ദൈവ വചനത്തിലുള്ള ഓരോ മുന്നറിയിപ്പും മനസ്സിരുത്തി ശ്രദ്ധിക്കുക- WFTW 6 മാർച്ച് 2022

സാക് പുന്നന്‍

ദൈവം പറഞ്ഞിട്ടുള്ളതു പോലെ ചെയ്യുകയില്ല എന്ന് ഹവ്വായോടു പറയുന്നതായിരുന്നു സാത്താൻ്റെ ഒന്നാമത്തെ തന്ത്രം (ഉൽ: 3:1-6). അവൻ അവളോടു പറഞ്ഞു, “നിങ്ങൾ മരിക്കയില്ല നിശ്ചയം”. അങ്ങനെയാണ് ഹവ്വായെ പാപത്തിലേക്കു നയിക്കാൻ അവനു കഴിഞ്ഞത്. ഇന്നും അതേ മാർഗ്ഗം തന്നെയാണ് അവൻ ശ്രമിക്കുന്നത്. ദൈവ വചനം പറയുന്നത്, വിശ്വാസികൾ “ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം” എന്നാണ് (റോമ. 8:13). എന്നാൽ സാത്താൻ പറയുന്നു, “നിങ്ങൾ മരിക്കയില്ല നിശ്ചയം”. അധികം വിശ്വാസികളും സാത്താനെ വിശ്വസിച്ച് പാപത്തിൽ തുടരുന്നു.

ഒരു സ്ത്രീയെ മോഹത്തോടെ നോക്കുന്നതിനെക്കാൾ ഒരുവനു നല്ലത് അവൻ്റെ കണ്ണു നഷ്ടപ്പെടുത്തി കുരുടനായിരിക്കുന്നതാണെന്നും; വലതു കൈ കൊണ്ട് ലൈംഗിക പാപം ചെയ്യുന്നതിനെക്കാൾ നല്ലത് ഒരുവൻ്റെ വലതു കൈ നഷ്ടപ്പെടുത്തുന്നതാണെന്നും യഥാർത്ഥമായി എത്ര പേർ വിശ്വസിക്കുന്നുണ്ട്?

കോപത്തെയും ലൈംഗിക പാപത്തെയും ഗൗരവമായി എടുക്കാത്തവർ ഒടുവിൽ നരകത്തിലേക്കു പോകും എന്ന് എത്ര പേർ യഥാർത്ഥമായി വിശ്വസിക്കുന്നുണ്ട് (മത്താ. 5:22-30) ?

ദൈവ വചനത്തോട് അനുസരണക്കേട് കാണിച്ച് ഒരു അവിശ്വാസിയെ വിവാഹം കഴിക്കുന്നത്, ദൈവത്തോട് തൻ്റെ മുഷ്ടി ചുരുട്ടി കുലുക്കുന്നതിനു തുല്യമാണെന്ന് എത്ര പേർ വിശ്വസിക്കുന്നു (2 കൊരി. 6:4) ?

ഹൃദയശുദ്ധിയുള്ളവർ മാത്രമെ ദൈവത്തെ കാണുകയുള്ളു എന്ന് എത്ര പേർ വിശ്വസിക്കുന്നു (മത്താ.5:8) ?

എല്ലാ മനുഷ്യരോടും സമാധാനം ആചരിച്ച് ശുദ്ധീകരണം പ്രാപിക്കാൻ ഉത്സാഹിക്കാത്തവർ ആരും ദൈവത്തെ കാണുകയില്ല എന്ന് എത്ര പേർ വിശ്വസിക്കുന്നു (എബ്രാ. 12:14 ) ?

തങ്ങൾ പറയുന്ന ഏതു നിസ്സാര വാക്കിനും, ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന് എത്ര പേർ വിശ്വസിക്കുന്നു (മത്താ. 12:36). ഈ ദൈവ വചനങ്ങൾ വിശ്വസിക്കുന്ന വളരെ കുറച്ചു വിശ്വാസികൾ മാത്രമേ ഈ ലോകത്തിൽ ഉള്ളു. അത്തരം വഞ്ചനാപരമായ ഒരു പ്രവൃത്തിയാണ് സാത്താൻ ക്രിസ്തീയ ഗോളത്തിൽ ചെയ്തിരിക്കുന്നത്. അതിൻ്റെ ഫലമായി മിക്ക വിശ്വാസികൾക്കും, ‘ദൈവ ഭയവും അവിടുത്തെ മുന്നറിയിപ്പുകളോടുള്ള ഭയവും നഷ്ടപ്പെട്ടിരിക്കുന്നു. സാത്താൻ അവരെ തീർത്തും നശിപ്പിച്ചു കളയുന്നതു വരെ അവർ പാപത്തോടു വിഡ്ഢിവേഷം കെട്ടുന്നു.

ആത്മാവിൽ നുറുക്കമുള്ളവനെയും അവിടുത്തെ വചനത്തിങ്കൽ വിറയ്ക്കുന്നവനെയുമാണ് ദൈവം കടാക്ഷിക്കുന്നത് (യെശ.66:1,2). ദൈവ വചനത്തിലുള്ള ഓരോ മുന്നറിയിപ്പിങ്കലും നാം വിറയ്ക്കണം. നാം യഥാർത്ഥമായി ദൈവത്തെ ഭയപ്പെടുന്നു എന്നതിൻ്റെ തെളിവ് അതാണ്. ദൈവഭയത്തിൽ വിശുദ്ധിയെ തികയ്ക്കുന്നവർ മാത്രമേ ഒടുവിൽ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമായി തീരുകയുള്ളു. ജയിക്കുന്നവർക്കു (ജയാളികൾക്കു) മാത്രമേ രണ്ടാം മരണത്തിൽ (തീപ്പൊയ്കയിൽ) നിന്നു രക്ഷിക്കപ്പെട്ട് ജീവവൃക്ഷത്തിൽ പങ്കാളികളാകാനുള്ള അവകാശം ഉണ്ടാകുകയുള്ളു (വെളി. 2:7,11). ഇതാണ് ആത്മാവ് എല്ലാ സഭകളോടും പറയുന്നത്. എന്നാൽ കേൾപ്പാൻ ചെവിയുള്ളവർ വളരെ വളരെ ചുരുക്കം പേർ മാത്രമാണ്.

What’s New?