സാക് പുന്നന്‍
ക്രൂശിൻ്റെ സന്ദേശത്തിന് അധികം ശോഭയുള്ള ഒരു വശമുണ്ട് – നിഷേധാത്മകമല്ലാത്ത ഒന്ന്. അത് ഇതാണ്, ക്രൂശ് അതിൽ തന്നെ ഒരു അവസാനമല്ല. അത് പുനരുത്ഥാന ജീവനിലേക്കുള്ള ഒരു ഊടുവഴിയാണ്. ക്രൂശിൻ്റെ പ്രവർത്തനം സ്വീകരിക്കാൻ മനസ്സുള്ള എല്ലാവരുടെയും മുമ്പിൽ വച്ചിരിക്കുന്ന ഒരു സന്തോഷമുണ്ട് (എബ്രാ. 12:2). നിലത്തു വീണു ചാകുന്ന ഒരു ഗോതമ്പുമണി, ഒരിക്കലും അങ്ങനെ തന്നെ അവശേഷിക്കുന്നില്ല, അത് വിജയകരമായ ഫലക്ഷമതയിലേക്ക് പൊട്ടി മുളയ്ക്കുന്നു. ക്രൂശിൻ്റെ ഊടുവഴി സ്വീകരിക്കുന്ന ഒരു വിശ്വാസി, അവൻ മറ്റുള്ളവരാൽ എത്രമാത്രം തെറ്റി ധരിക്കപ്പെട്ടാലും, ആത്യന്തികമായി അവൻ ദൈവത്താൽ നീതീകരിക്കപ്പെടും. സ്വയത്തിന് മരിക്കുന്നതിലൂടെയാണ് ഫലക്ഷമതവരുന്നത്. ഇതിൽ ചില ഫലങ്ങൾ ഭൂമിയിൽ വച്ചു തന്നെ നാം കണ്ടേക്കാം, എന്നാൽ അതു മുഴുവനായി കാണപ്പെടുന്നത് ക്രിസ്തുവിൻ്റെ ന്യായാസനത്തിൽ വച്ചാണ്, കർത്താവു തൻ്റെ വിശ്വസ്തന്മാർക്ക് പ്രതിഫലം നൽകുമ്പോൾ.
വിജയത്തിൻ്റെ ഒരേ ഒരു വഴി ക്രൂശിൻ്റെ മാർഗ്ഗമാണ്. അതുകൊണ്ടാണ് യേശു ആ മാർഗ്ഗത്തിലൂടെ പോകുന്നതു തടയുവാൻ സാത്താൻ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ജീവിതങ്ങൾക്കുവേണ്ടി ആ മാർഗ്ഗം സ്വീകരിക്കുന്നതു തടയുവാൻ സാത്താൻ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നതും. ക്രൂശിലെ കഷ്ടത്തിലൂടെ കടന്നു പോകുന്നതിൽ നിന്ന് യേശുവിനെ തടയുവാൻ പത്രൊസ്, ആത്മാർത്ഥ സ്നേഹത്തിൽ, ശ്രമിച്ചു, എന്നാൽ യേശു ഉടനെ തന്നെ അവിടെ സാത്താൻ്റെ ശബ്ദം തിരിച്ചറിഞ്ഞു (മത്താ.16:21-23). നമ്മുടെ ഊടുവഴി കഠിനമാകുമ്പോൾ നമ്മുടെ സ്നേഹിതരും ബന്ധുക്കളും സമാനമായ ഉപദേശങ്ങൾ നമുക്കു നൽകിയേക്കാം. എന്നാൽ നമ്മുടെ ഹൃദയാന്തർഭാഗത്തുനിന്നായാലും അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നായാലും, ക്രൂശിൻ്റെ മാർഗ്ഗത്തിൽ നിന്നു നമ്മെ വ്യതിചലിപ്പിക്കുവാൻ നാം കേൾക്കുന്ന ശബ്ദങ്ങൾ, എപ്പോഴും പിശാചിൻ്റെ മന്ത്രണങ്ങൾ ആണെന്ന് ഓർക്കുക. അവയെ നാം അതുപോലെ എപ്പോഴും തിരിച്ചറിയാറുണ്ടോ?
വെളിപ്പാട് പുസ്തകത്തിൽ നാം യേശുക്രിസ്തുവിനെ കാണുന്നത് അറുക്കപ്പെട്ട കുഞ്ഞാടായിട്ടാണ്. അവിടെ നമുക്കു ലഭിക്കുന്നത് കാൽവറിയുടെ സ്വർഗ്ഗീയ കാഴ്ചപ്പാടാണ്. മനുഷ്യ ദൃഷ്ടിയിൽ, കാൽവറി ഒരു പരാജയം ആയിരുന്നു. യേശുവിൻ്റെ പുനരുത്ഥാനത്തിനു ശേഷം ഏതെങ്കിലും ഒരു അവിശ്വാസി അവിടുത്തെ കണ്ടതിൻ്റെ ഒരു കണക്കും നമുക്കില്ല, അതുകൊണ്ട് കാൽവറി ഒരു പരാജയമായാണ് മനുഷ്യൻ ഇപ്പോഴും കാണുന്നത്. എന്നാൽ സ്വർഗ്ഗത്തിൻ്റെ കണ്ണുകളിൽ എക്കാലവും ഭൂമിയിൽ നേടപ്പെട്ട ഏറ്റവും വലിയ വിജയം കാൽവറി ആയിരുന്നു. ഭൂമിയിൽ അവർ ദൈവത്തിൻ്റെ കുഞ്ഞാടിനെ ക്രൂശിച്ചു, എന്നാൽ സ്വർഗ്ഗത്തിൽ അവർ അവിടുത്തെ ആരാധിക്കുന്നു. യേശുവിനെ അനുഗമിക്കുന്നതിൽ, നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ കീഴടക്കി കൊടുക്കുമ്പോൾ, നിങ്ങൾക്കു നട്ടെല്ലില്ല എന്ന് ഭൂമിയിലുള്ള മനുഷ്യർ പറഞ്ഞേക്കാം, എന്നാൽ ഒരു ദൈവ പൈതൽ വിജയത്തിൻ്റെ സ്ഥാനം എടുത്തിരിക്കുന്നതിനാൽ സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടാകുന്നു. “അവർ അവനെ (സാത്താനെ) ജയിച്ചു…… മരണത്തോളം (ക്രൂശിലെ) അവർ തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല… അതുകൊണ്ട് സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരെ, ആനന്ദിപ്പിൻ (വെളിപ്പാട്: 12:11,12).
സങ്കീർത്തനം 124:7ൽ ക്രിസ്തീയ ജീവിതത്തെ കെണി പൊട്ടി രക്ഷപെട്ടു പോന്ന ഒരു പക്ഷിയോട് സാദൃശ്യപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു ചിത്രം നമുക്കു ലഭിക്കുന്നു. ആകാശത്തിൽ ഉയർന്നു പറക്കുന്ന ഒരു പക്ഷി, അവിടുത്തെ എല്ലാ മക്കളും അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന മഹത്വകരമായ സ്വാതന്ത്ര്യത്തിൻ്റെ ഒരു പൂർണ്ണ ചിത്രമാണ്. ഭൗമ ബന്ധിതരായ സൃഷ്ടികൾക്ക് (ജീവികൾക്ക്) പർവ്വതങ്ങളും നദികളും തങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകാൻ കഴിയും എന്നാൽ ഒരു പക്ഷിക്ക് അവ തടസ്സമല്ല. അവയ്ക്കെല്ലാം മീതെ അതു പറന്നുയരുന്നു. ആ പക്ഷിയെ പോലെ, പൂർണ്ണ സ്വാതന്ത്ര്യത്തോടെ, എല്ലാത്തിനും മീതെ ആധിപത്യമുള്ളവനായി ഓരോ കാര്യവും അവന് അധീനമാക്കി, ആ പക്ഷിയെ പോലെ ആയിരിക്കേണ്ടതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് (ഉൽപത്തി 1:28). എന്നാൽ മനുഷ്യൻ്റെ അനുസരണക്കേട് അവനെ, ഒരു കെണിയിൽ അകപ്പെട്ട ഒരു പക്ഷിയെപോലെ, പറക്കാൻ കഴിവില്ലാത്തവനാക്കി.
ക്രൂശിനു മാത്രമേ ആ കെണി പൊട്ടിച്ച് നമ്മെ സ്വതന്ത്രരാക്കാൻ കഴിയൂ. വേറേ ഒരു വഴിയും ഇല്ല. ഈ ലോകത്തിനും നിങ്ങളുടെ സ്വയത്തിനും മരണം വരിക്കുക, അതിലൂടെ നിങ്ങൾ പിശാചിൻ്റെ ശക്തിക്കും മരിക്കും. നിങ്ങളുടെ മേലുള്ള അവൻ്റെ പിടിത്തം അറ്റുപോകും, പിന്നെ ആ പക്ഷിയെ പോലെ മുകളിലേക്ക് കുതിച്ചുയരുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല. അതാണ് യഥാർത്ഥ സ്വാതന്ത്ര്യം- നമ്മുടെ ജീവിതങ്ങളിലേക്ക് പരിശുദ്ധാത്മാവ് കൊണ്ടുവരുവാൻ ശ്രമിക്കുന്നതും അതുതന്നെയാണ് (2കൊരി.3:17). എന്നാൽ ക്രൂശിൻ്റെ മാർഗ്ഗമാണ് ആ സ്വാതന്ത്ര്യത്തിലേക്കുള്ള ഏകവഴി.
മർക്കോസ് 4:17ൽ അത്തരം ക്രിസ്ത്യാനികളെ കുറിച്ച് യേശു പറയുന്നത് ഒരു വേരും ഇല്ലാത്തവർ എന്നാണ്. അവരുടെ ക്രിസ്തീയത ഉപരിപ്ലവമാണ്. തങ്ങളുടെ ജീവിതത്തിൽ ക്രൂശ് സ്വീകരിക്കാനുള്ള അവസരങ്ങൾ കൊടുത്തുകൊണ്ട് അതിൻ്റെ വേരുകൾ ശക്തിപ്പെടുത്താൻ ദൈവം നോക്കുമ്പോഴെല്ലാം, അവർ അതിനെ ഒഴിവാക്കി. ക്രിസ്തുവിലുള്ള ജീവൻ്റെ നിറവിലേക്ക് ഒരു മനുഷ്യനെ നയിക്കാൻ കഴിയുന്ന ഒരേയൊരു ഊടുവഴിയേ ഉള്ളൂ. നമുക്കു വേണമെങ്കിൽ മറ്റുവഴികളിലൂടെ നടക്കാം, എന്നാൽ മറ്റൊരു റോഡിലൂടെയും നടന്ന് ദൈവത്തിൻ്റെ ഉദ്ദേശ്യം നാം ഒരിക്കലും നിറവേറ്റുകയില്ല. നമ്മുടെ ജീവിതങ്ങളിൽ ക്രൂശിൻ്റെ ഊടുവഴി ഒഴിവാക്കിയാൽ നമ്മുടെ എല്ലാ വരങ്ങളും താലന്തുകളും നഷ്ടപ്പെടുകയേ ഉള്ളൂ. നമുക്ക് അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം- തിരഞ്ഞെടുപ്പ് മുഴുവനായി നമുക്കുള്ളതാണ്.
സാധു സുന്ദർ സിംഗ് പറയാറുണ്ടായിരുന്നത്, നാം സ്വർഗ്ഗത്തിലെത്തുമ്പോൾ, യേശുവിനു വേണ്ടി ക്രൂശ് വഹിക്കുവാൻ രണ്ടാമതൊരവസരം അവിടെ ഉണ്ടായിരിക്കുകയില്ല എന്നാണ്. ഇപ്പോൾ നാം അത് നിരസിച്ചേക്കാം, എന്നാൽ യേശു നടന്ന രക്തം പുരണ്ട പാത പിൻഗമിക്കുവാൻ നിത്യതയിൽ നമുക്ക് ഒരവസരവും ലഭിക്കുകയില്ല. നാം നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിനെ കണ്ടുമുട്ടുമ്പോൾ, അപ്പോഴും അവിടുത്തെ കരങ്ങളിലും പാദങ്ങളിലും ആണിപ്പാടുകൾ ഉണ്ടായിരിക്കും. അപ്പോൾ നമ്മുടെ തന്നെ ഭൗമിക ജീവിതത്തിലേക്കു പുറകോട്ടു തിരിഞ്ഞു നോക്കിയിട്ട് നാം ശ്രദ്ധാപൂർവ്വം ഓരോ ചുവടിലും ക്രൂശ് ഒഴിവാക്കിയതു കണ്ടെത്തുമ്പോൾ അതെങ്ങനെ ആയിരിക്കും? ദൈവമെ, അങ്ങനെ ആകുന്നതിനേക്കാൾ, ആ നാളിൽ ഒരു ദുഃഖവും ഉണ്ടാകാതെ, ഓരോ ചുവടിലും അതിനു (കൂശിന്) വഴങ്ങി കൊടുക്കാൻ ഞങ്ങളെ അനുവദിച്ചാലും.