ഒരു നിര്‍മ്മല സാക്ഷ്യം പടുത്തുയര്‍ത്തുന്നതിനു വേണ്ട ഉപദേശങ്ങള്‍ – WFTW 16 ഫെബ്രുവരി 2020

silhouette of cross
സാക് പുന്നന്‍

എല്ലായിടത്തും പോയി ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് യേശു നമ്മോടു പറഞ്ഞിട്ടുളളത് – കേവലം രക്ഷിക്കപ്പെട്ടവരെയല്ല. അതുകൊണ്ട് നിര്‍മ്മലമായ ഒരു സാക്ഷ്യം ഉണ്ടാകേണ്ടതിന്, ഒന്നാമതായി, നാം, നമ്മുടെ സഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഒരു ശിഷ്യനായിരിക്കുവാനുളള വ്യവസ്ഥകള്‍ വ്യക്തമായി പഠിപ്പിക്കണം, കൂടാതെ ശിഷ്യത്വം ” നമ്മുടെ വ്യക്തി ജീവിതത്തെയും, നമ്മുടെ കുടുംബ ജീവിതത്തെയും, നമ്മുടെ സഭാ ജീവിതത്തെയും എങ്ങനെ ബാധിക്കും” എന്നും പഠിപ്പിക്കണം.
അവിടുത്തെ ശിഷ്യനായിരിക്കുവാന്‍ അത്യന്താപേക്ഷിതമായ 3 വ്യവസ്ഥകള്‍ യേശു തന്നിരിക്കുന്ന ലൂക്കോ 14:26-33 വരെയുളള വാക്യങ്ങള്‍ മുതല്‍ നാം പഠിപ്പിച്ചു തുടങ്ങണം.
1. നാം നമ്മുടെ എല്ലാ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സഹോദരീ സഹോദരന്മാര്‍ എന്നിവരെക്കാള്‍ അധികമായി യേശുവിനെ സ്നേഹിക്കണം (ലൂക്കോ 14.26). നാം ചെയ്യണമെന്നു കര്‍ത്താവാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നു നമ്മെ തടയുവാന്‍ അവരില്‍ ആരെയും അനുവദിക്കരുത്.
2. നാം നമ്മുടെ സ്വയത്തെക്കാള്‍ അധികം യേശുവിനെ സ്നേഹിക്കണം (ലൂക്കോ 14:27). നമ്മുടെ സ്വയ ജീവന്‍ നാള്‍തോറും പലസമയങ്ങളില്‍ – നാം പ്രലോഭിക്കപ്പെടുമ്പോള്‍ – ത്യജിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും വേണം ( ലൂക്കോ 9:23).
3. നമുക്കു സ്വന്തമായി ഉളള എല്ലാ ഭൗതിക വസ്തുക്കളെക്കാള്‍ അധികം നാം യേശുവിനെ സ്നേഹിക്കണം. (ലൂക്കോ 14:33). നമുക്ക് അനേകം ഭൗതിക വസ്തുക്കള്‍ ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുന്നു. എന്നാല്‍ അവയില്‍ ഒന്നിനെയും നമ്മുടെ സ്വന്തം സമ്പത്തെന്ന നിലയില്‍ കാണരുത്. അവ ദൈവത്തിന്‍റെ വകയെന്ന നിലയില്‍ തുറന്ന കൈവെളളയില്‍ പിടിക്കപ്പെട്ടവയായിരിക്കണം.
4. രണ്ടാമതായി, ഗിരിപ്രഭാഷണത്തില്‍ (മത്തായി 5,6,7) യേശു പഠിപ്പിച്ചതും മുന്നറിയിപ്പുതന്നിട്ടുളളതുമായ കാര്യങ്ങള്‍ എല്ലാം സമഗ്രമായും വ്യക്തമായും നാം വിവരിച്ചു കൊടുക്കണം. യേശു ആ പ്രഭാഷണം ഉപസംഹരിക്കുന്നത് മൂന്നു ഉദാഹരണങ്ങളോടെയാണ്.
(a) ഈ പ്രഭാഷണത്തിലുളള അവിടുത്തെ പഠിപ്പിക്കലുകള്‍ നിത്യജീവങ്കലേക്കു നയിക്കുന്ന ഞെരുക്കമുളള വഴിയെക്കുറിച്ചു വിശദീകരിക്കുന്നു (മത്താ.7:14).
(b) ഈ പ്രഭാഷണത്തിലുളള അവിടുത്തെ ഉപദേശങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമെ അവിടുത്തെ ശിഷ്യന്മാര്‍ക്ക് ദൈവ മഹത്വത്തിനുവേണ്ടി ഫലപ്രദമായ വൃക്ഷങ്ങളായിരിക്കുവാന്‍ കഴിയുകയുളളു (മത്താ 7:16 -20)
(c) ഈ പ്രഭാഷണത്തില്‍ യേശു പഠിപ്പിച്ചതെല്ലാം അനുസരിക്കുന്നതിലൂടെ മാത്രമെ അവിടുത്തെ ശിഷ്യന്മാര്‍ക്ക് അവരുടെ വ്യക്തിജീവിതവും, അവരുടെ കുടുംബ ജീവിതവും, അവരുടെ സഭയും കുലുങ്ങി പോകാത്ത (ഇളക്കമില്ലാത്ത) നിത്യമായ ഒരു അടിസ്ഥാനത്തിന്മേല്‍ പണിയുവാന്‍ കഴിയുകയുളളൂ (മത്താ 7:24-27).
മൂന്നാമതായി , നാം സഭയിലുളള ഓരോരുത്തെരെയും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടതിന് ദൈവത്തെ അന്വേഷിക്കുവാന്‍ പ്രോത്സാഹിപ്പിക്കണം- കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന നിലവാരമനുസരിച്ചു ജീവിക്കുവാന്‍, നമ്മുടെ സ്വന്ത ശക്തിയാല്‍ അസാധ്യമാണ് എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയിലൂടെ അതു സാധ്യം ആണ് ( അപ്പൊ.പ്ര 1:8,എഫെ.5:18).
നാലാമതായി , ഓരോ വിശ്വാസിയെയും, ദൈവത്തെ സ്വര്‍ഗ്ഗത്തിലുളള അവരുടെ സ്വന്തം പിതാവായി അറിയുന്നതിലേക്കു നാം നയിക്കണം, അതുമൂലം അനിശ്ചിതമായതും തിന്മനിറഞ്ഞതുമായ ലോകത്തിന്‍റെ നടുവില്‍ അവര്‍ ദൈവത്തില്‍ തങ്ങളുടെ സുരക്ഷിതത്വം കാണും.
അഞ്ചാമതായി , “യേശു സകലത്തിലും നമ്മോടു സദൃശന്‍ ആയിരുന്നു” (എബ്രാ 2:17) എന്നും “സകലത്തിലും നമുക്കു തുല്യമായി പ്രലോഭിപ്പിക്കപ്പെട്ടു” എന്നും ഉളള വലിയ സത്യം നാം ആളുകളെ പഠിപ്പിക്കണം, അതിന്‍റെ ഫലമായി “യേശു നടന്നതു പോലെ നടക്കുവാന്‍ “( 1 യോഹ 2:6) അവര്‍ക്കും കഴിയും എന്ന വിശ്വാസം അവര്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും.
ഞങ്ങള്‍ ഞങ്ങളുടെ വേല ആരംഭിച്ചപ്പോള്‍ തിരുവചനത്തിലെ ഈ പ്രധാന സത്യങ്ങള്‍ പഠിക്കുവാന്‍ അനേക മാസങ്ങള്‍ ചെലവഴിച്ചു. അതിനെ തുടര്‍ന്ന് വളരെ വിശിഷ്ടമായ ഫലങ്ങള്‍ ഞങ്ങള്‍ കണ്ടു. അങ്ങനെ മാത്രമെ കര്‍ത്താവിനു വേണ്ടി ഒരു നിര്‍മ്മല സാക്ഷ്യം – ഒരു പുതിയ ഉടമ്പടി സഭ പടുത്തുയര്‍ത്തുവാന്‍ നമുക്കു കഴിയൂ.

What’s New?