Snehaviral

Table of Content


സ്നേഹവിരല്‍ നീട്ടി തൊടാം യേശുവിനെ


ജോജി ടി സാമുവേൽ

1 സ്നേഹവിരൽ നീട്ടി തൊടാം, യേശുവിനെ


“രക്ഷാസൈന്യത്തിന്റെ സ്ഥാപകനായ വില്യം ബൂത്ത് എന്ന ദൈവഭക്തന്റെ ജീവിതഗതിയെ തിരിച്ചുവിട്ടത് അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്നമായിരുന്നെന്ന് കേട്ടിട്ടുണ്ട്.

വില്യം ബൂത്തു ചെറുപ്പത്തിൽ ഒരു ശരാശരി ക്രിസ്ത്യാനി മാത്രമായിരുന്നു. യേശുക്രിസ്തുവിനെ ഹൃദയത്തിൽ രക്ഷകനായി സ്വീകരിച്ചിട്ടുണ്ട്. മുടങ്ങാതെ പള്ളിയിൽ പോകും. എന്നാൽ അതിനപ്പുറത്ത് യേശുക്രിസ്തുവുമായി ഗാഢമായ ഒരു ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആഴം കുറഞ്ഞ ഒരു ആത്മീയജീവിതം. പക്ഷേ അതിൽ അദ്ദേഹത്തിനു പന്തികേടൊന്നും തോന്നിയില്ല

എന്നതാണ് ഏറെ ഖേദകരം. അങ്ങനെയിരിക്കെ ഒരു രാത്രി വില്യം ബൂത്ത് ഒരു സ്വപ്നം കണ്ടു. താൻ മരിച്ചുപോയെന്നാണ് അദ്ദേഹം സ്വപ്നത്തിൽ കണ്ടത്. മരണശേഷം വില്യം ബൂത്തിന്റെ ആത്മാവ് സ്വർഗ്ഗത്തിൽ എത്തി. യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരുന്നതുകൊണ്ട് ബൂത്തിന് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ തടസ്സം ഉണ്ടായിരുന്നില്ല. ഇത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. ആഹ്ളാദത്തോടെ, സംതൃപ്തിയോടെ ബൂത്ത് സ്വർഗ്ഗത്തിൽ കഴിഞ്ഞു. പക്ഷേ ക്രമേണ അദ്ദേഹത്തിന് എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. കാരണം സ്വർഗ്ഗത്തിൽ താൻ കണ്ട് പലരും തന്നേക്കാളും തേജോരൂപികളും സന്തുഷ്ടരുമായിരുന്നു. അവരിൽ പലർക്കും സ്വർഗ്ഗത്തിന്റെ ശ്രദ്ധാകേന്ദ്രമായ യേശുക്രിസ്തുവിനോട് കൂടുതൽ അടുപ്പവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. യേശു കർത്താവിന്റെ കണ്ണുകൾ അവർക്കു നേരെ തിരിഞ്ഞപ്പോൾ കൂടുതൽ ആർദ്രതയും സ്നേഹവും അതിൽ ഓളം വെട്ടിയതും ബൂത്തു ശ്രദ്ധിച്ചു. എന്തു കൊണ്ടോ തനിക്ക് അവരെപ്പോലെ കർത്താവിനോട് കൂടുതൽ അടുത്തുപെരുമാറാൻ കഴിയുന്നില്ല. ബൂത്ത് ആകെ നിരാശനായി. ഇമ്പങ്ങളുടെ പറുദീ സയിലും അദ്ദേഹം ദുഃഖിതനായിപ്പോയി.

ബൂത്തിന്റെ ഈ ഭാവമാറ്റം യേശുക്രിസ്തു ശ്രദ്ധിച്ചു. കർത്താവ് മെല്ലെ വില്യം ബൂത്തിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. “മകനെ, നിനക്ക് എത ശ്രമിച്ചാലും ഇവർക്കുള്ളതുപോലെ അടുപ്പവും സ്വാതന്ത്ര്യവും ഇവിടെ ലഭിക്കുകയില്ല. കാരണം ഇവർ ഭൂമിയിൽ ജീവിതം പൂർണമായി എനിക്കായി എണ്ണുകയും കലവറയില്ലാതെ എന്നെ സ്നേഹിക്കുകയും ചെയ്തതാണ്. നീ അങ്ങനെ ആയിരുന്നില്ലല്ലോ.”

വില്യം ബൂത്ത് നടുങ്ങിപ്പോയി. വാസ്തവം. കർത്താവു പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഭൂമിയിൽ വച്ച് തനിക്ക് കർത്താവുമായി ഗാഢമായ ഒരു ബന്ധം ഉണ്ടായിരുന്നില്ല. അന്ന് കർത്താവിനെ ഹൃദയപൂർവ്വം സ്നേഹിക്കുകയും പിൻപറ്റുകയും ചെയ്തിരുന്നെങ്കിൽ ഇന്നു തനിക്കും കർത്താവിനോട് കൂടുതൽ അടുപ്പവും ഹൃദയൈക്യവും ഉണ്ടാകുമായിരുന്നു. ഭൂമിയിൽ ജീവിച്ചനാളുകളെച്ചൊല്ലി വില്യം ബൂത്ത് ആദ്യമായി ദുഃഖിച്ചു. പക്ഷേ, കർത്താവേ, ഇനി എന്തു ചെയ്യാൻ കഴിയും? പൊയ്പ്പോയ നാളുകളെക്കുറിച്ചോർത്ത് ഖേദിച്ച് എന്നും, നിത്യത മുഴുവൻ, ഇവിടെ ഇങ്ങനെ കഴിയേണ്ടിവരുമോ? എങ്കിൽ കർത്താവേ, എന്തൊരു വലിയ ശിക്ഷയാണിത്? വില്യം ബൂത്തു പൊട്ടിക്കരഞ്ഞുപോയി.

ഈറനണിഞ്ഞ കണ്ണുകളുമായി വില്യം ബൂത്ത് ഉണർന്നത് യാഥാർത്ഥ്യത്തിലേക്കാണ്. ഇല്ല താൻ മരിച്ചിട്ടില്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഭൂമിയിൽ ഒരു മുഴുവൻ ജീവിതവും തന്റെ മുൻപിലുണ്ട്. ഓ! ദൈവമേ നന്ദി. ഇനി ഈ ജീവിതം പാഴാക്കിക്കളയുകയില്ല വില്യം ബൂത്തു തീരുമാനിച്ചു. അദ്ദേഹം യേശുകർത്താവിനെ ഹൃദയപൂർവ്വം സ്നേഹിക്കാനും അനുഗമിക്കാനും തന്റെ ജീവിതത്തെ ഉഴിഞ്ഞുവച്ചു….

അതെ. ക്രിസ്തീയജീവിതം ആഴത്തിൽ യേശുനാഥനോടുള്ള വ്യക്തിപരമായ സ്നേഹത്തിന്റേയും ഭക്തിയുടേയും ഗാഢമായ ബന്ധത്തിന്റേയും കഥയാണ്. അതാണ് കാതൽ. ബാക്കിയെല്ലാം അതിനു പുറമേയുള്ളതാണ്.

യേശു കർത്താവിനോടുള്ള ഈ ബന്ധത്തെ അപ്പോസ്തലനായ പൗലോസ് ‘ലളിതവും നിർമലവുമായ ഭക്തി’ (simple and pure devotion) എന്നു വിവരിച്ചു. (2 കൊരിന്ത്യർ 11:3) ഉവ്വ്, ഈ ബന്ധത്തിന് ഒരു ലാളിത്യമുണ്ട്. ശിശുസഹജമായ ഒരു ലാളിത്യം. നാഥനോടുള്ള ഈ ബന്ധം തത്ത്വചിന്താപരമോ, ബൗദ്ധികതലത്തിലുള്ളതോ, യുക്ത്യാധിഷ്ഠിതമോ അല്ല. മറിച്ച് ഒരു കുഞ്ഞിനു തന്റെ പിതാവിനോടുള്ള തരത്തിലുള്ള ലളിതമായ സ്നേഹവും ആശയവുമാണ്. “എല്ലാം വിശ്വസിക്കുന്ന, എല്ലാം പ്രത്യാശിക്കുന്ന, ഉതിർന്നുപോകാത്ത സ്നേഹം’. ലളിതമായ ഈ ഭക്തി കാരണങ്ങൾ തേടുകയോ യുക്തിയിൽ അന്വേഷിച്ച് അലയുകയോ ചെയ്യുന്നില്ല. അതു തൃപ്തിയും സമാധാനവും ഉള്ളതാണ്. ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മുമ്പിൽ മറച്ചു വച്ചിരിക്കുന്നതും ശിശുക്കൾക്കു മാത്രം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതുമാണ്. ഒരു ശിശുവിന്റെ ഹൃദയത്തോടെ അടുത്തുവരാത്ത ആർക്കും ലളിതമായ ഈ ഭക്തി അന്യമായിരിക്കും.

ലാളിത്യം മാത്രമല്ല ഈ ഭക്തിയുടെ മുഖമുദ്ര. ഇതു നിർമലവുമാണ്. മാലിന്യമില്ലാത്ത, കലർപ്പില്ലാത്ത യഥാർത്ഥമായ ഈ ഭക്തി ഊതിക്കാച്ചിയ പൊന്നു പോലെ ശുദ്ധമാണ്. ലോകസ്നേഹമോ, സ്വാർത്ഥതയോ ഒന്നും നിർമലമായ ഈ ഭക്തിയോടു കൂടിച്ചേർന്നു നില്ക്കുന്നില്ല. മായം ചേരാത്ത പരിശുദ്ധമായ ഭക്തിയാണിത്.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം കാച്ചിക്കുറുക്കിയാണ് പൗലോസ് ഒരൊറ്റ പ്രയോഗത്തിൽ സംക്ഷേപിച്ചിരിക്കുന്നത്. ലളിതവും നിർമലവുമായ ഭക്തി. കർത്താവിനോടുണ്ടായിരിക്കേണ്ട ഗാഢമായബന്ധം എന്നു പറയുന്നതു ഇതു തന്നെയല്ലേ?

“കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ’ അവിടുത്ത ശിഷ്യന്മാരിൽ ഒരാൾ കർത്താവിനോടുള്ള തന്റെ ഗാഢമായ ബന്ധത്തെ ലളിതവും ധീരവുമായ ഒരു ചെറിയ പ്രവൃത്തിയിലൂടെ കാട്ടിയതു ശ്രദ്ധിക്കുക: “ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി. അമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. ഇത് ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി. ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. ശിമോൻ പത്രോസ് അവനോട് ആഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കൊണ്ട് എന്നു ചോദിപ്പാൻ പറഞ്ഞു. അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു.” (യോഹന്നാൻ 13:21-25)

ഭീതിയും പരസ്പര സംശയവും ശിഷ്യന്മാരെ ഗ്രസിച്ച ആ രാത്രിയിൽ, 12 പേരിൽ യേശു സ്നേഹിച്ച ശിഷ്യന്റെ യോഹന്നാന്റെ ശിരസ്സ് കർത്താവിന്റെ മാർവ്വിടത്തിൽ വിശ്രമം കണ്ടെത്തി. പിന്നെ അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു. എത്ര വലിയ അടുപ്പം! എത്ര വലിയ ബന്ധം! ഭൂമിയിൽ വച്ച് യേശുവിന്റെ നെഞ്ചിൽ ചാരി ഇരിക്കാൻ തക്ക പ്രാഗല്ഭ്യം ഉണ്ടായിരുന്നതുകൊണ്ടല്ലേ യോഹന്നാന്, ഉയിർത്തെഴുന്നേറ്റ് രാജകീയ പ്രൗഢിയോടെ ഏഴു പൊൻ നിലവിളക്കുകളുടെ മദ്ധ്യേ നിൽക്കുന്ന കർത്താവിന്റെ കരസ്പർശം ഏല്ക്കാനും ഭയപ്പെടേണ്ട’ എന്ന സ്നേഹസ്വാന്തനം കേൾക്കാനും കഴിഞ്ഞത്?’ (വെളിപ്പാട് 1:17)

ഒരു പ്രത്യേക അർത്ഥത്തിൽ പറഞ്ഞാൽ ഭൂമിയിലെ ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ തുടർച്ചയും അതിന്റെ പൂരകവുമായിരിക്കും അന്നു നിത്യതയിലെ നമ്മുടെ ജീവിതം. കർത്താവിനോട് ഇന്നില്ലാത്ത സ്നേഹവും അടുപ്പവും അന്നു പൊടുന്നനെ നമുക്കുണ്ടാകുന്നതെങ്ങനെ? അതുകൊണ്ട് ഇന്ന് ഈ ജീവിതത്തിൽത്തന്നെ നാം സ്നേഹവിരൽ നീട്ടിക്കൊടാവുന്ന അടുപ്പം യേശുവുമായി ഉണ്ടാക്കുമോ? “അകലം വിട്ട് അവനെ അനുഗമിക്കുന്നവരുടെ കാലഘട്ടത്തിൽ അവിടുത്തെ സ്നേഹനെഞ്ചോടു ചേർന്നിരിക്കാൻ നാം തയ്യാറാകുമോ?

2 ക്രിസ്തുവിനെ ആഴത്തിൽ അറിയുക


ഒരു ക്രിസ്തീയ സമ്മേളനം. നിറഞ്ഞ സദസ്സ്. സമ്മേളനത്തിലെ മുഖ്യ പ്രസംഗങ്ങളെല്ലാം സമാപിച്ചു. കലാപരിപാടികളാണ് അടുത്ത ഇനം. ഒരു പ്രശസ്ത ക്രിസ്തീയ ഗായകനും നടനുമായ ചെറുപ്പക്കാരനാണ് കലാപരി പാടികൾക്ക് നേതൃത്വം നൽകുന്നത്. ആദ്യം ഒന്നുരണ്ട് ക്രിസ്തീയ ഗാനങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. മിനിറ്റുകൾ ദീർഘിച്ച് കരഘോഷത്തിലൂടെ സദസ്സ് അഭിനന്ദനം അറിയിച്ചപ്പോൾ അദ്ദേഹം അടുത്ത ഇനത്തിലേക്ക് കടന്നു. ഇരുപത്തിമൂന്നാം സങ്കീർത്തനത്തിന്റെ പാരായണമായിരുന്നു അത്. മധുരമായ സ്വരത്തിൽ, നാടകീയമായ ആംഗ്യവിക്ഷേപങ്ങളോടെ അദ്ദേഹം 23-ാം സങ്കീർത്തനം ചൊല്ലിയപ്പോൾ സദസ്സ് നിർന്നിമേഷം അതു കേട്ടിരുന്നു. തുടർന്ന് “സദസ്സിലാർക്കെങ്കിലും മുന്നോട്ടുവന്ന് 23-ാം സങ്കീർത്തനം ഇതുപോലെ ചൊല്ലാമോ?’ എന്നൊരു വെല്ലുവിളി അദ്ദേഹം എറിഞ്ഞുകൊടുത്തു. ആരും അനങ്ങിയില്ല. അപ്പോൾ പതുക്കെ സദസ്സിന്റെ പിന്നിൽ നിന്ന് ഒരു വൃദ്ധ മുന്നോട്ടുവന്നു. ഇടറുന്ന കാൽവയ്പ്പുകളോടെ അവർ വേദിയിലേക്കു പ്രവേശിച്ചപ്പോൾ പലരുടേയും മുഖത്ത് പരിഹാസദ്യോതകമായ പുഞ്ചിരി വിരിഞ്ഞു.

പക്ഷേ വൃദ്ധ വേദിയിലെത്തി മൈക്കു വാങ്ങി ഭയഭക്തിയോടെ 23-ാം സങ്കീർത്തനം ചൊല്ലിത്തുടങ്ങിയപ്പോൾ ആളുകളുടെ പുച്ഛം അത്ഭുതത്തിനു വഴിമാറി. നിർത്തേണ്ടിടത്തു നിർത്തി, ഊന്നൽ കൊടുക്കേണ്ടിടത്ത് അങ്ങനെ ചെയ്ത്, ഉള്ളിൽ തട്ടി അവർ സങ്കീർത്തനം ചൊല്ലാൻ തുടങ്ങിയപ്പോൾ സദസ്സ് വീർപ്പടക്കി നിശ്ശബ്ദം കേട്ടിരുന്നു. അനുഭവത്തിന്റെ ചൂടും ചൂരുമുള്ള വായന. “കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരനർത്ഥവും ഭയപ്പെടുകയില്ല’ എന്ന വരിയിലെത്തിയപ്പോൾ എന്തോ ഓർത്ത് ആ ശബ്ദം ഒന്ന് ഇടറിയോ? ഒടുവിൽ അവർ സങ്കീർത്തനം ചൊല്ലി അവസാനിപ്പിച്ചപ്പോൾ സദ സ്സിൽ ഒരു കണ്ണുപോലും നനയാത്തതായി ഉണ്ടായിരുന്നില്ല.

പ്രോഗ്രാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ യുവാവിനോട് ഒരു പത്രപ്രതിനിധി ചോദിച്ചു “ആ വൃദ്ധയ്ക്ക് 23-ാം സങ്കീർത്തനം താങ്കളേക്കാൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞല്ലോ. എന്താ കാരണം? “കാരണമുണ്ട്” സത്യസന്ധതയോടെ ആ യുവാവു മറുപടി പറഞ്ഞു എനിക്ക് 23-ാം സങ്കീർത്തനം അറിയാം. ആ വൃദ്ധയ്ക്ക് 23-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന ഇടയനെ അറിയാം. അതാണു വ്യത്യാസം.

ഉവ്വ്, അതാണു വ്യത്യാസം. അന്നും ഇന്നും കാര്യങ്ങളെ വ്യത്യസ്തമാക്കിത്തീർക്കുന്നത് ഈ ഒരു സംഗതിയാണ്. നാം നമ്മുടെ ഇടയനും കർത്താവുമായ യേശുവിനെ എത്രത്തോളം അറിയുന്നുണ്ട് എന്നത്.

പലരും കർത്താവിനെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിട്ടുള്ളു. കർത്താവുമായി നേരിട്ടുള്ള ഒരു ബന്ധം, ക്രിസ്തീയജീവിതത്തിൽ മുന്നോട്ടു പോകുന്തോറും കർത്താവിനെക്കുറിച്ച് വർദ്ധിച്ചുവരുന്ന ഒരറിവ്, ഒരു നദിപോലെ വിസ്താരമായി വരുന്ന ഒരു ദൈവാനുഭവം-അതു പലർക്കും കമ്മിയാണ്. കർത്താവിനെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിച്ചുവരുന്നത് എങ്ങനെയാണ്? അതിനുള്ള സാഹചര്യം എന്താണ്? അതിനു നാം എന്താണു ചെയ്യേണ്ടത്?

ഇരുപത്തിമൂന്നാം സങ്കീർത്തനം ശ്രദ്ധിച്ചു വായിച്ചാൽ അതിലെ ചില പദങ്ങളും വ്യാകരണവും തന്നെ ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിലേക്കു വെളിച്ചം വീശുന്നതായി നമുക്കനുഭവപ്പെടും.

“യഹോവ എന്റെ ഇടയനാകുന്നു’ എന്ന ഏറ്റുപറച്ചിലോടെയാണ് 23-ാം സങ്കീർത്തനം ആരംഭിക്കുന്നത്. തുടർന്ന് ഇടയൻ തനിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ സങ്കീർത്തനക്കാരൻ ഇങ്ങനെ വിവരിക്കുന്നു.

“പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു… അവൻ എന്നെ നടത്തുന്നു… അവൻ തണുപ്പിക്കുന്നു… അവൻ നീതിപാതകളിൽ നടത്തുന്നു. (23:1-3 ഇംഗ്ലീഷ്)

ഇവിടെ സങ്കീർത്തനക്കാരൻ ദൈവത്തെ സംബോധന ചെയ്യുന്ന പദം ശ്രദ്ധിച്ചോ? അവൻ (He) എന്ന്.

എന്നാൽ തുടർന്ന് നാലാം വാക്യം മുതൽ ആ സങ്കീർത്തനത്തിൽ പറയുന്നത് ഇങ്ങനെയാണ്.

“നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ… നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു… നീ എനിക്കു വിരുന്നൊരുക്കുന്നു… നീ അഭിഷേകം ചെയ്യുന്നു. നോക്കുക! ഇവിടെ സംബോധന “നീ” (You) എന്നായി.

“അവൻ’, ‘നീ’ എന്നീ സംബോധനകൾ തമ്മിലുള്ള വ്യത്യാസം എന്താണ്? മൂന്നാമതൊരാളെപ്പറ്റി പറയുമ്പോഴാണ് നാം ഉത്തമ പുരുഷ സർവ്വനാമം ആയ “അവൻ’ ഉപയോഗിക്കുന്നത്. എന്നാൽ ഒരാളുമായി നേർക്കുനേരെ സംസാരിക്കുമ്പോൾ സംബോധന മധ്യമ പുരുഷ സർവ്വനാമം ആയ ‘നീ’ ആയി മാറുന്നു. “അവനിൽ നിന്നു ‘നീ’ യിലേക്കുള്ള മാറ്റം ദൈവത്തെക്കുറിച്ചു വർധിച്ചുവരുന്ന സങ്കീർത്തനക്കാരന്റെ അറിവിലേക്കല്ലേ വിരൽ ചൂണ്ടുന്നത്?

എവിടെ വച്ചാണ് ഈ മാറ്റം ഉണ്ടാകുന്നത്? അത് “കൂരിരുൾ താഴ്വരയിൽ വച്ചാണ് (23:4) അവിടെ വച്ച് അവൻ കർത്താവിനെ മുഖാമുഖം കണ്ടു മുട്ടുന്നു. “അവൻ’ എന്ന സംബോധന ‘നീ’ എന്നായി മാറുന്നു. ആട് തന്റെ ഇടയനെ നേർക്കുനേരെ അറിയുന്ന അനുഭവം.

ഇയ്യോബിന്റെ ജീവിതത്തിലും ‘കൂരിരുൾ താഴ്വര’ അവന്റെ ദൈവാനുഭവത്തെ വർധിപ്പിച്ചു. മരണനിഴൽ താഴ്വര കടക്കുമ്പോൾ ഇയ്യോബിന്റെ ഏറ്റു പറച്ചിൽ ഇങ്ങനെയാണ്: “ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു. ഇപ്പോഴോ എന്റെ കണ്ണാൽ നിന്നെ കാണുന്നു” (ഇയ്യോബ് 42:5),

ഇവിടെ പൗലോസിന്റെ വാക്കുകളും ശ്രദ്ധേയമാണ്” അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെ….. അനുഭവിച്ചറിയേണ്ടതിനും” (ഫിലിപ്യർ 3:10)

അതെ, ക്രിസ്തുവിന്റെ മരണത്തോട് അനുരൂപപ്പെടുമ്പോഴും നാം, തന്നെ ആഴത്തിൽ അറിയുന്നു.

ദൈവത്തെക്കുറിച്ചുള്ള അറിവ് നമ്മെ എന്തിലേക്കാണു നടത്തേണ്ടത്? യോഹന്നാൻ പറയുന്നു: “കുഞ്ഞുങ്ങളേ നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ… പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ… ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്.” (1 യോഹന്നാൻ 2:13-15).

അതെ, കർത്താവിനെ കൂടുതൽ അറിയുമ്പോൾ, കൂടുതൽ സ്നേഹിക്കുമ്പോൾ, അതിന്റെ സ്വാഭാവിക പരിണതി ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കുന്നതിൽ നിന്നുള്ള മോചനമാണ്.

നമുക്കു കർത്താവിനെ ആഴത്തിലറിയുവാൻ വാഞ്ഛിക്കാം. കൂരിരുൾ താഴ്വരകളെയും ക്രൂശിന്റെ അനുഭവങ്ങളെയും വിലമതിക്കാം. ലോകസ്നേഹത്തിൽനിന്നു വിടുതൽ നേടാം.

3 ദൈവത്തോടുള്ള കൂട്ടായ്മ


മനുഷ്യന്റെ വീഴ്ചയ്ക്കുശേഷം ദൈവത്തോട് ഏറ്റവും അടുത്ത ബന്ധം പുലർത്തിയ ആദ്യത്തെ വ്യക്തിയായിരുന്നു ഹാനോക്ക്. ആദാമിൽ നിന്ന് ഏഴാം തലമുറക്കാരൻ. ഇതിനിടയിലുള്ള തലമുറകളിൽ ദൈവത്തിനു വഴിപാടു കൊണ്ടുവരികയും ദൈവം അവനിൽ പ്രസാദിക്കുകയും ചെയ്ത ഹാബേലിനെ നാം കാണുന്നുണ്ടെങ്കിലും ഹാനോക്കിനെപ്പോലെ ദൈവത്തോട് ഏറ്റവും അടുത്ത കൂട്ടായ്മ അന്ന് ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല.

ദൈവവും ഹാനോക്കും തമ്മിലുള്ള അടുപ്പം ബൈബിൾ വ്യക്തമാക്കുന്നത് ഹാനോക്കു ദൈവത്തോടുകൂടെ നടന്നു’ എന്നു വിവരിച്ചുകൊണ്ടാണ്. ഉൽപത്തിപ്പുസ്തകം അഞ്ചാം അധ്യായത്തിൽ ഹാനോക്ക് ദൈവത്തോടു കൂടെ നടന്നു എന്നു രണ്ടു പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നു (5:22,24).

ദൈവം ഹാനോക്കിനെ എടുത്തുകൊള്ളുന്നതിനു മുൻപ് ഈ ഭൂമിയിൽ തന്നെ, സാധാരണ ഒരു കുടുംബജീവിതം നയിച്ചുകൊണ്ടാണ് ഹാനോക്ക് ദൈവത്തോടൊപ്പം നടന്നത്. ഒരു പഴയനിയമഭക്തന് ഈ നിലയിൽ ജീവിക്കാൻ കഴിഞ്ഞുവെന്നത് പുതിയനിയമകാലഘട്ടത്തിൽ ജീവിക്കുന്ന നമ്മ എത്ര വലിയ സാധ്യതയിലേക്കാണു ആഹ്വാനം ചെയ്യുന്നത്.

ഹാനോക്കിന് ദൈവത്തോടൊപ്പം നടക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?’ (ആമോസ് 3:3) എന്ന വചനം വിരൽചൂണ്ടുന്നതു ഒരേ താത്പര്യം ഉള്ളവർക്കും സമാനചിന്താഗതിക്കാർക്കും മാത്രമേ ഒരുമിച്ചു നടക്കാൻ കഴിയുകയുള്ളൂ എന്ന സത്യത്തിലേക്കാണ്. അപ്പോൾ, ദൈവത്തിന്റെ ഹൃദയതാത്പര്യങ്ങൾ തന്നെ ഹാനോക്കും പങ്കിട്ടുവെന്നു വ്യക്തം. ഹാനോക്കിനും ദൈവത്തിനും ഒരേ കാഴ്ചപ്പാട്, ഒരേ ലക്ഷ്യം, ഒരേ താത്പര്യങ്ങൾ. വലിവനായ ദൈവവും ഒരു മനുഷ്യനും തമ്മിലാണ് അത്ഭുതകരമായ ഈ കൂട്ടായ്മയെന്ന് ഓർക്കണം!

ഹാനോക്ക് ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകൾ ശ്രദ്ധിക്കുമ്പോഴാണ് ഈ അടുത്തബന്ധം കൂടുതൽ അത്ഭുതാവഹമായി നമുക്കു തോന്നുക. ആദാമിന്റെ മകൻ ശേത്തിന്റെ പരമ്പരയിലെ ഏഴാമനാണ് ഹാനോക്ക്. അതേ സമയം ആദാമിന്റെ മകൻ കയീന്റെ പരമ്പരയിലെ ഏഴാമൻ ലാമേക്കായിരുന്നു. ഈ ലാമേക്കാണ് മനുഷ്യകുലത്തിൽ ആദ്യമായി ബഹുഭാര്യത്വത്തിലേക്കു തിരിഞ്ഞത്. മാത്രമല്ല കയീനുശേഷം ഉണ്ടായ അടുത്ത കൊലപാതകനും അവനായിരുന്നു (ഉത്പത്തി 4:19, 23). നോക്കുക. തന്റെ സമകാലികനായ ലാമേക്ക് മഹാദുഷ്ടനായിരുന്നപ്പോഴും ദൈവത്തോടൊപ്പം നടക്കാൻ അതു ഹാനോക്കിനു തടസ്സമായില്ല.

ഉല്പത്തിപ്പുസ്തകത്തിന്റെ ആദിമാധ്യായങ്ങൾ വായിക്കുമ്പോൾ ദൈവത്തോടൊപ്പം നടന്ന ഹാനോക്കിനെ മാത്രമേ നാം ശ്രദ്ധിക്കാറുള്ളു. എന്നാൽ ആ കാലത്ത് മറ്റൊരു ഹാനോക്കും ഉണ്ടായിരുന്നു. കയീന്റെ മകനായിരുന്നു ഈ ഹാനോക്ക്. ഈ ഹാനോക്കിന്റെ പേരിലായിരുന്നു മനുഷ്യചരിത്രത്തിലെ ആദ്യത്തെ പട്ടണം അറിയപ്പെട്ടിരുന്നത് (4:17) സ്വന്തം പേരിൽ ഒരു പട്ടണം ഈ ലോകത്തിൽ എത്രവലിയ അംഗീകാരമാണത്!! എന്നാൽ തന്റെ അതേ പേരുള്ള മറ്റൊരുവൻ ദൈവത്തെ അറിയാത്തവനായി ഈ ഭൂമിയിൽ നേട്ടങ്ങൾ കൊയ്ത് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ ജീവിച്ചപ്പോഴും ലളിതമായ വിശ്വാസത്തോടെ ലോകത്തിൽ ആരാലും അറിയപ്പെടാത്തവനായി ഹാനോക്ക് ദൈവത്തോട് ചേർന്നു നടക്കുകയായിരുന്നു.

ഹാനോക്കിന്റെ മകൻ മെഥൂശലഹ് മരിച്ചപ്പോഴായിരുന്നു ഭൂമിയിൽ ജല പ്രളയം ഉണ്ടായത്. ദൈവം ഭൂമിയെ നശിപ്പിച്ചുകളയത്തക്കവണ്ണം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ച കാലം. മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ദൈവം അനുതപിക്കത്തക്കവണ്ണം ഇതുപോലെ തിന്മ പെരുകിയ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. നോക്കുക: പ്രളയപൂർവ്വഭൂമിയിലെ ധാർമികാധഃപതനം ദൈവത്തോടൊപ്പം നടക്കാൻ ഹാനോക്കിന് ഒരു തടസ്സമായിരുന്നില്ല.

മുകളിൽ പറഞ്ഞകാര്യങ്ങളൊക്കെ ഹാനോക്കിന്റെ കാലത്തു ജീവിച്ചിരുന്ന ദൈവഭയമില്ലാത്ത ആളുകളുടെ ചെയ്തികളായിരുന്നു. എന്നാൽ അന്ന് “യഹോവയുടെ നാമത്തിലുള്ള ആരാധന’ നടത്തിയിരുന്ന ഒരു മതലോകം ഉണ്ടായിരുന്നല്ലോ. അതിന്റെ സ്ഥിതിയോ? “ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.'(4:26) എന്ന നമുക്കു പരിചിതമായ വാക്യം “ആ കാലത്താണ് ആളുകൾ ആദ്യമായി തങ്ങളെത്തന്നെ “ദൈവത്തിന്റെ ജനം” എന്നു വിളിക്കാൻ തുടങ്ങിയത് എന്നാണ് ഒരു തർജ്ജമയിൽ (ലിവിങ്) കാണുന്നത്. ഈ വാക്യത്തിന്റെ മറ്റൊരു അർത്ഥം “ആ കാലത്താണ് ആളുകൾ തങ്ങളുടെ ദൈവങ്ങൾക്ക് (വിഗ്രഹങ്ങൾക്ക്) യഹോവയുടെ നാമം നൽകാൻ ആരംഭിച്ചത്’ എന്നാണ്. ചുരുക്കത്തിൽ അന്നുണ്ടായിരുന്ന ആ ആരാധന വ്യാജ ആരാധനയും മതം വ്യാജമതവുമായിരുന്നു. പേര് യഹോവയുടേത്; ഉള്ളിലുള്ളത് അന്യദൈവങ്ങൾ! അറിയപ്പെടുന്നത് “ദൈവത്തിന്റെ ജനമെന്നാണ്; ആരാധിക്കുന്നതോ വിഗ്രഹങ്ങളെ ദൈവത്തിന്റെ പേരിൽ വ്യാജമതം കൊടികുത്തി വാഴുകയും യഹോവയുടെ പേരിൽ അന്യാരാധന അരങ്ങുതകർക്കുകയും ചെയ്തിരുന്ന ഒരു കാലം. എന്നാൽ ആ കാപട്യവും ജീർണതയുമൊന്നും ഹാനോക്കിനെ സ്പർശിച്ചതേ ഇല്ല. ഇതിനെല്ലാം നടുവിലും ഹാനോക്ക് പരമാർത്ഥമായി ദൈവത്തോടു കൂടെ നടന്നു. ഒടുവിൽ ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. എത്ര അനുഗഹീതമായ ഒരു ജീവിതവും അന്ത്യവും!.

ഹാനോക്കിന്റേതു പോലൊരു കാലഘട്ടത്തിലാണു നാമും ജീവിക്കുന്നത്. ഈ നാളുകളിലും പുറംലോകത്തിലെയും ക്രിസ്തീയമതലോകത്തിലെയും കളങ്കം ഏശാതെ യഥാർത്ഥവും ലളിതവുമായ ഭക്തിയോടെ ദൈവത്തോടു ചേർന്നു നടക്കാൻ നമുക്കു കഴിയുമോ? അന്നു ഹാനോക്കിനു കഴിഞ്ഞതു ഇന്നു പുതിയനിയമ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്കും സാധ്യമാണ്. പക്ഷേ അതിനു നാം ഒരു വില കൊടുക്കാൻ തയ്യാറാവുമെങ്കിൽ മാത്രം.

ദൈവത്തോടുള്ള നമ്മുടെ അടുത്ത ബന്ധത്തിന്, കൂട്ടായ്മയ്ക്ക്, തടസ്സം എന്താണ് “നിന്റെ പാപങ്ങൾ നമുക്കിടയിൽ നിൽക്കുമ്പോൾ എങ്ങനെ നമുക്ക് ഒന്നിച്ചു നടക്കാൻ കഴിയും?” (ആമോസ് 3:3 ലിവിങ്) എന്നാണു ദൈവം ചോദിക്കുന്നത്. “നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളേയും നിങ്ങളുടെ ദൈവത്തേയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതെന്നു പ്രവാചകനും ചൂണ്ടിക്കാട്ടുന്നു (യെശയ്യാവ്.59:2). വിശുദ്ധിയുടെ കാൽവയ്പ്പുകളാണ് വിശുദ്ധനായ ദൈവത്തോടൊപ്പമുള്ള നടപ്പിന് ആവശ്യമെന്നു ചുരുക്കം.

പക്ഷേ ക്രിസ്തീയഗോളത്തിൽ വിശുദ്ധിയുടെ സന്ദേശങ്ങൾ ഇന്ന് എത്ര വിരളമാണ്! ദൈവത്തോടുള്ള കൂട്ടായ്മയേക്കാൾ ദൈവത്തിനുവേണ്ടിയുള്ള “പ്രവർത്തനങ്ങൾക്കാണ് ഇന്ന് ഊന്നൽ. ദൈവത്തിന്റെ നാമത്തിലുള്ള ആരാധനയുടെ കോലാഹലങ്ങൾക്കിടയിൽ “വിഗ്രഹങ്ങളെ’ അത് പണമാകാം, സ്ഥാനമാനങ്ങളാകാം, ഒരു ക്രിസ്തീയശുശ്രൂഷ പോലുമാകാം പൂജിക്കുന്ന ഒരു കാലം. എന്നാൽ ഒഴുക്കിനൊത്തു നീങ്ങാതെ ദൈവത്തോടൊപ്പം നടക്കാൻ ഏതു കാലഘട്ടത്തിലും സാധ്യമാണെന്നാണ് ഹാനോക്ക് നമുക്കു നൽകുന്ന പാഠം.

4 യേശുവിന്റെ അദ്വിതീയത


ഒരിക്കൽ സാധു സുന്ദർസിങിനോട് സംസാരിക്കവേ ഒരു പ്രൊഫസർ ഇങ്ങനെ ചോദിച്ചു “നിങ്ങളുടെ പഴയ മതത്തിലില്ലാത്ത എന്താണു നിങ്ങൾ ക്രിസ്തീയതയിൽ കണ്ടെത്തിയത്?”

“അത്, യേശുക്രിസ്തുവിനെയാണ്” സാധു മറുപടി നൽകി.

സുന്ദർസിങിനെ ഒരു വാദപ്രതിവാദത്തിലേക്കു വലിച്ചിഴയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രൊഫസർ വീണ്ടും ചോദിച്ചു. “ഉവ്വ് അത് എനിക്കറിയാം. എന്നാൽ മുമ്പില്ലാതിരുന്ന എന്തു പ്രത്യേകമായ തത്ത്വമാണ്, ഉപദേശമാണ്, നിങ്ങൾ ഇപ്പോൾ കണ്ടെത്തിയത്?”

“ഞാൻ കണ്ടെത്തിയിരിക്കുന്ന ആ പ്രത്യേകമായ കാര്യം ക്രിസ്തുവാണ്. സാധു വീണ്ടും ശാന്തമായി മറുപടി നൽകി.

പ്രൊഫസർ തിരിച്ചും മറിച്ചും എല്ലാം ചോദ്യം ചെയ്തിട്ടും യേശുക്രിസ്തുവിന് അപ്പുറത്ത് എന്തെങ്കിലും പ്രത്യേകത ക്രിസ്തീയ മതത്തിനുണ്ടെന്നു സമ്മതിക്കുവാൻ സാധു തയ്യാറായില്ല.

ക്രിസ്തീയതയുടെ കേന്ദ്രം യേശുക്രിസ്തുവാണ്. യേശുക്രിസ്തുവിനെ മാറ്റിനിർത്തിയാൽ പിന്നെ അവശേഷിക്കുന്ന ക്രിസ്തീയത ഒരു പൂജ്യം മാത്രമാണ്. ക്രിസ്തീയതയിൽ ഉപദേശങ്ങളും തത്ത്വങ്ങളുമുണ്ട്. പക്ഷേ അതൊരു ഉപദേശമോ തത്ത്വമോ അല്ല. അത് അനുഷ്ഠാനങ്ങളേയും രീതികളേയും ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത് ഒരു അനുഷ്ഠാനമോ രീതിയോ അല്ല. അതിൽ സംഘടനകളും പ്രസ്ഥാനങ്ങളും ഉണ്ടെന്നു വരാം. പക്ഷേ അതു സംഘടനയോ പ്രസ്ഥാനമോ അല്ല. ക്രിസ്തീയത ആഴത്തിൽ ഒരു വ്യക്തിയാണ്. ആ വ്യക്തി യേശു ക്രിസ്തുവാണ്.

മാനുഷികപ്രശ്നങ്ങളോടുള്ള യേശുവിന്റെ സമീപനമാണ് സാധാരണ ആളുകളെ യേശുവിന്റെ അടുത്തേക്ക് ആകർഷിക്കുന്നത്. “മനുഷ്യപുത്രൻ എന്നു സ്വയം വിളിച്ച് യേശു ആളുകളുടെ സഹനത്തിൽ അവരോടൊപ്പം പങ്കാളിയാകുന്നതുപോലെയാണു സുവിശേഷങ്ങൾ വായിക്കുമ്പോൾ നമുക്കു തോന്നുക. അന്ധന്റെ ജീവിതത്തിലെ ഇരുട്ടും, കുഷ്ഠരോഗിയുടെ അപകർഷതാബോധവവും അവിടുത്തേക്ക് അപരിചിതമായിരുന്നില്ല. ധനികന്റെ ഏകാന്തതയും, പാവപ്പെട്ടവന്റെ അനാഥത്വവും അവിടുന്നു മനസ്സിലാക്കിയിരുന്നു. പാപിയുടെ കുറ്റബോധവും, പരീശന്റെ സ്വയനീതീകരണ മനോഭാവവും തൊട്ടറിഞ്ഞ മട്ടിലാണ് അവിടുന്നു പെരുമാറിയത്.

മനുഷ്യരുടെ പ്രശ്നങ്ങളോടു മാറിനിന്നു സഹതപിക്കാതെ അതിൽ പങ്കാളിയാകുക മാത്രമല്ല അവിടുന്നു ചെയ്തത്. മറിച്ച് ഏതു സാഹചര്യത്തിലേക്ക് കടന്നുചെല്ലുമ്പോഴും അവിടെയുള്ള യഥാർത്ഥ പ്രശ്നം മനസ്സിലാക്കി അതിന് പരിഹാരം വരുത്തുകയും ചെയ്തു. യേശു ലാസറിന്റെ കല്ലറയ്ക്കൽ കണ്ണുനീർ വാർത്തു. ഒപ്പം ‘ലാസറേ പുറത്തുവരിക’ എന്നു കല്പിക്കുകയും ചെയ്തു. അവിടുത്തെ പെരുമാറ്റങ്ങളിലും ചലനങ്ങളിലും എല്ലാം ഒരു വ്യക്തതയും സമൂർത്തതയും ഉണ്ടായിരുന്നു. എല്ലാം അറിയുന്ന, എല്ലാം കഴിയുന്ന, ദൈവത്തിനു മാത്രം സാധ്യമാകുന്ന നിലയിലുള്ള ഒരു വ്യക്തത.

യേശു പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തുക മാത്രമല്ല അവിടുന്നുതന്നെ സ്വയം പ്രശ്നങ്ങളുടെ പരിഹാരമായിത്തീരുകയും ചെയ്തു. യേശു രോഗികളെ സൗഖ്യമാക്കിയതിനെക്കുറിച്ച് മത്തായി തന്റെ സുവിശേഷത്തിൽ നൽകുന്ന ഒരു വിശദീകരണം ശ്രദ്ധിക്കുക. “അവൻ… സകലദീനക്കാർക്കും സൗഖ്യം വരുത്തി. അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു.” ഇവിടെ യേശു ബലഹീനതകളെയും വ്യാധികളെയും സ്വയം ചുമന്ന് ഒഴിവാക്കുന്ന ഒരു ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. രോഗത്തിന് മാത്രമല്ല പാപത്തിനും അവിടുന്ന് ഈ മട്ടിൽ സ്വയം ഒരു പരിഹാരമായി മാറുകയായി രുന്നു. “ഞാൻ തന്നെ വഴി’ എന്ന് യേശു പറഞ്ഞപ്പോൾ അത് വെറും ഒരു അവകാശവാദമായിരുന്നില്ല. മറ്റുള്ളവർ വഴിയെക്കുറിച്ച് സംസാരിച്ചപ്പോൾ യേശു സ്വയം വഴിയായി മാറി. മറ്റെല്ലാ ഗുരുക്കന്മാരിൽ നിന്നും മതനേതാക്കളിൽ നിന്നും യേശു വേറിട്ട് നില്ക്കുന്നത് ഇവിടെയാണ്. അവിടുന്ന് അതുല്യനാണ്. മനുഷ്യചരിത്രത്തിൽ യേശുവിന്റെ സ്വാധീനത്തെക്കുറിച്ചു വിവരിച്ചശേഷം Outline of History യിൽ എച്ച്.ജി. വെൽസ് നടത്തുന്ന ഒരു പ്രസ്താവനയുണ്ട്. “ആ ഗലീലക്കാരന്റെ മഹത്വം നമ്മുടെ ചെറിയ ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ എത്രയോ വലുതാണ്”!

ശരിയാണ്. ആ ഗലീലക്കാരന്റെ മഹത്വം ലോകം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. “ഞാൻ തന്നേ വഴിയും സത്യവും ജീവനും” എന്ന അവിടുത്തെ പ്രഖ്യാപനത്തിന്റെ തന്നെ ആഴവും പരപ്പും നാം എത്ര കുറച്ചേ മനസ്സിലാക്കിയിട്ടുള്ളു. ഇതേപ്പറ്റി പ്രശസ്ത മിഷനറിയും എഴുത്തുകാരനുമായിരുന്ന സ്റ്റാൻലി ജോൺസ് നടത്തിയിട്ടുള്ള പഠനം ശ്രദ്ധേയമാണ്. അദ്ദേഹം ഇങ്ങനെയാണത് വിശദീകരിക്കുന്നത്.

പുരാതന യൂറോപ്പിന്റെ തലച്ചോർ ഗ്രീക്കുകാരായിരുന്നു. യൂറോപ്പിനു വേണ്ടി തത്ത്വചിന്തകളുടെ വഴി തെളിച്ചതും ഗ്രീക്കുകാരാണ്. ജീവിതത്തിന്റെ ലക്ഷ്യം മൂന്ന് കാര്യങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് ഗ്രീക്കുകാർ വിവരിച്ചു നന്മ, ശരി, സൗന്ദര്യം.

അതേസമയം ഏഷ്യയുടെ തലച്ചോർ ആയി വർത്തിക്കുകയും തത്ത്വചിന്തയിൽ മുഴുകുകയും ചെയ്തതു ഹൈന്ദവരാണ്. അവരും ജീവിതത്തിന്റെ ലക്ഷ്യത്തെ മൂന്നു കാര്യങ്ങളിൽ ക്രോഡീകരിച്ചു ജ്ഞാനം, ഭക്തി, കർമം, ഇതിൽ ഹൈന്ദവർ കൂടുതൽ മതബോധം ഉള്ളവരായതുകൊണ്ട് ജീവിതത്തിന്റെ അന്ത്യമായ മോക്ഷത്തെ പ്രാപിക്കാനുള്ള മൂന്ന് മാർഗ്ഗങ്ങളായും ജ്ഞാനത്തെയും ഭക്തിയെയും കർമത്തേയും അവർ കണ്ടു. ജ്ഞാനമാർഗ്ഗം (ജ്ഞാനത്തിലൂടെ ഈശ്വരസാക്ഷാത്ക്കാരം), ഭക്തിമാർഗ്ഗം (ഭക്തിയിലൂടെ, വികാരപരമായ സമീപനത്തിലൂടെ മോക്ഷപ്രാപ്തി), കർമമാർഗ്ഗം (പ്രവൃത്തിയിലൂടെ ഈശ്വരസാക്ഷാത്ക്കാരം) എന്നിങ്ങനെ അവർ അതിനെ വിശദീകരിച്ചു.

യേശുവാകട്ടെ ഗ്രീക്ക്, ഹിന്ദു തത്ത്വചിന്തകളുടെ മദ്ധ്യത്തിൽ കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.” ഗ്രീക്കുകാർക്കു നേരേ തിരിഞ്ഞു കൊണ്ട് അവിടുന്ന് പറഞ്ഞു ഞാൻ തന്നെ വഴി പ്രവർത്തിക്കുവാനുള്ള രീതി-ഗ്രീക്കുകാരുടെ ‘നന്മ’. “ഞാൻ തന്നെ സത്യം ഗ്രീക്കുകാരുടെ “ശരി. “ഞാൻ തന്നെ ജീവൻ ഗ്രീക്കുകാരുടെ സൗന്ദര്യം. ജീവനാണല്ലോ സൗന്ദര്യം.
“ഞാൻ യേശുക്രിസ്തു ഹൈന്ദവരുടെ നേരേ തിരിഞ്ഞുകൊണ്ടു പറയുന്നു തന്നെ വഴി കർമമാർഗം; പ്രവർത്തനത്തിന്റെ മാർഗം. “ഞാൻ തന്നെ സത്യം ജ്ഞാന മാർഗം; അറിവിലൂടെയുള്ള മാർഗം. “ഞാൻ തന്നെ ജീവൻ” ഭക്തിമാർഗ്ഗം; വികാരപരമായ സമീപനം.

ചുരുക്കത്തിൽ യേശു പ്രഖ്യാപിച്ചത് ഇതാണ് ഞാൻ തന്നേ നന്മ, ഞാൻ തന്നെ ശരി, ഞാൻ തന്നെ സൗന്ദര്യം; ഞാൻ തന്നെ കർമം, ഞാൻ തന്നെ ജ്ഞാനം, ഞാൻ തന്നെ ഭക്തി, ഞാൻ തന്നെ വഴി, ഞാൻ തന്നെ സത്യം; ഞാൻ തന്നെ ജീവൻ.

കിഴക്കും പടിഞ്ഞാറും ഇവിടെ യേശുവിൽ ഒന്നിക്കുകയാണ്. വ്യത്യസ്ത ചിന്താധാരകളുടേയും സംസ്കാരങ്ങളുടേയും സമീപനങ്ങളുടേയും നേരേ തിരിഞ്ഞ് അവിടുന്നു പ്രഖ്യാപിക്കുകയാണ് “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.

“ഇവൻ എത്ര മഹാനെന്നു നോക്കുവിൻ!’

5 യേശുവിന്റെ സുവിശേഷത്തിന്റെ കാതൽ


ആഥൻസ്- ഒളിംപിക്സിന്റെ ഈറ്റില്ലം.

ഈ നഗരത്തിലെ അരയോപഗക്കുന്നിൽ നിന്നുകൊണ്ട് പൗലോസ് നൂറ്റാണ്ടുകൾക്കു മുൻപു നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമാണ്.

ആഥൻസിൽ പൗലൊസ് നടത്തിയ ‘ഗിരിപ്രഭാഷണം’ ഒരു സാധാരണ പ്രസംഗം ആയിരുന്നില്ല. അരയോപഗക്കുന്നിൽ നിന്ന് അഥേനാപുരുഷന്മാരെ അഭിസംബോധന ചെയ്യുമ്പോൾ നഗരത്തിന്റെ പ്രത്യേകതകളെല്ലാം പൗലൊസിന്റെ മനസ്സിലൂടെ കടന്നുപോയിരിക്കാം. യവനായ തത്ത്വചിന്തകളുടേയും പ്രശസ്തമായ യവന നാടകങ്ങളുടേയും കലകളുടേയും കളിത്തൊട്ടിലായിരുന്നു ആഥൻസ്. ഒപ്പം വിഗ്രഹാരാധന കൊടികുത്തിവാഴുന്ന ഇടവും. ഈ പശ്ചാത്തലത്തിൽ സുവിശേഷവുമായി ആഥൻസ് നഗരത്തെ അഭിമുഖീകരിച്ചപ്പോൾ സാഹിത്യത്തിൽ നിന്നും തത്ത്വചിന്തകളിൽ നിന്നും സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട് പൗലൊസ് വിഗ്രഹാരാധനയ്ക്കെതിരേ ആഞ്ഞടിച്ചതിൽ എന്താണത്ഭുതം?. “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ട് മനസ്സിനു ചൂടുപിടിച്ച് പൗലൊസ് സംസാരിച്ചു തുടങ്ങിയപ്പോൾ തീനാവുള്ളവനായി അദ്ദേഹം മാറി. ആ വാക്കുകൾ വിഗ്രഹാരാധനയുടെ യുക്തിയില്ലായ്ക്കെതിരേ അഗ്നിയായി പെയ്തിറങ്ങി.

വിഗ്രഹാരാധനയെക്കുറിച്ചു പറയുമ്പോൾ സുവിശേഷവിഹിതമായ വേർപെട്ട വിശ്വാസികൾക്കു വലിയ ചാരിതാർത്ഥ്യം തോന്നാം. “ഞങ്ങൾ വിഗ്രഹരാധനയോടെല്ലാം എന്നേ വിട പറഞ്ഞിരിക്കുന്നു’ എന്ന ചാരിതാർത്ഥ്യം. “ഞങ്ങൾ ഏകസത്യദൈവത്തെ മാത്രം ആരാധിക്കുന്നവരാണ്’ എന്ന അഭിമാനം. എന്നാൽ “ആഥൻസ് പ്രസംഗത്തിൽ പൗലൊസ് വിഗ്രഹാരാധനയെ ക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടവയാണ്. വിഗ്രഹാരാധനയുടെ തകരാറ് അടിസ്ഥാനപരമായി എന്താണ്? പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക:

“ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല” (പ്രവൃത്തി 17:24)

“നാം ദൈവത്തിന്റെ സന്താനങ്ങളാകയാൽ മനുഷ്യന്റെ ഭാവനയും ശിൽപ വിദ്യയും ചേർന്നു സ്വർണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണു ദൈവരൂപമെന്നു വിചാരിക്കരുത്” (17:29).

മനുഷ്യന്റെ ‘കൈപ്പണി’യാണു വിഗ്രഹങ്ങൾ. കൈവേലകൊണ്ടു വിഗ്രഹങ്ങളെ തീർക്കുന്നതിനു മുൻപ് ആദ്യം ചെയ്യുന്നത് അതിനെ ഭാവനയിൽ കാണുകയാണ്. ദൈവം ഇന്നവിധത്തിലാണെന്ന് ആദ്യം സങ്കൽപിക്കുന്നു. പിന്നീട് ആ സങ്കൽപത്തിനനുസരിച്ച് ശില്പവിദ്യയുടെ സഹായത്തോടെ സ്വർണത്തിലോ വെള്ളിയിലോ ആ രൂപം വാർത്തുണ്ടാക്കുകയോ കല്ലിൽ കൊത്തിയെടുക്കുകയോ ചെയ്യുന്നു. ചുരുക്കത്തിൽ ഒരു വിഗ്രഹം ഉണ്ടാകുന്നത് ആദ്യം മനുഷ്യന്റെ ഭാവനയിലാണ്. താൻ ഭാവനയിൽ കണ്ട് രൂപം സ്വന്തകൈകൊണ്ട് തുടർന്നു നിർമിക്കുന്നു. അപ്പോൾ വിഗ്രഹം എന്നു പറഞ്ഞാൽ എന്താണ്? മനുഷ്യന്റെ ഭാവനയിൽ വിരിഞ്ഞ് അവന്റെ കൈകൊണ്ടു തീർക്കുന്ന ദൈവ സങ്കൽപമാണു വിഗ്രഹം. മനുഷ്യൻ അവന്റെ ഇഷ്ടത്തിനും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഒരു ദൈവത്തെ സങ്കൽപിച്ചുണ്ടാക്കുമ്പോൾ അതു വിഗ്രഹമായി മാറുന്നു.

യിസ്രായേൽ ജനം മോശെയുടെ അസാന്നിധ്യത്തിൽ ഒരു ദൈവത്തെ വാർത്തെടുത്തതിനെക്കുറിച്ച് പുറപ്പാട് 32-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. ആ വിഗ്രഹനിർമാണത്തിനു പിന്നിലുള്ള പ്രേരണ എന്തായിരുന്നു. അഹരോൻ പറയുന്നത് ജനത്തിന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയായിരുന്നു അതെന്നാണ് (32:23).

നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഒരു ദൈവം-ഇതാണോ ഇന്നു നമ്മുടെ ദൈവസങ്കൽപം? എങ്കിൽ അതു ദൈവമല്ല; നമ്മുടെ തന്നെ ഭാവനയിൽ വിരിഞ്ഞ നമ്മുടെ കൈപ്പണിയാണ്, വിഗ്രഹമാണ്.

ഇനി പറയൂ: സുവിശേഷവിഹിതസഭയിൽ അംഗമായിരിക്കുന്ന ഒരു വിശ്വാസിക്ക് വിഗ്രഹത്തെ ഉണ്ടാക്കുവാൻ കഴിയുമോ?. രണ്ടുവിധത്തിൽ കഴിയും. ഒന്ന് യേശു കർത്താവിനോടൊപ്പം മറ്റെന്തിനെങ്കിലും ഹൃദയസിംഹാസനത്തിൽ സ്ഥാനം കൊടുത്താൽ അവൻ വിഗ്രഹത്തെ ഉണ്ടാക്കുകയാണ്. (ഈ കാര്യം നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്). രണ്ടാമത് ദൈവത്തെ നമ്മുടെ ഇഷ്ടത്തിനും ഭാവനയ്ക്കും ആവശ്യത്തിനും അനുസരിച്ചു നാം വ്യാഖ്യാനിക്കുമ്പോൾ നാം നമ്മുടേതായ ഒരു ദൈവത്തെ വാർത്തെടുക്കുകയാണ്.

ദൈവത്തെ മനുഷ്യരുടെ ആവശ്യത്തിനനുസരിച്ചു പ്രസംഗിക്കുന്ന ഒരു കാലഘട്ടമാണിത്. മനുഷ്യരെ പിണക്കുന്നതൊന്നും പ്രസംഗത്തിൽ വരാതിരിക്കാൻ ക്രിസ്തീയ പ്രസംഗകർ ശ്രദ്ധിക്കുന്നു. ആളുകൾക്കു കുറ്റബോധം നൽകുന്നതോ അവരുടെ പാപത്തെക്കുറിച്ചു ബോധ്യം നൽകുന്നതോ ഒക്കെ കാലഘട്ടത്തിനു ചേർന്നതല്ല എന്നാണ് അവരുടെ ചിന്ത. ഭാവനയിൽ കാണുന്നതെന്തും നൽകി വിശ്വാസിയുടെ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന ഒരു ദൈവത്തെയാണു സമൃദ്ധിയുടെ സുവിശേഷകരും വരച്ചു കാട്ടുന്നത്.

ഇന്നു സുവശേഷീകരണത്തിന്റെ ഊന്നലും “മനുഷ്യൻ ദൈവത്തിനു വേണ്ടി’ എന്നതിനു പകരം “ദൈവം മനുഷ്യനുവേണ്ടി’ എന്നായി മാറിക്കഴിഞ്ഞു.

നാം ഇന്നു നമ്മുടെ ആവശ്യത്തിനും സൗകര്യത്തിനും ഇണങ്ങുന്ന ഒരു ദൈവത്തെത്തന്നെയല്ലേ വാർത്തെടുത്തിരിക്കുന്നത്?

എന്നാൽ യേശുവിന്റെ സന്ദേശത്തിന്റെ കേന്ദ്ര ലക്ഷ്യം മനുഷ്യൻ ദൈവത്തിനു വേണ്ടി’ എന്നതാണ്. പാപവഴികളെ വിട്ടു മനുഷ്യൻ ദൈവത്തിങ്കലേക്കു തിരിയുന്ന മാനസാന്തരത്തിലാണ് അതിന്റെ തുടക്കം.(“ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണം’ എന്നതായിരുന്നല്ലോ പൗലൊസിന്റെ ആഥൻസ് പ്രസംഗത്തിന്റേയും കാതൽ). ക്രൂശിന്റെ പാതയിലൂടെ യേശുവിന്റെ കാൽചുവടുകളെ അനുഗമിക്കുവാൻ തന്നെത്താൻ ത്യജിക്കുന്നതാണു തുടർന്നു ദൈവം അവനു വച്ചിരിക്കുന്ന മാർഗ്ഗം.

യേശുവിന്റെ സുവിശേഷത്തിന്റെ ഈ ഹൃദയത്തെ നാം നമ്മുടെ ആവശ്യത്തിന് അനുസരിച്ച് മറ്റൊന്നായി സങ്കൽപിക്കുമ്പോൾ നാം വലിയവനായ ദൈവത്തെ നമ്മുടെ കൈപ്പണി’യായി മാറ്റുകയാണ്. ഇതിനെതിരേയുള്ള മുന്നറിയിപ്പായി പൗലൊസിന്റെ “ആഥൻസ് പ്രസംഗത്തെ നമുക്കിന്നു കാണുവാൻ കഴിയുമോ?

6 സർവവും സമ്പൂർണമായ്….


“നിങ്ങളോ എന്നെ ആർ എന്നു പറയുന്നു?’ യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ച ചോദ്യം. ഇതിനു തൊട്ടു മുൻപ് യേശു മറ്റൊരു ചോദ്യം ചോദിച്ചു. “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?’

മറുപടി പറഞ്ഞത് യേശുവിന്റെ ശിഷ്യന്മാരാണ്. അവർ പറഞ്ഞു “ജനത്തിന് അങ്ങയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ചിലർ പറയുന്നു അങ്ങ് യോഹന്നാൻ സ്നാപകനാണെന്ന്. മറ്റു ചിലർ ഏലിയാവെന്നും വേറെ ചിലർ യിരെമ്യാവ് എന്നും അഭിപ്രായപ്പെടുന്നു. ഏതായാലും അങ്ങ് ദൈവത്തിന്റെ ഒരു പ്രവാചകനാണെന്നതിൽ ആർക്കുമില്ല അഭിപ്രായവ്യത്യാസം.

അതു കേട്ടപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു “ശരി ജനത്തിന്റെ അഭിപ്രായം അങ്ങനെയിരിക്കട്ടെ. എന്നാൽ നിങ്ങൾ, എന്റെ അരുമശിഷ്യന്മാർ, എന്നെ ആർ എന്നു പറയുന്നു?” (മത്തായി 16:13-15).

ക്രിസ്താബ്ദത്തിന്റെ തുടക്കത്തിൽ മുഴങ്ങിക്കേട്ട ഈ രണ്ടു ചോദ്യങ്ങളും- ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു? നിങ്ങൾ എന്നെ ആർ എന്നു പറയുന്നു? തലമുറകളിലൂടെ കടന്ന്, നൂറ്റാണ്ടുകളെ ഭേദിച്ച്, സമകാലിക സമൂഹത്തിലും അലയടിക്കുന്നുണ്ട്. യേശു നിങ്ങളെ സംബന്ധിച്ചിടത്തോളം ആരാണ്? ജനങ്ങൾക്ക് ഇന്നും യേശുവിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്നാൽ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമ്മെ സംബന്ധിച്ചിടത്തോളം യേശു ആരാണ്? യേശുവിന്റെ ചോദ്യത്തിന് ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരെ പ്രതിനിധാനം ചെയ്ത് ശിമോൻ പത്രോസ് നല്കിയ മറുപടി നമുക്കറിയാം. “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു”.

ഉവ്വ്, ആ വെളിപ്പാടാണ് അന്നും ഇന്നും യേശുവിനെ അനുഗമിക്കുന്ന തിന്റെ തുടക്കം. ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ പിതാവു തന്നെ നൽകുന്ന ഈ വെളിപ്പാടിലാണ് സഭ പണിയപ്പെടുന്നതും. എന്നാൽ യേശുവിനെ ദൈവപുത്രനെന്നു കണ്ടു പാപക്ഷമയും രക്ഷയും പ്രാപിക്കുമ്പോഴോ അതിനെ തുടർന്നോ ജീവിതത്തിന്റെ കർതൃത്വം മുഴുവനായി യേശുവിന് ഏല്പിച്ചു കൊടുത്ത് തന്നെ ഹൃദയസിംഹാസനത്തിൽ സകലത്തിനും നാഥനും കർത്താവായി (Lord) വാഴിക്കുന്ന സമ്പൂർണ്ണ സമർപ്പണത്തിന്റെ അനുഭവം ഉണ്ടാകുമ്പോൾ മാത്രമേ ക്രിസ്തീയജീവിതം അർത്ഥപൂർണ്ണമാകൂ. യേശു രക്ഷകൻ മാത്രമല്ല, കർത്താവും ആയിരിക്കണമെന്നു സാരം.

ഈ സത്യത്തിലേക്കു ശിഷ്യന്മാരുടെ കണ്ണുകൾ തുറപ്പിക്കുന്ന ഒരു പ്രസ്താവന യേശു അന്ത്യഅത്താഴ സമയത്തു നടത്തുന്നതു ശ്രദ്ധിക്കുക:

വിരിച്ചൊരുക്കിയ മാളികയിൽ അന്ത്യഅത്താഴത്തിനു മുൻപ് യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകി. തുടർന്ന് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു “നിങ്ങൾ എന്നെ ഗുരു(Teacher)വെന്നും കർത്താവെന്നും (Lord) വിളിക്കുന്നു. ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹന്നാൻ 13:14).

ഇവിടെ ശിഷ്യന്മാർ യേശുവിനെ ‘ഗുരു’വെന്നും “കർത്താവെന്നും വിളിക്കുന്നു. എന്നാൽ യേശു പറയുന്നു ഞാൻ നിങ്ങളുടെ “കർത്താവും’ ‘ഗുരു’വുമാണ്.

ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചോ? ശിഷ്യന്മാർ പറയുമ്പോൾ ഗുരുവാണ് ആദ്യം. രണ്ടാമതാണ് കർത്താവ്. എന്നാൽ യേശു അതിനെ തിരുത്തുന്നു. അവിടുന്നു പറയുന്നു “അല്ല, ഞാൻ നിങ്ങളുടെ “കർത്താവും ‘ഗുരു’വുമാണ്. യേശു പറയുമ്പോൾ “കർത്താവ്’ എന്ന പദമാണ് ഒന്നാമത്.

ഇത് കേവലം യാദൃച്ഛികമാണോ? അല്ല. ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം അതുവരെ യേശു ഒന്നാമത് അവരുടെ ഗുരുവും വഴികാട്ടിയുമായിരുന്നു. എന്നാൽ അവരോടൊത്തുള്ള തന്റെ അന്ത്യയാത്രയിൽ ആ മുൻഗണനയിൽ ഒരു മാറ്റം വരുത്തുവാൻ യേശു ആവശ്യപ്പെടുന്നു. “ഞാൻ ഒന്നാമതു നിങ്ങളുടെ കർത്താവായിരിക്കട്ടെ.” ഈ ലോകത്ത് യേശുവിനെ ഒരു ഗുരുവായി കാണുന്ന അനേകരുണ്ട്. പക്ഷേ അതിനും അപ്പുറത്ത് യേശുവിനെ കർത്താവായി കണ്ട് തങ്ങളുടെ ജീവിതം സമ്പൂർണമായി അവിടുത്തെ മുൻപിൽ സമർപ്പിക്കുന്നവർ എത്രയോ ചുരുക്കമാണ്. “ഗുരു എന്ന പദത്തിന് മുൻപിൽ “കർത്താവ്’ എന്ന പദത്തെ പ്രതിഷ്ഠിച്ചതിലൂടെ തന്റെ ശിഷ്യന്മാരെന്ന് അവകാശപ്പെടുന്നവരെങ്കിലും കുറഞ്ഞപക്ഷം തന്നെ ഒന്നാമത് ആ നിലയിൽ കാണണമെന്ന് യേശു ഭംഗ്യന്തരേണ ആവശ്യപ്പെടുകയല്ലേ ചെയ്തത്?

യേശുവിനെ സ്നേഹാദരങ്ങളോടെ വീക്ഷിക്കുന്നവർ, ഗിരിപ്രഭാഷണത്തെ അഭിനന്ദനപൂർവം നോക്കിക്കാണുന്നവർ, ഒരു ലോകഗുരുവായി യേശുവിനെ വിലയിരുത്തുന്നവർ തുടങ്ങിയവരൊക്കെ അതിനപ്പുറത്തേക്കു ചെന്നു ജീവിതം അവിടുത്തെ കാൽക്കൽ അർപ്പിച്ച് യേശുവിനെ കർത്താവായി സ്വീകരിക്കുവാൻ തയ്യാറാകാത്തതെന്തുകൊണ്ടാണ് സമ്പൂർണ സമർപ്പണത്തിൽ നിന്ന് അവരെ തടയുന്നതെന്താണ്?

യേശുക്രിസ്തുവിനു മുൻപിൽ സമ്പൂർണമായി കീഴടങ്ങുന്നതു മാത്രമാണു വിജയത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഒരുവനെ നയിക്കുന്നത് എന്ന സന്ദേശത്തിന്റെ ഉദ്ഘോഷകനും പ്രചാരകനുമായിരുന്ന സ്റ്റാൻലി ജോൺസ് ഇതു സംബന്ധിച്ച് തന്റെ ഒരനുഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ

ഏതു സമ്മേളനത്തിനു പ്രസംഗകനായി വിളിച്ചാലും സ്റ്റാൻലി ജോൺസിന് സത്യത്തിൽ ഒരു സന്ദേശമേ ഉണ്ടായിരുന്നുള്ളു. യേശു കർത്താവിനു മുൻപിൽ സമ്പൂർണമായി കീഴടങ്ങുക; സ്വാതന്ത്ര്യവും വിജയവും നേടുക. ഒരു ദിവസം സമൂഹത്തിലെ വിദ്യാസമ്പന്നരും പ്രധാനവ്യക്തികളും അടങ്ങിയ ഒരു സദസ്സിനെ അഭിമുഖീകരിച്ച് പ്രസംഗിച്ചശേഷം അദ്ദേഹം ഇരുന്നു. തുടർന്നു ചോദ്യോത്തരങ്ങൾക്കും പ്രതികരണങ്ങൾക്കുമുള്ള സമയത്ത് സദസ്സിലുണ്ടായിരുന്ന ഒരു ബ്രിഗേഡിയർ ഏഴുന്നേറ്റു പറഞ്ഞു “ഞങ്ങൾ പട്ടാളക്കാർ ഏറ്റവും അധികം ഭയപ്പെടുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്നിവിടെ പ്രസംഗിച്ചുകേട്ടത് അതു മറ്റൊന്നുമല്ല കീഴടങ്ങുക’ (Surrender) എന്നതാണ്.

ബ്രിഗേഡിയർ തമാശയായി പറഞ്ഞതാകാമെങ്കിലും അതിൽ ഒരു സത്യമുണ്ട്. പട്ടാളക്കാർ മാത്രമല്ല ആത്മീയ ബോധ്യമില്ലാത്ത എല്ലാ മനുഷ്യരും ഭയപ്പെടുന്ന ഒന്നാണ് “കീഴടങ്ങുക’ എന്നത് അതു ദൈവത്തിനു മുൻപിലാണെങ്കിൽപ്പോലും. ഒരു സമ്പൂർണ്ണ സമർപ്പണത്തിൽ നിന്ന് ആളുകളെ തടയുന്ന ഏറ്റവും പ്രധാനഘടകം ഇതാണ് ഭയം. തങ്ങൾ സമൂഹത്തിനു മുൻപിൽ അപഹാസ്യരായിപ്പോകുമോ എന്ന പേടി. തങ്ങൾ മതമൗലികവാദികളായി മാറുമോ എന്ന ഭയം. ജീവിതത്തിൽ ഇപ്പോഴുള്ള എല്ലാ രസവും നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക.

തങ്ങൾ ആരുടെ മുൻപിലാണോ സ്വയം സമർപ്പിക്കുന്നത് ആ കർത്താവിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വികലമായ ധാരണകളാണ് സത്യത്തിൽ ഈ ഭയത്തിന്റെയെല്ലാം അടിസ്ഥാനം. യേശു കർത്താവ് സ്നേഹസമ്പന്നനായ ഒരു പിതാവാണ്.

തന്നെ പൂർണമായി അനുസരിക്കുവാനും തനിക്കു വിധേയനായിരിക്കുവാനും സ്നേഹപൂർവം തയ്യാറാകുന്ന ഒരു മകനെ അതുവച്ചു മുതലെടുക്കുവാൻ ഏതെങ്കിലും ഒരു പിതാവു ശ്രമിക്കുമോ? ഒരിക്കലുമില്ല. മറിച്ച് അവന്റെ ജീവിതം കൂടുതൽ സന്തോഷഭരിതമാക്കുവാനും അവന്റെ ഭാവി കൂടുതൽ ശോഭനമാക്കുവാനുമല്ലേ ഏതു പിതാവും ശ്രമിക്കൂ? അങ്ങനെയെങ്കിൽ ഭൂമിയിലെ ഏതു പിതാവിനെക്കാളും എത്രയോ മടങ്ങ് സ്നേഹസമ്പന്നനായ സ്വർഗ്ഗീയ പിതാവിൽനിന്നു മറിച്ച് ഒരനുഭവം ഉണ്ടാകുന്നതെങ്ങനെ?

യേശുക്രിസ്തു നമ്മുടെ സ്നേഹവാനായ പിതാവാണ്. അവിടുന്നു നമ്മുടെ കർത്താവായിരിക്കുവാനും ആഗ്രഹിക്കുന്നു. സമ്പൂർണ സമർപ്പണത്തിൽ കുറഞ്ഞ ഒന്നും അതിനു നമ്മെ യോഗ്യരാക്കുകയില്ല.

“നിങ്ങൾ എന്നെ ആർ എന്നു പറയുന്നു?’ നൂറ്റാണ്ടുകൾക്കപ്പുറം മുഴങ്ങിയ ഈ ചോദ്യത്തിന് ഈ പശ്ചാത്തലത്തിൽ നിങ്ങൾ ഇന്ന് എന്തു മറുപടി നൽകും.

7 സമ്പൂർണ്ണസമർപ്പണം


ബൈബിളിൽ രാജാക്കന്മാരുടെ ചരിത്രത്തിൽ നാം പരിചയപ്പെടുന്ന ഏലിയാവ് എന്ന പ്രവാചകൻ പ്രവൃത്തികളിൽ മാത്രമല്ല വാക്കിലും ശക്തിയുള്ളവനായിരുന്നു. കേൾക്കുന്നവരുടെ നെഞ്ചിൽത്തറയ്ക്കുന്ന ചോദ്യങ്ങൾ, ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടികൾ, കുറിക്കുകൊള്ളുന്ന പ്രയോഗങ്ങൾ, കാപട്യത്തിന്റെ മുഖം മൂടി പിച്ചിച്ചീന്തുന്ന പരിഹാസത്തിന്റെ മുനയുള്ള വാക്കുകൾ…… ഏലിയാവിന്റെ ആവനാഴിയിൽ അസ്ത്രങ്ങൾ ഒട്ടേറെയായിരുന്നു. എന്നാൽ യിസ്രായേലിലെ അന്നത്തെ ഭരണാധികാരിയായിരുന്ന ആഹാബു രാജാവിനെക്കുറിച്ച് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഏലിയാവ് നടത്തിയ ഒരു പരാമർശം ഇതിലെല്ലാം ശ്രദ്ധേയമാണ്. “ദൈവത്തിന് അനിഷ്ടമായുള്ളതു ചെയ്യാൻ തന്നെത്താൻ വിറ്റുകളഞ്ഞവൻ” (1 രാജാക്കന്മാർ 21:20)

ആഹാബിന്റെ ചരിത്രം പഠിക്കുന്ന ആരും ഇതു ശരിയാണെന്നു തലകുലുക്കി സമ്മതിക്കും. ദൈവത്തിന് ഇഷ്ടമല്ലാത്തതു മാത്രം പ്രവർത്തിക്കുവാൻ ആരോടോ പന്തയം വച്ചതുപോലെയായിരുന്നു ആഹാബിന്റെ ചെയ്തികൾ. ഒന്നു കഴിയുമ്പോൾ അതിനെക്കാൾ ഭീകരമായ മറ്റൊന്ന്. ദൈവത്തിനു ഹിതകരമല്ലാത്തതു ചെയ്യാൻ തന്നെത്തന്നെ ഉഴിഞ്ഞുവച്ചതുപോലെ ഒരാൾ.

എന്നാൽ ഇതുനേരേ തിരിച്ചായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. “ദൈവത്തിന് ഇഷ്ടമായുള്ളതു ചെയ്യുവാൻ തന്നെത്താൻ വിറ്റുകളയുക.

ഒരു ക്രിസ്ത്യാനി ഈ നിലയിലായിരിക്കണമെന്നാണു ദൈവവചനം അനുശാസിക്കുന്നത്. “നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്ന് അറിയുന്നില്ലയോ?” (1 കോരിന്ത്യർ 6:19)

ഒരു യഥാർത്ഥ ക്രിസ്ത്യാനി തന്നെത്തന്നെ വിറ്റുകളഞ്ഞവനാണ്. താനും തനിക്കുള്ളതും തന്റെ ബന്ധങ്ങളുമെല്ലാം അവൻ ദൈവത്തിനും ദൈവരാജ്യത്തിനും അടിയറ വച്ചിരിക്കുന്നു. അതുകൊണ്ട് ദൈവവചനം അവന് നൽകുന്ന പേര് ശിഷ്യനെന്നാണ്. ഒരു ശിഷ്യനു തന്റേതെന്നു പറയുവാൻ ഒന്നും ഇല്ല. “ഒരുവൻ എന്റെ അടുക്കൽ വരികയും അപ്പനേയും അമ്മയേയും ഭാര്യയേയും കുഞ്ഞുങ്ങളേയും സഹോദരന്മാരേയും സഹോദരികളേയും എന്തിന് സ്വന്ത ജീവനേയും കൂടി പകയ്ക്കുകയും ചെയ്യാതിരുന്നാൽ അവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. ഒരുവൻ തനിക്കുള്ളതൊക്കെയും വിട്ടു പിരിയുന്നില്ലെങ്കിൽ അവനും എന്റെ ശിഷ്യനായിരിപ്പാൻ കഴിയുന്നതല്ല. (ലൂക്കോസ് 14:26, 33)

ഈ നിലയിൽ ആർക്കെങ്കിലും ജീവിക്കാൻ കഴിയുമോ? കഴിയും. കഴിയണം. യേശു എന്നും തിരഞ്ഞത് ശിഷ്യന്മാരെയായിരുന്നു. ആൾക്കൂട്ടത്തെ ആയിരുന്നില്ല. താൻ ഏറ്റവും കൂടുതൽ പറഞ്ഞവാക്ക് “വിശ്വസിക്കുക’ എന്നായിരുന്നില്ല മറിച്ച് അനുഗമിക്കുക’ എന്നായിരുന്നു എന്നത് അത്ഭുതകരമല്ലേ? യേശുവിന്റെ അന്ത്യകല്പനയും ശിഷ്യരെ ഉണ്ടാക്കിക്കൊള്ളുവാനായിരുന്നു (മത്തായി 28:20)

പക്ഷേ ഇന്നു ക്രിസ്തീയലോകത്ത് ഇതൊരു പഴങ്കഥപോലെയായിരിക്കുന്നു. ഇവിടെ ഇന്നു “ക്രിസ്ത്യാനി’യും ‘ശിഷ്യനും’ രണ്ടായിപ്പിരിഞ്ഞിരിക്കുന്നു. (ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിച്ചു!) എന്നാൽ ഒന്നാം നൂറ്റാണ്ടിൽ അങ്ങനെയായിരുന്നില്ല. ശിഷ്യനും ക്രിസ്ത്യാനിയും ഒന്നായിരുന്നു. അല്ലെങ്കിൽ ശിഷ്യന്റെ മറുപേരായിരുന്നു ക്രിസ്ത്യാനി (അപ്പോ പ്രവ. 11:26 കാണുക). അന്ന് ക്രിസ്ത്യാനി ദൈവത്തിനായി, ദൈവ ഇഷ്ടത്തിനായി സ്വയം വിറ്റുകളഞ്ഞവനായിരുന്നു. ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനുമതി’ എന്നത് ആദർശവാക്യമായി സ്വീകരിച്ച് എല്ലാം വിട്ടു ഗുരുവിന്റെ പിന്നാലേ പോകുന്നതിൽ ജന്മസാഫല്യം കണ്ടവനായിരുന്നു അവൻ.

ഇന്നോ? ഇന്നു ക്രിസ്ത്യാനി എന്ന വാക്കിന് അർത്ഥതി സംഭവിച്ച് അതു വിശ്വാസി’ എന്നായി പരിണമിച്ചിരിക്കുന്നു. “ഒരു പേരിലെന്തിരിക്കുന്നു?’ എന്നു ഷേക്സ്പിയറിനെ അനുകരിച്ചു നമുക്കു ചോദിക്കുവാൻ കഴിയും. പക്ഷേ ഒരു പേരിൽ ഒട്ടേറെ കാര്യങ്ങൾ അടങ്ങിയിട്ടില്ലേ? ഉദാഹരണത്തിനു ക്രിസ്ത്യാനി (ക്രിസ്തുവിന്റെ അനുയായി) എന്ന പേര് നമ്മിൽനിന്നു ചിലത് ആവശ്യപ്പെടുന്നുണ്ട്. യേശുവിനെ അനുഗമിക്കുന്നതിലാണ് അതിന്റെ ഊന്നൽ. പക്ഷേ ‘വിശ്വാസി’ എന്ന വാക്കോ? കേവലവിശ്വാസത്തിൽ കവിഞ്ഞുള്ള നിലപാടുകളിലേക്കൊന്നും അതു വിരൽ ചൂണ്ടുന്നില്ല.

ഇന്നത്തെ ക്രിസ്തീയ ലോകത്തിന്റെ ഒരു പരിഛേദം ചിത്രീകരിക്കുന്ന “കപടശിഷ്യന്മാർ’ എന്ന ഗ്രന്ഥത്തിൽ ജോർജ് വെർവർ ആവോളം കുറവോൻ എന്നൊരു കപടശിഷ്യനെ അവതരിപ്പിക്കുന്നുണ്ട്. യഥാർത്ഥ ശിഷ്യൻ “ആവോളം ചെയാൻ ആയിരിക്കുമ്പോൾ കപടശിഷ്യൻ ആവോളം കുറവോൻ’ ആണ്. ദൈവത്തിനുവേണ്ടി എത്രത്തോളം സ്വയം നൽകാൻ കഴിയും എന്നാണ് ആവോളം ചെയാന്റെ നോട്ടം. അതേസമയം ദൈവത്തിന് എത്ര കുറച്ചുകൊടുക്കാൻ കഴിയും എന്നൊരു മിനിമം പരിപാടിയിലാണ് ആവോളം കുറച്ചു ചെയ്യുന്നവനായ കപടശിഷ്യൻ ഉന്നം വച്ചിരിക്കുന്നത്. സ്വന്തം കാര്യം കഴിഞ്ഞ് എന്തെങ്കിലും മിച്ചമുണ്ടെങ്കിൽ അതു ദൈവത്തിന് ഇതാണ് അവന്റെ മനോഭാവം.

ഈ മനോഭാവം തന്നെയാണു വിഗ്രഹാരാധനയുടെ പിന്നിലുമുള്ളതെന്നു ബൈബിൾ വ്യക്തമാക്കുന്നു. ഈ വചനം ശ്രദ്ധിക്കുക: “ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലകവും എടുക്കയും ചെയ്യുന്നു. പിന്നെ അതു മനുഷ്യനു തീ കത്തിക്കാൻ ഉതകുന്നു. അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുൻപിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. അതിന്റെ ഒരംശംകൊണ്ട് അവൻ തീകത്തിക്കുന്നു. ഒരംശംകൊണ്ട് ഇറച്ചി ചുട്ടു തിന്നുന്നു. അങ്ങനെ അവൻ ചുട്ടു തിന്നു തൃപ്തനാകുന്നു. അവൻ തീ കാഞ്ഞ് “നല്ല തീ കുളിർ മാറി” എന്നു പറയുന്നു. അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്ക്കരിക്കുകയും ചെയ്യുന്നു. (യെശയ്യാവ്. 44:14-17)

വിഗ്രഹാരാധനയുടെ പൊള്ളത്തരം ഇവിടെ പച്ചയായി ചിത്രീകരിച്ചിരിക്കുകയാണ്. ഒരുവൻ ഒരു തടിയുടെ കുറച്ചു ഭാഗം എടുത്ത് തീ കത്തിച്ച് ആ തീ കാഞ്ഞ് കുളിർ മാറ്റുന്നു. അതേ തടിയുടെ മറ്റൊരുഭാഗം പാചകത്തിന് ഉപയോഗിക്കുന്നു. തടിയുടെ ശേഷിക്കുന്ന ഭാഗം കൊണ്ട് അവൻ വിഗ്രഹത്തെ കൊത്തിയുണ്ടാക്കി അതിന്റെ മുൻപിൽ കുമ്പിടുന്നു. ഈ വേദഭാഗം വിഗ്രഹാരാധനയുടെ ഭോഷത്തത്തിലേക്കു മാത്രമല്ല, ആ വിഗ്രഹാരാധകന്റെ മനോഭാവത്തിലേക്കും വിരൽ ചൂണ്ടുന്നു. അവന്റെ ദൈവം ശേഷിപ്പിന്റെ ദൈവ’മാണ്. അവന്റെ മുൻഗണന തന്റെ തണുപ്പുമാറ്റുക, വിശപ്പകറ്റുക എന്നി വയ്ക്കാണ്. അതു കഴിഞ്ഞും തടി മിച്ചം വന്നപ്പോഴാണ് ആ ശേഷിപ്പുകൊണ്ട് അവൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നത്.

“ഞങ്ങളാരും വിഗ്രഹാരാധികളല്ല, ജീവനുള്ള ദൈവത്തെ സേവിക്കുന്ന വരാണെന്നാണോ വിശ്വാസികളായ നാം മേനി പറയുന്നത്? എന്നാൽ നാം നമ്മുടെ സമയവും കഴിവും പണവും നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചശേഷം അതിന്റെ മിച്ചം കൊണ്ടാണു ദൈവത്തെ സേവിക്കുന്നതെങ്കിൽ നമ്മുടെ ദൈവവും ശേഷിപ്പിന്റെ ദൈവമാണ്. നമ്മുടെ മനോഭാവവും ആ വിഗ്രഹാരാധകന്റെ അതേ മനോഭാവമാണ്.

സുഹൃത്തേ, നിന്റെ മിച്ചം, ശേഷിപ്പ്, എച്ചിൽ ദൈവത്തിനു നൽകി ദൈവത്തെ പ്രസാദിപ്പിക്കാമെന്നാണോ നീ കരുതുന്നത്? എങ്കിൽ വിഗ്രഹാരാധകനും നീയും തമ്മിൽ എന്തു വ്യത്യാസം? നിന്നെത്തന്നെ സമ്പൂർണ്ണമായി ദൈവത്തിനു നൽകൂ. അതിൽ കുറഞ്ഞ ഒന്നുകൊണ്ടും അവിടുന്നു തൃപ്തനാവുകയില്ല.

8 സമർപ്പണത്തിനു ശേഷം…


യേശുവിനായി ജീവിതത്തെ സമർപ്പിക്കുക. അതോടെ പ്രശ്നങ്ങൾക്കെല്ലാം ശാശ്വതപരിഹാരമായി ഇന്നു നാം പ്രഘോഷിക്കുന്ന സുവിശേഷത്തിന്റെ കാതൽ ഇതാണ്.

പ്രശ്നങ്ങൾ എന്നു കേൾക്കുമ്പോൾ ആളുകൾ പെട്ടെന്ന് ഓർക്കുന്നത് അവരുടെ ഭൗതികമായ പ്രശ്നങ്ങളാണ്. ഇതെല്ലാം യേശുവിനെ സ്വീകരിക്കുന്നതോടെ ഒറ്റയടിക്കു പരിഹരിക്കപ്പെടുമെങ്കിൽ “ഹാ എത്ര എളുപ്പം’ എന്നു ചിന്തിച്ച് ഭാവിഭദ്രമാക്കാൻ ഒരു ലോട്ടറിടിക്കറ്റെടുക്കുന്ന ലാഘവത്തോടെ ആളുകൾ മുന്നോട്ടു വന്നേക്കാം. പക്ഷേ തന്നെ അന്വേഷിക്കുന്നവരുടെ ഭൗതിക ആവശ്യങ്ങളെക്കുറിച്ചു യേശു തന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. അതിതാണ് “നിങ്ങളൊന്നാമത് എന്റെ രാജ്യവും എന്റെ നീതിയും അന്വേഷിക്കുക. അതോടെ ഭൗതികജീവിതത്തിന് ആവശ്യമുള്ളത് കൂട്ടിച്ചേർക്കപ്പെടും.

ഇവിടെ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്: നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നൽകുമെന്നല്ല കർത്താവ് പറഞ്ഞത്. ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ളത് തരും എന്നാണ്. അവിടുത്തെ രാജ്യത്തിനും നീതിക്കും മുൻഗണന നൽകി അത് അന്വേഷിക്കുന്നവരെ അവിടുന്ന് പട്ടിണികിടത്തുകയോ ലജ്ജിപ്പിക്കുകയോ ഇല്ലെന്നു സാരം. രണ്ട്: ആത്മീയ, ഭൗതികകാര്യങ്ങളിൽ പ്രാധാന്യം ആത്മീയകാര്യത്തിനാണ്. ദൈവരാജ്യത്തിനായി മനസ്സുവച്ച് അന്വേഷിക്കുന്നവർക്കു ഭൗതികമായ ആവശ്യങ്ങൾ കൂടി നൽകപ്പെടും എന്നു പറയുമ്പോൾ പ്രാധാന്യം ഏതിനാണെന്നു വ്യക്തമാണല്ലോ. (ഒരു ടോണിക്ക് വാങ്ങുമ്പോൾ ഒരു സ്പൂൺ അതോടൊപ്പം സൗജന്യമായി നൽകും എന്ന വാഗ്ദാനം പോലെയാണിത്. ടോണിക്കിനാണ് വില. സ്പൂൺ സൗജന്യമായി കിട്ടുന്നതാണ്.

കർത്താവിനായി ജീവിതം സമർപ്പിക്കുന്നവരുടെ ഭൗതികപ്രശ്നങ്ങളെക്കുറിച്ചുള്ള ദൈവിക നിലപാടിനെപ്പറ്റിയാണ് നമ്മൾ ഇതുവരെ പറഞ്ഞത്. അവരുടെ ആത്മീയപ്രശ്നങ്ങളോ? ദൈവമുമ്പാകെ കീഴടങ്ങുമ്പോൾ, ജീവിതം സമർപ്പിക്കുമ്പോൾ, ആളുകളുടെ ആത്മീയ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരമാകുമോ? ഉവ്വ്, സമർപ്പണമാണ് അതിനുള്ള ഏക വഴി. എന്നാൽ ദൈവത്തിനായി തങ്ങളെത്തന്നെ സമർപ്പിച്ചിട്ടുള്ള പലരെ സംബന്ധിച്ചും അവരുടെ ആത്മീയജീവിതത്തിൽ പിന്നീടും പ്രതിസന്ധികളും പിൻമാറ്റങ്ങളും ഉണ്ടാകുന്നത് നാം കാണുന്നുണ്ടല്ലോ. ഇതിനെ നമുക്ക് എങ്ങനെയാണു വിശദീകരിക്കാനാവുന്നത്

സമർപ്പണാനന്തര ജീവിതത്തിൽ ആത്മീയപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുന്നില്ലെങ്കിൽ അതിനു രണ്ടുകാരണങ്ങൾ ഉണ്ടാകാം. തങ്ങൾക്കായി ചിലത് പിടിച്ചുവച്ചിട്ടാണ് സമർപ്പിച്ചത് എന്നതാണ് ഒരു കാരണം. സമർപ്പണത്തിനു ശേഷം ഓരോ ദിവസവും സ്വന്ത ഇച്ഛയേയും പ്രശ്നങ്ങളേയും സമർപ്പിക്കുകയും എല്ലാ കാര്യങ്ങളിലും അനുസരണം തുടരുകയും ചെയ്യുന്നില്ല എന്നതാണു രണ്ടാമത്തെ കാരണം.

നമ്മുടെ സമർപ്പണം അപൂർണ്ണമാണെങ്കിൽ, നാം നമുക്കായി ചിലതു പിടിച്ചുവച്ച ശേഷമാണു ദൈവത്തിനായി സമർപ്പിച്ചിട്ടുള്ളതെങ്കിൽ, പിൽക്കാല ജീവിതത്തിൽ അതു പിൻമാറ്റത്തിനും ആത്മീയ പ്രതിസന്ധിക്കും ഇടയാക്കും. ദൈവമുമ്പാകെയുള്ള ഇന്നത്തെ പലസമർപ്പണങ്ങളും ഇങ്ങനെയാണ്. അവർ ഉപേക്ഷിക്കേണ്ടതിനെ പൂർണ്ണമായി ഉപേക്ഷിക്കുകയോ യാഗപീഠത്തിൽ വയ്ക്കേണ്ടതിനെ പൂർണ്ണമായി അടിയറവയ്ക്കുകയോ ചെയ്യാത്ത പകുതി വെന്ത് സമർപ്പണങ്ങൾ. യൂറോപ്പിന്റെ ചരിത്രത്തിൽ നിന്ന് ഇതിനു രസകരമായ ഒരു ഉദാഹരണമുണ്ട്. ആദ്യകാല യൂറോപ്പിലെ പോരാളികളായ ജനവിഭാഗമായിരുന്നു സാക്സൻസ്. അവരെ തോല്പിച്ച് പ്രശസ്ത പടനായകൻ ചാർലി മെയ്ൻ (നമ്മുടെ ചവിട്ടു നാടകങ്ങളിൽ വിവരിക്കുന്ന വീരചരിത ത്തിന്റെ ഉടമയായ “കാറൽ മാൻ’ തന്നെയാണ് ഇദ്ദേഹം) ഒരു നിർദ്ദേശം മുന്നോട്ടു വച്ചു അവരെല്ലാവരും സ്നാനപ്പെട്ടു ക്രിസ്ത്യാനികളാകണം. സാക്സൺ പോരാളികൾ അതേക്കുറിച്ച് ആലോചിച്ച ശേഷം സമ്മതം മൂളി. പക്ഷേ ഒരു നിബന്ധന. സ്നാനപ്പെടുമ്പോൾ അവർ തങ്ങളുടെ വലതു കൈ ഉയർത്തിപ്പിടിക്കും. ശിരസ്സുവരെ വെള്ളത്തിനടിയിൽ താഴ്ത്താൻ അവർ തയ്യാർ. എന്നാൽ തങ്ങൾ വാൾ ഏന്തുന്ന വലതുകൈ വെള്ളത്തിനുമുകളിൽ ഉയർന്നിരിക്കും. കാരണം സ്നാനം കഴിഞ്ഞാലും യുദ്ധം ചെയ്യുന്ന സ്വഭാവം ഉപേക്ഷിക്കാൻ വയ്യ. വലതുകൈകൂടി സ്നാനജലത്തിനടിയിലൂടെ കടന്നുപോയാൽ പിന്നെ ആ കൈ കൊണ്ടു യുദ്ധം ചെയ്യുന്നതെങ്ങനെ? ഒടുവിൽ അവരെല്ലാവരും കൈ ഉയർത്തിപ്പിടിച്ചു സ്നാനപ്പെട്ടു “ക്രിസ്ത്യാനികളായെന്നാണു ചരിത്രം. (ചരിത്രം ചിലപ്പോൾ കെട്ടുകഥയേക്കാൾ അവിശ്വസനീയമായി തോന്നാം).

ഇതുപോലെ ചില കാര്യങ്ങൾ ഉപേക്ഷിക്കാതെ ബോധപൂർവ്വം പിടിച്ചുവയ്ക്കുന്ന സമർപ്പണങ്ങൾ അതിൽത്തന്നെ തകരാറുള്ളവയാണ്; അപൂർണ്ണവും. അത്തരം സമർപ്പണങ്ങളുടെമേൽ പണിയപ്പെടുന്ന ക്രിസ്തീയജീവിതങ്ങൾ കാറ്റിനേയും ഓളങ്ങളേയും അതിജീവിക്കുകയില്ലെന്നതു വ്യക്തമല്ലേ?

സമർപ്പണാനന്തര ജീവിതത്തെ ഉപരിപ്ലവമാക്കുന്ന രണ്ടാമത്തെ ഘടകം ദിനംതോറും സമർപ്പണത്തിൽ തുടരുന്നില്ല എന്നതാണ്. സമർപ്പണം ഒരിക്കലായി എന്നേക്കുമുള്ളതാണ്. എന്നാൽ സമർപ്പണത്തിനുശേഷമുള്ള ജീവിതത്തിലും നാം ഓരോ ദിവസവും നമ്മുടെ സ്വയത്തേയും പ്രശ്നങ്ങളേയും ദൈവമുമ്പാകെ സമർപ്പിക്കുകയും അനുസരണത്തിന്റെ വഴിയിലൂടെത്തന്നെ പോകുകയും വേണം.

സമർപ്പണത്തേയും സമർപ്പണാനന്തരജീവിതത്തേയും ചിത്രീകരിക്കാനായി യേശു ഉപയോഗിച്ച രണ്ടു പ്രതീകങ്ങൾ ഉണ്ട്. ഇടുക്കു വാതിൽ ഇടുങ്ങിയ വഴി’ എന്നിവയാണവ. ഇതിൽ “ഇടുക്കുവാതിൽ സമർപ്പണത്തെയും “ഇടുങ്ങിയ വഴി’ സമർപ്പണാനന്തരമുള്ള ജീവിതത്തേയും കുറിക്കുന്നു. ദൈവ മുമ്പാകെ കീഴടങ്ങി അവിടുത്തേക്കായി ഹൃദയം സമർപ്പിക്കുമ്പോൾ നാം ഒരു “ഇടുക്കു വാതിൽ കടക്കുകയാണ്. പക്ഷേ തുടർന്നുള്ള നമ്മുടെ പ്രയാണവും ഒരു ഇടുങ്ങിയ വഴി’യിലൂടെയാണ്. എങ്ങനെയെങ്കിലും “ഇടുക്കുവാതിൽ കടന്നാൽ പിന്നെ വിശാലമായ ഒരു വഴിയാണെന്നു കരുതരുത്. തുടർന്നുള്ള പാതയും ഇടുങ്ങിയതു തന്നെ. സമർപ്പണത്തിന് ഒരു ബലാൽക്കാരത്തിന്റെ തീവ്രത ആവശ്യമുണ്ട്. സമർപ്പണത്തിന്റെ പാതയിൽ മുന്നോട്ടു പോകുന്നതിനും ഇതാവശ്യമുണ്ട്. (മത്തായി 11:12)

സമർപ്പണത്തിൽ നാം ദൈവത്തോടും നമ്മോടും മറ്റുള്ളവരോടും ഉള്ള ബന്ധത്തെ ശരിയായ ഒരു നിലയിലേക്ക് ആദ്യമായി കൊണ്ടുവരുന്നതു കൊണ്ട് അതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നുപറയാം. അതു കൊണ്ടുതന്നെ പ്രശ്നങ്ങൾക്കെല്ലാമുള്ള ഏക പ്രതിവിധിയായി സമർപ്പണത്തെ ചിത്രീകരിക്കുന്നതിലും തെറ്റില്ല. പക്ഷേ അവിടെ അത് അവസാനിച്ചുവെന്നു ചിന്തിച്ചു ബലാൽക്കാരത്തിന്റെ ആത്മാവു വിട്ടുകളയുകയും ഗൗരവമില്ലാതെ ജീവിതം തുടരുകയും ചെയ്യുന്നവർ ആത്മീയ പ്രതിസന്ധിയിൽ അകപ്പെടും.

ഉവ്വ്, സമർപ്പണം പോലെ തന്നെ പ്രാധാന്യമുള്ളതാണു സമർപ്പണത്തിനു ശേഷമുള്ള നാളുകളും.

9 രണ്ട് മനോഭാവങ്ങൾ


ഒരു ദ്വീപ്. അടിമകൾക്കു മാത്രമേ ആ ദ്വീപിലേക്കു പ്രവേശനമുള്ളൂ. അവിടെയുള്ള അടിമകളോട് യേശു കർത്താവിനെക്കുറിച്ചു പറയാൻ വേണ്ടി രണ്ടു ചെറുപ്പക്കാർ തങ്ങളെത്തന്നെ അടിമകളായി വിറ്റ് ആ ദ്വീപിൽ കടന്നു. ഈ ചെറുപ്പക്കാർക്കു പിന്നീടെന്തു സംഭവിച്ചു. അവരെക്കുറിച്ച് ആരും പിന്നീട് ഒന്നും കേട്ടിട്ടില്ല.

കുഷ്ഠരോഗികളെ പാർപ്പിച്ചിരിക്കുന്ന ഒരു വലിയ കോളനി. അവിടെ ആരെങ്കിലും ഒരിക്കൽ പ്രവേശിച്ചാൽ പിന്നെ പുറത്തെ പരിഷ്കൃതലോകത്തേക്ക് അവർക്കു പ്രവേശനമില്ല. ഈ കുഷ്ഠരോഗികൾക്കു യേശു രക്ഷകനെ പരിചയപ്പെടുത്താൻ വേണ്ടി രണ്ടുപേർ തങ്ങളുടെ ഭാവി പണയപ്പെടുത്തി അവിടേക്കു പോയി. അവർ പിന്നീട് തിരിച്ചു വന്നിട്ടില്ല.

മൊറേവിയൻ മിഷനറി സമൂഹത്തിൽ നിന്നാണീ കഥകൾ.

ത്യാഗപൂർണ പ്രവർത്തനങ്ങളിലൂടെ അനേകർക്ക് വെല്ലുവിളിയായിരുന്ന മൊറേവിയൻ മിഷനറി സമൂഹത്തിന്റെ ചിഹ്നത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. നുകം വച്ച കാളയുടേയും യാഗപീഠത്തിൽ യാഗവസ്തുവായി അർപ്പിക്കപ്പെട്ടിരിക്കുന്ന കാളയുടേയും ചിത്രങ്ങൾ. ചിത്രത്തിനു ചുവടെ ഇങ്ങനെ രേഖപ്പെടു ത്തിയിരിക്കുന്നു. “രണ്ടിനും തയ്യാർ. സന്ദേശം വ്യക്തമാണ്. നിലം ഉഴുന്ന നുകം വച്ച കാള ത്യാഗപൂർണമായ ക്രിസ്തീയ പ്രവർത്തനത്തിന്റെ പ്രതീകം. യാഗപീഠത്തിൽ എരിയുന്ന യാഗവസ്തു ഒരു രക്തസാക്ഷി മരണത്തിന്റേയും, “രണ്ടിലേതിനും ഞങ്ങൾ തയ്യാറാണ്.

ഇത് ഒരു മിഷനറി സംഘടനയ്ക്ക് മാത്രം യോജിച്ച പ്രതീകമാണെന്നു പറഞ്ഞ് നമുക്ക് ഒഴിഞ്ഞുമാറാൻ കഴിയുമോ?. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ പൂർണമായി ദൈവത്തിനായി സമർപ്പിതമായ ഒരു ജീവിതം. ആ ജീവിതത്തിൽ പ്രതിഫലമില്ലാതെ കഠിനാദ്ധ്വാനത്തിന്റെ നീണ്ട വർഷങ്ങളാണോ ഉള്ളത്? അതു സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാർ. അതോ ക്രൂരമായ ഒരു രക്തസാക്ഷി മരണമാണോ കാത്തിരിക്കുന്നത്? അതും സന്തോഷപൂർവം സ്വീകരിക്കാൻ ഒരുക്കമാണ്. രണ്ടിനും തയ്യാർ. ദൈവഹിതം ഏതാണോ അതു ജീവിതത്തിൽ നിറവേറണമെന്നേയുള്ളൂ. “എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാലാകട്ടെ മരണത്താലാകട്ടെ എപ്പോഴും… മഹിമപ്പെടുകയുള്ളൂ’ എന്ന് അപ്പോസ്തലനായ പൗലൊസ്
പറയുമ്പോൾ ആ വാക്കുകളിലും ഇതേ മനോഭാവത്തിന്റെ അലയൊലിയാണു മുഴങ്ങുന്നത്. (ഫിലി.1:20)

പക്ഷേ ഈ മനോഭാവം കേവലം അപ്പോസ്തലനായ പൗലൊസിനോ മിഷനറിമാർക്കോ മാത്രം വേണ്ട ഒന്നാണോ? അല്ല. എല്ലാ ക്രിസ്ത്യാനിക്കും ഇതേ മനോഭാവമാണു വേണ്ടത്. ദൈവം അതാണു നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ബൈബിൾ അതാണു നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. “നമ്മിലാരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല. തനിക്കായിത്തന്നെ മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കിൽ കർത്താവിനായി ജീവിക്കുന്നു. മരിക്കുന്നുവെങ്കിൽ കർത്താവിനായി മരിക്കുന്നു’ എന്നു ബൈബിളിൽ അസന്ദിഗ്ധമായ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുമ്പോൾ നമുക്കാർക്കെങ്കിലും ഇതിൽ കുറഞ്ഞ ഒരു ജീവിതം കൊണ്ടു ദൈവത്തെ തൃപ്തിപ്പെടുത്താൻ കഴിയുമോ?.(റോമർ 14:7,8)

ഈ മനോഭാവത്തെ ഇതൾ വിടർത്തി പരിശോധിച്ചാൽ ആഴത്തിൽ ഇതെന്താണ്?. എനിക്ക് എന്റെ ജീവിതത്തിന്മേൽ അവകാശമൊന്നുമില്ല. ഞാൻ എനിക്കായി ഒന്നും പിടിച്ചു വയ്ക്കുന്നില്ല. ഇതു ദൈവത്തിനു വിറ്റുകളഞ്ഞ ഒരു ജീവിതമാണ്. ഈ ജീവിതത്തിൽ എന്തു സംഭവിച്ചാലും എനിക്ക് പ്രശ്നമില്ല… ഈ മനോഭാവത്തെ ഇങ്ങനെ സംക്ഷേപിക്കാം ഞാൻ ദൈവത്തിനുവേണ്ടി.

ഇതിനു നേരേ എതിരായ ഒരു മനോഭാവമാണ് സ്വാഭാവികമായി മനുഷ്യർക്കെല്ലാം ഉള്ളത് “എല്ലാം എനിക്കുവേണ്ടി’. അവരുടെ ജീവിതവീക്ഷണത്തെയും പ്രവൃത്തികളെയും എല്ലാം നിയന്ത്രിക്കുന്നത് ഈ മനോഭാവമാണ്. “ഞാൻ എനിക്ക്’ എന്നതാണ് അവരുടെ മുദ്രാവാക്യം. സ്വാർത്ഥകേന്ദ്രീകൃതമായ ഒരു ജീവിതമാണിത്. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനുചുറ്റും കറങ്ങുന്നതുപോലെ അവരെ സംബന്ധിച്ചിടത്തോളം അവരാണ് എല്ലാറ്റിന്റേയും കേന്ദ്രത്തിൽ. മറ്റുള്ളവരെല്ലാം അവർക്കു ചുറ്റും കറങ്ങിക്കൊള്ളണം. മനുഷ്യരെല്ലാം സ്വാഭാവികമായി ഇങ്ങനെ എല്ലാറ്റിന്റേയും കേന്ദ്രത്തിൽ തങ്ങളെ കാണുന്നവരാണ്. പക്ഷേ ഒരുവൻ ദൈവത്തെ അറിയുമ്പോൾ സംഭവിക്കേണ്ടത് സമ്പൂർണമായ ഒരു മാറ്റമാണ്. അതുവരെ എല്ലാറ്റിന്റേയും കേന്ദ്രത്തിൽ തങ്ങളായിരുന്നെങ്കിൽ ഇനിമേലിൽ ആ സ്ഥാനം ദൈവത്തിനുള്ളതാണ്. സ്വാർത്ഥകേന്ദ്രീകൃതമായ ഒരു ജീവിതത്തിൽ നിന്ന് ദൈവത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതത്തിലേക്കുള്ള മാറ്റം-അതാണു ദൈവത്തെ അറിയുന്നതിന്റെ ആദ്യപടിയായ മാനസാന്തരത്തിൽ സംഭവിക്കേണ്ടത്; മാനസാന്തരത്തിന്റെ ശരിയായ അർത്ഥം ഇതാണെന്ന് ഒരു ദൈവഭൃത്യൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഇവിടെ ഓർക്കുന്നു “എല്ലാം എനിക്കു വേണ്ടി’ എന്ന മനോഭാവത്തിൽ നിന്ന് അതിനു നേരേ എതിരായ “ഞാൻ ദൈവത്തിനു വേണ്ടി’ എന്ന മനോഭാവത്തിലേക്കുള്ള മാറ്റം ദൈവത്തിങ്കലേക്കുള്ള മാനസാന്തരം’ എന്ന പ്രയോഗം കൊണ്ട് ബൈബിൾ അർത്ഥമാക്കുന്നത് ഇതാണ്. (പ്രവ.20:21).

പക്ഷേ ഇന്നു നടക്കുന്ന മാനസാന്തരങ്ങൾ ഈ നിലയിൽ ദൈവത്തിങ്കലേക്കുള്ള മാനസാന്തരങ്ങളാണോ?. മാനസാന്തരത്തോടെ സ്വാർത്ഥകേന്ദ്രീകൃതമായ ഒരു ജീവിതത്തോടു വിടപറഞ്ഞ് ദൈവം കേന്ദ്രത്തിൽ വരുന്ന ഒരു ജീവിതത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നുണ്ടോ?. ഇല്ലെങ്കിൽ അത്തരം മാനസാന്തരങ്ങളെ മാനസാന്തരങ്ങളെന്നു പറയാമോ?

നിർഭാഗ്യവശാൽ ഇന്നു പല മാനസാന്തരങ്ങളിലും ഇതു സംഭവിക്കുന്നില്ല. സ്വാർത്ഥപരമായ ഒരു ജീവിതത്തോട് അവർ വിടപറയുന്നില്ല. “മാനസാതര’ത്തിനുശേഷവും അവരുടെ ജീവതത്തിന്റെ കേന്ദ്രത്തിൽ അവർ തന്നെയാണ്. പിന്നേയും എല്ലാം അവരെ കേന്ദ്രീകരിച്ചാണു കറങ്ങുന്നത്. മാത്രമല്ല “മാനസാന്തരത്തോടെ അവർക്കു ചുറ്റും കറങ്ങാൻ പുതിയൊരു ഗ്രഹം കൂടി ഉണ്ടായി. അതു മറ്റാരുമല്ല. ദൈവമാണ്. “എല്ലാം എനിക്കുവേണ്ടി ദൈവവും എനിക്കുവേണ്ടി’ ഇതാണ് ആ മനോഭാവം. മാനസാന്തരത്തിനു മുൻപ് അവർ ദൈവത്തെ കൂടാതെ സ്വാർത്ഥരായി അഹന്താ കേന്ദ്രീകൃതമായ ഒരു ജീവിതം ജീവിച്ചു. “മാനസാന്തരത്തിനു ശേഷം ദൈവത്തെ കൂടെ കൂട്ടിക്കൊണ്ട് സ്വാർത്ഥമായി സ്വയം കേന്ദ്രീകൃതമായ ഒരു ജീവിതം അവർ തുടരുന്നു. ഇത്രയേ ഉള്ളു വ്യത്യാസം. മാനസാന്തരത്തോടെ ഞാൻ ദൈവത്തിനുവേണ്ടി’ എന്ന മനോഭാവത്തിൽ അവർ എത്തേണ്ടതായിരുന്നു. പക്ഷേ അവർ എത്തിച്ചേർന്നതോ “ദൈവം എനിക്കുവേണ്ടി’ എന്ന മനോഭാവത്തിലും.

ഇതുമൂലം എന്താണു സംഭവിക്കുന്നത്. തങ്ങളുടെ സ്വാർത്ഥപരമായ ലക്ഷ്യങ്ങൾ സാധിക്കാനുള്ള ഒരു ഉപാധിയായി, അതിനുള്ള ഉപകരണമായി ദൈവത്തെയും അവർ കാണാൻ തുടങ്ങി. “ഞാൻ ദൈവമകനല്ലേ? എനിക്ക് വീട് വേണം, വണ്ടി വേണം, വീസാ വേണം ഇതെല്ലാം തരാൻ ദൈവം ബാധ്യസ്ഥനാണ്. അത്ഭുതവിളക്കു കിട്ടിയ അലാഡിന്റെ കഥയിലെ ജിന്നിന്റെ സ്ഥാനമാണു ദൈവത്തിന്. ഞാൻ ആഗ്രഹിക്കുന്നതെല്ലാം തരാൻ ദൈവത്തിനു ചുമതലയുണ്ട്. എന്റെ വീട് വണ്ടി-വീസാ, സ്വപ്നങ്ങളെ സാക്ഷാതക്കരിക്കാനുള്ള ഒരു ഉപാധി മാത്രമാണ് എനിക്കു ദൈവം. ഇവിടെ ഞാൻ ദൈവത്തിനുവേണ്ടിയല്ല മറിച്ച് “ദൈവം എനിക്കുവേണ്ടിയാണ്. ഇന്നു ക്രിസ്തീയഗോളത്തെ കീഴടക്കിയിരിക്കുന്ന സമൃദ്ധിയുടെ സുവിശേഷത്തിന്റെ അടിസ്ഥാനപരമായ തകരാർ ഇതാണ്.

ദൈവം എന്റെ ചില ആഗ്രഹങ്ങൾ സാധിച്ചുതരുന്നതുകൊണ്ടല്ല ഞാൻ ദൈവത്തെ സേവിക്കുന്നതും ആരാധിക്കുന്നതും. മറിച്ച് ദൈവം ദൈവമായിരിക്കുന്നു എന്ന ഏക കാരണത്താലാണ്.

വലിയവനായ ദൈവത്തിന് എന്നെ വിലയ്ക്കു വാങ്ങുവാൻ പ്രസാദമായി. ഞാൻ വിലകൊടുത്തു വാങ്ങപ്പെട്ടു. ഇനി ഞാൻ എനിക്കുള്ളവനല്ല (1 കൊരി 6:19,20)

ദൈവം എനിക്കുവേണ്ടിയല്ല മറിച്ച് ഞാൻ ദൈവത്തിനുവേണ്ടിയാണ്.

10 ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ….


“ദൈവം സ്നേഹം തന്നെ’ – സ്നേഹത്തിന്റെ അപ്പോസ്തലനായി അറിയപ്പെടുന്ന യോഹന്നാൻ ദൈവത്തിനു നൽകുന്ന നിർവചനം.

സ്നേഹത്തിന്റെ ഒരു പ്രത്യേകത അതൊരിക്കലും ഒരാളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ്. മറ്റൊരാളിലേക്കു പകരപ്പെടുമ്പോഴാണ് സ്നേഹം സ്നേഹമാകുന്നത്. ജലത്തിന് ഒഴുകാതിരിക്കാനാവില്ല എന്നു പറയുന്നതുപോലെ മറ്റൊരാളിലേക്കു പകരപ്പെടാതെയും പങ്കുവയ്ക്കപ്പെടാതെയും ഇരിക്കാൻ സ്നേഹത്തിനു കഴിയുകയില്ല. കുടത്തിലെ വെള്ളം പോലെ ഒരാളിൽ അടയ്ക്കപ്പെട്ട് ഇരിക്കുന്നതല്ല സ്നേഹമെന്നു സാരം. മറ്റൊരാളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്, പാരസ്പരികമാണ് സ്നേഹം.

അങ്ങനെയെങ്കിൽ മനുഷ്യനും ഈ ലോകവും ഉണ്ടാകുന്നതിനുമുൻപ്, കഴിഞ്ഞകാല നിത്യതയിൽ, ദൈവം ആരെയാണു സ്നേഹിച്ചത്? ദൈവം സ്നേഹമാണെന്നു നിർവചിക്കപ്പെട്ടിരിക്കുമ്പോൾ, സ്നേഹത്തിനു പകരപ്പെടാതിരിക്കാനാവില്ലെന്നു പറയുമ്പോൾ, ദൈവം മാത്രം ഉണ്ടായിരുന്ന കഴിഞ്ഞകാല നിത്യതയിൽ ദൈവത്തിന്റെ അസ്തിത്വം എങ്ങനെയായിരുന്നു ദൈവിക തിത്വത്തിന്റെ പ്രസക്തി ഇവിടെയാണ്. പ്രശസ്തക്രിസ്തീയ ചിന്തകനായിരുന്ന സി.എസ്. ലൂയിസ് ഇതു മനോഹരമായി വിശദീകരിച്ചിട്ടുണ്ട് നരകത്തിന്റെ തത്ത്വശാസ്ത്രത്തിൽ സമാധാനപരമായ സഹവർത്തിത്വത്തിന്, കൂട്ടായ്മയ്ക്ക്, സ്ഥാനമില്ല. സ്വാർത്ഥതയാണ് അതിന്റെ മുഖമുദ്ര. ഇന്ന് ഈ ലോകത്തേയും പിശാച് നിയന്ത്രിക്കുന്നത് ഈ നിയമം ഉപയോഗിച്ചാണ്. ഒന്ന് ഒന്നിനെ വിഴുങ്ങുക, ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാകുക, കൂടെയുള്ളതിനെ നശിപ്പിച്ച് ആ സ്ഥാനം കൂടി കൈയടക്കുക ഈ സ്വാർത്ഥതയുടേയും മത്സരമനോഭാവത്തിന്റെയും പ്രമാണമാണ് അവൻ മനുഷ്യരേയും പഠിപ്പിച്ചിരിക്കുന്നത്. അതേ സമയം ദൈവം ഇതിനു നേരേ എതിരാണ്. അവിടുന്ന് നിസ്വാർത്ഥത, കൂട്ടായ്മ, സഹകരണം, പങ്കുവയ്ക്കൽ എന്നിവയുടെ ഭാഗത്താണ്. ഈ കാര്യങ്ങളെല്ലാം ഉത്ഭവിക്കുന്നതാകട്ടെ, സ്നേഹത്തിൽ നിന്നും. അതു ദൈവം തന്നെയാണ്. ദൈവം സ്നേഹം തന്നെ. സ്നേഹം ദൈവത്തിന്റെ സ്വഭാവമാണെന്നു തെളിയിക്കുന്നതാണു ത്രിത്വമെന്ന സത്യവും.

മൂന്നു പേർ സാരാംശത്തിൽ ഒന്നായിരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിൽ പരസ്പരം സമാധാനപരമായ സഹവർത്തിത്വവും കൂട്ടായ്മയും ഐക്യവും ഉണ്ടെന്നു പറയുമ്പോൾ അതു സ്നേഹത്തിന്റെ പങ്കുവയ്ക്കലും പകരപ്പെടലുമാണ്. ചുരുക്കത്തിൽ ദൈവം സ്നേഹമാണ് എന്ന സത്യത്തെ തെളിയിക്കുന്നതാണു ത്രിയേക ദൈവം എന്ന ആശയം.

ഹിപ്പോയിലെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന, അഞ്ചാം നൂറ്റാണ്ടിൽ ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന, ഔറേലിയസ് ഓഗസ്റ്റീനും ത്രിയോപദേശത്തെ ഈ നിലയിൽ ആദ്യമായി വ്യാഖ്യാനിച്ചതായി കേട്ടിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം പറഞ്ഞു “ദൈവം സ്നേഹമാണെന്നു നമ്മെ ബോധ്യപ്പെടുത്താൻ, നമ്മുടെ പരിമിതികൾ മനസ്സിലാക്കി, നമുക്കു നൽകപ്പെട്ടിരിക്കുന്ന ഉപദേശമാണു തിത്വം. ദൈവം സ്നേഹമാണെന്നതാണു നിത്യോപദേശത്തിന്റെ അന്തഃസത്ത”.

ചുരുക്കത്തിൽ ദൈവം സ്നേഹമാണ്. സ്നേഹത്തിനു പങ്കുവയ്ക്കപ്പെടാതെയും പകരപ്പെടാതെയും ഇരിക്കാനാവില്ല. ഒരാൾക്ക് ഒറ്റയ്ക്ക്, തനിയെ സ്നേഹിക്കാൻ സാധ്യമല്ല. അതുകൊണ്ടാണു ദൈവം ത്രിയേകനായിരിക്കുന്നത്. ദൈവം സ്നേഹമാണ് എന്ന ആശയത്തെ ത്രിത്വം മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞകാല നിത്യതയിലും, ഇന്നും, വരാൻ പോകുന്ന നിത്യതയിലും ദൈവം സ്നേഹം തന്നെയാണ്. തന്റെ സ്വഭാവം ത്യജിപ്പാൻ ദൈവത്തിനു കഴിയുകയില്ല.

ത്രിത്വത്തെക്കുറിച്ചുള്ള തലനാരിഴ കീറിയുള്ള ഈ പഠനങ്ങളും ചിന്തകളുമൊക്കെ ഒരു പരിധിക്കപ്പുറം നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഇതൊക്കെ എന്തുമാകട്ടെ, ഈ വലിയവനായ ദൈവം നമ്മെ സ്നേഹിച്ചു എന്നതാണു നമ്മെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. ദൈവം നമ്മെ സ്നേഹിച്ചു. നാം ദൈവത്തെ സ്നേഹിക്കുന്നതിനും മുൻപേ അവിടുന്നു നമ്മെ സ്നേഹിച്ചു (1 യോഹന്നാൻ 4:19). ഈ ബന്ധത്തിനു മുൻകൈ എടുത്തത് (initiative) ദൈവമായിരുന്നു. തുടക്കം ദൈവത്തിൽ നിന്നായിരുന്നു. അതും നാം ദൈവത്തിന്റെ ശത്രുക്കളും പാപികളുമായിരിക്കുമ്പോൾ ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു(റോമർ 5:8).

എന്നെ ഇത്രമേൽ സ്നേഹിച്ച് ദൈവത്തിനു എനിക്ക് എന്താണു പകരം കൊടുക്കാൻ കഴിയുന്നത്? ദൈവസ്നേഹത്തെക്കുറിച്ച് ദർശനം ലഭിച്ചിട്ടുള്ള ഏതു വിശ്വാസിയും സ്വയം ചോദിച്ചു പോകുന്ന ചോദ്യം. ദൈവത്തെ മുഴുഹൃദയത്തോടും തിരിച്ചു സ്നേഹിക്കുകയല്ലാതെ നമുക്ക് എന്താണു ചെയ്യാനാവുക?

“ദൈവത്തെ സ്നേഹിക്കുക’ എന്നുപറഞ്ഞാൽ അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ദൈവസ്നേഹത്തെക്കുറിച്ചുള്ള ഒരു പാട്ടുപാടുമ്പോൾ കണ്ണുനനയുന്നതിനും പ്രാർത്ഥിക്കുമ്പോൾ തൊണ്ട ഇടറുന്നതിനും അപ്പുറത്തുള്ള ഒരു കാര്യമാണത്. ദൈവത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ യേശു അത് എത്രയും വ്യക്തമാക്കി. (യോഹന്നാൻ 14:15,23) ദൈവത്തെ സ്നേഹിക്കുകയെന്നു പറഞ്ഞാൽ അത് അവിടുത്തെ കല്പനകൾ അനുസരിക്കുന്നതല്ലാതെ മറ്റൊന്നല്ല. യോഹന്നാൻ അപ്പോസ്തലനും അസന്ദിഗ്ദ്ധമായ ഭാഷയിൽ ആ കാര്യം പറയുന്നുണ്ട് “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം. അവന്റെ കല്പനകൾ ഭാരമുള്ള വയല്ല” (1യോഹ.5:3).

നമുക്കു ദൈവത്തോടുള്ള സ്നേഹം വെളിപ്പെടുന്ന രണ്ടാമത്തെ തലം മറ്റുള്ളവരോടുള്ള സ്നേഹമാണ്. നാം ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ സഹോദരന്മാരെ സ്നേഹിക്കാതിരിക്കാനാവില്ല. സഹോദരനെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറഞ്ഞാൽ അതു കാപട്യമാണ്. “താൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപാൻ കഴിയുന്നതല്ല” (1 യോഹന്നാൻ 4:20)

ചുരുക്കത്തിൽ ദൈവത്തോടുള്ള സ്നേഹം കല്പനകൾ അനുസരിക്കുന്നതാണ്. മറ്റു സഹോദരന്മാരെ സ്നേഹിക്കുന്നതാണ്.

നാൾ കഴിയും തോറും ദൈവത്തോടുള്ള നമ്മുടെ സ്നേഹം കുറഞ്ഞുവരികയല്ല വർദ്ധിച്ചു വരികയാണു വേണ്ടത്. അതു വർദ്ധിക്കുന്നുണ്ടോ എന്നു തിരിച്ചറിയുന്നത് എങ്ങനെയാണ്? ദൈവവചനത്തിലെ ഏറ്റവും ചെറിയ കല്പനപോലും അനുസരിക്കാനും സഹോദരന്മാരെ ഹൃദയപൂർവം സ്നേഹിക്കാനും നാൾ കഴിയും തോറും നമുക്കു കൂടുതൽ കഴിയുന്നുണ്ടോ എന്നതാണ് അതിന്റെ ഉരകല്ല്.

ഈ വെളിച്ചത്തിൽ നോക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ സ്നേഹം വർധിക്കുന്നുണ്ടോ? അതോ “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു” എന്നത് ഒരു തോന്നൽ മാത്രമാണോ? ഓർക്കുക. തോന്നലിന് അപ്പുറത്ത് പ്രായോഗികമായ ചില ചുവടുകൾ വയ്ക്കുന്നതാണ് സ്നേഹം.

11 മൺപാത്രത്തിലെ നിധി


ഒരിക്കൽ പ്രശസ്ത വേദശാസ്ത്രജ്ഞൻ കാൾ ബാർത്തിനോട് ഒരാൾ ചോദിച്ചു “കാൾ ബാർത്ത്. നിങ്ങളുടെ ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ പൊരുൾ ലളിതമായ ഒരു വാചകത്തിൽ സംഗ്രഹിച്ചു പറയാമോ?”.

അദ്ദേഹം ഒരു നിമിഷം ആലോചിച്ചു. പിന്നെ ഇങ്ങനെ മറുപടി നൽകി “ക്രിസ്തീയ വിശ്വാസത്തിന്റെ ആകെത്തുക ഒരു വാക്യത്തിൽ ഇങ്ങനെ സംഗ്രഹിക്കാം: യേശു എന്നെ സ്നേഹിക്കുന്നു; എനിക്കതറിയാം. കാരണം ബൈബിൾ അങ്ങനെ പറയുന്നു. എത്ര ലളിതവും അർത്ഥവത്തുമായ പ്രസ്താവന.

“യേശു എന്നെ സ്നേഹിക്കുന്നു’. മനുഷ്യനോടുള്ള ദൈവത്തിന്റെ ഇടപാടിനെ മുഴുവൻ ഈ വാക്കുകളിൽ സംക്ഷേപിച്ചിരിക്കുന്നു. മാനവരാശിയോടുള്ള ദൈവത്തിന്റെ സ്നേഹം യേശുവിലൂടെയാണു മൂർത്തമായ രൂപം കൈക്കൊണ്ടത്. ബൈബിൾ പ്രതിപാദ്യത്തിന്റെ ആകെത്തുകയും ഇതുതന്നെ.

കാൾ ബാർത്തിന്റെ പ്രസ്താവനയുടെ രണ്ടാം ഭാഗം-“എനിക്കതറിയാം എന്നത്, ദൈവം മാനവരാശിയോടു കാട്ടിയ സ്നേഹത്തെ നാം വ്യക്തിപരമായ തലത്തിൽ സ്വീകരിക്കുന്നതിനെ കുറിക്കുന്നു. ദൈവസ്നേഹത്തെ ഞാൻ എന്റേതായ തലത്തിൽ ഏറ്റെടുക്കുന്നില്ലെങ്കിൽ എന്നോടുള്ള ദൈവ സ്നേഹം വ്യർത്ഥമായിത്തീരും. അതുകൊണ്ട് “എനിക്കറിയാം’ എന്ന വ്യക്തിപരമായ ഏറ്റുപറച്ചിൽ എത്രയും പ്രധാനമാണ്.

കാൾ ബാർത്തിന്റെ പ്രസ്താവനയുടെ മൂന്നാം ഭാഗമാണ് ഏറ്റവും ശ്രദ്ധേയം. “യേശു എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം’ എങ്ങനെ? “എന്തുകൊണ്ടെന്നാൽ ബൈബിൾ അങ്ങനെ പറയുന്നു. ഇവിടെ നിങ്ങൾ ശ്രദ്ധിച്ചോ? യേശു എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം കാരണം അങ്ങനെയാണ് എനിക്കു തോന്നുന്നത്’ എന്നല്ല. “അതാണ് എന്റെ അനുഭവം’ എന്നോ “എന്റെ പാരമ്പര്യവും സഭയും എന്നോടങ്ങനെ പറയുന്നു എന്നോ അല്ല. മറിച്ച് “ദൈവവചനം അങ്ങനെ പറയുന്നു അതുകൊണ്ട് എനിക്കറിയാം’ എന്നാണ്. എന്റെ തോന്നലോ അനുഭവമോ മറ്റുള്ളവരുടെ അഭിപ്രായമോ ഒന്നും യേശു എന്നെ സ്നേഹിക്കുന്നു എന്ന എന്റെ അറിവിന്റെ അടിസ്ഥാനമായിരിക്കുന്നില്ല. അല്ലെങ്കിൽ ആയിരിക്കരുത്. മറിച്ച് ബൈബിളിൽ അങ്ങനെ പറഞ്ഞിരിക്കുന്നു എന്നത് മാത്രമാണ് ഈ ബോധ്യത്തിന്റെ അടിത്തറ!

പ്രകൃത്യതീതമായ ഒരു അനുഭവം നമുക്കുണ്ടായെങ്കിൽ ദൈവത്തെ വിശ്വസിക്കുക താരതമ്യേന എളുപ്പമാണ്. മറിച്ച് ഒരു പുസ്തകത്തിൽ അങ്ങനെ പറഞ്ഞിരിക്കുന്നു എന്നതുകൊണ്ടു മാത്രം അതു സത്യമാണെന്നു കരുതുകയും ആ ബോധ്യത്തിൽ നിലനില്ക്കുകയും ചെയ്യണമെങ്കിൽ അലൗകികമായ വിശ്വാസം ഇല്ലാതെ കഴിയുകയില്ല. നമ്മുടെ അനുഭവങ്ങൾ ആ ബോധ്യത്തിന് എതിരായി നില്ക്കുമ്പോൾ പ്രത്യേകിച്ചും. ഒരു ഉദാഹരണം നോക്കാം. ദൈവം തന്റെ കുഞ്ഞുങ്ങളെ കണ്ണിന്റെ കൃഷ്ണമണിപോലെ സൂക്ഷിക്കുമെന്നോ നിങ്ങൾ എന്തുയാചിച്ചാലും അതു നൽകുമെന്നോ ചില വചനങ്ങൾ നാം ബൈബിളിൽ കണ്ടുവെന്നിരിക്കട്ടെ. പക്ഷേ നമ്മുടെ പ്രാർത്ഥനയ്ക്കു നാം ആഗ്രഹിക്കുന്ന തരത്തിൽ മറുപടി ലഭിക്കാതിരിക്കുകയും ദുരന്തങ്ങളുടെ സമയത്ത് ദിവ്യസംരക്ഷണം അനുഭവവേദ്യമാകാതിരിക്കുകയും ചെയ്യുമ്പോഴോ? അപ്പോൾ നമ്മുടെ അനുഭവങ്ങൾക്ക് എതിരായി ദൈവവചനത്തിലെ സത്യങ്ങളിൽ വിശ്വസിക്കുകയും അതിൽ ഉറച്ചു നില്ക്കുകയും ചെയ്യണമെങ്കിൽ വിലയേറിയ വിശ്വാസം ഇല്ലാതെ സാധ്യമല്ല. അനുഭവങ്ങൾ എതിരായി സാക്ഷിക്കുമ്പോഴും ബൈബിളിൽ അങ്ങനെ കാണുന്നു’ എന്നതുകൊണ്ട് മാത്രം ദൈവിക സത്യങ്ങളിൽ വിശ്വസിക്കുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി.

“ഓരോ വിശ്വാസിക്കും കുറഞ്ഞത് പ്രകൃത്യതീതമായ ഒരനുഭവം എങ്കിലും ഉണ്ടായിരിക്കണം’ എന്നുപറഞ്ഞത് വാച്ച്മാൻ നീയാണ്. അദ്ദേഹം അങ്ങനെ പറഞ്ഞതിന് കാരണമുണ്ട്. എപ്പോഴെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങളൊക്കെ സത്യമാണോ എന്നൊരു സംശയം വന്നാൽ തനിക്കുണ്ടായ ആ പ്രകൃത്യതീതമായ അനുഭവത്തിലേക്കു തിരഞ്ഞു നോക്കി ക്രിസ്ത്യാനിക്കു വിശ്വാസത്തിൽ ബലപ്പെടാമല്ലോ എന്നതാണത്. ശരിയാണ്. സത്യത്തിൽ ഒരു അത്ഭുതം എങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടില്ലാത്ത ഒരു ക്രിസ്ത്യാനിയും ഉണ്ടായിരിക്കുകയില്ല. പക്ഷേ പലപ്പോഴും നാം ആ അനുഭവത്തെയൊക്കെ സാമാന്യവൽക്കരിച്ച് അവയിലെ അത്ഭുതത്തിന്റെ ആവേശം നഷ്ടപ്പെടുത്തുന്നു എന്നതാണു നമ്മുടെ തകരാറ്.

എന്നാൽ പ്രകൃത്യതീതമായ അത്ഭുതങ്ങൾ എന്നും നമ്മെ പിൻതുടരുകയില്ല. മരുഭൂമിയിലൂടെ യാത്ര ചെയ്തപ്പോൾ ചെങ്കടൽ വിഭജനം, മാറാ മധുരമാക്കിയത്, പാറയെ പിളർന്നു ദാഹജലം നൽകിയത്, യുദ്ധരംഗങ്ങളിലെ അദൃശ്യമായ സഹായം എന്നിങ്ങനെയുള്ള അത്ഭുതങ്ങളൊക്കെ യിസ്രായേലിന് അനുഭവിക്കാൻ കഴിഞ്ഞു എന്നത് നേര്. പക്ഷേ നാല്പതു വർഷം നീണ്ട പ്രയാണത്തിൽ അവരെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങളില്ലാത്ത ഊഷരവും വന്ധ്യവുമായ സാധാരണ ദിവസങ്ങളായിരുന്നു ഏറെയും (ദിനം പ്രതിയുള്ള മന്ന, അഗ്നിസ്തംഭത്തിലും മേഘസ്തംഭത്തിലുമുള്ള ദൈവ സാന്നിധ്യം, സമാഗമന കൂടാരം എന്ന ദിവ്യാത്ഭുതം എന്നിവയൊക്കെ അതി പരിചയം മൂലം അവർക്ക് അത്ഭുതങ്ങളേ അല്ലാതായി മാറിയിരുന്നല്ലോ.) ഇതു പോലെ വർഷങ്ങൾ നീളുന്ന ക്രിസ്തീയ ജീവിതത്തിലും അത്ഭുതങ്ങളുടെ ഊന്നുവടിയിൽ ആശ്രയിച്ച് നമുക്ക് എന്നും മുന്നോട്ടുപോകാനാകുകയില്ല. ദൈവവും നമ്മെക്കുറിച്ച് അതല്ല ആഗ്രഹിക്കുന്നത്. അതു കൊണ്ടാണ് ബൈബിളിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യങ്ങളിൽ മാത്രം ദൃഷ്ടിയൂന്നി മുന്നോട്ടുപോകുന്ന വിശ്വാസത്തിന്റെ മാർഗ്ഗം ദൈവം നമുക്കായി നിയമിച്ചിരിക്കുന്നത്. തീർച്ചയായും അനുഭവങ്ങൾ, വൈകാരികാനുഭൂതികൾ തുടങ്ങിയവയെല്ലാം ഈ മാർഗ്ഗത്തിലുണ്ട്. പക്ഷേ അവ നമ്മെ നയിക്കാൻ അനു വദിക്കരുത്. ദൈവവചനത്തിലെ സത്യങ്ങൾ മാത്രമായിരിക്കണം നമ്മുടെ വഴികാട്ടി. സത്യം (Facts), വിശ്വാസം (Faith), അനുഭവം (Experience), ഈ ക്രമത്തിലായിരിക്കണം വിശ്വാസയാത്ര മുന്നോട്ടു പോകേണ്ടത്. ‘സത്യം’ (ദൈവികസത്യങ്ങൾ) ഏറ്റവും മുമ്പിൽ പോകണം. ഈ സത്യത്തെ നോക്കി തൊട്ടുപിന്നിൽ “വിശ്വാസം’ യാത്രചെയ്യണം. അപ്പോൾ “അനുഭവം’ അതിനും പിന്നിൽ വിശ്വാസത്തെ അനുഗമിച്ചുകൊള്ളും. വിശ്വാസ ജീവിതത്തിൽ ദൈവം വച്ചിരിക്കുന്ന ഈ ക്രമത്തെക്കുറിച്ചു ബോധ്യം ഉള്ളതുകൊണ്ടാണ് “യേശു എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം കാരണം ബൈബിളിൽ അങ്ങനെ കാണുന്നു’ എന്ന് കാൾബാർത്ത് പറഞ്ഞത്.

“അടയാളം ചോദിക്കുന്ന യഹൂദന്മാരോ ജ്ഞാനം അന്വേഷിക്കുന്ന യവനന്മാരോ ആയിരിക്കാതെ ദൈവവചനത്തിലെ കേവല സത്യങ്ങളെ വിശ്വസിക്കുന്ന ക്രിസ്ത്യാനികളായിരിക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും താങ്ങുകൾ ഇല്ലാതെ ദൈവവചനത്തെ മാത്രം നോക്കി ദൈനംദിന ജീവിതത്തിൽ ഇങ്ങനെ പോകുമ്പോൾ ഭയം, സംശയം, ദുഃഖം ഇവയെല്ലാം നമ്മെ വലയം ചെയ്തെന്നു വരാം. പക്ഷേ അവയ്ക്കിടയിലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ നമുക്കു കഴിഞ്ഞാൽ അത് ഒരു മൺപാത്രത്തിൽ വിളങ്ങുന്ന അമൂല്യമായ നിക്ഷേപം പോലെ’ ചേതോഹരമായിരിക്കുമെന്നാണു പൗലോസ് പറഞ്ഞിരിക്കുന്നത്.

പൗലോസ് ഇതു പറയുമ്പോൾ തന്റെ ഒരനുഭവം നാം ഓർത്തുപോകും. 2 കൊരിന്ത്യർ 11:30-33 ൽ ഈ സംഭവം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു നാടുവാഴി പൗലോസിനെ പിടിക്കാൻ തുനിഞ്ഞപ്പോൾ പൗലോസ് കോട്ട മതിലിലൂടെ കെട്ടിയിറക്കപ്പെട്ട ഒരു കുട്ടയിൽ ഇരുന്നുരായ്ക്കുരാമാനം രക്ഷപ്പെട്ട കഥയാണിത്. പുതിയ നിയമത്തിൽ നാം അറിയുന്ന ഏറ്റവും ശക്തനായ ദൈവ പുരുഷനാണു പൗലോസ്. ഇരിക്കുന്നതോ? ഒരു ഭീരുവിനെപ്പോലെ കുട്ടയിലും! ദൈവം തന്റെ ഏറ്റവും അമൂല്യമായ നിക്ഷേപം എത്ര ബലഹീനമായ ഒരു മൺപാത്രത്തിലാണു നിക്ഷേപിച്ചതെന്ന് കാണുക. മാത്രമോ? പൗലോസ് തന്റെ “മൺപാത്രത്തെക്കുറിച്ചു ലജ്ജിക്കുന്നില്ല. മറിച്ച് അതിൽ പ്രശംസിക്കുന്നു. (2 കൊരിന്ത്യർ 11: 30). കാരണം മൺപാത്രത്തിലാണു ദൈവത്തിന്റെ നിക്ഷേപം ഏറ്റവും തിളങ്ങുന്നതെന്ന് അദ്ദേഹത്തിന് അറിയാം.

ശക്തരായ മനുഷ്യരെയോ ഒരു ബലഹീനതയും ഇല്ലാത്ത ദൂതന്മാരെയോ തന്റെ നിക്ഷേപം പകരാനായി ദൈവം തിരഞ്ഞെടുത്തില്ല. പകരം വെറും മൺപാത്രങ്ങളായ നമ്മെയാണ് അവിടുന്ന് തിരഞ്ഞെടുത്തത്. ഇത് എത വലിയ ധൈര്യമാണു നമുക്കു നല്കുന്നത്.

12 ജീവിതം, ശുശ്രൂഷ, സമൂഹം


ഉപ്പ്, വെളിച്ചം സമൂഹത്തോടുള്ള വിശ്വാസിയുടെ ബന്ധത്തെ ചിത്രീകരിക്കുവാൻ യേശുക്രിസ്തു കണ്ടെടുത്ത രണ്ടു പ്രതീകങ്ങൾ. തന്റെ ശിഷ്യന്മാർ ഭൂമിയുടെ ഉപ്പും’ ലോകത്തിന്റെ വെളിച്ചവും’ ആയിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.

ഉപ്പിന്റെ ധർമങ്ങൾ പലതാണ്. അതു രുചിപ്പെടുത്തുന്നു, ജീർണതയെ ചെറുക്കുന്നു. ദാഹം ഉളവാക്കുന്നു….

ഉവ്വ്. ഉപ്പ് രുചി നൽകുന്നതാണ്. ആയിരിക്കുന്ന സമൂഹത്തെ രുചിപ്പെടുത്താൻ, ആസ്വാദ്യകരമാക്കാൻ, ഉള്ള ഉത്തരവാദിത്വം വിശ്വാസിക്കുണ്ട്. പകയും വെറുപ്പും സ്നേഹശൂന്യതയും വ്യക്തിബന്ധങ്ങളിൽ കയ്പ് ഉണ്ടാക്കുന്നു. ഈ അരുചി ഇല്ലാതാക്കുവാൻ മാത്രമല്ല സ്വാദില്ലാത്ത ഇടങ്ങളെ രുചിപ്പെടുത്തുവാനും യഥാർത്ഥ ക്രിസ്തുശിഷ്യനല്ലാതെ ഇന്ന് ആരാണുള്ളത്?

ഉപ്പ് ജീർണതയെ ചെറുക്കുന്നു. വളരെ വേഗം ചീഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ധാർമികാധഃപതനവും മൂല്യശോഷണവും വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ ജീർണത സ്വാഭാവികമാണ്. അതു ഇന്നു സമൂഹത്തിന്റെ എല്ലാ തലങ്ങളേയും കാർന്നു തിന്നുകയാണ്. അവിടെ, കാലത്തിനും സമൂഹത്തിനും ഒപ്പം ജീർണിക്കാൻ തയ്യാറാകാതെ നിന്നുകൊണ്ട്, തന്നോടു സമ്പർക്കത്തിൽ വരുന്നവരെ ജീർണതയിൽ നിന്നു മൂല്യങ്ങളിലേക്കു പ്രത്യാനയിക്കുവാനുള്ള ഉത്തരവാദിത്വം ക്രിസ്തുശിഷ്യന്റേതാണ്.

ഉപ്പ് ദാഹം ഉളവാക്കുന്നതാണ്. ഉപ്പ് കഴിക്കുന്നതിനനുസരിച്ച് ദാഹവും വർദ്ധിക്കും. ഒരു വിശുദ്ധ ജീവിതത്തിനുള്ള ദാഹം മറ്റുള്ളവർക്കു നൽകുന്നവനാണ് യഥാർത്ഥ ക്രിസ്ത്യാനി. തന്നെ അടുത്തറിയുന്നവരിൽ, രുചിച്ചുനോക്കുന്നവരിൽ, നിർമലമായ ഒരു ജീവിതത്തിനുള്ള ദാഹം ഉളവാക്കുകയാണു ക്രിസ്തുശിഷ്യൻ ചെയ്യുന്നത്.

“വെളിച്ചം’- അതാണ് യേശു ഉപയോഗിച്ച് മറ്റൊരു പ്രതീകം. “ഞാൻ ഈ ലോകത്തിന്റെ വെളിച്ചം ആകുന്നു’ എന്നു പ്രസ്താവിച്ച യേശുക്രിസ്തു അവിടുത്തെ അസാന്നിധ്യത്തിൽ തന്റെ ശിഷ്യന്മാർ ഈ ലോകത്തിന്റെ വെളിച്ചം ആയിരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രതീക്ഷയുടെ ഒരു കിരണം പോലും ഇല്ലാത്ത, ഇരുട്ടു നിറഞ്ഞ, ഈ ലോകത്തിന് ഭാവിപ്രത്യാശയുടെ പൊൻവെളിച്ചം പകർന്നു കൊടുക്കാൻ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന ക്രിസ്തുശിഷ്യർക്കല്ലാതെ മറ്റാർക്കാണ് ഈ സമൂഹത്തിൽ കഴിയുക?

ഉപ്പ്, വെളിച്ചം എന്നീ രണ്ടു പ്രതീകങ്ങളും നമ്മുടെ പ്രവർത്തനത്തെ, ശുശ്രൂഷയെ, പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വേദപണ്ഡിതന്മാർ വ്യാഖ്യാനിക്കാറുള്ളത്. ഉപ്പ് സമൂഹത്തിൽ അലിഞ്ഞുചേർന്നുള്ള നമ്മുടെ ശുശ്രൂഷയെ (Incarnation ministry) കുറിക്കുമ്പോൾ വെളിച്ചം നമ്മുടെ സുവിശേഷ പ്രഘോഷണ ശുശ്രൂഷ (Proclamation ministry) യിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പക്ഷേ ഈ രണ്ടു ശുശ്രൂഷകളും ഫലപ്രദമാകണമെന്നുണ്ടെങ്കിൽ അവയെ ചൈതന്യവത്താക്കുന്ന ഒരു ജീവിതം അതിനു പുറകിൽ ഉണ്ടായിരിക്കണം. ഉപ്പ് “ശുശ്രൂഷയാണെങ്കിൽ ഉപ്പിന് അതിന്റെ സ്വഭാവം നൽകുന്ന “കാരമാണ് ‘ജീവിതം’. അതുകൊണ്ടാണ് യേശു ക്രിസ്തു ചോദിച്ചത് “ഉപ്പു കാരമില്ലാതെ പോയാൽ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം?” ജീവിതവും ശുശ്രഷയും രണ്ടല്ല. അല്ലെങ്കിൽ രണ്ടായിരിക്കരുത്. ജീവിതത്തിൽ നിന്നു സ്വാഭാവികമായി വാർന്നുവീഴുന്നതായിരിക്കണം നമ്മുടെ ശുശ്രൂഷ. വിജയകരമായ ജീവിതത്തിന് ആനുപാതികമായി മാത്രമേ ഫലകരമായ ഒരു ശുശ്രൂഷ നമുക്ക് ഉണ്ടാകുകയുള്ളു.

സമകാലിക ഭാരതീയ സമൂഹത്തിൽ ക്രിസ്തീയതയുടെ ചൈതന്യം പകരുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ പലപ്പോഴും അത് അർത്ഥ പൂർണമായി ചെയ്യുവാൻ നമുക്കു കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ശുശ്രൂഷയും ജീവിതവും രണ്ടായി വേർപിരിഞ്ഞുകിടക്കുന്നതുകൊണ്ടല്ലേ? ഭാരതത്തിന് യേശുക്രിസ്തുവിനെ നമ്മുടെ ജീവിതംകൊണ്ടു കാണിച്ചുകൊടുക്കുവാൻ സാധിച്ചില്ലെങ്കിൽ ഈ മണ്ണിൽ നമ്മുടെ ശുശ്രൂഷ ഫലദായകമായിത്തീരുന്നതെങ്ങനെ?

ഇന്ത്യയിൽ അനേകവർഷങ്ങൾ പ്രേഷിതപ്രവർത്തനം നടത്തിയ പ്രശസ്ത മിഷനറിയും ഗ്രന്ഥകാരനുമായ സ്റ്റാൻലി ജോൺസ് ഇതു സംബന്ധിച്ച് തന്റെ ഒരനുഭവം വിവരിക്കുന്നതു കേൾക്കുക.

“ഒരിക്കൽ മഹാത്മാഗാന്ധിയുമായി സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹത്തോടു ഞാൻ പൊടുന്നനെ ഇങ്ങനെ ചോദിച്ചു.

“ഗാന്ധിജി, ക്രിസ്തീയത ഇന്ത്യയിൽ ദേശീയമായി അംഗീകരിക്കപ്പെടുന്ന ഒന്നായിത്തീരുവാൻ വളരെ ആഗ്രഹത്തോടെ കാത്തിരിക്കുന്ന ഒരുവനാണ് ഞാൻ. ക്രിസ്തീയത ഇന്ത്യയുടെ ദേശീയജീവിതത്തിന്റെ ഭാഗമായിത്തീരുകയും അതിന്റെ ശക്തി ഇന്ത്യയുടെ ഉയർച്ചയ്ക്കും രക്ഷയ്ക്കുമായി ഉപയോഗിക്കപ്പെടുകയും വേണം. ഇതു സാധ്യമായിത്തീരാൻ ഞങ്ങൾ എന്തുചെയ്യണമെന്നാണ് അങ്ങു നിർദ്ദേശിക്കുന്നത്?”

ഗാന്ധിജി ഒരു നിമിഷം നിശ്ശബ്ദത പാലിച്ചു. അദ്ദേഹം അതേപ്പറ്റി ഗാഢമായി ചിന്തിക്കുകയായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞുതുടങ്ങി.

“ഒന്നാമതായി ഞാൻ നിർദ്ദേശിക്കുന്നത് നിങ്ങൾ ക്രിസ്ത്യാനികൾ, മിഷനറിമാരുൾപ്പെടെ എല്ലാവരും, കൂടുതൽ യേശുക്രിസ്തുവിനെപ്പോലെ ജീവിക്കാൻ തുടങ്ങണം എന്നാണ്.

എത്രയോ ശരി! ആ വാക്കുകളിലൂടെ പ്രതിദ്ധ്വനിച്ചത് ഭാരതത്തിലെ കോടിക്കണക്കിന് അക്രൈസ്തവരുടെ മനോഭാവമാണെന്ന് വ്യക്തം. “നിങ്ങൾ നിങ്ങളുടെ യജമാനന്റെ ആത്മാവോടെ ഞങ്ങളെ സമീപിച്ചാൽ ഞങ്ങൾക്കു ക്രിസ്തീയതയെ ചെറുത്തുനില്പാൻ കഴിയുകയില്ല” എന്നല്ലേ അതിന്റെ അർത്ഥം?

“രണ്ടാമത്” ഗാന്ധിജി തുടർന്നു “നിങ്ങൾ ക്രിസ്തീയതയെ ഒട്ടും വെള്ളം ചേർക്കാതെ, അതിന്റെ മൂർച്ച കുറയ്ക്കാതെ, അതേപോലെ ജീവിതത്തിൽ പ്രായോഗികമാക്കുകയാണു വേണ്ടത്.

ഒന്നാമത്തെ നിർദ്ദേശത്തിന്റെ തന്നെ മറ്റൊരു വകഭേദമാണിത്. ക്രിസ്തീയതയെ ഒട്ടും വെള്ളം ചേർക്കാതെ പ്രയോഗത്തിൽ വരുത്തുവാൻ അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നു. പക്ഷേ നാം എന്താണു ചെയ്യുന്നത്?

“മൂന്നാമത് ഞാൻ നിർദ്ദേശിക്കുന്നത് നിങ്ങൾ സ്നേഹത്തിന് ജീവിതത്തിൽ കൂടുതൽ ഊന്നൽ നൽകണം. അതാണു ക്രിസ്തീയതയുടെ കേന്ദ്രവും ആത്മാവും” ഗാന്ധിജി പറഞ്ഞു.

കേവലം വികാരാനുഭൂതി എന്നതിനപ്പുറം സ്നേഹത്തെ ഭാരതീയ സമൂഹത്തിൽ ഒരു ആയുധമായി നാം ഉപയോഗിക്കണമെന്നാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ ഭാരതത്തിലെ ക്രിസ്തീയതയെക്കുറിച്ചു ഗാന്ധിജി നടത്തിയ നിരീക്ഷണം ഇന്നും പ്രസക്തമല്ലേ?

യേശുവിനെപ്പോലെ ജീവിക്കുക, ക്രിസ്തീയതയുടെ മൂർച്ച കുറയ്ക്കാതിരിക്കുക, സ്നേഹത്തിന് ഊന്നൽ കൊടുക്കുക. ഭാരതത്തെ ക്രിസ്തുവിനായി നേടുന്ന പ്രവർത്തനങ്ങളുടെയും പ്രഘോഷണ ശുശ്രൂഷയുടെയും തുടക്കം നമ്മുടെ ജീവിതത്തിൽ നിന്നുതന്നെ ആയിരിക്കണം.

സമകാലിക ഭാരതീയസമൂഹത്തിൽ ജീവിതത്തിന്റെ പിൻബലമില്ലാത്ത ശുശ്രൂഷ അംഗീകരിക്കപ്പെടുകയില്ലെന്ന സത്യം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതല്ലേ?

13 സഭകൾ നേരിടുന്ന ഭീഷണി


“നിങ്ങൾക്കുള്ള അടയാളമോ ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു” ലൂക്കോസ് 2:12.

യേശുവിന്റെ ജനനത്തെക്കുറിച്ച് വളരെ വിശദമായി രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷം ലൂക്കോസിന്റേതാണ്. എൺപതും, അമ്പത്തി രണ്ടും വാക്യങ്ങളുള്ള രണ്ടു സുദീർഘാധ്യായങ്ങളാണ് ലൂക്കോസ് യേശുവിന്റെ ജനനത്തെക്കുറിച്ച് വിവരിക്കാൻ മാറ്റിവച്ചത്.

ലൂക്കോസ് തൊഴിൽപരമായി ഒരു വൈദ്യനായിരുന്നു. യേശുവിന്റെ കന്യാ ജനനമാകട്ടെ, വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതവും. അതുകൊണ്ട് “ആദി മുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് യേശുവിനെക്കുറിച്ച് ഒരു ചരിത്രം ചമയ്ക്കാൻ’ ലൂക്കോസ് തുനിഞ്ഞപ്പോൾ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരങ്ങളിൽ ലൂക്കോസിന്റെ സവിശേഷശ്രദ്ധ പതിഞ്ഞതിൽ എന്താണത്ഭുതം?

അതെന്തായാലും, ലൂക്കോസ് യേശുവിന്റെ ജനനത്തെയും അനന്തരസം ഭവങ്ങളെയുംകുറിച്ച് സൂക്ഷ്മമായി പഠിക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്തതുകൊണ്ട് മറ്റു നിലയിൽ ചരിത്രത്തിന്റെ പുറമ്പോക്കിൽ പോലും സ്ഥാനം ലഭിക്കാൻ ഇടയില്ലാത്ത പലരും ചരിത്രത്തിന്റെ ഭാഗമായി. ബെത്ലഹേമിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്ന ഇടയന്മാർ അത്തരം ഒരു കൂട്ടരാണ്. കർത്താവിന്റെ ദൂതൻ പ്രത്യക്ഷനായി “സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം’ ഇടയന്മാരോടു സുവിശേഷിച്ചു “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. ‘ഈ നവജാതശിശുവിനെ തിരിച്ചറിയാൻ രണ്ട് അടയാളങ്ങളാണ് ദൂതന്മാർ പറഞ്ഞുകൊടുക്കുന്നത്. ഒന്ന്: ശീലകൾ ചുറ്റിയിരിക്കും. രണ്ട്. പശുത്തൊട്ടിയിൽ കിടക്കും.

യേശുവിനെ തിരിച്ചറിയാൻ ദൂതൻ ആട്ടിടയർക്കു നൽകിയ അടയാളങ്ങൾ അവയുടെ ലാളിത്യം കൊണ്ടാണ് ശ്രദ്ധേയമായിരുന്നത്. പശുത്തൊട്ടിയിൽ കിടന്നിരുന്ന ആ നവജാതശിശുവിന്റെ ശരീരം ഒരു ദരിദ്രകുടുംബത്തിന് സാധ്യമായ വിധത്തിലുള്ള ശീലകളാൽ ചുറ്റപ്പെട്ടിരുന്നു. “പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമാണ് ഈ കീറ്റു ശീലയിൽ കിടക്കുന്നതെന്ന് മഹാ കവി കെ.വി.സൈമൺ പാടിയത് ഓർക്കുക. പുൽക്കൂടു മുതൽ കാൽവറിവരെയുള്ള യേശുവിന്റെ ജീവിതത്തെ എടുത്താൽ ലാളിത്യത്തിന്റെയും താഴ്മയുടേയും അടയാളങ്ങളാലാണ് അവിടുത്തെ ദൃശ്യശരീരം അലങ്കരിക്കപ്പെട്ടിരുന്നതെന്നു കാണാം.

ഇന്ന് യേശു ഈ ഭൂമിയിലില്ല. എന്നാൽ അവിടുത്തെ ശരീരം ഇന്നു ഭൂമിയിലുണ്ടെന്നു ബൈബിൾ വ്യക്തമാക്കുന്നു. അതു മറ്റൊന്നല്ല, സഭയാണ്. ക്രിസ്തു തലയായിരിക്കുന്ന ശരീരമായ സഭ.

എന്നാൽ ഇന്ന് ഭൂമിയിൽ യേശുവിന്റെ അദൃശ്യശരീരത്തെ (സഭയെ തിരിച്ചറിയാനുള്ള അടയാളങ്ങൾ എന്തെല്ലാമാണ്? സഭയാകുന്ന ശരീരം ഇന്ന് അലങ്കരിക്കപ്പെട്ടിരിക്കുന്നത് താഴ്മയുടേയും ലാളിത്യത്തിന്റേയും ചിഹ്നങ്ങൾ കൊണ്ടാണോ?

യേശുവിനെ നാഥനും കർത്താവുമായി സ്വീകരിച്ചിട്ടുള്ള എല്ലാവരും, ദേശത്തിന്റേയും ഭാഷയുടേയും കാലത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച്, അവിടുത്ത ശരീരമായ സഭയിലെ അംഗങ്ങളാണല്ലോ. ഈ സാർവ്വദേശീയസഭ (Universal Church) അദൃശ്യമാണ്. ഈ സഭയുടെ ജീവൻ യേശുവിന്റെ ദിവ്യ ജീവൻ തന്നെയാണ്. തലയായ ക്രിസ്തുവിൽ നിന്നുള്ള ചൈതന്യമാണ് ഈ ശരീരത്തേയും ത്രസിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ യേശുവിന്റെ സ്വഭാത്തിൽ നിന്ന് അന്യമായ ഒന്നും ഈ സഭയായ ശരീരത്തിലും ഉണ്ടാവുകയില്ല.

എന്നാൽ ഇന്നു ലോകത്തിന് ഈ സാർവ്വദേശീയമായ അദൃശ്യമായ സഭയെ കാണുവാൻ കഴിയുകയില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം സഭ എന്നു പറയുന്നത് അവരവരുടെ പ്രദേശത്തു കാണുന്ന ദൃശ്യമായ പ്രാദേശിക കൂടിവരവുകളാണ്. അതുകൊണ്ടുതന്നെ ഈ പ്രാദേശികസഭകൾ യേശുവിന്റെ ജീവനാൽ നടത്തപ്പെടുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ ലോകത്തിന് താഴ്മയുടേയും ലാളിത്യത്തിന്റെയും അടയാളങ്ങളാൽ ഇന്നു തിരിച്ചറിയുവാൻ കഴിയുന്നുണ്ടോ?

വളരെ വർഷങ്ങൾ ഉത്തരേന്ത്യയിൽ പ്രവർത്തിച്ചിരുന്ന സ്റ്റാൻലി ജോൺസ് എന്ന ക്രിസ്തീയ മിഷനറി തന്റെ അനുഭവം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. അദ്ദേഹം വിദ്യാസമ്പന്നരും സമൂഹത്തിൽ ഉന്നതനിലയിലുള്ളവരുമായ ഒരു പറ്റം ആളുകളോട് സുവിശേഷം പ്രസംഗിക്കുകയായിരുന്നു. ആ യോഗത്തിന്റെ ഒടുവിൽ അദ്ദേഹം പറഞ്ഞു “പ്രിയ സഹോദന്മാരേ, ഞാൻ നിങ്ങളോട് ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുകയായിരുന്നല്ലോ. എന്നാൽ നിങ്ങളിലാരും ക്രിസ്തുവിനെ എന്തുകൊണ്ടാണു പരസ്യമായി സ്വീകരിക്കാതിരിക്കുന്നതെന്ന് ദയവായി എന്നോടു തുറന്നു പറയുക. എന്നെയും ഒഴിവാക്കേണ്ട. ഞാനെന്ന വ്യക്തിയല്ല ഇവിടത്തെ പ്രശ്നം. തുറന്നു പറയാൻ മടിക്കരുത്.

സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റു.“ നിങ്ങൾ ഞങ്ങളോട് ക്രിസ്ത്യാനികളാകാൻ പറഞ്ഞു. പക്ഷേ നിങ്ങളുടെ തന്നെ സംസ്കാരം എത്രത്തോളം ക്രിസ്തീയമാണ് നിങ്ങളുടെ വാഷിങ്ടണിലെ ഭരണകൂടം അഴിമതിയിൽ മുങ്ങിക്കുളിച്ചതല്ലേ?”

മറ്റൊരാൾ “ നിങ്ങൾ അമേരിക്കയിൽ കറുത്തവർഗ്ഗക്കാരോട് വിവേചനത്തോടെയല്ലേ പെരുമാറുന്നത്?”

മൂന്നാമതൊരാൾ “ നൂറ്റാണ്ടുകളായി പടിഞ്ഞാറൻ നാടുകളിൽ ക്രിസ്തീയത ഉണ്ടല്ലോ. യേശു സമാധാനത്തിന്റെ പ്രഭുവായിട്ടും ഇന്നും യുദ്ധങ്ങളിൽ നിന്ന് ഒരു വിടുതൽ നിങ്ങൾക്കു നേടാനായില്ലല്ലോ..

ക്രിസ്തീയമെന്ന് അവകാശപ്പെടുകയും അതേസമയം അഴിമതി, വർണ വിവേചനം, യുദ്ധക്കൊതി എന്നിവയിൽ നിന്നു മോചനം നേടാതിരിക്കയും ചെയ്യുന്ന പാശ്ചാത്യസംസ്കാരത്തോടുള്ള ഭാരതീയ പ്രതികരണമാണിത്.

യേശുവിന്റെ ലാളിത്യത്തിന്റെയും, താഴ്മയുടേയും അടയാളങ്ങളൊന്നും ഇല്ലാതിരിക്കെ യേശുവിന്റെ ശരീരമെന്ന് അവകാശപ്പെടുന്ന സഭയോടും ഇന്നു ഭാരതത്തിന്റെ പ്രതികരണം വ്യത്യസ്തമായിരിക്കുകയില്ല. ഭാരതീയർക്ക് യേശു സ്വീകാര്യനായിരിക്കും. പക്ഷേ ഭാരതീയസഭകളോ?

സുവിശേഷവിഹിതസഭകൾ പോലും യേശുവിന്റെ ജീവനിൽ ഊന്നുന്നതിനു പകരം സഭയുടെ രൂപത്തിനും ഘടനയ്ക്കും പ്രാധാന്യം നൽകുന്ന കാലഘട്ടമാണിത്. ഫലം സഭയുടെ ജീവൻ നഷ്ടപ്പെടുന്നു. അതു പൊള്ളയായ ഒരു ചട്ടക്കൂടു മാത്രമായി അധഃപതിക്കുന്നു. ഇതല്ലേ സഭകൾ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി

ഇനി പറയൂ: സഭകൾ ഇന്നു നേരിടുന്ന യഥാർത്ഥഭീഷണി പുറമേ നിന്നുള്ളതോ അതോ അകമേ നിന്നുള്ളതോ?

14 താഴ്മയിൽ അനുഗമിക്കുക


യേശു സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് എന്താണ്? തന്നിൽ വിശ്വസിക്കുവാനാണെന്നു പലരും കരുതുന്നു. എന്നാൽ “വിശ്വസിക്കുക’ എന്നു പറഞ്ഞതിനെക്കാളേറെ അവിടുന്നു പറഞ്ഞിട്ടുള്ളത് തന്നെ “അനുഗമിക്കുക’ എന്നാണ്. തന്നിൽ വിശ്വസിക്കുവാൻ യേശു ആവശ്യപ്പെട്ടു. എന്നാൽ വിശ്വസിക്കുന്നതിനും അപ്പുറത്ത് നാം തന്നെ അനുഗമിക്കണം എന്നതിനാണ് യേശു ഊന്നൽ നൽകിയത്.

ഇന്നത്തെ ക്രിസ്തീയ വിശ്വാസസമൂഹം ഈ വസ്തുത മനസ്സിലാക്കിയിട്ടുണ്ടോ? യേശുവിനെ വിശ്വസിച്ചാൽ തന്നെ ധാരാളം മതി എന്ന മട്ടാണവർക്ക്. അതിനപ്പുറത്ത് അനുഗമിക്കുക എന്നു പറഞ്ഞാൽ…

അനുഗമിക്കുക എന്നുപറഞ്ഞാൽ മുൻപേ പോയ ആളുടെ പിന്നാലെ പോകുക എന്നാണ്. അതേ വഴിയിലൂടെ, ആ കാൽച്ചുവടുകളെ പിൻതുടർന്ന്, ആ പാദമുദ്രകളിൽ തന്നെ പദമൂന്നി…..

യേശുവിന്റെ ജീവിതത്തെ അനുഗമിക്കുവാൻ നമുക്ക് എങ്ങനെ കഴിയും? ഇതിനു മറുപടി ഒന്നേയുള്ളൂ താഴ്മയിൽ മാത്രമേ നമുക്ക് യേശുവിനെ അനുഗമിക്കുവാൻ കഴിയൂ. അതുകൊണ്ട് യേശു പറഞ്ഞു “എന്നിൽ നിന്നു പഠിക്കുക; കാരണം ഞാൻ സൗമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവനാണ്. സ്നേഹമോ, കരുണയോ, അനുസരണമോ തന്നിൽ നിന്നു പഠിക്കുവാൻ യേശു ആവശ്യപ്പെട്ടില്ല. മറിച്ച് താഴ്മയും സൗമ്യതയും മാത്രം. യേശുവിനെ അനുഗമിക്കുവാൻ അടിസ്ഥാനപരമായി വേണ്ടത് അതായതുകൊ ണ്ടാണ് അവിടുന്ന് തന്നിൽ നിന്നു താഴ്മ പഠിക്കുവാൻ പറഞ്ഞത്.

താഴ്മയെപ്പറ്റി തെറ്റായ പല ആശയങ്ങളുമാണു പലർക്കും ഉള്ളത്. കഴിവുള്ള പുരുഷന്മാർ തങ്ങൾ കഴിവില്ലാത്തവരാണെന്നും സുന്ദരികളായ സ്ത്രീകൾ തങ്ങൾ വിരൂപിണികളാണെന്നും ചിന്തിക്കുന്നതല്ല താഴ്മയെന്നു സി.എസ്.ലൂയിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാരണം, ഉള്ളത് ഇല്ലെന്നു പറയുമ്പോൽ അതു സത്യമല്ല അതൊരുതരം കണ്ണടച്ചിരുട്ടാക്കലാണ്. ആ നിലപാടിൽ അടിസ്ഥാനപരമായി ഒരു സത്യസന്ധതയില്ലാത്തതുകൊണ്ട് അതു ദൈവ മുൻപാകെ നിലനിൽക്കുകയുമില്ല. തങ്ങളെത്തന്നെ ഇടിച്ചു പറയുന്നതല്ലതാ. അങ്ങനെ ചെയ്യുന്നതു നിഗളത്തിന്റെ തന്നെ മറുവശമാണ്. “ഞാനെത കേമൻ’ എന്നു പറയുന്നതിന്റെ മറുവശമല്ലേ “ഞാനെത്ര പാവം’ എന്ന നിലപാടും. “അമ്പമ്പട ഞാനേ!’ എന്നു പറയുന്നതു നിഗളമാണെങ്കിൽ “അയ്യോ പാവം ഞാനേ!’ എന്നു പറയുന്നതും നിഗളം വേഷം മാറിവരുന്നതു തന്നെയാണ്. കാരണം, രണ്ടിലും “ഞാൻ” ഉണ്ട്.

അങ്ങനെയെങ്കിൽ യഥാർത്ഥതാ എന്താണ്?. തന്നെക്കുറിച്ചു തന്നെ ചിന്തിക്കാതിരിക്കുന്നതാണു താഴ്മ എന്നു പറയാം. സ്വയംപ്രശംസയുടെ ചിന്തയിലാണെങ്കിലും സ്വയംസഹതാപത്തിന്റെ ചിന്തയിലാണെങ്കിലും അവിടെ കേന്ദ്രത്തിൽ ഉള്ളതു സ്വയം തന്നെയാണ്. ‘സ്വയം’ ആ കേന്ദ്രത്തിൽ നിന്നു ഗളഹസ്തം ചെയ്ത് അവിടെ ദൈവത്തെ പ്രതിഷ്ഠിച്ച് തന്നെക്കുറിച്ചു തന്നെ യുള്ള ചിന്തകളിൽ നിന്നു കുതറി മാറുന്നതാണു താഴ്മ. തന്നെത്തന്നെ ശൂന്യനാക്കി സ്വന്ത അസ്തിത്വത്തെ നിഷേധിക്കണമെങ്കിൽ അതിന് എത്ര താഴ്മ ആവശ്യമുണ്ട്. യേശു താഴ്മയുടെ ഏഴുപടികൾ ഇറങ്ങി വന്നു മനുഷ്യനായിത്തീർന്നതിനെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഫിലിപ്യർ 2:6-8) ശ്രദ്ധിച്ചാൽ സ്വയത്തിന്റെ ഈ നിഷേധം വ്യക്തമാകും.

ജഡാവതാരത്തിൽ താഴ്മ ധരിച്ചതുപോലെ യേശുവിന്റെ ഈ ലോകത്തിലെ ജീവിതത്തിലും താഴ്മ നമുക്ക് കാണുവാൻ കഴിയും. യേശുവിന്റെ ആർദ്രമായ നോട്ടത്തിലും ലാവണ്യവാക്കുകളിലുമല്ല താഴ്മ കാണേണ്ടത്. യേശു ഭൂമിയിലായിരുന്നപ്പോൾ സ്വയത്തിൽ നിന്നു പ്രവർത്തിക്കുവാനും പ്രതികരിക്കുവാനും വിസമ്മതിച്ചു. പിതാവിൽ മാത്രം സമ്പൂർണ ആശയവും സമർപ്പണവുമുള്ള ഒരു ജീവിതം നയിച്ചതുകൊണ്ട് തന്നെക്കുറിച്ചുള്ള ചിന്തകൾ തന്നെ സ്പർശിച്ചില്ല. തന്റെ സാഹചര്യങ്ങളും, വാക്കും പ്രവൃത്തിയും, സ്നേഹിതരും എല്ലാം പിതാവിൽ നിന്നു ലഭിച്ചതാണ്. പിതാവിൽ നിന്നു സ്വതന്ത്രമായി പുത്രന് ഒരു അസ്തിത്വമില്ല. പിതാവിന്റെ ഹിതം നിറവേറ്റുകയാണു പുത്രന്റെ ജീവിത ലക്ഷ്യം. പിതാവിൽ നിന്ന് അന്യപ്പെട്ട് സ്വയമായി ഒന്നും ചെയ്യാൻ കഴിയുക യില്ല. ചുരുക്കത്തിൽ “ഞാനല്ല, പിതാവാണ് എല്ലാം” എന്ന മനോഭാവം. ഇതുതന്നെയാണ് താഴ്മയും. മരുഭൂമിയിൽ പിശാച് യേശുവിനെ പരീക്ഷിച്ച രംഗം വായിച്ചാൽ ഈ താഴ്മയിൽ നിന്നുമാറി സ്വയത്തിൽ നിന്നു പ്രതികരിക്കുവാനും ചിന്തിക്കുവാനുമാണ് അവൻ പ്രലോഭിപ്പിച്ചതെന്നു കാണുവാൻ കഴിയും. പക്ഷേ യേശു താഴ്മയിൽ തന്നെ അടിയുറച്ചു നിൽക്കുകയാണുണ്ടായത്.

താഴ്മയിൽ നിന്നാണ് പിതാവിനോടുള്ള യേശുവിന്റെ അനുസരണവും മറ്റു ള്ളവരോടുള്ള സൗമ്യമായ പെരുമാറ്റവും ഉത്ഭവിച്ചത്. ഹൃദയത്തിൽ താഴ്മ ഉണ്ടെങ്കിൽ പെരുമാറ്റത്തിൽ സൗമ്യത വെളിപ്പെടും. ആളുകൾ മോശമായി ഇടപെടുകയും ന്യായം നിഷേധിക്കുകയും ചെയ്തപ്പോഴും തന്നെത്താൻ താഴ്ത്തി സൗമ്യമായി പ്രതികരിക്കാൻ യേശുവിനു കഴിഞ്ഞു. യെശയ്യാവ് 53-ൽ യേശുവിന് അന്യായമായി ഏൽക്കേണ്ടിവന്ന പീഡനങ്ങളുടെ വിവരണം നാം കാണുന്നു. അന്യായമായ പെരുമാറ്റത്തിന്റെ മുൻപാകെ ആരും പൊട്ടിത്തെറിച്ചു പോകാവുന്ന ആ രംഗത്ത് യേശു വായെ തുറക്കാതെ നിന്നു. എങ്ങനെയാണ് അതു കഴിഞ്ഞത്. “അവൻ തന്നെത്താൻ താഴ്ത്തി’ എന്നവിടെ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക. (53:7). ഹൃദയത്തിൽ നേരത്തേതന്നെ താഴ്മയുള്ളവനാണ് യേശു. എന്നിട്ടും സമ്മർദ്ദങ്ങൾ ഉണ്ടായപ്പോൾ വീണ്ടും അവിടുന്ന് സ്വയത്തെ നിഷേധിച്ചു തന്നിൽ നിന്ന് പ്രതികരിക്കുവാൻ വിസമ്മതിച്ചു. പിതാവിൽ ആശ്രയിച്ചു അങ്ങനെ തന്നെത്താൻ താഴ്ത്തി.

അന്ത്യ അത്താഴത്തിന്റെ സമയത്ത് യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയ രംഗവും സ്വതവേ താഴ്മയുള്ളവനായ യേശു വീണ്ടും തന്നെത്തന്നെ താഴ്ത്തിയ മറ്റൊരു സന്ദർഭമാണ്. എന്തുകൊണ്ടാണ് അതു വേണ്ടിവന്നത്? മൂന്നു വർഷം താൻ വേണ്ട ഉപദേശങ്ങൾ എല്ലാം നൽകിയിട്ടും അവസാന മണിക്കൂറിലും നേതൃത്വത്തിനുവേണ്ടി അന്യോന്യം പോരടിക്കുന്ന പ്രിയശിഷ്യന്മാർ. തന്നെ ഒറ്റിക്കൊടുക്കാൻ അച്ചാരം വാങ്ങിയ ശേഷം ഒന്നും അറിയാത്ത മട്ടിൽ ഇരിക്കുന്ന ഇസ്കര്യോത്താ യുദ. തന്നെ തള്ളിപ്പറയുകയും പ്രാകുകയും ചെയ്യാൻ പോകുന്ന പത്രോസ്. അവരെ ഓരോരുത്തരേയും ആ മാളികമുറിയിൽ ഇരുന്ന് ഒരു പ്രാവശ്യം കൂടി വീക്ഷിച്ചപ്പോൾ താൻ ഇതുവരെ ചെയ്തതെല്ലാം വൃഥാവായോ എന്ന ദുഃഖം അവിടുത്തെ ഹൃദയത്തിൽ ഉയർന്നിരിക്കാം. ഏറ്റവും നല്ല വചനങ്ങൾ മൂന്നു വർഷം കേട്ടിട്ടും അതിന്റെ ഒരു ഗുണവുമില്ലാത്ത സ്വാർത്ഥമായ ഈ ശിഷ്യന്മാരുടെ നേരെ ആരും പൊട്ടിത്തെറിച്ചു പോകാവുന്ന രംഗം. പക്ഷേ യേശു ഒരു വാക്കുകൊണ്ടു പോലും അവരെ കുറ്റപ്പെടുത്തിയില്ല. മറിച്ച് പ്രകോപിതനാകാൻ പ്രലോഭിപ്പിക്കപ്പെട്ട ആ രംഗത്ത് തന്നെത്താൻ താഴ്ത്തി അവരുടെ പാദങ്ങൾ കഴുകുന്നു.

“പിതാവാണ് എല്ലാം’ എന്ന താഴ്മയും പ്രകോപനങ്ങളുടെ മുമ്പിൽ വീണ്ടും തന്നെത്താൻ താഴ്ത്തുന്ന മനോഭാവവും യേശുവിനുണ്ടായിരുന്നു. തന്നിൽ നിന്ന് നമുക്കും അത് പഠിക്കാം. താഴ്മയിൽ യേശുവിനെ അനുഗമിക്കാം.

15 വിശ്വാസത്തിന്റെ വാക്കുകൾ


“എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ മാത്രം സംസാരിക്കുക. ഒടുവിൽ, ഒരുനാൾ, അതു യാഥാർത്ഥ്യമായിത്തീരും”. ഇന്ന് ക്രിസ്തീയഗോളത്തിൽ ഏറെ പ്രചാരമുള്ള ഒരു വീക്ഷണമാണിത്.

ഇതിൽ വചനവിരുദ്ധമായൊന്നുമില്ല. എന്നാൽ എന്തിനെക്കുറിച്ചാണ് ഇന്ന് ആളുകൾ വിശ്വാസത്തിന്റെ വാക്കുകൾ പറയുകയും അവ യാഥാർത്ഥ്യമായിത്തീരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. പലപ്പോഴും അവരുടെ ഭൗതികമായ ആഗ്രഹങ്ങളെയും മോഹങ്ങളെയും പറ്റിയാണ് അവർ “വിശ്വാസത്തിന്റെ വാക്കുകൾ’ പറയുന്നതും ഇന്നല്ലെങ്കിൽ നാളെ ഈ സ്വപ്നങ്ങളെല്ലാം പൂവണിയും എന്ന് ആശിക്കുന്നതും. ഇന്നത്തെ “സമൃദ്ധിയുടെ പ്രവാചകന്മാർ’ ഈ ചിന്തയെ ഏറെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. “നിങ്ങൾക്ക് എന്താണു വേണ്ടത്? കാറാണോ വീടാണോ? വേണ്ടത് എന്തെന്നുവച്ചാൽ അത് ആദ്യം മനസ്സിൽ കാണണം. അതിന്റെ വിശദാംശങ്ങൾ ഭാവനയിൽ കാണുകയും അത് ആഗ്രഹ ചിന്തയിൽ വച്ച് താലോലിക്കുകയും അത് ലഭിച്ചതായി വിശ്വസിക്കുകയും ചെയ്യുക. പിന്നെ അതേക്കുറിച്ച് വിശ്വാസത്തിന്റെ വാക്കുകൾ പറയണം. പറഞ്ഞുകൊണ്ടേയിരിക്കണം. അവിശ്വാസത്തിന്റെ വാക്കുകളൊന്നും വായിൽനിന്നു വീഴാതെ സൂക്ഷിക്കണം. ഒടുവിൽ ഒരുനാളിൽ ആ അത്ഭുതം സംഭവിക്കും – നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾക്ക് ലഭിക്കും”.. ഇങ്ങനെയാണ് ഈ ചിന്തയുടെ പോക്ക്.

ആസാഫ് സങ്കീർത്തനത്തിൽ പറയുന്നതുപോലെ ഇവിടെ ഇവർ ദൈവത്തോടു ചോദിക്കുന്നത് തങ്ങൾ കൊതിക്കുന്ന’ കാര്യങ്ങളാണ്. യിസ്രായേൽ ജനത മരുഭൂമിയിൽ വച്ച് ദൈവത്തോട് ആവശ്യപ്പെട്ടതും തങ്ങളുടെ കൊതിയെ തൃപ്തിപ്പെടുത്തണം എന്നാണ്. എന്നാൽ അവർ ദൈവത്തെ പരീക്ഷിക്കുകയായിരുന്നുവെന്നു പരിശുദ്ധാത്മാവു രേഖപ്പെടുത്തുന്നു. “തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചുകൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.” (സങ്കീ. 78:18) എന്നാൽ “അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു” (78:29). പക്ഷേ ഒടുവിൽ “ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു. അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു. യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ദൈവം നമ്മുടെ ആഗ്രഹങ്ങളെ അനുവദിക്കുമ്പോൾ തന്നെ, നാം കൊതി ച്ചതു നാം അനുഭവിക്കുമ്പോൾ തന്നെ, അവിടുത്തെ കോപം നമ്മുടെമേൽ വരികയും നാം സംഹരിക്കപ്പെടുകയും ചെയ്യുക! എത്ര ഭയാനകമാണത്. “ഇത് ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു. ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധപദേശത്തിനായി എഴുതിയുമിരിക്കുന്നു” (1 കൊരി 10:11).

ഇവിടെ ന്യായമായും ഒരു ചോദ്യം ഉയരാം. കാര്യങ്ങൾ ഇങ്ങനെയാണങ്കിൽ ദൈവത്തോടു നമുക്കു ഭൗതികമായ ആവശ്യങ്ങൾ ചോദിക്കാൻ കഴിയുമോ? തീർച്ചയായും ആകാം. കർത്താവായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, തന്നെ സമീപിച്ചവരുടെ ഭൗതികമായ ആവശ്യങ്ങളെല്ലാം-ഭക്ഷണം, രോഗസൗഖ്യം, പ്രകൃതിക്ഷോഭങ്ങളിൽനിന്നുള്ള വിടുതൽ എന്നിങ്ങനെ സാധിച്ചുകൊടുത്തു. യേശുക്രിസ്തു പ്രാർത്ഥിക്കാൻ ശിഷ്യരെ പഠിപ്പിച്ചപ്പോഴും ആത്മീയാവശ്യങ്ങൾ ഉന്നയിക്കുന്നതിനു മുൻപ് “ഞങ്ങൾക്ക് ഇന്നത്തെ അപ്പം തരണമേ’ എന്ന് ഭൗതികമായ ആവശ്യത്തിനുവേണ്ടി സ്വർഗ്ഗസ്ഥനായ പിതാവിനോടു യാചിക്കാനാണു പഠിപ്പിച്ചത്. ഇല്ല, ഭൗതികതയെ വിസ്മരിച്ചുകൊണ്ടുള്ള ഒരു സൂപ്പർ സ്പിരിച്വാലിറ്റി’യല്ല ബൈബിൾ ഉന്നം വയ്ക്കുന്നത്. എങ്കിൽ പിന്നെ ദൈവത്തോടു ചോദിക്കുന്നതിൽ എന്താണു തകരാറ് ചോദിക്കുന്നതിൽ തകരാറില്ല. എന്നാൽ ദൈവിക പ്രമാണത്തെ മറികടന്ന് ദൈവം പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതിലും കൊതിയെ തൃപ്തിപ്പെടുത്താൻ ദൈവത്തെ പരീക്ഷിക്കുന്നതിലുമാണു തകരാറ്.

വിശ്വാസികളോടുള്ള പ്രവർത്തനത്തിലെ ദൈവികപ്രമാണം നാം റോമർ 8:28ൽ കാണുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ആത്യന്തിക നന്മയാണ് അവിടുത്തെ ലക്ഷ്യം. നമ്മുടെ ആത്യന്തിക നന്മയ്ക്ക് സഹായകരമല്ലെങ്കിൽ ചില യാചനകൾക്ക് അവിടുന്ന് അനുകൂല മറുപടി നൽകിയില്ലെ ന്നിരിക്കും. മുട്ടുക, അന്വേഷിക്കുക, ചോദിക്കുക (Knock, seek, Ask) എന്നിങ്ങനെ കർത്താവു പറയുന്നതിനോടു ചേർന്ന് ഗിരിപ്രഭാഷണത്തിൽ അവിടുന്നു വിവരിക്കുന്ന ഒരു ഉപമ ഇതു സംബന്ധിച്ചു നമുക്കു കൂടുതൽ വെളിച്ചം നൽകും.

“ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടത്തും, മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ, മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും.” (മത്തായി 7:7-11).

പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നതിനു പിന്നിലെ രഹസ്യം വിശദീകരിക്കുവാൻ കർത്താവ് ഇവിടെ ഒരു മകനേയും പിതാവിനേയുമാണ് ഉദാഹരണമായെടുക്കുന്നത്. ഉപമയിലെ എല്ലാം അറിയുന്ന പിതാവിന്, തന്റെ മകന് ഏതാണ് നന്മയായുള്ളത് ഏതാണ് തിന്മ എന്ന കാര്യം തികച്ചും വ്യക്തമാണ്. എന്നാൽ മകന് ആ തിരിച്ചറിവില്ല. അവന് ആകെ ഒരു കാര്യമേ അറിയൂ – പിതാവിനോടു യാചിക്കുക. മകൻ ചോദിക്കുന്നതും, പിതാവു നൽകുന്നതുമായ കാര്യങ്ങളുടെ പ്രതീകമായി കല്ല് അപ്പം, പാമ്പ് മീൻ എന്നിവയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. (ലൂക്കോസിന്റെ സുവിശേഷത്തിൽ തേൾ മുട്ട എന്നൊരു ജോഡികൂടെ നാം കാണുന്നു). ഇതിൽ അപ്പവും മീനും മുട്ടയും നന്മയുടെ പ്രതീകമാണ്. മറിച്ച് കല്ലും പാമ്പും തേളും തിന്മയെ പ്രതിനിധാനം ചെയ്യുന്നു. നന്മയും തിന്മയും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കഥയുടെ കുരു കഴിക്കാൻ നമുക്ക് ഈ ഉപമയെ ഇങ്ങനെ പരാവർത്തനം ചെയ്യാമെന്നു തോന്നുന്നു. തിരിച്ചറിവില്ലാത്ത മകൻ ഒരു കല്ല് കണ്ടിട്ട് അത് അപ്പമാണെന്ന് തെറ്റിദ്ധരിച്ച് പിതാവിനോട് ആ അപ്പത്തിനുവേണ്ടി യാചിക്കുന്നു. പക്ഷേ അത് അപ്പമല്ല യഥാർത്ഥത്തിൽ കല്ലാണെന്ന് അറിയാവുന്ന സ്നേഹവാനായ പിതാവ് അത് അവന്റെ യാചന പോലെ നൽകുന്നില്ല. പാമ്പിനെ കണ്ടിട്ട് മീനെന്നും തേളിനെ കണ്ടിട്ട് മുട്ടയെന്നും തെറ്റിദ്ധരിച്ച് ഇതേപോലെ അവൻ യാചിക്കുന്നു. പക്ഷേ മകൻ വിചാരിക്കുന്നതുപോലെ അവ യഥാർത്ഥത്തിൽ നന്മയല്ല മറിച്ച് തിന്മയാണെന്ന് അറിയാവുന്ന പിതാവ് അവന് അവ നൽകുന്നില്ല.

ഉവ്വ്, നമ്മുടെ നോട്ടത്തിൽ നന്മയായി തോന്നുന്നതു ആത്യന്തികമായി നമുക്കു തിന്മയാണെന്നു വന്നേക്കാം. (നാം അപ്പം എന്നു കരുതുന്നത് യഥാർത്ഥത്തിൽ കല്ലാണെന്നു വരാം എന്നു സാരം.) അതുകൊണ്ട് നാം ഒരു പ്രത്യേക കാര്യത്തിനു വേണ്ടി യാചിച്ചാലും അത് നമുക്ക് യഥാർത്ഥത്തിൽ നന്മയ്ക്കായി പരിണമിക്കുമെങ്കിൽ മാത്രമേ പിതാവ് അത് അനുവദിക്കുകയുള്ളു. ദൈവത്തിന്റെ നന്മയുടെ പ്രമാണം ഈ നിലയിലാണ് നമ്മെ സംബന്ധിച്ച് പ്രവർത്തിക്കുന്നത്.

ദൈവത്തിന്റെ ഈ പ്രവർത്തനവിധം മനസ്സിലായാൽ നാം യാചിക്കും; പക്ഷേ ഭോഗേച്ഛകളിൽ ചെലവിടേണ്ടതിന് വല്ലാതെ യാചിക്കുകയില്ല. നാം വിശ്വാസത്തിന്റെ വാക്കുകൾ സംസാരിക്കും; പക്ഷേ ദൈവത്തെ പരീക്ഷിക്കാനായി “വിശ്വാസത്തിന്റെ വാക്കുകൾ” ഉരുവിടുകയില്ല.

16 ദുഃഖങ്ങളെ പ്രയോജനപ്പെടുത്തുക


“നിങ്ങളുടെ ദുഃഖങ്ങളെ പാഴാക്കരുത്’ (Don’t waste your sorrows) പ്രശസ്‌തമായ ഒരു ക്രിസ്തീയ ഗ്രന്ഥത്തിന്റെ ശീർഷകം. ഒപ്പം ക്രിസ്തീയ ജീവിതത്തിൽ നാം എന്നും ഓർത്തിരിക്കേണ്ട ഒരു താക്കീതും മുന്നറിയിപ്പും കൂടിയാണിത്.

ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് ദുഃഖങ്ങളും പരിശോധനകളും ഉണ്ടോ? ഉണ്ടെന്നു ബൈബിൾ. നമ്മുടെ അനുഭവവും അതാണ്. എന്നാൽ സമൃദ്ധിയുടെ സുവിശേഷത്തിന്റെ (Prosperity Gospel) പിൻബലത്തിൽ ഇന്നു നാം ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന സുവിശേഷ സന്ദേശം ക്രിസ്തീയ ജീവിതത്തെക്കുറിച്ച് അയാഥാർത്ഥമായ ഒരു ചിത്രമാണോ നൽകുന്നതെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. കടഭാരം, രോഗപീഡനം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും വിശ്വാസത്തിലേക്കു വരുന്നതോടെ ഒറ്റയടിക്കു പരിഹരിക്കപ്പെടുമെന്നും “വീട്, വണ്ടി, വിസ’ എന്നിങ്ങനെ വേണ്ടതെല്ലാം മനസ്സിൽ കണ്ടു ചോദിച്ചു വാങ്ങുന്നതാണു വിശ്വാസജീവിതമെന്നും സുവിശേഷകൻ തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോൾ കേട്ടിരിക്കാൻ രസമുണ്ടെങ്കിലും പലതും യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുന്നില്ല. ഉവ്വ്, യേശുക്രിസ്തുവിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്നും അവിടുന്നാണ് എല്ലാറ്റിന്റേയും ഏക ഉത്തരമെന്നും നാം വിശ്വസിക്കുന്നു. എന്നാൽ നിങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി യേശു’ എന്ന നിലയിൽ സുവിശേഷം അവതരിപ്പിക്കപ്പെടുമ്പോൾ സ്വാർത്ഥലാക്കോടെ ആളുകൾ മുന്നോട്ടു വരികയും ഒടുവിൽ ക്രിസ്തീയതയുടെ യാഥാർത്ഥ്യത്തെ സ്പർശിക്കാതെ പിന്മാറിപോകുകയും ചെയ്യാനുള്ള സാധ്യതയില്ലേ എന്നതാണു പ്രസക്തമായ ചോദ്യം. അങ്ങനെയെങ്കിൽ ഫല ത്തിൽ നാം അവരെ ഇരട്ടി നരകത്തിനു യോഗ്യരാക്കിത്തീർക്കുകയല്ലേ എന്നും ഭയപ്പെടണം.

ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് പരിശോധനകളുണ്ടോ? ഉണ്ടെങ്കിൽ ദൈവം എന്തിനാണ് അതനുവദിക്കുന്നത് എന്ന ചോദ്യത്തിലേക്കു മടങ്ങി വരാം. ദൈവം എന്തുകൊണ്ട് തന്റെ മക്കളെ പരിശോധനകളിലൂടെ കടത്തി വിടുന്നു? ഓരോ ദൈവപൈതലിനേക്കുറിച്ചുമുള്ള ദൈവത്തിന്റെ ആത്യന്തികലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടിയാണിത് എന്നാണ് ബൈബിൾ നൽകുന്ന മറുപടി. എന്താണ് ആ ആത്യന്തിക ലക്ഷ്യം?

ചില ദൈവവചനങ്ങൾ കാണുക

“ദൈവം മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാകുവാൻ അവിടുന്നു മുൻ നിയമിച്ചിരിക്കുന്നു’ (റോമർ 8:29)

“തന്റെ സന്നിധിയിൽ നാം നിഷ്കളങ്കരും വിശുദ്ധരും ആകേണ്ടതിന് ദൈവം ലോകസ്ഥാപനത്തിനു മുൻപേ നമ്മെ ക്രിസ്തുവിൽ തിരഞ്ഞടുത്തു’ (എഫേസ്യർ 1:4)

മുമ്പേ ദുഷ്പ്രവൃത്തികളാൽ ദൈവത്തിൽ നിന്ന് അകന്നുപോയവരും ശത്രുക്കളും ആയിരുന്ന നിങ്ങളെ ഇപ്പോൾ വിശുദ്ധരും നിഷ്ക്കളങ്കരും അനിന്യരുമായി തന്റെ മുൻപിൽ നിർത്തേണ്ടതിന് അവിടുന്ന് ക്രിസ്തുവിന്റെ ജഡശരീരത്തിൽ, ക്രിസ്തുവിന്റെ മരണത്താൽ നിരപ്പിച്ചിരിക്കുന്നു (കൊലോസ്യർ 1:21,22)

ഓരോ ക്രിസ്തുശിഷ്യനെക്കുറിച്ചുമുള്ള ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യം ഇവിടെ വെളിവാകുന്നു നാം വിശുദ്ധരും നിഷ്കളങ്കരും ആകുക അഥവാ തന്റെ പുത്രനോട് അനുരൂപരായിത്തീരുക.

ദൈവത്തിന്റെ തന്നെ സ്വഭാവമാണ് വിശുദ്ധി. സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ എന്നു രാപകൽ സാറാഫുകൾ സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നുവെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. ഇവിടെ ദൈവസ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു കാണിച്ചിരിക്കുന്നതു വിശുദ്ധിയാണ്. എന്താണ് വിശുദ്ധി? സ്വാഭാവികവും സാധാരണവുമായ എല്ലാറ്റിൽ നിന്നും വേർതിരിക്കപ്പെടുന്നതാണു വിശുദ്ധി. ദൈവം ഇങ്ങനെയാണ് പരിശുദ്ധനായിരിക്കുന്നത്. ദൈവപുത്രനും ഇങ്ങനെയാണ്. ദൈവമക്കളും ഇപ്രകാരം ആയിരിക്കണം. അല്ലെങ്കിൽ അവർ നാൾതോറും ദൈവപുത്രനോട് കൂടുതൽ അനുരൂപരാക്കിക്കൊണ്ടിരിക്കണം എന്നു സാരം. അങ്ങനെ സംഭവിക്കുന്നെങ്കിൽ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കു നാം അടുത്തുകൊണ്ടിരിക്കുകയാണ്; നമ്മെ സംബന്ധിച്ചുള്ള ദൈവിക ഇഷ്ടത്തിൽ നാം ആയിരിക്കുകയാണ്.

പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ ദൈവപുത്രന്റെ സ്വരൂപത്തിന് (ക്രിസ്തു തുല്യമായ മനോഭാവത്തിന് അനുയോജ്യമല്ലാത്ത നിലയിലുള്ളതായിരിക്കാം നമ്മുടെ സ്വാഭവിക പ്രതികരണങ്ങൾ, പിറുപിറുപ്പ്, പരാതി, ന്യായീകരണം, സ്വയസഹതാപം എന്നിവയെല്ലാം വരാം. എന്നാൽ ഏതു ലക്ഷ്യത്തോടെയാണു ദൈവം നമ്മെ ഈ ശോധനയിലൂടെ നയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ബോധ്യം ഒരു വെളിപ്പാടായി ലഭിച്ചാൽ നമുക്കു ക്രിസതുല്യമായി പ്രതികരിക്കാൻ കഴിയും. ഫലം ആ ശോധനയിൽ നിന്നു പുറത്തു വന്നു കഴിയുമ്പോൾ ദൈവ പുത്രന്റെ സ്വരൂപത്തോട് ഒരു ചുവടെങ്കിലും അടുത്തുചെന്നവരായി, ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യത്തോട് അല്പം കൂടി സമീപിച്ചവരായി, നാം തീർന്നിരിക്കും.

ഇവിടെ പലർക്കും ഉണ്ടാകാവുന്ന ഒരു തെറ്റിധാരണ ഇതാണ്: “ഞാൻ കൂടുതൽ ശിക്ഷണവും ആത്മനിയന്ത്രമവും ഉള്ളവനായി ക്രിസ്തുവിനെ അനുകരിച്ചു പരിശോധനയിൽ പ്രതികരിച്ചാൽ എനിക്കു ക്രമേണ ക്രിസ്തു തുല്യനായി തീരാൻ കഴിയും “സ്നേഹിതാ, കാര്യങ്ങളെ നിങ്ങൾ തെറ്റായിട്ടാണു ധരിച്ചിരിക്കുന്നതെന്നു പറയുവാൻ സദയം അനുവദിക്കുക. ക്രിസ്തുവിനെ അനുകരിച്ചു ക്രിസതുല്യമായ സ്വഭാവത്തിൽ എത്തിച്ചേരുവാൻ നമുക്കു കഴിയുകയില്ല. നമ്മുടെ സ്വയജീവനെ (self life) കൂടുതൽ അച്ചടക്കവും ശിക്ഷണവും ഉള്ളതാക്കി ഒപ്പം ക്രിസ്തു തുല്യമായ ഒരു മനോഭാവംകൂടി കൂട്ടിച്ചേർത്ത് ദൈവപുത്രന്റെ സ്വരൂപത്തോട് അനുരൂപപ്പെടുവാൻ നമുക്കു സാധിക്കുകയില്ല.

“വെറും ക്രിസ്തീയത’ (Mere Christianity) എന്ന തന്റെ ഗ്രന്ഥത്തിൽ സി.എസ്. ലൂയിസ് എന്ന ക്രിസ്തീയചിന്തകൻ എഴുതിയിരിക്കുന്നത് ഇക്കാര്യത്തിൽ നമുക്കു കൂടുതൽ വെളിച്ചം നൽകും. “നമ്മുടെ മുഴുവൻ സമയത്തെയും നമ്മുടെ എല്ലാ ആഗ്രഹങ്ങളെയും കരുതലുകളെയും ക്രിസ്തവിനെ ഭരമേല്പിക്കുവാൻ പ്രയാസമായതുകൊണ്ട് നാം എളുപ്പമുള്ള ഒരു കാര്യം ചെയ്യുന്നു. അതിതാണ്. നാം നാമായി തുടരുമ്പോൾ തന്നെ, വ്യക്തിപരമായ സന്തോഷം ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായി നില നിർത്തി ജീവിക്കുമ്പോൾ തന്നെ, നാം “നല്ലവരായിരിക്കാൻ ശ്രമിക്കുന്നു. നമ്മുടെ ഹൃദയത്തെയും മനസ്സിനെയും അതിന്റേതായ വഴിക്ക് പണം, സുഖം, ഉൽക്കർഷേച്ഛ എന്നിവയെ അന്വേഷിക്കുവാൻ വിട്ടു കൊണ്ട്, ഇതെല്ലാം ഉണ്ടെങ്കിലും സത്യസന്ധമായും നിർമലമായും താഴ്മയായും പെരുമാറാൻ കഴിയുമെന്നു വെറുതെ പ്രതീക്ഷിക്കുന്നു. എന്നാൽ നമുക്ക് സാധ്യമല്ലെന്ന് യേശു മുന്നറിയിപ്പു നൽകിയ കാര്യം ഇതുതന്നെയാണ്. ഞെരിഞ്ഞിലിന് അത്തിപ്പഴം കായിക്കാൻ കഴിയുകയില്ലെന്ന് അവിടുന്നു പരഞ്ഞുവല്ലോ, പുൽവിത്തുകൾ നിറഞ്ഞ ഒരു പാടമാണു ഞാനെങ്കിൽ എനിക്ക് ഗോതമ്പ് വിളയിക്കുവാൻ കഴിയുകയില്ല. പുൽനാമ്പുകൾ വെട്ടിക്കളഞ്ഞാൽ അതിന്റെ നീളം കുറയ്ക്കുവാൻ കഴിഞ്ഞേക്കും. പക്ഷേ അപ്പോഴും എനിക്ക് ഗോതമ്പല്ല, പുല്ലുമാത്രമേ ഉല്പാദിപ്പിക്കുവാൻ കഴിയുകയുള്ളു. എനിക്ക് ഗോതമ്പ് വിളയിക്കുവാൻ താത്പര്യം ഉണ്ടെങ്കിൽ മാറ്റം ഉപരിതലത്തിനും ആഴത്തിലേക്കു പോകേണ്ടിയിരിക്കുന്നു. ഞാൻ ഉഴുതുമറിക്കപ്പെടുകയും വീണ്ടും വിതയ്ക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

പരിശോധനയുടെ ഓരോ സമയവും ഇത്തരം ഉഴുതു മറിക്കലിന്റെ സമയമാണ്. നിങ്ങളുടെ സ്വയജീവനെ അതിന്റെ എല്ലാ ബലങ്ങളോടും കൂടി ഉപേക്ഷിച്ച് ആ സ്ഥാനത്ത് ക്രിസ്തുവിന്റെ ജീവനെ കൈക്കൊള്ളുവാനുള്ള മികച്ച ഒരു അവസരമാണ് ശോധനയുടെ സമയം. “എങ്കിലും എന്റെ ഇഷ്ടമല്ല… നിന്റെ ഇഷ്ടം” എന്ന ആ ക്രൂശിന്റെ പാതയെ സ്വീകരിച്ച് സ്വയജീവനെ നഷ്ടപ്പെടുത്താനും പകരം ക്രിസ്തുവിന്റെ ജീവനാൽ നിറയുവാനുമുള്ള വലിയ സാധ്യതയാണ് ഓരോ പരിശോധനയും നമ്മുടെ മുമ്പിൽ വയ്ക്കുന്നത്.

ഈ സാധ്യതയെ അവഗണിച്ച് പിറുപിറുപ്പിലും, പരാതിയിലും ന്യായീകരണത്തിലും, സ്വയസഹതാപത്തിലും തലപൂഴ്ത്തുമ്പോൾ നാം ക്രൂശിന്റെ വഴിയിൽ നിന്ന്, ദൈവപുത്രന്റെ സ്വരൂപത്തോട് അനുരൂപരാകുന്ന മാർഗ്ഗത്തിൽ നിന്ന്, അകന്നുപോകുകയാണ്. നാം പരിശോധനകളെ പാഴാക്കുകയാണ്.

17 പരിശുദ്ധാത്മാവിന്റെ പ്രവൃത്തി


“തടങ്കൽപ്പാളയത്തിൽ ജ്വലിച്ച സ്നേഹദീപം’- കോറിടെൻ ബൂം എന്ന ക്രിസ്തീയവനിതയെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. എക്കാലത്തും ക്രിസ്തീയസഹനത്തിന്റെ ഉദാത്തമാതൃകയായി എടുത്തുകാട്ടാവുന്ന കോറി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പീഡനക്യാമ്പിൽ ക്രൂരമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോയി. പക്ഷേ പീഡനങ്ങളാൽ സ്ഫുടം ചെയ്യപ്പെട്ട് ഊതിക്കാച്ചിയ പൊന്നുപോലെ തടങ്കൽപ്പാളയത്തിൽനിന്നു പുറത്തു വന്ന അവർ പിന്നീടുള്ള വർഷങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ച് പതിനായിരങ്ങളോട് തന്റെ വിശ്വാസവും ക്രിസ്തീയസാക്ഷ്യവും പങ്കുവച്ചു.

ജർമനിയിൽ അത്തരം ഒരു മീറ്റിംഗിൽ ഉണ്ടായ ഒരനുഭവം കോറി വിവരിക്കുന്നത് ഇങ്ങനെ: “ദൈവം എന്റെ ജീവിതത്തിൽ അനുവദിച്ച കാര്യങ്ങളെക്കുറിച്ചും നാസി തടങ്കൽപ്പാളയത്തിലെ അനുഭവങ്ങളെക്കുറിച്ചും ജർമനിയിൽ ഒരു സ്ഥലത്തു നടന്ന യോഗത്തിൽ ഞാൻ വിവരിക്കുകയായിരുന്നു. ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സദസ്സിൽനിന്നു പെട്ടെന്ന് ഒരു സ്ത്രീ എന്നെ നോക്കുവാൻ കഴിയാതെ മാറിപ്പോകുന്നതു ഞാൻ കണ്ടു. ആരാണ് ആ സ്ത്രീ ആ മുഖം എനിക്കു പരിചിതമായിത്തോന്നി. പെട്ടെന്ന്, ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ദൈവമേ, അതവരാണ്. പീഡനക്യാമ്പിൽ എന്നോടും മരിച്ചുകൊണ്ടിരുന്ന എന്റെ സഹോദരിയോടും വളരെ മോശമായി പെരുമാറിയിരുന്ന ആ നഴ്സ്. അവരാണിത്.

ഒരു നിമിഷം. കോറി ടെൻബുമിന്റെ മനസ്സിലേക്ക് ആ മുഖം എന്തെല്ലാം ഓർമകളായിരിക്കും ഉണർത്തിവിട്ടിരിക്കുക!

ഹോളണ്ടിൽ പിതാവ് കാസ്പർ, സഹോദരി ബെറ്റ്സ് എന്നിവരോടുകൂടെ സമാധാനമായി ജീവിച്ചുവരവേയാണ് കോറി അവരോടൊപ്പം നാസി പട്ടാളത്തിന്റെ പിടിയിലാകുന്നത്. യഹൂദന്മാരെ ജർമ്മൻ പട്ടാളത്തിന്റെ കൈകളിൽനിന്നു രക്ഷിക്കാനായി വീട്ടിൽ അവർക്ക് ഒളിത്താവളം ഒരുക്കി എന്നതായിരുന്നു കാസ്പറിന്റെയും പെൺമക്കളുടേയും ‘കുറ്റം’. കയ്യോടെ അവർ പീഡനക്യാമ്പിൽ അടയ്ക്കപ്പെട്ടു. തടവിലായി ഒൻപതാം ദിവസം തന്നെ കാസ്പർ പീഡനങ്ങളെത്തുടർന്നു മരണമടഞ്ഞു. എന്നാൽ കോറിക്കും ബെറ്റ്സിക്കും കാര്യങ്ങൾ അത്രയും എളുപ്പമായിരുന്നില്ല. തമ്മിൽ ഭേദം മരണമാണെന്നു തോന്നുന്ന നിലയിലുള്ള ഉപദ്രവങ്ങളിലൂടെ അവർ കടന്നുപോയി. പക്ഷേ യേശുക്രിസ്തുവിലുള്ള വിശ്വാസവും അതിൽനിന്നുളവായ പ്രത്യാശയും അവർക്കു ധൈര്യം പകർന്നു. എന്നാൽ ബെറ്റ്സിക്ക് തടവിലെ പീഡനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞില്ല. കോറിടെൻ ബൂം മാത്രം വർഷങ്ങൾ നീണ്ട യാതനകൾ പിന്നിട്ട് പീഡനക്യാമ്പിൽ നിന്നു പുറത്തുവന്നു…..

അന്നു തങ്ങളെ മൃഗീയമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സാണ് ഇന്നു തന്നെ അഭിമുഖീകരിക്കാനാവാതെ ഒഴിഞ്ഞുമാറുന്നതെന്നു തിരിച്ചറിഞ്ഞപ്പോൾ കോറിയുടെ മനസ്സിൽ ആദ്യം തലപൊക്കിയത് വിദ്വേഷവും പകയുമാണ്.

പക്ഷേ റോമർ 5:5ലെ വാഗ്ദാനം കോറിയുടെ ഓർമ്മയിൽ തെളിഞ്ഞു. “പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല. ദൈവത്തിന്റെ സ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ”. ഹൃദയത്തിൽ പരിശുദ്ധാത്മാവു പകർന്നിരിക്കുന്ന ദൈവസ്നേഹത്തെ ഓർത്ത് കോറി ദൈവത്തിന് നന്ദി പറഞ്ഞു. പൊടുന്നനെ ആ അത്ഭുതം സംഭവിച്ചു. അവരുടെ ഹൃദയം ആ നഴ്സിനോടുള്ള സ്നേഹം കൊണ്ടുനിറഞ്ഞു. പിന്നെ താമസം ഉണ്ടായില്ല. കോറി ആ സ്ത്രീയുടെ അടുത്തേക്കു ചെല്ലുകയും അവളെ കർത്താവിനായി നേടുകയും ചെയ്തു.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയേക്കുറിച്ചു ചിന്തിക്കുമ്പോൾ അത്ഭുതങ്ങൾ, വരങ്ങൾ, ശക്തി തുടങ്ങിയ കാര്യങ്ങളാണു സാധാരണ നമ്മുടെ മനസ്സിലേക്കോടിവരുന്നത്. ഈ പശ്ചാത്തലത്തിലാണ് റോമർ 5:5 ആഹ്ലാദകരമായ ഒരു വ്യത്യസ്തതയാകുന്നത്. പരിശുദ്ധാത്മാവു നമ്മുടെ ഹൃദയങ്ങളിൽ പകരുന്ന സ്നേഹം ഏറ്റവും ഉദാത്തമായ, ത്യാഗപരമായ, ദൈവതുല്യമായ സ്നേഹമാണ് (Agape) എന്ന് ഈ വാക്യത്തിനു തൊട്ടുതാഴെയുള്ള വചനങ്ങളിൽ നിന്നു വ്യക്തമാണ്. തെറ്റിദ്ധാരണകളുടെയും പകയുടെയും എതിർപ്പിന്റെയും ഈ കാലഘട്ടത്തിൽ ഇത് നമുക്ക് എത്രമേൽ ആവശ്യമാണ്. അതു കൊണ്ടുതന്നെ ഹൃദയങ്ങളിൽ സ്നേഹം പകരുന്ന പരിശുദ്ധാത്മാവിന്റെ ഈ പ്രവർത്തനത്തെ നാം എത്രയേറെ വാഞ്ഛിക്കേണ്ടിയിരിക്കുന്നു.

പരിശുദ്ധാത്മാവിന്റെ ഈ പ്രവർത്തനം നമ്മെ സംബന്ധിച്ചിടത്തോളം എങ്ങനെയാണു യാഥാർത്ഥ്യമായിത്തീരുന്നത്? കർത്താവായ യേശുക്രിസ്തവിന്റെ വാക്കുകൾ തന്നെ നമുക്കു ശ്രദ്ധിക്കാം:

“ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു എഴുന്നേറ്റു ശബ്ദമുയർത്തിപ്പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.” (യോഹന്നാൻ 7:37,38)

പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി ഒന്നാമതു നമുക്കു ദാഹം ഉണ്ടായിരിക്കണം. ദാഹം എങ്ങനെയാണ് ഉണ്ടാകുന്നത്? ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് നമുക്ക് ദാഹിക്കുന്നത്. ഇല്ലായ്മയാണ് (Deficiency) ദാഹത്തിനു കാരണം. ചില പ്രായോഗികരംഗങ്ങളിൽ നമ്മുടെ ഹൃദയത്തിൽ ദൈവികസ്നേഹത്തിന്റെ (Agape) അഭാവം കാണുവാൻ ദൈവം നമ്മെ അനുവദിക്കും. അതു നമ്മെ ഹൃദയത്തിൽ ദൈവസ്നേഹം പകരുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായുള്ള വാഞ്ഛയിലേക്കു നടത്തണം.

ഈ വാഞ്ഛ (ദാഹം) തുടർന്നു കർത്താവിന്റെ അടുത്തേക്കു നമ്മെ നയിക്കേണ്ടതുണ്ട്. (“എന്റെ അടുക്കൽ വന്നു കുടിക്കട്ടെ’) അവിടുന്നാണ് നമ്മുടെ ഉള്ളിൽനിന്നു ജീവജലത്തിന്റെ (പരിശുദ്ധാത്മാവിന്റെ) കവിഞ്ഞൊഴുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നമ്മിലുള്ള സ്നേഹത്തിന്റെ അഭാവം നമ്മെ അതിനായുള്ള ദാഹത്തിലേക്കും തുടർന്നു വിശ്വാസത്തോടെ കർത്താവിനെ സമീപിക്കുന്നതിലേക്കും നയിക്കുമ്പോൾ ഹൃദയത്തിൽ സ്നേഹം പകരുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനം നമ്മെ സംബന്ധിച്ചും യാഥാർത്ഥ്യമായിത്തീരും. (പരിശുദ്ധാത്മാവിന്റെ പേരുകളിൽ രണ്ടെണ്ണം ‘സഹായകൻ’ എന്നും “യാഥാർത്ഥ്യത്തിന്റെ ആത്മാവ്’ എന്നും ആണെന്ന് ഓർക്കുക.)

ക്രിസ്തീയതയ്ക്ക് എതിരേ നമ്മുടെ രാജ്യത്ത് എതിർപ്പുകൾ ഫണം വിരിച്ചാടുന്ന ഒരു കാലഘട്ടമാണിത്. ഈ നാളുകളിൽ ശുശ്രൂഷയ്ക്കും, അത്ഭുത പ്രവൃത്തികൾക്കും, വരപ്രാപ്തിക്കും ശക്തിപകരുന്ന സഹായകൻ എന്നതിന് അപ്പുറത്ത് ദൈവസ്നേഹം പ്രദാനം ചെയ്യുന്നവനായി പരിശുദ്ധാത്മാവിനെ തിരിച്ചറിഞ്ഞ് ആ സഹായം തേടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമായി നിങ്ങൾ കാണുന്നില്ലേ? നാം ബലഹീനരും, പാപികളും, ശത്രുക്കളും ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിച്ച (റോമർ 5:6,8,10) അതേ ക്രിസ്തവിന്റെ സ്നേഹമാണ് പരിശുദ്ധാത്മാവ് ഇന്ന് നമ്മുടെ ഹൃദയങ്ങളിൽ പകരുവാൻ ആഗ്രഹിക്കുന്നത്. ശത്രുതകളുടേയും എതിർപ്പുകളുടേയും, പകയുടേയും മുൻപിൽ ഇന്ന് നമുക്കു പരിശുദ്ധാത്മാവിന്റെ ഈ പ്രവൃത്തിക്കായി ദാഹിക്കാം. ദാഹത്തോടെ അവിടുത്തെ അടുക്കൽ ചെല്ലാം. എങ്കിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന്, തിരുവെഴുത്തു പറയുന്നതുപോലെ, ദൈവ സ്നേഹം ഹൃദയങ്ങളിൽ പകരുന്ന പരിശുദ്ധാത്മാവിന്റെ നദികൾ ഒഴുകും. സംശയമില്ല.

18 “ഞാൻ തന്നെ വഴിയും…..

ഒരു നല്ല ഗുണം തന്നെ ഫലത്തിൽ തിന്മയായി ഭവിക്കുമോ? ഉവ്വ്, അങ്ങനെ സംഭവിക്കാം. അല്ലെങ്കിൽ നോക്കൂ. തൃപ്തി എത്ര നല്ല ഗുണമാണ്. പക്ഷേ ഇതേ തൃപ്തി തന്നെ ക്രിസ്തീയ ജീവിതത്തിൽ പുരോഗതിക്കു തടസ്സമായിത്തീരാം.

ആയിരിക്കുന്ന അവസ്ഥയിൽ പൂർണ്ണ തൃപ്തരായവർ ഒരിക്കലും ക്രിസ്തീയ ജീവിതത്തിൽ മുന്നോട്ടു പോകുകയില്ല. തന്റേയും താൻ ആയിരിക്കുന്ന കൂട്ടത്തിന്റേയും ആത്മീയതയിൽ ഉള്ള അസംതൃപ്തിയാണ് ഒരുവനെ അന്വേഷണത്തിനും മുന്നോട്ടുള്ള ചുവടുവയ്പ്പിനും പ്രേരിപ്പിക്കുന്നത്. ഇങ്ങനെ മുന്നോട്ടുള്ള പ്രയാണത്തിൽ ചിലർ, തങ്ങൾ ആയിരിക്കുന്ന കൂട്ടം വിട്ടു മറ്റൊരിടത്തേക്കു മാറിയെന്നിരിക്കാം. സ്വാഭാവികമാണത്. എന്നാൽ ഇന്ന് പലരുടെയും പുരോഗതി അവിടംകൊണ്ട് അവസാനിക്കുന്നു എന്നതാണു നിർഭാഗ്യകരം! തങ്ങൾ എത്തിപ്പെട്ട കൂട്ടത്തോട് താദാത്മ്യപ്പെട്ട് അവർ അവിടെ തൃപ്തരായി കഴിഞ്ഞുകൂടുന്നു. ഒഴുകിവന്ന ഒരു നീർച്ചാല് ഒരു സമതലത്തിൽ എത്തിയശേഷം മുന്നോട്ടുപോകാതെ തളംകെട്ടിക്കിടന്നു ദുഷിക്കുന്നതു പോലെയാണിത്.

വിശുദ്ധി, സ്നേഹം എന്നിവയിൽ വ്യക്തിപരമായെങ്കിലും മുന്നേറുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷപോലും പലരും കൈവിട്ടുകളഞ്ഞു. “ഇത്രയൊക്കെ മതി’ എന്നൊരു തൃപ്തിയുടെ തടവുകാരായി പലരും മാറിക്കഴിഞ്ഞു. വിജയകരമായ ഒരു ക്രിസ്തീയജീവിതത്തെക്കുറിച്ച് തിരുവെഴുത്ത് നൽകുന്ന വെല്ലുവിളികൾ അവരെ മോഹിപ്പിക്കുന്നതേയില്ല. (മോഹിക്കരുത് Thou shall not covet- എന്നു പത്തുകല്പനയിലൊന്നു പറയുമ്പോൾ തന്നെ (പുറ. 20:17), പുതിയനിയമത്തിൽ ശ്രേഷ്ഠ വരങ്ങളെ മോഹിക്കുവിൻ Covet earnestly the best gifts (1 കൊരി 12:31)- എന്നും പ്രവചനവരം വാഞ്ഛിക്കുവിൻ’ covet to prophesy 1 കോരി. 14:39 എന്നും എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക. മോഹിക്കുന്നത് (covet) ഒരു തിന്മയാണ്. പക്ഷേ ആ തിന്മതന്നെ ആത്മീയ മുന്നേറ്റത്തിന് അവശ്യംവേണ്ട ഒരു ഗുണമായി ഇവിടെ തീരുന്നു! ക്രിസ്തീയ ജീവിത പുരോഗതിക്ക് സംതൃപ്തി ഒരു വിലങ്ങുതടിയാണെന്നു നമ്മൾ നേരത്തെ കണ്ട തിന്റെ മറുവശം.)

വിജയകരമായ ക്രിസ്തീയജീവിതം എന്നുപറഞ്ഞാൽ എന്താണ്? ദൈവം മനുഷ്യനെ ആദിയിൽ സൃഷ്ടിച്ചശേഷം “നിങ്ങൾ ഭൂമിയിലുള്ള എല്ലാറ്റിൻമേലും വാഴുവിൻ എന്നു കല്പിച്ചു. (ഉല്പ. 2:28). അതനുസരിച്ച് അവൻ തുടക്കത്തിൽ എല്ലാറ്റിനേയും ഭരിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തു. എന്നാൽ പാപത്തിൽ വീണുകഴിഞ്ഞപ്പോൾ വാഴുവാനുള്ള കഴിവ് അവനു നഷ്ടമായി. മറിച്ച് പാപവും ഭൂമിയിലുള്ള പലതും അവനെ ഭരിക്കുവാൻ തുടങ്ങി… വിജയകരമായ ജീവിതം എന്നാൽ ആദിമാവസ്ഥയിലേക്കുള്ള മനുഷ്യന്റെ മടങ്ങിവരവാണ്. പാപത്തിന്മേലും ഈ ലോകത്തിന്മേലും വാഴുവാനുള്ള ആദ്യവിളിയിലേക്കുള്ള മടങ്ങിപ്പോക്ക്. നിങ്ങൾ കൃപയ്ക്കധീനരാകയാൽ പാപം നിങ്ങളുടെമേൽ ഇനി കർതൃത്വം നടത്തുകയില്ല.” (റോമ. 6:14) എന്ന പ്രസ്താവന പാപത്തിന്മേലും ലോകത്തിന്മേലും വാഴുന്ന വിജയകരമായ ജീവിതം ക്രിസ്ത്യാനിയുടെ ജന്മാവകാശമാണെന്ന പ്രഖ്യാപനം തന്നെയല്ലേ?

പക്ഷേ ഇന്നു പ്രായോഗികരംഗത്ത് ഇപ്രകാരമുള്ള ഒരു ജയജീവിതത്തെക്കുറിച്ചുള്ള ആഗ്രഹം പോലും നമ്മിൽ പലരും ഉപേക്ഷിച്ചു കളഞ്ഞു. മത്തായി സുവിശേഷം അഞ്ച്, ആറ്, ഏഴ് അദ്ധ്യായങ്ങൾ ബൈബിളിന്റെ ഭാഗമേ അല്ലെന്ന മട്ടിലാണു പലരുടേയും പെരുമാറ്റം. അഥവാ ആണെങ്കിൽ തന്നെ മറ്റേതോ കാലഘട്ടത്തിലുള്ള മറ്റാർക്കോ ആണ് അതു ബാധകം! ആധുനിക കാലഘട്ടത്തിൽ ഗിരിപ്രഭാഷണത്തിന് എന്തു പ്രസക്തി എന്നു നാം അത്ഭുതം കൂറുന്നു. അതുപോലെതന്നെ അപ്രായോഗികമായ ഒരദ്ധ്യായമാണു 1 കോരിന്ത്യർ 13! ഇവിടെ വിവരിക്കുന്ന സ്നേഹത്തെക്കുറിച്ചു പുസ്തകത്തിൽ വായിക്കാൻ കൊള്ളാം. പക്ഷേ “ഏട്ടിലെ പശു പുല്ലു തിന്നുകയില്ല’ എന്നു നാം ഏറെക്കുറെ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. തിരുവെഴുത്തിലെ ഈ അധ്യായങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സത്യസന്ധരാണെങ്കിൽ നമുക്കു രണ്ടിലൊരു വഴിയേ ഉള്ളു. ഒന്നുകിൽ നാം ബൈബിൾ പൂർണമായി വിശ്വസിക്കുന്നില്ലെന്നു പ്രഖ്യാപിക്കണം. അല്ലെങ്കിൽ തിരുവെഴുത്തിന്റെ ഈ ഭാഗങ്ങളും വിശ്വസിക്കുവാനും അനുസരിക്കുവാനും ബാദ്ധ്യസ്ഥരാണെന്നു നാം വിനയപൂർവം സമ്മതിക്കണം. ഒന്നാമത്തേതാണു നമ്മുടെ നിലപാടെങ്കിൽ (പരസ്യമായി പറയുന്നില്ലെങ്കിലും അതാണു തങ്ങളുടെ നിലപാടെന്ന് പലരും ജീവിതംകൊണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു) പാപത്തിന്മേലുള്ള ജയം, വിജയകരമായ ക്രിസ്തീയജീവിതം തുടങ്ങിയവയെക്കുറിച്ചെല്ലാം മറന്നേക്കുക. മറിച്ച് രണ്ടാമത്തേതാണു നമ്മുടെ നിലപാടെങ്കിൽ മത്തായി അഞ്ച്, ആറ്, ഏഴ്, 1 കൊരിന്ത്യർ 13 തുടങ്ങിയ എല്ലാ തിരുവെഴുത്തുകളും നാം ഗൗരവപൂർവ്വം എടുക്കും. അപ്പോഴാണ് സുപ്രധാനമായ ആ ചോദ്യം ഉയരുന്നത് ഈ തിരുവെഴുത്തുകൾ ആവശ്യപ്പെടുന്ന ജീവിതനിലവാരം നമുക്ക് എങ്ങനെ കൈവരിക്കാൻ കഴിയും? ഇത് വിശുദ്ധരായ ചിലർക്കു മാത്രമേ കഴിയൂ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുവാൻ നമുക്കാകുമോ? പാപത്തെ ജയിച്ച് വിജയകരമായ ഒരു ക്രിസ്തീയജീവിതം നയിക്കുന്നതിനെക്കുറിച്ചുള്ള വാച്ച്മാൻ നീയുടെ പുസ്തകത്തിന്റെ പേര് Normal Christian Life എന്നാണ്. സാധാരണ, ശരാശരി, ക്രിസ്ത്യാനികൾ പോലും നയിക്കേണ്ട ഒന്നാണു ജയജീവിതം എന്നു സാരം.

എങ്കിൽ ഈ ജയജീവിതം നമുക്ക് എങ്ങനെ സാധ്യമാകും? ഇപ്രകാരം ഒരു ജീവിതത്തെക്കുറിച്ചു കേൾക്കുമ്പോൾ “അതിനു മനസ്സുവച്ചാൽ മതി നമുക്കതു കഴിയും’ എന്നു തോന്നിപ്പോകും. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിലും സമർപ്പണത്തിനും ഊന്നി നമ്മുടെ നിശ്ചയദാർഢ്യത്തിൽ ആശ്രയിച്ചു നാം കർത്താവിനു പ്രസാദകരമായ ജയജീവിതം നയിക്കാൻ ഒരുമ്പെടും. പ്രാരംഭത്തിൽ നമ്മെ സന്തോഷഭരിതരാക്കിക്കൊണ്ട് ചില ദിവസങ്ങളിലേക്ക് നമുക്കു ചില വിജയങ്ങൾ ഉണ്ടായെന്നും വരാം. “അതാ ആ ജീവിതം കൈപ്പിടിയിലായിപ്പോയി’ എന്നു നാം ആഹ്ലാദിക്കും. എന്നാൽ ഏറെത്താമസിയാതെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് നാം നിശ്ശേഷം പരാജയപ്പെട്ടുപോകും. വീണ്ടും കണ്ണീരോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് കൂടുതൽ നിശ്ചയദാർഢ്യത്തോടെ നാം ശ്രമം ആരംഭിക്കുന്നു. പക്ഷേ വീണ്ടും വീണുപോകുന്നു. നിരന്തരമായ ഈ പരാജയങ്ങൾ നമ്മെ ഒരു സത്യം ബോധ്യപ്പെടുത്തും നിശ്ചയ ദാർഢ്യത്തിൽ ഊന്നി നമുക്ക് ഒരു ജയജീവിതം സാധ്യമല്ല. ഈ സത്യത്തിലേക്കു നമ്മുടെ കണ്ണു തുറപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവം ഈ തോൽവികളെ അനുവദിക്കുന്നത്. അമ്പേ പരാജയപ്പെട്ട് സ്വയബലത്തിന്റെ നെല്ലിപ്പലക കണ്ടുകഴിയുമ്പോൾ ദൈവശക്തിയിൽ മാത്രം ശരണപ്പെടുവാൻ നാം പഠിക്കുന്നു. ജയജീവിതത്തിലേക്കുള്ള വഴി ക്രിസ്തു മാത്രമാണെന്നു നാം കണ്ടെത്തുന്നു. സത്യവും ജീവനും മാത്രമല്ല സത്യത്തിലേക്കും ജീവനിലേക്കുമുള്ള വഴിയും അവിടുന്നു മാത്രമാണെന്നുള്ള ബോധ്യം ഒരു വെളിപ്പാടായി നമുക്കു ലഭിക്കുന്നു. അങ്ങനെ ഒടുവിൽ നാം നമ്മുടെ പ്രവർത്തനങ്ങളിൽനിന്നു വിരമിച്ച് ക്രിസ്തുവിൽ നമ്മുടെ സുരക്ഷിതത്വവും സ്വസ്ഥതയും കണ്ടെത്തുന്നു. ക്രിസ്തുവിനു പുറത്ത് നമുക്കോ നമ്മുടെ ജയജീവിതത്തിനോ നിലനില്പില്ലെന്നത് വ്യക്തമല്ലേ?

19 പരാജയപ്പെട്ടാലും നിരാശപ്പെടരുത്


‘ആശ്ചര്യമാം മഹാകൃപ
രക്ഷിച്ചീ ഹീനനെ…..

പ്രശസ്തമായ ഒരു ക്രിസ്തീയ കീർത്തനത്തിലെ രണ്ടുവരികൾ. ഇവിടെ ഗാനരചയിതാവ് ജോൺ ന്യൂട്ടൺ സ്വയം വിശേഷിപ്പിക്കുന്നത് ഹീനൻ എന്നാണ്.

ന്യൂട്ടന്റെ പശ്ചാത്തലം അറിഞ്ഞാലേ ഈ പ്രയോഗത്തിന്റെ സാംഗത്യം മനസ്സിലാകൂ.

പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ജോൺ ന്യൂട്ടൺ യേശു കർത്താവിനെ അറിയുന്നതുവരെ ഹീനമായ ജീവിതം നയിച്ചിരുന്ന ഒരു നാവികനായിരുന്നു. പണസമ്പാദനത്തിനായി ആഫ്രിക്കൻ നാടുകളിൽ നിന്നു സ്ത്രീകളെയും പുരുഷന്മാരെയും വളഞ്ഞുപിടിച്ച് ബലമായി കപ്പലിൽ കയറ്റി യൂറോപ്പിലെ അടിമച്ചന്തകളിൽ കൊണ്ടുവന്നു വില്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപരിപാടി. അടിമക്കപ്പലിലെ ജീവിതമാകട്ടെ ധാർമികതയുടെ എല്ലാ സീമകളേയും ലംഘിക്കുന്നതും. ക്രൂരതയുടേയും സ്വാർത്ഥതയുടേയും പീഡനങ്ങളുടേയും കുത്തൊഴുക്കിൽ ലക്ഷ്യമില്ലാത്ത നൗക പോലെ ആ ജീവിതം മുന്നോട്ടു പോകവേ അതു സംഭവിച്ചു. ജോൺ ന്യൂട്ടനു മാനസാന്തരാനുഭവം ഉണ്ടായി. അതോടെ അടിമക്കച്ചവടത്തോടു വിടപറഞ്ഞു. ജീവിതം വ്യത്യസമായി. എന്നാൽ വീണ്ടും ഒരു ഘട്ടത്തിൽ അദ്ദേഹം പിന്മാറ്റത്തിൽ വീണു പോയെന്നാണു കേട്ടിട്ടുള്ളത്. പക്ഷേ വീണ്ടും ദൈവകൃപയുടെ ആർദ്രത ജോൺ ന്യൂട്ടനെ സ്പർശിച്ചു. അദ്ദേഹം കർത്താവിങ്കലേക്കു പൂർണമായി മടങ്ങിവന്നു. ഇക്കുറി അത് എല്ലാ അർത്ഥത്തിലും ഒരു മടങ്ങിവരവായിരുന്നു.

പിന്നീടു ക്രിസ്തീയ ഗാനരചയിതാവും പ്രസംഗകനുമായി കർത്താവിൽ പ്രസിദ്ധനായ ജോൺ ന്യൂട്ടൻ ഈ ഗാനത്തിൽ തന്റെ ഭൂതകാലത്തിലേക്കു വേദനയോടെ തിരിഞ്ഞു നോക്കുന്നു. കർത്താവിനെ അറിയുന്നതിനു മുൻപുള്ള ജീവിതത്തിന്റെ മേച്ഛതയും പിന്മാറ്റകാലത്തെ അരിഷ്ടതയും “ഹീനൻ’ (Wretch) എന്നു സ്വയം വിശേഷിപ്പിക്കാൻ ജോൺ ന്യൂട്ടനെ പ്രേരിപ്പിച്ചിരിക്കണം.

“അദ്ധ്വാന,മാപത്തേറെ ഞാൻ കടന്നുവന്നിതാ…..’

എന്നാണ് അദ്ദേഹം തന്റെ മടങ്ങിവരവിനെ വിവരിക്കുന്നത്. എന്നാൽ ഭാവിയിലേക്കു നോക്കുമ്പോൾ “ഇനിയും വീണുപോകുമോ’ എന്ന പേടിയല്ല മറിച്ച് “ഇത്രനാൾ താങ്ങിയ കൃപ എത്തിക്കുമെൻ വീട്ടിൽ’ എന്ന പ്രത്യാശയാണ് ആ ഗാനത്തിൽ അലയടിക്കുന്നത്.

എന്നാൽ ദൈവസ്നേഹത്തെ അറിഞ്ഞശേഷം പിന്മാറിപ്പോയ പലരും എബ്രായ ലേഖനത്തിലെ ഈ വചനങ്ങളെ പേടിയോടെയാണ് കാണുന്നത്.

“ഒരിക്കൽ പ്രകാശനം ലഭിക്കുകയും സ്വർഗ്ഗീയസമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാകുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവർ വീണു പോവുകയാണെങ്കിൽ അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവർ ദൈവപുത്രനെ സ്വമനസാ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്തു. കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും ആർക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിൻമേൽ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം”. (എബ്രായർ 4:6-8)

“അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണ്’ എന്ന വാക്കുകളിലൂടെ ദൈവം രക്ഷയുടെ വാതിൽ തങ്ങൾക്കുനേരേ എന്നെന്നേക്കുമായി വലിച്ചടയ്ക്കുകയാണെന്ന് അവർക്കു തോന്നുന്നു. ഒരോ തവണ പാപത്തിൽ വീണുപോകുമ്പോഴും തിരിച്ചുവരവിനെ അസാധ്യമാക്കുന്ന ആ “ലക്ഷ്മണരേഖ’ തങ്ങൾ മറികടന്നുപോയോ എന്നാണവരുടെ പേടി. എന്നാൽ അങ്ങനെയുള്ളവരോടു പറയട്ടെ. ദൈവാത്മാവിനെ ദുഃഖിപ്പിച്ചോ എന്ന ഭയവും ദൈവത്തിലേക്കു മടങ്ങിവരാനുളള നേരിയ ആഗ്രഹവും നിങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിൽ അതു കാണിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി നിങ്ങളിൽ ഇപ്പോഴും ഉണ്ടെന്നാണ്. നിങ്ങൾക്കു മടങ്ങിവരുവാൻ കഴിയുമെന്നാണ്. ആ ചുവപ്പുരേഖയ്ക്ക് അപ്പുറത്ത് നിങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടില്ലെന്നാണ്.

പക്ഷേ ആത്മാർത്ഥതയുള്ള പല വിശ്വാസികളും, പ്രത്യേകിച്ച് ചെറുപ്പക്കാർ, തോൽവിയുടെ മുൻപിൽ അമ്പേ നിരാശപ്പെട്ടുപോകുന്നു. ശക്തമായ ചില ദൈവികസന്ദേശങ്ങൾക്കു മുൻപിൽ ഇനി കാര്യങ്ങൾ വ്യത്യസ്തമായിരിക്കും’ എന്ന് അവർ പ്രതിജ്ഞ ചെയ്യുന്നു. പക്ഷേ ചില ദിവസങ്ങൾക്കുള്ളിൽ വീണ്ടും അവർ പരാജയപ്പെട്ടുപോകുന്നു. തിരിഞ്ഞു നോക്കുമ്പോൾ തകർന്നടിഞ്ഞ തങ്ങളുടെ ആയിരമായിരം തീരുമാനങ്ങളാണ് അവർ കാണുന്നത്. “പാപത്തിന്മേൽ ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയ ജീവിതം മറ്റു പലരേയും സംബന്ധിച്ചു പ്രായോഗികമായിരിക്കും. എന്നാൽ രണ്ടായാലും എന്നെ സംബന്ധിച്ച് ഇത് നടക്കാൻ പോകുന്നില്ല’ എന്ന നിരാശതയിലേക്ക് അവർ കൂപ്പുകുത്തിയെന്നു വരാം. ഇങ്ങനെ നാട്യക്കാരനായി ജീവിക്കുന്നതിൽ ഭേദം എല്ലാം വലിച്ചെറിഞ്ഞു മടങ്ങിപ്പോയി ലോകത്തിന്റെ വഴികളിൽ ജീവിക്കുന്നതല്ലേ എന്നവർ ചിന്തിക്കുന്നു.

ഈ വരികൾ വായിക്കുന്ന ആരെങ്കിലും ആ നിലയിൽ നിരാശതയുടെ ഒരു ചിന്തയെ താലോലിക്കുന്നുണ്ടോ? എന്നാൽ നിങ്ങളുടെ ഉത്സാഹത്തിനായി ഞാൻ പറയട്ടെ. നിങ്ങൾ സത്യസന്ധനും ആത്മാർത്ഥതയുള്ളവനും ആയതുകൊണ്ടാണ് പരാജയങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നത്. നിങ്ങളിലുള്ള ഈ സത്യസന്ധതതന്നെ ദൈവത്തിനു തുടർന്നു പ്രവർത്തിക്കാനുള്ള ഒരിടമാണ്. നിങ്ങളെ നുറുക്കുന്നതിനും, ജയജീവിതം പോലും ദൈവത്തിന്റെ ദാനമാണ് സ്വന്തപ്രവൃത്തിയാൽ സാധിച്ചെടുക്കുന്നതല്ല’ എന്ന സത്യം നിങ്ങളുടെ ഹൃദയത്തിൽ എഴുതുന്നതിനും വേണ്ടിയാണ് ദൈവം നിരന്തരം പരാജയപ്പെടുവാൻ ഇപ്പോൾ അനുവദിക്കുന്നത് എന്ന കാര്യം ഓർക്കുക. ദൈവം നിങ്ങളുടെ പിതാവാണെന്നും അവിടുത്തെ സ്നേഹത്തിന്റെ കരങ്ങൾക്ക് എത്തിച്ചേരുവാൻ കഴിയുന്നതിന് അപ്പുറത്ത് നിങ്ങൾ നഷ്ടപ്പെട്ടുപോയിട്ടില്ലെന്നും നിങ്ങളോടു തന്നെ പറയുക.

ഒരു പിന്മാറ്റക്കാരനെ സംബന്ധിക്കുന്ന ഉപമയായ ധൂർത്തപുത്രന്റെ ദൃഷ്ടാന്ത കഥയിൽ, അവന്റെ മടങ്ങിവരവ് സാധ്യമാക്കിത്തീർത്തത് ഒരേ ഒരു കാര്യമാണ് തന്റെ പിതാവിൽ അവനുള്ള വിശ്വാസം. ധൂർത്തപുത്രനു സുബോധം വന്നപ്പോൾ ഉടനെ അവൻ പറയുന്നത് “എന്റെ പിതാവ്… എന്നാണ് (ലൂക്കോ.15:17). അടുത്ത വാക്യത്തിൽ അവൻ പറയുന്നു “ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും (15:18 ഇംഗ്ലീഷ്). നോക്കുക: എത്ര അധഃപതിച്ച സ്ഥിതിയിലായിട്ടും ” എന്റെ പിതാവ്’ എന്ന ബോധ്യം അവനു നഷ്ടപ്പെട്ടില്ല. അതാണവനു രക്ഷയായിത്തീർന്നത്. ആന്തരികമായി ദൈവത്തെവിട്ടു പിൻമാറി ഇപ്പോൾ പന്നിക്കൂട്ടിൽ കഴിയുന്ന അവസ്ഥയിലാണെങ്കിലും തിരിച്ചുവരുവാൻ കഴിയുമെന്ന് ഈ ഉപമ നമ്മെ പഠി പ്പിക്കുന്നു.

എഴുന്നേല്ക്കുക. അനുതാപത്തോടെ സ്വന്തഭവനത്തിലേക്കു തിരിച്ചു ചെല്ലുക. അവിടെ ഒരു പിതാവുണ്ട്.

ആ പിതാവ് നിങ്ങൾക്കായി കാത്തുനിൽക്കുന്നു.

20 ശത്രുവിന്റെ കുറ്റാരോപണം


എക്കാലത്തേയും മികച്ച ക്രിസ്തീയ ക്ലാസിക്കുകളിലൊന്നാണ് ജോൺ ബനിയന്റെ “പരദേശിമോക്ഷയാത്ര’. അതിലെ മുഖ്യകഥാപാത്രമായ ക്രിസ്ത്യാനി, മോക്ഷയാത്രയ്ക്കിടയിൽ മരണനിഴലിൻ താഴ്വര പിന്നിടുന്ന രംഗം ആരും അത്രവേഗം മറന്നുപോകാനിടയില്ല….

ക്രിസ്ത്യാനി മരണനിഴലിൻ താഴ്വരയിൽ എത്തിയപ്പോഴേക്കും നേരം വൈകി ഇരുട്ടായിത്തുടങ്ങി. നരകം തന്നെ വായ് പിളർന്നിരിക്കുന്നതുപോലുള്ള ഗർത്തങ്ങളാണു താഴ്വരയിലെങ്ങും. നരകത്തിലെ ആളിക്കത്തുന്ന തീയുടെ ജ്വാല അവയിൽ നിന്ന് ഇടയ്ക്കിടെ നാവുനീട്ടും. ഭൂതപ്രേതാദികളുടെ അട്ടഹാസവും നിലവിളിയും അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു. ഇടയ്ക്കിടെ ദുഷ്ടാത്മാക്കൾ തലങ്ങും വിലങ്ങും കൂകിപ്പായുന്നു. ആകപ്പാടെ ഭീതിദമായ അന്തരീക്ഷം.

നടുങ്ങി വിറച്ചുപോയ ക്രിസ്ത്യാനി ഇതിനിടയിലൂടെ ജീവൻ കൈയിലെടുത്തുപിടിച്ചാണ് ഓരോ ചുവടും മുന്നോട്ടുവച്ചത്. ചുവടൊന്നു പിഴച്ചു പോയാൽ… ഓർക്കാൻ കൂടി വയ്യ. പക്ഷേ, മരണനിഴൽത്താഴ്വരയിലൂടെയുള്ള പ്രയാണത്തിനിടയിൽ ക്രിസ്ത്യാനിയെ ഏറ്റവും വിഷമിപ്പിച്ചത് ഇതൊന്നുമല്ല, മറ്റൊന്നാണെന്നു ബനിയൻ വിവരിക്കുന്നു. ആ ഭാഗം ഇങ്ങനെയാണ്.

……എന്നാൽ ഇതിനെക്കാളെല്ലാം ക്രിസ്ത്യാനിക്കു ദുസ്സഹമായത് മറ്റൊന്നാണെന്നു ഞാൻ കണ്ടു. അതെന്തെന്നാൽ ഒരു ദുഷ്ടാത്മാവു പിന്നിലൂടെ വന്ന് ക്രിസ്ത്യാനിയുടെ ചെവിയിൽ അവന്റെ കർത്താവും രാജാവുമായവനെക്കുറിച്ച് ധാരാളം ദൂഷണവാക്കുകൾ മന്ത്രിക്കുവാൻ തുടങ്ങി. പാവം ക്രിസ്ത്യാനിയാകട്ടെ, ഇരുട്ടായതിനാൽ തന്റെ പിന്നിലൂടെ വന്നു ദൂഷണവാക്കുകൾ ഉച്ചരിച്ചതു ദുഷ്ടാത്മാവാണെന്നു തിരിച്ചറിഞ്ഞില്ല. ഈ ദൂഷണവാക്കുകളെല്ലാം സ്വന്തം ഹൃദയത്തിൽനിന്ന് ഉയരുന്ന സ്വന്തം അഭിപ്രായങ്ങളാണെന്നു ക്രിസ്ത്യാനി വിശ്വസിച്ചുപോയി. ഇത് അവനെ അങ്ങേയറ്റം ദുഃഖാകുലനാക്കി. “അയ്യോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി മരിച്ച് എന്റെ നാഥനും കർത്താവുമായവനെതിരേ ദൂഷണവാക്കുകൾ എന്റെ ഹൃദയത്തിൽനിന്ന് ഉയരുന്നല്ലോ. ഞാൻ എത്രയോ അധമനാണ്….’ എന്നിങ്ങനെ അവൻ വ്യാകുലപ്പെടുവാനും കുറ്റബോധംകൊണ്ട് വീർപ്പുമുട്ടുവാനും തുടങ്ങി. മരണനിഴൽത്താഴ്വരയിൽ ക്രിസ്ത്യാനിക്കുണ്ടായ ഏറ്റവും വലിയ സങ്കടം ഇതായിരുന്നു.

സാത്താൻ വലിയ തന്ത്രശാലിയാണ്. അർദ്ധമനസ്കരായ ക്രിസ്ത്യാനികളുടെയും പൂർണമനസ്കരായ ക്രിസ്ത്യാനികളുടെയും അടുത്ത് അവൻ ഒരേ തന്ത്രമല്ല പ്രയോഗിക്കുന്നത്. ക്രിസ്തുവിനെ പകുതി മനസ്സോടെ പിൻപറ്റുന്നവരെ ലോകത്തിന്റെ മോഹങ്ങളിലേക്കും ധനത്തിന്റെ മായയിലേക്കുമായിരിക്കാം അവൻ ആകർഷിക്കുന്നത്. പക്ഷേ ഈ തന്ത്രം പൂർണ മനസ്കനായ ക്രിസ്ത്യാനിയുടെ അടുത്ത് വിലപ്പോവുകയില്ലെന്ന് അവനറിയാം. എങ്കിൽപ്പിന്നെ പൂർണ്ണമനസ്കനായ ക്രിസ്ത്യാനിയുടെ സന്തോഷവും സമാധാനവും ചോർത്തിക്കളയുവാൻ എങ്ങനെ കഴിയും? ആ ശ്രമത്തിൽ സാത്താൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുധമാണ് കുറ്റാരോപണം.

കുറ്റബോധവും കുറ്റാരോപണവും തമ്മിൽ വ്യത്യാസമുണ്ട്. കുറ്റബോധം വാസ്തവത്തിൽ വേദനപോലെ ദൈവം മനുഷ്യനു നൽകിയ ഒരു വരദാനമാണ്. വേദന സാധാരണ നിലയിൽ നമുക്ക് ഇഷ്ടമുള്ള ഒന്നല്ല. എന്നാൽ അത് ഒരനുഗ്രഹമാണെന്ന് വളരെ വർഷങ്ങൾ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ച ഒരു മിഷനറി ഡോക്ടർ ചൂണ്ടിക്കാട്ടിയത് ഓർക്കുന്നു. കുഷ്ഠരോഗികൾക്ക് കൈകളും കാലുകളും മുരടിച്ച് ക്രമേണ വേദന അറിയാനുള്ള കഴിവ് നഷ്ടമാകുന്നു. ഫലം അവർ അറിയാതെ ഒരു ആണിയിൽ ചിവിട്ടിയാലോ അതു കാലിൽ തുളച്ചു കയറിയാൽ പോലുമോ അറിയുന്നില്ല. അതിന്റെ ഫലമായി കാലു പഴുത്ത് മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ ചെന്നെത്താറുണ്ട്. അതേസമയം വേദന അറിയാനുള്ള കഴിവു നഷ്ടപ്പെട്ടിട്ടില്ലാത്ത നമുക്കോ? ഉവ്വ്, വേദന ഒരനുഗ്രഹമാണ്. കുറ്റബോധവും ഇതേപോലെയാണ്. മനസ്സാക്ഷി മരവിച്ചു പോയിട്ടില്ലെങ്കിൽ തെറ്റു ചെയ്താൽ നമുക്കു കുറ്റബോധം ഉണ്ടാകും. അങ്ങനെ ഉടനെതന്നെ അനുതപിക്കുവാനും യഥാസ്ഥാനപ്പെടുവാനും നമുക്കു സാധിക്കുന്നു. മനസ്സാക്ഷിയിൽ നമുക്കു കുറ്റബോധം തരുന്നതു പരിശുദ്ധാത്മാവിന്റെ ഒരു പ്രവൃത്തിയാണ്.

എന്നാൽ കുറ്റാരോപണം വ്യത്യസ്തമാണ്. നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന, ധൈര്യം ചോർത്തിക്കളയുന്ന ഒരു മന്ത്രണമാണത്. പിശാചാണ് അതിനുപിന്നിൽ. പരിശുദ്ധാത്മാവു നൽകുന്ന കുറ്റബോധം തികച്ചും വ്യക്തവും കൃത്യതയുള്ളതുമായിരിക്കും. “നീ ഇന്ന കാര്യം ചെയ്തതു ശരിയായില്ല’ എന്നിങ്ങനെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ച കാര്യം തികഞ്ഞ വ്യക്തതയോടെ നമ്മെ ചൂണ്ടിക്കാട്ടും. അതേസമയം പിശാചു കൊണ്ടുവരുന്ന കുറ്റാരോപണങ്ങൾ ചിലപ്പോഴെങ്കിലും “നിന്റെ കാര്യം ആകെ കുഴപ്പമാണ്, “നിനക്ക് ഒന്നും ശരിയായി ചെയ്യാൻ കഴിയുകയില്ല’ എന്നിങ്ങനെ പൊതുവേയുള്ള ഒരു ആരോപണം ആയിരിക്കും. മൂടിക്കെട്ടിയ ആകാശം പോലെ ആകെ ഒരു മ്ലാനത. പ്രത്യേക കാരണം ഒന്നുമില്ലാതെ ഒരുതരം വിഷാദം.

ദൈവത്തെക്കുറിച്ചും നമ്മെക്കുറിച്ചും ക്രിസ്തീയ സഹോദരന്മാരെക്കുറിച്ചും കുറ്റപ്പെടുത്തുന്ന ആരോപണങ്ങളും പിശാചു നമ്മുടെ മനസ്സിൽ മന്ത്രിക്കും. “പരദേശിമോക്ഷയാത്ര’യിലെ ക്രിസ്ത്യാനിയെപ്പോലെ ഈ ദൂഷ വിധികളുടെ പിതൃത്വം നാം ഏറ്റെടുക്കുകയും അതേചൊല്ലി കുറ്റബോധത്തിലേക്കു വഴുതി വീഴുകയും ചെയ്യുമ്പോൾ അവന്റെ ലക്ഷ്യം സാധിച്ചു.

എങ്ങനെയാണു നമുക്ക് അവന്റെ ഈ തന്ത്രത്തെ അതിജീവിക്കാൻ കഴിയുന്നത്? ഒന്നാമത് ഈ ചിന്തകൾ നമ്മുടെ ഇച്ഛ (will) യിൽ നിന്നാണോ വരുന്നതെന്നു ശ്രദ്ധിക്കുക. നമ്മുടെ ഇഷ്ടത്തിൽ നിന്നല്ല. അവ വരുന്നതെങ്കിൽ അവയുടെ പിതൃത്വം നാം ഏറ്റെടുക്കേണ്ടതില്ല. തുടർന്ന് അവയെ നാം നിഷേധിക്കുകയും അവനോട് എതിർത്ത് നിൽക്കുകയും ചെയ്യണം.

നമ്മുടെ ചിന്തകളെ നാം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലേക്കാണു മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം വിരൽചൂണ്ടുന്നത്. ‘ചിന്ത’ എന്നതിന്റെ ഗ്രീക്കുപദം Noema എന്നാണെന്നു കേട്ടിട്ടുണ്ട്. ഈ പദം പുതിയ നിയമത്തിൽ ആറു സ്ഥലങ്ങളിലാണ് വരുന്നത്. 2 കൊരിന്ത്യർ 2:11;2 കൊരിന്ത്യർ 3:14; 2 കൊരിന്ത്യർ 4:4; 2 കൊരിന്ത്യർ 10:5, 2 കൊരിന്ത്യർ 11:3; ഫിലിപ്യർ 4:7, എന്നീ വാക്യങ്ങൾ. ഈ വചനങ്ങൾ ഓരോന്നും പരിശോധിച്ചാൽ ഇവയോടെല്ലാം ചേർന്നു സാത്താന്യ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണാൻ കഴിയും. നമ്മുടെ ചിന്തകളെ മുതലെടുക്കുവാനുള്ള അവന്റെ താത്പര്യത്തിലേക്കല്ലേ ഇതു വിരൽ ചൂണ്ടുന്നത്.

ഈ വചനങ്ങളിൽ 2 കൊരിന്ത്യർ 10:4,5 പ്രത്യേകം ശ്രദ്ധേയമാണ്. “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവതന്നെ. അവയാൽ ഞങ്ങൾ സങ്കൽപങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചകളും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തേയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി.

ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായുള്ള ചില ഉയർച്ചകളെക്കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നു. അവ യുക്തികളും സങ്കൽപങ്ങളുമാണ്. അവ കെട്ടിപ്പൊക്കിയിരിക്കുന്നതു ചിന്തയ്ക്ക് ചുറ്റുമായാണ്. അഥവാ ദൈവ പരിജ്ഞാനത്തിനു വിരോധമായി കെട്ടിപ്പൊക്കിയിരിക്കുന്ന യുക്തിയുടേയും സങ്കല്പങ്ങളുടേയും ഉള്ളിൽ സിംഹാസനം ഇട്ടിരിക്കുന്നതു മറ്റാരുമല്ല, ‘ചിന്ത’യാണ്. ഇതു ശരിയല്ലേ? പലപ്പോഴും തെറ്റായ ഒരു വിചാരമാണ് മനസ്സിൽ ആദ്യം വരുന്നത്. തുടർന്ന് അതിന് ചുറ്റും സങ്കൽപങ്ങളും യുക്തികളും കെട്ടിപ്പൊക്കുകയായി. ഒടുവിൽ അവയെല്ലാം ചേർന്നു ദൈവപരിജ്ഞാനത്തിനു വിരോധമായി ഉയർന്നുനിൽക്കുന്ന ഒരു എടുപ്പായി മാറുന്നു. ഇതിനെ തകർക്കാൻ എന്താണു ചെയ്യേണ്ടത്? ആ വചനത്തിൽ തന്നെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ആദ്യം യുക്തിയുടേയും സങ്കൽപങ്ങളുടേയും കോട്ടകളെ ദൈവശക്തിയാൽ ഇടിക്കുക. പിന്നീടു കോട്ടയ്ക്കുള്ളിൽ കടന്ന് ഉള്ളിലെ കൊട്ടാരത്തിൽ സിംഹാസനം ഇട്ടിരിക്കുന്ന ആ ‘ചിന്ത’യെ തടവിൽ പിടിക്കുക.

സുഹൃത്തേ, ഇതൊരു യുദ്ധം തന്നെയാണ്. യുദ്ധക്കളമാകട്ടെ മനസ്സും. ഇവിടെ ശത്രുവിനെ തിരിച്ചറിയുക. അവന്റെ തന്ത്രങ്ങളെ മനസ്സിലാക്കുക. ദൈവപരിജ്ഞാനത്തിനു വിരോധമായുള്ള ഉയർച്ചകളെ ഇടിച്ചു കളയുക. തെറ്റായ വിചാരത്തെ തടവിൽ പിടിക്കുക.

ഉവ്വ്, നമുക്കു പോരാട്ടമുള്ളതു ജഡരക്തങ്ങളോടല്ല… (എഫേസ്യർ 6:12)

21 വിജയം അകലെയല്ല


റെഡ് ഇന്ത്യക്കാരനായ ഒരു യുവാവ് യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. വീണ്ടും ജനനത്തിനുശേഷം അവൻ പൂർവകാല സുഹൃത്തായ മറ്റൊരു റെഡ് ഇന്ത്യക്കാരനോട് തന്റെ രൂപാന്തരത്തിന്റെ കഥ പങ്കുവെയ്ക്കുകയായിരുന്നു. അപ്പോൾ സുഹൃത്തു ചോദിച്ചു. “ആട്ടെ, പഴയ കാലത്തെക്കാൾ ഇപ്പോൾ നിനക്കു നല്ല മനസ്സമാധാനമായിരിക്കും അല്ലേ?”

“നേരേ മറിച്ചാണ് യുവാവ് പറഞ്ഞു. “കർത്താവിനെ അറിയുന്നതിനു മുൻപുള്ള കാലത്ത് എന്റെ മനസ്സിൽ ഒരു കറുത്ത നായ് മാത്രമേ ഉണ്ടായിരുന്നുള്ള. ഇപ്പോൾ മനസ്സിൽ ഒരു വെളുത്ത നായ് കൂടി ഉണ്ട്. ഇപ്പോൾ പ്രശ്നം എന്തെന്നുവച്ചാൽ കറുത്തനായും വെളുത്തനായും തമ്മിൽ മനസ്സിൽ കിടന്നു കടിപിടിയാണ്. പിന്നെന്തു മനസ്സമാധാനം?

സുവിശേഷകർ ക്രിസ്തീയജീവിതത്തെക്കുറിച്ചു പലപ്പോഴും നൽകുന്ന ചിത്രത്തിൽനിന്നു തീർത്തും വ്യത്യസ്തമായ ഒന്നാണ് ഇവിടെ ഈ റെഡ് ഇന്ത്യൻ യുവാവ് തന്റെ സഹജമായ ഭാഷയിൽ വരച്ചുകാട്ടിയത്.

കറുത്തനായ നിങ്ങൾ ഊഹിച്ചതുപോലെ, തിന്മയുടെ പ്രതീകം; വെളുത്ത നായ് നന്മയുടെയും. ഒരു പ്രത്യേക അർത്ഥത്തിൽ പറഞ്ഞാൽ യേശുവിനെ അറിയുന്നതിനു മുൻപുള്ള നാളുകളിലായിരുന്നു ആന്തരിക സംഘർഷം കുറവ്. “ജഡത്തിനും മനോവികാരങ്ങൾക്കും’ ബോധിച്ച് നിലയിൽ ഇഷ്ടംപോലെ ജീവിക്കാമായിരുന്നു. കറുത്തനായ് നയിക്കുന്ന വഴിയിലൂടെ അങ്ങുപോയാൽ മതിയായിരുന്നു.

എന്നാൽ ഇപ്പോഴോ? ഇപ്പോൾ പഴയപടി തോന്നിയതുപോലെ ജീവിക്കാനാവില്ല. പലകാര്യങ്ങൾക്കും ഉള്ളിൽ നിന്ന് ഒരു വിലക്ക് ഉയരുന്നുണ്ട്. നന്മയുടെ ഈ ഇടപെടലിനെയാണ് ചെറുപ്പക്കാരൻ “വെളുത്തനായ്’ എന്നതു കൊണ്ട് ഉദ്ദേശിച്ചത്.

യേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതോടെ ജീവിതത്തിൽ പിന്നെ എന്നും സമാധാനമാണ് എന്നു സുവിശേഷകർ പറയാറുണ്ട്. പാപത്തിന്റേയും ന്യായവിധിയുടേയും ഡമോക്ലിയസിന്റെ വാളിനുകീഴിൽനിന്നു രക്ഷപ്പെടുന്നതോടെ ജീവിതത്തെ ഉടനീളം ഭരിക്കുന്ന ദൈവികസമാധാനം കൈവരുന്നു. എന്നതു ശരിയാണ്. പക്ഷേ നന്മയും തിന്മയും തമ്മിലുള്ള വടംവലിയുടെ ആന്തരിക സംഘർഷവും അവിടെ ആരംഭിക്കുന്നു എന്ന വസ്തുത നാം കാണാതിരുന്നുകൂടാ. ഈ കാര്യം സുവിശേഷകർ വിശദീകരിച്ചുകൊടുക്കാൻ മടിക്കുന്നതുകൊണ്ടല്ലേ വിശ്വാസത്തിലേക്കുവരുന്ന ചിലരെങ്കിലും ആദ്യസമയത്തെ സന്തോഷത്തിനുശേഷം പിടിച്ചുനിൽക്കാനാവാതെ പിൻതിരിഞ്ഞു പോകുന്നത്?

നാം തുടക്കത്തിൽ പറഞ്ഞ കഥ അവിടെ അവസാനിക്കുന്നില്ല. സുഹൃത്ത് റെഡ് ഇന്ത്യക്കാരൻ യുവാവിനോടു തുടർന്നു ചോദിച്ചു. “ആട്ടെ, കറുത്ത നായും വെളുത്തനായും തമ്മിലുള്ള വഴക്കിന്റെ കാര്യം നീ പറഞ്ഞല്ലോ. ഇവർ തമ്മിലുള്ള യുദ്ധത്തിൽ ഒടുവിൽ ഏതു നായയാണു ജയിക്കുന്നത്?

യുവാവിന്റെ മറുപടി പെട്ടെന്നായിരുന്നു “എന്താ സംശയം? ഞാൻ ഏതു നായയ്ക്കാണോ കൂടുതൽ തീറ്റി കൊടുക്കുന്നത് അവനായിരിക്കും ഒടുവിൽ ജയിക്കുന്നത്.

വ്യക്തമായോ?

ഏതു നായയ്ക്ക് കൂടുതൽ തീറ്റികൊടുക്കുമോ ആ നായയായിരിക്കും കൂടുതൽ ശക്തൻ. പോരാട്ടത്തിൽ ആത്യന്തിക ജയം അതിനായിരിക്കും.

തനിക്കു പരിചിതമായ ജീവിതസാഹചര്യത്തിൽനിന്ന് ഒരു ഉദാഹരണം കണ്ടെടുത്ത് റെഡ് ഇന്ത്യൻ ചെറുപ്പക്കാരൻ വിവരിച്ച ക്രിസ്തീയജീവിതത്തിലെ ആന്തരിക സംഘർഷങ്ങളുടെ ഈ കഥയെ വെറും കഥയില്ലായ്മ’ എന്നു ചിരിച്ചുതള്ളാൻ വരട്ടെ. കാരണം റോമർക്കെഴുതിയ ലേഖനത്തിൽ അപ്പോസ്തലനായ പൗലൊസ് പറഞ്ഞുവച്ചിരിക്കുന്ന ആഴമേറിയ ക്രിസ്തീയസത്യങ്ങളും ഇതുതന്നെയാണ്.

ജയകരമായ ഒരു ക്രിസ്തീയജീവിതത്തിനു വാഞ്ഛിക്കുന്ന ആർക്കും ഒഴിവാക്കാനാവാത്തതാണ് റോമർ ആറ്, ഏഴ്, എട്ട് എന്നീ അധ്യായങ്ങൾ. നമ്മിൽ പ്രകൃത്യാ ഉള്ള പാപസ്വഭാവത്തെ റോമർ ആറാം അദ്ധ്യായത്തിൽ പൗലൊസ് പഴയ മനുഷ്യൻ (old man) എന്നു വിളിക്കുന്നു. പാപം ചെയ്യുന്നതിൽ രസം കണ്ടെത്തുന്ന ഈ പഴയ മനുഷ്യനെ ഒരു വീട്ടിലെ അവിശ്വസ്തനായ കാര്യസ്ഥനോട് ഉപമിക്കാം. പാപത്തെ നമ്മുടെ ജീവിതത്തിൽ അതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്ന കള്ളന്മാരോടും. ഈ കള്ളന്മാർ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾളുടെ കവാടത്തിൽ വന്നുമുട്ടി അകത്തു പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുക്കേണ്ടതിനു പകരം പഴയമനുഷ്യൻ വീട്ടിലെ വേലക്കാരനായ ജഡ (flesh)ത്തോട് അവർക്കു വാതിൽ തുറന്നുകൊടുക്കാനാണ് ആജ്ഞാപിക്കുന്നത്. കാര്യസ്ഥനായ പഴയ മനുഷ്യന്റെ ആജ്ഞ ശിരസാവഹിച്ച് പാപത്തോടു താത്പര്യമുള്ള വേലക്കാരനായ ജഡം വാതിൽ തുറന്നുകൊടുക്കുമ്പോൾ നാം പാപം ചെയ്യുന്നു.

യേശുക്രിസ്തുവിന്റെ കാൽവറി മരണത്തിൽ നമ്മുടെ ആദാമ്യപ്രകൃതിയായ പഴയ മനുഷ്യനും ക്രൂശിക്കപ്പെട്ടു. ആ കാൽവറി മരണത്തിൽ വിശ്വസിച്ച് ഒരുവൻ കർത്താവിനെ സ്വീകരിക്കുമ്പോൾ അവനിലുള്ള പഴയ മനുഷ്യനു മരണം സംഭവിക്കുകയാണ്. ആ സ്ഥാനത്തു പുതിയ മനുഷ്യൻ (New Man) ആ വീടിന്റെ കാര്യസ്ഥനായി വരുന്നു. വിശ്വാസിയുടെ ജീവിത ഭവനത്തെ ഇപ്പോൾ നോക്കുക. അവിടെ കള്ളന്മാർക്കു വീടുതുറന്നുകൊടുക്കാൻ ആജ്ഞാപിക്കുന്ന പഴയ മനുഷ്യൻ ഇന്നില്ല. പകരം കള്ളന്മാർ അകത്തു പ്രവേശിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുന്ന പുതിയ മനുഷ്യനാണു വീടു ഭരിക്കുന്നത്. ഇപ്പോഴും കള്ളന്മാർ വാതിലിൽ വന്നു മുട്ടാറുണ്ട്. പക്ഷേ ഇപ്പോൾ പുതിയ മനുഷ്യൻ ജഡത്തോട് “വാതിൽ തുറക്കരുത്ന്നാണ് ആജ്ഞാപിക്കുന്നത്. ഫലം പാപത്തിനു വിശ്വാസിയുടെ ഹൃദയത്തിൽ കടക്കാൻ കഴിയാതെ പോകുന്നു.

ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ വിശ്വാസിക്ക് എങ്ങനെ പാപത്തിൽ വീഴുവാൻ കഴിയും?

ഉത്തരം ഇതാണ്. പുതിയ മനുഷ്യൻ ശക്തനായിരിക്കുന്നിടത്തോളം കള്ളന്മാരെ ചെറുത്തുനില്ക്കാൻ കഴിയും. വചനധ്യാനം, പ്രാർത്ഥന, കൂട്ടായ്മ എന്നിങ്ങനെ ആത്മീയ പോഷണത്തിനു സഹായിക്കുന്നതെല്ലാം പുതിയ മനുഷ്യനെ ആരോഗ്യത്തിൽ സൂക്ഷിക്കും. എന്നാൽ ഇവവേണ്ടത്രയില്ലാതെ, പുതിയ മനുഷ്യൻ ബലഹീനനായിരിക്കുമ്പോൾ കള്ളന്മാർ ബലമായി അകത്തു കടക്കും. പുതിയ മനുഷ്യൻ ശക്തിഹീനനാണെങ്കിൽ കള്ളന്മാർ വാതിലിൽ മുട്ടുമ്പോൾ വാതിൽ തുറക്കരുതെന്ന അവന്റെ ആജ്ഞയും ദുർബലമായിരിക്കുമല്ലോ. ഫലം ജഡം വാതിൽ തുറക്കും (വേലക്കാരൻ ഇപ്പോഴും പാപത്തോടുതാത്പര്യമുള്ള പഴയ അതേ ഭൃത്യൻ തന്നെയാണെന്നതു ശ്രദ്ധിക്കുക. പഴയ മനുഷ്യനു മരണം സംഭവിച്ചെങ്കിലും ജഡത്തിനു വ്യത്യാസം വരുന്നില്ലല്ലോ). അങ്ങനെ പാപം വീണ്ടും അകത്തു കടക്കും. വിശ്വാസി പാപത്തിൽ വീഴുന്നത് ഇങ്ങനെയാണ്.

എന്നാൽ പുതിയ മനുഷ്യൻ ഭക്ഷണം കഴിച്ച് ആരോഗ്യവാനായിരിക്കുന്നിടത്തോളം പാപത്തിനു നമ്മെ ജയിക്കുവാൻ കഴിയുകയില്ല. (ഏതു നായയ്ക്കു തീറ്റികൊടുക്കുമോ അതായിരിക്കും യുദ്ധത്തിൽ ആത്യന്തികമായി ജയിക്കുക എന്ന റെഡ് ഇന്ത്യൻ യുവാവിന്റെ നിരീക്ഷണം എത്ര ശരിയാണെന്നു നോക്കുക!)

റോമർ ആറിലെ ഈ പോരാട്ടത്തെ ഗൗരവമായി എടുക്കാത്ത ഒരു വിശ്വാസിക്കും റോമർ ഏഴിലെ “എന്നെ ആർ വിടുവിക്കും?’ എന്ന വലിയ നിലവിളിയിലേക്കും എട്ടിലെ സ്വാതന്ത്ര്യം വരുത്തുന്ന ജീവന്റെ ആത്മാവിന്റെ പ്രമാണത്തിലേക്കും വരുവാൻ കഴിയുകയില്ല.

യഥാർത്ഥ ക്രിസ്തീയ ജീവിതം പാപം നമ്മെ ഭരിക്കാത്ത ഒരു ജീവിതമാണ്. ന്യായപ്രമാണത്തിന്റെ കീഴിലുള്ള ഭാരമേറിയ ഒരു ജീവിതവുമല്ല അത്.

ആത്മാവിനാൽ നടത്തപ്പെടുന്ന, ക്രിസ്തുവിന്റെ ജീവന്റെ ഒഴുക്കിനനുസരിച്ച് സ്വാഭാവികമായിപ്പോകുന്ന, സ്വാതന്ത്ര്യത്തിന്റെ അനുഗൃഹീതമായ ഒരു ജീവിതമാണത്.

സുഹൃത്തേ, ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച താങ്കൾ ഇന്നു പാപത്തോടു പോരാടി തളർന്നിരിക്കുകയാണോ?. ‘സുവിശേഷകന്മാർ കൊട്ടിഘോഷിക്കുന്ന ആ വലിയ സമാധാനവും സ്വസ്ഥതയും എനിക്ക് എന്നാണ് അനുഭവവേദ്യമാകുന്നത്’ എന്ന് അമ്പരക്കുകയാണോ നിങ്ങൾ?. പാപത്തിന്മേൽ ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയ ജീവിതം കേവലം ഒരു മരീചികയാണെന്നു വരുമോ എന്നു നിങ്ങൾ ആശങ്കപ്പെടുകയാണോ?.

എങ്കിൽ ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്. പ്രതീക്ഷ കൈവിടരുതേ. നിരാശപ്പെടാൻ സമയം ആയിട്ടില്ല. ധൈര്യവും ഉറപ്പും ഉള്ളവനായിരിക്കുക. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തെ അതിന്റെ എല്ലാ ആന്തരിക സംഘർഷങ്ങളോടെയും നിങ്ങൾ ഇന്ന് അറിയുന്നുവെങ്കിൽ അതൊരു നല്ല ലക്ഷണമാണ്. അത് റോമർ ഏഴിലെ നിലവിളിയിലേക്കും എട്ടിലെ ജീവന്റെ ആത്മാവിന്റെ പ്രമാണത്തിലേക്കും നിങ്ങളെ നയിക്കും.

പാപത്തോടു പോരാടുന്നതിൽ പ്രാണത്യാഗത്തോളം എതിർത്തു നിന്ന ഒരുവനെ ഇന്നു നോക്കുക. ആ കാൽച്ചുവടുകളെ പിൻതുടരുക. വിജയം അകലെയല്ല…….

22 ഉൽകണ്ഠകൾക്കു പ്രവേശനമില്ല


റോമൻ ചക്രവർത്തിമാർ ക്രിസ്ത്യാനികൾക്കെതിരെ മതപീഡനം അഴിച്ചു വിട്ട കാലഘട്ടം. വൃദ്ധനായ ഒരു ക്രിസ്ത്യാനിയെ ചക്രവർത്തി വിചാരണ ചെയ്യുന്നതാണു രംഗം.

“ഓ, നീ ക്രിസ്ത്യാനിയാണ്. നീ നിന്റെ വിശ്വാസം തള്ളി പറയാൻ തയ്യാറുമില്ല അല്ലേ? എങ്കിൽ ഞാൻ നിന്റെ സ്വത്തുക്കൾ എല്ലാം കണ്ടുകെട്ടും. “തിരുമനസ്സേ, അതു സാധ്യമല്ല. കാരണം, എന്റെ നിക്ഷേപം സ്വർഗ്ഗത്തിലാണ്.

“എങ്കിൽ നിന്നെ ഞാൻ കാരാഗൃഹത്തിൽ ഏകാന്തത്തടവിലാക്കും”

“കാരാഗൃഹത്തിൽ യോസഫിനോടുകൂടെ ഇരുന്ന ദൈവം എന്നോടൊപ്പവും ഉണ്ടാവും. ഏകാന്തത്തടവ് എനിക്കു മധുരമായ കൂട്ടായ്മയുടെ സ്ഥലമായിരിക്കും.”

“ഓഹോ!എങ്കിൽ ഞാൻ നിന്നെ നാടുകടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

“വിരോധമില്ല. പത്മോസിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാൻ ആത്മ വിവശതയിലായി സ്വർഗ്ഗീയ ദർശനങ്ങളെ കണ്ടല്ലോ. എനിക്കും…….

“അങ്ങനെയാണോ? എങ്കിൽ ശിരച്ഛേദം ചെയ്തു നിന്റെ കഥ കഴിക്കാനാണു പോകുന്നത്.

“സന്തോഷം. തിരുമനസ്സേ, ഈ ശരീരം വിട്ടാൽ ഞാൻ ക്രിസ്തുവിനോടൊപ്പം. അത് അത്യുത്തമം.

ഇനി എന്തു ചെയ്യണമെന്നറിയാതെ ചക്രവർത്തി കുഴങ്ങി. എന്തു ചെയ്താലും കിസാത്യാനിയെ ഭയപ്പെടുത്താനോ അവന്റെ സന്തോഷം ഇല്ലാതാക്കാനോ കഴിയില്ലെന്നു കണ്ട് ചക്രവർത്തി അവനെ വെറുതേ വിട്ടു വെന്നാണു കഥ.

സാഹചര്യം എന്തായാലും അതിന് അതീതനായി സന്തുഷ്ടനായിരിക്കാൻ ക്രിസ്ത്യാനിക്കു കഴിയും.കഴിയണം. വസ്തുത ഇതായിരിക്കെ ഇന്നു ക്രിസ്ത്യാനികൾ ഉൽകണ്ഠാകുലരും ആകുലചിത്തരും വിഷാദമഗ്നരുമായിരിക്കുന്നതിനു എന്താണു കാരണം?

ക്രിസ്തുവിനെ വ്യക്തിപരമായി അറിയാത്തവരും ദൈവിക വാഗ്ദാനങ്ങൾക്ക് അപ്പുറം നഷ്ടപ്പെട്ടവരുമായ ആളുകളോട് യേശുക്രിസ്തുവിലുള്ള സന്തോഷത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും നാം വാചാലരാകാറുണ്ട്. അപ്പോൾ അവരാരെങ്കിലും ഇന്നത്തെ ക്രിസ്ത്യാനികളുടെ ഉത്കണ്ഠയും പിരിമുറക്കവും ചൂണ്ടിക്കാട്ടി ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്താൽ നമുക്ക് എന്താണു മറുപടി? ഈ ക്രിസ്ത്യാനികളുടെ അവസ്ഥയെ നമുക്ക് എങ്ങനെ വിശദീകരിക്കാൻ കഴിയും

പത്രോസിന്റെ വാക്കുകളിൽ നിന്നും നമുക്ക് ഇതിനു മറുപടി കണ്ടെത്താം. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകലചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ’ എന്നാണു പത്രോസിന്റെ ഉദ്ബോധനം. അപ്പോൾ ക്രിസ്തുവിലായിരിക്കുന്ന ഒരുവൻ ബോധപൂർവ്വം ചെയ്യേണ്ട ഒരു കാര്യമുണ്ട് തന്റെ ആകുലചിന്തകളും ഉത്കണ്ഠകളും അവൻ കർത്താവിന്റെമേൽ ഇട്ട് വിശ്രമിക്കണം.

പറയുമ്പോൾ എളുപ്പം കഴിഞ്ഞു. പക്ഷേ എങ്ങനെയാണു സകല ചിന്താകുലവും അവന്റെമേൽ ഇടുന്നത്? ഭാരമുള്ള ചുമടുമായി നടന്നുപോകുന്ന വൃദ്ധയോടു ദയ തോന്നി തന്റെ വണ്ടിയിൽ കയറിക്കൊള്ളാൻ അനുവദിച്ച കാളവണ്ടിക്കാരന്റെ ഒരുനുഭവം കേട്ടിട്ടുണ്ട്. അവൻ പിന്നേയും കുറേ ദൂരം ചെന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധ, കാളവണ്ടിക്കുള്ളിൽ ഇരിക്കുന്നുണ്ടെങ്കിലും ചുമട് അപ്പോഴും അവരുടെ തലയിലുണ്ട്. ചുമട് തലയിൽ നിന്ന് ഇറക്കി വണ്ടിയിൽ വച്ചാൽ കാളയ്ക്ക് അതു കൂടതൽ ഭാരമാകും, കാളവണ്ടിക്കാരന് അതു ബുദ്ധിമുട്ടാകും എന്നിങ്ങനെയുള്ള ചിന്തയായിരുന്നത്രേ വണ്ടിയിൽ ഇരിക്കു മ്പോഴും ചുമട് തലയിൽ തന്നെ വഹിക്കാൻ അവളെ പ്രേരിപ്പിച്ചത്. ഈ വിഡ്ഢിയായ വൃദ്ധയെപ്പോലെയാണു പലപ്പോഴും നമ്മൾ. ദൈവത്തിന്റെ ബലമുള്ള കൈകളിലാണു നമ്മുടെ ഇരിപ്പ്. പക്ഷേ അപ്പോഴും ഭാരം അവിടെ ഇറക്കിവയ്ക്കാതെ ചിന്താകുലങ്ങൾ നാം തലയിൽ പേറുകയാണ്.

എങ്ങനെയാണ് ഈ ഭാരം അവന്റെ മേൽ ഇടുവാൻ കഴിയുന്നത്? ലഘുവായ രണ്ടുകാര്യങ്ങൾ അതിനു നമ്മെ സഹായിക്കും. ഒന്ന് വിശ്വാസം. രണ്ട് അനുസരണം.

കാരണം ഉള്ളതും ഇല്ലാത്തതുമായ ഭാരപ്പെടുത്തുന്ന ചിന്തകൾ മനസ്സിൽ കയറിവരുമ്പോൾ വിശ്വാസത്തെ പ്രവർത്തനനിരതമാക്കി ഭാരത്തെ ദൈവത്തിൽ കൊണ്ടിടുവാൻ നാം പഠിക്കേണ്ടതുണ്ട്. ആകുലചിന്തകൾ വരുമ്പോൾ ഭാരപ്പെട്ടുപേകുവാൻ, ധൈര്യഹീനരാകുവാൻ, നിരാശിതരാകുവാൻ ബോധപൂർവ്വം തന്നെ നാം വിസമ്മതിക്കണം. വിശ്വാസത്താൽ അവയെ ഉടനെ തന്നെ ദൈവത്തിൽ അർപ്പിക്കണം. എന്തിലുള്ള വിശ്വാസത്താൽ നമ്മോടുള്ള ദൈവ സ്നേഹത്തിലുള്ള വിശ്വാസത്തിലാണ് നമുക്ക് അങ്ങനെ ചെയ്യുവാൻ കഴിയുന്നത്.

ആസിയിൽ ഉണ്ടായ കഷ്ടങ്ങൾ നിമിത്തം നിരാശതോന്നി…. അത്യന്തം ഭാരപ്പെട്ടു…. ഭയപ്പെട്ടു(2 കൊരി.1: 8, 7:5) എന്നെല്ലാം ഒരിക്കൽ സ്വന്തം അനുഭവം വിവരിക്കുന്ന പൗലോസിന് പിന്നീടൊരിക്കൽ കാരാഗൃഹത്തിൽ കിടന്നുകൊണ്ട് ഫിലിപ്പ്യർക്കു ലേഖനം എഴുതുമ്പോൾ സാഹചര്യങ്ങൾക്ക് അതീതമായി കർത്താവിൽ സന്തോഷിക്കുന്നതിനെക്കുറിച്ച് ഇത്രയേറെ വാചാലനാകുവാൻ എങ്ങനെയാണ് കഴിയുന്നത്? (104 വാക്യങ്ങൾ മാത്രമുള്ള ആ കൊച്ചു ലേഖനത്തിൽ 17 പ്രാവശ്യമാണ് പൗലോസ് സന്തോഷത്തെക്കുറിച്ച് പറയുന്നത്!) ഒരിക്കൽ ഫിലിപ്പിയിലെ കാരാഗൃഹത്തിൽ ബന്ധനസ്ഥനായി കിടക്കുമ്പോൾ അർദ്ധരാത്രിയിൽ പാടി സന്തോഷിച്ച സംഭവത്തിന്റെ (പവൃത്തി 6) ഓർമയാകാം വിശ്വാസത്തോടെ ആകുലചിന്തകളെ നിരാകരിച്ച് കർത്താവിൽ എപ്പോഴും സന്തോഷിക്കുന്നതിനെക്കുറിച്ചുള്ള ഉദ്ബോധനത്തിനു പൗലോസിനെ ശക്തിപ്പെടുത്തിയത്.

ഹൃദയത്തിൽ ഭാരം ഉണ്ടാകുന്നതിനുള്ള രണ്ടാമത്തെ കാരണം അനുസരണത്തിന്റെ അഭാവമാണ്. ദൈവത്തോടുള്ള അനുസരണം എപ്പോഴും ആനന്ദം കൊണ്ടുവരുന്നു. എത്യോപ്യയിലെ ഷണ്ഡൻ (പ്രവൃത്തി 8:38, 39) ഫിലിപ്പിയിലെ കാരാഗൃഹപ്രമാണി(പ്രവൃത്തി 16: 33, 34) എന്നിവരുടെ അനുഭവം നോക്കുക. ഉവ്വ്, ദൈവത്തിന്റെ കല്പനകൾ അനുസരിക്കുമ്പോൾ, അനുസരിക്കാൻ തീരുമാനിക്കുമ്പോൾ ഭാരം മെഴുകുപോലെ ഉരുകി മാറും.

നേരത്തേ പറഞ്ഞ വിശ്വാസം ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ അനുസരണത്തിന് ആധാരമായിരിക്കുന്നത് ദൈവത്തോടു നമുക്കുള്ള സ്നേഹമാണ്(യോഹന്നാൻ 14:15, 21) കരുതുന്നവനും സ്നേഹിക്കുന്നവനും ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ തിരഞ്ഞെടുത്തവനുമായ ദൈവത്തിന്റെ നിത്യ സ്നേഹത്തിലുള്ള വിശ്വാസം പ്രവർത്തനസജ്ജമാകുമ്പോൾ നമ്മുടെ ആകുലചിന്ത മാറിപ്പോകും. അതു പോലെ ദൈവത്തോടും നമുക്കുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും അടിസ്ഥാനത്തിൽ അവിടുത്തെ കല്പന അനുസരിക്കുവാൻ നാം തീരുമാനിക്കുമ്പോഴും നമ്മുടെ ഭാരങ്ങൾ നീങ്ങിപ്പോകും.

സുഹൃത്തേ, താങ്കൾ ഒരു യഥാർത്ഥ ക്രിസ്ത്യാനിയാണെങ്കിൽ ആകുല ചിന്തകൾക്ക് താങ്കളുടെ മേൽ ഒരവകാശവുണ്ടായിരുക്കരുത്. പാപത്തപ്പോലെ നാം തള്ളിക്കളയേണ്ട ഒന്നാണു ഭാരവും (എബ്രായർ 12:1). ഇപ്പോൾ ഹൃദയത്തിൽ ആകുലചിന്തകളുടെ ഭാരം കടന്നുവരുന്നണ്ടെങ്കിൽ അതിനു രണ്ടു കാരണം ഉണ്ടാകാം. ഒന്നുകിൽ വിശ്വാസത്തിന്റെ കുറവ്. അല്ലെങ്കിൽ അനുസരണത്തിന്റെ അഭാവം. ഇതിൽ ഏതാണു താങ്കളുടെ ഇപ്പോഴത്തെ ഭാരത്തിനുകാരണമെന്നു തിരിച്ചറിയുക. എന്നിട്ട് ദൈവസ്നേഹത്തിലുള്ള ഉറപ്പിൽ വിശ്വാസത്തെ പ്രവർത്തന നിരതമാക്കുക. അല്ലെങ്കിൽ ദൈവത്തോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ അനുസരണത്തിനു തയ്യാറാകുക. ഇങ്ങനെയാണു സകലചിന്താകുലവും അവന്റെ മേൽ ഇടുവാൻ നമുക്ക് കഴിയുന്നത്.

23 തീയമ്പുകൾക്കു മുമ്പിൽ ധീരതയോടെ


ചെറുപ്പക്കാരനായ ഒരു ക്രിസ്ത്യാനി. അവൻ ഒരു തെറ്റിൽ വീണു പോയി. പക്ഷേ അതേക്കുറിച്ചു പരിശുദ്ധാത്മാവ് ബോധ്യം കൊടുത്തപ്പോൾ അനുതപിച്ചു. യഥാസ്ഥാനപ്പെട്ടു. “സകല” പാപവും പോക്കി ശുദ്ധീകരിക്കുന്ന യേശുവിന്റെ രക്തത്തിന്റെ അത്ഭുതശക്തി അനുഭവവേദ്യമായ നിമിഷം. രക്ഷയുടെ സന്തോഷത്തിലേക്ക് അവൻ തിരികെ വന്നു.

പക്ഷേ പകലത്തെ തിരക്കുകൾക്കുശേഷം രാത്രിയിൽ ഒറ്റയ്ക്കായപ്പോൾ സാത്താൻ അവനെ അലട്ടുവാൻ തുടങ്ങി. “ഇല്ല. നിനക്ക് ഇനി രക്ഷയില്ല. മടങ്ങിവന്നെന്നും നിന്റെ പാപം കഴുകപ്പെട്ടെന്നും ഉള്ളതെല്ലാം വെറും തോന്നൽ മാത്രം. സംശയങ്ങൾ വരുമ്പോൾ ദൈവവചനത്തിൽ നിന്നാണ് ഉറപ്പു പ്രാപിക്കേണ്ടതെന്ന് അറിയാമായിരുന്ന ചെറുപ്പക്കാരൻ ഉടനേ ബൈബിൾ കൈയിലെടുത്തു. 1 യോഹന്നാൻ 1:7; 2:1,2 തുടങ്ങിയ വചനങ്ങൾ വായിച്ചു ധൈര്യം പ്രാപിച്ചു. പിന്നെ പ്രാർത്ഥിച്ചശേഷം ഉറങ്ങുവാൻ കിടന്നു. അധികം കഴിഞ്ഞില്ല, വീണ്ടും സാത്താൻ സംശയങ്ങളുമായി അവനെ സമീപിച്ചു. അവൻ എഴുന്നേറ്റു ലൈറ്റിട്ടു. ബൈബിൾ എടുത്ത് നേരത്തെ വായിച്ച വചനഭാഗങ്ങൾ തന്നെ വായിച്ചു. ഉറപ്പും ധൈര്യവും ലഭിച്ചു. ബൈബിൾ അടച്ചു വച്ച് വീണ്ടും ഉറങ്ങാൻ കിടന്നു. എന്നാൽ സാത്താൻ അവനെ വെറുതേ വിടാൻ തയ്യാറല്ലായിരുന്നു. അവൻ പിന്നെയും സംശയങ്ങളും ചോദ്യങ്ങളുമായി ചെറുപ്പക്കാരനെ സമീപിച്ചു. ഈ പ്രാവശ്യം അവൻ എന്തു ചെയ്തുവെന്നോ? അവൻ എഴുന്നേറ്റ് ബൈബിൾ തുറന്ന് അതേ ഭാഗങ്ങൾ തന്നെ വായിച്ചശേഷം ബൈബിൾ തുറന്ന നിലയിൽ മേശപ്പുറത്തു വച്ചു. എന്നിട്ട് ഉറക്കെ സാത്താനോട് ഇങ്ങനെപറഞ്ഞു. “ദാ, ഞാൻ ഉറങ്ങാൻ പോകുകയാണ്. ഇനി എന്നെ ശല്യപ്പെടുത്തരുത്. എന്റെ രക്ഷയെക്കുറിച്ച് എനിക്കു സംശയമൊന്നുമില്ല. നിനക്കു വല്ല സംശയവുമുണ്ടെങ്കിൽ ബൈബിൾ ഇതാ മേശപ്പുറത്തു തുറന്നു വച്ചിട്ടുണ്ട്. നിനക്കു വായിച്ചു നോക്കാം. രണ്ടായാലും എന്നെ ഇനി അലട്ടിയേക്കരുത്”.

സാത്താൻ പോയവഴിക്ക് ഇനിയും പുല്ലു മുളച്ചിട്ടില്ലെന്നാണു കഥ.

സാത്താൻ വലിയ തന്ത്രശാലിയാണ്. ഒരു യഥാർത്ഥ ക്രിസ്ത്യാനി ധൈര്യ സമേതം നിന്നാൽ അതു തനിക്കും തന്റെ സാമ്രാജ്യത്തിനും ഒരു ഭീഷണിയാണെന്ന് അവനറിയാം. അതുകൊണ്ട് അങ്ങനെയുള്ളവരെ നിഷ്ക്രിയരാക്കാൻ അവൻ പരമാവധി ശ്രമിക്കും. അർദ്ധമനസ്കനായ ഒരു ക്രിസ്ത്യാനിയെ ലോകത്തിന്റെ മോഹങ്ങളും ഇമ്പങ്ങളും കാട്ടി വശീകരിക്കുക എളുപ്പമാണ്. എന്നാൽ പൂർണ്ണമനസ്കനായ ഒരു ക്രിസ്ത്യാനിയുടെ അടുത്ത് ഈ തന്ത്രം വിലപ്പോവുകയില്ലെന്നു സാത്താനറിയാം. പൂർണ്ണഹൃദയമുള്ള ക്രിസ്ത്യാനി സത്യത്തിനു വലിയ വിലകൊടുക്കുന്നവനായതുകൊണ്ട് അവന്റെയടുത്തു കള്ളം പറഞ്ഞുകൊണ്ടല്ല സത്യം തന്നെ പറഞ്ഞു കൊണ്ടാണു സാത്താൻ എത്തുന്നത്. യഥാർത്ഥ ക്രിസ്ത്യാനിയുടെ ജീവിതത്തിൽ വന്ന വീഴ്ചകളെ സാത്താൻ ചൂണ്ടിക്കാട്ടുമ്പോൾ അതു സത്യമായതുകൊണ്ട് ക്രിസ്ത്യാനി അതു സംഭവിച്ചതാണെന്നു സമ്മതിക്കും. ഇതേ തുടർന്നു സാത്താൻ അവനെ നിരാശതയിലേക്കും അധൈര്യത്തിലേക്കും തള്ളിവിടും. അങ്ങനെ അവൻ അധീരനും തുടർന്ന് നിഷ്ക്രിയനുമായി മാറുമ്പോൾ സാത്താൻ അവന്റെ ലക്ഷ്യം നേടി.

നമ്മുടെ ഭൂതകാലത്തിലെ പാളിച്ചകൾ സാത്താൻ നമ്മെ കാട്ടുമ്പോൾ അതു സത്യമാണെങ്കിലും അതു ഭാഗികസത്യം മാത്രമാണെന്നകാര്യം നാം മറന്നുപോകരുത്. പൂർണ്ണസത്യമെന്നു പറയുന്നത് ആ തെറ്റുകളെല്ലാം നാം അനുതപിച്ച് യഥാസ്ഥാനപ്പെട്ട നിമിഷത്തിൽ തന്നെ ദൈവം പൂർണ്ണമായി നമ്മോടു ക്ഷമിച്ചെന്നതും അവിടുന്ന് അവയൊന്നും ഇനി ഓർക്കുന്നില്ലെന്ന തുമാണ്. ഇതാണു സത്യം. സാത്താന്റെ ഭാഗികസത്യത്തെ നാം ദൈവവചനത്തിലെ പൂർണ്ണ സത്യവുമായാണ് എതിരിടേണ്ടത്.

ഇത് അറിയാമെങ്കിലും പലപ്പോഴും നമുക്കതിനു കഴിയാതെ പോകുന്ന തെന്തുകൊണ്ടാണ് സാത്താൻ പറയുന്ന ഭാഗികസത്യമാണു ശരിയെന്നും ദൈവവചനത്തിൽ കാണുന്ന പൂർണ്ണസത്യം ശരിയല്ലെന്നും നമുക്കു തോന്നു ന്നതെന്തുകൊണ്ടാണ്? കാരണം, വിശ്വാസത്തെക്കാളേറെ നാം അനുഭവത്തെ വിലമതിക്കുന്നു. സാത്താൻ എടുത്തുകാട്ടുന്ന ഭൂതകാലത്തിലെ പരാജയങ്ങൾ നമ്മുടെ അനുഭവങ്ങളാണ്. അതേ സമയം അവ പൂർണ്ണമായി ക്ഷമിച്ചെന്നും നാം രക്തത്താൽ കഴുകപ്പെട്ടെന്നുമുള്ള ദൈവവചനത്തിലെ പൂർണ്ണസത്യം ശരിയെന്ന് അംഗീകരിക്കണമെങ്കിൽ അവിടെ വിശ്വാസമാണു വേണ്ടത്. വിശ്വാസത്തേക്കാൾ അനുഭവം നമുക്കു യഥാർത്ഥ (real) മായിരുന്നാൽ സാത്താന്റെ ഭോഷ്ക്ക് നാം കണ്ണുമടച്ച് വിഴുങ്ങിപ്പോകും (ഭാഗികസത്യമാണല്ലോ ഏറ്റവും വലിയ വ്യാജം). സാത്താൻ ഭോഷ്ക്കും ഭോഷ്ക്കിന്റെ അപ്പനുമായതിനാൽ ഭാഗികസത്യം എന്ന ഏറ്റവും വലിയ ഭോഷ്ക്കിനെ പൂർണ്ണസത്യം എന്ന റാപ്പറൊട്ടിച്ചു നമുക്കു വില്ക്കുകയാണു ചെയുന്നത്!). ഫലം നാം നിരാശരും നിഷ്ക്രിയരുമായി മാറി. സാത്താന്, ആയുധം ഏത് ഉപയോഗിച്ചാലും ലക്ഷ്യം നേടണമെന്നേ ഉള്ളൂ.

ഭൂതകാല തോൽവികളുടെ തലയോട്ടിയും എല്ലും എടുത്തുകാട്ടി സാത്താൻ നമ്മെ ധൈര്യഹീനരും നിരാശരുമാക്കാൻ തുനിയുമ്പോൾ അതിനെ എങ്ങനെ അവഗണിക്കണമെന്നത് പൗലോസിൽ നിന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. അപ്പോസ്തല പ്രവൃത്തി 28-ാം അധ്യായത്തിലാണ് ഈ സംഭവം. ഒരു കപ്പൽച്ചേതത്തെ തുടർന്ന് പൗലോസും സഹയാത്രികരും ഒരു ദ്വീപിൽ നീന്തിക്കയറി. ആ ദ്വീപിന്റെ പേര് മാൾട്ട, ദ്വീപുവാസികൾ കപ്പൽ യാത്രികരെ സൗമനസ്യ പൂർവം സ്വീകരിച്ചു. തുടർന്നു എല്ലാവരും ശീതം നിമിത്തം ഒന്നിച്ചിരുന്നു തീകായുകയും സൗഹൃദം പങ്കുവയ്ക്കുകയുമായിരുന്നു. ഇതിനിടയിൽ പൗലോസ് കുറച്ചു വിറകുപെറുക്കി തീയിൽ ഇട്ടു. പെടുന്നനെ അതു സംഭവിച്ചു. ഒരു അണലി വിറകിനടിയിൽ നിന്നു പൗലോസിന്റെ കയ്യിൽ കടിച്ചു തൂങ്ങി. അതു കണ്ട് ദ്വീപുവാസികൾ ഇങ്ങനെ അഭിപ്രായപ്പെട്ടു. “ഈ മനുഷ്യൻ ഒരു കൊലപാതകനാണ്. അല്ലെങ്കിൽ നോക്കു. കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതി ദേവി അവനെ ജീവിച്ചിരിക്കുവാൻ സമ്മതി ക്കുന്നില്ല.

പൗലോസിനെ പരിചയമില്ലാത്ത ഈ ആളുകളുടെ അഭിപ്രായ പ്രകടനത്തെക്കുറിച്ച് “വെറും ബാലിശം’ എന്നാണു നാം പലപ്പോഴും ചിന്തിക്കാറുള്ളത്. പക്ഷേ അവർ പറഞ്ഞതു സത്യമായിരുന്നില്ലേ? പൗലോസിന്റെ ഭൂതകാലം പരിശോധിച്ചാൽ അവിടെ കണ്ണിൽച്ചോരയില്ലാതെ ക്രിസ്തുശിഷ്യരുടെ രക്തം ചിന്താൻ തയ്യാറായ ഒരു മതഭ്രാന്തനെ നമുക്കു കണ്ടെത്താൻ കഴിയും. ആദ്യ ക്രിസ്തീയ രക്തസാക്ഷിയായ ഫാനോസിനെ മൃഗീയമായി വധിക്കാൻ കൂട്ടുനിന്ന, അതിനു നേതൃത്വം നൽകിയ, ഒരു ശൗലിനെ നമുക്കു കാണാൻ കഴിയും. ക്രിസ്തീയ മാർഗ്ഗത്തിലേക്കു വന്നവരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ട് സ്ത്രീകളെ പോലും കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കാൻ ഉഴറി നടന്ന ക്രൂരതയുടെ ആൾ രൂപമായ ഒരു പരീശനേയും നമുക്കു കണ്ടുമുട്ടാൻ കഴിയും. ഉവ്വ്, ഒരു കൊലപാതകൻ എന്ന വിശേഷണം പൗലോസിനു നന്നായി ചേരും (പ്രവൃത്തി 7:58, 8:1; 9:1, 2; 22:4; 26:10 എന്നീ ഭാഗങ്ങൾ കാണുക)

പിന്നീട് ഒരു ക്രിസ്ത്യാനിയായി മാറിയപ്പോൾ പൗലോസ് ഏറ്റവും കൂടുതൽ മറക്കാൻ ആഗ്രഹിച്ചത് തന്റെ ഈ ചോര പുരണ്ട ഭൂതകാലമായിരിക്കണം. അതുകൊണ്ടു തന്നെ “ഈ മനുഷ്യൻ ഒരു കൊലപാതകൻ’ എന്ന ദ്വീപു വാസികളുടെ വാക്കുകൾ, താൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഭൂതകാലത്തിലേക്കും “ഞാൻ സഭയെ ഉപദ്രവിച്ചവൻ’ എന്ന കുറ്റബോധത്തിലേക്കും പൗലോസിനെ തള്ളിവിടേണ്ടതാണ്. പക്ഷേ പെട്ടെന്നു തന്നെ ആ വാക്കുകൾക്കു പിന്നിലെ സാത്താന്റെ തന്ത്രത്തെ പൗലോസ് തിരിച്ചറിഞ്ഞു. തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ആ ഭാഗികസത്യം ശരിയാണെന്നു സമ്മതിച്ച് കുറ്റ ബോധത്തേയും നിഷ്ക്രിയത്വത്തെയും താലോലിച്ചിരിക്കാൻ പൗലോസ് തയ്യാറായില്ല. അദ്ദേഹം സാത്താന്റെ ആ “സജഷനെ’ കുടഞ്ഞു കളയുകയാണു ചെയ്തത്. ദ്വീപുവാസികളുടെ കുറ്റപ്പെടുത്തൽ (28:4) കഴിഞ്ഞ ഉടനെ “അവനോ, ആ ജന്തുവിനെ തീയിൽ കുടഞ്ഞുകളഞ്ഞു'(28:5) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിൽ “എന്നിട്ടും’ എന്നൊരു ഘടക പദം കൊണ്ട് നാലും അഞ്ചും വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ആളുകളുടെ ആരോ പണം പൗലോസിനെതിരെ ഉയർന്നു. എന്നിട്ടും അദ്ദേഹം അതിനെ സ്വീകരിക്കാതെ കുടഞ്ഞു കളഞ്ഞു. പൗലോസ് ആ ജന്തുവിനെ അക്ഷരാർത്ഥത്തിൽ തന്നെ തീയിൽ കുടഞ്ഞു കളഞ്ഞപ്പോൾ അദ്ദേഹം തന്നെ സംബന്ധിക്കുന്ന സാത്താന്റെ ഭാഗിക സത്യത്തെയും കുടഞ്ഞു കളയുകയായിരുന്നില്ലേ?

പൗലോസ് അപ്രകാരം ചെയ്യാതിരുന്നെങ്കിലോ? എങ്കിൽ ആ അദ്ധ്യായത്തിൽ തുടർന്നു വിവരിക്കുന്ന ദൈവ പ്രവൃത്തി പൗലോസിലൂടെ നടക്കുമായിരുന്നില്ല. സാത്താന്റെ ഉന്നവും അതായിരുന്നിരിക്കണം. പക്ഷേ ദൈവത്തിന്റെ പൂർണ സത്യത്തിന്റെ വെളിച്ചത്തിൽ സാത്താന്റെ ഭാഗിക സത്യത്തെ നിഷേധിച്ച പൗലോസ് സാത്താന്റെ പദ്ധതിയെ തകിടം മറിക്കുകയാണുണ്ടായത്.

നമ്മെക്കുറിച്ചും ദൈവം ആഗ്രഹിക്കുന്നതു മറ്റൊന്നല്ല. സാത്താന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ’ എന്നാണു പൗലോസ് സ്വന്ത അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നാം ആ തന്ത്രങ്ങളെ അറിയുന്നവരോ?

24 യഥാർത്ഥ വിശ്വാസം


ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുള്ള ക്രിസ്തീയ സത്യം ഏതെന്നു ചോദിച്ചാൽ അതിനു മറുപടി ഒന്നേയുള്ളു വിശ്വാസം. എന്നാൽ ഈ സത്യങ്ങളിൽ ഏറ്റവും വലിയത് ഏതാണ്? അതും “വിശ്വാസമാണെന്നു സമകാലിക വിശ്വാസ സമൂഹം പറയും. കാരണം “വിശ്വാസമില്ലാതെ വിശ്വാസി’ ഇല്ലല്ലോ. എന്നാൽ ദൈവവചനം പറയുന്നു. വിശ്വാസത്തെക്കാൾ വലിയ മറ്റൊന്നുണ്ട് അതാണ് സ്നേഹം (1 കൊരിന്ത്യർ 13:13).

ദൈവത്തോടുള്ള സ്നേഹത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരാത്ത ഒരു കേവല വിശ്വാസമാണ് ഇന്നു വ്യാപകമായി പ്രഘോഷിക്കപ്പെടുന്നതെന്ന് ഡേവിഡ് വിൽക്കേഴ്സൺ ചൂണ്ടിക്കാട്ടുന്നു. (ഹൃദയഐക്യം ഇല്ലാത്ത വിശ്വാസം വിശ്വാസമല്ല’ എന്ന ലേഖനം അന്യത). ദൈവത്തോടുള്ള സ്നേഹത്തെക്കാൾ ദൈവത്തിലുള്ള വിശ്വാസത്തിന് എന്തുകൊണ്ടാണിന്നു പ്രാധാന്യം ലഭിച്ചിരിക്കുന്നത്? സ്നേഹം അടിസ്ഥാനപരമായി ത്യാഗമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്ന സമൂഹം അങ്ങോട്ടു നൽകുന്ന സ്നേഹത്തെക്കാൾ ഇങ്ങോട്ടു വാങ്ങുന്ന വിശ്വാസത്തിൽ അഭിരമിക്കുന്നു.

യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാകാലത്തു തന്നെ അന്വേഷിച്ചെത്തിയ ഒരു വലിയ പുരുഷാരത്തോട് അവിടുന്ന് ഇങ്ങനെ പറഞ്ഞു “ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല അപ്പം തിന്നു തൃപ്തരായതുകൊണ്ട് എന്നെ അന്വേഷിക്കുന്നത് (യോഹന്നാൻ 6:26). ആ പുരുഷാരം യേശുവിനെ പിടിച്ചു രാജാവാക്കുവാൻ ശ്രമിച്ചവരാണ് (6:15). യേശുവിനെ കാണാഞ്ഞ് തെരഞ്ഞ് കടലിനക്കരെവരെപോയി തന്നെ കണ്ടെത്തിയവരുമാണ് (6:24). എന്നാൽ ഇതൊന്നും യേശുവിനോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. ഭൗതിക ആവശ്യങ്ങളിൽ തുടർന്നും തങ്ങളെ സഹായിക്കാൻ കഴിവുള്ളവനാണു യേശു എന്ന “വിശ്വാസമായിരുന്നു പ്രേരക ഘടകം! വാസ്തവത്തിൽ അന്ന് “അടയാളം യേശുതന്നെയായിരുന്നു (ലൂക്കോസ് 2:34) ആ അടയാളം (യേശുവിനെ) കണ്ടതുകൊണ്ടല്ല മറിച്ച് തങ്ങളുടെ ആവശ്യങ്ങൾ നിറവേറിയതുകൊണ്ടാണ് (അപ്പം തിന്നതുകൊണ്ട് അവർ കർത്താവിനെ അന്വേഷിച്ചത്.

അവരോട് യേശു പച്ചയായി ഈ കാര്യം പറഞ്ഞപ്പോൾ അവിടുന്ന് എന്താണ് അർത്ഥമാക്കിയത്? അവിടുന്നു ഭംഗ്യന്തരേണ പറഞ്ഞത് ഇതാണ്. “നിങ്ങൾ എന്നെക്കാളേറെ ഇഷ്ടപ്പെടുന്നത്, അന്വേഷിക്കുന്നത്, ഞാൻ ചെയ്യുന്ന അത്ഭുതങ്ങളെയാണല്ലോ. ദാതാവിനെക്കാളേറെ ദാനത്തെ നിങ്ങൾ സ്നേഹിക്കുന്നു. അപ്പം തിന്നു തൃപ്തരായി നിങ്ങൾ ആ അത്ഭുതം ചെയ്ത എന്റെ മനസ്സലിവും ആർദ്രതയും മനസ്സിലാക്കി എന്നിലേക്കു തന്നെ വരണമെന്നായിരുന്നു എന്റെ ആഗ്രഹം. കുഞ്ഞുങ്ങളേ, നിങ്ങൾക്ക് അത്ഭുതങ്ങളെക്കാൾ പ്രധാനം അവയ്ക്ക് പിന്നിലെ വ്യക്തിയായിരുന്നെങ്കിൽ…

ഇന്നും കാര്യങ്ങൾ വ്യത്യസ്തമല്ല. യേശുവിനെ ഇന്നും ഒരു വലിയ പുരുഷാരം അന്വേഷിക്കുന്നുണ്ട്. എന്നാൽ എന്തിനുവേണ്ടിയാണ് അവർ യേശുവിനെ തെരയുന്നത്. യേശുവിനോടുള്ള നിഷ്കളങ്കമായ സ്നേഹമാണോ ആ അന്വേഷണത്തിനു പിന്നിലുള്ള ചേതോവികാരം? അതോ അത്ഭുതങ്ങൾക്കും വിടുതലുകൾക്കും വേണ്ടിയുള്ളവയാണോ? അപ്പം തിന്നു തൃപ്തരായതുകൊണ്ട് യേശുവിനെ അന്വേഷിച്ച പുരുഷാരത്തെപ്പോലെ ഇന്നത്തെ “വിശ്വാസിയും ദാതാവിനെക്കാൾ ദാനത്തെയാണോ ഇഷ്ടപ്പെടുന്നത് ഒരു പക്ഷേ പുരുഷാരത്തോടു മനസ്സലിഞ്ഞ് യേശു ഇന്നും അത്ഭുതങ്ങൾ പ്രവർത്തിച്ചേക്കാം. എന്നാൽ അവിടുത്തെ ഹൃദയം ഇന്നും തേങ്ങുന്നതു കാര്യസാധ്യത്തിന് അപ്പുറത്തു തന്നെ സ്നേഹിക്കുന്ന യഥാർത്ഥ വിശ്വാസികൾക്കായല്ലേ?

“വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ വിശ്വാസം ഏതുവിധത്തി ലുള്ളതായിരുന്നു? അബ്രഹാമിന്റെ വിശ്വാസത്തെ അംഗീകരിച്ച് ദൈവം യിസഹാക്കിനെ നൽകി. എന്നാൽ “നിന്റെ മകനെ, നീ സ്നേഹിക്കുന്ന ഏക ജാതനെ തന്നെ യാഗം അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെട്ടപ്പോൾ അബ്രഹാം ദാതാവിനെക്കാൾ ദാനത്തെ വിലമതിച്ചില്ല. തന്റെ മകനെ, താൻ സ്നേഹിക്കുന്ന തന്റെ ഏകജാതനെ തന്നെ യാഗം അർപ്പിച്ച് തന്റെ ആദ്യ സ്നേഹം ദൈവത്തോടുതന്നെയാണെന്ന് അബ്രഹാം കാണിച്ചുകൊടുത്തു. ഉവ്വ്, ദൈവത്തോടുള്ള അടുപ്പവും ഹൃദയഐക്യവുമായിരുന്നു അബ്രഹാമിന്റെ വിശ്വാസത്തിന് ഊടും പാവും പാകിയത്.

ആഴത്തിൽ അപഗ്രഥിച്ചാൽ വിശ്വാസം ആശയമാണ്. പരിപൂർണ വിധേയത്വം. ഒരു കുഞ്ഞ് അമ്മയുടെ തോളിൽ സമ്പൂർണാശ്രയത്വത്തോടെ ചാരിക്കിടന്നു വിശ്രമിക്കുന്ന ശാന്തതയാണത്. വിശ്വാസം അതാണെങ്കിൽ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വിശ്വാസം യഥാർത്ഥ വിശ്വാസമാകുന്നതെങ്ങനെ?

സ്നേഹത്തിൽ ഊന്നി നിൽക്കുന്നതുകൊണ്ടാണ് യഥാർത്ഥ വിശ്വാസത്തിനു കൊടുങ്കാറ്റുകളെ അതിജീവിക്കാൻ കഴിയുന്നത്. വിശ്വാസത്തിന്റെ അധ്യായമായ എബ്രായർ 11ൽ യഥാർത്ഥ വിശ്വാസം തീയുടെ ബലം കെടുത്തുന്നതും വാളിന്റെ വായ്ത്തലയ്ക്കു തെറ്റുന്നതുമാണെന്നു വിവരിച്ചിരിക്കുന്നു. അക്ഷരാർത്ഥത്തിലുള്ള തീയും വാളും ഇന്നു നമ്മുടെ വിശ്വാസത്തിനു ഭീഷണിയല്ലാതിരിക്കുമ്പോൾ സമകാലിക സമൂഹത്തിൽ ഇതിന്റെ പ്രസക്തി എന്താണ്? അഗ്നിശോധനയുടെ തീച്ചൂളയിലൂടെ നാം കടന്നുപോകുമ്പോൾ തീയുടെ ബലം അനുഭവപ്പെടാതിരിക്കണമെങ്കിൽ നമ്മുടെ വിശ്വാസം ദൈവത്തോടുള്ള സ്നേഹത്തിൽ സ്ഫുടം ചെയ്തതായിരിക്കണമെന്നുസാരം. അത്തരം വിശ്വാസം തീയിൽ കുരുത്തതാണ്. അതു ശോധനയുടെ വെയിലിൽ വാടുകയില്ല. അതുപോലെ നാവ് “മൂർച്ചയുള്ള വാളും വാക്കുകൾ “ഊരിയ വാളുകളും’ ആയിരിക്കുന്നവർ ഉണ്ട് (സങ്കീ. 57:4; 55:21). ഇവിടെയും ദൈവത്തോടുള്ള സ്നേഹത്തിൽ മറഞ്ഞിരിക്കുന്ന വിശ്വാസത്തിന് മാത്രമേ കുറ്റാരോപണങ്ങളുടെ വാൾത്തലയ്ക്കു തെറ്റുവാൻ (അതിനു മുൻപിൽ സംയമനം പാലിക്കുവാൻ) കഴിയൂ.

റോമർ അഞ്ചാം അധ്യായവും വിശ്വാസത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. കഷ്ടങ്ങളിലും പ്രശംസിക്കുന്ന വിശ്വാസത്തെക്കുറിച്ചു തുടർന്നു പറയുന്ന ആ ഭാഗം അവസാനിക്കുന്നത് ഇങ്ങനെ: “അതുകൊണ്ട് പരിശുദ്ധാത്മാവിനാൽ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു. പരിശുദ്ധാത്മാവിനാൽ ഹൃദയങ്ങളിൽ പകരുന്ന സ്നേഹം; അതിൽ നിന്ന് ഉരുവംകൊള്ളുന്ന വിശ്വാസം-ഇതുമാത്രമാണ് യഥാർത്ഥ വിശ്വാസം. “വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണെന്നു റോമർ 14:23 പറ യുന്നു. അപ്പോൾ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കാത്ത ഇന്നത്തെ ‘വിശ്വാസ’വും എന്താണെന്നതു വ്യക്തമല്ലേ?

25 യഥാർത്ഥ ക്രിസ്തീയത


“സമുദ്രനിരപ്പിൽ നിന്ന് തൊള്ളായിരം അടിഉയരത്തിലാണ് നിങ്ങൾ ഇപ്പോൾ’- മലമുകളിലുള്ള ചില വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുമ്പോൾ നമ്മെ സ്വാഗതം ചെയ്യുന്നത് ഇത്തരം ബോർഡുകളാണ്. എന്നാൽ ന്യൂസിലൻഡിലെ സൗത്ത് ഐലൻണ്ട് മലമേടുകളിലുള്ള ക്യൂൻസ് ടൗൺ എന്ന വിനോദസഞ്ചാരകേന്ദ്രത്തിനു മുൻപിലേ സ്വാഗതകമാനത്തിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. “ക്യൂൻസ് ടൗണിലേക്കു സ്വാഗതം; മാനസികക്ലേശങ്ങളുടെ നിരപ്പിൽ നിന്ന് ആയിരം ഇഞ്ച് ഉയരത്തിലേക്ക്”.

ദൈനംദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും ഇറക്കിവയ്ക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവർക്കു തികച്ചും യോജിച്ചതാണ് ഈ സ്വാഗതവാക്യം. പക്ഷേ ദുഃഖങ്ങൾ മറന്നു വിനോദസഞ്ചാരകേന്ദ്രത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ ചെലവഴിച്ചശേഷം പിന്നെയും അവർ ഇറങ്ങുന്നതു സന്തോഷത്തിന്റെ ആയിരം ഇഞ്ച് ഉയരത്തിൽ നിന്നു മാനസിക ക്ലേശങ്ങളുടെ തറനിരപ്പിലേക്കല്ലേ?

മറ്റെന്നത്തെക്കാളുമേറെ മനുഷ്യർ പിരിമുറുക്കങ്ങളുടേയും സമ്മർദ്ദങ്ങളുടേയും ഇരകളായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. ടെൻഷൻ അതാണ് ഇന്നിന്റെ മുഖമുദ്ര. സൗകര്യങ്ങൾ വർദ്ധിച്ചതോടെ പഴയകാലത്തെക്കാൾ ഇന്നു ജീവിതക്ലേശങ്ങൾ കുറവായിരിക്കാം. എന്നാൽ മാനസികക്ലേശങ്ങളോ? അത് ആയിരം മടങ്ങു വർദ്ധിച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിന്റെ സമ്മർദ്ദങ്ങൾക്കു നടുവിൽ സന്തോഷവും സമാധാനവും തിരയുന്ന ആധുനികമനുഷ്യന് യേശുവിന്റെ വാക്കുകൾ സാന്ത്വനം ആകേണ്ടതാണ്. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും.” (മത്തായി11:28,29). എന്നാൽ യേശുവിന്റെ ഈ ക്ഷണം അംഗീകരിക്കുവാൻ അവൻ മടിച്ചുനിൽക്കുന്നതിന്റെ കാരണം എന്താണ് ആധുനികമനുഷ്യനും യേശുവിനും ഇടയിൽ തടസ്സമായി നിൽക്കുന്നത് സത്യത്തിൽ യേശുവിലുള്ള സന്തോഷവും സമാധാനവും നേടിയവരെന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികളുടെ ഉയർന്ന അവകാശവാദവും താഴ്ന്ന ജീവിതവും തമ്മിലുള്ള പൊരുത്തക്കേടല്ലേ? ഇന്ത്യയുടെ തത്ത്വജ്ഞാനിയായിരുന്ന പ്രസിഡന്റ് ഡോ.എസ്.രാധാകൃഷ്ണൻ ഒരിക്കൽ പ്രസ്താവിച്ചതുപോലെ “വലിയ അവകാശവാദം ഉന്നയിക്കുന്ന ചെറിയ മനുഷ്യരാണു ക്രിസ്ത്യാനികൾ’ എന്ന് അവനും തോന്നുന്നുണ്ടാവില്ലേ?

തങ്ങൾ ഭാരം ഇറക്കിവച്ചവരാണെന്നും കൈകൾ കൊട്ടവിട്ട് ഒഴിഞ്ഞ വരാണെന്നുമാണ് ഇന്നു ക്രിസ്ത്യാനികളുടെ ഭാവം. പക്ഷേ അവരെ പലരെയും കാണുന്നവർക്ക് അതു ശരിയാണെന്നു തോന്നുകയില്ല. യേശുവിന്റെ അനുയായികളാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷേ അവരിൽ പലരുടേയും ജീവിതം അതു ശരിവയ്ക്കുന്നില്ല. യേശുവിന്റെ ജീവിതത്തിലുണ്ടായി രുന്ന സന്തോഷവും സമാധാനവും ലാളിത്യവും അവരിൽ പലരിലും കാണുന്നില്ല. ഫലം ഇന്നത്തെ ക്രിസ്ത്യാനികളെ നോക്കുന്നവർക്ക് ക്രിസ്തുവിനെ കാണാൻ കഴിയുന്നില്ല.

ഇതിന് എന്താണു പോംവഴി? ക്രിസ്ത്യാനികൾ യഥാർത്ഥത്തിൽ ക്രിസ്തവിനെ അനുഗമിക്കുന്നവരാകുകയല്ലാതെ മറ്റൊരു വഴിയുമില്ല. ഈ ഭൂമിയിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും സന്തുഷ്ടനും സംതൃപ്തനുമായ ഒരുവനായിരുന്നു യേശു. അവിടുത്തെ സന്തോഷവും സമാധാനവും അപഹരിക്കുവാൻ പ്രതികൂലസാഹചര്യങ്ങൾക്കും കഴിഞ്ഞില്ല. ക്രൂശിക്കപ്പെടുന്നതിനു ചില മണിക്കൂറുകൾക്കു മുമ്പുപോലും “തന്റെ സമാധാനത്തെക്കുറിച്ചും തന്റെ സന്തോഷം പൂർണമാകുന്നതിനെക്കുറിച്ചു മാണല്ലോ അവിടുന്നു സംസാരിച്ചത് യേശുവിന്റെ ജീവിതത്തിലെ ഈ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ലാളിത്യത്തിന്റെയും രഹസ്യം എന്തായിരുന്നു?

ഈ രഹസ്യം തന്റെ ജീവിതത്തിൽ നിന്നു തന്നെ പഠിക്കുവാനാണ് യേശു ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സ്വർഗ്ഗീയ പിതാവിൽ സമ്പൂർണമായി സമർപ്പിതമായ, അവിടുത്തെ സ്നേഹത്തിൽ സംശയമില്ലാതെ സുരക്ഷിതത്വം കണ്ടത്തിയ ഒരു ജീവിതം ആയിരുന്നു യേശുവിന്റേത്. പിതാവിൽനിന്നു അന്യപ്പെട്ട് തനിക്കു സ്വയമായി ഒന്നും ചെയ്യാനോ പറയാനോ കഴിയുകയില്ല (യോഹന്നാൻ 5:19,30, 36; 8:28; 12:49, 17:4,8) തന്റെ സാഹചര്യങ്ങളെല്ലാം പിതാവുതന്നതാണ് (17:7). തന്റെ ഇഷ്ടമല്ല പിതാവിന്റെ ഇഷ്ടമാണ് തന്റെ ജീവിതത്തിലൂടെ നിറവേറേണ്ടത് (5:30, 6:38)- ഇതെല്ലാമായിരുന്നു യേശുവിന്റെ എപ്പോഴു മുള്ള നിലപാട്. “ഞാൻ ഒന്നുമല്ല പിതാവാണ് എല്ലാം’ എന്ന ഈ മനോഭാവമാണ് യഥാർത്ഥത്തിൽ താഴ്മ, തയെന്നാൽ സ്വയം ഇടിച്ചുകാണുന്നതല്ല. മറിച്ച് തന്നെക്കുറിച്ചുള്ള ചിന്തകളിൽ നിന്നു കുതറിമാറി “ദൈവമാണ് എല്ലാം എന്ന നിലപാടിൽ നിൽക്കുന്നതാണ്. തന്നിൽ നിന്നു താഴ്മ പഠിക്കാൻ യേശു പറഞ്ഞപ്പോൾ അവിടുന്ന് ഉദ്ദേശിച്ചത് നാമും ഇതേ മനോഭാവത്തിലേക്കുവരണമെന്നാണ്.

താഴ്മ മാത്രമല്ല സൗമ്യതയും തന്നിൽനിന്നു പഠിക്കാൻ യേശു ആവശ്യപ്പെട്ടു. താഴ്മയും സൗമ്യതയും തമ്മിൽ എന്താണു വ്യത്യാസം? താ നമ്മുടെ ഉള്ളിലുള്ള മനോഭാവമാണ്; സൗമ്യത പുറമേ കാണുന്നതും. താഴ്മ (Humility) ഉള്ള ആൾ മറ്റുള്ളവരോട് ഇടപെടുമ്പോൾ പ്രകടമാകുന്നതാണ് സൗമ്യത (Meekness). താഴ്മ നമ്മിൽ കുടികൊള്ളുന്നു. സൗമ്യത നാം മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ പ്രകടിപ്പിക്കുന്നു. ഉള്ളിൽ താഴ്മയുള്ള ആളിന്റെ പെരു മാറ്റത്തിൽ സൗമ്യത വെളിപ്പെടും. യഥാർത്ഥതായുണ്ടെങ്കിലേ യഥാർത്ഥമായും സൗമ്യമായി പെരുമാറാൻ കഴിയൂ. യഥാർത്ഥ സൗമ്യത താഴ്മയുടെ അളുവുകോലാണെന്നും പറയാം. “ഞാൻ ഒന്നുമില്ല, പിതാവാണ് എല്ലാം’ എന്ന താഴ്മ യേശുവിൽ ഉണ്ടായിരുന്നതുകൊണ്ട് തന്റെ ചുറ്റും ഉള്ള ആളുകളെയും പിതാവു തനിക്കു തന്നവർ എന്ന മട്ടിൽ കൈക്കൊള്ളാനും അവരോടു സൗമ്യമായി പെരുമാറുവാനും അവിടുത്തേക്കു കഴിഞ്ഞു. മറ്റുള്ളവരെ സ്നേഹവാനായ പിതാവിൽ നിന്നുള്ള സമ്മാനമായി കണ്ടാൽ (യോഹ.17:2; 6,9) പിന്നെ നമ്മോടുള്ള അവരുടെ പെരുമാറ്റം എങ്ങനെയായാലും സൗമ്യമധുരമായി നമുക്കു പ്രതികരിക്കാൻ കഴിയും (മത്താ.26:50). യേശുവിന്റെ ജീവിതത്തിൽ നിന്നു നമുക്ക് പഠിക്കാവുന്ന പാഠമാണിത്.

യേശു സന്തോഷവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം നയിച്ചതിന്റെ രഹസ്യം യഥാർത്ഥതായും സൗമ്യതയുമാണെന്നു നാം കണ്ടു. യേശുവിൽ നിന്ന് ഈ പാഠം നാം ഉൾക്കൊണ്ടാൽ നമ്മുടെ ആത്മാക്കൾക്കും ആശ്വാസം ലഭിക്കും. നമ്മുടെ അധ്വാനവും ഭാരവും നീങ്ങിപ്പോകും. നമ്മുടെ ജീവിതവും ലളിതവും സുതാര്യവും സന്തുഷ്ടവും ആയിമാറും. അപ്പോൾ നമ്മെ നോക്കുന്നവർക്കു ക്രിസ്തുവിനെ കാണാൻ കഴിയും. നമ്മുടെ ജീവിതം ക്രിസ്തുവിന്റെ അവകാശവാദത്തിന്റെ സജീവസാക്ഷ്യമായി വിളങ്ങും. സത്യത്തിൽ ഇതല്ലേ യഥാർത്ഥ ക്രിസ്തീയത?; യഥാർത്ഥ ക്രിസ്തീയ സാക്ഷ്യവും?.

26 പ്രാർത്ഥനയുടെ യുക്തി


നിസ്സഹായന്റെ നിലവിളിയാണു പ്രാർത്ഥന.

“ദൈവമേ, എന്നെ വിടുവിക്കാൻ യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ…..ഞാനോ എളിയവനും ദരിദ്രനും ആകുന്നു. ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ. നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു. യഹോവേ, താമസിക്കരുതേ.

ഈ വരികൾ ശ്രദ്ധിക്കുക: ഇത് ഏതോ ദരിദ്രയാചകന്റെ പ്രാർത്ഥനയാണെന്നു തോന്നും. എന്നാൽ അതിശക്തനും അതീവസമ്പന്നനുമായ ഒരു രാജാവിന്റെ യിസ്രായേലിന് അടിത്തറ പാകിയ ദാവീദിന്റെ പ്രാർത്ഥനയാണിത്.

“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ’ എന്നു യേശു ഒരിക്കൽ പറഞ്ഞു. ഭൗതികമായ സമ്പന്നത ആത്മാവിൽ ദരിദ്രരായിരിക്കുന്നതിനു തടസ്സമല്ലെന്നു ദാവീദിന്റെ ജീവിതം തെളിയിക്കുന്നു. ദൈവമുൻപാകെ ദാവീദ് എപ്പോഴും ദരിദ്രനും സ്വന്തകാഴ്ചയ്ക്ക് എളിയവനും (2ശമുവേൽ 6:22) ആയിരുന്നു. ദാവീദിന്റെ സങ്കീർത്തനങ്ങളിലെല്ലാം പ്രതിദ്ധ്വനിക്കുന്നത് ഈ എളിമയും നിസ്സഹായതയുമാണ്.

ആത്മാവിൽ ദരിദ്രനായിരിക്കുന്നവന് പ്രാർത്ഥന പ്രാണവായുപോലെ അനുപേക്ഷണീയമായിരിക്കുമ്പോൾ, പ്രാർത്ഥനയുടെ ആവശ്യകത എന്തെന്ന് ശക്തരായവർക്കു മനസ്സിലാകുന്നില്ല. പ്രാർത്ഥിക്കുന്നതിൽ ഒരു യുക്തി ഇല്ലെന്ന് അവർക്കു തോന്നുന്നു. ദൈവത്തിന് എല്ലാം അറിയാമായിരിക്കെ, നാം ചോദിക്കുന്നതിനു മുൻപു തന്നെ നമ്മുടെ ആവശ്യങ്ങളെല്ലാം അവിടുന്നു മനസ്സിലാക്കിയിരിക്കെ, എന്തിനാണു പ്രാർത്ഥിക്കുന്നത്?

അതു പോലെ “ഈ പ്രപഞ്ചത്തിൽ എല്ലാം പ്രവർത്തിക്കാൻ ശക്ത നായവന്റെ കരങ്ങളെ ചലിപ്പിക്കുന്ന ശക്തിയാണു പ്രാർത്ഥന’ എന്നെല്ലാമുള്ള പ്രാർത്ഥനയുടെ നിർവ്വചനത്തിലും ഒരു യുക്തിഭദ്രതയില്ലെന്ന് അവർക്കു തോന്നുന്നു. സ്വയംപര്യാപ്തത (Self-Sufficiency) എന്നത് ദത്തിന്റെ ഒരു സ്വാഭാവിക ഗുണമാണ്. അങ്ങനെയെങ്കിൽ ദൈവം എന്തെങ്കിലും പ്രവർത്തിക്കുന്നതു മനുഷ്യന്റെ പ്രാർത്ഥനയെ ആശ്രയിച്ചാണ് എന്നു പറയുന്നതു ശരിയായിരിക്കുമോ? അവർ സന്ദേഹിക്കുന്നു.

ഇതിന് എന്താണു മറുപടി പ്രാർത്ഥയുടെ ഈ “നിഗൂഢത’യെ എങ്ങനെ വിശദീകരിക്കാം? യേശു ഒരിക്കൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിനു യാചിപ്പിൻ’ എന്നു പറഞ്ഞു. (മത്തായി 9:38). സത്യത്തിൽ യേശു തന്നെയാണ് കൊയ്ത്തിന്റെ യജമാനൻ. കൊയ്ത്തും അവിടുത്തേതാണ്. വേലക്കാരും മറ്റാരുടേതുമല്ല. എന്നിട്ടും “കൊയ്ത്തിനു വേലക്കാരെ അയക്കേണമേ’ എന്നുള്ള പ്രാർത്ഥന തന്റെ അടുത്ത് എത്തുന്നതുവരെ അവിടുന്ന് ഒന്നും പ്രവർത്തിക്കാതെ നിസ്സഹായനായി’ നില്ക്കുന്നതിന്റെ രഹസ്യം എന്തായിരിക്കും? നിസ്സാരനായ മനുഷ്യൻ പ്രാർത്ഥിച്ചാൽ മാത്രമേ വലിയവനായ ദൈവം പ്രവർത്തിക്കുകയുള്ളുവെന്നു പറയുന്നതിന്റെ യുക്തി എന്താണ്?

പോൾ ഇ. ബിൽ ഹെർ എന്ന ക്രിസ്തീയ ഗ്രന്ഥകാരൻ ഇതിനു നൽകുന്ന മറുപടി ഇപ്രകാരമാണ്. ദൈവം ഈ പ്രപഞ്ചത്തെയും മനുഷ്യവംശത്തേയും എല്ലാം സൃഷ്ടിച്ചതിനുപിന്നിൽ ഒരു ലക്ഷ്യമുണ്ട് തന്റെ പുത്രനായ യേശുക്രിസ്തുവിന് നിത്യമായി ഒരു പങ്കാളിയെ (കാന്തയെ) ലഭിക്കണം. എഫേസ്യർക്ക് എഴുതിയ ലേഖനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന മർമ്മം (നിഗൂഢത) ഇതാണ്. യേശുവിന്റെ ഈ കാന്ത സഭയാണ്. (എഫേസ്യർ 5:32). ചുരുക്കത്തിൽ ദൈവത്തിന്റെ പദ്ധതിയിൽ സഭയ്ക്ക് അതുല്യമായ ഒരു പദവയുണ്ട്. പ്രപഞ്ചത്തിൽ എല്ലാറ്റിനും മീതെയാണു സഭയുടെ സ്ഥാനം. സഭയ്ക്കും മുകളിൽ ശിരസ്സായി ക്രിസ്തുവാണുള്ളത്. ക്രിസ്തുവിന്റെ ശരീരം തന്നെയാണു സഭ. അങ്ങനെയെങ്കിൽ ഈ പ്രപഞ്ചത്തെ ഭരിച്ചുനിയന്ത്രിക്കുന്ന ക്രിസ്തുവിന്റെ പരമാധികാരം സഭയും പങ്കിടുന്നുണ്ട്. സഭയെന്നു പറഞ്ഞാലോ? മനുഷ്യവംശത്തിൽ നിന്നു യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട മനുഷ്യരുടെ കൂട്ടമാണത്. അപ്പോൾ വീണ്ടെടുക്കപ്പെട്ട മനുഷ്യർക്ക് ഈ പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ദൈവത്തോടൊപ്പം ഒരു സഹ സർവ്വാധിപതി’ (Cosoverign)യുടെ സ്ഥാനമാണുള്ളത്. ഈ സ്ഥാനവും പദവിയും അധികാരവും ദൈവം തന്നെയാണു കൊടുത്തത്. (1 കൊരി. 6:2,3; 2 തിമൊഥെയോസ് 2:12; വെളിപ്പാട് 2:26, 3:21, 5:9,10 എന്നീ ഭാഗങ്ങൾ വായിക്കുക). എന്നാൽ തന്റെ സഹഭരണാധികാരിയായ മനുഷ്യന്റെ സമ്മതവും അംഗീകാരവും കൂടാതെ സ്വയമായി എന്തെങ്കിലും പ്രവർത്തിക്കുന്നതു ദൈവത്തിന്റെ നീതിക്കു നിരക്കുന്നതല്ല. അതുകൊണ്ട് പ്രാർത്ഥനയിലൂടെ ഒരു വിശ്വാസി ആവശ്യപ്പെടുന്നതുവരെ ദൈവം തന്റെ പ്രവൃത്തി ചെയ്യാതെ കാത്തുനിൽക്കും.

ദൈവവും വിശ്വാസിയും ചേർന്നുള്ള ഈ പ്രവർത്തനത്തെ ഒരു ബാങ്കു ലോക്കർ തുറക്കുന്നതിനോടു താരതമ്യപ്പെടുത്താം. നിങ്ങൾക്ക് ബാങ്കിൽ ഒരു ലോക്കർ ഉണ്ടെങ്കിൽ അതിനു രണ്ടു താക്കോലുകൾ ഉണ്ടായിരിക്കും. ഒരു താക്കോൽ നിങ്ങളുടെ കൈവശവും മറ്റേതാക്കോൽ ബാങ്കു മാനേജരുടെ കൈവശവുമാണു സൂക്ഷിക്കുക. ഈ താക്കോലുകളിൽ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാൽ ഈ ലോക്കർ തുറക്കാനാവില്ല. എന്നാൽ നിങ്ങൾ ബാങ്കിൽ ചെന്നു നിങ്ങളുടെ താക്കോൽ മാനേജരെ ഏല്പിക്കുമ്പോൾ അദ്ദേഹം രണ്ടു താക്കോലും ഒരേ സമയം ഇട്ട് പൂട്ടു തുറക്കുന്നു. ലോക്കറിലെ നിക്ഷേപം അപ്പോൾ മാത്രമാണ് നിങ്ങൾക്ക് എടുക്കുവാൻ കഴിയുന്നത്. ഈ ഭൂമിയിലെ പല കാര്യങ്ങൾ സംബന്ധിച്ചുമുള്ള തീരുമാനത്തിന്റെ താക്കോൽ സ്വർഗ്ഗത്തിന്റെ കൈവശമുണ്ട്. പക്ഷേ നാം നമ്മുടെ കൈവശമുള്ള താക്കോൽ കൂടെ പ്രാർത്ഥനയായി അവിടെ എത്തിച്ചാൽ മാത്രമേ പൂട്ടു തുറക്കുകയുള്ളൂ. നാം അതു ചെയ്തില്ലെങ്കിലോ? ആ കാര്യം സമ്മതമാണെങ്കിലും ദൈവം തനിയേ പൂട്ടു തുറക്കുകയില്ല. ഫലം അനുഗ്രഹത്തിന്റെ നിക്ഷേപങ്ങൾ പുറത്തെടുക്കാനാകാതെ അവിടെ ഇരുന്നുപോകും. നോക്കുക: പ്രാർത്ഥനയെന്നത് എത്രയോ യുക്തിഭദ്രമായ ഒരു കാര്യമാണ്.

ആത്മാവിൽ ദരിദ്രനായ ഒരുവൻ പ്രാർത്ഥനയുടെ ഈ യുക്തിയൊന്നും മനസ്സിലാക്കിയിട്ടല്ല പ്രാർത്ഥിക്കുന്നത്. ദൈവത്തിൽ മാത്രം ആശ്രയമുള്ള, സ്വയത്തിൽ വിശ്വാസമില്ലാത്ത, അവന് പ്രാർത്ഥിക്കാതിരിക്കാനാവില്ല. യേശു ഐഹികജീവിതകാലത്ത് ഈ നിലയിലായിരുന്നു. പ്രാർത്ഥന എന്ന പദം യേശുവിനോടു ചേർത്ത് നാലു സുവിശേഷങ്ങളിലായി 25 പ്രാവശ്യമാണു ഉപയോഗിച്ചിരിക്കുന്നത്. യേശുവിനെ സംബന്ധിച്ച് ഇങ്ങനെയാണെങ്കിൽ നമ്മെ സംബന്ധിച്ച് പ്രാർത്ഥന എത്രയോ അനിവാര്യമാണ്!

ഓർക്കുക: ആത്മാവിൽ ദരിദ്രരാകുന്തോറും നമ്മുടെ പ്രാർത്ഥന വർദ്ധിക്കും; നാം ശക്തരാകുന്തോറും നമ്മുടെ പ്രാർത്ഥന കുറയുകയും ചെയ്യും.

27 തെറ്റായ മനോഭാവങ്ങൾ


ഒരു ഗ്രാമത്തിൽനിന്നു രണ്ടു കായികതാരങ്ങൾ. ഒരു ഞെട്ടിൽ വിരിഞ്ഞ രണ്ട് പൂമൊട്ടുകൾപോലെ. ഇരുവരും ചെറുപ്പക്കാരും ആത്മസുഹൃത്തുക്കളുമായിരുന്നു. പക്ഷേ അവരിൽ ഒരുവൻ കൂടുതൽ പ്രസിദ്ധനായി. അവൻ തന്റെ ഗ്രാമത്തിന്റെ പേര് വിദൂരദേശങ്ങളിൽ പോലും എത്തിച്ചു. ഗ്രാമീണർക്കു സന്തോഷമായി. തങ്ങളുടെ കൊച്ചുനാടിനെ ലോകപ്രശസ്തമാക്കിയ ആ കായികതാരത്തെ അർഹമായ നിലയിൽ ആദരിക്കാൻ അവർ തീരുമാനിച്ചു. അവന്റെ ഒരു വെണ്ണക്കൽ പ്രതിമ നിർമ്മിച്ച് അവർ ഗ്രാമത്തിന്റെ കവാടത്തിൽ സ്ഥാപിച്ചു.

പക്ഷേ ഇതു മറ്റേ കായികതാരത്തെ അസൂയാലുവാക്കി. ആ പ്രതിമ അവിടെ നിൽക്കുന്നിടത്തോളംകാലം തനിക്കു സ്വസ്ഥത ലഭിക്കുകയില്ലെന്ന് അയാൾക്ക് തോന്നി. എങ്ങനെയും ആ പ്രതിമ തകർക്കണം. തന്നെ ആരും സംശയിക്കുകയുമരുത്. അതിന് എന്താണു വഴി? പല പദ്ധതികളും ആലോചിച്ചു. ഒടുവിൽ ഒരു വിദ്യ തോന്നി. രാത്രി ആരും കാണാതെ ആ പ്രതിമയുടെ അടിത്തറ കുറേശ്ശേ പൊട്ടിച്ചുമാറ്റുക. അങ്ങനെ കുറേ രാത്രികൾ പണി പ്പെട്ടാൽ ഒരുനാൾ പ്രതിമ താനേ താഴെ വീണു ഛിന്നഭിന്നമായിക്കൊള്ളും.

അന്നുരാത്രിതന്നെ ആൾസഞ്ചാരം നിലച്ചപ്പോൾ അയാൾ ഒരു ചുറ്റികയുമായി പ്രതിമയെ സമീപിച്ചു “പണി തുടങ്ങി. രാത്രികൾ പലതു കഴിഞ്ഞപ്പോൾ അയാൾ തന്റെ ലക്ഷ്യത്തോട് വളരെ അടുത്തു. ഇനി ഒരു രാത്രികൂടി പണിപ്പെട്ടാൽ മതി. അയാൾ നിർണായകമായ ആ രാത്രിയും ഇരുളിനു കനം വച്ചപ്പോൾ പ്രതിമയെ ലക്ഷ്യമാക്കി പുറപ്പെട്ടു…. പിറ്റേന്ന് പുലർച്ചെ ഗ്രാമവാസികൾ നടുക്കുന്ന ആ വാർത്ത കേട്ടാണുണർന്നത്. എല്ലാവരും അങ്ങോട്ടോടി. അവിടെ അതാ ആ പടുകൂറ്റൻ പ്രതിമ അടിത്തറ ഇളകിയ നിലയിൽ വീണു കിടക്കുന്നു. പൊടുന്നനെ നിലംപതിച്ച ആ പ്രതിമയുടെ അടിയിൽപ്പെട്ട് ഒരു ചെറുപ്പക്കാരനും മരിച്ചുകിടക്കുന്നു. അത് മറ്റാരും ആയിരുന്നില്ല, ഓരോ രാത്രിയും ആ പ്രതിമയുടെ അടിത്തറ തകർത്തുകൊണ്ടിരുന്ന അസൂയാലുവായ ആ യുവാവായിരുന്നു. അവന്റെ കൈയിൽ അപ്പോഴും ഉണ്ടായിരുന്ന ആ ചുറ്റിക എന്താണു സംഭവിച്ചത് എന്നുള്ളതിനു വ്യക്തമായ തെളിവായിരുന്നു!

അസൂയയ്ക്ക് എന്തുചെയ്യാൻ കഴിയും എന്നതിലേക്കു വെളിച്ചം വീശുന്ന ഈ കൊച്ചുകഥ ബില്ലി ഗ്രഹാമിന്റെ “ഏഴു മാരകപാപങ്ങൾ’ (Seven deadly sins) എന്ന പുസ്തകത്തിൽ നിന്നാണ്. അസൂയ സത്യത്തിൽ ഒരു കാര്യമേ ചെയ്യാൻ കഴിയൂ. ആരാണോ അസൂയപ്പെടുന്നത് അവനെ നശിപ്പിക്കാൻ മാത്രം അസൂയയ്ക്കു കഴിയും. തന്നെ താലോലിക്കുന്നവരെ മുറിപ്പെടുത്തുന്ന മാരകമായ ഒരു പാപമാണ് അസൂയ. ഇക്കാര്യം ബൈബിളിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: “അസൂയയോ അസ്ഥികൾക്കു ദ്രവത്വം.’ (സദൃശവാക്യം 14:30). അസ്ഥിയിലെ കാൻസർ പോലെ അപകടകാരിയാണ് അസൂയയെന്നു സാരം. പിടിപെടുന്ന ആളെ കാർന്നു തിന്നുന്ന പാപമാണ് അത്.

യിസ്രായേലിന്റെ ആദ്യരാജാവ് ശൗലിന്റെ പതനത്തിനു പിന്നിൽ ഉണ്ടായിരുന്നത് ഈ പാപമായിരുന്നു. എത്രനല്ല ഒരു തുടക്കമായിരുന്നു ശൗലിന്റേത്. എന്നാൽ ദാവീദിനോടുള്ള അസൂയ അവനെ തകർത്തുകളഞ്ഞു. അതേസമയം ശൗലിന്റെ അസൂയമൂലം ദാവീദിനു സാരമായ ദോഷം ഒന്നും സംഭവിച്ചതുമില്ല.

പിശാചിന്റെ ആക്രമണത്തിനായി നമ്മെത്തന്നെ തുറന്നിട്ടുകൊടുക്കാൻ അസൂയ ഇടയാക്കുമെന്നും ശൗലിന്റെ അനുഭവം പഠിപ്പിക്കുന്നു. ശൗൽ രാജാവിനെ ഒരു ദുരാത്മാവ് ഇടയ്ക്കിടെ ആവേശിക്കുന്നതായി നാം വായിക്കുന്നു. പക്ഷേ അതിന്റെ തുടക്കം എവിടെയായിരുന്നുവെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ദാവീദിനോടുള്ള അസൂയ (“കണ്ണുകടി’ എന്നു പഴയ മലയാള വിവർത്തനം) അവനിൽ തല പൊക്കിയതിനെ തുടർന്നാണ് അത് ആരംഭിക്കുന്നത് (1 ശമു വേൽ 18:9,10 കാണുക).

അസൂയപോലെ മറ്റുള്ളവരോടുള്ള എല്ലാ തെറ്റായ മനോഭാവങ്ങളും പിശാചിനു നമ്മുടെ ജീവിതത്തിലേക്കു കയറിവരാനുള്ള വാതിൽ തുറന്നിട്ടു കൊടുക്കുന്നവയാണെന്നു നാം ശ്രദ്ധിച്ചിട്ടുണ്ടോ? “സാത്താൻ നമ്മെ തോല്പിക്കരുത്. അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ’ എന്ന പ്രസിദ്ധമായ വചനത്തിനു തൊട്ടുമുകളിൽ പറഞ്ഞിരിക്കുന്നതു ക്ഷമിക്കാത്ത ഒരു മനോഭാവത്തെക്കുറിച്ചാണ് (2 കൊരിന്ത്യർ 2: 10,11) “പിശാചിന് ഇടം കൊടുക്കരുത്’ എന്ന വചനമാകട്ടെ കൂട്ടുകാരനോടു ഭോഷ്കു സംസാരിക്കുക, കോപിക്കുക എന്നിവയോടു ചേർത്താണു പറഞ്ഞിരിക്കുന്നത് (എഫെസ്യർ 4:25,26,27) “പിശാചിനോട് എതിർത്തു നില്പിൻ; എന്നാൽ അവർ നിങ്ങളെ വിട്ട് ഓടിപ്പോകും.’ എന്ന വാക്യം “നിഗളത്തോടു ബന്ധിപ്പിച്ചു പരാമർശിച്ചിരിക്കുന്നതു യാദൃച്ഛികമാണോ? (യാക്കോബ് 4:6,7). “പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റി നടക്കുന്നു എന്ന വചനം കീഴടങ്ങാത്ത മനോഭാവം, നിഗളം എന്നിവയെക്കുറിച്ചു പറയുന്നതിനു തൊട്ടുതാഴെയല്ലേ കാണുന്നത്? (1 പത്രോസ് 5:5-8) നോക്കുക. അസൂയ, നിഗളം ക്ഷമിക്കാത്ത മനോഭാവം, കള്ളം പറയുക, കോപിക്കുക, കീഴടങ്ങാതിരിക്കുക ഈവകയെല്ലാം എത്ര ഗൗരവമേറിയ കാര്യങ്ങളാണ്!തെറ്റായ ഓരോ മനോഭാവവും പിശാചിനു നമ്മിൽ ഇടം കൊടുക്കുകയാണെന്നു നാം അറിയുന്നുണ്ടോ?

ഇക്കാര്യം നാം അറിയരുതെന്നു പിശാചിനും നിർബന്ധമുണ്ട്. പ്രശസ്തനായ ഒരു എഴുത്തുകാരൻ ഇതേക്കുറിച്ച് ഇങ്ങനെ ഒരുദാഹരണം പറഞ്ഞിട്ടുണ്ട്. ഒരു രാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരു രഹസ്യവാതിൽ ഉണ്ടെന്നും അത് അവന്റെ ശത്രുവിന് അറിയാമെന്നും സങ്കൽപിക്കുക. ശത്രു തരം കിട്ടുമ്പോഴൊക്കെ ആ രഹസ്യവാതിലിലൂടെ കൊട്ടാരത്തിൽ പ്രവേശിച്ച് വിലപ്പെട്ടതു പലതും കവർന്നുകൊണ്ട്, വന്നതുപോലെ ആ രഹസ്യവാതിലിലൂടെ തന്നെ തിരികെ പോകുന്നു. ശത്രു ബുദ്ധിയുള്ളവനായതുകൊണ്ട് താൻ ആ രഹസ്യവാതിലിലൂടെ ഉള്ളിൽ പ്രവേശിച്ച കാര്യം ഉടമസ്ഥൻ അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. എന്നാലല്ലേ പിന്നീടും ആ വഴിയായി പ്രവേശിക്കാൻ കഴിയൂ.

പിശാചും ഈ ശത്രുവിനെപ്പോലെയാണ്. അവൻ നമ്മുടെ ജീവിതത്തിൽ പ്രവേശിച്ച് നമ്മുടെ ആത്മീയസമ്പത്തുകൾ കൊള്ളയടിക്കാൻ കടന്നുവരുന്ന രഹസ്യവാതിലാണ് ഓരോ തെറ്റായ മനോഭാവവും. പക്ഷേ ഈ വാതിൽ വഴിയാണു താൻ ഉള്ളിൽ പ്രവേശിക്കുന്നതെന്ന് നാം അറിയാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കുന്നു. നാം ഇക്കാര്യങ്ങൾ ഗൗരവമായെടുക്കുന്നില്ലെങ്കിൽ ഈ വാതിൽ വഴിയായി ആത്മീയ സമ്പത്തുകൾ ചോർന്നുപോകുന്ന വിവരം നാം അറിയുകയില്ല. ഫലം: “പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചു പോകുന്നു’ എന്ന തിരുവെഴുത്തു നമ്മിൽ നിറവേറുന്നു (ഹോശേയ 4:6)

അസൂയ, കോപം തുടങ്ങിയവയൊക്കെ കൊച്ചു കാര്യങ്ങളാണെന്ന ചിന്ത പിന്നിൽ പിശാചിന്റെ വഞ്ചനയുണ്ടെന്ന് ഇന്നു നമുക്കു തിരിച്ചറിയാം. രഹസ്യവാതിലുകൾ എന്നേക്കുമായി ബന്ധിക്കാം. ജാഗരൂകരാകാം.

28 നിങ്ങൾ വിധിക്കരുത്


ഒരു ദൈവഭൃത്യൻ ഒരു ഭവനം സന്ദർശിക്കാനെത്തി. ആ വീട് ഏറ്റവും വൃത്തിയായും അടുക്കും ചിട്ടയോടുംകൂടി സൂക്ഷിച്ചിരുന്നു. ആ ഭവനത്തിലെ സഹോദരി ഇങ്ങനെ പറഞ്ഞു “ഞാനീ വീടെല്ലാം ഇന്നലെ കഴുകിത്തുടച്ചതാണ്. പക്ഷേ ഇന്നു ഞാൻ എല്ലാം തൂത്തും തുടച്ചും വൃത്തിയാക്കിയിരിക്കുന്നു. കാരണം എല്ലാം വൃത്തിയും ഭംഗിയുമായിരിക്കുന്നതാണ് എനിക്കിഷ്ടം.

അതുകേട്ട് ദൈവഭൃത്യൻ പറഞ്ഞു “കൊള്ളാം, സഹോദരി. നന്നായി. ദൈവത്തിനു മഹത്വം.

ദൈവഭൃത്യൻ മറ്റൊരു വീട്ടിൽ ചെന്നു. അവിടെ മുറികളെല്ലാം പൊടിപിടിച്ചും അലങ്കോലപ്പെട്ടും കിടക്കുകയായിരുന്നു. ഗൃഹനായികയായ സഹോദരി തന്റെ നിലപാടു വ്യക്തമാക്കി “കഴുകാനും തുടയ്ക്കാനുമെല്ലാം ധാരാളം സമയം നഷ്ടപ്പെടും. സന്ദർശകരിൽ മതിപ്പുണ്ടാക്കാനായി അങ്ങനെ സമയം പാഴാക്കുന്നതിൽ എനിക്കു വിശ്വാസമില്ല.

“ശരി. സഹോദരി. കൊള്ളാം ദൈവത്തിനു മഹത്വം” ദൈവഭൃത്യന്റെ മറുപടി.

ഇതൊരു കഥയല്ല. വീടുകൾ തങ്ങളുടെ ബോധ്യം അനുസരിച്ച് വ്യത്യസ്ത നിലകളിൽ സൂക്ഷിച്ച രണ്ട് സഹോദരിമാർക്ക് വേണ്ടിയും ഒരുപോലെ ദൈവത്തെ മഹത്വപ്പെടുത്തിയ ദൈവഭത്യൻ ഏലിയാസ് ആസ്ലാക്സനാണ്. മറ്റുള്ളവരെ വിധിക്കരുതെന്ന ദൈവിക കല്പനയോട് തികഞ്ഞ വിശ്വസ്തത പുലർത്തിയ ദൈവപുരുഷൻ.

ക്രിസ്തീയലോകത്ത് ചില കാലഘട്ടങ്ങളിൽ ചില ദൈവികസത്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ആദ്യനൂറ്റാണ്ടുകൾക്കുശേഷം ഈ നിലയിൽ അവഗണിക്കപ്പെട്ടു കിടന്ന പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ, വരങ്ങൾ തുടങ്ങിയവയ്ക്ക് ഇരുപതാം നൂറ്റാണ്ടിലാണു പിന്നീട് കൂടുതൽ ഊന്നൽ ലഭിച്ചത്. അപ്പോൾ തന്നെ താഴ്ചയിൽ വസിക്കുക, സ്വയം വിധിക്കുക, മറ്റുള്ളവരെ വിധിക്കാതിരിക്കുക തുടങ്ങിയ കാതലായ പല സത്യങ്ങളും ഇന്നു തീർത്തും അവഗണിക്കപ്പെട്ടിരിക്കുന്നു. ഈ സത്യങ്ങളുടെ നഷ്ടപ്പെട്ട പ്രാധാന്യം വീണ്ടെടുക്കേണ്ടത് അടിയന്തര ആവശ്യമല്ലേ? മത്സരവും കുറ്റംവിധികളും സ്വയ ന്യായീകരണങ്ങളും കൊണ്ട് കലുഷിതമായിരിക്കുന്ന ക്രിസ്തീയസഭകളുടെ ദുരവസ്ഥ ഈ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.

യേശുവിനെ ശ്രദ്ധിച്ചുനോക്കുവാനാണ് നമ്മോടാവശ്യപ്പെട്ടിരിക്കുന്നത് (എബ്രായർ 12:2). യേശുവിന്റെ ജീവിതത്തെ ശ്രദ്ധിക്കുമ്പോൾ നമുക്ക് നമ്മുടെ ജീവിതത്തിലെ കുറവുകളെക്കുറിച്ചു വെളിച്ചം ലഭിക്കും. “നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു” (സങ്കീർത്തനം 36:9) യേശുവിന്റെ ജീവന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം കാണുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ വെളിച്ചത്തിൽ മാത്രം നടന്നാൽ നമുക്കു നമ്മെയല്ലാതെ മറ്റൊരാളെ വിധിക്കുവാൻ
കഴിയുന്നതെങ്ങനെ?

“നിങ്ങൾ…… (മറ്റുള്ളവരെ) വിധിക്കരുത് പർവ്വതപ്രസംഗത്തിൽ യേശു കല്പിച്ചു (മത്തായി 7:1). പക്ഷേ ചില കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ നാം എത്രവേഗമാണു മറ്റുള്ളവരെ വിധിക്കുന്നത്. “വിധിക്കുക’ എന്നതു കോടതി ഭാഷയാണ്. കോടതി, കുറ്റവാളികൾക്കെതിരേയുള്ള സാക്ഷിമൊഴികളുടെ നെല്ലും പതിരും തിരിയുന്നു. ഒടുവിൽ തെളിവുകളുടെ വെളിച്ചത്തിൽ ഒരു നിഗമനത്തിലെത്തുന്നു. ഈ വിധി പരസ്യമായി പ്രസ്താവിക്കുന്നു.

നാമോ? മറ്റുള്ളവരെക്കുറിച്ച് കാണുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങളുടെ വെളിച്ചത്തിൽ സ്വന്ത ഇഷ്ടത്തിനനുസരിച്ച് സ്വയം ഒരു നിഗമനത്തിലെത്തുന്നു. ഈ വിധി മറ്റുള്ളവരുടെ മുൻപിൽ പരസ്യമായി പ്രസ്താവിക്കുകയും ചെയ്യുന്നു. ഇവിടെ സാക്ഷിയും ന്യായാധിപനും എല്ലാം നാം തന്നെയാണ്. എല്ലാം അറിയുന്ന ദൈവത്തിനുമാത്രമേ ഒരാൾ ഒരു സാഹചര്യത്തിൽ എന്തുകൊണ്ടങ്ങനെ പെരുമാറി, സംസാരിച്ചു എന്നറിയാൻ കഴിയുകയുള്ളു. വസ്തുതകൾ പൂർണ്ണമായി അറിയാതെ നാം അവനെ വിധി ക്കുമ്പോൾ ദൈവത്തിനു മാത്രം അവകാശപ്പെട്ട ഒരു കാര്യം നാം ചെയ്യുകയാണ്. വിധിക്കുന്നതിനുപിന്നിലെ അടിസ്ഥാനപരമായ തെറ്റ് ഇവിടെയാണു കിടക്കുന്നത്.

മറ്റുള്ളവരെ വിധിക്കുന്നതിനു നമുക്കു നമ്മുടേതായ ന്യായീകരണങ്ങളുണ്ട്. തികച്ചും തെറ്റായ കാര്യം ഒരാൾ ചെയ്തതുകൊണ്ടാണ് അയാളെ അപരാധിയെന്നു മുദ്രകുത്തിയതെന്നാണു നമ്മുടെ ന്യായം. പക്ഷേ നമ്മുടെ ദൃഷ്ടിയിൽ തീർത്തും തെറ്റായ കാര്യം ചെയ്യുന്ന ആൾ പോലും ദൈവദൃഷ്ടിയിൽ നിരപരാധിയായിരിക്കാം.

പ്രകടമായും തെറ്റായ കാര്യം ചെയ്യുന്ന ആൾ ദൈവമുൻപാകെ എങ്ങനെയാണ് നിരപരാധിയാകുന്നത്? ഈ ചോദ്യത്തിന് ആസ്ലാക്സനു വ്യക്തമായ മറുപടിയുണ്ട്. അദ്ദേഹം പറയുന്നു. ഇതു സംബന്ധിച്ചു ബൈബിളിലെ ശ്രദ്ധേയമായ ഒരു വചനം റോമർ 4:15 ആണ്. “നിയമം ഇല്ലാത്തിടത്ത് നിയമലംഘനമില്ല.

പാപം എന്നാൽ നിയമലംഘനമാണ്. എന്നാൽ നിയമം ഇല്ലെങ്കിൽ എന്തു നിയമലംഘനം? ആത്മാവിന്റെ എല്ലാ നിയമങ്ങളും ദൈവത്തിന്റെ പക്കലാണുള്ളത്. ദൈവമാണ് ഈ നിയമങ്ങളെ ഒരുവന്റെ ഹൃദയത്തിലും മനസ്സിലും എഴുതുന്നത്. (എബ്രായർ 8:10) കാണുക. അങ്ങനെയെങ്കിൽ ദൈവം ഒരുവന്റെ ഹൃദയത്തിലും മനസ്സിലും ഇതുവരെ എഴുതിയിട്ടില്ലാത്ത ഒരു നിയമം പാലിക്കുവാൻ അയാൾക്ക് ഉത്തരവാദിത്വമില്ല. നിയമം ഇല്ലാത്തിടത്ത് നിയമലംഘനം ഇല്ലല്ലോ.

ദൈവത്തിന്റെ ഏതെങ്കിലും നിയമം ഒരുവന്റെ ഉള്ളിൽ ദൈവികപ്രമാണമായി ദൈവാത്മാവിനാൽ ഇതേവരെ എഴുതപ്പെട്ടിട്ടില്ലെങ്കിൽ അല്ലെങ്കിൽ അതു പാപം ആണെന്ന് അവനു വെളിച്ചം കിട്ടിയിട്ടില്ലെങ്കിൽ അവൻ അതു ലംഘിച്ചാലും അവൻ ദൈവമുമ്പാകെ തീർത്തും നിർദോഷിയാണെന്നു സാരം. ചുറ്റുമുള്ളവർ അങ്ങനെ കരുതുന്നില്ലെങ്കിൽ കൂടി അവൻ നിരപരാധിയായിരിക്കും. റോമർ 4:15 ഇതാണർത്ഥമാക്കുന്നത്. ദൈവമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും കർശനക്കാരനും അതേസമയം ഏറ്റവും സമ്പൂർണ്ണനുമായ ന്യായാധിപതി. ആ ദൈവം ഒരുവൻ നിർദോഷിയാണെന്നു വിധിച്ചാൽ പിന്നെ ആർക്ക് അവനെ കുറ്റം ചുമത്താനാകും? ദൈവത്തിന്റേതിനെക്കാൾ ഉന്നതമായ കോടതി ഏതാണുള്ളത്?

ഒരുവന്റെ ഹൃദയത്തിൽ ദൈവം എഴുതിയിരിക്കുന്ന നിയമത്തിനു വിരുദ്ധമായി പ്രലോഭനത്തിനു വശംവദനായി ഒരുവൻ പ്രവർത്തിക്കുമ്പോൾ താൻ പാപം ചെയ്യുകയാണെന്ന് അവനറിയാം. ഇക്കാര്യത്തിൽ ഒഴികെ മറ്റെല്ലാത്തിലും അവൻ നിരപരാധിയായിരിക്കും.

അങ്ങനെയെങ്കിൽ ദൈവം നിരപരാധിയാണെന്നു കരുതുന്ന ഒരുവനെ നാം കുറ്റക്കാരനെന്നു വിധിക്കുമ്പോൾ നിർദോഷിയെ കുറ്റവാളിയെന്നു മുദ്ര കുത്തുന്നനാമാണ് ദൈവമുമ്പാകെ തെറ്റുകാർ. നിർദോഷമായ രക്തം ചൊരിയുന്ന ഏറ്റവും ഹീനമായ പാപം ചെയ്തവരായി നാം ദൈവസന്നിധിയിൽ മാറുന്നു. നോക്കുക: വിധിക്കുന്നത് എത്ര ഭയങ്കരമായ ഒരു കാര്യമാണ്.

വിധിക്കുന്നതിനെതിരെയുള്ള മറ്റൊരു വാക്യം ശ്രദ്ധിക്കുക: “ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ” (റോമർ 14:3,4) മറ്റൊരുവനെ വിധിക്കുമ്പോൾ അവന്റെ മേൽ നമുക്ക് അധികാരമുണ്ടെന്ന് നാം പ്രഖ്യാപിക്കുകയാണ്. പക്ഷേ സത്യത്തിൽ അവൻ നമ്മുടെ ദാസനില്ല. നമുക്ക് അവന്റെമേൽ അധികാരവുമില്ല. ദൈവം അവനെ കൈക്കൊണ്ടിരിക്കയാൽ ദൈവത്തിന്റെ ദാസനാണവൻ അങ്ങനെയെങ്കിൽ മറ്റൊരുവന്റെ ദാസനെ വിധിക്കാൻ നീ ആരാണെന്നു പൗലോസ് ചോദിക്കുന്നു. നിനക്ക് അതിന് അധികാരമില്ല.

ഇക്കാര്യങ്ങളെക്കുറിച്ചു ബോധ്യമുള്ളപക്ഷം നാം മേലിൽ മറ്റൊരാളെ വിധിക്കാൻ ധൈര്യപ്പെടുകയില്ല. മറിച്ച് നാം നമ്മെത്തന്നെ വിധിക്കും. മറ്റുള്ളവരെ വിധിക്കാതിരിക്കാതിരിക്കുമ്പോഴും നാം നമ്മെത്തന്നെ വിധിക്കുമ്പോഴും അതിനോടുചേർന്നു ദൈവം നൽകുന്ന വാഗദാനം ഒന്നുതന്നെയാണ് നാം വിധിക്കപ്പെടുകയില്ല. (മത്തായി 7:1, 1 കോരിന്ത്യർ 11:31). ദൈവത്താൽ വിധിക്കപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട് നമുക്കു മറ്റുള്ളവരെ വിധിക്കാതിരിക്കാം; നമ്മെത്തന്നെ വിധിക്കാം.

29 ചോദ്യങ്ങൾ, ചോദ്യങ്ങൾ, ചോദ്യങ്ങൾ


1956 ജനുവരിയിലെ ഒരു പ്രഭാതം. തെക്കേ അമേരിക്കയിലെ ഇക്വഡോറിലുള്ള മിഷൻ കേന്ദ്രത്തിൽനിന്ന് ഒരു ഹെലിക്കോപ്റ്റർ പറന്നുയർന്നു. ഇകഡോർ വനാന്തരത്തിലെ കുറാറെ നദിക്കരയിലെ പാം ബീച്ചായിരുന്നു ലക്ഷ്യം.

മുപ്പതുവയസ്സിൽ താഴെ പ്രായമുള്ള അഞ്ചു യുവതികളായിരുന്നു ഹെലിക്കോപ്റ്ററിലെ യാത്രക്കാർ. ചില ദിവസങ്ങൾക്കു മുൻപാണ് അവർ അഞ്ചു പേരും പൊടുന്നനെ വിധവകളായത്. ഭർത്താക്കന്മാരുടെ ശവശരീരം പോലും ഒരുനോക്കുകാണുവാൻ അവർക്ക് കഴിഞ്ഞില്ല. ഭർത്താക്കന്മാരുടെ മൃതദേഹങ്ങൾ സംസ്കരിച്ച പാംബീച്ച് ഇപ്പോൾ ഹെലികോപ്റ്ററിലിരുന്ന് ഒന്നു കാണുക-അതായിരുന്നു ആ യാത്രയുടെ ഉദ്ദേശ്യം.

ഇരുപതാം നൂറ്റാണ്ടിലെ മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ധീരോദാത്തമായ ഒരേടാണ് ജിം എലിയറ്റിന്റേയും കൂട്ടരുടേയും സാഹസികയാത്രയും തുടർന്ന് സംഭവിച്ച രക്തസാക്ഷി മരണങ്ങളും. പരിഷ്കൃതലോകത്തുനിന്ന് തങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ള എല്ലാവരേയും വകവരുത്തിയ ചരിത്രം മാത്രമുള്ള ഓക്ക് വംശജർക്ക് ക്രിസ്തുവിന്റെ സ്നേഹത്തെ പരിചയപ്പെടുത്തുവാനാണ് ജിം എലിയറ്റ്, എഡ്വേർഡ്, പീറ്റ് ഫ്ളെമിങ്, റോജർ, നേറ്റ് സെയിന്റ് എന്നീ ചെറുപ്പക്കാർ ഏറെ പ്രാർത്ഥനയ്ക്കും തയ്യാറെടുപ്പിനും ശേഷം കൊടുംവനത്തിലേക്ക് പോയത്. ആദ്യം ഓക്ക വംശജർ സൗഹൃദം ഭാവിച്ചു. പക്ഷേ ഓർക്കാപ്പുറത്ത് അഞ്ച് മിഷനറിമാരേയും അവർ മൃഗീയമായി വധിച്ചു. മിഷൻ കേന്ദ്രത്തിൽനിന്നു പിന്നീട് അന്വേഷിച്ച് എത്തിയ സംഘം, ആ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുവരുവാൻ പറ്റിയ സ്ഥിതിയല്ലാത്തതിനാൽ ആ മണൽപ്പരപ്പിൽ തന്നെ മറവു ചെയ്തശേഷം മടങ്ങുകയായിരുന്നു…

കുറാ നദിക്കരയിലെ ആ ബീച്ചിൽ ചെന്നിറങ്ങുന്നതു അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ആ യുവവിധവകൾക്ക് ഹെലിക്കോപ്റ്റർ താണുപറക്കുമ്പോൾ അതിലിരുന്ന് ആ വിശാലമായ മണൽപ്പരപ്പ് ഒരുനോക്ക് കാണുകയേ നിർവാഹമുണ്ടായിരുന്നുള്ളു. ചില ദിവസങ്ങൾക്ക് മുൻപ് തങ്ങളോട് ചിരിച്ചു യാത്രപറഞ്ഞ് പോയ പ്രിയപ്പെട്ടവർ ഇന്ന് ഈ മണൽപ്പരപ്പിലെവിടെയോ ശാന്തമായി ഉറങ്ങുന്നു. അവരുടെ ചോരപുരണ്ട മണൽത്തരികളാണ് താഴെ നോക്കെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്നത്… ഹെലിക്കോപ്റ്ററിലിരുന്ന് നനഞ്ഞ കണ്ണുകളോടെ അവ്യക്തമായി ആ മണൽപ്പരപ്പ് ഒരുനോക്കു കണ്ടുപോകുമ്പോൾ ആ യുവതികളുടെ മനസ്സിലൂടെ എന്തെന്തു ചിന്തകളായിരിക്കും കടന്നുപോയിരിക്കുക ഇതെല്ലാം എന്തിനുവേണ്ടി? തങ്ങളുടെ പ്രിയപ്പെട്ടവർ പവിത്രമായ ഒരു ഉദ്ദേശ്യത്തോടെയാണ് ഇവിടേക്ക് വന്നത്. എന്നിട്ടും ഈ മണൽപ്പരപ്പിൽ അവരുടെ ചോര ചിതറിവീണു. ഓർക്കാപ്പുറത്തുള്ള ആക്രണത്തിൽ ഒന്ന് നിലവിളിക്കാൻ പോലും ആകാതെ അവർ ഇവിടെ പിടഞ്ഞുവീണു. വെട്ടും കുത്തു മേറ്റ് ആ ജഡങ്ങൾ ഇവിടെ അനാഥമായി വെയിലിൽ കരുവാളിച്ച് ദിവസങ്ങൾ കിടന്നു… ഇതെല്ലാം ദൈവം എന്തുകൊണ്ട് അനുവദിച്ചു. അവിടുന്ന് എന്തുകൊണ്ട് ഇതെല്ലാം നിശ്ശബ്ദമായി നോക്കിനിന്നു ഭർത്താക്കന്മാരുടെ അന്ത്യവിശ്രമസ്ഥലം ഈ നിലയിൽ ഒന്നു സന്ദർശിച്ചുപോകുവാൻ മാത്രം തങ്ങളെ അനുവദിച്ചതിനുപിന്നിൽ എന്തു ദൈവിക ഉദ്ദേശ്യമാണുള്ളത്?… ചോദ്യങ്ങൾ, ചോദ്യങ്ങൾ. ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങൾ.

പെട്ടെന്ന് ആ യുവതികളിലൊരാൾ പീറ്റ് ഫ്ളെമിങിന്റെ ഭാര്യ ഒലീവ് അന്നു രാവിലെ താൻ വായിച്ച ഒരു വചനം ഓർത്തു. “ഈ ഒരു കാര്യത്തിനായി ഞങ്ങളെ ഒരുക്കിയതു ദൈവംതന്നെയാണ്. ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം. ഞങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ധൈര്യമുണ്ട്… എന്തെന്നാൽ ഞങ്ങൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്. കാഴ്ചയാലല്ല.” (2 കൊരിന്ത്യർ 5:5-7). ദൈവം ഞങ്ങളെ സൃഷ്ടിക്കുകയും ഒരുക്കുകയും ചെയ്തത് ഈ ലക്ഷ്യത്തിനുവേണ്ടിയാണ്. ആത്മാവിനെ ഞങ്ങൾക്കു തന്നതും ഇതിനായാണ്. അതുകൊണ്ട് ഞങ്ങൾക്ക് നല്ല ധൈര്യമുണ്ട്. ഞങ്ങൾ കാഴ്ചയാലല്ല വിശ്വാസത്താലാണ് നയിക്കപ്പെടുന്നത്… ആ വചനം അവരെ ഉറപ്പിച്ചു. അവരുടെ ചോദ്യങ്ങൾ പ്രത്യാശയ്ക്ക് വഴിമാറി.

ക്രിസ്തീയജീവിതം ഗൗരവമായി എടുത്തിട്ടുള്ളവരെല്ലാം ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഈമട്ടിൽ മറുപടിയില്ലാത്ത ചില ചോദ്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടാവും. ദൈവം ഈ കാര്യങ്ങൾ അനുവദിച്ചതെന്തിനാണ്? തന്റെ മക്കൾ ആവശ്യമില്ലാതെ ദുഃഖിക്കുന്നത് ദൈവം എന്തുകൊണ്ടു നോക്കി നിൽക്കുന്നു? ഇതിലൂടെ ദൈവനാമത്തിന് എന്തു മഹത്വമാണു ലഭിക്കുന്നത്…

“ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു’ എന്നു തങ്ങളുടെ കറൻസിയിൽ രേഖപ്പെടുത്തിയിട്ടുള്ള, ക്രിസ്തീയ രാജ്യമെന്ന് അഭിമാനിക്കുന്ന, അമേരിക്ക ഒരു രാജ്യം എന്ന നിലയിൽ ഈ നിലയിലുള്ള ചോദ്യങ്ങളെ അടുത്തകാലത്ത് അഭിമുഖീകരിച്ചു. സെപ്റ്റംബർ 11ന് ഭീകരർ ട്വിൻ ടവർ തകർക്കുകയും അനേകം നിരപരാധികൾ പിടഞ്ഞുമരിക്കുകയും അമേരിക്ക മറ്റ് ലോകരാഷ്ടങ്ങളുടെ മുൻപിൽ പരിഹാസപാത്രമാകുകയും ചെയ്തപ്പോൾ ദേശീയ തലത്തിൽ ഈ ചോദ്യങ്ങൾ ഉയർന്നുവന്നു. ദൈവം എന്തുകൊണ്ട് ഇതനുവദിച്ചു “തന്റെ മക്കൾക്കുള്ള ദിവ്യസംരക്ഷണം ഒരു കെട്ടുകഥയോ? നിരപരാധികൾ പിടഞ്ഞുമരിക്കുന്നത് ദൈവം എന്തുകൊണ്ടാണ് നോക്കിനിന്നത്? ഈ ചോദ്യങ്ങളെല്ലാം ഒടുവിൽ ഒരുചോദ്യത്തിൽ വന്ന് കേന്ദ്രീകരിച്ചു. “കാരുണ്യവാനായ ദൈവം സെപ്റ്റംബർ 11ന് എവിടെയായിരുന്നു?

ഡേവിഡ് വിൽക്കേഴ്സൺ ഉൾപ്പെടെയുള്ള ദൈവഭൃത്യന്മാർ ഒടുവിൽ ഈ ചോദ്യത്തിന് മറുപടിനൽകി. “തന്റെ ഏകജാതനായ പുത്രനെ കാൽവറിയിൽ ക്രൂശിക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ സർവ്വശക്തനായ ദൈവം എവിടെയായിരുന്നുവോ അവിടെ തന്നെയായിരുന്നു അവിടുന്നു സെപ്റ്റംബർ പതിനൊന്നിനും.

തന്റെ പുത്രൻ കാൽവറിയിൽ പിടഞ്ഞുമരിക്കുന്നതും അപമാനിക്കപ്പെടുന്നതും കണ്ടുകൊണ്ട് അതിൽ ഇടപെടാതെ ദൈവം എല്ലാം നിശ്ശബ്ദം കണ്ടു നിന്നെങ്കിൽ, നമ്മുടെ കാര്യത്തിൽ ഇപ്പോൾ ദൈവം എന്തുകൊണ്ട് ഇടപെടുന്നില്ലെന്നു ചോദിക്കാൻ നമുക്ക് എന്താണവകാശം? ദൈവം നമ്മുടെ പിതാവാണെന്നതു ശരി. പക്ഷേ ദൈവം ദൈവമാണെന്നും നാം ഓർക്കണം. നമ്മുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുവാൻ അവിടുന്നു ബാധ്യസ്ഥനല്ല.

ബൈബിളിൽ ദൈവത്തോട് ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ചിട്ടുള്ളത് ഇയ്യോബാണ്. ഇയ്യോബും സ്നേഹിതരും എത്രയെത്ര ചോദ്യങ്ങളാണ് ആ പുസ്തകത്തിൽ അന്യോന്യവും ദൈവത്തിനുനേരെയും തൊടുത്തുവിടുന്നത്? “സത്യത്തിൽ ഇയ്യോബും സ്നേഹിതരും തമ്മിൽ അടിസ്ഥാനപരമായ നിലപാടിൽ അഭിപ്രായവ്യത്യാസമില്ല. “നിർദ്ദോഷിയായ ഒരുവനും നശിച്ചുപോകുകയില്ല’ എന്ന കാര്യത്തിൽ അവർ ഏകാഭിപ്രായക്കാരാണ്. അതുകൊണ്ട്, ഇയ്യോബ് നശിച്ചുപോകുന്നെങ്കിൽ അതിനു ദൈവമല്ല ഇയ്യോബുതന്നെയാണ് ഉത്തരവാദിയെന്ന് സ്നേഹിതർ വാദിക്കുന്നു. എന്നാൽ താൻ നിർദ്ദോഷിയാണെന്ന് ഉറപ്പുള്ള ഇയ്യോബ് താൻ ഇങ്ങനെ നശിച്ചുപോകുന്നത് നിർദ്ദോഷി യായ ഒരുവനും നശിച്ചുപോകയില്ല’ എന്ന ദൈവനീതിക്ക് എതിരാണെന്നു വാദിക്കുന്നു. ഒടുവിൽ ഇയ്യോബിന്റെ പുസ്തകത്തിന്റെ അവസാനം തനിക്കെതിരെ ഉയർന്നിട്ടുള്ള ചോദ്യങ്ങൾക്കെല്ലാം ദൈവം മറുപടി പറയുമെന്നാണു നാം ന്യായമായും പ്രതീക്ഷിക്കുക. പക്ഷേ ദൈവം ഇതിനൊന്നും ഒരു മറുപടിയും പറയുന്നില്ലെന്നു മാത്രമല്ല, ദൈവം തിരിച്ചു ചില ചോദ്യ ങ്ങൾ ചോദിക്കുന്നതാണ് നാം കാണുന്നത്. ദൈവം ദൈവമാണെന്നും തന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുവാൻ അവിടുന്നു ബാധ്യസ്ഥനല്ലെന്നും ഒടുവിൽ ബോധ്യം വന്നപ്പോൾ ചോദ്യങ്ങൾ ചോദിച്ച ഇയ്യോബു പറയുന്നു. “ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.

നമ്മുടെ പിതാവായ ദൈവം മിക്കപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നമുക്ക് മനസ്സിലാകുന്ന നിലയിൽ മറുപടി നൽകാറുണ്ട്. പക്ഷേ ചിലപ്പോൾ അവിടുന്ന് മൗനം ഭജിക്കുന്നതെന്താണ്? നാം ദൈവത്തെ ദൈവമായിക്കാണാനും അവിടുത്തെ മുൻപിൽ നാം ആരാധകരായി നിൽക്കാനും വേണ്ടിയാണത്. പലപ്പോഴും ദൈവത്തെ ദൈവമായി നാം വിശ്വസിക്കുകയോ തന്നെ ആരാധിക്കുകയോ ചെയ്യാറില്ല. നമ്മുടെ പ്രാർത്ഥന കേട്ട് പ്രതിസന്ധിയിൽ നമ്മെ സഹായിക്കുന്ന, നമ്മുടെ കുട്ടികളുടെ രോഗം സൗഖ്യമാക്കുന്ന, നമുക്ക് ഗൾഫിലേക്ക് വിസ ശരിയാക്കിത്തരുന്ന… അങ്ങനെ അങ്ങനെ നമുക്ക് പ്രയോജനമുള്ള ഒരു ദൈവത്തെയല്ലേ പലപ്പോഴും നാം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. പക്ഷേ അത് യഥാർത്ഥ വിശ്വാസവും ആരാധനയുമാണോ? അല്ല. ഒന്നും കാണാതെ തന്നെ ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തെ ആശ്രയിക്കുകയും ചെയ്യുന്ന വിശ്വാസവീരന്മാരായി നാം തീരണമെന്ന് അവിടുന്ന് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. (“ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിക്കാതെ… വിശ്വാസത്തിൽ മരിച്ചു’ എന്ന് വിശ്വാസികളുടെ പിതാവായ അബ്രഹാമിനെക്കുറിച്ചും മറ്റും പറഞ്ഞിരിക്കുന്നത് ഓർക്കുക.) കേവലം ലഭിച്ച കാര്യങ്ങൾക്ക് നന്ദി പറയുന്നവർ എന്നതിനപ്പുറത്ത് നാം യഥാർത്ഥ ആരാധകരായിത്തീരണം എന്നും അവിടുന്ന് നമ്മെ ക്കുറിച്ച് ആഗ്രഹിക്കുന്നു. നമ്മെ വിശ്വാസമല്ലന്മാരും യഥാർത്ഥ ആരാധകരുമാക്കാൻ ദൈവം ഒരുക്കുന്ന എല്ലാ സാഹചര്യങ്ങളും ഓർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം.

സുഹൃത്തേ, ചില പ്രതിസന്ധികളുടെ മുമ്പിൽ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നീ നീറുകയാണോ? “ഈ ഒരു കാര്യത്തിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നെയാണെന്ന് നീ തിരിച്ചറിയുമോ?

നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ദൈവത്തിന് മറുപടിയുണ്ട്. പക്ഷേ പലതിന്റെയും മറുപടി നാം നിത്യതയിൽ ചെല്ലുമ്പോഴേ മനസ്സിലാക്കുകയുള്ളു. പല ചോദ്യങ്ങൾക്കും മറുപടിയില്ലാത്തവരായി ഇന്ന് നമുക്ക് യഥാർത്ഥ ആരാധകരായി ദൈവമുമ്പാകെ നിൽക്കാം. എങ്കിൽ അന്ന് എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിച്ചവരായി നാം നിത്യതയിൽ നമ്മുടെ ആരാധന തുടരും.

30 ‘സ്വയ’ത്തിനെതിരേ ജാഗ്രത


മലയാളത്തിലെ പ്രശസ്തനായ ഒരു കവിയുടെ നാലുവരികൾ ഇങ്ങനെ

“ആരെയാണ് കൂടുതലിഷ്ടം?”
“എന്നെത്തന്നെ…!”
“അതു കഴിഞ്ഞാലോ?
“അതു കഴിയുന്നതേയില്ലല്ലോ..”

ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു ചിത്രമാണിത്. ആളുകൾക്ക് അവരവരെ സ്നേഹിച്ചു മതിവരുന്നില്ല. മറ്റൊരാളെക്കൂടി (അതു സ്വന്തം ജീവിതപങ്കാളിയായാൽ പോലും) ഇഷ്ടപ്പെടാൻ കഴിയാതവണ്ണം അവർ കൂടുതൽ സ്വാർത്ഥമതികളായി വരികയാണ്.

അന്ത്യകാലത്ത് ഇതു സംഭവിക്കുമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നുണ്ടല്ലോ. പൗലോസ് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമായാണിത് വിവരിക്കുന്നത്. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും” (2 തിമൊഥെയോസ് 3:1-4),

ഈ ഭാഗം വായിക്കുമ്പോൾ “ഇതു ലോകമനുഷ്യരെക്കുറിച്ചാണ്; ഞങ്ങൾക്കിതു ബാധകല്ല” എന്നാണ് മിക്കപ്പോഴും വിശ്വാസികൾ ചിന്തിക്കുന്നത്. എന്നാൽ ഈ ഭാഗം വിശ്വാസഗോളത്തിൽ സംഭവിക്കുന്ന മൂല്യച്യുതി യെക്കുറിച്ചാണെന്നു സൂക്ഷ്മമായി വായിച്ചാൽ വ്യക്തമാകും. അവർ ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരായിരിക്കും’ എന്ന ഭാഗമാണ് ഈ സത്യം വെളിവാക്കുന്നത്. ലോകമനുഷ്യർക്ക് ക്രിസ്തീയഭക്തിയുടെ വേഷമില്ലല്ലോ. അതുള്ളത് വിശ്വാസികൾക്കാണ്. അതുകൊണ്ടുതന്നെ ഈ ഭാഗം വിശ്വാസികളെ സംബന്ധിച്ചാണെന്നു വ്യക്തം.

ഒരു കാലത്ത് ഇവർ, വിശ്വാസികൾ, എല്ലാ വിഗ്രഹങ്ങളേയും വിട്ട് ക്രിസ്തവിങ്കലേക്ക് തിരിഞ്ഞു വന്നവരാണ്. പക്ഷേ ഇന്ന് അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ മറ്റൊരു വിഗ്രഹം ഇരിക്കുന്നു. അതു പുറമേ കാണാവുന്ന, ദൃശ്യമായ, ഏതെങ്കിലും വിഗ്രഹമല്ല. മറിച്ച് അതു സ്വയമാണ്. അതുകൊണ്ടു തന്നെ പൗലോസ് “വിശ്വാസികൾ’ എന്നല്ല മറിച്ച് കൂടുതൽ യോജിച്ച മറ്റൊരു പദം ഉപയോഗിച്ചാണ് അവരെ സംബോധന ചെയ്യുന്നത് “സ്വയഹികൾ’ (Lovers of themselves).

ഒരു കാലത്ത് ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചിരുന്നവർ ഇന്ന് ആ സിംഹാസനത്തിൽ സ്വയത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിതത്തിന്റെ മുൻഗണനകൾ ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചവർ ഇന്നു സ്നേഹിക്കുന്നതു തങ്ങളെത്തന്നെയാണ്. ഈ സ്വയനേഹത്തിന്റെ താരിൽ നിന്ന് പണസ്നേഹം, നിഗളം, ദൂഷണം, അനുസരണക്കേട്, കൃതഘ്നത, അശുദ്ധി, സ്നേഹശൂന്യത, തലക്കനം, സുഖാന്വേഷണം എന്നിങ്ങനെ സ്വജീവന്റെ ഒട്ടേറെ പ്രവണതകൾ തലനീട്ടുന്നു. ഏറ്റവും നിർഭാഗ്യകരം ഇപ്പോൾ തങ്ങൾ തന്നെ തങ്ങൾക്കൊരു വി ഹമായിരിക്കുന്നു എന്ന സത്യം അവർ അറിയുന്നില്ല എന്നതാണ്. ക്രിസ്തീ യതയുടെ ഒരു പുറംപൂച്ച്, ഭക്തിയുടെ ഒരു വേഷം, അവർക്കുണ്ട്. പക്ഷേ ക്രിസ്തുവല്ല അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ. തങ്ങളെത്തന്നെയാണ് അവർ സ്നേഹിക്കുന്നത്. സ്വന്തനേട്ടമാണ് അവരുടെ അന്വേഷണം. പക്ഷേ ഭക്തിയുടെ ഒരു ബാഹ്യാവരണം, വിശ്വാസി എന്ന മേലങ്കി, ഉള്ളതിനാൽ അവർക്കു മറ്റുള്ളവരെ സമർത്ഥമായി കബളിപ്പിക്കാനാവുന്നു. പക്ഷേ ഒപ്പം തങ്ങളും വഞ്ചിക്കപ്പെടുകയാണെന്ന യഥാർത്ഥ്യം അവർ അറിയാതെ പോകയും ചെയ്യുന്നു.

ക്രിസ്തുവിനായി യഥാർത്ഥത്തിൽ ഇറങ്ങിപ്പുറപ്പെട്ടവർ പിൽക്കാലത്ത് ഇങ്ങനെ വഞ്ചിക്കപ്പെട്ടുപോകുക അസാധ്യമാണെന്നാണോ താങ്കൾ ചിന്തിക്കുന്നത്? എങ്കിൽ പൗലോസിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക…..തിമൊഥെയൊ സിനെ വേഗത്തിൽ അങ്ങോട്ട് അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കുമറ്റാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്തകാര്യമാ എല്ലാവരും നോക്കുന്നു” (ഫിലിപ്പിയർ 2:19, 20).

ഇവിടെ പൗലോസ് പറയുന്നത്, ഈ കാര്യം വിശ്വസിച്ച് ഏല്പിക്കുവാൻ, തനിക്കു തുല്യചിത്തനായി തിമൊഥെയോസ് എന്ന ഒരുവൻ മാത്രമേ ഇപ്പോഴുള്ളു. വിശ്വാസഗോളത്തിലെ ബാക്കി എല്ലാവരും ക്രിസ്തുവിന്റെ കാര്യമല്ല സ്വന്തകാര്യമാണ് അന്വേഷിക്കുന്നത് എന്നാണ്. “എല്ലാവരും അവരവരുടെ താത്പര്യങ്ങളാണ് അന്വേഷിക്കുന്നത്’ (All are seeking their own interests) എന്നാണ് ഒരു വിവർത്തനത്തിൽ കാണുന്നത്. ഇതിന്റെ അർത്ഥം എന്താണ്? ഒരിക്കൽ യഥാർത്ഥത്തിൽ വിഗ്രഹങ്ങളെ വിട്ടു ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു വന്ന വിശ്വാസികൾ (1 തെസ്സലോനി 1:10) ഇന്നു ക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത താത്പര്യങ്ങളാണ് അന്വേഷിക്കുന്നത് എന്നുപറയുമ്പോൾ ഇന്ന് അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തങ്ങൾ തന്നെ വിഗ്രഹങ്ങളായി മാറിയിരിക്കുന്നു എന്നല്ലേ അർത്ഥം? അതേ, അവർ ഇന്നു സ്വയത്തെയാണു സ്നേഹിക്കുന്നത്.

നാം, വിശ്വാസികൾ, വന്നെത്തിയിരിക്കുന്നത് അന്ത്യകാലത്താണെന്നതിനു സംശയമില്ല. അതുകൊണ്ടു തന്നെ നാമും ക്രിസ്തുവിനുപകരം സ്വയം സ്നേഹിക്കുകയും യേശുക്രിസ്തുവിന്റെ കാര്യത്തിന്റെ സ്ഥാനത്തു സ്വന്തതാത്പര്യങ്ങളുടെ അന്വേഷണത്തിലായിരിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ മുന്നറിയിപ്പിനെ നാം ഗൗരവമായി എടുക്കുമോ?.

“എല്ലാവരും അവനവന്റെ കാര്യമല്ലേ നോക്കുന്നത്? നാമും സ്വന്ത താത്പര്യങ്ങൾ അന്വേഷിക്കുന്നതിലെന്താണു തെറ്റ്?” എന്നു ചോദിക്കുന്നവരുണ്ടാകാം. അങ്ങനെയുള്ളവർ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ലക്ഷ്യത്തെ കണ്ടിട്ടില്ലെന്നുപറയേണ്ടിവരും. എഫേസ്യലേഖനം ഒന്നാം അധ്യായത്തിന്റെ ആദ്യവാക്യങ്ങളിൽ “നമ്മെ ലോകസ്ഥാപനത്തിനു മുമ്പേ ദൈവം തിരഞ്ഞടുത്തതിനെക്കുറിച്ചു വായിക്കുന്നു. തുടർന്നുള്ള വാക്യങ്ങളിൽ നമ്മെ മുൻനിയമിക്കുകയും, ദത്തെടുക്കുകയും, വീണ്ടെടുക്കുകയും ചെയ്തതിനെക്കുറിച്ചെല്ലാമാണു വിവരിക്കുന്നത്. ഇതെല്ലാം എന്തിനുവേണ്ടിയാണ്? ഇതിന്റെ എല്ലാം ഉദ്ദേശ്യം ഒരേ ഒരു കാര്യമാണ് “നാം അവന്റെ മഹത്വത്തിന്റെ പുകഴ്ചയ്ക്കാ കേണ്ടതിന്’ (എഫേസ്യർ 1:6,12,14). യേശുക്രിസ്തുവിനുപകരം നമ്മുടെ സ്വയം സിംഹാസനം ഇട്ടിരിക്കുന്ന ഒരു ജീവിതം അവിടുത്തേക്കു മഹത്വകരമാകുമോ?

പഴയ നിയമ പ്രവാചകനായ യെശയ്യാവിന് ഒരിക്കൽ സ്വർഗ്ഗത്തിന്റെ ഒരു ദർശനം ലഭിക്കുകയുണ്ടായി. അവിടെ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ദൈവം തന്നെയാണിരിക്കുന്നത്. ഫലം “സർവഭൂമിയും ദൈവത്തിന്റെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു'(6:3). ഉവ്വ്, ദൈവം കേന്ദ്രത്തിൽ സിംഹാസനം ഇട്ടിരുന്നാൽ അവിടെയാണു ദൈവമഹത്വം.

നമ്മുടെ ജീവിതത്തിന്റെ സിംഹാസനം “സ്വയം’ കയ്യടക്കുകയും നാം തന്നെ നമുക്കു വിഗ്രഹമായിരിക്കുകയും ചെയ്താൽ അവിടെ ദൈവത്തിനു മഹത്വമില്ല. ക്രിസ്തു തന്നെ നമ്മുടെ കേന്ദ്രമായിരിക്കട്ടെ. നമ്മുടെ ജീവിതത്തിന്റെ ഭൂമികയും അതിന്റെ ചക്രവാളങ്ങളും അവിടുത്തെ മഹത്വം കൊണ്ടു നിറയട്ടെ!

31 സ്വയവഞ്ചനയുടെ ഇര


“ദൈവത്തെ കബളിപ്പിക്കാനാവില്ല” (ഗലാത്യർ 6:7 പി. ഓ. സി. വിവർ ത്തനം) ഇതിൽ പുതുമയൊന്നുമില്ല. ലളിതമായ സത്യം. നമുക്കറിയാവുന്നത്. എങ്കിലും അടുത്തു ചെന്നു നോക്കുമ്പോൾ ഈ സത്യത്തിന്റെ വായ്ത്തലയ്ക്ക് എന്തൊരു മൂർച്ചയാണ്. എന്തൊരു തിളക്കമാണ്!!

ദൈവം കബളിപ്പിക്കപ്പെടാത്തതിനു കാരണം ദൈവം ദൈവമാണെന്നു ള്ളതാണ്. മനുഷ്യരെല്ലാം ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെടുന്നവരാണ് – ഒന്നുകിൽ മറ്റുള്ളവരാൽ ചതിക്കപ്പെടുന്നു. അല്ലെങ്കിൽ ആത്മവഞ്ചനയ്ക്ക വിധേയരാകുന്നു.

മറ്റുള്ളവരാൽ വഞ്ചിക്കപ്പെടുന്നതിനേക്കാൾ അനേകമടങ്ങ് അപകടകരമാണ് സ്വയം വഞ്ചിതരാകുന്നത്. നമ്മെ ആരെങ്കിലും കബളിപ്പിച്ചാൽ ഇന്നല്ലെങ്കിൽ നാളെ നമുക്കതു മനസ്സിലാകും. എന്നാൽ ആത്മവഞ്ചനയ്ക്ക് ഇരയാകുന്നവർക്ക് ദൈവം കരുണചെയ്തില്ലെങ്കിൽ അതേപ്പറ്റി യാതൊരു ബോധ്യവും ലഭിക്കുന്നില്ല എന്നത് എത്രയോ ഭയങ്കരമാണ്. ഒരുവൻ അകപ്പെട്ടിരിക്കുന്ന സ്വയവഞ്ചന മറ്റുള്ളവർക്ക് വേഗം മനസ്സിലാകും. പക്ഷേ അവനാകട്ടെ, അതേപ്പറ്റി യാതൊരു ഊഹവും ലഭിക്കുന്നില്ല. “അവന് അവിട വിടെ നരച്ചിരിക്കുന്നു. എങ്കിലും അവൻ അറിയുന്നില്ല” (ഹോശേയ 7:9) എന്നു പറഞ്ഞിരിക്കുന്നതുപോലെയാണത്. അവനെ കാണുന്നവർക്കെല്ലാം അവന് അവിടവിടെ നരച്ചിരിക്കുന്നു എന്നു മനസ്സിലാകും. പക്ഷേ അവൻ മാത്രം അത് അറിയുന്നില്ല. എന്തൊരു ഗതികേട്!

യിസ്രായേൽ ജനം ഒരിക്കൽ ഈ ദുരവസ്ഥയിലായതിന്റെ പച്ചയായ ചിത്രീകരണം മലാഖി പ്രവാചകന്റെ പുസത്കത്തിൽ നാം കാണുന്നു. മനോഭാവം കൊണ്ടും പ്രവൃത്തികൾ കൊണ്ടും വാക്കുകൾ കൊണ്ടും യിസ്രായേൽ ദൈവത്തെ മുഷിപ്പിക്കുകയാണു ചെയ്തിരുന്നത്. അവരുടെ പിന്മാറ്റം പകൽ പോലെ വ്യക്തമായിരുന്നു. എന്നിട്ടും അവർക്കു മാത്രം അതേപ്പറ്റി വെളിച്ചം ലഭിച്ചില്ല. തുടർന്ന് ദൈവം അവരുടെ പിന്മാറ്റത്തിന്റെ പടികൾ ഒരോന്നും ചൂണ്ടിക്കാട്ടുന്നു. പക്ഷേ അപ്പോഴും അവർക്കതു മനസ്സിലാകുന്നില്ല. അവർ തിരിച്ചു ചോദിക്കുകയാണ് “ഞങ്ങൾ എന്തു തെറ്റാണു ചെയ്തത്?” മലാഖി 1:6,7 2:17, 3:7,8 എന്നീ വാക്യങ്ങൾ നോക്കുക:

ദൈവം യിസ്രയേലിന്റെ കുറവുകളെ ഓരോന്നായി തൊട്ടു കാണിക്കുമ്പോഴും അവർക്കു മാത്രം അക്കാര്യം മനസ്സിലാകുന്നില്ല. ഇതാണ് സ്വയവഞ്ചനയ്ക്ക് വിധേയരായി എന്നതിന്റെ തെളിവ്.

എങ്ങനെയാണ് ആളുകൾ ആത്മവഞ്ചന എന്ന കെണിയിൽ അകപ്പെടുന്നത്? രണ്ടുവാക്യങ്ങൾ നമുക്കു നോക്കാം: “ന്യായവിധി എന്നതോ വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ” (യോഹന്നാൽ 3: 19)

“അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു. (2 തെസ്സലോ 2:10, 11).

ആത്മവഞ്ചനയിൽ ഒരുവൻ അകപ്പെടുന്നത് അവനു ലഭിക്കുന്ന ഒരു ന്യായവിധി തന്നെയാണ്. ആ ശിക്ഷാവിധി അവനു കിട്ടുവാനുള്ള കാരണം എന്താണ് ഒന്നാമത്തെ വാക്യം പറയുന്നു. വെളിച്ചത്തേക്കാളേറെ ഇരുളിനെ സ്നേഹിച്ചാൽ നാം ആത്മവഞ്ചനയിൽ കുടുങ്ങും. സത്യത്തെയാണു വെളിച്ചം എന്നു പറഞ്ഞിരിക്കുന്നത്. ഭോഷ്ക്ക് ഇരുളും. നാം സത്യത്തെ സ്നേഹിക്കാതെ മനഃപൂർവം ഭോഷ്ക്കിനെ ഇഷ്ടപ്പെട്ടാൽ നാം ആത്മവഞ്ചനയിൽ കുടുങ്ങും.

രണ്ടാമത്തെ വാക്യം കുറേക്കൂടി ഗൗരവമുള്ളതാണ്. നമ്മെ സംബന്ധി ക്കുന്ന ഒരു സത്യത്തെ നാം ഇഷ്ടപ്പെടാതെയിരുന്നാൽ, ആ സത്യത്തെ നാം അവഗണിച്ചാൽ, നാം നമ്മെക്കുറിച്ചുള്ള ഒരു വ്യാജം ശരിയാണെന്നു വിശ്വസിക്കത്തക്കവണ്ണം ദൈവം നമ്മുടെ മേൽ ഭോഷ്ക്കിന്റെ ഒരു വ്യാപാരശക്തിയെ അയ്ക്കും. പിന്നെ, നാം ശ്രമിച്ചാൽ കൂടി നമുക്കു നമ്മെ സംബന്ധിക്കുന്ന സത്യം കണ്ടെത്താൻ കഴിയാതെ പോകും! ജീവിതത്തിലെ തെറ്റായ ഒരു കാര്യത്തെക്കുറിച്ചു നമുക്കു വെളിച്ചം ലഭിച്ചാൽ, അല്ലെങ്കിൽ ഒരാൾ നമ്മുടെ തെറ്റായ മനോഭാവത്തിലേക്കു വിരൽ ചൂണ്ടിയാൽ, അതു വാസ്തവമാണ്ങ്കിൽ അതു നമ്മെ സംബന്ധിച്ച സത്യമാണ്. ഈ സത്യത്തെ നമ്മൾ അംഗീകരിച്ച് സ്നേഹിച്ച് അതിൽ നിന്നു ശുദ്ധീകരണം പ്രാപിക്കണം. അങ്ങനെ ചെയ്താൽ നാം ആത്മവഞ്ചനയിൽ കുടുങ്ങുകയില്ല. എന്നാൽ പലപ്പോഴും എന്താണു സംഭവിക്കുന്നത്? ആളുകൾക്ക് അവരവരെക്കുറിച്ച് നല്ല അഭിപ്രായവും മതിപ്പും ഉള്ളതുകൊണ്ട് തങ്ങളെക്കുറിച്ച് ഒരപ്രിയ സത്യം കേട്ടാൽ അത് അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല. പകരം അവർ അതിനെ ന്യായീകരിക്കുന്നു. അപ്പോൾ അവർ ഒരു കാപട്യത്തിൽ മുഖം ഒളിപ്പിക്കുകയാണ്. വെളിച്ചത്തേക്കാളേറെ ഇരുളിനെ സ്നേഹിക്കുകയാണ്. ഫലം: അവർ സ്വയവഞ്ചനയിൽ കുടുങ്ങുന്നു. തുടർന്ന് യാഥാർത്ഥ്യബോധത്തിലേക്ക് ഒരിക്കലും ഉണരാൻ കഴിയാതവണ്ണം വ്യാജത്തിന്റെ ഒരു വ്യാപാര ശക്തിക്ക് അവർ വിധേയരായിപ്പോകുന്നു. ദൈവം തന്നെയാണ് അവരുടെ മേൽ ഈ വ്യാപാരശക്തി അയച്ചതെന്ന് ഓർക്കുക. പിന്നെ എന്തു രക്ഷയാണുള്ളത്? ആത്മവഞ്ചനയിൽ കുടുങ്ങാതിരിക്കാൻ ഒരു വഴിയേ ഉള്ളൂ- നാം നമ്മോടു തന്നെ നിർദ്ദയം സത്യസന്ധരായിരിക്കുക. നാം നമ്മോട് ഒരു കാരുണ്യവും കാട്ടരുത്. ആദാമ്യവർഗ്ഗത്തിൽ ജനിച്ച എല്ലാവരും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവരവരെത്തന്നെയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരോട് നിർദ്ദാക്ഷിണ്യം പെരുമാറുന്നവരും അവരവരോട് വളരെ ഇളവു കാട്ടും. മറ്റുള്ളവരുടെ തെറ്റുകൾക്കു നേരെ നിഷ്ക്കരുണം വിരൽ ചൂണ്ടുന്നവരും സ്വന്തം തെറ്റുകൾക്കു നേരെ കണ്ണടയ്ക്കും. ഈ ആദാമ്യസ്വഭാവത്തോട് വിടപറയുക. കാരണം അതു നമ്മെ ആത്മവഞ്ചനയിലേക്കു നയിക്കും. അതിൽ തളച്ചിടും.

ഇക്കാര്യത്തിൽ രണ്ടാം ആദാമായ യേശുക്രിസ്തുവിന്റെ പക്ഷത്തു നമുക്കു നിലയുറപ്പിക്കാം. തന്നിൽ യാതൊരു വിധമായ വഞ്ചനയും ഉണ്ടായിരുന്നില്ല. (യെശയ്യാ 53:9, 1 പത്രോ. 2:22). “എന്നെ അനുഗമിപ്പിൻ” എന്നു പറഞ്ഞ് നമ്മെ വിളിച്ച് കർത്താവ് നാം ഈ മേഖലയിലും അവിടുത്തെ അനുയായികളായിരിക്കും എന്നു പ്രതീക്ഷിക്കുന്നില്ലേ? ഉണ്ട്. പക്ഷേ നാം അതിന് ഒരു വിലകൊടുക്കാൻ തയ്യാറാവണം. ഉവ്വ്, “സത്യം വില്ക്കുകയല്ല വാങ്ങുകയാണല്ലോ’ ചെയ്യേണ്ടത്.

32 സത്യം വാങ്ങുക


“നിങ്ങൾ സത്യം വില്ക്കുകയല്ല വാങ്ങുകയത്രേ വേണ്ടത്” (സദൃശവാക്യ 23: 23)

ഒരു ചെറിയ വാക്യം. ആദ്യകേൾവിക്ക് ഒരു കടങ്കഥപോലെ തോന്നുമെങ്കിലും സ്വയം പ്രകാശിക്കുന്ന ഒരു വചനമാണിത്. ക്രിസ്തീയജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇതു ധാരാളം വെളിച്ചം നൽകും.

സത്യം വാങ്ങുകയാണു വേണ്ടതെന്നു പറയുമ്പോൾ രണ്ടു കാര്യങ്ങൾ അതിൽ നിന്നു വ്യക്തമാണ്. ഒന്ന്: സത്യം നമുക്ക് പുറത്താണ്. രണ്ട്. അതു സ്വന്തമാക്കാൻ നാം ഒരു വിലകൊടുക്കണം.

എന്തു വാങ്ങാനും ഒരു വില കൊടുക്കേണ്ടതുണ്ട്. സത്യത്തിനും അങ്ങനെ തന്നെ. സത്യത്തിനു നാം നൽകേണ്ട വില എന്താണ്? സത്യം താഴ്മയോടെ സ്വീകരിച്ചാൽ മാത്രമേ അതു നമ്മുടെ സ്വന്തമാകുകയുള്ളു. സത്യത്തിനു നാം ആദ്യമായി നൽകേണ്ട വിലയും അതാണ്. നമ്മെക്കുറിച്ചുള്ള ഒരപ്രിയ സത്യം മറ്റൊരാളിൽ നിന്നു സ്വീകരിക്കാൻ നമുക്ക് എത്ര താഴ്മ ആവശ്യമുണ്ട് പ്രത്യേകിച്ചും അതു നമ്മെക്കാൾ ചെറിയ ഒരാളിൽ നിന്നാകുമ്പോൾ!

ദാവീദ് രാജാവിന്റെ ജീവിതത്തിലെ ഒരനുഭവം ശ്രദ്ധിക്കുക. അദ്ദേഹം ശത്രുക്കളെ എല്ലാം കീഴ്പ്പെടുത്തി അതീവ ശക്തനും അതിപ്രശസ്തനുമായി വാഴുമ്പോൾ തന്റെ വിശ്വസ്ത പടയാളികളിലൊരാളായ ഊരിയാവിനെ ചതിയിൽപ്പെടുത്തി കൊല്ലുകയും ഊരിയാവിന്റെ ഭാര്യ ബേത്ത്ശേബയെ ഭാര്യയാക്കുകയും ചെയ്യുന്നു. വേലിതന്നെ വിളവു തിന്ന അനുഭവം. രാജ്യത്തു സത്യവും നീതിയും ധർമ്മവും നടപ്പാക്കേണ്ട രാജാവുതന്നെ കൊലപാതകവും വ്യഭിചാരവും ഉൾപ്പെടയുള്ള കല്പനാലംഘനങ്ങൾ നടത്തിയശേഷവും അതേപ്പറ്റി നേരിയ പശ്ചാത്താപം ഇല്ലാതെ കഴിയുകയാണ്. ബേത്ത്ശേബയെ സ്വന്തമാക്കിയശേഷം ഊരിയാവിനെ അതീവരഹസ്യമായി രാജാവു തന്നെ കൊല്ലിക്കുകയായിരുന്നു എന്ന കൊട്ടാര രഹസ്യങ്ങളൊന്നും അന്ന് പൊതുജനം അറിഞ്ഞിരിക്കുകയില്ല. അവരുടെ ദൃഷ്ടിയിൽ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച ധീരജവാന്റെ വിധവയെ കുപ്പയിൽ നിന്നുയർത്തി രാജ്യത്തെ മഹാറാണിയാക്കി വാഴിച്ചത് രാജാവിന്റെ ഹൃദയവിശാലതയുടെയും മഹാമനസ്കതയുടെയും തെളിവാണ്! രാജാ വിന്റെ ഈ മുഖംമൂടിയാണ് നാഥാൻ പ്രവാചകൻ പിച്ചിച്ചീന്തിയത്. രണ്ടു ശമുവേൽ 12-ാം അധ്യായത്തിൽ ഇതിന്റെ വിശദവിവരങ്ങൽ നമുക്കു കാണാം.

പക്ഷേ തന്നെക്കുറിച്ചുള്ള ഒരപ്രിയസത്യം പരസ്യമായിപ്പറഞ്ഞ നാഥാൻ പ്രവാചകനോട് ദാവീദ് കോപിച്ചില്ല; അദ്ദേഹത്തെ തടവിലാക്കുകയോ കൊല്ലുകയോ ചെയ്തില്ല. (എന്നാൽ മറ്റുപല രാജാക്കന്മാരും അങ്ങനെയായിരുന്നില്ല. 2 ദിനവൃത്താന്തം 16: 10, 24:21, 25:15, 16 എന്നീ ഭാഗങ്ങൾ കാണുക). മറിച്ച് ദാവീദ് തന്നെക്കുറിച്ചുള്ള ആ അപ്രിയസത്യത്തെ താഴ്മയോടെ സ്വീകരിച്ചു. അദ്ദേഹം “ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരുവനായി’ (അപ്പോ. പ്രവൃത്തി 13:22) മാറിയതിൽ എന്താണത്ഭുതം

ഇതുപോലെ ഉന്നതചിന്തയും ദുരഭിമാനവും ഒക്കെ വിലയായി നൽകി തന്നെക്കുറിച്ചുള്ള ഒരപ്രിയസത്യം പത്രാസ് എളിമയോടെ ഏറ്റുവാങ്ങിയ സന്ദർഭം സുവിശേഷങ്ങളിൽ നാം കാണുന്നു. പത്രോസ് പിശാചിന്റെ “ഉച്ചഭാഷിണി’യായി മാറിയിരിക്കുകയാണെന്ന സത്യം യേശു പരസ്യമായി പ്രസ്താവിച്ചപ്പോൾ (മത്തായി 16:23) പത്രോസ് അത് താഴ്മയിൽ സ്വീകരിക്കാതിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? ഇസ്കര്യോത്താ യൂദായെപ്പോലെ (യോഹന്നാൻ 12:7, മർക്കോ 14:10) എന്നീ ഭാഗങ്ങൾ ശ്രദ്ധിക്കുക) പത്രോസും ഇടറിപ്പോകുകയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുകയും ചെയ്യുമായിരുന്നു.

സത്യത്തിന് കൊടുക്കേണ്ട മറ്റൊരു വില അനുസരണമാണ്. 1 പത്രോസ് 1:22 സത്യം, അനുസരിക്കാനുള്ളതാണെന്നു വ്യക്തമാക്കുന്നു. അനുസരണത്തിനു പകരം അനുസരണമല്ലാതെ മറ്റൊന്നുമില്ല. യേശു പറഞ്ഞ ഒരു പിതാവിന്റെയും രണ്ടുപുത്രന്മാരുടെയും ഉപമ ഈ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു. (മത്തായി 21:28-31). ഒരു പിതാവ് തന്റെ രണ്ടു പുത്രന്മാരോടും മുന്തിരിത്തോട്ടത്തിൽ അധ്വാനിക്കാൻ ആവശ്യപ്പെട്ടു. ഒരുവൻ ആദ്യം മറുത്തുപറഞ്ഞെങ്കിലും പിന്നീട് അനുതപിച്ച് അപ്പന്റെ വാക്ക് അനുസരിച്ച് പ്രവർത്തിച്ചു. മറ്റേ മകൻ അപ്പനോട് അനുസരിക്കാം’ എന്നു പറഞ്ഞെങ്കിലും അനുസരണ ത്തിന്റെ പ്രവൃത്തി അവനിൽ നിന്ന് ഉണ്ടായില്ല. ഈ രണ്ടു മക്കളിൽ പിതാവിന്റെ വാക്ക് അനുസരിച്ച് മകനാണ് അപ്പന്റെ ഇഷ്ടം ചെയ്തതെന്ന് യേശു പറഞ്ഞപ്പോൾ നല്ല വാക്കുകൾ അനുസരണത്തിന്റെ പ്രവൃത്തിക്കു പകരം ആകുകയില്ലെന്ന് അവിടുന്ന് വ്യക്തമാക്കുകയായിരുന്നു. ഉവ്വ്, അനുസരണമാണ് സത്യത്തിനു കൊടുക്കേണ്ട മറ്റൊരു വില.

ചില സത്യങ്ങൾ നമ്മെ സംബന്ധിച്ച് യാഥാർത്ഥ്യമാകാൻ ക്ഷമയോടെയുള്ള കാത്തിരിപ്പ് ആവശ്യമാണ്. സത്യത്തിനു കൊടുക്കേണ്ട മൂന്നാമത്തെ വില അതാണ്. പത്രോസിന്റെ ജീവിതത്തിൽ നിന്നുതന്നെ ഒരു ഉദാഹരണം കാണുക. ശീമോനേ, അന്ത്രയോസ് ആദ്യം യേശുവിന്റെ അടുത്ത് എത്തിച്ചപ്പോൾ അവിടുന്നു പൊടുന്നനെ ചെയ്തത് അവന്റെ പേരുമാറ്റുകയായിരുന്നു. (യോഹന്നാൻ 1:42). അവനു പത്രോസ് (പെട്രോസ് പാറക്കഷണം) എന്ന പുതിയ പേരു നൽകി. പക്ഷേ ആ പേര് അന്വർത്ഥമാകാൻ അവന് എത നാൾ കാത്തിരിക്കേണ്ടിവന്നു. പാറക്കഷണം ഉറപ്പും സ്ഥിരതയും ഉള്ളതാണ്. പക്ഷേ ആ പേരു ലഭിച്ചിട്ടും ജീവിതത്തിൽ ചാഞ്ചല്യങ്ങളും അസ്ഥിരതയും അവനെ നിഴലുപോലെ പിൻതുടരുന്നതാണു നാം കാണുന്നത്. എടുത്തുചാട്ടങ്ങൾ, അഭിപ്രായസ്ഥിരതയില്ലായ്മ, വീഴ്ചകൾ …… ഇവയൊന്നും പാറയുടെ സ്ഥിരതയ്ക്ക് ചേർന്നതായിരുന്നില്ല. മറിച്ച് അവയെല്ലാം കളിമണ്ണിന്റെ അസ്ഥിരതയെയാണ് ഓർമിപ്പിച്ചത്. പക്ഷേ ഒരു നാളിൽ, പെന്തക്കോസ്ത ദിനത്തിൽ സ്വർഗ്ഗത്തിലെ അഗ്നിയുടെ സ്പർശം അവൻ ഏറ്റു കഴിഞ്ഞപ്പോൾ, ആ തീയിലൂടെ കളിമണ്ണ് കടന്നുപോയപ്പോൾ അതു പാറപോലെ ഉറപ്പുള്ളതായി. മുമ്പ് ഒരു ദാസിയുടെ മുൻപിൽ പോലും യേശുവിനെ സാക്ഷിക്കാൻ ധൈര്യമില്ലാതിരുന്ന പത്രോസ് അതിനുശേഷം എത്ര ധൈര്യത്തോടും ഉറപ്പോടും കൂടിയാണ് മഹാപുരോഹിതന്മാരോടും സൻഹദിംസംഘത്തോടും സംസാരിക്കുന്നത്‌.

നമ്മെസംബന്ധിച്ചും ഈ വില നൽകി യാഥാർത്ഥ്യമാക്കേണ്ട ചില സത്യങ്ങളുണ്ട്. തിടുക്കവും അക്ഷമയും വിട്ടുകളഞ്ഞ് ക്ഷമാപൂർവ്വം കാത്തിരുന്നാൽ ഇന്നല്ലെങ്കിൽ നാളെ ഈ സത്യങ്ങൾ നമ്മെ സംബന്ധിച്ചു യാഥാർത്ഥ്യമായിത്തീരും.

സദൃശവാക്യം 23:23 സത്യം വില്ക്കരുതെന്നും നമ്മോടാവശ്യപ്പെടുന്നു. എങ്ങനെയാണു നമുക്കു സത്യം വില്ക്കാൻ കഴിയുന്നത്? നമ്മെ സംബന്ധിച്ചു യാഥാർത്ഥ്യം ആയിത്തീർന്നിട്ടില്ലാത്ത ഒരു കാര്യം മറ്റൊരാളെ ഉപദേശിക്കുമ്പോൾ നാം സത്യത്തെ വില്ക്കുകയാണ്.

സത്യത്തെ വില്ക്കുന്നവരാകാതെ, താഴ്മയും അനുസരണവും ക്ഷമയും നൽകി നമുക്കു സത്യത്തെ വാങ്ങുന്നവരായി മാറാം.

33 ഹൃദയത്തിന് അതു കഴിയുമോ?


ദൈവത്തിനായി എപ്പോഴും എരിയുന്ന ഒരു ഹൃദയം ഉണ്ടാവണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാൽ നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കുമ്പോൾ പലപ്പോഴും അതു തണുത്തുമരവിച്ച അവസ്ഥയിലാണ്. ഈ തണുപ്പ് എങ്ങനെ മാറും? ഈ മരവിപ്പ് എങ്ങനെ ഇല്ലാതാകും? ദൈവത്തിനും ദൈവിക കാര്യങ്ങൾക്കുമായി എപ്പോഴും കത്തിജ്ജ്വലിക്കുന്ന ഒരവസ്ഥയിലായിരിക്കാൻ ഹൃദയത്തിനു കഴിയുമോ?

ഹൃദയത്തെപ്പറ്റി വികാരങ്ങളുടെ ഇരിപ്പിടം എന്നു മാത്രമേ നാം പലപ്പോഴും ചിന്തിക്കാറുള്ളൂ. എന്നാൽ വികാരം, ചിന്ത (മനസ്സ്), ഇച്ഛ (തീരുമാനം എടുക്കാനുള്ള ശക്തി), മനഃസാക്ഷി എന്നിവയുടെ ആകെത്തുകയെയാണു ഹൃദയം എന്നു ബൈബിൾ വിവക്ഷിക്കുന്നത്. (ഇതിൽ മനസ്സ്, ഇച്ഛ, വികാരം ഇവ ദേഹിയുടെ ഭാഗമാണെങ്കിൽ മനഃസാക്ഷി ആത്മാവിന്റെ ഭാഗമാണ്). ഇവയെല്ലാം ഒരുപോലെ ദൈവത്തിലും ദൈവികകാര്യങ്ങളിലും സജീവമായിരുന്നാൽ മാത്രമേ ഹൃദയം ദൈവത്തിനായി എരിയുന്നു എന്ന് പറയാൻ കഴിയൂ. എന്നാൽ പലപ്പോഴും നമ്മുടെ അവസ്ഥയോ? ആത്മീയ കാര്യങ്ങൾ സംബന്ധിച്ച് വികാരാനുഭൂതികളിൽ വലിയ ഊഷ്മളതയൊന്നും അനുഭവപ്പെടുന്നില്ല. മനസ്സ് അചേതനമായും ഇച്ഛ നിർജ്ജീവമായും മനഃസാക്ഷി കഠിനപ്പെട്ടും ഇരിക്കുന്നു. ഈ ഹൃദയം എങ്ങനെ ചൂടുപിടിക്കും. എപ്പോൾ കത്തിജ്ജ്വലിക്കും?.

ഹൃദയത്തെക്കുറിച്ച് പഴയനിയമത്തിൽ യിരെമ്യാവ് പറയുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതാണ്. ശോചനീയമാം വിധം ദുഷിച്ചതുമാണ്. അതിനെ ആർക്കാണു മനസ്സിലാക്കാൻ കഴിയുക.(17:9).

എന്നാൽ പുതിയ ഉടമ്പടിയിൽ യേശുക്രിസ്തു പ്രസ്താവിക്കുന്നത് എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും എന്നാണ് (യോഹന്നാൻ 7: 38).

പഴയ, പുതിയ ഉടമ്പടികൾ തമ്മിലുള്ള വ്യത്യാസത്തിലേക്കാണ് ഈ രണ്ട് പ്രസ്താവനകളും വിരൽ ചൂണ്ടുന്നത്. പഴയ ഉടമ്പടിയുടെ (ന്യായപ്രമാണത്തിന്റെ സത്ത പത്തു കൽപനകളാണ്. ഈ പത്തു കൽപനകളിൽ ആദ്യത്തെ ഒൻപതെണ്ണവും ബാഹ്യമായതാണെങ്കിൽ പത്താമത്തേതു തീർത്തും ഹൃദയവുമായി ബന്ധപ്പെട്ടതാണ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്, ഒരു വിഗ്രഹത്തേയും ഉണ്ടാക്കരുത്, ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്, ശബ്ബത്തുനാളിനെ വേർതിരിക്കുക, മാതാ പിതാക്കളെ ബഹുമാനിക്കുക, കൊലചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത് എന്നീ ഒൻപതു കൽപനകളും ആചാരപരവും ബാഹ്യവുമായിരിക്കുമ്പോൾ പത്താമത്തെ കൽപനയായ “മോഹിക്കരുത്’ ആന്തരികമാണ് ഹൃദയവുമായി ബന്ധപ്പെട്ടതാണ്.

അതുകൊണ്ടുതന്നെ ഒൻപതു കൽപനകളും അക്ഷരം പ്രതി അനുസരിക്കുന്ന പരീശൻ പോലും പത്താമത്തെ കൽപനയുടെ മുൻപിൽ വരുമ്പോൾ ഒന്നു പകയ്ക്കും “മോഹിക്കരുത്. കൊല ചെയ്യാതിരിക്കാം, വ്യഭിചാരം ചെയ്യാതിരിക്കാം, കള്ളസ്സാക്ഷ്യം പറയാതിരിക്കാം എന്നാൽ മോഹിക്കാതിരിക്കുന്നതെങ്ങനെ? അത് ഒരു പ്രവൃത്തിയുമായല്ല ഹൃദയവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഹൃദയത്തെ വരുതിയിൽ നിർത്തുന്നതെങ്ങനെ?

പഴയ ഉടമ്പടിയുടെ ഈ പരിമിതിയെ, ന്യായപ്രമാണം മുഴുവൻ താൻ ചെറുപ്പം മുതൽ പാലിച്ചുപോരുന്നു എന്നവകാശപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അനുഭവവുമായി ബന്ധപ്പെട്ട് യേശു തുറന്നു കാട്ടിയത് ഓർക്കുക. നിത്യജീവനെ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?’ എന്ന ചോദ്യവുമായാണ് ധനികനായ ആ യഹൂദ യുവാവ് യേശുവിനെ സമീപിച്ചത്. കൽപനകൾ അനുസരിക്കുന്നതിനെക്കുറിച്ച് യേശു സൂചിപ്പിച്ചു. പത്തുകൽപനകളിൽ ആദ്യത്തെ നാലെണ്ണം ദൈവത്തോടും ബാക്കിയുള്ളവ സഹജീവികളോടും ബന്ധപ്പെട്ടതെന്നു രണ്ടായി തിരിക്കാറുണ്ടല്ലോ. ഇതിൽ രണ്ടാമത്തെ ഗണത്തിൽ വരുന്നവയിൽ അഞ്ചു മുതൽ ഒൻപതുവരെയുള്ള കൽപനകളാണ് യേശു ആ ചെറുപ്പക്കാരനോട് എണ്ണിയെണ്ണിച്ചോദിച്ചത്. എന്നാൽ അവിടുന്നു പത്താമത്തെ കല്പനയായ “മോഹിക്കരുത്’ എന്നുള്ളത് ഒഴിവാക്കുകയും ചെയ്തു. (മർക്കോസ് 10:19 ശ്രദ്ധിക്കുക). ഈ കൽപനകൾ എല്ലാം താൻ ചെറുപ്പം മുതൽ അനുസരിക്കുന്നുണ്ടെന്നായിരുന്നു ചെറുപ്പക്കാരന്റെ മറുപടി. അപ്പോൾ യേശു ആ പത്താമത്തെ കല്പനയിലേക്കു വിരൽചൂണ്ടി. “ആട്ടേ, എങ്കിൽ മോഹിക്കരുത് എന്ന പത്താമത്തെ കൽപനയെക്കുറിച്ച് നീ എന്തുപറയുന്നു? നിനക്കു പണത്തോടുള്ള മോഹത്തെ ജയിക്കാൻ കഴിഞ്ഞിട്ടുണ്ടോ?” ആ ചോദ്യത്തിനു മുൻപിൽ തന്റെ ഹൃദയത്തിന് അതു കഴിയുന്നില്ലെന്നു കണ്ടെത്തിയ ആ ചെറുപ്പക്കാരൻ ദുഃഖിതനായി വിട്ടുപോകുകയാണു ചെയ്തത്. പകരം തനിക്ക് അതു കഴിയുന്നില്ലെന്നു സത്യസന്ധതയോടെ സമ്മതിച്ച് യേശുവിനെ തന്നെ ആ പ്രശ്നത്തിന്റെ പരിഹാരത്തിനായി ശരണം പ്രാപിച്ചിരുന്നെങ്കിൽ അവിടുന്ന് അവനെ പുതിയ ഉടമ്പടിയുടെ സാധ്യതയിലേക്ക് നയിക്കുമായിരുന്നില്ലേ?. തീർച്ചയായും.

ഈ നിലയിൽ, ന്യായപ്രമാണത്തിലെ ഹൃദയസംബന്ധിയായ കൽപന തന്റെ ഹൃദയത്തിന്റെ കഴിവില്ലായ്മയിലേക്കു വിരൽ ചൂണ്ടിയെന്നു സത്യസന്ധതയോടെ സമ്മതിച്ച ഒരുവനാണു പൗലൊസ് (റോമർ 7:7,8). അതുകൊണ്ടുതന്നെ പുതിയ ഉടമ്പടിയിൽ ഇതിന് ഒരുക്കിയിരിക്കുന്ന പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചു ദൈവം പൗലൊസിനു തുടർന്നു വെളിപ്പാടു നൽകി. പുതിയ ഉടമ്പടിയിലെ ഈ സാധ്യതയെ പൗലോസ് ഇങ്ങനെയാണ് വിശദീകരിക്കുന്നത്. “ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു. ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിനുതന്നെ” (റോമർ 8:3,4),

എന്താണ് ഇതിന്റെ അർത്ഥം? ന്യായപ്രമാണത്തിന്റെ നീതി നിറവേറ്റാൻ ഹൃദയത്തിനു കഴിയാതിരുന്നതിനെ സാധിപ്പിക്കാൻ ദൈവം ഇതാ പുതിയ ഉടമ്പടിയിൽ രണ്ട് ഉതവികൾ ഒരുക്കിയിരിക്കുന്നു. ഒന്ന് പരിശുദ്ധാത്മാവ്. രണ്ട്: പാപജഡത്തിന്റെ സാദൃശ്യത്തിൽ വന്ന ദൈവപുത്രന്റെ ജീവിതമാതൃക.

പരിശുദ്ധാത്മാവ് ഹൃദയത്തിന്റെ പരിമിതികളെ അതിജീവിക്കാൻ നമ്മെ സഹായിക്കും. അതുപോലെ ജഡാവതാരം എടുത്തു ഭൂമിയിൽ വന്നിട്ടും പാപത്തിന് അര നിമിഷം പോലും കീഴ്പ്പെട്ടുപോകാഞ്ഞ യേശുവിന്റെ ജീവിത മാതൃക നമ്മെ ഉത്തേജിപ്പിക്കും. ഉവ്വ്, പുതിയ ഉടമ്പടിയിൽ ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിക്കാൻ ദൈവം ഈ രണ്ട് ഉതവികളും വച്ചിരിക്കുന്നു. ഇവ സ്വീകരിക്കാനും ദൈവത്തിനായി എരിയുന്ന ഒരു ഹൃദയത്തോടെ വിജയകരമായ ഒരു ജീവിതം നയിക്കാനും നമുക്ക് ആഗ്രഹമുണ്ടോ എന്നതു മാത്രമാണു നിർണായകമായ ചോദ്യം. ഇതിനായി വിശക്കുകയും ദാഹിക്കുകയും ചെയ്താൽ തൃപ്തി വരും. (മത്തായി 5.6).

34 തീയ്ക്കായി സൂക്ഷിച്ച ലോകം


“അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും… 2 പത്രോസ് 3:6,7

ഇന്നത്തെ ഈ ആകാശവും ഭൂമിയും തീയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്. ഈ യാഥാർത്ഥ്യം കേവലം ഒരറിവായല്ലാതെ ഒരു വെളിപ്പാടായി (revelation) നമുക്കു ലഭിച്ചിരുന്നെങ്കിൽ….എങ്കിൽ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ വ്യത്യാസം ഉണ്ടാകുമായിരുന്നു. നമ്മുടെ മുൻഗണനകൾ മാറുമായിരുന്നു.

നോഹയുടെ കാലത്ത് ഭൂമി വെള്ളത്താൽ നശിപ്പിക്കപ്പെട്ടതിന്റെ ചരിത്രം ബൈബിളിലെ ആദ്യപുസ്തമായ ഉൽപത്തിയുടെ ആറ്, ഏഴ് അധ്യായങ്ങളിൽ നാം വായിക്കുന്നു. ഇപ്പോഴത്തെ പ്രളയാനന്തരഭൂമിയും നശിപ്പിക്കപ്പെടും. പക്ഷേ അതു ജലത്താലല്ല തീയാലാണ്. അതുകൊണ്ടു തന്നെ ഈ ഭൂമിയും ആകാശവും ഉൾപ്പെടുന്ന ലോകത്തെക്കുറിച്ചു യാഥാർത്ഥ്യബോധത്തോടെ നമുക്കു പറയാവുന്നത് ഒരു കാര്യമാണ് ഇത് തീയ്ക്കായി സൂക്ഷിച്ചിരിക്കുന്ന (Reserved for fire എന്ന് ഇംഗ്ലീഷ് ബൈബിൾ) ലോകമാണ്.

ഈ ലോകം ഒരിക്കൽ വെന്തഴിയും എന്ന പൊതുവായ അറിവിന് അപ്പുറത്ത് അത് ആത്മനിഷ്ഠമായ (Subjective) ഒരു തലത്തിൽ നാം കണ്ടെത്തിയിട്ടുണ്ടോ? നമ്മുടെ ഈ ഭൂമി, നാം കാലുറപ്പിച്ചിരിക്കുന്ന ഈ മണ്ണ്, നാം പാർക്കുന്ന വീട്, യാത്രചെയ്യുന്ന വാഹനം, നമ്മുടെ ബിസിനസ്സ് ചുരുക്കത്തിൽ നാം നമ്മുടെ ലോകം’ എന്നു വിവക്ഷിക്കുന്നതെല്ലാം ഒരു നാൾ ഒരു പിടി ചാരമാകാനുള്ളതാണെന്ന ബോധ്യം നമുക്കുണ്ടോ? ഉണ്ടായിരുന്നെങ്കിൽ നാം ഇതിനെ ഇത്രത്തോളം മുറുകെപ്പിടിക്കുമായിരുന്നോ?. ഇത്രത്തോളം വില മതിക്കുമായിരുന്നോ?

ഈ ലോകം നശ്വരമാണെന്നൊക്കെ പറയാറുണ്ടെങ്കിലും നമ്മുടെ മനോഭാവങ്ങളും മുൻഗണനകളും കണ്ടാൽ നാം യഥാർത്ഥത്തിൽ അതു വിശ്വസിക്കുന്നതായിത്തോന്നുകയില്ല. പക്ഷേ നാം വിശ്വസിച്ചാലും ഇല്ലെങ്കിലും അതു സംഭവിക്കും. കാരണം, ഈ ആകാശവും ഭൂമിയും തീയ്ക്കിരയാകും എന്നതിനെ നോഹയുടെ കാലത്തു ലോകം ജലപ്രളയത്തിൽ മുങ്ങിനശിച്ചു എന്നതിനോടു ബന്ധപ്പെടുത്തിയാണു പത്രോസ് പറഞ്ഞിരിക്കുന്നതെന്നതു ശ്രദ്ധിക്കുക. അന്നത്തെ ലോകത്തിന് അതു സംഭവിച്ചെങ്കിൽ ഇന്നത്തെ ലോകവും അതേ വചനത്താലാണു നാശത്തിനായി സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

അന്നത്തെ ഭൂമി ജലപ്രളയത്താൽ നശിപ്പിക്കുമെന്നു പറഞ്ഞതു ആരും കാര്യമായെടുത്തില്ലെങ്കിലും അതു വിശ്വസിക്കാൻ ഒരുവൻ തയ്യാറായി-നോഹ. തന്റെ കാലഘട്ടത്തിൽ ചുറ്റുമുള്ളവരുടെ പരിഹാസച്ചിരികണക്കിലെടുക്കാതെ നോഹ ദൈവത്തെ വിശ്വസിച്ചു, അനുസരിച്ചു. അതിനാൽ ഒടുവിൽ അവസാനത്തെചിരി’ നോഹയുടേതായി.

ഇന്നത്തെ ലോകം തീയ്ക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന ദൈവവചനം വിശ്വസിച്ച് നോഹയെപ്പോലെ നാമും ആ വിശ്വാസത്തിനനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്തിയാൽ നമ്മേയും കാത്തിരിക്കുന്നതു മറ്റുള്ളവരുടെ പരിഹാസമായിരിക്കും. പക്ഷേ മടുത്തുപോകരുത്. നോഹയെപ്പോലെ അവസാനത്തെ ചിരി’യുടെ അവകാശം നമുക്കായിരിക്കും.

നോഹയുൾപ്പെടെ ‘അല്പജനം എന്നുവച്ചാൽ എട്ടുപേർ വെള്ളത്തിൽ കൂടെ രക്ഷപ്രാപിച്ചു’. അവർ മറ്റാരുമായിരുന്നില്ല. നോഹയുടെ ഭാര്യയും ആൺമക്കളും അവരുടെ ഭാര്യമാരുമായിരുന്നു. എങ്ങനെയാണു നോഹയ്ക്കു തന്റെ കുടുംബാംഗങ്ങളെ തന്റെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്താൻ കഴിഞ്ഞത്? ആ നീതിപ്രസംഗി’യുടെ ജീവിതത്തെ ഏറ്റവും അടുത്തുനിന്നു കണ്ട കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗവും പ്രവൃത്തിയും രണ്ടല്ലെന്നു മനസ്സിലാക്കിയെന്നതല്ലേ വാസ്തവം. തീയ്ക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമിയിൽ നാമും നമ്മുടെ വിശ്വാസം പ്രഘോഷിക്കുന്നവരാണോ? എങ്കിൽ കുറഞ്ഞപക്ഷം നമ്മുടെ കുടുംബത്തെയെങ്കിലും നമുക്കു നേടുവാൻ കഴിയണം. വാക്കും പ്രവൃത്തിയും ഒന്നായിരുന്നാൽ നമുക്കതു സാധിക്കുകയില്ലേ?

വെള്ളത്താൽ നശിച്ചുപോകുന്നതാണു താൻ വസിക്കുന്ന ഈ ഭൂമി എന്ന തിരിച്ചറിവ് നോഹയെ ചില നിലപാടുകളിലേക്കു നയിച്ചതിനെക്കുറിച്ച് ഉൽപത്തി പുസ്തകത്തിൽ നാം കാണുന്നു. നശിച്ചുപോകുന്ന ഈ ഭൂമിയിൽ തന്റെ പ്രയത്നം പാഴാക്കാൻ അദ്ദേഹം ഒരിക്കലും തുനിഞ്ഞില്ല (നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയത് പ്രളയാനന്തര ഭൂമിയിലായിരുന്നു എന്ന കാര്യം ഓർക്കുക). മാത്രമല്ല, ആ ഭൂമിയിലെ വിഭവങ്ങളെ പുതിയ ഭൂമിയിലേക്കുള്ള പ്രയാണത്തിന് അസംസ്കൃത വസ്തുക്കളായി അദ്ദേഹം ഉപയോഗിക്കുകയാണ് ചെയ്തത്. (വെള്ളത്താൽ നശിപ്പിക്കപ്പെടാൻ പോകുന്ന ഭൂമിയിലെ ഗോഫർ മരങ്ങളാണല്ലോ നോഹ പെട്ടകം പണിക്കായി ഉപയോഗിച്ചത്.

ഇപ്പോഴത്തെ ഈ ഭൂമിയുടെ നാശവും അനിവാര്യമാണെന്നു തിരിച്ചറിഞ്ഞാൽ നോഹയെപ്പോലെ ഈ ലോകത്തെ സംബന്ധിച്ച കാര്യങ്ങളോടു നാമും ഒരു നിലപാടെടുക്കും. സംശയമില്ല. അപ്പോൾ നാം നമ്മുടെ പ്രയങ്ങളെ “ഈ മണ്ണിനു വേണ്ടി പാഴാക്കുകയില്ല. ഈ ഭൂമിയിലെ വിഭവങ്ങളെ നിത്യതയിലെ നിക്ഷേപത്തിനുള്ള അസംസ്കൃതവസ്തുക്കളായി നാമും ഉപയോഗപ്പെടുത്തും. ഇന്നു നമ്മുടെ കൈയിലുള്ള വിഭവങ്ങൾ എന്തെല്ലാമാണ്? സമയം, കഴിവുകൾ, പണം, അവസരങ്ങൾ തുടങ്ങിയവയാണവ. ഈ ലോകം തീയ്ക്കായി സൂക്ഷിക്കപ്പെട്ടിരുക്കുന്നു എന്ന ബോധ്യമുണ്ടങ്കിൽ ഇവയൊക്കെ നിത്യതയെ പണിയാനുള്ള അസംസ്കൃതവസ്തുക്കളായി നാം ഉപയോഗിക്കും.

തീകൊണ്ടുള്ള ഈ ന്യായവിധി ഭൗതികകാര്യങ്ങളെ സംബന്ധിച്ചു മാത്രമല്ല പ്രസക്തമായിരിക്കുന്നത്. ആത്മീയമെന്നും ക്രിസ്തീയമെന്നും നാം കരുതുന്ന പ്രവർത്തനങ്ങൾക്കും ഇതു ബാധകമാണെന്ന് ഒന്നു കൊരിന്ത്യർ 3:11 -15 വ്യക്തമാക്കുന്നു. ഇവിടെ രണ്ടു വിധത്തിലുള്ള ക്രിസ്തീയ പ്രവർത്തനങ്ങളെക്കുറിച്ചാണു വിവരിച്ചിരിക്കുന്നത്. മരം, പുല്ല്, വൈക്കോൽ എന്നിവ കൊണ്ടുള്ള, എല്ലാവരുടേയും ദൃഷ്ടിയിൽ അഭിനന്ദനീയമായ, വലിപ്പത്തിൽ ഊന്നിയുള്ള (Quantitative) ക്രിസ്തീയ പ്രവർത്തനങ്ങളാണ് ഒന്ന്. മറ്റേതാകട്ടെ, പൊന്ന്, വെള്ളി, വിലയേറിയ കല്ല് എന്നിവ കൊണ്ടുള്ള, ആളുകളുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്ന, ഗുണത്തിൽ ഊന്നിയുള്ള (Qualitative) പണി. ഇതിൽ ആദ്യം പറഞ്ഞത് തീയ്ക്ക് ഇരയായി ഒരു പിടി ചാരമായി തീരുമ്പോൾ രണ്ടാമതു പറഞ്ഞത് തീയിൽക്കൂടി കടന്നുപോയാലും നശിക്കാതെ നിത്യതയിലെ ഈടുവയ്പായിത്തീരും. നാം ഇതിൽ ഏതു പണിയിലാണ് ഏർപ്പെട്ടിരിക്കുന്നത്?

ആത്മീയ, ഭൗതിക കാര്യങ്ങൾ എല്ലാം ചേർന്ന നമ്മുടെ ഈ ലോകം ഒരു നാൾ അതിന്റെ അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുമ്പോൾ നമുക്കു ഖേദിക്കേണ്ടതായി വരുമോ?

ഈ മുന്നറിയിപ്പിനെ ഗൗരവമായിക്കാണാം. നമ്മുടെ ഈലോകം തീയ്ക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നതാണെന്നതിരിച്ചറിവോടെ ഇന്നു നമുക്കു ജീവിക്കാം.

35 നാളുകളെ എണ്ണുവാനുള്ള ജ്ഞാനം


നല്ല പേർ സുഗന്ധതൈലത്തേക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. സഭാപ്രസംഗി. 7:1

രണ്ടു ദിവസങ്ങൾക്കിടയിൽ ഒതുങ്ങി നിൽക്കുന്നു മനുഷ്യജീവിതം-ജനനദിവസത്തിനും മരണദിവസത്തിനും ഇടയിൽ. ഈ രണ്ടു ദിവസങ്ങളേയും ഓരൊറ്റ വാക്യത്തിൽ തളച്ചിട്ട സഭാപ്രസംഗി രണ്ടിനേയും താരതമ്യം ചെയ്ത ശേഷം ഒരു നിഗമനത്തിലെത്തുന്നു മരണദിവസമാണ് ജനനദിവസത്തെക്കാൾ ഉത്തമം.

മരണത്തേക്കാൾ ജനനമാണ് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ടുതന്നെ ജനനദിവസമല്ലേ മരണദിവസത്തെക്കാൾ ഉത്തമം?- ഇതാണ് നമ്മുടെ ചിന്ത. എന്നാൽ സഭാപ്രസംഗിയുടെ ന്യായം മറ്റൊന്നാണ്. ജനനദിവസത്തിനും മരണ ദിവസത്തിനും ഇടയിൽ ഒരു ജീവിതത്തിന്റെ ദൈർഘ്യം ഉണ്ട്. ഈ ജീവിതകാലയളവുകൊണ്ട് ഒരു നല്ല പേർ സമ്പാദിക്കാൻ ഒരുവനു കഴിയും. നല്ല പേര് സുഗന്ധതൈലത്തേക്കാൾ നല്ലതാണുതാനും. അതുകൊണ്ടുതന്നെ ഒരു തുടക്കത്തിന്റെ കേവലസന്തോഷം മാത്രം കൈമുതലായുള്ള ജനനദിവസത്തെക്കാൾ എന്തുകൊണ്ടും ഉത്തമം ഒരു ധന്യജീവിതം പൂർണതയിലെത്തുന്ന മരണദിവസമല്ലേ?

ജീവിതം കൊണ്ട് ഒരു പേരു സമ്പാദിക്കുക-അത് എല്ലാവരും ചെയ്യുന്നുണ്ട്. ആ പേര് പിന്നിൽ അവശേഷിപ്പിച്ചിട്ടാണ് എല്ലാവരും ഈ ലോകം വിട്ടുപോകുന്നത്. പക്ഷേ അത് നല്ല പേര് ആണോ?

നല്ല പേര് അതെന്താണ്? പലർക്കും വ്യത്യസ്താഭിപ്രായം ഉണ്ടാകും. എന്നാൽ ആത്യന്തികമായി നിത്യതയുടെ വെളിച്ചത്തിൽ നിലനിൽക്കുന്നത് മാത്രമാണ് യഥാർത്ഥത്തിൽ നല്ലത്. സഭാപ്രസംഗി, പണത്തിനും പ്രശസ്തിക്കും പിന്നാലെയുള്ള പരക്കം പാച്ചിലിനെ ഉപമിക്കുന്നത് “കാറ്റിനെ പിടിക്കാൻ’ പായുന്നതിനോടാണ്. കാറ്റിനെ പിൻതുടരുക എത്ര നിരർത്ഥകമായ ഒരു ശ്രമം!

അമേരിക്കയിൽ കണക്ടിക്കട്ടിലെ ബ്രിഡ്ജ് പോർട്ടു സെമിത്തേരിയിൽ അടുത്തുള്ള രണ്ടു ശവക്കല്ലറകളുണ്ട്. ഒന്ന് സർക്കസിലൂടെ കോടീശ്വരനായിത്തീർന്ന പി.ടി.ബർണത്തിന്റേതാണ്. ജീവിച്ചിരിക്കുമ്പോൾ ഈ ഭൂമിയിൽ നിക്ഷേപം സ്വരൂപിച്ച് ബർണത്ത് പുഴുവരിച്ചുപോയ തന്റെ നിക്ഷേപങ്ങളുമായി ആരാലും അറിയപ്പെടാതെ ആ മണ്ണിൽ ഉറങ്ങുന്നു. തൊട്ടടുത്തുള്ള കല്ലറ ഫാനി ക്രോസ്ബിയുടേതാണ്. പിറന്നു വീണ് ആറാഴ്ചക്കുള്ളിൽ അന്ധയായിത്തീർന്ന ഫാനി. പക്ഷേ ദൈവത്തിനായി സമ്പൂർണമായി ജീവിതം സമർപ്പിച്ച് ഫാനി ക്രോസ്ബി തലമുറകൾ ഹൃദയപൂർവം ഏറ്റു പാടുന്ന എണ്ണായിരത്തിലേറെ ക്രിസ്തീയ ഭക്തിഗാനങ്ങളാണ് രചിച്ചത്. വിവിധ ഭാഷകളിലായി പത്തുകോടിയിലേറെ കോപ്പികൾ വിറ്റുപോയ ഗാനങ്ങളിലൂടെ അവർ ഇന്നും അനേക ഹൃദയങ്ങളെ ക്രിസ്തുവിനായി വെല്ലുവിളിക്കുന്നു. ഉവ്വ്, നിത്യതയുടെ വെളിച്ചത്തിൽ നിലനിൽക്കുന്ന ജീവിതത്തിനു മാത്രമേ സുഗന്ധതൈലം പോലെ പരിമളം പരത്തുന്ന ഒരു പേര് അവശേഷിപ്പിക്കുവാൻ കഴിയൂ.

ഫാനി ക്രോസ്ബിയുടെ കല്ലറയിൽ ബൈബിളിൽ നിന്നുള്ള ഒരു ചെറിയ വാചകം ആലേഖനം ചെയ്തിട്ടുണ്ട് ‘അവൾ തന്നാൽ ആവതു ചെയ്തു’ ബഥാന്യയിൽ തന്നെ പരിമളതൈലം പൂശിയ സ്ത്രീയെക്കുറിച്ച് യേശു അഭിനന്ദനസൂചകമായി നടത്തിയ പ്രസ്താവനയാണിത് (മർക്കോസ് 14:8), ഫാനി ക്രോസ്ബി അവളുടെ ജീവിതം കൊണ്ട് ചെയ്തതും ഇതാണ്. അവൾ തന്നാൽ കഴിയുന്നത് യേശുവിനു വേണ്ടി ചെയ്തു. നമ്മിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. “നാം എവിടയാണോ അവിടെ, നമ്മുടെ പക്കൽ എന്തുണ്ടോ അതുകൊണ്ട്, നമുക്ക് എന്തുകഴിയുമോ, അത്’- ദൈവ മുൻപാകെ, യേശുവിനോടുള്ള സ്നേഹത്തിൽ ചെയ്യുക.

ദൈവമുൻപാകെ ഈ നിലയിലുള്ള ജീവിതം നമുക്ക് വലിയ സ്വസ്ഥതയാണ് തരുന്നത്. ഈ ലോകം (അത് ക്രിസ്തീയലോകമായാലും) നാം ചെയ്യു ന്നതിന്റെ വലിപ്പമാണ് (Quantity) നോക്കുന്നത്. ദൈവമാകട്ടെ അതിന്റെ ഗുണം (Quality) നോക്കുന്നു. നാം എന്ത് (What) ചെയ്യുന്നു എന്നാണ് മറ്റുള്ളവർ നോക്കുന്നത്. നാം എന്തുകൊണ്ട് (Why) അത് ചെയ്യുന്നു എന്നാണ് ദൈവം വീക്ഷിക്കുന്നത്.

നാം ദൈവത്തിനായി ചെയ്യുന്നതിന്റെ വലിപ്പവും വൈപുല്യവും ആയിരുന്നു ദൈവം കണക്കിലെടുക്കുന്നതെങ്കിൽ കഴിവും സാഹചര്യങ്ങളും ഉള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കൂടുതൽ സൗകര്യം ഉണ്ടായിരുന്നു. എന്നാൽ ഏതു പ്രവൃത്തിയുടേയും പിന്നിലുള്ള മനോഭാവവും ഉദ്ദേശ്യവുമാണ് ദൈവം കണക്കിലെടുക്കുന്നത് എന്നുള്ളതുകൊണ്ട് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ദൈവമുൻപാകെ തങ്ങളുടെ ജീവിതത്തെ ഒരു സൗരഭ്യവാസനയാക്കിത്തീർക്കാൻ തുല്യ അവസരമാണു ലഭിച്ചിരിക്കുന്നത്. രണ്ടു കാശിട്ട വിധവ എല്ലാവരേക്കാളും അധികം’ ഇട്ടിരിക്കുന്നു (ലൂക്കോസ് 21:3) എന്ന് യേശു തീർപ്പ് കൽപിച്ചതിൽ നിന്ന് അവിടുന്ന് വലിപ്പത്തേക്കാൾ ഗുണത്തിന്റെ തോതിലാണ് കാര്യങ്ങളെ വിലയിരുത്തുന്നതെന്നു വ്യക്തമല്ലേ?

ആളുകളുടെ അഭിപ്രായങ്ങളെ കണക്കിലെടുക്കാതെ, പ്രവൃത്തികൾക്കു പിന്നിലുള്ള മനോഭാവങ്ങളെയും ലക്ഷ്യങ്ങളെയും സൂക്ഷിച്ച് ദൈവമുൻപാകെ നമ്മുടെ ജീവിതത്തെ ഒരു സൗരഭ്യവാസനയാക്കിത്തീർക്കാൻ കഴിയും എന്നത് എത്ര വലിയ സ്വാതന്ത്ര്യമാണ്. നമ്മുടെ ജീവിതം ഒരു സുഗന്ധതൈലം പോലെ പരിമളം പരത്തുമ്പോൾ നാം മറ്റുമനുഷ്യർക്കും (രക്ഷിക്കപ്പെടുന്നവർക്കും നശിക്കുന്നവർക്കും) ഒരു വാസന നൽകുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ അവരുടെ അഭിപ്രായത്തിനോ മതിപ്പിനോ വേണ്ടിയല്ല നാം സൗരഭ്യവാസന പരത്തുന്നത് എന്ന് ഓർക്കണം. രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽ നിന്നു ജീവനിലേയ്ക്കും നശിക്കുന്നവർക്കു മരണത്തിൽ നിന്നു മരണത്തിലേക്കുമുള്ള വാസന നാം നൽകുമ്പോൾ തന്നെ ആത്യന്തികമായി നാം ദൈവത്തിനാണു ക്രിസ്തുവിന്റെ സൗരഭ്യവാസനയായിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക (2 കോരിന്ത്യർ 2:15).

നല്ല പേരിനെ സുഗന്ധതൈലത്തോട് ഉപമിച്ച സഭാപ്രസംഗിതന്നെ ആ പരിമളതൈലം ദുർഗന്ധപൂരിതമായിപ്പോകാനുള്ള സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട് “ചത്ത ഈച്ച പരിമളദ്രവ്യത്തിൽ ദുർഗന്ധം കലർത്തുന്നു; അതു പോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താൻ അൽപം മൗഢ്യം മതി (സഭാപ്രസംഗി 10:1).

ഈച്ച വളരെ ചെറുതാണ്. പക്ഷേ അതു നശിപ്പിക്കുന്നത് സുഗന്ധതൈലത്തെ മുഴുവനുമാണ്. ദൈവത്തിനു സൗരഭ്യവാസനയായ ഒരു മുഴുവൻ ജീവിതത്തെയും ഒരു നിമിഷം കൊണ്ട് മുറുകെപ്പറ്റുന്ന ഒരു പാപത്തിന്, തെറ്റായ ഒരു ശീലത്തിന്, സൂക്ഷ്മതയില്ലാത്ത ഒരു പെരുമാറ്റത്തിന്, ദുർഗ പൂരിതമാക്കാൻ കഴിയും. നാം എത്ര ജാഗ്രതയുള്ളവരായിരിക്കണം! ഉത്തരവാദിത്വബോധമുള്ളവരും.

നമുക്ക് ഈ ഭൂമിയിൽ ഒരേ ഒരു ജീവിതമേയുള്ളു. അത്, യേശു തന്റെ ജീവിതം പിതാവിനു സൗരഭ്യവാസനായാഗമായി അർപ്പിച്ചതുപോലെ (എഫെസ്യർ 5:2) നമുക്കും നൽകാൻ കഴിഞ്ഞാൽ…… അതിൽപ്പരം ഭാഗ്യം മറ്റെന്താണുള്ളത്?