സാക് പുന്നന്‍
ആത്മീക വളര്‍ച്ച :
എഫെസ്യര്‍ 4:3, 13 എന്നീ വാക്യങ്ങളില്‍ ഐക്യതയുടെ ആവശ്യകതയെക്കുറിച്ചു പറയുന്നു. അദ്ദേഹം പറയുന്നത് വിശ്വാസികള്‍ എന്ന നിലയില്‍, നാം എല്ലാവരും ” ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കുക…….. നാം വിശ്വാസത്തിലുളള ഐക്യത പ്രാപിക്കുവോളം തന്നെ” എന്നാണ്. വിശ്വാസികള്‍ എന്ന നിലയില്‍ നാം ഒരു പോലെ ചിന്തിക്കാത്ത പല മേഖലകളുണ്ടാകാം. ക്രിസ്തു സഭയെ തന്നോടു ചേര്‍ക്കുവാനായി വരുന്നതിനു മുമ്പ് സഭ പീഡനത്തിലൂടെ കടന്നു പോകും എന്ന എന്‍റെ കാഴ്ചപ്പാടിനോടു നിങ്ങള്‍ യോജിക്കുകയില്ലായിരിക്കാം. ക്രിസ്തു പീഡനത്തിനു മുമ്പുവരുമെന്നായിരിക്കാം നിങ്ങള്‍ക്കു തോന്നുന്നത്. അതു പോലെയുളള മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്, വിശ്വാസ സംബന്ധമായ എല്ലാ കാര്യങ്ങളിലും നാം ഐക്യത പ്രാപിച്ചിട്ടില്ല. എന്നാല്‍ നാം അതു പ്രാപിക്കുവോളം ആത്മാവില്‍ നാം എകീകരിക്കപ്പെട്ടിരിക്കണം.
നാം ക്രമേണ ” തികഞ്ഞ പുരുഷത്വത്തിലേക്കും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുന്നതിലേക്കും വളരണം” (എഫെ 4:13). നാം തന്നെ ഈ പൂര്‍ണ്ണതയിലേക്കു വളരുന്നതും മറ്റുളളവരെ ഈ പൂര്‍ണ്ണതയിലേക്കു വളരുവാന്‍ സഹായിക്കുന്നതും ആയിരിക്കണം നമ്മുടെ ലക്ഷ്യം. നാം ” അങ്ങനെ മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കരുത് ” (എഫെ4: 14).
നാം വിവേചനത്തില്‍ വളരേണ്ടതിന് നമ്മെ വഞ്ചനയ്ക്കും വ്യാജ ഉപദേശങ്ങള്‍ക്കും തുറന്നുവെച്ചു കൊടുക്കുവാന്‍ ദൈവം അനുവദിക്കുന്നു. അല്ലാത്തപക്ഷം നമ്മുടെ വിവേചന ബോധം വികസിക്കുകയില്ല. അതു കൊണ്ടാണ് വളരെയധികം വഞ്ചകന്മാരെയും വ്യാജപ്രവാചകന്മാരെയും ക്രിസ്തീയ ഗോളത്തില്‍ ചുറ്റി സഞ്ചരിക്കുവാന്‍ ദൈവം അനുവദിക്കുന്നത്. അങ്ങനെ ശരിയല്ലാത്ത ആത്മാവുളളവരില്‍ നിന്ന് ശരിയായ ആത്മാവുളളവരെ വിവേചിച്ചറിയുവാന്‍ നാം കഴിവളളവരാകും. നാം മറ്റുളളവരെ വിധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ നാം വിവേചിക്കണം. അപ്പോള്‍ നമ്മുടെ ആത്മീയ ഇന്ദ്രിയങ്ങള്‍ അഭ്യസിപ്പിക്കപ്പെടും. എഫെസ്യര്‍ 4:5 ല്‍, “വളരേണ്ടതിന് സ്നേഹത്തില്‍ സത്യം സംസാരിക്കുവിന്‍ ” എന്നു നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. അവിടെ സത്യവും സ്നേഹവും തമ്മിലുളള സംതുലിതാവസ്ഥ ശ്രദ്ധിക്കുക. നാം സത്യം സംസാരിക്കണോ? എല്ലായ്പ്പോഴും അതു വേണം. എന്നാല്‍ നമുക്കിഷ്ടമുളള ഏതെങ്കിലും വിധത്തിലാണോ? അല്ല. നാം സത്യം സംസാരിക്കുന്നത് സ്നേഹത്തിലായിരിക്കണം. നിങ്ങള്‍ക്കു സ്നേഹത്തില്‍ സത്യം സംസാരിക്കുവാന്‍ കഴിയില്ലെങ്കില്‍ ആളുകളോട് സത്യം സംസാരിക്കുവാന്‍ മതിയായ സ്നേഹം അവരോടുണ്ടാകുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക. നിങ്ങള്‍ക്ക് സത്യത്തിന്‍റെ പേന ഉപയോഗിക്കുവാന്‍ കഴിയുന്ന എഴുത്തു പലകയാണ് സ്നേഹം. എഴുതുവാന്‍ ഒരു എഴുത്തു പലകയില്ലാതെ നിങ്ങള്‍ സത്യം എഴുതുവാന്‍ ശ്രമിച്ചാല്‍,നിങ്ങള്‍ തെളിയാത്ത വായുവിലായിരിക്കും എഴുതുന്നത്. നിങ്ങള്‍ എഴുതുന്നതെന്താണെന്ന് ആര്‍ക്കും മനസ്സിലാകുകയില്ല. എല്ലായ്പോഴും – പ്രസംഗപീഠത്തിലും സ്വകാര്യസംഭാഷണങ്ങളിലും – സ്നേഹത്തില്‍ സത്യം സംസാരിക്കുന്നതിലൂടെയാണ് നമുക്ക് “ക്രിസ്തു എന്നു തലയോളം വളരുവാന്‍ ” കഴിയുന്നത്.
കൂട്ടായ്മ:
എഫെസ്യര്‍ 4:16ല്‍ പൗലൊസ് ” ശരീരം മുഴുവനും യൂക്തമായി ചേര്‍ന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുളള ഏതു സന്ധിയാലും സ്നേഹത്തിലുളള വര്‍ദ്ധനയ്ക്കായി അവനില്‍ നിന്നു വളര്‍ച്ച പ്രാപിക്കുന്നു” എന്നു പറയുന്നു.
ഇവിടെ സന്ധി എന്നത് കൂട്ടായ്മയെ ക്കുറിച്ചു സംസാരിക്കുന്നു. നിങ്ങള്‍ക്ക്
ഒരു ഭുജത്തില്‍ തന്നെ എത്ര സന്ധികള്‍ ഉണ്ടെന്ന് ഒന്നു കണക്കാക്കി നോക്കുക. തോളില്‍ ഒരു സന്ധിയുണ്ട്, മറ്റൊന്ന് കൈമുട്ടില്‍ ഉണ്ട്, മണി ബന്ധത്തില്‍ ഒരെണ്ണം ഉണ്ട്, പിന്നെ ഓരോ വരിലിലും 3 വീതം ഉണ്ട് – കുറഞ്ഞത് 17 എണ്ണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ നിങ്ങളുടെ ഭുജങ്ങളെ പ്രാപ്തമാക്കുന്നത് സന്ധികളാണ്. നിങ്ങള്‍ക്ക് ബലമുളള ഒരു മേല്‍ഭുജവും ബലമുളള ഒരു കീഴ് ഭുജവും ഉണ്ടെങ്കിലും, നിങ്ങളുടെ കൈമുട്ട് വഴങ്ങാത്തതാണെങ്കില്‍ ആ ഭുജം കൊണ്ട് നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും? ഒന്നും ചെയ്യാന്‍ കഴിയില്ല കേവലം ശക്തിയല്ല നിങ്ങളുടെ ഭുജത്തെ ഉപയോഗപ്രദമാക്കുന്നത്. പ്രവര്‍ത്തനക്ഷമമായ സന്ധികളും കൂടെയാണ്. ക്രിസ്തുവിന്‍റെ ശരീരത്തില്‍ ഇതിന്‍റെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കുക. ഇവിടെ ഒരു നല്ല സഹോദരനുണ്ട്, ബലമുളള ഒരു മേല്‍ഭുജം. അതുപോലെ ഇവിടെ മറ്റൊരു നല്ല സഹോദരനുണ്ട്, ബലമുളള ഒരു കീഴ്ഭുജം. എന്നാല്‍ തമ്മില്‍ തമ്മില്‍ ഒരുമിച്ചു കൂട്ടായ്മ ആചരിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതാണ് ഇന്ന് ക്രിസ്തുവിന്‍റെ ശരീരത്തിലുളള ദുരന്തം. മനുഷ്യശരീരത്തില്‍ അതിന് സന്ധിവാതം എന്നു പറയുന്നു. അതു വളരെ വേദനയുളളതാണ്. അനേകം പ്രാദേശിക സഭകള്‍ക്ക് സന്ധിവാതമുണ്ട്. നമ്മുടെ സന്ധികള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവിടെ ഒച്ച ഒന്നുമില്ല. എന്നാല്‍ ഒരു ശരീരത്തില്‍ സന്ധിവാതമുളളപ്പോള്‍, അത് കിറുകിറു ശബ്ദം ഉണ്ടാക്കുകയും ഓരോ ചലനത്തിലും അനാരോഗ്യകരമായ ഒരു ഒച്ച ഉണ്ടാക്കുകയും ചെയ്യുന്നു. ചില വിശ്വാസികളുടെ ഇടയിലെ ‘കൂട്ടായ്മ’ എന്നു വിളിക്കപ്പെടുന്ന കാര്യം കൃത്യമായി അതുപോലെയാണ്. അത് കിറുകിറുശബ്ദം ഉണ്ടാക്കുന്നു. എന്നാല്‍ സന്ധികള്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍, അവിടെ ഒച്ചയൊന്നും ഉണ്ടാകുന്നില്ല. നമ്മുടെ തമ്മില്‍ തമ്മിലുളള കൂട്ടായ്മ അതുപോലെ ആയിരിക്കണം. അത് അങ്ങനെയല്ലെങ്കില്‍, നിങ്ങള്‍ സന്ധിവീക്കത്തിനുളള ചില മരുന്നുകള്‍ കഴിക്കണം. നിങ്ങളുടെ ” സ്വയത്തിനു – മരിക്കുക”. അപ്പോള്‍ നിങ്ങള്‍ സുഖം പ്രാപിക്കുകയും മറ്റുളളവരുമായുളള നിങ്ങളുടെ കൂട്ടായ്മ മഹത്വകരമായി തീരുകയും ചെയ്യും. ക്രിസ്തുവിന്‍റെ ശരീരത്തില്‍ ദൈവഹിതം അതാണ്.