ്നേഹിക്കുകയും ചെയ്യും. അഥവാ ഒരുത്തനോട് അഥവാ പണത്തോടു പറ്റിച്ചേർന്ന് മറ്റേയാളിനെ അഥവാ ദൈവത്തെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും പണത്തെയും സേവിപ്പാൻ കഴിയില്ല. ഏറ്റവും വ്യക്തമായി കർത്താവ് ഈ കാര്യം 24-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു.

ഒരാൾ കേവലം അന്ധനാണെങ്കിൽ മാത്രമേ ഈ സത്യം കാണാതെ പോകുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ചുരുക്കം ഇതാണ്. നാം ആരെ സേവിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു തിരഞ്ഞെടുപ്പ് നാം നടത്തിയേ മതിയാവൂ. ദൈവത്തെ സ്നേഹിക്കുന്ന ഒരാളിൽ നമുക്കു സ്പഷ്ടമായിക്കാണാവുന്ന ഒരു സവിശേഷത അയാൾ ഭൗതികധനത്തെ വെറുക്കും എന്നുള്ളതത്. അയാൾ പണവും ഭൗതിക വസ്തുക്കളും ഉപയോഗിക്കുന്നുവെങ്കിലും അതിനോടു യാതൊരു മമതാബന്ധവും ആസക്തിയും അയാളിൽ കാണുകയില്ല. ഒരുവനു ദൈവത്തോടുള്ള സ്നേഹത്തിന്റെ വ്യക്തമായ തെളിവ് ഭൗതി കധനങ്ങളോടുള്ള അയാളുടെ വെറുപ്പാണ്. ഈ വസ്തുത നാം മനസ്സിലാക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ദൈവത്തെ സ്നേഹിക്കുകയും ഒപ്പം ഭൗതിക വസ്തുവകകളെ വെറുക്കുകയും ചെയ്യുന്നതിൽ ഏതെങ്കിലും പ്രകാരത്തിൽ നാം കുറവുള്ളവരാണെങ്കിൽ അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും തകരാറിലാക്കും എന്നു നാം ധരിക്കേണ്ടത് ആവശ്യമാണ്.

യേശു സക്കായിയുടെ ഭവനത്തിൽ വന്ന സാഹചര്യം നാമോർക്കുമല്ലോ. ഒരു കാലത്തു പണത്തെ സ്നേഹിച്ചിരുന്ന ഒരുവനായിരുന്നു സക്കായി. അയാൾ പലരെ വഞ്ചിക്കുകയും അവരോട് പണം അന്യായമായി അപഹരിക്കുകയും ചെയ്തിരുന്നു. പക്ഷേ യേശു തന്റെ ഭവനത്തിൽ വന്ന സമയത്ത് അയാൾക്കു തന്റെ തെറ്റുകൾ ബോധ്യമായി. അതിനാൽ തന്റെ വസ്തുവക യിൽ പകുതി അയാൾ ദരിദ്രർക്കു ദാനം ചെയ്യാൻ തീരുമാനിച്ചു. ആരോടെങ്കിലും വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്കു നാലു മടങ്ങ് മടക്കി കൊടുക്കുമെന്ന് അയാൾ പ്രഖ്യാപിച്ചു. അങ്ങനെ പണത്തിന്റെ നേരെയുള്ള അയാളുടെ മനോഭാവം വ്യത്യാസപ്പെട്ടുവെന്ന് യേശു മനസ്സിലാക്കിയപ്പോൾ “ഇന്നു ഈ വീടിനു രക്ഷ വന്നു” എന്ന് അവിടുന്നു പറഞ്ഞു. ഒരാൾ രക്ഷയിലേക്കു വരുന്നതിന്റെ പ്രകടമായ അടയാളമാണ് പണത്തോട് അയാൾക്കുണ്ടായിരുന്ന മനോഭാവത്തിൽ മാറ്റം വരിക എന്നത്. പണത്തിന്റെ നേരെയുള്ള ഒരുവന്റെ മനോഭാവം മാറിയിട്ടില്ലെങ്കിൽ രക്ഷ അയാളുടെ സമീപത്തുപോലും എത്തിയിട്ടില്ല എന്നതു സ്പഷ്ടം തന്നെ.

യേശുവിന്റെ അടുക്കൽ വന്ന സമ്പന്നനും യുവാവുമായ പ്രമാണിക്കു പല ഉൽകൃഷ്ട ഗുണങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അയാൾ തന്റെ പണത്ത വളരെയധികം സ്നേഹിച്ചിരുന്നു. അതിനാൽ “നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്കുക. പിന്നെ വന്നു എന്നെ അനുഗമിക്കുക.” എന്നു യേശു പറഞ്ഞപ്പോൾ താൻ വളരെ സമ്പന്നാകയാൽ അതിനു മനസ്സില്ലാതെ അയാൾ ദുഃഖിതനായി കർത്താവിനെ വിട്ടുപോയി. അനേകം നല്ല ഗുണങ്ങൾ ഉള്ളവനായിരുന്നിട്ടും ഈയൊറ്റകാര്യം നിമിത്തം അയാൾക്കു യേശുവിനെ അനുഗമിക്കാൻ സാധിച്ചില്ല. അങ്ങനെ ദൈവരാജ്യം അയാൾക്കു നഷ്ടപ്പെടുകയും ചെയ്തു. ഈ കാര്യം നാം മനസ്സിലാക്കുന്നുണ്ടോ? നമുക്ക് എന്തെല്ലാം നല്ല ഗുണങ്ങൾ ഉണ്ടായിരുന്നാലും നാം ഭൗതികസമ്പത്തുകളെ സ്നേഹിക്കുന്നവരാണെങ്കിൽ ദൈവരാജ്യത്തിനു പുറത്തായിരിക്കും നമ്മുടെ സ്ഥാനം.

വാക്യം 19,20 “പുഴുവും തുരുമ്പും … നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. ഇവിടെ നാം നേരത്തെ കണ്ട് അതേ താരതമ്യം വീണ്ടും കാണുവാൻ കഴിയും. ഭൂമിയിലുള്ള നിക്ഷേപവും സ്വർഗ്ഗത്തിലുള്ള നിക്ഷേപവും തമ്മിൽ, ഭൗതിക ധനവും സ്വർഗ്ഗീയധനവും തമ്മിലുള്ള താരതമ്യം. ഇവയിൽ ഏതു ധനം ഞാൻ അന്വേഷിക്കും എന്ന കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പു നടത്തുവാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. “നിക്ഷേപം സ്വരൂപിക്കുവിൻ” എന്നുള്ള വാക്കുകൾ ശ്രദ്ധിക്കുക. നിക്ഷേപം സ്വരൂപിക്കുക എന്നതു നാമറിയാതെ സ്വയം സംഭവിക്കുന്ന കാര്യമല്ല. നാം ബോധപൂർവ്വം പ്രവർത്തിക്കേണ്ട ഒരു കാര്യമാണത്. അതിനുവേണ്ടി നാം ഒരു പ്രയത്നം ചെയ്യേണ്ടത് ആവശ്യമത്രേ. നിങ്ങളുടെ പ്രയത്നങ്ങൾ ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുവേണ്ടി ആയിരിക്കരുത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങളുടെ പ്രതിദിനാവശ്യങ്ങൾക്കു മതിയായ ധനം ഉണ്ടെങ്കിൽ അതുകൊണ്ടു നിങ്ങൾ സംതൃപ്തരാകണം. ആവശ്യത്തിനപ്പുറം ആഡംബരത്തിനും സുഖജീവിതത്തിനും വേണ്ടിയുള്ള ധനത്തിനായി ആഗ്രഹിക്കരുത്. അതിരുകടന്ന സമ്പത്തും അതിരുകടന്ന ദാരിദ്ര്യവും രണ്ടും ഒരു പോലെ നാശകരമാണെന്നു ഓർത്തുകൊള്ളുക. ഈ രണ്ട് അവസ്ഥകളിൽ നിന്നും തന്നെ കാത്തുകൊള്ളണമേ എന്ന് സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരൻ പ്രാർത്ഥിക്കുന്നുണ്ട്. സദൃശ്യവാക്യങ്ങൾ 30:9 നോക്കുക. അത്യധികമായ ദാരിദ്ര്യമോ ധാരാളമായ സമ്പത്തോ നിങ്ങളെ കർത്താവിൽ നിന്ന് അകറ്റിക്കളയുമെന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഈ പ്രാർത്ഥന നിങ്ങൾക്ക് നല്ലതായിരിക്കും. എന്നാൽ ഇത് ഒരു പഴയനിയമ പ്രാർത്ഥനയാണെന്നു നാം മറന്നുപോകരുത്. പുതിയനിയമത്തിലാകട്ടെ, പൗലോസ് നമ്മോടു പറയുന്നത് ദാരിദ്ര്യത്തെയും സമൃദ്ധിയെയും നേരിടുവാനുള്ള വഴി അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് (ഫിലിപ്പിയർ 4:12). ഇവയ്ക്ക് രണ്ടിനും അദ്ദേഹത്തെ കർത്താവിൽ നിന്ന് അകറ്റുവാൻ സാധിച്ചില്ല. തന്റെ സാമ്പത്തിക സ്ഥിതിയെ അതിജീവിക്കുവാൻ അദ്ദേഹം പഠിച്ചു. ആവശ്യത്തിലിരിക്കുമ്പോൾ കർത്താവിൽ ആശ്രയിക്കുവാനും സമൃദ്ധിയനുഭവിക്കുമ്പോൾ ഉദാരമായി ദാനം ചെയ്യാനും അദ്ദേഹം പരിശീലിച്ചു. ഈ നിലവാരമാണ് പുതിയനിയമത്തിൽ നമുക്കു നൽകപ്പെട്ടിരിക്കുന്നത്. എന്നാൽ പൗലോസിനെപ്പോലെയൊരു ജയാളിയായിത്തീരുവാൻ നിങ്ങൾക്കു താത്പര്യമില്ലെങ്കിൽ സദൃശ്യവാക്യം 30:8,9- ലെ പ്രാർത്ഥന പ്രാർത്ഥിക്കുകയാണ് നല്ലത്.

അതുകൊണ്ട് പ്രിയസ്നേഹിതരെ, ഈ താരതമ്യം ഓർത്തുകൊൾവിൻ. ഒന്നുകിൽ ഭൂമിയിലുള്ള നിക്ഷേപം, അല്ലെങ്കിൽ ദൈവം. ഇതിലൊന്നിനെ മാത്രമേ നമുക്കു സേവിക്കുവാൻ കഴിയൂ. ഒരേ സമയം ഇതു രണ്ടും ഒരുമിച്ചു കൊണ്ടുപോകുവാൻ നമുക്കു സാധ്യമല്ല. അതുകൊണ്ട് ഇതിൽ ഏതു നാം തിരഞ്ഞെടുക്കും? ദൈവത്തെയോ? മാമോനെയോ? നമ്മുടെ തിരഞ്ഞെടുപ്പ് ഏതെന്നു തീരുമാനിക്കാൻ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു.


7 നിങ്ങളുടെ വെളിച്ചം ഇരുളാകാതിരിക്കാൻ നോക്കുക (മത്താ. 6:19-24)


രണ്ടുതരം നിക്ഷേപങ്ങളെക്കുറിച്ച് യേശു നടത്തിയ ഒരു താരതമ്യ വിവേചനത്തെപ്പറ്റിയായിരുന്നു നാം ചിന്തിച്ചു കൊണ്ടിരുന്നത്. ഈ ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കുന്നതും സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയാണ് കർത്താവു ഈ ഭാഗത്തു സംസാരിച്ചു കൊണ്ടിരുന്നത്. അതുപോലെ നമ്മുടെ സേവനവും അനുസരണവും ആവശ്യപ്പെടുന്ന രണ്ടു യജമാനന്മാരെപ്പറ്റിയും ഈ ഭാഗത്തു യേശു സംസാരിച്ചു. ഇതിൽ ഒരു യജമാനൻ ദൈവമാണ്. നാം ദൈവത്തിന്റെ ദാസന്മാരാണ്. അവിടുന്നു കൽപ്പിക്കുന്നത് നാം അനുസരിക്കുകയും അവിടുത്തെ ഹിതം നാം അനുസരിക്കുകയും ചെയ്യുന്നു. മറ്റേ യജമാനൻ മാമോൻ അഥവാ ഭൗതിക ധനമാണ്. അതേ ധനവും ഒരു യജമാനൻ തന്നെ. ഒരു യജമാനൻ ആയിട്ടാണു പണത്തെ കർത്താവു ചിത്രീകരിച്ചിട്ടുള്ളതെന്നു നാമോർക്കണം. ഈ യജമാനനും തന്റേതായ ദാസന്മാരുണ്ട്. അവർ ആ യജമാനന്റെ കല്പനകൾ അനുസരിക്കുകയും അയാളെ പ്രസാദിപ്പിക്കുവാനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെയ്ക്കുകയും ചെയ്യുന്നു. അവരുടെ ജീവിതം ഒന്നാകെ പണത്തെ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തങ്ങൾക്കു കുറെ പണം നഷ്ടപ്പെടുമ്പോൾ അവർ ഹതോത്സാഹരാകുകയും നിരാശ കൊണ്ട് തളർന്നുപോകുകയും ചെയ്യുന്നു. നേരെമറിച്ച് കുറെ പണം ലാഭമാക്കാൻ കഴിഞ്ഞാൽ അവർ ഉത്സാഹഭരിതരാകുകയും ആനന്ദിക്കുകയും ചെയ്യുന്നു. പണത്തിനു ദാസന്മാരായിരിക്കുന്നവരുടെ സവിശേഷതകൾ ഇവയൊക്കെയാണ്. ഇവിടെ നമുക്കു നമ്മെത്തന്നെ പരിശോധിക്കുകയും നാം ദൈവത്തിന്റെ ദാസന്മാരോ എന്നു നിർണ്ണയിക്കുകയും ചെയ്യാം. നാം ദൈവത്തിന്റെ ദാസന്മാരാണെങ്കിൽ പണം നമ്മുടെ ജീവിതത്തിന്മേൽ സ്വാധീനം ചെലുത്തുകയില്ല. പണം നാം ഉപയോഗിക്കും. എന്നാൽ അതു നമ്മുടെ യജമാനനായിരിക്കുകയില്ല. പ്രിയ സ്നേഹിതാ, പണത്തിനു നിങ്ങളുടെ മേൽ സ്വാധീനശക്തിയുണ്ടോ? അതു നിങ്ങളുടെ ജീവിതത്തിനുമേൽ അധികാരം ചെലുത്തുന്നുണ്ടോ എന്നു നിങ്ങളോടു തന്നെ ചോദിക്കുക. അതിനു നിങ്ങളുടെ സന്തോഷത്തെ കൂട്ടുവാനോ കുറയ്ക്കുവാനോ ഉള്ള ശക്തിയുണ്ടോ. ഒരു യഥാർത്ഥ ദൈവദാസൻ ധനലാഭം കൊണ്ടോ ധനനഷ്ടം കൊണ്ടോ സ്വാധീനിക്കപ്പെടുന്നവനായിരിക്കുകയില്ല. കുറെ പണം ലഭിച്ചാൽ അയാൾ സന്തോഷിക്കുകയില്ല. നഷ്ടപ്പെട്ടാൽ വേദനിക്കുകയുമില്ല. കർത്താവായ യേശുക്രിസ്തു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്ത് ധനലബ്ധി അദ്ദേഹത്തെ സന്തോഷിപ്പിച്ചതായോ ധനനഷ്ടം ദുഃഖിപ്പിച്ചതായോ നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ധനലബ്ധി അദ്ദേഹത്തിന്റെ സന്തോഷത്തെ ഒരിക്കലും വർദ്ധിപ്പിച്ചിട്ടില്ല. ധനനാശം ഒരിക്കലും അദ്ദേഹത്തിന്റെ സന്തോഷത്തെ കുറയ്ക്കുകയും ചെയ്തില്ല.

1 യോഹന്നാൻ 2:6ൽ യേശു നടന്നതുപോലെ നാം നടക്കണമെന്ന് അപ്പോസ്തലൻ നമ്മെ പ്രബോധിപ്പിക്കുന്നു. പണത്തെ യേശു ഉപയോഗിച്ചിരുന്നു. എന്നാൽ പണം അദ്ദേഹത്തെ ഒരു തരത്തിലും സ്വാധീനിച്ചിരുന്നില്ല. അതു പോലെതന്നെ ജീവിക്കുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. 1 തിമോഥിയോസ് 6:10 ൽ ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്റേയും മൂലമാണെന്നു പറഞ്ഞിട്ടുണ്ട്. അതു ചിലർ കാംക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴുന്ന് ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നതായി പൗലോസ് പറയുന്നു. പണത്തെ സ്നേഹിക്കുന്നതോടെ ഉടൻ തന്നെ അവർ വിശ്വാസം ത്യജിക്കുന്നുവെന്നല്ല ഇതിന്റെയർത്ഥം. പിന്നെയൊ ലക്ഷ്യബോധം നഷ്ടപ്പെടുന്ന ഒരു കപ്പൽ കാറ്റിന്റെയും തിരകളുടേയും ഗതിയിൽപ്പെട്ട് അലയുന്നതുപോലെ അവർ വിശ്വാസം വിട്ട് ഉഴലുന്നതായിട്ടാണ് ആ വാക്യം പറയുന്നത്. അതിന്റെ ഫലമായി അവർ ബഹുദുഃഖങ്ങൾക്കധീനരായിത്തീരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അതിനു തൊട്ടുമുമ്പുള്ള വാക്യം (9) വിവരിക്കുന്നു. ധനികന്മാരാകുവാനാഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങിപ്പോകുന്നതായി അവിടെ പ്രസ്താവിക്കുന്നു. ധനം വർദ്ധിക്കുന്തോറും പുതിയ പുതിയ ഓരോരോ വസ്തുക്കൾക്കായിട്ടുള്ള ആഗ്രഹം അവരിൽ അങ്കുരിക്കുന്നു. അങ്ങനെയുള്ള ആഗ്രഹങ്ങൾ അവരെ പാപത്തിൽ കുടുക്കുന്നു. മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാനിടയാക്കുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും അവർ അധീനരായിത്തീരുന്നു. അങ്ങനെ അവർ പാപബന്ധനങ്ങളിൽ കുടുങ്ങി ഒടുവിൽ സംഹാരത്തിനും നാശത്തിനും പാത്രമായിത്തീരുന്നു. നിങ്ങൾ ബുദ്ധിയുള്ളവരെങ്കിൽ ഈ വാക്കുകളെ ഗൗരവമായി വീക്ഷിക്കുക. നിങ്ങൾ പണത്തെ സ്നേഹിക്കുന്നവരെങ്കിൽ തീർച്ചയായും ഇങ്ങനെയുള്ള ഒരന്തത്തിലേക്കു പണം നിങ്ങളെ കൊണ്ടുചെന്നെ ത്തിക്കും. അതു തീർച്ചയാണെന്ന് ഉറപ്പാക്കിക്കൊള്ളുന്നു.

നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന മത്തായി 6:21-ാം വാക്യം പറയുന്നു. “നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും. ഭൗമികകാര്യങ്ങളിലാണ് നിങ്ങളുടെ നിക്ഷേപം എങ്കിൽ നിങ്ങളുടെ ഹൃദയവും അവിടെത്തന്നെയായിരിക്കും. നേരെമറിച്ച് സ്വർഗ്ഗീയകാര്യങ്ങളെ നിക്ഷേപമാക്കിക്കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ ഹൃദയവും ഉന്നതത്തിൽ ന്നെയായിരിക്കും.

മത്തായി 6:22 “ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു. കണ്ണു ചൊവുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും. കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്രവലുത്. ഈ ലോകം ആത്മീയമായ അന്ധകാരം കൊണ്ട് നിറഞ്ഞതാണ്. ലോകത്തിന്റെ മക്കളായ എല്ലാ മനുഷ്യരും ആ ഇരുട്ടിൽ തപ്പിത്തടയുന്നവർത്തന്നെ. എന്നാൽ ദൈവത്തിന്റെ മക്കൾ എന്നവകാശപ്പെടുന്നവർ ഇരുട്ടിൽ നടക്കാതെ ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടവരാണ്. എങ്കിലും അപ്രകാരമുള്ളവരും ലോകത്തിന്റെയും ലൗകികകാര്യങ്ങളെയും സ്നേഹിക്കുന്നവരായിത്തീർന്നാൽ അവരുടെ ജീവിതവും ഇരുളടഞ്ഞതായി ത്തീരും. ഇപ്രകാരം അവർക്കുണ്ടായിരുന്ന വെളിച്ചം തന്നെ. ഇരുട്ടായിത്തീരുന്നുവെങ്കിൽ അവരുടെ ഇരുട്ട് അതിനെക്കാളും ഭയാനകം തന്നെ. ഈ ഇരുട്ട് എങ്ങനെയാണ് വരുന്നത്? ഭൗതികകാര്യങ്ങളിൽ നാം നമ്മുടെ ഹൃദയം വച്ചിരിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതം ഇരുട്ടു ബാധിച്ചതായിത്തീരും. ഇക്കാര്യം നാം വ്യക്തമായി ധരിച്ചിരിക്കണം. കർത്താവു രണ്ടുതരം നിക്ഷേപങ്ങളെ ക്കുറിച്ചു പറയുന്ന 19,20 വാക്യങ്ങൾക്കും രണ്ടു യജമാനന്മാരെപ്പറ്റിപ്പറയുന്ന 24-ാം വാക്യത്തിനും മധ്യത്തിലാണ് ആത്മീയമായ കൂരിരുട്ടിനെപ്പറ്റിയുള്ള ഈ പരാമർശം വരുന്നത്. അതിനാൽ ഇവിടെ കർത്താവു എന്തിനെപ്പറ്റിയാണ് പറയുന്നതെന്ന് തികച്ചും സ്പഷ്ടമാണ്. ഭൗതികകാര്യങ്ങളിൽ നാം നമ്മുടെ നിക്ഷേപം കാണുന്നുവെങ്കിൽ പണത്തെ നാം നമ്മുടെ യജമാനനാക്കിയിരിക്കുന്നുവെങ്കിൽ, നമ്മുടെ വെളിച്ചം തന്നെ ഇരുളായിപ്പോയിരിക്കുന്നുവെന്നതു തർക്കമറ്റ് സംഗതിയാണ്. അവിടെ നമ്മുടെ കണ്ണ് ചൊവ്വാള്ളതായിരിക്കുന്നില്ല. മറിച്ച് കണ്ണ് കേടുള്ളതായിത്തീർന്നിരിക്കുന്നുവെന്നു നമുക്കു തീരുമാ നിക്കാം. കാഹങ്ങൾ ആത്മീയമായി കേടുള്ള കണ്ണിന്റെ ഫലമാണ്. 1 യോഹന്നാൻ 2:26 ൽ ജഡമോഹം, കാഹം, ജീവനത്തിന്റെ പ്രതാപം എന്നിങ്ങനെ ലോകത്തെ സ്നേഹിക്കുന്നതിന്റെ ഫലങ്ങളെ വിസ്തരിക്കുന്നുണ്ട്. അവിടുത്തെ കാഹം എന്ന പദത്തെ ലിവിംഗ് ബൈബിൾ പരാവർത്തനം ചെയ്തിട്ടുള്ളത് കണ്ണുകളെ വശീകരിക്കുന്ന വസ്തുക്കളൊക്കെ സ്വായത്തമാക്കാനുള്ള വെമ്പൽ അഥവാ അത്യാഗ്രഹം എന്നാണ്. കാണുന്നതൊക്കെ മോഹിക്കുകയും സ്വന്തമാക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനോഭാവം നിങ്ങളിലുണ്ടെങ്കിൽ അപ്പോൾ നിങ്ങളുടെ കണ്ണുകൾ (ആത്മീയ നയനങ്ങൾ) കേടായിപ്പോയി എന്നതു വ്യക്തമാണ്. അതിനാൽ നിങ്ങളുടെ ജീവിതമാകെ ഇരുളടഞ്ഞതായിത്തീർന്നിരിക്കുന്നു.

നേരേമറിച്ച് നിങ്ങളുടെ ഹൃദയം ക്രിസ്തു ദൈവത്തിന്റെ വലതു ഭാഗത്തു ഇരിക്കുന്ന ഇടമായ ഉയരത്തിലുള്ളതുമാത്രം അന്വേഷിക്കുന്നുവെങ്കിൽ നിങ്ങളുടെ കണ്ണു ചൊവുള്ളതാണ്. കാരണം കൊലോസ്യർ 3:2 ൽ പറയുന്നതു പോലെ നിങ്ങൾ മരിച്ച് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടി ദൈവത്തിൽ മറഞ്ഞിരിക്കുന്നു. ക്രിസ്തുവിനോടുകൂടി ലോകത്തിനും ലൗകികവസ്തുക്കൾക്കും മരിച്ചവരായിത്തീരാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ക്രിസ്തു നടക്കുന്നതുപോലെ നടക്കുവാനും നമുക്കു സാധിക്കും. നമ്മുടെ കണ്ണുകൾ എന്തിന്മേലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്? ദൈവത്തിലോ ഭൗതിക ധനത്തിലോ? ഏതെങ്കിലും തരത്തിലുള്ള ഭൗതിക മോഹങ്ങൾക്കു നാം അധീനരാണെങ്കിൽ നാം സാത്താന്റെ പരീക്ഷയിലും കെണിയിലും കുടുങ്ങിപ്പോകുകയും അവസാനത്തിൽ സംഹാരനാശങ്ങൾക്ക് ഇരയായിത്തീരുകയും ചെയ്യും. അങ്ങനെയെങ്കിൽ നമ്മെ രക്ഷിക്കുവാൻ നാം ദൈവത്തോടു നിലവിളിച്ചാൽ തന്നെയും ദൈവത്തിനും നമ്മെ രക്ഷിക്കുവാൻ സാധ്യമല്ല. കാരണം ആത്മീയനിയമങ്ങൾക്കനുസരിച്ചാണ് ദൈവം സകലവും പ്രവർത്തിക്കുന്നത്. നാം ജഡത്തിൽ വിതയ്ക്കുന്നവരെങ്കിൽ ജഡത്തിൽ നിന്നു നാശം തന്നെ നാം കൊയ്യും. നമ്മുടെ തന്നെ സാമ്പത്തിക സാമ്രാജ്യങ്ങളെ പണിതുയർത്തുവാൻ പ്രയത്നിക്കുന്നവരാണ്നാമെങ്കിൽ നാം വിശ്വാസം വിട്ടുഴുന്ന് ബഹുദുഃഖങ്ങൾക്കധീനരാകാതെ മറ്റൊരു മാർഗ്ഗവുമില്ല.

അതിനാൽ എന്താണ് ഈ ദുരന്തത്തിൽ നിന്നു രക്ഷപെടുവാനുള്ള മാർഗ്ഗം? ലോകമോഹങ്ങളെ തടഞ്ഞുനിർത്തുകയോ എതിർക്കുകയോ ചെയ്യുന്നതല്ല അതിനുള്ള മാർഗ്ഗം. നേരേമറിച്ച് സ്വർഗ്ഗത്തിൽ നിങ്ങളുടെ നിക്ഷേപം സ്വരൂപിച്ചുകൊള്ളുകയാണ് വേണ്ടത്. സ്വർഗ്ഗീയമായ നിക്ഷേപത്തിനുവേണ്ടി നിരന്തരം പ്രവർത്തിക്കുക. യേശു ക്രിസ്തുവിൽ വിളങ്ങിയ സ്വഭാവമഹിമ, ദിവ്യസ്വഭാവത്തിലുള്ള പങ്കാളിത്തം. ക്രിസ്തുവിന്റെ സൽഗുണങ്ങൾ എന്നിവയെ നിരന്തരമായി അന്വേഷിക്കുക. അപ്പോൾ മാമോന്റെ പിടിയിൽ നിന്നു നിങ്ങൾ വിടുതൽ നേടും. ഇതല്ലാതെ മറ്റൊരു വഴിയുമില്ല. അതിനാൽ ദൈവത്തെ മാത്രം നമ്മുടെ യജമാനനാക്കിക്കൊണ്ട് അവിടുത്തെ മാത്രം നമുക്കു സേവിക്കാം. നമ്മുടെ ഹൃദയത്തെ സ്വർഗ്ഗീയ സമ്പത്തുകളിൽ മാത്രം ഉറപ്പിക്കാം. അപ്പോൾ മാമോന് അതായത് ഭൗതിക ധനത്തിന് നമ്മുടെമേൽ യാതൊരധികാരവും ഇല്ലാതെയാകും.

ഭാഗം നാല്
ദൈവരാജ്യത്തിലേക്കുളള വാതിലും വഴിയും


1 ഉൽകണ്ഠയിൽനിന്നു സ്വാതന്ത്ര്യം


“അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്. എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്. ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ച് വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അധ്വാനിക്കുന്നില്ല. നൂൽക്കുന്നതുമില്ല. എന്നാൽ ശാലോമോൻ പോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളെ, നിങ്ങളെ എത്ര അധികം ആകയാൽ നാം എന്തു തിന്നും, എന്തു കുടിക്കും, എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു. സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടു കൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്. നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ. അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി” (മത്തായി 6:25-34)
ഉൽകണ്ഠ അഥവാ ആകുലചിന്തയെപ്പറ്റി കർത്താവു പഠിപ്പിക്കുന്ന ഈ ഭാഗം ഗൗരവമായി വീക്ഷിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളുകളുടെ സംഖ്യ പരിമിതമാണ്. ബഹുഭൂരിപക്ഷമാളുകളും ഈ ഭാഗം മാത്രമല്ല, ഗിരിപ്രഭാഷണം ഒന്നാകെത്തന്നെയും ഗൗരവമായിട്ടെടുക്കാത്തവരാണ് അതു മൂലം അവർക്കുണ്ടാകുന്ന നഷ്ടം വമ്പിച്ചത്. ഇക്കൂട്ടർ ഒരുതരം ആത്മവഞ്ചനയ്ക്കധീനരായി തങ്ങൾ ക്രിസ്ത്യാനികളാണെന്നു ചിന്തിച്ചുകൊണ്ട് ജീവിതം നയിക്കുന്നു. യഥാർത്ഥത്തിൽ അവർ ക്രിസ്ത്യാനികളല്ല തന്നെ. അവരിലധികം പേരും ദൈവവിശ്വാസമില്ലാത്തവരെപ്പോലെ, തങ്ങൾക്കായി കരുതുന്ന ഒരു ദൈവമുണ്ടെന്ന കാര്യമേ വിസ്മരിച്ചുകൊണ്ട് തങ്ങളുടെ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ച് അനാഥരും ദുഃഖിതരുമായി ജീവിച്ചു പോരുന്നു. എന്നാൽ താൻ ദൈവത്തിന്റെ മകനോ മകളോ ആണെന്നറിയുന്ന ക്രിസ്ത്യാനിയുടെ ജീവിതം ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും.” എന്നു ദൈവവചനം പറയുന്നതുപോലെ അവർ വിശ്വാസത്താൽ ജീവിക്കുന്നവരാണ്. നാം. വിശ്വാസത്താൽ ജീവിക്കുന്നവരല്ലെങ്കിൽ നീതിമാന്മാരെന്ന പേരിനുതന്നെ നാം അർഹരല്ല. നീതിമാൻ വിശ്വാസത്താൽ ജീവിക്കുമ്പോൾ, നീതികെട്ട ഒരുവനാകട്ടെ, അവിശ്വാസത്താൽ ജീവിക്കുന്നു. ദൈവം തങ്ങളെ ആഴമായി സ്നേഹിക്കുന്നുവെന്നും തങ്ങൾക്കായി കരുതുന്നുവെന്നും അവൻ അറിയുന്നില്ല. എല്ലാ ആകുലചിന്തയുടെയും മൂല കാരണം ഇതത്രേ.

30-ാം വാക്യത്തിൽ കർത്താവ് ഇങ്ങനെയുള്ളവരെ “അവിശ്വാസികളെ എന്നു സംബോധന ചെയ്യുന്നു. അല്പവിശ്വാസം വിശ്വാസരാഹിത്യം തന്നെയാണ്. ദൈവം നമ്മെ നടത്തുവാൻ ശക്തനാണ് എന്ന വിശ്വാസത്തിന്റെ അഭാവമാണ് എല്ലാ വ്യാകുല ചിന്തയുടെയും അടിസ്ഥാനം. വിചാരപ്പെടരുത് അഥവാ ഉൽകണ്ഠിതരായിത്തീരരുത് എന്നു മൂന്നു പ്രാവശ്യം ഈ ഭാഗത്തു കർത്താവ് ആവർത്തിച്ചു പറയുന്നുണ്ട്. “എന്തു തിന്നും, എന്തു കുടിക്കും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്.” (വാക്യം 25). “ആകയാൽ എന്തു തിന്നും, എന്തു കുടിക്കും, എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്.” (വാക്യം 31). വീണ്ടും “അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്” (വാക്യം 34).

24-ാം വാക്യത്തിൽ “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിക്കാൻ കഴികയില്ല എന്നു പ്രസ്താവിച്ചതിനു ശേഷം 25-ാം വാക്യത്തിൽ “ആകയാൽ വിചാരപ്പെടരുത്” എന്നു ഉപദേശിക്കുന്നത് ശ്രദ്ധിക്കുക. അതിന്റെ താല്പര്യം ഇതാണ്. നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നവനെങ്കിൽ നിങ്ങൾക്കു വിചാരപ്പെടുവാൻ സാധ്യമല്ല. എന്നാൽ നിങ്ങൾ ദൈവത്തെ സേവിക്കുന്നവനല്ലെങ്കിൽ നിങ്ങൾ എത്ര വലിയ ധനവാനായാലും ചിന്താകുലതയിൽ നിന്നു നിങ്ങൾക്കു സ്വതന്ത്രരായിരിക്കാനും സാധ്യമല്ല. വൻകിട ധനവാന്മാർ, വ്യാപാരികൾ തുടങ്ങിയവരുടെ കാര്യത്തിൽ പോലും ഒരു ക്ഷണനേരം കൊണ്ട് അവരുടെ വ്യാപാരമെല്ലാം തകർന്നു തരിപ്പണമായിത്തീരാം. അവർക്കു വ്യാകുലചിത്ത രായിത്തീരുവാൻ നൂറുകൂട്ടം കാര്യങ്ങൾ ഉണ്ടായിരിക്കും. വൻപിച്ച രാജാക്കന്മാരും ഭരണാധിപന്മാരും ഉൽകണ്ഠയിൽ മുഴുകി ജീവിതം നയിക്കുന്നു. മഹാധനികരായ ബിസ്സിനസ്സുകാരും ഉൽകണ്ഠയിൽ കഴിഞ്ഞു കൂടുന്നു. എന്നാൽ പാവങ്ങളായ ദൈവമക്കളാകട്ടെ സമാധാനപൂർവ്വമായ ജീവിതം നയിക്കുന്നു. അവർക്ക് അശേഷവും ആകുല ചിന്തയില്ല. എല്ലാ ഉത്കണ്ഠയിൽ നിന്നും അവർ സ്വതന്ത്രരാണ്. കാരണം മറ്റൊന്നുമല്ല. അവർ തങ്ങളുടെ ജീവിതത്തെ നശിച്ചുപോകുന്ന ധനമാകുന്ന മണലിന്മേലല്ല പണിഞ്ഞിട്ടുള്ളത്. അവർ പാറമേൽ അടിസ്ഥാനപ്പെട്ടവരാകയാൽ ഒന്നിലും കുലുങ്ങാതെ സുസ്ഥിരചിത്തരായും സന്തോഷപൂർണ്ണരായും ജീവിതം നയിക്കുന്നു.

ഒരുവന്റെ ജീവിതത്തിൽ ആകുലചിന്തയുണ്ടെങ്കിൽ അവന്റെ ജീവിതം ദൈവത്തിൽ അടിസ്ഥാനപ്പെട്ടതല്ല എന്നതിന്റെ തെളിവാണത്. നശ്വരമായ ധനത്തിലല്ല. അനശ്വരനായ സർവ്വശക്തനായ ദൈവത്തിൽ തന്നെയാണ് നാം നമ്മുടെ ആശയം വയ്ക്കേണ്ടത്. 25-ാം വാക്യം നോക്കുക. “അതു കൊണ്ട് ഞാൻ നിങ്ങളോട് പറയുന്നത് എന്തു തിന്നും എന്ത് കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് നാം വിചാരപ്പെടുന്നവരായിത്തീരുന്നു വെങ്കിൽ അതിനുള്ള പരിഹാരം ഇതാണ്; ഭൗതിക ധനത്തിന്മേലുള്ള നിങ്ങളുടെ ആശയം അവസാനിപ്പിക്കുക. ധനത്തിനുവേണ്ടിയുള്ള അന്വേഷണവും നിറുത്തുക. ഭൗതിക സമ്പത്തുകളുടെ മേൽ ദൃഷ്ടി വയ്ക്കാതെ ദൈവത്തിൽ മാത്രം നിങ്ങളുടെ ദൃഷ്ടി പതിയട്ടെ. ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിശേഷബുദ്ധിയില്ലാത്ത ജന്തുക്കളാണല്ലോ; ദൈവത്തിന്റെ മക്കളായ നമ്മെക്കാൾ എത്രയോ താഴെക്കിടയിലുള്ള സൃഷ്ടികളാണവ. അവയ്ക്ക് ആഹാരം കൊടുക്കുന്നവനായ ദൈവം, വയലിലെ താമരയെ ചമയിക്കുന്നവനായ ദൈവം, അവിടുന്നു നമ്മുടെ പിതാവാണ് നമ്മെ സ്നേഹിക്കുകയും നമ്മെ കരുതുകയും ചെയ്യുന്നവനാണ്. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരുവാൻ മതിയായവനാണ്. ഈ ദൈവത്തെപ്പറ്റി രണ്ടുകാര്യങ്ങൾ യേശു പഠിപ്പിച്ചു. ഒന്ന് അവിടുന്നു നമ്മുടെ സ്വർഗ്ഗസ്ഥപിതാവാണ് നിത്യ സ്നേഹത്തോടെ നമ്മെ സ്നേഹിക്കുന്നവനാണ്. രണ്ട് അവിടുന്ന് ദൈവമാണ് സർവ്വശക്തനാണ് ആ ജന്തുക്കൾക്കും വയലിലെ പൂക്കൾക്കും വേണ്ടി ഈ ദൈവം കരുതുന്നുവെങ്കിൽ സ്വന്തമക്കളായ നമുക്കുവേണ്ടി അവിടുന്ന് എത്രയധികം കരുതും

25-ാം വാക്യത്തിന്റെ അവസാനഭാഗം“ ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ?” ദൈവം നമ്മുടെ ശരീരത്തെ സൃഷ്ടിച്ചവനാണ്. ഈ ശരീരത്തിന്റെ ഘടനയെപ്പറ്റി നാം ആലോചിച്ചിട്ടുണ്ടോ? എത്ര അത്ഭുതകരമാണ് അതിന്റെ സൃഷ്ടിയും പ്രവർത്തനവും ശരീരത്തെ സൃഷ്ടിച്ചവനും ശരീരത്തിനുമപ്പുറം നമുക്കു ജീവൻ നൽകിയവനുമാണ് ഈ ദൈവം. ഈ ശരീരവും ജീവനും അവിടുന്നു നമുക്കു നൽകിയെങ്കിൽ, അവയുടെ ആവശ്യങ്ങൾ, അതായത് ഭക്ഷണവും വസ്ത്രവും എല്ലാം, അവിടുന്നു നമുക്കു നൽകുകയില്ലേ?

വാക്യം 32 “ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു. നിങ്ങളുടെ പിതാവോ ഇതൊക്കെയും നിങ്ങൾക്കാവശ്യമെന്ന് അറിയുന്നു. എങ്ങനെയായാലും വിചാരപ്പെടുന്നതുകൊണ്ട് നമുക്കൊരു പ്രയോജനവുമില്ല. വിചാരപ്പെടുന്നതുകൊണ്ട് നമ്മുടെ നീളത്തിൽ ഒരു മുഴം കൂട്ടുവാനോ നമ്മുടെ ആയുസ്സ് ഒരു മണിക്കൂർ ദീർഘിപ്പിക്കുവാനോ നമുക്കു സാധ്യമല്ല. ആകുലചിന്തകൊണ്ട് നമ്മുടെ ശരീരത്തെ രോഗാധീനമാക്കിത്തീർക്കുക എന്നൊരു ദുഷ്ഫലമല്ലാതെ മറ്റൊരു നേട്ടവും അതുകൊണ്ടുണ്ടാകുന്നില്ല. യഥാർത്ഥത്തിൽ നാം വ്യാകുലപ്പെടുന്ന പലകാര്യങ്ങളും ജീവിതത്തിൽ സംഭവിക്കയേ ചെയ്യുന്നില്ല. ഉൽകണ്ഠയാൽ നാം നമ്മെത്തന്നെ നശിപ്പിക്കുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്.

“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:4,6,7). മുമ്പേ ദൈവത്തിന്റെ രാജ്യവും നീതിയുമാണ് നാം അന്വേഷിക്കേണ്ടത്. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമത്രേ എന്നു റോമർ 14:17ൻ നാം വായിക്കുന്നു. അതിനാൽ ഈ കാര്യങ്ങളത്രേ നാം അന്വേഷിക്കേണ്ടത്. നീതിക്കായി, സമാധാനത്തിനായി പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിനായി ആഴമായ ദാഹവും വിശപ്പും തന്നെ, നമ്മുടെ ഹൃദയത്തിൽ ഉണ്ടാകട്ടെ. അപ്പോൾ ദൈവം അവ നമുക്കു നൽകും. പുറമേ അതോടൊപ്പമുള്ള ഒരു ബോണസ് എന്ന നിലയിൽ നമ്മുടെ എല്ലാ ഭൗതിക ആവശ്യങ്ങളും കൂടെ ദൈവം നിറവേറ്റിത്തരും. നമുക്കിപ്പോഴുള്ള എല്ലാ ഭൗതികവിഭവങ്ങളും അവയ്ക്കുവേണ്ടി നാം അന്വേഷിച്ചതുകൊണ്ടല്ല നമുക്കു ലഭിച്ചിട്ടുള്ളത്. അവയെല്ലാം ദൈവത്തിന്റെ ദാനമാണ്. ചില പൂർണ്ണസമയ സുവിശേഷപ്രവർത്തകരെപ്പോലെ പ്രാർത്ഥനാ പത്രികകളിൽകൂടെ നമ്മുടെ ആവശ്യങ്ങൾ സൂചിപ്പിച്ചിട്ടുമല്ല ഇവയൊന്നും നമുക്കു ലഭിച്ചത് അതിനാൽ ഈ വകയൊന്നുമല്ല നാം അന്വേഷിക്കേണ്ടത്. എന്തെന്നാൽ ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു.

“അതുകൊണ്ട് നാളെക്കായി വിചാരപ്പെടരുത്. നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ. അതതു ദിവസത്തിനു അന്നന്നത്തെ ദോഷം മതി (വാക്യം 34). ഇങ്ങനെ ദൈവം നമ്മുടെ സ്വർഗ്ഗസ്ഥപിതാവാകയാൽ എല്ലാ ഉൽകണ്ഠകളിൽ നിന്നും തികച്ചും സ്വതന്ത്രമായ ഒരു ജീവിതം നയിക്കുവാൻ നമുക്കു സാധ്യമായതുകൊണ്ട് നമുക്കു ദൈവത്തെ മഹത്വപ്പെടുത്താം.


2 വിധിക്കരുത്


“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. എന്നാൽ സ്വന്ത കണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നത് എന്ത്, അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല നിന്റെ കണ്ണിൽ നിന്നു കരടെടുത്തു കളയട്ടെ. എന്നു പറയുന്നത് എങ്ങനെ? കപട ഭക്തിക്കാരാ, മുമ്പേ സ്വന്ത കണ്ണിൽ നിന്നു കോൽ എടുത്തു കളയുക. പിന്നെ സഹോദരന്റെ കണ്ണിൽ നിന്നു കരടെടുത്തു കളവാൻ വെടിപ്പായി കാണും.

വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്. അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യാൻ ഇടവരരുത് (മത്തായി 7:1-6).

സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീരേണ്ടവർക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവത്തെപ്പറ്റിയാണ്, അഥവാ എന്തായിരിക്കണം അവരുടെ നീതിയുടെ മാനദണ്ഡം എന്നതിനെപ്പറ്റിയാണ് കർത്താവായ യേശുക്രിസ്തു ഈ പർവ പ്രസംഗത്തിലൂടെ പഠിപ്പിക്കുന്നത്. മത്തായി 5:20 ൽ “നിങ്ങളുടെ നീതി ശാസ്ത്രിമാരുടേയും പരീശന്മാരുടേയും നീതിയെ കവിയുന്നില്ല. എങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല.” എന്നു കർത്താവ് പഠിപ്പിച്ചു. പരീ ശന്മാരുടെയും ശാസ്ത്രിമാരുടെയും നീതി ബാഹ്യപ്രവൃത്തികളെ മാത്രം സംബന്ധിക്കുന്ന ഒന്നാണ്. നേരേമറിച്ച് ആന്തരികമായ മനോഭാവത്തെയും ചിന്താജീവിതത്തെയും രൂപാന്തരപ്പെടുത്തുന്ന ഒരു നീതിയാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. മത്തായി 5:21-48 വാക്യങ്ങളിലും ആറാമധ്യായത്തിലും ജീവിതത്തിന്റെ വിവിധമണ്ഡലങ്ങളിൽ നാം ഈ രീതിയിൽ എത്തിച്ചേരേണ്ടതെങ്ങനെ എന്നു പഠിപ്പിച്ചശേഷം ഏഴാമധ്യായത്തിന്റെ ആരംഭത്തിൽ മറ്റുള്ളവരെ വിധിക്കുകയും വിമർശിക്കുകയും ചെയ്യുന്ന പരീശമനോഭാവത്തെപ്പറ്റി കർത്താവ് പഠിപ്പിക്കുവാൻ ആരംഭിക്കുന്നു. പരീശന്മാരിൽ കാണപ്പെട്ട ബാഹ്യമായ നീതി മറ്റുള്ളവരെ വിമർശിക്കുകയും വിധിക്കുകയും ചെയ്യുന്ന മനോഭാവത്തിൽ നിന്ന് അവർക്കു സ്വാതന്ത്ര്യം നൽകിയിരുന്നില്ല. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്ന സംഭവം ഇതിന് ഒരു ദൃഷ്ടാന്തമാണ്. ഒരു പരീശനും ചുങ്കക്കാരനും ദേവാലയത്തിൽ പ്രാർത്ഥിക്കാൻ പോയതിനെപ്പറ്റി കർത്താവു പറയുന്ന ഉപമയും ഈ പരിശമനോഭാവത്തെ പ്രകടമാക്കുന്നത്.

വിധിക്കുക എന്നത് വാക്കുകൊണ്ട് ഒരാളെ കുറ്റം വിധിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു ദോഷമല്ല. അത് ആന്തരികമായ ഒരു മനോഭാവത്തിന്റെ പ്രശ്നമാണ്. ഒരു സഹോദരനെപ്പറ്റി വിമർശനപരമായ, അഥവാ കുറ്റാരോപണപരമായ ഒരു മനോഭാവമോ ചിന്താഗതിയോ നമ്മിലുണ്ടെങ്കിൽ വാക്കുകൊണ്ട് ആ അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെങ്കിൽത്തന്നെയും നാം സഹോദരരെ വിധിക്കുന്നവരാണ്. ഇതു നാം ചെയ്യുന്നപക്ഷം നാം വിധിക്കുന്ന വിധിയാൽ നമ്മെയും വിധിക്കുമെന്നും നാം അളക്കുന്ന അളവിനാൽ നമുക്കും അളന്നു കിട്ടുമെന്നും രണ്ടാം വാക്യം പറയുന്നു. നാം മറ്റുള്ളവരോടു കരുണയുള്ളവരാണെങ്കിൽ മാത്രമേ നമുക്കും ദൈവത്തിന്റെ കരുണ ലഭിക്കുകയുള്ളൂ. യാക്കോബ് 2:13-ൽ “കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധിയുണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.” എന്നു നാം വായിക്കുന്നു, നാം മറ്റുള്ളവരോടു കരുണയുള്ളവരായിത്തീരുമ്പോൾ മാത്രമേ ദൈവത്തിന്റെ കരുണയ്ക്ക് നാം പാത്രമായി അവിടുത്തെ ന്യായവിധിയിൽ നിന്നു വിടുതൽ പ്രാപിക്കുകയുള്ളൂ. അതിനാൽ മറ്റൊരു സഹോദരനെ വിധിക്കുന്ന ഒരു വാക്കു പോകട്ടെ, ഒരു ഞരക്കം പോലും നമ്മിൽ നിന്നു പുറപ്പെടാതിരിക്കുവാൻ നാം ശ്രദ്ധിക്കണം. (യാക്കോബ് 5:9). എന്തെന്നാൽ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ ദൈവികന്യായപ്രമാണത്തെത്തന്നെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു (യാക്കോബ് 4:11).

ഒരാൾക്കു മാത്രമേ മറ്റുള്ളവരെ വിധിക്കുവാൻ അധികാരമുള്ളൂ; ദൈവത്തിന്. അതിനാൽ നാം സഹോദരനെ വിധിക്കുന്നവരെങ്കിൽ ദൈവത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരായിട്ടാണ് തീരുന്നത്. ദൂതന്മാരിൽ പ്രധാനിയായിരുന്ന ലൂസിഫറിന്റെ പാപവും ഇതുതന്നെയായിരുന്നു. അവൻ ദൈവത്തിന്റെ സിംഹാസനത്തിലിരിക്കുവാൻ ആഗ്രഹിച്ചു. അതിനാൽ സഹോദരനെ വിധിക്കുന്നവരായി നാം തീരുമ്പോൾ അവന്റെ അനുയായികളായിത്തീരുകയാണെന്ന് നാം ഓർക്കണം. സാത്താൻ നമ്മുടെ സഹോദരന്മാരെ രാപ്പകൽ കുറ്റം ചുമത്തുന്നവനാണ്. അതിനാൽ ആ പ്രവൃത്തി നാം ചെയ്യുന്ന പക്ഷം അവന്റെ മക്കളായി നാം തീരുന്നു.

അടുത്തതായി സ്വന്ത കണ്ണിലെ കോൽ നോക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതിനെപ്പറ്റി 3-ാം വാക്യത്തിൽ കർത്താവു പറയുന്നു. തന്നിൽത്തന്നെ ഒരു വലിയ പാപം ഇരിക്കെ സഹോദരന്റെ ചെറിയ പാപത്തിലേക്കു വിരൽ ചൂണ്ടുന്ന പ്രവണതയാണിത്. എന്നാൽ വലിയ പാപം എന്താണ്? സഹോദരന്റെ നേരെയുള്ള സ്നേഹശൂന്യമായ മനോഭാവം തന്നെയാണത്. ഇതിനോടു താരതമ്യപ്പെടുത്തുമ്പോൾ സഹോദരൻ നമ്മുടെ നേരെ ചെയ്യുന്ന ഏതു പാപവും ഒരു കരടു മാത്രമാണ്. സഹോദരൻ ചെയ്ത ഒരു കൊലപാതകം തന്നെയാകട്ടെ, അതും ഇതിനെക്കാൾ ഭയങ്കരമല്ല. എന്തെന്നാൽ 1 യോഹന്നാൻ 2:11-ൽ “സഹോദരനെ പകയ്ക്കുന്നവൻ ഇരുട്ടിൽ ഇരിക്കുന്നു. ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു.” എന്നും 1 യോഹന്നാൻ 3:15-ൽ “സഹോദരനെ പകയ്ക്കുന്നവൻ എല്ലാം കൊലപാതകനാകുന്നു.” എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. സഹോദരനോടുള്ള പക അഥവാ വിദ്വേഷമാകുന്ന തടിക്കഷണം നമ്മുടെ കണ്ണിലിരിക്കുമ്പോൾ നാം സ്വയം അന്ധരായി ചമയുന്നു. ഈ സ്ഥിതിയിൽ അന്യന്റെ കണ്ണിലെ കരടു നീക്കികളയുന്ന കണ്ണു വൈദ്യരായിത്തീരുവാൻ നമുക്ക് എങ്ങനെ കഴിയും?.

അതുകൊണ്ട് മത്തായി 7:5-ൽ കർത്താവു പറയുന്നതു ശ്രദ്ധിക്കുക. “കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽനിന്നു കോൽ നീക്കിക്കളയുക. സഹോദരന്റെ നേരെയുള്ള സ്നേഹശൂന്യമായ മനോഭാവം നാം ആദ്യം നമ്മുടെ ഹൃദയത്തിൽനിന്നു നീക്കിക്കളയണം എന്നാണ് ഇതിന്റെ അർത്ഥം. എന്തെന്നാൽ സ്നേഹമില്ലാത്ത ഒരു മനോഭാവമാണ് നമുക്കുള്ളതെങ്കിൽ ആരെയും സഹായിക്കുവാൻ നമുക്കു കഴിയുകയില്ല. ആരെയെങ്കിലും സഹായിക്കുവാൻ നമുക്കു കഴിവുണ്ടാകണമെങ്കിൽ ആദ്യം തന്നെ സ്നേഹപൂർണ്ണമായ ഒരു മനോഭാവം നമ്മിലുണ്ടാകണം. അതുകൊണ്ട് ആദ്യം നമുക്കു സ്വന്തകണ്ണിൽ നിന്നു കോൽ നീക്കിക്കളയാം. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു നീക്കുവാൻ അഥവാ അയാളെ സഹായിക്കാൻ നമുക്കു കഴിവുണ്ടാകും. നമുക്കു പാപത്തിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കുമ്പോഴേ മറ്റുള്ളവർക്കു സ്വാതന്ത്ര്യം നൽകുവാൻ നമുക്കു കഴിവുണ്ടാവുകയുള്ളൂ.

ഇപ്രകാരം 1 മുതൽ 5 വരെ വാക്യങ്ങളിൽ സഹോദരനെ സ്നേഹശൂന്യ മായി വിധിക്കുന്നതിനെപ്പറ്റി പറഞ്ഞശേഷം 6-ാം വാക്യത്തിൽ ഇതിനുനേരെ എതിർദിശയിലുള്ള ഒരു പടുകുഴിയിൽ നാം വീണുപോകാതിരിക്കുവാൻ കർത്താവു നമുക്കു മുന്നറിയിപ്പു നൽകുന്നു. ദൈവവചനത്തിന്റെ സമതുലിതാവസ്ഥ നമുക്കു ഇവിടെ കാണാൻ കഴിയും. മറുഭാഗത്തുള്ള കുഴിയെന്താണ്? വാക്യം 6: “വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തു കളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്.” ഒരു നായെക്കണ്ടിട്ട് അത് നായല്ല എന്ന തരത്തിലോ പന്നിയെക്കണ്ടിട്ട് പന്നിയല്ല എന്ന വിധത്തിലോ അതു മായി ഇടപെടുന്നവരായി നാം തീരരുത്. യാഥാർത്ഥ്യബോധമില്ലാത്തവരാ യി, ഒരു മിഥ്യാലോകത്തിൽ ജീവിക്കുന്നവരായി നാം ഭവിക്കരുത്. എന്നു വച്ചാൽ, എല്ലാ മനുഷ്യരും ആധ്യാത്മികകാര്യങ്ങളെ ഒരേ മനോഭാവത്തോടെ വീക്ഷിക്കുന്നവരായിരിക്കും എന്ന ധാരണയിൽ നാം പ്രവർത്തിക്കരുത്. 1 കൊരിന്ത്യർ 3:1, 2 വാക്യങ്ങളിൽ പൗലോസ് കൊരിന്ത്യക്രിസ്ത്യാനികളോടു പറയുന്നതു ശ്രദ്ധിക്കുക. ആത്മീയ ക്രിസ്ത്യാനികളെപ്പോലെ അവരോടു പൗലോസിനു സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഇന്നും അവൻ ജഡികന്മാർ തന്നെയെന്നും തെളിച്ചു പറയുമ്പോൾ പൗലോസ് അവരെ കരുണയില്ലാതെ കുറ്റം വിധിക്കുകയല്ല, നേരെമറിച്ച് സ്നേഹത്തിൽ അവരോടു സത്യം സംസാ രിക്കുകയാണ് ചെയ്യുന്നത്.
ആരാണ് വിശുദ്ധമായതിന് അർഹതയില്ലാത്ത നായ്? ആരാണ് മുത്തു കൾ സ്വീകരിക്കുവാൻ കഴിവില്ലാത്ത പന്നി? 2 പത്രോസ് 2:21, 22 വാക്യങ്ങ ളിൽ ഇപ്രകാരമുള്ളവരുടെ ഒരു ചിത്രം നമുക്കു കാണാൻ കഴിയും. “തങ്ങൾക്കു ഏൽപ്പിച്ചുകിട്ടിയ വിശുദ്ധ കൽപ്പനയെ നീതിയുടെ വഴി അറി ഞ്ഞശേഷം വിട്ടു കളയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നത് അവർക്കു നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിപ്പിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊ ല്ലുപോലെ അവർക്കു സംഭവിച്ചു.” സുവിശേഷത്തിന്റെ സത്യവചനം കേട്ട് ജീവിതത്തിന് ഒരു പരിവർത്തനം സംഭവിച്ചശേഷം വീണ്ടും പഴയ പാപസ്വ ഭാവത്തിലേക്കു മടങ്ങിപ്പോകുന്നവരാണ് ഇക്കൂട്ടർ. അങ്ങനെയുള്ളവരുടെ പിന്നാലെ വീണ്ടും പിന്തുടർന്നെത്തി അവർക്കു സുവിശേഷം നൽകുവാൻ നാം പരിശ്രമിക്കേണ്ടതില്ല. അവരെ അവരുടെ വഴിക്കുതന്നെ വിട്ടേക്കുകയാണ് ഉത്തമം. ഒരിക്കൽ പിന്മാറ്റത്തിലേക്കു പോയശേഷം വീണ്ടും അനുതപിച്ചു മടങ്ങി വരുന്നവരുടെ അവസ്ഥ മറ്റൊന്നാണ്. അവർ കരുണയും സഹതാ പവും സഹായവും അർഹിക്കുന്നു. മുടിയൻ പുത്രൻ തന്നെയും ഭവനത്തി ലേക്കു സ്വയം മടങ്ങിവന്നപ്പോൾ മാത്രമേ പിതാവ് ഓടിച്ചെന്ന് അവനെ ചുംബിച്ചു സ്വീകരിച്ചുള്ളൂ. അവൻ ദൂരദേശത്തേക്കു തന്നെ മറുതലപ്പിൽ ജീവി ക്കുന്ന കാലത്ത് അവന്റെ പിന്നാലെ പോകുവാൻ ആ പിതാവു മുതിർന്നില്ല എന്നു നാമോർക്കണം.

നാം ആർക്കു ദൈവചനം നൽകുന്നുവെന്ന കാര്യം വിവേചിക്കേണ്ടത് ആവശ്യമത്രേ. ദൈവവചനത്തെ നിന്ദിക്കുകയും മത്സരമനോഭാവത്തോടെ പാപത്തിലേക്കു തിരിച്ചുപോകയും ചെയ്യുന്നവരെ അവരുടെ വഴിക്കുപോകുവാൻ അനുവദിക്കുക. അവരെ പിന്തുടരുവാൻ ശ്രമിക്കുന്നത് വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കുകയോ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയോ ചെയ്യുന്നതിനു തുല്യമാണ്.


3 യാചിപ്പിൻ, മുട്ടുവിൻ, അന്വേഷിപ്പിൻ


“യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും. അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും” (മത്തായി 7:7)

കർത്താവായ യേശുക്രിസ്തു ഇവിടെ വീണ്ടും പ്രാർത്ഥനയെപ്പറ്റി പഠിപ്പിക്കുന്നു. ഗ്രീക്കുഭാഷയിൽ യാചിപ്പിൻ (ചോദിപ്പിൻ) എന്നതിനുപയോഗിച്ചിരിക്കുന്ന പദത്തിന് ചോദിച്ചുകൊണ്ടേയിരിപ്പിൻ എന്നാണ് അർത്ഥം. അതു പോലെ അന്വേഷിച്ചുകൊണ്ടേയിരിപ്പിൻ, മുട്ടിക്കൊണ്ടേയിരിപ്പിൻ എന്നാണ് മറ്റു രണ്ടു ക്രിയാപദങ്ങളുടേയും അർത്ഥം. പ്രാർത്ഥനയിൽ നിരുത്സാഹമാകാതെ സ്ഥിരചിത്തതയോടെ തുടർന്നു പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയാണ് ഇവിടെ കർത്താവു പഠിപ്പിക്കുന്നത്. പ്രാർത്ഥനയിൽ അർത്ഥമില്ലാത്ത ജല്പനം അഥവാ ആവർത്തനം ഒഴിവാക്കണമെന്ന് മത്തായി 6:6-ൽ കർത്താവു പഠിപ്പിച്ചു. ആ സത്യത്തിന്റെ നേരെ മറുവശമാണ് ഇവിടെ കർത്താവു നമുക്കു കാണിച്ചുതരുന്നത്. യേശുക്രിസ്തു പഠിപ്പിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും അവയുടെ ശരിയായ അനുപാതത്തിൽ വീക്ഷിക്കുമ്പോൾ മാത്രമേ അവയുടെ അർത്ഥം ശരിയായി മനസ്സിലാക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.

പ്രാർത്ഥനയെക്കുറിച്ച് കർത്താവു പറഞ്ഞിട്ടുള്ള രണ്ട് ഉപമകൾ മാത്രമേ സുവിശേഷങ്ങളിൽ നാം കാണുന്നുള്ളൂ. അവയിലൊന്ന് ലൂക്കോസ് 11-ാമധ്യായത്തിലും രണ്ടാമത്തേത് ലൂക്കോസ് 18-ലും കാണുന്നു. അർദ്ധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ പോയി മൂന്നപ്പം വായ്പ ചോദിക്കുന്ന വീട്ടുടമസ്ഥന്റെ ഉപമയാണ് ആദ്യത്തേത്. അനീതിയുള്ള ന്യായാധിപനോട് തനിക്ക് നീതി നടത്തിത്തരുവാനാവശ്യപ്പെടുന്ന വിധവയുടെ ഉപമ രണ്ടാമത്തേതും. രണ്ടും മടുത്തുപോകാതെ തുടർന്നു പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം എന്ന ഒരേ കാര്യം തന്നെ പഠിപ്പിക്കുന്നു. പ്രാർത്ഥനയെപ്പറ്റി കർത്താവു നൽകിയ ഈ നിർദ്ദേശം നാം സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനകൾക്കു പലപ്പോഴും ഉത്തരം ലഭിക്കാതെ പോകുവാൻ ധാരാളം സാധ്യത ഉണ്ട്.

1 രാജാക്കന്മാർ 18-ാമധ്യായത്തിൽ ഏലിയാപ്രവാചകൻ മഴയ്ക്കായി പ്രാർത്ഥിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നു. ഓരോ പ്രാവശ്യവും പ്രാർത്ഥിച്ച ശേഷം തന്റെ ബാല്യക്കാരനെ കടലിന്റെ നേരെ നോക്കുവാൻ പറഞ്ഞയക്കുന്നു. അങ്ങനെ ആറുപ്രാവശ്യം ആ ഭൃത്യനെ അയച്ചിട്ടും മഴയ്ക്കുള്ള യാതൊരു ലാഞ്ഛനയും കണ്ടില്ല. എന്നിട്ടും ഏഴാമത്തെ പ്രാവശ്യം വീണ്ടും പ്രാർത്ഥിച്ചപ്പോൾ ദൈവം പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കി. കർത്താവായ യേശു ഗെത്ത്‌ശേമന തോട്ടത്തിൽ വച്ച് ദൈവത്തിന്റെ ഹിതം എന്തെന്നു സുനിശ്ചിതമായി അറിയുന്നതുവരെയും തുടർന്നു പ്രാർത്ഥിച്ചു. പൗലോസ് തന്റെ ജഡത്തിലുള്ള ശൂലം നീങ്ങി കിട്ടുവാൻ വേണ്ടി മുട്ടിപ്പായി തുടർന്നു പ്രാർത്ഥിക്കുകയും “എന്റെ കൃപ നിനക്കു മതി” എന്ന ഉത്തരം ദൈവത്തിങ്കൽ നിന്ന് അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

“യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന്നു തുറക്കും” (മത്തായി 7:8). ഈ വചനം വിശ്വാസയോഗ്യം തന്നെ. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ ഏതെങ്കിലും പ്രാർത്ഥനയ്ക്ക ഉത്തരം ലഭിക്കാതിരിക്കുന്നത്? കാരണം ഒക്കെയൊള്ളൂ. യേശു പഠിപ്പിച്ചതു പോലെ നാം ക്ഷമയോടു സ്ഥിരതയോടുംകൂടി തുടർന്നു ചോദിക്കുന്നില്ല, തുടർന്നും മുട്ടിക്കൊണ്ടിരിക്കുന്നില്ല. തുടർന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നില്ല. ദൈവത്തിന്റെ ഒരു വചനവും നിഷ്ഫലമായിത്തീരുകയില്ല. അതിനാൽ നമുക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ ഒന്നുകിൽ നാം ചോദിച്ചകാര്യം ദൈവഹിതപ്രകാരമുള്ളതല്ല എന്നു വരാം. അല്ലെങ്കിൽ നാം മുട്ടിപ്പായി ചോദിച്ചില്ല എന്നതായിരിക്കാം അതിനു കാരണം. ഏതാനും പ്രാവശ്യം വാതിലിൽ മുട്ടിയശേഷം വീട്ടുടമസ്ഥൻ വന്ന് വാതിൽ തുറക്കുന്നതിനു മുമ്പ് ഓടിക്കളയുന്ന കുട്ടികളെപ്പോലെയാണ് നമ്മുടെ അവസ്ഥ.

“മകൻ അപ്പം ചോദിച്ചാൽ അവനു കല്ലുകൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവർക്കു നന്മ എത്രയധികം കൊടുക്കും.” (മത്തായി 7:9-11).

തീർച്ചയായും ദൈവം നമുക്ക് ഏറ്റവും നന്മയായിട്ടുള്ളവ നൽകുവാൻ ആഗ്രഹിക്കുന്നു. ദൈവം നമുക്കു നൽകുന്ന പരിശുദ്ധാത്മാവിന്റെ ശക്തി അവിടുത്തെ ഏറ്റവും വലിയ നന്മകളിലൊന്നാണ്. ലൂക്കോസ് 11:1 മുകളിൽ കാണുന്ന 11-ാം വാക്യത്തിന്റെ സമാന്തരവാക്യമാണ്. “ദൈവം തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും.?” എന്നാണ് നാം അവിടെ വായിക്കുന്നത്.

ദൈവത്തിൽനിന്നു നന്മ സ്വീകരിക്കുവാൻ ജാഗ്രതയുള്ളവരെന്ന് നാം സ്വയം തെളിയിക്കാത്തതുകൊണ്ടാണ് പലപ്പോഴും നമുക്കു പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാതെയിരിക്കുന്നത്. വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കുവാനോ തന്റെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുവാനോ ദൈവം ആഗ്രഹിക്കുന്നില്ല. ഞാൻ ജാഗ്രതയുള്ളവനല്ലെങ്കിൽ ഒരു നായോ പന്നിയോ ആണെന്ന് ഞാൻ സ്വയം തെളിയിക്കുകയാണ്. ദൈവത്തിൽ നിന്നു ഏറ്റവും വിലയേറിയ മുത്തു സ്വീകരിക്കുവാൻ എന്റെ ജാഗ്രത ഞാൻ തെളിയിക്കേണ്ടത് ആവശ്യമത്രേ. ന്യായവിധിദിവസത്തിൽ നാം ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുമ്പോൾ യേശു നമ്മോടു ഇപ്രകാരം പറയുമെന്നു നമുക്കു സങ്കൽപ്പിക്കാം. “മകനേ, നിനക്കു അനേകം നന്മകൾ നൽകുവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അതു സ്വീകരിക്കുവാൻ നീ ജാഗ്രതയുള്ളവനല്ലാഞ്ഞ തുകൊണ്ട് അതു നിനക്കു നൽകുവാൻ എനിക്കു സാധിച്ചില്ല.” ദൈവം നമുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി, പാപത്തിന്മേലുള്ള വിജയം, ദിവ്യസ്വഭാവത്തിലുള്ള പങ്കാളിത്തം എന്നിവയെല്ലാം നൽകുവാനാഗ്രഹിക്കുന്നു. എന്നാൽ ജാഗ്രതയോടെ തുടർന്നു യാചിക്കുകയും തങ്ങൾ നായ്ക്കളോ പന്നികളോ അല്ലെന്നു സ്വയം തെളിയിക്കുകയും ചെയ്യുന്നവർക്കു മാത്രമേ അവിടുന്ന് ഇവ നൽകുകയുള്ളൂ.

“മനുഷ്യർ നിങ്ങൾക്കു ചെയ്യണം എന്നു നിങ്ങൾ ഇച്ഛിക്കുന്നത് ഒക്കെയും നിങ്ങൾ അവർക്കും ചെയിൻ ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ.” (മത്തായി 7:12).

പ്രാർത്ഥനയിൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെപ്പറ്റി 7 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ സംസാരിച്ചതിനുശേഷം 12-ാം വാക്യത്തിൽ നമുക്കു സഹജീവികളായ മനുഷ്യരുമായുണ്ടായിരിക്കേണ്ട ബന്ധത്തെപ്പറ്റിയാണ് കർത്താവു സംസാരിക്കുന്നത്. കർത്താവിന്റെ ഗിരിപ്രഭാഷണത്തിൽ ആത്മീയജീവിതത്തിന്റെ ലംബരൂപവും തിരശ്ചീനവുമായ ഈ രണ്ടു തരം ബന്ധങ്ങളെപ്പറ്റിയുള്ള ഉപദേശങ്ങൾ ഇപ്രകാരം ഇടവിട്ടിടവിട്ടു വന്നിട്ടുള്ളത് സൂക്ഷ്മനിരീക്ഷണത്തിൽ നമുക്കു മനസ്സിലാക്കുവാൻ കഴിയും. നീതി, വിശുദ്ധി, ദ്രവ്യാഗ്രഹത്തിൽ നിന്നുള്ള വിടുതൽ, ഉൽകണ്ഠയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെപ്പറ്റിയെല്ലാം പഠിപ്പിക്കുമ്പോൾ, നമുക്കു ദൈവത്തോടുള്ള ബന്ധത്തെ(ലംബരൂപം)പ്പറ്റിയാണ് കർത്താവു സംസാരിക്കുന്നത്. എന്നാൽ സഹോദരനെ വിധിക്കുന്നതിനെപ്പറ്റിയും മറ്റും പഠിപ്പിക്കുമ്പോൾ മറ്റു മനുഷ്യരോടുള്ള നമ്മുടെ (തിരശ്ചീന) ബന്ധത്തെപ്പറ്റി അവിടുന്നു നമ്മെ ഉപദേശിക്കുകയാണ് ചെയ്യുന്നത്.

ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കല്പന ഏത് എന്ന ചോദ്യത്തിന് “നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാവോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാ മത്തേതുമായ കല്പന” എന്നു കർത്താവ് പഠിപ്പിച്ചു. തുടർന്ന് “രണ്ടാമത്തേത് അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു കർത്താവു വിശദീകരിക്കുകയുണ്ടായി (മത്തായി 22:35-40).

ദൈവത്തെ സ്നേഹിക്കുക, സഹോദരനെ സ്നേഹിക്കുക ഇവയ്ക്കതീതമായി ഒരു ന്യായപ്രമാണവുമില്ല. എന്നാൽ നാം പലപ്പോഴും സ്നേഹമെന്ന പേരിൽ വിളിക്കുന്നത് നമ്മുടെ സ്വാർത്ഥപരമായ ബന്ധങ്ങളെയും താൽപര്യങ്ങളെയും കുറിക്കുന്ന ഒരു മനോഭാവത്തെയാണ്. എങ്കിലും 1 കൊരിന്ത്യർ 13-ാമധ്യായത്തിൽ വിവരിക്കുന്ന ദൈവസ്നേഹം ആ വിധത്തിലുള്ളതല്ല. “സ്നേഹം സ്വാർത്ഥമന്വേഷിക്കുന്നില്ല” എന്നു നാം അവിടെ വായിക്കുന്നു. സ്വാർത്ഥത്തിൽ കേന്ദ്രീകരിച്ച ഒരു മനസ്സാണ് ആദാമ്യസ്വഭാവത്തിന്റെ ലക്ഷണം. എന്നാൽ ദൈവസ്നേഹമോ അതിൽനിന്നുള്ള സമ്പൂർണ്ണമായ വിടുതലാണ്. സ്വയം മറക്കുന്ന, നിസ്വാർത്ഥമായ, സ്നേഹമാണത്. ഇതു നമുക്കുണ്ടെങ്കിൽ മനുഷ്യർ നമുക്കു ചെയ്യണമെന്നു നാം ആഗ്രഹിക്കുന്നതൊക്കെയും അവർക്കു ചെയ്യുവാൻ നമുക്കു സാധിക്കും.


4 ശിഷ്യത്വത്തിന്റെ ഇടുങ്ങിയ വഴി


“ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽക്കൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കുപോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമാ

കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും” (മത്തായി 7:13-20).

മത്തായി 7-ലെ 13 മുതൽ 27 വരെയുള്ള വാക്യങ്ങൾ ഗിരിപ്രഭാഷണത്തിന്റെ സമാപനഭാഗമാണ്. ഈ അവസാനഭാഗത്ത് താൻ അതേവരെ പഠിപ്പിച്ച കാര്യങ്ങൾക്ക് സമുചിതമായ ഒരു ഉപസംഹാരമാണ് കർത്താവ് നൽകിയിരിക്കുന്നത്. മൂന്നു ചിത്രങ്ങൾ അഥവാ മൂന്നു താരതമ്യങ്ങൾ നമുക്ക് ഇവിടെ കാണാൻ കഴിയും. ഒന്നാമത്തേത് രണ്ടു വാതിലുകൾ തമ്മിലും രണ്ടു വഴികൾ തമ്മിലും ഉള്ള താരതമ്യമാണ്. വീതിയുള്ള ഒരു വാതിലും അതിന്റെ തുടർച്ചായി വിശാലമായ ഒരു വഴിയും ഒരു ഭാഗത്ത്. ഇടുങ്ങിയ ഒരു വാതിലും ഞെരുക്കമുള്ള ഒരു വഴിയും മറുഭാഗത്ത്. ഇവയിൽ കൂടി സഞ്ചിരിക്കുന്ന രണ്ടു വ്യത്യസ്തസമൂഹങ്ങളുടെ ചിത്രമാണ് ഒന്നാമത്തെ ചിത്രം. രണ്ടാമത്തേത് നല്ല വൃക്ഷവും ചീത്ത വൃക്ഷവും തമ്മിലുള്ള താരതമ്യമാണ്. മൂന്നാമത്തേത് പാറമേൽ വീടു പണിയുന്ന മനുഷ്യനും മണലിന്മേൽ പണിയുന്നവരും തമ്മിലുള്ള താരതമ്യമാണ്. ഗിരിപ്രഭാഷണത്തിൽ വിവരിച്ച ജീവിതപ്രമാണങ്ങളോടുള്ള ബന്ധത്തിൽ ഒന്നിനൊന്നെതിരായ ലക്ഷ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ടും കൂട്ടം ആളുകളെ നമുക്ക് ഈ ചിത്രങ്ങളിൽ കാണാൻ കഴിയും. ഇനി ഇവയിൽ ഓരോന്നിനെപ്പറ്റിയും വിശദമായി നമുക്കു ചിന്തിക്കാം. 13, 14 എന്നീ വാക്യങ്ങളിൽ വിവരിക്കുന്ന രണ്ടു വാതിലുകളും രണ്ടു വഴികളും നോക്കുക. ആദ്യത്തേത് വീതിയുള്ള ഒരു വാതിലും അതിനോടു ചേർന്ന വിശാലമായ വഴിയുമാണ്. ഇവ നമ്മെ നാശത്തിലേക്കു നയിക്കുന്ന വാതിലും വഴിയും തന്നെ. വളരെ എളുപ്പമായും സുഖകരമായും തോന്നുന്ന ഈ വാതിലിൽക്കൂടി കടന്ന് വിശാലമായ ഈ വഴിയിൽക്കൂടി സഞ്ചരിക്കുന്നവർ അസംഖ്യം പേരാണ്. ഈ ലോകത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും സുഖകരമായ ഈ വഴിയിൽക്കൂടി സഞ്ചരിച്ച് ഒടുവിൽ നിത്യനാശത്തിൽച്ചെന്നു ചേരുന്നു. എന്നാൽ ജീവനിലേക്കു നയിക്കുന്ന വാതിലാകട്ടെ, ഇടുക്കവും വഴി ഞെരുക്കവുമുള്ളതാണ്. ചുരുക്കം പേർ മാത്രമേ അതു കണ്ട ത്തുന്നുള്ളു. എന്താണിതിനർത്ഥം? കർത്താവായ യേശുക്രിസ്തു ഈ ഗിരി പ്രഭാഷണത്തിലൂടെ നമുക്കു കാണിച്ചു തരുന്ന ജീവിതമാർഗ്ഗത്തെയും സ്വർഗ്ഗ രാജ്യത്തെയും സംബന്ധിച്ചു ചിന്തിക്കുമ്പോൾ അതിന്റെ വിജയം നാം കണക്കാക്കേണ്ടത് സംഖ്യയുടെ അടിസ്ഥാനത്തിലല്ല. ആ വിധത്തിൽ കണക്കാക്കുവാൻ നാം ആഗ്രഹിക്കുന്നപക്ഷം കുറെ പേരെക്കൂടി ഈ വഴിയിലേക്ക് ആകർഷിക്കുവാനായി നാം അതിനെ അൽപം കൂടി വിശാലമാക്കുവാൻ ശ്രമിച്ചെന്നുവരാം. ഇന്ന് ഒട്ടധികം സുവിശേഷപ്രവർത്തകരും ഇപ്രകാരമാണ് പ്രവർത്തിക്കുന്നത്. ആളുകളെ ക്രിസ്തുവിന്റെ ശിഷ്യന്മാരാക്കുവാൻ അവർ ശ്രമിക്കുന്നില്ല. നേരേ മറിച്ച് “നിങ്ങൾ ക്രിസ്തുവിനെ വിശ്വസിക്കുക മാത്രം ചെയ്ക; കർത്താവേ, എന്റെ ഹൃദയത്തിലേക്കു വരേണമേ എന്നു പ്രാർത്ഥിച്ചാൽ മാത്രം മതി; നിങ്ങൾ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീരും എന്നാണ് അവർ പഠിപ്പിക്കുന്നത്. മത്തായി 28:18-20 വാക്യങ്ങളിലുള്ള ക്രിസ്തവിന്റെ അന്ത്യശാസനത്തിൽ – “ആകയാൽ നിങ്ങൾ പുറപ്പെട്ട് … സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” – എന്നാണ് കർത്താവ് കല്പിച്ചിട്ടുള്ളത്. മർക്കോസ് 16:15-ൽ “നിങ്ങൾ ഭൂലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ” എന്നു കർത്താവു കൽപിച്ചതായി നാം വായിക്കുന്നു. ഇപ്രകാരം സുവിശേഷം പ്രസംഗിക്കുന്നതിന്റെ ലക്ഷ്യം എന്താണ് മറ്റൊന്നുമല്ല, സകല ജാതികളെയും ശിഷ്യരാക്കുക എന്നതാണ് ആ ലക്ഷ്യം എന്ന സത്യം ഇക്കൂട്ടർ മറന്നു കളയുന്നു.

ശിഷ്യത്വത്തിലേക്കുള്ള വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതാണ്. കാരണം, ലൂക്കോസ് 14:26-ൽ “എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവിനെയും കൂടി പകയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴികയില്ല” എന്നു കർത്താവു വ്യക്തമാക്കുന്നു. ക്രിസ്തുവിനുവേണ്ടി സകല മാനുഷികബന്ധങ്ങളെയും പകയ്ക്കുന്നവനു മാത്രമേ അവിടുത്തെ ശിഷ്യനാകുവാൻ കഴിയൂ. തുടർന്ന് 27-ാം വാക്യത്തിൽ “തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിക്കാൻ കഴികയില്ല” എന്നും 33-ാം വാക്യത്തിൽ “നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്ന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല” എന്നും കർത്താവു പഠിപ്പിക്കുന്നു. തന്നെത്താൻ ത്യജിച്ച്, സകലത്തെയും വിട്ടുപിരിഞ്ഞു ക്രിസ്തുവിന്നായി ജീവിതത്തെ സമ്പൂർണ്ണമായി സമർപ്പിക്കാത്തവന് തന്റെ ജീവിതത്തിന്റെമേൽ കർത്താവിന്റെ സർവാധിപത്യം അംഗീകരിക്കാത്തവന് – ഒരിക്കലും ക്രിസ്തുവിന്റെ ശിഷ്യനായിത്തീരുവാൻ സാധ്യമല്ല.

കർത്താവിന്റെ അടുക്കൽ വന്ന ധനികനായ യുവാവിനെ നാം ഓർക്കുമല്ലോ. നിനക്കുള്ളതെല്ലാം വിറ്റു ദിരിദ്രന്മാർക്കു കൊടുത്തശേഷം വന്ന് എന്നെ അനുഗമിക്ക് എന്നാണ് കർത്താവ് അയാളോട് പറഞ്ഞത്. എല്ലാം ഉപേക്ഷിക്കുവാൻ, എല്ലാ സ്നേഹബന്ധങ്ങളെയും ക്രിസ്തുവിനുവേണ്ടി ത്യജിക്കുവാൻ, സകല സമ്പത്തിനെയും കർത്താവിന് അടിയറവയ്ക്കുവാൻ ഒരുക്കമുള്ളവനു മാത്രമേ കർത്താവിന്റെ ശിഷ്യനാകുവാൻ സാധിക്കൂ. ഈ ഇടുക്കമുള്ള വഴിയിൽക്കൂടെയാണോ നാം സഞ്ചിരിക്കുന്നത്? അതോ സുഗമമായ ഒരു തരം വിശ്വാസമാർഗ്ഗത്തിലൂടെയോ? “കർത്താവേ, എന്റെ ഹൃദയത്തിലേക്കു വരണമേ” എന്നു പറയുന്നതുകൊണ്ടു മാത്രം സ്വർഗ്ഗം പ്രാപിക്കാമെന്നു വിശ്വസിക്കുന്ന വിശാലമാർഗ്ഗാണോ നാം തിരഞ്ഞെടുത്തിട്ടുള്ളത്? എങ്കിൽ അതു നാശത്തിലേക്കു നയിക്കുന്ന വഴിയാണെന്നു മനസ്സിലാക്കി ശിഷ്യത്വത്തിന്റെ ഇടുങ്ങിയ വഴിയിലേക്ക് ഇപ്പോൾ തന്നെ മടങ്ങിവരുവാൻ നമുക്കു തീരുമാനിക്കാം.

ഈ രണ്ടു വഴികളെപ്പറ്റി സംസാരിച്ചശേഷം കർത്താവ് കള്ളപ്രവാചകന്മാരെപ്പറ്റിയാണ് പറയുന്നത്. ഈ പ്രത്യേക സന്ദർഭത്തിൽ അതിന്റെ അർത്ഥം ഇടുക്കമുള്ള വഴിയെ വിശാലമാക്കിത്തീർക്കുന്ന കള്ളപ്രവാചന്മാർ എന്നാണ്. കൂടുതൽ ആളുകളെ ഈ വഴിയിലേക്ക് ആകർഷിക്കുവാൻ വേണ്ടിയാണ് ഇവർ ഇപ്രകാരം ചെയ്യുന്നത്. ഇത്തരം കള്ളപ്രവാചകന്മാരാൽ ധാരാളം പേർ വഞ്ചിതരായിത്തീരുന്നുണ്ട്. അവർ ശിഷ്യത്വത്തിന്റെ വഴി എളുപ്പമുള്ളതാക്കിത്തീർക്കുവാൻ ശ്രമിക്കുന്നു. “ശിഷ്യന്മാരാകുവാൻ വേണ്ടി നിങ്ങൾ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും ഒന്നും ഉപേക്ഷിക്കേണ്ട ആവശ്യമില്ല. എല്ലാ സമ്പത്തുകളെയും നിങ്ങൾ പരിത്യജിക്കുകയും വേണ്ടാ എന്നാണ് വചന വിരുദ്ധമായവിധം അവർ പഠിപ്പിക്കുന്നത്. “നിങ്ങൾ വിശ്വസിച്ചാൽ മാത്രം മതി; ക്രിസ്തുവിനെ ഹൃദയത്തിൽ കൈക്കൊണ്ടാൽ മാത്രം മതി. സകലവും ക്രിസ്തുവിന് അടിയറവയ്ക്കുന്ന സമ്പൂർണ്ണ സമർപ്പണം ശിഷ്യത്വത്തിനാവശ്യമില്ല” എന്നു പഠിപ്പിക്കുന്ന ഈ കള്ളപ്രവാചകന്മാർ ആടുകളുടെ വേഷം പൂണ്ട് നമ്മുടെ അടുക്കൽ വരുന്നു. ശരിയായ ഉപദേശം, പ്രവചനവരം, രോഗശാന്തിവരം തുടങ്ങിയവയെല്ലാമാണ് ഈ ആട്ടിൻ വേഷം. എന്നാൽ അകമെയോ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാണെന്ന വസ്തുത നാം മറന്നുകളയരുത്.

സ്വന്തം വിശപ്പു ശമിപ്പിക്കുവാൻ അടുത്തുവരുന്ന ചെന്നായ്ക്കളെപ്പോലെ തങ്ങളുടെ സ്വന്ത താൽപര്യങ്ങൾ സാധിക്കുവാൻ വേണ്ടി കപടവേഷം പൂണ്ടു സഞ്ചരിക്കുന്ന ഈ കള്ളപ്രവാചകന്മാരിൽ മൂന്നു സവിശേഷതകൾ നമുക്ക് കാണുവാൻ കഴിയും.

(1) ലൈംഗികമായ അധാർമ്മികത്വം.
(2) പണക്കൊതി അഥവാ ഭൗതികമായ ലാഭേച്ഛ
(3) ക്രിസ്തീയവൃത്തങ്ങളിൽ മാനവും പദവിയും ലഭിക്കുവാനുള്ള ആഗ്രഹം.

ഇവരാൽ വഞ്ചിതരാകാതിരിക്കുവാൻ നാം എന്തു ചെയ്യണം? ഈ കാര്യം വ്യക്തമാക്കുവാനാണ് നല്ലതും ചീത്തയുമായ വൃക്ഷങ്ങളെപ്പറ്റി കർത്താവു പഠിപ്പിക്കുന്നത്. ഇവരുടെ ഫലങ്ങൾ നോക്കിയാണ് ഇവരെ തിരിച്ചറിയുവാൻ നമുക്കു സാധിക്കുന്നത്. ഫലങ്ങളെപ്പറ്റിയുള്ള ഈ പരാമർശം 16, 20 എന്നീ വാക്യങ്ങളിൽ കർത്താവ് ആവർത്തിച്ചു പറയുന്നുണ്ട്. നല്ല വൃക്ഷത്തിനു മാത്രമേ നല്ല ഫലം കായ്ക്കാൻ കഴിയുകയുള്ളു. ചീത്ത വൃക്ഷം ചീത്ത ഫലം മാത്രമേ തരൂ. ആദാമിൽ നിന്നു നമുക്കു പാരമ്പര്യമായി ലഭിച്ചിട്ടുള്ള സ്വഭാവം ഒരു ചീത്ത വൃക്ഷമാണ്. ആ ചീത്ത വൃക്ഷത്തിന് ഒരിക്കലും നല്ല ഫലം കായ്ക്കാൻ കഴിയുകയില്ല. യേശുക്രിസ്തുവിന്റെ സ്വഭാവത്തെ അനുകരിക്കുവാൻ ശ്രമിക്കുന്ന പലരെയും നാം കാണുന്നുണ്ട്. അക്രൈസ്തവർ പോലും ക്രിസ്തുവിന്റെ മഹനീയവും ദിവ്യവുമായ സ്വഭാവത്തെപ്പറ്റി മനസ്സിലാക്കിയിട്ട് തങ്ങളുടെ ജീവിതത്തിൽ അതു പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നു. ഇത് ചില നല്ല ഫലങ്ങൾ കൊണ്ടുവന്ന് ഒരു ചീത്ത വൃക്ഷത്തിൽ കെട്ടിത്തുക്കുവാൻ ശ്രമിക്കുന്നതുപോലെയാണ്. വഞ്ചനാത്മകമായ ഒരു മാർഗ്ഗമാണിത്. നേരേമറിച്ച് യഥാർത്ഥമായിത്തന്നെ നല്ല ഫലം പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ സ്വഭാവം തന്നെ ക്രിസ്തുവിൽ വെളിപ്പെട്ട ദിവ്യസ്വഭാവമായി മാറിയേ മതിയാവൂ. ഇത്തരമൊരു ജീവിതപരിവർത്തനം നമുക്കു കൃത്യമായി സൃഷ്ടിപാൻ കഴിയുകയില്ല. ദൈവത്തിൽനിന്നുള്ള പുതുജനനം പ്രാപിച്ച് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായി മാത്രമേ നമ്മുടെ ആദാമ്യസ്വഭാവം മരിക്കുകയും ക്രിസ്തുവിന്റെ ആത്മാവും ക്രിസ്തവിന്റെ സ്വഭാവവും നമ്മിൽ ഉരുവാകുകയും ചെയ്യുകയുള്ളു.

ഒരു ധനികനായ പ്രമാണി വന്ന് യേശുവിനെ “നല്ല ഗുരോ’ എന്നു സംബോധന ചെയ്തപ്പോൾ കർത്താവ് അയാളോട് “എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല” എന്നു പറഞ്ഞു. ദൈവത്തിന്റെ സ്വഭാവം മാത്രമാണ് നല്ലത്. അതാണ് നല്ല വൃക്ഷം. അതു നമ്മിൽ വളർന്നു വന്നാൽ അപ്പോൾ നമുക്കു ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കും.

കള്ളപ്രവാചകന്മാരെ അവരുടെ ഫലങ്ങളാൽ നമുക്കു തിരിച്ചറിയുവാൻ കഴിയും. എന്നുവച്ചാൽ ക്രിസ്തുവിന്റെ ആത്മാവോ സ്വഭാവമോ അവരിൽ കാണുകയില്ല. അവരുടെ ഉപദേശം ശരിയായിരിക്കാം. തികച്ചും ശരിയായ ഉപദേശമാകുന്ന ആട്ടിൻതോൽ കണ്ടു നാം വഞ്ചിതരാകരുത്. അകമേ അവർ കടിച്ചു കീറുന്ന ചെന്നായ്ക്കളായിരിക്കും. ആന്തരിക സ്വഭാവം കൊണ്ട് അവരെ നാം വേർതിരിച്ചു മനസ്സിലാക്കേണ്ടത്. ധനികനായ യുവാവ് ഒരു കള്ളപ്രവാചകന്റെ അടുക്കൽ വന്നിരുന്നുവെങ്കിൽ അയാളുടെ സമ്പത്തു മുഴുവൻ വിറ്റു ദരിദ്രർക്കു കൊടുക്കുവാൻ ആ പ്രവാചകൻ പറയുമായിരുന്നില്ല. കള്ളപ്രവാചകൻ അയാളെ നേരേതന്നെ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിപ്പിക്കുകയും അയാളുടെ പക്കൽനിന്ന് അപ്പോഴപ്പോൾ പാരിതോഷികങ്ങളോ സംഭാവനകളോ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഈ വിധത്തിലുള്ള വഞ്ചനയാണ് ഇന്നു സുവിശേഷവിഹിതഗോളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. നേരേ മറിച്ച് മത്തായി 5, 6, 7 എന്നീ അധ്യായങ്ങളിലുള്ള ഉപദേശങ്ങൾ നാം പ്രാവർത്തികമാക്കുന്നപക്ഷം റോമർ 6:23-ൽ പറയുന്നതുപോലെ നാം പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ച് ദൈവത്തിനു ദാസന്മാരായിത്തീരും. അതിന്റെ ഫലം വിശുദ്ധീകരണവും അന്തം നിത്യജീവനുമാണ്. കള്ള പ്രവാചകന്മാരാൽ വഞ്ചിതരാകാതെ ഗിരിപ്രഭാഷണത്തിൽ വിവരിച്ചിട്ടുള്ള ശിഷ്യത്വത്തിന്റെ ഇടുങ്ങിയ വഴിയിലൂടെത്തന്നെ നമുക്കു മുമ്പോട്ടു പോകാം.


5 രണ്ടു വീടുകളുടെ ദൃഷ്ടാന്തം


“എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത് സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോട് ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അലച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അലച്ചു. അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” (മത്തായി 7:21-27).

ഗിരിപ്രഭാഷണത്തിന്റെ സമാപനഭാഗത്തിലെ രണ്ടാമത്തെ പകുതിയാണ് ഈ വാക്യങ്ങൾ. കഴിഞ്ഞ ഖണ്ഡത്തിൽ നാം ചിന്തിച്ച ആദ്യത്തെ പകുതി ഭാഗത്ത് രണ്ട് വാതിലുകളെയും രണ്ടു വഴികളെയും പറ്റി നാം മനസ്സിലാക്കി. ശിഷ്വത്വത്തിന്റെ ഇടുങ്ങിയ വാതിലിലൂടെയും ഞെരുക്കമുള്ള വഴിയിലൂടെയുമാണ് നാം പോകേണ്ടതെന്നും നാം കണ്ടു. അതു കൂടാതെ നല്ലതും തീയതുമായ ഫലങ്ങൾ കായ്ക്കുന്ന രണ്ടു തരം വൃക്ഷങ്ങൾ തമ്മിലുള്ള യഥാർത്ഥവും അടിസ്ഥാനപരവുമായ വ്യത്യാസവും നാം മനസ്സിലാക്കി. ദൈവം തന്റെ പരിശുത്മാവു മുഖേന നമ്മിൽ വളർത്തിക്കൊണ്ടുവരുന്ന ദിവ്യ സ്വഭാവമാണ് നല്ല വൃക്ഷം. അതിന്റെ ഫലം വിശുദ്ധീകരണവും അന്തം നിത്യ ജീവനുമാണെന്നും അവിടെ വ്യക്തമാക്കിയിരിക്കുന്നു.

അതിനുശേഷമുള്ള ഏഴു വാക്യങ്ങളാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇവിടെ അനുസരണത്തെപ്പറ്റിയാണ് കർത്താവ് പഠിപ്പിക്കുന്നത്. വാക്യം 21 നോക്കുക. “എന്നോട് കടക്കുന്നത്.” കർത്താവിന്റെ ഈ പ്രസ്താവന സംശയത്തിന് ഇടമില്ലാത്തവണ്ണം വ്യക്തമാണ്. യേശുവിനെ “കർത്താവേ, കർത്താവേ,” എന്നു വിളിക്കുന്നതല്ല സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുവാൻ നമ്മെ അർഹരാക്കുന്നത്. “കർത്താവേ, കർത്താവേ, എന്ന സംബോധന ശരിയായ ഉപദേശത്തെ കുറിക്കുന്നു എന്നു പറയാം. ഉപദേശമല്ല, അനുസരണമാണ് സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുവാനുള്ള മാർഗ്ഗം. ഇതു കേൾക്കുമ്പോൾ നിങ്ങൾ പറഞ്ഞേക്കാം, പക്ഷേ, രക്ഷ പ്രാപിക്കുവാനുള്ള മാർഗ്ഗം വിശ്വാസമാണെന്നാണല്ലോ ഞാൻ ധരിച്ചിട്ടുള്ളത്” എന്ന്. ശരി തന്നെ. വിശ്വാസത്താലാണ് നാം രക്ഷിക്കപ്പെടുന്നത്. എന്നാൽ ജീവനുള്ള ഒരു വിശ്വാസമേ നമുക്കുരക്ഷ നൽകുകയുള്ളു. നിർജ്ജീവമായ അഥവാ ചത്ത വിശ്വാസം ഒരു നാളും രക്ഷയ്ക്ക് ആധാരമാവുകയില്ല. അതു പൂർണ്ണമായും ഫലശൂന്യമാണ്. ഈ രണ്ടുതരം വിശ്വാസങ്ങൾ തമ്മിലുള്ള അന്തരം വ്യക്തമാക്കുവാൻ യാക്കോബ് തന്റെ ലേഖനത്തിൽ ഉറ്റു ശ്രമിച്ചിട്ടുള്ളത് നാം കാണുന്നുണ്ട്.

ഈ കാര്യം മത്തായി 7:21-ൽ കർത്താവ് ഏറ്റവും സ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. അതിനാൽ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുവാനുള്ള യോഗ്യത അനുസരണം തന്നെയാണ്. “സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന് മാത്രമേ ആ യോഗ്യത സിദ്ധിക്കുന്നുള്ളു. പിന്നീടുള്ള രണ്ടു വാക്യങ്ങളിൽ ആത്മാവിന്റെ വിവിധ വരങ്ങൾ ലഭിച്ചവരെങ്കിലും സ്വർഗ്ഗ രാജ്യത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന ഒട്ടനേകം ആളുകളെപ്പറ്റി കർത്താവ് പ്രസ്താവിക്കുന്നു. ഇവരിലൂടെ വ്യാപരിച്ചിരുന്നത് രോഗശാന്തി, പ്രവചനം, വീര്യപ്രവൃത്തികൾ എന്നിവപോലുള്ള യഥാർത്ഥ വരങ്ങൾ തന്നെ. “നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചു, ഭൂതങ്ങളെ പുറത്താക്കി,. വളരെ വീര്യ പ്രവൃത്തികൾ ചെയ്തു” എന്നാണ് അവർ പറയുന്നത്. യേശു തിരിഞ്ഞ് അവരോട്, “ഇല്ല, നിങ്ങൾ കള്ളമാണ് പറയുന്നത്; ഇതൊന്നും നിങ്ങൾ ചെയ്തിട്ടില്ല” എന്നു പറയുന്നുണ്ടോ? ഇല്ല തന്നെ. അതിനാൽ അവർ ഇവയെല്ലാം ചെയ്തിട്ടുള്ളതായി കർത്താവു സമ്മതിക്കുന്നുണ്ട്. ഇത്രയൊക്കെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ ഇന്നു നമ്മുടെ അടുക്കൽ വന്നാൽ അയാളൊരു കള്ളപ്രവാചകനാണെന്നു നാം സംശയിക്കുമോ? ഒരിക്കലുമില്ല. എങ്കിലും ഒരാൾ, അല്ല, അനേകമനേകമാളുകൾ ഇവയെല്ലാം ചെയ്തവരായിട്ടും അന്ത്യനാളിൽ യേശു അവരോട് “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നാണ് പറയുന്നത്. കാരണം മറ്റൊന്നുമല്ല; അവർ അധർമ്മം പ്രവർത്തിക്കുന്നവരാണ്, പാപം ചെയും പാപത്തിൽ ജീവിക്കുകയും ചെയ്യുന്നവ രാണ് എന്നതു തന്നെ. അവരുടെ ഉപദേശങ്ങൾ ശുദ്ധമാണ്. ആത്മാവിന്റെ വരങ്ങൾ അവരുടെ ജീവിതത്തിൽ വ്യാപരിക്കുകയും ചെയ്യുന്നു. എല്ലാം ശരി തന്നെ. എങ്കിലും അവർ പാപത്തിൽ ജീവിക്കുന്നവരാണ്. “ഞാൻ നിങ്ങളെ അറിയുന്നില്ല; എന്നെ വിട്ടു പോകുവിൻ” എന്നാണ് കർത്താവ് അവരോടു പറയുന്നത്.

1 കൊരിന്ത്യർ 8:3-ൽ “ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നവെങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു” എന്നു നാം വായിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവൻ അവിടുത്തെ വചനം പ്രമാണിക്കും. അവൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ്. ദൈവം അവനെ അറിഞ്ഞിരിക്കുന്നു. വചനം പ്രമാണിക്കാത്തവൻ അഥവാ അനുസരണക്കേടിൽ ജീവിക്കുന്നവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം അവനെയും അറിഞ്ഞിട്ടില്ല എന്നതു നിശ്ചയം തന്നെ.

ഗിരിപ്രഭാഷണത്തിന്റെ ഏറ്റവും ഒടുവിലുള്ള നാലു വാക്യങ്ങളിലാണ് (മത്തായി 7:24-27) രണ്ടു ഭവനങ്ങളുടെ സാദൃശ്യം നാം കാണുന്നത് പാറമേലും മണലിന്മേലും പണിയപ്പെട്ട ഭവനങ്ങൾ. എല്ലാവർക്കും സുപരിചിതമെങ്കിലും ഏറിയ പങ്കാളുകളും തെറ്റിദ്ധരിച്ചിട്ടുള്ള ഒരു വേദഭാഗമാണിത്. “കർത്താവേ, എന്റെ ഹൃദയത്തിലേക്കു വരണമേ” എന്നു പറഞ്ഞ് കർത്താവിനെ കൈക്കൊണ്ടിട്ടുള്ള ഏവരും പാറമേൽ തങ്ങളുടെ ഭവനം പണിയുന്നവരാണ് എന്നതാണ് സാധാരണമായ ചിന്താഗതി. എന്നാൽ ഈ ഭാഗത്ത് കർത്താവ് അപ്രകാരമല്ല പറഞ്ഞിട്ടുള്ളത്. പിന്നെ എന്താണ്? 24-ാം വാക്യം നോക്കുക: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. അനന്തരം വാക്യം 26: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊ ക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു.” കേട്ടു ചെയ്യുന്നവനും ചെയ്യാത്തവനും തമ്മിലാണ് ഇവിടത്തെ താരതമ്യം. അഥവാ കർത്താവിന്റെ ഈ വചനങ്ങളെ അനുസരിക്കുന്നവനും അനുസരിക്കാത്ത വനും തമ്മിലാണ് ഇപ്രകാരമുള്ള ഭീമമായ അന്തരം സംഭവിക്കുന്നത്.
കഴിഞ്ഞ ഖണ്ഡത്തിലുള്ള നമ്മുടെ ചിന്തയിൽ ഇടുക്കമുള്ള വാതിൽ, വഴി എന്നിവ ശിഷ്യത്വത്തിന്റെ ദുർഘടമായ മാർഗ്ഗമാണെന്നു നാം കണ്ടു. അതുപോലെ ഇവിടെ ജീവിതത്തിന്റെ പാറമേലുള്ളതും സുസ്ഥിരവുമായ അടിസ്ഥാനം അനുസരണമാണെന്നു നാം കാണുന്നു. ശിഷ്യത്വവും അനുസരണവും, സർവപ്രധാനമായ ഈ രണ്ടു കാര്യങ്ങളെ കർത്താവ് തന്റെ ശിഷ്യന്മാർക്കു നൽകിയ അന്ത്യകല്പനയിലും ഒരുമിച്ചു കൊണ്ടുവരുന്നതായി നാം കാണുന്നു. മത്തായി 28:19, 20 വാക്യങ്ങൾ നോക്കുക: “ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നതാണ് ആ അന്ത്യകല്പന. കർത്താവു നമ്മോടു കല്പിച്ചതൊക്കെയും നാം അനുസരിക്കണം. പ്രത്യേകിച്ച് മത്തായി 5, 6, 7 എന്നീ അധ്യായങ്ങളിൽ കല്പിച്ചവയെപ്പറ്റിയാണ് “എന്റെ ഈ വചനങ്ങൾ’ എന്ന് ഈ ഭാഗത്ത് കർത്താവ് പറയുന്നത്. ഹൃദയവിശുദ്ധിയെപ്പറ്റി, വിനയത്തെപ്പറ്റി, ശത്രുക്കളെ സ്നേഹിക്കുന്നതിനെപ്പറ്റി, പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്ന നീതി പ്രാപിക്കുന്നതിനെപ്പറ്റി, കപടഭക്തരാകാതെ ദൈവമുമ്പാകെ ജീവിക്കുന്നതിനെപ്പറ്റി, സഹോദരനെ വിധിക്കാതെ അന്യർ നമുക്കു ചെയ്യണമെന്നു നാമിച്ഛിക്കുന്നതുപോലെ നാം അവർക്ക ചെയ്യുന്നതിനെപ്പറ്റിയെല്ലാം കർത്താവു കൽപിച്ച് ഈ സകല വചനങ്ങളും നാം അനുസരിക്കുന്നുണ്ടോ? എങ്കിൽ നമ്മുടെ ജീവിതമാകുന്ന ഭവനം പാറമേൽ അടിസ്ഥാനമുള്ളതാണ്. അത് ഈ കാലത്തിലും നിത്യതയിലും വീഴാതെ ഉറച്ചുനിൽക്കും. അനുസരിക്കുന്നില്ലെങ്കിൽ ആ ഭവനം മണലിന്മേൽ പടുത്തുയർത്തിയതാണ്; ശോധനയുടെ സമയത്ത് അതിനു ഭീകരമായ പതനം സംഭവിക്കുകയും ചെയ്യും.

“എന്റെ ഈ വചനങ്ങൾ കേട്ടു ചെയ്യുന്നവർ – ഈ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവവചനത്തോട് ഭിന്നഭിന്നവ്യക്തി കൾക്കുള്ള പ്രതികരണത്തെപ്പറ്റിയാണ്. പലരും പല തരത്തിലാണ് വചനം കേൾക്കുന്നതു തന്നെ. ഒരു കൂട്ടം ആളുകൾ കേൾക്കാനുള്ള ചെവി ഇല്ലാത്തവരാണ്. അവർ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും ഗ്രിഹിക്കുന്നില്ല. എന്നാൽ മറ്റൊരു കൂട്ടർ കേട്ടു ഗ്രഹിക്കുന്നവരാണ്. ഗ്രഹിക്കുക മാത്രമല്ല, അതു ശരിയെന്ന് അവർ സമ്മതിക്കുകയും ചെയ്യും. പക്ഷേ അനുസരിക്കുക മാത്രം ചെയില്ല. ഇവർ മണലിന്മേൽ വീടു പണിത ബുദ്ധിഹീനരായ മനുഷ്യരാണ്. രണ്ടാമതൊരു കൂട്ടർ വചനം കേട്ട് ഗ്രഹിക്കും; അവർക്ക് അനുതാപമുണ്ടാവുകയും പാപബോധം നിമിത്തം അവർ കണ്ണുനീർ ചൊരിയുകയും ചെയ്തെന്നും വരാം. വികാരപരമായ ഒരു ഉത്തേജനവും ചലനവും അവർക്കു സംഭവിച്ചിട്ടുമുണ്ട്. എങ്കിലും താൽകാലികമായ ഈ വൈകാരികചലനങ്ങളല്ലാതെ അനുസരണത്തിലേക്കു വരുന്ന അനുഭവം ഇവർക്കുണ്ടാകുന്നില്ല. മൂന്നാമതൊരു കൂട്ടരാകട്ടെ, മുകളിൽപ്പറഞ്ഞ രണ്ടനുഭവങ്ങൾക്കു പുറമേ അതായത് ബുദ്ധിപരമായ ഗ്രഹണം, വൈകാരികമായ പശ്ചാത്താപം എന്നിവയ്ക്കു പുറമേ – തങ്ങളുടെ ഇച്ഛാശക്തിയെ ദൈവത്തിനു കീഴ്പ്പെടുത്തുക കൂടി ചെയ്യുന്നു. എന്നുവച്ചാൽ, ദൈവഹിതം ചെയ്യുവാനും അനുസരിക്കുവാനും തക്കവണ്ണം തങ്ങളുടെ ഇച്ഛയെ ദൈവത്തിനു വിധേയമാക്കുന്നു.

മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഏറ്റവും ആഴത്തിലുള്ളതും സുസ്ഥിരവുമായ ഘടകം അവന്റെ ഇച്ഛാശക്തിയാണ്. അതിനെ ദൈവത്തിനു കീഴ്പ്പെടുത്തിക്കൊടുക്കുക എന്നതാണ് യഥാർത്ഥ മാനസാന്തരം. മത്തായി ഏഴാമധ്യായത്തിലുള്ള ഈ ഭാഗത്തിനു സമാന്തരമായി ലൂക്കോസ് 6:47, 48 വാക്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുള്ളതു നോക്കുക: “എന്റെ ഈ വചനം കേട്ടു ചെയ്യുന്നവൻ … ആഴെക്കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ടു വീടു പണിയുന്ന മനുഷ്യനോടു തുല്യൻ. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലല്ല, ഒരേ സ്ഥലത്തു തന്നെ വീടു പണിയുന്ന ആളുകളെയാണ് ഇവിടെ നമുക്കു കാണാൻ സാധിക്കുന്നത്. ഒരുവൻ ബുദ്ധിപരമായ ഗ്രഹണം, വികാരപരമായ അനുതാപം എന്നിങ്ങനെ ഉപരിതലത്തിലുള്ള മണലിന്മേലും മറ്റവൻ ആഴത്തിലുള്ള ഇച്ഛാ ശക്തിയുടെ കീഴടക്കം അഥവാ അനുസരണമാകുന്ന പാറമേലും വീടു പണിയുന്നു.

പ്രിയ സ്നേഹിതരേ, ഇതു നാം സ്വയം പരിശോധിക്കേണ്ട ഒരു കാര്യമാണ്. കർത്താവിനെ സമ്പൂർണ്ണമായി അനുസരിക്കുന്ന ശിഷ്യത്വജീവിതത്തിലേക്ക് ദൈവം നമ്മെ വിളിക്കുന്നു. നാം ആ വിളി കേട്ട് അനുസരിക്കുമോ?

6 ദൈവികമായ അധികാരം


“ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ട് അവൻ അവരോട് ഉപദേശിച്ചത്” (മത്തായി 7:28, 29).

യേശുവിന്റെ ഈ വചനങ്ങൾ കേട്ടുകൊണ്ടിരുന്ന ജനസമൂഹത്തിന്റെ ഹൃദയത്തിൽ അവിടുത്തെ ഉപദേശത്തിൽ സ്ഫുരിച്ചിരുന്ന അധികാരത്തെക്കുറിച്ച് തോന്നിയ വിസ്മയഭാവത്തെപ്പറ്റിയാണ് ഈ വാക്യങ്ങൾ പറയുന്നത്. ഏതു മഹാനായ ഉപദേശഷ്ടാവിനും അവശ്യം ഉണ്ടായിരിക്കേണ്ട ഗുണം ഈ അധികാരമാണ്. ശാസ്ത്രിമാരുടെ ഉപദേശത്തിനും ക്രിസ്തുവിന്റെ ഉപദേശത്തിനും തമ്മിലുണ്ടായിരുന്ന അടിസ്ഥാനപരമായ വ്യത്യാസവും കർത്താവിനുള്ളതായി കേൾവിക്കാർക്കു ബോധ്യപ്പെട്ട ഈ അധികാരമായിരുന്നു. യേശുവിന്റെ ഉപദേശങ്ങൾ പൂർണ്ണമായും സൂക്ഷ്മമായും ശരിയായിരുന്നുവെന്നു മാത്രമല്ല ഇവിടെ സുവിശേഷകൻ ഉദ്ദേശിച്ചിട്ടുള്ള അർത്ഥം. തീർച്ചയായും അവ ശരിയായിരുന്നു; താനെന്താണു പറയുന്നതെന്ന് ബോധ്യമുള്ളവനായിട്ടാണ് അവിടുന്നു സംസാരിച്ചത്. പക്ഷേ അതും ആയിരുന്നില്ല കർത്താവിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്ന അധികാരത്തിന്റെ അടിസ്ഥാനം.

മുപ്പതിൽപ്പരം വർഷങ്ങളിലെ തന്റെ ജീവിതത്തിൽ താൻ എപ്രകാരം ദൈവഹിതം സമ്പൂർണ്ണമായി അനുഷ്ഠിച്ചുപോന്നുവോ, അതു തന്നെ ആയിരുന്നു അവിടുത്തെ ഉപദേശത്തിന് അധികാരത്തിന്റെ പരിവേഷം നൽകിയത്. ജനതാമധ്യത്തിൽ അവിടുത്തെ ഉപദേശവും പ്രായോഗികജീവിതവും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഏതൊരു ദൈവരാജ്യം പ്രമാണങ്ങളെ താൻ തന്റെ ജീവിതത്തിൽ പ്രായോഗികമായി അനുഷ്ഠിച്ചുപോന്നുവോ അവ തന്നെയാണ് അവിടുന്നു മറ്റുള്ളവരെ പഠിപ്പിച്ചത്. ജീവിതവും ഉപദേശവും തമ്മിലുള്ള ഈ സമ്പൂർണ്ണമായ ഏകീഭാവമാണ് ഒരു യഥാർത്ഥ പ്രവാചകന്റെ ലക്ഷണം. ഏതൊരു പ്രവാചകന്റെയും ഉപദേഷ്ടാവിന്റെയും വാക്കുകൾക്ക് ശക്തിയും അധികാരവും ലഭിക്കുന്നതും ഈ മാർഗ്ഗത്തിലൂടെയാണ്.

സുവിശേഷകനായ ലൂക്കോസ് താൻ എഴുതിയ രണ്ടാമത്തെ ഗ്രന്ഥമായ അപ്പോസ്തലപ്രവൃത്തികളുടെ പ്രാരംഭവാക്യത്തിൽ ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നുണ്ട്. “തെയോഫിലോസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പോസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾ വരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ച് ആയിരുന്നുവല്ലോ. ഒന്നാമത്തെ ഗ്രന്ഥത്തിന്റെ ഒരു സംക്ഷേപമായി പരിഗണിക്കാവുന്ന ഈ വാക്യത്തിൽ പറയുന്ന മുഖ്യ കാര്യം ഇതാണ്. യാതൊന്ന് യേശു ആദ്യം ചെയ്തുവോ അതു തന്നെയാണ് യേശു ഉപദേശിച്ചത്. ആദ്യം ചെയ്യുക, പിന്നെ ഉപദേശിക്കുക – ഇതായിരുന്നു യേശുവിന്റെ പ്രവർത്തനപരിപാടി. ഇതാണ് ഏത് ഉപദേശത്തിനും അധികാരത്തിന്റെ പിൻബലം നൽകുന്നതും അതിനെ ഫല പൂർണ്ണമാക്കുന്നതും. ഉപദേഷ്ടാവ് സ്വയം അനുസരിക്കാത്ത കാര്യം മറ്റുള്ള വരെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നപക്ഷം അയാളുടെ വാക്കുകൾ പൊള്ളയായിരിക്കും ലോട്ടെറിഞ്ഞ വടി എങ്ങും ചെന്നുകൊള്ളാതെ താഴോട്ട് – എറഞ്ഞവന്റെ തലയിലേക്കു തന്നെ – തിരിച്ചു വരുന്നതുപോലെ ആ വാക്കുകൾ ഫലശൂന്യമായിത്തീരുകയേ ഉള്ളു.

കഴിഞ്ഞ നാലു ഭാഗങ്ങളായി നാം വിചിന്തനം ചെയ്തുപോന്ന കാര്യങ്ങൾ ദൈവരാജ്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളാണ്. ഇവ പരിപൂർണ്ണമായി അനുസരിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരുവനു മാത്രമേ ക്രിസ്തുവിനെ പിന്തുടരുന്ന ഒരു ശിഷ്യനായിത്തീരുവാൻ സാധിക്കുകയുള്ളു. ഇത് നാം ഗൗരവമായി പരിചിന്തനം ചെയ്യേണ്ട ഒരു കാര്യമാണ്. അനേകമാളുകൾ ഈ കാര്യത്തിന് അതർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല. ഒട്ടധികം വിശ്വാസികളും യേശുവിന്റെ ക്രൂശുമരണത്തിനും തദ്വാരാ നമുക്കു ലഭിക്കുന്ന പാപമോചനത്തിനും മാത്രമേ പ്രാധാന്യം നൽകുന്നുള്ളു. അതിലൂടെ അവർക്കു സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനകവാടം തുറന്നുകിട്ടുന്നുവെന്നാണ് അവർ കരുതുന്നത്. ദൈവികപ്രമാണങ്ങളുടെ സമ്പൂർണ്ണ അനുസരണം, സകലവും ക്രിസ്തുവിനുവേണ്ടി ഉപേക്ഷിച്ച് അവിടുത്തെ ശിഷ്യനായിത്തീരേണ്ടതിന്റെ ആവശ്യം എന്നിവയ്ക്ക് അവർ പ്രാധാന്യം നൽകുന്നില്ല. തന്മൂലം അവർ പാപബന്ധനങ്ങളിൽ കുടുങ്ങി സ്വയം വഞ്ചിതരായി ഒരുതരം സാങ്കല്പികമായ ചാരിതാർത്ഥ്യമനുഭവിച്ചുകൊണ്ടു കഴിയുന്നു. “അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ; ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന കർത്താവിന്റെ വാക്കുകൾ അവസാനാളിൽ അവർ കേൾക്കുവാനിടയാകുമെന്നതിൽ സംശയമില്ല.

അതിനാൽ ഈ ഗിരിപ്രഭാഷണത്തിലുള്ള വചനങ്ങൾ സമ്പൂർണ്ണമായി അനുസരിക്കുന്നതിൽ നമുക്കു സകല ശ്രദ്ധയും കേന്ദ്രീകരിക്കാം. റോമർ 1-ാമധ്യായം 6-ാം വാക്യത്തിൽ പൗലോസ് താൻ എന്തിനുവേണ്ടി കൃപയും അപ്പോസ്തലത്വവും പ്രാപിച്ചുവെന്നു പ്രഖ്യാപിക്കുന്നു. നോക്കുക: “ഞങ്ങൾ അവന്റെ നാമത്തിനായി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന്ന് കൃപയും അപ്പോസ്തലത്വവും പ്രാപിച്ചു. അതുപോലെ തന്നെ ആ ലേഖനത്തിന്റെ സമാപനഭാഗത്തും റോമർ 16:24, 25 എന്നീ വാക്യങ്ങളിൽ തന്റെ വിളിയെക്കുറിച്ചുള്ള ഈ പ്രഖ്യാപനം അദ്ദേഹം ആവർത്തിച്ചിരിക്കുന്നു: “നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകല ജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായിട്ടുള്ളതാണ് തന്റെ സുവിശേഷവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗവുമെന്നാണ് അവിടെയും അദ്ദേഹം പറയുന്നത്. വിശ്വാസത്തിന്റെ അനുസരണം – ഈയൊരു കാര്യം സാധിക്കുവാനായിട്ടാണ് ദൈവം പൗലോസിനെ ജാതികളുടെ (യഹൂദേതരുടെ) ഇടയിൽ അപ്പോസ്തലനായി വിളിച്ചത് എന്ന കാര്യത്തെപ്പറ്റി അദ്ദേഹത്തിനു പൂർണ്ണബോധ്യം ഉണ്ടായിരുന്നു.

മത്തായി 7:21-ൽ “എന്നോട് കർത്താവേ, കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്” എന്നു പറയുമ്പോൾ കർത്താവ് അർത്ഥമാക്കുന്നതും ഇതേ അനുസരണത്തിന്റെ കാര്യം തന്നെ. 24-ാം വാക്യത്തിൽ “ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു” എന്നു പറയുമ്പോൾ കർത്താവ് ഉദ്ദേശിച്ച പാറ എന്താണ്? വിശ്വാസത്തിന്റെ ഇതേ അനുസരണം തന്നെ. ജീവങ്കലേക്കു പോകുന്ന ഇടുക്കമുള്ള വാതിലും ഞെരുക്കമുള്ള വഴിയും ഏതാണ്? ഇതേ അനുസരണത്തിന്റെ അഥവാ ശിഷ്യത്വത്തിന്റെ വഴി തന്നെ.

ഇവിടെ നമുക്കു നമ്മിലേക്കു തന്നെ തിരിഞ്ഞ് ഈ ചോദ്യം നമ്മോടു തന്നെ ചോദിക്കാം. ഈ അനുസരണം നമ്മിലുണ്ടോ? ക്രിസ്തുവിൽ അതുണ്ടായിരുന്നു. ക്രൂശിലെ മരണംവരെയും അവിടുന്ന് അനുസരണമുള്ളവനായിത്തീർന്നുവെന്ന് ഫിലിപ്പ്യർ 2:8-ൽ പറയുന്നു.

ഗിരിപ്രഭാഷണത്തിൽ, അതായത് മത്തായി 5, 6, 7 എന്നീ അധ്യായങ്ങളിൽ കർത്താവു പറഞ്ഞിട്ടുള്ള ഓരോ വചനവും ഒന്നൊന്നായി എടുത്ത് അതനുസരിക്കുന്നവരാണോ നാം എന്ന് നമുക്കു നമ്മെത്തന്നെ ശോധന ചെയ്യാം. 5:3-11 നോക്കുക. അവിടെപ്പറയുന്ന ആത്മാവിലുള്ള ദരിദ്രത – നമ്മെ പറ്റിത്തന്നെയുള്ള വിനീതമായ ചിന്തകൾ നമുക്കുണ്ടോ? നമ്മുടെ പാപ ങ്ങൾക്കായി കരഞ്ഞു വിലപിക്കുന്നവരാണോ നാം? സൗമ്യതയും ശാന്തതയുമുള്ള ഒരാത്മാവാണോ നമുക്കുള്ളത്? നീതിക്കായി വിശന്നു ദാഹിക്കുന്ന വരാണോ നാം? ദൈവം നമ്മിൽ കാണുവാനാഗ്രഹിക്കുന്ന കളങ്കമില്ലായ്മയ്ക്കായി, ഹൃദയവിശുദ്ധിക്കായി അന്വേഷിക്കുന്നവരാണോ നാം? നാം സമാധാനമുണ്ടാക്കുന്നവരും നീതുക്കുവേണ്ടി ഉപദ്രവം സഹിക്കുന്നവരുമാണോ?

ഈ കാര്യങ്ങളൊക്കെ പറയുവാനെളുപ്പമാണ്. പക്ഷേ അവ പറയുന്നവരല്ല, ചെയ്യുന്നവരാണ് പാറമേൽ അടിസ്ഥാനമിട്ട് ജീവിതസൗധം പണിയുന്നവർ. ഉദാഹരണമായി മത്തായി 5:28-ൽ പറയുന്നവിധം ദുർമ്മോഹത്തോടെ നോക്കുന്ന ഒരു മനുഷ്യനെപ്പറ്റി ചിന്തിക്കുക. അയാളുടെ ഉപദേശം എത നിർമ്മലമായിരുന്നാലും അയാൾ മണലിന്മേൽ വീടു പണിയുന്നവനാണ്. ഇപ്രകാരം ഹൃദയം കൊണ്ടു പാപം ചെയ്ത് നരക യോഗ്യനായിത്തീരുന്നതിനേക്കാൾ സ്വന്തം വലംകണ്ണാ വലംകൈയോ നഷ്ടമായാൽത്തന്നെയും സ്വർഗ്ഗ രാജ്യത്തിനുവേണ്ടി അതു ലാഭമെന്നു കരുതുന്ന വിപ്ലവാത്മകമായ ഒരു ചിന്താഗതി നമ്മിലുണ്ടോ? മത്തായി 5:43-48 വാക്യങ്ങളിൽ പറയുന്ന പ്രകാരം ശത്രുക്കളെ സ്നേഹിക്കുകയും അവർക്കു നന്മ ചെയ്കയും ചെയ്യുന്ന ഒരു മനോഭാവമാണോ നമ്മിലുള്ളത്?

മത്തായി 6-ാമധ്യാത്തിൽ ആദ്യഭാഗത്തു പറയുന്നവിധം നമ്മുടെ ദാന ധർമ്മങ്ങൾ, പ്രാർത്ഥന, ഉപവാസം തുടങ്ങിയ എല്ലാ കാര്യത്തിലും മനുഷ്യരിൽനിന്നുള്ള ബഹുമാനമന്വേഷിക്കാതെ ദൈവത്തിൽനിന്നുള്ള മാനം മാത്രമന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ ദൃഷ്ടികൾക്കു മുമ്പിൽ ജീവിക്കുന്നവരാണോ നാം? മത്തായി 6:19-ൽ പറയുന്നതുപോലെ നമ്മുടെ നിക്ഷേപവും സമ്പത്തും സ്വർഗ്ഗത്തിൽത്തന്നെയാണോ നാം സ്വരൂപിച്ചിട്ടുള്ളത്? 6:25-ൽ പറയുന്നതുപോലെ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എന്ന കല്പന നാം അനുസരിക്കുന്നുണ്ടോ? ആകുലചിന്ത അഥവാ ഉത്കണ്ഠ മനഃപൂർവമുള്ള അനുസരണക്കേടാണെന്നു നാം അറിയുന്നുണ്ടോ? 7-ാമധ്യായത്തിന്റെ ആരംഭഭാഗത്തു പറയുന്നതുപോലെ ഹൃദയം കൊണ്ടുപോലും സഹോദരനെ വിധിക്കയോ വിമർശക്കുകയോ ചെയ്യുന്ന മനോഭാവം നാം നമ്മിൽ നിന്നു നിശ്ശേഷം പിഴുതെറിഞ്ഞിട്ടുണ്ടോ? മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ അവർക്കും ചെയിൻ എന്ന കല്പന നാം സമ്പൂർണ്ണമായും അനുസരിക്കുന്നുണ്ടോ?

നമ്മുടെ സ്വന്ത ശക്തിയിലാശ്രയിച്ചുകൊണ്ട് ഈ വചനങ്ങൾ പൂർണ്ണമായി അനുസരിക്കുവാൻ നമുക്കു സാധ്യമല്ല എന്ന കാര്യം തികച്ചും വാസ്തവമത്. ആ സത്യം മനസ്സിലാക്കിക്കൊണ്ട് പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കുവാനായി നാം ദൈവസന്നിധിയിലേക്ക് അടുത്തു ചെല്ലുക. വിശ്വാസത്തോടെ ദൈവത്തിങ്കലേക്കു നോക്കുക. അവിടുന്നു പരിശുദ്ധാത്മാവിനാൽ നമ്മെ നിറയ്ക്കുകയും സമൃദ്ധിയായ ദൈവശക്തികൊണ്ട് നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. അപ്പോൾ നാം വിശ്വാസത്തിന്റെ അനുസരണവും തൽഫലമായി ദൈവത്തിൽനിന്നു നിത്യജീവനും പ്രാപിക്കും. ഈ അനുഭവത്തി ലേക്ക് ദൈവം നമ്മെ വഴി നടത്തട്ടെ.