സഭ പീഡനത്തെ അഭിമുഖീകരിക്കും – WFTW 10 സെപ്റ്റംബർ 2023

സാക് പുന്നന്‍

ക്രിസ്തീയതയുടെ ആദ്യ 300 വർഷങ്ങളോളം മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളെ കൂടെ കൂടെ പീഡിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്ത ക്രൈസ്തവ വിരുദ്ധ ഭരണാധികാരികളുടെ കീഴിലാണ് ജീവിച്ചത്. ദൈവം തൻ്റെ വലിയ പരിജ്ഞാനത്തിൽ, അവിടുത്തെ മഹത്വത്തിനായി, തൻ്റെ മക്കളെ പീഡിപ്പിക്കുവാൻ ആളുകളെ അനുവദിച്ചു. ഇന്നും, ദൈവം അവിടുത്തെ ഏറ്റവും നല്ല മക്കളിൽ ചിലരെ തങ്ങളെ ഉപദ്രവിക്കുന്ന സർക്കാരുകൾക്കു കീഴിൽ ജീവിക്കുവാൻ അനുവദിച്ചിരിക്കുന്നു. സഭ ഏറ്റവും നന്നായി തഴച്ചു വളർന്നിട്ടുള്ളത് എപ്പോഴും പീഡനത്തിനു കീഴിലാണ്. എന്നാൽ പ്രയാസമില്ലായ്മ, സുഖം, സമൃദ്ധി മുതലായവ അനുഭവിക്കുന്ന ഇടങ്ങളിലെല്ലാം, മിക്ക സഭകളും ലൗകികമായി തീരുന്നു. നാം ഈ ലോകത്തിലായിരിക്കുന്ന അത്രയും നാൾ, നാം കഷ്ടത, പീഡനം, ശോധനകൾ മുതലായവ നേരിടും. അതു കൊണ്ട് നാം അനായാസമായ ഒരു സമയത്തെ പ്രതീക്ഷിക്കേണ്ട- ഒന്നുകിൽ നമ്മുടെ ജോലി സ്ഥലത്ത് അല്ലെങ്കിൽ നമ്മുടെ വ്യക്തി ജീവിതത്തിൽ – നാം ഈ യുഗാന്ത്യത്തോട് സമീപിക്കുമ്പോൾ.

സാമ്പത്തിക ബുദ്ധിമുട്ടുകളുടെ നാളുകൾ വരും. അതു കൊണ്ട് നാം ഇപ്പോഴേ ലളിത ജീവിതം നയിക്കുവാൻ അഭ്യസിക്കണം. ആഡംബരത്തിൽ ജീവിക്കുന്നവർ വരുന്ന നാളുകളിൽ കാര്യങ്ങൾ വളരെ പ്രയാസമുള്ളതായി കണ്ടെത്തും. നാം മറ്റുള്ളവരിൽ ആശ്രയിക്കാൻ ഇട വരാതിരിക്കേണ്ടതിന് ഭാവിക്കു വേണ്ടി പണം സമ്പാദിക്കുന്ന കാര്യത്തിൽ നാം വിവേകമുള്ളവരായിരിക്കണം. എന്നാൽ നമ്മുടെ ആശ്രയം നമ്മുടെ സമ്പാദ്യത്തിൽ ആയിരിക്കരുത്, എന്നാൽ കർത്താവിൽ മാത്രം. ദൈവം അസൂയാലുവായ ഒരു ദൈവമാണ് അതുകൊണ്ട് സൃഷ്ടിക്കപ്പെട്ട എന്തിലെങ്കിലും ആശ്രയിക്കാൻ അവിടുന്നു ഒരിക്കലും നമ്മെ അനുവദിക്കയില്ല. സൃഷ്ടിക്കപ്പെട്ടതിൽ ആശ്രയിക്കുന്നവർക്ക് ഇളക്കം വരുത്താൻ ദൈവം ലോകത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ഇളക്കും. യേശു പറഞ്ഞതുപോലെ  “സഹോദരന്മാർ സഹോദരന്മാരെ ഒറ്റിക്കൊടുക്കുന്നതും നമ്മുടെ കുടുംബാംഗങ്ങൾ തന്നെ നമ്മുടെ ശത്രുക്കളാകുന്നതും നാം കാണും” (മത്താ.10:21). വിശ്വാസികൾക്ക് ഓഫീസുകളിലും ഫാക്ടറികളിലും ശക്തമായ പീഡനങ്ങൾ ഉണ്ടാകും. ഇതെല്ലാം നമ്മെ നിർമ്മലീകരിക്കുകയും നമ്മെ കുറച്ചു കൂടി നല്ല ക്രിസ്ത്യാനികളാക്കി തീർക്കുകയും ചെയ്യും. 1പത്രൊ.3:13 പറയുന്നത്, നാം എപ്പോഴും നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവരാണെങ്കിൽ നമ്മെ ഉപദ്രവിക്കുവാൻ ആർക്കും കഴിയുകയില്ല. അതുകൊണ്ട് ദൈവത്തിൻ്റെ കൃപയാൽ, സകല മനുഷ്യർക്കും നന്മ ചെയ്യുമെന്നു നാം തീരുമാനിക്കണം. നമ്മെ വെറുക്കുന്നവരെ നാം സ്നേഹിക്കണം, നമ്മെ ശപിക്കുന്നവരെ അനുഗ്രഹിക്കണം, നമ്മെ പീഡിപ്പിക്കുന്നവർക്ക് ക്ഷമിച്ചു കിട്ടേണ്ടതിനു വേണ്ടി പ്രാർത്ഥിക്കണം. അപ്പോൾ ആർക്കും നമ്മെ ഉപദ്രവിക്കുവാൻ കഴിയുകയില്ല. സാത്താനും അവൻ്റെ ഏജൻ്റുമാരും നമ്മെ കബളിപ്പിച്ചേക്കാം, ബുദ്ധിമുട്ടിച്ചേക്കാം, ഉപദ്രവിച്ചേക്കാം, കൊള്ളയടിച്ചേക്കാം, മുറിവേൽപ്പിച്ചേക്കാം, തടവിലാക്കിയേക്കാം കൂടാതെ നമ്മുടെ ശരീരത്തെ കൊല്ലുക പോലും ചെയ്തേക്കാം. എന്നാൽ അവർക്കു നമ്മെ ആത്മീയമായി ഉപദ്രവിക്കുവാൻ ഒരിക്കലും കഴിയുകയില്ല .

വരുന്ന നാളുകളിൽ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി പീഡകൾ നേരിടേണ്ടതിന് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളെ നാം ഒരുക്കിയെടുക്കണം. അങ്ങനെയുള്ള നാളുകളിലേക്കു വേണ്ടി നാലു കല്പനകൾ നമ്മുടെ കർത്താവ് നമുക്ക് നൽകിയിരിക്കുന്നു:

1.പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരും ആയിരിക്കുക (മത്താ. 10:16).

നമ്മുടെ സാക്ഷ്യം പറയുന്നതിൽ നാം ഭോഷന്മാരാകരുത്, എന്നാൽ വിവേകമുള്ളവരായിരിക്കുക. നമ്മുടെ ജീവിതങ്ങൾ ക്രിസ്തുവിനു വേണ്ടി സംസാരിക്കട്ടെ, നാം താമസിക്കുന്ന ഇടത്തും നാം ജോലി ചെയ്യുന്ന ഇടത്തും. കർത്താവിനു വേണ്ടിയുള്ള നമ്മുടെ സാക്ഷ്യത്തിൽ, നാം ഒരു വ്യക്തിയെ (യേശുക്രിസ്തുവിനെ) കുറിച്ചാണ് സംസാരിക്കുന്നത്, അല്ലാതെ ക്രിസ്തുമതം മറ്റു മതങ്ങളെക്കാൾ ഉന്നതമാണ് എന്നല്ല നാം പറയുന്നത് എന്നു നാം വ്യക്തമാക്കണം. യേശു ഉയർത്തപ്പെടുമ്പോൾ ‘അവിടുന്നു തന്നെ ആളുകളെ തങ്കലേക്ക് ആകർഷിക്കും (യോഹ.12:32). ക്രിസ്തീയതയിൽ താൽപര്യമുണ്ടെന്നു നടിക്കുന്ന അക്രൈസ്തവരായ ചാരന്മാരെ വിവേചിച്ചറിയുന്ന കാര്യത്തിലും നാം ജാഗ്രതയുള്ളവരായിരിക്കണം, അവരുടെ യഥാർത്ഥ ലക്ഷ്യം നാം ഉപയോഗിക്കുന്ന ചില വാക്കുകൾ എടുത്ത്, നാം അവരെ “നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിക്കുന്നു” എന്നു കുറ്റം ചുമത്തി നമ്മെ കോടതി കയറ്റാനാണ്. അതു കൊണ്ട് നാം ബുദ്ധിയുള്ളവരും അതുപോലെ തന്നെ സ്നേഹമുള്ളവരും ആയിരിക്കണം- യേശു ആയിരുന്നതു പോലെ :
a. “അവരിലുള്ളത് എന്തെന്ന് യേശു അറിഞ്ഞിരിക്കയാൽ, അവിടുന്ന് തന്നെത്തന്നെ ചിലരുടെ പക്കൽ വിശ്വസിച്ച് ഏൽപ്പിച്ചില്ല” (യോഹ.2:23-25). ഓരോരുത്തനെയും വിവേചിച്ചറിയുക.
b. “യഹൂദന്മാർ തന്നെ കൊല്ലുവാൻ ആഗ്രഹിച്ചതുകൊണ്ട്, യഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു” (യോഹ. 7:1) അനാവശ്യമായ അപകടങ്ങൾ ഒഴിവാക്കുക.
c. “നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ” (മത്താ.5:44). നല്ലവരായിരിക്കുക – മറ്റുള്ളവർ ദോഷികളായതുകൊണ്ട് നാം ദോഷികളാകരുത് .

2. ദൈവത്തിൻ്റെ വായിൽ നിന്നു വരുന്ന ഓരോ വചനങ്ങൾ കൊണ്ടും ജീവിക്കുക (മത്താ. 4:4).

പീഡനത്തിൻ്റെ സമയത്ത് ഉണ്ടാകേണ്ട ഏറ്റവും പ്രധാന ആവശ്യകത, നമ്മുടെ ഹൃദയങ്ങളോടു ദൈവം സംസാരിക്കുന്ന വചനത്തോടു സ്പർശ്യതയുള്ളവരായിരിക്കുക എന്നതാണ്. ദിവസം മുഴുവൻ ദൈവത്തെ കേൾക്കുന്ന മനോഭാവം ഉണ്ടാകുന്ന ശീലം വളർത്തിയെടുക്കണം. നാം ദൈവത്തിൽ നിന്നു കേൾക്കുന്ന വചനം നാം വിശ്വസിക്കുകയും അനുസരിക്കുകയും വേണം. അല്ലാത്ത പക്ഷം അതിന് ഒരു വിലയുമില്ല. അതു കൊണ്ട് നാം ദൈവ വചനം അധികം ധ്യാനിക്കണം (പ്രത്യേകിച്ച് പുതിയ നിയമം) – കാരണം അങ്ങനെ മാത്രമേ നമുക്ക് ദൈവശബ്ദം വിവേചിച്ചറിയാൻ കഴിയൂ. പിന്നീട് നാം “ആശ്രയിക്കുകയും അനുസരിക്കുകയും” ചെയ്യണം.

3. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കുമ്പോൾ, നിങ്ങൾ എൻ്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും (യോഹ. 13:34,35 ).

നമ്മുടെ ഭവനത്തിലും നമ്മുടെ സഭയിലും, അന്യോന്യം വിധിക്കുന്നതും മറ്റൊരാൾക്കെതിരായി പരദൂഷണം പറയുന്നതും, തമ്മിൽ തമ്മിൽ ഉള്ള എല്ലാ വഴക്കുകളും, അന്യോന്യമുള്ള എല്ലാ സംശയങ്ങളും നാം നിർത്തണം. വിവേചന ശക്തി ദൈവികമായ ഒരു ഗുണവിശേഷമാണ്, എന്നാൽ സംശയം സാത്താന്യ സ്വഭാവമാണ്. നമ്മുടെ ജീവിതങ്ങളിൽ പാപത്തോടും സാത്താനോടും ഉള്ള പോരാട്ടത്തിൽ ഏകാഗ്രമാകേണ്ട സമയം ഇപ്പോഴാണ്. നമ്മുടെ ജീവിത പങ്കാളികളെ സ്നേഹിക്കുന്നതും നമ്മുടെ സഹ-വിശ്വാസികളെ സ്നേഹിക്കുന്നതും സജീവമായി പിൻതുടരേണ്ട സമയം ഇപ്പോഴാണ്.

4.”ലോകത്തിൽ നിങ്ങൾക്കു കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിൻ. ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ.16:33).

ദൈവം സിംഹാസനത്തിലാണ് അവിടുന്ന് തനിക്കുള്ളവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. 2000 വർഷങ്ങൾക്കു മുമ്പ് സാത്താൻ തോൽപ്പിക്കപ്പെട്ടു. ദൈവത്തിൻ്റെ കണ്ണിലെ കൃഷ്ണമണിയാണു നാം, അതുകൊണ്ട് അവിടുന്ന് നമുക്കു ചുറ്റും ഒരു തീമതിൽ ആയിരിക്കും (സെഖ. 2:5,8). നമുക്കെതിരായി ഉണ്ടാക്കുന്ന യാതൊരായുധവും ഒരിക്കലും ഫലിക്കയില്ല (യെശ.54:17). അതു കൊണ്ട് “ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ, കാരണം ‘ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല ഉപേക്ഷിക്കുകയുമില്ല’ എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ , ‘കർത്താവ് എനിക്കു തുണ ഞാൻ പേടിക്കയില്ല . മനുഷ്യൻ എന്നോട് എന്തു ചെയ്യും’ എന്ന് നമുക്കു ധൈര്യത്തോടെ പറയാം” (എബ്രാ. 13:5,6).

“കർത്താവായ യേശുവേ വേഗം വരേണമേ” (വെളി.22:20) എന്നു നമുക്കും പ്രാർത്ഥിക്കാം.

What’s New?